Thursday, 13 February 2020


എന്റെ ജീവിതയാത്രകൾ : എപ്പിസോഡ് -  (27 - 29)
പ്രയാണം യൂണിവേഴ്സിറ്റികളിലൂടെ

യു ആർ യുടെ ആദ്യ ഇൻഡ്യാ നാഷണൽ അസംബ്ളി 2003  - മങ്ങാനം സ്റ്റഡി സെന്ററിലാണ് നടന്നത്. ഫീലക്സിനോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ക്രിസോസ്റ്റം തിരുമേനി ഉദ്ഘാടനം ചെയ്തു.
രണ്ടാം നാഷണൽ അസംബ്ളി 2005  - ആലുവ ശാന്തിഗിരി ആശ്രമത്തിൽ സഖറിയാസ് തിരുമേനിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ തലമുതിർന്ന നേതാക്കളെല്ലാം പങ്കെടുത്ത സമ്മേളനം ഒരു നാഴിക കല്ലായിരുന്നു. സ്വാമി അഗ്നിവേഷ്, വിജയ് ഭട്കർ, മാഡം മെഹർ മാസ്റ്റർ മൂസ്, ഹോമി ദാല, ഡോ.മെഹിന്ദർ സിംഗ്, സ്വാമി ചതുർവേദി, ഫാ.. ആൽബർട്ട് നമ്പ്യാർ പറമ്പിൽ, ജസ്റ്റിസ് ഷംസുദീൻ, ഡോ.ഹീരാ പോൾ തുടങ്ങി വമ്പിച്ച താരനിര ഉണ്ടായിരുന്നു.
മൂന്നാം  അസംബ്ളി ഞങ്ങളെ സ്വീകരിച്ചത് ടാഗോറിന്റെ വിശ്വ ഭാരതി യൂണിവേഴ്സിറ്റി ആയിരുന്നു. എന്റെ കലാലയ സങ്കൽപം മാറ്റി മറിച്ച ഒരു യാത്രയായിരുന്നു അത്. എങ്ങും വമ്പൻ കെട്ടിടമൊന്നും കാണാനില്ല. പല ഗ്രാമങ്ങളിലായി ചില കൊച്ചു കെട്ടിടങ്ങൾ. ക്ലാസുകൾ പലതും മരത്തണലിൽ. മഹാനായ ടാഗോറിന്റെ പാദം പതിഞ്ഞ മണ്ണിൽ ഞങ്ങൾ ശരിക്കും നിർവൃതിയിലായി.
ഇവിടെ നിന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ചാൾസ് ഗിബ്‌സും  ഞാനും കുടി പോയത് മണിപ്പൂർ യൂണിവേഴ്സിറ്റിയിലേക്കായിരുന്നു. ഒരു അന്താരാഷ്ട്ര കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ. മുതിർന്ന നേതാവ് ടി.ഡി.സിംഗിന്റെ നാടായതിനാൽ  അവിടെ യു ആർ ശക്തമായ സാന്നിധ്യമായിരുന്നു.
അടുത്ത അസംബ്ലി സുവർണ്ണ ക്ഷേത്രത്തിന്റെ നാടായ അമൃത് സറിലാണ്  നടന്നത്. അതിനു വേദിയായത് സിക്ക്  മത സ്ഥാപകൻ ഗുരു നാനാക്കിന്റെ പേരിലുള്ള ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റിയും. പല പുണ്യ നഗരങ്ങൾ കടന്ന്എട്ടാമത് നാഷണൽ അസംബ്ളിക്സമ്മേളിച്ചതാകട്ടെ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും. മഹാരഥന്മാരുടെ വിദ്യാഭ്യാസ സങ്കൽപം അടുത്ത് നിന്നറിയാൻ ഇതെല്ലം ഏറെ സഹായകമായി. എന്നു മാത്രമല്ല ഭാരതത്തിലെ യുവജനങ്ങളെ വളരെയേറെ സാധീനിക്കാനും കഴിഞ്ഞു.
യൂറോപ്പിലെ ഒരു ഗ്ലോബൽ കൗൺസിൽ മീറ്റിംഗ് നടന്നത് ബൽജിയത്തിലെ
ആൻറ്റ് വേർപ്പ് യൂണിവേഴ്സിറ്റിയിൽ വച്ചായിരുന്നു. ഇരുപതിനായിരം വിദ്യാർത്ഥികൾ അംഗങ്ങളായുള്ള ലോകത്തിലെ ഏറ്റവും വലിയ യു ആർ ശാഖ   യൂണിവേഴ്സിറ്റി ആണെന്ന സത്യം ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. മതസ്പർധയ്ക്കെതിരെയുള്ള യൂറോപ്പ്യൻ യുവജനതയുടെ താക്കീതാണിത്.
ഏഷ്യയിൽ നിന്ന് ഏറ്റവും അധികം  വിദ്യാർഥികൾ പഠിക്കുന്ന കാലിഫോർണിയയിലെ സാന്താക്ലാര യൂണിവേഴ്സിറ്റിയിൽ നടന്ന ഗ്ലോബൽ കൗൺസിൽ  പ്രകൃതി സംരക്ഷണത്തിന് ഉദാത്ത മാതൃകകൾ തേടുകയായിരുന്നു. ക്ലീൻ ഗംഗ പ്രോജക്ടിന്റെ സാധ്യതകളും വെല്ലുവിളികളും ഋഷികേശ് ആശ്രമത്തിലെ സ്വാമിനി  ആദിത്യ ഗുരു സരസ്വതി അവതരിപ്പിച്ചത് ഇവിടെ വച്ചാണ്. ഗംഗാ നദിയുടെ തീരത്ത്  ആയിരം പേർക്ക് താമസിക്കാവുന്ന സുന്ദരമായ ഒരു ഗ്രാമമാണ് പർമാത്  നികേതൻ. വർഷംതോറും ഇവിടെ നടക്കുന്ന യോഗ ഫെസ്റ്റിവൽ പതിനായിരങ്ങളെ ആകർഷിക്കുന്നുണ്ട്.
കിഴിഞ്ഞ വർഷം കാലിഫോർണിയയിലെ തന്നെ സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റി  യിൽ നടത്തിയ "ആക്സിലറേറ്റ് പീസ് " കോൺഫറൻസ് ലോക ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. യു ആർ   അണ്ടർ സെക്രട്ടറി ജനറൽ മുതൽ നിരവധി ന്യുക്ലീർ സയന്റിസ്റ്റുകളും സമാധാന പ്രവർത്തകരും പങ്കെടുത്ത  സമ്മേളനം ആണവ വിപത്തിന്റെ അപകടപരമായ ആഴങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി.
130  വർഷം പഴക്കമുള്ള സ്റ്റാൻഫർഡ് ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ ഒന്നാണ്. യു ആർ ചാർട്ടർ എഴുതിയുണ്ടാക്കുന്നതിൽ അവിടുത്തെ നേതാക്കൾ വലിയ സംഭാവനകൾ നൽകി. എന്നത് മുമ്പ് ഞാൻ സൂചിപ്പിച്ചിരുന്നു.
പ്രസിഡന്റ് റൊണാൾഡ്‌ റീഗന്റെ കീഴിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി അലങ്കരിച്ചിരുന്ന ജോർജ് ഷുൾറ്റ്‌സ് പ്രത്യേക താല്പര്യമെടുത്താണ് സമാധാന സമ്മേളനം അവിടെ നടത്തിയത്. 99 വയസ്സുള്ള അദ്ദേഹം വീൽ ചെയറിൽ ഇരുന്നു രണ്ടു ദിവസവും പ്രധാന സെഷനുകളിലെല്ലാം പങ്കെടുത്തത് ആശ്ചര്യമായിരുന്നു. തങ്ങളുടെ തലമുറ കാണിച്ച അബദ്ധങ്ങൾ ഓർത്തു പശ്ചാത്തപിക്കുന്നു എന്നും യുവ തലമുറ ലോകത്തിനു നേർവഴി കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സമാധാനവും പ്രകൃതി സംരക്ഷണവും ഉറപ്പാക്കാൻ ഇനിയും അമാന്തിച്ചാൽ പിന്നെ ഒരിക്കലും അതി ന് അവസരം ലഭിക്കുകയില്ലെന്നു സമ്മേളനം വ്യക്തമായി ലോകത്തോട് പറഞ്ഞു.
ഇന്നുള്ള പതിനയ്യായിരം ആണവായുധങ്ങൾ കുടി നശിപ്പിച്ചു സീറോയിലെത്തിക്കുവാനുള്ള ശ്രമങ്ങൾ പലവഴിക്ക് നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നാലു സമാധാന പ്രസ്ഥാനങ്ങൾ ആദ്യമായി മേഖലയിൽ കൈ കോർക്കുകയാണ്. പാർലമെന്റ് ഓഫ് റിലീജിയൻസ്, റിലീജിയൻസ് ഫോർ പീസ്, ചാർട്ടർ ഫോർ കംപാഷൻ, യു ആർ എന്നീ അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കൾ ഇതിനായി വരുന്ന ഓഗസ്റ്റിൽ ഹിരോഷിമയിൽ ഒത്തു ചേരും. അവിടെ നിന്നാരംഭിക്കുന്ന നിരായുധീകരണ യജ്ഞങ്ങൾ ലോകത്തെ സംരക്ഷിക്കുന്നതിൽ വലിയ പങ്കു വഹിക്കും എന്ന് പ്രത്യാശിക്കുന്നു.
ഇപ്പോൾ നാം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ആർക്കും ഒന്നും പ്രവത്തിക്കാനാകാത്ത കാലമായിരിക്കും നമ്മെ തേടി എത്തുക.

എന്റെ ജീവിതയാത്രകൾ : എപ്പിസോഡ് - 28

മഹാത്മജിയുടെ തലമുറയെത്തേടി ആഫ്രിക്കൻ മണ്ണിൽ

ഒരുപാടു യാത്രകൾ പക്ഷെ എന്നെന്നും മസ്സിൽ മായാതെ നിൽക്കുന്നത് അവയിൽ ചിലതുമാത്രമായിരിക്കും.
അങ്ങനെയൊന്നായിരുന്നു എന്റെ തെക്കേ ആഫ്രിക്ക സന്ദർശനം. അത്  യു. ആർ. യുടെ ഒരു എക്സ്ചേഞ്ച്  പരിപാടിയായിരുന്നു. തെക്കൻ ആഫ്രിക്ക ഭൂഖണ്ഡത്തിലെ കോ ഓർഡിനേറ്റർ കാരൻ ബാരൺഷെ രണ്ടാഴ്ച കേരളത്തിൽ വന്നു യു.ആർ. പ്രവർത്തനങ്ങൾ പഠിച്ചിരുന്നു. ഏറ്റവും കൂടുതൽ ശാഖകളും അംഗങ്ങളുമുള്ളതു സൗത്ത് ഇന്ത്യ- ശ്രീലങ്ക റീജിയനിലാണ്.
ഗ്ലോബൽ എക്സ്ചേഞ്ച്ന്റെ   ഭാഗമായാണ് ഞാൻ ആഫ്രിയ്ക്കൻ പര്യടനത്തിന് എത്തിയത്. കേപ്ടൗൺ , ജൊഹാനസ്ബർഗ്, പ്രീറ്റോറിയ, ടർബൻ തുടങ്ങി പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദർശിക്കാൻ അവസരം ലഭിച്ചു. നിരവധി യൂണിവേഴ്സിറ്റികളും സ്കൂളുകളും സന്ദർശിച്ചതുകൂടാതെ സമാധാന സംഘങ്ങളുമായും നേതാക്കളുമായതും സംവദിക്കാനും അവസരം ലഭിച്ചു.
കേപ്ടൗണിലെ യു.ആർ.   നേതാക്കളുടെ ഭാവനങ്ങളിലായിരുന്നു എന്റെ താമസം. കഴിഞ്ഞ വർഷത്തെ ഇന്റർഫെയ്ത്ത്ഹാർമണി വീക്ക് പുരസ്ക്കാരത്തിന് (25000  ഡോളർ) യു.ആർ. കേപ്ടൗൺ യൂണിറ്റ് അർഹരായി എന്നറിയുമ്പോൾ സമാധാന മേഖലകളിൽ അവർ എന്തുമാത്രം മുന്നിലാണെന്ന് ഊഹിക്കാമല്ലോ.
മൂന്നുസ്ഥലങ്ങളിൽ നിർബന്ധമായും എന്നെ കൊണ്ടുപോകണമെന്ന് നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഒന്നാമത്തേത് മുൻ പ്രസിഡന്റനെൽസൺ മണ്ടേല തടവിൽ കഴിഞ്ഞ റോബൻ ദ്വീപായിരുന്നു. ഇരുപത്തേഴു വർഷത്തെ ജയിൽജീവിതത്തിൽ 18   വർഷം അദ്ദേഹം കിടന്ന തടവറ ലോക മനസാക്ഷിക്കുമുന്നിൽ ഒരു ചോദ്യചിഹ്നം പോലെ ഇന്നും നിലനിൽക്കുന്നു. 1964  - ലെ  466  നമ്പർ തടവുകാരനായിരുന്നു അദ്ദേഹം.
അതിനാൽ അദ്ദേഹത്തിന്റെ നമ്പർ 46664 എന്നായി. ഓർമ്മകളുടെ ഏടുകളെല്ലാം അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുസ്സുമുറിയിൽ 28  വർഷങ്ങൾ. കഥകളെല്ലാം " A  Long  Road  to  Freedom " എന്ന കൃതിയിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാമത് ഞാൻ ആവശ്യപ്പെട്ട സ്ഥലമായിരുന്നു പ്രിട്ടോറിയയിലെ മാർത്തോമ്മാ പള്ളി നിൽക്കുന്ന സ്ഥലം . ഒരു ഞായറാഴ്ച അവിടെ പോകുന്നതിനും പള്ളിയിൽ പ്രസംഗിക്കുന്നതിനും ഇടയായി. പുതിയ ദേവാലയത്തിന്റെ നിർമ്മാണം ഏറ്റെടുക്കാൻ അജിത് അലക്സാണ്ടർ അച്ഛനും ഇടവകക്കാരും തയാറെടുക്കുകയായിരുന്നു അപ്പോൾ.
എന്നാൽ ഏറ്റവുമധികം ഞാൻ കാണാൻ ആഗ്രഹിച്ച ഇടമായിരുന്നു മഹാത്മജിയുടെ ഫീനിക്സ് ആശ്രമം. അദ്ദേഹം ആഫ്രിക്കയിൽ ജീവിച്ച 21  വർഷങ്ങളിൽ ഏറ്റവും അധികകാലം ചെലവഴിച്ചത് എവിടെയായിരുന്നു. അന്ന് ഏതാണ്ട് നൂറേക്കറിൽ വ്യാപിച്ചു കിടന്ന വിശാലമായ ആശ്രമം. പക്ഷെ ഇന്ന് ഏതാനും ഏക്കറുകൾ മാത്രം. അദ്ദേഹം സ്ഥാപിച്ച പ്രസ്സും 'ഒപീനിയൻ' എന്ന പത്ര സ്ഥാപനവും മ്യൂസിയമാക്കി സൂക്ഷിച്ചിരിക്കുന്നു. ബാക്കിയെല്ലാം പോരാട്ടനാളുകളിൽ കൊള്ളക്കാർ കയ്യേറി കൊണ്ടുപോയി.
പിന്നീട് ഞങ്ങൾ പോയത് ഗാന്ധിജിയുടെ കൊച്ചുമകൾ എലാ ഗാന്ധിയുടെ വീട്ടിലേക്കായിരുന്നു. ചില മണിക്കൂറുകൾ വീട്ടിൽ ചെലവഴിക്കാനായത് മഹാഭാഗ്യമായി. നെൽസൺ മണ്ടേലയുടെ കാലത്ത് ഒൻപതു വർഷം പാർലമെന്റ് അംഗമായി പ്രവർത്തിച്ച എലാ ഗാന്ധി ഇന്ന് ലോകത്തിലെ സമാധാന പ്രസ്ഥാനങ്ങളുടെ മുൻനിരയിലുണ്ട്. മകൾ ആഷിഷും എലാ ഗാന്ധിയും അവിടത്തെ പല ഗാന്ധിയൻ ട്രസ്റ്റ്കളെ നയിക്കുന്നു. വേൾഡ് ഫെലോഷിപ്പിന്റെ ഒരു സമ്മേളനത്തിന് മുൻപ് കൊച്ചിയിൽ വന്നപ്പോൾ എലാ ഗാന്ധിയെ പരിചയപ്പെട്ടിരുന്നു.
എലയോടൊപ്പം ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷത്തിലും അന്നു രാത്രി  ഞങ്ങൾ അതിഥികളായി സംബന്ധിച്ചു.
തെക്കൻ ആഫ്രിക്കൻ മുനമ്പായ കേപ് ഓഫ് ഗുഡ് ഹോപ്പിൽ കടൽത്തീരത്ത് പദമൂന്നി നിൽക്കുമ്പോൾ വാസ്കോഡിഗാമയുടെ കപ്പൽ യാത്രകൾ നമ്മുക്ക് ഓർമ്മ വരും.
കറുത്ത വർഗ്ഗക്കാരുടെ കഷ്ടപ്പാടിന്റെ നാളുകൾ ഓർമിപ്പിക്കുന്ന അനേകം സ്ഥലങ്ങൾ ഇന്നുമുണ്ട്. വർണ്ണ വിവേചനം ഭയാനകമായിരുന്ന നാട്ടിലെ പോരാട്ടങ്ങളുടെ കഥകൾ ചരിത്രത്താളുകളിൽ എന്നും ജീവനോടെ നിലനിൽക്കുന്നവയാണ്.
സ്വർണ്ണഖനികളുടെ ഈറ്റില്ലം. ഗാന്ധിജിയെ മഹാത്മാജിയാക്കിയ നാട്. വർണ്ണവെറിക്കെതിരെ ഐതിഹാസിക പോരാട്ടം നയിച്ച രാജ്യം. നെൽസൺ മണ്ഡേലയുടെയും ആർച്ഛ് ബിഷപ്പ് ടുട്ടുവിന്റെയും നാട്. കാറിലും വിമാനത്തിലുമായി അനേകായിരം മെയിലുകൾ സഞ്ചരിച്ചാണ് അതി മനോഹരമായ നാടിനെ ഞാനറിഞ്ഞത്. ആഫ്രിക്കൻ യു. ആർ. നേതാക്കളോട്, പ്രത്യേകിച്ചു കോ ഓർഡിനേറ്റർ കാരൻ ബാരൺഷെയോടുള്ള നന്ദി പറഞ്ഞറിയിക്കാൻ പ്രയാസം.

എന്റെ ജീവിതയാത്രകൾ : എപ്പിസോഡ് - 29
രാജ്യങ്ങൾ സംവാദ രംഗത്തേക്ക്.

വൃശ്ചികസ്യ വിഷം പുച്ഛം
മക്ഷികായാ: വിഷം ശിരഃ
തക്ഷകസ്യ വിഷം ദന്തം,
സർവ അംഗം ദുർജനസ്യ .
തേൾ നു വിഷം വാലിലും ഈച്ചക്കു ശിരസ്സിലും തക്ഷകന്പല്ലിന്മേലും ആകുന്നു. എന്നാൽ ദുര്ജ്ജനങ്ങൾക്കു ശരിരമാസകലം വിഷമാണ് എന്നൊരു ചൊല്ലുണ്ട്.
ഇന്നത്തെ നമ്മുടെ ലോക നേതാക്കളെ കാണുമ്പൊൾ ഇതാണോർമ വരുന്നത്. മനോഹരമായ ലോകത്തെ തച്ചുടക്കാൻ ആർക്കും ഒരു മടിയുമില്ല. ബോംബുകൾ എത്ര വേണമെങ്കിലും ഇനിയും ഉണ്ടാക്കാം എന്ന അഹങ്കാരവും ഗർവും.
പശ്ചാത്തലത്തിൽ വിയന്നയിൽ നിന്ന് വന്ന ഒരു വാർത്ത വളരെ ശുഭോദർക്കമായിരുന്നു. ഇതുവരെ വത്തിക്കാനും ലോക സഭാ കൗൺസിലും മറ്റു മത കൗണ്സിലുകളും ഒക്കെ ആയിരുന്നു സംവാദത്തിനു മുൻ കൈ എടുത്തതെങ്കിൽ ഇപ്പോൾ ഇതാ ചില രാജ്യങ്ങൾ മുൻപോട്ടു വന്നിരിക്കുന്നു.
ലോകത്തു വർധിതമായിക്കൊണ്ടിരിക്കുന്ന മത വൈരാഗ്യത്തിന്റെയും ഭീകരവാദത്തിന്റെയും പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ വിയന്ന കേന്ദ്രമാക്കി ഒരു അന്താരാഷ്ട്ര മത സംവാദ കേന്ദ്രം സ്ഥാപിതമായി. ലോകമെന്പാടുമുള്ള സംഘർഷങ്ങൾക്ക് സംവാദത്തിലൂടെ പരിഹാരമുണ്ടാക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം.
സൗദി അറേബ്യ കൂടാതെ ആസ്ട്രിയൻ റിപ്പബ്ലിക്കും, സ്പെയിനും ഇതിൽ പങ്കാളികളായി. മാത്രമല്ല വത്തിക്കാനും ഫൗണ്ടിഗ് ഒബ്സർവർ എന്ന നിലയിൽ അതിൽ കൂട്ടുചേർന്നു.
ഇതുവരെ നമ്മൾ കണ്ട മത സംവാദ പരിപാടികളെല്ലാം ഏതെങ്കിലും മതവിഭാഗങ്ങൾ സംഘടിപ്പിക്കുന്നവയായിരുന്നു. എന്നാൽ നാലു ഗവൺമെന്റുകൾ ഒന്നിച്ചു ചേർന്ന് രൂപം കൊടുത്ത KAICIID (King Abdullah International Centre for Interfaith and Inter-cultural Dialogue) രംഗത്തെ ഒരു അത്യപൂർവ സംരംഭമായിരുന്നു.
വിയന്നയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മതസംവാദരംഗത്തെ പ്രമുഖനേതാക്കളെല്ലാം വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗവൺമെന്റ് പ്രതിനിധികളും നിരവധിയുണ്ടായിരുന്നു. ബാംഗ്ളൂർ ധർമ്മാരാം കോളേജിലെ ജോസ് നന്ദിക്കര അച്ചനും ഞാനും കൂടിയാണ് ദുബായ് വഴി വിയന്നയിലേക്കു പോയത്.
അന്താരാഷ്ട്ര തലത്തിലുള്ള നിരവധി പഠന പരിപാടികളും ഓൺലൈൻ കോഴ്സുകളും ഇവർ നടത്തുന്നുണ്ട്. ഒരുവർഷം നീണ്ടുനിൽക്കുന്ന ഫെലോഷിപ്പ് പ്രോഗ്രാം വളരെ പ്രയോജനപ്പെടുന്ന ഒന്നാണ്. യുണൈറ്റഡ് നേഷൻസിന്റെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുമായി ചേർന്ന് ഇവർ നടപ്പാക്കി വരുന്ന പദ്ധതികൾ ലോക ശ്രദ്ധയാകർഷിക്കുന്നുണ്ട്.
പ്രധാന മതങ്ങളിൽ നിന്ന് െരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു ഉന്നതാധികാര സമിതിയാണ് സെന്റർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. രണ്ടു ലോക മഹായുദ്ധങ്ങളുടെ കൊടും ക്രൂരതകൾ ഏറെ അനുഭവിച്ചിട്ടുള്ള ആസ്ട്രിയ ഇത്തരമൊരു പ്രസ്ഥാനത്തിന് എല്ലാ സഹായങ്ങളും ചെയുന്നത് വളരെ പ്രോത്സാഹജനകമാണ്.
-------------------------------

Sunday, 9 February 2020

Prize Winners of Interfaith Harmony Week Inter - School Quiz , 2020


എന്റെ ജീവിത യാത്രകൾ : എപ്പിസോഡ് - 26
യു .ആർ. ട്രാവലിംഗ് പീസ് അക്കാഡമി ജനിക്കുന്നു
പലരാജ്യങ്ങളിലായി രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കിയ പിസ് ബിൽഡിംഗ് പരിശീലനത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. അതിനെ 'മോറൽ ഇമാജിനേഷൻ ട്രെയിനിംഗ്' എന്നാണ് നാമകരണം ചെയ്തത്. അസാമാന്യ ഉൾക്കാഴ്ചയോടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമായ ഒരു പദ്ധതിയായിട്ടാണ് ജോൺ പോൾ അതിനെ വിഭാവന ചെയ്തിരിക്കുന്നത് . കലയും ഭാവനയും എല്ലാം അതിൽ സമ്മേളിക്കും
മിൻഡനവോയിലെ ഫിലിപ്പീൻസ് ) ക്രിസ്ത്യൻ മുസ്ലിം സംഘട്ടനങ്ങളും ഉഗാണ്ടയിലെ എൽ. ആർ.  (Lord’s Resistence Army)) എന്ന ഗറില്ലാ പ്രസ്ഥാനത്തിന്റെ പ്രശ്നങ്ങളും എത്യോപ്യയിലും  അമേരിക്കയിലുള്ള ആദിവാസി - ഗോത്രവർഗ്ഗക്കാരുടെ ആകുലതകളും കേരളത്തിന്റെ ഏതാണ്ട് നൂറു വർഷമായി തുടരുന്ന ഓർത്തഡോക്സ് - യാക്കോബായ വിഷയങ്ങളും എല്ലാം പ്രത്യേക ഫീൽഡ് സന്ദർശനങ്ങളിലൂടെ സംഘാംഗങ്ങൾ പഠിച്ചു.
പരിപാടിയുടെ സമാപനം നടന്നത് മിഷിഗണിലെ കലാമസൂ എന്ന സ്ഥലത്തുള്ള ഫെറ്റ്സർ ഇൻസ്റ്റിട്യൂട്ടിൽ വച്ചായിരുന്നു. എനിക്ക് വളരെ പ്രയാസം സൃഷ്ട്ടിച്ച ഒരു യാത്രയായിരുന്നു അത്. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഏറ്റവും ആദ്യം അമേരിക്കയിലേക്ക് പോയവരിൽ ഒരാളായ മുല്ലവേലിൽ എം. ജി. മറിയാമ്മ ഹ്യുസ്റ്റണിൽ അന്തരിച്ചു. ഷിക്കാഗോയിൽ നിന്ന് അങ്ങോട്ട് പോയി ശവസംസ്കാര ശുശ്രൂഷയിൽ സംബന്ധിച്ച് മടങ്ങാനായിരുന്നു പരിപാടി. ഷിക്കാഗോയിൽ എത്തിയപ്പോഴേക്കും ഭയങ്കര ഇടിയും മിന്നലും കാരണം വിമാനത്താവളം അടച്ചു. ടെലിഫോൺ ലൈനുകളും എല്ലാം തകരാറിലായി. വിമാനങ്ങൾ എല്ലാം റദ്ദ് ആയതിനാൽ ഞാൻ അവിടെ കാണും എന്നറിഞ്ഞുകൊണ്ടു ഞങ്ങളുടെ കസിൻ റിജോയും രമണിയും കുടി വന്നു എന്നെ കൂട്ടികൊണ്ടു പോയി. ഒന്നാമത് പുറപ്പെടുന്ന വിമാനത്തിൽ എന്നെ ഹ്യുസ്റ്റണിലെത്തിച്ചേക്കാം എന്ന് വിമാന കമ്പനി ഉറപ്പും തന്നു. എല്ലാം ശരിയായപ്പോൾ പിറ്റേന്നുള്ള ആദ്യ വിമാനത്തിൽ എന്നെ അവർ ഹ്യുസ്റ്റണിൽ എത്തിച്ചതിനാൽ അമ്മാച്ചന്റെ മകളുടെ അന്ത്യ ശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിച്ചു. യു. എസിലും കാനഡയിലുമുള്ള കുടുംബാംഗങ്ങളെല്ലാം അവിടെ എത്തിയിരുന്നു
യു. ആർ. പ്രസ്ഥാനത്തിലേക്ക് മോറൽ ഇമാജിനേഷൻ പദ്ധതി എങ്ങനെ വ്യാപിപ്പിക്കാം എന്നതായിരുന്നു  കലമസൂ മീറ്റിങ്ങിലെ ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. മോറൽ ഇമാജിനേഷൻ ഡവലപ്മെന്റ് പ്രോഗ്രാം (MIDP) എന്ന ഒരു പരിപാടിക്കു രൂപം നൽകുകയും എന്നെ അതിന്റെ കൺവീനർ ആയി നിയമിക്കുകയും ചെയ്തു.
2008 - പശ്ചിമ ബംഗാളിലെ മായാപുർ ഇസ്കോൺ ഹെഡ് ക്വാർട്ടേഴ്സിൽ  നടന്ന ആഗോള അസ്സംബ്ലിയിൽ യു .ആർ. ട്രാവലിംഗ് പീസ് അക്കാഡമി എന്ന ആശയം ഞങ്ങൾ അവതരിപ്പിച്ചത് വമ്പിച്ച  ഹർഷാരവത്തോടെ അംഗീകരിക്കപ്പെട്ടു. ഓരോ രാജ്യത്തുപോയി ആവശ്യമുള്ളത്രയും പേരെ പരിശീലനം കൊടുത്തു വളർത്തുക എന്നതായിരുന്നു ഉദ്ദേശ്യം. അതിന്റെ ആദ്യ പരിശീലനം കൊട്ടാരക്കര വച്ചും രണ്ടാമത്തേത് ശ്രീലങ്കയിൽ വച്ചും നടത്തി. തുടർന്ന് പലയിടങ്ങളിലായി ഇതുവരെ നാനൂറിലധികം യുവജനങ്ങൾക്കും പലപ്രസ്ഥാനങ്ങളിലെ സ്റ്റാഫിനും ട്രെയിനിംഗ് നൽകുവാൻ സാധിച്ചു. കൊട്ടാരക്കരയിലെ  ശ്രീലങ്കയിലും ഞങ്ങളുടെ അധ്യാപകനായ ഡോ. ഹേം വീവറുംഇന്ത്യൻ ടീമിന്റെ ഒപ്പമുണ്ടായിരുന്നു.
ശ്രീലങ്കൻ സർവോദയ പ്രസ്ഥാനത്തിലെ യുവജനങ്ങൾക്കും സ്റ്റാഫിനുമായി ഞങ്ങൾ നൽകിയ പരിശീലനം ശ്രീലങ്കൻ ഗാന്ധി ഡോ. .ടി. അരിയ രത്നയെ വല്ലാതെ ആകർഷിച്ചു. അറുപതു വർഷം മുമ്പ് അദ്ധ്യാപക ജോലി ഉപേക്ഷിച്ചു സർവോദയ പ്രസ്ഥാനം ആരംഭിച്ച അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മിക്കവാറും എല്ലാ ഗ്രാമങ്ങളിലും അവർക്കു പ്രവർത്തനമുണ്ട്. അത് മൂലം യു. ആർ യുടെ വളർച്ചയും അഭൂത പൂർവ്വമായിരുന്നു
86 - ) വയസ്സിലും ഓടിനടന്നു പ്രവർത്തിക്കുന്ന അരിയ രത്ന ഞങ്ങൾക്കെല്ലാം വലിയ ആവേശം പകരുന്ന വ്യക്തിയാണ്. എപ്പോഴായാലും വീടിന്റെ വാതിൽ ഞങ്ങൾക്കായി തുറന്നു കിടക്കും. മകൻ ഡോ. വിനയ് ഇന്ന് പ്രസ്ഥാനത്തെ നയിക്കുന്നു. കൂടെ യു.ആർ ഗ്ലോബൽ ട്രസ്റ്റി രവി കണ്ടഗെയും കൊളോമ്പോ യൂണിവേഴ്സിറ്റി പ്രൊഫസർ കമൽ വാലെബോഡ തുടങ്ങിയ ഒരു കൂട്ടം നേതാക്കളും.
കഴിഞ്ഞ വർഷം ബർണബാസ്തിരുമേനിയുടെ നേതൃത്വത്തിൽ ആയുർ മാർത്തോമ്മാ കോളേജ് ബോർഡ് അംഗങ്ങൾ ശ്രീലങ്ക സന്ദർശിച്ചപ്പോഴും വിരുന്നൊരുക്കി കുടുംബം ഞങ്ങളെ സ്വീകരിച്ചു. ഇന്ന് രാഷ്ട്രീയ രംഗത്തും ഗവൺമെന്റിലുമുള്ള ഒരുപാടുപേർ സർവോദയ പ്രസ്ഥാനത്തിലൂടെ വളർന്നവരാണ്.
പുറമെ നിന്ന് കിട്ടിയ ഓരോ പൈസയും എങ്ങനെ പ്രത്യുല്പാദനപരമായും ഉപയോഗിക്കുന്നു എന്നത് സർവോദയ നമുക്ക് പഠിപ്പിച്ചു തരും. ഇന്ന് അവർക്കു 26 ജില്ലാ കേന്ദ്രങ്ങളും 325  ഡിവിഷനൽ കേന്ദ്രങ്ങളുണ്ട്. പതിനയ്യായിരം ഗ്രാമങ്ങളിലായി ആയിരക്കണക്കിന് ജോലിക്കാരുണ്ട്. ചെലവിന്റെ 75  ശതമാനവും ഇന്ന് അവർ തന്നെ സമ്പാദിക്കുന്നു. മൈക്രോ ഫൈനാൻസിങ്  ....... ബാങ്കുകളും ഹോസ്റ്റലുകളും പരിശീലന കേന്ദ്രങ്ങളും എമ്പാടുമുണ്ട്.
മുൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് എന്നെ ഇന്റർനാഷണൽ ഒബ്സർവർമാരിൽ ഒരാളായി നിയമിച്ചതും സർവോദയ നിർദ്ദേശിച്ചതനുസരിച്ചാണ്. ഇന്ത്യയിലെ രണ്ടു ഇലക്ഷൻ കമ്മീഷൻമാരുൾപ്പെട്ട സംഘത്തിൽ പ്രവർത്തിക്കാനായത് ഒരു ഭാഗ്യമായിരുന്നു.