Wednesday, 14 July 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയേഴ് ഡോ. ജോൺ പോൾ ലെഡറാക്ക് (DR.JOHN PAUL LEDERACH ) ചെറുപ്പം മുതൽ എന്നെ സ്വാധീനിച്ചിട്ടുള്ള നിരവധി അദ്ധ്യാപകരെ ഈ സീരിസിൽ ഞാൻ അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ എന്റെ ധർമ്മാന്വേഷണ പന്ഥാവിൽ അറിയാതെ വന്നുപെട്ട ഒരു മഹാ മനീഷിയാണ് അമേരിക്കയിലെ ഇൻഡ്യാനയിൽ ജനിച്ചു വളർന്ന ഡോ. ജോൺ പോൾ ലെഡറാക്ക്. ഇപ്പോൾ നോത്രദാം യൂണിവേഴ്സിറ്റിയിലെ ക്രോക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പീസ് സ്റ്റഡീസിന്റെ ഡയറക്ടറാണ്. നൂറ്റി നാലു വർഷം മുമ്പ് വെർജീനിയ സംസ്ഥാനത്തെ ഹാരിസൻബർഗിൽ സമാധാന കാംക്ഷികളായ മേനോ നൈറ്റ് സഭ ആരംഭിച്ച സ്ഥാപനമാണ് ഈസ്റ്റേൺ മേനോനൈറ്റ് യൂണിവേഴ്സിറ്റി. അവിടെ പീസ് ബിൽഡിംഗ് ഡിപ്പാർട്മെൻറ് വളർത്തിയെടുത്ത പ്രൊഫസറാണ് ജോൺ പോൾ. ഇന്നും സമ്മറിൽ നടക്കുന്ന നിരവധി കോഴ്സുകൾക്ക് നേതൃത്വം നല്കാൻ അദ്ദേഹം അവിടെ എത്താറുണ്ട്. തൊണ്ണൂറുകളിൽ നടന്ന ഒരു കോഴ്സിന് വേണ്ടിയാണ് ഞാൻ ആദ്യമായി ഇ. എം. യു വിൽ എത്തിയത്. അന്ന് മുതൽ അദ്ദേഹം എന്റെ ആരാധ്യനായ അദ്ധ്യാപകരിൽ ഒരാളായി മാറി. നിരവധി അന്താരാഷ്ട്രാ സംഘട്ടനങ്ങളിൽ ഇടനിലക്കാരനായി സമാധാന ഉടമ്പടികൾക്കു നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം ക്ലാസ് മുറികളെ വല്ലാത്തൊരു പരീക്ഷണ ശാലയാക്കി മാറ്റുന്നത് നമുക്ക് വേറിട്ടൊരു അനുഭവം പകർന്നു നൽകുന്നു. ഭാവനാ സമ്പന്നമാണ് ഓരോ ചുവടുകളും. പലതവണ അവിടെ ചേർന്ന് പഠിക്കാൻ എന്നെ പ്രേരിപ്പിച്ചതും ഇത് തന്നെയാണ്. യു. ആർ. ഐ പ്രസ്ഥാനത്തിലെ ചിലരെല്ലാം ഇ. എം. യു വിൽ എന്നെപ്പോലെ പഠിതാക്കളായിട്ടുണ്ട്. ഞങ്ങൾ ഒത്തു ചേർന്നപ്പോൾ പുതിയൊരാശയം രൂപപ്പെട്ടു. എങ്ങനെ യു ആർ ഐ യുടെ ലോകമെമ്പാടുമുള്ള സമാധാന പ്രവർത്തകരെ ഈ മാതൃകയിലുള്ള ഒരു പരിശീലന പരിപാടിയിൽ പങ്കാളികളാക്കാം? ആ ആലോചനയുമായി ജോൺ പോളിനെയും അദ്ദേഹത്തിന്റെ കൂട്ടുകാരനായ മറ്റൊരു പ്രൊഫസർ ഡോ. ഹേം വീവറെയും ഞങ്ങൾ സമീപിച്ചു. അവർ രണ്ടുപേരും സഹായിക്കാമെന്നേറ്റപ്പോൾ ഒരു വമ്പൻ പദ്ധതി ഉരുത്തിരിഞ്ഞു വന്നു. പല രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചു പേരെ മാസ്റ്റർ ട്രെയിനേഴ്‌സായി പരിശീലിപ്പിച്ചെടുക്കുക . അവരിലൂടെ ലോക സീമകളിലേക്കു പടർന്നു കയറുക. അതായിരുന്നു പ്ലാൻ. അങ്ങനെ രണ്ടു വർഷം നീണ്ടു നിൽക്കുന്ന ഒരു തീവ്ര പരിശീലനത്തിന് പദ്ധതിയുണ്ടാക്കി. മൂന്നു മാസത്തിലൊരിക്കൽ എല്ലാവരും ഏതെങ്കിലുമൊരു രാജ്യത്തു സമ്മേളിക്കുക. അവിടെ ഒരാഴ്ചത്തെ പഠനത്തിനൊപ്പം ആ നാടുകളിലെ പ്രശ്ന ബാധിത പ്രദേശങ്ങളെ അടുത്തറിയുക. പ്രശ്ന പരിഹാരങ്ങൾ കണ്ടെത്തുക. ഇതൊക്കെയായിരുന്നു വിഭാവനം ചെയ്തത്. വളരെ ചെലവേറിയ ഈ പദ്ധതിക്ക് സഹായവുമായി കാറ്റലിസ്റ്റ്സ് ഫോർ പീസ് എന്ന ഫൗണ്ടേഷനും അതിന്റെ ഡയറക്ടർ ലിബി ഹോഫ്മാനും ഞങ്ങളുടെ കൂടെ കൂടിയപ്പോൾ എല്ലാം ശുഭം. അമേരിക്ക, ഫിലിപ്പീൻസ്, ഇന്ത്യ , ഇന്തോനേഷ്യ ,എത്യോപ്യ , ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ ജോൺ പോളും ഹേം വീവറും ഞങ്ങൾക്കായി ഒരുക്കിയ പഠന സമ്മേളനങ്ങൾ എക്കാലവും മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. ഫിലിപ്പീൻസിലെ മിൻഡനാവോ സംഘർഷങ്ങളും (കത്തോലിക്കരും മുസ്ലിം മത വിഭാഗവും തമ്മിൽ) ഉഗാണ്ടയിലെ ഗറില്ലാ യുദ്ധ മുറകളും (ജോസഫ് കോണി സംഘവും സർക്കാരും തമ്മിൽ) എല്ലാം നേരിൽ കണ്ടു മനസ്സിലാക്കാൻ ഞങ്ങളുടെ ടീമിന് കഴിഞ്ഞു. യു .ആർ . ഐ യുടെ സമുന്നത നേതാക്കളടങ്ങിയ അച്ചോളി (ACHOLI PEACE INITIATIVE) സംഘം ഇടപെട്ടാണ് ഉഗാണ്ടയിലെ ഒളിപ്പോര് യുദ്ധത്തിന് അറുതി വരുത്തിയത്. വനത്തിനുള്ളിൽ പോയി ജോസഫ് കോണിയുടെ ഗറില്ലാ സംഘത്തെ കണ്ട കഥകളൊക്കെ എന്നും നമ്മെ ആവേശം കൊള്ളിക്കുന്ന സംഭവങ്ങളാണ്. ഇരുപത്തി മൂന്നു വർഷത്തെ കൊടും ക്രൂരതകൾക്കാണ് അവസാനമുണ്ടായത്. Moral Imagination – the Art and Soul of Peace Building, Preparing for Peace, Conflict Transformation, Reconcile, Peace Building – Into the Eye of the Storm, Contemporary Conflict Resolution, Strategic Peace Building തുടങ്ങി എത്രയോ ഗ്രന്ഥങ്ങൾ ജോൺ പോളിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തിരിക്കുന്നു. ഇന്ന് ലോകത്ത്‌ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമാധാന പ്രവാചകരിൽ ഒരാളായ സാറിനൊപ്പം പഠിക്കാനും യാത്ര ചെയ്യാനും ലഭിച്ച അവസരങ്ങൾ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളായിരുന്നു. ഇതിനൊക്കെ നമ്മെ പ്രാപ്തരാക്കുന്ന പ്രാപഞ്ചിക ശക്തിക്കു മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു. ഡോ. ഏബ്രഹാം കരിക്കം

Monday, 12 July 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയാറ്. സാലി മാഹി ( SALLY MAHE ) യു.ആർ.ഐ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ എക്സിക്യുട്ടിവ് ഡയറക്ടർ ചാൾസ് ഗിബ്‌സിനൊപ്പം പ്രവർത്തിച്ച രണ്ടുപേരാണ് സാലി മാഹിയും ബാർബറാ ഹാർട്ട്‌ഫോർഡും. അന്നുമുതൽ ഇന്നുവരെ സാലി സ്റ്റാഫിലുണ്ട്. ബാർബറാ കുറെ നാൾ മുമ്പ് റിട്ടയർ ചെയ്തു. ബാലാരിഷ്ടതകളിൽ നിന്ന് ഒരു ലോക സംഘടന ഉയിർത്തെഴുന്നേറ്റു വരണമെങ്കിൽ അതിന്റെ പിന്നിലുള്ള ത്യാഗം എത്രയെന്ന് ഇവർ നമുക്കു പറഞ്ഞു തരും. മാഹി എന്ന പേര് എങ്ങിനെ കിട്ടിയെന്നായി സാലിയോടുള്ള ഞങ്ങളുടെ അന്വേഷണം. അവരുടെ മുത്തച്ഛൻ ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ പണ്ടെങ്ങോ പട്ടാള മേധാവിയായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. ആ ഓർമ്മയ്ക്ക്‌ കൊച്ചു മകൾക്കു അങ്ങനെ പേരു നൽകിയതാകാം. ഏതായാലും ഒരു സന്ദർശനവേളയിൽ സാലിയും കൂട്ടുകാരിയും കൂടി മാഹിയിലേക്കൊരു യാത്ര നടത്തി. തന്റെ മുത്തച്ഛന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും അവിടെയുണ്ടോ എന്നറിയാൻ. ഒരു തുമ്പും കിട്ടിയില്ല. ജീവിത പ്രയാണം ലോകമെന്പാടുമുള്ള മതനേതാക്കളോടൊപ്പമാകുമ്പോൾ എന്തുമാത്രം ജാഗ്രത വേണം എന്നു പഠിപ്പിച്ചതു സാലിയാണ്. എല്ലാവരും അവരവരുടെ സാമ്രാജ്യത്തിലെ ചക്രവർത്തികളായാണ് വാഴുന്നത്. അംഗീകാരം എല്ലാവരും പ്രതീക്ഷിക്കും. എന്നാൽ എല്ലാവരുടെയും തത്വശാസ്ത്രത്തിന്റെ മഹിമയും ബലഹീനതകളും അറിഞ്ഞിരിക്കയും വേണം. ഏഷ്യൻ മണ്ണിൽ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിൽ സാലി നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. ഏതു സമ്മേളനം നടത്തിയാലും സ്ഥിര സാന്നിദ്ധ്യമായിരുന്നു. ആദ്യമായി ഏഷ്യാ എക്സിക്യുട്ടിവ് കൗൺസിൽ രൂപം കൊണ്ടപ്പോൾ ഏറെ നാൾ അതിലെ പ്രത്യേക ക്ഷണിതാവായും പങ്കെടുത്തു. ബുദ്ധമതാചാര്യനായ പ്രൊഫ. ജിൻ വോൾ ലീയുടെ നേതൃത്വത്തിൽ തെക്കൻ കൊറിയയിൽ ഞങ്ങൾ ഓഫീസ് തുറന്നപ്പോഴും സാലിയുണ്ടായിരുന്നു. ആറുമാസം വരെ സ്റ്റാഫിനു ശമ്പളം കിട്ടാതിരുന്ന കാലമുണ്ടായിരുന്നു എന്ന് ഒരിക്കൽ അവർ പറഞ്ഞതോർക്കുന്നു. ഏതൊരു മഹൽ പ്രസ്ഥാനത്തിനും ഇത്തരം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കഥകൾ ഏറെ പറയാനുണ്ടാവും. പിൽക്കാലത്തു സമൃദ്ധിയുടെ നിറവിൽ തലപ്പത്തെത്തുന്നവരൊന്നും ആ കഥകൾ അറിയാനുമിടയില്ല. ഒരിക്കൽ സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഒരിക്കലും സാലി കാർ പൂട്ടുന്നതായി കണ്ടില്ല. അതെന്താണെന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു. "ഈ ചാടാക്കു കാറൊക്കെ ആരെടുക്കാൻ". ഒരു ലക്ഷ്യത്തിലേക്കുള്ള ത്യാഗോജ്വലമായ മുന്നേറ്റത്തിൽ കൊച്ചു കൊച്ചു കാര്യങ്ങളോർത്തു നാം വ്യാകുലപ്പെടേണ്ടതില്ല എന്ന വലിയ ഒരു പാഠമാണ് അവർ പകർന്നു നൽകിയത്. സാൻഫ്രാൻസിസ്‌കോയിൽ സാലിയുട വീടിനടുത്തായി റെഡ്‌വുഡ് മരങ്ങളുടെ ഒരു വനമുണ്ട്‌. ഇത്ര വമ്പൻ മരങ്ങളെ ലോകത്തു വിരളമായേ നമുക്ക് കാണാൻ കഴിയൂ. മുന്നൂറടി വരെ ഉയരത്തിൽ അവ വളരും. വലിപ്പത്തിലും ഭാരത്തിലും ഇവർ തന്നെ മുമ്പന്മാർ. രണ്ടായിരം വർഷം വരെ തളരാതെ കൊമ്പുയർത്തി നിൽക്കുന്ന ഈ മരങ്ങൾക്കു ഒരു പ്രേത്യേകതയുണ്ട്. അവയുടെ വേരുകൾ ഭൂമിക്കടിയിൽ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുകയാണ്. അങ്ങനെ ഒന്ന് മറ്റൊന്നിനെ താങ്ങി നിൽക്കുന്നതിനാൽ ഏതു പ്രതികൂല കാലാവസ്ഥയെയും അവർ ഒറ്റക്കെട്ടായി തരണം ചെയ്യുന്നു. വലിയ ഒരു ജീവിത പാഠമാണ് റെഡ്‌വുഡ് മരങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്. യു.ആർ.ഐ ട്രാവലിംഗ് പീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ നടത്തിയ പല പരിശീലന പരിപാടികളിലും ഒരൊന്നാന്തരം അദ്ധ്യാപികയായി സാലി മാറുന്നതു കണ്ടിട്ടുണ്ട്. സമാധാന നിർമ്മിതി എന്ന സംജ്ഞ അവർ ഹൃദയത്തോട് ചേർത്ത് വച്ചിരുന്നു. എഴുത്തിന്റെ മാസ്മരിക ലോകത്തും നന്നായി പ്രശോഭിക്കുന്ന ഒരു വ്യക്തിയായി സാലിയെ കാണാം. ചാൾസുമായി ചേർന്ന് " The Birth of a Global Community” എന്ന ചരിത്ര ഗ്രന്ഥം അവർ രചിക്കയുണ്ടായി. യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റിവിന്റെ ഉയർച്ച താഴ്ചകളുടെ തീവ്രമായ കഥകൾ ആ താളുകളിൽ ചുരുളഴിയുന്നുണ്ട്. ഇന്നും ചരിത്ര വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടു അനേകം കഥകൾ അവർ അനാവരണം ചെയ്തുകൊണ്ടിരിക്കുന്നു. 2001 - ലെ ആദ്യ ഏഷ്യാ പസഫിക്‌ സമ്മേളനം മുതൽ സാലി ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്നത് നന്ദിയോടെ ഓർക്കുകയാണ്. ഒൻപതു വർഷങ്ങൾക്കു ശേഷം പൂനയിൽ വച്ചാണ് രണ്ടാമതൊരു ഏഷ്യാ കോൺഫറൻസ് നടത്താനായത്. അന്ന് അമേരിക്കയിൽ നിന്ന് പാരിസ് വരെ എത്തിയ സാലി എയർപോർട്ടിലെ തീപിടിത്തം കാരണം അവിടെനിന്നും മടങ്ങേണ്ടി വന്നതൊഴിച്ചാൽ എല്ലാക്കാലവും ശക്തമായ പിന്തുണയുമായി ഏഷ്യൻ ടീമിനൊപ്പം നിന്നു. ഏതു കാര്യത്തിനിറങ്ങിയാലും ദൈവത്തിന്റെ ഒരു കയ്യൊപ്പുകൂടി ഉണ്ടെങ്കിലേ വിജയ പാതയിൽ മുന്നേറാൻ നമുക്കു കഴിയൂ. ആ ഭാഗ്യം ലഭിച്ചവരിൽ ഒരാളാണു സാലി മാഹി. ഇല്ലെങ്കിൽ ഏതാണ്ട് മുപ്പതു വർഷത്തോളം ഒരു ലോകോത്തര സംഘടനയുടെ തലപ്പത്തു തുടരാനാവില്ല. സഞ്ചാരപാതയിലെ വഴിവിളക്കുകളായി സാലിയെപ്പോലുള്ളവർ അഭുംഗുരം പ്രശോഭിക്കുന്നതു നമ്മുടെ അനുഗ്രഹമല്ലാതെന്താണ്?. ഡോ. ഏബ്രഹാം കരിക്കം

Friday, 9 July 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയഞ്ച് ഫാ. ആൽബർട്ട് നമ്പ്യാർ പറമ്പിൽ മതസംവാദരംഗത്തെ ഇന്ത്യയിലെ ആചാര്യന്മാരിലൊരാൾ. ഒരു ലോകമത സമ്മേളനം വേണമെങ്കിലും ഒറ്റയ്ക്കു നടത്താൻ കെൽപുള്ള വ്യക്തിത്വം. പ്രസ്ഥാനങ്ങൾ തുടങ്ങുന്നതും വളർത്തുന്നതും ജീവിത വ്രതമാക്കിയ മറ്റൊരാളെ ഇതുപോലെ കാണാൻ പ്രയാസം. അഖിലലോക സഭാ കൗൺസിലിന്റെ മതസംവാദ വേദികളിലാണ് ഞാൻ ആദ്യം നമ്പ്യാർ പറമ്പിലച്ചനെ കാണുന്നത്. എപ്പോഴും ജസ്റ്റിസ് പി.കെ ഷംസുദീൻ സാർ ഒപ്പമുണ്ടാകും. ഇരട്ട സഹോദരങ്ങളെപോലെ ആയിരുന്നു അവർ. മതസംവാദം മതപരിവർത്തനത്തിനുള്ള ഒരുപാധിയല്ലേ എന്നു ചോദിക്കുന്നവരോട് അച്ചൻ തമാശയായി പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. ഞാനും ജസ്റ്റിസും കഴിഞ്ഞ നാൽപ്പതു വർഷമായി പരസ്പരം പരിവർത്തനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണെന്ന്. യു.ആർ.ഐ യുടെ ആദ്യ ഏഷ്യാ കോൺഫറൻസിൽ രണ്ടുപേരുമുണ്ടായിരുന്നു. ബാലിയിൽ. പിന്നീട് അച്ചൻ കൊച്ചിയിൽ നടത്തിയ പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഞാനും പങ്കാളിയായി. തെക്കൻ ആഫ്രിക്കയിൽ നിന്ന് മഹാത്മാഗാന്ധിജിയുടെ കൊച്ചു മകൾ എലാ ഗാന്ധിയെ വരെ അച്ചൻ കൊച്ചിയിൽ കൊണ്ടുവന്നു. പിന്നീട് ഡർബനിൽ അവരുടെ വീട്ടിൽ പോയി എലാ ഗാന്ധിയെ കാണുന്നതിനും, ഗാന്ധിജിയുടെ ഫീനിക്‌സ് ആശ്രമം കാണുന്നതിനും അതെനിക്കു പ്രചോദനമേകി. കൊച്ചിയിൽ മഹത്തായ ചാവറ കൾച്ചറൽ സെന്റർ ആൽബർട്ട് അച്ചനാണ് തുടങ്ങിയത്. അതുപോലെ തൊടുപുഴ ഉപാസന. പിന്നെ മൂന്നാറിൽ കൊരണ്ടക്കാട്ടിലുള്ള കാത്തലിക് സ്റ്റഡി സെന്റർ. ഇതെല്ലം ആരംഭിച്ചു ഉപേക്ഷിച്ചതല്ല. വൻ പ്രസ്ഥാനങ്ങളാക്കി വളർത്താൻ അച്ചൻ ജീവിതം സമർപ്പിച്ചു. കൊച്ചി ആസ്ഥാനമായി വേൾഡ് ഫെലോഷിപ്പ് ഓഫ് ഇന്റർ റിലീജിയസ് കൗൺസിൽ ആരംഭിക്കുകയും നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ കന്യാകുമാരിപോലെ പല ഇടങ്ങളിലായി നടത്തുകയും ചെയ്തു. മത സംവാദ രംഗത്തെ തലയെടുപ്പുള്ള എല്ലാ നേതാക്കളെയും പങ്കെടുപ്പിക്കാൻ അച്ചൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഈ രംഗത്തുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുടെ ഒരു നെറ്റ്‌വർക്ക് ഓക്സ്ഫർഡ് കേന്ദ്രമായി രൂപീകരിക്കുന്നതിനും അച്ചൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അയാഷേയുടെ (AIACHE) ആഭിമുഖ്യത്തിൽ കോളജ് അദ്ധ്യാപകർക്കു വേണ്ടി മൂന്നാർ കൊരണ്ടക്കാട്ടിലുള്ള സെന്ററിൽ വച്ച് അച്ചൻ നടത്തിയ ഇന്റർ-ഫെയ്ത്ത് ട്രെയിനിംഗ് വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. അവിടെ വച്ചാണ് ഞാൻ ജോൺ സച്ചിദാനന്ദ് എന്ന സ്വാമി സച്ചിദാനന്ദഭാരതിയെ ആദ്യം കാണുന്നത്. പിൽക്കാലത്തു പല രംഗങ്ങളിലും ഒന്നിച്ചു പ്രവർത്തിക്കാൻ ഞങ്ങൾക്കു സാധിച്ചു. തിരുവല്ലയിൽ ഞങ്ങൾ നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ചു ഞായറാഴ്ച രാവിലെ കുറ്റപ്പുഴ മാർത്തോമ്മാ പള്ളിയിലെ വിശുദ്ധ കുർബാനയിൽ എം.ഓ ഉമ്മൻ അച്ചനോടൊപ്പം നമ്പ്യാർ പറമ്പിൽ അച്ചൻ സംബന്ധിച്ച കാര്യം എന്നും ഞാനോർക്കും. കാസായും പീലാസായും ഉയർത്തിയുള്ള മനോഹര ശുശ്രൂഷക്കൊടുവിൽ അപ്രതീഷിതമായി അച്ചനും അപ്പവും വീഞ്ഞും വാങ്ങി ഭക്ഷിച്ചു. കത്തോലിക്കാ അച്ചൻ എന്ന നിലയിൽ നിഷിദ്ധമാണെങ്കിലും അപ്പോൾ അത് ചെയ്യാതിരുന്നാൽ താൻ ക്രിസ്തുവിനെ അവഹേളിക്കുകയായിരിക്കും എന്ന് പിന്നീട് അച്ചൻ പറഞ്ഞു. യു.ആർ. ഐ യുടെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന അച്ചൻ മിക്കവാറും എല്ലാ സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നത് നന്ദിയോടെ ഓർക്കുന്നു. ഇതുപോലുള്ള മഹാന്മാരുടെ തോളിൽ ചാരി വളരാനായതാണ് എന്റെ ഭാഗ്യം. പിന്നീട് ചാവറ കൾചറൽ സെന്ററിന്റെ ഡയറക്ടറായ ഫാ. റോബി കണ്ണഞ്ചിറയെപോലെ നിരവധി പ്രതിഭാധനന്മാരെ വളർത്തിയെടുക്കുന്നതിനും അച്ചന് സാധിച്ചു. യു. ആർ. ഐ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ റോബി അച്ചൻ പുതിയ ദൗത്യവുമായി ഇപ്പോൾ ഡൽഹിയിലാണ്. നമ്പിയാർ പറമ്പിൽ അച്ചൻ എൺപതാം പിറന്നാൾ ആഘോഷിച്ചപ്പോൾ പ്രൊഫ. ജോൺ കുരാക്കാർ സാറും ഞാനും കൂടി തൊടുപുഴ ഉപാസന സെന്ററിൽ ചെന്ന് അച്ചനുമായി ഒരഭിമുഖം നടത്തിയിരുന്നു. അത് ഇന്റർ-ഫെയ്ത്ത് ലിങ്ക് മാസികയിലൂടെ ലൊകമെന്പാടുമുള്ള സഹൃദയർക്കു ഞങ്ങൾ എത്തിച്ചു നൽകി. ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്ററിന്റെ അവാർഡ് സ്വീകരിക്കാൻ കൊട്ടാരക്കരയിൽ വന്നപ്പോൾ അദ്ദേഹം നടത്തിയ പ്രസംഗം ഉജ്വലമായിരുന്നു. ഒരു കാലത്തു ഇന്ത്യൻ ഫിലോസഫിക്കൽ കോൺഫറൻസിന്റെ സെക്രട്ടറിയായിരുന്ന അച്ചന്റെ തത്വ ശാസ്ത്രം സ്നേഹത്തിന്റെ ശാസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഉയരങ്ങളിലെ ഞങ്ങളുടെ സെലസ്റ്റിയൽ സർക്കിളിൽ അച്ചനും മറ്റുള്ളവരും സ്വർഗീയ വിരുന്നിൽ പങ്കാളികളാകുന്നു എന്നത് ഞങ്ങൾക്കു ധന്യത പകരുന്ന വിശ്വാസമാണ്. ഡോ. ഏബ്രഹാം കരിക്കം

Tuesday, 6 July 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തി നാല് റവ. ഡോ. ചാൾസ് ഗിബ്സ് അനിതര സാധാരണമായ നേതൃ പാടവം. കാറും കോളും ആഞ്ഞടിക്കുമ്പോഴും കടലിൽ ധീരതയോടെ തന്റെ നൗകയെ ശാന്ത തീരങ്ങളിലേക്കു നയിക്കാൻ കഷ്ടപ്പെടുന്ന കപ്പിത്താൻ . ഒരിക്കലും ക്ഷോഭിക്കാത്ത മനസ്സുള്ള നായകൻ. ഏതു വിശേഷണവും ചാൾസിനു ഭൂഷണമാകും. യു. ആർ ഐ പ്രസ്ഥാനത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പതിനേഴ് വർഷങ്ങൾ ആ ലോക സംഘടനയെ തോളിലേറ്റി നടന്ന ചാൾസിനോട് പ്രസ്ഥാനം ഏറെ കടപ്പെട്ടിരിക്കുന്നു. കാലിഫോർണിയ എപ്പിസ്കോപ്പൽ ബിഷപ്പായിരുന്ന ബിൽ സ്വിoഗ് യുണൈറ്റഡ് നേഷൻസിന്റെ പിന്തുണയോടെ ഒരു മഹാ സംരംഭത്തിനിറങ്ങുമ്പോൾ ആവനാഴിയിലെ അസ്‌ത്രമായി കണ്ടു വച്ചിരുന്നത് ചാൾസ് എന്ന തന്റെ സഭയിലെ തന്നെ പട്ടക്കാരനെയാണ്. കുറെ അഡ്രസ്സുകൾ അടങ്ങുന്ന ഒരു ഫയൽ ബിഷപ് തനിക്കു കൈമാറിയ കഥ പലപ്പോഴും അദ്ദേഹം പറയുമായിരുന്നു. അതുമായി കത്തീഡ്രലിന്റെ ഒരു ചെറിയ മുറിയിൽ ഓഫീസ്‌ പ്രവർത്തനം ആരംഭിച്ചു. ഇരുപത്തിയൊന്നാം വാർഷികമാഘോഷിക്കുന്ന ലോക മതങ്ങളുടെ ഐക്യ വേദി ഇന്ന് നൂറ്റി പന്ത്രണ്ടു രാജ്യങ്ങളിൽ തണൽ വിരിച്ചു നിൽക്കുന്ന ഒരു വടവൃക്ഷമായി വളർന്നിരിക്കുന്നു. ആരംഭ കാലം മുതൽ ചാൾസ് എന്ന നല്ല ക്യാപ്റ്റനൊപ്പം സഞ്ചരിക്കാനായത് എന്റെയും ഭാഗ്യമായിരുന്നു. ഇന്ത്യയിലെ നാഷണൽ അസംബ്ലികളിൽ അദ്ദേഹം അധികം സംബന്ധിച്ചിട്ടില്ല. എന്നാൽ രവീന്ദ്ര നാഥ ടാഗോറിന്റെ വിശ്വ ഭാരതി യൂണിവേഴ്സിറ്റിയിൽ മൂന്നാം ദേശീയ അസംബ്ലിക്കായി ഞങ്ങൾ ആവേശത്തോടെ ഒത്തു കൂടിയപ്പോൾ ചാൾസ് പറന്നെത്തി. ഒരൊന്നാന്തരം കവി കൂടിയായ അദ്ദേഹത്തിന് ടാഗോറിന്റെ നാട്ടിൽ വരാതെ പറ്റുമോ ? അന്നത്തെ അസംബ്ലിക്കുശേഷം ഞങ്ങൾ രണ്ടുപേരും കൂടി ഡാർജീലിംഗ് മലനിരകളിലേക്കു ഒരു യാത്ര പോയി. ഹിമാലയ സാനുക്കളിൽ സമുദ്ര നിരപ്പിൽ നിന്ന് ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ പട്ടണം ഹൃദയഹാരിയാണ്. അവിടെ നിന്നാൽ ലോകത്തിലെ ഏറ്റവും കൂടിയ ഉയരം മൂന്നാമത്തെ പർവ്വതമായ കാഞ്ചൻ ജംഗ കാണാം. അവിടെ നിന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലേക്കാണ് ഞങ്ങൾ പോയത്. മണിപ്പൂർ യൂണിവേഴ്സിറ്റിയുടെ ഒരു അന്താരാഷ്‌ട്രാ സമ്മേളനത്തിൽ ഞങ്ങൾ രണ്ടുപേരും പേപ്പറുകൾ അവതരിപ്പിച്ചു. "ഇന്ത്യയുടെ രത്‌നം " എന്നറിയപ്പെടുന്ന മണിപ്പൂർ ഞങ്ങൾക്ക് ഏറെ പ്രിയപെട്ടതായത് യു. ആർ. ഐ യുടെ ആദ്യകാല നായകരിൽ ഒരാളായിരുന്ന ഡോ. ടി. സി . സിംഗ് ജനിച്ച സ്ഥലമായതിനാലാണ്. അദ്ദേഹം ഒരതുല്യ പ്രതിഭയായിരുന്നു. കൊൽക്കൊത്തയിലെ വേദാന്ത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച അദ്ദേഹം ലോകത്തിലെ പ്രമുഖ നോബേൽ ജേതാക്കളെയെല്ലാം നേരിൽ കണ്ടു നടത്തിയ അഭിമുഖങ്ങൾ ഞങ്ങൾക്ക് ഏറെ ആവേശം പകർന്ന കാര്യമാണ്. 'ശാസ്ത്രവും മതവും' എന്നതായിരുന്നു അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ട വിഷയം. ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ആദ്യ ഏഷ്യ പസഫിക് കോൺഫറൻസ് മുതൽ യു ആർ ഐ യുടെ നിരവധി മീറ്റിങ്ങുകളിൽ ടി. സി . സിംഗ് സംബന്ധിച്ചതോർക്കുന്നു. ഏഷ്യയിലെ മുൻനിര നേതാക്കളിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചിരുന്നത് നന്ദിയോടെ ഓർക്കുകയാണ്. അദ്ദേഹത്തിന്റെ ശിഷ്യനായ ഡോ. വാസുദേവ റാവുവാണ് ഇന്ന് വേദാന്ത ഇന്സ്ടിട്യൂട്ടിനെ നയിക്കുന്നത്. യു ആർ ഐ പല വെല്ലുവിളികളെ അതിജീവിച്ചാണ് വളർന്നു വന്നത്. ലോക മതങ്ങൾ ഒത്തുചേരുമ്പോഴുള്ള സംഘർഷങ്ങളാണ്പ്രധാനം. കേവലം വിശ്വാസ പ്രശ്നങ്ങൾ മാത്രമല്ല കീറാമുട്ടികളാകുന്നത്. യഹൂദന്മാരും പലസ്തീനികളും ഒന്നിച്ചു വരുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കു പലപ്പോഴും ഞങ്ങൾ സാക്ഷികളായിട്ടുണ്ട്. പല ഗ്ലോബൽ കൗൺസിലുകളും അങ്ങനെ സംഘർഷ പൂരിതമായിരുന്നു. അപ്പോഴെല്ലാം പ്രസിഡണ്ട് ബിൽ സ്വിoഗിന്റെയും ഡയറക്ടർ ചാൾസ് ഗിബ്സിന്റേയും നയചാതുരിയും ആത്മാർത്ഥതയും പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു. 17 വർഷത്തെ സേവനത്തിനു ശേഷം 65-)o വയസ്സിൽ ചാൾസ് വിരമിച്ചെങ്കിലും ഇന്നും അദ്ദേഹം ഞങ്ങൾക്ക് നല്ല ഉപദേശകനും സുഹൃത്തുമായി വർത്തിക്കുന്നു. ഹ്യൂസ്റ്റണിൽ അദ്ദേഹത്തിന്റെ പുതിയ വസതിയിലെത്തി 2019 - ൽ ചാൾസിനെ വീണ്ടും കാണാനായത് ഒരു ഭാഗ്യമായിരുന്നു. അദ്ദേഹം കവിതയെഴുതും. ഭാര്യ ചിത്രം വരയ്ക്കും. വീട് നിറയെ മനോഹര ചിത്രങ്ങൾ. കാറ്റലിസ്റ്റ്സ് ഫോർ പീസ് എന്ന സമാധാന പ്രസ്ഥാനത്തിന്റെ ആസ്ഥാന കവിയാണിപ്പോൾ ചാൾസ് ഗിബ്‌സ്. ഞങ്ങളുടെ മൂന്ന് അന്താരാഷ്‌ട്രാ ഹോളി ബുക്സ് കോൺഫറൻസുകളിൽ ചാൾസ് സംബന്ധിച്ചിട്ടുണ്ട് എന്നതും നന്ദിയോടെ സ്മരിക്കുന്നു. തായ്‌ലാന്റിലെ ബാങ്കോക്കിൽ നടന്ന ഏഴാമത് സമ്മേളനത്തിലും അദ്ദേഹം തന്നെയായിരുന്നു മുഖ്യാതിഥി. മതങ്ങളുടെ ഒരു ആഗോള സമ്മേളനം പശ്ചിമ ബംഗാളിലെ മായാപൂരിൽ നടത്തിയതും ചാൾസിന്റെ നേതൃത്വത്തിലായിരുന്നു. ഇസ്ക്കോൺ പ്രസ്ഥാനത്തിന്റെ ഹെഡ്കോർട്ടേഴ്സിൽ നടന്ന ആ ഗ്ലോബൽ അസംബ്‌ളി പലതു കൊണ്ടും ഒരു നാഴികക്കല്ലായി മാറിയിരുന്നു. ഡോ. ഏബ്രഹാം കരിക്കം

Friday, 25 June 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിമൂന്ന് ശ്രീലങ്കൻ ഗാന്ധി ഇരുപതു വർഷത്തെ യു.ആർ.ഐ എന്ന പ്രസ്ഥാനത്തോടൊപ്പമുള്ള യാത്രയിൽ ഒട്ടേറെ ലോക നേതാക്കളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുവാൻ ദൈവം അവസരം തന്നിട്ടുണ്ട്. ആദ്യ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ചാൾസ് ഗിബ്‌സ്, ആദ്യ സ്റ്റാഫ് അംഗങ്ങളായിരുന്ന സാലി മാഹി, ബാർബറ ഹാർട്‌ഫോർഡ്, മരിയാ ക്രിസ്‌പോ തുടങ്ങി ഒട്ടേറെപ്പേർ ആ നിരയിലുണ്ട്. 2001 - ലെ ആദ്യ ഏഷ്യാ പസിഫിക് സമ്മേളനം നിയന്ത്രിച്ചവരായിരുന്നു സാലി മാഹിയും (അമേരിക്ക), മരിയാ ക്രിസ്‌പോയും (അർജന്റീന). ഇന്ത്യയിൽ മത സൗഹാർദ്ദ രംഗത്തു പ്രശോഭിച്ചിരുന്ന മോഹിനി ഗിരി (പ്രസിഡന്റ് വി.വി ഗിരിയുടെ മകൾ), നിർമല ദേശ് പാണ്ഡെ, സ്വാമി അഗ്നിവേശ്, ഫാ. ആൽബർട്ട് നമ്പ്യാർപറമ്പിൽ, ജസ്റ്റിസ് പി.കെ ഷംസുദിൻ, മാഡം മെഹർ മാസ്റ്റർ മൂസ്, വത്സൻ തമ്പു അച്ചൻ, ഡോ. മൊഹീന്ദർ സിംഗ്, ഡോ. ജിൻ വോൾ ലീ തുടങ്ങി ഒട്ടേറെപ്പേർ അന്നുമുതൽ സഹയാത്രികരായിരുന്നു. എന്നാൽ അന്ന് ശ്രീലങ്കയിൽ നിന്നു വന്ന രവി കന്ദഗയാണ് ശ്രീലങ്കൻ ഗാന്ധി ഡോ. എ. ടി അരിയ രത്നയെപ്പറ്റി എന്നോട് പറഞ്ഞത്. നമ്മുടെ വിനോബഭാവെയിൽ നിന്നും മറ്റു സർവോദയ നേതാക്കളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്രീലങ്കൻ സർവോദയ പ്രസ്ഥാനം കെട്ടിപ്പടുത്തയാൾ. ആ നാളുകളിലെന്നോ ഒരിക്കൽ കൊളംബോ പട്ടണത്തിനടുത്തുള്ള മൊറാട്ടുവാ എന്ന ഗ്രാമത്തിൽ ശ്രീലങ്കൻ ഗാന്ധിയെ ഞാൻ സന്ദർശിച്ചു. അതൊരു വഴിത്തിരിവായി മാറി. ശ്രീലങ്കയിലെ ആയിരത്തി അഞ്ഞുറു ഗ്രാമങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന സർവോദയ പ്രസ്ഥാനത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. എങ്ങിനെ ലോക പ്രശസ്തമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാമെന്നും അത് സാധാരണക്കാരുടെ സ്വപ്നങ്ങൾക്കു ചിറകേകാൻ എങ്ങിനെ സഹായിക്കുമെന്നും ഞാൻ അനേക തവണത്തെ യാത്രകളിലൂടെ പഠിച്ചു. മഹാത്മാ ഗാന്ധിയെ നേരിൽ കാണാനുള്ള ഭാഗ്യം എന്റെ തലമുറയിൽപ്പെട്ടവർക്കുണ്ടായിട്ടില്ല. എന്നാൽ ശ്രീലങ്കൻ ഗാന്ധിയെ പരിചയപ്പെട്ട നാൾമുതൽ ആ വിഷമം കുറച്ചൊക്കെ മാറി. ബന്ദാരഗമയിലുള്ള സർവോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേർണിംഗ് അതി മനോഹരമായ കാമ്പസാണ്. ഞങ്ങളുടെ എത്രയോ പഠന പരിപാടികൾക്കും തീർത്ഥാടനങ്ങൾക്കും അത് വേദിയായിരിക്കുന്നു!. അവിടെവച്ചു ഞങ്ങൾ യു.ആർ ഐ ട്രാവലിംഗ് പീസ് അക്കാഡമിയുടെ ഒരാഴ്ചത്തെ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കയുണ്ടായി. സർവോദയ പ്രസ്ഥാനത്തിലെ അൻപതോളം യുവജനങ്ങളായിരുന്നു പങ്കെടുത്തത്. ചെറുപ്പക്കാരെ പരിശീലിപ്പിക്കാൻ ഏറ്റം അനുയോജ്യമായ പദ്ധതിയാണ് അതെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അവരെല്ലാം ഇന്ന് സമൂഹത്തിൽ ഉന്നത ശ്രേണികളിൽ പരിശോഭിക്കുന്നു. പിന്നീട് ലോകത്ത്‌ ഏതു ഭാഗത്തു ഞങ്ങൾ ഒരു പരിപാടി നടത്തിയാലും അതിൽ സർവോദയ നേതാക്കളുടെ സാന്നിദ്ധ്യം അദ്ദേഹം ഉറപ്പാക്കി. പുത്രനിർവിശേഷമായ വാത്സല്യത്തോടെ അദ്ദേഹം എന്നെ കരുതി. തൊണ്ണൂറാം വസ്സിലേക്കു കടക്കുന്ന അദ്ദേഹം ഞങ്ങളുടെയെല്ലാം ആരാധനാ പാത്രമാണ്. 1958 ൽ സ്ഥാപിതമായ പ്രസ്ഥാനത്തിൽ ഇന്ന് നാന്നൂറിലധികം സ്റ്റാഫ് അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമങ്ങളുടെ സമഗ്രമായ വികസനമാണ് ലക്‌ഷ്യം. എഴുപത്തഞ്ചു ശതമാനം സ്വയം പര്യാപ്തത നേടിയിരിക്കുന്ന ഈ മഹൽ പ്രസ്ഥാനം ലോകത്തിനു ഒരു വലിയ മാതൃകയാണ്. ബന്ദാരഗമയിൽ നടത്തിയ മൂന്നാം ഏഷ്യാ അസംബ്ലിയിൽ വച്ച് യു.ആർ ഐ യുടെ രണ്ടാമത് ഏഷ്യാ സമാധാന അവാർഡ് (ഒരുലക്ഷം ശ്രീലങ്കൻ രൂപ) അദ്ദേഹത്തിന് സമ്മാനിക്കാനായത് മഹാ ഭാഗ്യമായി ഞങ്ങൾ കരുതുന്നു. യു.ആർ.ഐ പോലുള്ള ഒരു സമാധാന പ്രസ്ഥാനത്തിന് ഏഷ്യാ ഭൂഖണ്ഡത്തിൽ വമ്പിച്ച വേരോട്ടമുളവാക്കുവാൻ ഡോ. അരിയ രത്നയെപോലുള്ള മഹാന്മാരുടെ സംഭാവനകൾ ചെറുതല്ല. മാഗ്‌സെസെ അവാർഡ് തുടങ്ങി എത്രയോ അന്താരാഷ്ട്ര ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. ഇതുപോലെയുള്ള വ്യക്തിത്വങ്ങളാണ് ലോകത്തെ ഇന്നും പ്രകാശപൂരിതമാക്കുന്നത്. 30 വർഷം നീണ്ട ശ്രീലങ്കൻ യുദ്ധം അവസാനിപ്പിക്കുന്നതിനും അതിനുശേഷമുള്ള ഗ്രാമ പുനരുദ്ധാരണ പദ്ധതികൾക്കും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. നമുക്കു എന്നും ജീവസ്സുറ്റ മാതൃകയാണ്. ഡോ. ഏബ്രഹാം കരിക്കം

Tuesday, 22 June 2021

യാത്രാപഥത്തിലെ താരകങ്ങൾ : ഇരുപത്തി രണ്ട് ബിഷപ്പ് വില്യം സ്വിoഗ് തൊണ്ണൂറുകളിൽ രണ്ട് വ്യത്യസ്ത സരണികളിൽ കൂടി എന്റെ ജീവിത നൗക യഥേഷ്ടം ഒഴുകിക്കൊണ്ടിരുന്നു. ഒന്ന് WCC ഡയലോഗ് യൂണിറ്റുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള മത സംവാദ തീർത്ഥാടനം. അതിന്റെ ചരിത്രമെല്ലാം ഇതേ പേരിലുള്ള ഒരു പുസ്തകത്തിൽ ഞാൻ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. രണ്ടാമത്തേത് താരതമ്യ സാഹിത്യ പഠനങ്ങളും ആ നിലയ്ക്കുള്ള ഗവേഷണവും. ഇതിനായി മാർത്തോമ്മാ കോളജിൽ CLRSC (Comparative Literature Research and Study Centre )എന്ന പ്രസ്ഥാനവും ആരംഭിച്ചു.CLRSC Series എന്ന പേരിൽ നിരവധി പ്രൊഫസർമാരുടെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. എന്നാൽ അഖില ലോക സഭാ കൗൺസിൽ മാനവ രാശിയുടെ ബാഹുല്യം പരിഗണിച്ചാൽ ഒരു ചെറിയ കൂട്ടായ്മയാണെന്ന സത്യം എനിക്ക് ബോധ്യപ്പെട്ടു. ക്രിസ്ത്യാനികളിൽ തന്നെ പകുതി പോലും ആ ഗണത്തിൽ വരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് "വേണം മതങ്ങളുടെ ഒരു ലോക കൗൺസിൽ " എന്ന പേരിൽ 1994 നവംബർ ലക്കം സഭാ താരകയിൽ ഞാനൊരു ലേഖനമെഴുതിയത്. അങ്ങനെ കാത്തിരിക്കുമ്പോൾ ഒരു ദൈവ ദൂതനായി കാലിഫോർണിയ ബിഷപ്പ് ബിൽ സ്വിoഗ് 1996 - ലെ മാരാമൺ കൺവൻഷനിൽ അവതരിച്ചു. 1995 - ൽ ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു തുടക്കമിട്ട യുണൈറ്റഡ് റിലീജിയൻസ് എന്ന ആഗോള പ്രസ്ഥാനത്തെ പറ്റി അദ്ദേഹം വിവരിച്ചു. - മതങ്ങളുടെ ഐക്യരാഷ്ട്ര സംഘടന എന്ന് യു. ആർ. ഐ അറിയപ്പെടാൻ തുടങ്ങി. വളരെ ആകസ്മികമായിട്ടാണ് അദ്ദേഹവും ഈ രംഗത്തേക്ക് കടന്നു ചെന്നത്. 1993 - ൽ അദ്ദേഹത്തിന് യു. എൻ ആസ്ഥാനത്തു നിന്ന് ഒരു ഫോൺ വന്നു. 1995 - ൽ സാൻഫ്രാൻസിസ്കോയിൽ വച്ച് ലോക മതങ്ങളുടെ ഒരു പ്രാർത്ഥനാ സമ്മേളനം നടത്തണം. യു. എൻ. ജൂബിലിയുടെ വിവിധ പരിപാടികളിലൊന്ന് മാത്രം. എന്നാൽ അത് ക്രമേണ യു. ആർ. ഐ യുടെ രൂപീകരണത്തിലേക്കു വഴി വച്ചു. അഞ്ചു വർഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് രണ്ടായിരാമാണ്ടിൽ കാലിഫോർണിയയിൽ വച്ച് അതിന്റെ ഉദ്ഘാടനം നടന്നത്. അന്ന് മുതൽ ഇന്ന് വരെ ബിഷപ് സ്വിങ് പ്രസിഡന്റായി തുടരുന്നു. 112 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു മഹാ പ്രസ്ഥാനം. കണ്ടു മുട്ടിയ നാൾ മുതൽ ഞങ്ങൾ സഹയാത്രികരായി. അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കാലിഫോർണിയ. അവിടുത്തെ ഏറ്റവും സമ്പന്നമായ എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പായി അദ്ദേഹത്തിന് എല്ലാ സുഖലോലുപതയുടെയും ധാരാളിത്തത്തിൽ മതി മറന്ന് ജീവിക്കാൻ സാദ്ധ്യതകൾ ഏറെയായിരുന്നു. എന്നാൽ ആർക്കും വേണ്ടാത്ത എയ്ഡ്സ് രോഗികളുടെ രക്ഷകനായിട്ടാണ് അദ്ദേഹം ആദ്യ കാലങ്ങളിൽ അറിയപ്പെട്ടത്. ഒരു പക്ഷെ ആ പ്രവർത്തനങ്ങളായിരിക്കാം യു. എൻ. അധികാരികളെ അദ്ദേഹത്തിലേക്കാകർഷിച്ചതും. പരസ്പ്പരം പോരാടുന്ന ലോകമതങ്ങളെ സമന്വയത്തിന്റെ പാതയിലേക്ക് നയിക്കുക എന്നത് എത്ര വലിയ ഒരു പ്രഹേളികയാണെന്നു ഏവർക്കുമറിയാം. എന്നാൽ ബിഷപ് സ്വിങിന് അതൊരു ജീവിത വ്രതമാണ്. അനേകം തത്വ ശാസ്ത്ര ശാഖകളെ സംയോജിപ്പിച്ച് മാനവ കുലത്തിന്റെ രക്ഷയ്ക്കായി പ്രവർത്തിക്കുവാൻ ഈ പ്രസ്ഥാനം യത്നിക്കുന്നു. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ എല്ലാ വർഷവും നടക്കുന്ന ഗ്ലോബൽ കൗൺസിൽ മീറ്റിങ്ങുകളും അതുപോലെയുള്ള മറ്റനവധി അന്താരാഷ്ട്ര സമ്മേളനങ്ങളും ബിഷപ് സ്വിങ്ങും മറ്റു യു. ആർ . ഐ നേതാക്കളും നയിക്കുന്നു. ഇവയിൽ മിക്ക പരിപാടികളിലും പങ്കെടുക്കുവാൻ ദൈവം എനിക്കും അവസരം തന്നിട്ടുണ്ട്.അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു വന്നു. ഇത്രയും സിദ്ധികളുള്ള ഒരു ലോക നേതാവിനൊപ്പം രണ്ടു ദശകങ്ങൾ പ്രവർത്തിക്കാനായി എന്നത് ഒരു വലിയ ഭാഗ്യമാണ്. എന്റെ ലോക വീക്ഷണത്തിലും തത്വ ശാസ്ത്രത്തിലും ബിഷപ്പ് സ്വിങ് ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ഒട്ടനവധി പ്രതിബന്ധങ്ങളുടെ തിരമാലകളെ വകഞ്ഞു മാറ്റി, മഹത്തായ ഒരു ലോക സംഘടനയെ മുന്നോട്ടു നയിക്കുന്ന ക്യാപ്റ്റന്റെ കഴിവുകൾ കണ്ടറിയേണ്ടത് തന്നെയാണ്. ലോക നിരായുധീകരണത്തിന്റെ മുന്നണി പോരാളിയാണിന്ന് ബിഷപ് സ്വിങ്. 2019 - ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യുണിവേഴ്സിറ്റിയിലാണ് ഞങ്ങൾ കൊറോണക്കാലത്തിനു മുമ്പ് കണ്ടു മുട്ടിയത്. ആ സമ്മേളനത്തിന് ചുക്കാൻ പിടിച്ചത് 99 കാരനായ മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷുൾട്ട്സ് ആയിരുന്നു. മുൻ റഷ്യൻ പ്രസിഡന്റ് ഗോർബച്ചേവിനെയും സെക്രട്ടറി ഷുൾട്ട്സിനേയും അണിനിരത്തി നിരായുധീകരണ യജ്ഞങ്ങൾക്കു ആക്കം കൂട്ടാൻ ബിഷപ് സ്വിങ് ഏറെ യത്നിച്ചു. അങ്ങനെ ആ മേഖലയിൽ ഒരു പുത്തൻ ഉണർവിനും വേദിയൊരുങ്ങി. സെക്രട്ടറി ഷുൾട്സ് നൂറാം വയസ്സിൽ അന്തരിച്ചെങ്കിലുംപ്രസിഡന്റ് ഗോർബച്ചേവും അനേകം സമാധാന കാംക്ഷികളും ഇന്നും ആണവ വിപത്തിൽ നിന്ന് ലോകത്തെ കരകയറ്റാനുള്ള ശ്രമങ്ങൾ തുടർന്ന് വരുന്നു. ബിഷപ്പ് തന്നെ അദ്ധ്യക്ഷനായുള്ള “Voices for a World Free of Nuclear Weapons” എന്ന പ്രാസ്ഥാനത്തിലും ആരംഭം മുതൽ പ്രവർത്തിക്കാൻ എനിക്കും സാധിച്ചു. ആദിവാസി ഗോത്ര വർഗങ്ങളുടെ വലിയൊരു സമൂഹം വ്യവസ്ഥാപിത മതങ്ങൾക്കപ്പുറമുണ്ടെന്ന് യു . ആർ. ഐ വേദികളിൽ നമുക്ക് മനസ്സിലാകും. ദൈവ രാജ്യത്തിന് ആരും അന്യരല്ല. ദൈവ രാജ്യ സംസ്ഥാപനമാണ് നമ്മുടെ ആത്യന്തിക ലക്ഷ്യമെങ്കിൽ ആ യാത്രയിൽ പങ്കാളികളായി മാനവകുലം മുഴുവൻ നമ്മോടൊപ്പമുണ്ടാവണം. ഒട്ടനവധി മഹൽ വ്യക്തികളോടൊപ്പം ചേർന്ന് ഏഷ്യയിലെ യു. ആർ. ഐ പ്രസ്ഥാനത്തെ നയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. പല ലോക മതങ്ങൾക്കും ജന്മം നൽകിയ മണ്ണിൽ നിന്നുകൊണ്ട് മഹത്തായ ഒരു ദൗത്യത്തിൽ പങ്കാളിയാകുമ്പോൾ അതിൽ ഒരു ധന്യതയുണ്ട്. ബിഷപ് സ്വിങ്ങിനെപ്പോലെയുള്ള ആത്മാർത്ഥ നേതാക്കൾ ശക്തമായ പിന്തുണയുമായി കൂട്ടിനുള്ളപ്പോൾ നമ്മുടെ ശ്രമങ്ങൾ പാഴാവില്ല. ഈശ്വരൻ സൃഷ്ട്ടിച്ചു തന്ന ലോകം എത്ര സുന്ദരമാണെന്നു നമ്മൾ തിരിച്ചറിയുന്നു. അതിലെ അനന്തമായ സാദ്ധ്യതകൾ വരും തലമുറയ്ക്കായി കാത്തു വയ്ക്കാൻ വലിയ ഉത്തരവാദിത്തം നമുക്കുണ്ട് എന്നത് മറന്നുകൂടാ. Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ - ഇരുപത്തി ഒന്ന് ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അകാലത്തിൽ പൊലിഞ്ഞ രണ്ടു നക്ഷത്രങ്ങളാണ് ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയും ഗീവർഗീസ് മാർ അത്തനേഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തയും. രണ്ടു പേരും വ്യത്യസ്ത മേഖലകളിൽ ശോഭിച്ചവർ. അത്തനേഷ്യസ് തിരുമേനി മാർത്തോമ്മാ കോളജിൽ ഞാൻ പ്രിൻസിപ്പലായിരുന്നപ്പോൾ ഞങ്ങളുടെ മാനേജരായിരുന്നു. സഭയുടെ വിവിധ കമ്മറ്റികളിലും ഒപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. എന്നാൽ സഖറിയാസ് തിരുമേനിയുമായി ദീർഘനാൾ എക്യൂമെനിക്കൽ വേദികളിൽ പ്രവർത്തിക്കാനായത് മഹാഭാഗ്യമായിരുന്നു. അഖില ലോക സഭ കൗൺസിലിന്റെ മൂന്നു ജനറൽ അസംബ്ലികളിൽ തിരുമേനിയുടെ നേതൃപാടവം ഞാൻ കണ്ടറിഞ്ഞു. ഡോ. എം. എം തോമസിന് ശേഷം സഭയുടെ നാവായി തിരുമേനി മാറി. പതിനാലു വർഷങ്ങൾ എക്സിക്യൂട്ടീവിൽ അംഗമായിരുന്നു ലോക സഭയ്ക്ക് നേതൃത്വം നൽകി. തെസെ കമ്യൂണിറ്റിയുമായി എനിക്കുള്ള ആത്മബന്ധം അറിയാവുന്ന തിരുമേനി മിക്കപ്പോഴും അവരെപ്പറ്റി ചോദിക്കുമായിരുന്നു. അവസരം വന്നപ്പോൾ തിരുമേനി തെസെ സന്ദർശിച്ചു. ഫ്രാൻസിലെ ഒരു കുന്നിന്മുകളിലുള്ള തെസെ ഗ്രാമത്തിലിരുന്നാണ് എടത്തല ശാന്തിഗിരി ആശ്രമത്തിന്റെ പ്ലാൻ വിശദമായി വരച്ചുണ്ടാക്കിയതെന്ന് തിരുമേനി പറഞ്ഞിട്ടുണ്ട്. ആരുടെയും സർഗാത്മകത പരിപോഷിപ്പിക്കുന്ന ഇടമാണ് തെസെ. മതങ്ങളുടെ കൂട്ടായ്മയായ യു.ആർ.ഐ യുടെ രണ്ടാം ദേശീയ അസംബ്ലിയും രണ്ടാമത് ഹോളി ബുക്ക്സ് കോൺഫറൻസും ഒന്നിച്ചു നടത്തുന്ന കാര്യം പറഞ്ഞപ്പോൾ അത് ശാന്തിഗിരിയിൽ നടത്തിയാൽ മതിയെന്നു തിരുമേനി പറഞ്ഞു. സ്വാമി അഗ്നിവേശ്, വിജയ് ഭട്കർ, ഡോ. മൊഹീന്ദർസിംഗ്, സ്വാമി ചതുർവേദി, ഫാ. നമ്പ്യാർ പറമ്പിൽ, ജസ്റ്റിസ് പി. കെ ഷംസുദിൻ, ഡോ. ജിൻ വോൾ ലീ, ഡോ. മെഹർ മാസ്റ്റർ മൂസ് , ഡോ. ഹീരാ പോൾ തുടങ്ങി ലോക പ്രശസ്ത നേതാക്കൾ സമ്മേളിച്ച കോൺഫറൻസ് സഖറിയാസ് തിരുമേനിയാണ് ഉദ്ഘാടനം ചെയ്തത്. വിശാല എക്യുമെനിസത്തിന്റെ ഉദാത്ത തലങ്ങൾ വരച്ചു കാട്ടുന്ന എത്രയോ പ്രസംഗങ്ങൾ തിരുമേനിയിൽ നിന്നും എനിക്കും കേൾക്കാനിടവന്നിട്ടുണ്ട്. ഹരാരേ ജനറൽ അസംബ്ലിയുടെ ഇടവേളയിൽ ഞങ്ങളെല്ലാം തിരുമേനിയോടൊപ്പമാണ് വിക്ടോറിയ വെള്ളച്ചാട്ടം കാണാൻ പോയത്. ഹരാരേയിൽ നിന്ന് രണ്ടു മണിക്കൂർ വിമാനത്തിൽ പോകണമായിരുന്നു. നയാഗ്ര കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മഹത്തരമായ ആ ജലപ്രവാഹം കൺകുളിർക്കെ കണ്ടു. ഡേവിഡ് ലിവിംങ്ഷ്ടന്റെ പാദമുദ്രകൾ പതിച്ച മണ്ണിലൂടെ നടന്നു. വിക്ടോറിയ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്ര അവിസ്മരണീയമായിരുന്നു. ഒരു മാർത്തോമ്മാ തിയോളജി വളർത്തിയെടുക്കേണ്ട ആവശ്യകത തിരുമേനി എപ്പോഴും ഊന്നിപ്പറഞ്ഞു. വേദ ശാസ്ത്ര അടിത്തറയിലുള്ള ഒരു സാമൂഹ്യ ശാസ്ത്രമായിരുന്നു ആ മനസ്സു നിറയെ. ശാന്തിഗിരി ഒരു സ്ഥിരം ചർച്ചാവേദിയായി മാറുന്നതും സമൂഹത്തെ ഏറ്റം സ്വാധീനിക്കുന്ന തത്വശാസ്ത്രം അവിടെ രൂപപ്പെട്ടു വരുന്നതും ഏറെ സ്വപ്നം കണ്ട മനസ്സായിരുന്നു തിരുമേനിയുടേത്. “An Ecumenical Odyssey” എന്ന സഖറിയാസ് തിരുമേനിയുടെ ആത്മകഥാ സ്പർശിയായ ഗ്രന്ഥം സഭാ കൗൺസിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ ചീഫ് എഡിറ്ററാകാനുള്ള അവസരം എനിക്കു ലഭിച്ചു. പെരുമ്പാവൂർ ആശ്രമം സ്കൂളിൽ നിന്ന് എക്യുമെനിസത്തിന്റെ ലോക കൊടുമുടികളിലേക്കു പറന്നുയർന്ന ഒരു മഹാ മനസ്സ് നമ്മുക്ക് ആ പേജുകളിൽ വായിച്ചെടുക്കാം. കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെ കല്ലിടീൽ നടത്തിയത് ക്രിസോസ്റ്റം തിരുമേനിയായിരുന്നു. ഒരു വർഷം കൊണ്ട് പൂർത്തീകരിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു തന്നത് സഖറിയാസ് തിരുമേനിയായിരുന്നു. ഒരു പ്രസ്ഥാനം എങ്ങിനെ വളർത്തിയെടുക്കാനാവും എന്ന് നാട്ടുകാർക്കായി തിരുമേനി അന്നു നൽകിയ ഉപദേശം ഒരിക്കലും മറക്കാനാവില്ല. മാർത്തോമ്മാസഭാ കൗൺസിൽ മുതൽ ലോകസഭാ കൗൺസിൽ അസംബ്ലികളിൽ വരെ ഞാൻ ഇടപ്പെട്ടു സംസാരിച്ചപ്പോഴൊക്കെ തിരുമേനിയിൽ നിന്നും ലഭിച്ച പിന്തുണ ഒരിക്കലും മറക്കാനാവില്ല. ഒരു തികഞ്ഞ അക്കാഡമിഷ്യനും വേദശാസ്ത്ര വിശാരദനുമായിരുന്ന തിരുമേനിക്ക് പുത്തൻ ആശയങ്ങളുടെ ധ്വനിവിചാരം എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു. ഈയിടെ തിരുമേനിയുടെ അനന്തരവൻ തോമസ് കുരുവിള ചേന്നങ്കരി "ഓർമ്മകൾ ഉൾക്കാഴ്ചകൾ" എന്ന ഗ്രന്ഥം എനിക്കു സമ്മാനിച്ചു. അടങ്ങാത്ത വിജ്ഞാനദാഹവും മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ തത്വ ചിന്തകളും ആ പേജുകളിൽ നമുക്ക് വായിച്ചെടുക്കാം. നമ്മുടെ മനസ്സുകളിൽ അരിസ്റ്റോട്ടിൽ വിഭാവനം ചെയ്യും പോലെയുള്ള ഒരു വികാര വിരേചനം (കഥാർസിസ്) രൂപപ്പെടുത്താൻ ഇതുപോലുള്ള കൃതികൾ ഏറെ സഹായിക്കും. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - ഇരുപത് റവ. ഡോ. ഹാൻസ് ഊക്കോ എന്റെ വഴിത്താരകളെ പ്രശോഭനമാക്കിയ രണ്ടു സംഭവങ്ങൾക്കു ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റി വേദിയായിട്ടുണ്ട്. അഖിലലോകസഭാ കൗൺസിലിന്റെ 1991 - ലെ കാൻബറ അസ്സംബ്ലിയ്ക്കു മുന്നോടിയായി അവിടെ ഒരു പ്രീ അസംബ്ളി സമ്മേളനം നടന്നു. ബൊസ്സൈ എക്യൂമെനിക്കൽ ഇന്സ്ടിട്യൂട്ടിൽ (ജനീവ) എന്റെ അദ്ധ്യാപികയായിരുന്ന ക്യൂബക്കാരി ഓഫീലിയ ഓർട്ടേഗയെ കാണാനാണ് മൊണാഷ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഞാൻ അങ്ങോട്ട് പോയത്. പതിവുപോലെ അവിടെയും മതസംവാദത്തെ പ്പറ്റി ചൂടേറിയ ചർച്ചകൾ നടന്നു. അതിനു ശേഷം WCC ഡയലോഗ് യൂണിറ്റിൽ പുതുതായി നിയമിതനായ സ്വീഡൻകാരൻ ഹാൻസ് ഊക്കോ വന്നു പരിചയപെട്ടു. പിന്നീടുള്ള പതിനഞ്ചു വർഷങ്ങൾ പല ലോക വേദികളിൽ ഞങ്ങൾ വീണ്ടും സന്ധിച്ചു. അപ്രതീക്ഷിത മുഹൂർത്തങ്ങളിൽ ഇതുപോലെ കണ്ടുമുട്ടുന്നവരായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിത സരണിയുടെ ഗതിവിഗതികൾ ഏറെക്കുറെ നിയന്ത്രിക്കുന്നത്. WCC - യുടെ ഇരുപതു വർഷത്തെ മതസംവാദ പരിപാടികളുടെ അവലോകനത്തിനായി 1992 – ൽ കൊളംബോയിൽ നടത്തിയ മീറ്റിങ് പലതുകൊണ്ടും സുപ്രധാനമായി. ഡയലോഗ് യൂണിറ്റ്ഡയറക്ടർ അന്ന് ശ്രീലങ്കക്കാരനായ ഡോ. വെസ്ളി അരിയരാജയായിരുന്നു. ബൊസ്സൈയിൽ പഠിക്കുമ്പോൾ എന്നെ മതസംവാദ മേഖലയിലേക്ക് ആകർഷിച്ചത് അദ്ദേഹമാണ്. തുടർന്ന് WCC ഏഷ്യയിൽ ആദ്യമായി നടത്തിയ യഹൂദ - ക്രിസ്ത്യൻ സംവാദം കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി നടത്താൻ അവർ എന്നെ ചുമതലപ്പെടുത്തി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള 15 യഹൂദന്മാരും 15 ക്രിസ്ത്യാനികളുമായിരുന്നു സംബന്ധിച്ചത്. മറക്കാനാവാത്ത ഒരുപാടോർമ്മകൾ സമ്മാനിച്ച ഒരു മീറ്റിങ്ങായി അത് മാറി. അത് ഇസ്രായേലിലേക്കുള്ള എന്റെ ആദ്യ യാത്രയ്ക്ക് വഴിയൊരുക്കി. ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയും തണ്ടൂർ സ്റ്റഡി സെന്ററും ചേർന്ന് നടത്തിയ കോൺഫറൻസിൽ ഇരുനൂറോളം പണ്ഡിതരാണ് പങ്കെടുത്തത്. ഇസ്രായേലിലെ ആദ്യ വനിതാ റബിമാരായ നാമാ കെൽമനും മായാ ലിബോപിച്ചും കൊച്ചി മീറ്റിംഗിൽ സംബന്ധിച്ചിരുന്നു. അവരുടെ വീടുകളിൽ ചില ദിവസങ്ങൾ താമസിക്കുന്നതിനും യഹൂദ ജീവിത രീതികൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനും സാധിച്ചു. നാനാ മതസ്ഥർ പങ്കെടുക്കുന്ന ഒരു മീറ്റിങ് എങ്ങനെ നിയന്ത്രിക്കണമെന്ന് ഞാൻ പഠിച്ചത് ഹാൻസ് ഊക്കോയിൽ നിന്നാണ്. അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യവും സരസ സംഭാഷണവും ഏതു ചൂടേറിയ ചർച്ചകളെയും വരുതിയിലാക്കും. ഭാര്യ ആഗ്നറ്റ യുക്കോ WCC ആസ്ഥാനത്തു തന്നെയുള്ള വേൾഡ് ലൂഥറൻ ഫെഡറേഷനിലായിരുന്നു ജോലി ചെയ്തത്. അവരും മൂന്നു മക്കളും പിന്നീട് പലവട്ടം ഹാൻസിനൊപ്പം കേരളത്തിൽ വന്നിട്ടുണ്ട്. മകൻ ഡാനിയേൽ ഒരു മാസം ഇവിടെ താമസിച്ചു പഠനം നടത്തി. ഹാൻസ് തന്നെ പി. എച്. ഡി. പഠനത്തിന് ചേർന്നത് ബാംഗ്ളൂരിലെ ധർമ്മാരാം കോളജിലായിരുന്നു. WCC - യുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് എട്ടാമത് ജനറൽ അസംബ്ളി ആഫ്രിക്കയിലെ ഹരാരെയിൽ നടത്തിയത്. പ്രേത്യേക ക്ഷണിതാവായി എന്നെ അവിടേക്കു വിളിച്ചത് ഡയലോഗ് യൂണിറ്റായിരുന്നു. അതുപോലെ ബ്രസീലിൽ നടന്ന ഒമ്പതാം അസ്സംബ്ലിയിൽ യു. ആർ. ഐ യുടെ വക്താവായി പങ്കെടുക്കാൻ അവസരമൊരുക്കിയതും അവർ തന്നെ. അങ്ങനെ ലോകത്തിലെ എണ്ണപ്പെട്ട മത പണ്ഡിതരെയും യൂണിവേഴ്സിറ്റി പ്രൊഫഫസ്സർമാരെയും പരിചയപ്പെടാൻ അവസരങ്ങൾ തുറന്നു കിട്ടി. വേദ ഗ്രൻഥങ്ങളെ കുറിച്ചുള്ള എന്റെ പഠനങ്ങളും ഈ കാലയളവിലാണ് പുരോഗമിച്ചത്. അങ്ങനെ മെൽബൺ യൂണിവേഴ്സിറ്റിയുടെ ഒരു ലോക മത സമ്മേളനത്തിൽ കണ്ടുമുട്ടിയ ഒരു കൂട്ടം പണ്ഡിതരുമായി ചേർന്ന് ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ ഹോളി ബുക്സ് കോൺഫറൻസ് സീരീസ് ആരംഭിച്ചു. നിരവധി പ്രതിഭകളെ ആ മീറ്റിങ്ങുകളിലേക്കു ഹാൻസ് നിയോഗിച്ചയച്ചിട്ടുണ്ട് എട്ടു അന്താരാഷ്ട്രാ സമ്മേളനവും ഇതുവരെ ഞങ്ങൾ നടത്തി. ബ്രസീൽ അസ്സംബ്ലിയ്ക്കു ശേഷമാണു ഹാൻസ് WCC യോട് വിട പറയുന്നത്. ഇപ്പോഴും ലോക വേദികളിൽ ഹാൻസും ആഗ്നറ്റയും സജീവമാണ്. കരിക്കം ഇന്റർനാഷണൽ സ്കൂളിലെ ഒരു വാർഷികത്തിന് ഈയിടെ അവർ മകളെയും കൊച്ചുമക്കളെയും കൂട്ടി വന്നിരുന്നു. നമ്മളെ വിശ്വസിക്കുകയും കരുതുകയും ചെയ്യുന്ന ആത്മ മിത്രങ്ങൾ നമ്മുടെ വഴികളെ എത്ര മാത്രം പ്രഭാപൂരിതമാക്കും എന്ന് ഹാൻസിനെപോലെയുള്ള സുഹൃത്തുക്കൾ എന്നെ പഠിപ്പിക്കുന്നു. ഡോ. ഏബ്രഹാം കരിക്കം

Tuesday, 15 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - പത്തൊമ്പത് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൊച്ചു കൊച്ചു പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും ഇടനാഴിയിലൂടെ ഞങ്ങൾ അല്പകാലം സഞ്ചരിച്ചെങ്കിലും സ്നേഹ ബന്ധത്തിന്റെ ഊഷ്മളത ഒരിക്കലും കുറഞ്ഞിരുന്നില്ല. തിരുമേനിയുടെ ക്രാന്ത ദർശിത്വവും കാര്യങ്ങൾ നേടിയെടുക്കാനുള്ള പ്രാപ്തിയും പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒന്ന് രണ്ടു തീരുമാനങ്ങൾക്കു പിന്നിലും തിരുമേനിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നത് കൃതജ്ഞതയോടെ സ്മരിക്കുകയാണിപ്പോൾ. കോളജ് പോലുള്ള ഒരു ബൃഹത്തായ സംരംഭം ആരംഭിക്കണമെങ്കിൽ എത്ര വലിയ സമർപ്പണവും ഈശ്വരാനുഗ്രഹവും വേണം എന്നത് നേരിട്ടനുഭവിക്കാൻ എനിക്കും ഇടയായി. മാർത്തോമ്മാ സഭപോലെ ഒരു കൊച്ചു സഭയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നും വെല്ലുവിളിയായിരുന്നു. അപാരമായ ആത്മവിശ്വാസവും ജനപിന്തുണയുമുള്ള വ്യക്തിത്വങ്ങൾ അശ്രാന്ത പരിശ്രമം ചെയ്താലേ അതൊക്കെ സാദ്ധ്യമാകൂ. 1952- ൽ തിരുവല്ല മാർത്തോമ്മാ കോളജ് ആരംഭിക്കാൻ കെ. കെ. കുരുവിള സാറും (മാർത്തോമ്മാ സെമിനാരിയുടെ ആദ്യ ആത്മായ പ്രിൻസിപ്പലായിരുന്നു). കെ. ഇ. നൈനാൻ സാറും (മധുര അമേരിക്കൻ കോളജിലെ വിഖ്യാത പ്രൊഫസർ) നൽകിയ നേതൃത്വം വളരെ വിലപ്പെട്ടതായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കാൻ ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉണ്ടായിരുന്നു. ആദ്യ പ്രിൻസിപ്പലായിരുന്ന റവ. എം. ജി ചാണ്ടി എന്ന അലക്സാണ്ടർ മാർത്തോമ്മാ തിരുമേനിയും കൂടി ആയപ്പോൾ കാര്യം ഭംഗിയായി. എന്നാൽ കിഴക്കിന്റെ വളർച്ചയ്ക്ക് വേണ്ടി കോഴഞ്ചേരിയിൽ ഒരു കോളജ് സ്ഥാപിക്കണം എന്ന് കുറുന്തോട്ടിക്കലച്ചൻ മണ്ഡലത്തിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ സഭയ്ക്ക് അത് കൂടി താങ്ങാനുള്ള കരുത്തില്ല എന്നാണ് യൂഹാനോൻ തിരുമേനി പ്രസ്താവിച്ചത്. പക്ഷെ കുറുന്തോട്ടിക്കലച്ചനും കിഴക്കൻ പ്രദേശത്തുള്ളവരും പിന്മാറിയില്ല. കോഴഞ്ചേരി ഇടവകയുടെ ശക്തമായ പിന്തുണയോടെ കോളജ് ആരംഭിച്ചു. ചുങ്കത്തറ ഇടവകയുടെ പാരലൽ കോളജാണ് പിന്നീട് അഫിലിയേറ്റഡ് കോളജിലേക്ക് വഴിതെളിച്ചത്. ഈശോ തിരുമേനി ആദ്യ മാനേജരായിരുന്നപ്പോൾ EZE എന്ന ജർമ്മൻ പ്രസ്ഥാനം 75 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനായി നൽകി എന്ന് കേട്ടിട്ടുണ്ട്. ജെ. ജോസഫ് അച്ചന്റെ നേതൃത്വത്തിലുള്ള കുടിയേറ്റക്കാരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ മാത്യൂസ് മാർ അത്തനേഷ്യസ് തിരുമേനിയുടെ ശക്തമായ നേതൃത്വമുണ്ടായിരുന്നു. പെരുമ്പാവൂർ കോളജിനു ജന്മം നല്കാൻ സുവിശേഷ സംഘവും അതിന്റെ നേതാക്കളുമുണ്ടായിരുന്നു. ചുങ്കത്തറ കോളജിലും, പെരുമ്പാവൂർ കോളജിലും, ചെങ്ങന്നൂർ കോളജിലും കുരുടാമണ്ണിൽ തോമസ് മാർ അത്തനേഷ്യസ് തിരുമേനിയുടെ കയ്യൊപ്പുണ്ടായിരുന്നു എന്നതു പരാമർത്ഥമാണ്. ഇങ്ങനെയുള്ള ബിഷപ്പുമാരുണ്ടായിരുന്നില്ലെങ്കിൽ നാം ഇന്ന് എവിടെ ആയിരുന്നേനെ എന്ന് പുതു തലമുറയെങ്കിലും ആലോചിക്കണം. ചെങ്ങന്നൂർ കോളജിന്റെ ഉത്ഭവം രസകരമാണ്. ആലായിൽ ഒരു കോളജ് അനുവദിക്കാൻ പോകുന്നു എന്ന് കേട്ട മാത്രയിൽ കുരുടാമണ്ണിൽ തിരുമേനി പുത്തൻകാവിൽ തലക്കോട്ടു് ചിന്നക്കുട്ടിച്ചായന്റെ പെട്ടിയിലെ ആധാരം നിർബന്ധിച്ചു വാങ്ങി തിരുവനന്തപുരത്തേക്കോടി എന്നാണ് കേട്ടിട്ടുള്ളത്. അന്ന് കേരളാ സിൻഡിക്കേറ്റ് അടക്കി വാണിരുന്നത് കെങ്കേമന്മാരായ പി.സ് ജോർജ് സാറും ടി.സി തോമസ് അച്ചനും (തിരുവല്ല കോളജ് മുൻ പ്രിൻസിപ്പൽ) ഒക്കെയായിരുന്നു. അവർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിനു അനുമതിയും നൽകി. യു. സി. കോളജ് അദ്ധ്യാപകനായിരുന്ന എ. എ പൈലി അച്ചനെ തന്റെ ഫോറിൻ കാറയച്ചു വരുത്തി. ഇവിടെ പ്രിൻസിപ്പലായി നിയമനവും നൽകി .(കാറുകൾ ഫോറിനായാലും ഇത്തരം സത്കർമ്മങ്ങൾക്കും ഉപയോഗിക്കാം). ഇടയ കുഞ്ഞുങ്ങളുടെ മനസ്സുകൾ വെന്തപ്പോൾ മനസ്സ് നൊന്തവരായിരുന്നു നമ്മുടെ പൂർവപിതാക്കൾ. കൊട്ടാരക്കരയിലെ പാവപെട്ട കൃഷിക്കാരുടെ മക്കളെ പഠിപ്പിക്കാനാണ് തൻ കോളജ് തുടങ്ങിയതെന്ന് മാത്യൂസ് ദ്വിതീയൻ ബാവ തിരുമേനി പലവട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതിന്റെയെല്ലാമിടയിൽ ഏനാത്ത് പാലത്തിനിപ്പുറമുള്ളവരുടെ കാര്യം പറയാൻ ആരുമുണ്ടായില്ല. റാന്നി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മാർത്തോമ്മാക്കാരുള്ളത് തെക്കൻ പ്രദേശത്താണ്. പറഞ്ഞിട്ടെന്തു കാര്യം? തദ്ദേശ വാസികളുടെ അതിശക്തമായ ഇടപെടലുണ്ടെങ്കിലേ ഏതുകാര്യവും സാധ്യമാവുകയുള്ളു എന്നത് അനുഭവം പഠിപ്പിക്കുന്ന പാഠമാണ്. തിരുവനന്തപുരം - കൊല്ലം ഭദ്രാസനമുണ്ടായ നാൾ മുതൽ (1980) ഞങ്ങൾ കരുനീക്കങ്ങൾ തുടങ്ങി. ക്രിസോസ്റ്റം തിരുമേനിയോട് പലവട്ടം പറഞ്ഞു. പക്ഷെ 15 ഏക്കർ സ്ഥലവും കെട്ടിടങ്ങളും എല്ലാം നമുക്ക് അപ്രാപ്യമാണെന്ന് തിരുമേനി വിശ്വസിച്ചു. വില്ലൂരിൽ സൺഡേ സ്കൂൾ സമാജം വക 15 ഏക്കറോളം സ്ഥലമുണ്ടായിരുന്നു . അത് കിട്ടുമോ എന്ന് നോക്കി. നടന്നില്ല. കൊട്ടാരക്കര കൺവൻഷൻ പന്തലിൽ വച്ച് ഒരു ദിവസം ഞങ്ങൾ ഈ വിഷയം സംസാരിക്കുമ്പോൾ എവിടെ പണം എന്ന് തിരുമേനി ചോദിച്ചു. എന്റെ അടുത്ത് നിന്ന കെ. കെ .കുഞ്ഞുകോശിച്ചായൻ (ഇഞ്ചക്കാട് ) ഉടൻ പറഞ്ഞു. " തിരുമേനീ പതിനായിരം രൂപ ഞാൻ തരാം". ഞങ്ങൾക്ക് അതൊരു പിടി വള്ളിയായി. സഹായിക്കാൻ മറ്റുള്ളവർ പിന്നാലെയുണ്ട് എന്ന ഒരു തോന്നൽ. 1993 - ൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടുണ്ടാക്കാൻ വി. ജെ. കുര്യൻ സാർ കരഞ്ഞു നടന്ന കഥകൾ ഈയിടെ വായിച്ചു. ജോസ് മാളിയേക്കൽ എന്ന ജർമ്മൻ പ്രവാസി കയ്യിൽ വച്ചുകൊടുത്ത ഇരുപതിനായിരം രൂപ നനഞ്ഞകണ്ണുകളോടെയാണ് അദ്ദേഹം വാങ്ങിയത്. ഇതിനും 10 വർഷം മുമ്പാണ് ഞങ്ങൾ ഈ സാഹസത്തെപ്പറ്റി ചിന്തിക്കുന്നത് എന്നോർക്കണം. ഐറേനിയസ് തിരുമേനി എന്ന ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത രംഗ പ്രവേശം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ്. അത് നടക്കും എന്ന് തിരുമേനി പറഞ്ഞു. ഭദ്രാസന അസംബ്ലിയിൽ പ്രമേയം പാസ്സാക്കി കേന്ദ്രത്തിലേക്കയച്ചു. സഭയെ കുറ്റം പറയാനാകില്ല. ഉള്ള കോളജുകൾ കുത്തുപാളയെടുത്തു നിൽക്കുന്ന കാലമാണ്. കൗൺസിലിൽ വെരി . റവ, . കെ. വി. ജേക്കബ്, എ. സി . കുരിയനച്ചൻ, ഡോ. പി. ജെ. അലക്സാണ്ടർ . ഡോ. കെ. സി. ജോൺ, കെ. വർഗീസ് എന്നിവരും ഞാനുമുണ്ടായിരുന്നു. ഡയസിൽ പിന്തുണയ്ക്കാൻ ഐറേനിയസ് തിരുമേനിയും. ഞങ്ങളുടെ ശല്യം സഹിക്കാതെ വന്നപ്പോൾ തെക്കൻ ഭദ്രാസനത്തിൽ ഒരു കോളജ് തുടങ്ങാൻ അനുമതി തന്നു. പക്ഷെ ഒരു നിബന്ധനയും വച്ചു. ഒരു നയാ പൈസപോലും കേന്ദ്രം തരികയില്ല. ആ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചു. ബാക്കിയുള്ളത് ചരിത്രമാണ്. 15 ലക്ഷത്തിന് ഇത്തിക്കരയറിന്റെ തീരത്ത് 18 ഏക്കർ ഭൂമി ലഭിച്ചു. അയ്യായിരം രൂപ തന്ന 320 അംഗങ്ങളെ ചേർത്ത് സൊസൈറ്റി രൂപീകരിച്ചു. അങ്ങനെ പതിനഞ്ചു ലക്ഷം കിട്ടി. (ചരിത്രമെല്ലാം ഈയിടെ പ്രസിദ്ധീകരിച്ച സൊസൈറ്റി ഡയറക്റ്ററിയിൽ ഞാൻ തന്നെ വ്യക്തമായി എഴുതിയിട്ടുള്ളതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല). എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ രണ്ടാമത്തെ സെൽ ഫൈനാൻസിംഗ് കോളജ് നമുക്ക് ലഭിച്ചു. കെ. സി. ജോൺ സാറും ഞാനും കൂടി കേരളാ യൂണിവേഴ്സിറ്റി ഓഫീസിൽ പോയി അഫിലിയേഷൻ ലെറ്റർ വാങ്ങി. നിബന്ധന കണ്ടപ്പോൾ ഞെട്ടിപ്പോയി. ഒരു മാസത്തിനുള്ളിൽ കോളജ് ആരംഭിച്ചിരിക്കണം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, പോളിമർ കെമിസ്ട്രി എന്നീ മൂന്നു ഡിഗ്രി കോഴ്സുകൾ. വിറയലോടെയാണ് ഞങ്ങൾ ഐറേനിയസ് തിരുമേനിയോട് കാര്യം പറഞ്ഞത്. പൊളിയാറായ ഒരു പഴയ വീടല്ലാതെ കാമ്പസ്സിൽ ഒന്നുമില്ലായിരുന്നു. പക്ഷെ പരിഹാരം തിരുമേനിയുടെ മനസ്സിലുണ്ടായിരുന്നു. എനിക്ക് അമ്പരപ്പുണ്ടാക്കിയ ഇഛാശക്തി എന്ന് ഞാൻ പറഞ്ഞത് അതാണ്. ബിജു എന്ന കോൺട്രാക്ടറോട് ഒരു മാസത്തിനുള്ളിൽ സെമി പെർമനന്റ് കെട്ടിടമുണ്ടാക്കി തരാൻ തിരുമേനി പറഞ്ഞു. സംഗതി ക്ലീൻ. ടി. എം . ജോസഫ് സാറിന്റെ അപാരമായ അനുഭവ സമ്പത്തും പിടിപാടും മുതലാക്കാൻ അദ്ദേഹത്തെ പ്രിൻസിപ്പലായും നിയമിച്ചു. ഇന്ന് ആയൂരിൽ ഏതു സ്ഥാപനത്തോടും കിടപിടിക്കാൻ കെല്പുള്ള രണ്ടു കോളജുകളും ഒരു സ്കൂളുമുണ്ട്. അക്രഡിറ്റേഷനിലേക്കും സ്വയം ഭരണത്തിലേക്കും ക്രമേണ വളരുകയാണ്. ഗവേർണിംഗ് കൗൺസിൽ അംഗമായും സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ദീർഘനാൾ പ്രവർത്തിക്കാൻ ദൈവം എനിക്കും അവസരം തന്നു. ജീവിത പാഠങ്ങൾ ഏറെ പഠിച്ചു. പക്ഷെ ഒരു കാര്യം നാമറിയണം. അയ്യായിരം രൂപാ അന്ന് ആറ് സെന്റ് വസ്തുവിന്റെ വിലയായിരുന്നു. (സെന്റിന് 750 രൂപ). ആ ആറു സെന്റിന് ഇന്ന് കുറഞ്ഞത് 60 ലക്ഷം കിട്ടും. ആവശ്യത്തിൽ തുണയായ ആ സഭാ സ്നേഹികൾക്ക് നമ്മൾ തിരിച്ചു നല്കിയതോ? രജത ജൂബിലിയ്ക്കു സമ്മാനമായി നൽകിയ ഒരു പൊന്നാട. പിന്നെ ക്രിസോസ്റ്റം തിരുമേനി, ഐറേനിയസ് തിരുമേനി, തോമസ് തിരുമേനി എന്നിവർക്കൊപ്പമുള്ള ഒരു ഫോട്ടോയും. ഇന്ന് നമ്മുടെ കോളജുകളിൽ പഠിച്ചിറങ്ങുന്ന പതിനായിരങ്ങളും നല്ല ശമ്പളം വാങ്ങുന്ന ജീവനക്കാരും ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ട്. ഇതെല്ലം നിസ്വാർത്ഥമതികളായ അനേകരുടെ വിയർപ്പിന്റെ വിലയാണെന്ന്. 1991- ൽ അഖില ലോക സഭാ കൗൺസിൽ ജനറൽ അസംബ്ലി കാൻബറയിൽ നടന്നു. സഖറിയാസ് തിരുമേനിയെ സെൻട്രൽ കമ്മറ്റിയിൽ എടുപ്പിക്കുന്നതിന് ഐറേനിയസ് തിരുമേനി അവിടെ വച്ചു നൽകിയ ഉദാത്തമായ പിന്തുണ റേച്ചൽ കൊച്ചമ്മയ്ക്കും, ഐപ്പ് ജോസഫ് അച്ചനും,അന്ന് പട്ടക്കാരനായിരുന്ന പൗലോസ് തിരുമേനിക്കും, എനിക്കും അറിയാം. എവിടെയായാലും സ്വന്തം സഭയ്ക്ക് വേണ്ടി പോരാടുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. അത് കഴിഞ്ഞു വന്ന ഉടനെയാണ് 1993 - ലെ മാർത്തോമ്മാ സ്റ്റുഡന്റസ് കോൺഫറൻസ് കൊട്ടാരക്കര വച്ചു നടത്തണമെന്നും അതിന്റെ സെക്രട്ടറിയാകണമെന്നും തിരുമേനി എന്നോടാവശ്യപ്പെട്ടത്. ഈശോ മാത്യു അച്ചൻ പ്രസിഡന്റാകും എന്നറിഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. അതും സാഹസമായിരുന്നു. 200 യുവതീ യുവാക്കളെ മൂന്നു ദിവസം താമസിപ്പിക്കാൻ കൊട്ടാരക്കരയിൽ എവിടെ ഇടം? പോരാത്തതിന് സൈറസ് സാറും, എസ്. കെ. ഏബ്രഹാം സാറും,ഇട്ടി സാറും എല്ലാം കത്തി ജ്വലിച്ചു നിൽക്കുന്ന കാലം. പക്ഷെ എല്ലാം ഭംഗിയായി നടന്നു. വാളകം സി. എസ് .ഐ സ്കൂളിന്റെ മുറ്റത്ത് പന്തലിട്ട് ഗംഭീരമായി നടത്തി. ഒട്ടേറെ അച്ചന്മാരും സുഹൃത്തുക്കളും സഹായിക്കാനുണ്ടായിരുന്നു. അതിന്റെ മിച്ചം വന്ന തുക കൊണ്ട് ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ ജൂബിലി മന്ദിരം കേന്ദ്രമാക്കി ആരംഭിക്കാനായതാണ് രണ്ടാമത്തെ വഴിത്തിരിവ്. കൺവൻഷൻ ബംഗ്ലാവിൽ അതിനു ഒരു ഓഫീസ് മുറിയും തിരുമേനി ഉദ്ഘാടനം ചെയ്തു തന്നിരുന്നതാണ്. അത് ഇടിച്ചു പൊളിച്ചു കളഞ്ഞപ്പോൾ പുതിയ കെട്ടിടത്തിൽ ഒരു മുറി ഞങ്ങൾക്ക് തരേണ്ടതല്ലേ? ജോസഫ് മാർത്തോമ്മായുടെ ആ മനസ്സും മഹത്വവും ഞാൻ തിരിച്ചറിയുന്നു. നമ്രശിരസ്കനാകുന്നു. Dr. Abraham Karickam

Monday, 14 June 2021

യാത്രാപഥത്തിലെ താരകങ്ങൾ: പതിനെട്ട് റവ. ഡോ.. എം ജെ. ജോസഫ് മാർത്തോമ്മാ സഭയിൽ എനിക്ക് അടുത്ത സൗഹൃദങ്ങളുള്ള ധാരാളം പട്ടക്കാരുണ്ട്.അതിൽ വെരി. റവ. എ.സി .കുര്യൻ, സി. ഐ . ഗീവർഗീസ് മണക്കാല, റവ. പി . ടി ഏബ്രഹാം (ചാച്ചിപുന്ന) , റവ. എം. ജി. തോമസ് എന്നിവർ എനിക്ക് വഴികാട്ടികളായിരുന്നു. കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ടായിരുന്നപ്പോൾ എ. സി കുര്യൻ അച്ചൻ ഞങ്ങൾ ചെറുപ്പക്കാരെയെല്ലാം ധാരാളം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി. കൺവൻഷൻ കാലത്ത് കാന്റീൻ നടത്തുന്നത് സെന്റർ യുവജന സഖ്യമായിരുന്നു. പഴക്കുലകളും മറ്റും സൂക്ഷിക്കാൻ ആ മണ്ണിൽ തന്നെ ഞങ്ങൾ കിടന്നുറങ്ങി. എന്റെ പേരു് സഭയുടെ ഒരു കമ്മറ്റിയിലേക്ക് ആദ്യമായി നിർദ്ദേശിക്കുന്നത് സി. ഐ ഗീവർഗീസ് അച്ചനായിരുന്നു. പബ്ലിക് റിലേഷൻ സ് കമ്മറ്റി. 1982 - ൽ . പത്രത്തിൽ കണ്ടാണ് ഞാൻ വിവരം അറിഞ്ഞത്. സഭാ കൗൺസിൽ കഴിഞ്ഞാലുടൻ വാർത്തകളൊക്കെ പ്രസ് റിലീസ് ആയി നൽകുമായിരുന്നു അന്ന്. കരിക്കം പള്ളിയിൽ നിന്നുള്ള ആദ്യ പട്ടക്കാരനായിരുന്നു റവ. എം. ജി. തോമസ്. ഏതു പള്ളിയിൽ ചാർജ് എടുത്താലും ഉടൻ എന്നെ പ്രസംഗിക്കാൻ ക്ഷണിക്കും. പല സെന്റർ മീറ്റിങ്ങുകളിലും അങ്ങനെ ഞാൻ പോയി പ്രസംഗിച്ചു പഠിച്ചു. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്തു സെന്റർ യുവജന സഖ്യം സെ ക്രട്ടറിയാകാൻ എന്നെ നിർബന്ധിച്ചത് പി. ടി. ഏബ്രഹാം അച്ചനായിരുന്നു. വിശാലമായ കൊട്ടാരക്കര സെന്റർ പ്രസിഡന്റായിരുന്നു എന്റെ വികാരി കൂടിയായിരുന്ന അച്ചൻ. പള്ളിമുറ്റത്ത് കോർട്ടുണ്ടാക്കി കിളിത്തട്ടുകളിയിൽ നിന്ന് ഞങ്ങൾക്ക് വോളിബോളിലേക്കു പ്രൊമോഷൻ തന്നതും അച്ചനായിരുന്നു. ഇങ്ങനെ പറഞ്ഞു പോയാൽ ഒരുപാടുപേരുടെ കാര്യം പറയേണ്ടി വരും. എന്നാൽ പലതുകൊണ്ടും എന്നെ ഏറെ സ്വാധീനിച്ച വ്യക്തി എം. ജെ. ജോസഫ് അച്ചനായിരുന്നു. എൺപതുകളുടെ ആദ്യം സഭാ കൗൺസി ലിൽ ഒന്നിച്ചു വരുമ്പോഴാണ് അച്ചനെ അടുത്തറിയുന്നത്. അന്ന് കോട്ടയം സെമിനാരി പ്രൊഫസറായിരുന്നു. പിന്നീട് പ്രിൻസിപ്പലായി. ഏതു വിഷയവും ആഴത്തിൽ പഠിക്കാനും സുന്ദരമായ ശൈലിയിൽ പ്രസംഗിക്കാനും ഒരു പ്രത്യേക സിദ്ധിയുണ്ട്. കവിതാ രചന പണ്ടേയുള്ള സ്വഭാവമാണ് . കാവ്യദേവത വിളിക്കുമ്പോൾ ഫിയറ്റ് കാറെടുത്തു മാങ്ങാനം ആശ്രമത്തിലേക്കോടുമെന്നും രചന പൂർത്തിയാക്കി മടങ്ങുമെന്നും പണ്ട് സെമിനാരി കുട്ടികൾ പറഞ്ഞു കേട്ടിട്ടുണ്ട്. ബാംഗ്ലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിൽ കവിത്വം വളരെ പുഷ്ടിപ്പെട്ടു. പ്രകൃതിയെപ്പറ്റി ഇത്രമാത്രം കവിതകൾ എഴുതിയ മറ്റാരെങ്കിലും ഈ തലമുറയിലുണ്ടാവുമോ എന്നെനിക്കു സംശയമുണ്ട്. കാൽപ്പനിക കവികളുടെ കൂട്ടത്തിൽ ഏതായാലും അച്ചൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. എക്യൂമെനിക്കൽ തിയോളജിയുടെ പ്രിൻസിപ്പലായും പിന്നെ ഡയറക്ടറായും പതിനൊന്നു വർഷത്തോളം അച്ചൻ അവിടെയായിരുന്നു. മിക്ക പരിപാടികൾക്കും ക്ഷണിക്കും. ചിലതിലൊക്കെ സംബന്ധിക്കും. വിശാല എക്യൂമെനിസത്തിന്റെ വക്താവായി അച്ചൻ വളരുന്നതും ഇവിടെയാണ്. ഒരിക്കൽ ഒരു പുസ്തക പ്രകാശനത്തിന് ക്ഷണം കിട്ടി.”On the Wings of Wider ecumenism”( വിശാല എക്യൂമെനിസത്തിന്റെ ചിറകുകളിൽ) എന്ന ഒരു ബൃഹത് ഗ്രന്ഥം. സുന്ദരമായ ഒരു കൃതിയാണത്. പ്രകാശനം അതിലും സുന്ദരമായിരുന്നു. ബാംഗ്ളൂർ നിന്ന് സണ്ണിയോടൊപ്പമാണ് (കോശി മാത്യു ) ഞാൻ പോയത്. ഞങ്ങൾ എല്ലാം പ്രകാശന ചടങ്ങിനായി ഒരു മരത്തണലിൽ ഒത്തു കൂടി" ലോകാ സമസ്താ സുഖിനോ ഭവന്തു "പാടിയിരിക്കുമ്പോൾ ആകാശത്തു നിന്ന് പുസ്തകം ഇറങ്ങി വന്നു. മരച്ചില്ലയിൽ നിന്ന് കെട്ടിയിറക്കിയതായിരുന്നു. അവിടെ 29 ഏക്കർ കാമ്പസ്സിലുള്ള എല്ലാ മരങ്ങളെയും അച്ചൻ പേർ ചൊല്ലി വിളിക്കുമായിരുന്നു. രാവിലെയും വൈകിട്ടും നടക്കാൻ കൂടെപോയാൽ പ്രുകൃതിയെപ്പറ്റി വശ്യമായ ഒരു ക്ലാസ്സ് കേൾക്കാം. സെമിനാറിൽ നിന്ന് പഠിക്കുന്നതിനേക്കാൾ അങ്ങനെ കേൾക്കാം. പ്രകൃതി അച്ചന് ഒരു സിദ്ധി നൽകിയിട്ടുണ്ട്. ഭൂമിക്കടിയിൽ നീരൊഴുക്ക് എവിടെയാണെന്ന് പെട്ടെന്ന് തിരിച്ചറിയാം. ഒരു കമ്പ് കയ്യിലുണ്ടെങ്കിൽ വെള്ളമൊഴുക്കുള്ള സ്ഥലത്തു ചെല്ലുമ്പോൾ അച്ചന്റെ കൈ വിറയ്ക്കാൻ തുടങ്ങും. കരിക്കം ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥലം മുമ്പ് ഒരു മൊട്ട കുന്നായിരുന്നു. അച്ചൻ കാണിച്ചു തന്ന സ്ഥലത്താണ് ഞങ്ങൾ കിണർ കുഴിച്ചത്. രണ്ടു തൊടി വെട്ടിയപ്പോൾ സമൃദ്ധമായ ജല പ്രവാഹം. സുന്ദരികളുടെ പാദ സ്പർശമേറ്റാൽ അശോകം പുഷ്പിക്കുമെന്നു കേട്ടിട്ടുണ്ട്. അച്ചന്റെ പാദ സ്പർശമേറ്റാൽ ഭൂമിക്കടിയിലെ വെള്ളം തുള്ളും. അത് ഞാൻ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്. ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ പല വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. അവാർഡ് ജേതാക്കൾ തന്നെ വാർഷിക പ്രഭാഷണവും നടത്തും. ഡോ. സുകുമാർ അഴീക്കോട്, ഡോ. കെ. എം ജോർജ്, ഡോ. ബാബുപോൾ , ഡോ. എ. കെ. തര്യൻ, സത്യവാൻ കൊട്ടാരക്കര, ഫാ. ആൽബർട്ട് നമ്പ്യാർ പറമ്പിൽ, വാളകം അന്താരാഷ്ട്ര പഠന കേന്ദ്രം, സ്വാമി സച്ചിദാനന്ദ ഭാരതി , ജസ്റ്റിസ് പി. കെ. ഷംസുദീൻ എന്നിവരെയെല്ലാം അങ്ങനെ ആദരിച്ചിട്ടുണ്ട്. ECC യ്ക്ക് ഒരു വട്ടം അവാർഡ് സമ്മാനിച്ചപ്പോൾ ഡയറക്ടറായിരുന്ന അച്ചനാണ് ഏറ്റു വാങ്ങിയത്. പ്രഭാഷണം അച്ചടിച്ച കോപ്പികളുമായി വന്നത് അച്ചൻ മാത്രം. ഞങ്ങളുടെ അസ്സംബ്ലികളിലും ഹോളിബുക്സ് കോൺഫറന്സുകളിലും അച്ചൻ സ്ഥിര സാന്നിദ്ധ്യമാണ് എന്നത് നന്ദിയോടെ ഓർക്കുന്നു. "Holy Books and Eco - Spirituality" എന്ന വിഷയം ശ്രീ ലങ്കൻ സമ്മേളനത്തിൽ ഞങ്ങൾ ചർച്ച ചെയ്യുമ്പോൾ ജോസഫ് അച്ചൻ മുഖ്യ പ്രസംഗകരിൽ ഒരാളായിരുന്നു. തമാശകളുടെ ഒരു ഉസ്താദുകൂടിയാണ് അച്ചൻ. ECC ഡയറക്ടറുടെ വസതിയിലേക്ക് ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ ഒരു തമാശ വായിച്ചു ഉറക്കെ ചിരിക്കുന്ന തു കണ്ടു. ഉടൻ അതെന്നെ വായിച്ചു കേൾപ്പിച്ചു __ കോടീശ്വരിയായ ഒരു മദാമ്മയെ പേപ്പട്ടി കടിച്ചു. ഡോക്ടർ വന്നപ്പോൾ ഇനി രക്ഷയില്ല എന്ന് പറഞ്ഞു. സ്വത്തെല്ലാം ആർക്കെങ്കിലും ദാനം ചെയ്യാനും ഉപദേശിച്ചു. പിറ്റേ ദിവസം ഡോക്ടർ ചെല്ലുമ്പോൾ നീണ്ട ഒരു ലിസ്റ്റുമായി ഇരിക്കുകയാണ് അമ്മച്ചി. എന്തിനാണീ പേരുകൾ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു : “എല്ലാം എന്റെ അടുത്തുള്ള സ്ത്രീകളുടെ പേരാണ്. എനിക്ക് പേയിളകി മരിക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞില്ലേ ? പേയിളകുമ്പോൾ ഞാൻ ഓടി നടന്ന് ഇവളുമാരെയെല്ലാം കടിക്കും. അവർ കുരച്ചു കുരച്ചു ചാകുന്നത് എനിക്ക് കാണണം”. മരിക്കാൻ കിടക്കുമ്പോഴും മറ്റുള്ളവരുടെ വേദനയിൽ പുളകം കൊള്ളുന്ന ഒരു സമൂഹം ഉണ്ട്. അവരുടെ പ്രതിനിധിയാണ് ആ സ്ത്രീ. ഇത്തരം എത്ര കഥകൾ വേണേലും അച്ചൻ പറഞ്ഞു തരും. പ്രകൃതി നശിക്കുകയാണെന്നും മരം നടലാണ് യഥാർത്ഥ ക്രിസ്തീയ ദൗത്യമെന്നും പള്ളികളിലെല്ലാം പ്രസംഗിച്ചു നടക്കുന്ന ജോസഫച്ചൻ ആ വഴിയിൽ വേറിട്ടു സഞ്ചരിക്കാൻ ഇഷ്ട്ടപെടുന്നു. സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാനായതുകൊണ്ടല്ല. അത് സ്വന്തം ധർമ്മമായി അച്ചൻ കണക്കാക്കുന്നു. അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അച്ചന്റെ ആശയങ്ങൾ വരും തലമുറയിലേക്കു സംക്രമിക്കും എന്ന് നമുക്കാശിക്കാം. അതിനായി പ്രാർത്ഥിക്കാം. ഡോ. ഏബ്രഹാം കരിക്കം N.B. Please read previous numbers in my face book page and blog.
യാത്രാപഥത്തിലെ താരകങ്ങൾ - പതിനേഴ് ഡോ. എ. പി ജോൺ ഘടാഘടിയൻമാരായ ഒരുകൂട്ടം പ്രെഫസർമാർക്കിടയിലേക്കാണ് മാർത്തോമ്മാ കോളേജിൽ ഞാൻ ചെന്നുപെട്ടത്. ജെം ഓഫ് എ ജന്റിൽമാൻ എന്നു വിളിക്കാവുന്ന പ്രൊഫ. സി.ടി ടൈറ്റസായിരുന്നു ഇംഗ്ലീഷ് വകുപ്പു മേധാവി. കമന്റേറ്ററും ക്വിസ് മാസ്റ്ററുമൊക്കെയായ ബാബു സഖറിയാ സാർ തൊട്ടുതാഴെ. പക്കാ കോൺഗ്രസ്സായ എ.ടി സാമുവൽ സാറും (സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു), കറതീർന്ന കമ്യൂണിസ്റ്റായ വി.എ ചാക്കോ സാറും പിന്നാലെ. പ്രാർത്ഥനാ മനുഷ്യനും ഉപദേശകനുമായ പി.പി തോമസ് സാറും താത്വയികാചാര്യനായ ധാർമിഷ്ഠൻ ചാക്കോ സാറും വേറെ. പെരുമ്പാവൂർ പ്രിൻസിപ്പലായിപ്പോയ കെ.ഐ ജേക്കബ് സാറും ഭാഷാ നിപുണനായ തോമസ് പി. വർഗീസ് സാറും ഇതിനിടയിൽ മറ്റൊരു വശത്ത്. പൊതു പ്രവർത്തകരായ ഒ. എ നൈനാൻ സാറും ഏബ്രഹാം മാത്യു സാറും, മാരാമൺ ക്വയർ മാസ്റ്റർ തോമസ് ജോർജ് സാറും, ബാബു ജി വർഗീസ് സാറും പിന്നീടു പ്രിൻസിപ്പലായ എൻ.എം മാത്യു സാറും മറ്റൊരുവശത്ത്. അന്ത്യകാല പ്രവാചകന്മാർ ആകർഷിച്ചുകൊണ്ടുപോയ സി.ഒ ഡാനിയേൽ സാർ പോയത് ഒരു നഷ്ടമായിരുന്നു. മറ്റൊരു ഭാഷാ പണ്ഡിതനായ വി.ജെ തോമസ് സാർ ഉണ്ടായിരുന്നെങ്കിലും പണ്ടേ സ്വിറ്റ്സർലണ്ടിൽ കുടിയേറി. ഇതിനെല്ലാമിടയിൽ ഒരു കുളിർ കാറ്റുപോലെ ലീലാമ്മകൊച്ചമ്മയും, ജസ്സി തോമസ്, ഷീലാ എലിസബത്ത് ഏബ്രഹാം, ഏലിയാമ്മ ഫിലിപ്പ് എന്നിവരും വേറെ ചില ആധുനിക പെൺകൊടികളും. പുറകാലെ ചില ജൂനിയർ സെറ്റ് ആൺതരികളും വന്നുചേർന്നു. ഇതിനെല്ലാമിടയിൽ വേറിട്ട രണ്ടു വ്യക്തിത്വങ്ങളുണ്ടായിരുന്നു. ഡോ. എ. പി ജോൺ, ഡോ. സി.എസ് ഫിലിപ്പോസ് എന്നിവർ. ജോൺ സാർ ആസ്ട്രേലിയയിൽ നിന്നും, ഫിലിപ്പോസ് സാർ ജർമ്മനിയിൽ നിന്നും പി.എച്ച്.ഡി സമ്പാദിച്ചു വന്നവരാണ്. ഭാഷാ ശാസ്ത്രത്തിൽ ആഗ്രഗണ്യർ. മൊത്തത്തിൽ ഡിപ്പാർട്മെന്റ് പണ്ഡിത ശിരോമണികളുടെ ഒരു കൂട്ടം എന്നു വിശേഷിപ്പിച്ചാൽ അതു സത്യമായിരുന്നു. സ്വതവെ വിജ്ഞാന കുതുകിയായ എനിക്ക് ഇതിനേക്കാൾ നല്ല ഒരന്തരീക്ഷം കിട്ടാനില്ലായിരുന്നു. അധികം താമസിയാതെ ഞാൻ എം.എ ഹിസ്റ്ററി ക്ലാസ്സോടെ പാസ്സായി. അതിനു കാരണമുണ്ടായിരുന്നു. ഫാത്തിമയിലെ എന്റെ സീനിയർ ഇണക്കുരുവികളിലൊരാളായ സാറാമ്മയും ഭർത്താവ് കെ.എൻ വർഗീസും കുറ്റപ്പുഴ എസ്.ഡി.എ സ്കൂളിലുണ്ടായിരുന്നു.വർഗീസ് സാർ പ്രിൻസിപ്പലും സാറാമ്മ അദ്ധ്യാപികയും. സാറാമ്മയ്ക്കു രണ്ടുവർഷത്തെ അവധിയിൽ എം.എ ഇംഗ്ലീഷ് പഠിക്കാൻ മോഹം. എന്റെ ക്ലാസ്സിലിരിക്കേണ്ടി വരുമെന്നതൊഴിച്ചാൽ മറ്റു കുഴപ്പമൊന്നുമില്ലെന്നു ഞാൻ. അതിൽ അഭിമാനമേയുള്ളു എന്നു സാറാമ്മ. അതങ്ങനെ തന്നെ സംഭവിച്ചു. വർഗീസ് എന്ന ബേബിച്ചായൻ പുഷ്പം പോലെ എം.എ ഹിസ്റ്ററി എഴുതി എടുത്ത കാര്യം വർണ്ണിച്ചപ്പോൾ പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല. ബി.എ ക്കു മറിയാമ്മ, സാറാമ്മ ഇണക്കുരുവികളുടെ പുസ്തകം അടിച്ചുമാറ്റി പഠിച്ച ഞാൻ ഇപ്പോൾ ബേബിച്ചായന്റെ പുസ്തകശേഖരം കടമെടുത്തു. കൊട്ടാരക്കര കോളേജ് പ്രിൻസിപ്പൽ ജോർജ് അച്ചന്റെ മൂന്ന് എം.എ ബിരുദങ്ങൾ മനസ്സിലിരുന്നു വിങ്ങുന്ന കാലം. ഞാൻ പതിയെ എം.എ മലയാളം പഠിക്കാനാരംഭിച്ചു. ആ നേരത്താണ് ഡോ. എ.പി ജോൺ ഇടപെടുന്നത്. എത്ര എം.എ എടുത്താലും വെറും പ്രൊഫസറെ ആവുകയുള്ളു എന്നും, ഡോക്ടർ എന്നു വിളിക്കണമെങ്കിൽ പി.എച്ചു.ഡി തന്നെ എടുക്കണമെന്നും അദ്ദേഹം വാദിച്ചു. കാര്യം ശരിയാണ്. പക്ഷെ എവിടെ പഠിക്കും?. യു.ജി.സി ഫെലോഷിപ്പ് നൽകി തുടങ്ങിയ കാലമാണ്. എന്നാൽ യൂണിവേഴ്സിറ്റികളായ തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമേ ഗവേഷണ വകുപ്പുകൾ ഉണ്ടായിരുന്നുള്ളു. പഴയ പരിചയമൊക്കെ വച്ച് ഞാനും എൻ. എം മാത്യു സാറും കൂടി തിരുവനന്തപുരം യൂണിവേഴ്സിറ്റിയിലെത്തി അയ്യപ്പ പണിക്കർ സാറിനെ കണ്ടു. ഹൈദരാബാദിൽ നിന്ന് ഒരു ഡിപ്ലോമ പോലും എടുക്കാതെ ഗവേഷണത്തിനു ചെന്ന ഞങ്ങളെ സാർ ഓടിച്ചു വിട്ടു. ഇവിടെയാണ് എ.പി ജോൺ സാറും ഫിലിപ്പോസ് സാറും രക്ഷകരായത്. പ്രിൻസിപ്പൽ സി.ടി മാത്യു സാർ, സുവോളജിയിലെ എം.ഐ ആൻഡ്രു സാർ എന്നിവരെകൂട്ടി ഒരു രഹസ്യ ഓപ്പറേഷന് പദ്ധതിയിട്ടു. ടി.എം ജേക്കബിന്റെ ആഞ്ജാശക്തിയാൽ ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പിച്ച വച്ചു നടക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതിന്റെ വൈസ് ചാൻസലർ എ.ടി ദേവസ്യ സാറിനെ കണ്ടു ഒരു വമ്പൻ നീക്കം നടത്തി. എന്തിനു രഹസ്യ ഓപ്പറേഷൻ എന്നു ചോദിക്കുന്നവരുണ്ടാകാം. അതിനു അലക്സാണ്ടർ മാർത്തോമ്മാ തിരുമേനി പറഞ്ഞ കേരളാ ഞണ്ടുകളുടെ കഥയറിയണം. ഒരു സായിപ്പ് കേരളം സന്ദർശിച്ചപ്പോൾ ഒരിടത്തു ഒരു ബക്കറ്റിൽ നിറയെ ജീവനുള്ള ഞണ്ടുകളെ കണ്ടു. ബക്കറ്റിനു അടപ്പില്ല. സായിപ്പിന് അത്ഭുതം. ഇവറ്റകൾ ചാടിപ്പോവില്ലേ എന്നായി അദ്ദേഹം. കൂടെയുള്ളയാൾ പറഞ്ഞു, കുഴപ്പമില്ല. കേരളാ ഞണ്ടുകളാണ്. ഒരുത്തൻ മേലോട്ട് കയറിയാൽ ഉടൻ മറ്റുള്ള എല്ലാവരുംകൂടി കാലിൽ പിടിച്ചു താഴെയിട്ടോളും. അതു തന്നെ. രണ്ടു ഡോക്ടറേറ്റ് ഡിഗ്രിക്കാരുള്ള പ്രശസ്ത വകുപ്പുകളെ യൂണിവേഴ്സിറ്റിയുടെ റിസേർച്ചു ഡിപ്പാർട്മെന്റുകളായി അംഗീകരിക്കുക. അതായിരുന്നു പ്ലാൻ. സിൻഡിക്കേറ്റ് അംഗങ്ങളെയും കാര്യം ബോദ്ധ്യപ്പെടുത്തി. അങ്ങനെ കേരളത്തിൽ ആദ്യമായി മാർത്തോമ്മാ കോളേജും, എസ്.ബി കോളേജും ഗവേഷക കോളേജുകളായി മാറി. അതൊരു നിശബ്ദ വിപ്ലവമായിരുന്നു. ഇന്നു നൂറുകണക്കിന് പി.എച്ച്.ഡി ക്കാർ പുറത്തിറങ്ങുന്നത് അഫിലിയേറ്റഡ് കോളേജുകളിലെ നല്ല ഡിപ്പാർട്മെന്റുകളിൽനിന്നാണ്. ഈ മികവിലാണ് പല കോളേജുകളും അക്രഡിറ്റേഷനും സ്വയംഭരണാവകാശവും നേടിയത് എന്നതുംകൂടി ഓർക്കുമ്പോൾ ആ തീരുമാനം എത്ര ഉദാത്തമായിരുന്നു എന്നത് ഊഹിക്കാമെല്ലൊ. പല കലാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളായി ഇന്നു അംഗീകാരം നേടുന്നതും ഈ നേട്ടത്തിലാണ്. അവർ ഡീംഡ് യൂണിവേഴ്സിറ്റികളായി മെല്ലെ മാറ്റും. എ.പി ജോൺ സാറും, സി. എസ് ഫിലിപ്പോസ് സാറും ഗൈഡുകളായി. ഞാൻ എ.പി ജോൺ സാറിന്റെ വിദ്യാർത്ഥിയായി അലങ്കാര ശാസ്ത്രഗവേഷണം ആരംഭിച്ചു. ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ നിന്നും ആദ്യം പി.എച്ച്.ഡി നേടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. എം.ഐ ആൻഡ്രു സാറിന്റെ ഫുൾടൈം സുവോളജി കുട്ടികൾ നേരത്തേ പി.എച്ച്.ഡി നേടി എ.പി ജോൺ സാർ പഠിച്ച ആസ്ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റിയിൽ ഒരു മാസക്കാലം താമസിച്ചു പഠിക്കുന്നതിനുള്ള അവസരവും പിന്നീടെനിക്കുണ്ടായി. അത് എന്നെ ഏറെ തുണച്ചു എന്നതാണ് സത്യം. കോളേജിലെ അന്തരീക്ഷം പെടുന്നനെ മാറി. ഒരു ഗവേഷണ സംസ്ക്കാരം വളർന്നു ഞാൻ ചീഫ് എഡിറ്ററായി ഒരു ഗവേഷണ ജേർണലും ആരംഭിച്ചു. എ.പി ജോൺ സാർ പ്രിൻസിപ്പലായതോടെ NAAC അക്രഡിറ്റേഷൻ കരസ്ഥമാക്കാനുള്ള ശ്രമങ്ങളും തകൃതിയായി തുടങ്ങി. ഗവേർണിംഗ് കൗൺസിലിൽ അംഗമായിരുന്ന ഡോ. എം.എം. തോമസിന്റെ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് ഫിലിപ്പ് എൻ.തോമസ് സാർ കൺവീനറായുള്ള ഞങ്ങളുടെ അക്കാഡമിക് കമ്മറ്റി ഗവേഷണ ജേർണലിന്റെ പേര് പിന്നീടു 'റാഷനൽ ഡിസ്കോഴ്സ്' എന്നാക്കി. ഡോ. അലക്സാണ്ടർ മാർത്തോമ്മാ തിരുമേനിയുടെ ധന്യമായ നേതൃത്വത്തിൽ മാർത്തോമ്മാ കോളേജ് കേരളത്തിലെ ആദ്യത്തെ അക്രഡിറ്റഡ് കോളേജായി മാറി . ഇതിന് എ.പി ജോൺ സാറും മറ്റെല്ലാ അഭ്യുദയകാംക്ഷികളും വഹിച്ച പങ്ക് നിസ്തുലമായിരുന്നു. ഇന്നും കലാലയം ആ തിളക്കത്തിലാണ്. പക്ഷെ എസ്.ബി കോളേജും മറ്റു പല കോളേജുകളും എന്നേ സ്വയംഭരണാവകാശം നേടി. മുമ്പേ പറന്ന നമ്മൾ അവിടെയെത്താൻ വൈകുന്നു. സഭയുടെ മുൻഗണനാക്രമങ്ങൾ മാറിയാലേ ഇതെല്ലം നടക്കൂ എന്നത് നാം മറക്കരുത്. ഒരു മാർത്തോമ്മാ യൂണിവേഴ്സിറ്റിയിലേക്ക് ഇനി എത്ര നാൾ?. ഡോ. ഏബ്രഹാം കരിക്കം
Supply of vegetable load for 20,000rupees at ashraya, Kalayapuram

Thursday, 10 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - പതിനാറ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത് ഒരു ധിക്കാരത്തിലൂടെയായിരുന്നു. 1980 ൽ തിരുവനന്തപുരം - കൊല്ലം ഭദ്രാസനം രൂപീകൃതമായപ്പോൾ തിരുമേനി ഭദ്രാസനാധിപനായി വന്നു. കൊട്ടാരക്കര കൺവൻഷന്റെ സിൽവർ ജൂബിലിയും വന്നു ചേർന്നു. സുവനീറിന്റെ ചീഫ് എഡിറ്ററായി എന്നെ തെരെഞ്ഞെടുത്തു. പി.ജെ ഡേവിഡ് സാറിന്റെ നേതൃത്വത്തിൽ ഞങ്ങൾ തിരുവനന്തപുരത്തൊക്കെ പോയി പണം പിരിച്ചു. കെ.സി.ജോർജ്, കെ കുഞ്ഞുകോശി തുടങ്ങിയവർ ഒപ്പമുണ്ട്. ഡോ. പി.ജെ അലക്സാണ്ടർ സാർ സഹായിക്കാനുണ്ടായിരുന്നു. പണമൊക്കെ ആയപ്പോൾ ഞങ്ങൾ തിരുമേനിയെ സമീപിച്ചു. 1500 കോപ്പികൾ അച്ചടിക്കാൻ തിരുമേനി കൽപ്പിച്ചു. ആയിരങ്ങൾ വരുന്ന കൺവൻഷനല്ലേ, 3000 പുസ്തകം അച്ചടിക്കാം എന്നു ഞാൻ. തിരുമേനി ഒന്നും പറഞ്ഞില്ല. ഞങ്ങൾ 3000 കോപ്പികൾ അച്ചടിച്ചു. ഗംഭീരമായ പ്രകാശന ചടങ്ങൊക്കെ നടത്തി. ഒരാഴ്ച്ച കഴിഞ്ഞു കണക്കെടുത്തപ്പോൾ 1500 കോപ്പികൾ വിറ്റുപോയിരുന്നു. ബാക്കി 1500 കോപ്പികൾ സ്വാഹ. ജീവിതത്തിൽ പിന്നീടൊരിക്കലും ഞാൻ തിരുമേനിയെ ധിക്കരിച്ചിട്ടില്ല. എന്നുമാത്രമല്ല, ഏതൊരു നല്ല കാര്യത്തിനും തിരുമേനിയുടെ ഉപദേശം തേടാറുമുണ്ടായിരുന്നു. ഫ്രാൻസിലെ തെസെ കമ്മ്യൂണിറ്റിയിലേക്കു യുവജനങ്ങളെ അയക്കാൻ അവസരം വന്നപ്പോൾ ഞാൻ തിരുമേനിയുടെ ഉപദേശം തേടി. "You do it. You are our Taize Ambassador” എന്നു പറഞ്ഞു. അതിപ്പോഴും അങ്ങനെ തുടരുന്നു. എനിക്കേതെങ്കിലും സർട്ടിഫിക്കറ്റ് വേണം എന്നു പറയുമ്പോൾ അതിങ്ങഴുതിക്കൊണ്ടു വാ എന്നു തിരുമേനി പറയും. അതിൽ ഒപ്പിട്ടു തരും. തിരുമേനി മെത്രാപ്പോലീത്ത ആയപ്പോൾ പൂലാത്തീനിൽ ഒരു പറച്ചിലുണ്ടായിരുന്നു. കരിക്കം സാർ എഴുതുന്ന പേപ്പറുകൾ മാത്രമാണ് തിരുമേനി വായിക്കാതെ ഒപ്പിടുന്നത് എന്ന്. എന്നെ കളിയാക്കാൻ പറയുന്നു എന്നാണ് ഞാൻ കരുതിയത്. പക്ഷെ അത് സത്യമായിരുന്നു എന്ന് പിന്നീടെനിക്കു മനസ്സിലായി. സണ്ണി ജോർജ് അച്ചനും, കെ. വർഗീസ് സാറും ഞാനും കൂടി തിരുമേനിയുടെ ആദ്യ ജീവചരിത്ര ഗ്രന്ഥം (ക്രിസോസ്റ്റം ദിവ്യ പ്രപഞ്ചത്തിന്റെ പ്രവാചകൻ) എഴുതിയുണ്ടാക്കി. പാതി വഴിക്ക് അച്ചൻ അമേരിക്കയിലേക്ക് പോയതിനാൽ പലരുടെയും സഹായത്തോടെ ഞാൻ ഗ്രന്ഥ രചന പൂർത്തിയാക്കി. അതുമായി തിരുമേനിയുടെ മുന്നിലെത്തി. പക്ഷെ ഒരു വരിപോലും തിരുമേനി വായിച്ചു കേട്ടില്ല. ഞങ്ങൾ കോട്ടയം ഡി.സി ബുക്സിൽ അച്ചടി പൂർത്തിയാക്കി. പക്ഷെ അതിലെ ഒരു വാചകം ചേർക്കാൻ എനിക്കു തിരുമേനിയുടെ അനുവാദം അത്യന്താപേക്ഷിതമായിരുന്നു. ഒരിക്കൽക്കൂടി ഞാൻ പൂലാത്തീനിലെത്തി. അത് വായിച്ചു കേൾപ്പിച്ചു. വട്ടക്കോട്ടാൽ - അടങ്ങുപ്പുറം കുടുംബ ചരിത്രങ്ങൾ ഞാൻ വായിച്ചിരുന്നു. അവിടെ കണ്ട ഒരു കാര്യമാണ്. തിരുമേനിയുടെ വല്ല്യമ്മച്ചിക്കു മക്കളില്ലാതിരുന്നപ്പോൾ സന്താനലാഭത്തിനായി കല്ലൂപ്പാറ ദേവീ ക്ഷേത്രത്തിൽ പൊന്നും നൂലർപ്പിച്ചു. ഇതുകൂടി പുസ്തകത്തിൽ ഉൾപ്പെടുത്തിക്കോട്ടെ എന്നു ഞാൻ ചോദിച്ചു: "അതിനെന്താ ... സത്യമല്ലേ" എന്നായിരുന്നു മറുപടി. നമ്മുടെ വല്ല്യപ്പച്ചന്മാർക്കും, വല്ല്യമ്മച്ചിമാർക്കും അമ്പലവും പള്ളിയും രണ്ടല്ലായിരുന്നു. മനസ്സുകളിൽ മതിലുകൾ പണിതുയർത്തിയതു നമ്മളാണ്. ഇതാണ് എന്നെ ഏറെ ആകർഷിച്ച കാര്യം. എന്റെ ജീവിതപ്രയാണത്തിൽ അതുല്ല്യമായ പിന്തുണയാണ് ക്രിസോസ്റ്റം തിരുമേനിയിൽ നിന്നും എനിക്കു ലഭിച്ചത് എന്നത് നന്ദിയോടെ ഓർക്കുന്നു. ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ തിരുമേനിയുടെ പേരിൽ കൊട്ടാരക്കരയിൽ ഞങ്ങൾ മതസംവാദ പഠന കേന്ദ്രം ആരംഭിക്കുമ്പോൾ കാലാവസ്ഥ അത്ര അനുകൂലമല്ലായിരുന്നു. പക്ഷെ ക്രിസോസ്റ്റം തിരുമേനിയും, ജോസഫ് മാർത്തോമ്മാ തിരുമേനിയും, സഖറിയാസ് തിരുമേനിയും ഞങ്ങൾക്കൊപ്പം നിന്ന് ശക്തി പകർന്നു. രണ്ടായിരമാണ്ടിൽ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ യു.ആർ.ഐ എന്ന മതങ്ങളുടെ ആഗോള ഐക്യവേദി ജന്മമെടുത്തു. അതിന്റെ ആദ്യ രണ്ടു നാഷണൽ അസംബ്ലികളും, രണ്ടു ഏഷ്യാ അസംബ്ലികളും ഞാൻ നേരിട്ടാണ് സംഘടിപ്പിച്ചത്. വിവിധ മതനേതാക്കൾ ഏല്ലാം സമ്മേളിക്കുന്ന ആദ്യ ദേശീയ അസംബ്ലി ഫിലക്സിനോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ മാങ്ങാനം സ്റ്റഡി സെന്ററിൽ വച്ച് നടത്തിയപ്പോൾ ഉദ്ഘാടകനായി ക്രിസോസ്റ്റം തിരുമേനിയുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ ടാഗോറിന്റെ വിശ്വഭാരതിയിലും, പഞ്ചാബിലെ ഗുരുനാനാക് യൂണിവേഴ്സിറ്റിയിലും, ഏറ്റവും ഒടുവിൽ എട്ടാമത് അസംബ്ലിക്കായി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലും എല്ലാം സമ്മേളിച്ചു. തിരുമേനി തിരിതെളിച്ചു തന്നതൊന്നും വൃഥാവിലായിട്ടില്ല. അതുപോലെയായിരുന്നു ഡയലോഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആരംഭിച്ച ഹോളി ബുക്സ് കോൺഫറൻസ്. നിരവധി വിദേശ പണ്ഡിതന്മാരെത്തുന്ന അതിന്റെ ആദ്യ സമ്മേളനവും കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ വച്ചു തിരി കൊളുത്തിയത് ക്രിസോസ്റ്റം തിരുമേനി തന്നെ. അതിന്റെയും എട്ടാമത് കോൺഫറൻസ് 2019 - ൽ മലേഷ്യയിൽ വച്ചു ഞങ്ങൾ നടത്തുകയുണ്ടായി. ലോകമെന്പാടും അയക്കുന്ന കല്പനകൾ ഇംഗ്ലീഷിൽ വേണമെന്ന് തിരുമേനി മെത്രാപ്പോലീത്ത ആയപ്പോൾ തീരുമാനിച്ചു. അത് ഇംഗ്ലീഷിലാക്കി നൽകണമെന്ന് എന്നോട് പറഞ്ഞു. അതു ഞാൻ ശിരസ്സാവഹിച്ചു. ഏഴു കല്പനകൾ വരെ ഒരുമിച്ചു ഭാഷാന്തരം ചെയ്ത അവസരമുണ്ടായിരുന്നു. ഞാൻ തിരുവല്ലയിൽ നിന്ന് പോന്നപ്പോൾ ഡോ. എ. പി ജോൺ ആ ചുമതല നിർവ്വഹിച്ചു പോന്നു. ചില സുപ്രധാന യാത്രകളിൽ തിരുമേനിയുടെ ഒപ്പം പോകാനുള്ള അവസരമുണ്ടായതും ഓർക്കുകയാണ്. വള്ളിക്കാവിലെ അമൃതാപുരി യാത്രയായിരുന്നു ഒന്ന്. മാതാ അമൃതാനന്ദമയിയും തിരുമേനിയുമായി ഊഷ്മളമായ ഒരു സൗഹൃദമുണ്ടായിരുന്നു. അമ്മ വേഗത്തിൽ മുന്നിൽ നടക്കുമ്പോൾ തിരുമേനി വടിയും കുത്തി പിന്നാലെ നടന്നു. ഒന്നു രണ്ടു വട്ടം അമ്മ തിരിഞ്ഞു നിന്നപ്പോൾ തിരുമേനി ഇങ്ങനെ പറഞ്ഞു: "'അമ്മ തൊണ്ണൂറു വയസ്സാവുമ്പോൾ എങ്ങിനെ നടക്കണം എന്നാണു ഞാൻ പഠിപ്പിക്കുന്നത്". അമ്മയുൾപ്പടെ എല്ലാവരും പൊട്ടിച്ചിരിച്ചു. ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷന്റെ നൂറാമതു വാർഷികത്തിൽ മുഖ്യപ്രഭാഷകനായി തിരുമേനിയെയാണ് അവർ ക്ഷണിച്ചത്. അന്നും ഞാൻ ഒപ്പമുണ്ടായിരുന്നു. യു.ആർ.ഐ ഏഷ്യാ റീജിയന്റെ ആദ്യ സമാധാന പുരസ്കാരം 2016 -ൽ അനേകം വിദേശ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കൊട്ടാരക്കര വച്ചു തിരുമേനിക്ക് നൽകാനായത് ഒരു പുണ്യമായി ഞങ്ങൾ കരുതുന്നു. ഇന്റർനാഷണൽ എക്സികുട്ടീവ് ഡയറക്ടർ ഡോ. വിക്ടർ കസാൻജിയാൻ, സാലി മാഹി, ഫോമ മുൻ പ്രസിഡന്റ് ശശിധരൻ നായർ എന്നിവർ ചേർന്നാണ് സമ്മാനം സമർപ്പിച്ചത്. ഞങ്ങൾ നൽകിയ 25000 രൂപയുടെ ചെക്ക് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പഠനത്തിനായി തിരുവല്ല വൈ.എം.സി.എ ക്കു തിരുമേനി അന്നുതന്നെ കൈമാറിയതായി സെക്രട്ടറി ജോയി ജോൺ അറിയിക്കുകയും ചെയ്തു. തിരുമേനി മാർത്തോമ്മാക്കാരുടെയോ, ക്രൈസ്തവരുടെയോ മാത്രം പിതാവായിരുന്നില്ല. ഭാരത മഹാ രാജ്യം പദ്മ ഭൂഷൺ നൽകി ആദരിച്ചതും, ഇടതുപക്ഷ സർക്കാർ എം.ജി വാഴ്സിറ്റിയിൽ ക്രിസോസ്റ്റം ചെയർ ആരംഭിച്ചതും വെറുതെ വന്ന ഭാഗ്യങ്ങളല്ല. ഇല്ലായ്മ വല്ലായ്മകളിൽ വളർന്നു നൂറു വയസ്സിന്റെ ധന്യതയിൽ ലോക കൊടുമുടികൾ കീഴടക്കിയ ഒരു ആത്മീയ ആചാര്യൻ സ്വയം നേടിയെടുത്ത സൗഭാഗ്യങ്ങളായിരുന്നു. തിരുമേനി 1962 -ൽ വത്തിക്കാൻ കൗൺസിലിനു പോയപ്പോൾ ഒപ്പം പോകാനായില്ലല്ലൊ എന്നാണെന്റെ ദുഃഖം. പക്ഷെ അന്നെനിക്ക് ഒൻപതു വയസ്സേ ഉണ്ടായിരുന്നുളളൂ. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പതിനഞ്ച് പ്രൊഫ. സി.ടി. മാത്യു ആയുസ്സിന്റെ ഏറിയ പങ്കു ചെലവഴിക്കുന്ന ഒരു സ്ഥാപനത്തിൽ ആദ്യമായി നമുക്കു ലഭിക്കുന്ന നേതാക്കൾ നമ്മളെ ഏറെ സ്വാധീനിക്കും. സർക്കാർ- പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം അതിന്റെ അനുഭവസമ്പത്തുമായി ചെല്ലുന്ന എന്നെപ്പോലെയുള്ളവർക്കു പ്രത്യേകിച്ചും. മാർത്തോമ്മാ കോളേജിൽ ഞാൻ ചെല്ലുമ്പോൾ സി.ടി. മാത്യു സാറായിരുന്നു പുതിയ പ്രിൻസിപ്പൽ. ഡോ. അലക്സാണ്ടർ മാർത്തോമ്മാ തിരുമേനിയും, കേരളാ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വകുപ്പു മേധാവി മാനുവൽ സാറും, സി.ടി ജോൺ സാറും , സി.ടി മാത്യു സാറും അടങ്ങുന്ന ഇന്റർവ്യൂ ബോർഡാണ് ഞങ്ങൾ നാലുപേരെ തെരെഞ്ഞെടുത്തത്. അന്നുതന്നെ പ്രിൻസിപ്പലിന്റെ സൈനാമിസം ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നീടുള്ള അഞ്ചു വർഷങ്ങൾ അദ്ദേഹം കോളേജിനെ നയിച്ചു. അതു പുതുമകളുടെ, വികസനത്തിന്റെ ഒരു കാലഘട്ടമായിരുന്നു. അമേരിക്കയിൽ പോയി എം.എസ് ഡിഗ്രി സമ്പാദിച്ച സാറിന് ഒരു ആഗോള വീക്ഷണവും വിദ്യാഭ്യാസത്തെപ്പറ്റി സമഗ്ര കാഴ്ചപ്പാടുമുണ്ടായിരുന്നു. എന്നാൽ അന്നത്തെ പരിസരം അത്ര സുഖമുള്ളതായിരുന്നില്ല. പ്രീഡിഗ്രി ഉൾപ്പടെ മുവായിരം കുട്ടികൾ. സമര കോലാഹലങ്ങൾക്കു ഒരു കുറവുമില്ല. പ്രശ്ന കലുഷിതമായ അന്തരീക്ഷത്തിൽ പ്രിൻസിപ്പൽ നിയമനത്തിന് സീനിയേഴ്സിനെ തഴഞ്ഞതിലുള്ള ചില്ലറ അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. പോരെങ്കിൽ ഏ.കെ.പി.സി.ടി.എ, പി.സി.ടി.എ പോര് മൂർഛിച്ചു നിന്ന കാലവും. കൂനിന്മേൽ കുരുവെന്നപോലെ ടി.എം ജേക്കബിന്റെ പ്രീഡിഗ്രി ബോർഡ് സങ്കീർണ്ണതയും വന്നുകൂടി. ജൂനിയർ അദ്ധ്യാപകരായ ഞങ്ങളെല്ലാം ആശങ്കയിലുമായി. സംഘടനയും രണ്ടു തട്ടിലായി. ഇങ്ങോട്ടു വാടാ എന്നുവിളിക്കുമ്പോൾ അങ്ങോട്ടുപോകുന്ന സൈസിലുള്ള മൂവായിരം എണ്ണം ഒരു ക്യാമ്പസ്സിൽ ഒന്നിക്കുമ്പോൾ എങ്ങിനെയിരിക്കും. അവരുടെ പിറകെ ഓടി ഓടി അദ്ധ്യാപകരെല്ലാം മത്സര ഓട്ടക്കാരായി വളർന്ന കാലം. ഇതിനെയെല്ലാം അതിജീവിച്ചു മുന്നേറാൻ സി.ടി മാത്യു സാർ കാണിച്ച ധൈര്യവും നേതൃപാടവവും എന്നെ വളരെ ആകർഷിച്ചു. സ്റ്റാഫ് മീററിംഗുകൾ കേരളാ നിയമസഭ പോലെയായിരുന്നു. ഉഗ്രപ്രതാപികളായ 145 അദ്ധ്യാപകർ സമ്മേളിക്കുന്ന വേദി. എന്തൊക്കെയായാലും കാമ്പസ്സിൽ പൊതുവെ നല്ല സൗഹൃദ അന്തരീക്ഷമായിരുന്നു. വനിതാ അദ്ധ്യാപകരെ കുട്ടികൾ 'കൊച്ചമ്മ' എന്നാണ് വിളിച്ചിരുന്നത്. "ഹിസ്റ്ററി കൊച്ചമ്മ" യുടെ പേരുപോലും വളരെ നാൾ കഴിഞ്ഞാണ് മനസ്സിലാവുന്നത്. അതു തന്നെ ഉഷ്മളതയുടെ ഒരു മേലാപ്പ് സൃഷ്ട്ടിച്ചു എന്നു വേണം കരുതാൻ. അന്നവിടെ ബുദ്ധിജീവികളുടെ ഒരു സംഘടനയുണ്ടായിരുന്നു. ബ്രയിൻസ് ട്രസ്റ്റ്. കുറേനാൾ ഞാനും ഡയറക്ടറായി പ്രവർത്തിച്ചു. എന്നാൽ കലാകാരന്മാരുടെ ഒരു സംഘടന വേണ്ടേ എന്നായി എന്റെ ചിന്ത. പ്രിൻസിപ്പലിനെ കണ്ടു ഞാൻ ഈ ആഗ്രഹം പറഞ്ഞു. " ഗോ എഹെഡ്". അദ്ദേഹം സമ്മതം മൂളി. അങ്ങനെ മാർത്തോമ്മാ "ബസ്റ്റാർട്ട്സ്" പിറന്നു. എഴുത്തിൽ പിച്ചവയ്ക്കുന്നവരും, ഗായകരും, അഭിനേതാക്കളും, മിമിക്രികാരും എല്ലാം ഒരു കുടക്കീഴിൽ അണിനിരന്നു. നമ്മുടെ പ്രീയ സംവിധായകൻ ബ്ളസ്സി കലാലയ കഥകൾ എഴുതിത്തുടങ്ങുന്ന കാലമായിരുന്നു അത്. സാറിനു പെട്ടന്ന് സന്തോഷം തോന്നാൻ ഒരു കാരണമുണ്ടായിരുന്നു.ഈ കലാകാരന്മാരെല്ലാം സമരങ്ങളുടെ മുൻപന്തിയിലുള്ളവരായിരുന്നു. അപ്പോൾ അവരെ കയ്യിലെടുക്കാൻ നല്ല ഒരു അവസരവും കൈവന്നു. എപ്പോഴും അവരോടൊപ്പം ഇടപഴകുന്നതുകൊണ്ടു സമരമുഖത്തു അവർ നമ്മളെ ഒന്നു കരുതും. ഒരുപാടു നാടകങ്ങളും, നാടോടി നൃത്തങ്ങളും, തനതു കലാരൂപങ്ങളും എല്ലാം കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഒരു ദിവസം നമ്മുടെ ഇന്നത്തെ നേതാവ് പ്രകാശ് ബാബു ഗരുഡൻ തുള്ളൽ അവതരിപ്പിച്ചു. പാട്ടുകേട്ട ഉടനെ പുറത്തുനിന്നവരെല്ലാം കൂടി ഓഡിറ്റോറിയത്തിലേക്കു ചാടിക്കയറി. കുറേപ്പേർ ഡസ്ക്കുകൾക്കു മുകളിൽ കയറിനിന്ന് നിന്ന് നൃത്തം ചവുട്ടി. കുറെയേറെ ഡസ്ക്കുകൾ തവിടുപൊടിയായി. അതിന്റെ കഷ്ണങ്ങൾ പെറുക്കിയെടുക്കാൻ തന്നെ അരദിവസം വേണ്ടിവന്നു. അതോടെ ബെസ്റ്റാർട്ടസ് തീരും എന്നാണ് ഞാൻ കരുതിയത്. തല്പര കക്ഷികൾ വിമർശന ശരമെയ്തു. പക്ഷെ ഒന്നും സംഭവിച്ചില്ല . സാറിന്റെ സ്നേഹവും നേതൃഗുണവും ഒരിക്കൽക്കൂടി ഞാൻ മനസ്സിലാക്കിയ സന്ദർഭമായിരുന്നു അത്. ബെസ്റ്റാർട്ട്സും ബ്രയിൻസ് ട്രസ്റ്റും എല്ലാം ഇന്നും കലാലയത്തിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു. കടമ്മനിട്ട ഡി. വിനയചന്ദ്രൻ തുടങ്ങി കവികളെ പങ്കെടുപ്പിച്ചുള്ള കവിയരങ്ങും, കെ.എം തരകൻ സാറിനെപ്പോലെയുള്ളവർ നയിച്ച കലാപഠന ക്ളാസ്സുകളും എല്ലാം കലാലയ ജീവിതത്തിൽ കുട്ടികൾ ഏറെ ആസ്വദിച്ചു. 'സർഗസംഗമം' എന്ന പേരിൽ നിരവധി ആഘോഷങ്ങൾ നടന്നതോർക്കുന്നു. സി.ടി മാത്യു സാർ ദീപ്തമായ ഒരോർമ്മയായി ഇന്നും ജീവിക്കുന്നു. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പതിനാല് ഡോ. എം. എം തോമസ് ലോകത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ ജ്വലിച്ചു നിന്ന ഒരു അസാധാരണ നക്ഷത്രമാണ് മഠത്തിപ്പറമ്പിൽ മാമ്മൻ തോമസ് എന്ന ഡോ. എം.എം തോമസ്. മുൻ നാഗാലാൻഡ് ഗവർണർ. അഖില ലോക സഭാ കൗൺസിലിൻറെ പ്രസിഡന്റ് പദവിയിലെത്തിയ മാർത്തോമ്മാക്കാരൻ എന്ന നിലയിലാണ് നമുക്ക് അദ്ദേഹം പ്രിയങ്കരനായത്. വിദ്യാർത്ഥിയായിരുന്ന കാലത്തു കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജിൽ നടന്ന എസ്.സി.എം ന്റെ ഒരു സംസ്ഥാന ക്യാമ്പിൽ വച്ചാണ് അദ്ദേഹത്തെ ഞാൻ ആദ്യം കാണുന്നത്. അന്നദ്ദേഹം WCC പ്രസിഡന്റായി ജ്വലിച്ചു നിൽക്കുന്ന സമയമാണ്. വളരെ ആകർഷകമായ അദ്ദേഹത്തിന്റെ സംസാര രീതി അന്നേ എനിക്കിഷ്ടമായി. മാർത്തോമ്മാ സഭയിൽ ഒരു പട്ടക്കാരനാകാൻ ആഗ്രഹിച്ച യുവാവായിരുന്നു. പക്ഷെ അദ്ദേഹം കമ്യൂണിസ്ററ് ചിന്താഗതിക്കാരനാണെന്ന് കമ്മറ്റിക്കാർ കണ്ടെത്തി. മനോരമയിൽ ഞങ്ങളുടെ ട്രെയിനിംഗിന്റെ ചുമതലമുണ്ടായിരുന്ന ടി.കെ.ജി നായർ പണ്ടു പറഞ്ഞ ഒരു കാര്യം ഞാനെന്നും ഓർക്കാറുണ്ട്. "അവൻ തെമ്മാടിയും, ആഭാസനും, സർവോപരി കമ്യൂണിസ്റ്റുമാണെന്നു പറയുന്ന കാലത്താണ് ഞങ്ങളൊക്കെ കമ്യൂണിസ്ററ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്". അന്നത്തെ നമ്മുടെ കമ്മറ്റിക്കാരുടെ മുമ്പിൽ ചെന്നുപെട്ട എം.എം. തോമസ് എന്ന ചെറുപ്പക്കാരനെ അവർ പൊരിച്ചു കാണും. എന്നാൽ കമ്യൂണിസ്ററ് പാർട്ടിയിലും അദ്ദേഹത്തിനു അംഗത്വം ലഭിച്ചില്ല. കാരണം ക്രിസ്തുവിലുള്ള അഗാധമായ വിശ്വാസവും സമർപ്പണവും. അതു ഒരുനാളും കൈവിടാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ വളർന്നാണ് ലോക എക്യുമെനിസത്തിന്റെ കൊടുമുടിയിലേക്കു അദ്ദേഹം നടന്നുകയറിയത്. അകലെ നിന്നു മാത്രം അറിഞ്ഞ ആ വ്യക്തിത്വത്തെ ഞാൻ അടുത്തറിയുന്നത് തിരുവല്ല കോളേജിൽ എത്തിയശേഷമാണ്. അദ്ദേഹത്തിന്റെ തറവാടായ പെണ്ണമ്മ ഭവനത്തിൽ ചില സായാഹ്ന സമ്മേളനങ്ങൾ നടക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാനും പങ്കാളിയായി. പൊതുവെ ഇടതുപക്ഷ ചിന്താഗതിക്കാരും പിന്നെ വിമോചന ദൈവ ശാസ്ത്രത്തിന്റെ വക്താക്കളും, പരിസ്ഥിതി സ്നേഹികളും എല്ലാമായി ഒട്ടേറെപ്പേർ എപ്പോഴും തോമാച്ചൻ എന്ന ബിന്ദുവിനു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. ലോക കാര്യങ്ങളെപ്പറ്റിയൊക്കെ അദ്ദേഹം മനസ്സ് തുറക്കുമ്പോൾ കേട്ടിരിക്കുന്നത് അത്യന്തം ഹൃദ്യമായ ഒരനുഭവമായിരുന്നു. തെസെ കമ്മ്യൂണിറ്റിയുടെ ആളാണു ഞാനെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായിരുന്നു. അഖിലലോക സഭാ കൗൺസിലിൻറെ ജനീവ ഓഫീസുമായി ബന്ധപ്പെട്ടതിനുശേഷമാണ് ശരിക്കുള്ള എം.എം. തോമസിനെ ഞാനറിയുന്നത്. WCC ലൈബ്രറിയിൽ ചെന്നാൽ അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളുടെ ഒരു കൂമ്പാരം കാണാം . ഏഷ്യൻ വേദശാസ്ത്രരംഗത്തെ കുലപതിയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് ലോകം എന്തുമാത്രം പ്രാധാന്യം കൊടുത്തിരുന്നു എന്നത് നമ്മെ അതിശയിപ്പിക്കുന്ന കാര്യമാണ്. അദ്ദേഹം രചിച്ച “Risking Christ for Christ Sake” എന്ന പുസ്തകം ഞാൻ ആഴത്തിൽ പഠിച്ച പുസ്തകങ്ങളിൽ ഒന്നുമാത്രം. ജനീവയിലെ ബോസെ എക്യുമെനിക്കൽ ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുന്നകാലത്തു അദ്ദേഹത്തെ ഒരു ക്ലാസ്സിനായി ഞങ്ങൾ ക്ഷണിച്ചുകൊണ്ടുവന്നു. അന്ന് അമേരിക്കയിലെ പ്രിൻസ്റ്റൻ സെമിനാരിയിൽ പഠിപ്പിച്ചതിനുശേഷം മടങ്ങുന്ന വരവിലാണ് അദ്ദേഹത്തെ ഞങ്ങൾക്ക് കിട്ടിയത്. തുടർന്ന് WCC ആസ്ഥാനത്തു നടന്ന മീററിംഗുകളിലും എന്നെയും ഒപ്പം കൂട്ടി. "ക്രൈസ്തവ ധർമ്മാന്വേഷണ പര്യടനം" എന്ന അദ്ദേഹത്തിന്റെ ആത്മകഥ നമുക്ക് ആവേശം പകരുന്ന ഒരു പുസ്തകമാണ്. അതോടൊപ്പം "My Ecumenical Journey" എന്ന ബൃഹത്തായ ഇംഗ്ലീഷ് പുസ്തകവും. ജീവിതാന്ത്യം വരെയും ഒരു വിദ്യാർത്ഥിയായിരിക്കുന്നതെങ്ങനെ എന്ന് അദ്ദേഹം നമുക്ക് വെളിവാക്കിത്തരും. ഹോമറെ കണ്ടെത്തിയപ്പോൾ ചാപ്മാൻ എന്ന എഴുത്തുകാരനുണ്ടായ സന്തോഷത്തെപ്പറ്റി ജോൺ കീറ്റ്സ് പാടിയിട്ടുണ്ട്. അതുപോലെയാണ് ജീവിത സമസ്യകൾക്കുത്തരം തേടി ലോക ലൈബ്രറികളിലൂടെ വിജ്ഞാന കുതുകിയായ എം.എം. തോമസ് ഒഴുകിനടന്നത്. സഭയിലെ ഒരു പട്ടക്കാരനാകാൻ കഴിയാതിരുന്ന അദ്ദേഹം ലോക സഭകളുടെ പ്രസിഡന്റായപ്പോൾ അത് ഒരു കാവ്യ നീതിയുടെ സാക്ഷാത്കാരമായിരുന്നു. ഒന്നോർത്താൽ അദൃശ്യമായ ഒരു പ്രാപഞ്ചിക ശക്തിയുടെ ഓളങ്ങളിലൂടെയല്ലേ നമ്മുടെ യാത്ര?. നമുക്ക് അർഹതപ്പെട്ടത് ആർക്കും നിഷേധിക്കാനാവില്ല. കാലത്തിന്റെ തിരകളിലൊഴുകി നാം അവിടെയെത്തും. പഠനം ഒരു തപസ്യയാക്കി മാറ്റിയ ഡോ. എം.എം. തോമസ് യുവജനതയുടെ ആവേശമായിരുന്നു. തനിക്കുള്ളതെല്ലാം ആ സമ്പന്നതക്കുവേണ്ടി സംഭാവന നൽകിയിട്ടാണ് അദ്ദേഹം മണ്മറഞ്ഞത്. പെണ്ണമ്മ ഭവനം ഇന്നും പ്രഭാപൂരിതമായി നിലനിൽക്കുന്നതും അതുകൊണ്ടാണ്. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പതിമൂന്ന് ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത യൂറോപ്യൻ - അമേരിക്കൻ പര്യടനം കഴിഞ്ഞെത്തിയപ്പോഴേക്കും ഞാൻ തൊഴിൽ രഹിതനായി. മൂന്നു ജോലികൾ ഇതിനകം നഷ്ടമായി. എന്നാൽ മൂന്നു വഴികൾ വേറെ തുറന്നുകിട്ടി. എം.എ യ്ക്കു എന്റെ സഹപാഠിയായിരുന്ന സിറിയക് കുര്യൻ കളരിക്കൽ ദീപികയുടെ എറണാകുളം ബ്യുറോ ചീഫായിരുന്നു. അവന്റെ പിതാവ് കൊല്ലം ജില്ലാ ജഡ്ജിയായിരുന്ന കുരിയൻ സാറാണ് എനിക്ക് ആദ്യ പാസ്പോർട്ട് അപേക്ഷ ഒപ്പിട്ടു തന്നത്. സിറിയക് അമേരിക്കയിലും നാട്ടിലുമായി ഇപ്പോൾ സസുഖം വാഴുന്നു. അവൻ പറഞ്ഞതനുസരിച്ച് ഞാൻ കോട്ടയത്ത് ദീപികയിലെത്തി ചീഫ് എഡിറ്റർ നടയ്ക്കൽ അച്ചനെ കണ്ടു. ചെന്നു, കണ്ടു, കീഴടക്കി. പിറ്റേദിവസം മുതൽ ഞാൻ ദീപികയിൽ എഡിറ്റോറിയൽ ബോർഡ് അംഗം. ആറുമാസം കഴിഞ്ഞപ്പോൾ ബാംഗ്ലൂർ ECC - യിൽ നിന്ന് ഒരു വിളിവന്നു. എം.എ തോമസ് അച്ചൻ പറഞ്ഞിട്ടാണ്. ഉടൻ തന്നെ തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്ന് ഇന്റർവ്യൂ കത്തും വന്നു. അങ്ങനെ ഡോ. അലക്സാണ്ടർ മാർത്തോമ്മായുടെ സവിധത്തിലെത്തി. അന്ന് ഞാൻ സഭാ മണ്ഡലത്തിൽ അംഗമായിക്കഴിഞ്ഞിരുന്നു. എനിക്ക് ഒന്നാം റാങ്കു ലഭിച്ചതിനാൽ പിറ്റേദിവസം തന്നെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ചേരണമായിരുന്നു. ഷിഫ്ട് സമ്പ്രദായം നിലവിലുള്ള കാലമായിരുന്നു അത്. പിന്നീട് ദീർഘ വർഷങ്ങൾ ഞങ്ങളുടെ മാനേജരായിരുന്ന വലിയ തിരുമേനിയോടൊപ്പം പ്രവർത്തിക്കേണ്ടി വന്നു. തുടർന്ന് ഞാൻ സഭാ കൗൺസിൽ അംഗമായതോടെ എന്റെ പ്രവർത്തന മേഖല മിക്കവാറും സഭയും കോളേജുമായിത്തീർന്നു. പിന്നെ എക്യുമെനിക്കൽ രംഗങ്ങളും. ഇത്രയും സാത്വികനും തത്വയികനുമായ ഒരു തിരുമേനിയെ ഞാൻ മറ്റെങ്ങും കണ്ടിട്ടില്ല. അഖില ലോക സഭാ കൗൺസിലിൻറെ വേദികളിൽപ്പോലും. സ്വന്തമായി നാലോ അഞ്ചോ കുപ്പായമുണ്ട്. അതു തനിയെ കഴുകും. പൂലത്തീനിൽ പശുവുണ്ട്. അതിന്റെ പാൽ മതി. മരിക്കും വരെ പഴയ അംബാസഡർ കാറിൽ യാത്ര. ഒരുപാടു കാര്യങ്ങൾ തിരുമേനിയുടെ ജീവിതത്തിൽ നിന്നും പഠിക്കാനുണ്ടായിരുന്നു. ഏതു മീററിംഗിലായാലും പത്തുമിനിട്ടിലധികം പ്രസംഗിച്ചു കണ്ടിട്ടില്ല. അത്യാവശ്യ വാക്കുകൾ മാത്രം അളന്നു കുറിച്ചു പറയും. സഭാ കൗൺസിലിലും മണ്ഡലത്തിലും ശാന്തനായി എല്ലാം കേട്ടിരിക്കും. ഒടുവിൽ ഒരു തീരുമാനം പറയും. മാർത്തോമ്മാ കോളേജിന്റെ ആദ്യ പ്രിൻസിപ്പലായതു മുതൽ അത് തിരുമേനിയുടെ ജീവിതത്തിന്റെ ഭാഗമായി. 1948 - ൽ അമേരിക്കയിൽ പഠിക്കാൻ പോയപ്പോൾ ന്യൂയോർക്കിൽ രണ്ടു മാർത്തോമ്മാക്കാരേ ഉണ്ടായിരുന്നുള്ളു എന്നു തിരുമേനി പറഞ്ഞിട്ടുണ്ട്. ഞായറാഴ്ച്ചകളിൽ ആംഗ്ലിക്കൻ പള്ളികളിൽ പോയി പ്രസംഗിച്ചപ്പോൾ ലഭിച്ച പത്തു ഡോളർ വീതം ചേർത്തുവച്ചാണ് കോളേജിലെ സ്റ്റേഡിയത്തിനുള്ള പണമുണ്ടാക്കിയതെന്ന് ഒരിക്കൽ ഓർമ്മിപ്പിച്ചു. ബ്രെഡും പീനട്ട് ബട്ടറും കഴിച്ചു പണം സമ്പാദിച്ച വിധവും പറഞ്ഞുതന്നു. എന്നെ ഏറെ സ്വാധീനിച്ചത് തിരുമേനിയുടെ ഭഗവത്ഗീതാ പഠനമായിരുന്നു. വിശ്വരൂപ ദർശനത്തെ ആധാരമാക്കി പ്രബന്ധമെഴുതി ഡോക്ടറേറ്റ് സമ്പാദിച്ചു. ശാസ്താംകോട്ട ലോക മത സമ്മേളനത്തിൽ പോയതിന്റെ പേരിൽ ഒരുപാടാക്രമണം അന്ന് നേരിട്ടു. പിന്നീട് സഭയും സമൂഹവും എത്രയോ മുന്നേറി! മുമ്പേ പറക്കുന്ന പക്ഷികൾക്കു മിക്കപ്പോഴും നിന്ദയും പരിഹാസവും മാത്രം. കൊട്ടാരക്കര കൺവൻഷന്റെ ആരംഭം മുതൽ എല്ലാവർഷവും പങ്കെടുത്ത ഒരേ ഒരു തിരുമേനിയായിരുന്നു. അതുപോലെ മാർത്തോമ്മാ സ്റ്റുഡന്റസ് കോൺഫറൻസുകളിൽ നിറസാന്നിദ്ധ്യം. സ്റ്റുഡന്റസ് കോൺഫറൻസിന്റെ പദ്ധതിയായി ഇരുപത്തിയേഴു വർഷം മുമ്പ് ഞങ്ങൾ കൊട്ടാരക്കരയിൽ ഒരു ഡയലോഗ് സെന്റർ തുടങ്ങിയപ്പോൾ തിരുമേനിയുടെ പേരു നൽകി. അനേകം അന്താരാഷ്ട്ര പഠന പരിപാടികൾക്കു അതു വേദിയായി. ഇന്ത്യയിൽ ആദ്യമായി കോളേജുകൾക്ക് ഇന്ത്യാ ഗവണ്മെന്റ് അക്രഡിറ്റേഷൻ ആരംഭിച്ചപ്പോൾ ഞങ്ങൾ ചാടിവീണു. പക്ഷെ പലകോണിൽ നിന്നും എതിർപ്പുണ്ടായി. സഭാ മണ്ഡലത്തിൽ വിഷയം കത്തികയറിയപ്പോൾ തിരുമേനി പ്രഖ്യാപിച്ചു: "ഞാൻ പറഞ്ഞിട്ടാണ് അവർ മുന്നോട്ടുപോകുന്നത്". ഞങ്ങൾക്ക് അത്രയും മതിയായിരുന്നു. അങ്ങനെ ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തേയും അക്രഡിറ്റഡ് കോളേജായി തിരുവല്ല കോളേജ് ഉയർന്നു ശോഭിക്കുന്നു. വലിയ ഒരു കുടുംബത്തിൽ ജനിച്ചു ഒരുപാടു കഷ്ടപ്പാടുകൾ കണ്ടു വളർന്ന തിരുമേനിയുടെ ജീവിതം നമുക്ക് ഒരു വലിയ പാഠപുസ്തകമായിരുന്നു. ഇത്ര നല്ല ഒരു ടീം ലീഡറെ കണ്ടുകിട്ടുക പ്രയാസം. "ദൈവ കൃപയുടെ തണലിൽ" ആ ജീവിതം തഴച്ചു വളർന്നു.( അതാണു തിരുമേനിയുടെ ആത്മകഥയുടെ പേര്). സഭയിൽ അദ്ധ്യാപകനാകാൻ കൊതിച്ചിട്ട് നടക്കാതെ പോയ കഥ തിരുമേനി പറഞ്ഞിട്ടുണ്ട്. ഒടുവിൽ സി.എസ്.ഐ സ്കൂളിൽ ജോലി ചെയ്തു. പിന്നീടു പട്ടക്കാരനാകാൻ യൂഹാനോൻ തിരുമേനി ക്ഷണിച്ചപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത് എന്നു പറഞ്ഞു. അതിനുശേഷം പ്രാർത്ഥിച്ചു ദൈവ വിളിക്കു കീഴ്പ്പെട്ടു. ഒരിക്കൽ ഞാൻ തിരുമേനിയെപ്പറ്റി എഴുതിയ ലേഖനത്തിന് "Amazing Grace"എന്നാണ് പേരിട്ടത്. സത്യമാണ്. തിരുമേനി ഇന്നും എനിക്കൊരു വിസ്മയമായി ശോഭിക്കുന്നു. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പന്ത്രണ്ട് റവ. എം. എ തോമസ് ഒരു മഹാപ്രസ്ഥാനം ഒരു വ്യക്തിയുടെ നിഴലാണെന്ന് അമേരിക്കൻ തത്വ ചിന്തകനായ റാൽഫ് വാൾഡോ എമേഴ്സൺ പറഞ്ഞിട്ടുണ്ട്. ബാംഗ്ലൂർ വൈറ്റ് ഫീൽഡിലുള്ള എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ (ECC) റവ. എം. എ തോമസ് എന്ന ഒരു മഹാനായ പട്ടക്കാരന്റെ വിയർപ്പിന്റെ ഫലമാണ്. 1963 - ൽ ആരംഭിച്ച ഈ പ്രസ്ഥാനം ഏഷ്യയുടെ ബൗദ്ധിക മണ്ഡലത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള ഒരു പഠന കേന്ദ്രമാണ്.1963 - ൽ 29 ഏക്കർ സ്ഥലം സ്വന്തമാക്കി ഒരു വലിയ സ്ഥാപനം അച്ചൻ കെട്ടിപ്പടുത്തു. അതി മനോഹരമായ കാമ്പസ്സിൽ ലളിതസുന്ദര നിർമ്മാണം. എം.എ കഴിഞ്ഞു നിൽക്കുന്ന കാലത്താണ് അവിടം ഞാൻ ആദ്യം സന്ദർശിക്കുന്നത്. പിന്നീട് കോഴിക്കോട് മനോരമയിൽ ജോലി ചെയ്യുമ്പോഴും ഒരിക്കൽ അവിടേക്കു പോയി. ആർക്കും പോയി താമസിച്ചു പഠിക്കാൻ അവസരമൊരുക്കുന്ന സെന്ററാന്നെന്നു എന്റെ വികാരിയായിരുന്ന സി.ഇ തോമസ് അച്ചനാണ് ആദ്യം എന്നോട് പറഞ്ഞത്. പിൽക്കാലത്തു നിരന്തരം അവിടേക്കു യാത്ര ചെയ്യേണ്ടി വന്നു എന്നതാണ് സത്യം. ആദ്യ യാത്രയിൽത്തന്നെ എം.എ തോമസ് അച്ചൻ എന്റെ മനം കവർന്നു. ഒരു ഗർവ്വുമില്ല. മഹൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണെന്ന ഭാവമേയില്ല. വെറും ഒരു വിദ്യാർത്ഥി മാത്രമായിരുന്ന എന്നെ ഓഫീസിൽ വിളിച്ചിരുത്തി ദീർഘനേരം പലവിഷയങ്ങൾ സംസാരിച്ചു. മാർക്സിയൻ താത്വയികാവലോകനത്തിന്റെയും എക്യുമെനിസത്തിന്റെയും സരണികളിൽ കൂടിയാണ് അച്ചന്റെ മനസ്സ് സഞ്ചരിക്കുന്നത്. ഏതു സമയത്തും ECC യിലേക്ക് വരാമെന്നും പഠനങ്ങൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു. വിശാലമായ ലൈബ്രറിയും ഹോസ്റ്റലുകളും ആഡിറ്റോറിയവും ക്വർട്ടേഴ്സുകളും എല്ലാമായി പരന്നുകിടക്കുന്ന സെന്റർ ഏഷ്യയിലെ എത്രയോ പഠന സമ്മേളനങ്ങൾക്കു വേദിയായിരിക്കുന്നു. വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്ന് ഉൾപ്രേരണയാൽ നമ്മൾ എപ്പോഴോ ആത്മസാഷാത്കാരത്തിന്റെ വഴി തേടിപ്പോകാനിടയാവുന്നു. അത് നാമറിയാതെ തന്നെ നമ്മെ ഉന്നതികളിലെത്തിക്കുന്നു. അതാണ് തന്റെ ജീവിതത്തിലും സംഭവിച്ചതെന്ന് എം.എ തോമസ് അച്ചൻ എന്നെ പഠിപ്പിച്ചു. മാർത്തോമ്മാ സഭയിലെ പട്ടത്വത്തിന്റെ സാധാരണ സരണിയിൽ നിന്നാണ് അദ്ദേഹം മാറി ഒഴുകിയത്. 1946 - ൽ സ്വിറ്റ്സർലണ്ടിൽ ആരംഭിച്ച ബൊസെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എക്യുമെനിക്കൽ പഠനരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു സ്ഥാപനമാണ്. ഏതാണ്ട് അതേ മോഡലിലാണ് എം.എ തോമസ് അച്ചൻ ഇ.സി.സി യും പടുത്തുയർത്തിയത്. 1987 ൽ ആറുമാസത്തെ അവധിയെടുത്ത് ബൊസെയിലെ ഗ്രാഡുവേറ്റ് സ്കൂളിൽ പോകാൻ എന്നെ പ്രേരിപ്പിച്ചത് ECC ആണെന്നതാണ് സത്യം. എന്റെ ജീവിതത്തെ പലരീതിയിലും മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്. WCC യുടെ ഡയലോഗ് യൂണിറ്റിന്റെ സഹയാത്രികനായി ഞാൻ മാറിയത് അവിടെ വച്ചാണ്.അതിനു കാരണഭൂതനായത് അന്നത്തെ ഡയറക്ടറായിരുന്ന ശ്രീലങ്കക്കാരൻ ഡോ. വെസ്ലി അരിയരാജയും. ഏതാണ്ട് നാല്പതു രാജ്യങ്ങളിൽ നിന്നുള്ള അറുപത്തിനാല് വിദ്യാർത്ഥികളോടൊപ്പമുള്ള പഠനാനുഭവങ്ങൾ പുസ്തകത്താളുകളിൽ നിന്ന് നേടുന്ന വിജ്ഞാനത്തെപ്പോലെയാവില്ലല്ലൊ. ഡിഗ്രി എടുത്തു കഴിയുമ്പോൾ അവസാനിക്കുന്ന ഒരു പ്രക്രിയയല്ല വിദ്യാഭ്യാസം എന്ന് ഞാൻ പഠിച്ചത് ഇതുപോലെയുള്ള പഠന കേന്ദ്രങ്ങളിലൂടെയാണ്. അറിവിന്റെ അനന്തമായ സാദ്ധ്യതകൾ നമുക്ക് മുമ്പിൽ തുറന്നുകിട്ടുന്നു. താരതമ്യ സാഹിത്യത്തിൻറെ ചക്രവാളത്തിൽ ഒതുങ്ങിക്കിടന്ന എന്റെ ലോകം ക്രമേണ താരതമ്യ മത പഠനത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരസ്പരിക അവലോകനത്തിന്റെയും സീമകളിലേക്കു വ്യാപരിച്ചതു ഇത്തരം കേന്ദ്രങ്ങളിൽ വച്ചാണ്. കാലാകാലങ്ങളിൽ ECC ഡയറക്ടർമാരായി വന്നവരെല്ലാം എം.എ തോമസ് അച്ചൻ തെളിച്ച വഴിയേ തലമുറകളെ നയിച്ചുകൊണ്ടിരിക്കുന്നു. എം.ജെ ജോസഫ് അച്ചൻ ഡയറക്ടർ ആയിരുന്നപ്പോൾ ഞാൻ നിത്യസന്ദർശകനായിരുന്നു (അതു പിന്നീട് പറയാം.). ഏഷ്യൻ സ്റ്റഡി സെന്ററുകളുടെ നായകത്വവും ECC ക്കുണ്ട് എന്നുപറഞ്ഞാൽ തെറ്റില്ല. ഇപ്പോഴത്തെ ഡയറക്ടർ ചന്ദ്രക്കുന്നേൽ അച്ചനാണ് ഏഷ്യൻ കൂട്ടായ്മയായ അസിസ്കയുടെയും ജനറൽ സെക്രട്ടറി. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പതിനൊന്ന് ശ്രീ. കെ. എം മാത്യു കേരളാ യൂണിവേഴ്സിറ്റിയിലെ എന്റെ ആദ്യ നിയമനം യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിൽതന്നെ പ്രവർത്തിക്കുന്ന ലൈബ്രറി സയൻസ് ഡിപ്പാർട്മെന്റിലായിരുന്നു. അങ്ങനെ ഞാൻ വീണ്ടും പുസ്തകങ്ങളുടെ ലോകത്തു് സമർപ്പിക്കപ്പെട്ടു. വളരെ കണിശ്ശക്കാരനും സ്ഥിരോത്സാഹിയുമായ കെ. എ ഐസക് സാറായിരുന്നു ലൈബ്രേറിയൻ. കുറെ കഴിഞ്ഞപ്പോൾ എനിക്ക് സെക്രട്ടറിയേറ്റിൽ റവന്യു വകുപ്പിൽ ജോലി ലഭിച്ചു. ഏറെ താമസിയാതെ മലയാള മനോരമയുടെ എഡിറ്റോറിയൽ ട്രെയിനി ആകാൻ വേണ്ടി അതും രാജി വച്ചു. കോട്ടയത്തെ മൂന്നു മാസത്തെ പരിശീലനവും തിരുവനന്തപുരത്തു് ചുമ്മാർ സാറിന്റെ കീഴിൽ ബ്യുറോ ട്രെയിനിങ്ങും കഴിഞ്ഞു് കോഴിക്കോട് യുണിറ്റിലേക്കാണ് എന്നെ നിയോഗിച്ചത്. അന്നത്തെ വലിയ പത്രാധിപന്മാരായിരുന്ന ടി. കെ. ജി. നായർ, വി.കെ ബി. നായർ കുര്യൻ പാമ്പാടി , ജോയി തിരുമൂലപുരം , ടി. വി . ആർ ഷേണോയി തുടങ്ങിയവരെല്ലാം ഞങ്ങൾക്ക് ക്ലാസ് എടുക്കുമായിരുന്നു. എന്നാൽ എന്നെ ഏറെ ആകർഷിച്ചത് മുഖ്യ പത്രാധിപരായിരുന്ന കെ എം മാത്യു എന്ന മാത്തുകുട്ടിച്ചായൻ തന്നെയായിരുന്നു. കൊട്ടാരക്കര യൂണിയൻ ബാലജനസഖ്യം രക്ഷാധികാരിയായിരുന്നതിനാൽ നേരത്തെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. 93 വർഷങ്ങൾക്കു മുമ്പാരംഭിച്ചു കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറിയ അഖില കേരളം ബാലജനസഖ്യത്തിന്റെ ഒന്നാമത്തെ അംഗം എന്ന നിലയിൽ അദ്ദേഹം ഞങ്ങൾക്ക് ആരാധ്യനായിരുന്നു. മനോരമയിൽ നിന്ന് ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു. കെ. എം മാത്യുവിനെ ആരും മാത്യു സാർ എന്നുവിളിച്ചില്ല. എല്ലാവർക്കും മാത്തുകുട്ടിച്ചായനായ അദ്ദേഹം ഒരൊറ്റ കുടുംബമായി സകലരെയും ചേർത്ത് നിർത്തി. ആരെയും ആകർഷിക്കുന്ന വശ്യമായ പുഞ്ചിരിയോടെ അദ്ദേഹം എല്ലാവരെയും കീഴ്പെടുത്തുകയായിരുന്നു. മനോരമ സ്ഥാപകനായ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സാഹസികതയും ദീർഘവീക്ഷണവും നമ്മെ അമ്പരപ്പിക്കും. നൂറു പേരിൽ നിന്ന് നൂറു രൂപ വീതം ഷെയറായി വാങ്ങി അതിന്റെ ആദ്യ ഗഡു കൊണ്ട് ലണ്ടനിൽ നിന്നും ഹോപ്കിൻസൻ ആൻഡ് കോപ്പ് എന്ന ചെറിയ പ്രസ്സ് വാങ്ങാൻ അദ്ദേഹം കാണിച്ച ഉത്സാഹം ആ പ്രസ്ഥാനത്തിന്റെ വളർച്ചയിലെ നാഴികക്കല്ലായിരുന്നു. ഹെഡ് ക്വാർട്ടേഴ്സിൽ മനോരമ കുടുംബത്തിന്റെ ഒരു ചിത്രം വരച്ചു വച്ചിട്ടുണ്ട്. കണ്ടത്തിൽ എന്ന ഒരു തായ്മരവും ശാഖോപശാഖകളായി പടർന്നു പന്തലിച്ചു കിടക്കുന്ന കുടുംബ ശേഖരങ്ങളും. കുടുംബത്തിലെ കണ്ണികൾ ചോർന്നു പോകാതെ അവർ ശ്രദ്ധിക്കുന്നു. മാത്തുകുട്ടിച്ചായന്റെ ആത്മകഥയുടെ പേര് "എട്ടാമത്തെ മോതിരം " എന്നാണ്. ഭാര്യ മരിച്ചപ്പോൾ അവരുടെ മാല കൊണ്ട് എട്ടു മോതിരങ്ങളുണ്ടാക്കി എട്ടുമക്കൾക്കു നൽകിയ കെ . സി മാമ്മൻ മാപ്പിള എന്ന പിതാവിനെ നമുക്കിവിടെ കാണാം. മാമ്മൻ മാപ്പിള പഠിപ്പിച്ച വലിയ ഒരു പാഠത്തെപ്പറ്റി മാത്തുകുട്ടിച്ചായൻ പറയുന്നുണ്ട്. നമ്മൾ തുടങ്ങുന്ന എല്ലാ പ്രസ്ഥാനങ്ങളും വിജയിക്കണമെന്നില്ല. പലതും പരാജയപ്പെടുമ്പോൾ ഏതെങ്കിലും ഒന്ന് വിജയിക്കും. മറ്റു നഷ്ടങ്ങളെല്ലാം ഇത് നികത്തി തരും. പരിശീലനത്തിനിടെ ചിലപ്പോഴൊക്കെ ഞങ്ങളെ കാണുമ്പോൾ അദ്ദേഹം പറഞ്ഞു തന്ന ഇത്തരം പാഠങ്ങളാണ് ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നത്. മനോരമയിൽ നിന്ന് ഞാൻ പഠിച്ച മറ്റൊരു വലിയ പാഠമുണ്ട്. സർ സി. പി യുടെ കാലത്തു പത്രം അടച്ചു പൂട്ടി മുദ്ര വച്ചു. ഒൻപതു വർഷം അങ്ങനെകിടന്നു. സ്വതന്ത്ര ഇന്ത്യയിലാണ് പിന്നെ അതിനു പുനർജനി സംഭവിച്ചത്. വ്യക്തികൾക്കുള്ളതുപോലെ പ്രസ്ഥാനത്തിനും ആയുസ്സു നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉള്ളിൽ ജീവനുള്ള പ്രസ്ഥാനങ്ങളെ ഏതു ശക്തി വിചാരിച്ചാലും തകർക്കാനാവില്ല. അതിന്റെ നാമ്പുകൾ തഴച്ചു കൊണ്ടേയിരിക്കും. ഒരു വർഷത്തെ യൂറോപ്പ് അമേരിക്കൻ പര്യടനത്തിന് തെസെ കമ്മ്യൂണിറ്റി വിളിച്ചപ്പോഴാണ് ഞാൻ മനോരമയിലെ ജോലി ഉപേക്ഷിച്ചു പോയത്. ലോകം കാണാനുള്ള മോഹമായിരുന്നു. എങ്കിലും നമ്മൾ ബന്ധപ്പെടുന്ന ഓരോ പ്രസ്ഥാനവും അവയെ നയിക്കുന്ന വലിയ വ്യക്തിത്വങ്ങളും നമ്മളിൽ വലിയ സ്വാധീനമായി വളരും. നമ്മുടെ യാത്രാപഥങ്ങളെ ജാജ്വല്യമാനമാക്കുന്നതു ഇത്തരം ദീപസ്തംഭങ്ങളാണ്. എന്നും. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പത്ത് ബ്രദർ റോജർ അറുപതുകളിലും എഴുപതുകളിലുമായി രണ്ടു ദശകങ്ങൾ നീണ്ട വിദ്യാഭ്യാസ കാലഘട്ടത്തിൽ എന്നെ സ്വാധീനിച്ച മഹൽ വ്യക്തിത്വങ്ങളെ പറ്റിയാണ് ഞാൻ ഇത് വരെ പറഞ്ഞത്.1978 – ൽ കേരളാ യൂണിവേഴ്സിറ്റി ഓഫീസിൽ ചേർന്നതോടെ എന്റെ ഔദ്യോഗിക കാലഘട്ടം ആരംഭിക്കുകയായി. 1975 - ൽ കണ്ടുമുട്ടിയ ഒരു ആസാധാരണ വ്യക്തിയെ കൂടി പറയുമ്പോൾ ഒന്നാം ഘട്ടം പൂർത്തിയാകും. 1975 - ൽ കൊല്ലം ഫാത്തിമാ കോളജിൽ എം. എ ഇംഗ്ലീഷ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഫ്രാൻസിലെ തെസെ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയിലേക്കു അവർ എന്നെ ക്ഷണിച്ചത്. കരിക്കം എസ്. ഡി .എ സ്കൂളിൽ പഠിക്കുന്ന കാലത്തു് അവിടെ ഒരു ദിവസം ഇന്റർ നാഷണൽ പ്രസിഡന്റ് അതിഥിയായെത്തി. ഹട്ടൻ മാസ്റ്റർ അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞു അദ്ദേഹം നൂറു രാജ്യങ്ങൾ ചുറ്റി വരുന്ന ആളാണെന്ന്. ലോകം ഒരു തവണ എങ്കിലും ചുറ്റി കറങ്ങണമെന്ന മോഹം അന്നേ തുടങ്ങിയതാണ്. അതിന്റെ ആദ്യ സന്ദർഭം ഇവിടെ സമാഗതമായി. പഠനം നഷ്ടപെടുന്നതൊന്നും ഞാൻ കാര്യമാക്കിയില്ല. നേരെ ഫ്രാൻസിന് വിമാനം പിടിച്ചു. ആ യാത്രയുടെ അവിസ്മരണീയ മുഹൂർത്തങ്ങളെ പറ്റിയെല്ലാം " എന്റെ ഭൂഖണ്ഡാന്തര യാത്രകൾ - പഠനാനുഭവങ്ങൾ " എന്ന കൃതിയിൽ ഞാൻ വിവരിച്ചിട്ടുണ്ട്. എന്റെ ജീവിത വീക്ഷണത്തെ സാരമായി സ്വാധീനിച്ച ബ്രദർ റോജർ എന്ന മഹാനെ പറ്റി മാത്രമാണ് ഇവിടെ പറയാനുദ്ദേശിക്കുന്നതു്. ഇത്രയും തേജസ്സുള്ള ഒരു മുഖം ഞാൻ വേറെ കണ്ടിട്ടില്ല. സൂര്യൻ ഉദിച്ചപോലെ തോന്നും അദ്ദേഹത്തിന്റെ മുന്നിലെത്തുമ്പോൾ. സ്വിറ്റ്സർലണ്ടിൽ ജനിച്ച അദ്ദേഹം ഒരു പ്രൊട്ടസ്റ്റന്റ് പട്ടക്കാരനായി. പക്ഷെ പള്ളിയുടെ അകത്തുള്ള ജീവിതത്തേക്കാൾ യാതനകളുടെ പുറം ലോകമാണ് അദ്ദേഹത്തെ പ്രോചോദിപ്പിച്ചത്. രണ്ടാം ലോക മഹാ യുദ്ധത്തിൽ മുറിവേറ്റു വീണ പടയാളികളെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹം സമൂഹത്തിലേക്കിറങ്ങി. വേറെ ആറു പേരും കൂടി കൂട്ടത്തിൽ കൂടിയതോടെ അവർ തെസെ കമ്മ്യൂണിറ്റി എന്ന എക്യൂമെനിക്കൽ പ്രസ്ഥാനം ആരംഭിച്ചു. ഫ്രാൻസിലെ ഈ ഗ്രാമം ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ ആശാ സങ്കേതമാണ്. " തെസെ ..............ആ ചെറിയ വസന്തം” എന്നാണ് പോപ്പ് ഇരുപത്തി മൂന്നാമൻ അവരെ പറ്റി പറഞ്ഞത്. ലോകം മുഴുവൻ തണൽ വിരിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷമാണിന്നു തെസെ. "തെസെ കമ്മ്യൂണിറ്റി : ഈശ്വര ചൈതന്യത്തിന്റെ നിത്യ വസന്തം" എന്ന ഒരു ഗ്രൻഥം ഞാൻ അവരെ പറ്റി എഴുതിയിട്ടുണ്ട്. സമ്പന്നതയുടെ മടിത്തട്ടിൽ ലാളിത്യം എന്തെന്ന് ലോകത്തിനു കാട്ടികൊടുക്കുന്ന മഹനീയ മാതൃകയാണ് തെസെ. ഇന്നവിടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള " ബ്രദേഴ്സ് "താമസിക്കുന്നുണ്ട്. കുടുംബ സ്വത്തുപോലും അവർ കമ്മ്യൂണിറ്റിയിലേക്കു കൊണ്ട് വരുന്നില്ല. ആരിൽ നിന്നും ഒരു സംഭാവനയും സ്വീകരിക്കുന്നുമില്ല. സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നു. ഏറ്റവും എളിമയാർന്ന ജീവിതം. ഈ ലാളിത്യമാണ് ആയിരക്കണക്കിനാളുകളെ അങ്ങോട്ടാകർഷിക്കുന്നത്. പലതവണ അവിടെ താമസിച്ചു പ്രവർത്തിക്കുന്നതിന് എനിക്ക് ഭാഗ്യമുണ്ടായി. മാത്രമല്ല ഏകദേശം നാല്പതോളം ചെറുപ്പക്കാരെ പല കാലഘട്ടങ്ങളിലായി അവിടേക്കു നിയോഗിച്ചയക്കുന്നതിനും ദൈവം അവസരം തന്നു. എല്ലാവരും ഇന്ന് ലോകമെമ്പാടും നല്ല നിലയിൽ പ്രശോഭിക്കുന്നു . എപ്പോൾ ചെന്നാലും ബ്രദർ റോജർ എന്നെ സ്നേഹ വാത്സല്യങ്ങളോടെ സ്വീകരിച്ചു. വൈകുന്നേരങ്ങളിൽ അദ്ദേഹം നടത്തിയ ചെറു സദസ്സുകൾ വളരെ ഊഷ്മളമായിരുന്നു. ലോകം മുഴുവൻ കഷ്ട്ടപെടുന്ന ജനതയെ പറ്റിയാണ് അദ്ദേഹം എപ്പോഴും സംസാരിച്ചത്. എങ്ങനെ ശാശ്വത സമാധാനം വിളങ്ങുന്ന ഒരു ലോക നിർമ്മിതിക്കായി നമുക്ക് പ്രവർത്തിക്കാനാകും? അതായിരുന്നു പലപ്പോഴും ആ മനസ്സിൽ നിറഞ്ഞു നിന്ന ചിന്ത. കമ്മ്യൂണിറ്റിയോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാനും സഞ്ചരിച്ചു. അമേരിക്കയിലും കാനഡയിലും റോമിലും കൽക്കട്ട, മദ്രാസ് തുടങ്ങിയ ഇന്ത്യൻ പട്ടണങ്ങളിലും ഞങ്ങൾ നിരവധി മീറ്റിംഗുകൾ നടത്തുകയുണ്ടായി. പതിനായിരക്കണക്കിനാളുകളാണ് ഓരോ മീറ്റിംഗിലും സംബന്ധിക്കുന്നത്. കൽക്കട്ടയിൽ മദർ തെരേസയോടൊപ്പം താമസിച്ചു ജോലി ചെയ്തതും വാഷിംഗ്ടൺ ഡി. സി യിൽ പെന്റഗൺ സന്ദർശിക്കുന്നതും ന്യൂയോർക്കിലെ പാവപെട്ട ജനം താമസിക്കുന്ന പ്രദേശങ്ങൾ തേടിപോയതും എല്ലാം എനിക്കു മറക്കാനാവാത്ത ഓർമകളാണ്. നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതമെന്ന മഹാ സമസ്യയുടെ ധന്യത വെളിപ്പെടുന്നതെന്നും ബ്രദർ റോജറും തെസെ കമ്മ്യൂണിറ്റിയും ലോകത്തെ പഠിപ്പിക്കുന്നു. അവിടെയുള്ള ചെറിയ പള്ളിയുടെ മുന്നിൽ ചെറിയ മൺകൂനയിൽ അദ്ദേഹം വിശ്രമിക്കുന്നു. ഒരു കല്ലറ പോലുമില്ലാതെ . എന്നും ആരെങ്കിലും കൊണ്ടു് വയ്ക്കുന്ന പൂക്കൾ മാത്രം മതി അദ്ദേഹത്തിന്റെ ഓർമകളെ ദീപ്തമാക്കാൻ. Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ - ഒന്പത് കെ സി മാത്യു വാളകം എന്റെ ജീവിതം വഴിതിരിച്ചു വിട്ട വ്യക്തികളിൽ പ്രധാനിയായിരുന്നു പനവേലി വിളയിൽ ശ്രീമാൻ കെ സി മാത്യു. ആർ. വി. ഹൈസ്കൂളിൽ അദ്ധ്യാപകനായതോടെ വാളകത്ത് താമസമാക്കി. അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു. എനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു. ഇപ്പോൾ ഫിലാദൽഫിയയിലുള്ള പട്ടമല വി. എൽ. മാത്യു വാണ്സാറിനെ എനിക്ക് പരിചയപ്പെടുത്തിയത്.പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ. അഖില കേരളം ബാലജന സഖ്യം കൊട്ടാരക്കര യൂണിയൻ രക്ഷാധികാരിയായിരുന്ന അദ്ദേഹത്തിന്റെ പ്രേരണയിൽ ഞാൻ ഐപ്പള്ളൂർ വിക്ടറി ബാലജന സഖ്യം ആരംഭിച്ചു. ഇന്ന് യൂണിയൻ രക്ഷാധികാരിയായിരിക്കുന്ന കെ. ഓ രാജുക്കുട്ടി വിക്ടറിയിൽ പിച്ച വച്ച് നടന്ന ആളാണ്. പിന്നീട് എന്നെ യൂണിയന്റെ സഹ രക്ഷാധികാരിയാക്കി. അന്ന് 90 ബാലജന സഖ്യം യൂണിറ്റുകൾ കൊട്ടാരക്കര വാളകം പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. വർഷത്തിലൊരിക്കലെങ്കിലും എല്ലായിടവും ഞങ്ങളെത്തി. കാൽ വണ്ടിയിലായിരുന്നു യാത്ര എന്ന് പ്രേത്യേകം പറയേണ്ടല്ലോ. തിരുവല്ല കോളജിൽ ജോലി ലഭിച്ച ശേഷമാണു ഞാനൊരു സ്കൂട്ടർ വാങ്ങുന്നത് പോലും. പാണ്ടിത്തിട്ട, തലവൂർ, പട്ടാഴി തുടങ്ങിയ സ്ഥലങ്ങളിൽ വാർഷിക സമ്മേളനങ്ങൾ കഴിഞ്ഞു രാത്രി 12 മണിക്കൊക്കെ ഞങ്ങൾ സംഘമായി നടന്നു വരുമായിരുന്നു. സി. മോഹനൻ പിള്ള, അഡ്വ. മാത്യു ജോർജ്, അഡ്വ. സി. എൻ. ശിവൻകുട്ടി എന്നിവരൊക്കെ സംസ്ഥാന ഭാരവാഹികളായിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിൽ സംസ്ഥാന നേതാക്കളായി വിരാജിക്കുന്നു. ശോഭനാ ജോർജും ജോസഫ് എം പുതുശ്ശേരിയും സംസ്ഥാന നേതാക്കളായിരിക്കുമ്പോൾ കൊട്ടാരക്കര കോളജിൽ വച്ച് നടത്തിയ സംസ്ഥാന ക്യാമ്പ് എന്നുംസ്മരണയിൽ നിലനിൽക്കുന്ന ഒന്നാണ്. നിസ്വാർത്ഥ സാമൂഹ്യ സേവനം എന്നൊന്നുണ്ടെങ്കിൽ അതിന്റെ മൂർത്തിമദ്ഭാവമായിരുന്നു കെ. സി മാത്യു . ഭാരത് സേവാ സമാജ്, ഭാരതീയ ആഭീo ജാതി സേവക് സംഘ് , വൈ. എം . സി . എ തുടങ്ങിയ സമസ്ത മേഖലകളിലും തിളങ്ങി നിന്ന സ്റ്റാറായിരുന്നു. അരുമ ശിഷ്യരായി നൂറു കണക്കിനാളുകൾ കൂടെ. അഖില ലോക സഭാ കൗൺസിലിന്റെ ഒരു വർക്ക് ക്യാമ്പിൽ പങ്കെടുക്കാനായി ഒരു വർഷത്തോളം അദ്ദേഹം ബ്രസീലിൽ താമസിച്ചിരുന്നു. അതോടെ വിശാല ലോക വീക്ഷണം രൂപപ്പെട്ടു. അതിരുകളില്ലാത്ത ലോകം എന്നതായി പിന്നെ സ്വപ്നം. രാജ്യ സഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന എം. ജോസഫ് സാർ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ബി. എസ് .എസ് ബന്ധമാണ്. 1982 - ൽ ഞങ്ങൾ വാളകം കേന്ദ്രമാക്കി അന്താരാഷ്ട്രാ പഠന കേന്ദ്രം ആരംഭിക്കുമ്പോൾ അന്ന് ഡെപ്യൂട്ടി ചെയർമാനായിരുന്ന ജേക്കബ് സാറാണ് ഉദ്ഘാടകനായി എത്തിയത്. എല്ലാ മദ്ധ്യ വേനലവധിക്കാലത്തും കുട്ടികൾക്കായി പത്തു ദിവസത്തെ ഒരു നേതൃ പരിശീലനക്കളരി ഞങ്ങൾ നടത്തുമായിരുന്നു SDA സ്കൂളും വാളകം Deaf and Dumb സ്കൂളും ജൂബിലി മന്ദിരവും എല്ലാം വേദികളായി. ഇന്നത്തെ പല നേതാക്കളുടെയും ജീവിതം കരു പിടിപ്പിച്ചത് ആ റസിഡൻഷ്യൽ ക്യാമ്പുകളായിരുന്നു എന്ന് നിസ്സംശയം പറയാം. സംഘടനാ പ്രവർത്തനങ്ങൾ അദ്ദേഹത്തെ യൂറോപ്പിലും അമേരിക്കയിലുമെത്തിച്ചു. യു .എൻ പലതവണ സന്ദർശിച്ച അദ്ദേഹം വാളകം സ്റ്റഡി സെന്ററിന് ECOSOC അംഗത്വവും സമ്പാദിച്ചു. യൂറോപ്പിൽ തെസൈ കമ്മ്യൂണിറ്റി എന്ന എക്യൂമെനിക്കൽ പ്രസ്ഥാനമുണ്ടെന്ന് ആദ്യമായി എന്നോട് പറഞ്ഞത് സാറാണ് 1975 മുതലുള്ള 15 വർഷങ്ങൾ പിന്നീട് ഞാൻ സഞ്ചരിച്ചത് തെസൈ കമ്മ്യൂണിറ്റിയോടൊപ്പം ആയിരുന്നു. കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി ഞങ്ങൾ നടത്തിയ മണക്കാല യജ്ഞം മറക്കാനാവാത്ത സംഭവമായിരുന്നു. കനാൽ നിർമ്മിതിക്കു വേണ്ടി മാസങ്ങളോളം യുവജനങ്ങളെ അണിനിരത്തുകയുണ്ടായി. എഴുപതുകളിൽ ആദ്യമായി അടിമാലി ഉരുൾപൊട്ടലുണ്ടായപ്പോൾ ഞങ്ങൾ 10 ചെറുപ്പക്കാർ അവിടെ പോയി 10 ദിവസം സേവനം ചെയ്തത് ഇന്നലേപ്പോലെ ഓർക്കുന്നു. സാറും ഞാനും കൂടിയായിരുന്നു അവിടെ ചെന്ന് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഒരുക്കിയത്. ഇങ്ങനെ നോവുന്ന മനസ്സുകൾ എവിടെയുണ്ടെങ്കിലും അവിടേക്ക് ഓടിയെത്താനുള്ള ഒരു മനസ്സ് യുവതലമുറയിൽ വളർത്തിയെടുക്കാൻ മാത്യു സാർ അധ്വാനിച്ചു. ഒരു ഓഫീസോ പൈസയോ ഒന്നുമില്ലാതെ എങ്ങനെ സാമൂഹ്യ സേവനം ചെയ്യാം എന്നദ്ദേഹം പഠിപ്പിച്ചു. കൊട്ടാരക്കര കിംഗ്സ് കോളജിന്റെ ഓഫീസ് ശരിക്കും ഞങ്ങൾ കയ്യേറി സ്വന്തമാക്കുകയായിരുന്നു. അവിടുത്തെ ഫോണായിരുന്നു ഞങ്ങളുടെയും ഫോൺ. വൈ. രാജൻ സാറും വത്സമ്മ ടീച്ചറും എപ്പോഴും ഞങ്ങൾക്ക് പിന്തുണ നൽകി പോന്നു എന്നതും നന്ദിയോടെ ഓർക്കുന്നു. എന്റെ ആദ്യ നോവലുകൾ പ്രസിദ്ധീകരിച്ചു കാണാൻ ഏറ്റവും ആഗ്രഹിച്ചത് സാറായിരുന്നു. അതിനായി എന്നെയും കൂട്ടി മനോരമ , മനോരാജ്യം തുടങ്ങിയ കോട്ടയം ഓഫീസുകളിൽ പോയി. ആ യാത്രയിലാണ് മാങ്ങാനം ആശ്രമത്തിൽ വച്ച് അതിന്റെ കയ്യെഴുത്തു പ്രതി സി. എസ്. എസിന്റെ ചുമതലയുണ്ടായിരുന്ന പി.ടി തോമസ് അച്ചൻവാങ്ങി പിന്നീട് പ്രസിദ്ധീകരിച്ചത്. വാളകത്ത് ഒരുപാടു നാളായി അടഞ്ഞു കിടന്നിരുന്ന മാർത്തോമാ സഭയുടെ ആശുപത്രി ഏറ്റെടുത്ത് ഡി. അഡിക്ഷൻ സെന്റർ നടത്താൻ അദ്ദേഹം ഏറെ താല്പര്യം കാണിച്ചു. മദ്യാസക്തിയുള്ള നൂറുകണക്കിനാളുകളാണ് അവിടെയെത്തി സുഖം പ്രാപിച്ചു പോയത്. ഇപ്പോൾ കലയപുരം ആശ്രയ എന്ന മഹത്തായ പ്രസ്ഥാനം നടത്തുന്ന കലയപുരം ജോസ് ഇവിടെയാണ് തന്റെ പ്രവർത്തനം ആരംഭിച്ചത്. സാറിന്റെ കാലടികളെ പിന്തുടർന്ന് ആരംഭിച്ച ആശ്രയ - സങ്കേതം പ്രസ്ഥാനങ്ങൾ ഇപ്പോൾ രജത ജൂബിലി ആഘോഷിക്കുകയാണ്. പതിനഞ്ചു വർഷം മുമ്പ് മാത്യു സാർ ഈ ലോക സേവനം അവസാനിപ്പിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷവും അദ്ദേഹത്തിന്റെ പേരിൽ അനുസ്മരണ പ്രഭാഷണങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കാനായി എന്നതും ധന്യമായ അനുഭവമാണ്. സാറുമായി ബന്ധപ്പെട്ട ഞങ്ങളെയെല്ലാം വേദനിപ്പിച്ചത് പക്ഷെ ന്യൂയോർക്കിൽ വച്ച് അന്തരിച്ച മിനി മോളുടെ അകാല വിയോഗമായിരുന്നു. സാറിന്റെ മൂന്നു മക്കളിൽ രണ്ടാമത്തെയാൾ. എഞ്ചിനിയർ ആയി ഉന്നത നിലയിൽ വർത്തിക്കുകയായിരുന്നു. കെ സി മാത്യു സാറിനെ പോലെയുള്ള വ്യക്തിത്വങ്ങൾ ഇല്ലെങ്കിൽ നമ്മുടെ നാട് എത്ര ദരിദ്രമായി പോയേനെ 2005 -ൽ അദ്ദേഹത്തിന്റെ അനുസ്മരണ വാല്യം പ്രസിദ്ധീകരിച്ചപ്പോൾ ഞങ്ങൾ നൽകിയ പേര് " ഒരു കർമ്മയോഗിയുടെ കാൽപ്പാടുകൾ " എന്നായിരുന്നു. ശരിക്കും കർമ്മത്തെ ഈശ്വരനെപ്പോലെ കരുതിയ ആചാര്യനായിരുന്നു മാത്യു സാർ. മരിക്കാത്ത ആ ഓർമകൾക്ക് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു. Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ - എട്ട് കോശി മാത്യു എന്ന സണ്ണി കരിഞ്ഞപ്പള്ളിൽ ഫാത്തിമ കോളജിലെ ബി. എ ഇംഗ്ലീഷ് ക്ലാസ്സിലെത്തിയപ്പോൾ അകെ ഒരമ്പരപ്പായിരുന്നു. അതിൽ മുണ്ടുടുത്ത ആറ് ആണുങ്ങളും പാന്റ്സിട്ട കൃഷ്ണകുമാറും സണ്ണിയും. രണ്ട് പേരും കൊല്ലം പട്ടണത്തിൽ ജീവിക്കുന്നവർ. ഞങ്ങൾ മുണ്ടന്മാർ വെറും ഗ്രാമീണർ. പിന്നെ മുപ്പത്താറു പെൺകൊടികൾ. കൂടുതലും ആഷ് ബുഷ് കക്ഷികൾ. പറയുന്ന ഒരക്ഷരം മനസ്സിലാവില്ലായിരുന്നു. സായിപ്പിൻ കുന്നിൽ പഠിച്ച ഞാൻ പോലും അന്ധാളിച്ചുപോയി. എവിടെ പഠിച്ചു എന്നു ചോദിച്ചാൽ മോ...കാ എന്നാണുത്തരം. അത് മൗണ്ട് കാർമ്മൽ ആണെന്നു മനസ്സിലാക്കാൻ കുറെ നാൾ വേണ്ടി വന്നു. അവിടെ ഞങ്ങൾ ഗ്രാമീണ സഹപാഠികളെ കൂടെ ചേർത്തു നിറുത്തിയതിൽ വലിയ പങ്കു സണ്ണിക്കുണ്ടായിരുന്നു. ആശാൻ അന്നേ ക്രൂസേഡർ ബൈക്ക് പായിച്ചാണ് വരുന്നത്. ബുള്ളറ്റിന്റെ അനിയൻ. അധികം താമസിയാതെ ബുള്ളറ്റും സ്വന്തമാക്കി. ക്രമേണ ഞാനും കരിഞ്ഞപ്പള്ളി കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി. തേവള്ളിയിലെ വീട്ടിൽ അഡ്വ. മാത്യു കരിഞ്ഞപ്പള്ളി പ്രതാപ ഐശ്വര്യങ്ങളോടെ വലിയ പുസ്തകശേഖരമുള്ള ഓഫീസ് മുറിയിൽ ഇരിക്കുന്ന രംഗം മറക്കാനാവില്ല. പ്രഗത്ഭനായ വക്കീലായിരുന്നു അദ്ദേഹം. സണ്ണിയെയും നിയമപഠനത്തിനു ചേർത്തതാണ്. ഡിഗ്രിയൊക്കെ എടുത്തെങ്കിലും വഴി മാറി സഞ്ചരിച്ചു. കുഞ്ഞുമോൻ ജോർജിനെപ്പോലെ എന്നെ സ്വാധീനിച്ച അപൂർവം സുഹൃത്തുക്കളിൽ ഒരാളായി കോശി മാത്യു മാറി.കോളേജിൽ ജോൺ ജോഷ്വാ, ബ്രൂണോ ഡിക്രൂസ്, ബാലഗോപാൽ തുടങ്ങിയ പ്രതിഭകൾ ഞങ്ങൾക്ക് കൂട്ടിനുണ്ടായിരുന്നു. മൂന്നുപേരും സിവിൽ സർവീസ് പാസ്സായി. ജോൺ ജോഷ്വാ ഇണക്കുരുവികൾ മറിയാമ്മയുടെയും, സാറാമ്മയുടെയും ക്ലാസ്സിലായിരുന്നു. ഞങ്ങളെ കൂടുതൽ അടുപ്പിച്ചത് SCM എന്ന സ്റ്റുഡന്റസ് ക്രിസ്ത്യൻ മൂവ്മെന്റ് ആയിരുന്നു. കെ.സി മാത്യു സാറിന്റെ പ്രേരണയിൽ കൊട്ടാരക്കരയിൽ ഒരു യൂണിറ്റ് തുടങ്ങിയപ്പോൾ ഞാൻ ആദ്യ പ്രസിഡന്റായി. പിന്നെ ജസ്റ്റിൻ യേശുദാസൻ ഐ.എ.എസ് ചെയർമാനായുള്ള സ്റ്റേറ്റ് എക്സിക്യൂട്ടീവിലെത്തി. ഞങ്ങളുടെ ഇത്തരം സഹപാഠികളെല്ലാം ജീവിതത്തെപ്പറ്റി ഉന്നതമായ കാഴ്ചപ്പാടുള്ളവരായിരുന്നു. ഞാനും സണ്ണിയും സംസാരിക്കാത്ത വിഷയങ്ങളില്ലായിരുന്നു. അതുപോലെ ആശ്രാമം മൈതാനിയിൽ കൊണ്ടുപോയി എന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചു. അതിനുപകരമായി ഞാൻ അവനെ സംസ്കൃതം പഠിപ്പിച്ചു. മലയാളംപോലും വായിക്കാനറിയാത്ത ആൾ എങ്ങിനെ സംസ്കൃതം പഠിക്കും?. അതിനാണ് എന്റെ സഹായം തേടിയത്. കോളേജിന്റെ ചീഫ് എഡിറ്ററായി സുന്ദരമായ ഒരു മാഗസിൻ സണ്ണി പുറത്തിറക്കിയത് നന്നായി ഓർക്കുന്നു. നിയമത്തിന്റെ വഴി ഉപേക്ഷിച്ചു സണ്ണിപോയത് വേൾഡ് സ്റ്റുഡന്റസ് ക്രിസ്ത്യൻ ഫെഡറേഷന്റെ ഹോംകോങ് ഓഫീസിലേക്കായിരുന്നു. അങ്ങനെ ലോക എക്യുമെനിക്കൽ വേദികളിൽ ശോഭിച്ചു.പിന്നീട് ബാംഗ്ളൂരിൽ വന്നു പല എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഒരുപാടു ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചു. ഇപ്പോഴും അക്ഷരങ്ങളുടെ ലോകത്തെ ഒരു മുടിചൂടാ മന്നനായി വിരാജിക്കുന്നു. വൈസ്മെൻ ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്ററാണിപ്പോഴും. തെസെ എക്യുമെനിക്കൽ കമ്മ്യൂണിറ്റിയിലൂടെയും അഖില ലോക സഭാ കൗൺസിലിന്റെ ഡയലോഗ് സമ്മേളനങ്ങളിലൂടെയും പിൽക്കാലത്തു ഞാൻ പ്രയാണം തുടരുമ്പോൾ എപ്പോഴും ഒരു ഉപദേശകനായി സണ്ണി ഉണ്ടായിരുന്നു. ഊഷ്മളമായ ആ ബന്ധം അങ്ങനെ തുടരുന്നു. ലോകം നമ്മളെ കീഴ്പെടുത്തുകയല്ല , ലോകത്തെ നമ്മൾ ജയിക്കണം എന്നു വാശിയുള്ളവരായിരുന്നു ഫാത്തിമയിലെ എന്റെ സുഹൃത്തുക്കൾ. ആംഗ്ലോ ഇന്ത്യനായ ബ്രൂണോ ഡിക്രൂസ് വഴിയാണ് ഞാൻ തെസെ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടത്. ഐ.പി.എസ് ലഭിച്ച ബ്രൂണോ ഉത്തർപ്രദേശ് കേഡറിൽ ഡി.ജി.പി ആയിരിക്കുമ്പോഴാണ് മരിക്കുന്നത്. ഐ.എ..എസ് ലഭിച്ച ജോൺ ജോഷ്വാ നാഗാലാന്റിൽ വച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതൊക്കെ ഞങ്ങൾക്കു തീരാനഷ്ടമാണ്. അപ്രതീക്ഷിത സരണികളിലൂടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുമ്പോഴും കലാലയവേദികളിൽ കണ്ടുമുട്ടിയ എത്രയോ നക്ഷത്രങ്ങൾ നമ്മുടെ വഴികളെയും വെളിച്ചമുള്ളതാക്കുന്നു എന്ന സത്യം നന്ദിയോടെ സ്മരിക്കുകയാണിപ്പോൾ. Dr. Abraham Karickam

Wednesday, 9 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - ഏഴ് കുഞ്ഞുമോൻ ജോർജ് "ആചാര്യാൽ പാദമാദത്തെ പാദം ശിഷ്യ സ്വമേധയാ പാദം സ്വ ബ്രഹ്മചാരീഭ്യ: പാദം കാലക്രമേണതു " ഒരുപാടു പാടിക്കേട്ട ശ്ലോകമാണിതെന്നറിയാം. എന്നാലും അതിവിടെ ഒന്നുകൂടി ഓർമിപ്പിക്കുന്നത് അതിന്റെ സാംഗത്യം കൊണ്ടാണ്. ആചാര്യന്മാർ പഠിപ്പിക്കുന്ന അത്രയും കാര്യങ്ങൾ കൂട്ടുകാർ നമ്മളെ പഠിപ്പിക്കും എന്നിവിടെ പറയുന്നുണ്ട്. അത് എന്റെ ജീവിതത്തിൽ സാർത്ഥകമാക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അതാണ് പറഞ്ഞു വരുന്നത്. എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് അരകിലോമീറ്റർ അകലെയുള്ള പാലക്കോട്ടു വീട്ടിൽ കുഞ്ഞുമോൻ. ഒന്നാം ക്ലാസ്സു മുതൽ എം. എ വരെ ഞങ്ങൾ ഏതാണ്ട് ഒന്നിച്ചു പഠിച്ചു എന്ന് പറയാം. പത്തു വരെ എസ്. ഡി എ സ്കൂളിൽ. പിന്നെ കൊട്ടാരക്കര കോളജിൽ. അതിനു ശേഷം കൊല്ലം ഫാത്തിമ കോളജിലേക്ക് ഞാൻ പോയപ്പോൾ ഒരു റോഡിനു അപ്പുറമുള്ള എസ്. എൻ കോളജിൽ അവനുണ്ടായിരുന്നു. സാമ്പത്തിക ശാസ്ത്രമായിരുന്നു അവനിഷ്ടം. എസ്. ഡി. എ സ്കൂളിൽ പഠിക്കുമ്പോൾ കുഞ്ഞുമോനെ കൊട്ടാരക്കര ബോയ്സ് സ്കൂളിലേക്ക് മാറ്റി ജോർജ് അച്ചായൻ ഒരു പരീക്ഷണം നടത്തി നോക്കി. രണ്ടാം ദിവസം അന്വേഷിച്ചെത്തിയപ്പോൾ ക്ലാസ്സിൽ അവനെ കണ്ടില്ല. ആകെ വെപ്രാളപ്പെട്ട അച്ചായൻ ഒടുവിൽ പുത്രനെ കണ്ടു പിടിച്ചു. ഗണപതി അമ്പലത്തിനു മുന്നിലുള്ള കുളക്കരയിൽ പടവുകളിലിരുന്നു മീനുകളുടെ എണ്ണമെടുക്കുകയായിരുന്നു ആ വിജ്ഞാന ദാഹിയായ ചെറുപ്പക്കാരൻ. പിറ്റേന്ന് തന്നെ അച്ചായൻ അവനെ തിരികെ ഞങ്ങളുടെ ക്ലാസ്സിൽ തന്നെ കൊണ്ട് വിട്ടു. എന്റെ കളിയാക്കൽ ഒഴിച്ചാൽ എല്ലാം ശുഭമായിരുന്നു എന്ന് അവൻ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. പുസ്തകങ്ങളുടെയും വായനയുടെയും ലോകത്ത് ഒന്നിച്ചു സഞ്ചരിച്ചവരാണ് ഞങ്ങൾ. കൊട്ടാരക്കരയിൽ സി.പി.കെ.പി ലൈബ്രറി എന്നൊരു സ്ഥാപനമുണ്ടെന്നു കുഞ്ഞുമോൻ പറഞ്ഞാണ് ഞാൻ അറിയുന്നത്. അവന്റെ ഉപ്പാപ്പൻ സാമച്ചായൻ എടുത്തു കൊണ്ട് വന്ന പുസ്തകങ്ങളിൽ ചിലതു് എനിക്കും കിട്ടി. ഡിക്ടറ്റീവ് കഥകളും മുട്ടത്ത് വർക്കി നോവലുകളും ഞങ്ങൾ വായിച്ചു തള്ളി. ഒരു ദിവസം ഞങ്ങൾ തീരുമാനിച്ചു. ഇനി സാമച്ചായന്റെ മധ്യസ്ഥത വേണ്ട. ഞങ്ങൾ നേരിട്ട് ലൈബ്രറിയിൽ എത്തി. എല്ലാ വെള്ളിയാഴ്ചയും അങ്ങോട്ടും ഇങ്ങോട്ടും പന്ത്രണ്ടു കിലോമീറ്റർ നടന്ന് ഞങ്ങൾ ഗണപതി അമ്പലത്തിനു മുന്നിലുള്ള ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു. അടുത്ത വെള്ളിയാഴ്ച പുസ്തകം മടക്കി കൊടുത്തില്ലെങ്കിൽ സെക്രട്ടറി ചെല്ലപ്പൻ പിള്ള സാർ നേരെ വീട്ടിലോട്ടു വരുമായിരുന്നു. അതായിരുന്നു ലൈബ്രറിയെ ആഴത്തിൽ സ്നേഹിച്ച അദ്ദേഹത്തിന്റെ ചിട്ട. ഞങ്ങൾ വായിച്ചതും പഠിച്ചതും ഒരുമിച്ചായതിനാൽ ബുദ്ധിയുടെ തരംഗങ്ങളും ഏതാണ്ട് ഒരുപോലെയായിരുന്നു. എം. എ യ്ക്ക് പഠിക്കുമ്പോൾ കുഞ്ഞുമോൻ കേരളാ യൂണിവേഴ്സിറ്റിയുടെ ജോലിക്കു വേണ്ടി പരീക്ഷ എഴുതി. ഞാൻ അതിനിടയിൽ യൂറോപ്പിലേക്ക് ഒരു സവാരി പോയതിനാൽ എനിക്ക് അപേക്ഷിക്കാനായില്ല. എഴുത്തു പരീക്ഷയും വാചാ പരീക്ഷയും കഴിഞ്ഞപ്പോൾ കുഞ്ഞുമോന്റെ റാങ്ക് അൻപത്തി രണ്ട്. അവൻ ജോലിയിൽ പ്രവേശിച്ചു. അടുത്ത വർഷം ഞാനും പരീക്ഷ എഴുതി. എന്റെയും റാങ്ക് അൻപത്തി രണ്ട്. ഞാനും കേരളാ യൂണിവേഴ്സിറ്റിയിൽ തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. . അതിനിടയിൽ അമേരിക്കയിൽ നിന്നെത്തിയ ആനിയെ കുഞ്ഞുമോൻ കല്യാണം കഴിച്ചു. എഴുപതുകളുടെ അവസാനം തന്നെ അവൻ പടിഞ്ഞാറൻ ചക്രവാളം നോക്കി യാത്രയായി. നാൽപ്പതു വർഷത്തോളം അവൻ വാഷിംഗ്ടൺ നഗരിയിൽ ജീവിച്ചു. ഏതാണ്ട് ഏറിയ കാലവും വെൽസ് ഫാർഗോ ബാങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി കുഞ്ഞുമോൻ ജോലി ചെയ്തു. ഏതു പാതിരാത്രിയിലും വാഷിംഗ്ടണിലെ ഏതെങ്കിലുമൊരു എയർപോർട്ടിൽ ചെന്നിറങ്ങാൻ എനിക്ക് മടിയില്ലായിരുന്നു. കാരണം കുഞ്ഞുമോൻ എന്നെ കാത്ത് ഗെയ്റ്റിലുണ്ടാകും . ഈസ്റ്റേൺ മെനൊനൈറ്റ് യൂണിവേഴ്സിറ്റിയിൽ പിൽക്കാലത്തു പല സമ്മർ കോഴ്സുകളും പഠിക്കാൻ എനിക്കിടയായി. ഒരിക്കൽ ഭാര്യ സൂസനുമുണ്ടായിരുന്നു. അപ്പോഴെല്ലാം കാറിൽ മൂന്നു മണിക്കൂർ സഞ്ചരിച്ചു ഹാരിസൺ ബർഗിൽ കൊണ്ടുവിടാൻ കുഞ്ഞുമോനുമുണ്ടായിരുന്നു. മാണിക്യ വീണയും ഏഴിലം പാലയും പാടി പാടി ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും മുന്നൂറു മൈലുകൾ സഞ്ചരിച്ചത് അറിഞ്ഞിട്ടുണ്ടാവില്ല. ജീവിതത്തിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു എന്റെ ആത്മസുഹൃത്തിന്റെ കാൻസർ രോഗവും മരണവും. ചില പ്രയാസങ്ങൾ കാരണം അവധി എടുത്തു എന്ന് മാത്രമേ ഞാൻ അറിഞ്ഞിരുന്നുള്ളു. "I am fine" എന്നാണ് ഞാൻ വിളിക്കുമ്പോൾ അവസാനമായി അവൻ പറഞ്ഞിരുന്നത്. മൂന്നു ദിവസത്തേക്ക് മാത്രമായി അമേരിക്കയിലേക്ക് ഞാനൊരു യാത്ര പോയത് കുഞ്ഞുമോന്റെ വിയോഗ ശുശ്രൂഷയിൽ പങ്കെടുക്കാനായിരുന്നു. ഇംഗ്ലണ്ടിൽ ചില പരിപാടികൾക്കായി ശുശ്രൂഷ കഴിഞ്ഞയുടൻ ഞാൻ മടങ്ങുകയും ചെയ്തു. കാരണം കുഞ്ഞുമോൻ ഇല്ലാത്ത മെരിലാൻഡിൽ ഞാൻ മുമ്പ് താമസിച്ചിട്ടില്ല. അത് വളരെ വേദനാജനകമായിരുന്നു. അച്ചായനെയും അമ്മച്ചിയേയും സഹോദരങ്ങളെ എല്ലാവരെയും കുഞ്ഞുമോൻ അമേരിക്കയിലെത്തിച്ചിരുന്നു. ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റി അവൻ യാത്രയായി. ബാല്യകാലത്തു തന്നെ ഇങ്ങനെയൊരു സുഹൃത്തിനെ ലഭിച്ചതിൽ ഞാൻ ഈശ്വരന് നന്ദി പറയുന്നു. Dr. Abraham karickam
യാത്രാപഥത്തിലെ താരകങ്ങൾ: ആറ് പൊലോണപ്പൻ എന്ന മത്തായി അല്പം കാശൊക്കെ ഉണ്ടാവുമ്പോൾ നമ്മൾ നല്ല ഒരു വീടു വയ്ക്കും. ചിലരൊക്കെ ആകാശകുസുമം എന്നൊക്കെ പേരും നൽകും. നമ്മുടെ കുടുംബവും തറവാടും ഏതെന്നു ഒരിക്കലും ആർക്കും പിടികിട്ടുകയില്ല. ഇത് ഞാൻ പറഞ്ഞത് കുടുംബചരിത്രവും കുടുംബമാഹാത്മ്യവും എന്നെ പഠിപ്പിച്ച മത്തായി അപ്പച്ചനെപ്പറ്റി പറയാനാണ്. എന്റെ വല്യപ്പച്ചൻ മുണ്ടയ്ക്കൽ ഉമ്മൻ ഇടിക്കുളയ്ക്കു അഞ്ചു മക്കൾ. നാലാണും ഒരു പെണ്ണും. മകളെ കുറ്റിയിൽ കുടുംബത്തിൽ കെട്ടിച്ചു വിട്ടു. നാലാണ്മക്കളിൽ മൂത്തയാളാണ് മത്തായി. പുലമൺ മുകളിൽ വീട്ടിൽ നിന്ന് വിവാഹം കഴിച്ചു അവിടെ താമസമായതിനാൽ പുലമൺ അപ്പൻ എന്ന പെരുകിട്ടുകയും അത് ലോപിച്ചു പൊലോണപ്പൻ എന്നാവുകയും ചെയ്തു.. ബാക്കി മൂന്നുപേരും കരിക്കത്തു താമസമാക്കി. മൂന്നാമത്തെയാളാണ് ഇഞ്ചയ്ക്കൽ യോഹന്നാൻ എന്ന എന്റെ പിതാവ്. ഞങ്ങളുടെ കുടുംബപ്പേര് ഇഞ്ചയ്ക്കൽ എന്നാണെങ്കിലും ഒരു ശാഖ മുണ്ടയ്ക്കൽ എന്നും അറിയപ്പെട്ടു. പുലമൺ അപ്പന്റെ രണ്ടാമത്തെ മകനെ " ഭീമൻ കുഞ്ഞുകുഞ്ഞു" എന്നാണ് കൊട്ടാരക്കരയിൽ എല്ലാവരും വിളിച്ചിരുന്നത്. അദ്ദേഹം സാക്ഷാൽ ഭീമൻ തന്നെയായിരുന്നു. നാട്ടിൽ ഇറങ്ങിയാൽ ഒരു പട്ടാളം വരുന്ന പ്രതീതിയായിരുന്നു. മകൻ ഭീമനാണെങ്കിൽ അപ്പൻ എങ്ങിനെയായിരിക്കും എന്നൂഹിക്കാമെല്ലോ. വീരശൂര പരാക്രമ കഥകൾ പലതുണ്ട്. പക്ഷെ പറയാൻ പറ്റത്തില്ല.അപ്പന് എന്നോട് ഒരു പ്രത്യേക വാത്സല്യമൊക്കെ ഉണ്ടായിരുന്നു. കാരണം എല്ലാ കഥകളും ഞാൻ താൽപ്പര്യത്തോടെ കേട്ടിരിക്കുമായിരുന്നു എന്നതുതന്നെ. എന്റെ ഉപ്പാപ്പന്റെ മകൻ അവറാച്ചായൻ അപ്പനെ ഒരിക്കൽ ഒന്നു പറ്റിച്ചു. ഞാൻ ഇഞ്ചയ്ക്കൽ കുടുംബചരിത്രം എഴുതിയിട്ടുണ്ടെന്നും അതിൽ "മത്തായിയുടെ ക്രൂരകൃത്യങ്ങൾ" എന്നപേരിൽ അപ്പനെപ്പറ്റി ഒരദ്ധ്യായമുണ്ടെന്നും തട്ടിവിട്ടു. അപ്പൻ ഉടനെ എന്റെ അടുത്തെത്തി അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു. വളരെ പാടുപെട്ടാണ് അന്ന് അപ്പനെ സമാധാനിപ്പിച്ചത്. ഏതായാലും അപ്പൻ പറഞ്ഞുതന്ന കുടുംബചരിത്രമാണ് ഞാൻ പിൽക്കാലത്ത് രേഖപ്പെടുത്തിയത്. സുപ്രധാനമായ ഒരു കാര്യം അന്ന് പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ വയനാട്ടിലുള്ള കുടുംബാംഗങ്ങളെ എന്നേക്കുമായി ഞങ്ങൾക്കു നഷ്ടപെടുമായിരുന്നു. എന്റെ വല്ല്യവല്ല്യപ്പൻ ഇടിക്കുള മാപ്പിളയുടെ സഹോദരൻ കുഞ്ചാണ്ടി മാപ്പിളയുടെ മക്കളെല്ലാം മലബാറിൽ എവിടെയോ ഉണ്ടെന്നും അതിലൊരാൾ വർഷത്തിലൊരിക്കലെങ്കിലും ഇവിടെ വരുമായിരുന്നു എന്നും അപ്പൻ പറഞ്ഞിരുന്നു.പക്ഷെ പിന്നീട് ആ ബന്ധം മുറിഞ്ഞുപോയി.അങ്ങിനെയെങ്കിൽ കുറഞ്ഞത് നൂറു വീട്ടുകാർ എങ്കിലും അവിടെ കാണുമെന്നും ഞങ്ങൾ ചിന്തിച്ചു. അന്നുമുതൽ അന്വേഷണവും തുടങ്ങി. ഞാൻ കോഴിക്കോട് മനോരമയിൽ ജോലി ചെയ്യുന്ന കാലത്തു പത്രങ്ങൾ എല്ലാം അരിച്ചുപെറുക്കി നോക്കുമായിരുന്നു. ഇഞ്ചയ്ക്കൽ എന്ന കുടുംബപ്പേര് എവിടെയെങ്കിലും കണ്ടിരുന്നെങ്കിൽ എന്നാശിച്ചുപോയി. ഒരു പത്തുവർഷം മുൻപ് അതു സംഭവിച്ചു. വളരെ ആകസ്മികമായി വൈ.എം.സി.എ പ്രാർത്ഥനയ്ക്ക് വീട്ടിൽ വന്ന ഞങ്ങളുടെ കൊക്കാട്ട് വിളയിൽ പൊന്നമ്മാമ്മ ഭിത്തിയിൽ വലുതായി വരച്ചു വച്ചിരുന്ന എന്റെ അപ്പന്റെ പടം നോക്കി പറഞ്ഞു: " ഇതു കാട്ടിക്കുളത്തെ ഫിലിപ്പ് അച്ചായനെപ്പോലെ തന്നെ ഇരിക്കുന്നല്ലൊ". ഞങ്ങൾക്ക് അത്രയും മതിയായിരുന്നു. ആ തുമ്പിൽ പിടിച്ചു കയറി. വയനാട്ടിൽ കാട്ടികുളത്തും മറ്റു പലയിടങ്ങളിലുമായി താമസമുള്ള കുടുംബാംഗങ്ങളെ എല്ലാം ഞങ്ങൾ കണ്ടെത്തി. കുറെ വർഷം മുൻപ് കരിക്കം ഇന്റർനാഷണൽ സ്കൂളിൽ വച്ച് സമ്പൂർണ്ണ കുടുംബയോഗം ഞങ്ങൾ നടത്തി. ബസ്സിലും കാറിലുമൊക്കെയായി അവർ എത്തി. അതുപോലെ ഞങ്ങൾ അങ്ങോട്ടും പോവുക പതിവാണിപ്പോൾ. മത്തായി അപ്പച്ചൻ കൃത്യമായി ആ വിവരം ഞങ്ങൾക്കു പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ ഒരു തീരാദുഃഖമായി അത് അവശേഷിച്ചേനെ. കുടുംബാംഗങ്ങളെ ഒരു ചങ്ങലയിലെ കണ്ണികളിലായി കോർത്തു നിറുത്താൻ കഷ്ടപ്പെടുന്ന ഇതുപോലെയുള്ള അപ്പച്ചന്മാരെയാണ് ഇന്നു നമ്മുക്ക് ആവശ്യം. 1982 - ൽ ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ പള്ളിയിലേക്കു പുറപ്പെടുംമുമ്പ് രണ്ടുകയ്യും തലയിൽ വച്ച് എന്നെ അനുഗ്രഹിച്ച പൊലോണപ്പനെ ഒരു നാളും മറക്കാനാവില്ല. ആ ഫോട്ടോ എന്റെ ആൽബത്തിലെ ഒരു പ്രധാന ഏടാണിന്നും. എന്റെ വല്ല്യപ്പച്ചൻ ഉമ്മൻ ഇടിക്കുള മാതൃ ഇടവകയായ പട്ടമല പള്ളിയിലെയും പിന്നീട് കരിക്കം പള്ളിയിലെയും ആത്മായ ശുശ്രൂഷകനായിരുന്നു. പൊലോണപ്പൻ പട്ടമല പള്ളിയിലെ ട്രസ്റ്റി ആയിരുന്നപ്പോൾ പതിമൂന്നു കല്ല്യാണങ്ങൾ ഒരുമിച്ചു അവിടെ നടന്ന സംഭവമെല്ലാം പറയുമായിരുന്നു. ആ കൂട്ടത്തിൽ എന്റെ അപ്പനും ജ്യേഷ്ഠനുമുണ്ടായിരുന്നു. ആറുമാസത്തിലൊരിക്കലോ മറ്റോ അച്ചൻ വരുമ്പോൾ സമൂഹ വിവാഹം പോലെയായിരുന്നു അന്നത്തെ ചടങ്ങുകൾ. അപ്പന്മാർ മിക്കപ്പോഴും ഞങ്ങളുടെ ഏതെങ്കിലും വീട്ടിൽ ഒത്തുകൂടുമായിരുന്നു. അന്നത്തെ സദസ്സുകൾ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിരുന്നു എന്നതു വലിയ ഭാഗ്യമായി. സഹോദര സ്നേഹം പഠിക്കാൻ ഞങ്ങൾക്കാർക്കും കൗൺസലിംഗ് ക്ലാസ്സുകളിൽ പോകേണ്ടിവന്നിട്ടില്ല. അപ്പച്ചന്മാരും അമ്മച്ചിമാരും ജീവിതം കൊണ്ട് ഞങ്ങളെ ഒരുപാട് പഠിപ്പിച്ചു. ഒരായിരം നന്ദി. Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ - അഞ്ച് പ്രൊഫ. ബലറാം മൂസദ് പ്രീഡിഗ്രി കോമേഴ്സ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായെങ്കിലും വഴി മാറി സഞ്ചരിക്കാൻ ഞാൻ തീരുമാനിച്ചു. ഇംഗ്ലീഷ് സാഹിത്യം പഠിക്കണം. സാഹിത്യ സഞ്ചാരം കുറേശ്ശെ തുടങ്ങിയിരുന്നു അക്കാലത്തു്. ബി. എ ഫൈനൽ ആയപ്പോഴേക്കും എന്റെ "അസ്തമിക്കാത്ത വെളിച്ചം " സ്വപ്ന ഭൂമി " എന്നീ രണ്ടു ചെറു നോവലുകൾ പുറത്തു വന്നിരുന്നു. കൊല്ലം ഫാത്തിമാ കോളജിൽ ബി. എ ഇംഗ്ലീഷ് ഫൈനൽ വിദ്യാർത്ഥികളാ യി എനിക്ക് വേണ്ടപ്പെട്ടവർ രണ്ടുപേർ അന്ന് ഉണ്ടായിരുന്നു. മന്നിക്ക വിളയിൽ സാറാമ്മയും കളീക്കൽ മറിയാമ്മയും. ഇണക്കുരുവികൾ. രണ്ടുപേരും പിന്നീട് അദ്ധ്യാപകരായി. ഇംഗ്ലീഷ് സാഹിത്യം പഠിക്കണമെന്ന് പറഞ്ഞു ഞാൻ ഇവരുടെ പിറകെ കുടി. അവർ വകുപ്പ് മേധാവി ബലറാം മൂസദ് സാറിനെ ചെന്ന് കണ്ടു കാല് പിടിച്ചു കാണും. ഏതായാലും എനിക്ക് ഇന്റർവ്യൂ കാർഡ് വന്നു. പ്രതാപിയായ റൊസാരിയോ അച്ചനാണ് പ്രിൻസിപ്പൽ. അച്ചൻ എം. കോം കാരനാണ്. അച്ചനും ബലറാം മൂസദ് സാറും കൂടി ഒന്നിച്ചിരുന്നാണ് എന്നെ ഇന്റർവ്യൂ ചെയ്തത്. ഞാൻ കോമേഴ്സ് ഫസ്റ്റ് ക്ലാസ്സുകാരനാണെന്നു കണ്ടപ്പോൾ ബി. കോമിന് ചേരാൻ അച്ചൻ ഒന്ന് നിർബന്ധിച്ചു. വീണ്ടും ഒരു ഗതി മാറൽ ഏതാണ്ട് ഉറപ്പായതാണ്. പക്ഷെ മൂസദ് സാർ പിടിവിട്ടില്ല. രണ്ടു പേരുടെ പ്രത്യേക റെക്കമെൻഡേഷൻ വഴിയാണ് ഞാൻ വന്നതെന്നും ഇംഗ്ലീഷ് തന്നെ പഠിക്കണമെന്നും സാർ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ മൂസദ് സാർ ഒരു മാലാഖയായി എന്റെ മുന്നിൽ അവതരിക്കുകയായിരുന്നു. പിന്നീട് അഞ്ച് വർഷം സാഹിത്യത്തിൻറെ ഉ oത്തുoഗ ശൃംഗങ്ങളിലേക്കു അദ്ദേഹം ഞങ്ങളെ നയിച്ചപ്പോൾ അതിശയത്തോടെ, ആവേശത്തോടെ ഞാനിരുന്നു. ഷേക്സ്പിയർ കൃതികളെല്ലാം അദ്ദേഹത്തിന് കാണാപ്പാഠമായിരുന്നു. സുന്ദരനായ അദ്ദേഹത്തിന്റെ അതിസുന്ദരമായ വാക്കുകൾ ഏറെ വശ്യമായിരുന്നു. ഹാംലറ്റും മാക്ബത്തും ഡെസ്ഡിമോണയും മിറാന്ഡയും ഞങ്ങളുടെ മുന്നിൽ നൃത്തം വച്ചു. മൂസദ് സാർ കാലത്തിന്റെ വിസ്മൃതിയിൽ ആണ്ടു പോയെങ്കിലും ഇന്നും ഞങ്ങളുടെ മനസ്സുകളിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഒരൊറ്റ ഉദാഹരണം മതിയായിരുന്നു. എസ് . എൻ. കോളജിൽ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യാപകനായിരുന്നു അന്ന് ഷേക്സ്പിയർ വേലായുധൻ. അഗ്രഗണ്യനായ മറ്റൊരു പ്രൊഫസ്സർ. അവിടെ അദ്ദേഹം പ്രകമ്പനം സൃഷ്ട്ടിക്കുന്ന കാലമാണ്. ഞാൻ ഇംഗ്ലീഷ് അസോസിയേഷൻ പ്രസിഡണ്ട് ആയപ്പോൾ മൂസദ് സാറിനോട് ഒരു കാര്യം ചോദിച്ചു. ഷേക്സ്പിയർ വേലായുധൻ സാറിനെ നമുക്ക് ഒന്ന് വിളിക്കണം. ഒരു ദിവസത്തെ ക്ലാസ്സിന്. ഒരു മടിയും കൂടാതെ അദ്ദേഹം സമ്മതിച്ചു. ഷേക്സ്പിയർ കൃതികളുടെ മറ്റൊരു ഭാഷ്യം ശ്രവിക്കാൻ അങ്ങനെ ഞങ്ങൾക്കു ഭാഗ്യമുണ്ടായി. ഈ സമ്മതം മഹത്തരമാണെന്ന് പറയാൻ കാരണമുണ്ട്. എസ്. എൻ കോളജും ഫാത്തിമയും തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. റോഡിന്റെ ഇരു വശത്തു നിന്നും ഞങ്ങൾ പരസ്പരം കല്ലെറിഞ്ഞിട്ടുണ്ട്. എന്തിനാണെന്ന് ഒന്നും ചോദിക്കരുത്. അന്ന് അങ്ങനെ ആയിരുന്നു. പക്ഷെ അതൊന്നും ഞങ്ങളുടെ അക്കാദമിക് സാഹോദര്യത്തെ തളർത്തിയില്ല. കാരണം അത്രയ്ക്ക് രണ്ടു മഹാന്മാരായിരുന്നു രണ്ടു പ്രസ്ഥാനങ്ങളെയും നയിച്ചത്. റൊസാരിയോ അച്ചൻ ഇവിടെയും ശ്രീനിവാസൻ സാർ അവിടെയും. ഉന്നതരായ അദ്ധ്യാപകർ ഞങ്ങൾക്കുണ്ടായിരുന്നു. സീസർ ആന്റണി, സുമം മിസ്, ഐ. ജേക്കബ്, എ. ആന്റണി, എൽസിമാഡം, സബിത മിസ്, ഇസബെല്ലാ ചാണ്ടി, റൂഫി മിസ് അങ്ങനെ പോകുന്നു അവരുടെ നീണ്ട നിര. ഇതിൽ സബിത മിസും ( ഐ. ജി. കൃഷ്ണൻ നായരുടെ ഭാര്യ ), രാധാ മിസും ഷേക്സ്പിയർ വേലായുധൻ സാറിന്റെ മക്കളാണ്. രാധാ മിസിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. സംസ്കൃതത്തിന്റെ ലോകത്തേക്ക് എനിക്ക് വഴി കാണിച്ചു തന്നത് രാധാ മിസ് ആയിരുന്നു. സംസ്കൃതം സബ്സിഡിയറി ആയി എടുക്കാൻ ഞങ്ങളിൽ ചിലരെ ടീച്ചർ പ്രോത്സാഹിപ്പിച്ചു. കാളിദാസന്റെയും ഭാസന്റെയും മറ്റും നാടകങ്ങൾ ഞങ്ങൾ അങ്ങനെ സംസ്കൃതത്തിൽ പഠിച്ചു. പിന്നീട് അലങ്കാര ശാസ്ത്രത്തിൽ പി .എച് .ഡി നേടാൻ ഈ പഠനം എന്നെ ചില്ലറയൊന്നുമല്ല സഹായിച്ചത്. ഭരത മുനിയുടെ നാട്യ ശാസ്ത്രവും ഭാമഹൻ, വാഗ്ഭടൻ, ദണ്ഡി, പണ്ഡിത രാജൻ തുടങ്ങിയവരുടെ അലങ്കാര ശാസ്ത്രങ്ങളും എനിക്ക് കുലംകഷമായി പഠിക്കണമായിരുന്നു. മാത്രമല്ല അതിനു ശേഷം നൂറ്റി പതിനെട്ടു ഉപനിഷത്തുക്കൾ ആഴത്തിൽ പഠിക്കുന്നതിനും ഈ ജ്ഞാനം എനിക്ക് വലിയ തുണയായി. " രക്ഷാ സങ്കല്പം ഉപനിഷത്തുകളി ലും, ബൈബിളിലും ഖുർ ആനിലും" എന്ന കൃതിക്ക് മറ്റൊരു പി .എച് .ഡി ലഭിക്കുന്നതിനും ഇത് മുഖാന്തിരമായി. സീസ്സർ ആന്റണി സാറിനെ പറ്റി പ്രേത്യേകം പറയേണ്ടതുണ്ട്. ഭാഷാശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് പോകാൻ ഞങ്ങൾക്ക് പ്രചോദനമായത് സാറിന്റെ ഗംഭീര ക്ലാസ്സുകളാണ്. പോരാത്തതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും അയ്യപ്പ പണിക്കരെ വിളിച്ചു വരുത്തി ഞങ്ങൾക്ക് ക്ലാസ്സ് എടുപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് ഭാഷ ശാസ്ത്രത്തിൽ പി. എച്. ഡി നേടുവാൻ അടിസ്ഥാന ശിലാ ആയതു ഫാത്തിമയിലെ പഠനങ്ങളാണ്. എന്റെ പ്രബന്ധത്തിന്റെ തല വാചകം കേൾക്കുമ്പോൾ അതിന്റെ സാംഗത്യം മനസ്സിലാകും.”The Analysis of Rhetoric Figures in the Indian and western Traditions: a Linguistic, Stylistic Study”(“അലങ്കാര ശാസ്ത്രം ഭാരതീയ - പാശ്ചാത്യ ശാഖകളിൽ : ഒരു ഭാഷ ശാസ്താ, ശൈലി ശാസ്ത്ര പഠനം”.) ഈ അദ്ധ്യാപകരോടെല്ലാം എങ്ങനെ നന്ദി പറഞ്ഞു തീർക്കും? ഒരു നന്ദിയും പ്രതീക്ഷിക്കാത്ത ഒരു വർഗമാണ് അദ്ധ്യാപകർ. അതെനിക്ക് നന്നായറിയാം. Dr. Abraham Karickam