Wednesday, 14 July 2021
യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയേഴ്
ഡോ. ജോൺ പോൾ ലെഡറാക്ക് (DR.JOHN PAUL LEDERACH )
ചെറുപ്പം മുതൽ എന്നെ സ്വാധീനിച്ചിട്ടുള്ള നിരവധി അദ്ധ്യാപകരെ ഈ സീരിസിൽ ഞാൻ അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ എന്റെ ധർമ്മാന്വേഷണ പന്ഥാവിൽ അറിയാതെ വന്നുപെട്ട ഒരു മഹാ മനീഷിയാണ് അമേരിക്കയിലെ ഇൻഡ്യാനയിൽ ജനിച്ചു വളർന്ന ഡോ. ജോൺ പോൾ ലെഡറാക്ക്. ഇപ്പോൾ നോത്രദാം യൂണിവേഴ്സിറ്റിയിലെ ക്രോക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പീസ് സ്റ്റഡീസിന്റെ ഡയറക്ടറാണ്.
നൂറ്റി നാലു വർഷം മുമ്പ് വെർജീനിയ സംസ്ഥാനത്തെ ഹാരിസൻബർഗിൽ സമാധാന കാംക്ഷികളായ മേനോ നൈറ്റ് സഭ ആരംഭിച്ച സ്ഥാപനമാണ് ഈസ്റ്റേൺ മേനോനൈറ്റ് യൂണിവേഴ്സിറ്റി. അവിടെ പീസ് ബിൽഡിംഗ് ഡിപ്പാർട്മെൻറ് വളർത്തിയെടുത്ത പ്രൊഫസറാണ് ജോൺ പോൾ. ഇന്നും സമ്മറിൽ നടക്കുന്ന നിരവധി കോഴ്സുകൾക്ക് നേതൃത്വം നല്കാൻ അദ്ദേഹം അവിടെ എത്താറുണ്ട്.
തൊണ്ണൂറുകളിൽ നടന്ന ഒരു കോഴ്സിന് വേണ്ടിയാണ് ഞാൻ ആദ്യമായി ഇ. എം. യു വിൽ എത്തിയത്. അന്ന് മുതൽ അദ്ദേഹം എന്റെ ആരാധ്യനായ അദ്ധ്യാപകരിൽ ഒരാളായി മാറി. നിരവധി അന്താരാഷ്ട്രാ സംഘട്ടനങ്ങളിൽ ഇടനിലക്കാരനായി സമാധാന ഉടമ്പടികൾക്കു നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം ക്ലാസ് മുറികളെ വല്ലാത്തൊരു പരീക്ഷണ ശാലയാക്കി മാറ്റുന്നത് നമുക്ക് വേറിട്ടൊരു അനുഭവം പകർന്നു നൽകുന്നു. ഭാവനാ സമ്പന്നമാണ് ഓരോ ചുവടുകളും. പലതവണ അവിടെ ചേർന്ന് പഠിക്കാൻ എന്നെ പ്രേരിപ്പിച്ചതും ഇത് തന്നെയാണ്.
യു. ആർ. ഐ പ്രസ്ഥാനത്തിലെ ചിലരെല്ലാം ഇ. എം. യു വിൽ എന്നെപ്പോലെ പഠിതാക്കളായിട്ടുണ്ട്. ഞങ്ങൾ ഒത്തു ചേർന്നപ്പോൾ പുതിയൊരാശയം രൂപപ്പെട്ടു. എങ്ങനെ യു ആർ ഐ യുടെ ലോകമെമ്പാടുമുള്ള സമാധാന പ്രവർത്തകരെ ഈ മാതൃകയിലുള്ള ഒരു പരിശീലന പരിപാടിയിൽ പങ്കാളികളാക്കാം? ആ ആലോചനയുമായി ജോൺ പോളിനെയും അദ്ദേഹത്തിന്റെ കൂട്ടുകാരനായ മറ്റൊരു പ്രൊഫസർ ഡോ. ഹേം വീവറെയും ഞങ്ങൾ സമീപിച്ചു.
അവർ രണ്ടുപേരും സഹായിക്കാമെന്നേറ്റപ്പോൾ ഒരു വമ്പൻ പദ്ധതി ഉരുത്തിരിഞ്ഞു വന്നു. പല രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചു പേരെ മാസ്റ്റർ ട്രെയിനേഴ്‌സായി പരിശീലിപ്പിച്ചെടുക്കുക . അവരിലൂടെ ലോക സീമകളിലേക്കു പടർന്നു കയറുക. അതായിരുന്നു പ്ലാൻ.
അങ്ങനെ രണ്ടു വർഷം നീണ്ടു നിൽക്കുന്ന ഒരു തീവ്ര പരിശീലനത്തിന് പദ്ധതിയുണ്ടാക്കി. മൂന്നു മാസത്തിലൊരിക്കൽ എല്ലാവരും ഏതെങ്കിലുമൊരു രാജ്യത്തു സമ്മേളിക്കുക. അവിടെ ഒരാഴ്ചത്തെ പഠനത്തിനൊപ്പം ആ നാടുകളിലെ പ്രശ്ന ബാധിത പ്രദേശങ്ങളെ അടുത്തറിയുക. പ്രശ്ന പരിഹാരങ്ങൾ കണ്ടെത്തുക. ഇതൊക്കെയായിരുന്നു വിഭാവനം ചെയ്തത്.
വളരെ ചെലവേറിയ ഈ പദ്ധതിക്ക് സഹായവുമായി കാറ്റലിസ്റ്റ്സ് ഫോർ പീസ് എന്ന ഫൗണ്ടേഷനും അതിന്റെ ഡയറക്ടർ ലിബി ഹോഫ്മാനും ഞങ്ങളുടെ കൂടെ കൂടിയപ്പോൾ എല്ലാം ശുഭം. അമേരിക്ക, ഫിലിപ്പീൻസ്, ഇന്ത്യ , ഇന്തോനേഷ്യ ,എത്യോപ്യ , ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ ജോൺ പോളും ഹേം വീവറും ഞങ്ങൾക്കായി ഒരുക്കിയ പഠന സമ്മേളനങ്ങൾ എക്കാലവും മനസ്സിൽ മായാതെ നിൽക്കുന്നവയാണ്.
ഫിലിപ്പീൻസിലെ മിൻഡനാവോ സംഘർഷങ്ങളും (കത്തോലിക്കരും മുസ്ലിം മത വിഭാഗവും തമ്മിൽ) ഉഗാണ്ടയിലെ ഗറില്ലാ യുദ്ധ മുറകളും (ജോസഫ് കോണി സംഘവും സർക്കാരും തമ്മിൽ) എല്ലാം നേരിൽ കണ്ടു മനസ്സിലാക്കാൻ ഞങ്ങളുടെ ടീമിന് കഴിഞ്ഞു. യു .ആർ . ഐ യുടെ സമുന്നത നേതാക്കളടങ്ങിയ അച്ചോളി (ACHOLI PEACE INITIATIVE) സംഘം ഇടപെട്ടാണ് ഉഗാണ്ടയിലെ ഒളിപ്പോര് യുദ്ധത്തിന് അറുതി വരുത്തിയത്. വനത്തിനുള്ളിൽ പോയി ജോസഫ് കോണിയുടെ ഗറില്ലാ സംഘത്തെ കണ്ട കഥകളൊക്കെ എന്നും നമ്മെ ആവേശം കൊള്ളിക്കുന്ന സംഭവങ്ങളാണ്. ഇരുപത്തി മൂന്നു വർഷത്തെ കൊടും ക്രൂരതകൾക്കാണ് അവസാനമുണ്ടായത്.
Moral Imagination – the Art and Soul of Peace Building, Preparing for Peace, Conflict Transformation, Reconcile, Peace Building – Into the Eye of the Storm, Contemporary Conflict Resolution, Strategic Peace Building തുടങ്ങി എത്രയോ ഗ്രന്ഥങ്ങൾ ജോൺ പോളിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തിരിക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമാധാന പ്രവാചകരിൽ ഒരാളായ സാറിനൊപ്പം പഠിക്കാനും യാത്ര ചെയ്യാനും ലഭിച്ച അവസരങ്ങൾ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളായിരുന്നു. ഇതിനൊക്കെ നമ്മെ പ്രാപ്തരാക്കുന്ന പ്രാപഞ്ചിക ശക്തിക്കു മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.
ഡോ. ഏബ്രഹാം കരിക്കം
Monday, 12 July 2021
യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയാറ്.
സാലി മാഹി ( SALLY MAHE )
യു.ആർ.ഐ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ എക്സിക്യുട്ടിവ് ഡയറക്ടർ ചാൾസ് ഗിബ്‌സിനൊപ്പം പ്രവർത്തിച്ച രണ്ടുപേരാണ് സാലി മാഹിയും ബാർബറാ ഹാർട്ട്‌ഫോർഡും. അന്നുമുതൽ ഇന്നുവരെ സാലി സ്റ്റാഫിലുണ്ട്. ബാർബറാ കുറെ നാൾ മുമ്പ് റിട്ടയർ ചെയ്തു. ബാലാരിഷ്ടതകളിൽ നിന്ന് ഒരു ലോക സംഘടന ഉയിർത്തെഴുന്നേറ്റു വരണമെങ്കിൽ അതിന്റെ പിന്നിലുള്ള ത്യാഗം എത്രയെന്ന് ഇവർ നമുക്കു പറഞ്ഞു തരും.
മാഹി എന്ന പേര് എങ്ങിനെ കിട്ടിയെന്നായി സാലിയോടുള്ള ഞങ്ങളുടെ അന്വേഷണം. അവരുടെ മുത്തച്ഛൻ ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ പണ്ടെങ്ങോ പട്ടാള മേധാവിയായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. ആ ഓർമ്മയ്ക്ക് കൊച്ചു മകൾക്കു അങ്ങനെ പേരു നൽകിയതാകാം.
ഏതായാലും ഒരു സന്ദർശനവേളയിൽ സാലിയും കൂട്ടുകാരിയും കൂടി മാഹിയിലേക്കൊരു യാത്ര നടത്തി. തന്റെ മുത്തച്ഛന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും അവിടെയുണ്ടോ എന്നറിയാൻ. ഒരു തുമ്പും കിട്ടിയില്ല.
ജീവിത പ്രയാണം ലോകമെന്പാടുമുള്ള മതനേതാക്കളോടൊപ്പമാകുമ്പോൾ എന്തുമാത്രം ജാഗ്രത വേണം എന്നു പഠിപ്പിച്ചതു സാലിയാണ്. എല്ലാവരും അവരവരുടെ സാമ്രാജ്യത്തിലെ ചക്രവർത്തികളായാണ് വാഴുന്നത്. അംഗീകാരം എല്ലാവരും പ്രതീക്ഷിക്കും. എന്നാൽ എല്ലാവരുടെയും തത്വശാസ്ത്രത്തിന്റെ മഹിമയും ബലഹീനതകളും അറിഞ്ഞിരിക്കയും വേണം.
ഏഷ്യൻ മണ്ണിൽ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിൽ സാലി നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. ഏതു സമ്മേളനം നടത്തിയാലും സ്ഥിര സാന്നിദ്ധ്യമായിരുന്നു. ആദ്യമായി ഏഷ്യാ എക്സിക്യുട്ടിവ് കൗൺസിൽ രൂപം കൊണ്ടപ്പോൾ ഏറെ നാൾ അതിലെ പ്രത്യേക ക്ഷണിതാവായും പങ്കെടുത്തു. ബുദ്ധമതാചാര്യനായ പ്രൊഫ. ജിൻ വോൾ ലീയുടെ നേതൃത്വത്തിൽ തെക്കൻ കൊറിയയിൽ ഞങ്ങൾ ഓഫീസ് തുറന്നപ്പോഴും സാലിയുണ്ടായിരുന്നു.
ആറുമാസം വരെ സ്റ്റാഫിനു ശമ്പളം കിട്ടാതിരുന്ന കാലമുണ്ടായിരുന്നു എന്ന് ഒരിക്കൽ അവർ പറഞ്ഞതോർക്കുന്നു. ഏതൊരു മഹൽ പ്രസ്ഥാനത്തിനും ഇത്തരം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കഥകൾ ഏറെ പറയാനുണ്ടാവും. പിൽക്കാലത്തു സമൃദ്ധിയുടെ നിറവിൽ തലപ്പത്തെത്തുന്നവരൊന്നും ആ കഥകൾ അറിയാനുമിടയില്ല.
ഒരിക്കൽ സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഒരിക്കലും സാലി കാർ പൂട്ടുന്നതായി കണ്ടില്ല. അതെന്താണെന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു. "ഈ ചാടാക്കു കാറൊക്കെ ആരെടുക്കാൻ". ഒരു ലക്ഷ്യത്തിലേക്കുള്ള ത്യാഗോജ്വലമായ മുന്നേറ്റത്തിൽ കൊച്ചു കൊച്ചു കാര്യങ്ങളോർത്തു നാം വ്യാകുലപ്പെടേണ്ടതില്ല എന്ന വലിയ ഒരു പാഠമാണ് അവർ പകർന്നു നൽകിയത്.
സാൻഫ്രാൻസിസ്‌കോയിൽ സാലിയുട വീടിനടുത്തായി റെഡ്‌വുഡ് മരങ്ങളുടെ ഒരു വനമുണ്ട്. ഇത്ര വമ്പൻ മരങ്ങളെ ലോകത്തു വിരളമായേ നമുക്ക് കാണാൻ കഴിയൂ. മുന്നൂറടി വരെ ഉയരത്തിൽ അവ വളരും. വലിപ്പത്തിലും ഭാരത്തിലും ഇവർ തന്നെ മുമ്പന്മാർ.
രണ്ടായിരം വർഷം വരെ തളരാതെ കൊമ്പുയർത്തി നിൽക്കുന്ന ഈ മരങ്ങൾക്കു ഒരു പ്രേത്യേകതയുണ്ട്. അവയുടെ വേരുകൾ ഭൂമിക്കടിയിൽ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുകയാണ്. അങ്ങനെ ഒന്ന് മറ്റൊന്നിനെ താങ്ങി നിൽക്കുന്നതിനാൽ ഏതു പ്രതികൂല കാലാവസ്ഥയെയും അവർ ഒറ്റക്കെട്ടായി തരണം ചെയ്യുന്നു. വലിയ ഒരു ജീവിത പാഠമാണ് റെഡ്‌വുഡ് മരങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്.
യു.ആർ.ഐ ട്രാവലിംഗ് പീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ നടത്തിയ പല പരിശീലന പരിപാടികളിലും ഒരൊന്നാന്തരം അദ്ധ്യാപികയായി സാലി മാറുന്നതു കണ്ടിട്ടുണ്ട്. സമാധാന നിർമ്മിതി എന്ന സംജ്ഞ അവർ ഹൃദയത്തോട് ചേർത്ത് വച്ചിരുന്നു.
എഴുത്തിന്റെ മാസ്മരിക ലോകത്തും നന്നായി പ്രശോഭിക്കുന്ന ഒരു വ്യക്തിയായി സാലിയെ കാണാം. ചാൾസുമായി ചേർന്ന് " The Birth of a Global Community” എന്ന ചരിത്ര ഗ്രന്ഥം അവർ രചിക്കയുണ്ടായി. യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റിവിന്റെ ഉയർച്ച താഴ്ചകളുടെ തീവ്രമായ കഥകൾ ആ താളുകളിൽ ചുരുളഴിയുന്നുണ്ട്. ഇന്നും ചരിത്ര വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടു അനേകം കഥകൾ അവർ അനാവരണം ചെയ്തുകൊണ്ടിരിക്കുന്നു.
2001 - ലെ ആദ്യ ഏഷ്യാ പസഫിക് സമ്മേളനം മുതൽ സാലി ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്നത് നന്ദിയോടെ ഓർക്കുകയാണ്. ഒൻപതു വർഷങ്ങൾക്കു ശേഷം പൂനയിൽ വച്ചാണ് രണ്ടാമതൊരു ഏഷ്യാ കോൺഫറൻസ് നടത്താനായത്. അന്ന് അമേരിക്കയിൽ നിന്ന് പാരിസ് വരെ എത്തിയ സാലി എയർപോർട്ടിലെ തീപിടിത്തം കാരണം അവിടെനിന്നും മടങ്ങേണ്ടി വന്നതൊഴിച്ചാൽ എല്ലാക്കാലവും ശക്തമായ പിന്തുണയുമായി ഏഷ്യൻ ടീമിനൊപ്പം നിന്നു.
ഏതു കാര്യത്തിനിറങ്ങിയാലും ദൈവത്തിന്റെ ഒരു കയ്യൊപ്പുകൂടി ഉണ്ടെങ്കിലേ വിജയ പാതയിൽ മുന്നേറാൻ നമുക്കു കഴിയൂ. ആ ഭാഗ്യം ലഭിച്ചവരിൽ ഒരാളാണു സാലി മാഹി. ഇല്ലെങ്കിൽ ഏതാണ്ട് മുപ്പതു വർഷത്തോളം ഒരു ലോകോത്തര സംഘടനയുടെ തലപ്പത്തു തുടരാനാവില്ല. സഞ്ചാരപാതയിലെ വഴിവിളക്കുകളായി സാലിയെപ്പോലുള്ളവർ അഭുംഗുരം പ്രശോഭിക്കുന്നതു നമ്മുടെ അനുഗ്രഹമല്ലാതെന്താണ്?.
ഡോ. ഏബ്രഹാം കരിക്കം
Friday, 9 July 2021
യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയഞ്ച്
ഫാ. ആൽബർട്ട് നമ്പ്യാർ പറമ്പിൽ
മതസംവാദരംഗത്തെ ഇന്ത്യയിലെ ആചാര്യന്മാരിലൊരാൾ. ഒരു ലോകമത സമ്മേളനം വേണമെങ്കിലും ഒറ്റയ്ക്കു നടത്താൻ കെൽപുള്ള വ്യക്തിത്വം. പ്രസ്ഥാനങ്ങൾ തുടങ്ങുന്നതും വളർത്തുന്നതും ജീവിത വ്രതമാക്കിയ മറ്റൊരാളെ ഇതുപോലെ കാണാൻ പ്രയാസം.
അഖിലലോക സഭാ കൗൺസിലിന്റെ മതസംവാദ വേദികളിലാണ് ഞാൻ ആദ്യം നമ്പ്യാർ പറമ്പിലച്ചനെ കാണുന്നത്. എപ്പോഴും ജസ്റ്റിസ് പി.കെ ഷംസുദീൻ സാർ ഒപ്പമുണ്ടാകും. ഇരട്ട സഹോദരങ്ങളെപോലെ ആയിരുന്നു അവർ.
മതസംവാദം മതപരിവർത്തനത്തിനുള്ള ഒരുപാധിയല്ലേ എന്നു ചോദിക്കുന്നവരോട് അച്ചൻ തമാശയായി പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. ഞാനും ജസ്റ്റിസും കഴിഞ്ഞ നാൽപ്പതു വർഷമായി പരസ്പരം പരിവർത്തനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണെന്ന്.
യു.ആർ.ഐ യുടെ ആദ്യ ഏഷ്യാ കോൺഫറൻസിൽ രണ്ടുപേരുമുണ്ടായിരുന്നു. ബാലിയിൽ. പിന്നീട് അച്ചൻ കൊച്ചിയിൽ നടത്തിയ പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഞാനും പങ്കാളിയായി. തെക്കൻ ആഫ്രിക്കയിൽ നിന്ന് മഹാത്മാഗാന്ധിജിയുടെ കൊച്ചു മകൾ എലാ ഗാന്ധിയെ വരെ അച്ചൻ കൊച്ചിയിൽ കൊണ്ടുവന്നു. പിന്നീട് ഡർബനിൽ അവരുടെ വീട്ടിൽ പോയി എലാ ഗാന്ധിയെ കാണുന്നതിനും, ഗാന്ധിജിയുടെ ഫീനിക്‌സ് ആശ്രമം കാണുന്നതിനും അതെനിക്കു പ്രചോദനമേകി.
കൊച്ചിയിൽ മഹത്തായ ചാവറ കൾച്ചറൽ സെന്റർ ആൽബർട്ട് അച്ചനാണ് തുടങ്ങിയത്. അതുപോലെ തൊടുപുഴ ഉപാസന. പിന്നെ മൂന്നാറിൽ കൊരണ്ടക്കാട്ടിലുള്ള കാത്തലിക് സ്റ്റഡി സെന്റർ. ഇതെല്ലം ആരംഭിച്ചു ഉപേക്ഷിച്ചതല്ല. വൻ പ്രസ്ഥാനങ്ങളാക്കി വളർത്താൻ അച്ചൻ ജീവിതം സമർപ്പിച്ചു.
കൊച്ചി ആസ്ഥാനമായി വേൾഡ് ഫെലോഷിപ്പ് ഓഫ് ഇന്റർ റിലീജിയസ് കൗൺസിൽ ആരംഭിക്കുകയും നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ കന്യാകുമാരിപോലെ പല ഇടങ്ങളിലായി നടത്തുകയും ചെയ്തു. മത സംവാദ രംഗത്തെ തലയെടുപ്പുള്ള എല്ലാ നേതാക്കളെയും പങ്കെടുപ്പിക്കാൻ അച്ചൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഈ രംഗത്തുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുടെ ഒരു നെറ്റ്‌വർക്ക് ഓക്സ്ഫർഡ് കേന്ദ്രമായി രൂപീകരിക്കുന്നതിനും അച്ചൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
അയാഷേയുടെ (AIACHE) ആഭിമുഖ്യത്തിൽ കോളജ് അദ്ധ്യാപകർക്കു വേണ്ടി മൂന്നാർ കൊരണ്ടക്കാട്ടിലുള്ള സെന്ററിൽ വച്ച് അച്ചൻ നടത്തിയ ഇന്റർ-ഫെയ്ത്ത് ട്രെയിനിംഗ് വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. അവിടെ വച്ചാണ് ഞാൻ ജോൺ സച്ചിദാനന്ദ് എന്ന സ്വാമി സച്ചിദാനന്ദഭാരതിയെ ആദ്യം കാണുന്നത്. പിൽക്കാലത്തു പല രംഗങ്ങളിലും ഒന്നിച്ചു പ്രവർത്തിക്കാൻ ഞങ്ങൾക്കു സാധിച്ചു.
തിരുവല്ലയിൽ ഞങ്ങൾ നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ചു ഞായറാഴ്ച രാവിലെ കുറ്റപ്പുഴ മാർത്തോമ്മാ പള്ളിയിലെ വിശുദ്ധ കുർബാനയിൽ എം.ഓ ഉമ്മൻ അച്ചനോടൊപ്പം നമ്പ്യാർ പറമ്പിൽ അച്ചൻ സംബന്ധിച്ച കാര്യം എന്നും ഞാനോർക്കും. കാസായും പീലാസായും ഉയർത്തിയുള്ള മനോഹര ശുശ്രൂഷക്കൊടുവിൽ അപ്രതീഷിതമായി അച്ചനും അപ്പവും വീഞ്ഞും വാങ്ങി ഭക്ഷിച്ചു. കത്തോലിക്കാ അച്ചൻ എന്ന നിലയിൽ നിഷിദ്ധമാണെങ്കിലും അപ്പോൾ അത് ചെയ്യാതിരുന്നാൽ താൻ ക്രിസ്തുവിനെ അവഹേളിക്കുകയായിരിക്കും എന്ന് പിന്നീട് അച്ചൻ പറഞ്ഞു.
യു.ആർ. ഐ യുടെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന അച്ചൻ മിക്കവാറും എല്ലാ സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നത് നന്ദിയോടെ ഓർക്കുന്നു. ഇതുപോലുള്ള മഹാന്മാരുടെ തോളിൽ ചാരി വളരാനായതാണ് എന്റെ ഭാഗ്യം.
പിന്നീട് ചാവറ കൾചറൽ സെന്ററിന്റെ ഡയറക്ടറായ ഫാ. റോബി കണ്ണഞ്ചിറയെപോലെ നിരവധി പ്രതിഭാധനന്മാരെ വളർത്തിയെടുക്കുന്നതിനും അച്ചന് സാധിച്ചു. യു. ആർ. ഐ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ റോബി അച്ചൻ പുതിയ ദൗത്യവുമായി ഇപ്പോൾ ഡൽഹിയിലാണ്.
നമ്പിയാർ പറമ്പിൽ അച്ചൻ എൺപതാം പിറന്നാൾ ആഘോഷിച്ചപ്പോൾ പ്രൊഫ. ജോൺ കുരാക്കാർ സാറും ഞാനും കൂടി തൊടുപുഴ ഉപാസന സെന്ററിൽ ചെന്ന് അച്ചനുമായി ഒരഭിമുഖം നടത്തിയിരുന്നു. അത് ഇന്റർ-ഫെയ്ത്ത് ലിങ്ക് മാസികയിലൂടെ ലൊകമെന്പാടുമുള്ള സഹൃദയർക്കു ഞങ്ങൾ എത്തിച്ചു നൽകി.
ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്ററിന്റെ അവാർഡ് സ്വീകരിക്കാൻ കൊട്ടാരക്കരയിൽ വന്നപ്പോൾ അദ്ദേഹം നടത്തിയ പ്രസംഗം ഉജ്വലമായിരുന്നു. ഒരു കാലത്തു ഇന്ത്യൻ ഫിലോസഫിക്കൽ കോൺഫറൻസിന്റെ സെക്രട്ടറിയായിരുന്ന അച്ചന്റെ തത്വ ശാസ്ത്രം സ്നേഹത്തിന്റെ ശാസ്ത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
ഉയരങ്ങളിലെ ഞങ്ങളുടെ സെലസ്റ്റിയൽ സർക്കിളിൽ അച്ചനും മറ്റുള്ളവരും സ്വർഗീയ വിരുന്നിൽ പങ്കാളികളാകുന്നു എന്നത് ഞങ്ങൾക്കു ധന്യത പകരുന്ന
വിശ്വാസമാണ്.
ഡോ. ഏബ്രഹാം കരിക്കം
Tuesday, 6 July 2021
യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തി നാല്
റവ. ഡോ. ചാൾസ് ഗിബ്സ്
അനിതര സാധാരണമായ നേതൃ പാടവം. കാറും കോളും ആഞ്ഞടിക്കുമ്പോഴും കടലിൽ ധീരതയോടെ തന്റെ നൗകയെ ശാന്ത തീരങ്ങളിലേക്കു നയിക്കാൻ കഷ്ടപ്പെടുന്ന കപ്പിത്താൻ . ഒരിക്കലും ക്ഷോഭിക്കാത്ത മനസ്സുള്ള നായകൻ. ഏതു വിശേഷണവും ചാൾസിനു ഭൂഷണമാകും.
യു. ആർ ഐ പ്രസ്ഥാനത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായി പതിനേഴ് വർഷങ്ങൾ ആ ലോക സംഘടനയെ തോളിലേറ്റി നടന്ന ചാൾസിനോട് പ്രസ്ഥാനം ഏറെ കടപ്പെട്ടിരിക്കുന്നു. കാലിഫോർണിയ എപ്പിസ്കോപ്പൽ ബിഷപ്പായിരുന്ന ബിൽ സ്വിoഗ് യുണൈറ്റഡ് നേഷൻസിന്റെ പിന്തുണയോടെ ഒരു മഹാ സംരംഭത്തിനിറങ്ങുമ്പോൾ ആവനാഴിയിലെ അസ്‌ത്രമായി കണ്ടു വച്ചിരുന്നത് ചാൾസ് എന്ന തന്റെ സഭയിലെ തന്നെ പട്ടക്കാരനെയാണ്.
കുറെ അഡ്രസ്സുകൾ അടങ്ങുന്ന ഒരു ഫയൽ ബിഷപ് തനിക്കു കൈമാറിയ കഥ പലപ്പോഴും അദ്ദേഹം പറയുമായിരുന്നു. അതുമായി കത്തീഡ്രലിന്റെ ഒരു ചെറിയ മുറിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഇരുപത്തിയൊന്നാം വാർഷികമാഘോഷിക്കുന്ന ലോക മതങ്ങളുടെ ഐക്യ വേദി ഇന്ന് നൂറ്റി പന്ത്രണ്ടു രാജ്യങ്ങളിൽ തണൽ വിരിച്ചു നിൽക്കുന്ന ഒരു വടവൃക്ഷമായി വളർന്നിരിക്കുന്നു.
ആരംഭ കാലം മുതൽ ചാൾസ് എന്ന നല്ല ക്യാപ്റ്റനൊപ്പം സഞ്ചരിക്കാനായത് എന്റെയും ഭാഗ്യമായിരുന്നു. ഇന്ത്യയിലെ നാഷണൽ അസംബ്ലികളിൽ അദ്ദേഹം അധികം സംബന്ധിച്ചിട്ടില്ല. എന്നാൽ രവീന്ദ്ര നാഥ ടാഗോറിന്റെ വിശ്വ ഭാരതി യൂണിവേഴ്സിറ്റിയിൽ മൂന്നാം ദേശീയ അസംബ്ലിക്കായി ഞങ്ങൾ ആവേശത്തോടെ ഒത്തു കൂടിയപ്പോൾ ചാൾസ് പറന്നെത്തി. ഒരൊന്നാന്തരം കവി കൂടിയായ അദ്ദേഹത്തിന് ടാഗോറിന്റെ നാട്ടിൽ വരാതെ പറ്റുമോ ?
അന്നത്തെ അസംബ്ലിക്കുശേഷം ഞങ്ങൾ രണ്ടുപേരും കൂടി ഡാർജീലിംഗ് മലനിരകളിലേക്കു ഒരു യാത്ര പോയി. ഹിമാലയ സാനുക്കളിൽ സമുദ്ര നിരപ്പിൽ നിന്ന് ഏഴായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആ പട്ടണം ഹൃദയഹാരിയാണ്. അവിടെ നിന്നാൽ ലോകത്തിലെ ഏറ്റവും കൂടിയ ഉയരം മൂന്നാമത്തെ പർവ്വതമായ കാഞ്ചൻ ജംഗ കാണാം.
അവിടെ നിന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലേക്കാണ് ഞങ്ങൾ പോയത്. മണിപ്പൂർ യൂണിവേഴ്സിറ്റിയുടെ ഒരു അന്താരാഷ്‌ട്രാ സമ്മേളനത്തിൽ ഞങ്ങൾ രണ്ടുപേരും പേപ്പറുകൾ അവതരിപ്പിച്ചു. "ഇന്ത്യയുടെ രത്‌നം " എന്നറിയപ്പെടുന്ന മണിപ്പൂർ ഞങ്ങൾക്ക് ഏറെ പ്രിയപെട്ടതായത് യു. ആർ. ഐ യുടെ ആദ്യകാല നായകരിൽ ഒരാളായിരുന്ന ഡോ. ടി. സി . സിംഗ് ജനിച്ച സ്ഥലമായതിനാലാണ്. അദ്ദേഹം ഒരതുല്യ പ്രതിഭയായിരുന്നു. കൊൽക്കൊത്തയിലെ വേദാന്ത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച അദ്ദേഹം ലോകത്തിലെ പ്രമുഖ നോബേൽ ജേതാക്കളെയെല്ലാം നേരിൽ കണ്ടു നടത്തിയ അഭിമുഖങ്ങൾ ഞങ്ങൾക്ക് ഏറെ ആവേശം പകർന്ന കാര്യമാണ്. 'ശാസ്ത്രവും മതവും' എന്നതായിരുന്നു അദ്ദേഹത്തിനു ഏറെ പ്രിയപ്പെട്ട വിഷയം. ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ആദ്യ ഏഷ്യ പസഫിക് കോൺഫറൻസ് മുതൽ യു ആർ ഐ യുടെ നിരവധി മീറ്റിങ്ങുകളിൽ ടി. സി . സിംഗ് സംബന്ധിച്ചതോർക്കുന്നു. ഏഷ്യയിലെ മുൻനിര നേതാക്കളിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചിരുന്നത് നന്ദിയോടെ ഓർക്കുകയാണ്.
അദ്ദേഹത്തിന്റെ ശിഷ്യനായ ഡോ. വാസുദേവ റാവുവാണ് ഇന്ന് വേദാന്ത ഇന്സ്ടിട്യൂട്ടിനെ നയിക്കുന്നത്.
യു ആർ ഐ പല വെല്ലുവിളികളെ അതിജീവിച്ചാണ് വളർന്നു വന്നത്. ലോക മതങ്ങൾ ഒത്തുചേരുമ്പോഴുള്ള സംഘർഷങ്ങളാണ്പ്രധാനം. കേവലം വിശ്വാസ പ്രശ്നങ്ങൾ മാത്രമല്ല കീറാമുട്ടികളാകുന്നത്. യഹൂദന്മാരും പലസ്തീനികളും ഒന്നിച്ചു വരുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കു പലപ്പോഴും ഞങ്ങൾ സാക്ഷികളായിട്ടുണ്ട്. പല ഗ്ലോബൽ കൗൺസിലുകളും അങ്ങനെ സംഘർഷ പൂരിതമായിരുന്നു.
അപ്പോഴെല്ലാം പ്രസിഡണ്ട് ബിൽ സ്വിoഗിന്റെയും ഡയറക്ടർ ചാൾസ് ഗിബ്സിന്റേയും നയചാതുരിയും ആത്മാർത്ഥതയും പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു. 17 വർഷത്തെ സേവനത്തിനു ശേഷം 65-)o വയസ്സിൽ ചാൾസ് വിരമിച്ചെങ്കിലും ഇന്നും അദ്ദേഹം ഞങ്ങൾക്ക് നല്ല ഉപദേശകനും സുഹൃത്തുമായി വർത്തിക്കുന്നു.
ഹ്യൂസ്റ്റണിൽ അദ്ദേഹത്തിന്റെ പുതിയ വസതിയിലെത്തി 2019 - ൽ ചാൾസിനെ വീണ്ടും കാണാനായത് ഒരു ഭാഗ്യമായിരുന്നു. അദ്ദേഹം കവിതയെഴുതും. ഭാര്യ ചിത്രം വരയ്ക്കും. വീട് നിറയെ മനോഹര ചിത്രങ്ങൾ. കാറ്റലിസ്റ്റ്സ് ഫോർ പീസ് എന്ന സമാധാന പ്രസ്ഥാനത്തിന്റെ ആസ്ഥാന കവിയാണിപ്പോൾ ചാൾസ് ഗിബ്‌സ്.
ഞങ്ങളുടെ മൂന്ന് അന്താരാഷ്‌ട്രാ ഹോളി ബുക്സ് കോൺഫറൻസുകളിൽ ചാൾസ് സംബന്ധിച്ചിട്ടുണ്ട് എന്നതും നന്ദിയോടെ സ്മരിക്കുന്നു. തായ്‌ലാന്റിലെ ബാങ്കോക്കിൽ നടന്ന ഏഴാമത് സമ്മേളനത്തിലും അദ്ദേഹം തന്നെയായിരുന്നു മുഖ്യാതിഥി.
മതങ്ങളുടെ ഒരു ആഗോള സമ്മേളനം പശ്ചിമ ബംഗാളിലെ മായാപൂരിൽ നടത്തിയതും ചാൾസിന്റെ നേതൃത്വത്തിലായിരുന്നു. ഇസ്ക്കോൺ പ്രസ്ഥാനത്തിന്റെ ഹെഡ്കോർട്ടേഴ്സിൽ നടന്ന ആ ഗ്ലോബൽ അസംബ്‌ളി പലതു കൊണ്ടും ഒരു നാഴികക്കല്ലായി മാറിയിരുന്നു.
ഡോ. ഏബ്രഹാം കരിക്കം
Subscribe to:
Posts (Atom)