മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ )
ഡോ. ഏബ്രഹാം കരിക്കം.
അദ്ധ്യായം - 5
കലാലയമെന്ന സ്വർഗ്ഗം
വെടി പൊട്ടുമ്പോലത്തെ ശബ്ദം കേട്ട് അടുത്ത ക്ലാസ്സിലുണ്ടായിരുന്ന സാം ജോസഫ് മുണ്ടാണിക്കൽ ഓടിച്ചെന്നു.
നിലത്തു വീണു കിടന്ന സുമിയെ സാർ കൈ പിടിച്ചെഴുനേൽപ്പിച്ചു.
" ആർ യു ഓക്കേ സുമീ?" അവൻ ചോദിച്ചു.
" ഐ ആം ഫൈൻ, താങ്ക് യു " അതും പറഞ്ഞു അവൾ മുടന്തി സ്റ്റേജിലേക്ക് കയറി.
സാം സാറിന്റെ തല കണ്ടപ്പോഴേക്കും വിരുതന്മാർ പലരും ജനൽ വഴി പുറത്തു ചാടി . സുമിയെ കസേരയിൽ പിടിച്ചിരുത്തിയിട്ടു സാം സാർ കുട്ടികളോടിങ്ങനെ പറഞ്ഞു:
" ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന് ഒരു അബദ്ധം പിണഞ്ഞു. മനുഷ്യനെ പന്നിയാക്കിയില്ല . അവനു ചിന്തിക്കാനും നല്ലതും ചീത്തയും തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യം നൽകി. നമ്മുടെ ജീവിതം നശിപ്പിക്കാനും നന്നാക്കാനും ഉള്ള സ്വാതന്ത്ര്യം നമ്മിൽ തന്നെ ഈശ്വരൻ വച്ച് തന്നു. നമ്മൾ എന്ത് ചെയ്യും?
ഈ ടീച്ച റെ നിങ്ങൾക്കറിയുമോ ? മിടുക്കരായ കുട്ടികൾ പഠിക്കുന്ന മദ്രാസിലെ സ്റ്റെല്ല മേരീസ് കോളജിൽ പഠിച്ചു മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ വന്നതാണ് മലയാള നാടിനെ സേവിക്കാൻ.അവിടെ ഒരു ജോലി കിട്ടാഞ്ഞിട്ടല്ല. നിങ്ങൾ എങ്ങിനെയാണ് സ്വീകരിച്ചത്? എന്നെങ്കിലും ഇവളുടെ നിലയിലേക്കുയരാൻ നിങ്ങൾക്ക് സാധിക്കുമോ?
“ഇതര പാപഫലാനി യഥേഛയാ
വിലിഖതാനി സഹേ ചതുരാനന !
അരസികേഷു കവിത്വ നിവേദനം
ശിരസി മാലിഖ ! മാലിഖ”
എന്ന് കാളിദാസൻ എഴുതിയിട്ടുണ്ട്. മറ്റെല്ലാ പാപ ഫലങ്ങളും എന്റെ തലയിൽ എഴുതികൊള്ളുക. അരസികന്മാരെ കവിത ചൊല്ലി രസിപ്പിക്കുക എന്നു മാത്രം എന്റെ തലയിൽ എഴുതല്ലേ, എഴുതല്ലേ എന്ന്.
നളന്ദയും തക്ഷശിലയും ഇന്ന് കരിങ്കൽ കൂനകളായില്ലേ? ഈ കോളജും അങ്ങനെയാവാൻ അധിക കാലമൊന്നും വേണ്ടി വരില്ല, നിങ്ങളും ഈ പോക്ക് പോയാൽ. ഗാന്ധിജിയുടെയും ഡോ.രാധാകൃഷ്ണന്റെയും സന്തതി പാരമ്പരകളല്ലേ നമ്മൾ?"
അവൻ പറഞ്ഞു നിർത്തി. ക്ലാസ്സിൽ മൂകത മാത്രം. ചിലരുടെ കണ്ണുകൾ നിറഞ്ഞു. സുമിയുടെ കാതിൽ സാം സാർ ഇപ്രകാരം മന്ത്രിച്ചു:
"പതറരുത്. ക്ലാസ് തുടർന്നോളു….നമുക്ക് പിന്നെ കാണാം "
രാജാജി മരത്തിലെ കുയിൽ തിരിച്ചെത്തി. അന്ന് മഴയിലലിഞ്ഞതിന്റെ സന്തോഷത്താൽ അവൾ ചിറകു വിരിച്ചു പാടി. കുട്ടികളെ കേട്ട് പഠിച്ചോ എന്ന ഭാവത്തിൽ.
തന്റെ ജീവൻ തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നു ടീച്ചർക്ക്. സാം സാറിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ അവൾ കുഴങ്ങി. പുറകിൽ നിന്ന് രണ്ടു കുട്ടികൾ മുന്നോട്ടു വന്നു.
"ടീച്ചർ ക്ഷമിക്കണം. മേശയുടെ കാലുകൾ ഓടിച്ചു വച്ചതു ഞങ്ങളാണ്. " ഈറൻ കണ്ണുകളുമായി നിന്ന അവരുടെ തോളിൽ തട്ടി സുമി അവരെ തിരിച്ചയച്ചു.
" ഈശ്വര കൃപയാൽ എനിക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല. നമുക്ക് ക്ലാസ്സു തുടരാം." അവൾ വീണ്ടും ഇംഗ്ലീഷ് കവിത ചൊല്ലാനാരംഭിച്ചു.
കാന്റീനിൽ ചൂടേറിയ വാഗ്വാദം നടക്കുന്നതിനിടയിലാണ് അറ്റൻഡർമാരിലാരോ ചെന്ന് വിവരം പറഞ്ഞത്. പുതിയ ടീച്ചറെ കുട്ടികൾ നിലത്തു തള്ളിയിട്ടു. സാം സാർ രക്ഷിച്ചു.
ലീലാമണി ടീച്ചർ പാതികുടിച്ച ചായ ഉപേക്ഷിച്ചു നേരെ ഡിപ്പാർട്മെന്റിലേക്കോടി. എല്ലാവരോടും വിവരം പറഞ്ഞു.
" നന്നായി പോയി. നടുവോടിഞ്ഞോ?" വത്സല ടീച്ചർക്കറിയേണ്ടത് അതായിരുന്നു.
"തനിക്കെന്നാത്തിന്റെ അസുഖമാ......?" ലീലാമണി അവളെ തെല്ലൊന്നു ശകാരിച്ചു.
" അവന്മാർ തുടങ്ങിയിട്ടേയുള്ളൂ. എന്തെല്ലാം ഇനി കാണാനിരിക്കുന്നു. !" വസുമതിയുടെ ഊഴമായി പിന്നെ.
"നിങ്ങൾ വിചാരിക്കുമ്പോലെ ആ ടീച്ചറെ ആർക്കും ഒന്നും ചെയ്യാനൊക്കില്ല ."സുപ്രസിദ്ധ മനഃശാസ്ത്രജ്ഞൻ തമ്പാൻകുട്ടി ഇടപെട്ടു.
"അതെന്താ "? വത്സലയ്‌ക്കാധി കൂടി.
"മുഖ ലക്ഷണം കണ്ടിട്ട് ഗജകേസരി യോഗമുള്ള കുട്ടിയാ. കുറച്ചു പ്രയാസങ്ങളൊക്കെ കാണും. പക്ഷെ പിന്നെ പിടിച്ചാൽ കിട്ടില്ല. രേഖ കിട്ടിയെങ്കിൽ ശരിക്കും പറയാമായിരുന്നു. "
"അയാടെ ഒരു രേഖ......"
വത്സലയ്‌ക്കെല്ലാടവും ചൊറിഞ്ഞു കയറി.
" ആ കിണ്ണാപ്പെടുത്തൊന്നു പതിപ്പിച്ചു നോക്കു സാറേ .....കാര്യം വേഗം അറിയാമല്ലോ." വസുമതി തമ്പൻകുട്ടിസാറിനെ പ്രേരിപ്പിച്ചു.
സാറിനു കൈ രേഖകൾ ഒരു ബലഹീനതയാണ്. കിട്ടുന്ന രേഖകൾ ശാസ്ത്രീയമായി പഠിച്ചെടുക്കാൻ ഒരു മഷിയുള്ള പാഡ് അദ്ദേഹം ബാഗിൽ കരുതിയിട്ടുണ്ട്. അതുദ്ദേശിച്ചാണ് വസുമതി പറഞ്ഞത്.
വസുമതി ബുദ്ധി രാക്ഷസിയാണ്. അവൾക്കൊന്നറിയാമായിരുന്നു. ഇവളെപ്പോലെ നാലെണ്ണമുണ്ടെങ്കിൽ പിന്നെ കോളജിൽ സമരമൊന്നും കാണില്ല. ഇപ്പോൾ തന്നെ പിള്ളേരെല്ലാം ആ മുണ്ടാണിയുടെ പിറകേയാ. ഇനി ഇവളും കൂടിയാൽ ....
സമരം നടന്നില്ലെങ്കിൽ ട്യൂഷൻ വ്യവസായം പൊളിയും. ജോലി രാജി വച്ച് നൈജീരിയയിൽ പോയിട്ട് വന്ന ഭർത്താവ് വീട്ടിലിരുന്നു ചൊറികുത്തേണ്ടി വരും.
കൈരേഖാ ചർച്ച കുറേക്കൂടി നീട്ടണമെന്നുണ്ടായിരുന്നു അവർക്ക്. അപ്പോഴേക്കും ക്ലാസ്സു കഴിഞ്ഞു സുമി ഡിപ്പാർട്മെന്റിലെത്തി. അവൾ ഏന്തിയും മുടന്തിയും നടക്കുന്നത് കണ്ടപ്പോൾ വത്സലയ്ക്കുത്സാഹം കൂടി. വിശേഷമറിയാനായി എല്ലാവരും സുമിയെ വട്ടമിട്ടു നിന്നു.
"ചെറുതായിട്ടൊന്നു വീണു. കുഴപ്പമൊന്നും പറ്റിയില്ല ". അത് കേട്ടപ്പോൾ വസുമതി വിളറി. പിന്നെ വത്സലയുടെ ചെവിയിൽ പറഞ്ഞു:
"ഇവൾ ഇവിടെത്തന്നെ പറ്റികൂടുന്ന ലക്ഷണമാടി ....അത്ര പെട്ടെന്നൊന്നും വളയുന്ന കൊമ്പല്ല."
" ഫസ്റ്റ് റാങ്കല്ലേ? ഇനി പി. എച്. ഡി യായി, റീഡറായി നമ്മുടെയെല്ലാം തലയിൽ കേറി നിരങ്ങും"വത്സല ആകപ്പാടെ അസ്വസ്ഥയായി . എന്നിട്ടു വസുമതിയോടു അവൾ ഒരു രഹസ്യം കുടി പറഞ്ഞു.
" ആ ഗുണ്ട് ഗോപിയെ ഞാൻ ഒന്ന് സ്ക്രൂ ചെയ്തു വിട്ടിട്ടുണ്ട്. അവൻ നമുക്ക് വേണ്ടപ്പെട്ട കക്ഷിയാ. അവൾ ഇത്രയ്ക്കങ്ങു ഞെളിയേണ്ട. "
പിന്നീട് സുമി പോയത് എം എ ഫൈനൽ ക്ലാസ്സിലേക്കാണ്. വിജ്ഞാന ദാഹികളായ പതിനഞ്ചു ചെറുപ്പക്കാരുടെ ഇടയിൽ അവൾ തന്നെ തന്നെ തിരിച്ചറിയുകയായിരുന്നു .
ആത്മാവിൽ നിന്നടർന്നു വീണ വാക്കുകൾ കുട്ടികളെ ഏതോ ഒരു മാസ്മര ലോകത്തേക്കാനയിച്ചു. കാണാത്ത തീരങ്ങളിലേക്കുള്ള ഒരു തീർത്ഥാടനമായി ആ ക്ലാസ്സ് മാറിയപ്പോൾ സുമി ഒന്ന് തീരുമാനിച്ചു. ആകാശം കീഴ്മേൽ മറിഞ്ഞാലും ഞാൻ വിദ്യയുടെ ലോകത്തായിരിക്കും.
പിന്നെ കാണാം എന്ന് പറഞ്ഞുപോയ ആളിനെ പിന്നെ ഡിപ്പാർട്മെന്റിലൊന്നും സുമി കണ്ടില്ല. ആ ക്ലാസ്സിൽ വച്ച് ശരിക്കൊരു താങ്ക്സ് പറയാൻ പോലും കഴിഞ്ഞില്ലല്ലോ എന്നോർത്തവൾ ദുഖിച്ചു. അദ്ദേഹം വന്നില്ലായിരുന്നെങ്കിൽ........!
എന്തിനോ വേണ്ടി അവളുടെ ആത്മാവ് തേങ്ങി. കണ്ണുകൾ ഉഴറി.
നീട്ടി വളർത്തിയ മുടിയിൽ വിരലുകളോടിച്ചു കൊണ്ട് ചമ്പക്കര സാർ അടുത്തെത്തി.
" സുമി ടീച്ചർ ഒന്ന് വരാമോ .... പ്ളീസ് .....?"
അയാൾ വരാന്തയിലേക്കിറങ്ങി. ഒന്ന് ശങ്കിച്ചെങ്കിലും സുമി പുറകെ ചെന്നു. അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു കടലാസ്സ് പുറത്തെടുത്തു.
" ഇന്നലെ ഞാൻ ടീച്ചറെ കുറിച്ച് എഴുതിയ കവിതയാണ്. " നക്ഷത്രമേ നിന്നെ നോക്കി". പകുതി എഴുതിയപ്പോൾ ' കുബ്ലാഖാൻ ' എഴുതിയ കോളറിഡ്ജിനെ പോലെ ഞാനുമൊരു മയക്കത്തിലായിപ്പോയി. ടീച്ചറൊന്നു വായിക്കണം.
" മുഴുവനാക്കിയിട്ടു തന്നാൽ മതി".
അതും പറഞ്ഞു അവൾ അകത്തേക്ക് പോയി. കരയണോ ചിരിക്കണോ എന്നറിയാതെ അവളിരുന്നു തപിച്ചു.
കവിത പോക്കറ്റിലാക്കി ഒരു മൂളിപ്പാട്ടും പാടി ചമ്പക്കര നടന്നു. വരിക്കപ്പുഴ ആറിന്റെ കരയിലോട്ട്. വെള്ളവും മീനും കണ്ടാൽ താനെ കവിത വരും. കണ്ണുകൾ ജലപ്പരപ്പിൽ തിരഞ്ഞു. പിന്നെ മാനം നോക്കിയിരുന്നു. ഒരു കവിയുടെ വേദന ആരറിയും. ?
ഉച്ചയൂണിനു ബെല്ലടിച്ചപ്പോൾ മുണ്ടാണിക്കൽ ഡിപ്പാർട്മെന്റിൽ പ്രത്യക്ഷപെട്ടു. സുമി വിവശയായി. സ്വേദകണങ്ങൾ ശരീരത്തിൽ നനവുണ്ടാക്കി.
ചെന്നു കണ്ടു നന്ദി പറയാൻ മോഹമുണ്ടായിരുന്നു. പക്ഷെ ഒരു വല്ലായ്മ. അപ്പോഴാണ് അയാൾ അടുത്തേക്ക് വന്നത്.
" ഇവിടെയൊരു കൂട്ടായ്മയുണ്ട്. ട്യുസ്‌ഡേ ഡർബാർ. താൻ വരുന്നോ ? ഊണ് അവിടെയിരുന്നു കഴിക്കാം. "
ഒന്നും ആലോചിച്ചില്ല. അവൾ പുറകെ നടന്നു. തൊട്ടടുത്ത ക്ലാസ്സിൽ അൻപതോളം ആൺകുട്ടികളും പെൺകുട്ടികളും സമ്മേളിച്ചിട്ടുണ്ടായിരുന്നു.
സാം സാറിന്റെ അടുക്കൽ ഒരു കസേര കൂടി അവർ വലിച്ചിട്ടു. സുമി ടീച്ചറെ ആദരപൂർവ്വം അവർ സ്വീകരിച്ചു.
സാം സാർ പരിപാടി വിശദീകരിച്ചു :
" ഇത് നമ്മുടെ അനൗപചാരിക കൂട്ടായ്മയാണ്. എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കും. കൂട്ടത്തിൽ സൂര്യന് കീഴെയുള്ള ഏതു വിഷയവും സംസാരിക്കും. താല്പര്യമുണ്ടെങ്കിൽ സുമിക്കും കൂടാം. ഞങ്ങൾക്ക് താങ്കളിൽ നിന്ന് പലതും പഠിക്കാനുണ്ടാകും. ഇവിടെ എല്ലാ ഡിപ്പാർട്മെന്റിൽ നിന്നുമുള്ള കുട്ടികളുണ്ട്. എന്താ കൂടുന്നോ?"
"തീർച്ചയായും".
ഇത്തരം കൂട്ടായ്മ മോഹിച്ചല്ലേ താൻ കലാലയത്തിലേക്കു വന്നത്? അവൾക്കു പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
" അപ്പോൾ കൂട്ടുകാരെ എങ്ങനെയാണ് നാം ടീച്ചറെ സ്വാഗതം ചെയ്യുക ? നിങ്ങൾക്കറിയുമോ ? സുമി ഫസ്റ്റ് റാങ്കുകാരിയാണ്. അതും മദ്രാസ് യൂണിവേഴ്സിറ്റിയുടെ സർവ കാല റെക്കോർഡ് ".
" സാറും ഫസ്റ്റ് റാങ്കല്ലേ....?." മുന്നിലിരുന്ന ഒരു സുന്ദരിക്കുട്ടി കണ്ണിറുക്കി ചോദിച്ചു. സാർ ചിരിച്ചു.
രണ്ടു വർഷം മുമ്പ് പത്രത്തിൽ ഫോട്ടോ കണ്ട കാര്യം സുമി പെട്ടെന്നോർത്തു. കേരളാ യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരൻ. സാം ജോസഫ് മുണ്ടാണിക്കൽ. മനസ്സിലെവിടെയോ ഉടക്കി നിന്നൊരു പേര്. അന്താളിചിരുന്ന ടീച്ചറോട് കുട്ടികൾ ആവശ്യപ്പെട്ടു:
"ടീച്ചർ ഒരു പാട്ടു പാടണം".
അവൾ സാറിന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ തെളിമ. ജനാലയ്ക്കരികിലെ ബദാo മരത്തിലിരുന്നു ഒരു വണ്ണാത്തിക്കിളി ശ്രുതി മീട്ടുന്നുണ്ടായിരുന്നു. അതും തനിക്കു വേണ്ടിയാണെന്ന് ഗ്രഹങ്ങളുടെ സംഗീതത്തിന് കാതോർത്തപ്പോൾ അവൾക്കു തോന്നി.
ഹൃദ്യമായ ഒരു ഗാനത്തിന്റെ ഈരടികൾ അവിടെ മുഴങ്ങി. സുമി സ്വയം മറന്നു പാടി. ദുരന്താനുഭവങ്ങൾ അവൾക്കു മറക്കണമായിരുന്നു. തന്റെ സ്വപ്നത്തിലുള്ള കലാലയം എന്ന സ്വർഗ്ഗം അവൾക്കു പുനർ നിർമ്മിക്കണമായിരുന്നു. അനേകം വേദികളിൽ സദസ്സ്യരെ പുളകം കൊള്ളിച്ചിട്ടുള്ള ആ സ്വരം ഇവിടെയും ചലനങ്ങൾ സൃഷ്ട്ടിച്ചു.
വണ്ണാത്തിക്കിളിയും പാട്ടിനു കാതോർത്തിരുന്നു. വേറെ ഏതോ മരത്തിൽ ഏറ്റു പാടിക്കൊണ്ടിരുന്ന അവളുടെ ഇണ അസ്വസ്ഥനായി.
കുട്ടികൾ കയ്യടിക്കാനും മറന്നു പോയി. ആ സ്വരം നിലച്ചതായി അവർക്കു തോന്നിയതേയില്ല.
" ലാസ്‌റ് സപ്പർ " എന്ന ചിത്രത്തിന്റെ കഥ അറിയാമോ എന്ന് സാം സാർ കുട്ടികളോട് ചോദിച്ചു.
"ഡാവിഞ്ചിയുടേതാണെന്നറിയാം".
ഒരാൾ പറഞ്ഞു. സാർ ഇപ്രകാരം തുടർന്നു.
"ഇറ്റാലിയൻ ജനത കലാകാരന്മാരെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ്. രണ്ടാം ലോക മഹാ യുദ്ധകാലത്ത് മിലാനിൽ തുരുതുരാ ബോംബ് വീണു. എല്ലാം നശിക്കുമെന്നറിഞ്ഞ ജനം ആ ചിത്രം രക്ഷിക്കണമെന്ന് തീരുമാനിച്ചു. അവർ മണൽ ചാക്കുകളുമായി വന്നു മിലാൻ കത്തീഡ്രലിന്റെ ഒരു ഭിത്തി മാത്രം മൂടി വച്ചു. ഡാവിഞ്ചിയുടെ ചിത്രമുള്ള ഭിത്തി. ബോംബിങ്ങിൽ ദേവാലയം നാമാവശേഷമായി. പക്ഷെ 'അവസാന അത്താഴം' പേറിയ ഭിത്തി മാത്രം തകരാതെ നിന്നു. യുദ്ധാനന്തരം ആ ദേവാലയം അവർ പുതുക്കി പണിതു. പഴയ ഭിത്തിയും ചിത്രവും അങ്ങനെ തന്നെ നിൽക്കുന്നു. സ്വന്തം ജീവൻ തൃണവല്ഗണിച്ചും കലാകാരന്മാരെ രക്ഷിക്കാൻ സന്മനസ്സു കാണിച്ചവരാണ് ഇറ്റലിക്കാർ.
അവിടെ വിദ്യാർഥികൾ വൈകുന്നേരങ്ങളിൽ കവലകൾ തോറും നടന്നു ഗാനമേള നടത്തി കാശുണ്ടാക്കുന്നുണ്ട്. വേണമെങ്കിൽ നിങ്ങൾക്കും പരീക്ഷിക്കാം.
ആ ആഴ്ചയിൽ ലോകമെമ്പാടും നടന്ന പ്രധാന സംഭവ വികാസങ്ങൾ അവർ അപഗ്രഥിച്ചു. ക്ളോണിംഗും ജനിതക ശാസ്ത്രവുമായിരുന്നു കൂടുതൽ സമയം അപഹരിചത്.
അടുത്ത ക്ലാസ്സിനുള്ള മണി മുഴങ്ങിയപ്പോൾ കുട്ടികൾക്ക് നഷ്ടബോധം തോന്നി. ഡർബാർ അവസാനിപ്പിച്ചു അവർ പിരിഞ്ഞു.
വൈകുന്നേരം ലീലാമണി ടീച്ചർ നേരത്തെ പോയിരുന്നതിനാൽ സുമിക്ക് ലിഫ്റ്റ് കിട്ടിയില്ല. വത്സല കൈനറ്റിക്കിലും വസുമതി മാരുതിയിലും മുമ്പേ പോയെങ്കിലും വരുന്നോ എന്നൊരക്ഷരം സുമിയോട് ചോദിച്ചില്ല. ഹെഡ്ഡിന് കാറുണ്ടെങ്കിലും സ്ത്രീകളോട് പൊതുവെ താല്പര്യമില്ലാത്തതിനാൽ ആരെയും കയറ്റാറില്ല. ചമ്പക്കരയും തമ്പാൻകുട്ടിയും സ്കൂട്ടറിലാണ്. പുറകിൽ കയറ്റാൻ അവർ തയ്യാറാണെങ്കിലും സുമിക്ക് പേടി. തുരുത്തിപ്പള്ളി തികഞ്ഞ ഗാന്ധിയനായതിനാൽ നടന്നേ പോവാറുള്ളു. ആരും ലിഫ്റ്റ് നൽകുന്നതും അദ്ദേഹത്തിന് ഇഷ്ട്ടമല്ല. ഈ നശിച്ച വണ്ടികളെല്ലാം കൂടി വിഷം വമിപ്പിച്ചു , ആസിഡ് മഴ പെയ്യിച്ചു ഭൂമിയെ ഞെക്കി കൊല്ലുന്നതിൽ അദ്ദേഹത്തിന് വല്ലാത്ത കുണ്ഠിതമുണ്ടായിരുന്നു. സാം സാർ ബുള്ളറ്റിലാണെങ്കിലും ഇഷ്ട്ടനെ ഇടനേരങ്ങളിൽ കാണാറില്ല. ലൈബ്രറിയിലെ ഒളിത്തത്താവളം സുമി കണ്ടിട്ടുമില്ല.
അവൾ കുടയും ബാഗുമെടുത്തു കോളജ് ജംഗ്ഷനിലേക്കു നടന്നു. ചില പെൺകുട്ടികളും കമ്പനി ചേർന്നു.
അര കിലോമീറ്റർ നടക്കണം ബസ്റ്റോപ്പിലേക്ക്. ഒരു ബസ്സും ഇപ്പോൾ കോളജിൽ എത്താറില്ല. പണ്ട് അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപാട് സമരം ചെയ്തു ഒത്തിരി ആനവണ്ടികൾ നേടിയെടുത്തിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം നിറയെ കുട്ടികളുമായി അവ മുടങ്ങാതെ എത്തുമായിരുന്നു. പാട്ടും കൂത്തുമായുള്ള ആ വരവ് നാട്ടിലാകെ ഉണർവുണ്ടാക്കും.
ഏകാധിപതികൾ വാഴുന്ന നാടുകളിലെപ്പോലെ തങ്ങൾ അടിമകൾ അല്ലെന്നുo ഏതു വണ്ടിയിലും കയറി ആടിപ്പാടാൻ തങ്ങൾക്കു സ്വാതന്ത്ര്യം ഉണ്ടെന്നും വിളിച്ചോതിയുള്ള ആ വരവിന്റെ സുഖം കൊണ്ട് തന്നെ കുട്ടികൾ മുടങ്ങാതെ കലാലയത്തിലെത്തിയിരുന്നു.
എന്നാൽ ഏതോ ഒരു സമരത്തിന് ആരാണ്ടെല്ലാം ബസ്സുകൾ എറിഞ്ഞു തകർത്തെന്നും പറഞ്ഞു മന്ത്രി ബസ്സെല്ലാം നിർത്തിക്കൊണ്ട് ഉത്തരവിട്ടു. ഒരുപാട് സമരം നടത്തി നോക്കിയെങ്കിലും മന്ത്രി കനിഞ്ഞില്ല.
ഒത്തിരി നാൾ ഓടിത്തളർന്ന ഒരു കോളജ് ബസ്സുണ്ടായിരുന്നു. കോളജിന്റെ പേരും വിരിമാറിൽ എഴുതി വച്ചു നാടായ നാടെല്ലാം മിന്നലാട്ടം നടത്തിയവൾ. അതും പാട്ടവിലയ്ക്കു വിറ്റു കളഞ്ഞു.
സുമി പാതി വഴി എത്തിയപ്പോൾ പെട്ടെന്നൊരാജാനബാഹു ബൈക്കിൽ ചീറി വന്നു വഴി തടഞ്ഞു നിൽപ്പായി. ഗുണ്ട് ഗോപി.