Monday, 14 March 2022

 

അദ്ധ്യായം പത്തൊമ്പത്

മാർബിളിൽ കൊത്തിയ കവിതയ്ക്കു മുന്നിൽ

 

ആഗ്രയിലെ താജ്മഹൽ. അനശ്വര പ്രേമത്തിന്റെ അലൗകിക സ്മാരകം. ആ താഴികകുടത്തിനു മുന്നിൽ നിൽക്കുമ്പോൾ ഒരു ജന്മം സഫലമായതുപോലെ തോന്നി ശോശക്കുട്ടിക്ക്. മത്തച്ചന്റെ നെഞ്ചിൽ ചാരി ഇമവെട്ടാതെ അവൾ നോക്കി നിന്നു. അവൻ തട്ടിയുണർത്തുംവരെ.

മാർബിളിൽ കൊത്തിയ കവിത വായിച്ചു ഒരു ദിവസം മുഴുവൻ അവർ അവിടെ കഴിച്ചുകൂട്ടി. നിർന്നിമേഷയായി തന്നോടൊട്ടി നിന്ന ശോശക്കുട്ടിയുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടു അവൻ ചോദിച്ചു.

"പെണ്ണിന് നഴ്‌സിംഗ്‌ പഠിക്കണോ.....?"

അവൾ നടുങ്ങി.

"ചെറുക്കന് എന്നെ ആട്ടിയോടിക്കാൻ തിടുക്കമായോ.............?" അതുകേട്ട് പതറിയതു മത്തച്ചനാണ്.

അവന്റെ ബലിഷ്ഠമായ കരങ്ങൾ അറിയാതെ തന്നെ വലിച്ചടുപ്പിക്കുന്നതും ശോശക്കുട്ടി അറിഞ്ഞു. അവളുടെ എല്ലുകൾ ഒടിയും എന്നു തോന്നിയപ്പോൾ അവന്റെ മൂക്കിൽ അവൾ കവിളൊന്നുരുമ്മി. അവൻ ഉണർന്നു. കരങ്ങൾ അയഞ്ഞു.

ചെറുക്കന് വേദനിച്ചു എന്നവൾക്കു മനസ്സിലായി. പരിസരത്തു ആൾക്കാരുണ്ടോ എന്നു നോക്കാതെ അവന്റെ നെഞ്ചിൽ അവൾ കടിച്ചു. 

"നഴ്‌സിംഗ്‌ പഠിക്കാൻ ഞാൻ പോകാം. ചെറുക്കൻ  പറഞ്ഞാൽ ......"

"മത്തച്ചൻ എന്നൊരുത്തൻ തൽക്കാലം ജീവനോടെയുണ്ടല്ലോ അതു കഴിഞ്ഞു മതി നിന്റെ ഒറ്റയ്ക്കുള്ള പ്രയാണം....."

ചെറുക്കൻ ഗൗരവത്തിലും അധികാരത്തിലുമാണ് പറയുന്നതെന്ന് അവൾക്കു ബോദ്ധ്യമായി. പുരുഷന്റെ കാർക്കശ്യസ്വരം. അതു മുൻപ് പതിവില്ലാത്തതായിരുന്നു.

ഒറ്റയ്ക്കൊരു പ്രയാണം ഈ ജന്മത്തിൽ ശോശക്കുട്ടിക്കുണ്ടാവില്ലെന്ന് എങ്ങനെയാണീ പുരുഷനെ അറിയിച്ചുകൊടുക്കുക?

അവന്റെ രണ്ടു കരങ്ങളും തന്റെ  തോളിലേക്കിട്ട് നെഞ്ച് നെഞ്ചോട് ചേർത്ത് അവൾ നിന്നു. തന്റെ  കണ്ണിലെ കയത്തിലേക്ക് അവൻ ഒന്ന് നോക്കട്ടെ എന്നു കരുതി. കഴിയുമെങ്കിൽ മാറുപിളർന്നൊന്നു കാണട്ടെയെന്നോർത്തു.

അന്നുരാത്രി ഫോം മെത്തയുപേക്ഷിച്ചു അവൾ  തറയിൽ കിടന്നില്ല. പുരുഷന്റെ നെഞ്ചിൽ നിന്നകന്നു കിടക്കാൻ ത്രാണിയില്ലാത്തൊരു പാവമായിപ്പോയിരുന്നു. മുറ്റത്തു കിടന്ന തന്റെ മുല്ലവള്ളിപോലെ അവൾ തളർന്നുപോയിരുന്നു.

എങ്കിലും ചെറുക്കന്റെ പരുപരുത്ത വിരലുകൾ തന്റെ  മൃദുല തന്ത്രികളിൽ തട്ടി സംഗീതമുതിർക്കാൻ തുടങ്ങിയപ്പോൾ അവൾ  ഇളകിമറി. തന്റെ കാമുകന് ഒരു കൊച്ചു കൊമ്പനാനയുടെ കരുത്തുണ്ടെന്നവൾ അറിഞ്ഞതന്നേരമായിരുന്നു.

പെണ്ണിന്റെ ബലം കൊണ്ട് തടയാൻ കഴിയില്ലെന്നു വന്നപ്പോൾ വിഷമത്തോടെയാണെങ്കിലും പറഞ്ഞു.

"എന്റെ ചെറുക്കന്റെ മണിയറയിലേക്കൊരു പതിവ്രതയായിത്തന്നെ കടന്നുവരണം എന്നാണെന്റെ ആഗ്രഹം. അതിനു കഴിയുമോ.........?".

പെട്ടെന്ന് പിടി അയഞ്ഞു. കൊമ്പന്റെ മദം മാറി. പിന്നെ കുറെ നെടുവീർപ്പുകൾ.

വല്ലാതെ വേദനിച്ചു കാണും. എങ്ങനെ ആശ്വസിപ്പിക്കും?.

"പിണങ്ങിയോ....."

"കറുത്തമ്മ പിഴച്ചതുകൊണ്ടല്ലേ പളനി കടലിൽപോയി ചത്തത്.....?"

"പെണ്ണേ......!"

"മത്തച്ചന്റെ പെണ്ണ് പിഴക്കത്തില്ല. അതു മത്തച്ചനുവേണ്ടി ആയാൽപോലും".

കുറെ കടന്നുപോയില്ലേ.......? ഒരുപാടു നൊന്തുകാണില്ലേ?

ഒത്തിരി ചുംബനങ്ങൾ വേണ്ടിവന്നു ചെറുക്കനെ ആശ്വസിപ്പിച്ചുറക്കാൻ. കണ്ണീരിൽ ചാലിച്ച ചുംബനങ്ങൾ.

ഒരുപാടു ചക്രവർത്തിമാരുടെ തേരുകളോടിയ ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളിലൂടെ ഉഗ്രൻകുന്നിലെ കുരുന്നുകാലുകൾ പിച്ചവയ്ക്കുകയായിരുന്നു. ശോശക്കുട്ടിയുടെ വിടർന്ന നയനങ്ങൾ അത്ഭുതദൃശ്യങ്ങൾ ഒട്ടനവധി ഒപ്പിയെടുത്തു. നടന്നു തളരുമ്പോൾ ചെറുക്കന്റെ മാറിൽ അഭയവും ഉണ്ടായിരുന്നു.

ഓർമ്മയുടെ ചെപ്പുകളിൽ സൂക്ഷിക്കാൻ ഒട്ടേറെക്കാര്യങ്ങൾ അവൾ  സ്വരുക്കൂട്ടി വച്ചു. കടൽത്തീരത്ത് കക്കപെറുക്കി നടക്കുന്ന ഒരു കുഞ്ഞിനെപ്പോലെ. നടന്നു തളർന്നപ്പോൾ, ചെപ്പുകൾ നിറഞ്ഞപ്പോൾ കാമുകനെ അവൾ  ഉണർത്തി. മാന്ത്രികന്റെ അത്ഭുത കൊട്ടാരത്തിൽ നിന്ന് താഴെയിറക്കി.

മത്തച്ചന്റെ പുറകെ നിറയെ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയുടെ ഭാവത്തിൽ തന്റെ മകൾ  നടന്നു വരുന്നത് ദൂരെ നിന്നും അമ്മ കണ്ടു. ഏറെ നാളായി വരണ്ടു കിടന്ന അവരുടെ കണ്ണുകളും ജലാർദ്രമായി.

കത്താതെ കിടന്ന അടുപ്പിൽ മണ്ണെണ്ണയൊഴിച്ചു അവർ പെട്ടെന്ന് തീപ്പെട്ടിയുരച്ചു. കലവും വെള്ളവും അടുപ്പത്താക്കിയിട്ട് വീണ്ടും അവർ വയൽ വരമ്പത്തേക്കു തന്നെ നോക്കി നിന്നു.

ഓടി വന്ന മകളെ ആലിംഗനം ചെയ്തു അമ്മ ഉറക്കെ കരഞ്ഞു. വേട്ടപ്പട്ടികളുടെ കൂട്ടിലേക്ക്മകളെ എറിഞ്ഞുകൊടുത്തതിൽ അവർ  ഉഴലുകയായിരുന്നു.

തന്റെ മുല്ലയെക്കാണാനോടിയ ശോശക്കുട്ടി കണ്ടു. മാവിൻകൊമ്പിൽ  അള്ളിപ്പിടിച്ചു കയറി നിറയെ പൂക്കളെ പ്രസവിച്ചു നിന്നവൾ കൃതാർത്ഥതയോടെചിരിക്കുന്നത്.

അവൾക്കു നാണം വന്നു.

പുറകിൽ നിന്നു ചെറുക്കൻ ശക്തിയായി പിടിക്കുമ്പോൾ അവളുടെ ഉള്ളം വെമ്പൽ പൂണ്ടു. മുല്ലയെപോലെ ചിരിക്കാൻ.

മത്തച്ചൻ നേരെ നടന്നതു പള്ളിമേടയിലേക്കായിരുന്നു. കുട്ടിയാനയെപോലെ അവൻ  തലയാട്ടി വരുന്നത് ഇലവുമുടച്ചൻ കണ്ടു. ഉടനെ ഒരു ബക്കറ്റുമെടുത്തു അച്ചൻ പുറത്തെ കക്കൂസിലേക്കോടി. കൊച്ചമ്മ അടുക്കളയിലേക്കും വലിഞ്ഞു.

ഏറെ നേരമായിട്ടും മത്തച്ചൻ എന്ന മാരണം ഇറങ്ങിപ്പോവില്ലെന്ന് മനസ്സിലാക്കിയ അച്ചൻ രണ്ടും കല്പിച്ചിറങ്ങി  വന്നു.

"എന്താ വന്നത്.......?" ഗൗരവത്തിലാണ് അച്ചന്റെ ചോദ്യം.

"ശോശക്കുട്ടിയെവിടെ ......?"

"ഏതു ശോശക്കുട്ടി.......? എന്ത് ശോശക്കുട്ടി.....? ഞാനെന്തിനറിയണം .........?"

"അച്ചൻ വീട്ടിൽനിന്നും വിളിച്ചിറക്കികൊണ്ടുപോയ കുഞ്ഞന്നാമ്മയുടെ മകൾ  ശോശക്കുട്ടിയെക്കുറിച്ചാണ് ചോദിക്കുന്നത്......?"

"അവൾ  മിലിട്ടറിയിൽ ചേർന്നുകാണും. നഴ്സിംഗിന് പഠിക്കുന്നുണ്ടാവും. ഇതൊക്കെ ചോദിക്കാൻ താനാരാ....?" ഇതും പറഞ്ഞു മുറിയിലേക്ക് കയറിപ്പോയ അച്ചന്റെ പുറകെ കയറാൻ മത്തച്ചന്റെ കാലുകൾ തരിച്ചതാണ്.

ഭിത്തിയിലിരുന്ന ഒരു ചിത്രത്തിൽ അവന്റെ കണ്ണുകൾ ഉടക്കി. ഗത്സമനയിലെ യേശു.

അവൻ  ശാന്തനായി പിൻവാങ്ങി. അവന്റെ മുഖത്തപ്പോൾ പിഞ്ചുകുഞ്ഞിന്റെ നൈർമല്ല്യമായിരുന്നു.

പിറ്റേന്നു കാലത്തു കുർബ്ബാന മദ്ധ്യേ കാസായും പീലാസായുമുയർത്തി പ്രാർത്ഥിക്കുമ്പോൾ കൈക്കലായിൽ മുട്ടുകുത്തിയിരിക്കുന്ന ശോശക്കുട്ടിയുടെ രൂപം ഇലവുംമൂടച്ചന്റെ ദൃഷ്ടിയിപെട്ടു.

അച്ചന്റെ കണ്ണുകളിൽ ഇരുട്ടുകയറി. തൊണ്ട വരണ്ടു. ശരീരം കുടുങ്ങാൻ തുടങ്ങി. കാസായും പീലാസയും കൂട്ടിമുട്ടി തെറിക്കാൻ തുടങ്ങി. താഴെ വീണുപോകുമോ എന്നു ഭയന്നു.

 ഏതു പ്രേതകുഴിയിൽ നിന്നാണിപ്പോൾ ഇവൾ  ഇറങ്ങി വന്നിരിക്കുന്നത്?. അവൾ യക്ഷിയെപ്പോലെ തന്റെ അടുത്തേക്ക് നടന്നുവരുന്നില്ലേ?. പല്ലുകൾ നീളുന്നില്ലേ.......?

പെട്ടെന്നൊരു അശരീരരി അച്ചന്റെ കാതിൽ:

"എടാ ഇലവുംമൂട....... മഠയാ...... പ്രേതം പള്ളിയിൽ കയറുമോടാ?"

അച്ചനു താളം തിരികെക്കിട്ടി, വിറമാറി. അപ്പവുമായി മെല്ലെ നടന്നു ചെല്ലുമ്പോൾ സൂത്രത്തിൽ അവളെ അച്ചനൊന്നു തൊട്ടു. പ്രേതമല്ലെന്നു ഉറപ്പുവരുത്താൻ.

അവൾ  വായ്തുറന്നപ്പോൾ പിന്നെയും ദംഷ്ട്രകൾ നീണ്ടുവരുന്നതായി തോന്നി ഒന്ന് പതറിയെങ്കിലും അച്ചൻ നേരെ തന്നെ നിന്നു. നിന്നു തന്നെ പൊരുതി.

മലേഷ്യയിലെ വലിയ ഭൂതങ്ങളോട് പടവെട്ടിയവനാ ഇലവുംമൂടൻ. പിന്നല്ലെ ഉഗ്രൻകുന്നിലെ പീക്കിരി പ്രേതം......! അച്ചൻ സ്വയം പറഞ്ഞു.

ശോശക്കുട്ടി നാട്ടിൽ തിരിച്ചെത്തിയെന്ന് ഏറെത്താമസിയാതെ കുട്ടാപ്പിയറിഞ്ഞു. ഡൽഹിയിൽ നിന്നവൻ ഉടനെ അച്ചനെ വിളിച്ചു. അവളാണോ അതോ പ്രേതമാണോ നാട്ടിൽ അലയുന്നതെന്നറിയാൻ.

അവന്റെ ശബ്ദം കേട്ട് അച്ചൻ ആദ്യം പൊട്ടിത്തെറിച്ചെങ്കിലും പിന്നെ മയപ്പെട്ടു. എത്രയും വേഗം നാട്ടിലേക്ക് പോരാൻ ഉപദേശിക്കുകയും ചെയ്തു.

അവനെക്കൊണ്ട് ഒരുപാടു കാര്യങ്ങൾ ഇനിയും സാധിക്കാനുണ്ടെന്ന് അച്ചനറിയാമായിരുന്നു.

 

……………………………………………………………………………………..

 

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )

By  ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം പതിനെട്ട്

അപരിചിത  ദിശകളിലൂടെ

പകൽ കത്തി നിന്നു. അതുപോലെ തീവണ്ടിയുടെ എഞ്ചിനും. അപരിചിതമായ ദിശകളിലൂടെ വണ്ടി കുതിച്ചോടി. വിസ്തൃതമായ നെൽപ്പാടങ്ങൾ. കോണകം മാത്രമുടുത്തു പണിയെടുക്കുന്ന മനുഷ്യക്കോലങ്ങൾ ശോശക്കുട്ടിയെ സ്തബ്ധയാക്കി. സ്വന്തം ദുഃഖങ്ങൾ മറക്കാൻ അവൾ പഠിക്കുകയായിരുന്നു. ജീവിതമെന്ന മഹാകാവ്യത്തിന്റെ ഈരടികൾ അവളുടെ മനസ്സിൽ പുത്തൻ പ്രതിധ്വനികളുയർത്തി .

അടുത്തിരുന്ന ഒരു കുട്ടി റെയിൽവേ ടൈം ടേബിൾ വച്ച് പ്രധാനപ്പെട്ട ഓരോ സ്റ്റേഷനുമിടയ്ക്കുള്ള ദൂരവും സ്ഥലങ്ങളുമൊക്കെ അടയാളപ്പെടുത്തുന്നത് അവൾ ശ്രദ്ധിച്ചു. അത് വാങ്ങി നോക്കിയിട്ടു ചില കണക്കുകൾ അവളും കുറിച്ചിട്ടു.

പകൽ മുഴുവൻ അച്ചൻ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. ഇടയ്ക്കിടെ കുട്ടാപ്പി വന്നു ക്ഷേമാന്വേഷണം നടത്തി. പാലും പഴവും ഇഷ്ടംപോലെ കൊണ്ടുവന്നു. തന്റെ കമ്പാർട്ടുമെന്റിലേക്കു പോരുന്നോ എന്നും തിരക്കി. ശോശക്കുട്ടി കണ്ണടച്ച് കാണിച്ച് അവനെ മടക്കി.

രാത്രിയായപ്പോൾ അച്ചന് പിന്നെയും തുള്ളൽപനി പിടിച്ചു. തുടക്കീഴിൽ കയ്യിട്ടു കിടന്നിട്ടും, ബർത്തു മാറിക്കിടന്നു നോക്കിയിട്ടും ഉറങ്ങാനാവുന്നില്ല. ശോശക്കുട്ടിയുടെ തെറിച്ച നെഞ്ചും തുടിക്കുന്ന കവിളുകളും അച്ചനെ അസ്വസ്ഥനാക്കി അവളാണെങ്കിൽ കിടക്കുന്നതുമില്ല. ഏതോ മാസിക വായിച്ച് രസിച്ചങ്ങനെ ഇരിക്കുന്നു.

രാവേറെ ചെന്നപ്പോൾ സഹയാത്രികരെല്ലാം ഉറങ്ങിയപ്പോൾ അച്ചൻ എഴുനേറ്റ്ശോശക്കുട്ടിയുടെ അടുത്ത് ചെന്നിരുന്നു. മനം നൊന്തു കഴിയുന്ന പാവത്തിനെ ആശ്വസിപ്പിക്കാൻ. കൈ തോളിലൂടെ ഇടാൻ തുടങ്ങിയപ്പോൾ അവൾ ചാടിയെഴുന്നേറ്റ് വാതുക്കൽ പോയി നിന്നു. വാതിൽ തുറന്നു പിടിച്ചുകൊണ്ട്. നിൽപ്പ് കണ്ടു അച്ചൻ ഭയന്നുപോയി. അവളുടെ കണ്ണിൽ നിന്ന്നീർത്തുള്ളികൾ ഒഴുകുന്നു.

പെണ്ണ് ചാടിക്കളഞ്ഞാലോ.....ആരെയൊക്കെയോ ശപിച്ചുകൊണ്ട് അച്ചൻ കമിഴ്ന്നു കിടന്നുറങ്ങാൻ തുടങ്ങി. ചൂളം വിളി അനേകം നാഴികകൾ അകലെ കേൾക്കുന്നതായി തോന്നി

തണുത്ത് വിറച്ചു വാതിലിനരികെ ശോശക്കുട്ടി ഏറെ നേരം നിന്നു. ബാഗും നെഞ്ചിലമർത്തിപ്പിടിച്ചുകൊണ്ട്. രാത്രി പന്ത്രണ്ടു മണിയായിക്കാനും ലക്നൗ സ്റ്റേഷനിൽ വണ്ടി നിന്ന നേരം അവൾ ചാടിയിറങ്ങി. പിന്നെ എങ്ങോട്ടെന്നറിയാതെ ഓടി.

ആരെയോ തട്ടി താഴെ വീണ അവളെ ഒരു പോലീസുകാരൻ പിടിച്ചെഴുനേൽപ്പിച്ചു.

" ക്യാഹെ...........ബഹൻ.........?"

"പ്ലാറ്റഫോം വൺ.......ഏക് .........." വിക്കിവിക്കി അവൾ ചോദിച്ചു.

അയാൾ ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് എയ്തുവിട്ട ശരം കണക്കെ അവൾ പാഞ്ഞു. ദൽഹി വണ്ടി ചൂളം വിളിച്ചു കൊണ്ട് അതി വേഗം നീങ്ങുന്നതു കണ്ടപ്പോൾ ഒന്ന് നിശ്വസിച്ചു.

ഒന്നാം നമ്പർ പ്ലാറ്റഫോമിലുടെ കുറെ നേരം അവൾ അങ്ങോട്ടുമിങ്ങോട്ടും ഓടി. വിശ്രമമുറികളൊന്നും അവൾ കണ്ടില്ല. തളർന്നു വീഴും എന്നായപ്പോൾ രണ്ടു കരങ്ങൾ ശക്തിയായി തന്റെ മേൽ വീഴുന്നത് അവളറിഞ്ഞു . അവയുടെ ഗന്ധം അവളെയുന്മത്തയാക്കി താനും തന്റെ ചെറുക്കനും ഉഗ്രൻകുന്നിൽ തന്റെ മുല്ലയുടെ ചോട്ടിലാണെന്നു ഒരു നിമിഷം അവൾ ചിന്തിച്ചുപോയി. പിന്നെ അവൾ വിങ്ങിപ്പൊട്ടി. അവളുടെ പ്രാണന്റെ പിടച്ചിൽ മാറ്റാൻ മത്തച്ചന്റെ നെഞ്ചിലെ ചൂടിനും കഴിഞ്ഞില്ല.

പാർട്ടി സുഹൃത്തുക്കൾ മത്തച്ചനെയും ശോശക്കുട്ടിയെയും കാറിൽ ഹോട്ടലിൽ എത്തിച്ചിട്ട് യാത്ര ചോദിച്ചു പോയി. വിശാലമായ ഒരു മുറിയും അതിലെ ഫോം മെത്തയിൽ വിരിച്ച വിരിയുടെ തിളക്കവും കണ്ടു ശോശക്കുട്ടി പകച്ചുപോയി.

മത്തച്ചൻ അവളെ കോരിയെടുത്തു ഫോം മെത്തയിലേക്കെറിഞ്ഞില്ല. മെത്തയുടെ ഒരു കോണിൽ കുമ്പിട്ടിരുന്ന പെണ്ണിന്റെ തലയിലിരുന്ന സ്ലൈഡിൽ അവന്റെ കൈ ഉടക്കി. അതൊരു ചിത്രശലഭത്തിന്റെ സ്ലൈഡയിരുന്നു

ഉദ്ദോഗത്തിന്റെ തിരകൾ അടങ്ങിയപ്പോൾ ശോശക്കുട്ടി കുളിച്ചുന്മേഷവതിയായി. മത്തച്ചന്റെ പരിഭവം മാറ്റാൻ ഭക്ഷണം കഴിച്ചെന്നും  വരുത്തി. പിന്നെ തിളങ്ങുന്ന ഷീറ്റൊരെണ്ണം എടുത്തു തറയിൽ വിരിച്ചു ഒരു തലയിണയും സ്വന്തമാക്കി അവൾ കിടന്നു. മാത്തച്ചൻ ചിരിക്കുന്നത് പെണ്ണ് ഒളികണ്ണിട്ടു നോക്കി. കണ്ണുകൾ ഇറുക്കിയടച്ചങ്ങു കിടന്നു.

എരിഞ്ഞടങ്ങുക എന്ന നിയോഗത്താൽ എഞ്ചിൻ പിന്നെയും ഏറെ തീ തുപ്പി. ഏതോ യാമത്തിൽ എങ്ങോ ഒരു സ്റ്റേഷനിൽ വണ്ടി കിതച്ചു നിന്നപ്പോൾ ഇലവുംമൂടച്ചൻ ഞെട്ടിയുണർന്നു. അറിയാതെ ഒരു നിലവിളി വന്നു തൊണ്ടയിൽ കുടുങ്ങിപ്പോയി. ബർത്തിൽ നോക്കി. വാതിൽക്കൽ നോക്കി കക്കൂസിലെല്ലാം തിരഞ്ഞു. കക്കൂസിലിരുന്ന ഒരു സ്ത്രീയെ തട്ടിവിളിച്ചതിനു ഓരാട്ടും കിട്ടി. പക്ഷെ അവളെ മാത്രം കണ്ടില്ല.

വാലിൽ തീയുമായി ഹനുമാൻ എത്തി. വിയർത്തു വിഷണ്ണനായിരിക്കുന്ന അച്ചനെ കണ്ടു കുട്ടാപ്പിയും അന്തിച്ചു.

" എവിടെ അവൾ.......?"

അവൻ ഗർജ്ജിച്ചു.

"കാണുന്നില്ലെടാ കുട്ടാപ്പീ............" അതൊരു ദീനരോദനമായിരുന്നു.

കുട്ടാപ്പിയുടെ തല നടുവേ കീറിപ്പോയി. രോമങ്ങൾ കത്തി. ഒന്നും രണ്ടും ഒരുമിച്ചു കഴിക്കണമെന്നായി.

ബോധം നേരെയായപ്പോൾ അവൻ അച്ചന്റെ കുപ്പായത്തിൽ പിടിച്ച്  ഒരു മൂലയ്ക്ക് കൊണ്ട് നിർത്തിയിട്ടു പറഞ്ഞു.

ഒരുമാതിരി മറ്റേ ഇടപാട് കാണിക്കരുത് എവിടെടോ ........ശോശക്കുട്ടി ..........? "

" കാണുന്നില്ലെടാ കുട്ടാപ്പീ ..............." അച്ചൻ ദയനീയ ഭാവത്തിൽ പിന്നെയും അവനെ നോക്കി.

" അവിടുന്ന് തിരിച്ചപ്പോഴേ എനിക്ക് തോന്നിയതാ താൻ എന്നെ കുപ്പീലിറക്കുമെന്ന്. കളിക്കാതെ കാര്യം പറയെടോ ഇലവുംമൂടാ.............താനവളെ ബലാൽസംഗം ചെയ്തു കൊന്നോ ? കുഴിച്ചു മൂടിയോ? അതോ തന്റെ ജർമ്മനിയിലെ ദല്ലാളന്മാർക്കു വിറ്റോ? സത്യം പറഞ്ഞില്ലെങ്കിൽ തട്ടിക്കളയും ഞാൻ. ........." കുട്ടാപ്പിയുടെ പിടി ഇപ്പോൾ കുപ്പായത്തിലായിരുന്നില്ല.

" നീ വിടെടാ കുട്ടാപ്പീ.........ഞാനൊന്ന് കക്കൂസിൽ പോയി വന്നിട്ട് എല്ലാം പറയാം............" പുറത്തേക്കു തള്ളിയ കണ്ണുകളുമായി അച്ചൻ കെഞ്ചി .

അച്ചനെ കക്കൂസിലാക്കി കുട്ടാപ്പി കാവൽ നിന്നു. താഴേക്കുള്ള കുഴി വിശാലമാക്കാൻ വല്ല പഴുതുമുണ്ടോ എന്നാലോചിക്കുകയായിരുന്നു അച്ചനപ്പോൾ. എവിടെയെങ്കിലും ചതഞ്ഞരഞ്ഞ് തീർന്നാലും കുഴപ്പമില്ലെന്ന് തോന്നിയതും സമയത്താണ്.

മണിക്കൂറൊന്നു കഴിഞ്ഞപ്പോൾ കുട്ടാപ്പി വാതിൽ തൊഴിച്ചു തുറന്നു. അപ്പോഴും അച്ചൻ കുപ്പായം പൊക്കി ത്തന്നെ ഇരിക്കുകയായിരുന്നു. അരിശം മൂത്ത കുട്ടാപ്പി അച്ചനെ വലിച്ചു പുറത്തിട്ടു. കക്കൂസിലും പുറത്തുമായി അച്ചൻ മണിക്കൂറുകൾ തള്ളിയതല്ലാതെ ഒന്നും പറഞ്ഞില്ല. വണ്ടിയുടെ ഓരോ മൂലയും കുട്ടാപ്പി അരിച്ചു പെറുക്കി.

ഡൽഹിയിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോഴും അടുത്ത കക്കൂസ് എവിടെ എന്നന്വേഷിക്കുകയായിരുന്നു അച്ചൻ. പുറത്തു വന്നപ്പോൾ കിട്ടിയ പത്രങ്ങൾ എല്ലാം വാങ്ങി അച്ചൻ തപ്പി - ഏതെങ്കിലും പെൺകുട്ടിയുടെ മൃതശരീരം എവിടെയെങ്കിലും വീണിട്ടുണ്ടോ എന്നറിയാൻ.

ഒരു ദിവസം മുഴുവൻ തല പുകച്ചിട്ടും അച്ചനൊരു തുമ്പും കിട്ടിയില്ല. കുട്ടാപ്പി എന്തൊക്കെയോ വെറുതെ പുലമ്പിക്കൊണ്ടിരുന്നു.

" പോലീസിൽ പരാതിപ്പെട്ടാലോ......." ഏറെ നേരത്തെ ധ്യാനത്തിന് ശേഷം കുട്ടാപ്പി ചോദിച്ചു. " നമ്മളെ രണ്ടിനേം ആദ്യം അവന്മാര് അകത്താക്കും ........" അച്ചൻ പറഞ്ഞപ്പോൾ കുട്ടാപ്പി മേല്പോട്ടു ചാടി. ഇറങ്ങാൻ നേരത്ത് ബസ്‌ക്കിയാമ്മ പറഞ്ഞ വാചകം അച്ചന്റെ മനസ്സിൽ കിടന്നു കത്തുന്നുണ്ടായിരുന്നു.

കേരളത്തിലെ പത്രങ്ങളിൽ വരാനിടയുള്ള വർത്തകളെക്കുറിച്ചാലോചിച്ചപ്പോൾ ഇലവുംമൂടച്ചന്റെ മസ്തകം പിളർന്നു.

" യുവതിയുടെ ശരീരം റെയിൽ പാലത്തിൽ..........വൈദികൻ അറസ്റ്റിൽ"

മത്തച്ചന്റെയും കൂട്ടുകാരുടെയും ചവിട്ടേറ്റു പിടയുന്ന രംഗമായിരുന്നു കുട്ടാപ്പിയുടെ മനസ്സിൽ.

" അവന്റെ മുമ്പിൽ ചെന്ന് ചാടുന്നതിലും നല്ലതു ആത്മഹത്യയാ  ......."അവൻ പറഞ്ഞത് കേട്ടപ്പോൾ അച്ചനും തല കുനിച്ചു.

" രക്തത്തിൽ എനിക്ക് പങ്കില്ല. ഞാനിനി നാട്ടിലെക്കുമില്ല " അച്ചന്റെ ബാഗിൽ ബാക്കിയുണ്ടായിരുന്ന രൂപയും തട്ടിപ്പറിച്ചുകൊണ്ടു ഡൽഹിയുടെ നിരത്തിലൂടെ കുട്ടാപ്പി ഓടി.

ഏതോ പേ പിടിച്ച ഒരു കുത്താ  ഓടുന്നതായിട്ടേ നാട്ടുകാർക്ക് തോന്നിയുള്ളൂ .

കാൽവരിയിലെ കർത്താവിനെ വിളിച്ച് അച്ചൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. ഇതുപോലുള്ള പ്രതിസന്ധികളിൽ തുണയായില്ലെങ്കിൽ പിന്നെ എന്തിനാണു ദൈവം ? എത്രനാളായി താൻ കാസായും പീലാസയും ചുമക്കുന്നു. ചാകാൻ കിടക്കുന്നവന് വേണ്ടി പ്രാർത്ഥിച്ചും ചത്തവരെ കുഴിച്ചിട്ടും നടക്കുന്നു. ?

ഒന്നുരണ്ടു ദിവസം കുടി അച്ചൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു. നീല ഹാഫ്സാരിയും ചുറ്റി ഏതെങ്കിലുമൊരു പെൺകുട്ടി വരുന്നുണ്ടോ എന്നറിയാൻ...... ചുവന്ന ചിത്രശലഭത്തിന്റെ സ്ലൈഡും വച്ച് ബാഗും നെഞ്ചത്തടുക്കിപ്പിടിച്ചു കൊതിപ്പിക്കുന്നൊരു സ്ത്രീരൂപം.

അതോടൊപ്പം ഡൽഹിയിലിറങ്ങിയ എല്ലാ പത്രങ്ങളുടെയും താളുകൾ അരിച്ചുപെറുക്കി പരിശോധിക്കുകയും ചെയ്തു. ഒരു ഫോട്ടോയ്ക്ക് വേണ്ടി. ഒരു വാർത്തയ്ക്കു വേണ്ടി.

" ഇറങ്ങിയപ്പോഴേ വീട്ടിലിരുന്ന മൂധേവി ശപിച്ചല്ല്യോ വിട്ടത്......?"

കൊച്ചമ്മയുടെ കാര്യമോർത്തപ്പോൾ അച്ചന് കോപം മൂലം കണ്ണുകാണാതായി.

ഇരുമ്പഴിയിലെ കൊഴുക്കട്ട തിന്നു കഴിഞ്ഞാലും വേണ്ടില്ല. ഡൽഹിയിലെ തണുപ്പിൽ മരവിച്ചു ചാകാൻ കഴിയത്തില്ല.

ഏതോ ഒരച്ചന്റെ കയ്യിൽ നിന്നു കാശും കടം വാങ്ങി ടിക്കറ്റെടുത്ത് ഇലവുംമൂടച്ചെൻ നാട്ടിലേക്കുള്ള വണ്ടിയിൽ കയറി.