എന്റെ ജീവിത
യാത്രകൾ . എപ്പിസോഡ്
- 38
യാത്രാപഥത്തിലെ താരകങ്ങൾ
ലോകമെമ്പാടുമുള്ള
എന്റെ യാത്രകളെപ്പറ്റിയാണ് കഴിഞ്ഞ ലക്കങ്ങളിൽ ഞാൻ
എഴുതി വന്നത്. 1975 ൽ എം.എ വിദ്യാർത്ഥി
ആയിരിക്കുമ്പോൾ ആരംഭിച്ച പ്രയാണമാണ്. അതിനു
15 വർഷം
വീതമുള്ള മൂന്നു ഘട്ടങ്ങൾ ഉണ്ടായിരുന്നു
എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
എന്റെ പന്ഥാവിൽ എനിക്ക് താങ്ങും
തണലുമായി നിന്ന കുടുംബാംഗങ്ങളും മറ്റു
നിരവധിപേരുമുണ്ട്. എന്നാൽ എന്നെ വളരെയേറെ
സ്വാധീനിച്ച ഇന്ത്യക്കു പുറത്തുള്ള നാലുപേരേപ്പറ്റിക്കൂടി
ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട്
തൽക്കാലം ഈ പംക്തി
ഞാൻ അവസാനിപ്പിക്കാം എന്നു
വിചാരിക്കുന്നു. മറ്റൊരു ഘട്ടത്തിൽ വീണ്ടും തുടരാം.
ആദ്യത്തേത്
ഒന്നാം ഘട്ടത്തിലെ നായകൻ ഫ്രാൻസിലെ
തെസെ കമ്മ്യൂണിറ്റിയുടെ സ്ഥാപകൻ
ബ്രദർ റോജർ തന്നെ. സ്വിറ്റ്സർലൻഡിൽ
ജനിച്ചു ഒരു പ്രൊട്ടസ്റ്റന്റ്
പട്ടക്കാരനായി വളർന്നശേഷം ഫ്രാൻസിലെ ഒരു
കുന്നിൻ മുകളിലെത്തി രണ്ടാം ലോക മഹായുദ്ധത്തിൽ
മുറിവേറ്റുകിടന്ന പട്ടാളക്കാരെ
ശുശ്രുഷിച്ചുകൊണ്ടു തുടങ്ങിയ ഒരു ദൗത്യം.
ഏഴു സഹോദരന്മാർ കൂടെകൂടിയപ്പോൾ
അത് തെസെ കമ്യൂണിറ്റിയായി.
ഇന്നു ലോകമെമ്പാടും തണൽ വിരിച്ചു
നിൽക്കുന്ന ഒരു വൻ
വൃക്ഷമായി അതു വളർന്നിരിക്കുന്നു.
ഞങ്ങളൊന്നിച്ചു ഒരുപാടു യാത്രകൾ ചെയ്തു.
ഒരുപാടു കാര്യങ്ങൾ പഠിച്ചു. തെസെയിലെ
ഒരു സന്ധ്യാ മീറ്റിംഗിൽ
ഞാൻ അദ്ദേഹത്തോട് ഇപ്രകാരം
ചോദിച്ചു.
“Why can’t broaden the base
of the community to include members from other
religions also..?”.
(എല്ലാ മതക്കാരെയും ഉൾകൊള്ളുന്ന വിധത്തിൽ എന്തുകൊണ്ട് തെസെ
കമ്മ്യൂണിറ്റിയുടെ ഘടന വികസിപ്പിച്ചുകൂടാ..
?.)
ഏറെ നേരം അദ്ദേഹം ചിന്താമഗ്നനായി ഇരുന്നു.
എന്നിട്ടിങ്ങനെ മറുപടി നൽകി.
"I have done
this much . You do
the rest "
(ഞാൻ ഇത്രയൊക്കെ ചെയ്തു ബാക്കി
നിങ്ങൾ ചെയ്യണം). അതു വ്യക്തിപരമായ
ഒരു വെല്ലുവിളിയായി ഞാൻ
പിലാകാലത്തു ഏറ്റെടുത്തു. അങ്ങനെയാണ് ലോക മതങ്ങളോടൊപ്പം
യാത്ര തുടങ്ങിയത്.
1996 ൽ മാരാമൺ കൺവൻഷനിൽ മുഖ്യ
പ്രസംഗകനായി വന്ന കാലിഫോർണിയയിലെ എപ്പിസ്കോപ്പൽ ബിഷപ്പ് ബിൽ
സ്വിoഗിനൊപ്പമായിരുന്നു രണ്ടായിരാമാണ്ടുമുതലുള്ള എന്റെ ഇരുപതു വർഷത്തെ
യാത്രകൾ. കാരണം രണ്ടായിരത്തിലാണ് യുണൈറ്റഡ്
റിലീജിയൻസ് ഇനിഷ്യേറ്റീവ് (യു. ആർ
ഐ) എന്ന പ്രസ്ഥാനം
ആരംഭിക്കുന്നത്. യു. എൻ
നിർദ്ദേശ പ്രകാരമായിരുന്നു അദ്ദേഹം ഈ ഉദ്യമത്തിന്
ഇറങ്ങി പുറപ്പെട്ടത്. പരസ്പരം വാളോങ്ങി നിൽക്കുന്ന
ലോകമതങ്ങളെ സമാധാന പാതയിലേക്കു വഴിതെളിക്കാൻ.
യുദ്ധങ്ങൾ ഒഴിവാക്കാൻ. ഭൂമിയെ സംരക്ഷിക്കാൻ. ആദിവാസി ഗോത്ര വർഗങ്ങളെ വംശനാശത്തിൽ നിന്ന് കരകയറ്റാൻ. ഇന്ന് 110 രാജ്യങ്ങളിൽ
യു.ആർ.ഐ പ്രവർത്തിക്കുന്നു. കഴിഞ്ഞ 12 വർഷങ്ങൾ
ഏഷ്യയിലെ അമരക്കാരിൽ ഒരാളായി ഞാൻ ഒപ്പമുണ്ടായിരുന്നു. ആദ്യ ആറു വർഷം എക്സിക്യുട്ടീവ്
സെക്രട്ടറിയായും പിന്നീട് ആറു വർഷം സെക്രട്ടറി
ജനറലായും. ബംഗ്ലാദേശിൽ നടക്കുന്ന ഏഷ്യാ അസ്സംബ്ലിയിൽ വച്ച് എന്റെ ചുമതല മറ്റൊരാൾക്കു കൈമാറും. എങ്കിലും
ബിഷപ്പ് സ്വിoഗിനോടൊപ്പമുള്ള ജീവിത യാത്രകൾ ഏറ്റവും ധന്യമായ ഒരദ്ധ്യായമായി എന്നും നിലനിൽക്കും.
അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങൾ ഏറെ വിശാലവും അതുല്യവുമാണ്.
ഇന്ന് എന്നെ ഏറെ സ്വാധീനിക്കുന്ന
രണ്ടു പേരെ കുറിച്ച് കുടി
പറയാനുണ്ട്. രണ്ടു പേരെയും കഴിഞ്ഞ
ജൂണിൽ അമേരിക്കയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലാണ് കണ്ടു
മുട്ടിയത്. ആദ്യത്തെയാൾ മുൻ അമേരിക്കൻ
സ്റ്റേറ്റ് സെക്രട്ടറി ദോ. ജോർജ്
ഷുൾസ്. ഇന്ന് നമ്മുടെ ലോകം
ഇങ്ങനെ നിലനിൽക്കുന്നതിൽ അദ്ദേഹത്തിന് വലിയ ഒരു പങ്കുണ്ട്.
കാരണം 1985 ലോകചരിത്രത്തിലെ
ഒരു വഴിത്തിരിവാക്കി മാറ്റിയതിൽ
ഒരാൾ ഇദ്ദേഹമായിരുന്നു. അമേരിക്കൻ പ്രസിഡന്റ്
റൊണാൾഡ് റീഗനും റഷ്യൻ പ്രസിഡന്റ്
ഗോർബച്ചേവും ഒപ്പിട്ട ഉടമ്പടിയാണ് 1945 മുതലുള്ള
40 വർഷത്തെ ആണവായുധ വ്യാപനം അവസാനിപ്പിച്ചത്.
ലോകത്തിനു മുമ്പിൽ സോവിയറ്റ് യൂണിയൻ
തങ്ങളെ തന്നെ തുറന്നു കാട്ടിയത് അന്നത്തെ
" ഗ്ലാസ്നോസ്റ്റ്", പെരിസ്ട്രോയിക്ക" സംരംഭങ്ങളിലൂടെയാണ്.
ഒരു റൊട്ടി കഷണത്തിനു
വേണ്ടി വലിയ ക്യുവിൽ നിൽക്കുന്ന
റഷ്യക്കാരെ അന്ന് ലോകം കണ്ടു.
അങ്ങനെയൊരു ദേശമാണ് അണുവായുധങ്ങൾക്കായി കോടിക്കണക്കിനു
ഡോളറുകൾ ചെലവഴിച്ചു കൊണ്ടിരുന്നത്. എന്തായാലും
റൊണാൾഡ് റീഗന്റെ കീഴിൽ സ്റ്റേറ്റ്
സെക്രട്ടറിയായിരുന്ന ജോർജ് ഷുൾസ് എന്ന
മഹാൻ ലോകത്തിന്റെ ഭ്രാന്തമായ
ഈ പോക്കിന് തടയിടാൻ
ഏറെ അധ്വാനിച്ചു. ഇ
വർഷം അദ്ദേഹം നൂറാം
ജന്മദിനം ആഘോഷിക്കുമ്പോൾ അഭിമാനിക്കാൻ ഏറെയുണ്ടാവും. നിരായുധീകരണത്തിന്റെ മുന്നണി പോരാളികളിൽ ഒരാളാണദ്ദേഹം
ഇന്ന്.
നൂറാം വയസ്സുകാരനെ പറ്റി പറയുമ്പോൾ ഒരു
പതിനെട്ടു വയസുകാരിയെ കുറിച്ച് കുടി
പറഞ്ഞു നിർത്താം. കാനഡയിൽ ജീവിക്കുന്ന
ഇന്ത്യക്കാരിയാണ് ബംഗാളിൽ നിന്നുള്ള കെഹ്
കഷാൻ ബാസു. ഭൗമ
ദിനത്തിലാണ് ജനനം. എട്ടാം വയസ്സിൽ
ഭൂമിയെ സംരക്ഷിക്കാം "ഗ്രീൻ ഹോപ്പ് ഫൗണ്ടേഷൻ
" എന്ന സ്വന്തം സംഘടന തുടങ്ങി.
ഇന്നത് ഒരു ആഗോള
പ്രസ്ഥാനമായി വളർന്നിരിക്കുന്നു. ലോക വേദികളിൽ
ഈ പെൺകൊടിയുടെ ശബ്ദം
ഉയർന്നു കേൾക്കുന്നു. നദീ തീരങ്ങളിലും
കടൽത്തീരങ്ങളിലും ചാക്കുകളുമായി ഇവരുടെ വോളന്റീർമാർ അലഞ്ഞു
നടക്കുന്നു. പ്ലാസ്റ്റിക് കഷണങ്ങൾ ശേഖരിക്കാൻ. പിന്നെ
മരങ്ങൾ വച്ച് പിടിപ്പിക്കാൻ.
സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയിൽ യു
ആർ ഐ നടത്തിയ
"ആക്സിലറേറ്റ് പീസ് "കോൺഫറൻസിൽ കെഹ്
കഷാൻ നടത്തിയ പ്രസംഗം
എന്നെ വല്ലാതെ സ്വാധീനിച്ചു. ഈയിടെ
അഞ്ചൽ സെന്റ്. ജോൺസ് സ്കൂളിലും
കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിലുമായി ഞങ്ങൾ
നടത്തിയ വിദ്യാർത്ഥികളുടെ ലോക മത
കമ്മറ്റിയിൽ കെഹ് കഷാൻ മുഖ്യ
പ്രസംഗികയായിരുന്നു.
പതിനായിരക്കണക്കിന്
ചെറുപ്പക്കാരെ സമാധാനത്തിന്റെ പാതയിൽ അണിനിരത്താൻ കരിക്കം
കോസ്മിക് കമ്മ്യൂണിറ്റി സെന്റർ ആരംഭിച്ച പ്രസ്ഥാനമാണ്
" One Billion Youth for Peace " എന്ന
ആഗോള പ്രചാരണ പദ്ധതി.
ഇന്ന് അതിന്റെ മുന്നണിയിൽ യു
ആർ ഐ, സർവോദയ
ശാന്തി സേന, എർത്ത് ചാർട്ടർ തുടങ്ങി
നിരവധി പ്രസ്ഥാനങ്ങളുണ്ട്. അതിനെ മുന്നിൽ നിന്ന്
നയിക്കാൻ കെഹ് കഷാൻ ബാസുവിനെ
പോലെയുള്ള യുവനേതാക്കൾ ഉണ്ടല്ലോ എന്നതാണ് എനിക്കേറ്റവും
വലിയ ആശ്വാസം. നിരാശപ്പെടേണ്ട
കാര്യമില്ല. നമ്മൾ വിജയിക്കും.
(N.B. മുൻ ലക്കങ്ങൾ
എന്റെ ഫേസ് ബുക്ക് പേജിലും http://kipskarickam.blogspot.com/ എന്ന ബ്ലോഗിലും വായിക്കാവുന്നതാണ്)