Thursday, 30 January 2020


എന്റെ ജീവിതയാത്രകൾ: എപ്പിസോഡ് 16, 17  മേനൊനൈറ്റ്യൂണിവേഴ്സിറ്റിയിൽവിദ്യാർത്ഥി
" അർത്ഥമാർജേനദുഃഖം
ആർജിതാനം തു രക്ഷണേ
ആയെ ദുഃഖം വ്യയെ ദുഃഖം
അർത്ഥ കിം ദുഖഭാജനം"

അർഥം(ധനം,സ്വത്തു്)എന്നിവ സമ്പാദിക്കാനും അതിനെ സംരക്ഷിക്കാനും മനുഷ്യൻ ദുഃഖമനുഭവിക്കുന്നു.അർഥം ദുഃഖപൂരിതമായ ഒരു പാത്രം തന്നെയാണ്.
ഈ ശ്ലോകത്തിന്റെ സാരം എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട് .അതുകൊണ്ടു പണം  സമ്പാദിച്ചുകൂട്ടിവെക്കാനുള്ളതാണെന്നു എനിക്ക്തോന്നിയിട്ടില്ല. എന്നാൽ മുമ്പ്സൂചിപ്പിച്ചപോലെ വിദ്യ ഗുപ്തധനം ആണെന്നു ഞാൻ നന്നായി പഠിച്ചിട്ടുണ്ട്. അതുകൊണ്ട്‌ ഇപ്പോഴും ഞാനൊരു വിദ്യാർത്ഥിയാണ്.
അമേരിക്കയിലെ ഈസ്റ്റേൺ മേനൊനൈറ്റ്യൂണിവേഴ്സിറ്റി പല പ്രത്യേകതകളുമുള്ള സ്ഥാപനമാണ്.103 വർഷം മുമ്പ്സമാദാനപ്രിയരായ മേനൊനൈറ്റ്സഭ അത്  സ്ഥാപിച്ചു അവർ യുദ്ധത്തിന്എതിരാണ്.മിലിറ്ററിയിൽ സഭയുടെ അംഗങ്ങൾ ചേരാറില്ല. കാമ്പസ്സിൽ മദ്യമോ പുകയിലയോ പാടില്ല. ഒരു പക്ഷെ ലോകത്താദ്യമായി പീസ്ബിൽഡിംഗ് (സമാദാനരീതി), എം., പി.എച്.ഡി കോഴ്സുകൾ തുടങ്ങിയത് അവരായിരിക്കാം.
അതിമനോഹരമായ ഒരു കലാലയവും ആകർഷകമായ അന്തരീക്ഷവും. അവിടെ എസ.പി.ഐ എന്നൊരു പ്രോഗ്രാംഉണ്ട് (സമ്മർപീസ്ബിൽഡിംഗ്ഇൻസ്റ്റിറ്റ്യൂട്ട്) . 1998 - 2006 കാലയളവിൽ എന്റെ നാല്അമേരിക്കൻ യാത്രകൾ അങ്ങോട്ടായിരുന്നു. ഒരു തവണ ഭാര്യ സൂസനും ഒരു പ്രോഗ്രാമിനു ചേർന്നു പഠിച്ചിരുന്നു. അന്ന് എസ്.പി.ഐ ഡയറക്ടർ ആയിരുന്ന ഡോ. ജോൺ പോൾ ലെഡറാക്ക് ആണ്പീസ്ബിൽഡിംഗ്പഠനം അവിടെ ആരംഭിച്ചത്.
ഫ്രാൻസിൽഎനിക്ക്തെസെ എങ്ങനെയാണോ അതുപോലെയാണ് അമേരിക്കയിൽ എമു. എപ്പോൾ പോകണമെന്ന് വിചാരിച്ചാലും എനിക്കായി ഒരു സ്കോളർഷിപ് അവർ മാറ്റി വയ്ക്കും  ഒരു തവണ എനിക്കും സൂസനും കുടി 5000 ഡോളർ അവർ മാറ്റിവച്ചിരുന്നു. പക്ഷെ അന്ന് വിസ കിട്ടാത്തതിനാൽ സൂസന്പോകാൻ സാധിച്ചിരുന്നില്ല, ഞാനും അതുപേക്ഷിച്ചു. പക്ഷെ അടുത്ത വർഷം രണ്ടാൾക്കുംപോകാനായി.
ജീവിതത്തിൽ നന്ദി പറയാൻ നമുക്ക്എത്രയോ പേരാണുണ്ടാവുക. ആരെങ്കിലും ഒരു നന്മയെങ്കിലും എനിക്ക്ചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരു നാളും ഞാൻ മറന്നിട്ടില്ല. അതെന്റെ ജീവിത പ്രമാണമാണ്. അങ്ങനെയെങ്കിൽ എമുവിനോട്ഞാനും കുടുംബവും എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നൂഹിക്കാമല്ലോ.
വിശ്വപ്രസിദ്ധ മീഡിയേറ്ററും അനേക സമാദാന കരാറുകൾക്കു മേൽനോട്ടം വഹിച്ചിട്ടുള്ളയാളുമാണ് ജോൺ പോൾ ലെഡറാക്ക്,അനേകംഗ്രന്ഥങ്ങളുടെകർത്താവ്‌.അവിടുത്തെ എന്റെ മറ്റൊരു അദ്ധ്യാപകനായിരുന്നു അനുഗൃഹീത ഗായകനുംഎഴുത്തുകാരനുമായ ഡോ.ഹേം വീവർ. ഇവർ രണ്ടുപേരും ഞങ്ങളെയും യു.ആർ.ഐ പ്രസ്ഥാനത്തെയും എങ്ങനെ മാറ്റിമറിച്ചു എന്ന്മറ്റൊരധ്യായത്തിൽപറയാം.
എന്തായാലും അവിടുത്തെ തുടർപഠനങ്ങൾ എന്നെ അറിയപ്പെടാത്ത പലതീരങ്ങളിലെത്തിച്ചു. ഇംഗ്ലീഷ്പ്രൊഫസ്സർ ആയ ഞാൻ സമാദാന നിർമ്മിതിയുടെ വക്താവായി. അനേകം യുവജനങ്ങളെ ആ മേഖലയിലേക്കു നയിക്കാൻ സാധിച്ചു .ഇന്നും ആ പ്രക്രിയ തുടരുന്നു.
ഒരാഴ്ചയാണ്സമ്മറിലെ ഒരു കോഴ്സ്. തിങ്കളാഴ്ച തുടങ്ങി വെള്ളിയാഴ്ച തീരും. വാരാന്ത്യങ്ങളിൽ വാഷിംഗ്ടൺ, ബാൾട്ടിമോർ ,ന്യൂയോർക്ക് , ന്യൂജേർസി , ഫിലാഡൽഫിയ തുടങ്ങിയവയുടെ പലപള്ളികളും സന്ദർശിക്കാൻ സാധിച്ചു. പലയിടത്തും നമ്മുടെ വിദ്യാർഥികൾ പട്ടക്കാരായി എത്തുന്നു എന്നതു് മറ്റൊരു ഭാഗ്യമാണ്.
ജോൺപോളിന്റെ ക്ലാസുകൾ സവിശേഷതയുള്ളതാണ് .അദ്ദേഹം മാത്രമല്ല ലോകത്തിന്റെ പലഭാഗത്തുനിന്നും പണ്ഡിത ശ്രേഷ്ടർ  അവിടെ ക്ലാസ്സെടുക്കാൻ എത്താറുണ്ട് .ഭാവനാ സമ്പന്നമാണ്ഓരോ സെഷനും. ലോകമെമ്പാടുമുള്ള സംഘട്ടനങ്ങൾ, യുദ്ധങ്ങൾ, അതിന്റെ വിപത്തുകൾ, ഭയാനകമായ ആണവസങ്കേതങ്ങൾ എന്നിവ കൂടാതെ ലോകം വളർത്തിയെടുത്തിട്ടുള്ള സമാദാന പ്രസ്ഥാനങ്ങൾ എല്ലാം അവിടെ ചർച്ച ചെയ്യാറുണ്ട്.
കുടുംബമായി ഞങ്ങൾ പോയപ്പോൾ അടുത്തുള്ള ഒരു അമേരിക്കൻ കുടുംബത്തോടൊപ്പം ഞങ്ങൾ ക്ക്താമസിക്കാൻ പാറ്റ് എന്ന അഡ്മിനിസ്ട്രേഷൻ ക്രമീകരണം ചെയ്തുതന്നത്നന്ദിയോടെ ഓർക്കുന്നു. "നന്ദി ചൊല്ലി തീർക്കുവാനീജീവിതംപോരാ" എന്നതു് ഞങ്ങൾക്കും വളരെ അന്വർത്ഥമായ കാര്യം തന്നെയാണ്.

എന്റെ ജീവിത യാത്രകൾ: എപ്പിസോഡ് - 17  - ബാലിദ്വീപിൽ ഒരു മത സമ്മേളനം
കാലിഫോർണിയ ബിഷപ്പ് ബിൽ സിംഗ്മാരാമൺ കൺവെൻഷനിൽ വന്നു പ്രസംഗിച്ച കാര്യം പറഞ്ഞിരുന്നുവല്ലോ. മാർത്തോമാ സഭയ്ക്കു അമേരിക്കയിൽ ഭദ്രാസനം ഉണ്ടാകുന്നതിനു മുമ്പ് പല അച്ചന്മാർക്കും വിസ നൽകിയിരുന്നത് അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ സഭയായിരുന്നു.

യുണൈറ്റഡ് നേഷന്റെ സുവർണ്ണ ജൂബിലി ആഘോഷമായിരുന്നു യു.ആർ. തുടങ്ങാൻ  കാരണം. അതിനു ദൈവം നിയോഗിച്ചത് ബിഷപ് സിംഗിനെയും പരസ്പരം തല തല്ലി കീറാൻ വാളോങ്ങി നിൽക്കുന്ന ലോക മതങ്ങളെ ഒരു കുട കീഴിൽ കൊണ്ട് വന്നു സമാദാന പാതയിലെത്തിക്കുക എന്നതായിരുന്നു യു,എൻ  നൽകിയ ദൗത്യം.
അതിന്റെ ഭാഗമായി 1996  മുതൽ അദ്ദേഹം രണ്ടു മൂന്നു ലോക യാത്രകൾ നടത്തുകയുണ്ടായി. മാർപാപ്പ മുതൽ ദലൈലാമ വരെയുള്ള ലോക നേതാക്കളെയെല്ലാം കണ്ടു. പ്രയാണത്തിലാണ് ഒരാഴ്ചത്തെ മാരാമൺ കൺവെൻഷനിൽ പ്രധാന പ്രസംഗകനായി അദ്ദേഹം എത്തിച്ചേർന്നത്.

1995  (യു.എൻ. ഗോൾഡൻ ജൂബിലി ) മുതൽ 2000  വരെയുള്ള അഞ്ചു വർഷത്തെ യാത്രകൾക്കും പഠനത്തിനും ശേഷം ലോക മതങ്ങൾ എല്ലാം അംഗീകരിച്ച ഒരു ചാർട്ടർ രൂപപ്പെടുത്തി. സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയാണ് അതിനു എല്ലാ സഹായവും ചെയ്തത്. അങ്ങനെ 2000  ജൂൺ 26  - നു എല്ലാവരും കുടി യു. ആർ. എന്ന പ്രസ്ഥാനത്തിന് ജന്മം നൽകി. ഇന്ന് നൂറ്റിപത് രാജ്യങ്ങളിലായി സംഘടനാ വ്യാപിച്ചു കിടക്കുന്നു.

എന്റെ ജീവിതത്തിലെ മൂനാം ഘട്ടം അങ്ങനെ ആരംഭിച്ചു. തെസെ  കമ്മ്യൂണിറ്റിയും അഖില  ലോക സഭ കൗൺസിലും കടന്നു യുണൈറ്റഡ് റിലീജിയൻസിൽ എത്തി നില്കുന്നു. അതിന്റെ ആദ്യ ഏഷ്യ പാസിഫ് അസ്സെംബ്ളിക്വേണ്ടിയാണു ഞങ്ങൾ 2001  - പ്രശസ്തമായ ബാലിദ്വീപിലേക്കു പുറപ്പെട്ടത്.
ഏഷ്യയിലെ മത സംവാദ രംഗത്തെ മുതിർന്ന നേതാക്കളെല്ലാം  അവിടെ ഉണ്ടായിരുന്നു. കടൽ തീരത്തെ അതി മനോഹരമായ ഒരു ഹോട്ടലിലായിരുന്നു പരിപാടി. ഇന്ത്യയിൽ നിന്ന് വന്നവരിൽ പ്രസിഡന്റ്വി.വി. ഗിരിയുടെ മകൾ മോഹിനി ഗിരി, ഗാന്ധി ആശ്രമം പ്രസിഡന്റും എം. പി. യുമായിരുന്ന നിർമ്മല ദേശ് പാണ്ഡെ, സ്വാമി അഗ്നിവേശ്, വത്സൻ തമ്പു അച്ഛൻ, ഡോ. മൊഹിന്ദർ സിംഗ്‌ , ഫാ. ആൽബർട്ട് നമ്പ്യാർ പറമ്പിൽ, ജസ്റ്റിസ് പി കെ ഷംസുദീൻ, സൊറാസ്ട്രിൻ കോളേജ് പ്രസിഡണ്ട് മാഡം മെഹർ മാസ്റ്റർ മൂസ്, ബഹായി മതത്തിന്റെ .കെ മർച്ചന്റ്, ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ലോക നേതാവും ശാസ്ത്രജ്ഞനുമായ ഡോ. ഡി. സിംഗ്തുടങ്ങിയവരൊക്കെയുണ്ടായിരുന്നു. കൂടെ മതസംവാദ രംഗത്ത് തൊണ്ണൂറുകളിൽ പിച്ച വച്ച് നടക്കാൻ തുടങ്ങിയ ഞാനും.
ഏഷ്യയിലെ  മത നേതാക്കൾ സമ്മേളിക്കുമ്പോഴുണ്ടാകുന്ന എല്ലാ വാഗ്വാദങ്ങളും  ഒട്ടൊക്കെ ഉണ്ടായി. എങ്കിലും എല്ലാ അതിർ വരമ്പുകളെയും ഉല്ലാഘിക്കുന്ന  തത്വ ശാസ്ത്രത്തിൽ ഊന്നി ആയിരുന്നു ചർച്ചകളെല്ലാം . കൂട്ടത്തിൽ യു. ആർ. ചാർട്ടറും പഠന വിധേയമാക്കി.
ബാലിയിലെ മാഡം ഓക്ക എന്ന ബഹുമാന്യയായ സ്ത്രീ നയിച്ചിരുന്ന ഗാന്ധി ആശ്രമവും ഹരേ കൃഷ്ണ പ്രസ്ഥാനവും ആയിരുന്നു ആതിഥേയർ . ഇൻഡോനേഷ്യൻ സംസ്കാരത്തിന്റെ തനിമയാർന്ന കലാപരിപാടികൾക്കായി ഓരോ സന്ധ്യയിലും അവർ ഞങ്ങളെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി.
ഇൻഡോനേഷ്യ മുസ്ലിം രാജ്യമാണെങ്കിലും ബാലിയിൽ  തൊണ്ണൂറു ശതമാനവും ഹൈന്ദവരാണ്. എല്ലാ വീട്ടിലും ഒരു കുഞ്ഞു അമ്പലം കാണാം. ആത്മീയത അത്രമാത്രം ജീവിതവുമായി ഇഴുകി ചേർന്നിരിക്കുന്നു.
ഇടവേളകളിൽ  പൊറ്റക്കാടിന്റെ  ബാലിദ്വീപിന്റെ ഓർമ്മകൾ പിന്തുടർന്ന് ഞാൻ ഉൾഗ്രാമങ്ങളിലേക്കു ചില യാത്രകൾ തരപ്പെടുത്തി. സഹായിക്കാൻ യുവ കൂട്ടുകാരുണ്ടായിരുന്നു.
സാൻഫ്രാൻസിസ്കോ ഓഫീസിൽ നിന്നെത്തിയ സാലി മാഹിയും ഫിലിപ്പിൻസിൽ നിന്നുള്ള മാർഗ്രറ്റ്അഫ്റികയുമായിരുന്നു മീറ്റിംഗ് നിയന്ത്രിച്ചത്. ബിഷപ്പ് സിംഗിന്റെ വിശാലമായ ഓഫീസിന്റെ ഒരു മുറിയിലാണ് യു.ആർ . പ്രവർത്തനം തുടങ്ങിയത്. ഡോ. ചാൾസ് ഗിബ്സ് ആയിരുന്നു ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടർ. ഇവരെല്ലാം പിന്നീട് പല തവണ നമ്മുടെ അതിഥികളായി ഇവിടെ വന്നിട്ടുണ്ട്.
സമാപന ദിവസത്തിൽ ബാലി തെരുവുകളിലൂടെ ഞങ്ങൾ ഗംഭീരമായ ഒരു സമാധാന പദയാത്ര സംഘടിപ്പിച്ചു. പല മതങ്ങളിൽ നിന്നുള്ള നൂറു കണക്കിനാളുകൾ ഒപ്പം കൂടി.
ഡി .സി സിംഗ് അനുഗ്രഹീത ഗായകനായിരുന്നു. അമ്പലങ്ങളിലും പള്ളികളിലും എല്ലാം ഗാനസന്ധ്യയിൽ അദ്ദേഹം  പാടുകയും ജനങ്ങൾ നൃത്തം വയ്ക്കുകയും ചെയ്തു. യു. ആർ .  യുടെ പ്രവത്തനങ്ങൾക്കു ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ വലിയ പിന്തുണ അദ്ദേഹം വഴി ലഭിച്ചു. 2008 കൽക്കട്ടക്ക് അടുത്തുള്ള മായാപൂർ ഹെഡ്ക്വർട്ടേസിൽ ഗ്ലോബൽ അസംബ്ളി നടത്താൻ യു.ആർ.   ക്കു ക്ഷണം നൽകിയതും അവരായിരുന്നു.  ലോകത്തിന്റെ പലഭാഗത്തും നിന്നും ഇരുനൂറിലധികം പ്രതിനിധികൾ അവിടെ സമ്മേളിച്ചു. അതിനു മുമ്പായി യുവജനങ്ങൾക്കുവേണ്ടി ഒരു യൂത്ത് അസംബ്ലിയും അവിടെത്തന്നെ നടത്തി.
ഏതായാലും ബാലി സമ്മേളനത്തോടെ ഏഷ്യയിലെ ചുമതലഭാരം കുറച്ചൊക്കെ എന്റെ തോളിലായി. പാകിസ്ഥാനിൽനിന്നുള്ള ഡൊമിനിക്കൻ പട്ടക്കാരൻ ഫാ. ജയിംസ് ചണ്ണൻ, കൊറിയയിൽ നിന്നുള്ള ബുദ്ധമത പ്രൊഫസർ ഡോ. ജിൻ വോൾ ലീ, ശ്രീലങ്കൻ സർവോദയ പ്രസ്ഥാനത്തിൽ നിന്നെത്തിയ രവിക്കന്ദഗെ തുടങ്ങിയവരൊക്കെ നേതൃത്വം നൽകിയ ഏഷ്യാ എക്സിക്യൂട്ടീവ് കൗൺസിൽ പിന്നീട് രൂപപ്പെട്ടു. ക്രമേണ ഏഷ്യയിൽനിന്നുള്ള ഗ്ലോബൽ കൗൺസിൽ ട്രസ്റ്റിമാരും കോ ഓർഡിനേറ്റർമാരും അതിൽ അംഗങ്ങളായി. അവർ ഏഷ്യൻ മണ്ണിൽ ഇന്ന് യു.ആർ. പ്രസ്ഥാനത്തെ നയിക്കുന്നു.


Tuesday, 28 January 2020

എന്റെ ജീവിത യാത്രകൾ : എപ്പിസോഡ് -15 - ഭ്രമണ പദത്തിലെ വഴിത്തിരിവ്.
ഹരാരേ മുതൽ പോർട്ട് അലെഗ്രെ ( ബ്രസീൽ - 2006 ) വരെയുള്ള എട്ടുവർഷങ്ങൾക്കിടയ്ക്കു ഭ്രമണ പദത്തിൽ പല വഴിത്തിരിവുകളുമുണ്ടായി.
ബ്രൂണെ ദ്വീപിൽ വച്ച് നടന്ന ഇംഗ്ലീഷ് അദ്ധ്യാപകരുടെ ഒരു അന്താരാഷ്ട്ര സെമിനാറോടുകൂടി എന്റെ ഇംഗ്ലീഷ് ഭാഷാ ശാസ്ത്ര ഗവേഷണങ്ങൾ ഞാൻ അവസാനിപ്പിച്ചു. ചില പി. എച് .ഡി , എം.ഫിൽ വിദ്യാർത്ഥികളെ ഗൈഡ് ചെയ്തതൊഴിച്ചാൽ എന്റെ വായന മുഴുവൻ ഉപനിഷത്തുകളിലേക്കും പരിശുദ്ധ ഖുറാനിലേക്കുമൊക്കെ വ്യാപിച്ചു.
ലോകത്തിലെ ഏറ്റവും ധനികനായ ബ്രൂണെ സുൽത്താന്റെ നാട് കാണുക എന്നതായിരുന്നു ഏറ്റവും വലിയ ആകർഷണം. കാനഡ കേന്ദ്രമായുള്ള "കോമൺ വെൽത്ത് ഓഫ് ലേർണിംഗ്" എന്ന പ്രസ്ഥാനമായിരുന്നു എന്നെ ക്ഷണിച്ചത്. ലോകത്തെല്ലായിടത്തുമുള്ള ഇംഗ്ലീഷ് ഭാഷാ പണ്ഡിതർ അവിടെ സമ്മേളിക്കുന്നുണ്ട്. അലങ്കാര ശാസ്ത്രത്തെ പറ്റി ഒരു പ്രബന്ധാവതരണത്തിനാണ് എനിക്ക് ക്ഷണം.
സുല്ത്താന്റെ അത്യന്തം മനോഹരമായ കൊട്ടാരം കാണാൻ പോയതും യൂണിവേഴ്സിറ്റിയിലെ ചില മലയാളം അദ്ധ്യാപകരെ കാണാൻ സാധിച്ചതുമാണ് ഓർമയിലുള്ളത്.
തിരികെ വരുന്ന വഴി മലേഷ്യയിൽ ഇറങ്ങി . ഈശോ മാത്യു അച്ചനായിരുന്നു അവിടെ വികാരി . അതായിരുന്നു അവിടെ ഇറങ്ങാൻ കാരണം. ആലപ്പുഴ പി.ഓ.ഫിലിപ്പ് സാറിന്റെ സഹോദരൻ പി.ഓ.ഏബ്രഹാം സാറിനൊപ്പമായിരുന്നു എന്റെ താമസം. പണ്ട് കാലത്തു കപ്പൽ കയറി പെനാങ്ഗിൽ വന്നിറങ്ങിയ സാഹസിക യാത്രകളൊക്കെ അദ്ദേഹം വിവരിച്ചപ്പോൾ അതിശയം തോന്നി. ഏതോ ബന്ധു ക്ഷണിച്ചതനുസരിച്ചാണ് പോയത്. ചെന്നിറങ്ങിയപ്പോൾ സ്വീകരിക്കാനാരുമില്ല. ബെന്യാമിന്റെ 'ആട് ജീവിതത്തിലെ ' നായകനെ പോലെയായി എന്നർത്ഥം. പിന്നീട് ഓരോ കച്ചിത്തുരുമ്പിൽ പിടിച്ചു കയറി ബ്രിട്ടീഷ് രാഞ്ജി വരെ ആദരിക്കത്തക്ക ബിസിനസ്സുകാരനായി.
പള്ളിയിൽ പോയി പ്രസംഗിച്ചു. ലോകമെമ്പാടുമുള്ള നമ്മുടെ ഇടവകകളിൽ പോയി പ്രസംഗിക്കുന്നതിനുള്ള ഭാഗ്യം ദൈവം തന്നു എന്നത് നന്ദിയോടെ ഓർക്കുന്നു. കാൻബറ മുതൽ കാൽഗറി വരെ അത് നീളുന്നു. കോലാലംപൂർ നഗരത്തിന്റെ മനോഹാരിതയൊക്കെ ആസ്വദിച്ച് മടങ്ങി പൊന്നു.
മടങ്ങിയതു ചെന്നൈലേക്കാണ്. അമേരിക്കൻ എംബസ്സിയിൽ വിസയ്ക്കായുള്ള ഇന്റർവ്യൂ ഉണ്ടായിരുന്നു. അത് വാഷിംഗ്‌ടൺ ഡി.സി യിൽ നിന്ന് ഏറെ അകലെയല്ലാത്ത ഈസ്റ്റേൺ മെനോനൈറ്റ് യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു .
കൂട്ടത്തിൽ പറയേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യക്കു പുറത്തു ഞാൻ ഏറ്റവും കൂടുതൽ പ്രസംഗിച്ചിട്ടുള്ളത് സാൻഫ്രാൻസിസ്കോ പള്ളിയിലും വാഷിംഗ്‌ടൺ ഡി. സി.യിലുമാണ്. യു. ആർ.ഐ ആസ്ഥാനം സാൻഫ്രാൻസിസ്കോയിലും മെനോനൈറ്റ് യൂണിവേഴ്സിറ്റിയിൽ പോകുന്നത് ഡി.സി വഴിയുമാണെന്നതാണ് അതിന്റെ കാരണം.
എന്റെ വായനയും പഠനവും സാഹിത്യത്തിൽ നിന്ന് മതഗ്രന്ഥങ്ങളിലേക്കു മാറി ഒഴുകിയെന്നു സൂചിപ്പിച്ചിരുന്നല്ലോ. 1995- ലെ താരകയിൽ "വേണം മതങ്ങളുടെ ഒരു ലോക കൗൺസിൽ" എന്ന പേരിൽ ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. അപ്പോൾ മറ്റൊരതിശയം നടന്നു. 1996 - ലെ മാരാമൺ കൺവെൻഷനിൽ അതാ വരുന്നു എന്റെ സ്വപ്നം നടപ്പിലാക്കിയ ഒരു ദൈവദൂതൻ . കാലിഫോർണിയ സംസ്ഥാനത്തെ എപ്പിസ്കോപ്പൽ ബിഷപ്പായിരുന്ന വില്യം സ്വിങ് .
യുണൈറ്റഡ് നേഷൻസിന്റെ ആഹ്വാന പ്രകാരം അദ്ദേഹം ലോക മത നേതാക്കളെ യു. എൻ . കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാൻഫ്രാൻസിസ്‌കോയിൽ വിളിച്ചു കൂട്ടിയതും തുടർന്ന് യുണൈറ്റഡ് നേഷൻസ് പോലെ മതങ്ങളുടെ ആഗോള ഐക്യവേദിയായ യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യറ്റീവ് സ്ഥാപിക്കാൻ ഒരുങ്ങുന്നതുമായ കാര്യങ്ങൾ പ്രസ്താവിച്ചു. വിശാല എക്യുമിനിസം തലയ്ക്കു പിടിച്ചിരുന്ന എനിക്ക് അതിനേക്കാൾ നല്ലൊരു സുവാർത്ത യില്ലായിരുന്നു. അന്നുമുതൽ ഞാൻ യു. ആർ. ഐ യുടെ അനുയായി ആയി മാറി എന്നതാണ് സത്യം. അത് പിന്നീട് പറയാം.
അതിനു എന്നെ തന്നെ ഒരുക്കാനാണ് ഞാൻ 108 ഉപനിഷത്തുക്കൾ തേടിപ്പിടിച്ചു വായിച്ചത്. പിന്നീട് ഖുർ ആൻ പഠിച്ചു. ആ വായന എനിക്ക് മറ്റൊരു പി. എച്. ഡി. നേടിത്തന്നു. " രക്ഷാ സങ്കൽപം ഉപനിഷത്തുകളിലും ബൈബിളിലും ഖുറാനിലും " എന്ന ഗ്രന്ഥം ( Concept of Salvation in the Upanishads, The Bible and The Qur’An) ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു. സി.എസ്‌.എസ്‌ ഇറക്കിയ മലയാള പുസ്തകം ഉടൻ തന്നെ വിറ്റു തീർന്നു.
മുംബയ് സൊറാസ്ട്രിയൻ കോളേജ് പ്രസിഡന്റായ മാഡം മെഹർ മാസ്റ്റർ മൂസിനു ഇംഗ്ലീഷ് പുസ്തകം ഞാൻ വായിക്കാൻ കൊടുത്തതാണ് . അത് പി. എച്. ഡി യ്ക്കു സബ്മിറ്റ് ചെയ്തതും സൊറാസ്ട്രിയൻ കോളേജ് എനിക്ക് പി. എച്. ഡി തന്നതും ഞാൻ സ്വപ്നം കാണാത്ത കാര്യമായിരുന്നു. എന്തായാലും മതങ്ങളുടെ ലോകത്തേക്കുള്ള എന്റെ യാത്രകൾ മതഗ്രന്ഥങ്ങളുടെ ആഴക്കടലിലേക്കും എന്നെ അറിയാതെ കൊണ്ടെത്തിച്ചു.

Monday, 27 January 2020



എന്റെ ജീവിത യാത്രകൾ: എപ്പിസോഡ് 14. കാൻബറ മുതൽ ഹരാരേ വരെ.
അഖില ലോക സഭാ കൗണ്സിലിന്റെ എട്ടാമതു ജനറൽ അസ്സെബ്ലയിയെപ്പറ്റിയാണ് ഇനി പറയാനുള്ളത്. പക്ഷെ 1991 മുതൽ 1998 വരെയുള്ള ഏഴ് വർഷ കാലഘട്ടം എന്നെ സംബന്ധിച്ചടത്തോളം ഭയങ്കര ചില മാറ്റങ്ങളുടെയും ചുവടു വയ്പുകളുടെയും ഒരു യുഗമായി മാറി. അതൊന്നു പറയാതെ മുന്നോട്ടു പോകാനാവില്ല.
SCM എന്നെപ്പോലെ പലരെയും ഉത്തേജിപ്പിച്ച കാലമാണത്. അതുപോലെ ആയിരുന്നു മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ്. SCM സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റെ ഒരു പടം എന്റെ പഴയ ആൽബത്തിൽ നിന്ന് കിട്ടിയത് ഇതിന്റെ അവസാനം ചേർത്തിട്ടുണ്ട്. ബീന ചാണ്ടി, അന്നാ ജേക്കബ്, വിമല മാമ്മൻ, വിൽസൺ കെ വര്ഗീസ്, ജി. വൈ. ദാസ്, ജോൺ ജോഷുവ , ശ്യാo.സി അംബ്രയിൽ, ഉമ്മൻ . കെ. തോമസ്, എം വൈ ഏബ്രഹാം എന്ന ഞാൻ, ഡോക്ടർ പി ജി ഏബ്രഹാം, തോമസ് വര്ഗീസ്, ജോൺ സാമുവൽ എന്നിവരെല്ലാം ചെയർമാൻ ആയിരുന്ന ജസ്റ്റിൻ യേശുദാസ് എസിനൊപ്പമുള്ള ചിത്രമാണത്.
1993
ഭദ്രാസന എപ്പിസ്കോപ്പ ആയിരുന്ന ഐറേനിയസ് തിരുമേനി രക്ഷാധികാരിയും കമ്പൻകോട് പള്ളി വികാരി ആയിരുന്ന ഈശോ മാത്യു അച്ചൻ പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി എൺപത്തി മുന്ന് വർഷത്തിൽ ആദ്യമായി കൊട്ടാരക്കര പ്രദേശത്തു മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ് നടത്താൻ തീരുമാനിച്ചു. അതല്പം കടന്ന ഒരു കളിയായിപ്പോയി. കാരണം അന്ന് കൊട്ടാരക്കരയിൽ ഒരു ഓഡിറ്റോറിയമോ താമസ സ്ഥാലമോ ഇല്ല. ഇരുന്നൂറു യുവജനങ്ങൾക്ക്മുന്ന് ദിവസം താമസിക്കണം. വാളകം സെന്ററിനെ കൂടെക്കൂട്ടി. അങ്ങനെ കൊട്ടാരക്കര , വാളകം സെന്ററുകളുടെ ആഭിമുഖ്യത്തിൽ 83 വർഷത്തിൽ ആദ്യമായി കോൺഫറൻസ് പ്രദേശത്തു ഞങ്ങൾ ഉദ്ഘാടനം ചെയ്തു. സി. സ്. ഡെഫ് ആൻഡ് ഡംബ് സ്കൂളിന്റെ മുറ്റത്തു പന്തലിട്ട് അത് ഗംഭീരമായി നടത്തി. എം ജി തോമസ്, ഏബ്രഹാം പി ഉമ്മൻ തുടങ്ങിയ അച്ചന്മാരും വലിയ പിന്തുണ നൽകി. ഡോക്ടർ അലക്സാണ്ടർ മാർത്തോമാ വലിയ മെത്രപ്പോലീത്ത മുതലുള്ള തിരുമേനിമാരും, സുകുമാർ അഴിക്കോട്, അലക്സാണ്ടർ ജേക്കബ് പി എസ്തുടങ്ങിയ പ്രഗത്ഭരും എല്ലാം കൂടി കാര്യങ്ങൾ കെങ്കേമമായി. പോരെങ്കിൽ സൈറസ് സാറും, ഇട്ടി സാറും അടങ്ങിയ നേതാക്കൾ വേറെ.
ഡോക്ടർ കെ. സി ജോൺ സാർ ട്രെഷറർ ആയിരുന്നു. എത്ര തുക വേണമെന്നൊന്നും ഞങ്ങൾക്ക് തിട്ടമില്ലായിരുന്നു. .ജി മാത്യു അച്ചൻ വികാരി ആയിരുന്ന പരുത്തിപ്പാറ പള്ളിയിൽ നിന്ന് പതിനായിരം ഉൾപ്പെടെ 87000 രൂപ ഞങ്ങൾ പിരിച്ചു. 37000 മിച്ചം വന്നു. തുക ഫിക്സഡ് ടെപോസിറ്റ് ആക്കിക്കൊണ്ടു സ്റ്റുഡന്റസ് കോൺഫെറെൻസിന്റെ അനുധാവന പദ്ധതിയായി കൊട്ടാരക്കരയിൽ 1994 ഡോക്ടർ അലക്സാണ്ടർ മാർത്തോമാ
ഡയലോഗ് സെന്റര് ആരംഭിച്ചു. ഇരുപത്തിയാറു വർഷമായി അത് പ്രവർത്തിക്കുന്നു.
എൺപതുകളുടെ ആദ്യം ഞാൻ മാർത്തോമാ കോളേജിൽ ചേർന്നു. എണ്പത്തിനാലിൽ സഭാ കൌൺസിൽ അംഗമായി. അന്നുമുതൽ തെക്കൻ മേഖലയിൽ ഒരു കോളേജ് വേണമെന്ന ചർച്ചക്ക് ഞങ്ങൾ തുടക്കമിട്ടു. പക്ഷെ പുരോഗതി ഒന്നുമുണ്ടായില്ല. പതിനഞ്ചേക്കർ സ്ഥലം വേണം. വമ്പിച്ച തുക വേണം. ഉള്ള കോളേജുകൾ കുത്തുപാള എടുത്തു നിൽക്കുന്ന കാലം. കേട്ടവരെല്ലാം ചിരിച്ചു തള്ളി. എന്നാൽ ഐറേനിയസ് തിരുമേനി ഭദ്രാസന ചാർജ് എടുത്തപ്പോൾ മുൻപോട്ടു പോകാം എന്നായി. സഭാ കൗൺസിലിൽ ഞങ്ങൾ വീണ്ടും വിഷയം അവതരിപ്പിച്ചു. ദീർഘമായ ചർച്ചക്ക് ശേഷം കോളേജ് തുടങ്ങാൻ അനുമതി തന്നു. അനുമതി മാത്രം. ഒറ്റ പൈസ തരില്ല. വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചു.
തിരുമേനി പ്രസിഡന്റായി ഒരു സൊസൈറ്റി രൂപീകരിച്ചു. വികാരി ജനറൽ കെ .വി. ജേക്കബ് അച്ചനും, പി. ജെ അലക്സാണ്ടർ സാറും വൈസ് പ്രസിഡന്റുമാരായി. കെ . സി ജോൺ സാർ സെക്രെട്ടറിയും വി എം ജോർജ് സാർ ട്രഷററുമായി ഞങ്ങൾ പതിന്നാലു പേരുള്ള ആദ്യ ഗോവെർണിങ് കൗൺസിലിനെ തിരുമേനി നിയമിച്ചു. ആയൂരിൽ പതിനഞ്ചു ലക്ഷം രൂപക്ക് പതിനെട്ടേക്കർ സ്ഥലം വാങ്ങി. അയ്യായിരം രൂപ വച്ച് മുന്നൂറ്റി ഇരുപതു പേരെ ചേർത്ത് തുക സ്വരൂപിച്ചു. 120 പേരെ തിരുമേനി മാത്രം അമേരിക്കയിൽ നിന്ന് സംഘടിപ്പിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ 1995 കേരളത്തിലെ രണ്ടാമത്തെ സെല്ഫ് ഫൈനാൻസിങ് കോളേജ് കെ ആന്റണി സർക്കാർ നമുക്ക് അനുവദിച്ചു, ഞാനും കെ സി ജോൺ സാറും കുടി കേരള യൂണിവേഴ്സിറ്റിയിൽ പോയി അഫിലിയേഷൻ പേപ്പർ ഒപ്പിട്ടു വാങ്ങുമ്പോൾ അത് ഞങ്ങൾക്ക് ഒരു ചരിത്ര നിയോഗമായിരുന്നു.ബാക്കിയെല്ലാം ചരിത്രമാണ്. കോളജിപ്പോൾ രജത ജൂബിലി ആഘോഷിക്കുന്നു. ഇന്ന് അവിടെ രണ്ടു കോളേജുകളും ഒരു സ്കൂളും പ്രവർത്തിക്കുന്നു. പതിനായിരങ്ങൾ പഠിച്ചിറങ്ങുന്നു. ഇരുന്നൂറിലധികം പേര് ജോലി ചെയ്യുന്നു.
അങ്ങനെ രണ്ടു വലിയ സംഭവങ്ങൾക്കു ശേഷം WCC അസംബ്ലിക്കായി ആഫ്രിക്കൻ മണ്ണിലേക്ക് പോകാൻ ഒരു പ്രത്യേക ഉത്സാഹമൊക്കെ ഉണ്ടായിരുന്നു. 1998 ലെ ഹരാരേ അസ്സെംബ്ളിക്ക് സഭയുടെ ഔദ്യോഗിക പ്രതിനിധികൾ സഖറിയാസ് തിരുമേനി എബ്രഹാം കുരുവിള അച്ചൻ, ജോസഫ് ചാക്കോ, ഡോക്ടർ ജയന്ത് തോമസ് തുടങ്ങിയവരായിരുന്നു. അമേരിക്കയിൽ നിന്ന് വനിതാ പ്രതിനിധി വന്നു. ഇവരെക്കൂടാതെ ഐറേനിയസ് തിരുമേനി, ഐപ്പ് ജോസഫ് അച്ചൻ, ഡോക്ടർ പി. ജെ അലക്സാണ്ടർ , ഡോക്ടർ. സാക് വര്ഗീസ് തുടങ്ങിയവരും പല വിഭാഗങ്ങളിലായി ഉണ്ടായിരുന്നു. ഡയലോഗ് ഡിപ്പാർട്മെന്റ് പ്രത്ത്യേക ക്ഷണിതാവായാണ് ഞാൻ എത്തിയത്.
"
ദൈവത്തിങ്കലേക്കു തിരിയുക, പ്രത്യാശയിൽ സന്തോഷിക്കുക" എന്നതായിരുന്നു എട്ടാം അസംബ്ലിയുടെ ചിന്താ വിഷയം. (Turn to God and Rejoice in Hope ). WCC.യുടെ സുവർണജൂബിലി സമ്മേളനമായിരുന്നു അത്. ഔദ്യോഗിക പ്രധിനിധികൾ തൊള്ളായിരം പേരായിരുന്നെങ്കിലും എല്ലാവരും കുടി റെക്കോർഡ് നമ്പറായ അയ്യായിരത്തിൽ എത്തി. പെന്തെക്കോസ്റ്റൽ സഭകൾ WCC യെ കടന്നാക്രമിക്കുന്ന കാലമായിരുന്നു അത്. കാരണമുണ്ട്. റൊഡേഷ്യയിലും മറ്റും സ്വാതന്ത്ര്യ പോരാളികൾക്ക് ആയുധം വാങ്ങാൻ WCC പണം കൊടുത്തു എന്നൊരാരോപണം അന്നുണ്ടായിരുന്നു. എം. എം തോമസിനെപ്പോലുള്ള വേദ ശാസ്ത്രഞ്ജർ പോരാട്ടത്തിന്റെ ആത്മീയതയെപ്പറ്റി പഠിപ്പിക്കുന്ന യുഗമായിരുന്നു. എന്തായാലും സിംബാബ്വെ അസംബ്ലി മനോഹരമായി കലാശിച്ചു. സഖറിയാസ് തിരുമേനി വീണ്ടും സെൻട്രൽ കമ്മിറ്റിയിലേക്കും തുടർന്ന് എക്സിക്യൂട്ടീവിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
സഖറിയാസ് തിരുമേനിയുടെ നേതൃത്വത്തിൽ ഞങ്ങൾ എല്ലാവരും കുടി വിക്ടോറിയ വെള്ളച്ചാട്ടം കാണാൻ പോയത് സുന്ദരമായ ഓര്മയാണിന്നും. വിമാനത്തിൽ പോകണമായിരുന്നു. സാമ്പസി നദി നൂറ്റിഎട്ടടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മനോഹര ദൃശ്യം ഒരിക്കലും മറക്കാനാകില്ല. വിക്ടോറിയ നദിയിലൂടെ ബോട്ടിൽ നടത്തിയ ഉല്ലാസ യാത്ര ഏറെ ആനന്ദകരമായിരുന്നു. അസംബ്ലികളുടെയൊക്കെ റിപോർട്ടുകൾ കാലത്തെ സഭാ താരകയിൽ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. കൂടുതൽ വർണന ഇവിടെ ഒഴിവാക്കുന്നു.