മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ)
ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം ആറ്
കാമ്പസ്സിലെ കിങ്കരൻ
ആ രൂപം കണ്ടാൽ ആരും ഭയന്നുപോകും. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണെങ്കിലും ഗുണ്ടുഗോപിക്കു പ്രായം ഏറെ കാണും. ജീൻസും ടീ ഷർട്ടും, വലിയ ഷൂസും, കയ്യിലൊരു വെള്ളി വളയും, പിന്നൊരു നെറ്റിക്കെട്ടും എല്ലാം കൂടി അന്തിച്ചുപോകും. പോരെങ്കിൽ പട്ടച്ചാരായത്തിന്റെ കുമുകുമാ ഗന്ധവും.
കാമ്പസ്സിലെ കിങ്കരനാണവൻ. ചിലപ്പോൾ കറുത്ത ചില്ലിട്ട റ്റാറ്റാ എസ്റ്റേറ്റിലും അല്ലാത്തപ്പോൾ തുറന്ന ജീപ്പിലും വരും. അത്യാവശ്യമുള്ളപ്പോൾ യമഹ ബൈക്കിലും. ഒരുപാടു രഹസ്യങ്ങളുടെ കലവറയാണവൻ. ഒരുപാടു കണ്ണികളുള്ള ഒരു ചങ്ങലയിലെ ആണിയും.
വരിക്കപ്പുഴ കോളേജിൽ മാത്രമല്ല, ചുറ്റുവട്ടത്തുള്ള അഞ്ചാറു കോളേജുകളിൽ സമരച്ചൂളയെരിക്കാൻ ഈ ഒരാൾ മതി. അതിനുവേണ്ടി അവനു പണം നൽകാൻ മത്സരിക്കുന്ന ഒരു പട തന്നെയുണ്ട് പലയിടങ്ങളിൽ. കോളേജ് രാവിലെ അടച്ചു കിട്ടിയാൽ പലവിധ പ്രയോജനങ്ങളുള്ളവർ.
സുമിയുടെ വയറ്റിൽ ഒരു തീക്കട്ടയെരിഞ്ഞു. കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ ഓടി മറഞ്ഞു. അപ്പോൾ അവളുടെ പാതി ജീവൻ പോയി. തൊട്ടടുത്ത ഒരു തെങ്ങിലിരുന്നു ഒരു മരംകൊത്തി കിലുകിലാ ചിലച്ചു.
ഉള്ളിലുള്ള ഭയം പുറത്തു കാണിക്കാതെ സുമി ഇപ്രകാരം പറഞ്ഞു:
"ആ ... ഗോപിയെ ഞാൻ കാണാനാഗ്രഹിച്ചിരുന്നു. ഇന്നലെ പെടുന്നങ്ങനെ സംഭവിച്ചു പോയതാണ്. തെറ്റിപ്പോയെന്ന് എനിക്കറിയാം. ഗോപി ക്ഷമിക്കണം. നിങ്ങൾ തല്ലിച്ചാകരുതെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ...."
അവൻ രാക്ഷസീയമായ ഒരു ചിരി ചിരിച്ചു. പാറക്കല്ലുപോലുള്ള മനസ്സിന്റെ കാഠിന്യം കാണിക്കുന്ന വികൃതമായ ചിരി. കോമ്പല്ലുകാണിച്ചുള്ള ചിരി.
"ഒരു ക്ഷമാപണത്തിലൊന്നും തീരുന്നതല്ലല്ലോ
നമ്മൾ തമ്മിലുള്ള ഇടപാട്...."
"പിന്നെ തനിക്കെന്താണ് വേണ്ടത്?"
"എനിക്ക് നിന്നെ വേണം. പൂവൻപഴം പോലത്തെ ഈ ശരീരം വേണം."
"ഛീ..... റാസ്ക്കൽ...." സുമിയുടെ കൈ അറിയാതെ ഉയർന്നു. പക്ഷെ വെളുത്ത ലോലമായ ആ കൈ ഗോപിയുടെ ബലിഷ്ഠമായ കറുത്ത കയ്യിലമർന്നു ഞെരിഞ്ഞുപോയി.
ബുള്ളറ്റിന്റെ ശബ്ദം കേട്ടു. സാം ജോസഫ് മുണ്ടാണിക്കൽ അതുവഴി വന്നു. ഒരു ജീപ്പിൽ കുറെ തടിയന്മാരും അപ്പോൾ അതുവഴി കടന്നുപോയി. അവർ ദൂരെ നിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു.
സാം സാറിനെ കണ്ടതും ഗുണ്ടുഗോപി സുമിയുടെ കയ്യിലെ പിടിവിട്ടതും ഒരുമിച്ചായിരുന്നു.
ഡിപ്പാർട്ടുമെന്റിൽ വച്ച് വത്സലയും വസുമതിയും തമ്മിൽ പറഞ്ഞത് തമ്പാൻക്കുട്ടി സാർ ശ്രദ്ധിച്ചിരുന്നു. അപ്പോൾത്തന്നെ സാമിനെ വിളിച്ചു സാർ ഇപ്രകാരം പറഞ്ഞു:
"ഒരു അപകടം മണക്കുന്നുണ്ട്. സാർ സുമിയെ ഒന്നു ശ്രദ്ധിച്ചേക്കണം".
"എന്താടാ ഗോപീ പ്രശ്‍നം..." സാർ ചോദിച്ചു.
"ഒന്നുമില്ല സാർ ..." അതും പറഞ്ഞു അവൻ വേഗത്തിൽ ബൈക്കോടിച്ചുപോയി.
നടുറോഡല്ലായിരുന്നെങ്കിൽ സാം സാറിന്റെ മാറിൽ വീണ് അവൾ കരഞ്ഞേനെ. സുമി വിങ്ങിപ്പൊട്ടിപ്പോയി.
സാർ അവളുടെ വലതുകൈ പിടിച്ചു പരിശോധിച്ചു. രക്തം കട്ടപിടിച്ചു നീലിച്ച കൈ. അവൾ ഉറക്കെ കരയും എന്നു തോന്നി. കയ്യിലെ മുറുവിനേക്കാൾ ആഴമുള്ളത് ഹൃദയത്തിലേറ്റ മുറിവായിരുന്നു. ഗോപിയുടെ വാക്കുകൾക്ക് കഠാരയേക്കാൾ ശക്തിയുണ്ടായിരുന്നു. ഇത്രക്കൊരപമാനം തീരെ പ്രതീക്ഷിച്ചതല്ല. വത്സല വെറുതെ പറഞ്ഞതല്ലെന്ന് ഇപ്പോൾ ബോദ്ധ്യമായി.
"സുമി കരയല്ലേ... ഞങ്ങളൊക്കെ ഇല്ലേ ഇവിടെ. ആരും ഒന്നും ചെയ്യില്ല ..." സാം സാർ അവളെ ആശ്വസിപ്പിക്കാൻ നോക്കി. അവൾ തളർന്നു താഴെ വീഴുമോ എന്ന് സാർ ഭയന്നു.
"ബൈക്കിൽ കയറിക്കോ.... ഞാൻ കൊണ്ടാക്കാം..."
അവൾ കയറി ഇരുന്നു. മുണ്ടാണിക്കൽ ബുള്ളറ്റ് സ്റ്റാർട്ടാക്കി ഓടിച്ചുപോയി.
സുമി സുരഷിതയാണെന്നുറപ്പു വരുത്തിയശേഷം ജീപ്പിൽ വന്ന തടിയന്മാർ ഗുണ്ടുഗോപിയുടെ പിന്നാലെ പാഞ്ഞു. ഇട്ടിക്കുഞ്ഞു ഇടപാട് ചെയ്തതനുസരിച്ചു രാവിലെ തന്നെ അവർ സുമിയെ അനുഗമിച്ചിരുന്നു. അവൾ അറിഞ്ഞില്ലെന്നു മാത്രം.
ജീപ്പിലുള്ളവർ തന്നെ പിന്തുടരുകയാണെന്നറിഞ്ഞപ്പോൾ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചു കടന്നു കളയാൻ അവൻ ഒരു ശ്രമം നടത്തി. ജീപ്പിനു കയറാൻ പറ്റാത്ത ഒരിടവഴിയിലേക്കു ഓടിച്ചു കയറ്റിയ അവന്റെ പിറകെ വില്ലു വിട്ട മാതിരി ചെന്ന തടിയന്മാർ ബൈക്ക് തൊഴിച്ചു നിലത്തിട്ടു. കരാട്ടെ സ്റ്റയിലിൽ ചാടിച്ചാടി നിന്ന ഗുണ്ടുവിനെ ഒരാൾ ഒറ്റയടിക്ക് മലർത്തിയിട്ടു. മുക്കാം പണ്ടക്കേറ്റ അടികാരണം വായിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകാൻ തുടങ്ങി.
ജീൻസിൽ
കുത്തിപ്പിടിച്ചു അവർ നേരെ നിറുത്തി. അതിലൊരാൾ ഇങ്ങനെ പറഞ്ഞു:
"ഞങ്ങളുടെ കൊച്ചിന്റെ മേൽ തൊട്ടവന്റെ ആ കൈ വെട്ടിക്കളയുകയാണ് വേണ്ടത്. പക്ഷെ വയസ്സ് മുപ്പതായെങ്കിലും നീയും ഒരു വിദ്യാർത്ഥി ആയിപ്പോയില്ലേ?. അവൾ ടീച്ചറും. ഇനി ഇതുപോലെ എന്തെങ്കിലും വേല കാണിച്ചാൽ നിന്നെ കൊത്തിയരിഞ്ഞു ഞങ്ങൾ കൊക്കയിൽ തള്ളും. സൂക്ഷിച്ചോ..."
അത്രയും
പറഞ്ഞു അവർ സ്ഥലം വിട്ടു. മൂക്കിന്റെ പാലം തകർന്നു എന്നു ബോദ്ധ്യപ്പെട്ടതിനാൽ ഗോപി ചോര വാർന്നൊലിക്കുന്ന മുഖവുമായി അടുത്ത ആശുപത്രി തേടിപ്പോയി.
സാം സാറിന്റെ ബുള്ളറ്റ് റബർ തോട്ടങ്ങൾക്കിടയിലൂടെ, പമ്പയാറിന്റെ കരയിലൂടെ മൈലാടുംപാറ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. സുമി തന്റെ പുറകിൽ ചാരിയിരുന്നു കരയുകയാണെന്നു അവനു മനസ്സിലായി. ഒരക്ഷരം അവൾ ഉരിയാടിയില്ല. കരഞ്ഞോട്ടെ എന്ന് സാറും കരുതി.
വിവരങ്ങളൊക്കെ തടിയന്മാർ അപ്പപ്പോൾ ഇട്ടിക്കുഞ്ഞിനെ അറിയിക്കുന്നുണ്ടായിരുന്നു.സുമിയും സാറും വീട്ടിലെത്തിയപ്പോൾ അവിടെ പീലിപ്പോച്ചനും സാറാമ്മയും ഉൾപ്പടെ സകലരും ആകാംക്ഷയുടെ മുൾമുനയിലായിരുന്നു.
തന്റെ തോളിൽ മുഖമമർത്തി കരഞ്ഞ പെൺകുട്ടിയെ അല്ല സാം അവിടെ എത്തിയപ്പോൾ കണ്ടത്. ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരു ചെറുചിരിയോടെ അവൾ വല്ല്യപ്പച്ചനെയും വല്യമ്മച്ചിയേയും കെട്ടിപ്പിടിച്ചു. എല്ലാവർക്കും സാറിനെ പരിചയപ്പെടുത്തി. അതോടെ എല്ലാവരുടെയും ഉദ്വോഗവും അസ്തമിച്ചു.
ഇട്ടിക്കുഞ്ഞു സാം സാറിനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞു. "വി ആർ സോ ഗ്രെയ്റ്റ് ഫുൾ" അത്രയേ അദ്ദേഹത്തിന് പറയാൻ കഴിഞ്ഞൊള്ളു.
പീലിപ്പോച്ചന് സാമിനെപ്പറ്റി എല്ലാം അറിയണമായിരുന്നു. അതൊക്കെ പിന്നീടാകാം എന്നു പറഞ്ഞു അമ്മിണി ടീച്ചർ അവരെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കാപ്പികുടിയും സംസാരവും കഴിഞ്ഞപ്പോൾ മനോഹരമായ പൂന്തോട്ടം കാണാനായി സാം പുറത്തേക്കിറങ്ങി. സന്ധ്യ പ്രഭയിൽ മുങ്ങികുളിച്ചപ്പോൾ ആ ഉദ്യാനത്തിന് ഒരു അലൗകിക കാന്തി കൈവന്നു.
"ഇതെല്ലം മമ്മിയുടെ സൃഷ്ടിയാണ്. കുറച്ചു എൻന്റെയും." സുമി ചെടികൾ ഓരോന്നായി പരിചയപ്പെടുത്തി. ചെറിയ കുളങ്ങളും അതിൽ ചാടിക്കളിക്കുന്ന കുഞ്ഞു മത്സ്യങ്ങളും, ആമ്പൽപ്പൂക്കളും എല്ലാം കൂടി ഒരു മായിക പ്രപഞ്ചം.
"കൊറിയയിലെയും ജപ്പാനിലെയും ഉദ്യാനങ്ങൾ കണ്ടവർക്ക് ഇതൊക്കെ എന്തോ കാണാനാ....അല്ലെ?". സുമി സാറിന്റെ തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
"ഏതു ജപ്പാനായാലും കേരളത്തിലേതു പോലാവുമോ?". ആ മറുപടിയിൽ എല്ലാമുണ്ടെന്നു സുമിക്കു തോന്നി. അവളുടെ മനസ്സിൽ പൂത്തിരി കത്തി.
സത്യത്തിൽ ആ പൂന്തോപ്പിനു ഒരു മാസ്മര ശക്തിയുണ്ടെന്ന് സാമിന് തോന്നി. അവിടെ കാലുകുത്തിയപ്പോൾ സുമി എല്ലാം മറന്നു കഴിഞ്ഞു. ഏതൊരു പെണ്ണും തകർന്നുപോയെനെ. പക്ഷെ ഇവൾ! ഇവൾ.... തളരില്ല . ഉറപ്പ്.
"ഇപ്പോൾ എന്തു തോന്നുന്നു?". അവൻ ചോദിച്ചു.
"പോയ നിമിഷങ്ങളെ എപ്പോഴേ ഞാൻ കുഴിച്ചു മൂടി. സുന്ദരമായതു മുന്നിലുള്ളപ്പോൾ കിരാതമായത് എന്തിനോർക്കണം?”.
"ഫിലോസഫറാണല്ലേ....?".
"കളിയാക്കല്ലേ...... വലിയ ആളാണെന്നെനിക്കറിയാം".
" ഈ ഭൂമിയിൽ വലിയവനും ചെറിയവനും ഉണ്ടോ എന്റെ മോളെ....?. കേവലം ഞാൻ മാത്രമാണുള്ളത്. പരവും ഞാൻ തന്നെയാണ്. ഞാൻ സകലത്തിന്റെയും ഉല്പത്തിസ്ഥാനവും സർവലോക ഗുരുവുമാകുന്നു. സിദ്ധനും ശുദ്ധനും പരമ തത്വവും ഞാൻ തന്നെയല്ലേ....?".
സുമി അവന്റെ തീഷ്ണമായ കണ്ണുകളിലേക്കു നോക്കി നിർമ്മമയായി നിന്നു. ആ കണ്ണുകളിൽ തീജ്വാല ഉയരുന്നതവൾ കണ്ടു. എല്ലാം തന്നിലേക്കാവാഹിക്കുന്ന തീ. ആ ഹോമകുണ്ഡത്തിൽ ആളിപ്പടരാൻ ശരീരം മോഹിച്ചു.
പടിഞ്ഞാറെത്തിയ സൂര്യ ബിംബം സന്ധ്യക്കു ഒരു കുങ്കുമപ്പൊട്ട് ചാർത്തിക്കൊടുത്തു. അരങ്ങേറ്റത്തിലെന്നപോലെ സന്ധ്യയാം സുന്ദരി ആടിത്തിമിർത്തു. കാമുകനെ പ്രീണിപ്പിക്കാൻ.
സുമിക്കും ഒന്നു നൃത്തം ചവിട്ടിയാൽ കൊള്ളാമെന്നു തോന്നിയ നിമിഷമായിരുന്നു അത്. നേരത്തെ താൻ കരഞ്ഞത് എന്തിനെന്ന് അവൾ ശങ്കിച്ചു. ഒരു മനോഹര തീരത്തേക്ക്
പട്ടക്കാരൻ തന്നെ പറത്തിക്കൊണ്ട് പോവുകയായിരുന്നില്ലേ?. ആ പ്രദോഷം ഒരിക്കലും അസ്തമിക്കാതിരുന്നെങ്കിൽ എന്നവളാശിച്ചുപോയി.
"ടീച്ചർ സ്വപ്നം കാണുകയാണോ?".
"സ്വപ്നങ്ങൾ സ്വയം വന്നുകയറിയാൽ എന്തുചെയ്യും?".
ഈ സുന്ദരി ഓരോ വാക്കിലും തന്നെ കീഴ്പ്പെടുത്തുന്നതായി അവൻ മനസ്സിലാക്കി. ശരീരം പോലെ മനസ്സും മൃദുലം, കോമളം. വാരിപ്പുണരു എന്നല്ലേ മനസ്സ് മന്ത്രിക്കുന്നത്?.
"സുന്ദരി ടീച്ചർ കവിതയെഴുതുമോ? സുമി ഇട്ടി മംഗലം എന്ന പേര് വായിച്ചിട്ടുണ്ടല്ലോ. പോയട്രി സൊസൈറ്റിയുടെ അവാർഡ് കിട്ടിയിട്ടില്ലേ?".
സാറിന്റെ വിളിയിൽ ഓരോ വിശേഷണങ്ങൾ കൂടുന്നത് സുമി ശ്രദ്ധിച്ചു. ആദ്യം
സുമി. പിന്നെ ടീച്ചർ. ഇപ്പോൾ സുന്ദരി ടീച്ചർ. ഇടയിലൊരു മോളും. ഇഷ്ടം കൂടുമ്പോഴല്ലേ വാക്കുകൾക്കു നിറം വയ്ക്കുന്നത്?.
"എന്റെ മുറിയിൽ
വാ.... എഴുതിക്കൂട്ടിയതൊക്കെ കാണിച്ചുതരാം".
"എല്ലാം വായിക്കാൻ എത്രനാളെടുക്കും?"
"മനസ്സിനെ അപ്പാടെ പകർത്തിയെടുക്കുന്ന ആളല്ലേ? എന്തിനേറെ നേരം?".
ഈ കാവ്യദേവതയെ മറ്റാർക്കും കൈവയ്ക്കാൻ താൻ വിട്ടുകൊടിക്കില്ലെന്ന് സായന്തന സൂര്യനെ സാക്ഷി നിറുത്തി സണ്ണിക്കുട്ടി ജോസഫ് എന്ന സാം തീരുമാനിച്ചു. ആ നിമിഷം വെളുത്തു തുടുത്ത ഒരാമ്പൽപ്പൂവ് അവൾ അവനു സമ്മാനിക്കുകയും ചെയ്തു.
"ഇത് എന്തിന്റെ പ്രതീകമാണ് സുന്ദരീ ......?".
"എന്റെ ഹൃദയമാണെന്നറിഞ്ഞിട്ടും വെറുതെ ചോദിക്കുന്നതല്ലേ?".
വാക്കുകൾക്കപ്പുറം മനസ്സുകൾ പായാൻ തുടങ്ങിയെന്നു രണ്ടുപേർക്കും ബോദ്ധ്യമായി. ശരീരം സംസാരിക്കും മുമ്പേ വിടവാങ്ങാം എന്നവൻ തീരുമാനിച്ചു.
"സുമി ഇട്ടിമംഗലം.... ഞാൻ പോട്ടെ ....?"
തന്റെ രക്ഷകൻ അതു ചോദിച്ചപ്പോൾ അവൾ ഒന്നു വിറച്ചു. ആ സാമിപ്യം തന്റെ കരുത്താണെന്നു എപ്പോഴോ അവളറിഞ്ഞിരുന്നു. എങ്ങിനെ നഷ്ടപ്പെടുത്തും?.
"പോകണ്ടെന്നു പറഞ്ഞാൽ കേൾക്കുമോ എന്റെ സണ്ണിക്കുട്ടി ജോസഫ് മുണ്ടാണിക്കൽ ...?"
അവൻ പെട്ടെന്ന് ബുള്ളറ്റ് സ്റ്റാർട്ടാക്കിയപ്പോൾ സുമിയുടെ ഹൃദയം പടപടാന്നു പിടച്ചു.
"രാത്രിയായില്ലേ..... കാർ തന്നു വിടട്ടെ.... ബൈക്കിൽ പ്രയാസമാവും. മഴ പെയ്താലോ....?".
അവന്റെ
നെഞ്ചിലെ ബട്ടണിൽ പിടിച്ചുകൊണ്ടാണവൾ അത്രയും ചോദിച്ചത്. ആ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
അവളുടെ
വലതുകരം തന്റെ
കൈ വെള്ളയിൽ വച്ചവൻ പരിശോധിച്ചു. നീലിമ മാഞ്ഞിരുന്നു.
പെട്ടന്ന് വണ്ടി മുന്നോട്ടോടി. തന്റെ ആത്മാവും കൂടെപറക്കുന്നതായി അവൾക്കു തോന്നി.
…………………………………………………………………………………………………...