മസൂറിയിൽ ഒരു മഞ്ഞു കാലം
(നോവൽ)
ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം എട്ട്
അറിയാതെ എത്തിയ
തിമിംഗലം
സണ്ണി ജോസഫ് മുണ്ടാണിക്കൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഇരുനിലമാളികക്കു മുമ്പിൽ വൈകുന്നേരം സുമിയുടെ നീല മാരുതി സെൻ വന്നു നിന്നു. അങ്ങോട്ടു കയറുമ്പോൾ അവളുടെ ഉള്ളു പിടച്ചു.
വീട്ടിൽ സ്നേഹമയിയായ ഒരമ്മച്ചിയുണ്ട്. ഭർത്താവു മരിച്ചു. മക്കളെല്ലാം അകലെയാണ്. എങ്കിലും സന്തോഷവതി. അമ്മച്ചി ചിരിച്ചാൽ നിലാവ് വിരിയും.
സാം അമ്മച്ചിക്ക് ടീച്ചറെ പരിചയപ്പെടുത്തി. മോൻ ഭാഗ്യവാൻ എന്ന് അമ്മച്ചിയുടെ മനസ്സു പറഞ്ഞു.
"ഞാൻ പ്രസവിച്ചതല്ലെങ്കിലും ഇതെന്റെ മോനാ..."
സാറിനെപ്പറ്റി പറയാൻ അമ്മച്ചിക്ക് ഏഴു നാവ്.
യുവമിഥുനങ്ങൾ മുകളിലത്തെ നിലയിലേക്കു നടന്നു. മനോഹരമായ ആ വീട്ടിൽ ഏകാന്തതയുടെ ഒരുതരം മരവിപ്പ് വ്യാപിച്ചു കിടന്നു.
മട്ടുപ്പാവിൽ അവർ കുറെ നേരം നിന്നു. മഴയുടെ ഇരമ്പം ദൂരെ കേൾക്കാമായിരുന്നു.
മുറ്റത്തെ സപ്പോട്ടമരത്തിൽ നിറയെ കായ്കൾ. ഓരോന്നിലും മുത്തി പഴുത്തതു തട്ടിയിടാൻ നോക്കുന്ന അണ്ണാറക്കണ്ണന്മാർ. തങ്ങൾക്കുത്സവമാണെന്നു കാണിക്കാൻ അവർ വാലുപൊക്കിച്ചാടി.
തന്റെ മുറി തുറന്നു സാം അകത്തു കയറി. പുറകെ നടന്ന് ആ മുറിയിലേക്കു വലതുകാൽ വയ്ക്കുമ്പോൾ സുമിയുടെ ഹൃദയത്തിൽ പെരുവെള്ളത്തിന്റെ മുഴക്കമുണ്ടായിരുന്നു. എന്ത് രഹസ്യമാണ് തന്നോട് പറയാൻ പോകുന്നത് എന്നറിയാനുള്ള അങ്കലാപ്പ്.
അവൾ ആ മുറിയിലാകെ ഒന്നു കണ്ണോടിച്ചു. മേശപ്പുറത്തു കമ്പ്യൂട്ടറും പുസ്തകങ്ങളും പത്രങ്ങളും എല്ലാം പൂരപ്പറമ്പിലെ കച്ചവടക്കാരന്റെ തട്ടുപോലുണ്ട്. കട്ടിൽ നിറയെ മാസികകളും പലതരം ആഴ്ചപ്പതിപ്പുകളും.
ആരും ഒന്നും മിണ്ടിയില്ല ഔപചാരികതയുടെ നിമിഷങ്ങൾ പിന്നെയും കുറെയിഴഞ്ഞു. അമ്മച്ചി കൊടുത്തയച്ച ചായ പിന്നീടൊരഞ്ചു മിനിട്ടുകൂടി അപഹരിച്ചു. അവരുടെ സ്വകാര്യതയെ താലോലിക്കാൻ കാറ്റിന്റെ അകമ്പടിയോടെ കാലവർഷത്തിന്റെ അവസാന ചൂളം വിളിയുമെത്തി.
തന്റെ രക്ഷകന്റെ മനസ്സിൽ ശക്തിയായ എന്തോ സമ്മർദ്ദത്തിന്റെ തിരകൾ ആഞ്ഞു വീശുന്നുണ്ടെന്നു സുമിക്കു ബോദ്ധ്യമായി. കണ്ണിലെ ജ്വാലക്കു തിളക്കമില്ലാതായിരിക്കുന്നു. അതവളെ പേടിപ്പെടുത്തി.
"എന്തു രഹസ്യമാ പറയാനുള്ളത്?" ധൈര്യം സംഭരിച്ചു അവൾ ചോദിച്ചു.
പുറത്തു മഴയുടെ മേളം. സപ്പോട്ട മരച്ചില്ലകൾ ശക്തിയായി കാറ്റിൽ ഉലഞ്ഞാടി.
വാതിൽ ചാരി നിന്ന സുമിയുടെ തോളിൽ ഇരുകരങ്ങളും ചേർത്തു വച്ചുകൊണ്ടു അവളുടെ രക്ഷകൻ ഈറനണിയാൻ തുടിക്കുന്ന ആ കണ്ണുകളിലേക്കു നോക്കി. പിന്നെപ്പറഞ്ഞു:
"അറിയാതെ അടുത്തുപോയവരല്ലേ സുമി നമ്മൾ?. പഴയ ഏതോ ജന്മത്തിൽ ബന്ധിക്കപ്പെട്ടിരുന്നതുപോലെ. പക്ഷെ എനിക്കൊരു കാര്യം അറിയണം. ആലോചിച്ചു സാവകാശം മറുപടി പറഞ്ഞാൽ മതി..."
അവളുടെ മനസ്സിൽ വെള്ളിടി വെട്ടി.
"എന്താ അറിയേണ്ടത്....?". അവൾ വിതുമ്പിപ്പോയി. അറിയാതെ അവന്റെ കഴുത്തിലേക്ക് ചാഞ്ഞു പോയി. തൻ നിൽക്കുന്നിടം താഴുന്നുണ്ടോ എന്നവൾ ഒരു നിമിഷം സംശയിച്ചു.
"ഞാൻ ഈ നാടും കോളേജും വിട്ടുപോയാൽ എന്നോടൊപ്പം വരുമോ...?"
ഒരു ദീർഘശ്വാസം. നിർവൃതി.
"ഇതാണോ ഇത്ര വലിയ കാര്യം?. ഞാൻ വല്ലാതെ ഭയന്നുപോയല്ലോ. ലോകത്തെവിടെപോയാലും ഞാൻ കൂടെ
വരും..... എന്നെ ഉപേക്ഷിച്ചു പോവുമോ....? പറ......" ഒരു കുഞ്ഞിനെപ്പോലെ അവൾ കരഞ്ഞു.
ആലിംഗന ബദ്ധരായി ഏറെ നേരം അവർ അങ്ങനെ നിന്നു. പുറത്തു മഴ പെയ്തൊഴിയുന്നതുവരെ. തണുപ്പിന്റെ
സുഖമറിഞ്ഞുകൊണ്ട്.
അതിനിടയിൽ അവൻ കഥ പറഞ്ഞു. ചില മുത്തങ്ങൾക്കിടയിലൂടെ അവൾ അതു കേട്ടറിഞ്ഞു.
താൻ ഐ.എ.എസ് പരീക്ഷ റാങ്കോടെ പാസ്സായിട്ടുണ്ട്. അടുത്ത മാസം ഡൽഹിയിൽ വാചാ പരീക്ഷക്ക് പോകണം. വിദേശ സർവ്വീസിൽ ചേരാനാണ് മോഹം. വിവരം തന്റെ അപ്പച്ചനും അമ്മച്ചിക്കും സഹോദരങ്ങൾക്കുമല്ലാതെ മറ്റാർക്കുമറിയില്ല.
സുമി താനേറെ ഇഷ്ടപ്പെടുന്ന ജോലിയിൽ താളം കണ്ടെത്തി വരുന്നതേയുള്ളൂ. നാട്ടിലെ വേരുകളും ആഴത്തിലുള്ളതാണ്. തനിക്കതു പിഴുതു മാറ്റാനാവുമോ എന്നതായിരുന്നു സംശയം.
"യുഗങ്ങൾക്കു മുമ്പേ ഞാൻ സമർപ്പിച്ചതല്ലേ.... പിന്നെന്തിനു സംശയം....?. വിദേശത്തു എനിക്കു ഗവേഷണം നടത്താം. പഠിപ്പിക്കാം. എഴുതാം... അങ്ങനെ എന്തെല്ലാം. അതോർത്തു വിഷമിക്കേണ്ട... സമാധാനമായോ?".
ഒരു ദീർഘ ചുംബനമായിരുന്നു മറുപടി.
കറുത്ത മഴമേഘങ്ങൾക്കിടയിലൂടെ, കലങ്ങി മറിഞ്ഞൊഴുകുന്ന പമ്പയുടെ തീരങ്ങളിലൂടെ തിരികെ മയിലാടും പാറയിലേക്കു കാറോടിച്ചതു അവളുടെ രക്ഷകനായിരുന്നു. പീലിപ്പോച്ചന്റെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കാണ് ആദ്യം അവർ പോയത്. വല്ല്യപ്പച്ചന്റെയും വല്ല്യമ്മച്ചിയുടെയും അനുഗ്രഹം വാങ്ങിക്കാൻ.
* * * * *
വരിക്കപ്പുഴയാകെ ഇളകി മറിഞ്ഞിരുന്നു. അനേക നാളായി മുടങ്ങിക്കിടന്ന കോളേജ് വള്ളംകളി ഇന്ന് പുനർജനിക്കുന്നു. ഒമ്പതു ഡിപ്പാർട്ടുമെന്റുകളാണ് തുഴക്കരുതിന്റെ മാറ്റുരക്കുന്നത്. എങ്ങും ആവേശതിരമാലകളുടെ ആരവം.
ആറിന്റെ ഇരുകരയിലും ആയിരങ്ങൾ നിരന്നു. പട്ടണത്തിലെ ജനങ്ങൾ സ്വയം പൊതു അവധി പ്രഖ്യാപിച്ചു
വള്ളം കളി കാണാനെത്തി. ഉച്ചയായപ്പോൾ ഒരു സ്‌കൂളിലും പിള്ളേരില്ലാതായി.
താലപ്പൊലിയേന്തിയ നൂറുകണക്കിനു കോളേജ് കുമാരിമാരും, തിടമ്പേറ്റിയ ഗജ വീരന്മാരും, മുത്തുക്കുട പിടിച്ച യുവ കോമളന്മാരും പഞ്ചവാദ്യക്കാരും ഉത്സവത്തിനും കൊഴുപ്പേകി. കളിവള്ളങ്ങളിൽ ഒഴുകി നടന്ന വിദ്യാർത്ഥികൾ വള്ളപ്പാട്ടിന്റെ പുത്തൻ ഈരടികളും പാരഡികളും മെനെഞ്ഞെടുത്തു. തിത്തെ തിത്തെയ്ത്തകയുടെ ഘോഷയാത്ര.
തലേദിവസം പട്ടണത്തിലെ ഒരു ഹോട്ടൽ മുറിയിൽ വത്സലകുമാരി ടീച്ചർ അതീവ രഹസ്യമായ ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുണ്ടുഗോപിയുമായി. ചില ശുദ്ധ പദ്ധതികൾ അവരുടെ ബുദ്ധിയിൽ രൂപപ്പെട്ടു.
സാം സുമി പ്രേമം മുറുകുന്നത് വത്സല സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടാണിരുന്നത്. കാര്യങ്ങൾ അവൾ അപ്പോഴപ്പോൾ ഗോപിയെയും ധരിപ്പിച്ചു. അന്ന് വഴിയിൽ തടഞ്ഞ ദിവസം അവളെ ഒന്നു പേടിപ്പിക്കണം എന്നേ അവൻ ഉദ്ദേശിച്ചിരുന്നുള്ളു. പിന്നീടൊരുദിവസം വലിച്ചു കാറിലിടാം എന്നു കരുതിയതുമാണ്. പക്ഷെ ആദ്യദിവസം തന്നെ ശക്തമായ തിരിച്ചടിയേറ്റപ്പോൾ പരിപാടികളെല്ലാം നീട്ടി. ഇനിയെന്തെങ്കിലും ചെയ്യുമ്പോൾ വളരെ കരുതലോടെ വേണം എന്നും അവനറിയാമായിരുന്നു. അതിനാണ് ടീച്ചറിന്റെ ബുദ്ധികൂടി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. തന്റെ അറിവും, പണവും ആരോഗ്യവും ഗോപിയുടെ പദ്ധതിക്കു മുമ്പിൽ സമർപ്പിക്കാൻ ടീച്ചർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.
അന്നു വെളുപ്പാൻ കാലത്തു മൂന്നു മണിക്ക് തമ്പാൻകുട്ടി സാർ ഒരു സ്വപ്നം കണ്ടു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ വള്ളം ആറ്റിൽ മറിയുന്നു. ക്യാപ്റ്റൻ സാം സാറിനെ ഏതോ കറുത്ത രൂപം പാതാളത്തിലേക്കു വലിച്ചു താഴ്ത്തുന്നു. അതാണു സ്വപ്നം അദ്ദേഹം ആകെ വിവശനായി.
അപ്പോൾത്തന്നെ തമ്പാൻകുട്ടി സാർ സുമിയെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. കുഴപ്പമൊന്നുമില്ലായിരിക്കാം. എങ്കിലും ഒരു കരുതൽ വേണം. തന്റെ സ്വപ്നങ്ങൾ ചിലപ്പോഴൊക്കെ ഫലിക്കാറുണ്ട്.
സുമിടെ മനസ്സ് ഇളകി മറിഞ്ഞു. തലേന്നത്തെ പ്രാക്ടീസ് കണ്ടപ്പോൾ എല്ലാവരും പറഞ്ഞാതാണ് സാം സാർ മന്ത്രിയിൽ നിന്ന് ട്രോഫി ഏറ്റു വാങ്ങുമെന്ന്. തുഴക്കാരും ഡിപ്പാർട്ട്മെന്റും ആവേശത്തിമിർപ്പിലാണ്. അദ്ദേഹം മാറി നിൽക്കണമെന്ന് ഈ മൂഹൂർത്തത്തിൽ എങ്ങിനെ പറയും?.
പിന്നീടുള്ള ഓരോ നിമിഷങ്ങൾ സുമി നടന്നത് അഗ്നിചിറകുകളുടെ മീതെയായിരുന്നു. തലേക്കെട്ടും കെട്ടി സാം സാർ വള്ളത്തിന്റെ തലയ്ക്കൽ കയറുന്നവരെയും അവൾ കൂടെത്തന്നെയുണ്ടായിരുന്നു. തനിക്കേറ്റവും പ്രീയപ്പെട്ട കരുത്തരായ വിദ്യാർത്ഥികളെയും അവൾ കൂടെനിറുത്തി. തിരിച്ചു കയറും വരയ്ക്കും സാറിന്റെ മേൽ നിന്ന് ദൃഷ്ടി മാറ്റരുതെന്ന നിർദ്ദേശവും കൊടുത്തു മറ്റു ചില വിദ്യാർത്ഥികളെ ചെറുവള്ളത്തിൽ ആറ്റിലും നിറുത്തി. തിത്തിത്താരാ പാടിത്തിമിർക്കുമ്പോഴും സണ്ണിസാറിന്റെ മേലായിരുന്നു ആ കരുത്തന്മാരുടെ കണ്ണുകൾ.
വള്ളങ്ങൾ എല്ലാം സ്റ്റാർട്ടിംഗ് പോയിന്റ്റിൽ അണിനിരന്നു. ജനം ആർത്തു വിളിച്ചു. പ്രിൻസിപ്പാളിന്റെ സ്വാഗതവും മാനേജർ തിരുമേനിയുടെ ഉദ്ഘാടന പ്രസംഗവും ആരവങ്ങളിൽ ഒഴുകിപോയി.
ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്തു ഗുണ്ടുഗോപി കൂറ്റൻ തുഴയുമായി നിലയുറപ്പിച്ചു. അതു കണ്ടപ്പോൾ സുമിയുടെ സിരകളിൽ തീപടർന്നു. പക്ഷെ കുട്ടികൾ സാന്ത്വനിപ്പിച്ചു. സാറിന് ഒന്നും സംഭവിക്കില്ലെന്ന് അവർ ഉറപ്പു നൽകി.
പാതി വഴിയായപ്പോൾ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ വള്ളം വെട്ടിത്തിരിഞ്ഞു. തുഴക്കാർ എല്ലാം വെള്ളത്തിലായി. മറ്റു വള്ളങ്ങളെക്കാൾ ഏറെ മുന്നിലായിരുന്ന ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വക വള്ളം അല്പം കഴിഞ്ഞപ്പോൾ ആകാശത്തേക്കു പൊങ്ങുന്നതും ക്യാപ്ടൻ ഉൾപ്പെടെയുള്ളവർ തെറിച്ചു വീഴുന്നതും കണ്ടു ജനം അമ്പരന്നു. ഗുണ്ടുഗോപിയും കൂട്ടുകാരും കൂടി ഊളിയിട്ടു ചെന്ന് ഇംഗ്ലീഷ് വള്ളം പൊക്കി എറിയുകയായിരുന്നു. ഹിസ്റ്ററി വള്ളം മറിഞ്ഞ ബഹളത്തിൽ ആരും അതു ശ്രദ്ധിച്ചുമില്ല.
സുമി ആംഗ്യം കാണിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ചുണക്കുട്ടികൾ ആറ്റിൽ ചാടി സാം സാറിന്റെ അടുക്കലേക്കു നീന്തി. കളിവള്ളങ്ങളിൽ കാത്തുനിന്നവരും കുതിച്ചെത്തി. മറ്റുള്ള തുഴക്കാരെല്ലാം തിരികെ വള്ളത്തിൽ ചാടികയറിയെങ്കിലും ക്യാപ്ടനെ മാത്രം കണ്ടില്ല.
സാം സാറിന്റെ കഴുത്തിൽ ഒരു തിമിംഗലം. അവൻ ആറിന്റെ ആഴങ്ങളിലേക്ക് സാറിനും കൊണ്ട് കുതറിപ്പായാൻ ശ്രമിക്കുകയായിരുന്നു.
തളർന്നു വീഴാൻ പോയ സുമിയെ വിദ്യർത്ഥിനികൾ താങ്ങിപ്പിടിച്ചു. താണു പാതാളത്തിലേക്കു താഴ്ന്നു പറക്കുന്നതായിട്ടാണ് അവൾക്കപ്പോൾ
തോന്നിയത്.
ചുണക്കുട്ടന്മാരായ വിദ്യാർത്ഥികൾ മുങ്ങിച്ചെന്നു ഗുണ്ടുഗോപിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് സാം സാറിനെ വിടുവിച്ചു. ഒളിച്ചോടാൻ ശ്രമിച്ച ആ തിമിംഗലത്തെ കുട്ടികൾ പൊക്കിയെടുത്തു, അവന്റെ വാരിയെല്ലുകളിൽ ചിലതു വെള്ളത്തിൽ നിന്ന് പൊങ്ങും മുമ്പേ തന്നെ അവർ തകർത്തിരുന്നു.
തന്റെ പ്രിയന്റെ മുഖം ആറ്റിൽ നിന്നുയർന്നു വരുന്നതു കണ്ടപ്പോൾ സുമിയുടെ ആത്മാവ് തിരികെ വന്നു. പാതാള വാതിലിൽ നിന്ന് വൈതരണിയും കടന്നു അത് പായാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ. എഴുപത്തീരായിരം സിരകളിലേക്ക് ഹൃദയത്തിൽ നിന്നു വീണ്ടും രക്തം ഒഴുകാനാരംഭിച്ചു. ശക്തിയോടെ.
എല്ലാം ബൈനോക്കുലറിലൂടെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന വത്സല ടീച്ചർ പെട്ടെന്നെഴുന്നേറ്റു ജനക്കൂട്ടത്തിനിടയിലൂടെ അപ്രത്യക്ഷയായി. അവരുടെ നാലരക്കോടി രോമകൂപങ്ങളിൽ തീ കത്തുകയായിരുന്നു. കാരണം മറ്റൊന്നുമല്ല. യു.എൻ.ഓ എന്നൊരുത്തൻ
വള്ളം കളി കഴിഞ്ഞു വെള്ളത്തിൽ നിന്നു പൊങ്ങുന്നെങ്കിൽ അത് ജീവനോടെ ആയിരിക്കരുത് എന്നാണവൾ ഗുണ്ടുഗോപിയോടു ശട്ടം കെട്ടിയിരുന്നത്. അവൻ ട്രോഫിയും പൊക്കിപ്പിടിച്ചു ജനങ്ങളുടെ തോളിലേറി പട്ടണത്തിലൂടെ ജൈത്രയാത്ര നടത്തുന്ന സ്ഥാനത്തു അവൾ മനസ്സിൽ കണ്ടത് ശവമഞ്ചവും പേറിക്കൊണ്ടുള്ള ഒരു വിലാപയാത്രയായിരുന്നു.
…………………………………………………………………………………………