എന്റെ വിദേശ യാത്രകൾ : എപ്പിസോഡ് 13. ബെർലിൻ ഭിത്തി ഇല്ലാത്ത ജർമനിയിലേക്ക്.
1995. ലോക ക്രിസ്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നൂറാം വാർഷികം ഒന്നായ ജർമനികളുടെ തലസ്ഥാനമായ ബെർലിനിൽ വച്ച് നടക്കുകയായിരുന്നു . ഇപ്പോൾ വീണ്ടും അതിന്റെ ന്യുറ്റി ഇരുപത്തഞ്ചാം വാർഷികവും അതെ ബെര്ലിനില്ത്തന്നെ അടുത്ത ജൂണിൽ നടക്കാൻ പോകുന്നു. തൊണ്ണൂറു രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏതാണ്ട് ഇരുപതു ലക്ഷം അംഗങ്ങൾ ഉള്ള വലിയൊരു പ്രസ്ഥാനമാണത്. സെന്റീനറി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത് നാലു പേരാണ്. കൽദായ സഭയുടെ ബിഷപ്പും ലിബറേഷൻ തീയോളജിയുടെ പ്രവാചകനുമായിരുന്നഡോക്ടർ പൗലോസ് മാർ പൗലോസ് തിരുമേനിയും (തിരുമേനി ഒരു കാലത്തു WSCF പ്രസിഡന്റായിരുന്നു ), ഡോക്ടർ മാത്യൂസ് ജോർജ് ചുനക്കരയും, ഇപ്പോൾ സി എസ് ഐ സഭയിലെ പട്ടക്കാരനായിരിക്കുന്ന ഷാജി തോമസ് അച്ചനും പിന്നെ ഞാനും. ചുനക്കര അപ്പോഴേക്കും ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ ( CCA ) ഓഫീസിൽ എത്തിയിരുന്നു.
ഒരു വെറും നാടൻ യുവാവായിരുന്ന
എന്നെ കുറച്ചൊക്കെ സംസ്കാര സമ്പന്നനാക്കിയതിലും, എന്നിൽ ഒരു ലോക വീക്ഷണം കരുപ്പിടിപ്പിക്കുന്നതിലും SCM നു വലിയൊരു പങ്കുണ്ടായിരുന്നു. കൊട്ടാരക്കരയിൽ ഒരു യൂണിറ്റുണ്ടാക്കി
അതിന്റെ പ്രസിഡന്റായിട്ടാണ് ഞാൻ രംഗപ്രവേശം ചെയ്തത്. കെ. സി മാത്യു സാർ സഹായിക്കാനുണ്ടായിരുന്നു. കിങ്സ് കോളജായിരുന്നു അന്ന് ഞങ്ങളുടെ താവളം. രാജൻ സാറും കൂട്ടിനുണ്ട്. ബാലജനസഖ്യം, YMCA, Y's Men's Club തുടങ്ങി ഞങ്ങളുടെ എല്ലാത്തിന്റെയും ഓഫീസ് കിങ്സ് കോളേജ് ആയിരുന്നു എന്നതാണ് സത്യം. അവിടെ 386 എന്ന നമ്പറിൽ ഒരു ഫോണുണ്ടായിരുന്നു. അതായിരുന്നു ഞങ്ങളുടെ എല്ലാം ഫോൺ. വിളിയുടെ കണക്കും കാര്യവുമൊന്നും ഞങ്ങൾക്ക് പ്രശ്നമല്ലായിരുന്നു. കാരണം ഞങ്ങളുടെ കയ്യിൽ ചില്ലിക്കാശില്ലായിരുന്നു.
നൈനാൻ കോശി സാർ മാവേലിക്കര ബിഷപ്പ് മോർ കോളേജിൽ നിന്ന് ജോലി രാജി വച്ച് SCM നാഷണൽ ജനറൽ സെക്രട്ടറി ആയി ചാര്ജടുത്ത കാലം. കൊട്ടാരക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഞങ്ങൾ അദ്ദേഹത്തിന് ഒരു സ്വീകരണം നൽകി. കരിക്കo സെവൻത് ഡേ അഡ്വന്റിസ്റ്റ്
സ്കൂളിൽ വച്ചായിരുന്നു അത് നടത്തിയത്. അന്നു തുടങ്ങിയതാണ് ഞങളുടെ സൗഹൃദം.
ആദ്യമായി ഞാൻ കേരളത്തിന് പുറത്തേക്കു യാത്ര ചെയ്യുന്നത് SCM ട്രെയനിയൽ കോൺഫറൻസിൽ സംബന്ധിക്കാനായിരുന്നു എന്നതും ഇപ്പോൾ നന്ദിയോടെ ഓർക്കേണ്ടതാണ്. ബി
എ ക്കു ഫാത്തിമ കോളേജിൽ പഠിക്കുമ്പോൾ ആന്ധ്രയിലെ ഗുണ്ടുർ ക്രിസ്ത്യൻ കോളേജിലേക്കായിരുന്നു ആ യാത്ര. ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുള്ള അന്നത്തെ SCM നേതാക്കളെല്ലാം ആ യാത്രയിൽ കൂടെ ഉണ്ടായിരുന്നു. കേരള സെക്രട്ടറി ആയിരുന്ന ഉമ്മൻ കെ തോമസ് അന്നും ഇന്നും സൗമ്യനാണ്. (ഇപ്പോൾ അമേരിക്കയിൽ എവിടെയോ ആണ്. ) അസ്സോസിയേറ്റ്
സെക്രട്ടറി ആയിരുന്ന ജോൺ സാമുവൽ അന്നും ഇന്നും തീപ്പൊരിയാണ്. റോയ് നെല്ലിക്കാലയായിരുന്നു മാസികയുടെ എഡിറ്റർ. പേര് ദൗത്യം ആണെന്ന് തോന്നുന്നു. “പുത്തൻ പ്രഭാതം” എന്നപേരിൽ എന്റെ ഒരു ചെറുകഥ അന്ന് അതിൽ അച്ചടിച്ച് വന്നതോർമയുണ്ട്. അതോടെ എന്റെ പേര് ഏബ്രഹാം കരിക്കo എന്ന് ഏതാണ്ടങ്ങുറച്ചു.
ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ മുന്ന് രാജ്യങ്ങളിലെ പ്രതിനിധികളാണ് മുന്ന് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ആ കോൺഫറൻസിൽ അന്ന് പങ്കെടുക്കുന്നത്. അങ്ങനെ ആദ്യ യാത്ര തന്നെ അന്താരാഷ്ട്ര സമ്മേളനമായി. ഏതായാലും അന്ന് തുടങ്ങിയ SCM ബന്ധം എക്യൂമെനിക്കൽ രംഗങ്ങളിൽ ശോഭിക്കാൻ വഴിയൊരുക്കി. WCC ഉണ്ടാകുന്നതിനും ഏതാണ്ട് അമ്പതു വര്ഷം മുന്നമേ WSCF ഉണ്ടായിരുന്നു എന്നത് അത്ഭുതകരമായി തോന്നുന്നു. ലോകമെമ്പാടുമുള്ള അനേകം യുവജനങ്ങളെ എക്യൂമെനിക്കൽ രംഗത്ത് കൊണ്ടുവരുന്നതിനും അഖില ലോക സഭാ കൗൺസിലിന് തന്നെ രൂപം നൽകുന്നതിലും WSCF, YMCA തുടങ്ങിയ പ്രസ്ഥാനങ്ങൾ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്.
ജനീവയിൽ പഠിക്കാൻ പോയപ്പോൾ WCC ആസ്ഥാനത്തു തന്നെയുള്ള WSCF ഓഫീസിൽ പോയി ഞാൻ പഴയ ബന്ധം പുതുക്കിയിരുന്നു. അതായിരിക്കാം എന്നെ ബെർലിൻ മീറ്റിംഗിലേക്കു ക്ഷണിക്കാൻ കാരണം. അധികം ആളുകളൊന്നും ആ സമ്മേളനത്തിൽ ഇല്ലായിരുന്നു. നൂറു വർഷത്തെ പ്രയാണവഴികൾ അവലോകനം ചെയ്തു. ഭാവിയിലേക്കുള്ള പദ്ധതികൾക്ക് ഒരു രൂപരേഖയുണ്ടാക്കി.
അതൊക്കെത്തന്നെ പ്രധാന സംഭവങ്ങൾ. മാത്യൂസ് ജോർജ് ചൈന, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ പ്രദേശങ്ങളിലെ വഴിത്തിരിവുകളെപ്പറ്റി നല്ല ഒരു ക്ലാസ് എടുത്തത് ഓർമയുണ്ട്.
യുവജനങ്ങൾ വെട്ടിപ്പൊളിച്ച ബെർലിൻ മതിൽ ഞങ്ങൾ പോയിക്കണ്ടു. അതിൽ എനിക്ക് പ്രത്ത്യേക ഒരു ആനന്ദമുണ്ടായിരുന്നു. 1988 ൽ ഞാൻ എഴുതി പ്രസിദ്ധികരിച്ച “ഇൻറി” എന്ന എന്റെ നോവലിൽ ഞാൻ ഒരു പ്രവചനം നടത്തിയിരുന്നു. ഇരു ജര്മനിയിലെയും
ചെറുപ്പക്കാർ ചേർന്ന് ബെർലിൻ മതിൽ ഇടിച്ചു പൊളിക്കുമെന്നു . കൃത്യം രണ്ടു വര്ഷം കഴിഞ്ഞപ്പോൾ അത് യാഥാർഥ്യമായി.
1961 മുതൽ 1989 വരെ ഭൂമിയിൽ വിഭജനത്തിന്റെ ഒരു പ്രതീകമായി നിന്ന ആ ഭൂതം അങ്ങനെ ഇല്ലാതായി. ഇരു ജര്മനിയിലെയും
ആവേശ ഭരിതരായ യുവജനങ്ങൾ ചേർന്ന് ആ വന്മതിൽ തല്ലിത്തകർക്കുമ്പോൾ . അന്നവിടെ മുഴങ്ങിയത് ഒരുമയുടെ ഒരു പുത്തൻ കാഹളധ്വനി ആയിരുന്നു. ലോകത്തു വിഭജനത്തിന്റെ ഒരു പാഴ്മതിലും ഇനി നീണാൾ വാഴില്ല എന്ന തകർപ്പൻ സന്ദേശവും.
ഞാൻ യൂറോപ്പിൽ എവിടെ ആയിരുന്നാലും എന്നെ തെസ്സയിൽ എത്തിക്കണം എന്നത് അവരുടെ നിർബന്ധമായിരുന്നു. അന്നും അത് സംഭവിച്ചു. ബെർലിനിൽ നിന്ന് ഒരുകൂട്ടം ചെറുപ്പക്കാർ ഒരാഴ്ചത്തേക്ക് അങ്ങോട്ട് പോകുന്നുണ്ടായിരുന്നു. ബസിൽ അവരോടൊപ്പം ഞാനും കൂടി. യൂറോപ്യൻ യുവ ജനതയുടെ മനസ്സുകളെ ആഴത്തിൽ മനസ്സിലാക്കാൻ എനിക്ക് എന്നും കഴിഞ്ഞിട്ടുള്ളതു തെസ്സയ് കമ്മ്യൂണിറ്റി മൂലമാണ്. അതുകൊണ്ടാണ് അവർ ബെർലിൻ മതിൽ തകർക്കും എന്ന് എനിക്ക് പ്രവചിക്കാനായതും. ശ്രുതി മധുരങ്ങളായ മന്ത്രധ്വനികളുടെയും ധ്യാനത്തിന്റെയും ലോകത്തേക്ക് വീണ്ടും ഞാൻ മഞ്ഞു പോലെ പെയ്തിറങ്ങി. അവിടുത്തെ ഓരോ ആഴ്ചയും എനിക്ക് കനകത്തേക്കാൾ വിലയുള്ളതാണ്. അന്നും, ഇന്നും.
ഒരു കാര്യം കൂടി പറയാനുണ്ട്. “Fifty Love Poems” (അമ്പതു പ്രേമ കാവ്യങ്ങൾ) എന്ന എനെറെ കവിതാ സമാഹാരം ഞാൻ രചിച്ചത് തെസ്സയിൽ വച്ചാണ്. മാർത്തോമാ കോളേജിലെ ഒരു ചടങ്ങിൽ വച്ച് ഡോക്ടർ കെ. എം . തരകൻ സാറിനു ആദ്യ കോപ്പി നൽകിക്കൊണ്ടു ഡോക്ടർ അലക്സാണ്ടർ മാർത്തോമാ വലിയ മെത്രപൊലീത്ത അത് പ്രകാശനം ചെയ്തു. .