എന്റെ ജീവിത യാത്രകൾ: എപ്പിസോഡ് – ( 34 - 35)
യുദ്ധ ഭീകരതയുടെ ചുവന്നു തണുത്ത ഇടങ്ങളിലൂടെ
കൊടും യുദ്ധത്തിന്റെയും ഭീകരതയുടെയും ക്രൂരതകൾ കണ്ടു വിറങ്ങലിച്ചുപോയ രണ്ടു പ്രദേശങ്ങളെ പ്പറ്റിയാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്. യു.ആർ.ഐ യുടെ ഗ്ലോബൽ കൗൺസിൽ മീറ്റിംഗിന് വേണ്ടിയാണു രണ്ടു വർഷം മുൻപ് ഞങ്ങൾ യൂറോപ്പിലെ ബാൽക്കൻ പ്രദേശത്തുള്ള ബോസ്നിയൻ തലസ്ഥാനമായ സരയാവോയിലെത്തിയതു. ലോകത്തിലെ ഏറ്റവും തണുത്ത നദിയായ നരേന്തയുടെ നാട് (നരേത്വ എന്നും വിളിക്കും). അതുപോലെ തന്നെ ഒരുപാടു പടയാളികളുടെ രക്തം വീണു ചുവന്നുപോയ ഒരു പ്രദേശവുമാണത്. ബോസ്നിയൻ യുദ്ധത്തിന്റെ ഏറ്റവും ഭീകരമായ മുഖം കാണുന്നതും ഇവിടെത്തന്നെ.
യൂത്ത് ഫോർ പീസ് എന്ന യു.ആർ ഐ യുടെ സംഘമാണ് ഞങ്ങളെ അവിടേക്കു ക്ഷണിച്ചത്. അമ്പതു ചെറുപ്പക്കാരാണ് അതിലെ അംഗങ്ങൾ. അതിൽ പലർക്കും പിതാക്കന്മാരില്ല. അവരെല്ലാം യുദ്ധത്തിൽ മരിച്ചുപോയി. അവരുടെ യുദ്ധകഥകൾ കേട്ട് പല സന്ധ്യകളിലും ഞങ്ങൾ ഞെട്ടിത്തരിച്ചിരുന്നു പോയി. ഇനിയൊരിക്കലും ഒരു യുദ്ധവും ഈ ഭൂമുഖത്തു വേണ്ടെന്നു ആ ചെറുപ്പക്കാർ ലോകരോടഭ്യർത്ഥിക്കുന്നു. ആ യജ്ഞത്തിൽ നമ്മൾ അവരോടൊപ്പം നിൽക്കണമെന്ന്.
ഡി നാറിക് ആൽപ്സിന്റെ മടിത്തട്ടിലുള്ള മനോഹരമായ ഒരു കൊച്ചു രാജ്യമാണ് ബോസ്നിയ- ഹെർസോഗവിനിയ. ആകെ ജനസംഖ്യ 38
ലക്ഷം മാത്രം. പക്ഷെ അതിൽ 22
ശതമാനവും ദരിദ്രനാരായണന്മാരാണ്. പട്ടിണിക്കാരായ യൂറോപ്യൻ രാജ്യങ്ങളിൽ മൊൾഡോവ, ഉക്രെയിൻ തുടങ്ങിയവ കഴിഞ്ഞാൽ ബോസിനിയ മുൻ നിരയിലുണ്ടാവും.
1992 മുതൽ 95 വരെ നടന്ന യുദ്ധമാണ് പണ്ടത്തെ യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന ബോസ്നിയ, ക്രോയേഷ്യ , സെർബിയ തുടങ്ങിയ ചെറു രാജ്യങ്ങളെ തകർത്തുകളഞ്ഞത്. പ്രധാനമായും അത് ഓർത്തഡോക്സ് ക്രിസ്ത്യാനികളും (സെർബിയ), ബോസിനിയക്കാരായ മുസ്ലിങ്ങളും, ക്രോയേഷ്യയിലെ കത്തോലിക്കരും ഉൾപ്പെട്ട ഒരു മത സംഘർഷമായിരുന്നു. മതവൈരാഗ്യം വളർത്തിവിട്ടാൽ സംഭവിക്കാവുന്ന ദുരന്തത്തിന്റെ മറ്റൊരു ഉദാഹരണം. ഒരു ലക്ഷത്തിലധികം മനുഷ്യരാണ് ഇവിടെ മണ്ണടിഞ്ഞത്.
മദ്ധ്യനുറ്റാണ്ടുകളിലെ ഗ്രാമങ്ങളും, നദികളും, തടാകങ്ങളും, പർവത നിരകളും എല്ലാം ചേർന്ന അതിമനോഹരമായ ഒരു കൊച്ചു രാജ്യം. പിതാക്കന്മാരില്ലാത്ത ഒരു ലക്ഷം ഭവനങ്ങൾ. മണ്ണിലെ ചുവപ്പും മനസ്സിലെ മുറിപ്പാടുകളും മായിച്ചു കളയാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു യുവതലമുറ. അതാണിന്നത്തെ ബോസ്നിയ- ഹെർസോഗവിനിയ. അതിജീവനത്തിന്റെ കഥകൾ പറയാൻ തുടങ്ങിയാൽ ഒരുപാടു എഴുതേണ്ടിവരും.
ഇതുപോലൊരു കഥയാണ് നമ്മുടെ ഏറ്റവും അടുത്ത് കിടക്കുന്ന ശ്രീലങ്കയ്ക്കും പറയാനുള്ളത്. തെക്കേ അറ്റത്തുള്ള മതാരെ മുനമ്പ് മുതൽ വടക്കു ജാഫ്ന വരെ പലവട്ടം സഞ്ചരിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. മുപ്പതു വർഷത്തെ യുദ്ധമില്ലായിരുന്നെങ്കിൽ ശ്രീലങ്ക മറ്റൊരു സിംഗപ്പൂരായേനെ. (
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഇന്റർനാഷണൽ ഒബ്സെർവേർ ആയി ഞാൻ പോയപ്പോൾ മതാരെ, ഗാൾ എന്നീ രണ്ടു ജില്ലകൾ എന്റെ മേൽനോട്ടത്തിലായിരുന്നു).
ജാഫ്ന വരെ യാത്ര ചെയ്യുമ്പോൾ കാണാം റോഡിന്റെ ഇരുവശങ്ങളിലുമായി തകർന്നടിഞ്ഞ വലിയ കെട്ടിടങ്ങളും ജലസംഭരണികളും വീടുകളും എല്ലാം. ഒരിക്കലും ഓർക്കാനാഗ്രഹിക്കാത്ത ഓർമകളുമായി ഒരു തലമുറ ഈ രാജ്യത്തും കഴിയുന്നുണ്ട്. എൽ ടി.ടി. യുടെ പോരാട്ടനാളുകളിൽ രാജ്യം അമ്പേ തകർന്നടിഞ്ഞു.
കാൻഡിയിലെ ഏറ്റം പ്രസിദ്ധമായ ശ്രീബുദ്ധ ദേവാലയം വരെ ബോംബിൽ പകുതി കരിഞ്ഞു പോയി.
കാൻഡിയിലെ ഏറ്റം പ്രസിദ്ധമായ ശ്രീബുദ്ധ ദേവാലയം വരെ ബോംബിൽ പകുതി കരിഞ്ഞു പോയി.
യുദ്ധം സമസ്ത മേഖലകളെയും തരിപ്പണമാക്കി. ഒരു കൊച്ചു മാരുതി കാറിനു നമ്മുടേതിന്റെ മൂന്നിരട്ടി വില നൽകേണ്ട ഗതികേടിലെത്തി നിൽക്കുന്നു. നാടിനെ കരകയറ്റാനുള്ള തീവ്ര യത്നത്തിലാണ് സർക്കാരും സർവോദയ പോലുള്ള പ്രസ്ഥാനങ്ങളും. ഇനിയൊരു യുദ്ധം കുടി താങ്ങാനുള്ള ശേഷി ഈ ചെറു രാജ്യത്തിനില്ലെന്നു എല്ലാവർക്കും ബോധ്യമുണ്ട്. ലോകമെമ്പാടും ജോലി ചെയ്യുന്ന ശ്രീലങ്കക്കാരുടെ പണം കൊണ്ടാണ് സാമ്പത്തിക രംഗത്ത് ഒട്ടൊക്കെ പിടിച്ചു നില്ക്കാൻ അവർക്കു കഴിയുന്നത്. കേരളം പോലെ.
യു ആർ. ഐ യുടെ പ്രധാന കണ്ണിയായ ശ്രീലങ്കൻ സർവോദയ ശാന്തിസേന സമാധാന നിർമ്മിതിയിൽ ഏറെ ദൂരം പോയിരിക്കുന്നു. ആയിരക്കണക്കിന് യുവജനങ്ങളാണ് ശാന്തിസേനയിൽ ചേർന്ന് പ്രവർത്തിക്കുന്നത്. യുദ്ധത്തോടും ബോംബുകളോടും ആത്യന്തികമായി വിടപറയും വരെ ലോകത്തെല്ലായിടവും ഈ പ്രവർത്തനങ്ങൾ നാം തുടർന്നേപറ്റൂ. പണിയാൻ നൂറ്റാണ്ടുകൾ വേണം. നശിപ്പിക്കാൻ നിമിഷങ്ങൾ മതി.
എന്റെ ജീവിത യാത്രകൾ: എപ്പിസോഡ് – 35
വേദ ഗ്രന്ഥങ്ങളുടെ പിന്നാലെ
മെൽബൺ യൂണിവേഴ്സിറ്റിയിൽ നടന്ന മത സംവാദ സമ്മേളനത്തെത്തുടർന്ന് ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്ററിന്റെ നേതൃത്വത്തിൽ വേദ ഗ്രന്ഥ കോൺഫറൻസുകൾ ആരംഭിച്ച കാര്യം നേരത്തേ പറഞ്ഞിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ തമ്മിലുള്ള പാരസ്പരിക ബന്ധം ചർച്ച ചെയുന്നതിനാൽ ഇതിനെ ഇന്റർ- ടെക്സ്ചുവാലിറ്റി സീരീസ് എന്നാണ് വിളിക്കുന്നത്.
(Intertextuality Series of Conferences on Holy Books ). ലൊകമെന്പാടുമുള്ള പണ്ഡിത ശ്രേഷ്ഠർ ഇതിനായി വരാറുണ്ട്.
ആദ്യത്തെ അഞ്ചു സമ്മേളനങ്ങൾ കേരളത്തിലാണ് നടന്നത്. ആറാമത്തേതു ശ്രീലങ്കയിലേക്കു മാറ്റി. അവിടെ ബന്ദാരഗമ എന്ന സ്ഥലത്തു സർവോദയ സെന്റർ ഫോർ ഹയർ ലേർണിംഗ് എന്ന ഒരു കേന്ദ്രമുണ്ട്. ഒരു വലിയ നദിയുടെ കരയിൽ മനോഹരമായ പത്തേക്കർ കാമ്പസ്. ഒരു വിദേശ സ്നേഹിതൻ സർവോദയ പ്രസ്ഥാനത്തിന് ദാനം ചെയ്ത സ്ഥലമാണ്. ഞങ്ങളുടെ പ്രധാന മീറ്റിംഗുകളെല്ലാം പലപ്പോഴും അവിടെയാണ് നടത്തുന്നത്. കഴിഞ്ഞ വർഷം യു.ആർ.ഐ ഏഷ്യാ അസ്സംബ്ലിക്കും ഈ സെന്റർ തന്നെ വേദിയായി. ഉദ്ഘാടനങ്ങൾക്കെല്ലാം ശ്രീലങ്കൻ ഗാന്ധി ഡോ. അരിയരത്നെയും ഉണ്ടാവും എന്നത് ഒരു ഭാഗ്യമാണ്. ഹോളി ബുക്ക്സ് ആൻഡ് ഇക്കോ സ്പിരിച്ചുയാലിറ്റി എന്നതായിരുന്നു ശ്രീലങ്കയിലെ പഠന വിഷയം. (
Holy Books and Eco-Spirituality ).
ഏഴാമത് ഹോളി ബുക്ക്സ് കോൺഫറൻസ് നടത്തിയത് തായ്ലൻഡിലെ സ്റ്റുഡന്റസ് ക്രിസ്ത്യൻ സെന്ററിൽ വച്ചാണ്. ഹോളി ബുക്ക്സ് ആൻഡ് ക്രിയേഷൻ സ്റ്റോറീസ് എന്നതായിരുന്നു വിഷയം.
(Holy Books and Creation Stories ).
ബാങ്കോക്കിലെ ഈ സെന്ററിൽ ഞാൻ ആദ്യം പോയത് ഏഷ്യൻ സ്റ്റഡി സെന്ററുകളുടെ കൂട്ടായ്മയായ അസിസ്കയുടെ എക്സിക്യൂട്ടീവിൽ സംബന്ധിക്കാനാണ്. ലോകത്തിനു ശക്തരായ നേതാക്കളെ സംഭാവന ചെയൂന്നതിൽ ഏഷ്യൻ പഠന കേന്ദ്രങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ ബാംഗ്ളൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ തന്നെ ഉദാഹരണം. എം.എ തോമസ് അച്ഛൻ 1963 ൽ സ്ഥാപിച്ച ഇ.സി.സി ദശകങ്ങളായി ഏഷ്യൻ ബൗദ്ധിക മണ്ഡലത്തിനു നൽകുന്ന സംഭാവനകൾ മഹത്തരമാണ്.
ബാങ്കോക്കിലെ ഈ സെന്ററിൽ ഞാൻ ആദ്യം പോയത് ഏഷ്യൻ സ്റ്റഡി സെന്ററുകളുടെ കൂട്ടായ്മയായ അസിസ്കയുടെ എക്സിക്യൂട്ടീവിൽ സംബന്ധിക്കാനാണ്. ലോകത്തിനു ശക്തരായ നേതാക്കളെ സംഭാവന ചെയൂന്നതിൽ ഏഷ്യൻ പഠന കേന്ദ്രങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ ബാംഗ്ളൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ തന്നെ ഉദാഹരണം. എം.എ തോമസ് അച്ഛൻ 1963 ൽ സ്ഥാപിച്ച ഇ.സി.സി ദശകങ്ങളായി ഏഷ്യൻ ബൗദ്ധിക മണ്ഡലത്തിനു നൽകുന്ന സംഭാവനകൾ മഹത്തരമാണ്.
ഏഷ്യയിലെ പ്രമുഖ സ്റ്റഡി സെന്ററുകളുടെ ഡയറക്ടർമാരെല്ലാം പങ്കെടുത്ത അസിസ്ക മീറ്റിംഗ് ഉദ്ഘാടനം ചെയ്തത് ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ എക്സിക്യുട്ടീവ് സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കരയായിരുന്നു. ഏഷ്യയിലുടനീളം ശക്തമായ സ്വാധീനം ചെലുത്താൻ പഠനകേന്ദ്രങ്ങൾക്കു എങ്ങനെ കഴിയും എന്നതിനെപ്പറ്റി നല്ല ആലോചനകൾ അവിടെ ഉണ്ടായി.
അതെ സെന്ററിൽത്തനെ നടന്ന ഏഴാമത് ഹോളിബുക്സ് കോൺഫറൻസ് ഏഷ്യാ ഫോറം സെക്രട്ടറിയായിരുന്ന ജോൺ സാമുവേൽ ആണ് ഉദ്ഘാടനം ചെയ്തത്. ഏഷ്യാ ഫോറത്തിന്റെ ആസ്ഥാനവും ബാങ്കോക്കിലാണ്.
യു.ആർ.ഐ യുടെ ആദ്യ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന റവ. ഡോ. ചാൾസ് ഗിബ്സ് മുഘ്യതിഥിയായിരുന്നു. അക്കാദമിക രംഗത്തെ നിരവധി പ്രമുഖർ അവിടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആസ്ട്രേലിയയിൽ നിന്നുള്ള ഡോ. റുവാൻ പലാപത് വാല പുസ്തകം പ്രകാശനം ചെയ്തു. എല്ലാ വേദ ഗ്രന്ഥങ്ങളും സൃഷ്ടിപ്പിന്റെ തത്വശാസ്ത്രം എങ്ങനെ വിഭാവന ചെയുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം.
അതാതു നാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും പ്രതിനിധികൾ സന്ദർശിക്കാറുണ്ട്.. ഓരോ മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും അടുത്തു നിന്നറിയാൻ ഈ യാത്രകൾ ഏറെ സഹായകമാണ്.
യു.ആർ.ഐ യുടെ ആദ്യ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന റവ. ഡോ. ചാൾസ് ഗിബ്സ് മുഘ്യതിഥിയായിരുന്നു. അക്കാദമിക രംഗത്തെ നിരവധി പ്രമുഖർ അവിടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആസ്ട്രേലിയയിൽ നിന്നുള്ള ഡോ. റുവാൻ പലാപത് വാല പുസ്തകം പ്രകാശനം ചെയ്തു. എല്ലാ വേദ ഗ്രന്ഥങ്ങളും സൃഷ്ടിപ്പിന്റെ തത്വശാസ്ത്രം എങ്ങനെ വിഭാവന ചെയുന്നു എന്നതായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം.
അതാതു നാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും പ്രതിനിധികൾ സന്ദർശിക്കാറുണ്ട്.. ഓരോ മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും അടുത്തു നിന്നറിയാൻ ഈ യാത്രകൾ ഏറെ സഹായകമാണ്.
എട്ടാമത് സമ്മേളനം കഴിഞ്ഞ വർഷം നടത്തിയത് മലേഷ്യയിലെ കോലാലംപൂരിൽ വച്ചായിരുന്നു. വേദഗ്രന്ഥങ്ങളും ലോക സാഹിത്യവും എന്ന വിഷയത്തിൽ അവഗാഹമായ പഠനങ്ങൾ അവിടെ നടന്നു. അസ്ട്രേലിയ, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിൽ നിന്നെല്ലാം പല പ്രമുഖർ സംബന്ധിക്കയുണ്ടായി. കോലാലംപൂരിലെ പ്രധാന സ്ഥലങ്ങൾ എല്ലാം സന്ദർശിച്ച ശേഷമാണ് എല്ലാവരും മടങ്ങിയത്.
വേദഗ്രന്ഥങ്ങൾ പരസ്പരം നിഷേധിക്കുന്നവയല്ല, മറിച്ചു പരസ്പര പൂരകങ്ങളാണ്. അജ്ഞതയാണ് പലപ്പോഴും പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. ഇതെല്ലാം സെമിനാരിയിലെ കുറെ പട്ടക്കാർ മാത്രം പഠിച്ചാൽ മതിയോ എന്നതാണ് പ്രധാന പ്രശ്നം. അറിവ് സാധാരണകാരിലേക്കു സംക്രമിക്കണം. അവിടെയാണ് സ്റ്റഡി സെന്ററുകളുടെ പ്രസക്തി. കോടികൾ മുടക്കി കുറെ പള്ളികളുടെ മുകപുകളും പാരീഷ് ഹാളുകളും പണിതു പണം ധൂർത്തടിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് കുറെ പഠന കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നത്. ഊട്ടുപുര സംസ്കാരത്തിന് ഇനിയെങ്കിലും നാം തടയിട്ടേ മതിയാവൂ. രോഗികളെ സൃഷ്ടിക്കാനും പ്രകൃതി നശിപ്പിക്കാനുമേ ഇതുമൂലം സാധിക്കൂ. ലോകം മുഴുവൻ ആളില്ലാ കളരികളായി അനാഥമായി കിടക്കുന്ന വമ്പൻ കത്തീഡ്രലുകൾ കണ്ടാലെങ്കിലും നാം കാര്യങ്ങൾ പഠിക്കേണ്ടതാണ്.