Monday, 14 March 2022

 

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )

By  ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം ഒൻപത്

ആരും പറക്കാത്ത വഴിയേ

 

മലബാർകാരനായ ഗോപി സാർ സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി എത്തിയതോടെ ഉഗ്രൻ കുന്നിന്റെ മുഖഛായ മാറി. അദ്ദേഹമാണ് അവിടെ ആദ്യമായി ഒരു ബാലജനസഖ്യമുണ്ടാക്കിയത്. ഭാരത് മാതാ ബാലജനസഖ്യം ആൻഡ്റേഡിയോ ക്ലബ് . നാട്ടിലെ കുട്ടികളെല്ലാം താമസം വിനാ അദ്ദേഹത്തിന്റെ ആരാധകരായി മാറി. പ്രൈമറി സ്കൂളിലെ രേവതി ടീച്ചർ കൂടി അദ്ദേഹത്തിന്റെ ആരാധികയായതോടെ കാര്യങ്ങൾ കുറെ കൂടി ഉഷാറായി.

നാട്ടുകാർക്കും രസം പിടിച്ചു.

റോഡ് വെട്ടു, പുര മേയൽ , അടുക്കള തോട്ട നിർമ്മാണം, പൊതു സ്ഥലം വൃത്തിയാക്കൽ , കമ്പോസ്റ്റ് കുഴിയെടുപ്പ്, കക്കൂസ് നിർമ്മാണം തുടങ്ങി ബാലജന സഖ്യക്കാർ ഏറ്റെടുക്കാത്ത പരിപാടികൾ വിരളമായിരുന്നു. ഇടയ്ക്കുള്ള വിനോദയാത്രകൾ കൂടിയായപ്പോൾ പിള്ളേരെല്ലാം നിലത്തു നിൽക്കാതെയായി.

മത്തച്ചനായിരുന്നു ബാലജന സഖ്യത്തിന്റെ പ്രസിഡന്റ. ചാരും മൂടൻ രവി സെക്രട്ടറി. ചരുവിൽ എന്നായിരുന്നു അവന്റെ വീട്ടുപേര്. പ്രൈമറി ഗ്രൗണ്ടിലെ ഒരു നാടകത്തിൽ ചെറിയൊരു വേഷം കിട്ടിയതോടെ പേര് ചാരുംമൂടൻ എന്നാക്കി മാറ്റിയതാണ്. വേഷം ഭ്രാന്തന്റേതായിരുന്നെങ്കിലും വക വച്ചില്ല. അഭിനയം കലക്കി.

നുകം കെട്ടിയ പുത്തൻ കാളയെ പോലെ ഇടഞ്ഞു നിൽക്കയാണ് മലയിലെ ജോണി. കാരണം അവനു സെക്രട്ടറിയാകണമെന്നായിരുന്നു. അത് നടന്നില്ല.

മത്തച്ചനായിരുന്നു പുരയുടെ മുകളിലെങ്കിൽ ശോശക്കുട്ടി ഓലയുമായി താഴെ നിൽക്കും. റോഡ് വെട്ടാനെങ്കിൽ അവൻ മണ്ണ് കോരിയ കുട്ടയുടെ ഒരറ്റം പിടിച്ചാൽ ശോശക്കുട്ടി മറ്റേ അറ്റം പിടിച്ചിരിക്കും. അവൻ മൺകുട്ട ചുമക്കുകയാണെങ്കിൽ പിടിച്ചു കൊടുക്കാനും അവളുണ്ട്.

സ്കൂളിലെ ക്ളാസ്സുകൾ ഏഴുമണി മുതൽ ഒരു മണിവരെയായിരുന്നതിനാൽ മത്തച്ചനും ശോശക്കുട്ടിക്കും ധാരാളം സമയമുണ്ടല്ലോ.. എന്തിനും ഏതിനും ഗോപിസാറിന്റെ തണൽപറ്റി അവർ നിന്നു.

ഒരു വാടകവീട്ടിൽ ഒറ്റയ്ക്കു താമസിച്ച ഗോപിസാറിന്റെ വീട് തേനീച്ചക്കൂടുപോലെ പ്രവർത്തനനിരതമായി. മത്തച്ചൻ ഗോപിസാറിന്റെ ഏറ്റവും അടുത്ത മിത്രമാകാൻ അധികകാലം വേണ്ടിവന്നില്ല. സാറിന്റെ പുസ്തകശേഖരം കണ്ട് അവൻ മതിമറന്നുപോയി.

മഹത്തായ മതഗ്രന്ഥങ്ങളെല്ലാം മത്തച്ചൻ തൊട്ടുതലോടി. പിന്നെ മാർക്സ്, എംഗൽസ്തുടങ്ങിയവരുടെ       വിശ്വേത്തര കൃതികൾ. ലോക സാഹിത്യ നായകന്മാരുടെ മറ്റനവധി അനശ്വര സൃഷ്ടികൾ.

തന്റെ ഏതു സംശയത്തിനും തൃപ്തികരമായ ഉത്തരം നൽകാൻ സാറിനുള്ള കഴിവ് കണ്ട് മത്തച്ചൻ സ്തബ്ധനായിട്ടുണ്ട്. ഗുരു അറിയാതെ ഗുരുവിനെ പൂജിക്കുന്ന ഒരു ഏകലവ്യനായി അവൻ മാറി.

ഡോ. എം. എം. തോമസിന്റെ "എന്റെ ക്രൈസ്തവ ധർമ്മാന്വേഷണ പര്യടനം" സാറിന്റെ അലമാരിയിൽ അവൻ കണ്ടു. വികാരിയച്ചന്റെ വാക്കുകൾ കാതുകളിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.

"പാഷാണമാ..... പാഷാണം."

ഒറ്റ രാത്രികൊണ്ട് പുസ്തകം വായിച്ചു തീർത്തു. ഒരു പര്യടനം കഴിഞ്ഞെത്തിയ പ്രതീതിയായി അപ്പോൾ. ക്രൈസ്തവ ധർമ്മത്തിന് ഇത്ര അഗാധമായ മാനങ്ങളുണ്ടെന്ന് ആരറിഞ്ഞു?. ഇതൊന്നും പഠിപ്പിക്കാതെ ഇലവുമൂടച്ചന് കുപ്പായം കൊടുത്തതാരെന്നും അവൻ ആലോചിക്കാതിരുന്നില്ല. സൈറസ് സാർ പറഞ്ഞ പലതിന്റെയും പൊരുൾ ഇപ്പോൾ വ്യക്തമായി.

മത്തച്ചൻ സായന്തന ദർബാറിൽ പങ്കെടുത്തിട്ട് നാളേറെയായി. ഇപ്പോൾ  ദർബാറധികവും ഗോപിസാറിന്റെ കൂടെയാണ്. സായാഹ്നത്തിൽ രണ്ടാളും കൂടി മൈലുകൾക്കകലെയുള്ള മീൻപിടിപാറയിലേക്കു നടക്കും. നടത്തങ്ങൾക്കിടയിൽ ഫ്രഞ്ച് വിപ്ലവം മുതൽക്കിങ്ങോട്ടുള്ള ചരിത്രം പുനർജനിക്കും. പാരീസ് കമ്യൂണിനെകുറിച്ചും സോവിയറ്റ് സോഷ്യലിസത്തെക്കുറിച്ചും ഗോപിസാർ വാചാലനാകും. താനൊരു വിശ്വപൗരനായി മാറിയെന്ന് മത്തച്ചന് തോന്നിത്തുടങ്ങിയ നാളുകളായിരുന്നു അത്.

പക്ഷെ ഗോപിസാർ തൃപ്തനല്ലായിരുന്നു. അദ്ദേഹം ഒരു കനലായി എരിയുകയായിരുന്നു. അതിൽ നിന്നും തെറിച്ച തീപ്പൊരികൾ മത്തച്ചൻ എന്ന കൗമാരക്കാരനിൽ ജ്വാലയായി പടർന്നു കയറി.

എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ദിവസം കൂട്ടിൽ നിന്നും പുറത്തുവന്ന കിളിയുടെ ചേലിൽ മത്തച്ചൻ പാറി നടന്നു. വിശാലമായ ഏതോ ചക്രവാളം തന്നെ മാടിവിളിക്കുന്നതായി അവനു തോന്നി. ജോനാഥൻ ലിവിംഗ്സ്റ്റൺ എന്ന കടൽകാക്കയെപോലെ ആരും പറക്കാത്ത വഴിയേ പറക്കാൻ, അപകടകരമായി പറക്കാൻ അവൻ കൊതിച്ചു.

ശവക്കോട്ടയിലെ തണുത്ത കല്ലറയിൽ ഏറെ നേരം മലർന്നുകിടന്നു. ആകാശവിതാനം നോക്കി പ്രാപഞ്ചിക രഹസ്യങ്ങൾ ചിലതു ചോർത്തിയെടുക്കാൻ അവന്റെ അകക്കണ്ണുകൾ ത്രസിക്കുന്നപോലെ. ഒരു മാസ്മരിക നിമിഷത്തിൽ എന്തെങ്കിലും വീണുകിട്ടിയാലോ?.

തോട്ടിന്കരയിലെ ആഞ്ഞിലിമരച്ചില്ലകൾ ആകാശനീലിമയുമായി ഇണചേർന്നു. പടിഞ്ഞാറേ ചക്രവാളം കാമിനിയുടെ കവിൾത്തടംപോലെ ചുവന്നു നിന്നു.

സൂര്യദേവനെ ആവാഹിച്ചെടുക്കാൻ തിരമാലപ്പെണ്ണുങ്ങൾ മത്സരം തുടങ്ങി.

സായന്തന ദർബാറിൽ പരീക്ഷ കഴിഞ്ഞ ഉത്സാഹത്തിൽ കൂട്ടുകാർ അടിച്ചുപൊളിച്ചപ്പോഴും മത്തച്ചൻ കല്ലറയിൽ തന്നെ  കിടന്നു. ഇരുൾ പരക്കാറായപ്പോൾ അവൻ കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ ഓടി. ശോശക്കുട്ടിയുടെ അരികിലേക്ക്.

അവൾ മുല്ലയുടെ ചോട്ടിലല്ലായിരുന്നു. വഴിയിലേക്ക് ദൃഷ്ടി പായിച്ചു വിവശയായിത്തന്നെ നിൽക്കുകയായിരുന്നു . ദൂരെ മത്തച്ചന്റെ തലവെട്ടം കണ്ടപ്പോൾ അവൾ അടുക്കളയിലേക്കോടി. ഒരു കപ്പിൽ പാൽപായസവുമായി ഓടിയിറങ്ങി വന്നു. പിന്നീട് കാത്തുനിന്നു.

കൈലിമുണ്ട് മടക്കിക്കുത്തി ഒരു തികഞ്ഞ പുരുഷന്റെ ഭാവത്തിൽ തന്റെ  മുന്നിൽ നിൽക്കുന്ന പൊടിമീശക്കാരനെ നോക്കിയപ്പോൾ അവൾക്കു വല്ലാത്ത നാണം. നെഞ്ചുവിരിവ് കണ്ടപ്പോൾ ഭയം.

പാൽപായസം അവൾ നീട്ടി. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ ശ്വാസത്തിന് അഗ്നിയുടെ ഗന്ധമുണ്ടായിരുന്നു.

അതു വാങ്ങി പുരുഷൻ ചോദിച്ചു.

"എന്താ വിശേഷം?"

"ഇന്നു പരീക്ഷ കഴിഞ്ഞ ദിവസമല്ലേ? മത്തച്ചന് റാങ്ക് കിട്ടുമെന്ന് ടീച്ചേഴ്സ് എല്ലാവരും പറഞ്ഞു. ഇത് മത്തച്ചനു തരാൻ ഞാനുണ്ടാക്കിയതാ...."

അവൾ തനിക്കുവേണ്ടി അദ്ധ്വാനിക്കാൻ തയ്യാറായിരിക്കുന്നു. വിചാരം അവന്റെ സിരകളെ ത്രസിപ്പിച്ചു.

ആർത്തിയോടെ പായസം അങ്ങകത്താക്കി.

"പകരം ഞാനെന്താ തരണ്ടെ..." കൊച്ചുകാമുകൻ ചോദിച്ചു.

“കോളേജുകുമാരനാവുമ്പോ എന്നെ മറക്ക്വോ....?"

പ്രേംനസീർ സ്റ്റൈലിൽ "എടീ മണ്ടിപ്പെണ്ണെ" എന്ന് പറയാനോങ്ങിയതാണ്. പറഞ്ഞില്ല.

ചോദ്യം അനാവശ്യമായിപ്പോയെന്ന് ശോശക്കുട്ടിക്കും തോന്നി.

കപ്പിലിരുന്ന പായസത്തിന്റെ അവസാന തുള്ളിയും ഊറ്റികുടിച്ചിട്ട് അവൻ തിരികെ നടന്നു. പുരുഷൻ വിഷാദഭാവത്തോടെ നടക്കുന്നതും നോക്കി യുവതി നിർന്നിമേഷയായി നിന്നു.

പായസം ഒരു കപ്പുകൂടി കൊടുക്കാൻ അവൾ മറന്നുപോയി.അവൻ പോയിക്കഴിഞ്ഞപ്പോൾ അവൾക്കു സങ്കടമായി.

പിറ്റേദിവസം കാലത്തുതന്നെ മത്തച്ചൻ ഗോപിസാറിന്റെ വീട്ടിലെത്തി. വെക്കേഷൻ ധന്യമാക്കാൻ പല പദ്ധതികളും അവന്റെ മനസ്സിലുണ്ടായിരുന്നു.സ്കൂൾ ഗ്രൗണ്ടിൽ " അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" അവതരിപ്പിക്കണം. അതായിരുന്നു പ്രധാന പരിപാടി.

ഏങ്ങലടിച്ചു കരയുന്ന രേവതി ടീച്ചറെയാണവൻ അവിടെ കണ്ടത്. സാർ അവധിക്ക് മലബാറിൽ പോകുന്നതിന്റെ വിഷമമായിരിക്കും എന്നവൻ നിരൂപിച്ചു. നിർവികാര തീവ്രതയോടെ അകലേക്ക് നോക്കി നിൽക്കുകയാണ് ഗോപി സാർ.

മത്തച്ചനെ കണ്ടപ്പോൾ സാരിത്തുമ്പുകൊണ്ട്കണ്ണുകൾ തുടച്ചു ടീച്ചർ ഇറങ്ങിപ്പോയി. ഒന്നും പറയാതെ." "ടീച്ചറെന്തിനാ സാർ കരയുന്നത്...." അവൻ തിരക്കി.

ഏറെനേരം മൗനിയായി നിന്ന ഗോപിസാർ ആകാശത്തേക്കു നോക്കിത്തന്നെ പറഞ്ഞു.

"ലോകാരംഭം മുതൽ കേൾക്കുന്ന ഒരു ചോദ്യമാണിപ്പോൾ നീ ചോദിച്ചത്... സ്ത്രീ എന്തിനാണ് കരയുന്നത്...? കരയുവാനായി ജനിച്ചവളാണോ അവൾ......?”.

"ശലോമോൻ പറഞ്ഞിട്ടില്ലേ ....തോട്ടങ്ങൾക്ക്അവൾ നീരുറവയാണെന്ന്‌. ലെബാനോനിൽ നിന്നൊഴുകുന്ന ഒഴുക്കാണെന്ന്. പക്ഷെ അതേസമയം അവൾ മരുഭൂമിയാണ്...."

പിന്നെയും മൗനത്തിന്റെ ഒരു പർവ്വതമുയരുന്നു.

സാർ പറഞ്ഞതൊന്നും മത്തച്ചന് മസ്സിലായില്ല. ഏറെ കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.

നമ്മുക്ക് മീൻപിടിപ്പാറ വരെ നടക്കാം. നിന്നോട് എനിക്കൊരു പ്രധാനകാര്യം പറയാനുണ്ട്.

മുമ്പൊക്കെ ഇങ്ങനെ നടക്കുമ്പോഴായിരുന്നു സാർ സ്വന്തം കഥ പറഞ്ഞിരുന്നത്. ഇന്ന് ഒരക്ഷരം ഉരിയാടുന്നില്ല. മനസ്സിലൊരു തീച്ചുളയും പേറി നടക്കുന്ന മനുഷ്യൻ.

'അമ്മ തിരുവില്ലാമല രാജകുടുംബത്തിന് വേണ്ടപെട്ടവളായിരുന്നു. തങ്കം പോലൊരു കന്യക. ചൂരും ചുടിയുമുള്ള ഒരു ക്രിസ്ത്യാനിചെറുക്കനിൽ അനുരക്തയായിപ്പോയി. വീട്ടുകാരറിഞ്ഞപ്പോൾ രണ്ടിനെയും കൊല്ലുമെന്നായി. മറ്റൊരു വിവാഹവും അവർ പെട്ടെന്ന് നിശ്ചയിച്ചു. അവിടുന്ന് ഒളിച്ചോടിയാണ് അവർ മലബാറിലെത്തുന്നത്.

വയനാട്ടിൽ നാലഞ്ചേക്കർ സ്ഥലം സ്വന്തമാക്കി അതിൽ അദ്ധ്വാനവും തുടങ്ങി. പുരയിടത്തിൽ ഇല്ലാത്തതൊന്നുമില്ലായിരുന്നു. നാട്ടിൽ മാന്യന്മാരോടും കാട്ടിലെ മൃഗങ്ങളോടും ഏറ്റുമുട്ടി ക്രിസ്ത്യാനിചെറുക്കൻ ക്ഷീണിച്ചു. ഇടക്കിടെ ആക്രമിക്കാൻ മലമ്പനി കൂടി എത്തിയപ്പോൾ അയാൾ തകർന്നു. ഇതിനിടയിൽ ഗോപിസാറും താഴെയുള്ള രണ്ടു സഹോദരികളും ജനിച്ചു.

ഏറെത്താമസിയാതെ താൻ വെട്ടിപ്പിടിച്ച മണ്ണിൽ അയാൾ തളർന്നുവീണു. നിഷ്കളങ്കരായ കുറെ ആദിവാസികളുടെ സഹായത്തോടെ സ്വന്തം പുരയിടത്തിൽ അദ്ദേഹത്തെ കുഴിച്ചിട്ടു.

ഋതുമതിയായ തരുണിയെപോലെ ഭൂമി തഴച്ചു. അപ്പോഴാണ് അമ്മയുടെ തനിസ്വരൂപം കണ്ടത്. രാജരക്തമല്ലേ?. തോട്ടങ്ങൾക്ക്അവൾ നീരുറവയാണെന്ന് ഗോപിസാർ പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായി.

ആദിവാസിക്കിടാങ്ങളോടൊപ്പം മൂന്നു കുരുന്നുകൾ കാട്ടിലും മലയിലും തുള്ളിച്ചാടി വളർന്നു. രാത്രിയിൽ മൂന്നുപേരെയും ചാക്കുതുണികൊണ്ടു പുതപ്പിച്ചു കിടത്തി. അമ്മ പറഞ്ഞിട്ടുള്ള കഥകൾ, പാടിയിട്ടുള്ള പാട്ടുകൾ.... സാറിനെ ഇന്നും ജീവിപ്പിക്കുന്നത് ഓർമ്മകളാണ്.

മൂന്നുപെറ്റെങ്കിലും നല്ല വെറ്റിലക്കൊടിപോലെ തഴച്ചുനിന്ന അമ്മയെക്കണ്ട് നാട്ടുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കും ഇരിക്കപ്പൊറുതിയില്ലാതായി. ആദിവാസികളുടെ കരുത്തും കാരുണ്യവും തെളിഞ്ഞതപ്പോഴാണ്.

"ഇവളെന്താ ആദിവാസിപ്പെണ്ണുങ്ങളെപോലെ മാറു തുറന്നിടാത്തത്....?”.

"നീയാരെടി .......തമ്പുരാട്ടിയോ......?"

"അധികം കളിച്ചാൽ കൊത്തിയരിഞ്ഞു കാട്ടുചോലയിലെറിയും..."

ഗോപിസാറിന്റെ അന്തരംഗങ്ങളിൽ ഇന്നും മുഴങ്ങുന്ന വാക്കുകളിൽ ചിലതാണ്.

കാളക്കൂറ്റൻ മാതിരി ഒരു പോലീസുകാരനും മറ്റൊരുദ്യോഗസ്ഥനും കൂടി ഒരുദിവസം വീട്ടിൽ വന്നു. പട്ടയം പതിപ്പിക്കാൻ.

പകലത്തെ അദ്ധ്വാനം കഴിഞ്ഞു കാട്ടുചോലയിൽ കുളിച്ചുകൊണ്ടുനിന്ന അമ്മയെ പോയി വിളിച്ചു. ഉദ്യോഗസ്ഥരാണെന്നറിഞ്ഞപ്പോൾ നനഞ്ഞതുണി വാരിച്ചുറ്റി 'അമ്മ ഓടിച്ചെന്നു.

ഏതോ പേപ്പർ ഒപ്പിടിക്കാനാണെന്നും പറഞ്ഞാണ് അമ്മയുടെ പുറകെ രണ്ടുപേരും കൂടി പുരയ്ക്കകത്തേക്കു കയറിയത്.

ആദ്യമൊരു ഞരക്കം കേട്ടു പിന്നെ "മോനെ" എന്നൊരു വിളിയും. ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു.

ചാടി ഒരുത്തന്റെ കഴുത്തിനു പിടിച്ചതാണ്. മറ്റവൻ ഒരു തൊഴി തൊഴിച്ചു. മുറ്റത്തു ചെന്നുവീണു. എഴുന്നേൽക്കാൻ കഴിഞ്ഞില്ല  പേടിച്ചരണ്ടു പെങ്ങൾമാർ രണ്ടും നിലവിളിച്ചെങ്കിലും കാട്ടുചോലയുടെ ഇരമ്പത്തിൽ അതമർന്നുപോയി. പേരുവെള്ളപാച്ചിലായിരുന്നു അന്ന്.

വളരെ നേരം കഴിഞ്ഞപ്പോൾ ആ ദുഷ്ടന്മാർ പോയി.

ദേഹമാസകലം മുറിവേറ്റു കിടന്ന അമ്മയെ കെട്ടിപിടിച്ചു മൂന്നുപേരും കരഞ്ഞു. നേരം പുലരുംവരെ. മലവെള്ളത്തിന്റെ ഇരമ്പൽ ഭയാനകമായിരുന്നു.നേരം ഏറെപുലർന്നിട്ടും അമ്മയുണർന്നില്ല.

അതൊരു തിരിച്ചറിവിന്റെ തുടക്കമായിരുന്നു എന്ന് ഗോപിസാർ പറയും. അനന്തമായ അറിവിന്റെ തുടക്കം.

പ്രതികാരദാഹിയായ ഒരു ബാലന്റെ വളർച്ചയുടെ കഥകളാണ് ബാക്കി. അതൊക്കെ ബാലജനസഖ്യക്കാരോട് സാർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ആദ്യഭാഗം തനിക്കും രേവതി ടീച്ചർക്കും മാത്രമേ അറിയൂ.... രഹസ്യങ്ങൾ തങ്ങളോടു മാത്രമേ സാർ പറയുമായിരുന്നൊള്ളു.

വളർന്നു മിടുക്കരായ പെങ്ങൾമാരെക്കാണുവാൻ സാർ ഇടയ്ക്കിടെ തലശ്ശേരിക്കും പുൽപ്പള്ളിക്കും വായനാടിനുമൊക്കെ പോകുമായിരുന്നു. വരുമ്പോഴൊക്കെ പച്ചപ്പാവങ്ങളായ ആദിവാസികളും സാധാരണക്കാരും ഏൽക്കുന്ന പീഡനങ്ങളെപ്പറ്റിയായിരുന്നു പ്രസംഗം മുഴുവൻ.

മീൻപിടിപ്പാറയിലെ കൊച്ചു വെള്ളച്ചാട്ടത്തിന്റെ മർമ്മരം കാതിൽ കിന്നാരം പറയുന്ന അകലത്തിൽ അവർ ഇരുന്നു. മലവെള്ളപാച്ചിലിനോട് സാറിനൊരു പൊക്കിൾക്കൊടി ബന്ധമുണ്ടായിരുന്നതുപോലെയായിരുന്നു എപ്പോഴും.

" ശബ്ദമുണ്ടല്ലോ. അതെന്റെ അമ്മയുടെ നിലവിളിയാണ്. ശ്വാസം കിട്ടാതെ പിടയുന്ന പ്രകൃതിയുടെ ദീനരോദനം ...." അവിടെ വരുമ്പോഴൊക്കെ സാർ പറയും. പക്ഷെ ഇന്നെന്തേ ഇത്ര മൗനം?. അവിടെയെത്തുന്നതുവരെ ഒരക്ഷരം ഉരിയാടിയില്ല എന്നത് മത്തച്ചനെ അത്ഭുതപ്പെടുത്തി. സാർ ഉരിയാടിത്തുടങ്ങിയപ്പോഴോ അവൻ സ്വർഗ്ഗത്തിൽ നിന്നാട്ടിയിറക്കപെട്ട ലൂസിഫറിനേപ്പോലെ ഞരങ്ങുകയും ചെയ്തു.

ഉഗ്രൻകുന്നിൽ വളർന്ന ഒരു ബാലന്റെ മനസ്സിന് താങ്ങാവുന്നതൊന്നുമായിരുന്നില്ല ഗോപിസാർ എന്ന തീപ്പന്തം അവനിലേക്ക്പകർന്നത്.... കേട്ടതു ഗ്രഹിച്ചെടുക്കാനായി അവൻ കുറെനേരം മൗനവാത്മീകത്തിന്റെ ഉള്ളിലൊളിച്ചു. 

Monday, 24 January 2022

Champions of KIPS SPELL BEE Contest 2022 with staff and parents. (Mathew T Aby - Cat - 1, Britny Biju Cat - 2, Hanna Liz Jaison - Cat - 3)

Thursday, 20 January 2022

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ ) By ഡോ. ഏബ്രഹാം കരിക്കം


 അദ്ധ്യായം എട്ട്
 വേദം പഠിച്ച കുഞ്ചുവിനൊപ്പം
 കിഴക്കേ നടയിലെ ഉത്സവത്തിന് സാംബശിവൻ ഒഥല്ലോയുടെ കഥാപ്രസംഗം അവതരിപ്പിച്ചു. പേപ്പട്ടിയുടെ പിറകെ കൂടിയ രണ്ടുപേരെ അത് കടിച്ചുപറിച്ചു. അവരുടെ പൊക്കിളിന്റെ ഭാഗത്തു പതിനൊന്നു കുത്തിവയ്പ്പുകൾ നടത്തേണ്ടി വന്നു. തെരഞ്ഞെടുപ്പുകൾ രണ്ടു നടന്നു. ഒന്നിൽ പുതിയൊരു നേതാവ് ഉദയം ചെയ്തു. കോലാഹലം ചില്ലറയായിരുന്നില്ല. സൈക്കിൾ യജ്ഞം പലതു നടന്നു. മൂന്നുദിവസം മുതൽ ഒരാഴ്ച്ച വരെ ഊണും ഉറക്കവും സൈക്കിളിൽ തന്നെ നടത്തുന്ന അത്ഭുത യോദ്ധാക്കളുടെ പ്രകടനം ആൾക്കാരെ പ്രകമ്പനം കൊള്ളിച്ചു. നാട്ടിലെ കുട്ടികൾക്കപ്പോൾ ഊണും ഉറക്കവുമില്ലാതായി. പ്രൈമറി പള്ളിക്കൂടത്തിന്റെ ഗ്രൗണ്ടിൽ ഉഗ്രൻകുന്നു കലാസമിതി സി.എൽ ജോസിന്റെ രണ്ടു നാടകങ്ങൾ അവതരിപ്പിച്ചു. റിഹേഴ്സൽ നാളുകൾ മുതൽ നാടകം തീരും വരെ പിള്ളേരെല്ലാം രാത്രികളിൽ സ്കൂളിനെ ചുറ്റിപ്പറ്റിത്തന്നെ നിന്നു. വീണു കിട്ടിയ ചില ഡയലോഗുകൾ ഏറ്റുപാടി നടന്നു. നാടകത്തിനു പെൺവേഷം കെട്ടിയ ആണുങ്ങൾ ചിരട്ട വച്ച് നെഞ്ചു പൊക്കിക്കെട്ടുന്നതും സാരിയും ബ്ലൗസുമൊക്കെ അണിയുന്നതും മേക്കപ്പ് റൂമിൽ ഒളിച്ചുകടന്ന അവർ കണ്ടു ചിരിയടക്കി. സായിപ്പിന്റെ സ്കൂളിൽ പുതിയൊരു പ്രിൻസിപ്പൽ ചുമതലയേറ്റു. പുത്തൻ ഫിയറ്റുമായിട്ടാണ് സായിപ്പ് രംഗപ്രവേശം ചെയ്തത്. പൊടി തെറിപ്പിച്ചുകൊണ്ട് അത് ചീറിപാഞ്ഞപ്പോൾ കുട്ടികളെല്ലാം പിറകെ ഓടി. മണിച്ചിപ്പശു പിന്നെയും പ്രസവിച്ചു. വയലിൽ മരമടി മഹോത്സവത്തിൽ രണ്ടു കാളകൾ മലർന്നടിച്ചു വീണു. കൊടും വേനലിൽ മാമ്പൂവ് എല്ലാം കൊഴിഞ്ഞുപോയി. പട്ടണത്തിൽ ഒരു പ്ലിമത്ത് കാർ ടാക്സി ഓടാൻ തുടങ്ങി. കൊയ്ത്തും മെതിയും പലതു നടന്നു. ജന്മിയായ ഈച്ചരൻ നമ്പൂതിരിയുടെ അറകൾ എല്ലാം നിറഞ്ഞു. വീട്ടിൽ ഒരു കളീൽ വച്ചപ്പോൾ അതിന്റെ ഓരത്ത് ആയി മത്തച്ചനു സ്വന്തമായി ഒരു മുറിയും കിട്ടി. ഒരു രാത്രി മത്തച്ചന്റെ കട്ടിലിൽ ഒപ്പം കിടന്ന പൂച്ച മൂന്ന് കുട്ടികളെ പ്രസവിച്ചിട്ടു. ആശാരി ഉപദേശിയുടെ രാത്രി യോഗങ്ങളിൽ ജനം ഇളകിത്തുടങ്ങി. വളകൾ കിലുക്കിപോയ പെണ്ണുങ്ങൾ വെറും കൈയ്യോടെ മടങ്ങി വന്നു ഭർത്താക്കന്മാരുടെ അടിയും ശകാരവും ആവോളം വാങ്ങിക്കൂട്ടി. ഗണപതിയമ്പലത്തിൽ ഗാനഗന്ധർവൻ ഗാനമേളക്കെത്തി. വളരെ നാളുകൾക്കു ശേഷം രാത്രിയിൽ എവിടേയോ ആരോ ഒരു പൂവൻ കോഴിയെ മോഷ്ടിച്ചതായും കേട്ടു. പട്ടണത്തിലെ മിനർവാ തീയറ്ററിൽ ചെമ്മീൻ വളരെ നാളുകൾ ഓടി. നാട്ടിലെ അവശ കാമുകന്മാർ "മാനസ മൈനേ" പാടിപ്പാടി വശം കെട്ടു. അങ്ങനെ മലഞ്ചെരുവിലെ മത്തച്ചൻ പത്തിലും പനംകുന്നിലെ ശോശക്കുട്ടി ഒമ്പതിലുമായി. മത്തച്ചന് പൊടി മീശ മുളച്ചു. തോൾ വിരിഞ്ഞു ഒരു ആണാകാൻ തുടങ്ങിയ അവൻ സ്കൂളിലെ ഹീറോ ആയി കഴിഞ്ഞിരുന്നു. ഫുട്ബോൾ കോർട്ടിൽ നിറഞ്ഞു നിന്നപ്പോൾത്തന്നെ പഠിപ്പിലും കേമനായി. ഖദർ മുണ്ടും ഷർട്ടും ധരിക്കാനും തുടങ്ങിയിരുന്നു. ശോശക്കുട്ടി കാണെക്കാണെ വളർന്നു. അവളെ കാണുന്നത് മത്തച്ചന്റെ കണ്ണുകൾക്കു ഉത്സവമായി. മനസ്സിൽ അവളൊരു ചിത്രശലഭമായി പറന്നു നടന്നു. പൂത്തിരിയായി കത്തി നിന്നു. മത്തച്ചൻ ഇ. എം ശങ്കരൻ നബൂതിരിപ്പാടിന്റെ ആത്മകഥ വായിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഗാന്ധിജിക്കു ശേഷം ആത്മകഥകളോട് ദാഹമായിരുന്നു. ഏറ്റവും ആസ്വദിച്ചത് ആൽബർട്ട് ഷൈറ്റ്സറുടെതായിരുന്നു. പിന്നെയാണ് ഇ.എം എസ്സിൽ എത്തിയത്. കേരളം രണ്ടു ശങ്കരന്മാരെ പ്രസവിച്ചു. ഒന്ന് ആദി ശങ്കരൻ. മറ്റേതു ഇ.എം ശങ്കരൻ. അങ്ങനെ എവിടെയോ വായിച്ചത് പുസ്തകം കയ്യിൽ വന്നപ്പോൾ ഓർത്തു. വള്ളുവനാട്ടിലെ ഏലംകുളം മന. പൂജാദി കർമ്മങ്ങളുടെയും പേടിപ്പെടുത്തുന്ന പിതൃക്കളുടെയും പ്രേതങ്ങളുടെയും അന്തരീക്ഷം. അമ്പതിനായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്ന പ്രതാപൈശ്വര്യങ്ങളുടെ തറവാട്. അവിടെ ഓത്താനാവാൻ വേദം പഠിച്ചു വളർന്ന കുഞ്ചു. കുഞ്ചുവിനൊപ്പമായി മത്തച്ചന്റെ പിന്നീടുള്ള യാത്രകൾ. ഒരു ദിവസം സായന്തന ദർബാറിനു ശവക്കോട്ടപ്പുരയിടത്തിലെത്തിയ മത്തച്ചൻ പതിയെ ഇ. എം .എസ് പൂണൂൽ പൊട്ടിച്ച കഥ ഒന്നവതരിപ്പിക്കാമെന്നു വച്ചു. പണ്ടത്തെപ്പോലെ വിളയിലപ്പന്റെ പുരയിടത്തിൽ മൂർഖൻ വന്നതും കോയിക്കലച്ചായൻ നാട്ടിലെ തടിയൻ പട്ടികളുടെ വരി കീറുന്നതുമായ കഥകളൊന്നുമല്ല കൂട്ടുകാർ ഈയിടയായി സംസാരിക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചിരുന്നു. ക്ളാസ്സിലെ പെൺപിള്ളേരും, ടീച്ചർമാരും, കെ.എസ്.യു, കെ.എസ്.സി ഒക്കെയാണിപ്പോൾ മുന്തിയ വിഷയങ്ങൾ. ഇ.എം.എസ്. എന്നുകേട്ടപ്പോൾ ചിലർ കലിതുള്ളി. "ടെയ്... നീയെന്താ... കമ്യൂണിസ്റ്റായോ? തട്ടിക്കളയും ഞങ്ങൾ ... " അവർ നിലപാടറിയിച്ചു. "ഇ.എം.എസ്. പൂണൂൽ മുറിച്ച കഥ നിങ്ങൾ കേട്ടിട്ടുണ്ടോ എന്നാ ചോദിച്ചത്...." "ഓരോരുത്തർ എന്തെല്ലാം മുറിക്കുന്നു. പിന്നല്ലേ ഒരുളുത്ത പൂണൂൽ .... പോടാ ...പോയി പണി നോക്ക്...ഇവിടെ ചിലവാകില്ല മോനെ." സ്കൂളിൽ ഒരു എസ്.എഫ്.ഐ കാരൻ കെ.എസ്.സി. നേതാവിന്റെ ഉച്ചി നോക്കി എറിഞ്ഞു പറ്റിച്ച പ്രധാനപ്പെട്ട വിഷയത്തിലേക്കു അവർ കടന്നു. കൂട്ടുകാർ കേട്ടില്ലെങ്കിലും മത്തച്ചന്റെ മനസ്സിൽ ഇ.എം.എസ്. പ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. അത് വീട്ടിലൊരു ഭൂകമ്പവുമുണ്ടാക്കി. കളീലിന്റെ ഓരത്തുള്ള ചെറിയ മുറിയിൽ അതുവരെ ഫ്രയിമിട്ട രണ്ടു ചിത്രങ്ങളെ ഉണ്ടായിരുന്നുള്ളു. ഗത്സമനയിലെ യേശുവിന്റെ വലിയ പടവും അതിന്റെ പകുതിയോളം വരുന്ന ഗാന്ധിജിയുടെ ഫോട്ടോയും . മുറിയടിച്ചു വൃത്തിയാക്കാൻ വന്ന മാറിയമാണ് ആദ്യം ഞെട്ടിയത്. ക്രിസ്തുവിന്റെ വലതുവശത്തു ഗാന്ധിജിയുടെ അത്രെയും വലിപ്പമുള്ള മറ്റൊരു ചിത്രം. നരച്ച മുടിയുള്ള, വിശാലമായ നെറ്റിയുള്ള, കറുത്ത കണ്ണട വച്ച ഇ.എം.എസ്. താടിക്കു കയ്യും കൊടുത്തു് വിദൂരതയിലേക്ക് കണ്ണും നട്ട്.... "എടുക്കെടാ.. അത്..." പെങ്ങൾ അലറി. "എടുക്കുന്നില്ല". അതേ സ്വരത്തിൽ തന്നെയായിരുന്നു മത്തച്ചന്റെ മറുപടി. മറിയം ചാടി ഫോട്ടോയിൽ പിടിച്ചു. മത്തച്ചനവളെ വലിച്ചു താഴെയിട്ടു. രണ്ടുപേരും പിന്നെ വലിയും അടിയും ആയപ്പോൾ 'അമ്മ ഓടി വന്നു. " 'അമ്മ കണ്ടോ..?" അവൾ ഭിത്തിയിലേക്കു ചൂണ്ടി. " ഹെന്റെ കർത്താവെ... ഈ ചെറുക്കനിതു എന്തോ ഭാവിച്ചാ... ദാ ഇതു കണ്ടോ....? 'അമ്മ അപ്പനെ വിളിച്ചു വരുത്തി. അപ്പൻ മൂന്ന് ചിത്രങ്ങളും മാറിമാറി നോക്കി. ഒരു ചെറുചിരി ആ ചുണ്ടിലെങ്ങാനും ഒളി മിന്നിയോ? "അവൻ എന്തെങ്കിലും കാണിക്കട്ടെ. നിങ്ങൾ നിങ്ങളുടെ പാട് നോക്ക്..." അമ്മയും പെങ്ങളും നിന്നു വിറക്കുകയായിരുന്നു. തെമ്മാടിയും പോക്രിയും സർവ്വോപരി കമ്യൂണിസ്റ്റും എന്നു പറയുന്ന കാലമായിരുന്നല്ലൊ. ഒരമ്മ എങ്ങിനെയതു സഹിക്കും?. പെങ്ങൾ ചേട്ടന്മാരെയും ചേട്ടത്തിമാരെയും വശത്താക്കി ഫോട്ടോ എടുപ്പിക്കാൻ പരിശ്രമിച്ചു നോക്കി. ഒരു ഏറ്റുമുട്ടലിനു അവരും തയ്യാറായില്ല . പക്ഷെ 'അമ്മ ഒരു വഴി കണ്ടിരുന്നു. ശക്തമായ ഒരു വഴി. അന്നൊരു ശനിയാഴ്ച. പൂവൻകോഴി മാത്രം കൂട്ടിൽ കിടന്നു ചാടുന്നത് കണ്ടപ്പോൾ മത്തച്ചന് മനസ്സിലായി ആരോ വിശിഷ്ട അതിഥികൾ എത്താറായി എന്ന്. അടുക്കളയിൽ കയറി നോക്കിയപ്പോൾ സംഗതി ഉറപ്പായി. അടുപ്പുകൾ എല്ലാം കത്തുന്നു. വലിയ തീക്കൊള്ളികൾ എല്ലാം റെഡിയായിരിക്കുന്നു. അമ്മയും പെങ്ങളും വലിയ ഉത്സാഹത്തിൽ. കൂട്ടിനു ദേവകിയും വന്നിട്ടുണ്ട്. കുറെക്കഴിഞ്ഞപ്പോൾ അമ്മയ്ക്ക് വിവശത. കാളൻ ബേബിയെ കാണുന്നില്ല.... " ടാ... നിനക്കാ കോഴിയെ ഒന്നു കൊല്ലാമോ...? 'അമ്മ ചോദിച്ചു. "എന്താ വിശേഷം...?” "പള്ളിലച്ചന് ഇന്നിവിടാ ഊണ്..." "കൊലപാതകത്തിന് ഞാനില്ല ..." അതുകേട്ട വാശിക്കു കറിയിരുമ്പുമായി മറിയം കോഴിക്കൂടിനരികിലെത്തി. " ഒരു സന്യാസിയെ കണ്ടില്ലേ... പൂച്ച സന്യാസി ..." അവൾ മത്തച്ചനെ നോക്കി പിറുപിറുത്തു. ഏതാണ്ട് അഞ്ചാറുകിലോ വരുന്ന കരുത്തനായ പൂവൻ കോഴിയുടെ പുറത്തവൾ ഇരുമ്പുമായി നിലയുറപ്പിച്ചു. മത്തച്ചൻ മുൻസീറ്റിലിരുന്നു നാടകം കാണുന്നതുപോലെ വാ പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു വാശി കൂടി. ഉറക്കെ കൂവുന്ന കോഴിയുടെ കഴുത്തു തിരിച്ചു അവൾ ഒരു വെട്ടു വെട്ടി . രക്തം ചീറ്റി വായിൽ വീണപ്പോൾ അവൾ കുതറിച്ചാടി. പിന്നെ മുറിഞ്ഞ തലയുമായി കോഴി പറന്നു പൊങ്ങി. കുടുകുടെ ചിരിച്ചുകൊണ്ട് മത്തച്ചനും ഉറക്കെ കരഞ്ഞുകൊണ്ട് മറിയവും കോഴിയുടെ പിറകെ ഓടി. ഒരു പറമ്പിൽ നിന്നും അടുത്ത പറമ്പിലേക്ക്. ജീവൻ നിലനിർത്താനുള്ള ഒരു മിണ്ടാപ്രാണിയുടെ നിലവിളിയും പരാക്രമവും മത്തച്ചനെ അമ്പരപ്പിച്ചു. ഏതോ പറമ്പിൽ കപ്പക്ക് കിളച്ചുകൊണ്ടു നിന്ന കാളൻ ബേബി ദൈവദൂതനായി അവതരിച്ചു. താമസിയാതെ നിരവധി കഷ്ണങ്ങളായി കോഴി അടുപ്പത്തു കയറി. ഏതാണ്ട് പന്ത്രണ്ടു മണിയായപ്പോൾ ആജാനുബാഹുവായ ഇലവുംമൂട്ടിലച്ചൻ എത്തി. കൂടെ കപ്യാരച്ചനും. വളരെ നാൾ പലനാടുകളിലായിരുന്ന അച്ചൻ സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിക്കയാണ്. ശേഷിക്കുന്ന കാലം സ്വന്തം ഇടവകയിൽത്തന്നെ. മലേഷ്യയിൽ നിന്നാണ് ഇപ്പോഴത്തെ മടക്കം. മിനുമിനുത്ത കുപ്പായത്തിനുള്ളിൽ അച്ചന്റെ വയറു തള്ളിനിന്നു. ബഹുകേമനാണെന്നു പലരും പറയുന്നു. കഴുത്തിൽ നല്ലൊരു സ്വർണ്ണ മാലയും കുരിശും. പത്തു പവനെങ്കിലും കാണും. സ്വർണ്ണ ചെയിനുള്ള വാച്ച്. പോക്കറ്റിൽ തിളങ്ങുന്ന ഒരു പേനയും. മലേഷ്യയിൽ സ്വർണ്ണത്തിനു വിലകുറവായിരിക്കും എന്നു മത്തച്ചൻ മനസ്സിൽ ഉറപ്പിച്ചു. അമ്മയും പെങ്ങളും ചേർന്ന് ഭവ്യതയോടെ അച്ചനെ സ്വീകരിച്ചു. ഒരു കൂസലുമില്ലാതെ നിൽക്കുന്ന മത്തച്ചനെ അച്ചൻ തുറിച്ചൊന്നു നോക്കി. "പെണ്ണങ്ങു കൊഴുത്തു തടിച്ചല്ലോ... ഇവളുടെ കല്ല്യാണമൊന്നും ശരിയായില്ലേ...? മറിയത്തെ നോക്കികൊണ്ട് അമ്മയോടായി അച്ചൻ ചോദിച്ചു. "ആലോചനയൊക്കെ നടക്കുന്നുണ്ടച്ചോ...." 'അമ്മ നാരങ്ങാവെള്ളം മോന്തിക്കുടിച്ചുകൊണ്ടച്ചൻ : "നീയെത്രയിലാടാ പഠിക്കുന്നെ ...?" "പത്തിൽ..." "കൊള്ളാമല്ലോ ... ഏതു സ്കൂളി ലാ...?" "സായിപ്പിന്റെ സ്കൂളിൽ..." "ഭേഷ്..." ഗ്ലാസ് കപ്യാരുടെ കയ്യിൽ കൊടുത്തിട്ട് അച്ചൻ തുടർന്നു. "നീ അച്ചനാകുന്നോ?" മത്തച്ചൻ ഒന്നു ഞെട്ടി. "അഞ്ചുമുഴം തുണി ദേഹത്തു വീണാൽ അഞ്ചുലക്ഷമാ സ്ത്രീധനം. പിന്നെ ഒന്നു പയറ്റിയാൽ അമേരിക്കയിലോ ഗൾഫിലോ കറങ്ങി ലക്ഷങ്ങൾ വാരാം. അവിടൊക്കെ ഇടവകകൾ തഴച്ചു വളരുവാ..." മത്തച്ചൻ നിന്നു വിറച്ചു. "അല്ലെങ്കിൽ ഡോക്ടറോ എഞ്ചിനീയറോ ആകാൻ നോക്കണം. പത്തു പുത്തനാടാ ഇക്കാലത്തു വലുത്. അല്ലാത്ത എരപ്പാളിയെ ആർക്കു വേണം?”. അച്ചൻ ഉപദേശം തുടരുന്ന മട്ടാണ്. "ധനവാൻ സ്വർഗത്തിൽ പോകുമോ.... അച്ചാ?" മത്തച്ചൻ മന്ദമായി ചോദിച്ചു. ഇപ്പോൾ ഞെട്ടിയത് അച്ചനാണ്. "കപ്യാരച്ചോ.... ഇവൻ ആളു ശരിയല്ലല്ലോടാ.... " അച്ചൻ ഈണത്തിൽ മൂളി. ഊണും കഴിച്ചു പ്രാർത്ഥനയും കഴിഞ്ഞിറങ്ങാറായപ്പോഴാണ് അമ്മ അമിട്ടു പൊട്ടിച്ചത്. "അച്ചൻ അവന്റെ മുറീലോട്ടൊന്നു നോക്കണേ..." മത്തച്ചൻ ഒന്നു തരിച്ചു. അച്ചൻ കളീലിന്റെ ഓരത്തുള്ള കൊച്ചു മുറിയിലോട്ട് അറപ്പോടെയെങ്കിലും കാലെടുത്തു വച്ചതും ദ്ർഷ്ടി ഭിത്തിമേലുള്ള പടങ്ങളിൽ പതിച്ചു. കുരിശുകണ്ട ഡ്രാക്കുള മാതിരി അച്ചനൊന്നു കുലുങ്ങി. "കപ്യാരച്ചോ... ഇത് കളിയല്ല...." എന്ന് അച്ചൻ പിന്നെയും നീട്ടി മൂളി. ഒന്നോ രണ്ടോ ഉപദേശം കൊണ്ട് ശരിയാവുന്നവനല്ല ഈ താന്തോന്നിയെന്നും ഇവനു കൗൺസലിംഗ് തന്നെ വേണ്ടി വരുമെന്നും പരിചയ സമ്പന്നനായ അച്ചനു പെട്ടന്ന് പിടികിട്ടി. അതിലുപരി ഇവൻ ഇങ്ങനെ വളർന്നു വന്നാൽ ആകമാന ക്രൈസ്തവ സഭയ്ക്കു തന്നെ ഭീഷണിയാകുമെന്നും അച്ചന്റെ അന്തരംഗം മന്ത്രിച്ചു. ഇവനെ കത്രിക്ക പോലെ കഷണിക്കണം. അച്ചൻ തീർപ്പാക്കി. "നിങ്ങൾ എല്ലാവരും പോയാട്ടെ.... ഞാൻ മോനോടൊന്നു സംസാരിക്കാം." കപ്യാരുൾപ്പെടെ എല്ലാരേം അച്ചൻ ആട്ടിപ്പായിച്ചു. തട്ടൂടിയിലെ മെത്തപ്പായയിൽ ഇരുന്ന് സൗമ്യമായി സംസാരിക്കാനാരംഭിച്ചു . "മോൻ ധാരാളം വായിക്കും.... അല്ലിയോ?" അവന്റെ ചെറിയ അലമാരിയിൽ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളിൽ അച്ചന്റെ കൂർമ്മ നയനങ്ങൾ പതിഞ്ഞിരുന്നു. "വായിക്കും...." "മോൻ എന്നെങ്കിലും ആ സൈറസ് സാറിന്റെ പ്രസംഗം കേട്ടിട്ടുണ്ടോ?" "ഉണ്ട്... രണ്ടു പ്രാവശ്യം .." ഹിപ്നോട്ടിസം വഴി ഒരാളുടെ അന്തരാളത്തിൽ നിന്ന് ഏതോ നിഗൂഢ രഹസ്യം ചോർത്തിയെടുക്കുന്ന വിദഗ്ധന്റെ ഭാവത്തിൽ അച്ചൻ ഒന്നു പൊങ്ങി. "എന്തൊക്കെയാണദ്ദേഹം പറഞ്ഞത്.. ?" "ആദ്യം സാമൂഹ്യ രക്ഷയെപ്പറ്റിയാണ് പറഞ്ഞത്. നമ്മുടെ പള്ളിയിൽ. രണ്ടാമതു യുവജന കൺവൻഷനിലായിരുന്നു. ഫോറിൻ കാറിനോടുള്ള തിരുമേനിയുടെ ഭ്രമത്തെകുറിച്ച്..." അച്ചൻ ഇരുത്തി മൂളി. " മോൻ ഡോ. എം.എം തോമസിന്റെ പുസ്തകങ്ങൾ വായിക്കാറുണ്ടോ?" " ഇല്ല.. കിട്ടിയാൽ വായിക്കാം... അച്ചൻ വായിച്ചിട്ടുണ്ടോ.?." "ച്ചെയ്... വേറെ നല്ലതെന്തെല്ലാമുണ്ട്. ഇതൊക്കെ പാഷാണമ. പാഷാണം. സ്വന്തം കള്ളത്തരവും കാപട്യവും മറച്ചു വയ്ക്കാൻ കമ്യൂണിസ്റ്റുകാരെ കൂട്ടുപിടിച്ചു നടക്കുവല്ലിയോ? മത്തച്ചൻ അനങ്ങിയില്ല . " മോന് ഇ.എം.എസിനെ ഇഷ്ടമാണല്ലേ?" "അതെ...ശരിക്കും...” "എന്താ കാര്യം..?" "അച്ചൻ ജയിലിൽ പോയിട്ടുണ്ടോ?" മറിച്ചൊരു ചോദ്യമായിരുന്നു അവന്റെ ഉത്തരം. "അതിനു ഞാൻ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലല്ലൊ." അച്ചൻ കുലുങ്ങിചിരിച്ചു. "അച്ചൻ കുടുംബ സ്വത്തെല്ലാം വിറ്റു സഭയ്ക്കോ പാവങ്ങൾക്കോ കൊടുക്കാൻ തയ്യാറാണോ?" "കപ്യാരച്ചോ..." എന്നു വിളിച്ചു അച്ചൻ പുറത്തുചാടി ഇടവഴിയിലിറങ്ങി റോഡിലേക്കോടി. പുത്തൻ കാർ അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ആ ദിവസം അച്ചനുറങ്ങിയില്ല. സിംഹം ആനയുടെ മസ്തകത്തിനടിക്കുന്നപോലെയല്ലേ ചെറുക്കൻ അടി പറ്റിച്ചത്? അവൻ പൊട്ടാറായ ബോംബാണ്. അതുടനെ നിർവീര്യമാക്കിയില്ലെങ്കിൽ ഇവിടെ ഒരു മരുഭൂമി ഉയിർക്കൊള്ളും. എന്താണൊരു വഴി?. ആലോചിച്ചിട്ട് അച്ചനൊന്നുറച്ചിരിക്കാൻ പോലും കഴിഞ്ഞില്ല. മത്തച്ചൻ ഇ.എം.എസിനൊപ്പം സഞ്ചാരം തുടർന്നു. കടവല്ലൂരിലുടെ. തൃശൂർ സെന്റ് തോമസ് കോളേജിലുടെ. ഉണ്ണി നബൂതിരിയിലൂടെ. എടക്കുനിയിൽ ഇ.എം.എസ്സും കൂട്ടുകാരും ചേർന്ന് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകം അവതരിപ്പിച്ച രംഗം വായിച്ചപ്പോൾ അവൻ കോൾമയിർക്കൊണ്ടു. ഉടനെ ആ നാടകം തേടിപ്പിടിക്കാൻ ആലോചനയായി. ഉഗ്രൻ കുന്നിലും അതൊന്നവതരിപ്പിക്കണം. ശോശക്കുട്ടിക്കും അതിഷ്ടമാവും. അല്ലെങ്കിലും അവൾ പഴയ തൊട്ടാവാടിയല്ലിപ്പോൾ. ശരീരത്തോടൊപ്പം മനസ്സും വളർന്നിരിക്കുന്നു. ബൗദ്ധിക ചക്രവാളം വികസിക്കുന്നുണ്ട്.