ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )
By ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം ഒൻപത്
ആരും പറക്കാത്ത വഴിയേ
മലബാർകാരനായ ഗോപി സാർ സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി എത്തിയതോടെ ഉഗ്രൻ കുന്നിന്റെ മുഖഛായ മാറി. അദ്ദേഹമാണ് അവിടെ ആദ്യമായി ഒരു ബാലജനസഖ്യമുണ്ടാക്കിയത്. ഭാരത് മാതാ ബാലജനസഖ്യം ആൻഡ് റേഡിയോ ക്ലബ് . നാട്ടിലെ കുട്ടികളെല്ലാം താമസം വിനാ അദ്ദേഹത്തിന്റെ ആരാധകരായി മാറി. പ്രൈമറി സ്കൂളിലെ രേവതി ടീച്ചർ കൂടി അദ്ദേഹത്തിന്റെ ആരാധികയായതോടെ കാര്യങ്ങൾ കുറെ കൂടി ഉഷാറായി.
നാട്ടുകാർക്കും രസം പിടിച്ചു.
റോഡ് വെട്ടു, പുര മേയൽ , അടുക്കള തോട്ട നിർമ്മാണം, പൊതു സ്ഥലം വൃത്തിയാക്കൽ , കമ്പോസ്റ്റ് കുഴിയെടുപ്പ്, കക്കൂസ് നിർമ്മാണം തുടങ്ങി ബാലജന സഖ്യക്കാർ ഏറ്റെടുക്കാത്ത പരിപാടികൾ വിരളമായിരുന്നു. ഇടയ്ക്കുള്ള വിനോദയാത്രകൾ കൂടിയായപ്പോൾ പിള്ളേരെല്ലാം നിലത്തു നിൽക്കാതെയായി.
മത്തച്ചനായിരുന്നു ബാലജന സഖ്യത്തിന്റെ പ്രസിഡന്റ. ചാരും മൂടൻ രവി സെക്രട്ടറി. ചരുവിൽ എന്നായിരുന്നു അവന്റെ വീട്ടുപേര്. പ്രൈമറി ഗ്രൗണ്ടിലെ ഒരു നാടകത്തിൽ ചെറിയൊരു വേഷം കിട്ടിയതോടെ പേര് ചാരുംമൂടൻ എന്നാക്കി മാറ്റിയതാണ്. വേഷം ഭ്രാന്തന്റേതായിരുന്നെങ്കിലും വക വച്ചില്ല. അഭിനയം കലക്കി.
നുകം കെട്ടിയ പുത്തൻ കാളയെ പോലെ ഇടഞ്ഞു നിൽക്കയാണ് മലയിലെ ജോണി. കാരണം അവനു സെക്രട്ടറിയാകണമെന്നായിരുന്നു. അത് നടന്നില്ല.
മത്തച്ചനായിരുന്നു പുരയുടെ മുകളിലെങ്കിൽ ശോശക്കുട്ടി ഓലയുമായി താഴെ നിൽക്കും. റോഡ് വെട്ടാനെങ്കിൽ അവൻ മണ്ണ് കോരിയ കുട്ടയുടെ ഒരറ്റം പിടിച്ചാൽ ശോശക്കുട്ടി മറ്റേ അറ്റം പിടിച്ചിരിക്കും. അവൻ മൺകുട്ട ചുമക്കുകയാണെങ്കിൽ പിടിച്ചു കൊടുക്കാനും അവളുണ്ട്.
സ്കൂളിലെ ക്ളാസ്സുകൾ ഏഴുമണി മുതൽ ഒരു മണിവരെയായിരുന്നതിനാൽ മത്തച്ചനും ശോശക്കുട്ടിക്കും ധാരാളം സമയമുണ്ടല്ലോ.. എന്തിനും ഏതിനും ഗോപിസാറിന്റെ തണൽപറ്റി അവർ നിന്നു.
ഒരു വാടകവീട്ടിൽ ഒറ്റയ്ക്കു താമസിച്ച ഗോപിസാറിന്റെ വീട് തേനീച്ചക്കൂടുപോലെ പ്രവർത്തനനിരതമായി. മത്തച്ചൻ ഗോപിസാറിന്റെ ഏറ്റവും അടുത്ത മിത്രമാകാൻ അധികകാലം വേണ്ടിവന്നില്ല. സാറിന്റെ പുസ്തകശേഖരം കണ്ട് അവൻ മതിമറന്നുപോയി.
മഹത്തായ മതഗ്രന്ഥങ്ങളെല്ലാം മത്തച്ചൻ തൊട്ടുതലോടി. പിന്നെ മാർക്സ്, എംഗൽസ് തുടങ്ങിയവരുടെ
വിശ്വേത്തര കൃതികൾ. ലോക സാഹിത്യ നായകന്മാരുടെ മറ്റനവധി അനശ്വര സൃഷ്ടികൾ.
തന്റെ
ഏതു സംശയത്തിനും തൃപ്തികരമായ ഉത്തരം നൽകാൻ സാറിനുള്ള കഴിവ് കണ്ട് മത്തച്ചൻ സ്തബ്ധനായിട്ടുണ്ട്. ഗുരു അറിയാതെ ഗുരുവിനെ പൂജിക്കുന്ന ഒരു ഏകലവ്യനായി അവൻ മാറി.
ഡോ. എം. എം. തോമസിന്റെ "എന്റെ ക്രൈസ്തവ ധർമ്മാന്വേഷണ പര്യടനം" സാറിന്റെ അലമാരിയിൽ അവൻ കണ്ടു. വികാരിയച്ചന്റെ വാക്കുകൾ കാതുകളിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
"പാഷാണമാ..... പാഷാണം."
ഒറ്റ രാത്രികൊണ്ട് ആ പുസ്തകം വായിച്ചു തീർത്തു. ഒരു പര്യടനം കഴിഞ്ഞെത്തിയ പ്രതീതിയായി അപ്പോൾ. ക്രൈസ്തവ ധർമ്മത്തിന് ഇത്ര അഗാധമായ മാനങ്ങളുണ്ടെന്ന് ആരറിഞ്ഞു?. ഇതൊന്നും പഠിപ്പിക്കാതെ ഇലവുമൂടച്ചന് കുപ്പായം കൊടുത്തതാരെന്നും അവൻ ആലോചിക്കാതിരുന്നില്ല. സൈറസ് സാർ പറഞ്ഞ പലതിന്റെയും പൊരുൾ ഇപ്പോൾ വ്യക്തമായി.
മത്തച്ചൻ സായന്തന ദർബാറിൽ പങ്കെടുത്തിട്ട് നാളേറെയായി. ഇപ്പോൾ
ദർബാറധികവും ഗോപിസാറിന്റെ കൂടെയാണ്. സായാഹ്നത്തിൽ രണ്ടാളും കൂടി മൈലുകൾക്കകലെയുള്ള മീൻപിടിപാറയിലേക്കു നടക്കും. ആ നടത്തങ്ങൾക്കിടയിൽ ഫ്രഞ്ച് വിപ്ലവം മുതൽക്കിങ്ങോട്ടുള്ള ചരിത്രം പുനർജനിക്കും. പാരീസ് കമ്യൂണിനെകുറിച്ചും സോവിയറ്റ് സോഷ്യലിസത്തെക്കുറിച്ചും ഗോപിസാർ വാചാലനാകും. താനൊരു വിശ്വപൗരനായി മാറിയെന്ന് മത്തച്ചന് തോന്നിത്തുടങ്ങിയ നാളുകളായിരുന്നു അത്.
പക്ഷെ
ഗോപിസാർ തൃപ്തനല്ലായിരുന്നു. അദ്ദേഹം ഒരു കനലായി എരിയുകയായിരുന്നു. അതിൽ നിന്നും തെറിച്ച തീപ്പൊരികൾ മത്തച്ചൻ എന്ന കൗമാരക്കാരനിൽ ജ്വാലയായി പടർന്നു കയറി.
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ദിവസം കൂട്ടിൽ നിന്നും പുറത്തുവന്ന കിളിയുടെ ചേലിൽ മത്തച്ചൻ പാറി നടന്നു. വിശാലമായ ഏതോ ചക്രവാളം തന്നെ മാടിവിളിക്കുന്നതായി അവനു തോന്നി. ജോനാഥൻ ലിവിംഗ്സ്റ്റൺ എന്ന കടൽകാക്കയെപോലെ ആരും പറക്കാത്ത വഴിയേ പറക്കാൻ, അപകടകരമായി പറക്കാൻ അവൻ കൊതിച്ചു.
ശവക്കോട്ടയിലെ തണുത്ത കല്ലറയിൽ ഏറെ നേരം മലർന്നുകിടന്നു. ആകാശവിതാനം നോക്കി പ്രാപഞ്ചിക രഹസ്യങ്ങൾ ചിലതു ചോർത്തിയെടുക്കാൻ അവന്റെ അകക്കണ്ണുകൾ ത്രസിക്കുന്നപോലെ. ഒരു മാസ്മരിക നിമിഷത്തിൽ എന്തെങ്കിലും വീണുകിട്ടിയാലോ?.
തോട്ടിന്കരയിലെ ആഞ്ഞിലിമരച്ചില്ലകൾ ആകാശനീലിമയുമായി ഇണചേർന്നു. പടിഞ്ഞാറേ ചക്രവാളം കാമിനിയുടെ കവിൾത്തടംപോലെ ചുവന്നു നിന്നു.
സൂര്യദേവനെ ആവാഹിച്ചെടുക്കാൻ തിരമാലപ്പെണ്ണുങ്ങൾ മത്സരം തുടങ്ങി.
സായന്തന ദർബാറിൽ പരീക്ഷ കഴിഞ്ഞ ഉത്സാഹത്തിൽ കൂട്ടുകാർ അടിച്ചുപൊളിച്ചപ്പോഴും മത്തച്ചൻ കല്ലറയിൽ തന്നെ
കിടന്നു. ഇരുൾ പരക്കാറായപ്പോൾ അവൻ കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ ഓടി. ശോശക്കുട്ടിയുടെ അരികിലേക്ക്.
അവൾ മുല്ലയുടെ ചോട്ടിലല്ലായിരുന്നു. വഴിയിലേക്ക് ദൃഷ്ടി പായിച്ചു വിവശയായിത്തന്നെ നിൽക്കുകയായിരുന്നു . ദൂരെ മത്തച്ചന്റെ തലവെട്ടം കണ്ടപ്പോൾ അവൾ അടുക്കളയിലേക്കോടി. ഒരു കപ്പിൽ പാൽപായസവുമായി ഓടിയിറങ്ങി വന്നു. പിന്നീട് കാത്തുനിന്നു.
കൈലിമുണ്ട് മടക്കിക്കുത്തി ഒരു തികഞ്ഞ പുരുഷന്റെ ഭാവത്തിൽ തന്റെ
മുന്നിൽ നിൽക്കുന്ന പൊടിമീശക്കാരനെ നോക്കിയപ്പോൾ അവൾക്കു വല്ലാത്ത നാണം. ആ നെഞ്ചുവിരിവ് കണ്ടപ്പോൾ ഭയം.
പാൽപായസം അവൾ നീട്ടി. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ ശ്വാസത്തിന് അഗ്നിയുടെ ഗന്ധമുണ്ടായിരുന്നു.
അതു വാങ്ങി പുരുഷൻ ചോദിച്ചു.
"എന്താ വിശേഷം?"
"ഇന്നു പരീക്ഷ കഴിഞ്ഞ ദിവസമല്ലേ? മത്തച്ചന് റാങ്ക് കിട്ടുമെന്ന് ടീച്ചേഴ്സ് എല്ലാവരും പറഞ്ഞു. ഇത് മത്തച്ചനു തരാൻ ഞാനുണ്ടാക്കിയതാ...."
അവൾ തനിക്കുവേണ്ടി അദ്ധ്വാനിക്കാൻ തയ്യാറായിരിക്കുന്നു. ആ വിചാരം അവന്റെ സിരകളെ ത്രസിപ്പിച്ചു.
ആർത്തിയോടെ പായസം അങ്ങകത്താക്കി.
"പകരം ഞാനെന്താ തരണ്ടെ..." കൊച്ചുകാമുകൻ ചോദിച്ചു.
“കോളേജുകുമാരനാവുമ്പോ എന്നെ മറക്ക്വോ....?"
പ്രേംനസീർ സ്റ്റൈലിൽ "എടീ മണ്ടിപ്പെണ്ണെ" എന്ന് പറയാനോങ്ങിയതാണ്. പറഞ്ഞില്ല.
ആ ചോദ്യം അനാവശ്യമായിപ്പോയെന്ന് ശോശക്കുട്ടിക്കും തോന്നി.
കപ്പിലിരുന്ന പായസത്തിന്റെ അവസാന തുള്ളിയും ഊറ്റികുടിച്ചിട്ട് അവൻ തിരികെ നടന്നു. പുരുഷൻ വിഷാദഭാവത്തോടെ നടക്കുന്നതും നോക്കി യുവതി നിർന്നിമേഷയായി നിന്നു.
പായസം
ഒരു കപ്പുകൂടി കൊടുക്കാൻ അവൾ മറന്നുപോയി.അവൻ പോയിക്കഴിഞ്ഞപ്പോൾ അവൾക്കു സങ്കടമായി.
പിറ്റേദിവസം കാലത്തുതന്നെ മത്തച്ചൻ ഗോപിസാറിന്റെ വീട്ടിലെത്തി. വെക്കേഷൻ ധന്യമാക്കാൻ പല പദ്ധതികളും അവന്റെ മനസ്സിലുണ്ടായിരുന്നു.സ്കൂൾ ഗ്രൗണ്ടിൽ " അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" അവതരിപ്പിക്കണം. അതായിരുന്നു പ്രധാന പരിപാടി.
ഏങ്ങലടിച്ചു കരയുന്ന രേവതി ടീച്ചറെയാണവൻ അവിടെ കണ്ടത്. സാർ അവധിക്ക് മലബാറിൽ പോകുന്നതിന്റെ വിഷമമായിരിക്കും എന്നവൻ നിരൂപിച്ചു. നിർവികാര തീവ്രതയോടെ അകലേക്ക് നോക്കി നിൽക്കുകയാണ് ഗോപി സാർ.
മത്തച്ചനെ കണ്ടപ്പോൾ സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു ടീച്ചർ ഇറങ്ങിപ്പോയി. ഒന്നും പറയാതെ." "ടീച്ചറെന്തിനാ സാർ കരയുന്നത്...." അവൻ തിരക്കി.
ഏറെനേരം മൗനിയായി നിന്ന ഗോപിസാർ ആകാശത്തേക്കു നോക്കിത്തന്നെ പറഞ്ഞു.
"ലോകാരംഭം മുതൽ കേൾക്കുന്ന ഒരു ചോദ്യമാണിപ്പോൾ നീ ചോദിച്ചത്... സ്ത്രീ എന്തിനാണ് കരയുന്നത്...? കരയുവാനായി ജനിച്ചവളാണോ അവൾ......?”.
"ശലോമോൻ പറഞ്ഞിട്ടില്ലേ ....തോട്ടങ്ങൾക്ക് അവൾ നീരുറവയാണെന്ന്. ലെബാനോനിൽ നിന്നൊഴുകുന്ന ഒഴുക്കാണെന്ന്. പക്ഷെ അതേസമയം അവൾ മരുഭൂമിയാണ്...."
പിന്നെയും മൗനത്തിന്റെ ഒരു പർവ്വതമുയരുന്നു.
സാർ പറഞ്ഞതൊന്നും മത്തച്ചന് മസ്സിലായില്ല. ഏറെ കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.
നമ്മുക്ക് മീൻപിടിപ്പാറ വരെ നടക്കാം. നിന്നോട് എനിക്കൊരു പ്രധാനകാര്യം പറയാനുണ്ട്.
മുമ്പൊക്കെ ഇങ്ങനെ നടക്കുമ്പോഴായിരുന്നു സാർ സ്വന്തം കഥ പറഞ്ഞിരുന്നത്. ഇന്ന് ഒരക്ഷരം ഉരിയാടുന്നില്ല. മനസ്സിലൊരു തീച്ചുളയും പേറി നടക്കുന്ന മനുഷ്യൻ.
'അമ്മ തിരുവില്ലാമല രാജകുടുംബത്തിന് വേണ്ടപെട്ടവളായിരുന്നു. തങ്കം പോലൊരു കന്യക. ചൂരും ചുടിയുമുള്ള ഒരു ക്രിസ്ത്യാനിചെറുക്കനിൽ അനുരക്തയായിപ്പോയി. വീട്ടുകാരറിഞ്ഞപ്പോൾ രണ്ടിനെയും കൊല്ലുമെന്നായി. മറ്റൊരു വിവാഹവും അവർ പെട്ടെന്ന് നിശ്ചയിച്ചു. അവിടുന്ന് ഒളിച്ചോടിയാണ് അവർ മലബാറിലെത്തുന്നത്.
വയനാട്ടിൽ നാലഞ്ചേക്കർ സ്ഥലം സ്വന്തമാക്കി അതിൽ അദ്ധ്വാനവും തുടങ്ങി. പുരയിടത്തിൽ ഇല്ലാത്തതൊന്നുമില്ലായിരുന്നു. നാട്ടിൽ മാന്യന്മാരോടും കാട്ടിലെ മൃഗങ്ങളോടും ഏറ്റുമുട്ടി ക്രിസ്ത്യാനിചെറുക്കൻ ക്ഷീണിച്ചു. ഇടക്കിടെ ആക്രമിക്കാൻ മലമ്പനി കൂടി എത്തിയപ്പോൾ അയാൾ തകർന്നു. ഇതിനിടയിൽ ഗോപിസാറും താഴെയുള്ള രണ്ടു സഹോദരികളും ജനിച്ചു.
ഏറെത്താമസിയാതെ താൻ വെട്ടിപ്പിടിച്ച മണ്ണിൽ അയാൾ തളർന്നുവീണു. നിഷ്കളങ്കരായ കുറെ ആദിവാസികളുടെ സഹായത്തോടെ സ്വന്തം പുരയിടത്തിൽ അദ്ദേഹത്തെ കുഴിച്ചിട്ടു.
ഋതുമതിയായ തരുണിയെപോലെ ഭൂമി തഴച്ചു. അപ്പോഴാണ് അമ്മയുടെ തനിസ്വരൂപം കണ്ടത്. രാജരക്തമല്ലേ?. തോട്ടങ്ങൾക്ക്അവൾ നീരുറവയാണെന്ന് ഗോപിസാർ പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായി.
ആദിവാസിക്കിടാങ്ങളോടൊപ്പം മൂന്നു കുരുന്നുകൾ കാട്ടിലും മലയിലും തുള്ളിച്ചാടി വളർന്നു. രാത്രിയിൽ മൂന്നുപേരെയും ചാക്കുതുണികൊണ്ടു പുതപ്പിച്ചു കിടത്തി. അമ്മ പറഞ്ഞിട്ടുള്ള കഥകൾ, പാടിയിട്ടുള്ള പാട്ടുകൾ.... സാറിനെ ഇന്നും ജീവിപ്പിക്കുന്നത് ആ ഓർമ്മകളാണ്.
മൂന്നുപെറ്റെങ്കിലും നല്ല വെറ്റിലക്കൊടിപോലെ തഴച്ചുനിന്ന അമ്മയെക്കണ്ട് നാട്ടുമൃഗങ്ങൾക്കും കാട്ടുമൃഗങ്ങൾക്കും ഇരിക്കപ്പൊറുതിയില്ലാതായി. ആദിവാസികളുടെ കരുത്തും കാരുണ്യവും തെളിഞ്ഞതപ്പോഴാണ്.
"ഇവളെന്താ ആദിവാസിപ്പെണ്ണുങ്ങളെപോലെ മാറു തുറന്നിടാത്തത്....?”.
"നീയാരെടി .......തമ്പുരാട്ടിയോ......?"
"അധികം കളിച്ചാൽ കൊത്തിയരിഞ്ഞു കാട്ടുചോലയിലെറിയും..."
ഗോപിസാറിന്റെ അന്തരംഗങ്ങളിൽ ഇന്നും മുഴങ്ങുന്ന വാക്കുകളിൽ ചിലതാണ്.
കാളക്കൂറ്റൻ മാതിരി ഒരു പോലീസുകാരനും മറ്റൊരുദ്യോഗസ്ഥനും കൂടി ഒരുദിവസം വീട്ടിൽ വന്നു. പട്ടയം പതിപ്പിക്കാൻ.
പകലത്തെ അദ്ധ്വാനം കഴിഞ്ഞു കാട്ടുചോലയിൽ കുളിച്ചുകൊണ്ടുനിന്ന അമ്മയെ പോയി വിളിച്ചു. ഉദ്യോഗസ്ഥരാണെന്നറിഞ്ഞപ്പോൾ നനഞ്ഞതുണി വാരിച്ചുറ്റി 'അമ്മ ഓടിച്ചെന്നു.
ഏതോ പേപ്പർ ഒപ്പിടിക്കാനാണെന്നും പറഞ്ഞാണ് അമ്മയുടെ പുറകെ രണ്ടുപേരും കൂടി പുരയ്ക്കകത്തേക്കു കയറിയത്.
ആദ്യമൊരു ഞരക്കം കേട്ടു പിന്നെ "മോനെ" എന്നൊരു വിളിയും. ഓടിച്ചെന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു.
ചാടി ഒരുത്തന്റെ കഴുത്തിനു പിടിച്ചതാണ്. മറ്റവൻ ഒരു തൊഴി തൊഴിച്ചു. മുറ്റത്തു ചെന്നുവീണു. എഴുന്നേൽക്കാൻ കഴിഞ്ഞില്ല
പേടിച്ചരണ്ടു പെങ്ങൾമാർ രണ്ടും നിലവിളിച്ചെങ്കിലും കാട്ടുചോലയുടെ ഇരമ്പത്തിൽ അതമർന്നുപോയി. പേരുവെള്ളപാച്ചിലായിരുന്നു അന്ന്.
വളരെ നേരം കഴിഞ്ഞപ്പോൾ ആ ദുഷ്ടന്മാർ പോയി.
ദേഹമാസകലം മുറിവേറ്റു കിടന്ന അമ്മയെ കെട്ടിപിടിച്ചു മൂന്നുപേരും കരഞ്ഞു. നേരം പുലരുംവരെ. മലവെള്ളത്തിന്റെ ഇരമ്പൽ ഭയാനകമായിരുന്നു.നേരം ഏറെപുലർന്നിട്ടും അമ്മയുണർന്നില്ല.
അതൊരു
തിരിച്ചറിവിന്റെ തുടക്കമായിരുന്നു എന്ന് ഗോപിസാർ പറയും. അനന്തമായ അറിവിന്റെ തുടക്കം.
പ്രതികാരദാഹിയായ ഒരു ബാലന്റെ വളർച്ചയുടെ കഥകളാണ് ബാക്കി. അതൊക്കെ ബാലജനസഖ്യക്കാരോട് സാർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ആദ്യഭാഗം തനിക്കും രേവതി ടീച്ചർക്കും മാത്രമേ അറിയൂ.... രഹസ്യങ്ങൾ തങ്ങളോടു മാത്രമേ സാർ പറയുമായിരുന്നൊള്ളു.
വളർന്നു മിടുക്കരായ പെങ്ങൾമാരെക്കാണുവാൻ സാർ ഇടയ്ക്കിടെ തലശ്ശേരിക്കും പുൽപ്പള്ളിക്കും വായനാടിനുമൊക്കെ പോകുമായിരുന്നു. വരുമ്പോഴൊക്കെ പച്ചപ്പാവങ്ങളായ ആദിവാസികളും സാധാരണക്കാരും ഏൽക്കുന്ന പീഡനങ്ങളെപ്പറ്റിയായിരുന്നു പ്രസംഗം മുഴുവൻ.
മീൻപിടിപ്പാറയിലെ കൊച്ചു വെള്ളച്ചാട്ടത്തിന്റെ മർമ്മരം കാതിൽ കിന്നാരം പറയുന്ന അകലത്തിൽ അവർ ഇരുന്നു. ആ മലവെള്ളപാച്ചിലിനോട് സാറിനൊരു പൊക്കിൾക്കൊടി ബന്ധമുണ്ടായിരുന്നതുപോലെയായിരുന്നു എപ്പോഴും.
"ആ ശബ്ദമുണ്ടല്ലോ. അതെന്റെ അമ്മയുടെ നിലവിളിയാണ്. ശ്വാസം കിട്ടാതെ പിടയുന്ന പ്രകൃതിയുടെ ദീനരോദനം ...." അവിടെ വരുമ്പോഴൊക്കെ സാർ പറയും. പക്ഷെ ഇന്നെന്തേ ഇത്ര മൗനം?. അവിടെയെത്തുന്നതുവരെ ഒരക്ഷരം ഉരിയാടിയില്ല എന്നത് മത്തച്ചനെ അത്ഭുതപ്പെടുത്തി. സാർ ഉരിയാടിത്തുടങ്ങിയപ്പോഴോ അവൻ സ്വർഗ്ഗത്തിൽ നിന്നാട്ടിയിറക്കപെട്ട ലൂസിഫറിനേപ്പോലെ ഞരങ്ങുകയും ചെയ്തു.
ഉഗ്രൻകുന്നിൽ വളർന്ന ഒരു ബാലന്റെ മനസ്സിന് താങ്ങാവുന്നതൊന്നുമായിരുന്നില്ല ഗോപിസാർ എന്ന തീപ്പന്തം അവനിലേക്ക് പകർന്നത്.... കേട്ടതു ഗ്രഹിച്ചെടുക്കാനായി അവൻ കുറെനേരം മൗനവാത്മീകത്തിന്റെ ഉള്ളിലൊളിച്ചു.
No comments:
Post a Comment