Friday, 3 June 2022

 

നോവൽ

മസൂറിയിൽ ഒരു മഞ്ഞു കാലം

                                                                                   ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം ഒന്പത്

ഭീഷ്മ പ്രതിജ്ഞ

വള്ളം കളി ആകെ അലങ്കോലപ്പെട്ടെങ്കിലും വിദ്യാർഥികൾ ആഘോഷം കുറച്ചില്ല. ടീം ക്യാപ്റ്റന്മാരെ തോളിലേറ്റി അവർ പട്ടണത്തിലൂടെ അതി ഗംഭീരമായൊരു പ്രകടനം നടത്തി. നൂറുകണക്കിന് സ്കൂൾ കുട്ടികളും നാട്ടുകാരും അവരുടെ കൂടെ ആടിപ്പാടാൻ കൂടി. വരിക്കപ്പുഴ പഞ്ചായത്തുകാരാരും അന്ന് ഉറങ്ങുകയില്ലെന്നു തോന്നിപ്പോയി.

ആരവങ്ങൾ ഒഴിഞ്ഞപ്പോൾ, വരിക്കപ്പുഴ ശാന്തമായപ്പോൾ സുമി തന്റെ രക്ഷകനെ ഒറ്റയ്ക്ക് മാറ്റി നിർത്തി പതിവില്ലാത്ത ഒരപേക്ഷ ബോധിപ്പിച്ചു.

" ഒരു ദിവസം എനിക്ക് തരണം. നമുക്കിന്നു മൈലാടും പാറയിൽ കഴിയാം...."

അവൻ ശങ്കിച്ചു നിന്നു. അതിനൊരു കാരണമുണ്ടായിരുന്നു. സുമിയെ പറ്റി  അവൻ തന്റെ അമ്മച്ചിയോടു പറഞ്ഞപ്പോൾ അവർ ഭയങ്കര സന്തോഷത്തിലായിരുന്നു. ഉഗ്രൻകുന്നിലെ മുണ്ടാണിക്കൽ തറവാട്ടിൽ  കിടന്നവർ കയറു  പറിക്കുകയാണ്.

" മോളെ എനിക്കൊന്നു കാണണമെടാ .....ഇനി നീ പോകുമ്പോൾ എന്നെക്കൂടി കൊണ്ട് പോണം. അല്ലെങ്കിൽ അവളെ ഇങ്ങോട്ടു വിളിച്ചോണ്ടു വാ".

വേറെരു കാര്യവും  കൂടി അമ്മച്ചി പറഞ്ഞിട്ടുണ്ടായിരുന്നു:

" പ്രേമമെല്ലാം കൊള്ളാം. പക്ഷെ കല്ല്യാണം കഴിയുന്നത് വരെ എന്റെ കൊച്ചിന്റെ മേൽ നീ കൈ വയ്ക്കരുത് ...."

അപ്പോൾ താൻ പറഞ്ഞ കാര്യവും അവൻ ഓർത്തു :

" എന്റെ റിബേക്കാമ്മേ......! ഗാന്ധിജിയുടെ 'അമ്മ പോലും ഇത്രേം വലിയൊരു പ്രതിജ്ഞ അടിച്ചേൽപ്പിച്ചിരുന്നില്ലല്ലോ അദ്ദേഹത്തെ....."

അമ്മച്ചി ചിരിച്ചതേയുള്ളു.

നചികേതസ്സിനെപ്പോലെ യമപുരി വരെ പോയിട്ട് യമദേവന്റെ കരുണാ കടാക്ഷം ഒന്ന് കൊണ്ട് മാത്രമാണ് താനിന്നു തിരികെ വന്നതെന്ന് സാമിനറിയാമായിരുന്നു. അത് ഏറ്റവും നന്നായറിയാവുന്നത്  സുമിക്കും. ഇന്ന് തങ്ങളൊരുമിച്ചു കഴിഞ്ഞാൽ ......!

" റിബേക്കാമ്മയുടെ പൊന്നു മോനെ .......എന്റെ സണ്ണിക്കുട്ടീ ......പ്രതിജ്ഞാ ലംഘനമൊന്നും നടത്തേണ്ട . പക്ഷെ ദിവസം - അതെനിക്ക് വേണം. അത് മയിലാടും പാറയിലായാലും ഉഗ്രൻകുന്നിലായാലും" . സുമി തീർത്തു പറഞ്ഞു.

കൊഴുത്ത റബ്ബർ മരങ്ങൾ കാറ്റിന്റെ ഇഷ്ട്ടമനുസരിച്ചു ചാഞ്ഞും ചരിഞ്ഞും നൃത്തം വയ്ക്കുമ്പോൾ വിജനമായ റോഡിൽ ഇരുൾ വീണു കനത്തു. മതി ഭ്രമം പിടിച്ച കന്യകയെപ്പോലെ പമ്പാ നദി കിടന്നു പിടച്ചു. റോഡിലെ കറുപ്പിന് മീതേകൂടി സുമിയുടെ സെൻ മൈലാടും പറയിലേക്കു തന്നെ പോയി.

മംഗല മുറ്റത്തെ പൂന്തോട്ടത്തിലെ ആമ്പൽകുളത്തിന്റെ ഭിത്തിയിൽ സണ്ണിക്കുട്ടിയുടെ മാറിൽ തല ചേർത്തിരുന്നു കൊണ്ട് സുമി രാത്രിക്കും നക്ഷത്രങ്ങൾക്കും? പിന്നെ സകലഗോളങ്ങളെയും ചങ്ങലയിൽ കോർത്ത് പട്ടം പറപ്പിക്കുന്ന പട്ടക്കാരനും നന്ദി പറഞ്ഞു. ഒരായിരം നന്ദി, തന്റെ രക്ഷകനെ പാതാളത്തിൽ നിന്ന് രക്ഷിച്ചെടുത്തതിന്.

കാമുകന്റെ കഴുത്തിൽ ഒരു സർപ്പമായി അവൾ ചുറ്റികിടന്നു. എന്നിട്ടവനോട് ഒരു കഥ പറഞ്ഞു :

" ഇന്ന് ഞാനൊരു യാത്ര പോയി. ആദ്യം അന്ധകാരാവൃതമായ ഒരു ഗുഹയിലൂടെ . ആനപോലെ കനത്ത പട്ടികളുടെ ഗർജ്ജനവും ഉഗ്ര വിഷമുള്ള പാമ്പുകളുടെ ശീൽക്കാരവും ശ്വാസം മുട്ടിച്ചു കളഞ്ഞു. വളഞ്ഞും പുളഞ്ഞുമുള്ള ഗുഹാ  യാത്രയ്ക്കൊടുവിൽ ചെന്ന് പെട്ടത് ഒരു തീകുണ്ഡത്തിൽ. പൊള്ളി പിടഞ്ഞു നരകിച്ചെങ്കിലും പ്രാണനും കൊണ്ടോടി രക്ഷപെട്ടു. അപ്പോൾ ഒരു കറുത്ത നദി കണ്ടു. കറുത്ത കോട്ടണിഞ്ഞ ഒരാൾ ഒരു ചെറു വള്ളവുമായി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാൻ അയാൾ ആവശ്യപ്പെട്ടു. നാണം കൊണ്ട് ഞാൻ കൂമ്പിപ്പോയി. വേറെ ഗത്യന്തരമില്ലാതായപ്പോൾ ഒന്നൊന്നായി അഴിച്ചു മാറ്റി. വള്ളത്തിൽ അയാൾ മറുകരയെത്തിച്ചു. അവിടുന്ന് നോക്കിയപ്പോൾ കണ്ണഞ്ചിപ്പോയി.

അത്യന്തം ചേതോഹരങ്ങളായ ബാബിലോണ്യ പൂന്തോട്ടങ്ങളും അറേബ്യയിലെ സുൽത്താന്മാരുടെ രമ്യഹർമ്മ്യങ്ങളെ ലജ്ജിപ്പിക്കുന്ന കൊട്ടാരങ്ങളും അവിടവിടെയായി വെള്ളച്ചിറകുള്ള മാലാഖമാരും പറന്നു നടക്കുന്നത് കണ്ടു. ....:"

" മോളേ.... സുമീ.....എന്തൊക്കെയാ നീ പറയുന്നത്?" സണ്ണിക്കുട്ടി അവളെ ചേർത്തു നിറുത്തി. അവൾ വിങ്ങിക്കരഞ്ഞു. ഒരുപാട് നേരം.

ഓണ നിലാവ് ഉദിച്ചിരുന്നെങ്കിലും കാർമേഘകീറുകൾ അങ്ങിങ്ങായി ഒളിച്ചുകളി നടത്തിക്കൊണ്ടിരുന്നു. പൂവിളികൾ ഉയരാൻ കാലമായിരുന്നെങ്കിലും പ്രകൃതി പൂക്കുലകളെ പ്രസിവിക്കാൻ മടി കാണിച്ചു.

പ്രാർത്ഥനയും ഊണും കഴിഞ്ഞു കിടക്കാറായപ്പോൾ ഇട്ടിക്കുഞ്ഞും അമ്മിണി ടീച്ചറും കണ്ണിൽ കണ്ണിൽ നോക്കി. ഒരു ഊളൻ ചിരിയുമായി പക്രുവും ചുറ്റിപറ്റി നിന്നു. എന്ത് സംഭവിക്കും എന്ന് നോക്കാൻ.

സുമി അപ്പോൾ അവരോടു കാര്യം പറഞ്ഞു റിബെക്കാമ്മേടെ പൊന്നുമോൻ അമ്മച്ചിയ്ക്ക് കൊടുത്തിട്ടുള്ള വാക്ക്. മമ്മിക്കും ഡാഡിയ്ക്കും ആശ്വാസമായെങ്കിലും പക്രു ഇടപെട്ടു.

"ഇതുപോലെ ഒരുപാട് പ്രതിജ്ഞ ഞാനും  എടുത്തിട്ടുള്ളതാ . പക്ഷെ ഒരെണ്ണം പോലും ഇന്നുവരെ പാലിക്കാനായിട്ടില്ല. അതൊന്നും ശരിയാവുകേലാ .."

എല്ലാരും പൊട്ടിച്ചിരിച്ചു.

സണ്ണിക്കുട്ടിയെ തന്റെ പള്ളിയറയിലേക്കു സുമി കൈ പിടിച്ചു നടത്തുമ്പോൾ പക്രു ഒരു കാര്യം കൂടി ഓർമിപ്പിച്ചു:

"ഇവിടെ ഇങ്ങനെ ഓരോ കീഴ്വഴക്കങ്ങൾ ഉണ്ടാക്കുമ്പോൾ അതിന്റെ പ്രത്യാഘാതം കൂടി ഓർമ്മിച്ചോണം. എനിക്കും കൂട്ടുകാരൊക്കെയുണ്ട്".

മമ്മിയും ഡാഡിയും സ്തബ്ധരായിപ്പോയി.

" ഇതാണോ സുപ്രസിദ്ധ കവയിത്രി മംഗലത്തിൻറെ കാവ്യദേവത നൃത്തം വയ്ക്കുന്ന മുറി. "മനോഹരമായി അലങ്കരിച്ചിട്ടുള്ള ആ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ കാമുകൻ ചോദിച്ചു.

" നിലാവിൽ കുളിച്ച പൂന്തോട്ടം കാണാം. ആകാശാരാമത്തിലെ നക്ഷത്രപ്പൂക്കളo കാണാം. എങ്ങിനെ കവിത വരാതിരിക്കും? എന്നെ കുറിച്ചൊരു കവിത ചമയ്ക്കാമോ പ്രിയേ"?

കട്ടിലിൽ തന്റെ പ്രിയനേ പിടിച്ചു കിടത്തിക്കൊണ്ടവൾ പറഞ്ഞു:

  " തീർച്ചയായും പക്ഷെ ഇന്നത്തെ കവിത നെഞ്ചിലായിരിക്കും എഴുതുന്നത്. സമ്മതിച്ചോ.....?"

“സമ്മതിച്ചില്ലെങ്കിലും എഴുതും എന്ന ഭാവത്തിൽ ആ നെഞ്ചിൽ അവളൊരു മുത്തം കൊടുത്തു.

നിലാവുറങ്ങി . പൂക്കളുറങ്ങി. പക്ഷെ കാമുകീകാമുകന്മാർ ഉറങ്ങിയില്ല. ഏതോ ഒരു യാമത്തിൽ അവൾ ചോദിച്ചു:

"ഞാൻ കാരണമല്ലേ ഗുണ്ട് ഗോപി കൊല്ലാൻ ശ്രമിച്ചത്.........! എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ....."

"ഒന്നും സംഭവിക്കയില്ല........കാരണം ഞാൻ ഉൽപ്പത്തി വിനാശ രഹിതനും പര പ്രകാശ രൂപിയുമാകുന്നു. ഞാൻ സർവ്വ സമ്പൂർണ്ണ സ്വരൂപനും, സച്ചിദാനന്ദ സ്വരൂപനുമാകുന്നു. ഞാൻ ദേശകാല വിമുക്തനുമല്ലേ പ്രിയേ......"

" എന്നെ ഉപേക്ഷിച്ചിട്ട് സന്യാസിയാവുന്ന ലക്ഷണം കാണുന്നുണ്ടല്ലോ. തമ്പാൻകുട്ടി സാറിനോടൊന്നു ചോദിച്ചിട്ടു കല്ല്യാണം തീരുമാനിക്കാം........എന്താ ? ”

" ചോദിക്കണ്ടല്ലോ മോളെ .....ഞാനിപ്പൊഴേ സന്ന്യാസി തന്നെയാണ്. ലോകത്തെ വേളി കഴിച്ച സന്ന്യാസി. സ്വർഗ്ഗം ആകാശത്തിന് മീതെയല്ല. ഇവിടെയാണ് സ്വർഗ്ഗം. ....."

" ഞാൻ മാപ്പു പറഞ്ഞിട്ടും ഗോപി പിന്നെയും ഉപദ്രവിക്കാനാണല്ലോ ഭാവം......"

" അവനെ സഹായിക്കുന്നവരുണ്ട്, വത്സലയെപ്പോലെയുള്ളവർ. നിഴലിന്റെ പുറകെ ഓടുന്നവരാണെല്ലാം. കണ്ണിൽ പാട മൂടിയിട്ടുള്ളതിനാൽ സത്യം കാണാത്തവർ. ".

വത്സല തന്റെ കട്ടിലിൽ കിടന്നു ഞെളിപിരി കൊള്ളുകയായിരുന്നു സമയം. കാലം തന്നെ കബളിപ്പിക്കുന്നതിൽ അവൾ വേദനിച്ചു. ഒരു വിലാപ യാത്ര കാണാൻ കൊതിച്ചപ്പോൾ വീണ്ടും ജൈത്രയാത്ര. വിടില്ല ഞാൻ. അവൾ മനസ്സിലുറച്ചു. പിന്നെ ഇങ്ങനെ പിറുപിറുത്തു :

" നീ നക്ഷത്രങ്ങളുടെ ഇടയിൽ പോയി കൂടു കെട്ടി താമസിച്ചാലും നിന്നെ വത്സല ഇറക്കി കൊണ്ട് വരും. തീർച്ച

 

മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ )

ഡോ. ഏബ്രഹാം കരിക്കം.

 

അദ്ധ്യായം  . 7

കാവൽ മാലാഖ

 

ബുള്ളറ്റ് മിന്നി മറഞ്ഞപ്പോൾ സുമിക്ക് കരയാൻ തോന്നി. സുന്ദരമായ ഒരു സ്വപ്നത്തിനിടയിൽ പെട്ടെന്ന് ഉണർന്നതുപോലെ. ഒന്നും ചോദിക്കാനും പറയാനും പറ്റിയില്ലല്ലോ എന്ന ദുഃഖം . തണുത്ത സന്ധ്യയുടെ മരവിപ്പ് ഹൃദയം ഏറ്റു വാങ്ങി. പിന്നീട് എല്ലാം യാന്ത്രികമായി. കുളിക്കാൻ കയറിയെങ്കിലും വെള്ളം തുറന്നു വച്ച് വെറുതെ നിന്നു. പ്രാർത്ഥ നയ്ക്കിരുന്നെങ്കിലും ഗാനം മറന്ന കോകിലത്തിന്റെ അവസ്ഥയായിരുന്നു. ഉണ്ണാനിരുന്നെങ്കിലും ഒന്നും അകത്തോട്ടു പോകുന്നില്ല. ഉറങ്ങാൻ കിടന്നെങ്കിലും നിദ്രാദേവി  ഏഴയലത്തു അണയുന്ന മട്ടിലായിരുന്നു.

എല്ലാം തകർന്നു എന്ന് തോന്നിച്ച മുഹൂർത്തങ്ങൾ ! അവിടെ തന്നെ കൈപിടിച്ചുയർത്തിയതാര് ?പ്രിയമുള്ളവനെ ഒരായിരം നന്ദി. എല്ലാത്തിനും.

തനിക്കു ചുറ്റും നൂറു മാലാഖകൾ നൃത്തം വയ്ക്കുന്നതായി സുമിക്ക് തോന്നി. താനിവിടെ ഒറ്റയ്ക്കല്ല. ആരും ഒറ്റയ്ക്കല്ല. അനന്തമായ ചങ്ങലയിലെ കണ്ണികളല്ലേ? മായമയമായ ഉലകിൽ ആരാണന്യൻ?

എങ്കിലും ഒറ്റ ദിവസം കൊണ്ട് തന്റെ എല്ലാമായി തീർന്ന ഒരാൾ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതോർത്തപ്പോൾ അവൾക്കു നടുക്കം മാറിയില്ല. പരിചയമില്ലാത്ത നാടും വഴികളും. കാറെടുക്കാൻ പറഞ്ഞിട്ട് അനുസരിച്ചില്ല. ബുള്ളറ്റിന്റെ കുടുകുടാ ശബ്ദം അങ്ങനെ തന്നെ ചെവിയിൽ മുഴങ്ങുന്നു.

ഫോൺ ബെൽ കേട്ടു.

" എടി എഴുനേറ്റു വാ ...." പക്രു വിളിച്ചു കൂവി

" ആരാടാ?"

"ഗുണ്ട് ഗോപി"

സുമി ഞെട്ടി. തലകറക്കം.

" ചുമ്മാതാടീ ....ഇതങ്ങേരാ... ബുള്ളറ്റ് "

അവൾ ബുള്ളറ്റ് പോലെ പാഞ്ഞു ചെന്ന് ഫോണെടുത്തു

" ഞാൻ സുഖമായിട്ടിങ്ങെത്തി. .......അത് പറയാൻ വിളിച്ചത്........ഹാലോ...."

"............"

" ഹാലോ .........."

"താങ്ക്സ് ........"

അവൾ അത്രയും പറഞ്ഞത് തന്നെ വളരെ പ്രയാസപ്പെട്ടാണ് . ഫോൺ താഴെ വച്ചു.

ഔപചാരികമായ വാക്കുകൾ നിർജ്ജീവങ്ങളായ കല്ലുകൾ പോലെയല്ലേ ? അവൾക്കിപ്പോൾ അത് പോരാ. ഹൃദയം എന്തിനോ വേണ്ടി തേങ്ങുന്നു. ശരീരത്തിലെ ഓരോ അണുവും ഒരു ഗന്ധർവ്വന്റെ സാമീപ്യം കൊതിക്കുന്നു. തലോടൽ കാമിക്കുന്നു.

കിടക്കയിൽ വീണുരുളുമ്പോൾ സുമി ഒന്നാലോചിച്ചു. ഇന്നത്തെ രാത്രി തനിക്കൊരു കാള രാത്രിയാകേണ്ടതായിരുന്നു. ഒരു പക്ഷെ എല്ലാം ഇവിടം കൊണ്ടവസാനിച്ചേനെ. തന്റെ സ്വപ്നങ്ങൾ കരിക്കട്ടകൂമ്പാരങ്ങളായേനെ

തൻ കാലിടറിപ്പോയ നിമിഷത്തിൽ തന്റെ കാവൽ മാലാഖ ഒരാൾ രൂപം ധരിച്ചവിടെയെത്തി. എല്ലാവർക്കും  ഇങ്ങനെ ഓരോ മാലാഖമാർ കാണുമോ? എങ്കിൽ ചിലരൊക്കെ എന്തുകൊണ്ട് പെട്ടെന്ന് മരിച്ചു പോകുന്നു.

അപ്പോൾ അവളുടെ അന്തരംഗത്തിലിരുന്നാരോ ഇങ്ങനെ പറഞ്ഞു

" ആര് മരിക്കുന്നു ? ആത്മാവ് ജനിക്കുന്നില്ല. മരിക്കുന്നില്ല. അത് നിത്യമാണ്. അത് ആരാലും സൃഷ്ടിക്കപെട്ടതല്ല അതിനാൽ ആരും സൃഷ്ടിക്കപ്പെട്ടിട്ടുമില്ല. അത് ജന്മ രഹിതവും നിത്യവും ശാശ്വതവും സനാതനവുമാകുന്നു. ശരീരം നശിച്ചാലും അത് നശിക്കുന്നില്ല "

മനസ്സിലെ തിരമാലകൾ അടങ്ങി. സുമി ഉറക്കത്തിലേക്കും സ്വപ്നങ്ങളിലേക്കും വഴുതിപ്പോയി.

എന്നാൽ വത്സല ടീച്ചർക്ക് അതൊരു കാള രാത്രി ആയിരുന്നു. ഗുണ്ട് ഗോപിയെ സ്ക്രൂ ചെയ്തു വിട്ടത് മുതൽ അക്ഷമയോടെ കാത്തിരുന്നതാണ് അവൻ അവളെ വഴിയിലിട്ടു കടിച്ചു പറിച്ചു എന്ന് കേൾക്കാൻ ദാഹിച്ചതാണ് . പക്ഷെ കേട്ടത് മറിച്ചായിരുന്നു. ഗോപിയുടെ മൂക്കിന്റെ പാലം തകർന്നു. മിഷനാശുപത്രിയിൽ ഒപ്പേറഷൻ.

കടമറ്റത്തച്ചന്റെ  യക്ഷി ആണി പിഴുതെറിഞ്ഞിട്ടു തന്റെയടുക്കലേക്കു വരുന്നപോലെ അവൾക്കു തോന്നി. പാതിരാത്രിയിൽ വസുമതിയെ വിളിച്ചുണർത്തി. അവൾ പറഞ്ഞത് കൂടി കേട്ടപ്പോൾ വത്സലയുടെ പ്രധാന അവയവങ്ങൾ മരവിച്ചു.

"അയാൾ അവളെ ബെക്കിൽ കയറ്റികൊണ്ടാടി പോയത്. ഒറ്റ ദിവസം കൊണ്ട് യു എൻ  യെ അവൾ കറക്കിയെടുത്തല്ലോ ?"

തലവേദനയാണെന്നും പറഞ്ഞു വന്നപ്പോൾ മുതൽ വത്സല കിടക്കാൻ തുടങ്ങിയതാണ്. സ്നേഹസമ്പന്നനായ ഭർത്താവു തോമസുകുട്ടി നെറ്റിത്തടം തടവി കൊടുക്കാൻ ചെന്നപ്പോൾ അവൾ എന്തൊക്കെയോ പുലഭ്യം പറഞ്ഞു. അയാൾ വിരണ്ടോടി.

എങ്ങിനെ സഹിക്കും? ഒന്നോ രണ്ടോ ആഴ്ചകളല്ല . ഒന്നര വർഷംആ എന്തിരവൻ യു എൻ യുടെ  പുറകെ വേഷം കെട്ടി നടന്നതാണ്. ആനി വേറെ വല്ലവരേം നോക്കിയിരുന്നെങ്കിൽ ഇപ്പോൾ കൊച്ചിന് രണ്ടു വയസ്സായെനെ. വസുമതിയുടെ കുട്ടി . സി നഴ്സറീലായി . അവൾ ഗിരിത്തടം ആശുപത്രിയിൽ മെഡിസിന് സീറ്റു ബുക്കു  ചെയ്തു കഴിഞ്ഞു. തനിക്കു കിട്ടിയ കോന്തനാണേൽ......ഒന്നും പറയാണ്ടിരിക്കയാ ഭേദം!. നെറ്റി തടവാൻ വന്നേക്കുന്നു. ഫൂ .

ഇപ്പോൾ വയറ്റിലൊരു തടിപ്പൊക്കെയുണ്ട്. മാസം മൂന്നായി. ഒന്ന് പെറ്റ്കിട്ടീട്ടു വേണ്ടേ ചേനത്തടം അച്ചന്റെ കയ്യിൽ അഞ്ചോ ആറോ  ലക്ഷം അഡ്വാൻസ് കൊടുക്കാൻ?

എന്നാൽ തന്നെ മെഡിസിന് കിട്ടാൻ പാടാണത്രെ. മുപ്പത്തഞ്ചു ലക്ഷമാ ഇപ്പോൾ റേറ്റ്. ഒരു വർഷം  മുമ്പേ ആയാൽ നാലോ അഞ്ചോ ലക്ഷമാ ലാഭം

അന്ന് അവസാനമായി ലൈബ്രറിയിൽ വച്ചു അയാളുമായി സംസാരിച്ച രംഗം അവളോർത്തു.

"ഞാൻ പലവട്ടം ചോദിച്ചതിന് ഇതുവരെ മറുപടി പറഞ്ഞില്ല. വീട്ടിൽ വേറെ കല്യാണത്തിന് നിർബന്ധിക്കുന്നു. എന്ത് പറയണം ? നമ്മൾ രണ്ടാളുമാവുമ്പോൾ ഒരുപാട് ഗുണങ്ങളൊക്കെയില്ലേ ? അടിച്ചുപൊളിക്കരുതോ ?"

അപ്പോൾ മുഖം ഒന്ന് കാണേണ്ടതായിരുന്നു. കുരങ്ങൻ.

" ടീച്ചർ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ വിവാഹം എന്റെ അജണ്ടയിൽ ഇപ്പോഴില്ല. തന്നെയല്ല നമ്മുടെ വീക്ഷണകോണുകൾ വ്യത്യസ്തവുമാണ് . ...."

" ഇപ്പോൾ അവനു അജണ്ടയുണ്ട്. വീക്ഷണകോണകവും ശരിയായി. "

വത്സല അത് പുലമ്പിയത് അൽപ്പം ഉറക്കെയായിപ്പോയി.

" നീ വല്ലതും പറഞ്ഞോ വത്സേ ......? അമൃതാഞ്ജൻ പുരട്ടി തരട്ടോ....?'തോമസുകുട്ടി വിളിച്ചു ചോദിച്ചു. അതവൾ ശ്രദ്ധിച്ചില്ല

അവൾ പല്ലുകൾ കൂട്ടിത്തിരുകി. കെട്ടിവച്ച മുടി അഴിച്ചിട്ടു

രാത്രിയിൽ ആർ. ബി വത്സലകുമാരിയെന്ന ലക്ചർ ഒരു പ്രതിജ്ഞയെടുത്തു. തന്റെ കൊക്കിൽ ശ്വാസമുള്ളപ്പോൾ അവൾക്കു അവനെ കിട്ടില്ല. കിട്ടുമായിരിക്കും. അന്ന് സൂര്യൻ പടിഞ്ഞാറുദിക്കും. കാക്ക കുളിച്ചു കൊക്കാകും.

ഗുണ്ട് ഗോപി ആശുപത്രിയിലായതിനെ പറ്റി പല കഥകളാണ് കാമ്പസ്സിൽ പ്രചരിച്ചത്. ബൈക്കിൽ നിന്നു മുഖമടിച്ചു വീണതാണെന്നും അതല്ല ഇടുക്കിയിൽ നിന്നു കഞ്ചാവ് കടത്താൻ പോയപ്പോൾ പോലീസ് തല്ലിചതച്ചതാണെന്നുമൊക്കെ ആദ്യം കേട്ടു. സുമി ടീച്ചറുടെ കൂട്ടത്തിലാരോ എടുത്തിട്ട് പെരുമാറിയതാണെന്നും അങ്ങനെയല്ല എതിർപാർട്ടിക്കാർ തല്ലി ചതച്ചതാണെന്നു വേറെയും കഥകളുണ്ടായി

കഥകളെല്ലാം ഓരോരുത്തരോടായി ആദ്യം പറഞ്ഞത് വത്സല ടീച്ചർ തന്നെയായിരുന്നു. പലതുകേൾക്കുമ്പോൾ സത്യമറിയാതെ ആളുകൾ കുഴങ്ങും. അതായിരുന്നു അവർക്കു വേണ്ടതും.

ആശുപത്രി വിട്ടെങ്കിലും ഗോപിയെ പിന്നെങ്ങനെ കോളജിൽ കണ്ടിട്ടില്ല. തലയാൾ പോയതോടെ മറ്റു അക്രമികളും ഒട്ടൊന്നടങ്ങി. സമരക്കാരുടെ പടയോട്ടവും ഏറെക്കുറെ അവസാനിച്ചു.

കാല വർഷം  കനത്തപ്പോൾ വരിക്കപുഴയാറ്റിൽ വെള്ളം കയറി. വയലുകളെല്ലാം കായലുപോലെയായി . കുട്ടികളിൽ പലരും ക്ലാസ്സുകളഞ്ഞു ഊത്തപിടുത്തക്കാരുടെ കൂട്ടത്തിലുമായി.

മേരി മാതാ കോളജ് വരിക്കപ്പുഴയിൽ തുടങ്ങിയിട്ട് എഴുപത്തഞ്ചു വർഷമായി. എഴുപത്തയ്യായിരം പേരെ പഠിപ്പിച്ചു മിടുക്കരാക്കി ലോകമെമ്പാടും അയച്ച മുത്തശ്ശി ജൂബിലിയുടെ നിറവിൽ നിറഞ്ഞ ചിരിയോടെ നിന്നു.

അരഞ്ഞാണം മാതിരി കോളജിനെ ചുറ്റികിടക്കുന്ന വരിക്കപുഴയാറ് സ്ഥാപനത്തിന്റെ ജീവനാഡിയാണ്. സ്വന്തം ജല സംഭരണിയിലേക്ക് വെള്ളം ശേഖരിക്കുന്നത് ആറ്റിൽ നിന്നായതിനാൽ ജലക്ഷാമമറിഞ്ഞിട്ടില്ല.

രാഷ്ട്രീയ അടിപിടി മൂക്കുമ്പോൾ വെള്ളത്തിൽ ചാടി രക്ഷപെട്ടിട്ടുള്ളവരുടെ കഥകൾ എന്നും മറ്റുള്ളവരിൽ ആവേശം ഉണർത്തിയിട്ടുണ്ട്. എന്നാൽ വർഷം തോറും നടത്തി വന്ന വള്ളം കളിയായിരുന്നു അവിസ്മരണീയ മുഹൂർത്തങ്ങൾ സൃഷ്ട്ടിച്ചത്. അത് നാട്ടുകരുടെ ഉത്സവമായിരുന്നു.

രാഷ്ട്രീയ പടല പിണക്കം കാരണം മുടങ്ങിപ്പോയ വള്ളം കളി ജൂബിലി വർഷത്തിൽ പുനരുജ്ജീവിപ്പിക്കണമെന്നു മാനേജരും പ്രിൻസിപ്പലും ആഗ്രഹിച്ചു. വെല്ലുവിളി ഏറ്റെടുത്ത ഡിപ്പാർട്‌മെന്റുകൾ നല്ല വള്ളങ്ങൾ തേടി നെട്ടോട്ടമായി.

ചുരുങ്ങിയ കാലത്തിനുള്ളിൽ സുമി ടീച്ചർ കലാലയത്തിന്റെ ഹരമായി മാറി. യൂണിയൻ ഉദ്‌ഘാടനത്തോടനുബന്ധിച്ച് അവൾ സ്റ്റേജിലാവതരിപ്പിച്ച ഭാരത നാട്യം ഏറെ നാൾ ചർച്ചാ വിഷയമായി. ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ് മുൻകൈയെടുത്തു അവളുടെ ഇംഗ്ലീഷ് കവിത സമാഹാരം കൂടി പുറത്തിറക്കിയതോടെ കലാതിലകപ്പാട്ടവും തലയിലായി എന്ന് പറയാം.

സാം സാറിന്റെ സംരക്ഷണയിലാണ് കലാതിലകം എന്നറിഞ്ഞതോടെ ആ കൈപ്പത്തി ഒന്ന് പതിച്ചെടുക്കണം എന്ന മോഹവുമായി നടന്ന തമ്പാൻകുട്ടി സാർ അതിനായി കൊണ്ട് നടന്ന പാഡ് മടക്കി പെട്ടിയിലാക്കി. ചമ്പക്കര സാർ ഏകാന്ത സന്ധ്യകളിൽ ആറ്റിൻകരയിലിരുന്നു 'നക്ഷത്രമേ നിന്നെ നോക്കി ' എന്ന കവിത പൂർത്തിയാക്കിയെങ്കിലും പിന്നീടവളെ അത് കാണിക്കാൻ ധൈര്യപ്പെട്ടില്ല

തന്റെ രക്ഷകൻ അറിവിന്റെ ഒരു ഭണ്ഡാരമാണെന്നു സുമി മനസ്സിലാക്കിയത് ടുസ്‌ഡേ ഡർബാറുകളിൽ കൂടിയായിരുന്നു . കോളജിലെ പ്രതിഭാധനരെല്ലാം ഒത്തുകൂടിയ സന്ദർഭങ്ങൾ അനന്തമായ സാധ്യതകളുടെ വിളംബര വേദികളായി. കലാലയാന്തരീക്ഷം തന്നെ അത് മാറ്റി മറിച്ചു എന്ന് പറയാം.

മയിലാടും പാറയിൽ പോയതിനു ശേഷം സാം സാറും സുമിയും ഏറെയൊന്നും പരസ്പ്പരം  സംസാരിച്ചില്ല എന്നത് അവർക്കു തന്നെ അത്ഭുതമായി തോന്നി. മനസ്സിൽ മൊട്ടിട്ട തളിരുകൾ മരമായി വളരട്ടെ എന്നായിരുന്നു ? അതോ മാതൃക അദ്ധ്യാപകരുടെ പക്വ മനസ്സുകൾ തങ്ങളെത്തന്നെ കഠിന തടവിന് വിധിച്ച് തടവറകളിലടച്ചതാണോ ?

അന്നത്തെ ഡർബാർ പതിവിലും നേരത്തെ നിറുത്തി. മുറിയിൽ സാം സാറും സുമിയും തനിച്ചായി.

" എനിക്കൊരു രഹസ്യം പറയണമല്ലോ. എന്റെ വീട് വരെ വരുന്നത് ബുദ്ധിമുട്ടാവുമോ  മംഗലത്തിന്?"സാർ ചോദിച്ചു. ഏറെ കാലത്തെ വരൾച്ചയ്ക്ക് ശേഷം മഴ ആർത്തലച്ചു വരുന്നതുപോലൊരു തോന്നലായിരുന്നു സുമിക്ക്. യുഗങ്ങളായി കാത്തിരിക്കയായിരുന്നോ  ഇതൊന്നു കേൾക്കാൻ ? അവസാനത്തെ വാക്ക് മംഗലത്തിന് എന്നതിന് പകരം മംഗല്യത്തിന് എന്നായിരുന്നെങ്കിൽ എത്ര നന്നായേനെ എന്നവൾ മോഹിച്ചു പോയി.