മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ )
ഡോ. ഏബ്രഹാം കരിക്കം.
അദ്ധ്യായം . 7
കാവൽ മാലാഖ
ബുള്ളറ്റ് മിന്നി മറഞ്ഞപ്പോൾ സുമിക്ക് കരയാൻ തോന്നി. സുന്ദരമായ ഒരു സ്വപ്നത്തിനിടയിൽ പെട്ടെന്ന് ഉണർന്നതുപോലെ. ഒന്നും ചോദിക്കാനും പറയാനും പറ്റിയില്ലല്ലോ എന്ന ദുഃഖം . തണുത്ത സന്ധ്യയുടെ മരവിപ്പ് ആ ഹൃദയം ഏറ്റു വാങ്ങി. പിന്നീട് എല്ലാം യാന്ത്രികമായി. കുളിക്കാൻ കയറിയെങ്കിലും വെള്ളം തുറന്നു വച്ച് വെറുതെ നിന്നു. പ്രാർത്ഥ നയ്ക്കിരുന്നെങ്കിലും ഗാനം മറന്ന കോകിലത്തിന്റെ അവസ്ഥയായിരുന്നു. ഉണ്ണാനിരുന്നെങ്കിലും ഒന്നും അകത്തോട്ടു പോകുന്നില്ല. ഉറങ്ങാൻ കിടന്നെങ്കിലും നിദ്രാദേവി ഏഴയലത്തു അണയുന്ന മട്ടിലായിരുന്നു.
എല്ലാം തകർന്നു എന്ന് തോന്നിച്ച മുഹൂർത്തങ്ങൾ ! അവിടെ തന്നെ കൈപിടിച്ചുയർത്തിയതാര് ?പ്രിയമുള്ളവനെ ഒരായിരം നന്ദി. എല്ലാത്തിനും.
തനിക്കു ചുറ്റും നൂറു മാലാഖകൾ നൃത്തം വയ്ക്കുന്നതായി സുമിക്ക് തോന്നി. താനിവിടെ ഒറ്റയ്ക്കല്ല. ആരും ഒറ്റയ്ക്കല്ല. അനന്തമായ ചങ്ങലയിലെ കണ്ണികളല്ലേ? മായമയമായ ഈ ഉലകിൽ ആരാണന്യൻ?
എങ്കിലും ഒറ്റ ദിവസം കൊണ്ട് തന്റെ എല്ലാമായി തീർന്ന ഒരാൾ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതോർത്തപ്പോൾ അവൾക്കു നടുക്കം മാറിയില്ല. പരിചയമില്ലാത്ത നാടും വഴികളും. കാറെടുക്കാൻ പറഞ്ഞിട്ട് അനുസരിച്ചില്ല. ബുള്ളറ്റിന്റെ കുടുകുടാ ശബ്ദം അങ്ങനെ തന്നെ ചെവിയിൽ മുഴങ്ങുന്നു.
ഫോൺ ബെൽ കേട്ടു.
" എടി എഴുനേറ്റു വാ ...." പക്രു വിളിച്ചു കൂവി
" ആരാടാ?"
"ഗുണ്ട് ഗോപി"
സുമി ഞെട്ടി. തലകറക്കം.
" ചുമ്മാതാടീ ....ഇതങ്ങേരാ...ആ ബുള്ളറ്റ് "
അവൾ ബുള്ളറ്റ് പോലെ പാഞ്ഞു ചെന്ന് ഫോണെടുത്തു
" ഞാൻ സുഖമായിട്ടിങ്ങെത്തി. .......അത് പറയാൻ വിളിച്ചത്........ഹാലോ...."
"............"
" ഹാലോ .........."
"താങ്ക്സ് ........"
അവൾ അത്രയും പറഞ്ഞത് തന്നെ വളരെ പ്രയാസപ്പെട്ടാണ് . ഫോൺ താഴെ വച്ചു.
ഔപചാരികമായ വാക്കുകൾ നിർജ്ജീവങ്ങളായ കല്ലുകൾ പോലെയല്ലേ ? അവൾക്കിപ്പോൾ അത് പോരാ. ഹൃദയം എന്തിനോ വേണ്ടി തേങ്ങുന്നു. ശരീരത്തിലെ ഓരോ അണുവും ഒരു ഗന്ധർവ്വന്റെ സാമീപ്യം കൊതിക്കുന്നു. തലോടൽ കാമിക്കുന്നു.
കിടക്കയിൽ വീണുരുളുമ്പോൾ സുമി ഒന്നാലോചിച്ചു. ഇന്നത്തെ രാത്രി തനിക്കൊരു കാള രാത്രിയാകേണ്ടതായിരുന്നു. ഒരു പക്ഷെ എല്ലാം ഇവിടം കൊണ്ടവസാനിച്ചേനെ. തന്റെ സ്വപ്നങ്ങൾ കരിക്കട്ടകൂമ്പാരങ്ങളായേനെ
തൻ കാലിടറിപ്പോയ നിമിഷത്തിൽ തന്റെ കാവൽ മാലാഖ ഒരാൾ രൂപം ധരിച്ചവിടെയെത്തി. എല്ലാവർക്കും ഇങ്ങനെ ഓരോ മാലാഖമാർ കാണുമോ? എങ്കിൽ ചിലരൊക്കെ എന്തുകൊണ്ട് പെട്ടെന്ന് മരിച്ചു പോകുന്നു.
അപ്പോൾ അവളുടെ അന്തരംഗത്തിലിരുന്നാരോ ഇങ്ങനെ പറഞ്ഞു
" ആര് മരിക്കുന്നു ? ആത്മാവ് ജനിക്കുന്നില്ല. മരിക്കുന്നില്ല. അത് നിത്യമാണ്. അത് ആരാലും സൃഷ്ടിക്കപെട്ടതല്ല അതിനാൽ ആരും സൃഷ്ടിക്കപ്പെട്ടിട്ടുമില്ല. അത് ജന്മ രഹിതവും നിത്യവും ശാശ്വതവും സനാതനവുമാകുന്നു. ശരീരം നശിച്ചാലും അത് നശിക്കുന്നില്ല "
മനസ്സിലെ തിരമാലകൾ അടങ്ങി. സുമി ഉറക്കത്തിലേക്കും സ്വപ്നങ്ങളിലേക്കും വഴുതിപ്പോയി.
എന്നാൽ വത്സല ടീച്ചർക്ക് അതൊരു കാള രാത്രി ആയിരുന്നു. ഗുണ്ട് ഗോപിയെ സ്ക്രൂ ചെയ്തു വിട്ടത് മുതൽ അക്ഷമയോടെ കാത്തിരുന്നതാണ് അവൻ അവളെ വഴിയിലിട്ടു കടിച്ചു പറിച്ചു എന്ന് കേൾക്കാൻ ദാഹിച്ചതാണ് . പക്ഷെ കേട്ടത് മറിച്ചായിരുന്നു. ഗോപിയുടെ മൂക്കിന്റെ പാലം തകർന്നു. മിഷനാശുപത്രിയിൽ ഒപ്പേറഷൻ.
കടമറ്റത്തച്ചന്റെ യക്ഷി ആണി പിഴുതെറിഞ്ഞിട്ടു തന്റെയടുക്കലേക്കു വരുന്നപോലെ അവൾക്കു തോന്നി. പാതിരാത്രിയിൽ വസുമതിയെ വിളിച്ചുണർത്തി. അവൾ പറഞ്ഞത് കൂടി കേട്ടപ്പോൾ വത്സലയുടെ പ്രധാന അവയവങ്ങൾ മരവിച്ചു.
"അയാൾ അവളെ ബെക്കിൽ കയറ്റികൊണ്ടാടി പോയത്. ഒറ്റ ദിവസം കൊണ്ട് യു എൻ ഓ യെ അവൾ കറക്കിയെടുത്തല്ലോ ?"
തലവേദനയാണെന്നും പറഞ്ഞു വന്നപ്പോൾ മുതൽ വത്സല കിടക്കാൻ തുടങ്ങിയതാണ്. സ്നേഹസമ്പന്നനായ ഭർത്താവു തോമസുകുട്ടി നെറ്റിത്തടം തടവി കൊടുക്കാൻ ചെന്നപ്പോൾ അവൾ എന്തൊക്കെയോ പുലഭ്യം പറഞ്ഞു. അയാൾ വിരണ്ടോടി.
എങ്ങിനെ സഹിക്കും? ഒന്നോ രണ്ടോ ആഴ്ചകളല്ല . ഒന്നര വർഷംആ എന്തിരവൻ യു എൻ ഓ യുടെ പുറകെ വേഷം കെട്ടി നടന്നതാണ്. ആനി വേറെ വല്ലവരേം നോക്കിയിരുന്നെങ്കിൽ ഇപ്പോൾ കൊച്ചിന് രണ്ടു വയസ്സായെനെ. വസുമതിയുടെ കുട്ടി ഏ. സി നഴ്സറീലായി . അവൾ ഗിരിത്തടം ആശുപത്രിയിൽ മെഡിസിന് സീറ്റു ബുക്കു ചെയ്തു കഴിഞ്ഞു. തനിക്കു കിട്ടിയ കോന്തനാണേൽ......ഒന്നും പറയാണ്ടിരിക്കയാ ഭേദം!. നെറ്റി തടവാൻ വന്നേക്കുന്നു. ഫൂ .
ഇപ്പോൾ വയറ്റിലൊരു തടിപ്പൊക്കെയുണ്ട്. മാസം മൂന്നായി. ഒന്ന് പെറ്റ്കിട്ടീട്ടു വേണ്ടേ ചേനത്തടം അച്ചന്റെ കയ്യിൽ അഞ്ചോ ആറോ ലക്ഷം അഡ്വാൻസ് കൊടുക്കാൻ?
എന്നാൽ തന്നെ മെഡിസിന് കിട്ടാൻ പാടാണത്രെ. മുപ്പത്തഞ്ചു ലക്ഷമാ ഇപ്പോൾ റേറ്റ്. ഒരു വർഷം മുമ്പേ ആയാൽ നാലോ അഞ്ചോ ലക്ഷമാ
ലാഭം
അന്ന് അവസാനമായി ലൈബ്രറിയിൽ വച്ചു അയാളുമായി സംസാരിച്ച രംഗം അവളോർത്തു.
"ഞാൻ പലവട്ടം ചോദിച്ചതിന് ഇതുവരെ മറുപടി പറഞ്ഞില്ല. വീട്ടിൽ വേറെ കല്യാണത്തിന് നിർബന്ധിക്കുന്നു. എന്ത് പറയണം ? നമ്മൾ രണ്ടാളുമാവുമ്പോൾ ഒരുപാട് ഗുണങ്ങളൊക്കെയില്ലേ ? അടിച്ചുപൊളിക്കരുതോ ?"
അപ്പോൾ ആ മുഖം ഒന്ന് കാണേണ്ടതായിരുന്നു. കുരങ്ങൻ.
" ടീച്ചർ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ വിവാഹം എന്റെ അജണ്ടയിൽ ഇപ്പോഴില്ല. തന്നെയല്ല നമ്മുടെ വീക്ഷണകോണുകൾ വ്യത്യസ്തവുമാണ് . ...."
" ഇപ്പോൾ അവനു അജണ്ടയുണ്ട്. വീക്ഷണകോണകവും ശരിയായി. "
വത്സല അത് പുലമ്പിയത് അൽപ്പം ഉറക്കെയായിപ്പോയി.
" നീ വല്ലതും പറഞ്ഞോ വത്സേ ......? അമൃതാഞ്ജൻ പുരട്ടി തരട്ടോ....?'തോമസുകുട്ടി വിളിച്ചു ചോദിച്ചു. അതവൾ ശ്രദ്ധിച്ചില്ല
അവൾ പല്ലുകൾ കൂട്ടിത്തിരുകി. കെട്ടിവച്ച മുടി അഴിച്ചിട്ടു
ആ രാത്രിയിൽ ആർ. ബി വത്സലകുമാരിയെന്ന ലക്ചർ ഒരു പ്രതിജ്ഞയെടുത്തു. തന്റെ കൊക്കിൽ ശ്വാസമുള്ളപ്പോൾ അവൾക്കു അവനെ കിട്ടില്ല. കിട്ടുമായിരിക്കും. അന്ന് സൂര്യൻ പടിഞ്ഞാറുദിക്കും. കാക്ക കുളിച്ചു കൊക്കാകും.
ഗുണ്ട് ഗോപി ആശുപത്രിയിലായതിനെ പറ്റി പല കഥകളാണ് കാമ്പസ്സിൽ പ്രചരിച്ചത്. ബൈക്കിൽ നിന്നു മുഖമടിച്ചു വീണതാണെന്നും അതല്ല ഇടുക്കിയിൽ നിന്നു കഞ്ചാവ് കടത്താൻ പോയപ്പോൾ പോലീസ് തല്ലിചതച്ചതാണെന്നുമൊക്കെ ആദ്യം കേട്ടു. സുമി ടീച്ചറുടെ കൂട്ടത്തിലാരോ എടുത്തിട്ട് പെരുമാറിയതാണെന്നും അങ്ങനെയല്ല എതിർപാർട്ടിക്കാർ തല്ലി ചതച്ചതാണെന്നു വേറെയും കഥകളുണ്ടായി
ഈ കഥകളെല്ലാം ഓരോരുത്തരോടായി ആദ്യം പറഞ്ഞത് വത്സല ടീച്ചർ തന്നെയായിരുന്നു. പലതുകേൾക്കുമ്പോൾ സത്യമറിയാതെ ആളുകൾ കുഴങ്ങും. അതായിരുന്നു അവർക്കു വേണ്ടതും.
ആശുപത്രി വിട്ടെങ്കിലും ഗോപിയെ പിന്നെങ്ങനെ കോളജിൽ കണ്ടിട്ടില്ല. തലയാൾ പോയതോടെ മറ്റു അക്രമികളും ഒട്ടൊന്നടങ്ങി. സമരക്കാരുടെ പടയോട്ടവും ഏറെക്കുറെ അവസാനിച്ചു.
കാല വർഷം കനത്തപ്പോൾ വരിക്കപുഴയാറ്റിൽ വെള്ളം കയറി. വയലുകളെല്ലാം കായലുപോലെയായി . കുട്ടികളിൽ പലരും ക്ലാസ്സുകളഞ്ഞു ഊത്തപിടുത്തക്കാരുടെ കൂട്ടത്തിലുമായി.
മേരി മാതാ കോളജ് വരിക്കപ്പുഴയിൽ തുടങ്ങിയിട്ട് എഴുപത്തഞ്ചു വർഷമായി. എഴുപത്തയ്യായിരം പേരെ പഠിപ്പിച്ചു മിടുക്കരാക്കി ലോകമെമ്പാടും അയച്ച മുത്തശ്ശി ജൂബിലിയുടെ നിറവിൽ നിറഞ്ഞ ചിരിയോടെ നിന്നു.
അരഞ്ഞാണം മാതിരി കോളജിനെ ചുറ്റികിടക്കുന്ന വരിക്കപുഴയാറ് ആ സ്ഥാപനത്തിന്റെ ജീവനാഡിയാണ്. സ്വന്തം ജല സംഭരണിയിലേക്ക് വെള്ളം ശേഖരിക്കുന്നത് ആറ്റിൽ നിന്നായതിനാൽ ജലക്ഷാമമറിഞ്ഞിട്ടില്ല.
രാഷ്ട്രീയ അടിപിടി മൂക്കുമ്പോൾ വെള്ളത്തിൽ ചാടി രക്ഷപെട്ടിട്ടുള്ളവരുടെ കഥകൾ എന്നും മറ്റുള്ളവരിൽ ആവേശം ഉണർത്തിയിട്ടുണ്ട്. എന്നാൽ വർഷം തോറും നടത്തി വന്ന വള്ളം കളിയായിരുന്നു അവിസ്മരണീയ മുഹൂർത്തങ്ങൾ സൃഷ്ട്ടിച്ചത്. അത് നാട്ടുകരുടെ ഉത്സവമായിരുന്നു.
രാഷ്ട്രീയ പടല പിണക്കം
കാരണം മുടങ്ങിപ്പോയ വള്ളം കളി ജൂബിലി വർഷത്തിൽ പുനരുജ്ജീവിപ്പിക്കണമെന്നു മാനേജരും
പ്രിൻസിപ്പലും ആഗ്രഹിച്ചു. വെല്ലുവിളി ഏറ്റെടുത്ത ഡിപ്പാർട്‌മെന്റുകൾ നല്ല വള്ളങ്ങൾ
തേടി നെട്ടോട്ടമായി.
ചുരുങ്ങിയ
കാലത്തിനുള്ളിൽ സുമി ടീച്ചർ കലാലയത്തിന്റെ ഹരമായി മാറി. യൂണിയൻ ഉദ്‌ഘാടനത്തോടനുബന്ധിച്ച്
അവൾ സ്റ്റേജിലാവതരിപ്പിച്ച ഭാരത നാട്യം ഏറെ നാൾ ചർച്ചാ വിഷയമായി. ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ്
മുൻകൈയെടുത്തു അവളുടെ ഇംഗ്ലീഷ് കവിത സമാഹാരം കൂടി പുറത്തിറക്കിയതോടെ കലാതിലകപ്പാട്ടവും
തലയിലായി എന്ന് പറയാം.
സാം സാറിന്റെ
സംരക്ഷണയിലാണ് കലാതിലകം എന്നറിഞ്ഞതോടെ ആ കൈപ്പത്തി ഒന്ന് പതിച്ചെടുക്കണം എന്ന മോഹവുമായി
നടന്ന തമ്പാൻകുട്ടി സാർ അതിനായി കൊണ്ട് നടന്ന പാഡ് മടക്കി പെട്ടിയിലാക്കി. ചമ്പക്കര
സാർ ഏകാന്ത സന്ധ്യകളിൽ ആറ്റിൻകരയിലിരുന്നു 'നക്ഷത്രമേ നിന്നെ നോക്കി ' എന്ന കവിത പൂർത്തിയാക്കിയെങ്കിലും
പിന്നീടവളെ അത് കാണിക്കാൻ ധൈര്യപ്പെട്ടില്ല
തന്റെ
രക്ഷകൻ അറിവിന്റെ ഒരു ഭണ്ഡാരമാണെന്നു സുമി മനസ്സിലാക്കിയത് ടുസ്‌ഡേ ഡർബാറുകളിൽ കൂടിയായിരുന്നു
. കോളജിലെ പ്രതിഭാധനരെല്ലാം ഒത്തുകൂടിയ സന്ദർഭങ്ങൾ അനന്തമായ സാധ്യതകളുടെ വിളംബര വേദികളായി.
കലാലയാന്തരീക്ഷം തന്നെ അത് മാറ്റി മറിച്ചു എന്ന് പറയാം.
മയിലാടും
പാറയിൽ പോയതിനു ശേഷം സാം സാറും സുമിയും ഏറെയൊന്നും പരസ്പ്പരം സംസാരിച്ചില്ല എന്നത് അവർക്കു തന്നെ അത്ഭുതമായി
തോന്നി. മനസ്സിൽ മൊട്ടിട്ട തളിരുകൾ മരമായി വളരട്ടെ എന്നായിരുന്നു ? അതോ മാതൃക അദ്ധ്യാപകരുടെ
പക്വ മനസ്സുകൾ തങ്ങളെത്തന്നെ കഠിന തടവിന് വിധിച്ച് തടവറകളിലടച്ചതാണോ ?
അന്നത്തെ ഡർബാർ പതിവിലും നേരത്തെ നിറുത്തി. മുറിയിൽ സാം സാറും സുമിയും തനിച്ചായി.
" എനിക്കൊരു രഹസ്യം പറയണമല്ലോ. എന്റെ വീട് വരെ വരുന്നത് ബുദ്ധിമുട്ടാവുമോ മംഗലത്തിന്?"സാർ ചോദിച്ചു. ഏറെ കാലത്തെ വരൾച്ചയ്ക്ക് ശേഷം മഴ ആർത്തലച്ചു വരുന്നതുപോലൊരു തോന്നലായിരുന്നു സുമിക്ക്. യുഗങ്ങളായി കാത്തിരിക്കയായിരുന്നോ ഇതൊന്നു കേൾക്കാൻ ? അവസാനത്തെ വാക്ക് മംഗലത്തിന് എന്നതിന് പകരം മംഗല്യത്തിന് എന്നായിരുന്നെങ്കിൽ എത്ര നന്നായേനെ എന്നവൾ മോഹിച്ചു പോയി.
No comments:
Post a Comment