Wednesday, 18 May 2022

 

അദ്ധ്യായം  ഇരുപത്തൊന്ന്

 

അതിർത്തികൾ മാറ്റിവരയ്ക്കൽ

 

ഇടിവെട്ടേറ്റു തകർന്നുപോയ കൊമ്പൻ ആഞ്ഞിലിയുടെ തായ്ത്തടിയിൽ പിന്നെയും ശിഖരങ്ങൾ മുളച്ചു. കാക്കയും കിളിയും വീണ്ടും അവിടെ മേളം തുടങ്ങി.

ക്ളാസ്സ് കഴിഞ്ഞു മടങ്ങി വരുമ്പോൾ ശോശക്കുട്ടി ആഞ്ഞിലിയുടെ മണ്ടയിലേക്കു നോക്കി. പുത്തൻ ചില്ലകൾ തന്നെ നോക്കി ചിരിക്കുന്നു.

"ചിരിക്കണ്ട.... എന്റെ ചെറുക്കനെ തള്ളിയിട്ടതുകൊണ്ടാ നിന്റെ മണ്ട പോയത്. സൂക്ഷിച്ചോ....ഇനിയെങ്കിലും...." അത്പറഞ്ഞു അവളും ചിരിച്ചു.

വീട്ടിലെത്തിയപ്പോൾ തന്റെ മേശ പ്പുറത്തിരിക്കുന്നു ചില പായ്ക്കറ്റുകൾ. മിന്നുന്ന സാരികൾ, മണക്കുന്ന പൗഡർ, അത്തർ......

"അമ്മേ......" വിളിയുടെ അർത്ഥം അമ്മയ്ക്ക് മനസ്സിലായി.

"കുട്ടാപ്പി കൊണ്ട് വച്ചതാ......ജോണിക്കുട്ടി കൊടുത്തയച്ചെന്ന്...."

എല്ലാമെടുത്തു വയലിലേക്കെറിയാൻ അവൾ ഒരുങ്ങിയതാണ്. ചെയ്തില്ല.

"പാവങ്ങൾ........." അവൾ ഉള്ളിൽ പറഞ്ഞു. കുളിക്കാനായി പോവുമ്പോൾ അവൾ മുല്ലയോട് ചോദിച്ചു.

"അത്തർ പൂശട്ടോടി..... നിന്നെ.....? കൂടുതൽ മണക്കാൻ....?

മുല്ലയ്ക്കു ശർദ്ധിക്കാൻ വരുന്നതായി അവൾക്കു തോന്നി. ശോശക്കുട്ടിക്കും ഉള്ള മണം മതി.

കുളികഴിഞ്ഞു മുറിയിൽ വന്നു കയറിയ അവൾ പെട്ടെന്ന് മേൽപ്പോട്ടു ചാടി. പിന്നെ തെറിച്ചു തറയിൽ വീണു.

ജോണി തന്റെ കട്ടിലിരുന്നു ചിരിക്കുന്നു. പല്ലെല്ലാം കാട്ടിയുള്ള ഭ്രാന്തൻ ചിരി.

"അമ്മേ....." വിളിയുടെ അർത്ഥവും  അമ്മ ഗ്രഹിച്ചു. ഒന്നും പറയാൻ പക്ഷേ അവരുടെ നാവു ചലിച്ചില്ല. പറഞ്ഞത് കുട്ടാപ്പിയായിരുന്നു. ഏതോ മൂലയിൽ അവനും മറഞ്ഞു നിൽപ്പുണ്ടായിരുന്നു.

"കിടന്നു തുള്ളാതെ പെണ്ണെ..... നിന്നെ കെട്ടാൻ പോണ ചെറുക്കനല്ലിയോ.....?

"ആരാടാ പട്ടീ.... എന്നെ കെട്ടാൻ പോന്നെ....?" അവൾ കുട്ടാപ്പിയുടെ നേരെ ചീറിയടുത്തു. അവൻ ഭയന്നു മാറി.

പിറകിൽ നിന്ന്ജോണിയുടെ കൈ തന്റെ തോളിൽ പതിക്കുന്നതവൾ അറിഞ്ഞു.

തിരിഞ്ഞു അവന്റെ കന്നം നോക്കി അവൾ ഒരടി കൊടുത്തു. അത്ര വേഗത്തിൽ അവൾ പ്രതികരിക്കുമെന്ന് അവനും കരുതിയില്ല.

അവിടെ നിന്നാൽ വ്യാഘ്രങ്ങൾ തന്നെ കടിച്ചുകീറുമെന്നറിഞ്ഞ ശോശക്കുട്ടി ഇറങ്ങി ഓടി. വയൽ വരമ്പിലൂടെ. മത്തച്ചന്റെ വീട്ടിലേക്ക്.

മത്തച്ചന്റെ ചേട്ടന്മാർ ഒരുങ്ങിയിറങ്ങിയതാണ്. ഇതു ചോദിച്ചിട്ടേയുള്ളൂ എന്ന മട്ടിൽ. അമ്മ തടഞ്ഞു.

"രാത്രിയിൽ ഇന്നിനി ഒന്നും ചോദിക്കേണ്ട..... മോളിവിടെ കിടന്നാൽ മതി".

പോയ മാസത്തിൽ മറിയവും മണവാളച്ചെറുക്കനുമായി കിടന്ന മുറിയിൽ തലയിണകളെ കെട്ടിപ്പിടിച്ചു ശോശക്കുട്ടി കിടന്നു. ഭിത്തിയിലിരുന്ന ദമ്പതികളുടെ ഫോട്ടോ നോക്കി.

നിന്റെ കാന്തൻ എവിടെ ? മനസ്സ് അവളോട് ചോദിച്ചു.

മലകളിൽ ചാടിയും കുന്നുകളിൽ കുതിച്ചും അവൻ വരുന്നോ?

അത്തിക്കായ്കൾ പഴുത്തു. മുന്തിരി വള്ളികൾ പൂത്തു. പറിക്കാൻ അവൻ വരുമോ? സുഗന്ധസസ്യങ്ങളുടെ തടം തേടി അവൻ വരില്ലേ....? സർവാംഗസുന്ദരൻ ........?.

ഡൽഹിയിൽ നിന്ന്കേരളത്തിലേക്കുള്ള ട്രെയിനിൽ കയറുമ്പോൾ മാത്യു ജോസഫ് എന്ന മത്തച്ചന്റെ മനസ്സ് ഒരു കടലായിരുന്നു. ഇത്രയേറെ ആത്മസംഘർഷം ഒരിക്കലും അനുഭവിച്ചിട്ടില്ല. ശോശക്കുട്ടിയെ കുട്ടാപ്പി കടന്നു പിടിച്ചപ്പോൾ പോലും. അതൊക്കെ ഒരു ചവിട്ടിൽ ഒതുങ്ങുന്ന പ്രശ്നമേ ആയിരുന്നുള്ളൂ. ഇത്അസ്ഥിത്വത്തിന്റെ, ആത്മഭാവത്തിന്റെ അന്വേഷണ പ്രക്രിയയാണ്. ജീവിതം ആർക്കുവേണ്ടി? എന്തിനു വേണ്ടി. അതേ എന്നോ അല്ല എന്നോ പറഞ്ഞേ പറ്റൂ.

പാർട്ടി ഒരുപാടു നിർബന്ധിച്ചപ്പോഴാണ് തലസ്ഥാനത്തെ കോളേജിൽത്തന്നെ ചേർന്നത്. ബിരുദാനന്തര പഠനത്തിന്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഒരുപാടുയരങ്ങൾ താണ്ടുകയും ചെയ്തു. ഒപ്പം വിജ്ഞാനത്തിന്റെ വിശാല ലോകത്തു പ്രയാണം തുടരാനും സാധിച്ചു. പക്ഷേ സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ലാതെ തന്റെ പെണ്ണിനെ വിളിച്ചിറക്കി വീട്ടിൽ കൊണ്ടുവരാൻ പറ്റുമോ?.

താൻ പഠനത്തിനായി വിദൂരതയിൽ ആയതുമുതൽ വിളക്കിലെ തിരിമാതിരി എരിഞ്ഞുകൊണ്ടിരിക്കയാണവൾ. എണ്ണ തീർന്നാൽ കരിന്തിരി അണയും.

മറിയത്തെ കെട്ടിച്ചുവിട്ടതുമുതൽ ചേട്ടത്തിമാരും പറഞ്ഞുതുടങ്ങി.

"എന്നും പാർട്ടിയെന്നും പറഞ്ഞു നടന്നാൽ മതിയോ....? പെണ്ണിനെ കണ്ണീര് കുടുപ്പിക്കരുത്".

തന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന ചേട്ടത്തിമാർ മുമ്പൊന്നും അങ്ങനെ ഉപദേശിച്ചിട്ടില്ല. ഒരു പെണ്ണിന്റെ വേദന അവർക്കല്ലേ അറിയൂ....

ഗോപിസാറുമായി ഒത്തിരിനേരം ചർച്ച ചെയ്തു . എങ്ങുമെത്തിയില്ല. ഒടുവിൽ രേവതി ടീച്ചറാണ് പറഞ്ഞത്.

"മത്തച്ചൻ . എസ് എഴുതട്ടെ. തീർച്ചയായും പാസ്സാകും. ബി. ക്കു റാങ്കുണ്ടായിരുന്നല്ലോ."

ഗോപിസാർ ഒന്ന് മൂളുകമാത്രം ചെയ്തു. അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴം വായിക്കാൻ ആധുനിക ആഖ്യാനകലയുടെ പണ്ഡിതന്മാർക്കുപോലും ഒരുനാളും കഴിയുമായിരുന്നില്ല. പക്ഷേ മനുഷ്യൻ മനുഷ്യസ്നേഹത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവയാണെന്നു മാത്രം മത്തച്ചനറിയാം. പാതി മുറിഞ്ഞ കാലാണ് താൻ ആരാധിക്കുന്ന ജീവനുള്ള ഒരു ബിംബം.

അധികമാലോചിക്കാൻ സമയമില്ലായിരുന്നു. അപേക്ഷ അയച്ചു. റിസൾട്ട് വന്നപ്പോൾ പത്താം റാങ്കുണ്ട്. ഇപ്പോൾ വാചാ പരീക്ഷയും കഴിഞ്ഞിരിക്കുന്നു. പാസ്സാകുമെന്നു തീർച്ച.

ശോശക്കുട്ടിയോട് അഭിപ്രായം ചോദിച്ചപ്പോൾ മുല്ലയുടെ മൂട്ടിൽ അവളും മൂകയായി നിന്നതേയുള്ളൂ.

മുമ്പൊരിക്കൽ അവൾ ചോദിച്ചതാണ്.

"നമുക്കീ വഴി മതിയോ....?" പക്ഷേ അന്നവൾ കൊച്ചായിരുന്നു.

ഫ്രോസ്റ്റിന്റെ ' റോഡ് നോട്ട് ടേക്കൺ' എന്ന കവിത എത്രതവണ വായിച്ചു. നെഹ്റുവിന് 'സ്റ്റോപ്പിഗ് ബൈ   വുഡ്സ്' ആയിരുന്നെങ്കിൽ മത്തച്ചന് ' റോഡ് നോട്ട് ടേക്കൺ' മതിയായിരുന്നു.

ഇവിടെ നീണ്ട വഴി രണ്ടായി പിരിയുന്നു. ഏതിലെ പോവണം?.

അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി മുഴുവൻ സമയ രാജ്യ സേവനത്തിനിറങ്ങാൻ മുതിർന്ന നേതാക്കൾ തന്നെ നിർബന്ധിക്കുന്നു. ഒരുപാടാതിർത്തികൾ മാറ്റി വരയ്ക്കാനുണ്ടെന്ന്....... ഒത്തിരി സമസ്യകൾ നിർവ്വചിക്കാനുണ്ടെന്ന്. പല പ്രവാഹങ്ങളെ ഏകോപിപ്പിക്കണമെന്ന്. ശാശ്വതമായതിനായി ഓടിയാൽ മതിയെന്ന്.

ഗോപിസാർ മൂളുന്നതല്ലാതെ തീർത്തൊന്നും പറയുന്നില്ല. തന്റെ തീരുമാനങ്ങൾ ഏറ്റവും ഉത്തമമെന്ന് ഒരിക്കൽ അഹങ്കരിച്ചിരുന്ന ആളാണ്‌. ഇന്നിപ്പോൾ അദ്ദേഹത്തിനും സംശയങ്ങളാണ്. പല വഴികൾ നടന്നവനല്ലേ? തന്റെ തീരുമാനം മുമ്പത്തെപ്പോലെ പാളിപ്പോയാൽ? തനിക്കൊരു കാലേ പോയുള്ളൂ. പിള്ളേരുടെ ജീവിതം തുലയും. എന്തുപദേശിക്കും? അദ്ധ്യാപകൻ തോൽക്കുന്നതിവിടെയാണെന്ന് സാർ നൊന്തറിഞ്ഞു.

കമ്പാർട്ടുമെന്റിലെ ബർത്തുകളിൽ എല്ലാവരും കൂർക്കം വലിച്ചു തുടങ്ങി. മത്തച്ചന്റെ മനസ്സിലെ ഇരമ്പൽ മാത്രം ഒടുങ്ങുന്നില്ല. അവൻ ഒരുപാടു സ്വപ്നങ്ങൾ കണ്ടു.

സ്യൂട്ടണിഞ്ഞു, ബാറ്റായുടെ കൂർത്ത മുനയുള്ള ഷൂസും ധരിച്ചു അരിസ്റ്റോക്രാറ്റിന്റെ പെട്ടിയും തൂക്കി, പോക്കറ്റിൽ തിളങ്ങുന്ന പേനയും കുത്തി വിമാനത്തിലേക്ക് നടന്നു കയറുന്ന ഒരു മനുഷ്യൻ. പറന്നുപറന്ന് ലോകം മുഴുവൻ. അവസാനം ഒരാത്മകഥ എഴുതാം. "ഉഗ്രൻ കുന്നുമുതൽ ഉഗാണ്ട വരെ" അല്ലെങ്കിൽ "ലോകമഹാ സാമ്രാജ്യങ്ങളിലൂടെ" പണ്ടെങ്ങോ ഉഗ്രൻകുന്നിൽ ജീവിച്ചിരുന്ന ഒരുത്തൻ എന്ന് അടുത്ത തലമുറ പറയും. അവരുടെ ഏതെങ്കിലും മീറ്റിംഗിൽ വിശിഷ്ടാതിഥിയായി എത്തുമ്പോൾ കുട്ടികൾ ഏതോ ഒരു ഹിസ്രജന്തുവിനെയെന്നപോലെ നോക്കും. വിവിധ രാജ്യങ്ങളിലെ ഫ്ളാറ്റുകളുടെ അടുക്കളകളുമായി മൽപ്പിടിത്തം നടത്തുന്ന ഒരു നാടൻ തരുണിയുമുണ്ടാവും കൂട്ടിന്. അവളും എഴുതും ഒടുവിലൊരു വിലാപകാവ്യം.

ജോഹാന്നസ്ബർഗിലെ ഗാന്ധി ഇന്ത്യയിലെത്തി പെട്ടന്ന് ഗ്രാമഗ്രാമാന്തരങ്ങൾ സന്ദർശിച്ചു. ഉടുതുണിക്കു മറുതുണിയില്ലാത്ത പാവം സ്ത്രീക്കുവേണ്ടി തന്റെ രണ്ടാം മുണ്ടഴിക്കുന്നു.

മുകളിലെ ബർത്തിൽ കിടന്ന് മത്തച്ചൻ മുരണ്ടു. പലപ്രാവശ്യം മൂത്രമൊഴിക്കാനായി ലൈറ്റ് ഇട്ടിറങ്ങിയപ്പോൾ സഹയാത്രികർ ശപിക്കാൻ തുടങ്ങി.

അങ്ങനെത്തന്നെയല്ലേ ജീവിതം? എല്ലാവരും ഒരുമിച്ചു യാത്ര ആരംഭിക്കും ഒരുകൂട്ടർ വെടിപറഞ്ഞും വെള്ളമടിച്ചും ചീട്ടുകളിച്ചും മേളിച്ചിട്ട് കുശാലായ ശാപ്പാടടിച്ചുറങ്ങും. വേറെ ചിലർ അകലങ്ങളിൽ തളർന്നുവീണു പോകും. എത്തേണ്ടിടത്തെത്താൻ പല കാരണങ്ങളാലും ശക്തിയില്ലാതെ പോകുന്നവർ. ഇനിയും ചിലർ രാത്രിയുടെ യാമങ്ങളെണ്ണി വിധിയെപ്പഴിച്ചു കഴിയും.

ചരിത്രത്തിനൊപ്പം നടന്ന ഒരാൾ അപ്പോൾ കൂടെ വന്നു മത്തച്ചനോടൊപ്പം കിടന്നു. വല്ലാത്തൊരാശ്വാസം. ഉള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുക്കാൻ ഗലീലിയയിലെ നായകൻ പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച ഒരാൾ. അയാൾ അരമനകൾ പണിഞ്ഞില്ല. പൊളിച്ചതേയുള്ളൂ. അയാൾ മതിലുകൾ കെട്ടിയില്ല ഇടിച്ചതേയുള്ളൂ. ഏറെനാൾ ജയിലിലും പിന്നെ ഹരിജനങ്ങളുടെ മാടങ്ങളിലും മുക്കുവരുടെ കുടിലുകളിലുമായിരുന്നു. ഭാര്യയെയും ഒരു വയസ്സുള്ള മകളെയും ഉപേക്ഷിച്ചു മടക്കം എന്നാണെന്നറിയാത്ത യാത്രക്ക് ഇറങ്ങി പുറപ്പെട്ടയാൾ. ശ്രീബുദ്ധനെപ്പോലെ ഒരു ബോധോദയത്തിനു കൊതിപൂണ്ടു നടന്ന ഭിക്ഷാംദേഹി. പക്ഷേ ആൽത്തറയിൽ തപസ്സനുഷ്ഠിക്കാൻ നേരമില്ലായിരുന്നു. പാവങ്ങളുടെ അടുക്കളകളിൽ തീ കത്തിക്കാൻ വകയുണ്ടാക്കുന്നതിന്റെ തന്ത്രപ്പാടിലായിരുന്നു.

ഒരു രാത്രി കഴിഞ്ഞു മത്തച്ചൻ ആശ്വസിച്ചു. പക്ഷേ പകൽ അതിലും ക്രൂരമായിരുന്നു.

മസ്സൂറിലെ കൊട്ടാരങ്ങൾ. മലമടക്കുകളിലെ ഉല്ലാസകേന്ദ്രങ്ങൾ. ഭാരതസർക്കാരിന്റെ അധികാരക്കോട്ടകൾ. അവയ്ക്കുള്ളിലെ ആനന്ദത്താവളങ്ങൾ. വിലകൂടിയ കാറുകൾ, യൂണിഫോമിട്ട പരിചാരകർ, മദനലാലസ്യമേളകൾ, മസൃണ സിംഹാസനങ്ങൾ, മാടിവിളിക്കാൻ ഒത്തിരി കാര്യങ്ങൾ.

.. എസ്സുകാരന്റെ കസേരയിൽ എന്റെ ചെറുക്കൻ ഇണങ്ങി ഇരിക്കുമോ....? അതോ ഇറങ്ങി ഓടുമോ.....?

"എന്റെ പെണ്ണ് പറയുമ്പോലെ....എന്താ ....?"

"കുന്തം...."

അതും പറഞ്ഞു പെണ്ണ് തന്റെ മാറിൽ അള്ളിപ്പിടിച്ചു. നെഞ്ചിലൊക്കെ കടിച്ചു.

എന്തോ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് മത്തച്ചൻ ചാടിയെണീറ്റു. സഹയാത്രികർ അമ്പരന്നുപോയി.

"എന്താ സ്നേഹിതാ...... അസുഖം വല്ലതും......." അവൻ നെഞ്ചുതടവുന്നതു കണ്ടപ്പോൾ അവർക്കു ശ്വാസം മുട്ടി.

"ഹേയ് കുഴപ്പമൊന്നുമില്ല. ഞാനൊന്നു കിടക്കട്ടെ....." വീണ്ടും മുകളിലെ ബർത്തിലേക്കവൻ വലിഞ്ഞു കയറി. തന്റെ വീഴ്ച ഭയാനകമെങ്കിൽ താങ്ങി നിറുത്താൻ വെളുത്ത ആൾരൂപമുണ്ടാകുമോ.?.

തീവണ്ടിയുടെ ആർത്തിപിടിച്ച ഓട്ടം. താഴെ ഞെരിയുന്ന പാളങ്ങളുടെ ദീനരോദനം.

ഒരു രാത്രികൂടി  തള്ളിനീക്കിയെങ്കിൽ ഉഗ്രൻകുന്നിലെത്താമായിരുന്നു. മത്തച്ചൻ കിടന്നു പിടച്ചു. ശാന്തരായി ഉറങ്ങുന്ന സഹോദരങ്ങളെ കണ്ടപ്പോൾ അവനു അസൂയ തോന്നി.

നിലയില്ലാക്കയത്തിൽ ഒരു കൊതുമ്പുതോണി മാത്രമോ ജീവിതം?.

ഗത്സമനയിൽ നിന്നൊരു ശബ്ദം."നീ ഉറങ്ങാതിരിക്കുന്നെങ്കിൽ ഒരു നാഴികയെങ്കിലും എന്നോടൊപ്പമായിക്കൂടെ....."

പലയാവർത്തി ശബ്ദം കേട്ടു. കമ്പാർട്ടുമെന്റിലാകെ ഒരു അത്ഭുതപ്രകാശം. എവിടെയോ ഒരു വെളുത്ത ആൾരൂപമുണ്ടായിരുന്നോ?. അദ്ധ്വാനഭാരത്താൽ വലയുന്നവരുടെ സവിധത്തിൽ അവിരാമം നടന്നവൻ. മുക്കുവ കുടിലുകളിലും പാവങ്ങളുടെ മാളങ്ങളും താവളമാക്കിയവൻ. പറവകളെപ്പോലെ ഒരാകാശം കൊതിച്ചവൻ.

പ്രഭാതം വിടരുമ്പോൾ മാത്തച്ചൻ ശാന്തനായിരുന്നു. ബോധിവൃക്ഷത്തണലിൽ നിന്നുണർന്നെണീറ്റവനെപ്പോലെയായിരുന്നു അവൻ ഉഗ്രൻകുന്നിൽ തിരിച്ചെത്തിയത്.

 

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )

By  ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം ഇരുപത്

കാലപ്രവാഹത്തിൽ പൊങ്ങിയും താണും

 

രേവതി ടീച്ചർ യഥാകാലം രണ്ടു കുഞ്ഞുങ്ങളെക്കൂടി പ്രസവിച്ചു. ഓമനക്കുട്ടനും മറിയക്കുട്ടിയും. ഗോപിസാർ സർക്കാർ ഹൈസ്കൂളിൽ  ഹെഡ്മാസ്റ്ററായതോടൊപ്പം സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവുമായി.

തന്റെ പിഞ്ചോമനകൾ മുറ്റത്ത് ഓടിക്കളിക്കുന്നത് വരാന്തയിലെ ചാരുകസേരയിലിരുന്ന് അദ്ദേഹം വീക്ഷിച്ചു. കാലപ്രവാഹത്തിൽ പൊങ്ങിയും താണും പോകുന്ന തിരകളെപ്പറ്റിയായി അദ്ദേഹത്തിന്റെ ധ്യാനം.

മനസ്സ് എവിടെയോ ഉടക്കി. രാത്രിയിൽ ഒരു നിമിഷം പാളിപോയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി....?

സായിപ്പിന്റെ ദിനചര്യകളൊക്കെ നന്നായി പഠിച്ചിട്ടാണ് ഓപ്പറേഷൻ ക്രമീകരിച്ചത്. പതിനൊന്നു മണിക്കാണ് പ്രാർത്ഥന. പന്ത്രണ്ടു മണിക്ക് അൾസേഷ്യൻ നായയുമായി ഒരു കറക്കമുണ്ട്. തോക്കും കയ്യിൽ കാണും. അരമണിക്കൂർ ചുറ്റിയടിച്ചിട്ടു വരുമ്പോൾ മാത്രമേ ബംഗ്ലാവിന്റെ വാതിൽ പൂട്ടുകയുള്ളു.

കൃത്യം പതിനൊന്നു മണിക്ക് തന്നെ സ്പോട്ടിലെത്തി. ഏതു പട്ടിയെയും മയാക്കാനുള്ള തന്ത്രം നേരത്തെ അഭ്യസിച്ചിരുന്നതിനാൽ അവനെ എളുപ്പത്തിൽ കുടുക്കി.

പതിയെ വാതിൽ തുറന്നു അകത്തു കടന്നപ്പോൾ സായിപ്പും മദാമ്മയും മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നു. കുട്ടികൾ നേരത്തെ ഉറക്കമായിട്ടുണ്ട്. മദാമ്മ നേരിയ ഒരു കുപ്പായം മാത്രമേ അണിഞ്ഞിരുന്നുള്ളു. അവർ ഒരു മാദകത്തിടമ്പായിരുന്നു.

ആഫ്രിക്കയിൽ തങ്ങൾ നേരത്തെ സേവനം ചെയ്തിരുന്നപ്പോൾ സംഭവിച്ച കാര്യങ്ങളൊക്കെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട്. ഏതോ വൻ വിപത്തിൽ നിന്ന് രക്ഷിച്ചതിനു സ്തുതി. അവിടുത്തെ ചില ആൾക്കാരുടെ പേര് പറഞ്ഞ് പ്രാർത്ഥിക്കുന്നു.

പൂച്ചയുടെ കാലുകളോടെ നടന്നു പണപെട്ടിയിരിക്കുന്ന ഓഫീസുമുറിയിൽ  കയറി. പണപെട്ടിയുടെ താക്കോൽ അതിൽ തന്നെ കിടക്കുന്നു. പക്ഷെ അകത്ത് നൂറിന്റെ ഏതാനും നോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കുറെ പ്രമാണങ്ങളും. സായിപ്പ് പണമെല്ലാം ബാങ്കിലിടാതെ പെട്ടിയിൽ സൂഷിക്കുമെന്നായിരുന്നു തനിക്കു ചില ചാരന്മാർ വഴി ലഭിച്ച സന്ദേശം. പക്ഷെ പദ്ധതി പൊളിഞ്ഞെന്നു അപ്പോൾ തന്നെ ബോദ്ധ്യമായി. ജീവനും കൊണ്ട് രക്ഷപ്പെടുക എന്നത് തന്നെ കാര്യം.

പന്ത്രണ്ടു മണിക്ക് തോക്കുമായി പുറത്തിറങ്ങിയ സായിപ്പ് കുഴഞ്ഞു കിടക്കുന്ന പട്ടിയെ എഴുനേൽപ്പിക്കാൻ വൃഥാ ശ്രമം നടത്തുന്നത് ജനലിൽകൂടി കാണാമായിരുന്നു.

മദാമ്മ ബെഡ്റൂമിലേക്ക് കയറുന്നതു കണ്ടിട്ടാണ് താൻ പതിയെ പുറത്തേക്കിറങ്ങിയത്. തൊട്ടടുത്ത നിമിഷം അവർ തിരികെ വന്നു. മുഖം മൂടിയണിഞ്ഞു കയ്യിൽ തോക്കുമായി നിൽക്കുന്ന തന്നെ കണ്ടു മദാമ്മ അലറി വിളിച്ചു. നൊടിയിടയിൽ താൻ ഓടി ഗേറ്റ് ചാടികടന്നെങ്കിലും സായിപ്പിന്റെ ഉന്നം പിഴച്ചില്ല. ചീറി വന്ന വെടിയുണ്ട കാൽമുട്ട് തുളച്ചു കടന്നു പോയത് ഏതു ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടാണെന്നു പലവട്ടം ആലോചിച്ചിട്ടുണ്ട്.

ജീവൻ നിലനിർത്താനുള്ള ആത്മാവിന്റെ ത്വര അന്ന് താനുമറിഞ്ഞതല്ലേ ? രക്ഷപെട്ടത് മഹാഭാഗ്യം.

ഏതു വഴി ആയിരുന്നു സുന്ദരം? പോയതോ. പോകാത്തതോ?

പത്താം ക്ലാസ്സിൽ തോറ്റു ഒളിച്ചോടിയ മലയിലെ ജോണി പെട്ടെന്നൊരു ദിവസം ഉഗ്രൻകുന്നിലെ കമ്പോളത്തിൽ കാറിൽ വന്നിറങ്ങി. പാന്റ്സും ടീഷർട്ടും ധരിച്ചു ഫോട്ടോ ക്രോണിക് കൂളിംഗ് ഗ്ലാസും വച്ച്. കയ്യിൽ പട്ടി തുടലുപോലുള്ള സ്വർണ്ണ ചെയിനുമായി വന്നിറങ്ങിയ അവനെ ആദ്യമാർക്കും മനസ്സിലായില്ല. കാറിൽ ഏറെ പെട്ടികളും ഫോം മെത്തയുമുണ്ടായിരുന്നു. ജനം അവനെ വളഞ്ഞു നിന്നു.

ഒരുപാടു കാറുകൾ അതുവഴി പാഞ്ഞു പോകുന്നത് കണ്ടിട്ടുണ്ടെങ്കിലും അതുപോലൊരെണ്ണം ഉഗ്രൻകുന്നിൽ വന്നു നിൽക്കുന്നത് ആദ്യമായിരുന്നു. നാട്ടിൽ വീണ്ടും ഉത്സവമായി. കാളൻ ബേബി മുതൽ തേയിവരെയുള്ളവർക്കെല്ലാം തുണികളും പലതരം വിശേഷപ്പെട്ട സാധനങ്ങളും ജോണി കരുതിയിട്ടുണ്ടായിരുന്നു. പക്ഷെ അത് കാണാൻ തേയി ഇല്ലായിരുന്നു. 125  - )o വയസ്സിൽ യാത്ര പറഞ്ഞു. പല മുണ്ടുകളുടെ മൂലകളിലായി ഇരുനൂറ്റി പതിനഞ്ചു രൂപയുടെ സമ്പാദ്യം ഒളിച്ചു വച്ചിരുന്നു.

കൂട്ടുകാരെയെല്ലാം തേടിപ്പിടിച്ചു സെമിത്തേരിയിൽ അന്ന് വൈകിട്ട് ജോണി ഒരു തകർപ്പൻ ഡർബാർ നടത്തി. മത്തച്ചൻ സ്ഥലത്തില്ലായിരുന്നു. വിദേശമദ്യത്തിന്റെ നുരയും പാതയും കല്ലറക്കുന്നിനെ ആദ്യമായി അശുദ്ധമാക്കി. ആത്മാക്കൾ അവിടെ ഞെളിപിരികൊണ്ടു.

ജോണിയുടെ വരവ് നാട്ടിൽ ഒരു ഭൂകമ്പമുണ്ടാക്കി. പഴയ നക്സലൈറ്റുകൾ കണ്ടിരുന്നെങ്കിൽ നാണിച്ചുപോയേനെ. ആയിരപ്പറ വിതച്ചിരുന്ന ഈച്ചരൻപിള്ള എന്ന ജന്മിയുടെ വിശാലമായ പറമ്പിനും തട്ടടിച്ച വീടിനും കൂടി അവൻ വില ചോദിച്ചു. വമ്പിച്ചൊരു മുതലെന്നു  കരുതി അയാൾ ചോദിച്ച പണം പുളിങ്കുരു പോലെ ജോണി എണ്ണി കയ്യിൽ കൊടുത്തു.

നക്സൽ ആക്രമണം ഉണ്ടായപ്പോൾ വാങ്ങി വച്ച തോക്കുമെടുത്തു ജന്മി പടിയിറങ്ങി. കൂടെ ഭാര്യയും നാട്ടിലെ ചെറുപ്പക്കാരുടെ ഹരമായിരുന്ന നാല് പെൺമക്കളും. അവർ പോയതിൽ പിന്നെ യുവാക്കളാരും നന്നായി ഉറങ്ങിയിട്ടില്ല. നെടുവീർപ്പുകളുടെ പ്രളയമായിരുന്നു.

എരിത്തിലും കളീലും പൊളിച്ചു മാറ്റി ജോണി അവിടെ പൂന്തോട്ടമുണ്ടാക്കി. ഗേറ്റിൽ മലയിൽ ഗാർഡൻസ് എന്ന പേരും കൊത്തി. വിശാലമായ പറമ്പിന്റെ മദ്ധ്യ ഭാഗത്തായി ഒരു മൂന്നു നില മാളികയുടെ നിർമ്മിതിയും തുടങ്ങി.

നാട്ടിലെ ചെറുപ്പക്കാർ പ്രത്യേകിച്ചും വിദ്യാസമ്പന്നർ പകൽ പുറത്തിറങ്ങാതായി. അവർ പെട്ടെന്ന് ഷണ്ഡന്മാരായപോലെ

മലയിൽ ഗാർഡൻസിൽ ഹവ്വയാകാൻ ഉഗ്രൻകുന്നിലെ ഏതു വീട്ടിൽ നിന്നൊരു പെണ്ണിനെ ജോണി വിളിച്ചിറക്കി കൊണ്ട് വരും എന്നായി കമ്പോളത്തിൽ ചർച്ച. അവനും അതിനെപ്പറ്റി തന്നെ ആലോചിക്കുകയായിരുന്നു.

കുട്ടാപ്പി ഗാർഡൻസിൽ പാഞ്ഞെത്തി.

 " ജോണി കെട്ടുന്നെങ്കിൽ ശോശക്കുട്ടിയെ തന്നെ കെട്ടണം. ......”

അവളെങ്ങനെ മാതളപ്പഴം മാതിരി പഴുത്ത് പാകമായി നിൽക്കുവല്ലിയോ......."

".....നമ്മുടെ ശോശക്കുട്ടി.........ചാക്കോച്ചന്റെ വിവരം ഞാനും അറിഞ്ഞിരുന്നു. സൊ സാഡ്. കഷ്ടമായിപ്പോയി. .......പിന്നെ അവൾ നമ്മുടെ മത്തച്ചന്റെ മനസപുത്രിയല്ലേ?"

"ഛായ്‌...അതൊക്കെ പഴങ്കഥയല്ലേ ജോണിച്ചാ.....അവൻ എം. കഴിഞ്ഞിട്ട് പാർട്ടിയുടെ അഖിലേന്ത്യ ജോയിന്റ് സെക്രെട്ടറിയാകാൻ പോവുകല്ല്യോ ......? അവളെ എന്നെ അവൻ ഉപേക്ഷിച്ചു. അല്ലേലും കമ്മ്യൂണിസ്റ്റുകാരിൽ ഏതവനാ നെറിയുള്ളവൻ?

ജോണി ജോണിവാക്കർ ഒരെണ്ണം ഫ്രിഡ്ജിൽ നിന്ന് വലിച്ചെടുത്തു. കുട്ടാപ്പിയുടെ കണ്ണുകൾ പുറത്തേക്കു തള്ളി വന്നു.

"എങ്ങനുണ്ട് അവളുടെ സൗന്ദ്യര്യം....."? ജോണിക്കു ആകാംക്ഷ കൂടി.

ജ്വലിച്ചങ്ങനെ നിൽക്കുവല്ലിയോ.....! ഹോ .....എന്റെ ദേഹം കോരിത്തരിക്കുന്നു......" കുട്ടാപ്പി വർണ്ണിക്കാൻ തുടങ്ങിയപ്പോൾ ജോണി കൈ കാണിച്ചു.

"അങ്ങനാണേൽ ഒരു കൈ നോക്കാം..."

കുട്ടാപ്പി ചാടി ജോണികുട്ടിയുടെ കവിളിലൊരുമ്മ കൊടുത്തു. പിന്നെ ഇറങ്ങിയോടി.

" ഇങ്ങനൊരവസരത്തിനായി എത്രനാളായി കാത്തിരിക്കയായിരുന്നു. ഞാൻ കാണിച്ചു തരാമെടി......" ഓടുമ്പോൾ അവൻ ഉറക്കെ പറഞ്ഞു.

എങ്ങനെ മറക്കും?

കാണെക്കാണെ വികസിച്ചുവന്ന അവളുടെ നെഞ്ചും നിതംബവും കണ്ടാൽ ഏതു പുരുഷനും തളർന്നുപോവില്ലേ? ഒന്നുമല്ലെങ്കിൽ തൻ വേണ്ടപെട്ടവനല്ലേ.....? അപ്പൻ ചത്തതിന് ശേഷം വീട്ടിലെ എല്ലാക്കാര്യങ്ങളും  നോക്കുന്നതു താനല്ലേ.....? ഒരു ദുർബല നിമിഷത്തിൽ അറിയാതെ ഒന്ന് കയറിപ്പിടിച്ചുപോയി. ഉടനെ ഇറങ്ങി അവൾ ഓടണമായിരുന്നോ ഇന്തിരവന്റെ അടുത്തേക്ക്.....? അതും കീറിയ ബ്ളൗസുമായിട്ട്.... രാത്രീല് ....?

അവൻ നാഭിക്ക് തൊഴിച്ച  തൊഴിയുടെ വേദനയും നീരും ഇതുവരെ മാറിയിട്ടില്ല. മേലിൽ വീട്ടിൽ കണ്ടു പോയാൽ കൊന്നു കുഴിച്ചു മൂടിക്കളയും എന്നൊരു താക്കീതും. കമ്മ്യുണിസ്റ്റല്ലേ......? വിശ്വസിക്കാൻ കൊള്ളുമോ? പിന്നെ ഇതേവരെ അങ്ങോട്ട് കയറാൻ ധൈര്യം വന്നിട്ടില്ല.

ജോണി ശോശക്കുട്ടിയെ വേളികഴിക്കാൻ പോകുന്നു എന്ന വിവരം നാട്ടിൽ പാട്ടായി.

അടുത്തദിവസം സെമിത്തേരിയിൽ പുത്തൻ കൂറ്റുകാരായ കൂട്ടുകാരോടൊപ്പം സല്ലപിക്കുകയായിരുന്ന ജോണി കണ്ടു. ദൂരെ ഒരു വെളിച്ചം. ശോശക്കുട്ടി! ശരീരം ഒന്ന് ത്രസിച്ചു. ഞരമ്പുകൾ ഒന്ന് പിടച്ചു. പണ്ട് കണ്ട ശോശക്കുട്ടിയൊന്നുമല്ലിവൾ.

അറേബ്യൻ കടൽക്കരയിലെ കുളിർക്കാറ്റു തന്നെ തട്ടിയുണർത്തുംപോലെ ജോണിക്കു തോന്നി.

"ഞാനിപ്പോ വരം....." അവൻ കൂട്ടുകാരോട് പറഞ്ഞു.

" അവളെയങ്ങ് വിട്ടേര് ജോണിച്ചാ .......

ശരിയാവ ത്തില്ല ......" ഒരുത്തൻ ഉപദേശിച്ചു.

മരുഭൂമിയിൽ പൂത്ത പാരിജാതമല്ലേ ? അങ്ങനെ ഉപേക്ഷിക്കാമോ ? അതായിരുന്നു ജോണിയുടെ ചിന്ത.

പട്ടണത്തിലെ പാരലൽ കോളജിൽ പ്രൈവറ്റായി എം. പഠിക്കുകയായിരുന്നു ശോശക്കുട്ടി. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും. അവൾ ഒരു സാഹിത്യകാരിയായി വളരുകയായിരുന്നു. ആനുകാലികങ്ങളിൽ കഥകളും കവിതകളുമെഴുതാൻ തുടങ്ങുന്ന ശോശന്ന.

ശോശക്കുട്ടിയെ നഴ്സാക്കാനും ജർമ്മനിയിലയക്കാനും ഇലവുംമൂടച്ചനും കുട്ടാപ്പിയും ചില ബന്ധുക്കളും പഠിച്ച പണിയെല്ലാം പയറ്റിയിട്ടും നടന്നില്ല. അവളുടെ മനസ്സിന് ഇരുമ്പിന്റെ കട്ടിയായിരുന്നു.

അതെല്ലാം ഒരു പക്ഷെ  കുട്ടാപ്പി ഒപ്പിച്ചേനെ. നാഭിക്കുഴിയിലെ നീര് മാറാതെ കിടന്നതിനാൽ അവൻ ഒന്നിനും പോയില്ല.

" ശോശാമ്മേ .....എടീ .....മോളേ......"

ജോണി വിളിച്ചു . അവൾ കേട്ടഭാവം നടിച്ചില്ല. വാർത്തകളൊക്കെ അവളുടെ ചെവിയിലുമെത്തിയിരുന്നല്ലോ. പലരും ചോദിക്കയും ചെയ്തു. എന്നാ കല്യാണം ......? ഭാഗ്യവതിയാ........"

അവൾ ഓടുകയായിരുന്നു.

" മോളേ നീയൊന്നു കേൾക്ക് .....ഇത് ജോണിച്ചായനാ........

നിന്നെ ഞാൻ അറേബ്യയിൽ കൊണ്ടുപോകാൻ വന്നതല്ലേ ......."

അവന്റെ നാക്ക് കുഴഞ്ഞു . പറഞ്ഞതും വ്യക്തമായില്ല .

ആരുമില്ലാത്ത ഇടവഴിയിലെത്തിയപ്പോൾ അവളുടെ പിന്നിയിട്ട മുടിയിൽ അവൻ പിടിച്ചു വലിച്ചു

" കുട്ടാപ്പി എല്ലാം പറഞ്ഞില്ലേ.....? നിന്നെ ഞാൻ പൊന്നുകൊണ്ടു പുതപ്പിക്കാം....."

" വേണ്ട.... " അവൾ ഉച്ചത്തിൽ പറഞ്ഞു.

ഒരു നിമിഷത്തെ ശാന്തതയ്ക്കു ശേഷം മറ്റാരും കേൾക്കാത്ത തരത്തിൽ പതുക്കെ അവൾ തുടങ്ങി.

" ജോണിച്ചായന്‌ എത്ര പെണ്ണുങ്ങളെ വേണേലും കിട്ടുമായിരിക്കും. പൊന്നുകൊണ്ടു പുതപ്പിക്കേണ്ട. വള കിലുക്കുമ്പോൾ വീഴുന്നവർ. പക്ഷെ ഞാൻ അത്തരക്കാരിയല്ല. മേലിൽ ഇതുപോലെ എന്റെ അടുത്തേക്ക് വന്നേക്കരുത്."

അതും പറഞ്ഞവൾ വീട്ടിലേക്കോടി. തന്റെ മുല്ലയുടെ ചോട്ടിലിരുന്നു ഒത്തിരിനേരം കരഞ്ഞു.