മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ )
Thursday, 19 May 2022
Wednesday, 18 May 2022
ഒരു പുതിയ നോവൽ ആരംഭിക്കുന്നു
ഉഗ്രൻ കുന്നിന്റെ
പുരാവൃത്തം (നോവൽ )
By ഡോ.
ഏബ്രഹാം കരിക്കം
അദ്ധ്യായം ഇരുപത്തിനാല്
പുതുവസന്തം ആടിത്തിമർത്തപ്പോൾ.
മലയിൽ ഗാർഡൻസിന്റെ തിരുമുറ്റം മണിദീപങ്ങളാൽ പ്രശോഭിതമായി. വിശാലമായ ആറുകാലിപ്പന്തൽ ആലങ്കാരിക പ്രഭയിൽ വിളങ്ങി.
ഗാർഡൻ പാർട്ടിയാണെന്നു പരിചാരകർ പറഞ്ഞു നാട്ടുകാരറിഞ്ഞു. പല കൗണ്ടറുകളിൽ നിന്ന് ആവുന്നത്ര ചിക്കൻ ഫ്രൈയും മട്ടൻ കറിയും എല്ലാവർക്കും എടുത്തു കഴിക്കാമെന്ന്. കഥ കേട്ട് കുട്ടികൾ പൊളിച്ച വായ് അടക്കാൻ മറന്നുപോയി.
സാധാരണ പെൺവഴിയിലുള്ളവർ കഴിച്ചു തീരും വരെ വാഴച്ചോട്ടിലും തുറുവിന്റെ
മൂട്ടിലും തുപ്പൽ വിഴുങ്ങി നിൽക്കുന്ന ഇടപാടാണ് കുട്ടികൾക്ക്. പിന്നെയുള്ള പന്തി കുട്ടിപന്തിയാണ്.
പേരിനൊരൂണ്. പുക്കാണ്ടി പഴവും ഒരു കിണ്ടിയുടെ വായിൽ നിന്ന് എല്ലാവന്റേയും വായിൽ വെള്ളവും.
കാളയുടെ രണ്ട് എല്ലിൻ കഷണം കിട്ടിയാൽ ഭാഗ്യം.
ഇതെന്തൊരു മാറിമായമെടാ...........?
കേട്ടവർ കേട്ടവർ വിഷമിച്ചു. വെള്ളയില്ല. കരിമ്പടമില്ല. പന്തിയിൽ
പക്ഷഭേദമില്ല. ഇവിടെയാണ് സോഷ്യലിസം . എല്ലാവർക്കും എല്ലാം എടുക്കാമെന്ന്. അതും അഞ്ഞൂറുപേർക്ക്.
എങ്ങനെയെങ്കിലും നേരം വെളുത്തു കിട്ടിയാൽ മതിയെന്നായി പിള്ളേർക്ക്.
തിങ്കളാഴ്ചത്തെ പ്രഭാതത്തിനു എന്തോ ഒരു മാസ്മരികതയുണ്ടായിരുന്നു.
ശോശക്കുട്ടിയുടെ മുല്ല നിറഞ്ഞു തുളുമ്പി. പുതുവസന്തം ആടിത്തിമർക്കുംപോലെ. പാരിജാതപ്പൂക്കൾക്കും
അവർണ്ണനീയ നിറ സൗഭാഗ്യം.
കൂട്ടുകാരികൾ മണവാട്ടിയെ അണിയിച്ചൊരുക്കാൻ മത്സരമായി. പൂന്തോട്ടക്കാരൻ പ്രതിശ്രുത വരൻ കൊടുത്തുവിട്ട വിവാഹ ജംഗമങ്ങളൊന്നും ശോശക്കുട്ടി തൊട്ടില്ല. മത്തച്ചൻ ആദ്യം ഡൽഹിക്കു പോയപ്പോൾ കൊ ണ്ടു വന്ന പട്ടുസാരി ഒരു നിധിയായി അവൾ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. അതിനുള്ള ബ്ലൗസ് വാങ്ങിക്കാതെ വന്നതിനു അവന്റെ മുതുകത്തു നാലിടി ഇടിച്ചതാണന്ന്.
പെട്ടിയിൽ നിന്ന് സാരി പുറത്തെടുത്തപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോയി. അണയിൽ പെട്ടെന്നൊരു വിള്ളൽ വീണപോലെയായിരുന്നു.
" വേഗമൊരുങ്ങിക്കോ...... പ്രാർത്ഥിച്ചയയ്ക്കാൻ അച്ചൻ കൃത്യം എട്ടുമണിക്ക് വരും." കുട്ടാപ്പി അപകട മുന്നറിയിപ്പ് നൽകി.
ഒരുങ്ങാം. മണവാട്ടിയായിത്തന്നെ ചമയാം. കർത്താവിന്റെ മണവാട്ടിയായി സ്വർഗത്തിൽ ചെല്ലുന്നതാണ് അഭികാമ്യമെന്നു അച്ചൻ പറഞ്ഞതല്ലേ........? അനുസരിക്കാം.
അതിനുള്ള കരുത്ത് ശോശക്കുട്ടിക്കുണ്ട്.
അപ്പൻ ഒരിക്കൽ അവധിക്കു വന്നപ്പോൾ കൊണ്ട് വന്ന രണ്ടു വളകൾ പെട്ടിയിൽ നിന്നെടുക്കുമ്പോൾ പിന്നെയും അവൾ തേങ്ങിപ്പോയി. പെട്ടിയുടെ മുന്നിൽ മുട്ടുമടക്കി കുറേനേരം ഇരുന്നു.
കണ്ടു നിന്നവർക്കും കണ്ണീർ നിയന്ത്രിക്കാനായില്ല.
കൂട്ടുകാരുണ്ടാക്കിയ മുല്ലപ്പൂമാല സന്തോഷത്തോടെ അവൾ തലയിൽ ചൂടി. നിരവധി പൂക്കൾ ചേർത്ത് അവർ കെട്ടിയൊരുക്കിയ ബ്രൈഡൽ ബൊക്കെയും കയ്യിൽ പിടിച്ചു. പൂർണ്ണമണവാട്ടിയായി തന്നെ നിൽക്കാം. കർത്താവിന്റെ മണവാട്ടി.
ഉഗ്രൻകുന്നു നിവാസികളിൽ പകുതിയോളം പേർ മലയിൽ ഗാർഡൻസിലും ബാക്കിയുള്ളവർ ശോശക്കുട്ടിയുടെ വീട്ടിലുമുണ്ടായിരുന്നു. ഗോപി സാറിനെയും രേവതി ടീച്ചറെയും എങ്ങും കണ്ടവരില്ല.
ശോശക്കുട്ടിയുടെ കണ്ണുകളും തിരഞ്ഞുകൊണ്ടിരുന്നത് അവരെയാണ്. പക്ഷെ അവർ എങ്ങിനെ വരും..? എങ്ങിനെ സഹിക്കും? അവർ വരില്ല. അവൾ തീർച്ചപ്പെടുത്തി.
ഗോപി സാർ കൊടുത്തു വിട്ട ഒരു കുറിപ്പ് രഹസ്യമായി അവൾക്കെത്തിക്കാൻ കഴിയാത്തതിനാൽ വന്നവൻ നിന്ന് പൊരിഞ്ഞു. അത്രയ്ക്ക് കനത്ത കാവലായിരുന്നു.
മാത്തച്ചൻ സാധാരണ നടന്നു വരാറുള്ള വയൽവരമ്പിൽത്തന്നെ നോക്കി , വെറുമൊരാൾരൂപമായി അപ്പോഴും ശോശക്കുട്ടിയുടെ അമ്മ ഇരുന്നു.
ക്ലോക്ക് എട്ടു ശബ്ദിച്ചപ്പോൾ കാറിൽ ഇലവുംമൂടച്ചൻ വന്നിറങ്ങി. ആ മുഖത്തെ തേജസ് ഒന്ന് കാണേണ്ടതായിരുന്നു.
മണവാട്ടിയെ പ്രാർത്ഥിച്ചയച്ചിട്ടു വേണം വരന്റെ വീട്ടിൽ പോയി പ്രാർത്ഥിക്കാൻ. യഥാർത്ഥ പ്രാർത്ഥന അവിടെയാണ്. ഇത് വെറുമൊരു ചടങ്ങു മാത്രം.
അച്ചൻ പലവട്ടം വാച്ചിൽ നോക്കി. കുട്ടാപ്പി ഒരു മെത്തപ്പായ പന്തലിൽ വിരിച്ചു. ശോശക്കുട്ടി പായിലേക്കിറങ്ങി നിന്നു. പെണ്ണിന്റെ മോഡി കണ്ടു അച്ചന്റെ അടിവയർ ഒന്ന് പിടച്ചു. അവൾ ചില്ലറക്കാരിയല്ലല്ലോ എന്ന തോന്നൽ. നോക്കിയവർക്കാർക്കും കണ്ണുകൾ തിരിച്ചെടുക്കാനായില്ല. ഒരു മേക്കപ്പുമില്ലാതെ.....
സോഷ്യലിസ്റ്റ് പാർട്ടിയിലെ ചില പരിചിത മുഖങ്ങൾ തന്നെ ചേർന്ന് തന്നെ നിൽക്കുന്നത് ശോശക്കുട്ടി ശ്രദ്ധിച്ചു. പക്ഷെ ആരും ഒന്നും പറയുന്നില്ലല്ലോ. ഒരാൾ തള്ളി വന്നു എന്തോ കൊടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടാപ്പിയുടെ മല്ലന്മാർ അവനെ തൂക്കിയെറിഞ്ഞു.
അച്ചൻ പാട്ടു തുടങ്ങി. നല്ല ഈണത്തിൽ.
" എന്നോടുള്ള നിൻ സർവ്വ
നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടു
നിനക്കേശു പരാ ..............."
എല്ലാവരും ഏറ്റുപാടി കഴിഞ്ഞപ്പോൾ അച്ചൻ തുടർന്നു. പുഞ്ചിരിച്ചു കൊണ്ട്.
" നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ
സന്നാഹമോടെ സ്തുതി
പാടീടും
ഞാൻ .....ദേവാ
സന്നാഹമോടെ സ്തുതി
പാടീടും
ഞാൻ.........."
ശോശക്കുട്ടി അപ്പോൾ ചിന്തിച്ചത് ഇങ്ങനെയായിരുന്നു.
"സമയമാം രഥത്തിൽ " കൂടി പാടിക്കോ.......
അതിനായിട്ടിനി മറ്റൊരു ചടങ്ങു വേണ്ടല്ലോ. രണ്ടും ഒന്നായി കഴിഞ്ഞിരിക്കുന്നു.
അതി ശക്തമായ ഒരു പ്രാർത്ഥനയാണ് അച്ചൻ അവിടെ കാഴ്ച വച്ചത്. വേദവാക്യങ്ങൾ നാവിൽ നിന്ന് തുരു തു രാ ഉതിർന്നു. സ്ത്രീകൾ കണ്ണീരൊപ്പി ക്ഷീണിച്ചു.
" അപ്പോൾ നമുക്ക് പള്ളീൽ കാണാം....." അച്ചൻ കാറിൽ കയറി മലയിൽ ഗാർഡൻസിലേക്കു കുതിച്ചു.
വയൽവരമ്പു ശൂന്യമായിരുന്നു. കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിൽ കാൽപെരുമാറ്റമൊന്നും കേട്ടില്ല. സെമിത്തേരിയിൽ മാത്രം എന്തോ ഒരാളനക്കം പോലെ. ഒരു കല്ലറയൊന്നു കുലുങ്ങിയതുപോലെ.
അമ്മ വന്നു മോളുടെ തലയിൽ കൈ
വച്ചനുഗ്രഹിച്ചു. വിധിയുടെ കളിപ്പാട്ടമായി മാറിപ്പോയ ഞാൻ മറ്റെന്തു തരാൻ മകളെ എന്ന് അവരുടെ അന്തരംഗത്തിൽ ഒരു വിലാപമുയർന്നതു മറ്റാരുമറിഞ്ഞില്ല.
അപ്പന്റെ കുഴിമാടത്തിൽ പോയി പ്രാർത്ഥിച്ചിട്ടു പോകാൻ പറയണമെന്നും അവർക്കുണ്ടായിരുന്നു. നാവു പൊങ്ങിയില്ല.
മുറ്റത്തേക്കിറങ്ങിയപ്പോൾ പൊട്ടിച്ചിരിക്കുന്ന മുല്ലയെ കണ്ടു ശോശക്കരിശം മൂത്തു.
" നിന്നെക്കാൾ വലിയവർ കൈവിട്ടില്ലേ,.........പിന്നെയാണോ നീ......." അങ്ങനെ വിചാരിച്ചിട്ട് അവൾ കൊമ്പനാഞ്ഞിലിയുടെതളിർക്കുന്ന മണ്ടയിലേക്കും നോക്കിപ്പോയി. എന്നെ പേടിപ്പിച്ചവളല്ലേ, അനുഭവിച്ചോ എന്ന ഭാവമാണവിടെ .
മണവാട്ടിക്കായി അണിയിച്ചൊരുക്കിയ കാറിൽ മറ്റാരും കയറേണ്ടെന്നു സൂത്രധാരൻ കുട്ടാപ്പി വിധിച്ചു.
അല്ലെങ്കിലും ഈ യാത്രയിൽ തനിക്കു കൂട്ട് വേണ്ടെന്നു ശോശക്കുട്ടിയും കരുതി. കൂട്ടുകാർ വരണമെന്ന് വിചാരിച്ചാലും സാധിക്കാത്ത യാത്രയല്ലേ ?
അവൾ കാറിൽ കയറി ഇരുന്നതും കാർ ഒന്ന് കുതിച്ചു. കുട്ടാപ്പി മുന്നിൽ കയറാൻ ഓടി വന്നപ്പോഴേക്കും കാർ സെമിത്തേരിയും കടന്നു എം. സി റോഡിലെത്തിയിരുന്നു. കാറിലിരുന്നപ്പോഴും അവൾ ചിന്തിച്ചുപോയി.
ഒരൊറ്റ
രാത്രിയല്ലേ ചോദിച്ചുള്ളൂ ? തരാതെ പൊയ്ക്കളഞ്ഞില്ലേ........? ഇവൾക്കീ ഗതി വരുമെന്നറിയാമായിരുന്നു. ..........പക്ഷെ ചെറുക്കന് എന്നെന്നും ഓർമ്മിക്കാൻ............
കാറിലെ
ടേപ്പ് റെക്കോർഡറിൽ നിന്നൊരു ഗാനമുയർന്നു.
" ചങ്കിലെ ചോരകൊണ്ട്
അവനെന്നെയും വീണ്ടെടുത്തു.
മാറോടണച്ചവനെ
നിന്നിൽ
ചാരിടുന്നു........."
ചങ്കിലെ
ചോര ഞാനും തരാം. ഡൽഹിയിൽ നിന്ന് വരുമ്പോഴേക്കും.........ഈ പെണ്ണിന് മറ്റു നിവർത്തിയൊന്നുമില്ലല്ലോ കർത്താവേ...........
അവൾ നില വിളിക്കുന്നത് കണ്ടു ഡ്രൈവർ പറഞ്ഞു.
" മോളു പേടിക്കെണ്ടാ....... ധൈര്യമായിരിക്ക്.........."
വണ്ടി പോകുന്നത് പള്ളിയിലേക്കായിരുന്നില്ല. പട്ടണത്തിലേക്കായിരുന്നു.
പല വണ്ടികളിലായി ഏറെ പേർ പുറകെ അലറി വരുന്നതും അവൾ കണ്ടു.
മലയിൽ ഗാർഡൻസിൽ ഇലവുംമൂടച്ചന്റെ പ്രാർത്ഥന കൊഴുക്കുന്ന വേളയിൽ ശോശക്കുട്ടിയുടെ കാർ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓഫീസിനു മുന്നിൽ സഡൻ ബ്രേക്കിട്ടു.
വിമാനത്തിൽ രാവിലെ ഡൽഹിയിൽ നിന്ന് വന്നിറങ്ങിയ മത്തച്ചൻ തൂവെള്ള ഖദർ മുണ്ടും ഷർട്ടും ധരിച്ചു കാത്തുനിൽക്കുന്നുണ്ടായിരുന്നു. മാലയുമായി ഗോപിസാറും രേവതി ടീച്ചറും. ബൊക്കെയും പിടിച്ചു ഓമനക്കുട്ടനും.
ശോശക്കുട്ടി ഇതിനകം ഒരു യാത്രപോയി. ഏതോ ഒരു തുരങ്കത്തിലൂടെ അനേകം മൈലുകൾ ദീർഘിച്ച യാത്ര. ചുറ്റും മാലാഖമാർ നിന്ന് സ്വർഗീയ ഗാനങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. സന്തോഷത്തോടെ അവളെ അവർ മാടി വിളിച്ചു.
അവളുടെ
ശരീരം തണുത്തുറഞ്ഞിരുന്നു. ശോശക്കുട്ടിയെ മത്തച്ചൻ കാറിൽ നിന്നിറക്കി തന്റെ ചങ്കിൽ ചേർത്ത് നിർത്തി. അവളുടെ കണ്ണുകളിൽ ജീവന്റെ തുടിപ്പ് ഏതാണ്ടസ്തമിക്കാറായിരുന്നു. അവൻ അവയെ ചുംബിച്ചുണർത്തി.
" നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെങ്ങനെ നാടിനെ രക്ഷിക്കും പെണ്ണെ....."? അവൻ കാതിൽ മന്ത്രിച്ചു കൊടുത്തു. അവൻ അവളെ നെഞ്ചിൽ തട്ടിയുണർത്തി. അവളുടെ ആത്മാവ് തുരങ്കത്തിലൂടെ തിരിഞ്ഞോടി. തന്റെ ചെറുക്കൻ വിളിക്കുന്നു.
പാർട്ടി
ഭടന്മാർ ചുറ്റും മതിൽ കെട്ടി നിന്നതിനാൽ കാറിൽ വന്നിറങ്ങിയവർക്കൊന്നും വധൂവരന്മാർക്കരികിലെത്താനായില്ല.
ആഫീസിനകത്തു ചില്ലിട്ട മൂന്നു ചിത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. അവരുടെ മുന്നിൽ മത്തച്ചനും ശോശക്കുട്ടിയും പരസ്പ്പരം വരണമാല്യങ്ങളണിഞ്ഞു.
രേവതി ടീച്ചർ കൊടുത്ത മിന്നുമാല അവൻ പെണ്ണിന്റെ കഴുത്തിലണിയിച്ചു. പെണ്ണ് ചെറുക്കന്റെ നെഞ്ചിൽ ഒട്ടി നിന്നു. സുബോധം തിരിച്ചു കിട്ടും വരെ.
മലയിൽ ഗാർഡൻസിൽ അപ്പോഴും അച്ചന്റെ പ്രാർത്ഥന അവസാനിച്ചിട്ടില്ലായിരുന്നു.