Thursday, 19 May 2022

 മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ )

ഡോ. ഏബ്രഹാം കരിക്കം.
അദ്ധ്യായം രണ്ട്.
സങ്കീർത്തനത്തിന്റെ സാന്ത്വനം.
കറുത്തമേഘപാളികൾ മേരി മാതാ കോളേജിന്റെ തലയ്ക്കു മീതെ മൂടിക്കെട്ടി നിന്നു. പ്രേതാന്മക്കാൾ പോലെ.
ഇന്ത്യ - പാക്ക് പട്ടാളക്കാരെപ്പോലെ യുദ്ധം ചെയ്യുന്ന രാഷ്ട്രീയ ഭ്രാന്തന്മാരുടെ ഇടയിലേക്ക് ഒരു മിസൈൽ പോലെ സുമി പാഞ്ഞുകയറി. പട്ടാള വൃന്ദം ഒന്നു പകച്ചു. കണ്ടിട്ടില്ലാത്ത പറക്കും തളിക കണ്ട് അവരും ഞെട്ടിപോയതാണ്.
ഊരിപ്പിടിച്ച കഠാരയുമായി നിന്ന തടിയന്റെ അടുത്തേക്കവൾ കുതിച്ചെത്തി.
"ഇടെടാ കഠാര താഴെ" എന്നാക്രോശിച്ചുകൊണ്ടു അവൾ അവന്റെ കരണക്കുറ്റിക്ക് ഒറ്റയടി. തടിയൻ ആകാശത്തേക്കൊന്നു തെറിച്ചെങ്കിലും പെട്ടെന്ന് കാലുറപ്പിച്ചു.
എന്താണു സംഭവിക്കുന്നതെന്നറിയാതെ വിരണ്ടുനിന്ന പോരാളികൾ ഒന്നു തണുത്തു. തടിയൻ കഠാര താഴെയിട്ടെങ്കിലും അടുത്ത നിമിഷം സുമിക്കരികിലേക്കു ചീറിയടുത്തു. അവളെ എടുത്തവൻ ആകാശത്തിലേക്കെറിയും എന്നു തോന്നിയ നിമിഷം.
ചെറുപ്പക്കാരായ അദ്ധ്യാപകരുടെ ഒരു കൂട്ടം പൊടുന്നനെ അവിടെ പ്രത്യക്ഷപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് ഈയലുകൾ ചിറകടിച്ചുയരുംപോലെയായിരുന്നു. തടിയനുൾപ്പടെ എല്ലാ പട്ടാളക്കാരും നാലുവഴിക്കോടി.
പ്രിൻസിപ്പാൾ അപ്പോഴേക്കും ടോയ്‌ലറ്റിൽ നിന്നു പുറത്തു വന്നിരുന്നു. അദ്ദേഹവും ഓഫീസിൽ നിന്ന് വെളിയിൽ ചാടി. പിന്നെ വഴിയിൽ കണ്ട പെൺകുട്ടികളോടെല്ലാം ആക്രോശിച്ചു:
"കയറു ക്‌ളാസിൽ ..... വേഗം ....."
പെൺകുട്ടികൾ ചിരിച്ചുകൊണ്ട് ക്‌ളാസ്സുകളിലേക്കു പോകുന്നതിനിടയിൽ പിറുപിറുത്തു -
"കുടവയറൻ .....".
സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന സുമിയുടെ രൂപം കണ്ട് ചെറുപ്പക്കാർ അദ്ധ്യാപകർ കോരിത്തരിച്ചു. തൊട്ടാൽ പൊള്ളുന്ന പ്രായം. കത്തിക്കയറുന്ന തന്റേടവും.
ഇവളാരപ്പാ? ഝാൻസിറാണിയുടെ അനിയത്തിയോ?. അവർ മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു. ചെറുപ്പക്കാരെ തള്ളിമാറ്റിച്ചെന്ന പ്രിൻസിപ്പൽ ചാക്കോ സാർ സുമിയെ ഉള്ളുതുറന്ന് പ്രസംശിച്ചു.
"യു ഡിഡ് എ ഗ്രെറ്റ് തിംഗ് . വണ്ടർഫുൾ.
ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം.
യൂ സോൾവ്ഡ് എ ബിഗ് പ്രോബ്ലം ".
അവളെ അങ്ങനെ പൊക്കിപ്പറയുന്നത് മറ്റദ്ധ്യാപകർക്കു രസിച്ചില്ലെങ്കിലും അവരും അത് ശരിവച്ചു.
അവൾ മന്ദം നടന്നു മുകളിലത്തെ നിലയിലെത്തി. ആറായിരം കണ്ണുകൾ ആ പാദങ്ങൾക്കൊപ്പം ചലിക്കുകയായിരുന്നു.
വിജയ ശ്രീലാളിതയായി അവൾ നടന്നുവരുന്ന കാഴ്ച്ച കണ്ടപ്പോൾ വത്സല ടീച്ചർക്കാകെ തരിച്ചു. വീട്ടിൽ പോകാൻ വാനിറ്റിയും തോളിലിട്ടിറങ്ങിയ വസുമതി ശപിച്ചുകൊണ്ട് തിരികെക്കയറി ബാഗ് പറിച്ചെടുത്തു മേശപ്പുറത്തേക്കെറിഞ്ഞു.
"ആ ഇന്തിരവൾ നല്ലൊരു ദിവസം നശിപ്പിച്ചു. ഇവളാരാ ഉണ്ണിയാർച്ചയോ? വന്ന ദിവസം തന്നെ ഇങ്ങനെയാണെങ്കിൽ ഇനിയിവിടെ എന്തായിരിക്കും കളി?. തൊലി വെളുപ്പ് കണ്ടപ്പം കൂടെച്ചാടാൻ എത്ര ഉണ്ണാക്കന്മാരുണ്ടെന്നു കണ്ടില്ലിയോ.....?". വസുമതിക്കു സഹിച്ചില്ല. അവൾക്കന്നു സകലതും തെറ്റി.
"എടീ....ഗുണ്ട് ഗോപിയെയാ അവൾ കരണത്തടിച്ചത്. അവൻ അവളെ ബസ്റ്റാൻഡിലിട്ടു ബലാൽസംഗം ചെയ്യും. നീ നോക്കിക്കോ .... എനിക്കറിയാം അവന്റെ ശൗര്യം". വത്സല ടീച്ചർക്കും വിറയൽ തീർന്നില്ല.
സുമി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഒരു വിധത്തിൽ സീറ്റിൽ ചെന്നിരുന്നു. എന്തൊക്കെയാണ് സംഭവിച്ചതെന്ന് തിട്ടം വരാത്തപ്പോലെ. തന്റെയും നിയന്ത്രണം വിട്ടുപോയതിൽ അവൾക്കു കുണ്ഠിതം തോന്നി.
വണ്ടികളുടെ താക്കോൽ തിരികെ മേശയിലിട്ട് പുസ്തകങ്ങളുമായി അദ്ധ്യാപകർ ഓരോരുത്തർ ക്‌ളാസ്സുകളിലേക്കു പോയി. ഭയന്നോടിയ കുട്ടികളും തിരികെ ക്‌ളാസ്സുകളിലേക്കു നടന്നു.
വരിക്കപ്പുഴ മലയുടെ തലയ്ക്കുമേലെ നിന്ന കരിമ്പനാനക്കൂട്ടം അലറി വിളിച്ചു. തുമ്പിക്കൈ വണ്ണത്തിൽ വെള്ളക്കെട്ട് മണ്ണിൽ പതിച്ചു. വരിക്കപ്പുഴയാറ്റിൽ നീരൊഴുക്കാരംഭിച്ചപ്പോൾ മീനുകൾ തുള്ളിച്ചാടാനാരംഭിച്ചു.
തമ്പാൻക്കുട്ടി സാറും ചമ്പക്കര സാറും കലങ്ങിയ കണ്ണുകളുമായി ഇരുന്നു വിങ്ങുന്ന സുമിയുടെ സമീപം ചെന്നിരുന്നു. അവളെ ആശ്വസിപ്പിച്ചു.
"എന്തായാലും ടീച്ചർ ചെയ്തത് നന്നായിപ്പോയി. ഒറ്റയടിക്കങ്ങു ഹീറോയിനായില്ലേ ?"
ചമ്പക്കര പറഞ്ഞതുകേട്ട് തമ്പാൻക്കുട്ടി കുലുങ്ങിച്ചിരിച്ചു. അയാൾ ചിരിക്കുമ്പോൾ ഡിപ്പാർട്ടുമെന്റ് കുലുങ്ങുമായിരുന്നു.
"ടീച്ചർ ഇവിടെ കലക്കും. മുഖം അതു പറയുന്നുണ്ട്."
ചിരിയുടെ മുഴക്കം തെല്ലൊന്നു ശമിച്ചപ്പോൾ തമ്പാൻക്കുട്ടി സാർ പറഞ്ഞു. അവളുടെ അന്തർഗ്ഗദം അളക്കുവാനെന്നവണ്ണം അയാൾ ആ കണ്ണുകളുടെ ധാവള്യശോഭയിലേക്കാഴ്ന്നിറങ്ങി. മനസ്സിലുള്ളത് താൻ പിടിച്ചെടുത്തുകഴിഞ്ഞു എന്ന മട്ടിൽ മണിമുഴങ്ങും പോലെ ചിരിച്ചുകൊണ്ട് തിരികെ നടക്കുകയും ചെയ്തു.
"ലക്ഷണം കണ്ടിട്ട് എങ്ങിനെയുണ്ട്?". തുരുത്തിപ്പള്ളി സാർ മനഃശാസ്ത്രജ്ഞനോടു ചോദിച്ചു.
"കൈ രേഖ കാണാതെ ഒന്നും പറയാനൊക്കില്ല".
അവളുടെ കൈ കാണാൻ പറ്റാത്തതിൽ അയാൾ ആകുലചിത്തനായിരുന്നു.
ചമ്പക്കര സാറിനു പിന്നെയും സുമിയോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.
"കാമ്പസ്സിൽ മാറ്റത്തിന്റെ കുളിർക്കാറ്റുമായി വന്ന നക്ഷത്രമാണു നീ" എന്നു പറയാൻ അദ്ദേഹത്തിന്റെ മനസ്സു തുടിച്ചു. പക്ഷെ കണ്ടപ്പോൾ സുമിക്ക് ഭയം തോന്നിയിട്ടാവണം "നമ്മുക്ക് പിന്നീട് സംസാരിക്കാം" എന്നു പറഞ്ഞു സാറും മാറിപ്പോയി.
ആകാശത്തിലെ കറുപ്പുമാഞ്ഞു. അന്തരീക്ഷം പ്രകാശമാനമായി. മഴയിൽ കുതിർന്നു നിന്ന വന്മരങ്ങളും കലാലയത്തിന്റെ മുറ്റത്ത് അത്തപ്പൂവിടൽ അനുകരിച്ചു. പെൺകുട്ടികൾ നാണിച്ചുപോയി.
ഉച്ചയായപ്പോഴേക്കും കാമ്പസ്‌ ആകെ ചൂടുപിടിച്ചു. ഇംഗ്ലീഷ് വകുപ്പിൽ പുതുതായിച്ചേർന്ന ടീച്ചർക്ക് എല്ലാവരുംകൂടി ഝാൻസിറാണി എന്നു പേരിട്ടു. അവരെ വീണ്ടുമൊന്നു കാണാനായി പലരും മൂന്നാം നിലയിലെ വരാന്തയിൽ വെറുതെ ഉലാത്തി.
ലീലാമണി ടീച്ചർ ചൂടു വാർത്തയുമായി ഓടിയെത്തി. അവർ എപ്പോഴും അങ്ങിനെയാണ്. നല്ലതും ചീത്തയുമായ ഒരു ന്യൂസും വിട്ടുകളയില്ല. പല വകുപ്പുകളിലും റിപ്പോർട്ടർമാരുള്ള ഒരു മാദ്ധ്യമ ശൃoഖലയും അവർ വളർത്തിയെടുത്തിട്ടുണ്ടായിരുന്നു. പത്രത്തിലായിരുന്നെങ്കിൽ അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് നിരവധി അവാർഡുകൾ നേടിയേനെ.
സ്റ്റാഫ് കൗൺസിലിൽ അടിപിടി. പാർട്ടിക്കാർ അവിടെയും ഏറ്റുമുട്ടുന്നു. സുമി ടീച്ചർ ചെയ്തതു ശരിയെന്നു ചിലർ. അതു തീക്കളിയെന്നു മറുപക്ഷം. പ്രിൻസിപ്പൽ പക്ഷം പിടിക്കുന്നെന്നു വേറൊരുക്കൂട്ടർ.
എന്താവേശത്തിന്റെ പേരിലായാലും ടീച്ചർ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ മേരി മാതായുടെ തിരുമുറ്റത്ത് ഒരു ശവം വീണേനെ എന്നൊരു വിഭാഗം വാദിച്ചപ്പോൾ, കാര്യമെന്തായാലും ഒരു വിദ്യാർത്ഥിയുടെ കരണത്തു അദ്ധ്യാപിക അടിച്ചത് ക്രിമിനൽ കുറ്റമാണെന്നും, പോലീസ് കേസെടുത്താൽ പഠിപ്പിക്കാൻ തുടങ്ങും മുമ്പേ പണിപോകുമെന്ന് മറുവിഭാഗവും വ്യക്തമാക്കി.
ഇതെല്ലം കേട്ടപ്പോൾ സുമി ആകെത്തകർന്നു അഗ്‌നികുണ്ഡത്തിൽ വച്ച പരൽമീൻ പോലെ അവളിരുന്നു പൊള്ളി.
ഒരുപാടു മോഹങ്ങളുമായാണ് അന്നു രാവിലെ വരിക്കപ്പുഴ കുന്നു കയറി മദ്ധ്യതിരുവിതാംകൂറിന്റെ തിലകകുറിയായ കലാലയ മുത്തശ്ശിയുടെ തിരുമുറ്റത്തെത്തിയത്.
പെട്ടെന്ന് ആരോ തന്നെ മലയുടെ താഴ്ഭാഗത്തുള്ള വരിക്കപ്പുഴ ആറ്റിലേക്കു വലിച്ചെറിഞ്ഞതായി അവൾക്കു തോന്നി. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരുദിവസം തനിക്കെന്തേ ഇങ്ങനെ സംഭവിക്കാൻ?. എവിടെയാണു പിഴച്ചത്?. വല്യപ്പച്ചനും വല്യമ്മച്ചിയും പ്രാർത്ഥിച്ചനുഗ്രഹിച്ചു വിട്ടതാണല്ലോ, എന്നിട്ടും?.
"എന്നെ ഉപേക്ഷിച്ചോ....?." അല്പം ഉറക്കെയായിപ്പോയി സുമിയുടെ ആ ചോദ്യം. അവൾ തനിക്കുള്ളിലെ പ്രാപഞ്ചികശക്തിയോടു ചോദിച്ചതാണ്. ഒരു പട്ടത്തെപ്പോലെ തന്നെ പറത്തിക്കളിക്കുന്ന ശക്തിയോടു. മൂക്കു കുത്തി താഴെ വീണെങ്കിൽ അവിടെ കിടക്കട്ടെ. കീറി മണ്ണിലലിയട്ടെ. പട്ടക്കാരാ .... നിനക്കതുതന്നെയാണോ കാണേണ്ടത്?.അവൾ സ്വയത്തോടു പിന്നെയും ചോദിച്ചു.
കാന്റീനിൽ ഉച്ചയൂണിനുപോയ വത്സല ടീച്ചർ തുള്ളിച്ചാടിയാണ് തിരിച്ചു വന്നത്.
"എല്ലാവരും കേട്ടോ....? പുത്തൻ ടീച്ചർ വിദ്യാർത്ഥികളോട് പരസ്യമായി മാപ്പു പറയണമെന്ന് . അല്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കാണെത്രെ. അവർ പ്രിൻസിപ്പലിനു എഴുതി കൊടുത്തു.....ഹ.....ഹ...ഹ... എന്തൊരു ശേല്. ഉദ്ഘാടനം കലക്കി".
വത്സല കുലുങ്ങിക്കുലുങ്ങി ചിരിച്ചു. അവളുടെ പെരുവിരലിലും മുകളിലോട്ടും കാലത്തെ തുടങ്ങിയ തുടിപ്പ് ഒട്ടൊന്നു ശമിച്ചു. ദേഹമാസകലം വേറൊരുതരം ഹോർമോൺ പ്രവർത്തിക്കാൻ തുടങ്ങിയപോലെ.
അനിശ്ചിതകാല പണിമുടക്കെന്ന് കേട്ടപ്പോൾ വസുമതി ടീച്ചർക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായി. വീട്ടയ്യത്തു ട്യൂഷനുവേണ്ടി കെട്ടിയ പന്തലിൽ ഒരു കൺവൻഷൻ നടത്താമായിരിക്കും. " മുക്കാൽ ചക്രം കൊണ്ടെന്തോ ആവാന)?. ഒരറ്റം പോലും മുട്ടത്തില്ല". എപ്പോഴും അവർ പറയും.
"പിള്ളേരുടെ മുന്നിൽ ഷൈൻ ചെയ്യാനിറങ്ങുമ്പo എല്ലാം കുടഞ്ഞിട്ടാലോചിക്കണം" വസുമതി ഉറക്കെപ്പറഞ്ഞു.
വത്സലയും വസുമതിയും കൂടി പാവം കൊച്ചിനെ പിച്ചിച്ചീന്തുമെന്നു മനഃശാസ്ത്രജൻ തമ്പാൻക്കുട്ടി മനസ്സിലാക്കി. അദ്ദേഹം തന്റെ സിബ്ബ് ഓർഡറിലാണോ എന്നു വീണ്ടും പരിശോധിച്ചശേഷം ചോറുപാത്രവുമായി സുമിയുടെ തൊട്ടടുത്ത സീറ്റിൽ ചെന്നിരുന്നു. സഹതാപം തോന്നിയ ലീലാമണി ടീച്ചറും കൂട്ടിനെത്തി.
"ഇവരിതൊക്കെപ്പറയും. താൻ ഒന്നും കാര്യമാക്കണ്ട. ഊണുകഴിക്കാൻ നോക്ക്'. ഇരുത്തം വന്ന ലീലാമണി സുമിയെ സാന്ത്വനിപ്പിച്ചു.
ചെളിക്കുണ്ടിൽ തലകുത്തി വീണ തന്നെ പെട്ടന്നാരോ താങ്ങിയെടുത്ത പോലൊരു തോന്നൽ സുമിയുടെ ഉള്ളിൽ. ഒരു വെളിച്ചം.
"എന്താണിവിടെ ആകെയൊരു ബഹളം?. ആരാണീ ഝാൻസിറാണി?"
ഇങ്ങനെ ചോദിച്ചുകൊണ്ട് ഒരാൾ അങ്ങോട്ടു കടന്നു. ആ ശബ്ദത്തിനു ഇടിമുഴക്കത്തിന്റെ ഗാംഭീര്യമുണ്ടായിരുന്നു. മുറിയിലാകെ ഒരു പരിമളം പരന്നൊഴുകി. ഒരു വിദേശ മണം. ആ ശബ്‌ദത്തിൽ ഒരു സങ്കീർത്തനത്തിന്റെ സാന്ത്വനം അവൾക്കനുഭവപ്പെട്ടു.

No comments:

Post a Comment