Friday, 3 June 2022

 

മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ)

ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം പതിനൊന്ന്

ഉഗ്രൻ കുന്നിലെ യക്ഷി

അന്ന് വാർഷിക കായിക മത്സരങ്ങളുടെ സമാപന ദിവസമായിരുന്നു. സ്പോർട്സ് രംഗത്തെ മുടിചൂടാ മന്നന്മാരാണ് വരിക്കപ്പുഴ കോളജ്. ഇവിടുത്തെ ഗ്രൗണ്ടുകളിൽ കളിച്ചു വളർന്നവർ ഒളിപിക്സിൽ വരെ മാറ്റുരച്ചിട്ടിട്ടുണ്ട്. കോളജിലെ ചാമ്പ്യന്മാരാവാൻ ഡിപ്പാർട്മെന്റുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്. പതിവുപോലെ അന്നും ഗ്രൗണ്ടിന്റെ പലഭാഗത്തതായി ഓട്ടവും ചാട്ടവും പൊടിപൊടിച്ചു. എൻ. എസ്. എസ് , ബ്രയിൻ ട്രസ്റ്റ് , ബെസ്റ്റാർട്ട്സ്, വിമൻസ് സെൽ തുടങ്ങിയ സംഘടനകൾ ഐസ്ക്രീം മുതൽ കപ്പ വരെ വിറ്റു പത്ത് പുത്തൻ സമ്പാദിക്കുന്നതും അന്നാണ്. എൻ. സി. സി ക്കാർ പട്ടാളക്കാരെപ്പോലെ സകലതിന്റെയും നേതൃത്വം ഏറ്റെടുക്കും. കിച്ചൻ ഓർക്കസ്ട്രയ്ക്കായി പെൺകുട്ടികൾ ഹോസ്റ്റലിലെ വിറകു കൊള്ളികൾ വരെ അടിച്ചുമാറ്റിക്കൊണ്ടാണ് എഴുന്നള്ളുന്നത്. ഇഷ്ട്ടമുള്ള ഏതു വേഷവും ധരിക്കാൻ അന്ന് സ്വാതന്ത്ര്യമുള്ളതിനാൽ എല്ലാവരും ഫാൻസിഡ്രസ്സിനെന്നപോലെ അണിഞ്ഞൊരുങ്ങി വരും.

സുമി ടീച്ചർക്കായിരുന്നു അനൗൺസ്മെന്റ് ചുമതല.  ജീൻസും ടോപ്പും ധരിച്ച് , കറുത്തൊരു കണ്ണടയും വച്ച്, തലയിൽ തൊപ്പിയുമായി അന്നവൾ എത്തിയപ്പോൾ ഏതോ ഷൂട്ടിങ്ങിനെത്തിയ ബോളിവുഡ് നടിയാണെന്നു ജനം വിചാരിച്ചു. വേഷവും അവളുടെ ബ്രിട്ടീഷ് ഇംഗ്ലീഷും കൂടിയായപ്പോൾ വത്സല ടീച്ചർക്ക് എങ്ങാണ്ടൊക്കെ ചൊറിഞ്ഞു കയറി. സർട്ടിഫികറ്റുകൾ എഴുതാനിരിക്കയായിരുന്നെങ്കിലും അവളുടെ കണ്ണും കാതും സുമിക്ക് ചുറ്റുമായിരുന്നു.

മൈക്കിൽകൂടി ചിങ്ങ മാസം വന്നു ചേർന്നാൽ  എന്ന സിനിമാ ഗാനമൊഴുകിയപ്പോൾ ഗ്രൗണ്ടിൽ വിസിലും പിടിച്ചു നിന്ന സണ്ണിക്കുട്ടി പെട്ടെന്ന് തോർത്തുകൊണ്ടൊരു തലേക്കെട്ട് കെട്ടി പാട്ടിനൊപ്പിച്ചു അഞ്ചാറു ചുവടു വച്ചു. ആകെ ഹരം പിടിച്ചു നിന്ന ആൺകുട്ടികളും പെൺകുട്ടികളും കൂടെ ചാടി നൃത്തം വയ്ക്കാൻ തുടങ്ങി.

അതെല്ലാം നോക്കിയിരുന്ന സുമി ചെരിപ്പൂരിയെറിഞ്ഞിട്ടു പവലിയനിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഒറ്റ ഓട്ടം. നൃത്തക്കാരുടെ സംഘത്തിൽ മുൻനിരയിൽ അവൾ എത്തിയതോടെ കോളജ് ആകെ ഇളകി മറിഞ്ഞു. ജീവിതത്തിലൊരിക്കലും കാലു പൊക്കി ചാടിയിട്ടില്ലാത്ത പ്രിൻസിപ്പൽ വരെ ഡാൻസ് ചെയ്യാനിറങ്ങുന്നതു കണ്ടപ്പോൾ മറ്റു സാറന്മാർക്കും വേറെ നിവൃത്തിയില്ലാതായി.

വത്സല ടീച്ചർക്ക് നിയന്ത്രണം വിട്ടുപോയി. മൂധേവിയെ പിടിച്ചു സുവോളജിക്കാരുടെ മുതലക്കുളത്തിൽ മുക്കാൻ ആരുമില്ലേ എന്നവൾ ചോദിച്ചത് മൈക്കിലൂടെയായി പോയി. ജാള്യത മറയ്ക്കാനായി പിന്നെ തല കുമ്പിട്ടിരുന്നു.

അപ്പോഴാണ് കുറെ ടി.വി ക്കാരും പത്രക്കാരും ക്യാമറകളുമായി അവിടെ പ്രത്യക്ഷപ്പെട്ടത്. തകർപ്പൻ സംഘ നൃത്തം അവർ ക്യാമറയിൽ പകർത്തി. എസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ സണ്ണി ജോസഫിനെ തേടിയാണ് അവർ വന്നത്.

വിവരമറിഞ്ഞപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട സാറിനെ തോളിലേറ്റി വിദ്യാർഥികൾ ഗ്രൗണ്ടിൽ പ്രദക്ഷിണം വച്ചു. കിച്ചൻ ഓർക്കസ്ട്രയുമായി പെൺകുട്ടികൾ മുമ്പേ നടന്നു. വള്ളം കളിയുടെ അന്നത്തെ പോലെ തങ്ങളുടെ വീര നായകനെ എടുത്തു പൊക്കി പട്ടണത്തിലൂടെ ജാഥ നയിക്കാൻ കുട്ടികൾ ആഗ്രഹിച്ചെങ്കിലും ടി വി ക്യാമറകൾ ഒഴിഞ്ഞൊരു നേരമില്ലായിരുന്നു.

ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപകർ സണ്ണിക്കുട്ടിയെ ഇടം വലം തിരിയാൻ വിട്ടില്ല. ഫോട്ടോകൾ എടുക്കുമ്പോൾ തങ്ങൾ ഒപ്പമുണ്ടാവണമെന്ന് അവർക്കു നിർബന്ധം. ഏറ്റവും മുന്നിൽ വത്സലകുമാരിയും വാസന്തിയും. സുമി ഏറ്റവും പിന്നിലായിപ്പോയി. മറ്റുള്ളവർ തള്ളി മാറ്റുകയായിരുന്നു\

സണ്ണിസാറിന്റെ കൈ രേഖകൾ കണ്ട ദിവസം  തന്നെ താൻ പ്രവചിച്ചിരുന്നത്  നിവൃത്തിയായി എന്ന് തമ്പാൻക്കുട്ടി സാർ സാക്ഷിച്ചു. അതുപോലൊരു കൈ താൻ വേറെ കണ്ടിട്ടില്ലെന്നും അംഗീകാരം ഒരു തുടക്കം മാത്രമേ ആയിട്ടുള്ളുവെന്നും അദ്ദേഹം സമർത്ഥിച്ചു.

കാണുന്നതെല്ലാം നിർത്ഥകമാണെന്നും , ടി. വി  ക്യാമറ കാണുമ്പൊൾ തനിക്കു ഛർദ്ദിക്കാൻ തോന്നുനെന്നും ചമ്പക്കര സാർ പറഞ്ഞു. പുറം പൂച്ചിന്റെ പൊള്ളത്തരം പൊളിക്കുന്ന ഒരത്യാധുനിക കവിത തനിക്കുടനെ ചമയ്ക്കണമെന്നും സാറിനു തോന്നി. അദ്ദേഹം ആറ്റിന്കരയിലേക്കു നട കൊണ്ടു.

അന്ന് സന്ധ്യയിൽ സുമിയുടെ മാരുതി സെൻ ഓടിയത്  ഉഗ്രൻ കുന്നിലേക്കായിരുന്നു. റോഡരുകിൽ പൂത്തുലഞ്ഞു നിന്ന വാകമരങ്ങളുടെ ഭംഗിയൊന്നും അവൾ കണ്ടില്ല. കാറ്റിൽ ചാഞ്ചാടുന്ന കതിർക്കുലകളും നിരനിരയായി നിന്ന് കതിർക്കുലകൾ അറുത്തു  കെട്ടുന്ന മനുഷ്യരുടെ മുഖത്തെ സന്തോഷവും അവൾ കണ്ടില്ല. അവളുടെ മനസ്സിൽ വലിയൊരു വസന്തം വിടർന്നിട്ടുണ്ടായിരുന്നു.

കാമുകനും ശാന്താ ചിത്തനായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ അവർ സംസാരിക്കുന്നതു കണ്ണുകളിലൂടെയായിരുന്നു. കൈകളിലൂടെയായിരുന്നു.

ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു.

"തേജോ ബിന്ദൂപനിഷത്ത് വായിച്ചിട്ടുണ്ടോ ?"

" എന്റെ പൊന്നുമോനെ...... വേദപുസ്തകം പോലും നേരാംവണ്ണം വായിച്ചിട്ടില്ല. ഭാഗം സ്വല്പം കമ്മിയാ....." കാമുകി വിശദീകരിച്ചു.

" യഥാർത്ഥ സാഹിത്യം അതൊക്കെയല്ലേ ?"

" അറിയാം. ഇനി പഠിക്കാം. ....എന്തേ ചോദിക്കാൻ.....?"

"ജ്വാലാ വഗ്നി ; ശീതള ശ് ചേ ത്

ആസ്തി രൂപമിദം

ജഗത് ജ്വാലാഗ്നി മണ്ഡലേ

പദ്മ വൃദ്ധി ശ് ചേ ത്  ജഗസ് ത്വിഭം

" എന്ന് വച്ചാൽ ?"

" അഗ്നിജ്വാല ശീതളമാകുമെങ്കിൽ ഭൂമിയുടെ രൂപം ഉണ്ടെന്നു സമ്മതിക്കാം. അഗ്നിജ്വാലയുടെ മദ്യത്തിൽ താമര വിടർന്നു വരുമെങ്കിൽ ജഗത്തുണ്ടെന്നു സമ്മതിക്കാം ..."

എല്ലാമുണ്ടെങ്കിലും യഥാർത്ഥത്തിൽ ഒന്നുമില്ല എന്ന് നമ്മൾ കരുതിക്കൊള്ളണം. അതല്ലേ അതിന്റെ സാരം.

"മിടുക്കി".

ഉഗ്രൻ കുന്നിൽ ആകാശം ചുവന്നു തുടുത്തിരുന്നു. പൊള്ളുന്ന പകലിലെ അധ്വാനത്തിന് ശേഷം വയലിലെ  പണിക്കർ നീരൊഴുക്കുകൾ തേടിപ്പോയി. ആണിനും പെണ്ണിനും കുളിരു സമ്മാനിക്കുന്ന ജലധമനികൾ.

മുണ്ടാണിക്കൽ മുറ്റത്തും ഉത്സവപ്പറമ്പിലെ പോലെ ജനം കൂടിയിട്ടുണ്ടായിരുന്നു. നാടിൻറെ വീരസന്താനത്തെ എതിരേൽക്കാൻ . റിബേക്കാമ്മയുടെ പാൽപ്പായസവും ഗണപതിയമ്പലത്തിലെ ഉണ്ണിയപ്പവും കഴിച്ച് അവർ മടങ്ങി.

സന്ധ്യയ്ക്കു കാമുകിയും കാമുകനും വെള്ളച്ചാട്ടം കാണാൻ പോയി. മുൻപ് വന്നപ്പോൾ അവൾ മോഹിച്ചതാണ്. അന്ന് കാമുകൻ ഡൽഹിക്കു പോയതിനാൽ സാധിച്ചില്ല. മോഹം ഞെരിച്ചമർത്തി.

പതഞ്ഞുയരുന്ന ഉറവയെ നോക്കികൊണ്ട്സണ്ണിക്കുട്ടി പറഞ്ഞു :

"ഉഗ്രൻ കുന്നിന്റെ യക്ഷിയാണിവൾ. ആരെയും ഉപദ്രവിക്കാത്ത, എല്ലാവരെയും

പോറ്റുന്ന യക്ഷി. സദാ പാൽ ചുരത്തുന്ന നന്ദിനി"

വെള്ളച്ചാട്ടത്തിനടുത്തുള്ള പാറയിൽ നിന്ന് നോക്കിയാൽ പടിഞ്ഞാറ് കടൽ കാണാം. എരിഞ്ഞു തീരുന്ന സൂര്യ ബിംബത്തെ നോക്കി അവൾ അത്ഭുതം വിടർന്ന കണ്ണുകളുമായി നിന്നു. യക്ഷി അവരുടെ മേൽ പനിനീര് കുടഞ്ഞു രസിച്ചു. കല്യാണ പന്തലിൽ കുട്ടികൾ ചെയ്യുന്നപോലെ.

തന്റെ പ്രിയതമയുടെ  ശരീരം  സന്ധ്യ പ്രകാശത്തിൽ തിങ്കളെപ്പോലെ തിളങ്ങുന്നത് സണ്ണിക്കുട്ടി ശ്രദ്ധിച്ചു. ഇവൾ ഇത്രയ്ക്കു സുന്ദരിയോ ? അറിയാതെ അവൻ മനസ്സിൽ പറഞ്ഞു. അല്ലെങ്കിലും താൻ മനസ്സിലൂടെയാണല്ലോ ഇവളെ സദാ കാണുന്നത് !. മനസ്സിലുള്ളതിനേക്കാൾ  ഇവൾ സുന്ദരിയായതെങ്ങിനെ ? സ്ഫടിക സമാനമായ മനസ്സിന്റെ ആൾരൂപമല്ലേ ?          

അവളെ വാരിപുണർന്നുകൊണ്ടവൻ  വെള്ളച്ചാട്ടത്തിലേക്കു ചാടി. ഡോൾഫിനുകളെപോലെ അവർ കെട്ടിമറിഞ്ഞു കളിച്ചു. തന്റെ കാമുകന്റെ ശക്തിയറിയാൻ അവളുടെ തണുത്ത ശരീരം ത്രസിച്ചു. ഓരോ അണുവിലും ദാഹം. അവന്റെ മനസ്സിന് ഇരുമ്പിന്റെ ശക്തിയായിരുന്നു.

"ഇനി എത്ര നാൾ ഇങ്ങനെ മേളിക്കാനൊക്കും?" സുമി അത് ചോദിച്ചപ്പോൾ സണ്ണിക്കുട്ടിയും ഒന്ന് പകച്ചു . ജനിച്ച നാൾ മുതൽ താനീ ഇരമ്പം കേട്ടാണ്  വളർന്നത്. യക്ഷിയുടെ താരാട്ടു പാട്ടിനു അമ്മയുടേതിനേക്കാൾ വശ്യതയുണ്ടായിരുന്നു. അമ്മയാണ് തന്നെ വെള്ളച്ചാട്ടത്തിന്റെ കുളിരാദ്യം അറിയിച്ചത്. പിന്നീട് കൂട്ടുകാരോടൊപ്പം അതിൽ കുത്തിമറിയാത്ത ദിവസങ്ങളില്ലായിരുന്നു. ഉയർന്ന പാറയിൽ നിന്ന് വെള്ളത്തിലേക്കു തലകുത്തി ചാടാൻ മത്സരമായിരുന്നു കൂട്ടുകാർ തമ്മിൽ.

ഇനി എന്നെങ്കിലും ഒരിടവേളയിൽ മാത്രം ഇവിടേക്കുവരാനോ? തന്റെ ഭൂലോക പ്രയാണം കഴിഞ്ഞു അറുപതാം വയസ്സിൽ വരുമ്പോൾ ഇവിടെയീ ഉറവയും വെള്ളച്ചാട്ടവും കാണുമോ ? ഉഗ്രൻകുന്നിൽ തന്നെ തിരിച്ചറിയുന്നവർ അന്ന് ആരെല്ലാം കാണും? ഇരുട്ടിന്റെ കരിമ്പടം മലമുകളിൽ നിന്ന് താഴേക്ക് ഉരുണ്ടു. സായിപ്പിന്റെ സ്കൂളിലെ കാറ്റാടി യന്ത്രം മാത്രം ഉയരത്തിൽ വെളുത്ത് നിന്നു. കാറ്റാടി മരങ്ങൾ ചൂളം വിളിച്ചു. സെമിത്തേരി പുരയിടത്തിലെ ദേവാലയത്തിൽ സന്ധ്യാ പ്രാർത്ഥനയ്ക്ക് മണി മുഴങ്ങി.

കാമുകിയുടെ നെറ്റിത്തടത്തിൽ കാമുകൻ ഒരു മുത്തം നൽകി. പിന്നെ പറഞ്ഞു:

" എവിടെപ്പോയാലും ഇവൾക്ക് പകരം എന്നോടൊപ്പം നിയുണ്ടാവില്ലേ ? അത് മതി...."

" ഞാൻ യക്ഷിയാണോ ....?"

"അതെ. നീ സ്ത്രീയാണ്. യക്ഷിയാണ്. സർവ്വശക്തിയുടെയും ഉറവയാണ്. നിന്നിൽ ഞാൻ ഞാനാകും. എന്നെ നിന്നിൽ നിറയ്ക്കും. ...."

കാമുകി കോരിത്തരിച്ചു. യക്ഷി അപ്പോൾ അവൾക്കു മീതെ ഒരു കുടം പനിനീർ കൂടുതലെറിഞ്ഞു. അവളുടെ ആശീർവാദമേറ്റു വാങ്ങി അവർ വീട്ടിലേക്കു നടന്നു.

സമയം വരിക്കപ്പുഴയിലെ സ്വവസതിയിൽ കിടക്കയിൽ തലകുത്തി മറിയുകയായിരുന്നു വത്സല ടീച്ചർ. അത്രക്കൊന്നും അവർ പ്രതീക്ഷിച്ചിരുന്നില്ല. എങ്ങിനെ ഇനി അവളുടെ മുഖത്ത് നോക്കും. എസ് ടോപ്പറുടെ കാമുകിയല്ലേ ?

" തലവേദനയുണ്ടോ വത്സേ ......?"

ഭർത്താവ്  തോമസുകുട്ടി വിളിച്ചു ചോദിച്ചു.

" തലയൊന്നു വെട്ടി മാറ്റിത്തരാമോ ?"

പിന്നെ ഒന്നും ചോദിക്കാൻ സാറിന് ധൈര്യമില്ലായിരുന്നു. തന്റെ ഭാര്യയുടെ യഥാർത്ഥ പ്രശ്നം എന്തായിരിക്കും എന്നതിനെക്കുറിച്ചാലോചിച്ചുകൊണ്ടു സാർ മുറ്റത്തെ മാവിൻചോട്ടിൽ ഏറെ നേരമിരുന്നു. കാക്ക കാഷ്ടം തലയിൽ വീണപ്പോൾ എഴുനേറ്റു പോയി.

ടി. വി ചാനലുകാരെല്ലാം സണ്ണിക്കുട്ടി ജോസഫിന്റെ വീരകൃത്യങ്ങൾ വാഴ്ത്തി പാടുമ്പോൾ തങ്ങളുടെ ടി വി അങ്ങ് തല്ലിപൊട്ടിച്ചാലോ എന്ന് വത്സല ടീച്ചർക്ക് തോന്നിപ്പോയി. പക്ഷെ അടുത്ത നിമിഷം അവൾക്കു ജീവൻ വച്ചു.

 

 . എസിലെ പതിനഞ്ചാം റാങ്കും കേരളത്തിനാണെന്നും അത് സെന്റ് തെരേസാസിൽ തന്റെ ക്ലാസ്സ്മേറ്റായിരുന്ന മരിയാ ഫെർണാണ്ടസ്സിനാണെന്നും അറിഞ്ഞപ്പോൾ ഉലഞ്ഞുപോയ മുടി വാരിക്കെട്ടിക്കൊണ്ടു അവൾ എഴുനേറ്റു.

"ഇവളെ വച്ച് ഞാനൊരു കളി കളിക്കും."

അവൾ മനസ്സിൽ പറഞ്ഞു.

അടിവയറ്റിലെ ആളനക്കം അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. മറ്റൊരാത്മാവ് വയറ്റിൽ കിടന്നു പുളയുന്നുണ്ടായിരുന്നു . മാവിൻ ചോട്ടിലിരുന്നു പുളഞ്ഞ തത്തയെപ്പോലെ.

 

മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ)

ഡോ. ഏബ്രഹാം കരിക്കം

 

അദ്ധ്യായം പത്ത്

ഇന്ദ്രപ്രസ്ഥത്തിൽ ഒരു അഭിമുഖം

സ്വർണ്ണക്കതിർക്കുലകൾ ഉല്ലാസനടനമാടുന്ന പാടശേഖരങ്ങൾ ആകാശ നീലിമ വരെ നീണ്ടുപരന്നു കിടക്കുന്നു. അതിന്റെ ഓരം ചേർന്ന് ഒരു റോഡ് വളഞ്ഞു പുളഞ്ഞു പോകുന്നുണ്ട്. അതിലൂടെ ആനവണ്ടികൾ തലങ്ങും വിലങ്ങും ഓട്ടം തുടരുകയാണ്. ഒരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പവും കേൾക്കാം. അത് കേട്ടാലറിയാം ഉഗ്രൻ കുന്നായെന്ന്.

ഒരു വലിയ മല വെട്ടിത്തെളിച്ചു സായിപ്പന്മാർ ഇംഗ്ലീഷ് പള്ളിക്കൂടം തുടങ്ങിയ അന്നു മുതൽ നാട്ടുകാർ സ്ഥലത്തെ വിളിച്ചത് ഉഗ്രൻകുന്നെന്ന പേരിലാണ്. കുന്നിനു ചുറ്റും വനങ്ങളും കാട്ടുമൃഗങ്ങളും ഇപ്പോഴുമുണ്ട്. പ്രകൃതിയിൽ കവിത വിരിയിക്കുന്ന കുറെ മനുഷ്യരും.

പാടത്തിന്റെ നാടുവിലൂടുള്ള വെട്ടുറോഡിലൂടെ പീലിപ്പോച്ചന്റെ ബെൻസ് തെന്നി നീങ്ങി. തെങ്ങിന്റെ തോപ്പുകളും ഏത്തവാഴത്തടങ്ങളും കടന്ന് മുണ്ടാണിക്കൽ  തറവാടിന്റെ മുറ്റത്ത് കാർ നിന്നു. യൗസേപ്പച്ചനും റിബ്ബേക്കമ്മയും പിന്നെ സണ്ണികുട്ടിയും ഓടിയിറങ്ങിച്ചെന്നു.

പക്രു ആദ്യമിറങ്ങി. പീലിപ്പോച്ചനും സാറാമ്മയും ഇട്ടിക്കുഞ്ഞും അമ്മിണി ടീച്ചറും പുറകാലെ.

റിബ്ബേക്കമ്മ കാറിനുള്ളിലേക്കു നോക്കി. ഐശ്വര്യദേവത നാണംകുണിങ്ങിയിരിക്കയാണ്. അവളുടെ മുഖകാന്തി കണ്ട് റബ്ബേക്കമ്മയും പരിഭ്രമിച്ചുപോയി. തന്റെ ഭാവിമരുമകളെ അവർ ഗാഡം പുണർന്നു ചുംബിച്ചു.

യൗസേപ്പച്ചനും പീലിപ്പോച്ചനും തുടങ്ങിവച്ച സംഭാഷണം പൂർത്തിയാക്കാൻ അവർക്കു ദിവസങ്ങളോളം വേണമെന്ന് തോന്നി. ദശകങ്ങൾ മണ്ണിനോടും മനുഷ്യരോടും പടവെട്ടിയ കഥകൾ ഏറെപ്പറയുവാനുണ്ട് രണ്ടുപേർക്കും.

വിവിധ വർണ്ണങ്ങളിലുള്ള ധാരാളം വളർത്തുമീനുകളെ സുക്ഷിച്ചിട്ടുള്ള വെള്ളം നിറച്ച കണ്ണാടിപ്പെട്ടികളിലായി പക്രുവിന്റെ കണ്ണുകൾ. ടെന്നീസ് കഴിഞ്ഞാൽ അവനേറ്റവും പ്രിയം മീനുകളോടാണ്.

മുറ്റത്തുനിന്നാൽ കാണാവുന്ന വെള്ളച്ചാട്ടത്തിന്റെ മുഗ്ധ സൗന്ദര്യം നുകരുകയായിരുന്നു ഇട്ടിക്കുഞ്ഞു.വനത്തിൽ നിന്നുള്ള വെള്ളത്തിന്റെ പ്രവാഹം കണ്ടാൽ പാതിരാത്രിയിൽ തൂവെള്ളയണിഞ്ഞ യക്ഷി പെട്ടെന്ന് പ്രത്യക്ഷയായപോലെ തോന്നും.

സണ്ണിക്കുട്ടിയെ ഡൽഹിക്കു യാത്രയാക്കുന്നതിന്റെ ഉദ്വേഗം റബ്ബേക്കമ്മ അമ്മിണിക്കുട്ടിയുമായി പങ്കുവച്ചു.

കാമുകന്റെ വിശാലമായ മുറിയിലേക്ക് സുമി പ്രവേശിച്ചു. അമൂല്ല്യ ഗ്രന്ഥങ്ങളുടെ ശേഖരവും മഹാരഥന്മാരുടെ ചില്ലിട്ട ചിത്രങ്ങളും  പഴയതരം വാദ്യോപകരണങ്ങളും എല്ലാം ഹൃദ്യമായി അലങ്കരിച്ചിട്ടുള്ള മുറിയുടെ മാറ്റുകൂട്ടുന്ന തരത്തിൽ അത്യന്തം സൂക്ഷ്മമായി പ്രതിഷ്ഠിച്ചിരിക്കുന്നു.

വെൽവെറ്റ് മെത്തയിൽ വിഷാദമൂകനായിരിക്കുന്ന കാമുകന്റെ ഹൃദയ  സംഗീതം അവളുടെ കാതിൽ വന്നലച്ചു. ഹൃദയത്തിൽ അനുരാഗത്തിന്റെ മന്ത്രധ്വനിയും  ശൃംഗാര   ലഹരിയുടെ ഈണവും നിറയ്ക്കാൻ അവളുടെ ഉള്ളം ത്രസിച്ചു.

"അവശ കാമുകാ..... മൂന്നു ദിവസത്തെ വേർപാടല്ലേയുള്ളൂ! ഇപ്പോൾ ഇന്റർവ്യു. അതുമാത്രം ആലോചിച്ചാൽ മതി. പിന്നീട് വരാൻ പോകുന്നത് നമ്മുടെ നാളുകളല്ലേ? മാനംമുട്ടെ പറക്കുന്ന വാനമ്പാടികളാവില്ലേ അന്നു നമ്മൾ”?.

കാമുകന്റെ തളർന്ന മനസ്സിനെ അവൾ ഇടിച്ചുണർത്തി.

ഇവളെപ്പിരിഞ്ഞു ഒരു ദിവസം പോലും കഴിയാനാവുന്നില്ലല്ലോ എന്നതായിരുന്നു അവശകാമുകന്റെ അപ്പോഴത്തെ ചിന്ത. പ്രേമമെന്ന വികാരം കണ്ടുപിടിച്ചതാര് എന്നവൻ അതിശയിച്ചു. അസ്ഥിക്കുള്ളിൽ തുളച്ചു കയറുന്ന അതിന്റെ രാസമിശ്രിതം. രതി എന്ന താളത്തിനൊപ്പിച്ചു പതഞ്ഞുപൊങ്ങുന്ന രാഗസുധ. പ്രപഞ്ചത്തിന്റെ സ്പുടതര താളം. അതിജീവന മന്ത്രം. പരം പൊരുൾ.

ഒറ്റക്കാലിൽ നിന്ന് തപസ്സുചെയ്തിട്ടുള്ള യോഗീശ്വരന്മാരെ വീഴ്ത്തിയിട്ടുള്ള സ്ത്രീത്വത്തിന്റെ നിറകുടമാണ് തന്റെ മുന്നിലിലിരിക്കുന്നത് എന്ന് കാമുകനറിഞ്ഞു . അവളെ തന്നിലേക്കാവാഹിക്കാൻ, അവളിൽ            ഹോമാഗ്നിയായി പടർന്നു കയറാൻ കൊതിച്ചെങ്കിലും , ആത്മാവിനെ അരിച്ചെടുത്ത ഒരു ചുംബനത്തിൽ എല്ലാം ഒതുക്കി കളഞ്ഞു.

അപ്പനപ്പൂപ്പന്മാരുടെയെല്ലാം അനുഗ്രഹം വാങ്ങി സണ്ണിക്കുട്ടി ഡൽഹിക്കു തിരിച്ചു. കൊടും വളവുകൾ നിരവധിയുള്ള റോഡിനിരുവശവും പാറക്കെട്ടുകളും തണൽ മരങ്ങളും. രാജ വീഥിയിൽ പുഷ്പാർച്ചന നടത്താൻ സമൃദ്ധിയായി പൂത്ത വന്മരങ്ങൾ ഇടയ്ക്കിടെ.

പിലിപ്പോച്ചന്റെ ബെൻസിലായിരുന്നു എയർപോർട്ടിലേക്കുള്ള യാത്ര. പുറകിൽ കാമുകനും കാമുകിയും മാത്രം. വണ്ടി ഓടിച്ച ഇട്ടിക്കുഞ്ഞും കൂട്ടിനു പോയ പക്രുവും പലപ്പോഴായി ചോദിച്ചതൊന്നും അവർ കേട്ടില്ല. കാമുകിയുടെ കരചരണങ്ങൾ പുതിയ നൃത്ത രൂപങ്ങൾ ആവിഷ്ക്കരിക്കുകയായിരുന്നു. കാമുകൻ ലാസ്യ നടന ലഹരിയിൽ മയങ്ങിപ്പോയി.

ആകാശ പക്ഷി കാമുകനെയും കൊണ്ട് മേഘക്കെട്ടുകൾക്കിടയിൽ മറഞ്ഞു. മിന്നലുള്ള രാത്രിയിൽ കുരുവിക്കൂട്ടിനുള്ളിൽ  ഒറ്റയ്ക്കിരിക്കുന്ന കുരുന്നിനെപ്പോലെയായി കാമുകി. 

പിറ്റേന്ന്      എസ് പരീക്ഷയുടെ  രണ്ടാം  ഘട്ടമായി  ഡൽഹിയിൽ  നടന്ന  വാചാ  പരീക്ഷ സണ്ണിക്കുട്ടിക്ക് അവിസ്മരണീയമായ ഒരനുഭവമായി മാറി.

കോളജ് അദ്ധ്യാപകനായതിനാൽ കേരളത്തിലെ വിദ്യാഭ്യാസത്തെ പറ്റി ചോദിച്ചു കൊണ്ടായിരുന്നു തുടക്കം. വിദ്യാഭ്യാസത്തെ എങ്ങനെ നിർവചിക്കും എന്നാരാഞ്ഞപ്പോൾ, പ്രപഞ്ച വിജ്ഞാനീയത്തെ വ്യക്തിഗത മനസ്സിലേക്ക് പ്രവേശിപ്പിക്കുന്ന  ക്ലേശകരമായ പ്രക്രിയയെന്നു മറുപടി നൽകി.

 കേരളത്തിൽ എത്ര കോളജുകൾ ഉണ്ടെന്നായി അടുത്ത ചോദ്യം. മുന്നൂറെന്ന് മറുപടി. തുടർന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഏതാണ്ടീമട്ടിലായിരുന്നു.

"ഇന്ത്യയിൽ ആകെ എത്ര യുണിവേഴ്സിറ്റികളും കോളജുകളും ഉണ്ടെന്നറിയാമോ ?”

ഇരുന്നൂറ്റമ്പതു യുണിവേഴ്സിറ്റികളും പതിനായിരം കോളജുകളും നാല്പത്തഞ്ചു ലക്ഷം അദ്ധ്യാപകരുമുണ്ട്‌. ഓപ്പൺ യൂണിവേഴ്സിറ്റികൾ വേറെ.

“നളന്ദയും തക്ഷ ശിലയുംഎത്ര നാൾ നിലനിന്നു”?.

ആയിരം വർഷത്തോളം.

“അവ തകർന്നടിയാൻ കാരണം”?

വിദേശ മേൽക്കോയ് അടിച്ചേല്പിക്കപെടുമ്പോൾ ഒരു സംസ്ക്കാരം അടി മുതൽ മുടി വരെ ജീർണ്ണിക്കും. സാംസ്ക്കാരിക ക്ഷതത്തിൽ നിന്ന് മോചനം നേടാൻ പിന്നീട് അനവധി നൂറ്റാണ്ടുകൾ വേണ്ടി വരും.

“വിദേശ സർവീസാണല്ലോ ആഗ്രഹിക്കുന്നത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ ഒരു ഫോർമുല കയ്യിലുണ്ടോ”?

തീർച്ചയായുമുണ്ട്. യൂറോപ്പിൽ രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ തുറന്നിട്ടപോലെ ഇന്ത്യ, പാകിസ്ഥാൻ, ചൈന, നേപ്പാൾ, ശ്രീ ലങ്ക, ബംഗ്ലാദേശ്, ബർമ്മ തുടങ്ങിയ രാജ്യങ്ങൾ അതിർത്തികൾ ഉപേക്ഷിക്കണം. അപ്പോൾ കാശ്മീർ എല്ലാവർക്കും സ്വന്തമാകും. ആത്യന്തികമായ ലോകം തന്നെ ഒന്നായെ പറ്റൂ.

“ലോക ഗവണ്മെന്റിൽ വിശ്വാസമുണ്ടോ” ?

ഉണ്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ഒരു ലോക ഗവണ്മെന്റ് എത്രയും വേഗം ഉണ്ടാവുമോ അത്രയും നന്ന്.

“അങ്ങനെയൊരു ഗവണ്മെന്റുണ്ടായാൽ അതിന്റെ പ്രസിഡന്റ് സ്ഥാനം തന്നാൽ സ്വീകരിക്കുമോ “?

  മുഹൂർത്തം എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളായിരിക്കും.

നിരവധി ചോദ്യങ്ങൾ പിന്നെയും അവർ ചോദിച്ചു. ഒടുവിൽ ചെയർമാൻ ഇങ്ങനെ പറഞ്ഞു.

" ട്രൈനിംഗിന് തയ്യാറായിക്കോളു. വിഷ് യു ഓൾ ദി ബെസ്ററ്"

തിരികെ തിരുവനന്തപുരത്തേക്ക് പറക്കുമ്പോൾ തന്റെ ഐശ്വര്യ ദേവത പറഞ്ഞതുപോലെ താനൊരു വാനമ്പാടി ആയി കഴിഞ്ഞു എന്ന് സണ്ണിക്കുട്ടിക്ക് ബോദ്ധ്യമായി. രാജ്യാതിർത്തികൾ അതിക്രമിച്ചു പറക്കുന്ന വാനമ്പാടി .

വീണ്ടും മേരിമാതായുടെ തിരുമുറ്റത്ത് കാലുകുത്തുമ്പോൾ സണ്ണിക്കുട്ടിക്കറിയാമായിരുന്നു തന്റെ കലാലയ ജീവിതം അവസാനിപ്പിക്കാൻ കാലമായെന്ന്. പുതിയ മേച്ചിൽപ്പുറങ്ങൾ തനിക്കായി കാത്തിരിക്കുന്നെന്ന്. അതുകൊണ്ടുതന്നെ പിന്നീടുള്ള ഓരോ നിമിഷവും അവിസ്മരണീയമാക്കണമെന്ന് അവനു നിർബന്ധമായിരുന്നു.

കാമുകനൊപ്പം കോളേജിൽ കിട്ടുന്ന അവസരം പരമാവധി ആഘോഷിക്കുവാൻ സുമിയും തീർച്ചപ്പെടുത്തിയിരുന്നു. എൻ.എസ്. എസിന്റെ ഗ്രാമവികസന ക്യാമ്പിൽ, ബെസ്റ്റാർട്സിന്റെ സർഗസംഗമത്തിൽ, ബ്രയിൻസ് ട്രസ്റ്റിന്റെ മോക്ക് പാർലമെന്റിൽ, അസോസിയേഷനുകളിൽ എല്ലാം യുവജനോത്സവ മത്സരവേദികളിലെന്നപോലെ അവർ തകർത്താടി. കുട്ടികൾ അവരോടൊപ്പം അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും കൊടുമുടികൾ കീഴടക്കികൊണ്ടിരുന്നു.

എം. ക്ളാസ്സിലെ കുട്ടികളോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോകേണ്ട അദ്ധ്യാപകരുടെ കാര്യം ഡിപ്പാർട്മെന്റ് അദ്ധ്യാപക യോഗത്തിൽ ആലോചനക്ക് വന്നു. സണ്ണിയും സുമിയും പോകണമെന്ന് ലീലാമണി ടീച്ചർ നിർദ്ദേശിച്ചു.

"താൻ സീനിയറാണെന്നും തനിക്കു പോയാൽ കൊള്ളാമെന്നുണ്ടെന്നും വത്സല ടീച്ചർ പ്രസ്താവിച്ചു".

വസുമതി അവളുടെ ചെവിയിൽ ഇങ്ങനെ ചോദിച്ചു:

"എടീ നീ ഗർഭിണിയല്ലേ?. നിനക്കിപ്പോൾ യാത്ര ചെയ്യാമോ”?.

അതിനൊക്കെ താൻ വഴികണ്ടിട്ടുണ്ടെന്ന് അവൾ വസുമതിയോടു പറഞ്ഞു. ഒടുവിൽ തുരുത്തിപ്പള്ളി സാറും വത്സല ടീച്ചറും പോകാൻ തീരുമാനമായി.

ബി. അവസാന വർഷക്കാരോടൊപ്പം കൊടൈക്കനാലിൽ പോകേണ്ടാതാരെന്നായി അടുത്ത ആലോചന. ലീലാമണി ടീച്ചറോ വസുമതിയോ ആകട്ടേയെന്നു വത്സല ആദ്യം കയറിപ്പറഞ്ഞു. ലീലാമണി ടീച്ചർ പിന്മാറിയെങ്കിലും വത്സല ഉറച്ചു നിന്നു. പുരുഷന്മാരിൽ നിന്ന് ചമ്പക്കര സാറിനെയും തെരെഞ്ഞെടുത്തു.

ഏതോ മഹത്കാര്യം നിർവ്വഹിച്ച സന്തോഷത്തിലാണ് വത്സലകുമാരി അന്ന് വീട്ടിലെത്തിയത്. ശരീരത്തിൽ ഏറെനേരം എണ്ണയും കുഴമ്പും തേച്ചുപിടിപ്പിച്ചു. തോമസ് കുട്ടിയോടുള്ള സംസാരത്തിലും ഒരു എണ്ണമയമുണ്ടായിരുന്നു. അന്നത്തെ അവളുടെ കുളിക്കു ഒരു പേറ്റു കുളിയുടെ സുഖമുണ്ടായിരുന്നു.

കുട്ടികളുടെ ഊട്ടിയാത്രയുടെ തലേദിവസം വത്സല മേധാവി ഡേവിഡ് സാറിനെ വിളിച്ചു. തനിക്കു ശർദ്ദിലാണെന്നും മറ്റാരെയെങ്കിലും പറഞ്ഞുവിടണമെന്നും അഭ്യർത്ഥിച്ചു. അവസാനനിമിഷം അദ്ധ്യാപികമാരെ ആരെയും കിട്ടാത്തതിനാൽ ഏതോ ഒരു വിദ്യാർത്ഥിനിയുടെ അമ്മയെ വലിച്ചിഴച്ചു ബസ്സിൽ കയറ്റി അവർ യാത്ര തിരിച്ചു.

വത്സലയുടെ  എണ്ണ തേച്ചുള്ള കുളി അന്നും തെറ്റിയില്ല.

………………………………………………………………………………………………………………………….