മസൂറിയിൽ ഒരു മഞ്ഞു കാലം
(നോവൽ)
ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം പത്ത്
ഇന്ദ്രപ്രസ്ഥത്തിൽ ഒരു അഭിമുഖം
സ്വർണ്ണക്കതിർക്കുലകൾ ഉല്ലാസനടനമാടുന്ന പാടശേഖരങ്ങൾ ആകാശ നീലിമ വരെ നീണ്ടുപരന്നു കിടക്കുന്നു. അതിന്റെ ഓരം ചേർന്ന് ഒരു റോഡ് വളഞ്ഞു പുളഞ്ഞു പോകുന്നുണ്ട്. അതിലൂടെ ആനവണ്ടികൾ തലങ്ങും വിലങ്ങും ഓട്ടം തുടരുകയാണ്. ഒരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പവും കേൾക്കാം. അത് കേട്ടാലറിയാം ഉഗ്രൻ കുന്നായെന്ന്.
ഒരു വലിയ മല വെട്ടിത്തെളിച്ചു സായിപ്പന്മാർ ഇംഗ്ലീഷ് പള്ളിക്കൂടം തുടങ്ങിയ അന്നു മുതൽ നാട്ടുകാർ ആ സ്ഥലത്തെ വിളിച്ചത് ഉഗ്രൻകുന്നെന്ന പേരിലാണ്. കുന്നിനു ചുറ്റും വനങ്ങളും കാട്ടുമൃഗങ്ങളും ഇപ്പോഴുമുണ്ട്. പ്രകൃതിയിൽ കവിത വിരിയിക്കുന്ന കുറെ മനുഷ്യരും.
പാടത്തിന്റെ നാടുവിലൂടുള്ള വെട്ടുറോഡിലൂടെ പീലിപ്പോച്ചന്റെ ബെൻസ് തെന്നി നീങ്ങി. തെങ്ങിന്റെ തോപ്പുകളും ഏത്തവാഴത്തടങ്ങളും കടന്ന് മുണ്ടാണിക്കൽ തറവാടിന്റെ മുറ്റത്ത് കാർ നിന്നു. യൗസേപ്പച്ചനും റിബ്ബേക്കമ്മയും പിന്നെ സണ്ണികുട്ടിയും ഓടിയിറങ്ങിച്ചെന്നു.
പക്രു ആദ്യമിറങ്ങി. പീലിപ്പോച്ചനും സാറാമ്മയും ഇട്ടിക്കുഞ്ഞും അമ്മിണി ടീച്ചറും പുറകാലെ.
റിബ്ബേക്കമ്മ കാറിനുള്ളിലേക്കു നോക്കി. ഐശ്വര്യദേവത നാണംകുണിങ്ങിയിരിക്കയാണ്. അവളുടെ മുഖകാന്തി കണ്ട് റബ്ബേക്കമ്മയും പരിഭ്രമിച്ചുപോയി. തന്റെ ഭാവിമരുമകളെ അവർ ഗാഡം പുണർന്നു
ചുംബിച്ചു.
യൗസേപ്പച്ചനും പീലിപ്പോച്ചനും തുടങ്ങിവച്ച സംഭാഷണം പൂർത്തിയാക്കാൻ അവർക്കു ദിവസങ്ങളോളം വേണമെന്ന് തോന്നി. ദശകങ്ങൾ മണ്ണിനോടും മനുഷ്യരോടും പടവെട്ടിയ കഥകൾ ഏറെപ്പറയുവാനുണ്ട് രണ്ടുപേർക്കും.
വിവിധ വർണ്ണങ്ങളിലുള്ള ധാരാളം വളർത്തുമീനുകളെ സുക്ഷിച്ചിട്ടുള്ള വെള്ളം നിറച്ച കണ്ണാടിപ്പെട്ടികളിലായി പക്രുവിന്റെ കണ്ണുകൾ. ടെന്നീസ് കഴിഞ്ഞാൽ അവനേറ്റവും പ്രിയം മീനുകളോടാണ്.
മുറ്റത്തുനിന്നാൽ കാണാവുന്ന വെള്ളച്ചാട്ടത്തിന്റെ മുഗ്ധ സൗന്ദര്യം നുകരുകയായിരുന്നു ഇട്ടിക്കുഞ്ഞു.വനത്തിൽ നിന്നുള്ള വെള്ളത്തിന്റെ പ്രവാഹം കണ്ടാൽ പാതിരാത്രിയിൽ തൂവെള്ളയണിഞ്ഞ യക്ഷി പെട്ടെന്ന് പ്രത്യക്ഷയായപോലെ തോന്നും.
സണ്ണിക്കുട്ടിയെ ഡൽഹിക്കു യാത്രയാക്കുന്നതിന്റെ ഉദ്വേഗം റബ്ബേക്കമ്മ അമ്മിണിക്കുട്ടിയുമായി പങ്കുവച്ചു.
കാമുകന്റെ വിശാലമായ മുറിയിലേക്ക് സുമി പ്രവേശിച്ചു. അമൂല്ല്യ ഗ്രന്ഥങ്ങളുടെ ശേഖരവും മഹാരഥന്മാരുടെ ചില്ലിട്ട ചിത്രങ്ങളും പഴയതരം വാദ്യോപകരണങ്ങളും എല്ലാം ഹൃദ്യമായി അലങ്കരിച്ചിട്ടുള്ള മുറിയുടെ മാറ്റുകൂട്ടുന്ന തരത്തിൽ അത്യന്തം സൂക്ഷ്മമായി പ്രതിഷ്ഠിച്ചിരിക്കുന്നു.
വെൽവെറ്റ് മെത്തയിൽ വിഷാദമൂകനായിരിക്കുന്ന കാമുകന്റെ ഹൃദയ സംഗീതം അവളുടെ കാതിൽ വന്നലച്ചു. ആ ഹൃദയത്തിൽ അനുരാഗത്തിന്റെ മന്ത്രധ്വനിയും ശൃംഗാര ലഹരിയുടെ ഈണവും നിറയ്ക്കാൻ അവളുടെ ഉള്ളം ത്രസിച്ചു.
"അവശ കാമുകാ..... മൂന്നു ദിവസത്തെ വേർപാടല്ലേയുള്ളൂ! ഇപ്പോൾ ഇന്റർവ്യു. അതുമാത്രം ആലോചിച്ചാൽ മതി. പിന്നീട് വരാൻ പോകുന്നത് നമ്മുടെ നാളുകളല്ലേ? മാനംമുട്ടെ പറക്കുന്ന വാനമ്പാടികളാവില്ലേ അന്നു നമ്മൾ”?.
കാമുകന്റെ തളർന്ന മനസ്സിനെ അവൾ ഇടിച്ചുണർത്തി.
ഇവളെപ്പിരിഞ്ഞു ഒരു ദിവസം പോലും കഴിയാനാവുന്നില്ലല്ലോ എന്നതായിരുന്നു അവശകാമുകന്റെ അപ്പോഴത്തെ ചിന്ത. പ്രേമമെന്ന വികാരം കണ്ടുപിടിച്ചതാര് എന്നവൻ അതിശയിച്ചു. അസ്ഥിക്കുള്ളിൽ തുളച്ചു കയറുന്ന അതിന്റെ രാസമിശ്രിതം. രതി എന്ന താളത്തിനൊപ്പിച്ചു പതഞ്ഞുപൊങ്ങുന്ന രാഗസുധ. പ്രപഞ്ചത്തിന്റെ സ്പുടതര താളം. അതിജീവന മന്ത്രം. പരം പൊരുൾ.
ഒറ്റക്കാലിൽ നിന്ന് തപസ്സുചെയ്തിട്ടുള്ള യോഗീശ്വരന്മാരെ വീഴ്ത്തിയിട്ടുള്ള സ്ത്രീത്വത്തിന്റെ നിറകുടമാണ് തന്റെ മുന്നിലിലിരിക്കുന്നത് എന്ന് കാമുകനറിഞ്ഞു . അവളെ തന്നിലേക്കാവാഹിക്കാൻ, അവളിൽ ഹോമാഗ്നിയായി പടർന്നു കയറാൻ കൊതിച്ചെങ്കിലും , ആത്മാവിനെ അരിച്ചെടുത്ത ഒരു ചുംബനത്തിൽ എല്ലാം ഒതുക്കി കളഞ്ഞു.
അപ്പനപ്പൂപ്പന്മാരുടെയെല്ലാം അനുഗ്രഹം വാങ്ങി സണ്ണിക്കുട്ടി ഡൽഹിക്കു തിരിച്ചു. കൊടും വളവുകൾ നിരവധിയുള്ള റോഡിനിരുവശവും പാറക്കെട്ടുകളും തണൽ മരങ്ങളും. രാജ വീഥിയിൽ പുഷ്പാർച്ചന നടത്താൻ സമൃദ്ധിയായി പൂത്ത വന്മരങ്ങൾ ഇടയ്ക്കിടെ.
പിലിപ്പോച്ചന്റെ ബെൻസിലായിരുന്നു എയർപോർട്ടിലേക്കുള്ള യാത്ര. പുറകിൽ കാമുകനും കാമുകിയും മാത്രം. വണ്ടി ഓടിച്ച ഇട്ടിക്കുഞ്ഞും കൂട്ടിനു പോയ പക്രുവും പലപ്പോഴായി ചോദിച്ചതൊന്നും അവർ കേട്ടില്ല. കാമുകിയുടെ കരചരണങ്ങൾ പുതിയ നൃത്ത രൂപങ്ങൾ ആവിഷ്ക്കരിക്കുകയായിരുന്നു. കാമുകൻ ആ ലാസ്യ നടന ലഹരിയിൽ മയങ്ങിപ്പോയി.
ആകാശ പക്ഷി കാമുകനെയും കൊണ്ട് മേഘക്കെട്ടുകൾക്കിടയിൽ മറഞ്ഞു. മിന്നലുള്ള രാത്രിയിൽ കുരുവിക്കൂട്ടിനുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന കുരുന്നിനെപ്പോലെയായി കാമുകി.
പിറ്റേന്ന്
ഐ എ എസ് പരീക്ഷയുടെ രണ്ടാം ഘട്ടമായി ഡൽഹിയിൽ നടന്ന വാചാ പരീക്ഷ സണ്ണിക്കുട്ടിക്ക് അവിസ്മരണീയമായ ഒരനുഭവമായി മാറി.
കോളജ് അദ്ധ്യാപകനായതിനാൽ കേരളത്തിലെ വിദ്യാഭ്യാസത്തെ പറ്റി ചോദിച്ചു കൊണ്ടായിരുന്നു തുടക്കം. വിദ്യാഭ്യാസത്തെ എങ്ങനെ നിർവചിക്കും എന്നാരാഞ്ഞപ്പോൾ, പ്രപഞ്ച വിജ്ഞാനീയത്തെ വ്യക്തിഗത മനസ്സിലേക്ക് പ്രവേശിപ്പിക്കുന്ന ക്ലേശകരമായ പ്രക്രിയയെന്നു മറുപടി നൽകി.
കേരളത്തിൽ എത്ര കോളജുകൾ ഉണ്ടെന്നായി അടുത്ത ചോദ്യം. മുന്നൂറെന്ന് മറുപടി. തുടർന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഏതാണ്ടീമട്ടിലായിരുന്നു.
"ഇന്ത്യയിൽ ആകെ എത്ര യുണിവേഴ്സിറ്റികളും കോളജുകളും ഉണ്ടെന്നറിയാമോ ?”
ഇരുന്നൂറ്റമ്പതു യുണിവേഴ്സിറ്റികളും പതിനായിരം കോളജുകളും നാല്പത്തഞ്ചു ലക്ഷം അദ്ധ്യാപകരുമുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റികൾ വേറെ.
“നളന്ദയും തക്ഷ ശിലയുംഎത്ര നാൾ നിലനിന്നു”?.
ആയിരം വർഷത്തോളം.
“അവ തകർന്നടിയാൻ കാരണം”?
വിദേശ മേൽക്കോയ്മ അടിച്ചേല്പിക്കപെടുമ്പോൾ ഒരു സംസ്ക്കാരം അടി മുതൽ മുടി വരെ ജീർണ്ണിക്കും. ആ സാംസ്ക്കാരിക ക്ഷതത്തിൽ നിന്ന് മോചനം നേടാൻ പിന്നീട് അനവധി നൂറ്റാണ്ടുകൾ വേണ്ടി വരും.
“വിദേശ സർവീസാണല്ലോ ആഗ്രഹിക്കുന്നത്. കശ്മീർ പ്രശ്നം പരിഹരിക്കാൻ ഒരു ഫോർമുല കയ്യിലുണ്ടോ”?
തീർച്ചയായുമുണ്ട്. യൂറോപ്പിൽ രാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ തുറന്നിട്ടപോലെ ഇന്ത്യ, പാകിസ്ഥാൻ, ചൈന, നേപ്പാൾ, ശ്രീ ലങ്ക, ബംഗ്ലാദേശ്, ബർമ്മ തുടങ്ങിയ രാജ്യങ്ങൾ അതിർത്തികൾ ഉപേക്ഷിക്കണം. അപ്പോൾ കാശ്മീർ എല്ലാവർക്കും
സ്വന്തമാകും. ആത്യന്തികമായ ലോകം തന്നെ ഒന്നായെ പറ്റൂ.
“ലോക ഗവണ്മെന്റിൽ വിശ്വാസമുണ്ടോ” ?
ഉണ്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ഒരു ലോക ഗവണ്മെന്റ് എത്രയും വേഗം ഉണ്ടാവുമോ അത്രയും നന്ന്.
“അങ്ങനെയൊരു ഗവണ്മെന്റുണ്ടായാൽ അതിന്റെ പ്രസിഡന്റ് സ്ഥാനം തന്നാൽ സ്വീകരിക്കുമോ “?
ആ മുഹൂർത്തം എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളായിരിക്കും.
നിരവധി ചോദ്യങ്ങൾ പിന്നെയും അവർ ചോദിച്ചു. ഒടുവിൽ ചെയർമാൻ ഇങ്ങനെ പറഞ്ഞു.
"
ട്രൈനിംഗിന് തയ്യാറായിക്കോളു. വിഷ് യു ഓൾ ദി ബെസ്ററ്"
തിരികെ തിരുവനന്തപുരത്തേക്ക് പറക്കുമ്പോൾ തന്റെ ഐശ്വര്യ ദേവത പറഞ്ഞതുപോലെ താനൊരു വാനമ്പാടി ആയി കഴിഞ്ഞു എന്ന് സണ്ണിക്കുട്ടിക്ക് ബോദ്ധ്യമായി. രാജ്യാതിർത്തികൾ അതിക്രമിച്ചു പറക്കുന്ന വാനമ്പാടി .
വീണ്ടും മേരിമാതായുടെ തിരുമുറ്റത്ത് കാലുകുത്തുമ്പോൾ സണ്ണിക്കുട്ടിക്കറിയാമായിരുന്നു
തന്റെ കലാലയ ജീവിതം അവസാനിപ്പിക്കാൻ കാലമായെന്ന്. പുതിയ മേച്ചിൽപ്പുറങ്ങൾ തനിക്കായി കാത്തിരിക്കുന്നെന്ന്. അതുകൊണ്ടുതന്നെ പിന്നീടുള്ള ഓരോ നിമിഷവും അവിസ്മരണീയമാക്കണമെന്ന് അവനു നിർബന്ധമായിരുന്നു.
കാമുകനൊപ്പം കോളേജിൽ കിട്ടുന്ന അവസരം പരമാവധി ആഘോഷിക്കുവാൻ സുമിയും തീർച്ചപ്പെടുത്തിയിരുന്നു. എൻ.എസ്. എസിന്റെ ഗ്രാമവികസന ക്യാമ്പിൽ, ബെസ്റ്റാർട്സിന്റെ സർഗസംഗമത്തിൽ, ബ്രയിൻസ് ട്രസ്റ്റിന്റെ മോക്ക് പാർലമെന്റിൽ, അസോസിയേഷനുകളിൽ എല്ലാം യുവജനോത്സവ മത്സരവേദികളിലെന്നപോലെ അവർ തകർത്താടി. കുട്ടികൾ അവരോടൊപ്പം അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും കൊടുമുടികൾ കീഴടക്കികൊണ്ടിരുന്നു.
എം.എ ക്ളാസ്സിലെ കുട്ടികളോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോകേണ്ട അദ്ധ്യാപകരുടെ കാര്യം ഡിപ്പാർട്മെന്റ് അദ്ധ്യാപക യോഗത്തിൽ ആലോചനക്ക് വന്നു. സണ്ണിയും സുമിയും പോകണമെന്ന് ലീലാമണി ടീച്ചർ നിർദ്ദേശിച്ചു.
"താൻ സീനിയറാണെന്നും തനിക്കു പോയാൽ കൊള്ളാമെന്നുണ്ടെന്നും വത്സല ടീച്ചർ പ്രസ്താവിച്ചു".
വസുമതി അവളുടെ ചെവിയിൽ ഇങ്ങനെ ചോദിച്ചു:
"എടീ നീ ഗർഭിണിയല്ലേ?. നിനക്കിപ്പോൾ യാത്ര ചെയ്യാമോ”?.
അതിനൊക്കെ താൻ വഴികണ്ടിട്ടുണ്ടെന്ന് അവൾ വസുമതിയോടു പറഞ്ഞു. ഒടുവിൽ തുരുത്തിപ്പള്ളി സാറും വത്സല ടീച്ചറും പോകാൻ തീരുമാനമായി.
ബി.എ അവസാന വർഷക്കാരോടൊപ്പം കൊടൈക്കനാലിൽ പോകേണ്ടാതാരെന്നായി അടുത്ത ആലോചന. ലീലാമണി ടീച്ചറോ വസുമതിയോ ആകട്ടേയെന്നു വത്സല ആദ്യം കയറിപ്പറഞ്ഞു. ലീലാമണി ടീച്ചർ പിന്മാറിയെങ്കിലും വത്സല ഉറച്ചു നിന്നു. പുരുഷന്മാരിൽ നിന്ന് ചമ്പക്കര സാറിനെയും തെരെഞ്ഞെടുത്തു.
ഏതോ മഹത്കാര്യം നിർവ്വഹിച്ച സന്തോഷത്തിലാണ് വത്സലകുമാരി അന്ന് വീട്ടിലെത്തിയത്. ശരീരത്തിൽ ഏറെനേരം എണ്ണയും കുഴമ്പും തേച്ചുപിടിപ്പിച്ചു. തോമസ് കുട്ടിയോടുള്ള സംസാരത്തിലും ഒരു എണ്ണമയമുണ്ടായിരുന്നു. അന്നത്തെ അവളുടെ കുളിക്കു ഒരു പേറ്റു കുളിയുടെ സുഖമുണ്ടായിരുന്നു.
കുട്ടികളുടെ ഊട്ടിയാത്രയുടെ തലേദിവസം വത്സല മേധാവി ഡേവിഡ് സാറിനെ വിളിച്ചു. തനിക്കു ശർദ്ദിലാണെന്നും മറ്റാരെയെങ്കിലും പറഞ്ഞുവിടണമെന്നും അഭ്യർത്ഥിച്ചു. അവസാനനിമിഷം അദ്ധ്യാപികമാരെ ആരെയും കിട്ടാത്തതിനാൽ ഏതോ ഒരു വിദ്യാർത്ഥിനിയുടെ അമ്മയെ വലിച്ചിഴച്ചു ബസ്സിൽ കയറ്റി അവർ യാത്ര തിരിച്ചു.
വത്സലയുടെ
എണ്ണ തേച്ചുള്ള കുളി അന്നും തെറ്റിയില്ല.
………………………………………………………………………………………………………………………….
No comments:
Post a Comment