മസൂറിയിൽ ഒരു മഞ്ഞു കാലം (നോവൽ)
ഡോ. ഏബ്രഹാം
കരിക്കം
അദ്ധ്യായം പതിനൊന്ന്
ഉഗ്രൻ കുന്നിലെ
യക്ഷി
അന്ന് വാർഷിക കായിക മത്സരങ്ങളുടെ സമാപന ദിവസമായിരുന്നു. സ്പോർട്സ് രംഗത്തെ മുടിചൂടാ മന്നന്മാരാണ് വരിക്കപ്പുഴ കോളജ്. ഇവിടുത്തെ ഗ്രൗണ്ടുകളിൽ കളിച്ചു വളർന്നവർ ഒളിപിക്സിൽ വരെ മാറ്റുരച്ചിട്ടിട്ടുണ്ട്. കോളജിലെ ചാമ്പ്യന്മാരാവാൻ ഡിപ്പാർട്മെന്റുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്. പതിവുപോലെ അന്നും ഗ്രൗണ്ടിന്റെ പലഭാഗത്തതായി ഓട്ടവും ചാട്ടവും പൊടിപൊടിച്ചു. എൻ. എസ്. എസ് , ബ്രയിൻ ട്രസ്റ്റ് , ബെസ്റ്റാർട്ട്സ്, വിമൻസ് സെൽ തുടങ്ങിയ സംഘടനകൾ ഐസ്ക്രീം മുതൽ കപ്പ വരെ വിറ്റു പത്ത് പുത്തൻ സമ്പാദിക്കുന്നതും അന്നാണ്. എൻ. സി. സി ക്കാർ പട്ടാളക്കാരെപ്പോലെ സകലതിന്റെയും നേതൃത്വം ഏറ്റെടുക്കും. കിച്ചൻ ഓർക്കസ്ട്രയ്ക്കായി പെൺകുട്ടികൾ ഹോസ്റ്റലിലെ വിറകു കൊള്ളികൾ വരെ അടിച്ചുമാറ്റിക്കൊണ്ടാണ് എഴുന്നള്ളുന്നത്. ഇഷ്ട്ടമുള്ള ഏതു വേഷവും ധരിക്കാൻ അന്ന് സ്വാതന്ത്ര്യമുള്ളതിനാൽ എല്ലാവരും ഫാൻസിഡ്രസ്സിനെന്നപോലെ അണിഞ്ഞൊരുങ്ങി വരും.
സുമി ടീച്ചർക്കായിരുന്നു അനൗൺസ്മെന്റ് ചുമതല. ജീൻസും ടോപ്പും ധരിച്ച് , കറുത്തൊരു കണ്ണടയും വച്ച്, തലയിൽ തൊപ്പിയുമായി അന്നവൾ എത്തിയപ്പോൾ ഏതോ ഷൂട്ടിങ്ങിനെത്തിയ ബോളിവുഡ് നടിയാണെന്നു ജനം വിചാരിച്ചു. ആ വേഷവും അവളുടെ ബ്രിട്ടീഷ് ഇംഗ്ലീഷും കൂടിയായപ്പോൾ വത്സല ടീച്ചർക്ക് എങ്ങാണ്ടൊക്കെ ചൊറിഞ്ഞു കയറി. സർട്ടിഫികറ്റുകൾ എഴുതാനിരിക്കയായിരുന്നെങ്കിലും അവളുടെ കണ്ണും കാതും സുമിക്ക് ചുറ്റുമായിരുന്നു.
മൈക്കിൽകൂടി ചിങ്ങ മാസം വന്നു ചേർന്നാൽ എന്ന സിനിമാ ഗാനമൊഴുകിയപ്പോൾ ഗ്രൗണ്ടിൽ വിസിലും പിടിച്ചു നിന്ന സണ്ണിക്കുട്ടി പെട്ടെന്ന് തോർത്തുകൊണ്ടൊരു തലേക്കെട്ട് കെട്ടി പാട്ടിനൊപ്പിച്ചു അഞ്ചാറു ചുവടു വച്ചു. ആകെ ഹരം പിടിച്ചു നിന്ന ആൺകുട്ടികളും പെൺകുട്ടികളും കൂടെ ചാടി നൃത്തം വയ്ക്കാൻ തുടങ്ങി.
അതെല്ലാം നോക്കിയിരുന്ന സുമി ചെരിപ്പൂരിയെറിഞ്ഞിട്ടു പവലിയനിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഒറ്റ ഓട്ടം. നൃത്തക്കാരുടെ സംഘത്തിൽ മുൻനിരയിൽ അവൾ എത്തിയതോടെ കോളജ് ആകെ ഇളകി മറിഞ്ഞു. ജീവിതത്തിലൊരിക്കലും കാലു പൊക്കി ചാടിയിട്ടില്ലാത്ത പ്രിൻസിപ്പൽ വരെ ഡാൻസ് ചെയ്യാനിറങ്ങുന്നതു കണ്ടപ്പോൾ മറ്റു സാറന്മാർക്കും വേറെ നിവൃത്തിയില്ലാതായി.
വത്സല ടീച്ചർക്ക് നിയന്ത്രണം വിട്ടുപോയി. ആ മൂധേവിയെ പിടിച്ചു സുവോളജിക്കാരുടെ മുതലക്കുളത്തിൽ മുക്കാൻ ആരുമില്ലേ എന്നവൾ ചോദിച്ചത് മൈക്കിലൂടെയായി പോയി. ജാള്യത മറയ്ക്കാനായി പിന്നെ തല കുമ്പിട്ടിരുന്നു.
അപ്പോഴാണ് കുറെ ടി.വി ക്കാരും പത്രക്കാരും ക്യാമറകളുമായി അവിടെ പ്രത്യക്ഷപ്പെട്ടത്. തകർപ്പൻ സംഘ നൃത്തം അവർ ക്യാമറയിൽ പകർത്തി. ഐ എ എസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ സണ്ണി ജോസഫിനെ തേടിയാണ് അവർ വന്നത്.
വിവരമറിഞ്ഞപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട സാറിനെ തോളിലേറ്റി വിദ്യാർഥികൾ ഗ്രൗണ്ടിൽ പ്രദക്ഷിണം വച്ചു. കിച്ചൻ ഓർക്കസ്ട്രയുമായി പെൺകുട്ടികൾ മുമ്പേ നടന്നു. വള്ളം കളിയുടെ അന്നത്തെ പോലെ തങ്ങളുടെ വീര നായകനെ എടുത്തു പൊക്കി പട്ടണത്തിലൂടെ ജാഥ നയിക്കാൻ കുട്ടികൾ ആഗ്രഹിച്ചെങ്കിലും ടി വി ക്യാമറകൾ ഒഴിഞ്ഞൊരു നേരമില്ലായിരുന്നു.
ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപകർ സണ്ണിക്കുട്ടിയെ ഇടം
വലം തിരിയാൻ വിട്ടില്ല.
ഫോട്ടോകൾ എടുക്കുമ്പോൾ തങ്ങൾ ഒപ്പമുണ്ടാവണമെന്ന് അവർക്കു
നിർബന്ധം. ഏറ്റവും മുന്നിൽ വത്സലകുമാരിയും
വാസന്തിയും. സുമി ഏറ്റവും പിന്നിലായിപ്പോയി.
മറ്റുള്ളവർ തള്ളി മാറ്റുകയായിരുന്നു\
സണ്ണിസാറിന്റെ കൈ രേഖകൾ കണ്ട ദിവസം തന്നെ താൻ പ്രവചിച്ചിരുന്നത് നിവൃത്തിയായി എന്ന് തമ്പാൻക്കുട്ടി സാർ സാക്ഷിച്ചു. അതുപോലൊരു കൈ താൻ വേറെ കണ്ടിട്ടില്ലെന്നും ഈ അംഗീകാരം ഒരു തുടക്കം മാത്രമേ ആയിട്ടുള്ളുവെന്നും അദ്ദേഹം സമർത്ഥിച്ചു.
ഈ കാണുന്നതെല്ലാം നിർത്ഥകമാണെന്നും , ടി. വി ക്യാമറ കാണുമ്പൊൾ തനിക്കു ഛർദ്ദിക്കാൻ തോന്നുനെന്നും ചമ്പക്കര സാർ പറഞ്ഞു. പുറം പൂച്ചിന്റെ പൊള്ളത്തരം പൊളിക്കുന്ന ഒരത്യാധുനിക കവിത തനിക്കുടനെ ചമയ്ക്കണമെന്നും സാറിനു തോന്നി. അദ്ദേഹം ആറ്റിന്കരയിലേക്കു നട കൊണ്ടു.
അന്ന് സന്ധ്യയിൽ സുമിയുടെ മാരുതി സെൻ ഓടിയത് ഉഗ്രൻ കുന്നിലേക്കായിരുന്നു. റോഡരുകിൽ പൂത്തുലഞ്ഞു നിന്ന വാകമരങ്ങളുടെ ഭംഗിയൊന്നും അവൾ കണ്ടില്ല. കാറ്റിൽ ചാഞ്ചാടുന്ന കതിർക്കുലകളും നിരനിരയായി നിന്ന് കതിർക്കുലകൾ അറുത്തു കെട്ടുന്ന മനുഷ്യരുടെ മുഖത്തെ സന്തോഷവും അവൾ കണ്ടില്ല. അവളുടെ മനസ്സിൽ വലിയൊരു വസന്തം വിടർന്നിട്ടുണ്ടായിരുന്നു.
കാമുകനും ശാന്താ ചിത്തനായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ അവർ സംസാരിക്കുന്നതു കണ്ണുകളിലൂടെയായിരുന്നു. കൈകളിലൂടെയായിരുന്നു.
ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു.
"തേജോ ബിന്ദൂപനിഷത്ത് വായിച്ചിട്ടുണ്ടോ ?"
" എന്റെ പൊന്നുമോനെ...... വേദപുസ്തകം പോലും നേരാംവണ്ണം വായിച്ചിട്ടില്ല. ആ ഭാഗം സ്വല്പം കമ്മിയാ....." കാമുകി വിശദീകരിച്ചു.
" യഥാർത്ഥ സാഹിത്യം അതൊക്കെയല്ലേ ?"
" അറിയാം. ഇനി പഠിക്കാം. ....എന്തേ ചോദിക്കാൻ.....?"
"ജ്വാലാ വഗ്നി ; ശീതള ശ് ചേ ത്
ആസ്തി രൂപമിദം
ജഗത് ജ്വാലാഗ്നി മണ്ഡലേ
പദ്മ വൃദ്ധി ശ് ചേ ത് ജഗസ് ത്വിഭം
" എന്ന് വച്ചാൽ ?"
" അഗ്നിജ്വാല ശീതളമാകുമെങ്കിൽ ഭൂമിയുടെ രൂപം ഉണ്ടെന്നു സമ്മതിക്കാം. അഗ്നിജ്വാലയുടെ മദ്യത്തിൽ താമര വിടർന്നു വരുമെങ്കിൽ ജഗത്തുണ്ടെന്നു സമ്മതിക്കാം ..."
എല്ലാമുണ്ടെങ്കിലും യഥാർത്ഥത്തിൽ ഒന്നുമില്ല എന്ന് നമ്മൾ കരുതിക്കൊള്ളണം. അതല്ലേ അതിന്റെ സാരം.
"മിടുക്കി".
ഉഗ്രൻ കുന്നിൽ ആകാശം ചുവന്നു തുടുത്തിരുന്നു. പൊള്ളുന്ന പകലിലെ അധ്വാനത്തിന് ശേഷം വയലിലെ പണിക്കർ നീരൊഴുക്കുകൾ തേടിപ്പോയി. ആണിനും പെണ്ണിനും കുളിരു സമ്മാനിക്കുന്ന ജലധമനികൾ.
മുണ്ടാണിക്കൽ മുറ്റത്തും ഉത്സവപ്പറമ്പിലെ പോലെ ജനം കൂടിയിട്ടുണ്ടായിരുന്നു. നാടിൻറെ വീരസന്താനത്തെ എതിരേൽക്കാൻ . റിബേക്കാമ്മയുടെ പാൽപ്പായസവും ഗണപതിയമ്പലത്തിലെ ഉണ്ണിയപ്പവും കഴിച്ച് അവർ മടങ്ങി.
സന്ധ്യയ്ക്കു കാമുകിയും കാമുകനും വെള്ളച്ചാട്ടം കാണാൻ പോയി. മുൻപ് വന്നപ്പോൾ അവൾ മോഹിച്ചതാണ്. അന്ന് കാമുകൻ ഡൽഹിക്കു പോയതിനാൽ സാധിച്ചില്ല. മോഹം ഞെരിച്ചമർത്തി.
പതഞ്ഞുയരുന്ന ഉറവയെ നോക്കികൊണ്ട് സണ്ണിക്കുട്ടി പറഞ്ഞു :
"ഉഗ്രൻ കുന്നിന്റെ യക്ഷിയാണിവൾ. ആരെയും ഉപദ്രവിക്കാത്ത, എല്ലാവരെയും
പോറ്റുന്ന യക്ഷി. സദാ പാൽ ചുരത്തുന്ന നന്ദിനി"
വെള്ളച്ചാട്ടത്തിനടുത്തുള്ള പാറയിൽ നിന്ന് നോക്കിയാൽ പടിഞ്ഞാറ് കടൽ കാണാം. എരിഞ്ഞു തീരുന്ന സൂര്യ ബിംബത്തെ നോക്കി അവൾ അത്ഭുതം വിടർന്ന കണ്ണുകളുമായി നിന്നു. യക്ഷി അവരുടെ മേൽ പനിനീര് കുടഞ്ഞു രസിച്ചു. കല്യാണ പന്തലിൽ കുട്ടികൾ ചെയ്യുന്നപോലെ.
തന്റെ പ്രിയതമയുടെ ശരീരം സന്ധ്യ പ്രകാശത്തിൽ തിങ്കളെപ്പോലെ തിളങ്ങുന്നത് സണ്ണിക്കുട്ടി ശ്രദ്ധിച്ചു. ഇവൾ ഇത്രയ്ക്കു സുന്ദരിയോ ? അറിയാതെ അവൻ മനസ്സിൽ പറഞ്ഞു. അല്ലെങ്കിലും താൻ മനസ്സിലൂടെയാണല്ലോ ഇവളെ സദാ കാണുന്നത് !. മനസ്സിലുള്ളതിനേക്കാൾ ഇവൾ സുന്ദരിയായതെങ്ങിനെ ? സ്ഫടിക സമാനമായ മനസ്സിന്റെ ആൾരൂപമല്ലേ ?
അവളെ വാരിപുണർന്നുകൊണ്ടവൻ വെള്ളച്ചാട്ടത്തിലേക്കു ചാടി. ഡോൾഫിനുകളെപോലെ അവർ കെട്ടിമറിഞ്ഞു കളിച്ചു. തന്റെ കാമുകന്റെ ശക്തിയറിയാൻ അവളുടെ തണുത്ത ശരീരം ത്രസിച്ചു. ഓരോ അണുവിലും ദാഹം. അവന്റെ മനസ്സിന് ഇരുമ്പിന്റെ ശക്തിയായിരുന്നു.
"ഇനി എത്ര നാൾ ഇങ്ങനെ മേളിക്കാനൊക്കും?" സുമി അത് ചോദിച്ചപ്പോൾ സണ്ണിക്കുട്ടിയും ഒന്ന് പകച്ചു . ജനിച്ച നാൾ മുതൽ താനീ ഇരമ്പം കേട്ടാണ് വളർന്നത്. യക്ഷിയുടെ താരാട്ടു പാട്ടിനു അമ്മയുടേതിനേക്കാൾ വശ്യതയുണ്ടായിരുന്നു. അമ്മയാണ് തന്നെ ആ വെള്ളച്ചാട്ടത്തിന്റെ കുളിരാദ്യം അറിയിച്ചത്. പിന്നീട് കൂട്ടുകാരോടൊപ്പം അതിൽ കുത്തിമറിയാത്ത ദിവസങ്ങളില്ലായിരുന്നു. ഉയർന്ന പാറയിൽ നിന്ന് വെള്ളത്തിലേക്കു തലകുത്തി ചാടാൻ മത്സരമായിരുന്നു കൂട്ടുകാർ തമ്മിൽ.
ഇനി എന്നെങ്കിലും ഒരിടവേളയിൽ മാത്രം ഇവിടേക്കുവരാനോ? തന്റെ ഭൂലോക പ്രയാണം കഴിഞ്ഞു അറുപതാം വയസ്സിൽ വരുമ്പോൾ ഇവിടെയീ ഉറവയും വെള്ളച്ചാട്ടവും കാണുമോ ? ഉഗ്രൻകുന്നിൽ തന്നെ തിരിച്ചറിയുന്നവർ അന്ന് ആരെല്ലാം കാണും? ഇരുട്ടിന്റെ കരിമ്പടം മലമുകളിൽ നിന്ന് താഴേക്ക് ഉരുണ്ടു. സായിപ്പിന്റെ സ്കൂളിലെ കാറ്റാടി യന്ത്രം മാത്രം ഉയരത്തിൽ വെളുത്ത് നിന്നു. കാറ്റാടി മരങ്ങൾ ചൂളം വിളിച്ചു. സെമിത്തേരി പുരയിടത്തിലെ ദേവാലയത്തിൽ സന്ധ്യാ പ്രാർത്ഥനയ്ക്ക് മണി മുഴങ്ങി.
കാമുകിയുടെ നെറ്റിത്തടത്തിൽ കാമുകൻ ഒരു മുത്തം നൽകി. പിന്നെ പറഞ്ഞു:
" എവിടെപ്പോയാലും ഇവൾക്ക് പകരം എന്നോടൊപ്പം നിയുണ്ടാവില്ലേ ? അത് മതി...."
" ഞാൻ യക്ഷിയാണോ ....?"
"അതെ. നീ സ്ത്രീയാണ്. യക്ഷിയാണ്. സർവ്വശക്തിയുടെയും ഉറവയാണ്. നിന്നിൽ ഞാൻ ഞാനാകും. എന്നെ നിന്നിൽ നിറയ്ക്കും. ...."
കാമുകി കോരിത്തരിച്ചു. യക്ഷി അപ്പോൾ അവൾക്കു മീതെ ഒരു കുടം പനിനീർ കൂടുതലെറിഞ്ഞു. അവളുടെ ആശീർവാദമേറ്റു വാങ്ങി അവർ വീട്ടിലേക്കു നടന്നു.
ഈ സമയം വരിക്കപ്പുഴയിലെ സ്വവസതിയിൽ കിടക്കയിൽ തലകുത്തി മറിയുകയായിരുന്നു വത്സല ടീച്ചർ. അത്രക്കൊന്നും അവർ പ്രതീക്ഷിച്ചിരുന്നില്ല. എങ്ങിനെ ഇനി അവളുടെ മുഖത്ത് നോക്കും. ഐ എ എസ് ടോപ്പറുടെ കാമുകിയല്ലേ ?
" തലവേദനയുണ്ടോ വത്സേ ......?"
ഭർത്താവ് തോമസുകുട്ടി വിളിച്ചു ചോദിച്ചു.
" ഈ തലയൊന്നു വെട്ടി മാറ്റിത്തരാമോ ?"
പിന്നെ ഒന്നും ചോദിക്കാൻ സാറിന് ധൈര്യമില്ലായിരുന്നു. തന്റെ ഭാര്യയുടെ യഥാർത്ഥ പ്രശ്നം എന്തായിരിക്കും എന്നതിനെക്കുറിച്ചാലോചിച്ചുകൊണ്ടു സാർ മുറ്റത്തെ മാവിൻചോട്ടിൽ ഏറെ നേരമിരുന്നു. കാക്ക കാഷ്ടം തലയിൽ വീണപ്പോൾ എഴുനേറ്റു പോയി.
ടി. വി ചാനലുകാരെല്ലാം
സണ്ണിക്കുട്ടി ജോസഫിന്റെ വീരകൃത്യങ്ങൾ വാഴ്ത്തി
പാടുമ്പോൾ തങ്ങളുടെ ടി വി
അങ്ങ് തല്ലിപൊട്ടിച്ചാലോ എന്ന് വത്സല ടീച്ചർക്ക്
തോന്നിപ്പോയി. പക്ഷെ അടുത്ത നിമിഷം
അവൾക്കു ജീവൻ വച്ചു.
ഐ. എ എസിലെ പതിനഞ്ചാം റാങ്കും കേരളത്തിനാണെന്നും അത് സെന്റ് തെരേസാസിൽ തന്റെ ക്ലാസ്സ്മേറ്റായിരുന്ന മരിയാ ഫെർണാണ്ടസ്സിനാണെന്നും അറിഞ്ഞപ്പോൾ ഉലഞ്ഞുപോയ മുടി വാരിക്കെട്ടിക്കൊണ്ടു അവൾ എഴുനേറ്റു.
"ഇവളെ വച്ച് ഞാനൊരു കളി കളിക്കും."
അവൾ മനസ്സിൽ പറഞ്ഞു.
അടിവയറ്റിലെ ആളനക്കം അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. മറ്റൊരാത്മാവ് വയറ്റിൽ കിടന്നു പുളയുന്നുണ്ടായിരുന്നു . മാവിൻ ചോട്ടിലിരുന്നു പുളഞ്ഞ തത്തയെപ്പോലെ.
No comments:
Post a Comment