Sunday, 23 February 2020


എന്റെ ജീവിത യാത്രകൾ : എപ്പിസോഡ്--  ( 36 - 37)
വിശുദ്ധ നാടുകളിൽ ഒരു പഠന തീർത്ഥാടനം .
മീറ്റിംഗുകൾക്കായി ഇസ്രായേലിലും ജോർദാനിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ടൂറിസ്റ്റുകൾ പോകുന്നതുപോലെ ഓരോ മുക്കും മൂലയും പോയി കാണാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല അമേരിക്കൻ കോളേജിലെ പീസ് ബിൽഡിംഗ് വകുപ്പ് മേധാവിയായ ഡോ. അബു നിമർ രണ്ടു വർഷത്തിലൊരിക്കൽ തന്റെ വിദ്യാർത്ഥികളെയും മറ്റുള്ളവരെയും വിശുദ്ധ നാടുകളിലെ സംഘർഷ മേഖലകൾ സന്ദർശിക്കാൻ കൊണ്ട് പോകാറുള്ളതായി എനിക്കറിയാം. അതൊരു നല്ല ആശയമാണെന്ന് എനിക്കും തോന്നി. യു. ആർ. പീസ് ബിൽഡിംഗ് പദ്ധതികൾക്കു നല്ല ഉപദേശം അദ്ദേഹം നൽകിയിട്ടുണ്ട്.
അങ്ങനെയാണ് യു. ആർ . സൗത്ത് ഇൻഡ്യാ റീജിയനും ഡോ.അലക്സാണ്ടർ മാർത്തോമാ ഡയലോഗ് സെന്ററും ചേർന്ന് വിശുദ്ധ നാടുകളിലേക്ക് ഒരു തീർത്ഥയാത്ര സംഘടിപ്പിച്ചത്. ദുബായിലുള്ള എബി കുമ്പനാടിന്റെ ടീമിനെ ക്രമീകരണങ്ങൾ ഏൽപിച്ചപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമായി.
അമ്പത്തഞ്ചു പേരുള്ള ഞങ്ങളുടെ ടീമിൽ ഹൈന്ദവരും മുസ്ലിങ്ങളും എല്ലാമുണ്ടായിരുന്നു. ഞങ്ങളെക്കാൾ കൂടുതൽ താൽപ്പര്യം അവർക്കായിരുന്നു എന്നതാണ് സത്യം.
പത്തു ദിവസത്തെ യാത്ര എന്ത് കൊണ്ടും അവിസ്മരണീയമായിരുന്നു. ആദ്യത്തെ രണ്ടു ദിവസം ജോർഡാനിലായിരുന്നു പരിപാടി . യു. ആർ. മിഡിൽ ഈസ്റ്റ് കൊ - ഓർഡിനേറ്ററും എന്റെ ആത് സുഹൃത്തുമായ മമൗൺ ഞങ്ങളെ അവിടെ സ്വീകരിച്ചു. ചിലരെല്ലാം കൂടി യു ആർ ഓഫീസിലേക്കും ഇടയ്ക്കു ഒരു യാത്ര പോയി.
ഇസ്രായേലിൽ കാല് കുത്തിയ നിമിഷം മുതൽ എല്ലാവരും ആവേശത്തിലായി. എല്ലാവരും പ്രായം മറന്നോട്ടമായി. ഐക്അച്ചനും ജോൺ ഫിലിപ് അച്ചനും ഞങ്ങളുടെ കൂട്ടത്തിൽ വന്നു ചേർന്നതിനാൽ അവർ കാര്യങ്ങൾ ഏറ്റവും ഭംഗിയായി വിവരിച്ചു തന്നു. കോട്ടയം സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള സംഘവും ഞങ്ങളും മിക്കപ്പോഴും ഒന്നിച്ചാണ് സഞ്ചരിച്ചത്.
അങ്ങനെ ബേത്ലഹേമിലും, കാനായിലും, കഫർന്ന ഹ്യൂമിലും, നസറേത്തിലും ക്രിസ്തുവിന്റെ കാലടിപ്പാടുകൾ പിന്തുടർന്നു. ഗലീല തടാകത്തിലെ ബോട്ടു യാത്രയും വലിയ കടൽ മീൻ കൂട്ടിയുള്ള ഇസ്രായേൽ ഭക്ഷണവും "അക്കരയ്ക്കു യാത്ര ചെയ്യും സിയോൺ സഞ്ചാരി" എന്ന ഇസ്രായേലി നാവികരുടെ പാട്ടും ആരും ഒരു നാളും മറക്കില്ല.
യരുശലേമിലെത്തിയാൽ പിന്നെ ഡോം ഓഫ് ദി റോക്ക്, വിലാപ ഭിത്തി, ക്രൂശിന്റെ വഴികൾ, തലയോടിടം, ഒലിവു പർവതം, ടെംപിൾ മൗണ്ട്, ഇസ്രായേൽ മ്യുസിയം തുടങ്ങി അതി വിശിഷ്ടമായ കാഴ്ചകൾ ഏറെയുണ്ട്. ഇതെല്ലാം എല്ലാവരും വിശദമായി പലകുറി എഴുതിയിട്ടുള്ളതിനാൽ അതിന്റെ വർണ്ണനയിലേക്കൊന്നും കടക്കുന്നില്ല. ഞങ്ങളുടെ കൂട്ടത്തിൽ വന്ന എലിസബത്ത് മാത്യു തന്നെ മനോഹരമായ ഒരു യാത്ര വിവരണം അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി.
എന്നാൽ യാത്രയിൽ എന്നെ ഏറെ ആകർഷിച്ചത് സീനായ് പർവ്വതത്തിലുടെ ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിലേക്കുള്ള പന്ത്രണ്ടു മണിക്കൂർ നീളുന്ന ബസ് യാത്രയായിരുന്നു. മുന്നിലും പിന്നിലും കാമാൻഡോകളുണ്ടായിരുന്നു.
ബേത്ലഹേമിൽ ഞങ്ങൾ രണ്ടു ദിവസം താമസിച്ചു. യു. ആർ. മീറ്റിംഗുകളിൽ പലപ്പോഴും പാലസ്തീൻ പ്രശ്നം പൊന്തി വരാറുണ്ട്. ഇസ്രായേൽക്കാരും പാലസ്തീൻകാരും ഒന്നിച്ചു വരുമ്പോഴുള്ള സംഘർഷങ്ങൾക്കെല്ലാംപലകുറി ഞങ്ങൾ സാക്ഷികളായിട്ടുണ്ട്. എങ്കിലും ആത്യന്തികമായ നമ്മുടെ ലക്ഷ്യം ഏവരുടെയും നന്മയും സൗഹൃദവും ആണെന്ന തിരിച്ചറിവ് എപ്പോഴും എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കും.
സമാധാനത്തിന്റെ ചക്രവർത്തിയായ യേശു ക്രിസ്തു പിറന്ന മണ്ണിലാണ് ഏറ്റവും കൂടുതൽ വെടിയുണ്ടകൾ ചീറിപ്പായുന്നത്. അതുപോലെ യെരുശലേം യഹൂദന്മാർക്കും, ക്രിസ്ത്യാനികൾക്കും, മുസ്ലിങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലമായതിനാൽ സങ്കീർണ്ണമായ ഒരു പ്രഹേളികയായി അത് നിലനിൽക്കുന്നു. എങ്കിലും അതിന്റെ പേരിൽ ഇനി ഒരു യുദ്ധം കുടി ഭൂമിയ്ക്ക് താങ്ങാനാവില്ല.
വിമാനത്തിൽ പോകുമ്പോൾ പലപ്പോഴും സീനായ് മരുഭൂമിയുടെ അപാരത നോക്കി ഞാൻ അമ്പരന്നിരുന്നിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ മലകളെ കീറി മുറിച്ചു ബസിൽ പായുന്നു. ഇടയ്ക്കെവിടെയോ മലമടക്കുകളിൽ നിന്നോടി വന്ന കുറെ അറബിക്കുട്ടികളുമായി ചങ്ങാത്തം കൂടാനും എനിക്കവസരം ലഭിച്ചു.
പിരമിഡുകളായിരുന്നു ഈജിപ്തിലെ വലിയ ആകർഷണം. അത്ഭുതത്തോടെ മാത്രമേ പഴയ കാലത്തിന്റെ സ്മൃതി ഉണർത്തുന്ന മഹാ സൃഷ്ട്ടികൾ നമുക്ക് കാണാൻ കഴിയു. ആദ്യമായി ഒട്ടക പുറത്തെ യാത്രയും പിരമിഡുകൾക്കു താഴെ തരപ്പെട്ടു കിട്ടി.
എല്ലാം കൊണ്ടും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു യാത്രയായി അതു മാറി. എല്ലാ മതക്കാരും ഒരുപോലെ അതാസ്വദിച്ചു എന്നതാണ് ഏറെ സന്തോഷം നൽകിയ കാര്യം. ബാംഗളൂരിൽ നിന്ന് വന്ന ഞങ്ങളുടെ യോഗാചാര്യന്മാർ പറഞ്ഞു " ജീവിതം സഫലമായി". അതു തന്നെയായിരുന്നു ഞങ്ങളുടെ സാക്ഷ്യവും


എന്റെ ജീവിത യാത്രകൾ : എപ്പിസോഡ് - 37
ടൊറോന്റോ ലോക മത സമ്മേളനം.

1893 - അമേരിക്കയിലെ ഷിക്കാഗോയിൽ വച്ചാണ് ആദ്യ മത സമ്മേളനം നടന്നത്. സത്യത്തിൽ ലോക സഭകളൊക്കെ ഒന്നിച്ചൊരു സമ്മേളനത്തെ പറ്റി ആലോചിക്കുന്നതിനു വളരെ മുമ്പേ ആയിരുന്നു ഇത്തരമൊരു സംരംഭം. 1910 - ലാണ് ഒന്നാമത് ലോക മിഷനറി സമ്മേളനം എഡിൻബറോയിൽ കൂടിയത്. അതാണ് 1948 - . അഖില ലോക സഭ കൗൺസിലിലേക്ക് നയിച്ചത്. 1962 - ലെ രണ്ടാം വത്തിക്കാൻ കൗണ്സിലിലൂടെ സഭയ്ക്കും മതങ്ങൾക്കും തമ്മിലുള്ള ബന്ധങ്ങൾക്ക് ഒരു തെളിച്ചവും വെളിച്ചവുമൊക്കെ ഉണ്ടായി എന്ന് പറയാം.
ഏതായാലും ഇതിന്റെയെല്ലാം മുന്നമെ സത്യത്തിൽ ലോക മതങ്ങൾ തമ്മിൽ ഐക്യതയുണ്ടായി. അതാണ് 1893 ലെ ഒന്നാം ലോക മത സമ്മേളനം. അതിനു വഴിതെളിച്ചതാകട്ടെ കൊളംബസിന്റെ ആഗമനത്തിന്റെ നാനൂറാം വാർഷികവും.
1492.
കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നാണ് നമ്മൾ ചരിത്രത്താളുകളിൽ വായിച്ചു പഠിച്ചിട്ടുള്ളത്. പക്ഷെ അമേരിക്കൻ ആദിവാസികൾ പറയുന്നത് മറിച്ചാണ്. കപ്പൽ തകർന്നു കടലിൽ മുങ്ങി താഴാൻ പോയ കൊളംബസ്സിനെ ഞങ്ങൾ കണ്ടുപിടിച്ചു. അതുകൊണ്ടു അദ്ദേഹം രക്ഷപ്പെട്ടു.
എന്തായാലും അതിന്റെ നാലു നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ രാജ്യം നിരവധി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അതിൽ ഒന്ന് മാത്രമായിരുന്നു ആദ്യത്തെ ലോകമത സമ്മേളനം. സ്വാമി വിവേകാനന്ദന്റെ വരവോടെ അത് ലോക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
കന്യാകുമാരിയിലെ ധ്യാനത്തിനു ശേഷം പല തുറമുഖങ്ങൾ താണ്ടിയാണ് സ്വാമികൾ ബോസ്റ്റണിൽ ചെന്നുപെട്ടത്. കൈയിൽ ചില്ലിക്കാശില്ല. സുഹൃത്തുക്കളാണ് കപ്പലിൽ ടിക്കറ്റ് എടുത്തു നൽകിയത്. വിശന്നു തളർന്നു വഴിയരികിൽ ഇരിക്കുന്ന സ്വാമിയെ ഒരു മദാമ്മ കണ്ടുപിടിച്ചു. കൊളംബസ്സിനെപ്പോലെ. മദാമ്മ അദ്ദേഹത്തെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോൺ റൈറ്റിനടുത്തെത്തിച്ചു. യൂണിവേഴ്സിറ്റിയിൽ ഒരു പ്രസംഗത്തിന് അദ്ദേഹം സ്വാമിയെ ക്ഷണിച്ചു. അതോടെ ചരിത്രം വിവേകാനന്ദനൊപ്പമായി.
മതങ്ങളുടെ പാർലമെന്റിൽ സ്വാമി പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹമാണ്. തനിക്ക് ഒരു മതത്തിന്റെയും ആധികാരിക രേഖകളില്ല എന്നു സ്വാമി പറഞ്ഞപ്പോൾ പ്രൊഫസർ ഇപ്രകാരമാണ് പറഞ്ഞത്:
"
സ്വാമിയോട് ആധികാരികത ചോദിക്കുന്നെങ്കിൽ സൂര്യൻ പ്രകാശിക്കാൻ നാം അനുമതി നൽകുന്നതുപോലെയായിരിക്കും."
ബാക്കിയെല്ലാം ചരിത്രമാണ്.
രണ്ടാമതൊരു പാർലമെന്റു സമ്മേളിക്കാൻ പിന്നെയും നൂറു വർഷങ്ങൾ വേണ്ടിവന്നു. 1993 നൂറാം വാർഷികത്തിനായി മതങ്ങൾ സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിൽ ഒത്തുകൂടി. അതിനു ശേഷം ആറോ ഏഴോ വർഷത്തെ ഇടവേളകളിൽ ക്രമമായി ലോകമത സമ്മേളനം നടന്നുവരുന്നു.
ഏഴാമത് ലോക പാർലമെൻറിൽ സംബന്ധിക്കാനാണ് 2018 നവംബറിൽ ഞാൻ കാനഡയിലെ ടൊറന്റോയിലെത്തിയത്. കാനഡ തണുത്തുറഞ്ഞു കിടക്കുമ്പോൾ എന്തിനിങ്ങനെ ഒരു സമ്മേളനം എന്നാണു ഞാൻ ആദ്യമേ ചിന്തിച്ചത്. അവർക്കു ന്യായങ്ങൾ പലതു കാണും. ടിക്കറ്റ് ചാർജ് കുറവായിരിക്കും. താമസവും ഭക്ഷണവും വിലക്കുറവിൽ ലഭിക്കും. പിന്നെ പൊതുവെ പടിഞ്ഞാറുകാർക്കു തണുപ്പ് ഇഷ്ട്ടവുമാണല്ലോ.
ചെന്നപ്പോൾ മാരാമൺ കൺവൻഷനാണോ എന്നു തോന്നിപോയി. 208 മത വിഭാഗങ്ങളിൽ നിന്ന് പതിനായിരം പ്രതിനിധികൾ. ഭൂമിയുടെ നിരപ്പിൽ നിന്ന് ഏഴുനില താഴോട്ടും ഏഴുനില മുകളിലോട്ടും ഉള്ള ടൊറോന്റോ കൺവൻഷൻ സെന്റർ തന്നെ ഒരു അത്ഭുതമായി തോന്നി. രണ്ടു പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് എനിക്കവിടെ ലഭിച്ചത്എന്നതു ഒരു ഭാഗ്യമായി കണക്കാക്കുന്നു.
എല്ലാ മതങ്ങൾക്കും സംഘടനയ്ക്കും പ്രേത്യേക സ്റ്റാളുകൾ സംഘടിപ്പിച്ചിട്ടുള്ളതിനാൽ മീറ്റിങ്ങിന്റെ ഇടവേളകളിൽ ലോക മതങ്ങളെ ഒന്നൊന്നായി കണ്ടു പഠിക്കാനും അവരുടെ ഗ്രന്ഥങ്ങൾ സ്വന്തമാക്കാനും എല്ലാം അവസരമുണ്ട്. ലോകത്തെ ഏറ്റവും വലിയ ബുക്ക് ഫെയർ ഇവിടെയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. പ്രഭാഷണങ്ങളും ഗാന സന്ധ്യകളും എല്ലാമായി പരിപാടികൾ അങ്ങനെ ക്രമമായി പല വേദികളിൽ മുന്നേറിക്കൊണ്ടിരിക്കും.
എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യമുണ്ട്. അവിടെ വന്നവർക്കെല്ലാം സൗജന്യമായി ഭക്ഷണം നൽകിയത് ടോറോന്റയിലെ സിക്ക് ഗുരുദ്വാരയിലെ അംഗങ്ങളാണ്. ലോകത്തെ ഏതു ഗുരുദ്വാരയിലും എപ്പോഴും സൗജന്യ ഭക്ഷണം ലഭിക്കും എന്നത് ഏവർക്കും അറിവുള്ളതാണല്ലോ. പള്ളി ആയാൽ ഇങ്ങനെ വേണം. അവിടെ ചെല്ലുന്ന ആരും വിശന്നു പോവാറില്ല. സേവനം ചെയ്യുന്നതാകട്ടെ പള്ളിയിലെ അബാലവൃദ്ധo ജനങ്ങളും. ലങ്കാർ വിരുന്നു പലയിടങ്ങളിലും ഞാൻ അനുഭവിച്ചിട്ടുണ്ട്.
താമസം എന്റെ സഹോദരന്റെ മകൻ ഷിനോജ് ജോർജിനോടും കുടുംബത്തോടും ഒപ്പം ആയിരുന്നതിനാൽ അവരോടൊപ്പം നയാഗ്രയിലേക്കു ഒരു വട്ടം കുടി ഒരു യാത്ര നടത്തി. കൊടും തണുപ്പിനെ വക വെക്കാതെ ഒഴുകി കൊണ്ടിരിക്കുന്ന ജല പ്രവാഹം എന്നും ഒരു വിസ്മയ കാഴ്ചയാണ്. നിത്യതയുടെ പ്രതീകമായി അതങ്ങനെ പരിലസിക്കുന്നു. ഇംഗ്ലീഷ് കവി ടെന്നിസൺ പാടിയപോലെ:
“Men may come and men may go,
But I go on for ever”.
ടോറോന്റയിലെ പുതിയ മാർത്തോമ്മാ പള്ളി അതിമനോഹരമായിരിക്കുന്നു. സുനിൽ മാത്യു അച്ചനോടൊപ്പം ആരാധനയിൽ സംബന്ധിക്കുന്നതിനും വീണ്ടും ടൊറോന്റോ ഇടവകയിൽ പ്രസംഗിക്കുന്നത്തിനും അവസരം ലഭിച്ചു.
പാർലമെന്റ് ഓഫ് വേൾഡ് റിലീജിയൻസും യു ആർ ഐയും ഇപ്പോൾ പല മേഖലകളിലും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഹിരോഷിമ ബോംബിന്റെ എഴുപത്തിയഞ്ചാം വാർഷികം വർഷം ആഘോഷിക്കുകയാണ്. ആഗസ്ത് -6 നു നാല് ലോക മത സംഘടനകൾ അവിടെ ഒത്തു ചേരുന്നുണ്ട്. ലോകത്തിന്റെ ഭ്രാന്തമായ പോക്കിന് കടിഞ്ഞാണിടണം എന്ന് അഭ്യർത്ഥിക്കാൻ. ലോകത്തു ശാശ്വത സമാധാനം കൈവരുന്നതിനായി നമുക്ക് ഒന്നിക്കാം. ദൈവ രാജ്യത്തിന് പുറത്തു ആരും ഇല്ല. ദൈവത്തിന്റെ ലോകം നശിക്കാൻ പാടില്ല.




1 comment: