Monday, 17 February 2020


എന്റെ ജീവിതയാത്രകൾ : എപ്പിസോഡ് (30 -32)
തെസെയിലേക്കു കുടുംബ സമേതം
ഫ്രാൻസിലെ തെസെ എക്യുമെനിക്കൽ കമ്മ്യൂണിറ്റുമായി എന്റെ ബന്ധം ആരംഭിക്കുന്നത് 1975 ആണെന്ന് സൂചിപ്പിച്ചിരുന്നു. നൂറുകണക്കിനു തെസെ സുഹൃത്തുക്കൾ ഇതുവരെ നമ്മുടെ നാട്ടിലും വീട്ടിലും വന്നു പോയിട്ടുണ്ട്. അവിടേക്കു നമ്മൾ നിയോഗിച്ചയച്ച ഏതാണ്ട് നാൽപതോളം യുവജനങ്ങളുടെ പേരുകളും രണ്ടാം എപ്പിസോഡിൽ ഞാൻ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ കുടുംബമായി ഞങ്ങൾക്ക് തെസെ സന്ദർശിക്കാൻ അവസരമുണ്ടായിട്ടു അധിക നാളായിട്ടില്ല. ഊഷ്മളമായ സ്വീകരണമാണ് പതിവുപോലെ സഹോദരങ്ങൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. സഹോദരങ്ങൾ എന്ന് പറയുമ്പോൾ രണ്ടു കൂട്ടരുണ്ട്. ബ്രഹ്മചാരികളായി വ്രതമെടുത്തു തേയ്സ് കമ്മ്യൂണിറ്റിയിൽ ചേരുന്ന ബ്രതെര്സ് ആണ് ആദ്യ ഗണം. എന്നാൽ മാർപാപ്പ പ്രത്ത്യേകമായി ഇവിടത്തേക്കു നിയോഗിച്ചിരിക്കുന്നു സിസ്റ്റർമാരുടെ ഒരു കുട്ടമുണ്ട്. അവർ അമുനി എന്ന മറ്റൊരു ഗ്രാമത്തിൽ താമസിച്ചുകൊണ്ട് തെസെ കമ്മ്യൂണിറ്റിയിൽ പ്രവർത്തിക്കുന്നു. സ്ത്രീകളുടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നത് സിസ്റ്റേഴ്സ് ആണ്.
ഞാനും സൂസനും എബിയും ചില ദിവസങ്ങൾ കമ്യൂണിറ്റിയോട് ചേർന്നുള്ള ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. പ്രാർത്ഥനകളും സംഗീതവിരുന്നും പഠനസമ്മേളനങ്ങളും എല്ലാം പതിവുപോലെ. പക്ഷെ ഞങ്ങൾ കാണാനാഗ്രഹിച്ച ഒരാൾ മാത്രം അവിടെ ഇല്ലായിരുന്നു. സ്ഥാപകൻ ബ്രദർ റോജർ.
ഒരു ദിവസത്തെ പ്രാർത്ഥനാ വേളയിൽ ഒരു അക്രമിയുടെ കുത്ത് നെഞ്ചിലേറ്റാണ് അദ്ദേഹം മരണമടഞ്ഞത്.
"
കുരിശേറ്റത്താൽ ക്രിസ്തുവും
വേടന്റെ അംബാൽ കൃഷ്ണനും" എന്നു പറയുന്നപോലെയായി മഹാരഥന്റെ അന്ത്യവും. ലോകമെന്പാടുമുള്ള പതിനായിരങ്ങളെ തന്റെ പ്രോജ്വല വ്യക്തിത്വത്താൽ സാന്ത്വനപ്പെടുത്തിയ അദ്ദേഹം തെസെയുടെ മണ്ണിൽത്തന്നെ അന്ത്യ വിശ്രമം കൊള്ളുന്നു. ഒരു കൊച്ചു മൺകൂനയിൽ. ചുറ്റും കുറെ പൂക്കൾ മാത്രം. ബ്രദർ ലൂയി ഇന്ന് പ്രസ്ഥാനത്തെ നയിക്കുന്നു.
തെസെ ഗ്രാമത്തിന്റെ താഴെ ഒരു ചെറുതടാകമുണ്ട്. വറ്റാത്ത നീരുറവ. അതുപോലെയാണ് പ്രസ്ഥാനവും. ചെറിയ കൈവഴികളായി അത് ലോകമെമ്പാടും കുളിരേകികൊണ്ട് സഞ്ചരിക്കുന്നു.
ഞങ്ങൾക്കെല്ലാം എന്നും സഹായിയായിരുന്ന ബ്രദർ തോമസ് പ്രായാധിക്യത്താൽ ക്ഷീണിതനായിരുന്നെങ്കിലും ഞങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ചതോർക്കുന്നു. ഇന്ന് അദ്ദേഹവും കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു. 1948 - ഏഴു സഹോദരങ്ങൾ ചേർന്ന് ആരംഭിച്ച സംഘത്തിലെ അവസാന കണ്ണിയായിരുന്നു ബ്രദർ തോമസ്.
അവിടെ നിന്ന് ഞങ്ങളുടെ സ്നേഹിതൻ ഹാൻസ് യൂക്കോയുടെ ഫ്രാൻസിലെ വീട്ടിലേക്കു പോകാനായിരുന്നു ഞങ്ങളുടെ പരിപാടി. എന്നാൽ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒരു സമരം കാരണം ട്രെയിനുകളെല്ലാം പണിമുടക്കി.
റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ഞങ്ങളെ ഒരു പ്രത്യേക തീവണ്ടിയിൽ സൗജന്യമായി എയർപോർട്ടിലെത്തിച്ചു തന്നു. ഫ്രാൻസിലെ റെയിൽവേ ജീവനക്കാരുടെ മര്യാദയും കരുതലും എത്ര വലുതാണ് എന്ന് ഞങ്ങൾക്ക് ബോദ്ധ്യമായ സന്ദർഭം.
അങ്ങനെ ഞങ്ങൾ യൂറോപ്പിന്റെ സിരാകേന്ദ്രമായ റോമിലെത്തി. ഫോക്കലരെ പ്രസ്ഥാനത്തിന്റെ നായകനായ റോബർട്ടോ കാറ്റലനോ ഞങ്ങൾക്കുവേണ്ടി താമസ സൗകര്യങ്ങളെലാം ഒരുക്കിയിരുന്നു. രണ്ടോ മൂന്നോ ഹോളി ബുക്ക്സ് കോൺഫറൻസിൽ സംബന്ധിച്ചിട്ടുള്ളയാളാണ്. കരിക്കം സ്കൂളിൽ വച്ച് നടത്തിയ മീറ്റിഗിലുമുണ്ടായിരുന്നു.
ഒരു ദിവസത്തേക്ക് ടിക്കെട് എടുത്താൽ ബസ്സിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാമായിരുന്നു. അങ്ങനെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയപ്പോൾ ഫ്രാൻസിസ് മാർപാപ്പ പൊതുജനങ്ങൾക്കു ദർശനം നൽകുന്ന സമയമായിരുന്നു. സമയം കിറു കൃത്യം.
സിസ്റ്റൈൻ ചാപ്പലും, മൈക്കൽ ആഞ്ചലോ ചിത്രങ്ങളും മറ്റു ബസിലിക്കകളും, കൊളോസിയവും എല്ലാം പിന്നെയും കണ്ടു. റോമാ ജീവിതത്തിന്റെ അലയൊലികൾ ബസ്സിൽ സഞ്ചരിച്ചു മനപ്പാഠമാക്കി.
തിരികെ ദുബായ്ക്കു പോരാനായി എയര്പോര്ട്ടിലെത്തിയപ്പോൾ തെസെ യിലെ എന്റെ സഹയാത്രികനായിരുന്ന കാർലോ ഗ്രാൻഡി മിലാനിൽ നിന്ന് എത്തി ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒന്നിച്ചു ഉച്ചഭക്ഷണം കഴിച്ചു. മിലാനിലേക്കു ക്ഷണിച്ചിരുന്നെങ്കിലും പോകാനായില്ല. ഞങ്ങൾ അങ്ങനെ ദുബായിലേക്ക് തന്നെ മടങ്ങിപ്പോന്നു. ജ്യേഷ്ടന്റെ മകൻ ഷിബു ജോർജിനും കുടുംബത്തിനും ഒപ്പമായിരുന്നു പിന്നീടുള്ള ദുബായിലെ ചില ദിവസങ്ങൾ.

എന്റെ ജീവിതയാത്രകൾ: എപ്പിസോഡ് – 31
ഷേക്സ്പിയറുടെ നാട്ടിൽ

ഇംഗ്ലണ്ടു സന്ദർശനവേളയിൽ എനിക്ക് ഷേക്സ്പിയറുടെ നാട്ടിൽ പോകാൻ കഴിയാത്തതു ഒരു ദുഖമായി മനസ്സിൽ നീറിപ്പിടിച്ചു കിടന്നിരുന്നു.. മൂന്നു ദശകങ്ങളോളം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന നാളുകളിൽ ഷേക്സ്പിയർ നാടകങ്ങളും കവിതകളും നിത്യേനയെന്നോണം പഠിക്കയും പഠിപ്പിക്കയും ചെയ്തിട്ടുണ്ട്. ഫാത്തിമാ കോളേജിൽ ബലറാം മൂസദ് സാറിന്റെ ക്ലാസ്സുകളിലിരുന്നു നാടകങ്ങൾ പഠിക്കാൻ തുടങ്ങിയ കാലത്തു തുടങ്ങിയ ഷേക്സ്പിയർ പ്രേമമാണ്. കൂടാതെ എസ്. എൻ കോളജിൽ ഉജ്വല താരമായി നിന്ന ഷേക്സ്പിയർ വേലായുധൻ സാറിനെ വല്ലപ്പോഴും ഞങ്ങൾക്ക് കിട്ടുമായിരുന്നു. ഹാംലറ്റും മാക്ബത്തും എല്ലാം അദ്ദേഹത്തിനു കാണാപ്പാഠമായിരുന്നു.
അങ്ങനെയിരിക്കുമ്പോൾ യു.ആർ. യുടെ ചില മീറ്റിംഗുകൾ ഇംഗ്ലണ്ടിൽ ഒത്തു വന്നു. പക്ഷെ ആദ്യം തന്നെ സ്ട്രാറ്റ്ഫോർഡിലേക്കു പോകുന്ന കാര്യമാണ് ഞാൻ ക്രമീകരിച്ചത്.
പക്ഷെ ഇതിനിടയിൽ ഏറ്റവും ദുഖകരമായ ഒരു കാര്യം സംഭവിച്ചു. ഒന്നാം ക്ളാസ്സുമുതൽ സഹപാഠിയായിരുന്ന ജി. കുഞ്ഞുമോൻ മെരിലാൻഡിൽ അന്തരിച്ചു. ഒരു വര്ഷട്ടോളം കാൻസർ ചികിത്സയിലായിരുന്നു. വിവരം അറിഞ്ഞിരുന്നില്ല.
എസ്. ഡി. യിൽ പത്താം ക്ളാസ്സുവരെ എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ കൊട്ടാരക്കര സി.പി കെ.പി ലൈബ്രറി വരെ നടന്നു പുസ്തകങ്ങൾ എടുക്കാൻ പോകുമായിരുന്നു. കൊട്ടാരക്കര കോളജിൽ രണ്ടു ഗ്രുപ്പുകളിലേക്കു മാറി. പിന്നീട് അവൻ കൊല്ലത്തു എസ്. എൻ  കോളജിൽ എക്കണോമിക്സ്  പഠിച്ചു. ഒരേ കാലത്തു എം. പാസ്സായി. ഒട്ടും വൈകാതെ അമേരിക്കയിലും പോയി.
വാഷിംങ്ടൺ  ഡി.സി യിൽ കുഞ്ഞുമോൻ ഉണ്ടല്ലൊ എന്ന ആശ്വാസത്തിലാണ്‌ ഞാൻ പലപ്പോഴും മെനൊനൈറ്റ്‌   യൂണിവേഴ്സിറ്റിയിൽ സമ്മർ കോഴ്‌സുകൾക്ക് ചേർന്നത്. സഹോദരങ്ങളും കുട്ടികളുമെല്ലാമായി പാലക്കോട്ടു കുടുംബത്തിലെ ഒരു വലിയ സംഘം അവിടെ ഉണ്ടായിരുന്നു.
എന്റെ ടിക്കറ്റ് ഞാൻ അമേരിക്കയിലേക്കു മാറ്റി എടുത്തു. ഇംഗ്ലണ്ട് വിസകൈ നൽകിയിരുന്ന പാസ്പോര്ട്ട് തിരികെക്കിട്ടാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും വിമാനം പുറപ്പെടുമുൻപ് അതും ലഭിച്ചു. അങ്ങനെ എന്റെ ബാല്യകാല സുഹൃത്തിന്റെ വിടവാങ്ങൽ ശുശ്രുഷയിൽ വല്ല വേദനയോടെയാണെങ്കിലും പങ്കെടുത്തു. എന്റെ സാന്നിദ്ധ്യം കുടുംബംങ്ങങ്ങൾക്കു ഏറെ ആശ്വാസപ്രദമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഇംഗ്ലണ്ടിലേക്കു തിരിച്ചു. വൈ.എം.സി.എ ഇന്ത്യൻ ഹോസ്റ്റലിലായിരുന്നു താമസം. ലെബി ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കേരളം നേതാക്കൾ അപ്പോൾ അവിടെയുണ്ടായിരുന്നു. ബാർ മിംഗ് ഹാമിൽ പുതിയ ഹോസ്റ്റൽ കെട്ടിടം ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അവർ.
ഷേക്‌സ്‌പിയറുടെ നാട്ടിലേക്കുള്ള യാത്ര മദ്ധ്യേ ബർമിംഗ്ഹാം ഹോസ്റ്റൽ ഉദ്‌ഘാടന സമ്മേളനത്തിൽ ഞാനും പങ്കെടുത്തു. ഇന്ത്യൻ വൈ.എം.സി .എ യ്ക്കു അഭിമാനകരമായ ഒരു നേട്ടമായിരുന്നു പുതിയ മന്ദിരത്തിന്റെ ആരംഭം.
മാർത്തോമാ കോളേജിലെ പൂർവ വിദ്യാർത്ഥി ഈസ്റ്റ് ഹാമിലെ പോൾ വർഗീസ്  ആയിരുന്നു എന്നെ കാറിൽ സ്ട്രാറ്റ്ഫോർഡിലേക്കു കൊണ്ടു പോയത്. അവിടെ ഞങ്ങളുടെ ലൈബ്രേറിയൻ എം. ജോർജ് സാറിന്റെ മകൻ ഡോ. ജോർജ് ബെഹനാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഞങ്ങളുടെ കുട്ടികൾ ലോകമെമ്പാടും ഉയർന്ന നിലയിൽ  ജീവിക്കുന്നത് കാണുമ്പൊൾ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നുക.
ഡോ. ജോർജിന്റെ മാനേജർ ഞങ്ങളെ ഷേക്‌സ്‌പെയറുടെ ജന്മ നാട്ടിൽ കൊണ്ട് പോയി. ന്യൂ പ്ലേസ് എന്ന ആ വീട് എന്നേ മനസ്സിൽ പതിഞ്ഞതാണ്. അതിന്റെ ഓരോ മുക്കും മൂലയും നടന്നു കണ്ടു. അതിന്റെ മുറ്റത്തു എപ്പോഴും നാടകങ്ങളിലെ ഓരോ സീനുകൾ കലാകാരൻമാർ അവതരിപ്പിച്ചുകൊണ്ടിരുന്നു.
ആവൺ നദിയിലൂടെ ഞങ്ങൾ ബോട്ടിൽ ഒരു യാത്ര നടത്തി. ബാലനായിരുന്ന ഷേക്‌സ്‌പിയർ കൂട്ടുകാരോടൊപ്പം നീന്തി  തുടിച്ച നദി. ലോകർക്ക് അവിടം ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്. ആയിരങ്ങൾ ഓരോ ദിവസവും അവിടേക്കൊഴുകി എത്തുന്നു.
ലോക കേന്ദ്രങ്ങൾ ഒരുപാടു സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ നിർവൃതി അനുഭവിച്ച നിമിഷങ്ങൾ കുറവായിരുന്നു. ഓക്സ്ഫോർഡും  കെംബ്രിഡ്‌ജും എല്ലാം ഈ യാത്രയിലും  പോളിനൊപ്പം ഞാൻ സന്ദർശിച്ചു. എന്നാൽ മനസ്സിൽ മായാതെ നിൽക്കുന്നത് എന്നും ആവൺ നദീതീരത്തെ അനർഘ നിമിഷങ്ങൾ മാത്രം
ബർമിംഗ് ഹാമിലെ പള്ളിയാരാധനയിൽ സംബന്ധിക്കാനും പ്രസംഗിക്കാനും ആ യാത്രയിൽ അവസരം ലഭിച്ചു......................അച്ചനായിരുന്നു അപ്പോൾ പള്ളി വികാരി. അതുപോലെ വികാരി ജനനാൾ വി.ടി.ജോണച്ചനോടൊപ്പം ലണ്ടൻ സീനായ് പള്ളിയിലും സംബന്ധിച്ചു. ആരാധനാ മദ്ധ്യേ പ്രസംഗിച്ചു. സാക് വർഗീസ് അച്ചായനോടൊപ്പമായിരുന്നു യാത്ര.
നിരവധി യു ആർ ഐ മീറ്റിംഗുകളിലും ആ ഒരാഴ്ചക്കിടയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. എന്റെ ബൊസ്സയിലെ റൂംമേറ്റ്   ആയിരുന്നു ഗയാനക്കാരൻ ചൈക്കൽ ജാഗേസ്സാർ ലണ്ടനിലുണ്ടായിരുന്നതിനാൽ അദ്ദേഹത്തെയും കാണാനായി. 
മറ്റൊരു മനോഹര മുഹൂർത്തം ഇതിനിടയിൽ വീണു കിട്ടിയത് ഡോവർ ബീച്ചിലേക്കുള്ള ഒരു യാത്രയായിരുന്നു. ഞങ്ങളുടെ കസിൻ എ.കെ. ബാബു കാന്റർബറിക്കയിൽ താമസമുണ്ടായിരുന്നു. അവരോടൊപ്പം ചരിത്രപ്രസിദ്ധമായ ഡോവർ ബീച്ച് സന്ദർശിക്കാനായത് വലിയ ഭാഗ്യമായി .മാത്യു അർനൾസിന്റെ വിശ്വ പ്രസിദ്ധമായ കവിതയിലൂടെ   അനശ്വര മായി എന്നും വിരാജിക്കുന്ന ഇടമാണ്. അവിടെ നിന്നാൽ ഫ്രാൻസിന്റെ തീരം കാണാം. ഞങ്ങളുടെ കുടുംബത്തിലെ അനീഷിനെയും ലിൻസിയെയും ലീലമ്മാമ്മയെയും ആ യാത്രയിൽ സന്ദർശിക്കാൻ കഴിഞ്ഞത് മറ്റൊരു ഭാഗ്യം.
ഇംഗ്ലണ്ടിലെ എന്റെ യാത്രക്കെല്ലാം ക്രമീകരണം ചെയ്തു തന്ന യു ആർ ഐ യുടെ ഗ്ലോബൽ കൗൺസിൽ  ചെയർപേഴ്സൺ കിരൺ ബാലീ, ഗ്ലോബൽ സ്റ്റാഫ് അംഗമായ മാത്യു യൂഡ്, കസിൻ റോജിൻ പി മലാഖി, വൈ. എം. സി. എ സെക്രട്ടറി ആയിരുന്ന കെ.പി.ജോൺ തുടങ്ങിയ എല്ലാവരോടും വളരെ നന്ദിയും കടപ്പാടുമുണ്ട്. എല്ലാം കൊണ്ടും ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായി അത് മാറിയിരുന്നു എന്നതാണ് സത്യം.
(N.B. മുൻ ലക്കങ്ങൾ എന്റെ ഫേസ് ബുക്ക് പേജിലും http://kipskarickam.blogspot.com/ എന്ന ബ്ലോഗിലും വായിക്കാവുന്നതാണ്)



എന്റെ ജീവിത യാത്രകൾ - എപ്പിസോഡ് - 32
വേൾഡ് ടോളറൻസ് സമ്മിറ്റ്.

രാജ്യങ്ങൾ മതസംവാദവും സമാധാന നിർമ്മിതിയും വളരെ ഗൗരവമായി ഏറ്റെടുക്കുന്നതിന്റെ ഉദാഹരണം മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. വിയന്നയിലെ കിംഗ് അബ്ദുള്ള സെന്ററാണ് രംഗത്തെ മാതൃക. സൗദി രാജ കുടുംബവും, സ്പാനിഷ്സർക്കാരും, ഓസ്ട്രിയൻ ഗോവെര്മെന്റിന്റെ സഹായത്തോടെ ആരംഭിച്ച പ്രസ്തുത പഠന കേന്ദ്രത്തിനു വത്തികന്റെയും സഹകരണമുണ്ടായിരുന്നു.
പിന്നീട് ഒരു മഹത്തരമായ ചുവടുവയ്പ്പ് നടത്തിയത് ദുബായ് ഗവൺമെന്റാണ്. 2018 നവംബറിൽ ഒന്നാമത് ലോക സഹിഷ്ണുതാ സമ്മേളനം അവർ ദുബായിൽ ഉദ്ഘാടനം ചെയ്തു. ബുർജ് ഖലീഫയിൽ വച്ച് നടത്തിയ മഹദ് സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി ഞാനും പങ്കെടുത്തു. എന്നെ കൂടാതെ യു ആർ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഉൾപ്പെടെയുള്ള ഒരു ടീമും ഉണ്ടായിരുന്നു. കാരണം മഹാ പ്രോജക്ടിന്റെ ഒരു പാർട്ണർ കൂടിയായിരുന്നു. യു ആർ .
105 രാജ്യങ്ങളിൽ നിന്നുള്ള 1866 പ്രതിനിധികൾ സംബന്ധിച്ച പ്രസ്തുത മീറ്റിംഗ് ലോകത്തോട് ഒരു കാര്യം ഉദ്ഘോഷിച്ചു.. ഇരുനൂറിലധികം രാജ്യക്കാരും അതിലേറെ മത വിഭാഗങ്ങളും ദുബായിൽ വളരെ സൗഹാർദ്ദത്തിലും സഹോദര്യത്തിലും കഴിയുന്നുണ്ട്. എങ്കിൽ മറ്റു രാജ്യങ്ങളിൽ എന്തുകൊണ്ട് അതായിക്കൂടാ? ഇക്കാര്യത്തിൽ ലോകത്തിനു മാതൃകയാവാൻ വേണ്ടിയായിരുന്നു സഹിഷ്ണുതാ സമ്മേളനം.
ദുബായ് യുടെ രാഷ്ട്രപിതാവ് ബഹുമാന്യനായ ഷേക്ക് സായദ് ബിൽ സുൽത്താൻ സഹായൻ പറഞ്ഞ ഒരു വാചകമുണ്ട: "To treat every person, no matter what his creed or race, as a special soul, is a mark of Islam".
ഒരാളുടെ ജാതിയോ വർഗ്ഗമോ നോക്കാതെ എല്ലാവരെയും ഒരു പ്രേത്യേക ആത്മാവായി പരിഗണിക്കുക എന്നതാണ് ഇസ്ലാമിന്റെ പ്രാഥമിക തത്വം.
ഇത് ലോകമാകമാനം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോളറൻസ് എന്ന ഒരു പ്രസ്ഥാനം ആരംഭിക്കുകയും, 2019 സഹിഷ്ണുതാ വർഷമായി ആചരിക്കുകയും ചെയ്തു. ആദ്യ സമ്മേളനത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള ഗവൺമെന്റ് പ്രതിനിധികൾ, ലോക സംഘടനാ നേതാക്കൾ, യൂണിവേഴ്സിറ്റി അധികൃതർ, മത നേതാക്കൾ , മീഡിയ പ്രവർത്തകർ തുടങ്ങി സമസ്ത മേഖലകളിലെയും വിദഗ്ദർ പങ്കെടുത്തു. 45 പ്രബന്ധങ്ങളാണ് അവതരിക്കപ്പെട്ടത്‌.
ഉദ്ഘാടന വേളയിൽ ദുബായ് ഭരണാധികയും യു. . വൈസ് പ്രസിഡന്റുമായ ബഹുമാന്യ ഷേക്ക് മുഹമ്മദ് ബിൽ റഷീദ് അൽ മക്തും ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി:
“We in UAE aim to create a model for tolerance and positive co – existence and be a catalyst for building greater understanding between cultures.”
ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഫ തന്നെ സമ്മേളനവേദിയായി അവർ തെരഞ്ഞെടുത്തിരുന്നു. വലിയ എക്സിബിഷനും കലാപ്രകടനങ്ങളും എല്ലാം ചേർന്ന് അതൊരു മഹാസംഭവമായി മാറി.
യു യുടെ ഉദാഹരണം നമ്മുടെ മുന്നിൽ വലിയൊരു ചോദ്യമുയർത്തുന്നുണ്ട്. എല്ലാ മതക്കാരും വർഗ്ഗക്കാരും വിദേശത്തു ചെല്ലുമ്പോൾ സ്നേഹത്തിലും സമാധാനത്തിലും ജീവിക്കുന്നു. അവനവന്റെ നാട്ടിൽ വരുമ്പോൾ മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലുന്നു. ഇതിന്റെ മനഃശാസ്ത്രമെന്താണ്?
അവനവന്റെ നാട്ടിൽ കൂടുതൽ സുരക്ഷിതത്വബോധമുള്ളതായിരിക്കാം ഇതിന്റെ കാരണം. അപ്പോൾ സുരക്ഷിതത്വം അക്രമത്തിനുള്ള ലൈസെൻസ് ആണോ? അരക്ഷിതാവസ്ഥയും സർവ്വനാശവുമായിരിക്കും ആക്രമണത്തിലൂടെ ചോദിച്ചു വാങ്ങുക എന്ന സത്യം ഏവരും മനസ്സിലാക്കിയാൽ നന്നായിരിക്കും.
ദുബായ് മാതൃക ഭാവിയിൽ എല്ലാവരും സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു.

No comments:

Post a Comment