Wednesday, 14 July 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിയേഴ് ഡോ. ജോൺ പോൾ ലെഡറാക്ക് (DR.JOHN PAUL LEDERACH ) ചെറുപ്പം മുതൽ എന്നെ സ്വാധീനിച്ചിട്ടുള്ള നിരവധി അദ്ധ്യാപകരെ ഈ സീരിസിൽ ഞാൻ അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ എന്റെ ധർമ്മാന്വേഷണ പന്ഥാവിൽ അറിയാതെ വന്നുപെട്ട ഒരു മഹാ മനീഷിയാണ് അമേരിക്കയിലെ ഇൻഡ്യാനയിൽ ജനിച്ചു വളർന്ന ഡോ. ജോൺ പോൾ ലെഡറാക്ക്. ഇപ്പോൾ നോത്രദാം യൂണിവേഴ്സിറ്റിയിലെ ക്രോക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പീസ് സ്റ്റഡീസിന്റെ ഡയറക്ടറാണ്. നൂറ്റി നാലു വർഷം മുമ്പ് വെർജീനിയ സംസ്ഥാനത്തെ ഹാരിസൻബർഗിൽ സമാധാന കാംക്ഷികളായ മേനോ നൈറ്റ് സഭ ആരംഭിച്ച സ്ഥാപനമാണ് ഈസ്റ്റേൺ മേനോനൈറ്റ് യൂണിവേഴ്സിറ്റി. അവിടെ പീസ് ബിൽഡിംഗ് ഡിപ്പാർട്മെൻറ് വളർത്തിയെടുത്ത പ്രൊഫസറാണ് ജോൺ പോൾ. ഇന്നും സമ്മറിൽ നടക്കുന്ന നിരവധി കോഴ്സുകൾക്ക് നേതൃത്വം നല്കാൻ അദ്ദേഹം അവിടെ എത്താറുണ്ട്. തൊണ്ണൂറുകളിൽ നടന്ന ഒരു കോഴ്സിന് വേണ്ടിയാണ് ഞാൻ ആദ്യമായി ഇ. എം. യു വിൽ എത്തിയത്. അന്ന് മുതൽ അദ്ദേഹം എന്റെ ആരാധ്യനായ അദ്ധ്യാപകരിൽ ഒരാളായി മാറി. നിരവധി അന്താരാഷ്ട്രാ സംഘട്ടനങ്ങളിൽ ഇടനിലക്കാരനായി സമാധാന ഉടമ്പടികൾക്കു നേതൃത്വം വഹിച്ചിട്ടുള്ള അദ്ദേഹം ക്ലാസ് മുറികളെ വല്ലാത്തൊരു പരീക്ഷണ ശാലയാക്കി മാറ്റുന്നത് നമുക്ക് വേറിട്ടൊരു അനുഭവം പകർന്നു നൽകുന്നു. ഭാവനാ സമ്പന്നമാണ് ഓരോ ചുവടുകളും. പലതവണ അവിടെ ചേർന്ന് പഠിക്കാൻ എന്നെ പ്രേരിപ്പിച്ചതും ഇത് തന്നെയാണ്. യു. ആർ. ഐ പ്രസ്ഥാനത്തിലെ ചിലരെല്ലാം ഇ. എം. യു വിൽ എന്നെപ്പോലെ പഠിതാക്കളായിട്ടുണ്ട്. ഞങ്ങൾ ഒത്തു ചേർന്നപ്പോൾ പുതിയൊരാശയം രൂപപ്പെട്ടു. എങ്ങനെ യു ആർ ഐ യുടെ ലോകമെമ്പാടുമുള്ള സമാധാന പ്രവർത്തകരെ ഈ മാതൃകയിലുള്ള ഒരു പരിശീലന പരിപാടിയിൽ പങ്കാളികളാക്കാം? ആ ആലോചനയുമായി ജോൺ പോളിനെയും അദ്ദേഹത്തിന്റെ കൂട്ടുകാരനായ മറ്റൊരു പ്രൊഫസർ ഡോ. ഹേം വീവറെയും ഞങ്ങൾ സമീപിച്ചു. അവർ രണ്ടുപേരും സഹായിക്കാമെന്നേറ്റപ്പോൾ ഒരു വമ്പൻ പദ്ധതി ഉരുത്തിരിഞ്ഞു വന്നു. പല രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചു പേരെ മാസ്റ്റർ ട്രെയിനേഴ്‌സായി പരിശീലിപ്പിച്ചെടുക്കുക . അവരിലൂടെ ലോക സീമകളിലേക്കു പടർന്നു കയറുക. അതായിരുന്നു പ്ലാൻ. അങ്ങനെ രണ്ടു വർഷം നീണ്ടു നിൽക്കുന്ന ഒരു തീവ്ര പരിശീലനത്തിന് പദ്ധതിയുണ്ടാക്കി. മൂന്നു മാസത്തിലൊരിക്കൽ എല്ലാവരും ഏതെങ്കിലുമൊരു രാജ്യത്തു സമ്മേളിക്കുക. അവിടെ ഒരാഴ്ചത്തെ പഠനത്തിനൊപ്പം ആ നാടുകളിലെ പ്രശ്ന ബാധിത പ്രദേശങ്ങളെ അടുത്തറിയുക. പ്രശ്ന പരിഹാരങ്ങൾ കണ്ടെത്തുക. ഇതൊക്കെയായിരുന്നു വിഭാവനം ചെയ്തത്. വളരെ ചെലവേറിയ ഈ പദ്ധതിക്ക് സഹായവുമായി കാറ്റലിസ്റ്റ്സ് ഫോർ പീസ് എന്ന ഫൗണ്ടേഷനും അതിന്റെ ഡയറക്ടർ ലിബി ഹോഫ്മാനും ഞങ്ങളുടെ കൂടെ കൂടിയപ്പോൾ എല്ലാം ശുഭം. അമേരിക്ക, ഫിലിപ്പീൻസ്, ഇന്ത്യ , ഇന്തോനേഷ്യ ,എത്യോപ്യ , ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ ജോൺ പോളും ഹേം വീവറും ഞങ്ങൾക്കായി ഒരുക്കിയ പഠന സമ്മേളനങ്ങൾ എക്കാലവും മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. ഫിലിപ്പീൻസിലെ മിൻഡനാവോ സംഘർഷങ്ങളും (കത്തോലിക്കരും മുസ്ലിം മത വിഭാഗവും തമ്മിൽ) ഉഗാണ്ടയിലെ ഗറില്ലാ യുദ്ധ മുറകളും (ജോസഫ് കോണി സംഘവും സർക്കാരും തമ്മിൽ) എല്ലാം നേരിൽ കണ്ടു മനസ്സിലാക്കാൻ ഞങ്ങളുടെ ടീമിന് കഴിഞ്ഞു. യു .ആർ . ഐ യുടെ സമുന്നത നേതാക്കളടങ്ങിയ അച്ചോളി (ACHOLI PEACE INITIATIVE) സംഘം ഇടപെട്ടാണ് ഉഗാണ്ടയിലെ ഒളിപ്പോര് യുദ്ധത്തിന് അറുതി വരുത്തിയത്. വനത്തിനുള്ളിൽ പോയി ജോസഫ് കോണിയുടെ ഗറില്ലാ സംഘത്തെ കണ്ട കഥകളൊക്കെ എന്നും നമ്മെ ആവേശം കൊള്ളിക്കുന്ന സംഭവങ്ങളാണ്. ഇരുപത്തി മൂന്നു വർഷത്തെ കൊടും ക്രൂരതകൾക്കാണ് അവസാനമുണ്ടായത്. Moral Imagination – the Art and Soul of Peace Building, Preparing for Peace, Conflict Transformation, Reconcile, Peace Building – Into the Eye of the Storm, Contemporary Conflict Resolution, Strategic Peace Building തുടങ്ങി എത്രയോ ഗ്രന്ഥങ്ങൾ ജോൺ പോളിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തിരിക്കുന്നു. ഇന്ന് ലോകത്ത്‌ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമാധാന പ്രവാചകരിൽ ഒരാളായ സാറിനൊപ്പം പഠിക്കാനും യാത്ര ചെയ്യാനും ലഭിച്ച അവസരങ്ങൾ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങളായിരുന്നു. ഇതിനൊക്കെ നമ്മെ പ്രാപ്തരാക്കുന്ന പ്രാപഞ്ചിക ശക്തിക്കു മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു. ഡോ. ഏബ്രഹാം കരിക്കം

No comments:

Post a Comment