മസൂറിയിൽ ഒരു മഞ്ഞു കാലം
(നോവൽ)
ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം പന്ത്രണ്ട്
തെംസ് നദിക്കരയിൽ
വത്സലകുമാരിയുടെ മനം കുളിർത്തു.മരുഭൂമിയിൽ പെട്ടെന്നൊരു നീരുറവ പൊട്ടിപ്പുറപ്പെട്ടതുപോലെ. ബുദ്ധിയിൽ ഒരു പ്രകാശം.
മരിയാ ഫെർണാണ്ടസ്. അവളാണ് പെണ്ണ്. അവളുടെ മുന്നിൽ ഈ ഞാനൊക്കെ വെറും പുല്ലാണ്. മുടി വാരിക്കെട്ടുമ്പോൾ അവൾ ചിന്തിച്ചു. ദൈവം എന്റെ കൂടെയാണ്. ഗുണ്ടുഗോപി തോറ്റെങ്കിൽ ഇവൾ ജയിക്കും. കാരണം അവൾ പെണ്ണാണ്. എല്ലാ അർത്ഥത്തിലും പെണ്ണ്. അവളുടെ മുന്നിൽ ഈ ടി.ടി യൊക്കെ ദഹിച്ചുപോകും.
സെന്റ് തെരേസാസിൽ അവളൊരു പേടിസ്വപ്നമായിരുന്നു. പ്രസംഗത്തിലോ പ്രവർത്തിയിലോ അവളെ വെല്ലാൻ ഒരുത്തിയുമില്ലായിരുന്നു അന്ന്. ശരീരം പ്രദർശിപ്പിക്കുന്നത് അവൾക്കൊരു ഹോബിയാണ്. അസൂയകൊണ്ട് താൻ കത്തിപ്പോയിട്ടുണ്ട്. എന്തൊരു മേനിക്കൊഴുപ്പ്!. സിസ്റ്റർ ടെസ്സയ്ക്ക് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് മരിയയേ ആയിരുന്നു. കാരണം ചാട്ടുളിപോലത്തെ വർത്തമാനം.
അന്നേ എല്ലാവരും പറഞ്ഞു. ഇവൾ ഐ.എ.എസ് അടിച്ചെടുക്കുമെന്ന്. പക്ഷെ അന്നവൾ പറഞ്ഞതോർമ്മയുണ്ട്:
"ശരിയാടീ... ഞാൻ നേടും”. പക്ഷെ ഇപ്പോഴല്ല. അതിലൊക്കെ ചെന്നുപെട്ടാൽപ്പിന്നെ ജീവിതമുണ്ടോ?. രണ്ടുവർഷമെങ്കിലും അടിച്ചുപൊളിക്കാതെ ഞാൻ എങ്ങോട്ടുമില്ല. തൽക്കാലത്തേക്ക് വേണമെങ്കിൽ ലക്ചററാകാം. അവിടെ ചങ്ങലകളില്ലല്ലോ.
അവളൊന്നു ചിരിച്ചാൽ മയങ്ങി വീഴാത്ത പുരുഷന്മാരില്ല. താനെത്ര കണ്ടതാണ്. തങ്ങളൊന്നിച്ചെത്ര മേളിച്ചതാണ്. മരിയയെ എന്റെ വജ്രായുധമാക്കും. വരിക്കപ്പുഴയിലല്ലെങ്കിൽ മസൂറിയിലിട്ടു അവനെ ഞാൻ പൊരിക്കും. അവനു പകരം ആ തേവിടിശ്ശിയെ ഞാൻ ആറ്റിൽ താഴ്ത്തും. ഇല്ലെങ്കിൽ വത്സല വത്സലയല്ല.
ഉടൻ തന്നെ അവൾ തന്റെ കളിത്തോഴിക്കൊരു അനുമോദനകത്തെഴുതി. ഉള്ളടക്കം ഏതാണ്ടിങ്ങനെയായിരുന്നു.
എടീ മരിയേ.....! നൂറുനൂറഭിനന്ദനങ്ങൾ. വലിയ കളക്ടറൊക്കെയാവുമ്പോൾ ഈയുള്ളവളെ മറക്കല്ലേ. കഴിഞ്ഞ രണ്ടുവർഷത്തെ തട്ടുപൊളിപ്പൻ ജീവിതം കൊണ്ട് നീയൊരു സന്യാസിനിയായോ?. അതോ എല്ലാത്തിലും ആസക്തി കൂടിയോ?.
നീ എന്നെങ്കിലും കല്യാണം കഴിക്കാനുദ്ദേശിക്കുന്നെങ്കിൽ ആ ഒന്നാം റാങ്കുകാരനെ പിടിച്ചോണം. എന്റെ കൊളീഗായ സണ്ണി ജോസഫ്. മിടുമിടുക്കൻ. അവൻ ലോകം വെട്ടിപ്പിടിക്കും എന്നത് തീർച്ച. ഇവിടുത്തെ പെൺപിള്ളേരെല്ലാം അവന്റെ പുറകെ ലൈനിട്ടു നടക്കുന്നുണ്ട്. പക്ഷെ അവനിതുവരെ ആർക്കും പിടികൊടുത്തിട്ടില്ല. വല്ല മാർവാഡിപ്പെണ്ണുങ്ങളും കേറിപ്പിടിക്കും മുമ്പ് നീ കൊത്തിക്കോണം.
എന്നായാലും ഒരാൺതുണ വേണ്ടേടി?. ഇവനാകുമ്പം ഒരു തനി കൺട്രിയാ. ഉഗ്രൻകുന്നുകാരൻ. നിന്റെ ചൊൽപ്പടിക്ക് നിന്നോളും. അത്യാവശ്യത്തിനു നീ രണ്ടു തൊഴിച്ചാലും കൊണ്ടോളും. പിന്നെ ഒരു ഭർത്താവുള്ളതു പലതുകൊണ്ടും നല്ലതാടീ.എന്റെ കാര്യം നിനക്കറിഞ്ഞൂടേ.....?.
"നീ രാത്രിയിൽ കുത്തിപ്പിടിച്ചിരുന്നു എഴുതുന്നതെന്തോന്നാ വൽസേ.....?". തോമസ്കുട്ടി വിളിച്ചു ചോദിച്ചു.
"എം. ഫിലിന്റെ ഡിസർട്ടേഷൻ തട്ടിക്കൂട്ടണ്ടേ അച്ചായാ .....അതാ.....". മറുപടി റെഡിയായിരുന്നു.
സണ്ണിക്കുട്ടിക്ക് മസൂറിയിൽ പരിശീലനത്തിനു ചേരും മുമ്പ് ജനീവയിൽ ഒരു സമ്മേളനത്തിന് കൂടി പോകാനുണ്ടായിരുന്നു. ആണവ നിരായുധീകരണത്തെക്കുറിച്ചു യു.എൻ.ഓ നടത്തുന്ന ഒരു അന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനായിരുന്നു ക്ഷണം.
ട്രെയിനിംഗിന്റെ ഒരു വർഷം കാമുകിയെ പിരിഞ്ഞിരിക്കുന്ന കാര്യം അവനാലോചിക്കാനേ കഴിഞ്ഞില്ല. ഉഗ്രൻകുന്നിലെ യക്ഷിയെ എങ്ങിനെയും ഒഴിവാക്കാം.പക്ഷെ ഇവൾ...
ഒരാഴ്ചത്തേക്ക് യൂറോപ്പിലേക്ക് പോകുമ്പോൾ സുമിയെക്കൂടി കൊണ്ടുപോകാൻ തീരുമാനമായി. പീലിപ്പോച്ചൻ മുതൽ റിബ്ബേക്കമ്മ വരെയുള്ളവരുടെ കാലുപിടിക്കേണ്ടി വന്നു അനുവാദത്തിന്. പക്ഷെ പക്രു ഉടക്കി നിന്നു.
ഇതൊന്നും നാട്ടിൽ കേട്ടുകേൾവിയുള്ള കാര്യമല്ലെന്നും അവന്റെ ഭാവികൂടി നോക്കണമെന്നുമായിരുന്നു വാദം. താൻ അമ്പാസിഡറാകുമ്പോൾ ഒരു വിമ്പിൾഡൻ കളിക്ക് അവനെ കൊണ്ടുപോകാം എന്ന കരാറിൽ ഒടുവിൽ അവനും വഴങ്ങി.
മൂന്നുദിവസം ജനീവയിലും പിന്നെ ഇംഗ്ലണ്ടിലും. അങ്ങിനെയായിരുന്നു പരിപാടി. കുട്ടികളോടൊപ്പം ഒന്നുകിൽ ഊട്ടിയിൽ അല്ലെങ്കിൽ കൊടൈക്കനാലിൽ രണ്ടുപേർക്കും കൂടി പോകണമെന്നുണ്ടായിരുന്നു. അന്ന് അത് നടക്കാഞ്ഞപ്പോഴേ കാമുകൻ പറഞ്ഞതാണ് അവളെ യൂറോപ്പിൽ കൊണ്ടുപോകാമെന്ന്.
ബോംബെ സാന്താക്രൂസിൽ വിമാനമിറങ്ങിയപ്പോൾ സ്വിസ്സ് എയറിന്റെ ഉദ്യോഗസ്ഥൻ വണ്ടിയുമായി കാത്തുനിൽപ്പുണ്ടായിരുന്നു. ലീലാ പെന്റാ ഹോട്ടലിൽ എത്തിച്ചിട്ടു അവർ പോയി. എട്ടുമണിക്കൂർ കഴിഞ്ഞു റിപ്പോർട്ട് ചെയ്താൽ മതിയായിരുന്നു.
ഒരു മലയാളിയുടെ വകയാണ് മനോഹരമായ ആ ഹോട്ടലെന്നറിഞ്ഞപ്പോൾ സുമിക്കത്ഭുതം. അതിനുള്ളിലെ മനോഹരമായ വെള്ളച്ചാട്ടം കണ്ടപ്പോൾ തങ്ങൾ വീണ്ടും ഉഗ്രൻകുന്നിലെത്തിയോ എന്നവർക്കു സംശയം!. ഹോട്ടലിനുള്ളിൽ അങ്ങനെയൊന്നു സൃഷ്ടിച്ച ശില്പിയെ അവർ മനസ്സിൽ വാഴ്ത്തി.
ആ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽകുളങ്ങളിൽ അരയന്നപ്പിടകളായി അവർ ഒഴുകി നടന്നു. ഉലകം ചുറ്റാൻ തയ്യാറെടുക്കുന്ന തന്റെ കാമുകനോടൊപ്പമുള്ള ആദ്യയാത്ര മറക്കാനാവാത്ത ഒരനുഭവമാക്കണമെന്നു സുമിക്ക് നിർബ്ബന്ധമുണ്ടായിരുന്നു.
സ്വിസ്സ് എയറിന്റെ ജറ്റ് വിമാനം സൂറിക്കിനെ ലക്ഷ്യമാക്കിപ്പറക്കുമ്പോൾ സുമി കാമുകന്റെ മാറിൽ നഖം കൊണ്ട് ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. അവളുടെ മാസ്മര ഗന്ധം തന്നെ ഹരം പിടിപ്പിക്കാൻ കൂടെയുള്ളതോർത്തു കാമുകൻ കൃതജ്ഞതാ നിർഭരനായി.
വെളുത്ത മേഘക്കെട്ടുകളെ കീറിമുറിച്ചുകൊണ്ട് വിമാനപ്പക്ഷി പായുമ്പോൾ സുമി ഓർക്കുകയായിരുന്നു. ഇതു യാഥാർത്ഥ്യമോ, സ്വപ്നമോ?. ഊട്ടി യാത്ര സഫലമാകാഞ്ഞപ്പോൾ വിഷമം തോന്നി. ഇപ്പോൾ ഒന്നു മനസ്സിലായി. ആരെങ്കിലും നമ്മുടെ പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നെങ്കിൽ ദൈവം നമുക്കായി അതിലും വലുത് കരുതിയിട്ടുണ്ടാവും. തീർച്ച.
ഉത്തമഗീതത്തിലെ വരികൾ ഓരോന്നായി അവളുടെ മനസ്സിലൂടെ കടന്നുപോയി:
"കാട്ടുമരങ്ങൾക്കിടയിൽ ഒരു നാരകം പോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രീയൻ ഇരിക്കുന്നു. അതിന്റെ നിഴലിൽ ഞാൻ പ്രേമപരവശനായിരിക്കയാൽ മുന്തിരികൾ തന്നു എന്നെ ശക്തീകരിപ്പിൻ. അവന്റെ ഇടംകൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ. അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ".
തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന ആ വലംകൈന്റെ ആശ്ലേഷം എന്നുമുണ്ടായിരിക്കണേ എന്നായിരുന്നു ഈശ്വരന്മാരോടുള്ള അവളുടെ പ്രാർത്ഥന.
സൂറിക്കിൽ നിന്ന് ഒരു കൊച്ചുവിമാനം അവരെ ജനീവയിലെത്തിച്ചു. ഇറങ്ങാനായി താഴ്ന്നു പറക്കുമ്പോൾത്തന്നെ മാസ്മരിക കാന്തി വിളങ്ങുന്ന ആ പട്ടണത്തെ സുമി വിടർന്ന നയനങ്ങളാൽ നോക്കിക്കണ്ടു. അവളുടെ കുട്ടിത്തം വിടരുന്ന കണ്ണുകളിൽ തന്റെ ആദ്യാനുഭവങ്ങൾ സണ്ണിക്കുട്ടിയും വായിച്ചറിഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ യൂറോപ്പ്യൻ ആസ്ഥാനത്തു നടന്ന ത്രീദിന സമ്മേളനത്തിൽ സണ്ണി ജോസഫിന്റെ പ്രബന്ധം ഏറെ ചർച്ചാവിഷയമായി. മനുഷ്യനെ മൃഗമാക്കാതെ സ്വതന്ത്രബുദ്ധിയോടെ ഈശ്വരൻ സൃഷ്ടിച്ചത് അവൻ ഈശ്വരനോളം വളരാനാണെന്നും ലോകത്തെ ഉന്മൂലനം ചെയ്യാനല്ല എന്നും തന്മയത്വത്തോടെ തന്റെ കാമുകൻ ഒരു ലോകോത്തരവേദിയിൽ സമർത്ഥിക്കുന്നത് കണ്ടപ്പോൾ സുമി രോമാഞ്ചമണിഞ്ഞു.
മൂന്നു സന്ധ്യകളിൽ സ്വിറ്റ്സർലണ്ടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ കിടക്കുന്ന കോടീശ്വരന്മാരുടെ പട്ടണത്തെ അവർ അടുത്തറിഞ്ഞു. ലോകക്കാരുടെയെല്ലാം സ്വത്തു അതീവ രഹസ്യമായി സംരക്ഷിച്ചു വയ്ക്കുന്ന ബാങ്കിങ് നഗരിയുടെ നിഗൂഢതകളിൽ ആശ്ചര്യം കൂറി. ഫ്ലെമിംഗോ പക്ഷികൾ തത്തിക്കളിക്കുന്ന ജനീവാ തടാകവും മനം കവരുന്ന ജലധാരയന്ത്രങ്ങളും കണ്ടു അവർ പുളകിതരായി. എങ്കിലും ഷേക്സ്പിയറുടെ നാട്ടിൽ എത്തിപ്പെടാനായിരുന്നു സുമിയുടെ ഉള്ളം തുടിച്ചത്.
നാലാം ദിവസം പ്രഭാതത്തിൽ സ്വിസ്സ് എയർ വിമാനം അവരെ ലണ്ടൻ ഗാറ്റ്വിക്ക് വിമാനത്താവളത്തിലെത്തിച്ചു. ഇംഗ്ലണ്ടിന്റെ ഓരോ മൺതരിയും തങ്ങൾക്കു പരിചയമുള്ളവരാണെന്ന് തുടർന്നുള്ള ദിവസങ്ങളിൽ കാമുകീ കാമുകന്മാരറിഞ്ഞു.
ഫിറ്റ്സ്റോയ് സ്ക്വയറിലുള്ള ഇന്ത്യൻ വൈ.എം.സി.എ ഹോസ്റ്റലിൽ താമസം ക്രമീകരിച്ചിരുന്നതിനാൽ അന്യനാട്ടിലാണെന്ന തോന്നൽ അവർക്കുണ്ടായിരുന്നില്ല. അവിടുത്തെ കോണിപ്പടി കയറുമ്പോൾ ഭിത്തിയിൽ എഴുതി വച്ചിരുന്ന വാചകം സണ്ണിക്കുട്ടി സുമിക്ക് കാണിച്ചുകൊടുത്തു:
"നിങ്ങൾ എന്തായിരിക്കുന്നോ അതു ദൈവം നിങ്ങൾക്കു തന്ന സമ്മാനമാണ്. നിങ്ങൾ എന്തായിത്തീരുന്നോ അതു നിങ്ങൾ ദൈവത്തിനു നൽകുന്ന സമ്മാനവും".
തെംസ് നദിയുടെ താരാട്ടു കേട്ടുറങ്ങുകയും ഉണരുകയും ചെയ്യുന്ന പട്ടണത്തിന്റെ വിരിമാറിലൂടെ അലയുമ്പോൾ അവാച്യമായ ഒരനുഭൂതി. അളവറ്റ ആനന്ദം. ബിഗ് ബെൻ, പാർലമെന്റ് ഹൗസ്, ബക്കിംഗാം കൊട്ടാരം, ട്രഫാൽഗർ സ്ക്വയർ, സെന്റ് പോൾസ് കത്തീഡ്രൽ, ബ്രിട്ടീഷ് മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളിൽ യുവജോഡികൾ ആടിപ്പാടി നടന്നു. ഭൂഗർഭ ട്രെയിനിലൂടെയും, തെംസ് നദിയിലൂടെയും ചിത്രശലഭങ്ങളായി അവർ പറന്നു.
വാർവിക്ഷയറിലുള്ള സ്ട്രാറ്റ്ഫോർഡിലെത്താനായിരുന്നു കൂടുതലാവേശം. ഹെൻലി തെരുവിലുളള 'ന്യൂ പ്ലേസ്' എന്ന ഭവനത്തിൽ നിൽക്കുമ്പോൾ, ഷേക്സ്പിയർ പിറന്ന ആ വീടും തങ്ങൾക്കന്യമല്ല എന്നവർക്ക് തോന്നി.
ഷേക്സ്പിയർ സെന്ററിലുള്ള ആർട്ഗാലറിയും ലൈബ്രറിയും, റോയൽ ഷേക്സ്പിയർ തീയറ്ററും എല്ലാം കണ്ടു ലണ്ടനിലേക്കുതന്നെ മടങ്ങിപോകുമ്പോൾ തന്നെ സൃഷ്ടിച്ച ജഗന്നിയന്താവിനോട് അവൾക്കുള്ള നന്ദി ഉള്ളത്തിൽ സൂക്ഷിച്ചു. അതുപോലെ മനോഹര മുഹൂർത്തങ്ങൾ സമ്മാനിച്ച എല്ലാവരോടും.
ഓക്സ്ഫർഡും കോംബ്രിഡ്ജും കറങ്ങിക്കാണാൻ ഓരോ ദിവസങ്ങൾ വേണമായിരുന്നു. അവസാനത്തെ രാത്രി ലണ്ടൻ നാഷണൽ തീയറ്ററിൽ ഷേക്സ്പിയറുടെ 'ആന്റണി ആൻഡ് ക്ലിയോപാട്ര' എന്ന നാടകം കൂടി കണ്ടതോടെ പരിപാടികൾ പൂർത്തിയായി.
എല്ലാ രാത്രിയിലും ഹരം പിടിപ്പിക്കുന്ന മെത്തകളിൽ കെട്ടിപ്പിടിച്ചുറങ്ങുമ്പോൾ അവർക്കിടയിൽ ഒരു കീറാമുട്ടിയെ ഉണ്ടായിരുന്നുള്ളൂ. യുവ കാമുകൻ സ്വന്തം അമ്മയ്ക്ക് നൽകിയ വാക്ക്. അലംഘനീയമായ പ്രതിജ്ഞ. കാമുകൻ വാക്കു പാലിച്ചു.
ഇവർ സ്വിറ്റ്സർലണ്ടിലും ഇംഗ്ലണ്ടിലും കറങ്ങിനടക്കുന്ന വേളയിൽ വരിക്കപ്പുഴ കോളേജിന്റെ മാനേജർ തിരുമേനിക്ക് ഒരു കത്തുകിട്ടി. ആ കത്തിനു തന്തയില്ലായിരുന്നു.
………………………………………………………………………………………………..
No comments:
Post a Comment