Wednesday, 9 June 2021
യാത്രാപഥത്തിലെ താരകങ്ങൾ:
നാല്- നാട്ടിലെ ചേട്ടന്മാർ
നാം വളരുന്ന പരിസ്ഥിതിയും പരിസരവും നമ്മുടെ ആളത്വ വികസനത്തിൽ വലിയ പങ്കു വഹിക്കുമല്ലൊ. എന്റെ ജന്മദേശമായ ലോവർ കരിക്കം എനിക്ക് എന്നും പ്രിയപ്പെട്ടതാവാൻ ഒരുപാടുകാരണങ്ങളുണ്ട്. ഒന്ന് രണ്ടു ഓർമ്മകൾ മാത്രം പങ്കു വയ്ക്കാം എന്നു കരുതി.
1969. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം. എം.സി റോഡ് സൈഡിലെ ഒരു ചെറിയ കടയിൽ അന്നൊരു വായനശാല ഉണ്ടായിരുന്നു. ഒന്നു രണ്ടു പത്രങ്ങളും പിന്നെ രാഷ്ട്രീയ - ലോക കാര്യ ചർച്ചകൾക്കായി കുറെ അച്ചായന്മാരും. വീട്ടിൽ മനോരമ ഉണ്ടെങ്കിലും വർത്തമാനം ശ്രവിക്കാനായി ഞാനും അവിടെ കറങ്ങി നിൽക്കുമായിരുന്നു.
മലയാളരാജ്യം എന്ന പത്രത്തിൽ ഒരു ദിവസം ഞാനൊരു കാര്യം കണ്ടു. യൂണിറ്റ് ടെസ്റ്റ് എന്ന പേരിൽ പത്താം ക്ലാസ്സിലെ നിറയെ ചോദ്യോത്തരങ്ങൾ. എനിക്കതു കിട്ടണം. ആരോടും ചോദിക്കാതെ ഞാനതു കീറിയെടുത്തു. രണ്ടു ചേട്ടന്മാർ എന്നെ നോക്കി പകച്ചിരിക്കുന്നുന്നതു കണ്ടു.
കാര്യം അത്ര നിസ്സാരമായിരുന്നില്ല. പൊതുമുതൽ മോഷണം എന്നു വിളിക്കാം. വിഷയം ചേട്ടന്മാർക്കിടയിൽ വലിയ ചർച്ചയായി. കുഞ്ഞപ്പൻ കാണിച്ചത് തെറ്റല്ലേ എന്നൊരുകൂട്ടർ. അവൻ പഠിക്കാനല്ലേ എടുത്തത്, പ്രശ്നമാക്കേണ്ടന്നു മറ്റു ചിലർ. ഇതൊന്നും ഞാനറിഞ്ഞില്ല.
പിറ്റേ ദിവസം സെക്രട്ടറി പൊലോൺ തങ്കച്ചയാൻ എന്നെ വിളിച്ചു ഇങ്ങനെ പറഞ്ഞു: "നാളെമുതൽ എന്നും സന്ധ്യയിൽ മലയാളരാജ്യം പത്രം നീ എടുത്തോളണം. വീട്ടിൽ കൊണ്ടുപോകാം". അത്ഭുത പരതന്ത്രനായി ഞാൻ നോക്കി നിന്നുപോയി.
കാരണം പിന്നീടാണു ഞാൻ അറിഞ്ഞത്. മോഷണ വിവരം എക്സൈസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന എന്റെ ജ്യേഷ്ഠൻ വൈ. ജോർജിനോട് അവർ പറഞ്ഞു. പത്രത്തിന്റെ വരിസംഖ്യ എല്ലാമാസവും അടയ്ക്കാമെന്നും ആവശ്യം കഴിയുമ്പോൾ അത് എനിക്കു കൈമാറിയാൽ മതിയെന്നും അച്ചായൻ പറഞ്ഞിരുന്നതായി പിന്നീട് ഞാൻ അറിഞ്ഞു.
ഇപ്പോൾ ആലോചിക്കുമ്പോൾ നാട്ടിലെ ചേട്ടന്മാരുടെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു. എന്നെ വേണമെങ്കിൽ ഒരു കുറ്റവാളിയാക്കി അവർക്കു നശിപ്പിക്കാമായിരുന്നു. അത് ചെയ്യാതെ എന്നെ അവർ ചേർത്തു നിറുത്തി. എങ്ങിനെ മറക്കും?.
പ്രീഡിഗ്രി പഠന കാലത്താണ് വിക്ടറി ബാലജനസഖ്യം തുടങ്ങിക്കൊണ്ടു ഞാൻ സാമൂഹ്യ സേവനരംഗത്തേക്കു കടന്നു വരുന്നത്. എല്ലാവർഷവും വാർഷികത്തിന് സ്റ്റേജ് കെട്ടി സാംസ്ക്കാരിക സമ്മേളനവും കലാപരിപാടികളും നടത്തുക പതിവായി. അത് നാട്ടിലെ ഉത്സവമായി മാറി. ഏബ്രഹാം കരിക്കം എന്ന് ഞാൻ നോട്ടീസിൽ പേരുവച്ച് അച്ചടി തുടങ്ങിയത് അങ്ങിനെയാണ്.
ഒരു വർഷം ഞാൻ രചിച്ചു സംവിധാനം ചെയ്യുന്ന 'വിഷപ്പാമ്പ്' എന്ന നാടകം അരങ്ങേറി. നായകനും ഞാൻ തന്നെ. നായിക പെൺവേഷം കെട്ടിയ ഒരു സുന്ദരൻ. കുഞ്ഞുകുട്ടി ആബാലവൃദ്ധം തടിച്ചുകൂടിയിട്ടുണ്ട്.
നാടകം പകുതിയായപ്പോൾ ഒരാൾ ഊരിപ്പിടിച്ച പിച്ചാത്തിയുമായി സ്റ്റേജിൽ കയറി.
"എന്നോടു ചോദിക്കാതെ - ആരാടാ നാടകം കളിയ്ക്കാൻ? ഇടെടാ കർട്ടൻ" എന്നായി ആക്രോശം . ആരും കാർട്ടനിട്ടില്ല.അദ്ദേഹം കുറച്ചു നേരം അവിടെ നിന്നു. ചില ചേട്ടന്മാർ വന്ന് അദ്ദേഹത്തെ വിളിച്ചിറക്കിക്കൊണ്ടുപോയി. നാടകം തുടർന്നു. എല്ലാം ശുഭം.
പിച്ചാത്തിയുമായി സ്റ്റേജിൽ കയറിയ അച്ചായനെ ഞാൻ പിറ്റേന്ന് കണ്ടപ്പോൾ എന്തിനായിരുന്നു ആ പരിപാടി എന്നു ചോദിച്ചു. "എല്ലാം ഒരു നാടകം അല്ലെ? ഒരു തമാശ". അദ്ദേഹം പ്രതിവചിച്ചു. ഒരു നല്ല കലാകാരൻ അദ്ദേഹത്തിന്റെ ഉള്ളിലും ഉണ്ടായിരുന്നു. ഊരിപ്പിടിച്ച പിച്ചാത്തിക്കിടയിലൂടെ നാടകം കളിച്ചു വളർന്നുവന്നവനാണ് ഞാൻ എന്ന് നിസ്സംശയം അവകാശപ്പെടാം.
അവിടെയും എത്ര സുന്ദരമായും കരുതലോടെയുമാണ് എന്റെ നാട്ടിലെ ചേട്ടന്മാർ ഇടപെട്ടത്?. വേണമെങ്കിൽ എല്ലാം അലങ്കോലമാക്കി കളിയാക്കി അവർക്കു നടക്കാമായിരുന്നു. അവിടെയും നാട്ടിലെ കുഞ്ഞുങ്ങളെ അവർ ചേർത്തു നിറുത്തി. നന്ദിയുണ്ട്.
ഒരു കാര്യം ഞാൻ അന്നു തീരുമാനിച്ചു. ജീവിക്കുന്നെങ്കിൽ അതു കരിക്കത്ത് തന്നെയായിരിക്കണം. അമേരിക്കയിലുള്ള എന്റെ ജ്യേഷ്ഠൻ ജോൺ വർഗീസും ലില്ലിക്കുട്ടി അമ്മാമ്മയും പലവട്ടം ശ്രമിച്ചതാണ് എന്നെ അങ്ങോട്ട് പറിച്ചുനടാൻ. ഞാൻ വഴിപ്പെട്ടില്ല. (ഇതേ സ്റ്റേജിൽ മുൻപ് പെൺവേഷംകെട്ടി നാടകം കളിച്ചിട്ടുള്ള ആളാണ് എന്റെ ഈ സഹോദരൻ എന്നതും ഓർമ്മിക്കുന്നു). അവരുടെ മുതിർന്ന സംഘമാണ് ഇപ്പോൾ ഞങ്ങളെ കരുതലോടെ കാത്തത്.
മറുതായത്ത് സ്കൂളിൽ നാടകം കളിക്കുമ്പോൾ, താഴെ വയലിൽ മരമടി മത്സരം നടക്കുമ്പോൾ, മില്ലിന്റെ പുരയിടത്തിൽ കിളിത്തട്ടുകളിക്കുമ്പോൾ, സായിപ്പിന്റെ കണ്ടത്തിൽ കുട്ടിയും കോലും കളിക്കുന്ന വേളയിൽ, ഇണ്ടിളയപ്പൻ നടയിൽ ഉത്സവം നടക്കുമ്പോൾ, ഓർത്തഡോക്സ് പള്ളികളിൽ കമ്പത്തിന്റെ പൂത്തിരി കത്തിക്കുമ്പോൾ എല്ലാം ഒരു മുതിർന്ന തലമുറ ഞങ്ങൾ കുട്ടികൾക്കു രക്ഷാകവചം തീർത്തിരുന്നു. അതാണ് ഞങ്ങളുടെ തനതായ സംസ്ക്കാരം.
ലോകത്തെവിടെ പോയാലും തിരികെ കരിക്കം നാട്ടിലെത്തുമ്പോൾ അവാച്യമായ ഒരനുഭൂതി ഞാൻ അനുഭവിക്കുന്നു. അത് വർണ്ണനാതീതമാണ്. നാടില്ലെങ്കിൽ നമ്മളില്ല.
ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - 3
എം. വൈ . തോമസ്
കൃഷിക്കാരായ എന്റെ മാതാപിതാക്കൾക്ക് ഞങ്ങൾ എട്ട് മക്കൾ ആയിരുന്നു. എട്ടാമത്തെയാൾ ഞാൻ. അഞ്ചു ആണും മൂന്നു പെണ്ണും. ഒരു പെങ്ങൾ ഞാൻ ജനിക്കും മുമ്പേ മരിച്ചുപോയി. കുടുംബത്തിൽ ആദ്യം സർക്കാർ ജോലി ലഭിക്കുന്നത് എന്റെ സഹോദരൻ എം. വൈ. തോമസിനായിരുന്നു. അദ്ദേഹമാണ് ഞങ്ങൾ ഇളയ സഹോദരങ്ങളെ വളർത്തി വലുതാക്കിയത് എന്നതാണ് സത്യം.
എക്സൈസ് ഡിപ്പാർട്മെന്റിലായിരുന്നു ജോലിയെങ്കിലും എനിക്ക് അദ്ദേഹം നല്ല അദ്ധ്യാപകൻ കൂടി ആയിരുന്നു. കണക്കും ഇംഗ്ലീഷുമെല്ലാം ക്ലാസ്സിൽ പഠിപ്പിക്കും മുമ്പേ എന്നെ പഠിപ്പിച്ചിരുന്നതിനാൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുവാൻ എനിക്ക് സാധിച്ചു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് ഒരു വാഗ്ദാനം തന്നിരുന്നു. ക്ലാസ്സിൽ ഒന്നാമനാകാമെങ്കിൽ തിരുവനന്തപുരം കാണിക്കാം എന്നതായിരുന്നു പ്രതിജ്ഞ. ആ വർഷം ഞാൻ ഒന്നാമനാവുകയും ഹട്ടൻ മാസ്റ്ററിൽ നിന്ന് ഒരു പ്രത്യേക സമ്മാനം നേടുകയും ചെയ്തു. അന്ന് മാസം മൂന്ന് രൂപ ഫീസ് നൽകണമായിരുന്നു. അത് വലിയ ഒരു തുക ആയിരുന്നതിനാൽ പലരും ബുദ്ധിമുട്ടി. ഹട്ടൻ മാസ്റ്റർ എനിക്ക് ഒരു കത്ത് തന്നു. ക്ലാസ്സിൽ ഒന്നാമനായതിനാൽ ഒരു മാസത്തെ ഫീസ് സൗജന്യമായി നൽകുന്നു എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ആ കത്ത് ഇന്നും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു
അങ്ങനെ ആദ്യമായി ഒരു ദൂര യാത്രയ്ക്കുള്ള വഴി ഒരുങ്ങി. 1965 കാലഘട്ടത്തിൽ ബസ്സിൽ തിരുവനന്തപുരത്തേക്കുള്ള ആ യാത്ര ഒരു നാളും മറക്കാനാവില്ല. കാഴ്ച ബംഗ്ലാവും ശംഖു മുഖം ബീച്ചും എയർപോർട്ടും സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രവും അതിനു മുന്നിലുള്ള മേത്തൻ മണിയും എല്ലാം ഏതോ മായകാഴ്ചകൾ പോലെ ഞാൻ കണ്ടു. കടൽ കാണുന്നതും ആദ്യം. അവിടെ നിന്നും ട്രെയിനിൽ ഞങ്ങൾ കൊല്ലത്തെത്തി. ജീവിതത്തിൽ ആദ്യമായി സ്കൂൾ മാസ്റ്റർ എന്ന ഒരു സിനിമ കാണുന്നതും അവിടെ വച്ചാണ്. കൊല്ലം ബീച്ചും വിളക്ക് മരവും നീണ്ടകരയും എല്ലാം എന്റെ പഠന യാത്രയിലെ ഓരോ അനുഭവങ്ങളായിരുന്നു. എന്റെ സഹോദരനോടൊപ്പമുള്ള ആ കന്നി യാത്ര പിന്നീടുള്ള ഒരുപാടു യാത്രകളുടെ ആരംഭം ആയിരുന്നു എന്ന് അന്ന് ഞാൻ അറിഞ്ഞില്ല.
തുടർന്ന് കൊട്ടാരക്കര കോളജിലും കൊല്ലം ഫാത്തിമ കോളജിലും എന്റെ തുടർ പഠനത്തിന് വേദി ഒരുക്കിയതും എന്റെ ജ്യേഷ്ഠന്മാരായ എം.വൈ ഉമ്മൻ , എം. വൈ. തോമസ്, വൈ. ജോർജ്, ജോൺ വർഗീസ്സ് എന്നിവരും കുടുംബാംഗങ്ങളും ആയിരുന്നു. ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും സഹോദരങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന കരുതലും സ്നേഹവും നമ്മുടെ ജീവിതത്തെ നമുക്ക് സ്വപ്നം കാണാൻ പറ്റാത്ത മേഖലയിലേക്ക് നയിക്കും എന്നത് തീർച്ചയാണ്. മലയാള മനോരമ വിശേഷാൽ പ്രതി വർഷം തോറും വാങ്ങിച്ചു തന്ന്എന്നെ വായനയുടെ ലോകത്തേക്ക് വഴിതിരിച്ചു വിട്ടതും സഹോദരൻ എം . വൈ തോമസ് തന്നെ ആയിരുന്നു. ജീവിതത്തിന്റെ പടവുകൾ ഒന്നൊന്നായി നാം കയറി പോകുമ്പോൾ അതിന്റെ പിന്നിൽ ധാരാളം പേരുടെ ആശീർവാദവും കരുതലും ഉണ്ടെന്ന് എപ്പോഴെങ്കിലും നാം തിരിച്ചറിയണം. ഒന്നും തിരികെ പ്രതീഷിക്കാതെയുള്ള സുമനസ്സുകളുടെ പിന്തുണയില്ലെങ്കിൽ വഴിത്താരകളിൽ നാം വെറുതെ അലഞ്ഞു തിരിയേണ്ടി വരും എന്നത് ഒരു യാഥാർത്ഥ്യമാണ്.
Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ:
രണ്ട് - പ്രൊഫ. ടി. ജി. രാജൻ
1970 - കളിലെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് ഒരു മഹാ സംഭവമായിരുന്നു. പ്രീഡിഗ്രി മാത്രമുള്ള ജൂനിയർ കോളേജ് ആയിരുന്നെങ്കിലും വിവിധ ബാച്ചുകളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ. കോളേജ് എന്നുപറയാൻ ഇന്നത്തെ ഓഫീസ് നിൽക്കുന്ന പ്രധാന കെട്ടിടവും ലൈബ്രറിയും ഒരു ഷെഡും മാത്രം.
സയൻസ് പഠിക്കണമെന്ന് ആഗ്രഹിച്ചു അഡ്മിഷനു ചെന്ന എന്നോട് പ്രിൻസിപ്പൽ ജോർജ് അച്ഛൻ പറഞ്ഞു, "നീ കോമേഴ്സ് പഠിച്ചാൽ മതി". സയൻസ് ഗ്രൂപ്പ് കൂടുതലും നഴ്സിംഗിനു പോകാനുള്ള പെൺകുട്ടികൾക്ക് വേണ്ടിയായിരുന്നു. അങ്ങനെ 72 സർവ്വകലാവല്ലഭന്മാരുടെ കോമേഴ്സ് ക്ലാസ്സിൽ ഞാൻ അംഗമായി. 16 പെൺകുട്ടികളും 50 ലേറെ ഗ്രാമവാസികളായ ചെറുപ്പക്കാരും. പഠനവും സമരവും ഒരുപോലെ കൊണ്ടുപോകുക എന്നതായിരുന്നു അന്നത്തെ രീതി. ഏതായിരുന്നു കൂടുതൽ എന്നുപറയാനാവില്ല. ദിവസവും സമരത്തിനു വേണ്ടി കാരണങ്ങൾ കണ്ടുപിടിച്ച നേതാക്കളുടെ ബുദ്ധിവൈഭവം അസാധാരണമായിരുന്നു.
സമരമുറകൾ വളർന്നു വളർന്ന് നിയന്ത്രണംവിട്ട പല അവസരങ്ങളുമുണ്ടായി. പൊതുതെരഞ്ഞെടുപ്പിന്റെ ദിവസം ഓലഷെഡിനു ആരോ തീ വച്ചു. എന്റെ ക്ലാസ്സ്മുറി ഉൾപ്പെടെ കത്തിയമരുന്നതും തീനാളങ്ങൾ വാനോളം ഉയരുന്നതും നിറകണ്ണുകളോടെ ഞങ്ങൾ നോക്കിനിന്നു.
ഇത്രയും വിവരിച്ചത് ഞാൻ വളർന്ന കോളേജ് പരിസരത്തെപ്പറ്റി ഒരു ഏകദേശ ധാരണ നൽകാനാണ്. പ്രഗത്ഭരായ ഒരുകൂട്ടം അദ്ധ്യാപകരുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. എല്ലാവരുടെയും പേരുകൾ പറയാനാവില്ലല്ലോ. ഞങ്ങളുടെ പ്രധാന അദ്ധ്യാപകർ പ്രൊഫ. ടി.ജി രാജൻ, ജോൺ തോമസ് എന്നിവരായിരുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചത് ജനീവ അച്ചൻ, പ്രൊഫ. പി.എ. മാത്യു, പ്രൊഫ. ജെസ്സി ചെറിയാൻ തുടങ്ങിയവരും. മലയാളം അദ്ധ്യാപകരായി സുബ്രഹ്മണ്യൻ സാറും, നമ്പൂതിരി സാറും ഉണ്ടായിരുന്നു. ജനറൽ സയൻസ് പഠിപ്പിച്ചത് വർക്കി സാറും ലീലാമ്മ സാറും. തല്ലിപ്പൊളികളുടെ ബാച്ചായിട്ടും ഇവരെല്ലാം ഞങ്ങളെ ഏറെ സ്നേഹിച്ചു. ശരിയായ പഠനം നടക്കാനാവാത്തതിൽ അവർക്കും ദുഃഖം ഉണ്ടായിരുന്നു.
എന്നാൽ എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവം ഇതിനിടയിൽ നടന്നു. എപ്പോഴോ ഒരിക്കൽ പ്രൊഫ. ടി.ജി. രാജൻ സാർ എന്നെ ഡിപ്പാർട്ട്മെന്റിലേക്കു വിളിപ്പിച്ചു. അദ്ദേഹം അന്നും ഇന്നും ചെറുപ്പമാണ്. കൊട്ടാരക്കരയിൽ ഇപ്പോഴും നിറഞ്ഞുനിന്നു പ്രവർത്തിക്കുന്ന ഒരു വ്യക്തിത്വം. ബാലജന സഖ്യം, Y’s Mens Club, Y.M.C.A തുടങ്ങിയ നിരവധി സംഘടനകളിൽ പിന്നീടും സാറിനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അത് ഏറ്റവും ധന്യമായ അനുഭവമായിരുന്നു.
ഡിപ്പാർട്ട്മെന്റിൽ ചെന്ന എന്നോട് അദ്ദേഹം പറഞ്ഞു, "ഏബ്രഹാം നന്നായി പഠിക്കണം. ശ്രമിച്ചാൽ തീർച്ചയായും ഫസ്റ്റ് ക്ലാസ് ലഭിക്കും". എനിക്ക് അതൊരു പുത്തൻ അനുഭവമായിമാറി. അതോടെ ഞാൻ പുതിയ ഒരാളായി. എന്റെ അദ്ധ്യാപകന് എന്നോടുള്ള ആഴമായ വിശ്വാസത്തിന്റെ പ്രതിസ്ഫുരണമായിരുന്നു അത് എന്നു ഞാൻ മനസിലാക്കി. ഒരു ഗ്രാമീണ യുവാവായിരുന്ന എന്നെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേക്കു ആനയിക്കാൻ അത്രയും മതിയായിരുന്നു.
തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന് ഒരു സ്റ്റോർ ഉണ്ടെന്നും അവിടെ പഴയകാല ചോദ്യ പേപ്പറുകൾ ലഭിക്കുമെന്നും പറഞ്ഞുതന്നത് ജോൺ തോമസ് സാറായിരുന്നു. ഞാൻ അവിടെ പോയി അഞ്ചു വർഷത്തെ ചോദ്യപേപ്പറുകൾ വാങ്ങിവന്നു ഉത്തരങ്ങൾ എഴുതി പഠിച്ചു.
അന്ന് ഫസ്റ്റ് ക്ലാസ് എന്നുപറഞ്ഞാൽ ഒരു വിദൂര സ്വപ്നമായിരുന്നു. ആയിരംപേർ പരീക്ഷ എഴുതുമ്പോൾ മൂന്നോ നാലോ പേർക്കുമാത്രം ഫസ്റ്റ് ക്ലാസ് കിട്ടുന്ന കാലം. അത്ഭുതം എന്നുപറയട്ടെ, പരിസരം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും റിസൾട്ട് വന്നപ്പോൾ 72 പേരുള്ള ക്ലാസ്സിലെ ഏക ഫസ്റ്റ് ക്ലാസ്സുകാരൻ ഞാനായി. രാജൻ സാറിന്റെ പ്രവചനവും അനുഗ്രഹവും ഫലിച്ചു.
അന്ന് ബസ്സിൽ യാത്ര ചെയ്യണമെങ്കിൽ 10 പൈസ നൽകണമായിരുന്നു. എന്നാൽ തന്നെ മിക്കപ്പോഴും ഫുട്ട്ബോർഡിലോ, ഏണിപ്പടിയിലോ ഞാണുകിടക്കണം. നിക്കറിൽനിന്ന് മുണ്ടിലേക്കു മാറിയ അക്കാലത്തു അത്തരമൊരു സാഹസങ്ങൾക്കൊന്നും ഞാൻ മുതിർന്നില്ല. മീൻപിടിപ്പാറ വഴിയുള്ള നാലുകിലോമീറ്റർ നടത്തം ഒരു പ്രശ്നമേ അല്ലായിരുന്നു. ദിവസവും എട്ടു കിലോമീറ്റർ. വെള്ളച്ചാട്ടത്തിന്റെ സ്വരമാധുര്യമൊക്കെ ആസ്വദിച്ച് അങ്ങനെ രണ്ടുവർഷം നടന്നതിന്റെ ഫലമുണ്ടായി. ആ വർഷവും ആകെ അഞ്ചു ഫസ്റ്റ് ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കുട്ടികളുടെ ഉള്ളിലെ സിദ്ധികൾ ഒരു നല്ല അദ്ധ്യാപകന് എളുപ്പത്തിൽ മനസ്സിലാവും. അത് ആത്മാർത്ഥമായി അവരിലേക്ക് പകരുമ്പോൾ ഒരു തലമുറയുടെ രക്ഷണ്യ പ്രവർത്തനമാണ് അവർ അറിയാതെ നടത്തുന്നത്. രാജൻ സാർ പകർന്നു തന്ന ആത്മവിശ്വാസം മുന്നോട്ടുള്ള പ്രയാണത്തിലും എന്റെ കൈമുതലായിരുന്നു. കോമേഴ്സ് അല്ല ജീവിതമാണ് അദ്ദേഹവും മറ്റു പ്രീയപ്പെട്ട അദ്ധ്യാപകരും ഞങ്ങളെ പഠിപ്പിച്ചത്. ആരും ഞങ്ങളെ ശപിച്ചില്ല. എന്റെ ക്ലാസ്സിലെ കൂട്ടുകാരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാൻ പിന്നീടു കണ്ടുമുട്ടി. സ്നേഹത്തിന്റെ വില മനസ്സിലാക്കിത്തരുന്ന അദ്ധ്യാപകരോളം വലുതായി മറ്റാരുമില്ല. എല്ലാവരോടും നന്ദി .
Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ
ഒന്ന് - ഹട്ടൻ മാസ്റ്റർ
ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ചില വ്യക്തിത്വങ്ങളെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ജീവിതയാത്രയിൽ വഴി ദീപങ്ങളായി എന്നും നമുക്ക് മുൻപേ നടക്കുന്ന പലരുമുണ്ടാകും. അവരില്ലെങ്കിൽ നമ്മളില്ല. നമ്മുടെ യാത്ര ദുർഘടം നിറഞ്ഞതാകും. ആഴക്കടലിൽ നിന്ന് വരുന്ന കപ്പലുകൾക്ക് വിളക്കുമരം പോലെയാണ് നമ്മുടെ മുമ്പിൽ ഇവർ.
ഗുരുനാഥന്മാരെ അനുസ്മരിച്ചുകൊണ്ട് തുടങ്ങാം. കരിക്കം സെവൻത് ഡേ അഡ്വന്റിസ്റ് സ്കൂളിലായിരുന്നു 10 - )൦ ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം. പ്രിൻസിപ്പൽ അമേരിക്കക്കാരനായ പാസ്റ്റർ ഈസ്റ്റർ ബ്രൂക്ക് ആയിരുന്നെങ്കിലും കുട്ടികളായ ഞങ്ങൾക്ക് ഏറ്റവും അടുത്ത സുഹൃത്തും ആരാധനാമൂർത്തിയും ഹെഡ്മാസ്റ്റർ ഹട്ടൻ മാസ്റ്റർ ആയിരുന്നു. സർവ്വകലാവല്ലഭൻ എന്ന് വിളിക്കപ്പെടുവാൻ യോഗ്യതയുള്ള ഒരാൾ. ആജാനുബാഹുവായിരുന്ന അദ്ദേഹം വലിയ യോഗാഭ്യാസിയായിരുന്നു. രാവിലെ തലയും കുത്തി വീടിനു ചുറ്റും നടക്കുന്നതുപോലെയുള്ള അഭ്യാസ മുറകൾ പലതും വശമായിരുന്നു.
ക്ലാസ്സിൽ വന്നാലുടൻ ഞങ്ങളെ ബ്രീത്തിങ് എക്സർസൈസ് അഭ്യസിപ്പിക്കും. പ്രാണവായുവിന്റെ പ്രാധാന്യം മനസ്സിലാക്കി തരും. ലോകത്തിലെ ഏതു വിഷയത്തെ പറ്റിയും സംസാരിക്കും.
പക്ഷെ അദ്ദേഹത്തിന്റെ ആത്മാവ് സംഗീതത്തിലായിരുന്നു. ഹട്ടൻ മാസ്റ്റർ ഉപയോഗിക്കാത്ത വാദ്യോപകരണങ്ങൾ ഇല്ല. പിയാനോയും ബുൾബുളും അദ്ദേഹം വായിക്കുമ്പോൾ ഞങ്ങളുടെ വീട്ടിൽ കേൾക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഏറ്റവും പ്രിയം അക്കോഡിയൻ എന്ന സുന്ദരമായ ഉപകരണമായിരുന്നു. എന്നും ചാപ്പലിൽ നടക്കുന്ന അസ്സംബ്ലിയിൽ അത് വായിച്ച് ഞങ്ങളെ വിസ്മയ ലോകത്തേക്ക് ആനയിക്കുന്നത് പതിവായിരുന്നു. ചില ദിവസങ്ങളിൽ വയലിൻ കയ്യിലെടുക്കും. അതിന്റെ കമ്പികളിൽ അദ്ദേഹത്തിന്റെ വിരലുകൾ അതിശീഘ്രം ചലിക്കുന്നത് കാണാൻ ഏറെ ഭംഗിയായിരുന്നു.
ചാപ്പലിനോട് ചേർന്നുള്ള ഒരു കൊച്ചു മുറിയിലായിരുന്നു എന്റെ അഞ്ചാം ക്ലാസ് അഭ്യസനം. ആ മുറി നിറയെ സംഗീതോപകരണങ്ങൾ അടുക്കി വച്ചിരുന്നു. ഹാർമോണിയവും തബലയും ഗഞ്ചിറയും ഫ്ലൂട്ടും ആദ്യമായി സ്പർശിക്കുന്നത് ഇവിടെ വച്ചായിരുന്നു.
ഒരു വർഷം ഹട്ടൻ മാസ്റ്റർ അവധിക്കു പോയി. ഉപരിപഠനത്തിനു ഫിലിപ്പയിൻസിലേക്കായിരുന്നു യാത്ര. ഞങ്ങൾ വല്ലാതെ ദുഃഖിച്ചു. ഒരു വർഷം കഴിഞ്ഞു ഒരു ദിവസം കാമ്പസ്സിൽ പുതിയ ഒരു വാദ്യോപകരണത്തിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി. എന്താണെന്നു അറിയാൻ ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി. ചെന്നപ്പോൾ ഓഫീസിന്റെ മുന്നിലുള്ള കോണിഫറസ് മരത്തിന്റെ മുന്നിൽ നിന്ന് ക്ലാർനെറ്റ് വായിക്കുന്ന ഹട്ടൻ മാസ്റ്ററിനെയാണ് കണ്ടത്. ഭയങ്കര ഉന്മാദത്തോടെ അദ്ദേഹത്തെ ഞങ്ങൾ വരവേറ്റു. പി. ഐ .തോമസ്, മോസസ് .ഇ .ജോസഫ്, പി . ടി . ഗ്രിഗറി, എം. എം .തോമസ്, കെ. എ. പൗലോസ് തുടങ്ങി പ്രഗത്ഭരായ അദ്ധ്യാപകരുടെ ഒരു നിര തന്നെ ഞങ്ങൾക്കുണ്ടായിരുന്നു. എങ്കിലും ആനയുടെ തലയെടുപ്പോടെ മുന്നിൽ നിന്ന് നയിച്ചത് ഹട്ടൻ മാസ്റ്റർ തന്നെ.
ഹട്ടൻ മാസ്റ്ററുടെ ഭാര്യ മിസ്സിസ് ജയിൻ ഹട്ടൻ ആറാം ക്ലാസ്സിൽ എന്റെ ക്ലാസ് ടീച്ചറായിരുന്നു. ജീവിതത്തിലാദ്യമായി ഒരു നല്ല സമ്മാനം എനിക്ക് ലഭിച്ചത് അന്നാണ്. ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് ടീച്ചർ സമ്മാനം നൽകുക പതിവായിരുന്നു. റെക്സോണ സോപ്പും ഒരു കുപ്പി മഷിയും കയ്യിൽ കിട്ടുമ്പോൾ ലോകം ജയിച്ച പ്രതീതിയായിരുന്നു. കുളിക്ക് അന്ന് സോപ്പ് ഒട്ടും ആവശ്യമില്ലായിരുന്നു. കാരണം നീരാട്ട് ഒന്നുകിൽ കലങ്ങും കുഴിയിൽ, അല്ലെങ്കിൽ വയലിനരികിലുള്ള തോട്ടിൽ എന്നതായിരുന്നു ചിട്ട. അതും ഒത്തില്ലെങ്കിൽ നാലു തോട്ടി വെള്ളം കിണറ്റിൽ നിന്നും കോരി തലയിലൊഴിക്കും. ഇവിടെയൊന്നും സോപ്പിനു സ്ഥാനമില്ല. എന്നാലും സമ്മാനം കിട്ടിയ റെക്സോണ തേച്ചുള്ള ആ കുളിയുടെ സുഖം പിന്നീട് അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. ജോപ്പച്ചായന്റെ രണ്ടാമത്തെ മകൾ അനീറ്റയും ഞാനും തമ്മിലായിരുന്നു മിക്കപ്പോഴും മത്സരം. ടീച്ചർ പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ആരാണ് ടോപ്പർ എന്ന് മനസ്സിലാവുക. ആർക്ക് ഒന്നാം സ്ഥാനം കിട്ടിയാലും എല്ലാവർക്കും സന്തോഷമായിരുന്നു. ഇന്നത്തെപോലെയുള്ള കിടമത്സരങ്ങളൊന്നും അന്ന് പതിവില്ല. സഹോദരങ്ങളായ റീറ്റയും അനീറ്റയും ജൂലീറ്റയും ഞങ്ങളുടെ അടുത്തുതന്നെ ഉള്ളവരായതിനാൽ പലപ്പോഴും ഒന്നിച്ചായിരുന്നു സ്കൂളിലേക്കുള്ള നടത്തം.
സത്യത്തിന്റെ വില ഒരിക്കൽ ഹട്ടൻ മാസ്റ്റർ എന്നെ പഠിപ്പിച്ചു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്ന പരിപാടി തുടങ്ങി. പലരും മനോഹരമായ പുറംചട്ടകൾ ഉള്ള ഓട്ടോഗ്രാഫുമായി വന്നപ്പോൾ കടലാസുകൾ കുത്തിക്കെട്ടി ഒരെണ്ണം ഞാനും നിർമ്മിച്ചു. മനോഹരമായ കവിതകളും മറ്റും എല്ലാവരും താളുകളിൽ പകർത്തി വച്ചു. അപ്പോൾ പെട്ടെന്ന് നോട്ടീസ് വന്നു. എല്ലാവരും ഓട്ടോഗ്രാഫുകൾ സറണ്ടർ ചെയ്യണം. ഫിലിപ്പ് സാർ നോട്ടീസ് വായിച്ചപ്പോൾ പലരും അതേൽപ്പിച്ചു. പേപ്പർ കുത്തിക്കെട്ടിയുണ്ടാക്കിയ ഒരു ചെറുപുസ്തകമായതിനാൽ അത് നല്കാൻ എനിക്ക് മടിയായിരുന്നു. ഞാൻ കൊടുക്കാതിരുന്നപ്പോൾ എന്റെ ഒരു കൂട്ടുകാരൻ അത് ഫിലിപ്പ് സാറിനോട് പറഞ്ഞു. അന്ന് കൂട്ടുകാരെ ഒറ്റികൊടുക്കുന്നവരെ കരിങ്കാലി എന്നാണ് വിളിച്ചിരുന്നത്. ഇവൻ കരിങ്കാലി പണി കാണിക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ഏതായാലും ഫിലിപ്പ് സാർ ഓട്ടോഗ്രാഫ് പിടിച്ചെടുത്തു. ഒരു കുറിപ്പുമായി എന്നെ ഹട്ടൻ മാസ്റ്ററുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ഹട്ടൻ മാസ്റ്റർ കുറിപ്പ് ഉറക്കെ വായിച്ചു. “ When I read the notice, Abraham kept quiet” . അത് വായിച്ചു തീർന്നതും ചൂരൽ എടുത്ത് എന്റെ തുടയ്ക്ക് മൂന്ന് അടി പാസ്സാക്കി. മേലിൽ കള്ളം പറയരുത് എന്ന ഒരു താക്കീതും. ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ തിരികെ ക്ലാസ്സിലേക്കോടി. പക്ഷെ അതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല.
എത്ര ശിക്ഷിച്ചാലും അദ്ദേഹം ഞങ്ങളെ സ്നേഹിച്ചു. ക്ലാസ്സിലും ഗ്രൗണ്ടിലും എപ്പോഴും ഞങ്ങൾക്കൊപ്പം നിന്നു. വിശാലമായ ലോകത്തേക്ക് പറന്നുയരാൻ ഞങ്ങളെ പ്രാപ്തരാക്കി. പിന്നീട് അദ്ദേഹം പൂനാ സ്പൈസർ കോളജിലേക്ക് സ്ഥലം മാറി പോയി. ഹട്ടൻ മാസ്റ്റർ ഇന്ന് നമ്മളോടൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കാതിൽ മുഴങ്ങും. അദ്ധ്യാപന വൃത്തിയുടെ മഹത്വം ഞാൻ ശരിക്കും മനസ്സിലാക്കിയതും അദ്ദേഹത്തിൽ നിന്നാണ്. ആ ഓർമ്മകൾ എന്നും മായാതെ നിലനിൽക്കും.
ഡോ. ഏബ്രഹാം കരിക്കം
Wednesday, 28 April 2021
Monday, 26 April 2021
Subscribe to:
Posts (Atom)



