Wednesday, 9 June 2021
യാത്രാപഥത്തിലെ താരകങ്ങൾ
ഒന്ന് - ഹട്ടൻ മാസ്റ്റർ
ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ചില വ്യക്തിത്വങ്ങളെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ജീവിതയാത്രയിൽ വഴി ദീപങ്ങളായി എന്നും നമുക്ക് മുൻപേ നടക്കുന്ന പലരുമുണ്ടാകും. അവരില്ലെങ്കിൽ നമ്മളില്ല. നമ്മുടെ യാത്ര ദുർഘടം നിറഞ്ഞതാകും. ആഴക്കടലിൽ നിന്ന് വരുന്ന കപ്പലുകൾക്ക് വിളക്കുമരം പോലെയാണ് നമ്മുടെ മുമ്പിൽ ഇവർ.
ഗുരുനാഥന്മാരെ അനുസ്മരിച്ചുകൊണ്ട് തുടങ്ങാം. കരിക്കം സെവൻത് ഡേ അഡ്വന്റിസ്റ് സ്കൂളിലായിരുന്നു 10 - )൦ ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം. പ്രിൻസിപ്പൽ അമേരിക്കക്കാരനായ പാസ്റ്റർ ഈസ്റ്റർ ബ്രൂക്ക് ആയിരുന്നെങ്കിലും കുട്ടികളായ ഞങ്ങൾക്ക് ഏറ്റവും അടുത്ത സുഹൃത്തും ആരാധനാമൂർത്തിയും ഹെഡ്മാസ്റ്റർ ഹട്ടൻ മാസ്റ്റർ ആയിരുന്നു. സർവ്വകലാവല്ലഭൻ എന്ന് വിളിക്കപ്പെടുവാൻ യോഗ്യതയുള്ള ഒരാൾ. ആജാനുബാഹുവായിരുന്ന അദ്ദേഹം വലിയ യോഗാഭ്യാസിയായിരുന്നു. രാവിലെ തലയും കുത്തി വീടിനു ചുറ്റും നടക്കുന്നതുപോലെയുള്ള അഭ്യാസ മുറകൾ പലതും വശമായിരുന്നു.
ക്ലാസ്സിൽ വന്നാലുടൻ ഞങ്ങളെ ബ്രീത്തിങ് എക്സർസൈസ് അഭ്യസിപ്പിക്കും. പ്രാണവായുവിന്റെ പ്രാധാന്യം മനസ്സിലാക്കി തരും. ലോകത്തിലെ ഏതു വിഷയത്തെ പറ്റിയും സംസാരിക്കും.
പക്ഷെ അദ്ദേഹത്തിന്റെ ആത്മാവ് സംഗീതത്തിലായിരുന്നു. ഹട്ടൻ മാസ്റ്റർ ഉപയോഗിക്കാത്ത വാദ്യോപകരണങ്ങൾ ഇല്ല. പിയാനോയും ബുൾബുളും അദ്ദേഹം വായിക്കുമ്പോൾ ഞങ്ങളുടെ വീട്ടിൽ കേൾക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഏറ്റവും പ്രിയം അക്കോഡിയൻ എന്ന സുന്ദരമായ ഉപകരണമായിരുന്നു. എന്നും ചാപ്പലിൽ നടക്കുന്ന അസ്സംബ്ലിയിൽ അത് വായിച്ച് ഞങ്ങളെ വിസ്മയ ലോകത്തേക്ക് ആനയിക്കുന്നത് പതിവായിരുന്നു. ചില ദിവസങ്ങളിൽ വയലിൻ കയ്യിലെടുക്കും. അതിന്റെ കമ്പികളിൽ അദ്ദേഹത്തിന്റെ വിരലുകൾ അതിശീഘ്രം ചലിക്കുന്നത് കാണാൻ ഏറെ ഭംഗിയായിരുന്നു.
ചാപ്പലിനോട് ചേർന്നുള്ള ഒരു കൊച്ചു മുറിയിലായിരുന്നു എന്റെ അഞ്ചാം ക്ലാസ് അഭ്യസനം. ആ മുറി നിറയെ സംഗീതോപകരണങ്ങൾ അടുക്കി വച്ചിരുന്നു. ഹാർമോണിയവും തബലയും ഗഞ്ചിറയും ഫ്ലൂട്ടും ആദ്യമായി സ്പർശിക്കുന്നത് ഇവിടെ വച്ചായിരുന്നു.
ഒരു വർഷം ഹട്ടൻ മാസ്റ്റർ അവധിക്കു പോയി. ഉപരിപഠനത്തിനു ഫിലിപ്പയിൻസിലേക്കായിരുന്നു യാത്ര. ഞങ്ങൾ വല്ലാതെ ദുഃഖിച്ചു. ഒരു വർഷം കഴിഞ്ഞു ഒരു ദിവസം കാമ്പസ്സിൽ പുതിയ ഒരു വാദ്യോപകരണത്തിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി. എന്താണെന്നു അറിയാൻ ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി. ചെന്നപ്പോൾ ഓഫീസിന്റെ മുന്നിലുള്ള കോണിഫറസ് മരത്തിന്റെ മുന്നിൽ നിന്ന് ക്ലാർനെറ്റ് വായിക്കുന്ന ഹട്ടൻ മാസ്റ്ററിനെയാണ് കണ്ടത്. ഭയങ്കര ഉന്മാദത്തോടെ അദ്ദേഹത്തെ ഞങ്ങൾ വരവേറ്റു. പി. ഐ .തോമസ്, മോസസ് .ഇ .ജോസഫ്, പി . ടി . ഗ്രിഗറി, എം. എം .തോമസ്, കെ. എ. പൗലോസ് തുടങ്ങി പ്രഗത്ഭരായ അദ്ധ്യാപകരുടെ ഒരു നിര തന്നെ ഞങ്ങൾക്കുണ്ടായിരുന്നു. എങ്കിലും ആനയുടെ തലയെടുപ്പോടെ മുന്നിൽ നിന്ന് നയിച്ചത് ഹട്ടൻ മാസ്റ്റർ തന്നെ.
ഹട്ടൻ മാസ്റ്ററുടെ ഭാര്യ മിസ്സിസ് ജയിൻ ഹട്ടൻ ആറാം ക്ലാസ്സിൽ എന്റെ ക്ലാസ് ടീച്ചറായിരുന്നു. ജീവിതത്തിലാദ്യമായി ഒരു നല്ല സമ്മാനം എനിക്ക് ലഭിച്ചത് അന്നാണ്. ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് ടീച്ചർ സമ്മാനം നൽകുക പതിവായിരുന്നു. റെക്സോണ സോപ്പും ഒരു കുപ്പി മഷിയും കയ്യിൽ കിട്ടുമ്പോൾ ലോകം ജയിച്ച പ്രതീതിയായിരുന്നു. കുളിക്ക് അന്ന് സോപ്പ് ഒട്ടും ആവശ്യമില്ലായിരുന്നു. കാരണം നീരാട്ട് ഒന്നുകിൽ കലങ്ങും കുഴിയിൽ, അല്ലെങ്കിൽ വയലിനരികിലുള്ള തോട്ടിൽ എന്നതായിരുന്നു ചിട്ട. അതും ഒത്തില്ലെങ്കിൽ നാലു തോട്ടി വെള്ളം കിണറ്റിൽ നിന്നും കോരി തലയിലൊഴിക്കും. ഇവിടെയൊന്നും സോപ്പിനു സ്ഥാനമില്ല. എന്നാലും സമ്മാനം കിട്ടിയ റെക്സോണ തേച്ചുള്ള ആ കുളിയുടെ സുഖം പിന്നീട് അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. ജോപ്പച്ചായന്റെ രണ്ടാമത്തെ മകൾ അനീറ്റയും ഞാനും തമ്മിലായിരുന്നു മിക്കപ്പോഴും മത്സരം. ടീച്ചർ പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ആരാണ് ടോപ്പർ എന്ന് മനസ്സിലാവുക. ആർക്ക് ഒന്നാം സ്ഥാനം കിട്ടിയാലും എല്ലാവർക്കും സന്തോഷമായിരുന്നു. ഇന്നത്തെപോലെയുള്ള കിടമത്സരങ്ങളൊന്നും അന്ന് പതിവില്ല. സഹോദരങ്ങളായ റീറ്റയും അനീറ്റയും ജൂലീറ്റയും ഞങ്ങളുടെ അടുത്തുതന്നെ ഉള്ളവരായതിനാൽ പലപ്പോഴും ഒന്നിച്ചായിരുന്നു സ്കൂളിലേക്കുള്ള നടത്തം.
സത്യത്തിന്റെ വില ഒരിക്കൽ ഹട്ടൻ മാസ്റ്റർ എന്നെ പഠിപ്പിച്ചു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്ന പരിപാടി തുടങ്ങി. പലരും മനോഹരമായ പുറംചട്ടകൾ ഉള്ള ഓട്ടോഗ്രാഫുമായി വന്നപ്പോൾ കടലാസുകൾ കുത്തിക്കെട്ടി ഒരെണ്ണം ഞാനും നിർമ്മിച്ചു. മനോഹരമായ കവിതകളും മറ്റും എല്ലാവരും താളുകളിൽ പകർത്തി വച്ചു. അപ്പോൾ പെട്ടെന്ന് നോട്ടീസ് വന്നു. എല്ലാവരും ഓട്ടോഗ്രാഫുകൾ സറണ്ടർ ചെയ്യണം. ഫിലിപ്പ് സാർ നോട്ടീസ് വായിച്ചപ്പോൾ പലരും അതേൽപ്പിച്ചു. പേപ്പർ കുത്തിക്കെട്ടിയുണ്ടാക്കിയ ഒരു ചെറുപുസ്തകമായതിനാൽ അത് നല്കാൻ എനിക്ക് മടിയായിരുന്നു. ഞാൻ കൊടുക്കാതിരുന്നപ്പോൾ എന്റെ ഒരു കൂട്ടുകാരൻ അത് ഫിലിപ്പ് സാറിനോട് പറഞ്ഞു. അന്ന് കൂട്ടുകാരെ ഒറ്റികൊടുക്കുന്നവരെ കരിങ്കാലി എന്നാണ് വിളിച്ചിരുന്നത്. ഇവൻ കരിങ്കാലി പണി കാണിക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ഏതായാലും ഫിലിപ്പ് സാർ ഓട്ടോഗ്രാഫ് പിടിച്ചെടുത്തു. ഒരു കുറിപ്പുമായി എന്നെ ഹട്ടൻ മാസ്റ്ററുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ഹട്ടൻ മാസ്റ്റർ കുറിപ്പ് ഉറക്കെ വായിച്ചു. “ When I read the notice, Abraham kept quiet” . അത് വായിച്ചു തീർന്നതും ചൂരൽ എടുത്ത് എന്റെ തുടയ്ക്ക് മൂന്ന് അടി പാസ്സാക്കി. മേലിൽ കള്ളം പറയരുത് എന്ന ഒരു താക്കീതും. ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ തിരികെ ക്ലാസ്സിലേക്കോടി. പക്ഷെ അതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല.
എത്ര ശിക്ഷിച്ചാലും അദ്ദേഹം ഞങ്ങളെ സ്നേഹിച്ചു. ക്ലാസ്സിലും ഗ്രൗണ്ടിലും എപ്പോഴും ഞങ്ങൾക്കൊപ്പം നിന്നു. വിശാലമായ ലോകത്തേക്ക് പറന്നുയരാൻ ഞങ്ങളെ പ്രാപ്തരാക്കി. പിന്നീട് അദ്ദേഹം പൂനാ സ്പൈസർ കോളജിലേക്ക് സ്ഥലം മാറി പോയി. ഹട്ടൻ മാസ്റ്റർ ഇന്ന് നമ്മളോടൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കാതിൽ മുഴങ്ങും. അദ്ധ്യാപന വൃത്തിയുടെ മഹത്വം ഞാൻ ശരിക്കും മനസ്സിലാക്കിയതും അദ്ദേഹത്തിൽ നിന്നാണ്. ആ ഓർമ്മകൾ എന്നും മായാതെ നിലനിൽക്കും.
ഡോ. ഏബ്രഹാം കരിക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment