Wednesday, 9 June 2021
യാത്രാപഥത്തിലെ താരകങ്ങൾ:
നാല്- നാട്ടിലെ ചേട്ടന്മാർ
നാം വളരുന്ന പരിസ്ഥിതിയും പരിസരവും നമ്മുടെ ആളത്വ വികസനത്തിൽ വലിയ പങ്കു വഹിക്കുമല്ലൊ. എന്റെ ജന്മദേശമായ ലോവർ കരിക്കം എനിക്ക് എന്നും പ്രിയപ്പെട്ടതാവാൻ ഒരുപാടുകാരണങ്ങളുണ്ട്. ഒന്ന് രണ്ടു ഓർമ്മകൾ മാത്രം പങ്കു വയ്ക്കാം എന്നു കരുതി.
1969. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം. എം.സി റോഡ് സൈഡിലെ ഒരു ചെറിയ കടയിൽ അന്നൊരു വായനശാല ഉണ്ടായിരുന്നു. ഒന്നു രണ്ടു പത്രങ്ങളും പിന്നെ രാഷ്ട്രീയ - ലോക കാര്യ ചർച്ചകൾക്കായി കുറെ അച്ചായന്മാരും. വീട്ടിൽ മനോരമ ഉണ്ടെങ്കിലും വർത്തമാനം ശ്രവിക്കാനായി ഞാനും അവിടെ കറങ്ങി നിൽക്കുമായിരുന്നു.
മലയാളരാജ്യം എന്ന പത്രത്തിൽ ഒരു ദിവസം ഞാനൊരു കാര്യം കണ്ടു. യൂണിറ്റ് ടെസ്റ്റ് എന്ന പേരിൽ പത്താം ക്ലാസ്സിലെ നിറയെ ചോദ്യോത്തരങ്ങൾ. എനിക്കതു കിട്ടണം. ആരോടും ചോദിക്കാതെ ഞാനതു കീറിയെടുത്തു. രണ്ടു ചേട്ടന്മാർ എന്നെ നോക്കി പകച്ചിരിക്കുന്നുന്നതു കണ്ടു.
കാര്യം അത്ര നിസ്സാരമായിരുന്നില്ല. പൊതുമുതൽ മോഷണം എന്നു വിളിക്കാം. വിഷയം ചേട്ടന്മാർക്കിടയിൽ വലിയ ചർച്ചയായി. കുഞ്ഞപ്പൻ കാണിച്ചത് തെറ്റല്ലേ എന്നൊരുകൂട്ടർ. അവൻ പഠിക്കാനല്ലേ എടുത്തത്, പ്രശ്നമാക്കേണ്ടന്നു മറ്റു ചിലർ. ഇതൊന്നും ഞാനറിഞ്ഞില്ല.
പിറ്റേ ദിവസം സെക്രട്ടറി പൊലോൺ തങ്കച്ചയാൻ എന്നെ വിളിച്ചു ഇങ്ങനെ പറഞ്ഞു: "നാളെമുതൽ എന്നും സന്ധ്യയിൽ മലയാളരാജ്യം പത്രം നീ എടുത്തോളണം. വീട്ടിൽ കൊണ്ടുപോകാം". അത്ഭുത പരതന്ത്രനായി ഞാൻ നോക്കി നിന്നുപോയി.
കാരണം പിന്നീടാണു ഞാൻ അറിഞ്ഞത്. മോഷണ വിവരം എക്സൈസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന എന്റെ ജ്യേഷ്ഠൻ വൈ. ജോർജിനോട് അവർ പറഞ്ഞു. പത്രത്തിന്റെ വരിസംഖ്യ എല്ലാമാസവും അടയ്ക്കാമെന്നും ആവശ്യം കഴിയുമ്പോൾ അത് എനിക്കു കൈമാറിയാൽ മതിയെന്നും അച്ചായൻ പറഞ്ഞിരുന്നതായി പിന്നീട് ഞാൻ അറിഞ്ഞു.
ഇപ്പോൾ ആലോചിക്കുമ്പോൾ നാട്ടിലെ ചേട്ടന്മാരുടെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു. എന്നെ വേണമെങ്കിൽ ഒരു കുറ്റവാളിയാക്കി അവർക്കു നശിപ്പിക്കാമായിരുന്നു. അത് ചെയ്യാതെ എന്നെ അവർ ചേർത്തു നിറുത്തി. എങ്ങിനെ മറക്കും?.
പ്രീഡിഗ്രി പഠന കാലത്താണ് വിക്ടറി ബാലജനസഖ്യം തുടങ്ങിക്കൊണ്ടു ഞാൻ സാമൂഹ്യ സേവനരംഗത്തേക്കു കടന്നു വരുന്നത്. എല്ലാവർഷവും വാർഷികത്തിന് സ്റ്റേജ് കെട്ടി സാംസ്ക്കാരിക സമ്മേളനവും കലാപരിപാടികളും നടത്തുക പതിവായി. അത് നാട്ടിലെ ഉത്സവമായി മാറി. ഏബ്രഹാം കരിക്കം എന്ന് ഞാൻ നോട്ടീസിൽ പേരുവച്ച് അച്ചടി തുടങ്ങിയത് അങ്ങിനെയാണ്.
ഒരു വർഷം ഞാൻ രചിച്ചു സംവിധാനം ചെയ്യുന്ന 'വിഷപ്പാമ്പ്' എന്ന നാടകം അരങ്ങേറി. നായകനും ഞാൻ തന്നെ. നായിക പെൺവേഷം കെട്ടിയ ഒരു സുന്ദരൻ. കുഞ്ഞുകുട്ടി ആബാലവൃദ്ധം തടിച്ചുകൂടിയിട്ടുണ്ട്.
നാടകം പകുതിയായപ്പോൾ ഒരാൾ ഊരിപ്പിടിച്ച പിച്ചാത്തിയുമായി സ്റ്റേജിൽ കയറി.
"എന്നോടു ചോദിക്കാതെ - ആരാടാ നാടകം കളിയ്ക്കാൻ? ഇടെടാ കർട്ടൻ" എന്നായി ആക്രോശം . ആരും കാർട്ടനിട്ടില്ല.അദ്ദേഹം കുറച്ചു നേരം അവിടെ നിന്നു. ചില ചേട്ടന്മാർ വന്ന് അദ്ദേഹത്തെ വിളിച്ചിറക്കിക്കൊണ്ടുപോയി. നാടകം തുടർന്നു. എല്ലാം ശുഭം.
പിച്ചാത്തിയുമായി സ്റ്റേജിൽ കയറിയ അച്ചായനെ ഞാൻ പിറ്റേന്ന് കണ്ടപ്പോൾ എന്തിനായിരുന്നു ആ പരിപാടി എന്നു ചോദിച്ചു. "എല്ലാം ഒരു നാടകം അല്ലെ? ഒരു തമാശ". അദ്ദേഹം പ്രതിവചിച്ചു. ഒരു നല്ല കലാകാരൻ അദ്ദേഹത്തിന്റെ ഉള്ളിലും ഉണ്ടായിരുന്നു. ഊരിപ്പിടിച്ച പിച്ചാത്തിക്കിടയിലൂടെ നാടകം കളിച്ചു വളർന്നുവന്നവനാണ് ഞാൻ എന്ന് നിസ്സംശയം അവകാശപ്പെടാം.
അവിടെയും എത്ര സുന്ദരമായും കരുതലോടെയുമാണ് എന്റെ നാട്ടിലെ ചേട്ടന്മാർ ഇടപെട്ടത്?. വേണമെങ്കിൽ എല്ലാം അലങ്കോലമാക്കി കളിയാക്കി അവർക്കു നടക്കാമായിരുന്നു. അവിടെയും നാട്ടിലെ കുഞ്ഞുങ്ങളെ അവർ ചേർത്തു നിറുത്തി. നന്ദിയുണ്ട്.
ഒരു കാര്യം ഞാൻ അന്നു തീരുമാനിച്ചു. ജീവിക്കുന്നെങ്കിൽ അതു കരിക്കത്ത് തന്നെയായിരിക്കണം. അമേരിക്കയിലുള്ള എന്റെ ജ്യേഷ്ഠൻ ജോൺ വർഗീസും ലില്ലിക്കുട്ടി അമ്മാമ്മയും പലവട്ടം ശ്രമിച്ചതാണ് എന്നെ അങ്ങോട്ട് പറിച്ചുനടാൻ. ഞാൻ വഴിപ്പെട്ടില്ല. (ഇതേ സ്റ്റേജിൽ മുൻപ് പെൺവേഷംകെട്ടി നാടകം കളിച്ചിട്ടുള്ള ആളാണ് എന്റെ ഈ സഹോദരൻ എന്നതും ഓർമ്മിക്കുന്നു). അവരുടെ മുതിർന്ന സംഘമാണ് ഇപ്പോൾ ഞങ്ങളെ കരുതലോടെ കാത്തത്.
മറുതായത്ത് സ്കൂളിൽ നാടകം കളിക്കുമ്പോൾ, താഴെ വയലിൽ മരമടി മത്സരം നടക്കുമ്പോൾ, മില്ലിന്റെ പുരയിടത്തിൽ കിളിത്തട്ടുകളിക്കുമ്പോൾ, സായിപ്പിന്റെ കണ്ടത്തിൽ കുട്ടിയും കോലും കളിക്കുന്ന വേളയിൽ, ഇണ്ടിളയപ്പൻ നടയിൽ ഉത്സവം നടക്കുമ്പോൾ, ഓർത്തഡോക്സ് പള്ളികളിൽ കമ്പത്തിന്റെ പൂത്തിരി കത്തിക്കുമ്പോൾ എല്ലാം ഒരു മുതിർന്ന തലമുറ ഞങ്ങൾ കുട്ടികൾക്കു രക്ഷാകവചം തീർത്തിരുന്നു. അതാണ് ഞങ്ങളുടെ തനതായ സംസ്ക്കാരം.
ലോകത്തെവിടെ പോയാലും തിരികെ കരിക്കം നാട്ടിലെത്തുമ്പോൾ അവാച്യമായ ഒരനുഭൂതി ഞാൻ അനുഭവിക്കുന്നു. അത് വർണ്ണനാതീതമാണ്. നാടില്ലെങ്കിൽ നമ്മളില്ല.
ഡോ. ഏബ്രഹാം കരിക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment