Wednesday, 9 June 2021

യാത്രാപഥത്തിലെ താരകങ്ങൾ: രണ്ട് - പ്രൊഫ. ടി. ജി. രാജൻ 1970 - കളിലെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് ഒരു മഹാ സംഭവമായിരുന്നു. പ്രീഡിഗ്രി മാത്രമുള്ള ജൂനിയർ കോളേജ് ആയിരുന്നെങ്കിലും വിവിധ ബാച്ചുകളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ. കോളേജ് എന്നുപറയാൻ ഇന്നത്തെ ഓഫീസ് നിൽക്കുന്ന പ്രധാന കെട്ടിടവും ലൈബ്രറിയും ഒരു ഷെഡും മാത്രം. സയൻസ് പഠിക്കണമെന്ന് ആഗ്രഹിച്ചു അഡ്മിഷനു ചെന്ന എന്നോട് പ്രിൻസിപ്പൽ ജോർജ് അച്ഛൻ പറഞ്ഞു, "നീ കോമേഴ്സ് പഠിച്ചാൽ മതി". സയൻസ് ഗ്രൂപ്പ് കൂടുതലും നഴ്സിംഗിനു പോകാനുള്ള പെൺകുട്ടികൾക്ക് വേണ്ടിയായിരുന്നു. അങ്ങനെ 72 സർവ്വകലാവല്ലഭന്മാരുടെ കോമേഴ്സ് ക്ലാസ്സിൽ ഞാൻ അംഗമായി. 16 പെൺകുട്ടികളും 50 ലേറെ ഗ്രാമവാസികളായ ചെറുപ്പക്കാരും. പഠനവും സമരവും ഒരുപോലെ കൊണ്ടുപോകുക എന്നതായിരുന്നു അന്നത്തെ രീതി. ഏതായിരുന്നു കൂടുതൽ എന്നുപറയാനാവില്ല. ദിവസവും സമരത്തിനു വേണ്ടി കാരണങ്ങൾ കണ്ടുപിടിച്ച നേതാക്കളുടെ ബുദ്ധിവൈഭവം അസാധാരണമായിരുന്നു. സമരമുറകൾ വളർന്നു വളർന്ന് നിയന്ത്രണംവിട്ട പല അവസരങ്ങളുമുണ്ടായി. പൊതുതെരഞ്ഞെടുപ്പിന്റെ ദിവസം ഓലഷെഡിനു ആരോ തീ വച്ചു. എന്റെ ക്ലാസ്സ്മുറി ഉൾപ്പെടെ കത്തിയമരുന്നതും തീനാളങ്ങൾ വാനോളം ഉയരുന്നതും നിറകണ്ണുകളോടെ ഞങ്ങൾ നോക്കിനിന്നു. ഇത്രയും വിവരിച്ചത് ഞാൻ വളർന്ന കോളേജ് പരിസരത്തെപ്പറ്റി ഒരു ഏകദേശ ധാരണ നൽകാനാണ്. പ്രഗത്ഭരായ ഒരുകൂട്ടം അദ്ധ്യാപകരുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. എല്ലാവരുടെയും പേരുകൾ പറയാനാവില്ലല്ലോ. ഞങ്ങളുടെ പ്രധാന അദ്ധ്യാപകർ പ്രൊഫ. ടി.ജി രാജൻ, ജോൺ തോമസ് എന്നിവരായിരുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചത് ജനീവ അച്ചൻ, പ്രൊഫ. പി.എ. മാത്യു, പ്രൊഫ. ജെസ്സി ചെറിയാൻ തുടങ്ങിയവരും. മലയാളം അദ്ധ്യാപകരായി സുബ്രഹ്മണ്യൻ സാറും, നമ്പൂതിരി സാറും ഉണ്ടായിരുന്നു. ജനറൽ സയൻസ് പഠിപ്പിച്ചത് വർക്കി സാറും ലീലാമ്മ സാറും. തല്ലിപ്പൊളികളുടെ ബാച്ചായിട്ടും ഇവരെല്ലാം ഞങ്ങളെ ഏറെ സ്നേഹിച്ചു. ശരിയായ പഠനം നടക്കാനാവാത്തതിൽ അവർക്കും ദുഃഖം ഉണ്ടായിരുന്നു. എന്നാൽ എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവം ഇതിനിടയിൽ നടന്നു. എപ്പോഴോ ഒരിക്കൽ പ്രൊഫ. ടി.ജി. രാജൻ സാർ എന്നെ ഡിപ്പാർട്ട്മെന്റിലേക്കു വിളിപ്പിച്ചു. അദ്ദേഹം അന്നും ഇന്നും ചെറുപ്പമാണ്. കൊട്ടാരക്കരയിൽ ഇപ്പോഴും നിറഞ്ഞുനിന്നു പ്രവർത്തിക്കുന്ന ഒരു വ്യക്തിത്വം. ബാലജന സഖ്യം, Y’s Mens Club, Y.M.C.A തുടങ്ങിയ നിരവധി സംഘടനകളിൽ പിന്നീടും സാറിനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അത് ഏറ്റവും ധന്യമായ അനുഭവമായിരുന്നു. ഡിപ്പാർട്ട്മെന്റിൽ ചെന്ന എന്നോട് അദ്ദേഹം പറഞ്ഞു, "ഏബ്രഹാം നന്നായി പഠിക്കണം. ശ്രമിച്ചാൽ തീർച്ചയായും ഫസ്റ്റ് ക്ലാസ് ലഭിക്കും". എനിക്ക് അതൊരു പുത്തൻ അനുഭവമായിമാറി. അതോടെ ഞാൻ പുതിയ ഒരാളായി. എന്റെ അദ്ധ്യാപകന് എന്നോടുള്ള ആഴമായ വിശ്വാസത്തിന്റെ പ്രതിസ്ഫുരണമായിരുന്നു അത് എന്നു ഞാൻ മനസിലാക്കി. ഒരു ഗ്രാമീണ യുവാവായിരുന്ന എന്നെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേക്കു ആനയിക്കാൻ അത്രയും മതിയായിരുന്നു. തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന് ഒരു സ്റ്റോർ ഉണ്ടെന്നും അവിടെ പഴയകാല ചോദ്യ പേപ്പറുകൾ ലഭിക്കുമെന്നും പറഞ്ഞുതന്നത് ജോൺ തോമസ് സാറായിരുന്നു. ഞാൻ അവിടെ പോയി അഞ്ചു വർഷത്തെ ചോദ്യപേപ്പറുകൾ വാങ്ങിവന്നു ഉത്തരങ്ങൾ എഴുതി പഠിച്ചു. അന്ന് ഫസ്റ്റ് ക്ലാസ് എന്നുപറഞ്ഞാൽ ഒരു വിദൂര സ്വപ്നമായിരുന്നു. ആയിരംപേർ പരീക്ഷ എഴുതുമ്പോൾ മൂന്നോ നാലോ പേർക്കുമാത്രം ഫസ്റ്റ് ക്ലാസ് കിട്ടുന്ന കാലം. അത്ഭുതം എന്നുപറയട്ടെ, പരിസരം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും റിസൾട്ട് വന്നപ്പോൾ 72 പേരുള്ള ക്ലാസ്സിലെ ഏക ഫസ്റ്റ് ക്ലാസ്സുകാരൻ ഞാനായി. രാജൻ സാറിന്റെ പ്രവചനവും അനുഗ്രഹവും ഫലിച്ചു. അന്ന് ബസ്സിൽ യാത്ര ചെയ്യണമെങ്കിൽ 10 പൈസ നൽകണമായിരുന്നു. എന്നാൽ തന്നെ മിക്കപ്പോഴും ഫുട്ട്ബോർഡിലോ, ഏണിപ്പടിയിലോ ഞാണുകിടക്കണം. നിക്കറിൽനിന്ന് മുണ്ടിലേക്കു മാറിയ അക്കാലത്തു അത്തരമൊരു സാഹസങ്ങൾക്കൊന്നും ഞാൻ മുതിർന്നില്ല. മീൻപിടിപ്പാറ വഴിയുള്ള നാലുകിലോമീറ്റർ നടത്തം ഒരു പ്രശ്നമേ അല്ലായിരുന്നു. ദിവസവും എട്ടു കിലോമീറ്റർ. വെള്ളച്ചാട്ടത്തിന്റെ സ്വരമാധുര്യമൊക്കെ ആസ്വദിച്ച് അങ്ങനെ രണ്ടുവർഷം നടന്നതിന്റെ ഫലമുണ്ടായി. ആ വർഷവും ആകെ അഞ്ചു ഫസ്റ്റ് ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ഉള്ളിലെ സിദ്ധികൾ ഒരു നല്ല അദ്ധ്യാപകന് എളുപ്പത്തിൽ മനസ്സിലാവും. അത് ആത്മാർത്ഥമായി അവരിലേക്ക് പകരുമ്പോൾ ഒരു തലമുറയുടെ രക്ഷണ്യ പ്രവർത്തനമാണ് അവർ അറിയാതെ നടത്തുന്നത്. രാജൻ സാർ പകർന്നു തന്ന ആത്മവിശ്വാസം മുന്നോട്ടുള്ള പ്രയാണത്തിലും എന്റെ കൈമുതലായിരുന്നു. കോമേഴ്സ് അല്ല ജീവിതമാണ് അദ്ദേഹവും മറ്റു പ്രീയപ്പെട്ട അദ്ധ്യാപകരും ഞങ്ങളെ പഠിപ്പിച്ചത്. ആരും ഞങ്ങളെ ശപിച്ചില്ല. എന്റെ ക്ലാസ്സിലെ കൂട്ടുകാരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാൻ പിന്നീടു കണ്ടുമുട്ടി. സ്നേഹത്തിന്റെ വില മനസ്സിലാക്കിത്തരുന്ന അദ്ധ്യാപകരോളം വലുതായി മറ്റാരുമില്ല. എല്ലാവരോടും നന്ദി . Dr. Abraham Karickam

No comments:

Post a Comment