Wednesday, 9 June 2021
യാത്രാപഥത്തിലെ താരകങ്ങൾ - 3
എം. വൈ . തോമസ്
കൃഷിക്കാരായ എന്റെ മാതാപിതാക്കൾക്ക് ഞങ്ങൾ എട്ട് മക്കൾ ആയിരുന്നു. എട്ടാമത്തെയാൾ ഞാൻ. അഞ്ചു ആണും മൂന്നു പെണ്ണും. ഒരു പെങ്ങൾ ഞാൻ ജനിക്കും മുമ്പേ മരിച്ചുപോയി. കുടുംബത്തിൽ ആദ്യം സർക്കാർ ജോലി ലഭിക്കുന്നത് എന്റെ സഹോദരൻ എം. വൈ. തോമസിനായിരുന്നു. അദ്ദേഹമാണ് ഞങ്ങൾ ഇളയ സഹോദരങ്ങളെ വളർത്തി വലുതാക്കിയത് എന്നതാണ് സത്യം.
എക്സൈസ് ഡിപ്പാർട്മെന്റിലായിരുന്നു ജോലിയെങ്കിലും എനിക്ക് അദ്ദേഹം നല്ല അദ്ധ്യാപകൻ കൂടി ആയിരുന്നു. കണക്കും ഇംഗ്ലീഷുമെല്ലാം ക്ലാസ്സിൽ പഠിപ്പിക്കും മുമ്പേ എന്നെ പഠിപ്പിച്ചിരുന്നതിനാൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുവാൻ എനിക്ക് സാധിച്ചു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് ഒരു വാഗ്ദാനം തന്നിരുന്നു. ക്ലാസ്സിൽ ഒന്നാമനാകാമെങ്കിൽ തിരുവനന്തപുരം കാണിക്കാം എന്നതായിരുന്നു പ്രതിജ്ഞ. ആ വർഷം ഞാൻ ഒന്നാമനാവുകയും ഹട്ടൻ മാസ്റ്ററിൽ നിന്ന് ഒരു പ്രത്യേക സമ്മാനം നേടുകയും ചെയ്തു. അന്ന് മാസം മൂന്ന് രൂപ ഫീസ് നൽകണമായിരുന്നു. അത് വലിയ ഒരു തുക ആയിരുന്നതിനാൽ പലരും ബുദ്ധിമുട്ടി. ഹട്ടൻ മാസ്റ്റർ എനിക്ക് ഒരു കത്ത് തന്നു. ക്ലാസ്സിൽ ഒന്നാമനായതിനാൽ ഒരു മാസത്തെ ഫീസ് സൗജന്യമായി നൽകുന്നു എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ആ കത്ത് ഇന്നും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു
അങ്ങനെ ആദ്യമായി ഒരു ദൂര യാത്രയ്ക്കുള്ള വഴി ഒരുങ്ങി. 1965 കാലഘട്ടത്തിൽ ബസ്സിൽ തിരുവനന്തപുരത്തേക്കുള്ള ആ യാത്ര ഒരു നാളും മറക്കാനാവില്ല. കാഴ്ച ബംഗ്ലാവും ശംഖു മുഖം ബീച്ചും എയർപോർട്ടും സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രവും അതിനു മുന്നിലുള്ള മേത്തൻ മണിയും എല്ലാം ഏതോ മായകാഴ്ചകൾ പോലെ ഞാൻ കണ്ടു. കടൽ കാണുന്നതും ആദ്യം. അവിടെ നിന്നും ട്രെയിനിൽ ഞങ്ങൾ കൊല്ലത്തെത്തി. ജീവിതത്തിൽ ആദ്യമായി സ്കൂൾ മാസ്റ്റർ എന്ന ഒരു സിനിമ കാണുന്നതും അവിടെ വച്ചാണ്. കൊല്ലം ബീച്ചും വിളക്ക് മരവും നീണ്ടകരയും എല്ലാം എന്റെ പഠന യാത്രയിലെ ഓരോ അനുഭവങ്ങളായിരുന്നു. എന്റെ സഹോദരനോടൊപ്പമുള്ള ആ കന്നി യാത്ര പിന്നീടുള്ള ഒരുപാടു യാത്രകളുടെ ആരംഭം ആയിരുന്നു എന്ന് അന്ന് ഞാൻ അറിഞ്ഞില്ല.
തുടർന്ന് കൊട്ടാരക്കര കോളജിലും കൊല്ലം ഫാത്തിമ കോളജിലും എന്റെ തുടർ പഠനത്തിന് വേദി ഒരുക്കിയതും എന്റെ ജ്യേഷ്ഠന്മാരായ എം.വൈ ഉമ്മൻ , എം. വൈ. തോമസ്, വൈ. ജോർജ്, ജോൺ വർഗീസ്സ് എന്നിവരും കുടുംബാംഗങ്ങളും ആയിരുന്നു. ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും സഹോദരങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന കരുതലും സ്നേഹവും നമ്മുടെ ജീവിതത്തെ നമുക്ക് സ്വപ്നം കാണാൻ പറ്റാത്ത മേഖലയിലേക്ക് നയിക്കും എന്നത് തീർച്ചയാണ്. മലയാള മനോരമ വിശേഷാൽ പ്രതി വർഷം തോറും വാങ്ങിച്ചു തന്ന്എന്നെ വായനയുടെ ലോകത്തേക്ക് വഴിതിരിച്ചു വിട്ടതും സഹോദരൻ എം . വൈ തോമസ് തന്നെ ആയിരുന്നു. ജീവിതത്തിന്റെ പടവുകൾ ഒന്നൊന്നായി നാം കയറി പോകുമ്പോൾ അതിന്റെ പിന്നിൽ ധാരാളം പേരുടെ ആശീർവാദവും കരുതലും ഉണ്ടെന്ന് എപ്പോഴെങ്കിലും നാം തിരിച്ചറിയണം. ഒന്നും തിരികെ പ്രതീഷിക്കാതെയുള്ള സുമനസ്സുകളുടെ പിന്തുണയില്ലെങ്കിൽ വഴിത്താരകളിൽ നാം വെറുതെ അലഞ്ഞു തിരിയേണ്ടി വരും എന്നത് ഒരു യാഥാർത്ഥ്യമാണ്.
Dr. Abraham Karickam
Subscribe to:
Post Comments (Atom)
No comments:
Post a Comment