Sunday, 19 January 2020


എന്റെ ജീവിത യാത്രകൾ - എപ്പിസോഡ് 10. മെൽബൺ യൂണിവേഴ്സിറ്റിയിലെ സംവാദം.
വിക്ടോറിയ കൗണ്സിലിന്റെ ആതിഥ്യം വേണ്ട എന്ന് വച്ച് ഞാൻ ഗവേഷണത്തിന് പോയെങ്കിൽ അതിന്റെ പിന്നിൽ ചില കഥകളുണ്ട്. പി. എച്. ഡി ചെയ്യണം എന്ന് ഞങ്ങൾ ആഗ്രഹിച്ച നാളുകളിൽ അതിനു എങ്ങും സൗകര്യമില്ലായിരുന്നു. ഒരിക്കൽ N. M. മാത്യു സാറും ഞാനും കുടി അയ്യപ്പ പണിക്കർ സാറിനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ പോയി കണ്ടു. ആദ്യം ഹൈദരാബാദിൽ പോയി (CIEFL) ഒരു ഡിപ്ലോമയെങ്കിലുo ചെയ്യാൻ അദ്ദേഹം ഉപദേശിച്ചു. കാരണം സീറ്റുകൾ വളരെ കുറവായിരുന്നു. ഗവേഷണ സൗകര്യമുള്ളത് തിരുവന്തപുരത്തും പിന്നെ Calicut യൂണിവേഴ്സിറ്റിയുടെ തലശ്ശേരി ഇൻസ്റ്റിറ്യൂട്ടിലും മാത്രം.
കാര്യങ്ങൾ വഴി മുട്ടിയപ്പോൾ ഞങ്ങൾ മറ്റൊരു വഴി തുറക്കാൻ ആലോചിച്ചു. അല്പം കടന്ന വഴിയായിരുന്നു. എം. ജി യൂണിവേർസിറ്റി വി. സി ദേവസ്യ സാറിനെയും സിണ്ടിക്കേറ്റ് അംഗങ്ങളെയും പോയി കണ്ടു. പ്രൈവറ്റ് കോളേജിൽ ഗവേഷണ വകുപ്പുകൾ ആരംഭിക്കണം. രണ്ടു റിസർച്ച് ഗൈഡുകളും മറ്റെല്ലാ സൗകര്യങ്ങളുമുള്ള കലാലയങ്ങളെ അനുവദിക്കണം. കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നും. പക്ഷെ അത് oബ്ഭവിച്ചു. മാർത്തോമാ കോളേജി ലും . S. B. കോളേജിലും ഇംഗ്ലീഷ് ഗവേഷണ ഡിപ്പാർട്മെന്റുകൾ അനുവദിച്ചു. അങ്ങനെ ഞങ്ങൾ സ്വന്തം കോളേജിൽ പി. എച്. ഡി വിദ്യാർത്ഥികളായി രജിസ്റ്റർ ചെയ്തു. അവിടെ നിന്ന് ആദ്യം പി എച് ഡി ലഭിച്ചതു എനിക്ക്. രണ്ടാമത് ആരാധ്യനായ ഡോക്ടർ K. M. തരകൻ സാർ. പിന്നീട് എന്റെ വിദ്യാർത്ഥികളായി മുന്ന് പി. എച്. ഡി കാരേയും ഒട്ടനവധി M. Phil. കാരേയും പുറത്തിറക്കാനും സാധിച്ചു. തിരുവല്ല മാർത്തോമാ കോളേജ് കേരളത്തിൽ ആദ്യത്തെയും. ഇന്ത്യയിൽ രണ്ടാമത്തെയും അക്രഡിറ്റഡ് കോളേജ് ആകുന്നതിൽ ഗവേഷണ പാരമ്പര്യം എത്രമാത്രം ഉപകരിച്ചു എന്നത് ഉഉഹിക്കാമല്ലോ. ഇന്ന് ഓട്ടോണോമിസ് ആയി ശോഭിക്കുന്ന പല നല്ല കോളേജുകളും പാരമ്പര്യം തുടർന്ന് വന്നവരാണ്.
എന്റെ തീസിസിന്റെ ചീഫ് എക്സാമിനർ ഗുരുതുല്യനായ അയ്യപ്പ പണിക്കർ സാർ തന്നെയായിരുന്നു. ഗൈഡ് ആയിരുന്ന . പി ജോൺ സാറിനെയും എന്നെയും തിരുവനന്തപുരത്തു വച്ച് ഒരുമിച്ചു ഇന്റർവ്യൂ ചെയ് ശേഷം എന്നെ ആദ്യമായി ഡോക്ടർ എബ്രഹാം എന്ന് അഭിസംബോധന ചെയ്തതും സാറായിരുന്നു.
നേരത്തെ ഓക്സ്ഫോർഡ്, ക്യാമ്ബ്രിഡ്ജ്, മിലാൻ തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ നിന്ന് പാശ്ചാത്യ അലങ്കാര ശാസ്ത്ര ഗ്രന്ഥങ്ങൾ എനിക്ക് ലഭിച്ചിരുന്നു. എന്നാൽ സംസ്കൃതത്തിൽ എന്നെ തുണച്ചത് മൊണാഷ് യൂണിവേഴ്സിറ്റി ആയിരുന്നു. അതിനു സഹായിച്ച എല്ലാവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് അദ്ധ്യായം വിടുന്നു.
കാൻബറ ജനറൽ അസംബ്ലി തുടങ്ങുന്നതിനു മുൻപ് തന്നെ എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് സംഭവിച്ചിരുന്നു. മെൽബൺ യൂണിവേഴ്സിറ്റിയിൽ ഒരു പ്രീ അസംബ്ലി സമ്മേളനം നടന്നു. എനിക്കവിടെ കാര്യമൊന്നുമില്ലായിരുന്നു. എങ്കിലും ബൊസ്സയിലെ എന്റെ അദ്ധ്യാപിക ക്യൂബക്കാരി ഓഫിലിയ ഓർറ്റീഗ അവിടെ എത്തുന്നുണ്ട് എന്ന് എന്നെ അറിയിച്ചിരുന്നു. തീർച്ചയായും അവരെ കാണണം എന്ന് കരുതി ഞാൻ ഒരു ദിവസത്തെ അവധിയിൽ അങ്ങോട്ട് പോയി.
അന്ന് മത സംവാദ ചർച്ചകൾ കത്തി നിൽക്കുന്ന കാലമാണ്. ഏതു വേദിയിലും മത സംവാദ പരിപാടിയെ തകർക്കാൻ കുറെ മൗലിക വാദികൾ വരുമായിരുന്നു. അവിടെയും അത് സംഭവിച്ചു. വഴിയേ പോയ ഞാൻ അതേറ്റുപിടിച്ചു. അവരുടെയെല്ലാം വാദമുഖങ്ങളെ ഞാൻ സമർത്ഥമായി നേരിട്ടു. അതിനു എന്നെ തുണച്ചത് ബൊസ്സയിലെ അവഗാഹമായ പഠനം ആയിരുന്നു എന്നത് പ്രത്യേകം പറയേണ്ടല്ലോ.
ഇതെല്ലം കണ്ടുകൊണ്ടു ഒരാൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. WCC ഡയലോഗ് ഡിപ്പാർട്മെന്റിൽ പുതുതായി ചാർജ് എടുത്ത സ്വീഡന്കാരന് റെവ. ഹാൻസ് യുകോ. മീറ്റിംഗ് കഴിഞ്ഞു അദ്ദേഹം വന്നു എന്നെ കെട്ടിപിടിച്ചു. അനുമോദിച്ചു . പിന്നീടുള്ള ഏതാണ്ട് പതിനഞ്ചു വർഷങ്ങൾ ഞങ്ങൾ ഒന്നിച്ചു ലോകം കീഴടക്കാൻ പോയി. ഇന്നും സുഹൃദ് ബന്ധം അങ്ങനെ തന്നെ തുടരുന്നു. അങ്ങനെ എന്റെ ഗുരുവിനു പ്രണാമം അർപ്പിക്കാൻ പോയ ഞാൻ മറ്റൊരു ഉറ്റ മിത്രത്തെ സമ്പാദിച്ചു മടങ്ങി. എന്നെ കണ്ടപ്പോൾ ഓഫിലിയാ മാദത്തിന് അതിലേറെ സന്തോഷം.
ഒരു സംസ്കൃത ശ്ലോകം ഓര്മ വരുന്നു :
"കാമധേനു സമാ വിദ്യാ, സദെയിവ ഫലദായിനീ
പ്രവാസെ മാതൃവതസ്മാദ്, വിദ്യാ ഗുപ്തധനം സ്മൃതം."
വിദ്യ കാമധേനുവിനെപ്പോലെയാണ്. എല്ലായ്പ്പോഴും ഫലം തന്നുകൊണ്ടിരിക്കും. പ്രവാസത്തിൽ അമ്മയെപ്പോലെ നമ്മളെ സംരക്ഷിക്കും. മറഞ്ഞിരിക്കുന്ന വലിയ ധനമാണ് വിദ്യ.
എന്റെ ഒരുപാടു വിദ്യാർത്ഥികളെ ശ്ലോകം കൊണ്ട് ഞാൻ പ്രചോദിപ്പിച്ചിട്ടുണ്ട്. അവർ ഇന്നും അതിൽ ആനന്ദിക്കുന്നു.


No comments:

Post a Comment