Sunday, 19 January 2020


എന്റെ ജീവിത യാത്രകൾ -- എപ്പിസോഡ് - 9. കാൻബറ സമ്മേളനം.

ഞാൻ പരമ്പരയുടെ പേര് ഒന്ന് മാറ്റുകയാണ് . കാരണം എന്റെ ജീവിത യാത്രകൾക്ക് മുന്ന് ഘട്ടങ്ങളുണ്ട്. 1975 മുതൽ 1990 വരെയുള്ള ആദ്യ പതിനഞ്ചു വര്ഷം തെസ്സയ് കമ്മ്യൂണിറ്റിയിയോടൊപ്പമായിരുന്നെങ്കിൽ, 1990 മുതൽ 2005 വരെയുള്ള രണ്ടാം ഘട്ടത്തിലെ പതിനഞ്ചു വര്ഷം അഖില ലോക സഭാ കൗണ്സിലിനൊപ്പമാണ്. 2005 മുതൽ 2020 വരെയുള്ള മൂന്നാം ഘട്ടം യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യറ്റീവ് എന്ന പ്രസ്ഥാനത്തിനൊപ്പവും. ആദ്യത്തെ രണ്ടും എക്യൂമെനിക്കൽ പ്രയാണമായിരുന്നെങ്കിൽ പിന്നത്തേതു വിശാല എക്യൂമെനിസത്തിന്റെ നാൾ വഴികളായിരുന്നു. ഇതുവരെയുള്ള യാത്രകൾ പടിഞ്ഞാറേ ചക്രവാളത്തിലേക്കായിരുന്നെങ്കിൽ ഇപ്പോൾ അത് ദിശ മാറി കിഴക്കോട്ടൊഴുകാൻ തുടങ്ങി.
എന്റെ അറുപതാം പിറന്നാളിന് ലോകത്തിലെ അറുപതു പേർ എഴുതിയ ഒരു ഗ്രൻഥം പ്രസിദ്ധികരിച്ചിരുന്നു. ജൂബിലിമന്ദിരത്തിൽ അഭിവന്ദ്യ കൂറിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന ഡയലോഗ് സെന്ററിന്റെ ഒരു വാർഷിക സമ്മേളനത്തിൽ ഡിജിപി ജേക്കബ് പുന്നൂസ് സാർ എന്റെ സഹോദരൻ വൈ. ജോർജിന് നൽകി അത് പ്രകാശനം ചെയ്തു. അതിന്റെ പേര് " ജേർണി ഓഫ് പീസ് " എന്നായിരുന്നു. (മത സംവാദ തീർത്ഥാടനത്തിൽ നാൽപതു വർഷങ്ങൾ) എന്ന മലയാളം ഉപ തലക്കെട്ടുമുണ്ടായിരുന്നു. സത്യത്തിൽ നമ്മുടെയെല്ലാം ജീവിതങ്ങൾ ഒരു തീർത്ഥാടനമല്ലേ? അറിയപ്പെടാത്ത തീരങ്ങൾ തേടിയുള്ള അനന്തമായ യാത്രകൾ?
WCC യോടൊപ്പമുള്ള രണ്ടാം ഘട്ടം ആരംഭിക്കുന്നതിനു മുൻപ് ഒരു വര്ഷം ഞങ്ങൾ കുടുമ്ബമായി കുവൈറ്റിൽ താമസിച്ചിരുന്നു. എന്റെ അളിയൻ ജോർജ് തോമസും കുടുംബവും വര്ഷങ്ങളായി അവിടെയാണ്. ഗൾഫ് ജീവിതത്തിന്റെ യാഥാർഥ്യം കുറച്ചൊക്കെ മനസിലാക്കാനായി എന്നതൊഴിച്ചാൽ പ്രത്യേകിച്ചൊന്നും അവിടെ സംഭവിച്ചില്ല. കുറച്ചുനാൾ കുവൈറ്റ് ടൈംസ് പത്രത്തിലും പിന്നെ ചില മാസങ്ങൾ മറ്റൊരു പ്രസ്ഥാനത്തിലും ജോലി ചെയ്തു. നാട്ടിൽ UGC നടപ്പാക്കിയപ്പോൾ തിരികെപ്പോന്നു. ഞങ്ങൾ മടങ്ങി വന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഗൾഫ് യുദ്ധം തുടങ്ങി. മരുഭൂമിയിലൂടെയുള്ള ഓട്ടത്തിൽ നിന്ന് അങ്ങനെ രക്ഷപെട്ടു.
ബോസ്സേയ്എക്യൂമെനിക്കൽ ഇന്സ്ടിട്യൂട്ടിലെ പഠനം എല്ലാ അർത്ഥത്തിലും എനിക്കൊരു വഴിത്തിരിവായിരുന്നു 1991 ലെ WCC യുടെ കാൻബറ സമ്മേളനത്തിന് മാർത്തോമാ സഭയുടെ പ്രതിനിധിയായി എന്നെക്കൂടി തെരെഞ്ഞെടുത്തതിന്റെ ഒരു കാരണം അതായിരുന്നു. പിന്നെ സുരേഷ് കോശി , രാജു എബ്രഹാം വെണ്ണിക്കുളം , എബ്രഹാം ജോസഫ് തുടങ്ങിയ കൂട്ടുകാരുടെ ശക്തമായ പിന്തുണയും. സഖറിയാസ് തിരുമേനിയും റെയ്ച്ചൽ കൊച്ചമ്മയുമായിരുന്നു മറ്റുപ്രതിനിധികൾ. യാത്രയിൽ രണ്ടു പ്രധാന നാഴികക്കല്ലുകൾ ഞാൻ പിന്നിട്ടു ഒന്ന് പി എച് ഡി ഗവേഷണവും രണ്ടു മതസംവാദ രംഗത്തേക്കുള്ള ശക്തമായ ചുവടുവയ്പും.
പാശ്ചാത്യ പൗരസ്ത്യ ശാഖകളിലെ അലങ്കാര ശാസ്ത്രം-- ഒരു ഭാഷാ ശാസ്ത്ര - ശൈലീശാസ്ത്ര അവലോകനം” ( The Analysis of Rhetoric Figures in the Western and Eastern Traditions: A Linguistic, Stylistic Study )എന്ന കടുകട്ടിയായ ഒരു വിഷയം ഗവേഷണത്തിന് തെരെഞ്ഞെടുത്തെങ്കിലും ഒരു ഗതിയും കിട്ടാതെ അലയുകയായിരുന്നു ഞാൻ. കാരണം ആവശ്യമായ സാമഗ്രികൾ നമ്മുടെ ലൈബ്രറികളിലൊന്നും ലഭ്യമല്ല. അന്ന് കംപ്യുട്ടർ , ഇന്റർനെറ്റ് ഒന്നും ഇവിടെങ്ങും ഉണ്ടായിട്ടുമില്ല. ഡോക്ടർ. A. P. ജോൺ എന്റെ ഗൈഡാണ്. ഡോക്ടർ C. S. ഫിലിപ്പോസ് സഹായിക്കാനുമുണ്ട്. ഒരാൾ ഓസ്ട്രേലിയയിൽ നിന്നും മറ്റെയാൾ ജർമനിയിൽ നിന്നും ഡോക്ടറേറ്റ് സമ്പാദിച്ചവർ. രണ്ടുപേരും ഭാഷാ ശാസ്ത്രത്തിൽ അഗ്രഗണ്യരും. സാഹിത്യവുമായി ബനധപ്പെട്ടാണ് എന്റെ പോക്ക്.
അപ്പോഴാണ് കാൻബറ അസംബ്ലി നമ്മുടെ മുന്നിൽ ഒരു താമരപോലെ വിടരുന്നത്. അത് മുതലാക്കാൻ . പി ജോൺ സാർ സഹായിച്ചു. അദ്ദേഹം പഠിച്ച മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയിലേക്കു കത്തെഴുതി. സാറിന്റെ ഗൈഡ് പീറ്റർ പോൾ സഹായിക്കാമെന്നേറ്റു. മൊണാഷ് യൂണിവേഴ്സിറ്റിയിൽ ഒരു മാസത്തെ ഗവേഷണത്തിന് വഴിയൊരുങ്ങി. അത് ധാരാളം മതിയായിരുന്നു. എന്റെ കസിൻ നെല്ലിവിള ബേബിച്ചായനും കുടുംബവും മെൽബണിലാണ് താമസം. ഞാൻ അവരോടൊപ്പം താമസിച്ചു. എല്ലാദിവസവും അച്ചായൻ എന്നെ യൂണിവേഴ്സിറ്റിയിൽ കാറിൽ കൊണ്ടുവിടുമായിരുന്നു. അച്ചായനോടും അമ്മാമ്മയോടും തീരാത്ത കടപ്പാടുണ്ട് എന്നതു പ്രത്ത്യേകം പറയേണ്ടല്ലോ.
ഒരു വിഷമo ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ട്. വിക്ടോറിയ കൌൺസിൽ ഓഫ് ചർച്ചസിന്റെ അതിഥിയായി ഒരാഴ്ച മെൽബണിൽ താമസിക്കാനുള്ള ഏർപ്പാടുകൾ WCC ചെയ്തു തന്നിരുന്നു. അവർ എയർപോർട്ടിൽ വന്നു എന്നെ സ്വീകരിക്കയും ചെയ്തതാണ്. പക്ഷെ ഗവേഷണം മുടങ്ങും എന്നതിനാൽ അവരുടെ കൂടെ പോകാൻ എനിക്ക് മനസ്സ് വന്നില്ല. അതൊരു വല്ലാത്ത പ്രയാസമായിപ്പോയി
മൊണാഷ് ലൈബ്രറിയിൽ ഞാൻ തപസു തുടങ്ങി. അവിടെ കമ്പ്യൂട്ടർ സെർച്ച് ആരംഭിച്ചിരുന്നു. കാര്യങ്ങൾ എളുപ്പമായി. എനിക്കുവേണ്ട സംസ്കൃതത്തിലെ ആധികാരികമായ എല്ലാ ഗ്രൻഥങ്ങളും അവിടെ റെഡിയായിരുന്നു . രണ്ടു പെട്ടി നിറയെ ഫോട്ടോ കോപ്പികളുമായാണ് ഞാൻ ആസ്ട്രേലിയയിൽ നിന്ന് മടങ്ങി വന്നത്. അതിനാൽ എത്രയും വേഗം തീസിസ് എഴുതി തീർക്കാൻ സാധിച്ചു . 1994 പി. എച്. ഡി ലഭിക്കയും ചെയ്തു. എം ജി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷിലുള്ള രണ്ടാമത്തെ പി എച് ഡി യായിരുന്നു അത്.


No comments:

Post a Comment