Thursday, 20 January 2022

(കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ
 ഉഗ്രൻകുന്നിന്റെ പുരാവൃത്തം)
By ഡോക്ടർ . ഏബ്രഹാം കരിക്കം.
 ആദ്ധ്യായം അഞ്ചു്. 
 കാട്ടുമരങ്ങൾക്കിടയിൽ നാരകം പോലെ 
 മത്തച്ചന് തന്നോട് തന്നെ വെറുപ്പ് തോന്നി തുടങ്ങി. ചിത്രശലഭത്തിന്റെ സ്ലൈഡ് പോക്കറ്റിലിട്ടു നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതായി. ശോശക്കുട്ടിക്കതു കൊടുക്കാനായില്ല. അവളെ ഒറ്റയ്ക്ക് കിട്ടുന്നില്ല. വീട്ടിലോട്ടു ചെന്നങ്ങു കൊടുക്കാമെന്നു വച്ചാൽ അതിനോട്ടു ധൈര്യവും വരുന്നില്ല . അവളുടെ അപ്പൻ പട്ടാളക്കാരനാണ്. പനംക്കുന്നിലെ ചാക്കോച്ചൻ. അവധിക്കു വരുമ്പോഴൊക്കെ തോക്കുമായി കൊക്കിനെയും കുളക്കോഴിയെയും വേട്ടയാടാൻ വയലിലും മലയിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കാണാം. ആൾ ഭയങ്കരനായിരിക്കും. തോക്കു തന്റെ നേരെയെങ്ങാനും നീട്ടിയാലോ? ഒരിക്കൽ കഴുകാനായി പെങ്ങൾ നിക്കർ എടുത്തപ്പോൾ പോക്കറ്റിൽ കിടന്ന സ്ലൈഡ് പിടികൂടിയതാണ്. "എവിടുന്നു കിട്ടിയെടാ ..... ഇത് "? ഒന്നും പറയാതെ തട്ടിപ്പറിച്ചോടികളഞ്ഞു. ഒരു ദിവസം ക്ലാസ്സിൽ വച്ച് പോക്കറ്റിൽ നിന്നും മായ്പ്പു റബ്ബർ എടുക്കുന്ന കൂട്ടത്തിൽ സാധനം തറയിൽ വീണൊന്നു കിലുങ്ങി. പൊന്നമ്മ ടീച്ചർ കണ്ടിരുന്നെങ്കിൽ പൊതിരെ തല്ലിയേനെ. "പെൺപിള്ളേരുടെ സ്ലൈഡും കൊണ്ട് നടക്കുന്നോടാ...ഫൂൾ....." ഇതും പറഞ്ഞായിരുന്നേനെ അടി. അടുത്തിരുന്ന എ. കെ തങ്കമ്മ കിലുക്കം കേട്ട് തിരിഞ്ഞു നോക്കി. സൂത്രത്തിൽ തറയിൽ നിന്ന് താനതെടുക്കുമ്പോൾ അവൾ കണ്ടു. കുറെ കഴിഞ്ഞപ്പോൾ ഒരു കടലാസ്സ് കഷ്ണം അവൾ തനിക്കു നേരെ നീട്ടി. "മത്തച്ചാ.....ആ സ്ലൈഡ് എനിക്ക് തരാമോ....? പകരം ഞാൻ ഒരു കാര്യം തരാം...." കണ്ണടച്ച് കാണിച്ചു. അന്ന് മുതൽ താനവൾക്കു ശത്രുവായി . ഇനി അത് കൊണ്ട് നടക്കാൻ പറ്റില്ല. ഒന്നുകിൽ ശോശക്കുട്ടിക്ക് കൊടുക്കണം. അല്ലെങ്കിൽ വയലിലേക്ക് വലിച്ചെറിയണം. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഐഡിയ തോന്നിയത്. കൂട്ടുകാരെ തേടിപ്പിടിച്ചു. "ഇന്ന് ശനിയാഴ്ചയല്ലേ? വൈകിട്ട് നമുക്കൊരു കരീല പ്രാന്തൻ കളിച്ചാലോ....."? "ഓണത്തിനല്ലേ കരീല പ്രാന്തൻ? പുലികളിയാ നല്ലത് ...." ഒരുത്തൻ മൊഴിഞ്ഞു. "അതൊന്നും വേണ്ട. കള്ളനും പോലീസും മതി " . വേറൊരുത്തൻ. ഒടുവിൽ നിർബന്ധിച്ചപ്പോൾ എല്ലാരും സമ്മതിച്ചു. ഉണങ്ങിയ വാഴയിലകൾ കൊണ്ട് മത്തച്ചനെ അവർ മൂടിക്കെട്ടി. പാളയിൽ കിഴുത്തയിട്ടു കണ്ണുണ്ടാക്കി ഒരു മുഖം മൂടിയും വച്ചു. എല്ലാവരും കൂടി മൂന്നുനാല് വീടുകൾ കയറി കലാപരിപാടി അവതരിപ്പിച്ചു. പാട്ടും ഡാൻസും. പാട്ടിനൊപ്പിച്ചു കരീലപ്രാന്തൻ തുള്ളി. ഒരു തരം കോലം തുള്ളൽ. അപ്പൻ കുടവും അമ്മൻ കുടവും പറ്റിയില്ലെങ്കിൽ ഇതെങ്കിലും വേണ്ടേ? വിശ്വപ്രസിദ്ധമായ കഥകളി കണ്ടുപിടിച്ച നാടല്ലേ.............. ? രക്തത്തിൽ അല്പം തുള്ളൽ എല്ലാവരിലും ഉണ്ടാകും. കുറേക്കഴിഞ്ഞപ്പോൾ മത്തച്ചൻ പറഞ്ഞു. "ഇനി മതിയാക്കാം. ക്ഷീണിച്ചു. നിങ്ങൾ പൊയ്ക്കോ. ഞാൻ കലങ്ങും കുഴീൽ പോയി ഒന്ന് മുങ്ങി വരം". ആറടി താഴ്ചയിൽ എപ്പോഴും വെള്ളമുള്ള കുഴിയാണ് കലങ്ങും കുഴി. എന്നെങ്കിലുമൊരു കാലത്തു ഏതെങ്കിലും ദൂതൻ അവിടെയും വെള്ളം കലക്കാൻ എത്തിയിട്ടുണ്ടാവും. ബെതേസ്ഥാ . അതേ വേഷത്തിൽ മത്തച്ചൻ താഴേക്കൊടുന്നത് കണ്ടു കൂട്ടുകാർ അന്ധാളിച്ചു. പാടങ്ങൾക്കു നടുവിലൂടെ , കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ, ശവക്കോട്ടയുടെ അരികിലൂടെ അവൻ ഓടി. ദൂരെ വച്ച് തന്നെ അവൻ കണ്ടു ചക്രവാളത്തിൽ ചായകുട്ടിന്റെ ഭംഗി നോക്കി അവൾ നിൽക്കുന്നു. ശോശക്കുട്ടി. മുറ്റത്തേക്ക് കയറിയപ്പോൾ അവളുടെ അമ്മയെ കണ്ടു. കുഞ്ഞന്നാമ്മ . കരീലപ്രാന്തൻ പെട്ടെന്ന് രണ്ടു മലക്കം മറിഞ്ഞു. ഒരു കളിയാട്ടം അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. കുരച്ചു കൊണ്ട് ചാടി വന്ന പട്ടി അവന്റെ തുടയിൽ ഒറ്റ പിടുത്തം. പല്ലുകൾ നാലും ആഴ്ന്നിറങ്ങി. അമ്മയും ശോശക്കുട്ടിയും ബഹളം വച്ചപ്പോൾ പിടിവിട്ട് പട്ടി ഓടി. കയ്യിൽ കരുതിയിരുന്ന ചിത്രശലഭത്തിന്റെ സ്ലൈഡ് തെറിച്ചു പോയത് അവനറിഞ്ഞില്ല. വേദന കൊണ്ട് പുളഞ്ഞു മാത്തച്ചൻ നിലത്ത് വീണു. അമ്മയും മകളും കൂടി കരീല പ്രാന്തന്റെ വച്ച് കെട്ടുകൾ അഴിച്ചു മാറ്റി. "ഇതാരാടാ.....? മത്തച്ചനോ ........."? നീ എന്തിനാടാ മോനെ ഈ പൊല്ലാപ്പും വച്ച് കെട്ടി വന്നത്....."?'അമ്മ ചോദിച്ചു. രക്തം വാർന്നൊഴുകുന്ന അവന്റെ കാലുകൾ കണ്ടപ്പോൾ ശോശക്കുട്ടി കരയാൻ തുടങ്ങി. സാരമില്ലെടാ മോനേ .....ഇപ്പം ഞാൻ ശരിയാക്കി തരാം. രണ്ടു മുളവിലപറിച്ചു കൊണ്ട് വാടീ....."'അമ്മ പറഞ്ഞു. ശോശക്കുട്ടി കൊണ്ട് വന്ന മുളകുവടിയുടെ ഇലകളുമായി അമ്മ അകത്തേക്കോടി. നീറിപ്പുകയുന്ന കാലുമായി തറയിലിരുന്നു വിങ്ങുന്ന മത്തച്ചനെ കണ്ടപ്പോൾ പെണ്ണിന്റെ ഹൃദയം പൊട്ടി. മുളവിലയിൽ ദാനിയന്ത്രം എണ്ണയൊഴിച്ചു അടുപ്പിൽ വച്ച് പൊള്ളിച്ചിട്ടു അമ്മ വന്നു അത് മത്തച്ചന്റെ തുടയിൽ പട്ടി കടിച്ച സ്ഥാനത്തു അമർത്തിപ്പിടിച്ചു. പൊള്ളിയ കാലുമായി അവൻ കിടന്നു പിടഞ്ഞു. എന്നിട്ടും കരഞ്ഞില്ല. താനൊരു ലോലഹൃദയനാണെന്നു വന്നുകൂടല്ലോ ..... " സാരമില്ല......... ഒന്ന് കുടി പൊള്ളിച്ചാൽ മുറിവുണങ്ങിക്കോളും ...." അടുത്ത ഇലയുമായി അമ്മ വീണ്ടും അടുപ്പത്തേക്കൊടി. മത്തച്ചന്റെ പൊള്ളിയ കാലിൽ ശോശക്കുട്ടി മൃദുവായി തലോടി. എല്ലാ വേദനയും ആ നിമിഷം അവൻ മറന്നു . പട്ടികടിച്ച കാലുമായി തിങ്കളാഴ്ച സ്കൂളിലേക്ക് ഒന്തിയൊന്തി നടക്കുമ്പോൾ മത്തച്ചൻ കണ്ടു മുമ്പേ നടക്കുന്ന ശോശക്കുട്ടിയുടെ തലയിൽ തന്റെ ചിത്രശലഭം! മാസങ്ങളോളം അവൻ അതിന്റെ സുഖമറിഞ്ഞു. നാലാം ക്ലാസ്സിൽ ഒരു വർഷം തോറ്റാലും കുഴപ്പമില്ല എന്ന് മത്തച്ചന് തോന്നിയ കാലമാണത്. കാരണം ശോശക്കുട്ടി മൂന്നിൽ നിന്ന് ജയിച്ചു വരും. ശാരോനിലെ പനിനീർപ്പൂവാണ്. താഴ്വരയിലെ താമരപ്പൂവാണ്. സ്കൂളിൽ റിസൾട്ട് പതിച്ച ദിവസം അവൻ ഒരു ക്രോസ് കൺട്രി ഓടി. മത്തങ്ങപോലെ തന്റെ പേര് ലിസ്റ്റിൽ കിടക്കുന്നതു കണ്ടു സങ്കടപ്പെട്ടു. അവസാനമായി പ്രൈമറി സ്കൂളിന്റെ തിണ്ണയിൽ ! ഓർത്തപ്പോൾ അവനു കരച്ചിൽ വന്നു. ചോളപ്പൊടിയും പാൽ പൊടി കലക്കി തിളപ്പിച്ച പാലും കഴിക്കാൻ എന്നും ഉച്ചയ്ക്ക് ചമ്രം പടഞ്ഞിരുന്നത് ആ തിണ്ണയിലായിരുന്നു. അമേരിക്കക്കാരന്റെ ദാക്ഷിണ്യം. കെ .എ. ആർ .ഇ . കൊ ഓപ്പറേറ്റീവ് ഫോർ അമേരിക്കൻ റിലീഫ് എവെരിവേർ. ലോകക്കാരെ മുഴുവൻ പാലും തേനും കൊടുത്തു വളർത്താൻ ഈ സായിപ്പാര്? തനിക്കു നഷ്ടപ്പെടുന്നത് പാലും പൊടിയും മാത്രമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. ശോശക്കുട്ടിയില്ലാത്ത സ്കൂളിലിരുന്നു എന്തോന്ന് പഠിക്കാൻ ? മത്തച്ചനെ ഏതു സ്കൂളിൽ ചേർക്കണം എന്നതിനെ ചൊല്ലി വീട്ടിൽ വലിയ ചർച്ച നടന്നു. കൂടെ ജയിച്ചവരെല്ലാം സർക്കാർ സ്കൂളിലേക്കാണ്. പക്ഷെ അവിടെ പോന്നവർ കൂടുതൽ സമയവും സ്വാമിയുടെ മലയിൽ നെല്ലിക്ക പറിക്കാൻ പോകും എന്നാണ് പരക്കെയുള്ള പേടി. നെല്ലി മലയങ്ങനെ പൂത്തുലഞ്ഞു വിശാലമായി കിടപ്പാണ്. മധുരമല. നൂറേക്കറെങ്കിലും കാണും. അനേക വർഷങ്ങൾക്കു മുമ്പാണ് സ്വാമി നെല്ലിമല വാങ്ങി ആശ്രമവും വൈദ്യശാലയും പ്രസ്സും എല്ലാം തുടങ്ങിയത്. മഹാ പണ്ഡിതനാണ്. കഥകളൊരുപാട് പറയാനുണ്ട് സ്വാമിക്ക്. ആർഷജ്ഞാനം തുളുമ്പുന്ന കഥകൾ. ചിലരൊക്കെ പോയി കേൾക്കും. അവിടെ ചെന്നാൽ അവലും പഴവും പിന്നെ ശർക്കര ഉണ്ടയും കിട്ടും. മത്തച്ചൻ സായിപ്പിൻ കുന്നിൽ തന്നെ പഠിക്കട്ടെ. എല്ലാരും കൂടെ തീർപ്പാക്കി. സായിപ്പിന്റെ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പ്രതിമാസം മൂന്നു രൂപ ഫീസ് കൊടുക്കണം. രണ്ടു പറ നെല്ലിന്റെ തുകയാണ്. എന്നാലും സാരമില്ല. കണ്ണ് തെളിയുന്നെങ്കിൽ ആയിക്കോട്ടെ. സർക്കാർ ജോലി നേടി പദ്മനാഭന്റെ നാല് ചക്രം വാങ്ങിക്കുന്ന ചേട്ടൻ തീരുമാനിച്ചു. ഈ സായിപ്പെന്തിനാണ് നൂറുകൊല്ലങ്ങൾക്കപ്പുറം ഇവിടെ വന്നു സ്കൂൾ തുടങ്ങിയത്? മലയാളം ലിപിയുണ്ടാക്കിയത് ഗുണ്ടർട്ട് സായിപ്പാണ് പോലും . തലശ്ശേരിയിൽ അച്ചടി ലിപിയുണ്ടാക്കിയതും അയാളാണത്രെ. ആദ്യത്തെ വ്യാകരണം എഴുതി തന്നത് അർണ്ണോസ് പാതിരി. ആദ്യത്തെ നോവലെഴുതിയതു ഏതോ കോളിൻസ് മദാമ്മ. ആരും മോശക്കാരല്ല. വീരവാദം മുഴക്കുന്ന മലയാളിക്കിതൊന്നും വായ്യായിരുന്നോ ?നാണക്കേട്. സായിപ്പിന്റെ നേരെ നിന്ന് എങ്ങനെ നാല് വർത്തമാനം പറയും ? ഇവിടുത്തെ വല്യപ്പന്മാർക്കെല്ലാം എന്തായിരുന്നു പണി. ? അവരെ നിലയ്ക്ക് നിർത്താൻ തിട്ടമേലമ്മമാരില്ലായിരുന്നോ ? കുന്തിരിക്കമില്ലാത്ത കുന്തിരിക്കക്കുന്നു പോലെയായിരുന്നു മത്തച്ചന് സായിപ്പിൻ കുന്ന് .രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലാസ്. അത് കഴിഞ്ഞാൽ എല്ലാവരും വയലിലോ മലയിലോ പണികൾ ചെയ്യണം. മണിക്കൂറിനു പത്ത് പൈസ കൂലി. സായിപ്പിന്റെ ഒരേർപ്പാട്.തൊഴിലിന്റെ മാന്യത പഠിപ്പിക്കാനാണ് പോലും. തീപ്പെട്ടിപോലെ ഒരു കാറിൽ ചീറിപ്പാഞ്ഞു നടക്കുന്ന അമേരിക്കക്കാരൻ സായിപ്പാണ് പ്രിൻസിപ്പൽ . പാസ്റ്റർ കുള്ളിനൻ ബ്രൂബറി. കൂടെ മദാമ്മയും കുറെ സായിപ്പിൻ കുഞ്ഞുങ്ങളും. അവറ്റകൾ മിക്ക സമയവും സ്വിമ്മിങ് പൂളിലാണ്. എന്തോരു പൂൾ ? കലങ്ങും കുഴിയുടെ ഏഴയലത്തു വരില്ല. ഇരമ്പി പായുന്ന മലവെള്ളമുള്ള ആ കുഴിയിൽ ഇവന്മാർക്കൊന്നു ചാടാമോ ? കൂടെ നിഴൽ പോലെ ഒരു അൾസേഷ്യൻ നായുണ്ട്. അല്ലെങ്കിൽ പോയി ഒന്ന് വെല്ലു വിളിക്കാമായിരുന്നു. സായിപ്പിന്റെ പട്ടിയുടെ കുരകേട്ട നാൾ മുതൽ നാടൻ പട്ടികൾ ചുരുണ്ടു പോയി. പിന്നീടവയുടെ വാലുകൾ പൊന്തിയിട്ടില്ല. കൾച്ചറൽ ഷോക്ക്. ഹെഡ്മാസ്റ്റർ മിൽട്ടൺ മാസ്റ്റർ. പേര് കേട്ടാൽ ഞെട്ടും. കാലത്തെഴുന്നേറ്റാൽ തലയും കുത്തി വീടിനു ചുറ്റും നടക്കുന്നയാളാണ്. പാറപോലത്തെ ശരീരവും കടുകിട അയവില്ലാത്ത സ്വഭാവവും. ആകപ്പാടെ മാത്തച്ചന് ശ്വാസം മുട്ടലായി. വൈകുന്നേരങ്ങളിൽ മറ്റേ സ്കൂളിലെ വിശേഷങ്ങൾ കൂട്ടുകാർ വർണ്ണിക്കുമ്പോൾ കരയാൻ തോന്നും. എന്തോരു സ്വാതന്ത്ര്യമാണവർക്ക്! വീട്ടിൽ നിന്നിറങ്ങിയാൽ നേരെ സ്കൂളിലേക്കല്ല അവർ പോകുന്നത് എം. സി റോഡിൽ വലിയ കയറ്റം തുടങ്ങുന്നിടത്തു പാട്ടും പാടി നിൽക്കും. അലൈഡ് അണ്ടിയാപ്പീസിലേക്കുള്ള കാള വണ്ടികൾ എപ്പോൾ വരുന്നോ അപ്പോൾ അവയുടെ പിന്നാലെ കൂടും. ഭാരം വലിക്കുന്ന കാളകൾക്ക് ആശ്വാസത്തിനായി തള്ളികൊടുക്കുന്നത് പതിവാക്കി. വണ്ടിക്കാർക്ക്ഏറെ ആശ്വാസം. കാളകൾക്കും. പക്ഷെ കുട്ടന്മാർ ചാക്ക് കീറി കശുവണ്ടി പരിപ്പ് വാരിയെടുക്കുന്ന കാര്യം വണ്ടിക്കാരറിയില്ല. "കാള വണ്ടി" വണ്ടിക്കാരൻ വിളിക്കും. "ഐലസ ".പിള്ളേർ ചൊല്ലും. ""തള്ളിക്കൊട്” "ഐലസ " "കേറിപ്പോട്ടെ " "ഐലസ " അഞ്ചാറ് “ഐലസ " കഴിയുമ്പോഴേക്കും രണ്ടു പോക്കറ്റുകളും നിറഞ്ഞിരിക്കും. അപ്പോഴേക്കും കയറ്റവും അവസാനിക്കും. ഒരു ദിവസം കാള വണ്ടി വന്നില്ലെങ്കിൽ അന്ന് സ്കൂളിൽ പോക്കില്ല. കലങ്ങും കുഴി അന്ന് ഏറെ കലങ്ങും. പാറയിൽ നിന്ന് വെള്ളത്തിലേക്ക് തലകുത്തിച്ചാടുന്ന രഹസ്യ വിദ്യകളൊക്കെ അഭ്യസിക്കുന്നത് അന്നാണ്. പ്രകൃതിയല്ലേ യഥാർത്ഥ യൂണിവേഴ്സിറ്റി ? സ്വയം പഠിക്കാത്തവൻ മണ്ടൻ. പ്രപഞ്ച താളം നമ്മുടെ താളവുമായി സമ്മേളിക്കുമ്പോഴേ യഥാർത്ഥ പഠനം സാധ്യമാകൂ..... കൂട്ടുകാർ മുഴുത്തു വെളുത്ത അണ്ടിപ്പരിപ്പിന്റെ കഥ പറയുമ്പോൾ നാവിൽ വെള്ളമൂറും. അമ്മ വറുത്ത് തല്ലിയ പരിപ്പ് ഒരുപാടു തിന്നിട്ടുണ്ട്. പക്ഷെ ആപ്പീസിലെ കശുവണ്ടിയുടെ രുചി ഒന്ന് വേറെ. അതുപോലെ ഹരം പിടിപ്പിക്കുന്നതാണ് കെ. എസ്. യു, കെ. എസ് . സി , എസ്. ഫ്. ഐ വാർത്തകൾ. സമരം ബഹു കേമം. സായിപ്പിന്റവിടെ അത്തരം ഏർപ്പാടുകളൊന്നുമില്ല. കുട്ടികൾ ലോകത്തിൽ ലോകം കണ്ടു വളരണം. വിശാലമായ ലോകം അങ്ങനെ തുറന്നു കിടക്കുകയല്ലേ ? പക്ഷെ പറഞ്ഞിട്ടെന്തു കാര്യം? ചായ കുടിക്കരുത്. മദ്യം കഴിക്കരുത് എന്നെല്ലാം പഠിപ്പിക്കും. അതിനെ കുറിച്ച് കുറെ സിനിമകളും കാണിക്കും. അങ്ങനെ കാട്ടുമരങ്ങൾക്കിടയിൽ ഒരു നാരകം പോലെ ഖിന്നനായി മത്തച്ചൻ കഴിഞ്ഞു വരവെ ജീവിത നൗക ഒന്ന് വട്ടം ചുറ്റി എന്ന് വേണമെങ്കിൽ പറയാം. ക്ലാസ്സിലെ ലൈബ്രറിയുടെ ചാർജ് അവന്റെ തലയിൽ വന്നു വീണു. കൂട്ടത്തിൽ കുസൃതിക്കാരൻ എന്ന് നിനച്ചിട്ടാവാം മിൽട്ടൺ മാസ്റ്റർ വന്നു പറഞ്ഞു "മിസ്റ്റർ മാത്യു ജോസഫ് വിൽ ടേക്ക് ചാർജ് ഓഫ് യുവർ ക്ലാസ് ലൈബ്രറി ". വേണ്ടെന്നു പറയാൻ നാവു പൊന്തുമോ ? കയ്പു മധുരമായി മാറാൻ അധികം വൈകിയില്ല. ഈസോപ്പ് കഥകളിലും പഞ്ചതന്ത്രം കഥകളിലും തുടങ്ങിയ പ്രയാണം ചുവന്ന കൈപ്പത്തിയിലൂടെയും കഥാ സരിത് സാഗരത്തിലൂടെയും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലെത്തി ഒന്ന് നിന്നു. മിസ്റ്റർ ഗയിൽസിന്റെ പരിശോധനാ വേളയിൽ "കെറ്റിൽ"എന്ന വാക്കു നോക്കിയെഴുതാൻ പ്രേരിപ്പിക്കുന്ന അദ്ധ്യാപകൻ. അത് കൂട്ടാക്കാത്ത പയ്യൻസ് , ഗാന്ധി. "കോപ്പിയടി എന്ന കല എനിക്കൊരിക്കലും അഭ്യസിക്കാൻ കഴിഞ്ഞില്ല "ഗാന്ധി പറയുന്നു.” അങ്ങനൊന്നു സംഭവിക്കുമോ ? മത്തച്ചന്റെ മസ്തിഷ്കത്തിൽ ഒരു സ്ഫോടനം. ഒരു ദിവസം വൈകുന്നേരം രാമൻ ചേട്ടനോട് ചോദിച്ചു. രാമൻ ചേട്ടന് എം. കെ ഗാന്ധിയെ അറിയാമോ "? "പിന്നേ... നമ്മുടെ അറയ്ക്കല് ഗാന്ധി വല്ല്യപ്പൻ . ഞങ്ങൾ ഭയങ്കര കൂട്ടല്ല്യോ " ? മത്തച്ചൻ ഓടിക്കളഞ്ഞു. അങ്ങനെ വരുമ്പോഴാണ് തിട്ടമേലമ്മയെ കണ്ടത്. പതിവ് ശൈലി തന്നെ. അമ്മയ്ക്കൊരു കസവു നേര്യതു വാങ്ങി കൊടുത്താലോ ? "അമ്മയ്ക്ക് ഗാന്ധിയെ അറിയാമോ"? "എടാടാ.....ദാ കിടക്കുന്നു കാര്യം .സ്കൂളിപ്പോയി നാലക്ഷരം പഠിച്ചെന്നു കരുതി മാർപ്പാപ്പയെ കുർബാന പഠിപ്പിക്കാൻ വരല്ലെടാ മോനെ....അന്നാമ്മേടെ മോനായതു കൊണ്ട് വെറുതെ വിടുന്നു “. അന്നാമ്മേടെ മോനായതിൽ എന്തോ കാര്യമുണ്ടെന്നു മത്തച്ചന് തോന്നിയത് അന്നാണ്. ഒരു പക്ഷെ തന്നെ ."....... മോനെ..." എന്ന് വിളിക്കാത്തതും അതുകൊണ്ടായിരിക്കും. അവിടുന്നും അവൻ ഓടി. തോട്ടിനക്കരെ തെങ്ങുപാലത്തിനരികെ ഇരുന്നാലോചിച്ചു. പതിമൂന്നാം വയസ്സിൽ ഗാന്ധിക്ക് കസ്തൂർബയെ എങ്ങനെ കല്യാണം കഴിക്കാനൊത്തു. ? ഒരെത്തും പിടിയും കിട്ടുന്നില്ല. അപ്പോൾ ശോശക്കുട്ടിയെ ഒന്ന് കാണണമെന്ന് മോഹമുദിച്ചു. സ്കൂൾ മാറിയതിനാൽ കാണാൻ തീരെ പറ്റുന്നില്ല. എൻഗദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെ അവൾ വിടർന്നു കാണുമോ ? ജടമാംസി സുഗന്ധം പുറപ്പെടുവിക്കാറായോ ? കുഞ്ഞപ്പി ഉപദേശിയുടെ പ്രസംഗത്തിൽ നിന്നു പിടിച്ചെടുത്ത പദങ്ങളാണത്. തകർപ്പൻ പ്രസംഗമാണ് പള്ളിയിൽ അദ്ദേഹം നടത്തിയത്. "എന്റെ സഹോദരീ, എന്റെ കാന്ത കെട്ടിയടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ, മൂടിയിട്ടിരിക്കുന്ന ഒരു കിണറ്......വടതി കാറ്റേ ഉണരുക .....തെന്നി കാറ്റേ വരിക ..... എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിന്റെ വിശിഷ്ട ഫലം ഭുജിക്കട്ടെ. അദ്ദേഹം പറഞ്ഞത് എല്ലാമൊന്നും മനസ്സിലായില്ല. അലങ്കാര ശാസ്ത്രമൊക്കെ വളരുമ്പോൾ പഠിച്ചെടുത്തോളാം. ശോശക്കുട്ടിയുടെ വീട്ടിലേക്കൊന്നു പോയാലോ എന്നാലോചിക്കുമ്പോൾ റോഡിൽ ഒരു ബഹളം കേട്ടു. "ബാലൻ പിള്ളേ നേതാവേ... ധീരതയോടു നയിച്ചോളു.... ഞങ്ങടെ ഓമന നേതാവേ ... ലക്ഷം ലക്ഷം പിന്നാലെ.. തെക്കു നിന്നൊരു പടക്കുതിര ചീറിപ്പാഞ്ഞു വരുന്നുണ്ടേ ... കെട്ടാമെങ്കിൽ കെട്ടിക്കോ ആരുണ്ടിവിടെ കാണട്ടെ ..." ഗ്രാമത്തിലെ സകല പിള്ളേരും റോഡിലേക്കോടി. കൂട്ടത്തിൽ മത്തച്ചനും. ശോശക്കുട്ടിയെ മറന്നു പോയി. പ്രചാരണ വണ്ടിയുടെ പിറകെ കൂടി പിള്ളേരെല്ലാം. കാറിൽ നിന്നെറിഞ്ഞു കൊടുക്കുന്ന നോട്ടീസിന് വേണ്ടി കശപിശയായി. ജനാധിപത്യത്തിന്റെ കാവൽപ്പടയാളികൾ പോർക്കളത്തിൽ അടരാടുമ്പോൾ ജീപ്പിന്റെ പുറകെ ഓടി ഇളം തലമുറ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഇരുട്ടുന്നതു വരെ തെരഞ്ഞെടുപ്പ് ചർച്ചകളായിരുന്നു പിന്നെ. ജനാധിപത്യം ഇങ്ങനെ ചെറുപ്പത്തിലേ രക്തത്തിൽ കലരുന്നതുകൊണ്ടു ഇവിടെ പട്ടാള ഭരണം വരാനൊക്കില്ല. ജനത്തിന് വോട്ടു ചെയ്തുകൊണ്ടേയിരിക്കണം. അത്താഴം കഴിഞ്ഞു മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ മത്തച്ചൻ സത്യാന്വേഷണ പരീക്ഷണ കഥ ആർത്തിയോടെ വായിച്ചു. പുക വലിക്കാൻ കഴിയാത്തതിന്റെ നിരാശ മൂലം ഗാന്ധിജിയും കൂട്ടുകാരും കൂടി ആത്മഹത്യ ചെയ്യാൻ പോയ സംഭവം വായിച്ചു തരിച്ചിരുന്നു പോയി. അന്നെങ്ങാനും മഹാത്മജി ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ..? പുകവലിയിൽ ചില്ലറ പരീക്ഷണങ്ങളൊക്കെ താനും നടത്തിയിട്ടുണ്ടായിരുന്നു. കടലാസ്സു ചുരുട്ടി കത്തിച്ചായിരുന്നു തുടക്കം. പിന്നെ മുറി ബീഡിയും മുറി സിഗരറ്റും. മൂക്കിൽ കൂടി പുക വിടാൻ ശ്രമിച്ചു കുശ്മാണ്ഡത്തിൽ വരെ പുക കയറി ബോധക്കേടായി. ഓർത്തപ്പോൾ ലജ്ജ തോന്നി. ക്രമേണ ഗാന്ധിജി മനസ്സിന്റെ ഉള്ളറയിൽ ഒരു ആരാധന മൂർത്തിയായി കുടിയിരുപ്പാരംഭിച്ചു. പട്ടണത്തിലെ ഗണപതിയമ്പലത്തിൽ ആറാട്ടിന് ആനയെ കാണാൻ പോയ വേളയിലാണ് കടയിൽ ഗാന്ധിജിയുടെ മൊട്ടത്തലയുള്ള വർണ്ണ ചിത്രം കണ്ടത്. പറങ്കേണ്ടി വിറ്റു പട്ടം വാങ്ങാൻ വച്ചിരുന്ന പണം കൊടുത്തു ഗാന്ധിജിയെ കൈക്കലാക്കി .ശോശക്കുട്ടിക്കുള്ള സ്ലൈഡ് കഴിഞ്ഞാൽ പിന്നെ താൻ സ്വന്തം പണം കൊടുത്തു വാങ്ങുന്ന സാധനം. മത്തച്ചന് സ്വന്തമായി പഠനമുറിയില്ലായിരുന്നെങ്കിലും ഒരു മൂല സ്വന്തമായിരുന്നു. ഒരു ചെറിയ ഡെസ്ക്കും , ഇളകിയാടുന്ന ഒരു കസേരയും, ഒരു ട്രങ്കും ഒത്തു കിട്ടി. സമ്പാദ്യങ്ങളെല്ലാം തകരപെട്ടിയിൽ പൂട്ടി വയ്ക്കും. പലതരം പെൻസിലുകൾ, ചോക്കു കഷണങ്ങൾ , മഷിയിൽ മുക്കി എഴുതുന്ന പേന, ഗോലികൾ എല്ലാം. മേശക്കു മുകളിലായി ഭിത്തിയിൽ യേശുക്രിസ്തു ഗത്സമന തോട്ടത്തിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന വലിയൊരു ചിത്രം വച്ചിട്ടുണ്ടായിരുന്നു.ഏകാന്ത യാമങ്ങളിൽ ഏറെ നേരം ആ ചിത്രം നോക്കിയങ്ങനെ ഇരിക്കും. വളരുമ്പോൾ ഗത്സമന കാണാൻ ഇസ്രായേലിൽ പോകണം എന്ന് തോന്നുന്നത് അപ്പോഴാണ്. ഗിലയാദ് മലഞ്ചെരുവിലെ കോലാട്ടിൻ കൂട്ടത്തെയും പരിമള പർവ്വതത്തിലെ ശോശന്ന പുഷ്പ്പങ്ങളെയും കാണണം. യരൂശലേം കുന്നുകളും വിലാപ ഭിത്തിയും കാണണം. പറ്റുമെങ്കിൽ ഗലീല തടാക കരയിലും പിന്നെ ചാവ് കടലിലും നീന്തിത്തുടിക്കണം. അച്ചന്മാരും ഉപദേശിമാരുമൊക്കെ തട്ടി വിടുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. വെറും പുളുവാണെങ്കിൽ പിന്നെ പള്ളീലോട്ടില്ല. ഒരു ദിവസം സ്കൂളിൽ വന്ന ഒരു സായിപ്പിനെ മിൽട്ടൺ മാസ്റ്റർ പരിചയപ്പെടുത്തി. അദ്ദേഹം നൂറു തവണ ലോകം ചുറ്റിയിട്ടുണ്ടത്രെ. വെടി. ആർക്കു പറ്റും ലോകം നൂറു തവണ ചുറ്റാൻ ? താനിതുവരെ ഉഗ്രൻകുന്നുപോലും മുഴുവനും കണ്ടിട്ടില്ല. ഒരിക്കൽ പള്ളിയിൽ ഒരു സൈറസ് സാർ വന്നു. കാഷായ വേഷമിട്ട ഒരു കൊച്ചു മനുഷ്യൻ. അദ്ദേഹം പ്രസംഗിച്ചപ്പോഴാണ് മനസ്സിലായത് യേശുക്രിസ്തു ലോകത്തിലേക്കും വലിയ വിപ്ലവകാരിയാണെന്ന്. ഒറ്റയ്ക്ക് സ്വർഗത്തിൽ പോകാൻ ശ്രമിക്കുന്നത് പാപമാണെന്ന്. യേശു അപ്പച്ചന്റെ മടിയിൽ ഒറ്റയ്ക്കു കയറി ഇരിക്കണമെന്ന് കൊതിച്ച മത്തച്ചൻ ചൂളിപ്പോയി. സാമൂഹ്യ രക്ഷയാണത്രെ പ്രധാനം. അന്ന് വൈകിട്ട് രാമൻ ചേട്ടനോട് ചോദിച്ചു. "ഈ സാമൂഹ്യ രക്ഷ എന്നാലെന്താ"? "അതോ.... രക്ഷ നമ്മുടെ കയ്യിൽ പേടി വരാതിരിക്കാൻ കെട്ടുന്ന ചരടല്ല്യോ"? സമൂഹം ചേട്ടന്റെ കടയിൽ നിന്നു കിട്ടുന്ന ചരടാ സാമൂഹ്യ രക്ഷ ...." അന്ന് മത്തച്ചൻ ഓടി. പക്ഷെ ഒരു തീരുമാനമെടുത്തു. ഇനി ഒരു വകയും രാമൻ ചേട്ടനോട് ചോദിക്കുന്ന പ്രശ്നം ഇല്ല. സിനിമ കഥകളിൽ കേമൻ. അല്ലാതെ ഒരു കുന്തവുമറിയില്ല . തേയിക്കാണെങ്കിൽ യക്ഷിക്കഥകളെങ്കിലുമറിയാം. പേടിപ്പിക്കും എന്ന് മാത്രം. ഗണപതി കോവിലിനടുത്തുള്ള കടയിൽ നിന്നു വാങ്ങിച്ച ഗാന്ധിജിയുടെ ചെറിയ പടവും യേശുക്രിസ്തുവിന്റെ ഇടതു വശത്തു പ്രതിഷ്ഠിച്ചു. കുമ്മായഭിത്തിയായിരുന്നതിനാൽ ആണി തറയ്ക്കാൻ എളുപ്പമായിരുന്നു. ആദ്യമേ അമ്മ പിടികൂടി. "യേശു അപ്പച്ചന്റെ അടുത്തണോടാ ഗാന്ധി വല്ല്യപ്പന്റെ പടം വയ്ക്കുന്നത്. ? അഹങ്കാരി " പുറകെ പുറകെ കണ്ടു വന്നവരെല്ലാം ശാസിച്ചു. മൈൻഡ് ചെയ്തില്ല. മനസ്സിന് ചെറുപ്പത്തിലേ നല്ല കട്ടിയായിരുന്നു.
കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ 
 ഉഗ്രൻകുന്നിന്റെ പുരാവൃത്തo
By ഡോക്ടർ . ഏബ്രഹാം കരിക്കം
 അദ്ധ്യായം നാല്.
കഥകൾക്ക് പഞ്ഞമില്ലാത്ത കാലം . 
 നാല് മണിക്ക് സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ സ്ലേറ്റും പുസ്തകവും വലിച്ചെറിയും. കൊല്ലുന്ന വിശപ്പാണപ്പോൾ. ഒന്നുകിൽ വാട്ടിയിട്ട ചീനി ഊറ്റിയെടുത്തു പച്ചമുളക് ഞെരടി വെളിച്ചെണ്ണയും ഒഴിച്ച് പാകത്തിലാക്കും. ഉണക്ക മീൻ ചുട്ടതു കൂടിയുണ്ടെങ്കിൽ കുശാൽ .അല്ലെങ്കിൽ അടച്ചിലച്ചമ്മന്തി. അത് അമ്മതന്നെ ഉണ്ടാക്കണം. വാളൻ പുളിയും ഉള്ളിയും മുളകും വെളിച്ചെണ്ണയുമാണ് ചേരുവകൾ. ലേശം ഉപ്പും. ചൂണ്ടു വിരൽ തൊട്ടു വായിൽ വച്ചാൽ പിന്നെ വായിൽ നിന്ന് ചൂണ്ടു വിരൽ ഊരി പോകില്ല. ചീനിയില്ലെങ്കിൽ ഗോതമ്പു ദോശ. അരി വിശേഷാവസരങ്ങളിൽ മാത്രം. അല്ലെങ്കിൽ കവലയിലെ ഉപ്പാന്റെ കടയിൽ ചെല്ലണം, ഉപ്പാപ്പൻ ലോപിച്ചതാണ് ഉപ്പാൻ. അവിടെ ഒരണ ദോശയും പിള്ളേർ സെറ്റിന് അരയണ ദോശയും കിട്ടും. കടലക്കറിയും അതിനു മുകളിൽ തേങ്ങാച്ചമ്മന്തിയും . കയ്യിൽ ഒരണ ഒന്നിച്ചു വരണമെങ്കിൽ എന്നെങ്കിലും പറങ്കി മാവിൽ അണ്ടി പിടിക്കണം. അല്ലെങ്കിൽ കുരുമുളക് വള്ളികൾ കുരുകുരാ പ്രസവിക്കണം. ചീനിയും ഗോതമ്പു ദോശയും കിട്ടിയില്ലെങ്കിൽ പത്തായതിന്റെ ഏതെങ്കിലും അറയിൽ ഏത്തക്കുലയോ പൂവൻകുലയോ പഴുത്തത് കാണും. നാലഞ്ചെണ്ണം ഉരിയുമ്പോഴേക്കും അമ്മ എത്തും. "വീട്ടിൽ വേറേം ആളുകളുണ്ട്" അത് അമ്മയുടെ സ്ഥിരം പല്ലവിയാണ്. കാര്യമാക്കില്ല. തട്ടി പറിക്കും മുമ്പ് നാലെണ്ണം കുടി പോക്കറ്റിലാക്കിയിട്ടുണ്ടാവും. പത്തായത്തിലും ശൂന്യതയാണെങ്കിൽ ഏതെങ്കിലും മുറിയുടെ മൂലയിൽ ഒരു മുറി ചക്ക പഴുത്തത് പാകത്തിലിരിക്കുന്നുണ്ടാകും. കൂഴയായാലും വരിക്കയായാലും പ്രശ്നമില്ല. ഒറ്റ ഇരിപ്പിൽ അതങ്ങകത്താക്കും. ഇതൊന്നും കിട്ടിയില്ലെങ്കിൽ പിന്നെ കലാപക്കൊടി ഉയർത്തുകയായി . അമ്മയുടെ മുമ്പിൽ കുറെ തുള്ളിച്ചാടും. കമ്പെടുക്കും വരെ. പിന്നെ മണിച്ചിയുടെ അടുത്തേക്കൊരോട്ടമാണ് . മുലയിൽ നിന്ന് പാൽ നേരെ വായിലേക്ക് .ആദ്യം ചാണകത്തിന്റെ ചുവയോക്കെ ലേശം കാണും. എന്നാലും ചൂട് പാലല്ലേ. വയറ്റിലെ കത്തൽ മാറുമല്ലോ. സന്ധ്യക്ക് മുമ്പ് ഒരു വല്ലം പുല്ലു സമ്പാദിക്കണം എന്നത് അലംഘനീയ നിയമം ആണ്. മഴയും വെയിലും പ്രശ്നമല്ല. മിക്കവാറും എല്ലാ വീട്ടിലും നിയമം ഒന്ന് തന്നെ ആയതിനാൽ ആണും പെണ്ണും എല്ലാം വല്ലങ്ങളുമായി പുറത്തു ചാടും. ആദ്യമാദ്യം വല്ലങ്ങൾ നിറയ്ക്കുന്നവർ സംഗമ സ്ഥലത്ത് സമ്മേളിക്കും. നുണയുടെ മലവെള്ളപ്പാച്ചിലാണ് പിന്നെ. ഓരോരുത്തരുടെയും വീരഘോരകൃത്യങ്ങൾ. ഇല്ലാക്കഥകളുടെയും അൽപസത്യങ്ങളുടെയും മാറാപ്പഴിക്കുകയായി ഓരോരുത്തർ. റേഡിയോയും ടി വി യും കണ്ടിട്ടില്ലെങ്കിലും നാട്ടു വിശേഷങ്ങൾ എല്ലാടവും എത്തിക്കുന്നതിന് ഇതുപോലെയുള്ള പ്രക്ഷേപണ കേന്ദ്രങ്ങൾ തുണയായി. ചന്തയിലെ കൊഞ്ചിന്റെ വിലമുതൽ ഇന്ത്യ - ചൈന യുദ്ധം വരെ വാശിയേറിയ ചർച്ചയുടെ വിഷയങ്ങളാണ്. ശനിയാഴ്ച ദിവസം അടിപൊളിയാണ്. കാളൻ ബേബിയുടെ ദിവസം. ഒരു കരുമാടിക്കുട്ടനാണ് ബേബി. കരേറ്റു നിന്നും കള്ളവണ്ടി കയറി വന്നതാണ്. നാലരയടി പൊക്കം കാണും. പ്രായമറിയില്ല. ഒരു ദിവസം അങ്ങേവീട്ടിലെ കൊച്ചപ്പൻ കൂട്ടി കൊണ്ട് വന്നു. "ഇതേതാ ഈ കരിഭൂതം"? കൊച്ചമ്മ ചോദിക്കുന്നത് കേട്ടു. "വിശന്നു പൊരിഞ്ഞു ആ റോഡിൽ കിടക്കുന്നതു കണ്ടു. നീ എന്തെങ്കിലും ഒന്ന് നുള്ളിക്കോട്" കൊച്ചപ്പൻ അരുളി. പിന്നങ്ങോട്ട് ബേബിയുടെ ദിനങ്ങളായിരുന്നു. നാട്ടുകാർ അവനെ കാളൻ ബേബി എന്ന് വിളിച്ചു. ശാപ്പാടടിച്ചു വീർത്തപ്പോൾ അവൻ വീരവാദം മുഴക്കി തുടങ്ങി. "കരേറ്റിൽ വച്ച് ഞാൻ ഏഴുപേരെ ഒറ്റക്കാലിൽ നിന്ന് മലർത്തിയടിച്ചിട്ടുണ്ട്". പിള്ളേർക്കെലാം അവൻ ഹീറോ ആയി. വീട്ടു ജോലികൾ എന്തും ചെയ്യുന്നത് കൊണ്ട് എല്ലാവർക്കും അവനെ കാര്യമാണ്. നൂറടി പൊക്കമുള്ള പ്ലാവിൽ നിന്ന് ചക്കയിടും. ഇരുപതടി താഴ്ചയുള്ള കിണറ്റിൽ തൊട്ടി പൊട്ടി വീണുപോയാൽ അവൻ ചാടിയിറങ്ങും. മുങ്ങിത്തപ്പി തൊട്ടിയെടുക്കും. കയറും പൊട്ടിച്ചൊരു കാളക്കൂറ്റൻ കുതറിയോടിയാൽ പുറകെ ബേബിയുണ്ടാകും. കശാപ്പിനുള്ള പോത്തിനെ കയറുകെട്ടി മലർത്തിയടിക്കാൻ അവൻ റെഡി. കശാപ്പുകാരൻ പോത്തിന്റെ കഴുത്തറത്തു ചൂട് രക്തം ചരുവത്തിലേക്കു പകരുമ്പോൾ - അതിൽ ചവുട്ടിയിരുന്നാൽ വാതം പോകും--കാലിട്ടടിക്കുന്ന പോത്തിന്റെ കാലിൽ ബേബിയുടെ ശക്തമായ പിടുത്തമുണ്ടാകും. വയലിൽ കാള പൂട്ടാനും മരമടിക്കുമ്പോൾ മരത്തിൽ കമിഴ്ന്നു കിടക്കാനും , മരമടി മഹോത്സവം അരങ്ങു തകർക്കുമ്പോൾ കാളയുടെ പുറകെ ഓടാനും ബേബിയെ കാണാം. ഉടക്കി കഴിഞ്ഞാൽ വീരമാർത്താണ്ടൻ. ശനിയാഴ്ച ശവക്കോട്ടയുടെ താഴെയുള്ള കിളിത്തട്ടു പുരയിടത്തിൽ അടിതട പരിശീലനമുണ്ട്. ആശാൻ ബേബി തന്നെ. ഒറ്റക്കാലിൽ പറക്കുന്ന മർമ്മ ശിരോമണി. നാല് മണിക്ക് തുടങ്ങുന്ന കിളിത്തട്ടു കളി ബേബി എത്തും വരെ മാത്രം. ഏതെങ്കിലും പറമ്പിലെ പണി കഴിഞ്ഞ് കൃത്യം അഞ്ചുമണിക്ക് അവൻ എത്തും. അതുവരെ കിളിത്തട്ട്. അല്ലെങ്കിൽ മറ്റു കളികളുണ്ട്. വരി വരിയായി നിന്ന് തുപ്പിയാൽ ആരുടെ തുപ്പലാണ് അകലത്തു വീഴുക. ചൊറിച്ചുമ ല്ലും പ്രധാന പരിപാടിയാണ്. എല്ലാരും എന്തെങ്കിലും തീറ്റി സാധനങ്ങൾ കൊണ്ട് വന്നിരിക്കണം എന്നത് നിയമമാണ് .കാരണം വിശന്നു കൊണ്ട് അടിതട അഭ്യസിക്കാനാവില്ല. ചക്ക, തേങ്ങാ, മാങ്ങ, വാഴപ്പഴം, കരുപ്പട്ടി, മൾബറിക്കായ് , ഉണ്ടശർക്കര, വെള്ളരിക്കായ് തുടങ്ങിയവ ഓരോരുത്തരായി പുറത്തെടുക്കും. മുന്തിയ പങ്കും ബേബി തന്നെ വിഴുങ്ങും. ആനയുടെ വയറാണവന് . പിന്നീട് എല്ലാവരും കുടി ബേബിയുടെ മേൽ ചാടി വീഴുകയായി. അവൻ കുട്ടിക്കരണം മറിഞ്ഞ് ഓരോരുത്തരെയായി അടിച്ചും തൊഴിച്ചും താഴെയിടും. അടിച്ചാൽ കൊള്ളുന്നിടം വച്ച് തടഞ്ഞോളണം എന്നതാണ് ഉത്തരവ്. പല അടികളും തല കൊണ്ടാണ് ബേബി തടയുന്നത്. അവന്റെ തല ഉരുക്കാണ്. തന്റെ ശക്തി തലയാണ് പോലും . ഒരു മണിക്കൂർ പ്രകടനം കഴിയുമ്പോഴേക്കും എല്ലാരും തളർന്നു വീഴും. ബേബി മാത്രം അപ്പോഴും ഒറ്റക്കാലിൽ നിന്നട്ടഹസിക്കും. "ആരുണ്ടെടാ ....വരിനെടാ...ഹായ് തരികിട തിത്തൈ. ഹായ് തരികിട തിത്തൈ". ശ്വാസം നേരെ വീഴുമ്പോൾ ഓരോരുത്തരായി ചെന്ന് തോട്ടിലെ പളുങ്കു പോലുള്ള വെള്ളം ആവോളം കുടിച്ചു ദാഹം തീർക്കും. ബ്രാലും ആരാനും തുടങ്ങിയ മീനുകളൊക്കെ കാലിലും കയ്യിലും വന്നു തട്ടി മറ്റൊരു യുദ്ധത്തിന് വെല്ലു വിളിക്കുന്നുണ്ടാവും അപ്പോൾ. "നീയൊക്കെ ഇപ്പോൾ ചാടി കളിക്ക് ....നാളെ കാണിച്ചു തരാം" മത്സ്യങ്ങളോട് കിന്നാരം പറയും. തോട്ടിൽ മീനുകൾ ധാരാളം ഉണ്ടായിരുന്നു. മീൻ പിടുത്തം മാത്തച്ചന്റെ പ്രധാന ഹോബികളിലൊന്നാണ്. ഈർക്കിൽകൊണ്ടു മെനഞ്ഞ കൂടുണ്ട് .പിന്നെ പൊത്തിൽ കയ്യിട്ടു പിടിക്കും. ഒരിക്കൽ പൊത്തിൽ നിന്ന് വലിച്ചു പുറത്തിട്ടത് ഒരു നീർക്കോലിയെ. നീർക്കോലി കടിച്ചാൽ ഒരത്താഴം മുടങ്ങും. അത്രേയുള്ളു. അതുകൊണ്ടൊന്നും പൊത്തിൽ കയ്യിടുന്ന ഏർപ്പാട് നിർത്തിയിട്ടില്ല. ശനിയാഴ്ചകളിൽ വീട്ടിൽ ചെന്ന് കയറുന്നതു രാത്രിയിലായാലും കുഴപ്പമില്ല. അതുകൊണ്ടു കാളൻ ബേബിയുടെ ചുറ്റും കൂടിയിരുന്ന് നാട്ടു വിശേഷങ്ങൾ വിളമ്പുകയായി പിന്നെ : കിഴക്കേ പള്ളിക്കൂടത്തിലെ അപ്പൻ സാറിന്റെ പോത്തിനെ തീറ്റാൻ പോയ കഥയായിരിക്കും അവിടെ പഠിക്കുന്ന ഒരാൾക്ക് പറയാനുള്ളത്. ഗുരുകുല സമ്പ്രദായത്തിൽ അങ്ങനെയായിരുന്നെന്ന്. വിളയിലപ്പന്റെ പറമ്പിൽ മൂർഖൻ പത്തി വിടർത്തി ആടി നിന്നപ്പോൾ നാട്ടുകാരെല്ലാം ഓടിക്കൂടി അടിച്ചിട്ടത് വേറൊരു സംഭവം. സ്കൂൾ ആനി വേഴ്സറിക്കു മേക്കപ്പ് റൂമിൽ ഒളിഞ്ഞു നോക്കിയതിന്റെ വീരസ്യം ഒരാൾ പങ്കു വയ്ക്കുമ്പോൾ ചീട്ടുകളി സംഘത്തെ പോലീസുകാർ ആട്ടിപ്പായിച്ച കഥ മറ്റൊരാൾ പാടിപറയും. പിന്നെ കിഴക്കേ നടയിലെ അമ്പലത്തിലെ ഉത്സവത്തിന് വില്ലടിച്ചാംപാട്ട് നടത്തിയത്, കിഴക്കേത്തോട്ടിൽ നീന്താൻ പോയപ്പോൾ കയത്തിൽ മുങ്ങിച്ചാവാൻ പോയത്, മീൻപിടിപ്പാറയിലെ പാറക്കെട്ടിന്റെ ഗർത്തത്തിൽ അടിതെറ്റി വീണിട്ടും ചാടി കയറി രക്ഷപെട്ടത്. അങ്ങനെ പലതും. ഇതൊന്നുമല്ലെങ്കിൽ എല്ലാവരെയും " .......മോനെ"എന്ന് മാത്രം വിളിക്കുന്ന തിട്ടമേലമ്മയുടെ വീരഗാഥകൾ. കഥകൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. തിട്ടമേലമ്മ ഒരു സംഭവമാണ്. മാറ് മറയ്ക്കുന്നതിൽ വിശ്വാസമില്ല. മാത്രമല്ല ഉഗ്രൻക്കുന്നിൽ അതിനു തനിക്കു മാത്രമേ അവകാശമുള്ളൂ എന്ന മട്ടിലായിരുന്നു നടപ്പ്. കുതിരയുടെ എടുപ്പും. സ്ലേറ്റും പുസ്തകവുമായി സ്കൂളിലേക്കോടുമ്പോഴാണെന്നു തോനുന്നു മത്തച്ചൻ ആദ്യമായി തിട്ടമേലമ്മയെ സന്ധിക്കുന്നത്. "നീ അന്നാമ്മേടെ മോനല്ല്യോടാ കൊച്ചേ? ......ഛായ അത് തന്നെ...... " മുഖം കണ്ടപ്പോൾ താൻ അന്നാമ്മേടെ മോൻ ആണെന്ന് എങ്ങനെ മനസ്സിലായി? തന്നെ " ....മോനേ" എന്ന് വിളിക്കാതെ "കൊച്ചേ "എന്ന് വിളിച്ചത് എന്തിനു ? തിട്ടമേലമ്മയെ ഇഷ്ട്ടപെട്ടുപോയി. അവർ വെറ്റിലമുറക്കാൻ വാങ്ങാൻ റോഡിലേക്കിറങ്ങിയാൽ സകലർക്കും പേടിയാണെന്ന് ക്രമേണ മാത്തച്ചൻ മനസ്സിലാക്കി. നാട്ടിൽ ആരെന്തു തെറ്റ് ചെയ്താലും ഉടൻ അവരറിയും. "എടാ പാപ്പൻ .........മോനെ , നീ ഇന്നലെ ഷാപ്പിൽ കള്ളുകുടിച്ചു ലഹളയുണ്ടാക്കിയെന്നു കേട്ടല്ലോടാ പോക്കിരി....." "എടാ നാണപ്പാ..... എന്തിനാടാ നീ ഇന്നലെ നിന്റെ പെണ്ണിന്റെ ആറാംമാലിക്ക് അടിച്ചത്...."? "എടാ താന്നി കഴുവേറീ .. നീ വരമ്പ് വെട്ടാൻ ചെന്നപ്പോൾ ആ കറിയയുമായി ഗോൽത്തയുണ്ടാക്കിയത് എന്തിനാടാ ..... ....മോനെ.... "? . നല്ല ചങ്കുറപ്പുള്ള ആരെങ്കിലും "പോ തള്ളേ"എന്ന് പറഞ്ഞാലായി. അതിനു തന്റേടമുള്ളവർ ചുരുക്കമായിരുന്നു. 'അമ്മ നാട്ടിലെ കോടതിയായിരുന്നു. ഒരിക്കൽ കടേലെ കുട്ടിച്ചാൻ ചോദിച്ചു "നീ ആരാ ഞങ്ങളെ വിസ്തരിക്കാൻ? മുൻസിപ്പോ ? അതോ പേഷ്ക്കാരോ ? " "ബ്ഭ) ...പോക്കിരി "അതും പറഞ്ഞു 'അമ്മ കുട്ടിച്ചായന്റെ നേർക്ക് പാഞ്ഞടുത്തു. അങ്ങേർ പ്രാണനും കൊണ്ടോടിക്കളഞ്ഞു. ഒരു സത്യം മാത്തച്ചന് വഴിയേ ബോധ്യപെട്ടു. നാട്ടിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞിരുന്നത് തിട്ടമേലമ്മയുടെ മഹനീയ സാനിദ്ധ്യം കൊണ്ടായിരുന്നു.
(കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ 
 ഉഗ്രൻകുന്നിന്റെ പുരാവൃത്തം. 
 ഡോ . ഏബ്രഹാം കരിക്കം
 അദ്ധ്യായം മൂന്ന്
 വള്ളിക്കുടിലിൽ ഒരു രാത്രി.
 അന്നൊരു ഞായറാഴ്ചയായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടടുത്തു കാണും . “സായിപ്പിൻകുന്നിൽ തുണി വിതരണം "ആരോ വിളിച്ചു കൂവി. കേൾക്കാത്ത താമസം. അമ്മമാരെല്ലാം തൊണ്ട പൊട്ടിച്ചു. "എടാ.... വാസുവേ......" എടാ തങ്കുവേ ....." "എടാ ജോണിയെ..... " "സായിപ്പിൻക്കുന്നിൽ തുണി വിതരണം നടത്തുന്നെന്ന്. ഓടിച്ചെല്ലിനെടാ.... " മത്തച്ചൻ അപ്പോൾ ശവക്കോട്ട പുരയിടത്തിൽ ഒരു കല്ലറയിൽ മലർന്നു കിടക്കുകയായിരുന്നു. നക്ഷത്രങ്ങളില്ലാത്ത ആകാശം നോക്കി. പാല പൂവിന്റെ മണം പേറി വരുന്ന കാറ്റു തലോടുമ്പോൾ അങ്ങനെ കിടക്കാൻ പരമ സുഖമാണ്. വിശാലമായ സെമിത്തേരിയിൽ ഒന്നോ രണ്ടോ കൊച്ചു കല്ലറകളേ ഉണ്ടായിരുന്നുള്ളു . കുറേ മൺകൂനകളും. സിമന്റു പൂശിയ ആ കല്ലിന്മേൽ കിടക്കുമ്പോൾ നല്ല തണുപ്പായിരുന്നു. മണിച്ചി പശുവും കിടാവും അരികെ പുല്ലു മേഞ്ഞു നിൽക്കുന്നുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങൾ പകൽ എവിടെ പോയി ഒളിക്കുന്നു. അതെ പറ്റി ശാന്തമായി ആലോചിക്കുന്ന നേരത്താണ് വിളിയും കൂട്ട ഓട്ടവും. എല്ലാ റോഡുകളും സായിപ്പിൻ കുന്നിലേക്ക്. ഓട്ട മത്സരം. മുമ്പേ മുമ്പേ എത്തി നല്ല കാൽസറായികളും കമ്പിളി പുതപ്പുകളും കരസ്ഥമാക്കാൻ. നിമിഷങ്ങൾക്കുള്ളിൽ മത്തച്ചൻ താഴെ വയൽ വരമ്പത്തെത്തി. പിന്നെ ഒറ്റപാച്ചിലായിരുന്നു. കുന്നുകൾ താണ്ടി സായിപ്പിന്റെ ബംഗ്ലാവിനു മുന്നിലെത്തി . താമസിച്ചു പോയോ ? ഒരു മുന്നൂറു പേരെങ്കിലും അപ്പോഴേക്കും അവിടെ എത്തിയിരുന്നു. നാട്ടിലെ ആരോഗ്യമുള്ള ആണുങ്ങൾ മുഴുവനും അവിടെയുണ്ട്. കൂട്ടത്തിൽ ചില സ്ത്രീ തൊഴിലാളികളും. ആൾക്കാർ വരിവരിയായിരിക്കാൻ ആരൊക്കെയോ വിളിച്ചു കൂവുന്നുണ്ട്. പക്ഷെ നരകത്തിൽ ക്യൂ സംവിധാനം നടക്കുമോ? ഉന്തും തള്ളുമായപ്പോൾ ആരോ തുണികൾ വാരിയെറിഞ്ഞു. മുട്ടായി പെറുക്കിനു മത്സരിക്കുന്ന കുട്ടികളുടെ മട്ടായിരുന്നു പിന്നെ എല്ലാവർക്കും. സായിപ്പന്മാർ വന്ന നാൾ മുതൽ തുടങ്ങിയ ഏർപ്പാടായിരുന്നു. അമേരിക്കയിൽ പോയി പറയും ഇന്ത്യയിലാർക്കും അരിയും തുണിയുമില്ലെന്ന്.കുറേ പഴഞ്ചൻ തുണികളും വാരിക്കെട്ടി തിരികെ പോരും. ഇപ്പോൾ ഇത് സായിപ്പിന്റെ ക്രൂര വിനോദമായിരുന്നു. ഖാദി മതി എന്ന് ഗാന്ധിജി പറഞ്ഞതിന് മധുരമായ പകപോക്കൽ. ആൾക്കാർ കടിപിടി കൂടിയപ്പോൾ സായിപ്പും മദാമ്മയും നോക്കി ചിരിച്ചു. കഴിഞ്ഞ തലമുറ ഫോറിൻ തുണി വാരി കൂട്ടി തീയിട്ടെങ്കിൽ അടുത്ത തലമുറ അതിലൊന്ന് കിട്ടാൻ പരസ്പ്പരം യുദ്ധം ചെയ്യുന്നു. പഴയ കോണകമായിരുന്നു ഇതിലും ഭേദമെന്ന് മത്തച്ചനപ്പോൾ തോന്നാതിരുന്നില്ല. എങ്കിലും പലരോടു പടവെട്ടി കയ്യിൽ കിട്ടിയ ഒരു കമ്പിളി പുതപ്പുമായി വീട്ടിലേക്കോടി . അത് അമ്മയുടെ മുന്നിൽ പ്രദർശിപ്പിച്ചു. "പശുവും കുട്ടിയും എന്തിയെടാ"? അമ്മയുടെ നിലവിളി. "കർത്തവേ ...ചതിച്ചോ? "മത്തച്ചൻ വിലപിച്ചു. സായിപ്പിന്റെ കുന്നിലേക്ക് പാഞ്ഞപ്പോൾ പശുവിനെ കെട്ടാൻ മറന്നു. അവൾ ഓടി പൊയ്ക്കാണുമോ ? എങ്കിൽ അപ്പൻ പിശാചാവും. പിന്നെ തന്റെ അന്ത്യമാവും. ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. മത്തച്ചൻ അപ്പോൾ ശവക്കോട്ടയിലേക്കോടിയ ഓട്ടം കണ്ടിരുന്നെങ്കിൽ മിൽഖാസിംഗ് ഞെട്ടിപ്പോയേനെ . "മണിച്ചീ...." "മണിക്കുട്ടീ....." കരഞ്ഞു വിളിച്ചു കൊണ്ട് അവൻ നാലുപാടും ഓടി. മണിച്ചിയെയും മണിക്കുട്ടിയെയും എങ്ങും കണ്ടില്ല. ഇനി വീട്ടിലോട്ടു പോയിട്ട് കാര്യമില്ലെന്ന് അവൻ തീരുമാനിച്ചു. അപ്പൻ കാലിൽ പിടിച്ചു എറിഞ്ഞു കളയും. തടുക്കാൻ ചെന്നാൽ അമ്മയ്ക്കും കിട്ടും. "പുറപ്പെട്ടു പോയാലോ" കല്ലറമേലിരുന്നിട്ടു അവൻ തല പുകച്ചു. നെൽപ്പാടം കടന്നാൽ എം സി റോഡാണ്. കുത്തനെ ഒരു കയറ്റമുണ്ടു്. ചരക്കെടുക്കാൻ രാത്രിയിൽ കൊല്ലത്തേക്ക് പോകുന്ന കാളവണ്ടികൾ ഇറക്കമിറങ്ങി വരുമ്പോൾ വണ്ടിക്കാർ ഉറങ്ങുകയാവും. കാളകൾക്കറിയാം എവിടെപ്പോയി നിൽക്കണമെന്ന്. ചരക്കുവണ്ടികളുമായി പണ്ട് കൊല്ലത്തു പോയ കഥകൾ വല്ല്യപ്പൻ പറഞ്ഞിട്ടുണ്ട്. വണ്ടിയുടെ അടിയിൽ കെട്ടിയ റാന്തലിന്റെ വെളിച്ചത്തിൽ കാളകൾ നടന്നോളും. പരപരാ വെളുക്കുമ്പോൾ ചിന്നക്കടയിൽ പാപ്പാനാച്ചാരുടെയും ചോനാച്ചാരുടെയും കടയിലെത്തണം. നിറയെ സമാനങ്ങളുമായി തിരികെ പോരും. അങ്ങനെ ഒരു രാത്രിയിലാണ് വല്ല്യപ്പന്റെ അപ്പന് ചതി പിണഞ്ഞത്. നാട്ടിലെ അറിയപ്പെടുന്ന വ്യാപാരിയായിരുന്നു. ജൗളിയും പലചരക്കും. ബിസ്സിനസ് കൊഴുത്തു നിൽക്കുന്ന കാലം. അപ്പൻ വണ്ടിയിൽ കിടന്നുറങ്ങി. രണ്ടായിരം പണം വലമടിശീലക്കകത്താക്കിഇരിപ്പിടത്തിൽ കീഴെയുള്ള പെട്ടിയിൽ സൂക്ഷിച്ചിരുന്നു. സഹായിയും ഒപ്പമുണ്ടല്ലോഎന്ന ധൈര്യത്തിൽ സുഖമായുറങ്ങി. കിളികൊല്ലൂരാണ് പ്രഭാത കർമ്മങ്ങൾ. കാളകൾ അവിടെ ചെല്ലുമ്പോൾ താനെ നിൽക്കും.വണ്ടിയുടെ ഇളക്കം നിലച്ചപ്പോൾ വല്യപ്പൻ ഉണർന്നു. ഇരിപ്പിടം പൊക്കി പണക്കിഴി തപ്പി. ഉള്ളിൽ അഗ്നിപർവ്വതം പുകഞ്ഞു കത്തി. ബോധം കേട്ടില്ല എന്നേയുള്ളു. അന്നത്തെക്കാലത്തു വമ്പിച്ചൊരു മുതലാണ്. സഹായിയും കൈ മലർത്തി. ബിസിനസ്സ് പൊളിഞ്ഞു. കുടുംബം കുത്തുപാളയെടുത്തു. എല്ലാം നശിച്ചപ്പോൾ എല്ലാരേയും കൂട്ടി ഉഗ്രൻകുന്നിലെത്തി .പതിനാലേക്കർ വാങ്ങി അദ്ധ്വാനം തുടങ്ങിയതാണ്. കുറെ കഴിഞ്ഞപ്പോൾ അപ്പന്റെ സഹോദരൻ മലബാറിലേക്ക് പോയി. കാട്ടികുളത്ത് കാട്ടാനകളോട് പൊരുതി വിജയിച്ച കഥകൾ വേറെ. മാത്തച്ചൻ പുറപ്പെട്ടു പോകാൻ തന്നെ തീരുമാനിച്ചു. രാത്രിയാവും വരെ കല്ലറക്കാട്ടിലെ വള്ളികൾക്കിടയിൽ ഒളിച്ചിരിക്കാം. പാതിരാ കഴിഞ്ഞാൽ പ്രേതങ്ങൾ ഇറങ്ങും. അതിനു മുമ്പേ സ്ഥലം വിടണം. ശവക്കോട്ട ഒരു കൊച്ചു വനത്തിലാണ്. അതിനുള്ളിലെ ഓരോ ഇഞ്ചും മത്തച്ചനറിയാം. ഓണക്കാലത്ത് ഊഞ്ഞാലിടാനായി ചുണ്ണാമ്പുവള്ളികൾ തേടി അലയാറുണ്ടിവിടെ . കനത്ത വള്ളികൾക്കായി കൂട്ടുകാർ തമ്മിൽ പൊരിഞ്ഞ പോരാണ്.ആരുടെ ഊഞ്ഞാലാ ഇത്തവണ കേമം എന്നൊരു ചർച്ചയുണ്ട്. പിന്നെ പ്ലാവിന്റെ കൊമ്പിൽ മിന്നുന്ന ഊഞ്ഞാലിൽ ചില്ലിയാട്ടം പറക്കുന്നതിന്റെ ത്രിൽ പറയുക പ്രയാസം. രാമൻ ചേട്ടൻ ഒരിക്കൽ കനത്ത ഒരു ചുണ്ണാമ്പ് വള്ളിയിൽ കയറി പിടിച്ചു. മൂടറുക്കും മുമ്പ് വലിച്ചു വലിച്ചു പുറത്തിട്ടു. പക്ഷെ ഒരു തടിയൻ മലമ്പാമ്പായിരുന്നു. നിലത്തു വീണതും അത് രാമൻ ചേട്ടനെ ചുറ്റി വരിഞ്ഞു. രണ്ടു പേരും തമ്മിൽ യുദ്ധമായി. എല്ലുകൾ ഓടിയും എന്ന ഘട്ടം വന്നപ്പോൾ അരിവാൾ എടുത്തു ഒറ്റ വെട്ട്. പാമ്പു രണ്ടു തുണ്ടം. അന്ന് മുതൽ മത്തച്ചൻ ഏതു വള്ളിയിൽ പിടിച്ചാലും മലമ്പാമ്പാണോയെന്നു ആദ്യം പരിശോധിക്കും. മലമ്പാമ്പ് അന്നൊക്കെ ധാരാളമുണ്ടായിരുന്നു . രാത്രിയിൽ കോഴിയെ പിടിച്ചു പാതി വിഴുങ്ങിയപ്പോഴാണ് ഒന്നിനെ വീട്ടിൽ എല്ലാവരും കുടി എറിഞ്ഞു വീഴ്ത്തിയത്. നെയ്യ് ഒരുക്കിയെടുക്കാം എന്ന് പറഞ്ഞു അതിനെ നീലാണ്ടൻ കൊണ്ടുപോയി. വള്ളിക്കുടിലുപോലുള്ള ഒരു പൊത്തിൽ മത്തച്ചൻ ഒളിച്ചിരുന്നു. രാത്രിയാവാൻ ഇനിയും ഒരുപാടുണ്ട്. ബട്ടൺ പൊട്ടിയ ഒരു വള്ളി നിക്കർ മാത്രമേ ധരിച്ചിട്ടുള്ളു. നെൽപ്പാടത്തു നിന്ന് കാറ്റടിക്കുമ്പോൾ കുളിരുകോരുന്നു. പാടത്തെ കാറ്റിനു മാത്രം എന്തിത്ര നനവ് ? വിശന്നിട്ടണ്ഡം കീറുന്നുണ്ട്. ചൂരക്കായോ തെറ്റിപ്പഴമോ അടുത്തെങ്ങും കാണുന്നുമില്ല. താഴെ തോടരുകിൽ കാക്കപ്പൂക്കൾ ഇരുട്ടിലും വെട്ടിത്തിളങ്ങുന്നു. കുറെ പറിച്ചു തിന്ന് തോട്ടിലെ തെളിനീരും കുടിക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. കാളവണ്ടിയിൽ കൊല്ലത്തു ചെന്നിറങ്ങിയാൽ ? ഓർത്തപ്പോൾ ഒരു മരവിപ്പ്.... അവിടെ ഹോട്ടലുകൾ ധാരാളമുണ്ട്. സപ്ലയർ ആകാം. രാവിലെ ഇഷ്ടംപോലെ ദോശയും സാമ്പാറും കിട്ടും. ഉച്ചയ്ക്കും രാത്രിയിലും കുശാലായ ശാപ്പാട്. ശരീരം കൊഴുത്തു ഗുസ്തിക്കാരനെ പോലെയാകും. കുറെ നാൾ കഴിഞ്ഞാൽ മദ്രാസിലേക്ക് ട്രെയിൻ കയറാം. ചെങ്കോട്ട തുരങ്കം കാണാം. കക്കൂസിലിരുന്നാൽ ടിക്കറ്റ് വേണ്ട. കോടമ്പാക്കത്തു ചെന്നാൽ ശിവാജി ഗണേശൻ, എം. ജി. ആർ, ജയലളിത, എം. എൻ, നാഗേഷ് എന്നിവരെയെല്ലാം കാണാനാകും. ഒരുപാടു സിനിമകളും കാണാം. രാമൻ ചേട്ടൻ പോയിട്ടുണ്ട്. വള്ളിക്കുടിലിലിരുന്നു അറിയാതെ ഉറങ്ങിപ്പോയി. അടുത്തെവിടെയോ ഒരു കുറുക്കൻ ഊരിയിട്ടപ്പോൾ ഞെട്ടിയുണർന്നു. മൈലുകൾക്കകലെ മദ്രാസ് മെയിലിന്റെ ചൂളം വിളി. രാത്രി പന്ത്രണ്ടു മണിക്കാണ് ട്രെയിൻ വരുന്നത്. മത്തച്ചൻ ചാടിയെഴുന്നേറ്റു. പന്ത്രണ്ടു കഴിഞ്ഞാൽ കല്ലറകൾ ചലിക്കും. പ്രേതങ്ങൾ ഇറങ്ങും. കൂർത്ത പല്ലുകളുമായി ഇറങ്ങി വരുന്ന ഡ്രാക്കുളയുടെ കഥ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. കടമറ്റത്തു കത്തനാർ യക്ഷിയെ തലയിൽ ആണി തറച്ചു ചേർത്തടിച്ചിട്ടുള്ളതിനാൽ ആ ശല്യമില്ല .പക്ഷെ കുറ്റാക്കൂരിരുട്ടിൽ....? വയൽ വരമ്പത്തു കൂടി കത്തിച്ച ചൂട്ടുകറ്റകളുമായി മൂന്നാലാൾരൂപങ്ങൾ നടന്നു വരുന്നു. വയറ്റിൽ തീ....... ശവക്കോട്ടയിലേക്കു തന്നെയാണവർ നടക്കുന്നത്. പക്ഷെ പ്രേതങ്ങൾ ചൂട്ടുകറ്റയുമായി വരുമോ ? സാദ്ധ്യതയില്ല. സംസാരം കേട്ടപ്പോൾ മനസ്സിലായി. കാളൻ ബേബിയും ചേട്ടന്മാരും. തന്നെ തിരയുകയാണവർ. "മണിച്ചി വന്നതറിയാതെ അവനിനി എങ്ങോട്ടെങ്കിലും ഓടിപ്പോയ്ക്കാണുമോ"? "ങേ .....മണിച്ചി വന്നോ ......"? ചാടിക്കിതച്ചു അവരുടെ മുന്നിലെത്തി. കാട്ടു പന്നിയാണെന്നാണ് അവർ ആദ്യം കരുതിയത്. അടിച്ചിടാൻ ഓങ്ങിയതുമാണ്. "നീ എവിടരുന്നെടാ ....."? ചേട്ടന്റെ കർക്കശ സ്വരം. "ഞങ്ങളെ വിഷമിപ്പിച്ചു കളഞ്ഞല്ലോടാ മത്തീ....." കാളൻ ബേബിയുടെ ശകാരം. "നിന്നെ കാണാനില്ലെന്ന് പറഞ്ഞു അമ്മ നിലവിളിക്കുന്നു" അവർ തുടർന്നു. "മണിച്ചി വന്നോ "? "അവളും മണികുട്ടിം സന്ധ്യക്കേ വീട്ടിൽ വന്നല്ലോ...." ========================================
കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ 
 ഉഗ്രൻകുന്നിന്റെ പുരാവൃത്തം. 
ഡോ . ഏബ്രഹാം കരിക്കം
 ആദ്ധ്യായം രണ്ട് 
അമ്മക്കിളിയുടെ ശാപം .
 കൊമ്പൻ ആഞ്ഞിലിയുടെ ഉച്ചിയിലേക്കുള്ള പകുതി ദൂരം താണ്ടിയപ്പോഴേക്കും മത്തച്ചൻ തളർന്നു. ഒരു കവിട്ടയിൽ വിവശനായി കിടന്നു. തൊണ്ട വരളുന്നു. കണ്ണിൽ ഇരുട്ടു നിറയുന്നു. തുടുത്ത ആഞ്ഞിലിപ്പഴം ഒന്നിറുത്ത് അവൻ അതിന്റെ കുരു ഓരോന്നായി നുണയാൻ ആരംഭിച്ചു. നല്ല ഔഷധഗുണമുള്ള പഴമാണ് . ക്ഷീണം പമ്പ കടന്നു. പല മരത്തിൽ നിന്നും കാക്കകളെ പിടിച്ചിട്ടുണ്ട്. പക്ഷെ ആ കൊമ്പൻ ആഞ്ഞിലിയുടെ മണ്ടയിൽ ഇന്നേവരെ ആരും കയറിയിട്ടില്ല. രണ്ട് നാൾ മുമ്പ് രാമൻ ചേട്ടൻ പറഞ്ഞതാണ് . അപ്പോഴേ മത്തച്ചൻ നിനച്ചു. ഞാൻ കയറും. കയറുക തന്നെ ചെയ്യും. എല്ലാവരും ചെയ്യുന്നത് ചെയ്യാനാണെങ്കിൽ പിന്നെ താനെന്തിന്? താഴേക്ക് ഒന്നേ നോക്കിയുള്ളൂ. കാലുകൾ വിറയ്ക്കാൻ തുടങ്ങി. താഴ്വാരം ഒരു കൊക്കപോലെ. ഭയക്കരുത്. മനസ്സ് മന്ത്രിച്ചു. ദൃഷ്ടികൾ മുകളിലേക്ക് തന്നെ. മത്തച്ചൻ തോൽക്കില്ല. തോൽക്കൻ അനുവദിക്കില്ല. ഏതാനും വാരകൾ മേലെ കാക്കക്കറുമ്പികൾ തല നീട്ടുന്നു. ഒരു കുരുന്നു കുയിലിന്റെ ഈണവും. ക ള്ളക്കുയിൽ ഒരിക്കലും സ്വന്തമായി കൂടുണ്ടാക്കാറില്ലത്രേ. മടിപിടിച്ച ബൂർഷ്വാ വർഗമാണ്. കാക്ക കാണാതെ വന്ന് അതിന്റെ കൂട്ടിൽ മുട്ടയിട്ടു കടന്നു കളയും. പക്ഷെ അപ്പുക്കുട്ടനാശാൻ വീട്ടിൽ വന്നപ്പോൾ ഹാർമോണിയം വച്ച് പാടിയ പാട്ടെങ്ങനെ ശരിയാവും? "കാട്ടിലെ കുയിലിന്റെ കൂട്ടിൽ ....കാക്ക പണ്ടൊരു മുട്ടയിട്ടു കാടറിഞ്ഞില്ല ..കൂടറിഞ്ഞില്ല.....കൂട്ടരുമറിഞ്ഞില്ല" എന്തെങ്കിലുമാവട്ടെ . വീട്ടിലെ ഗാനമേളയ്ക്കു കൊഴുപ്പു കൂട്ടാൻ ചുമ്മാ പാടിയതായിരിക്കും. ടാർസൺ വള്ളികളിൽ തൂങ്ങി മരക്കൊമ്പിലേക്കു ചാടുന്ന രംഗം മത്തച്ചനോർത്തു. പിന്നെയും മുകളിലേക്ക് .രണ്ട് മൂന്നു ചില്ലകൾ കഴിഞ്ഞാൽ കൂട്ടിൽ കയ്യെത്തും. തോർത്ത് എളിയിൽ കെട്ടി ഒരു മാറാപ്പു ഉണ്ടാക്കി. കുഞ്ഞുങ്ങളെ സുരക്ഷിതമായി വയ്ക്കാൻ. പെട്ടെന്ന് എന്തോ തലയിൽ ഇടിച്ചപോലെ. അപ്പൻ കാക്ക. പുറത്ത് മുള്ളാണി തറച്ച പോലെ. അമ്മ കാക്ക. “കർത്തവേ ....”അതൊരലർച്ചയായിരുന്നു. പിന്നെ പല കാക്കകൾ ഒന്നിച്ചായിരുന്നു ആക്രമണം. കണ്ണ് കുത്തിപറിക്കുമോ ? ഉഗ്രൻക്കുന്നിൽ ഒരു കണ്ണ് പൊട്ടനും കുടി ജനിക്കുമോ ? കാക്ക തന്നെ കൊന്നോട്ടെ. എന്നാലും ഇനി പിന്നോട്ടില്ല. മുകളിലേക്ക് ഒറ്റ കുതിപ്പായിരുന്നു. എത്തിയൊരു പിടുത്തം. കാക്കക്കൂടു പൊളിഞ്ഞു താഴേക്ക് . ചിറകു മുളക്കാത്ത കുഞ്ഞുങ്ങളിലൊന്ന് മത്തച്ചന്റെ മടിയിൽ. പെട്ടന്നതിനെ മാറാപ്പിലാക്കി. ഇന്ത്യയെ ആക്രമിക്കാൻ വരുന്ന ചൈനയുടെ മട്ടായിരുന്നു പിന്നെ കാക്കകൾക്ക്. മാത്തച്ചൻ ചിലതിനെയൊക്കെ ആട്ടിപ്പായിച്ചു . എന്നിട്ടു താഴേക്ക് ഊർന്നിറങ്ങി. കാല് താഴെ ഒരു ശിഖരത്തിലേക്കു വച്ചതാണ്. പക്ഷെ തെന്നിപ്പോയി. മുകളിലെ പിടിയും വിട്ടു കഴിഞ്ഞിരുന്നു. കൊമ്പനാഞ്ഞിലിയുടെ മണ്ടയിൽ നിന്ന് നൂറടി താഴ്ചയിലേക്ക്. ഭൂമി ഒന്ന് വിറങ്ങലിച്ചു. കാക്കക്കൂട്ടം ഒരു നിമിഷം നിലവിളി നിർത്തി .പ്രകൃതി നിശ്ചലം. ചൊവ്വയിൽ നിന്ന് വരുന്ന പറക്കും തളിക മാതിരി എന്തോ ഒന്ന് ഭൂമിയിലേക്ക് വരുന്നത് വയലിലും പറമ്പിലും നിന്ന നാട്ടുകാരിൽ ചിലർ കണ്ടു. ഈഗിൾ ചന്ദ്രോപരിതലത്തിൽ ചെന്നിറങ്ങിയപോലെ മത്തച്ചന്റെ കാലുകൾ നെൽ പ്പാടത്തിലെ ചെളിക്കുണ്ടിൽ മൃദുവായിട്ടാണ് സ്പർശിച്ചത് . അവൻ ഒന്ന് തെറിച്ചു. വെളുത്ത ഒരു ആൾരൂപം മുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്നു . പിന്നെ അത് അപ്പൂപ്പന്താടി മാതിരി കാറ്റിൽ അലിഞ്ഞില്ലാതെയായി. "ഞാനുണ്ട് കൂടെ "ആ ആൾരൂപം മന്ത്രിച്ചോ? കൂട്ടുകാരും നാട്ടുകാരും പാഞ്ഞടുക്കുമ്പോൾ മാറാപ്പിലെ കിളിയെ കൈ വെള്ളയിൽ വച്ച് ലാളിച്ചു കൊണ്ട് മത്തച്ചൻ മന്ദം മന്ദം നടക്കുകയായിരുന്നു. കൊമ്പനാഞ്ഞിലിയുടെ നെറുകയിൽ കാക്കകൂട്ടം പിന്നെയും തലതല്ലിക്കരയാനാരംഭിച്ചു. സായന്തന സൂര്യന്റെ കിരണങ്ങൾക്കു നല്ല തുടിപ്പ്. വീടിനു മുകൾഭാഗത്തുള്ള പാറക്കെട്ടിൽ കയറി പടിഞ്ഞാറേ ചരുവിലെ സ്വർണ്ണഗോളത്തെ നോക്കി എല്ലാം മറന്നിരിക്കുന്നതു അവന്റെ പതിവായിരുന്നു. ചിലപ്പോൾ അറബിക്കടലിന്റെ തിരയിളക്കം കാണാം. ഇരുട്ടായാൽ വിളക്കുമരത്തിൽ നിന്നും വീശുന്ന പ്രകാശ വീചികളും കാണാം. പക്ഷെ അതിനൊന്നും ഇന്ന് നേരമില്ല. നല്ല കനമുള്ള കാക്കക്കറുമ്പി കയ്യിലിരിക്കുന്നു. പാകപ്പെടുത്തി കുരുമുളക് പൊടി തൂവി വറുത്തെടുത്താൽ കറുമുറെ കടിച്ചു തിന്നാം. കാക്കയിറച്ചിക്കു നല്ല സ്വാദാണെന്നു എല്ലാവരും പറയുന്നു. വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കണം. കുളക്കോഴി തോൽക്കുമത്രേ. പെട്ടെന്ന് അവന്റെ മനസ്സിൽ ഒരാശയം ഉദിച്ചു. ശോശക്കുട്ടിയുടെ വീടുവരെ പോയാലോ ? ചോദിച്ചാൽ കാക്കയെ കാണിക്കാൻ വന്നതാണെന്ന് പറയാമല്ലോ. പക്ഷികളെ പറ്റി പഠിക്കാനുള്ളതല്ലേ? ഒത്താൽ ചിത്രശലഭത്തിന്റെ സ്ലൈഡും കൊടുക്കാം. വില്ലുവിട്ട കണക്കെ ഒരു കുതിപ്പായിരുന്നു. പാടങ്ങൾക്ക് നടുവിലൂടെ, കല്ലും കട്ടാരമുള്ളുകളും നിറഞ്ഞ ഇടുക്കു വഴികളിലൂടെ, ശവക്കോട്ടയുടെ അരികിലൂടെ. അങ്ങകലെ കണ്ടു. മുറ്റത്തെ പനിനീർ ചെടിയുടെ ഇലകളിൽ പതുങ്ങിയിരിക്കുന്ന പുഴുക്കളെ തപ്പുകയാണവൾ. ഒരു മാടപ്പിറാവ്. എത്ര നല്ല പൂക്കൾ!. എത്ര സൗരഭ്യം!. ശകുനം മുടക്കികൾ ആരും കൂടെ ഇല്ലാത്തതു മഹാഭാഗ്യം. കളം കളിയ്ക്കാൻ വന്ന കൂട്ടുകാരി പരിഷകൾ ഇരുട്ട് വീഴാറായപ്പോൾ മടങ്ങിയിട്ടുണ്ടാവും. "ശോശക്കുട്ടീ"അവൻ വിളിച്ചു. "മത്തച്ചൻ" അവൾക്കു ആകാംഷയും അമ്പരപ്പും. “ഒരു കാര്യം കാണിക്കാനാ". "എന്താ "? അവൻ മാറാപ്പിൽ നിന്ന് പതിയെ കാക്കക്കുഞ്ഞിനെയെടുത്തു കൈവെള്ളയിൽ വച്ചു. "അയ്യോ "അവൾ നടുങ്ങി. "ഇതിനെ ആരാ കൂട്ടീന്ന് എടുത്തെ “?. “പരമദുഷ്ട്ടൻ"അവൾ വിലപിക്കാനാരംഭിച്ചു. "അത്.... ആഞ്ഞിലികൊമ്പത്ത് ....കാക്കക്കൂട്.”..മത്തച്ചൻ വിക്കി വിക്കി മൊഴിയാൻ തുടങ്ങി. "കൊണ്ട് വയ്ക്കണം അതിന്റെ കൂട്ടിൽ . ഇപ്പതന്നെ . അമ്മക്കിളിയുടെ ശാപം കിട്ടും . കൊണ്ട് പോ....." സ്ത്രീയുടെയും അമ്മയുടെയും വിധവയുടെയും ശാപമേൽക്കരുതെന്ന് ഉണ്ണിസാർ പറഞ്ഞിട്ടുണ്ട്. അമ്മക്കിളിയും ശപിക്കുമോ ? അതിനു കിളിക്കു ഭാഷയുണ്ടോ ? ഇവളാര് ? മഹതിയാം ബാബിലോണോ ? കൈവെള്ള പൊള്ളുന്നു. നെഞ്ചു കാളുന്നു. പുകയുന്ന കണ്ണുകളുമായി മത്തച്ചൻ ഇരുട്ടിലൂടെ ഓടി. ശവക്കോട്ടക്കരികിലൂടെ, കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴികളിലൂടെ , പാടങ്ങൾക്ക് നടുവിലൂടെ. ചിത്രശലഭത്തിന്റെ കാര്യമൊന്നും അന്നേരം അവനോർത്തില്ല. കൊമ്പനാഞ്ഞിലിയുടെ ചില്ലകളിൽ കാക്കകൾ അപ്പോഴും തലതല്ലിക്കരയുകയായിരുന്നു. പിറ്റേ ദിവസം സ്കൂളിൽ ഒരു മഹാ സംഭവം നടന്നു. ഇന്ദ്രജാലം. ഒരാൾ മണ്ണിനടിയിൽ ഒരു മണിക്കൂർ ചെലവഴിക്കുന്നു. ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല. ഉഗ്രൻ നിവാസികൾ ഒന്നടങ്കം സ്കൂളിലേക്ക് ഓട്ടമാരംഭിച്ചു. അങ്ങനെയെങ്കിൽ കാണണമല്ലോ. ഗ്രൗണ്ടിൽ വലിയൊരു കുഴി. വമ്പിച്ച ജനാവലി ചുറ്റും . കൃത്യം രണ്ടു മണി ആയപ്പോൾ ആറടി പൊക്കമുള്ള, ആനയുടെ കരുത്തുള്ള ഒരു വയസ്സൻ കുഴിയിലേക്കിറങ്ങുന്നു. ഏതാനും പേര് മണ്ണിട്ട് കുഴിയും മൂടി. പിന്നെ ഉദ്വഗനിമിഷങ്ങൾ . വയസ്സൻ തട്ടി പോകുമോ ? അതോ ഹീറോയായി ഉയർത്തെഴുനേൽക്കുമോ ? "ശവപ്പെട്ടി കരുതിക്കോ "ആരോ വിളിച്ചു പറഞ്ഞു. അതുകേട്ടു ഹെഡ്മിസ്ട്രസ് പതറി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അവർ വിളിച്ചു കൂവി. "മാന്തിയെടുക്കയാളെ "ഉത്തരവ് ഉടൻ നടപ്പിലായി. പുറത്തു വന്ന ഇന്ദ്രജാലക്കാരൻ മൂക്കള തുടച്ചു കൊണ്ടാക്രോശിച്ചു. "ആരെടാ നേരത്തെ മണ്ണ് മാന്തിയത് "? തൂമ്പയെടുത്തു മണ്ണ് മാന്തിയവരെല്ലാം നാലുപാടും മണ്ടി. കുട്ടികൾ കൂകി വിളിച്ചുകൊണ്ടു വീടുകളിലേക്കോടി. റോഡിലേക്ക് പാഞ്ഞ ഒരു കുട്ടി അതെ സ്പീഡിൽ തിരികെ വന്നു പൊന്നമ്മ ടീച്ചറോട് പറഞ്ഞു " കാറിൽ വന്ന ഒരമ്മ വിളിക്കുന്നു" ടീച്ചർ ഓടിച്ചെന്നു. കുട്ടികളെല്ലാം പിറകെ കുടി. സിംഹം മാതിരി നിന്ന ടീച്ചർ പൂച്ച പോലെ പതുങ്ങുന്നതു കണ്ടു. ഫിയറ്റ് കാറിൽ ഡി . ഇ . ഓ . “സ്കൂൾ നേരത്തെ വിട്ടതെന്തിന് "? "കാറിലിരുന്ന് സ്ത്രീ മുരണ്ടു. "മാഡം... അത്.... കലാപരിപാടി...." ടീച്ചർ താണുവണങ്ങി. "മേലിൽ ആവർത്തിച്ചേക്കരുത്" "യെസ് മാഡം" കുട്ടികളുടെ മുമ്പിൽ ചൂളിയത്തിന്റെ വിഷമം ആയിരുന്നു ടീച്ചർക്ക്. എന്നാലും ഒരു കലാകാരനെ ആദരിക്കാൻ കഴിഞ്ഞല്ലോ . നാട്ടിൻപുറത്തെ കലാകാരനെ ആദരിക്കാൻ ഇറ്റലിക്കാർക്കു മാത്രമല്ല അറിയാവുന്നത്. കൂട്ടം കുടി നടക്കുമ്പോൾ വാസു മൊഴിഞ്ഞു. "അരമണിക്കൂർ കുഴിയിൽ കിടക്കുന്നതു അത്ര വലിയ കാര്യമൊന്നുമല്ല.” "നിനക്ക് കാണിക്കാമോ "ജോയി ഏറ്റു പിടിച്ചു. "ബെറ്റുണ്ടോ "? "ഉണ്ട്" "എന്തോന്ന് " "വാഴയ്ക്കാ". പതിവുപോലെ ഒരടിപിടിക്കുള്ള അരങ്ങൊരുങ്ങി. രണ്ടുപേരും സ്ലേറ്റുംപുസ്തകവും ദൂരെയെറിഞ്ഞു. ബട്ടൺ പൊട്ടിയ നിക്കർ മുറുക്കിയുടുത്തു. കോഴിപ്പോരുകാരെപോലെ തുറിച്ചു നോക്കി നിന്നു. മത്തച്ചനും ഒരു പങ്കാളിയാവാൻ ആലോചിക്കുമ്പോഴാണ് ശോശക്കുട്ടിയെ കണ്ടത്. അവൻ ചാടി നടുക്ക് വീണു പോരാളികളെ പിടിച്ചു മാറ്റി. എല്ലാവരും പിരിഞ്ഞു പോയി. പിറകിൽ പിന്നിയിട്ട മുടിയുമായി നീളൻ പാവാട തെറുത്തു പിടിച്ചു നടന്നു വരുന്ന ശോശക്കുട്ടിയെ മാത്തച്ചൻ സാകൂതം നോക്കി. "ഉഗ്രൻക്കുന്നിൽ ഇവളെക്കാൾ വെളുത്ത പെണ്ണുണ്ടോ ? "കറുത്ത വളകൾ ഇട്ട കൈകൾക്കു നല്ല നീളം. അവൻ മന്ത്രിച്ചു. "ആ കാക്കക്കുഞ്ഞിനെ എന്ത് ചെയ്തു ?" വന്നപാടെ അവൾ ഒരു ചാട്ടം. കൈവെള്ള പെട്ടെന്ന് ചൂടാവുമ്പോലെ. ചൂട് നെഞ്ചിലേക്കും പായുന്നു. കൂട്ടുകാരികൾ വിളിച്ചപ്പോൾ മറുപടിക്കു കാത്തു നിൽക്കാതെ അവൾ ഓടിപ്പോയി. നിക്കറിന്റെ വലത്തേ പോക്കറ്റിൽ കിടക്കുന്ന ചിത്രശലഭത്തിനും ചൂട്. അല്പം വിസ്തൃതമായ ഒരു തോട് കടന്നു വേണം മലഞ്ചെരുവിലേക്കു പോകാൻ. ഒറ്റത്തടി പാലം ഒന്നുണ്ടെങ്കിലും വെള്ളത്തിലിറങ്ങിക്കേറുന്നതാണ് മത്തച്ചന്റെ പതിവ്. അമിതമായി വെള്ളം പൊങ്ങുമ്പോൾ മാത്രം തെങ്ങു പാലത്തിലൂടെ ഒരോട്ടമുണ്ട്. നിക്കറും ഉടുപ്പും ഊരിവച്ചു സ്ലേറ്റും പുസ്തകവും അതിന്റെ മോളിലും വച്ചിട്ട് അവൻ തോട്ടിലേക്കൊരു ചാട്ടം. എരിയുന്ന മനസ്സിനെ തണുപ്പിക്കാനോ? അതോ ഇന്ദ്രജാലക്കാരനെ വെല്ലുവിളിച്ചു ഭൂമിക്കടിയിൽ കഴിയാനോ ? ഏറെ നേരം കഴിഞ്ഞു വെള്ളത്തിനടിയിൽ നിന്നു പൊങ്ങി വരുമ്പോഴേക്കും കാഴ്ചക്കാരായി ഏറെപ്പേർ അവിടെയും കുടി നിൽപ്പുണ്ടായിരുന്നു. പിന്നീട് ചില ദിവസങ്ങൾ ശോശക്കുട്ടിയെ കാണുമ്പൊൾ മാത്തച്ചൻ ഒഴിഞ്ഞു മാറി നടന്നു. അമ്മക്കിളിയുടെ ശാപം പോലും ! ഇവളാരാ ? ദുർവ്വാസാവിന്റെ ശേഷക്കാരിയോ ? ===========================================
ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ ) 
By ഡോ. ഏബ്രഹാം കരിക്കം
 ആദ്ധ്യായം . 1 
കളിച്ചെറുക്കനും കാക്കകുടും 
 സ്വർണ്ണക്കതിർക്കുലകൾ ഇളംകാറ്റിൽ കുഞ്ഞലകൾപോലെ. നോക്കെത്താതെ നെൽപ്പാടങ്ങൾ. പരൽമീനുകൾ തുള്ളിച്ചാടികളിക്കുന്ന കുഞ്ഞരുവികൾ ഇരുവശത്തും. കാക്കപ്പൊന്നും കാട്ടുകൈതയും കാക്കണയും നിറഞ്ഞുതുളുമ്പിയ പാടത്തിൻകരയിൽ ആകാശം മുട്ടെ ഒരാഞ്ഞിലി മരം. അരികിലുള്ള പ്ലാവ്, പുളിമരം തുടങ്ങിയ വമ്പന്മാരെ നിഷ്പ്രപരാക്കുന്ന പ്രൗഡി. ആ ആഞ്ഞിലിയുടെ നെറുകച്ചില്ലയിൽ ഒരു കാക്കക്കൂട്. അതിൽ തലനീട്ടുന്ന കുരുന്നു കാക്കകളും കൂകു പാടുന്നൊരു കുയിലിന്റെ കുഞ്ഞും. വള്ളിനിക്കറിട്ട മാത്യു ജോസഫ് എന്ന മത്തച്ചൻ ചോട്ടിൽ നിന്ന് നെറ്റിയിൽ കൈവച്ച് ആ കൂറ്റൻ മരത്തിന്റെ ആകാശതിർത്തി നോക്കി അളവു പഠിച്ചു. അവന്റെ കണ്ണിൽ അന്നേരം നീലാംബരവും കാക്കകുടും മാത്രം. വെല്ലുവിളി സ്വീകരിക്കുന്നു എന്നമട്ടിൽ അവൻ തലയാട്ടി. നിക്കറിന്റെ രണ്ടു പോക്കറ്റിലും കിടന്ന സ്ഥാവര ജംഗമങ്ങൾ വലിച്ചു പുറത്തിട്ടു. ഭാരം കുറയ്ക്കാനുള്ള വിദ്യ. പുറം താളില്ലാത്ത എഞ്ചുവടി, തിളക്കമാർന്ന ഗോലികൾ, നാലഞ്ച് പറങ്കേണ്ടികൾ, ഒരു കറ്റാപുൾട്ട്, രണ്ടുരുളൻ കല്ലുകൾ പിന്നെ ചിത്രശലഭം മാതിരിയുള്ള ഒരു ചുവന്ന സ്ലൈഡും. ഉഗ്രൻ കുന്നിലെ മലയാളം മീഡിയം പ്രൈമറി സ്കൂളിൽ നാലാം ക്ലാസ്സിൽ ഒന്ന് തോറ്റു നിൽക്കുകയാണ് മലഞ്ചെരുവിലെ നല്ല കൃഷിക്കാരനായ ജോസഫിന്റെ മകൻ മത്തച്ചൻ. ത്രിഭുവിൽ അവനു പേടിയുള്ളതു ഒരൊറ്റയാളെ മാത്രം. കണക്കിന്റെ ടീച്ചറും ഹെഡ്മിസ്ട്രസുമായ പൊന്നമ്മ ടീച്ചർ. നാലിന്റെ പട്ടിക ചൊല്ലിക്കേടാ എന്ന് പറയുന്നതും അകത്തെത്തുടകീഴിൽ കയ്യിട്ടു ഒരൊറ്റ ഞെരടു ഞെരടുന്നതും ഒന്നിച്ചാണ്. നീണ്ട കൈകൾക്കു അമ്പിന്റെ വേഗവും. നിക്കറു നനഞ്ഞു പോകും. രാത്രിയിൽ ഉറക്കമിളച്ചു പഠിച്ച പട്ടിക മറന്നു പോകും. ഞെരടിന്റെ സ്പീഡ് അന്നേരം കൂടി വരികയും ചെയ്യും. പല രാത്രികൾ പൊന്നമ്മ ടീച്ചറെ സ്വപ്നം കണ്ട് ഞെട്ടിയുണർന്നവൻ നിലവിളിച്ചിട്ടുണ്ട്. അമ്മ വന്നു ആശ്വസിപ്പിക്കും എന്നിട്ടു എല്ലാവരും കേൾക്കെ പറയും നേരം പുലർന്നാലുടൻ ശവക്കോട്ട പുരയിടത്തിലേക്കു ഓട്ടമല്യോ? എങ്ങനെ പേടിക്കാതിരിക്കും ? മൂന്നാം ക്ലാസ്സുവരെ മത്തച്ചൻ പഠിച്ചത് സായിപ്പിന്റെ സ്കൂളിലായിരുന്നു. അമേരിക്കൻ മിഷനറിമാർ സ്ഥാപിച്ച പള്ളിക്കൂടം . അവിടെ ഏലിക്കുട്ടി ടീച്ചർ നിക്കർ പൊക്കി പെടയ്ക്കുമായിരുന്നെങ്കിലും അത് സാരമില്ലായിരുന്നു. തെറിച്ചു വളരുന്ന ഒരാൺകുട്ടിക്കു സഹിക്കാവുന്നതേയുള്ളു ഏതു പെൺവാദ്ധ്യാരുടെയും അഞ്ചാറടികൾ. പക്ഷെ തുടക്കീഴിലെ പിടുത്തം. അത് ഭയാനകം. എന്തിനാണാവോ സായിപ്പ് പ്രൈമറി സ്കൂൾ വിട്ടു കളഞ്ഞത് ?മലയാളം മീഡിയം അദ്ദേഹത്തിനത്ര പിടിച്ചിട്ടുണ്ടാവില്ല. എന്തായാലും ഭയങ്കര ചതിയായിപ്പോയി. സായിപ്പിന്റെ കുന്നിൽ പറങ്കിമാവിന്റെയും കാറ്റടിയുടെയും കമ്പൊടിച്ചു കറങ്ങി നടക്കാൻ രസമായിരുന്നു. ഒഴിവു സമയങ്ങളിൽ കുന്നിന്റെ താഴെ സായിപ്പ് കെട്ടിയുണ്ടാക്കിയ വലിയ ചിറ കാണാൻ പോകാമായിരുന്നു. കുന്നിന്റെ നെറുകയിൽ പണിതു വച്ച കാറ്റാടി യന്ത്രം കണ്ടു അത്ഭുതം കൂറി നിൽക്കാമായിരുന്നു. നൂറു വർഷങ്ങൾക്കപ്പുറം ഉഗ്രനക്കുന്നിലെത്തിയ സായിപ്പന്മാരുടെ വീരഗാഥകൾ പലതും കേട്ടിട്ടുണ്ട്. രാജാക്കന്മാർ ഒന്നൊന്നായി അവർക്കു മുന്നിൽ അടിയറവു പറയും കാലം. അയ്യായിരം വർഷത്തെ പാരമ്പര്യം ആരെയും തുണച്ചില്ല. വെടിമരുന്നിന്റെ ഗന്ധം ഇന്ത്യമഹാരാജ്യത്തെ മയക്കികിടത്തുകയായിരുന്നു. എന്തിനാണാവോ സായിപ്പ് പ്രൈമറി സ്കൂൾ വിട്ടു കളഞ്ഞത് ?മലയാളം മീഡിയം അദ്ദേഹത്തിനത്ര പിടിച്ചിട്ടുണ്ടാവില്ല. എന്തായാലും ഭയങ്കര ചതിയായിപ്പോയി. സായിപ്പിന്റെ കുന്നിൽ പറങ്കിമാവിന്റെയും കാറ്റടിയുടെയും കമ്പൊടിച്ചു കറങ്ങി നടക്കാൻ രസമായിരുന്നു. ഒഴിവു സമയങ്ങളിൽ കുന്നിന്റെ താഴെ സായിപ്പ് കെട്ടിയുണ്ടാക്കിയ വലിയ ചിറ കാണാൻ പോകാമായിരുന്നു. കുന്നിന്റെ നെറുകയിൽ പണിതു വച്ച കാറ്റാടി യന്ത്രം കണ്ടു അത്ഭുതം കൂറി നിൽക്കാമായിരുന്നു. നൂറു വർഷങ്ങൾക്കപ്പുറം ഉഗ്രനക്കുന്നിലെത്തിയ സായിപ്പന്മാരുടെ വീരഗാഥകൾ പലതും കേട്ടിട്ടുണ്ട്. രാജാക്കന്മാർ ഒന്നൊന്നായി അവർക്കു മുന്നിൽ അടിയറവു പറയും കാലം. അയ്യായിരം വർഷത്തെ പാരമ്പര്യം ആരെയും തുണച്ചില്ല. വെടിമരുന്നിന്റെ ഗന്ധം ഇന്ത്യമഹാരാജ്യത്തെ മയക്കികിടത്തുകയായിരുന്നു. യക്ഷിയും ഈനാംപേച്ചിയും മേഞ്ഞുനടന്ന ഘോരവനത്തിൽ അരഞ്ഞാണം പോലെ റോഡുണ്ടാക്കി കറങ്ങി കറങ്ങി മണ്ടയിലെത്തി. കാട് തെളിച്ചു പള്ളിയും പള്ളിക്കുടവും പണിതു. സായിപ്പിന് പേടിയില്ലായിരുന്നു. കാരണം കയ്യിൽ തോക്കുണ്ടായിരുന്നു. പറയന്മാരും പുലയന്മാരും സായിപ്പിന്റെ കൂടെ കൂടിയതോടെ 'തമ്പ്രാൻ' വിളി നിർത്തി മനുഷ്യന്മാരെ പേരുചൊല്ലി വിളിക്കാൻ തുടങ്ങി. "അവന്റെ ഹുങ്ക് കണ്ടില്ലേ...."? ചില മേലാളർ പിറുപിറുത്തു. എന്ത് ചെയ്യാം? സായിപ്പിന്റെ കയ്യിൽ തോക്കുണ്ടല്ലോ പണ്ടാണെങ്കിൽ കണ്ടത്തിൽ ചവിട്ടി താഴ്ത്തിയാൽ പിന്നെ മേലോട്ടില്ലായിരുന്നു. അവന്മാരുടെ ഭരണമല്ലേ? കാഞ്ചി വലിച്ചാൽ ഏതാനയും വീഴും. പക്ഷെ തോക്കു കണ്ട് യക്ഷി നാട് വിട്ടത് എന്തിനു? പ്രൈമറി സ്കൂളിൽ പൊന്നമ്മ ടീച്ചർ ഉള്ളേടത്തോളം കാലം മത്തച്ചന്റെ പോക്കറ്റിൽ എഞ്ചുവടിയുണ്ടാകും പിന്നെ ഗോലികൾ. വട്ടെന്ന് വിളിക്കും. സോഡാക്കുപ്പിയുടെ കഴുത്തിൽ കിടക്കുന്ന സൈസ്. അത് വച്ച് കൂട്ടുകാരുടെ വിരലിന്റെ കിണ്ണനോക്കി അടിക്കണം. അവന്മാർ പുളയുന്നത് കാണാൻ എന്ത് ശേലാണെന്നോ?ക്ലാസിൽ വച്ച് നന്നായി പട്ടിക ചൊല്ലി ഗമയ്ക്കുന്നവന്മാരെ പുറത്തു കിട്ടുമ്പോൾ അങ്ങനെ കൈകാര്യം ചെയ്യാം. പറങ്കേണ്ടികൾ അണ്ടി കളിക്കാനുള്ള വച്ചുമുതലാണ്. അതായതു മൂലധനം. എതിരാളിയുടെ മുതലും തന്റെ ഓഹരിയും കുടി ഒരു കുഴിയിലേക്കെറിയും. കുഴിയിൽ വീഴുന്നത് എറിയുന്നവന് സ്വന്തം. പിന്നെ ചുറ്റും ചിതറിക്കിടക്കുന്നത്ഏതെങ്കിലും ഒന്ന് ഉന്നം നോക്കി എറിഞ്ഞു തെറിപ്പിച്ചാൽ എല്ലാം സ്വന്തമാക്കാം. കളിയിൽ ജയിക്കുന്തോറും നിക്കറിന്റെ പോക്കറ്റുകളും നിറയും. കറ്റാപുൾട്ട്. രണ്ടു ശിഖരമുള്ള പാലമരകമ്പ് പാകത്തിലാക്കി രണ്ടറ്റത്തായി നീളൻ റബ്ബർ കെട്ടിയുണ്ടാക്കുന്ന യന്ത്രം. നടുക്ക് ഒരു ഉണ്ട കല്ല് വച്ച് അമ്പുപോലെ വലിച്ചു വിട്ടാൽ കാക്കയും കൊക്കും താഴെത്തന്നെ. "മത്തീ" എന്ന ഇരട്ട പേരുവിളിക്കുന്നവന്റെ തലയ്ക്കും ചിലപ്പോൾ ഉന്നം പരീക്ഷിച്ചെന്നു വരാം. തല പൊട്ടുന്നവനും അവന്റെ അമ്മയും കുടി വീട്ടിലേക്കിരച്ചു ചെല്ലും. " എന്റെ കൊച്ചാടത്തി ..............ഈ കൊലച്ചതി നീ കണ്ടോ"? തലയിൽ നിന്ന് ചോരയൊലിപ്പിച്ചു തന്റെ ശത്രു നിൽക്കുന്നുണ്ടാകും. അതുകണ്ട് അമ്മയുടെ ഹൃദയം കാളും. "അവനിങ്ങു വരട്ടെ . അവന്റെ എല്ലുഞാനോടിക്കുന്നുണ്ട് ങ്ഹാ... അത്രക്കായോ" ? മൂക്കു പിഴിഞ്ഞ് ശപിച്ചുകൊണ്ട് ശത്രുവിന്റെ അമ്മ പോകും. ചിറിയിലേക്കൊഴുകുന്ന ചോരയും ഒപ്പം മൂക്കിൽ നിന്ന് വായിലേക്കിറങ്ങുന്ന മൂക്കളയും തുപ്പി തെറുപ്പിച്ചുകൊണ്ടു ശത്രുവും. സന്ധ്യയ്ക്കു പാത്തും പതുങ്ങിയും വീട്ടിലെത്തിയാൽ അടിയുടെ പൂരം. എത്ര കൊണ്ടിരിക്കുന്നു. ഒരു കൈ കൊണ്ട് തടയും മറ്റേ കൈ കൊണ്ട് തൂക്കും. ഇതുപോലെ ഒരുപാടു അടികൊണ്ടപ്പോൾ പൂക്കോട്ടെ തങ്കച്ചൻ ഒരിക്കൽ നാട് വിട്ടു പോയിരുന്നു. ഏതോ ഹോട്ടലിൽ പാത്രം കഴുകിയൊക്കെ കുറെ നാൾ നിന്നിട്ടു മുടിയനായ പുത്രനായി മടങ്ങി പോന്നു. പക്ഷെ ലഡാക്കിൽ നിന്ന് വരുന്ന പട്ടാളക്കാരന്റെ സ്റ്റൈലിലായിരുന്നു അവന്റെ വീരവാദങ്ങൾ . ചിത്രശലഭം പോലെയുള്ള ചുവന്ന സ്ലൈഡ് ചന്തയിൽ പോയപ്പോൾ വളക്കാരന്റെ തട്ടത്തിൽ നിന്ന് കാലണ കൊടുത്തു് സംഘടിപ്പിച്ചതാണ് കുറേനാളായി പോക്കറ്റിലിട്ടു നടക്കുന്നു. മൂന്നാം ക്ലാസ്സിലെ ശോശക്കുട്ടിക്ക് കൊടുക്കാൻ. പക്ഷെ അവളെ ഒറ്റയ്ക്ക് കിട്ടണ്ടേ ? പെൺപിള്ളേരുടെ ഒരു പട ഇപ്പോഴും അവളോടൊപ്പം ഉണ്ടാകും. ശോശക്കുട്ടിയെ ഒന്ന് നോക്കിയാൽ അവളുമാരുടെ ശകാരം. "ദേ.......ആ മത്തങ്ങയുടെ നോട്ടം കണ്ടോ? ഉണ്ടക്കണ്ണൻ ....? കൈ അറിയാതെ കറ്റാപുൾട്ടിലേക്കു നീളും . എന്നാലും ക്ഷമിക്കും. കാരണം ശോശക്കുട്ടി ചിരിക്കും.അവൾ മാലാഖയാണ് കൂട്ടുകാരികൾ ചെകുത്താട്ടികളാണെന്ന് മാത്രം. പളുങ്കിന്റെ ചിത്രശലഭം മാത്രം അവൻ തിരികെ വലത്തെ പോക്കറ്റിൽ നിക്ഷേപിച്ചു. ഏറ്റവും പ്രിയമുള്ള നിധികൾക്കു വലത്തെ പോക്കറ്റാണിടം. ഓർമ്മവച്ച നാൾ മുതലുള്ള പതിവാണത്. ആഞ്ഞിലിയുടെ താഴെ മത്തച്ചനെ കണ്ടത് മുതൽ കാക്കകൾ കലപില തുടങ്ങി. കൂടെടുക്കാൻ ചെന്നാൽ 'അമ്മകാക്ക കുത്തി കണ്ണുപൊട്ടിക്കും എന്ന് രാമൻ ചേട്ടൻ ഒരിക്കൽ പറഞ്ഞതവൻ ഓർത്തു. അതൊക്കെ വെറുതെ പറയുന്നതാവും. പിള്ളേരെ കളിപ്പിക്കാൻ. എത്രയോ കാക്കക്കൂടുകൾ തകർന്നിരിക്കുന്നു. എന്നിട്ടാരേലും കണ്ണ് പൊട്ടന്മാരായിട്ടുണ്ടോ? ഉഗ്രൻകുന്നിൽ ആകെ ഒരു കുരുടനല്ലേയുള്ളു. കുരുടൻ കുട്ടപ്പൻ ചേട്ടൻ. ജനിച്ചപ്പോഴേ അങ്ങനെയാകാനാണ് വഴി. കാക്ക കൊത്തിയ കാര്യമൊന്നും തേയിക്കുപോലുമറിയില്ല നാലടി പൊക്കവും ഒരു കണ്ണുമുള്ള തേയിയെ നാട്ടിൽ എല്ലായിടവും കാണാം. കാറ്റുപോലെയാണവർ. എല്ലാവരെയും കൊച്ചമ്പ്രാൻ, വല്യമ്പ്രാൻ എന്നൊക്കെ വിളിക്കാൻ ഇന്ന് തേയി മാത്രം. ഏതോ ഭൂതകാലത്തിന്റെ ജ്വലിക്കുന്ന ഒരോർമ്മയായി അവർ പറന്നു നടക്കുന്നു. " തേയിക്കെത്ര വയസ്സായി തേയിയെ "? എന്നാരെങ്കിലും ചോദിച്ചാൽ കൃത്യമായി ഉത്തരം വരും. "വരുന്ന മേടത്തിൽ നൂറ്റിയിരുപത് കൊച്ചമ്പ്രാ" തേയിക്കറിയാത്ത കാര്യം പിന്നെ ആർക്കറിയാം ? അപ്പൻ കാക്കയും അമ്മ കാക്കയും പോയി തുലയട്ടെ. അതല്ല പ്രശ്നം. സ്കൂൾ വിട്ടു വന്ന പാടെ ഓടിയെത്തിയതാണ്. വലിഞ്ഞിഴഞ്ഞു മണ്ട വരെ കയറിയാൽ ഇരുട്ടു വീഴും മുമ്പ് താഴെ ഇറങ്ങാൻ പറ്റുമോ ? കാക്കകുഞ്ഞുങ്ങളെ മാറാപ്പിൽ കെട്ടി ഭദ്രമായി കൊണ്ടിറക്കാനാകുമോ?താഴെ വരുമ്പോഴേക്കും ചങ്ങാത്തം കൂടി ഒന്നിനെ തട്ടിയെടുക്കാൻ പോക്കിരിക്കൂട്ടം ഓടിവരില്ലേ ?ഒരു സമാധാനവും ഇല്ല. എന്നാലും വിജയശ്രീലാളിതനായി കൂട്ടാളികളുടെ മദ്ധ്യേ കുരുന്നു കിളികളുമായി നിൽക്കുന്ന രംഗം ഓർത്തപ്പോൾ മത്ത് പിടിച്ചു. കുരങ്ങു ചാടും പോലെ ഒറ്റ ചാട്ടം. ഒന്നാം കവട്ടയിലെത്തി. പിന്നെ ഏന്തി വലിഞ്ഞു മുകളിലേക്ക്.നെഞ്ചു മരത്തിലുരഞ്ഞു ചോര പൊടിച്ചു. അത് തൂത്തു നിക്കറിൽ പുരട്ടി. കാക്കകളുടെ ബഹളം കൂടി. ആയിരം കാക്കകൾ പെട്ടെന്ന് പിറന്നപോലെ. അവയുടെ നിലവിളി കഠോരമായിരുന്നു