ഉഗ്രൻകുന്നിന്റെ പുരാവൃത്തം.
ഡോ . ഏബ്രഹാം കരിക്കം
ആദ്ധ്യായം രണ്ട്
അമ്മക്കിളിയുടെ ശാപം .
കൊമ്പൻ ആഞ്ഞിലിയുടെ ഉച്ചിയിലേക്കുള്ള പകുതി ദൂരം താണ്ടിയപ്പോഴേക്കും മത്തച്ചൻ തളർന്നു. ഒരു കവിട്ടയിൽ വിവശനായി കിടന്നു. തൊണ്ട വരളുന്നു. കണ്ണിൽ ഇരുട്ടു നിറയുന്നു. തുടുത്ത ആഞ്ഞിലിപ്പഴം ഒന്നിറുത്ത് അവൻ അതിന്റെ കുരു ഓരോന്നായി നുണയാൻ ആരംഭിച്ചു. നല്ല ഔഷധഗുണമുള്ള പഴമാണ് . ക്ഷീണം പമ്പ കടന്നു.
പല മരത്തിൽ നിന്നും കാക്കകളെ പിടിച്ചിട്ടുണ്ട്. പക്ഷെ ആ കൊമ്പൻ ആഞ്ഞിലിയുടെ മണ്ടയിൽ ഇന്നേവരെ ആരും കയറിയിട്ടില്ല.
രണ്ട് നാൾ മുമ്പ് രാമൻ ചേട്ടൻ പറഞ്ഞതാണ് . അപ്പോഴേ മത്തച്ചൻ നിനച്ചു. ഞാൻ കയറും. കയറുക തന്നെ ചെയ്യും. എല്ലാവരും ചെയ്യുന്നത് ചെയ്യാനാണെങ്കിൽ പിന്നെ താനെന്തിന്?
താഴേക്ക് ഒന്നേ നോക്കിയുള്ളൂ. കാലുകൾ വിറയ്ക്കാൻ തുടങ്ങി. താഴ്വാരം ഒരു കൊക്കപോലെ. ഭയക്കരുത്. മനസ്സ് മന്ത്രിച്ചു. ദൃഷ്ടികൾ മുകളിലേക്ക് തന്നെ. മത്തച്ചൻ തോൽക്കില്ല. തോൽക്കൻ അനുവദിക്കില്ല.
ഏതാനും വാരകൾ മേലെ കാക്കക്കറുമ്പികൾ തല നീട്ടുന്നു. ഒരു കുരുന്നു കുയിലിന്റെ ഈണവും. ക ള്ളക്കുയിൽ ഒരിക്കലും സ്വന്തമായി കൂടുണ്ടാക്കാറില്ലത്രേ. മടിപിടിച്ച ബൂർഷ്വാ വർഗമാണ്. കാക്ക കാണാതെ വന്ന് അതിന്റെ കൂട്ടിൽ മുട്ടയിട്ടു കടന്നു കളയും.
പക്ഷെ അപ്പുക്കുട്ടനാശാൻ വീട്ടിൽ വന്നപ്പോൾ ഹാർമോണിയം വച്ച് പാടിയ പാട്ടെങ്ങനെ ശരിയാവും?
"കാട്ടിലെ കുയിലിന്റെ കൂട്ടിൽ ....കാക്ക പണ്ടൊരു മുട്ടയിട്ടു
കാടറിഞ്ഞില്ല ..കൂടറിഞ്ഞില്ല.....കൂട്ടരുമറിഞ്ഞില്ല"
എന്തെങ്കിലുമാവട്ടെ . വീട്ടിലെ ഗാനമേളയ്ക്കു കൊഴുപ്പു കൂട്ടാൻ ചുമ്മാ പാടിയതായിരിക്കും.
ടാർസൺ വള്ളികളിൽ തൂങ്ങി മരക്കൊമ്പിലേക്കു ചാടുന്ന രംഗം മത്തച്ചനോർത്തു. പിന്നെയും മുകളിലേക്ക് .രണ്ട് മൂന്നു ചില്ലകൾ കഴിഞ്ഞാൽ കൂട്ടിൽ കയ്യെത്തും. തോർത്ത് എളിയിൽ കെട്ടി ഒരു മാറാപ്പു ഉണ്ടാക്കി. കുഞ്ഞുങ്ങളെ സുരക്ഷിതമായി വയ്ക്കാൻ.
പെട്ടെന്ന് എന്തോ തലയിൽ ഇടിച്ചപോലെ. അപ്പൻ കാക്ക. പുറത്ത് മുള്ളാണി തറച്ച പോലെ. അമ്മ കാക്ക.
“കർത്തവേ ....”അതൊരലർച്ചയായിരുന്നു. പിന്നെ പല കാക്കകൾ ഒന്നിച്ചായിരുന്നു ആക്രമണം. കണ്ണ് കുത്തിപറിക്കുമോ ? ഉഗ്രൻക്കുന്നിൽ ഒരു കണ്ണ് പൊട്ടനും കുടി ജനിക്കുമോ ?
കാക്ക തന്നെ കൊന്നോട്ടെ. എന്നാലും ഇനി പിന്നോട്ടില്ല. മുകളിലേക്ക് ഒറ്റ കുതിപ്പായിരുന്നു. എത്തിയൊരു പിടുത്തം. കാക്കക്കൂടു പൊളിഞ്ഞു താഴേക്ക് . ചിറകു മുളക്കാത്ത കുഞ്ഞുങ്ങളിലൊന്ന് മത്തച്ചന്റെ മടിയിൽ. പെട്ടന്നതിനെ മാറാപ്പിലാക്കി. ഇന്ത്യയെ ആക്രമിക്കാൻ വരുന്ന ചൈനയുടെ മട്ടായിരുന്നു പിന്നെ കാക്കകൾക്ക്. മാത്തച്ചൻ ചിലതിനെയൊക്കെ ആട്ടിപ്പായിച്ചു . എന്നിട്ടു താഴേക്ക് ഊർന്നിറങ്ങി. കാല് താഴെ ഒരു ശിഖരത്തിലേക്കു വച്ചതാണ്. പക്ഷെ തെന്നിപ്പോയി. മുകളിലെ പിടിയും വിട്ടു കഴിഞ്ഞിരുന്നു.
കൊമ്പനാഞ്ഞിലിയുടെ മണ്ടയിൽ നിന്ന് നൂറടി താഴ്ചയിലേക്ക്. ഭൂമി ഒന്ന് വിറങ്ങലിച്ചു. കാക്കക്കൂട്ടം ഒരു നിമിഷം നിലവിളി നിർത്തി .പ്രകൃതി നിശ്ചലം. ചൊവ്വയിൽ നിന്ന് വരുന്ന പറക്കും തളിക മാതിരി എന്തോ ഒന്ന് ഭൂമിയിലേക്ക് വരുന്നത് വയലിലും പറമ്പിലും നിന്ന നാട്ടുകാരിൽ ചിലർ കണ്ടു. ഈഗിൾ ചന്ദ്രോപരിതലത്തിൽ ചെന്നിറങ്ങിയപോലെ മത്തച്ചന്റെ കാലുകൾ നെൽ പ്പാടത്തിലെ ചെളിക്കുണ്ടിൽ മൃദുവായിട്ടാണ് സ്പർശിച്ചത് . അവൻ ഒന്ന് തെറിച്ചു. വെളുത്ത ഒരു ആൾരൂപം മുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്നു . പിന്നെ അത് അപ്പൂപ്പന്താടി മാതിരി കാറ്റിൽ അലിഞ്ഞില്ലാതെയായി.
"ഞാനുണ്ട് കൂടെ "ആ ആൾരൂപം മന്ത്രിച്ചോ?
കൂട്ടുകാരും നാട്ടുകാരും പാഞ്ഞടുക്കുമ്പോൾ മാറാപ്പിലെ കിളിയെ കൈ വെള്ളയിൽ വച്ച് ലാളിച്ചു കൊണ്ട് മത്തച്ചൻ മന്ദം മന്ദം നടക്കുകയായിരുന്നു. കൊമ്പനാഞ്ഞിലിയുടെ നെറുകയിൽ കാക്കകൂട്ടം പിന്നെയും തലതല്ലിക്കരയാനാരംഭിച്ചു.
സായന്തന സൂര്യന്റെ കിരണങ്ങൾക്കു നല്ല തുടിപ്പ്. വീടിനു മുകൾഭാഗത്തുള്ള പാറക്കെട്ടിൽ കയറി പടിഞ്ഞാറേ ചരുവിലെ സ്വർണ്ണഗോളത്തെ നോക്കി എല്ലാം മറന്നിരിക്കുന്നതു അവന്റെ പതിവായിരുന്നു. ചിലപ്പോൾ അറബിക്കടലിന്റെ തിരയിളക്കം കാണാം. ഇരുട്ടായാൽ വിളക്കുമരത്തിൽ നിന്നും വീശുന്ന പ്രകാശ വീചികളും കാണാം. പക്ഷെ അതിനൊന്നും ഇന്ന് നേരമില്ല. നല്ല കനമുള്ള കാക്കക്കറുമ്പി കയ്യിലിരിക്കുന്നു. പാകപ്പെടുത്തി കുരുമുളക് പൊടി തൂവി വറുത്തെടുത്താൽ കറുമുറെ കടിച്ചു തിന്നാം. കാക്കയിറച്ചിക്കു നല്ല സ്വാദാണെന്നു എല്ലാവരും പറയുന്നു. വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കണം. കുളക്കോഴി തോൽക്കുമത്രേ.
പെട്ടെന്ന് അവന്റെ മനസ്സിൽ ഒരാശയം ഉദിച്ചു. ശോശക്കുട്ടിയുടെ വീടുവരെ പോയാലോ ? ചോദിച്ചാൽ കാക്കയെ കാണിക്കാൻ വന്നതാണെന്ന് പറയാമല്ലോ. പക്ഷികളെ പറ്റി പഠിക്കാനുള്ളതല്ലേ? ഒത്താൽ ചിത്രശലഭത്തിന്റെ സ്ലൈഡും കൊടുക്കാം.
വില്ലുവിട്ട കണക്കെ ഒരു കുതിപ്പായിരുന്നു. പാടങ്ങൾക്ക് നടുവിലൂടെ, കല്ലും കട്ടാരമുള്ളുകളും നിറഞ്ഞ ഇടുക്കു വഴികളിലൂടെ, ശവക്കോട്ടയുടെ അരികിലൂടെ.
അങ്ങകലെ കണ്ടു. മുറ്റത്തെ പനിനീർ ചെടിയുടെ ഇലകളിൽ പതുങ്ങിയിരിക്കുന്ന പുഴുക്കളെ തപ്പുകയാണവൾ. ഒരു മാടപ്പിറാവ്. എത്ര നല്ല പൂക്കൾ!. എത്ര സൗരഭ്യം!. ശകുനം മുടക്കികൾ ആരും കൂടെ ഇല്ലാത്തതു മഹാഭാഗ്യം. കളം കളിയ്ക്കാൻ വന്ന കൂട്ടുകാരി പരിഷകൾ ഇരുട്ട് വീഴാറായപ്പോൾ മടങ്ങിയിട്ടുണ്ടാവും.
"ശോശക്കുട്ടീ"അവൻ വിളിച്ചു.
"മത്തച്ചൻ"
അവൾക്കു ആകാംഷയും അമ്പരപ്പും.
“ഒരു കാര്യം കാണിക്കാനാ".
"എന്താ "?
അവൻ മാറാപ്പിൽ നിന്ന് പതിയെ കാക്കക്കുഞ്ഞിനെയെടുത്തു കൈവെള്ളയിൽ വച്ചു.
"അയ്യോ "അവൾ നടുങ്ങി. "ഇതിനെ ആരാ കൂട്ടീന്ന് എടുത്തെ “?. “പരമദുഷ്ട്ടൻ"അവൾ വിലപിക്കാനാരംഭിച്ചു. "അത്.... ആഞ്ഞിലികൊമ്പത്ത് ....കാക്കക്കൂട്.”..മത്തച്ചൻ വിക്കി വിക്കി മൊഴിയാൻ തുടങ്ങി.
"കൊണ്ട് വയ്ക്കണം അതിന്റെ കൂട്ടിൽ . ഇപ്പതന്നെ . അമ്മക്കിളിയുടെ ശാപം കിട്ടും . കൊണ്ട് പോ....."
സ്ത്രീയുടെയും അമ്മയുടെയും വിധവയുടെയും ശാപമേൽക്കരുതെന്ന് ഉണ്ണിസാർ പറഞ്ഞിട്ടുണ്ട്. അമ്മക്കിളിയും ശപിക്കുമോ ? അതിനു കിളിക്കു ഭാഷയുണ്ടോ ? ഇവളാര് ? മഹതിയാം ബാബിലോണോ ?
കൈവെള്ള പൊള്ളുന്നു. നെഞ്ചു കാളുന്നു. പുകയുന്ന കണ്ണുകളുമായി മത്തച്ചൻ ഇരുട്ടിലൂടെ ഓടി. ശവക്കോട്ടക്കരികിലൂടെ, കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴികളിലൂടെ , പാടങ്ങൾക്ക് നടുവിലൂടെ. ചിത്രശലഭത്തിന്റെ കാര്യമൊന്നും അന്നേരം അവനോർത്തില്ല.
കൊമ്പനാഞ്ഞിലിയുടെ ചില്ലകളിൽ കാക്കകൾ അപ്പോഴും തലതല്ലിക്കരയുകയായിരുന്നു.
പിറ്റേ ദിവസം സ്കൂളിൽ ഒരു മഹാ സംഭവം നടന്നു. ഇന്ദ്രജാലം. ഒരാൾ മണ്ണിനടിയിൽ ഒരു മണിക്കൂർ ചെലവഴിക്കുന്നു. ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്ല. ഉഗ്രൻ നിവാസികൾ ഒന്നടങ്കം സ്കൂളിലേക്ക് ഓട്ടമാരംഭിച്ചു. അങ്ങനെയെങ്കിൽ കാണണമല്ലോ.
ഗ്രൗണ്ടിൽ വലിയൊരു കുഴി. വമ്പിച്ച ജനാവലി ചുറ്റും . കൃത്യം രണ്ടു മണി ആയപ്പോൾ ആറടി പൊക്കമുള്ള, ആനയുടെ കരുത്തുള്ള ഒരു വയസ്സൻ കുഴിയിലേക്കിറങ്ങുന്നു. ഏതാനും പേര് മണ്ണിട്ട് കുഴിയും മൂടി. പിന്നെ ഉദ്വഗനിമിഷങ്ങൾ . വയസ്സൻ തട്ടി പോകുമോ ? അതോ ഹീറോയായി ഉയർത്തെഴുനേൽക്കുമോ ? "ശവപ്പെട്ടി കരുതിക്കോ "ആരോ വിളിച്ചു പറഞ്ഞു. അതുകേട്ടു ഹെഡ്മിസ്ട്രസ് പതറി. അരമണിക്കൂർ കഴിഞ്ഞപ്പോൾ അവർ വിളിച്ചു കൂവി. "മാന്തിയെടുക്കയാളെ "ഉത്തരവ് ഉടൻ നടപ്പിലായി.
പുറത്തു വന്ന ഇന്ദ്രജാലക്കാരൻ മൂക്കള തുടച്ചു കൊണ്ടാക്രോശിച്ചു. "ആരെടാ നേരത്തെ മണ്ണ് മാന്തിയത് "? തൂമ്പയെടുത്തു മണ്ണ് മാന്തിയവരെല്ലാം നാലുപാടും മണ്ടി. കുട്ടികൾ കൂകി വിളിച്ചുകൊണ്ടു വീടുകളിലേക്കോടി.
റോഡിലേക്ക് പാഞ്ഞ ഒരു കുട്ടി അതെ സ്പീഡിൽ തിരികെ വന്നു പൊന്നമ്മ ടീച്ചറോട് പറഞ്ഞു " കാറിൽ വന്ന ഒരമ്മ വിളിക്കുന്നു" ടീച്ചർ ഓടിച്ചെന്നു. കുട്ടികളെല്ലാം പിറകെ കുടി. സിംഹം മാതിരി നിന്ന ടീച്ചർ പൂച്ച പോലെ പതുങ്ങുന്നതു കണ്ടു.
ഫിയറ്റ് കാറിൽ ഡി . ഇ . ഓ . “സ്കൂൾ നേരത്തെ വിട്ടതെന്തിന് "? "കാറിലിരുന്ന് സ്ത്രീ മുരണ്ടു. "മാഡം... അത്.... കലാപരിപാടി...." ടീച്ചർ താണുവണങ്ങി.
"മേലിൽ ആവർത്തിച്ചേക്കരുത്"
"യെസ് മാഡം"
കുട്ടികളുടെ മുമ്പിൽ ചൂളിയത്തിന്റെ വിഷമം ആയിരുന്നു ടീച്ചർക്ക്. എന്നാലും ഒരു കലാകാരനെ ആദരിക്കാൻ കഴിഞ്ഞല്ലോ . നാട്ടിൻപുറത്തെ കലാകാരനെ ആദരിക്കാൻ ഇറ്റലിക്കാർക്കു മാത്രമല്ല അറിയാവുന്നത്.
കൂട്ടം കുടി നടക്കുമ്പോൾ വാസു മൊഴിഞ്ഞു. "അരമണിക്കൂർ കുഴിയിൽ കിടക്കുന്നതു അത്ര വലിയ കാര്യമൊന്നുമല്ല.”
"നിനക്ക് കാണിക്കാമോ "ജോയി ഏറ്റു പിടിച്ചു.
"ബെറ്റുണ്ടോ "?
"ഉണ്ട്"
"എന്തോന്ന് "
"വാഴയ്ക്കാ".
പതിവുപോലെ ഒരടിപിടിക്കുള്ള അരങ്ങൊരുങ്ങി. രണ്ടുപേരും സ്ലേറ്റുംപുസ്തകവും ദൂരെയെറിഞ്ഞു. ബട്ടൺ പൊട്ടിയ നിക്കർ മുറുക്കിയുടുത്തു. കോഴിപ്പോരുകാരെപോലെ തുറിച്ചു നോക്കി നിന്നു. മത്തച്ചനും ഒരു പങ്കാളിയാവാൻ ആലോചിക്കുമ്പോഴാണ് ശോശക്കുട്ടിയെ കണ്ടത്.
അവൻ ചാടി നടുക്ക് വീണു പോരാളികളെ പിടിച്ചു മാറ്റി. എല്ലാവരും പിരിഞ്ഞു പോയി.
പിറകിൽ പിന്നിയിട്ട മുടിയുമായി നീളൻ പാവാട തെറുത്തു പിടിച്ചു നടന്നു വരുന്ന ശോശക്കുട്ടിയെ മാത്തച്ചൻ സാകൂതം നോക്കി. "ഉഗ്രൻക്കുന്നിൽ ഇവളെക്കാൾ വെളുത്ത പെണ്ണുണ്ടോ ? "കറുത്ത വളകൾ ഇട്ട കൈകൾക്കു നല്ല നീളം. അവൻ മന്ത്രിച്ചു.
"ആ കാക്കക്കുഞ്ഞിനെ എന്ത് ചെയ്തു ?" വന്നപാടെ അവൾ ഒരു ചാട്ടം. കൈവെള്ള പെട്ടെന്ന് ചൂടാവുമ്പോലെ. ചൂട് നെഞ്ചിലേക്കും പായുന്നു. കൂട്ടുകാരികൾ വിളിച്ചപ്പോൾ മറുപടിക്കു കാത്തു നിൽക്കാതെ അവൾ ഓടിപ്പോയി. നിക്കറിന്റെ വലത്തേ പോക്കറ്റിൽ കിടക്കുന്ന ചിത്രശലഭത്തിനും ചൂട്.
അല്പം വിസ്തൃതമായ ഒരു തോട് കടന്നു വേണം മലഞ്ചെരുവിലേക്കു പോകാൻ. ഒറ്റത്തടി പാലം ഒന്നുണ്ടെങ്കിലും വെള്ളത്തിലിറങ്ങിക്കേറുന്നതാണ് മത്തച്ചന്റെ പതിവ്. അമിതമായി വെള്ളം പൊങ്ങുമ്പോൾ മാത്രം തെങ്ങു പാലത്തിലൂടെ ഒരോട്ടമുണ്ട്. നിക്കറും ഉടുപ്പും ഊരിവച്ചു സ്ലേറ്റും പുസ്തകവും അതിന്റെ മോളിലും വച്ചിട്ട് അവൻ തോട്ടിലേക്കൊരു ചാട്ടം. എരിയുന്ന മനസ്സിനെ തണുപ്പിക്കാനോ? അതോ ഇന്ദ്രജാലക്കാരനെ വെല്ലുവിളിച്ചു ഭൂമിക്കടിയിൽ കഴിയാനോ ?
ഏറെ നേരം കഴിഞ്ഞു വെള്ളത്തിനടിയിൽ നിന്നു പൊങ്ങി വരുമ്പോഴേക്കും കാഴ്ചക്കാരായി ഏറെപ്പേർ അവിടെയും കുടി നിൽപ്പുണ്ടായിരുന്നു. പിന്നീട് ചില ദിവസങ്ങൾ ശോശക്കുട്ടിയെ കാണുമ്പൊൾ മാത്തച്ചൻ ഒഴിഞ്ഞു മാറി നടന്നു.
അമ്മക്കിളിയുടെ ശാപം പോലും !
ഇവളാരാ ? ദുർവ്വാസാവിന്റെ ശേഷക്കാരിയോ ?
===========================================
No comments:
Post a Comment