Thursday, 20 January 2022

(കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ
 ഉഗ്രൻകുന്നിന്റെ പുരാവൃത്തം)
By ഡോക്ടർ . ഏബ്രഹാം കരിക്കം.
 ആദ്ധ്യായം അഞ്ചു്. 
 കാട്ടുമരങ്ങൾക്കിടയിൽ നാരകം പോലെ 
 മത്തച്ചന് തന്നോട് തന്നെ വെറുപ്പ് തോന്നി തുടങ്ങി. ചിത്രശലഭത്തിന്റെ സ്ലൈഡ് പോക്കറ്റിലിട്ടു നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതായി. ശോശക്കുട്ടിക്കതു കൊടുക്കാനായില്ല. അവളെ ഒറ്റയ്ക്ക് കിട്ടുന്നില്ല. വീട്ടിലോട്ടു ചെന്നങ്ങു കൊടുക്കാമെന്നു വച്ചാൽ അതിനോട്ടു ധൈര്യവും വരുന്നില്ല . അവളുടെ അപ്പൻ പട്ടാളക്കാരനാണ്. പനംക്കുന്നിലെ ചാക്കോച്ചൻ. അവധിക്കു വരുമ്പോഴൊക്കെ തോക്കുമായി കൊക്കിനെയും കുളക്കോഴിയെയും വേട്ടയാടാൻ വയലിലും മലയിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കാണാം. ആൾ ഭയങ്കരനായിരിക്കും. തോക്കു തന്റെ നേരെയെങ്ങാനും നീട്ടിയാലോ? ഒരിക്കൽ കഴുകാനായി പെങ്ങൾ നിക്കർ എടുത്തപ്പോൾ പോക്കറ്റിൽ കിടന്ന സ്ലൈഡ് പിടികൂടിയതാണ്. "എവിടുന്നു കിട്ടിയെടാ ..... ഇത് "? ഒന്നും പറയാതെ തട്ടിപ്പറിച്ചോടികളഞ്ഞു. ഒരു ദിവസം ക്ലാസ്സിൽ വച്ച് പോക്കറ്റിൽ നിന്നും മായ്പ്പു റബ്ബർ എടുക്കുന്ന കൂട്ടത്തിൽ സാധനം തറയിൽ വീണൊന്നു കിലുങ്ങി. പൊന്നമ്മ ടീച്ചർ കണ്ടിരുന്നെങ്കിൽ പൊതിരെ തല്ലിയേനെ. "പെൺപിള്ളേരുടെ സ്ലൈഡും കൊണ്ട് നടക്കുന്നോടാ...ഫൂൾ....." ഇതും പറഞ്ഞായിരുന്നേനെ അടി. അടുത്തിരുന്ന എ. കെ തങ്കമ്മ കിലുക്കം കേട്ട് തിരിഞ്ഞു നോക്കി. സൂത്രത്തിൽ തറയിൽ നിന്ന് താനതെടുക്കുമ്പോൾ അവൾ കണ്ടു. കുറെ കഴിഞ്ഞപ്പോൾ ഒരു കടലാസ്സ് കഷ്ണം അവൾ തനിക്കു നേരെ നീട്ടി. "മത്തച്ചാ.....ആ സ്ലൈഡ് എനിക്ക് തരാമോ....? പകരം ഞാൻ ഒരു കാര്യം തരാം...." കണ്ണടച്ച് കാണിച്ചു. അന്ന് മുതൽ താനവൾക്കു ശത്രുവായി . ഇനി അത് കൊണ്ട് നടക്കാൻ പറ്റില്ല. ഒന്നുകിൽ ശോശക്കുട്ടിക്ക് കൊടുക്കണം. അല്ലെങ്കിൽ വയലിലേക്ക് വലിച്ചെറിയണം. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഐഡിയ തോന്നിയത്. കൂട്ടുകാരെ തേടിപ്പിടിച്ചു. "ഇന്ന് ശനിയാഴ്ചയല്ലേ? വൈകിട്ട് നമുക്കൊരു കരീല പ്രാന്തൻ കളിച്ചാലോ....."? "ഓണത്തിനല്ലേ കരീല പ്രാന്തൻ? പുലികളിയാ നല്ലത് ...." ഒരുത്തൻ മൊഴിഞ്ഞു. "അതൊന്നും വേണ്ട. കള്ളനും പോലീസും മതി " . വേറൊരുത്തൻ. ഒടുവിൽ നിർബന്ധിച്ചപ്പോൾ എല്ലാരും സമ്മതിച്ചു. ഉണങ്ങിയ വാഴയിലകൾ കൊണ്ട് മത്തച്ചനെ അവർ മൂടിക്കെട്ടി. പാളയിൽ കിഴുത്തയിട്ടു കണ്ണുണ്ടാക്കി ഒരു മുഖം മൂടിയും വച്ചു. എല്ലാവരും കൂടി മൂന്നുനാല് വീടുകൾ കയറി കലാപരിപാടി അവതരിപ്പിച്ചു. പാട്ടും ഡാൻസും. പാട്ടിനൊപ്പിച്ചു കരീലപ്രാന്തൻ തുള്ളി. ഒരു തരം കോലം തുള്ളൽ. അപ്പൻ കുടവും അമ്മൻ കുടവും പറ്റിയില്ലെങ്കിൽ ഇതെങ്കിലും വേണ്ടേ? വിശ്വപ്രസിദ്ധമായ കഥകളി കണ്ടുപിടിച്ച നാടല്ലേ.............. ? രക്തത്തിൽ അല്പം തുള്ളൽ എല്ലാവരിലും ഉണ്ടാകും. കുറേക്കഴിഞ്ഞപ്പോൾ മത്തച്ചൻ പറഞ്ഞു. "ഇനി മതിയാക്കാം. ക്ഷീണിച്ചു. നിങ്ങൾ പൊയ്ക്കോ. ഞാൻ കലങ്ങും കുഴീൽ പോയി ഒന്ന് മുങ്ങി വരം". ആറടി താഴ്ചയിൽ എപ്പോഴും വെള്ളമുള്ള കുഴിയാണ് കലങ്ങും കുഴി. എന്നെങ്കിലുമൊരു കാലത്തു ഏതെങ്കിലും ദൂതൻ അവിടെയും വെള്ളം കലക്കാൻ എത്തിയിട്ടുണ്ടാവും. ബെതേസ്ഥാ . അതേ വേഷത്തിൽ മത്തച്ചൻ താഴേക്കൊടുന്നത് കണ്ടു കൂട്ടുകാർ അന്ധാളിച്ചു. പാടങ്ങൾക്കു നടുവിലൂടെ , കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ, ശവക്കോട്ടയുടെ അരികിലൂടെ അവൻ ഓടി. ദൂരെ വച്ച് തന്നെ അവൻ കണ്ടു ചക്രവാളത്തിൽ ചായകുട്ടിന്റെ ഭംഗി നോക്കി അവൾ നിൽക്കുന്നു. ശോശക്കുട്ടി. മുറ്റത്തേക്ക് കയറിയപ്പോൾ അവളുടെ അമ്മയെ കണ്ടു. കുഞ്ഞന്നാമ്മ . കരീലപ്രാന്തൻ പെട്ടെന്ന് രണ്ടു മലക്കം മറിഞ്ഞു. ഒരു കളിയാട്ടം അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. കുരച്ചു കൊണ്ട് ചാടി വന്ന പട്ടി അവന്റെ തുടയിൽ ഒറ്റ പിടുത്തം. പല്ലുകൾ നാലും ആഴ്ന്നിറങ്ങി. അമ്മയും ശോശക്കുട്ടിയും ബഹളം വച്ചപ്പോൾ പിടിവിട്ട് പട്ടി ഓടി. കയ്യിൽ കരുതിയിരുന്ന ചിത്രശലഭത്തിന്റെ സ്ലൈഡ് തെറിച്ചു പോയത് അവനറിഞ്ഞില്ല. വേദന കൊണ്ട് പുളഞ്ഞു മാത്തച്ചൻ നിലത്ത് വീണു. അമ്മയും മകളും കൂടി കരീല പ്രാന്തന്റെ വച്ച് കെട്ടുകൾ അഴിച്ചു മാറ്റി. "ഇതാരാടാ.....? മത്തച്ചനോ ........."? നീ എന്തിനാടാ മോനെ ഈ പൊല്ലാപ്പും വച്ച് കെട്ടി വന്നത്....."?'അമ്മ ചോദിച്ചു. രക്തം വാർന്നൊഴുകുന്ന അവന്റെ കാലുകൾ കണ്ടപ്പോൾ ശോശക്കുട്ടി കരയാൻ തുടങ്ങി. സാരമില്ലെടാ മോനേ .....ഇപ്പം ഞാൻ ശരിയാക്കി തരാം. രണ്ടു മുളവിലപറിച്ചു കൊണ്ട് വാടീ....."'അമ്മ പറഞ്ഞു. ശോശക്കുട്ടി കൊണ്ട് വന്ന മുളകുവടിയുടെ ഇലകളുമായി അമ്മ അകത്തേക്കോടി. നീറിപ്പുകയുന്ന കാലുമായി തറയിലിരുന്നു വിങ്ങുന്ന മത്തച്ചനെ കണ്ടപ്പോൾ പെണ്ണിന്റെ ഹൃദയം പൊട്ടി. മുളവിലയിൽ ദാനിയന്ത്രം എണ്ണയൊഴിച്ചു അടുപ്പിൽ വച്ച് പൊള്ളിച്ചിട്ടു അമ്മ വന്നു അത് മത്തച്ചന്റെ തുടയിൽ പട്ടി കടിച്ച സ്ഥാനത്തു അമർത്തിപ്പിടിച്ചു. പൊള്ളിയ കാലുമായി അവൻ കിടന്നു പിടഞ്ഞു. എന്നിട്ടും കരഞ്ഞില്ല. താനൊരു ലോലഹൃദയനാണെന്നു വന്നുകൂടല്ലോ ..... " സാരമില്ല......... ഒന്ന് കുടി പൊള്ളിച്ചാൽ മുറിവുണങ്ങിക്കോളും ...." അടുത്ത ഇലയുമായി അമ്മ വീണ്ടും അടുപ്പത്തേക്കൊടി. മത്തച്ചന്റെ പൊള്ളിയ കാലിൽ ശോശക്കുട്ടി മൃദുവായി തലോടി. എല്ലാ വേദനയും ആ നിമിഷം അവൻ മറന്നു . പട്ടികടിച്ച കാലുമായി തിങ്കളാഴ്ച സ്കൂളിലേക്ക് ഒന്തിയൊന്തി നടക്കുമ്പോൾ മത്തച്ചൻ കണ്ടു മുമ്പേ നടക്കുന്ന ശോശക്കുട്ടിയുടെ തലയിൽ തന്റെ ചിത്രശലഭം! മാസങ്ങളോളം അവൻ അതിന്റെ സുഖമറിഞ്ഞു. നാലാം ക്ലാസ്സിൽ ഒരു വർഷം തോറ്റാലും കുഴപ്പമില്ല എന്ന് മത്തച്ചന് തോന്നിയ കാലമാണത്. കാരണം ശോശക്കുട്ടി മൂന്നിൽ നിന്ന് ജയിച്ചു വരും. ശാരോനിലെ പനിനീർപ്പൂവാണ്. താഴ്വരയിലെ താമരപ്പൂവാണ്. സ്കൂളിൽ റിസൾട്ട് പതിച്ച ദിവസം അവൻ ഒരു ക്രോസ് കൺട്രി ഓടി. മത്തങ്ങപോലെ തന്റെ പേര് ലിസ്റ്റിൽ കിടക്കുന്നതു കണ്ടു സങ്കടപ്പെട്ടു. അവസാനമായി പ്രൈമറി സ്കൂളിന്റെ തിണ്ണയിൽ ! ഓർത്തപ്പോൾ അവനു കരച്ചിൽ വന്നു. ചോളപ്പൊടിയും പാൽ പൊടി കലക്കി തിളപ്പിച്ച പാലും കഴിക്കാൻ എന്നും ഉച്ചയ്ക്ക് ചമ്രം പടഞ്ഞിരുന്നത് ആ തിണ്ണയിലായിരുന്നു. അമേരിക്കക്കാരന്റെ ദാക്ഷിണ്യം. കെ .എ. ആർ .ഇ . കൊ ഓപ്പറേറ്റീവ് ഫോർ അമേരിക്കൻ റിലീഫ് എവെരിവേർ. ലോകക്കാരെ മുഴുവൻ പാലും തേനും കൊടുത്തു വളർത്താൻ ഈ സായിപ്പാര്? തനിക്കു നഷ്ടപ്പെടുന്നത് പാലും പൊടിയും മാത്രമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. ശോശക്കുട്ടിയില്ലാത്ത സ്കൂളിലിരുന്നു എന്തോന്ന് പഠിക്കാൻ ? മത്തച്ചനെ ഏതു സ്കൂളിൽ ചേർക്കണം എന്നതിനെ ചൊല്ലി വീട്ടിൽ വലിയ ചർച്ച നടന്നു. കൂടെ ജയിച്ചവരെല്ലാം സർക്കാർ സ്കൂളിലേക്കാണ്. പക്ഷെ അവിടെ പോന്നവർ കൂടുതൽ സമയവും സ്വാമിയുടെ മലയിൽ നെല്ലിക്ക പറിക്കാൻ പോകും എന്നാണ് പരക്കെയുള്ള പേടി. നെല്ലി മലയങ്ങനെ പൂത്തുലഞ്ഞു വിശാലമായി കിടപ്പാണ്. മധുരമല. നൂറേക്കറെങ്കിലും കാണും. അനേക വർഷങ്ങൾക്കു മുമ്പാണ് സ്വാമി നെല്ലിമല വാങ്ങി ആശ്രമവും വൈദ്യശാലയും പ്രസ്സും എല്ലാം തുടങ്ങിയത്. മഹാ പണ്ഡിതനാണ്. കഥകളൊരുപാട് പറയാനുണ്ട് സ്വാമിക്ക്. ആർഷജ്ഞാനം തുളുമ്പുന്ന കഥകൾ. ചിലരൊക്കെ പോയി കേൾക്കും. അവിടെ ചെന്നാൽ അവലും പഴവും പിന്നെ ശർക്കര ഉണ്ടയും കിട്ടും. മത്തച്ചൻ സായിപ്പിൻ കുന്നിൽ തന്നെ പഠിക്കട്ടെ. എല്ലാരും കൂടെ തീർപ്പാക്കി. സായിപ്പിന്റെ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പ്രതിമാസം മൂന്നു രൂപ ഫീസ് കൊടുക്കണം. രണ്ടു പറ നെല്ലിന്റെ തുകയാണ്. എന്നാലും സാരമില്ല. കണ്ണ് തെളിയുന്നെങ്കിൽ ആയിക്കോട്ടെ. സർക്കാർ ജോലി നേടി പദ്മനാഭന്റെ നാല് ചക്രം വാങ്ങിക്കുന്ന ചേട്ടൻ തീരുമാനിച്ചു. ഈ സായിപ്പെന്തിനാണ് നൂറുകൊല്ലങ്ങൾക്കപ്പുറം ഇവിടെ വന്നു സ്കൂൾ തുടങ്ങിയത്? മലയാളം ലിപിയുണ്ടാക്കിയത് ഗുണ്ടർട്ട് സായിപ്പാണ് പോലും . തലശ്ശേരിയിൽ അച്ചടി ലിപിയുണ്ടാക്കിയതും അയാളാണത്രെ. ആദ്യത്തെ വ്യാകരണം എഴുതി തന്നത് അർണ്ണോസ് പാതിരി. ആദ്യത്തെ നോവലെഴുതിയതു ഏതോ കോളിൻസ് മദാമ്മ. ആരും മോശക്കാരല്ല. വീരവാദം മുഴക്കുന്ന മലയാളിക്കിതൊന്നും വായ്യായിരുന്നോ ?നാണക്കേട്. സായിപ്പിന്റെ നേരെ നിന്ന് എങ്ങനെ നാല് വർത്തമാനം പറയും ? ഇവിടുത്തെ വല്യപ്പന്മാർക്കെല്ലാം എന്തായിരുന്നു പണി. ? അവരെ നിലയ്ക്ക് നിർത്താൻ തിട്ടമേലമ്മമാരില്ലായിരുന്നോ ? കുന്തിരിക്കമില്ലാത്ത കുന്തിരിക്കക്കുന്നു പോലെയായിരുന്നു മത്തച്ചന് സായിപ്പിൻ കുന്ന് .രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലാസ്. അത് കഴിഞ്ഞാൽ എല്ലാവരും വയലിലോ മലയിലോ പണികൾ ചെയ്യണം. മണിക്കൂറിനു പത്ത് പൈസ കൂലി. സായിപ്പിന്റെ ഒരേർപ്പാട്.തൊഴിലിന്റെ മാന്യത പഠിപ്പിക്കാനാണ് പോലും. തീപ്പെട്ടിപോലെ ഒരു കാറിൽ ചീറിപ്പാഞ്ഞു നടക്കുന്ന അമേരിക്കക്കാരൻ സായിപ്പാണ് പ്രിൻസിപ്പൽ . പാസ്റ്റർ കുള്ളിനൻ ബ്രൂബറി. കൂടെ മദാമ്മയും കുറെ സായിപ്പിൻ കുഞ്ഞുങ്ങളും. അവറ്റകൾ മിക്ക സമയവും സ്വിമ്മിങ് പൂളിലാണ്. എന്തോരു പൂൾ ? കലങ്ങും കുഴിയുടെ ഏഴയലത്തു വരില്ല. ഇരമ്പി പായുന്ന മലവെള്ളമുള്ള ആ കുഴിയിൽ ഇവന്മാർക്കൊന്നു ചാടാമോ ? കൂടെ നിഴൽ പോലെ ഒരു അൾസേഷ്യൻ നായുണ്ട്. അല്ലെങ്കിൽ പോയി ഒന്ന് വെല്ലു വിളിക്കാമായിരുന്നു. സായിപ്പിന്റെ പട്ടിയുടെ കുരകേട്ട നാൾ മുതൽ നാടൻ പട്ടികൾ ചുരുണ്ടു പോയി. പിന്നീടവയുടെ വാലുകൾ പൊന്തിയിട്ടില്ല. കൾച്ചറൽ ഷോക്ക്. ഹെഡ്മാസ്റ്റർ മിൽട്ടൺ മാസ്റ്റർ. പേര് കേട്ടാൽ ഞെട്ടും. കാലത്തെഴുന്നേറ്റാൽ തലയും കുത്തി വീടിനു ചുറ്റും നടക്കുന്നയാളാണ്. പാറപോലത്തെ ശരീരവും കടുകിട അയവില്ലാത്ത സ്വഭാവവും. ആകപ്പാടെ മാത്തച്ചന് ശ്വാസം മുട്ടലായി. വൈകുന്നേരങ്ങളിൽ മറ്റേ സ്കൂളിലെ വിശേഷങ്ങൾ കൂട്ടുകാർ വർണ്ണിക്കുമ്പോൾ കരയാൻ തോന്നും. എന്തോരു സ്വാതന്ത്ര്യമാണവർക്ക്! വീട്ടിൽ നിന്നിറങ്ങിയാൽ നേരെ സ്കൂളിലേക്കല്ല അവർ പോകുന്നത് എം. സി റോഡിൽ വലിയ കയറ്റം തുടങ്ങുന്നിടത്തു പാട്ടും പാടി നിൽക്കും. അലൈഡ് അണ്ടിയാപ്പീസിലേക്കുള്ള കാള വണ്ടികൾ എപ്പോൾ വരുന്നോ അപ്പോൾ അവയുടെ പിന്നാലെ കൂടും. ഭാരം വലിക്കുന്ന കാളകൾക്ക് ആശ്വാസത്തിനായി തള്ളികൊടുക്കുന്നത് പതിവാക്കി. വണ്ടിക്കാർക്ക്ഏറെ ആശ്വാസം. കാളകൾക്കും. പക്ഷെ കുട്ടന്മാർ ചാക്ക് കീറി കശുവണ്ടി പരിപ്പ് വാരിയെടുക്കുന്ന കാര്യം വണ്ടിക്കാരറിയില്ല. "കാള വണ്ടി" വണ്ടിക്കാരൻ വിളിക്കും. "ഐലസ ".പിള്ളേർ ചൊല്ലും. ""തള്ളിക്കൊട്” "ഐലസ " "കേറിപ്പോട്ടെ " "ഐലസ " അഞ്ചാറ് “ഐലസ " കഴിയുമ്പോഴേക്കും രണ്ടു പോക്കറ്റുകളും നിറഞ്ഞിരിക്കും. അപ്പോഴേക്കും കയറ്റവും അവസാനിക്കും. ഒരു ദിവസം കാള വണ്ടി വന്നില്ലെങ്കിൽ അന്ന് സ്കൂളിൽ പോക്കില്ല. കലങ്ങും കുഴി അന്ന് ഏറെ കലങ്ങും. പാറയിൽ നിന്ന് വെള്ളത്തിലേക്ക് തലകുത്തിച്ചാടുന്ന രഹസ്യ വിദ്യകളൊക്കെ അഭ്യസിക്കുന്നത് അന്നാണ്. പ്രകൃതിയല്ലേ യഥാർത്ഥ യൂണിവേഴ്സിറ്റി ? സ്വയം പഠിക്കാത്തവൻ മണ്ടൻ. പ്രപഞ്ച താളം നമ്മുടെ താളവുമായി സമ്മേളിക്കുമ്പോഴേ യഥാർത്ഥ പഠനം സാധ്യമാകൂ..... കൂട്ടുകാർ മുഴുത്തു വെളുത്ത അണ്ടിപ്പരിപ്പിന്റെ കഥ പറയുമ്പോൾ നാവിൽ വെള്ളമൂറും. അമ്മ വറുത്ത് തല്ലിയ പരിപ്പ് ഒരുപാടു തിന്നിട്ടുണ്ട്. പക്ഷെ ആപ്പീസിലെ കശുവണ്ടിയുടെ രുചി ഒന്ന് വേറെ. അതുപോലെ ഹരം പിടിപ്പിക്കുന്നതാണ് കെ. എസ്. യു, കെ. എസ് . സി , എസ്. ഫ്. ഐ വാർത്തകൾ. സമരം ബഹു കേമം. സായിപ്പിന്റവിടെ അത്തരം ഏർപ്പാടുകളൊന്നുമില്ല. കുട്ടികൾ ലോകത്തിൽ ലോകം കണ്ടു വളരണം. വിശാലമായ ലോകം അങ്ങനെ തുറന്നു കിടക്കുകയല്ലേ ? പക്ഷെ പറഞ്ഞിട്ടെന്തു കാര്യം? ചായ കുടിക്കരുത്. മദ്യം കഴിക്കരുത് എന്നെല്ലാം പഠിപ്പിക്കും. അതിനെ കുറിച്ച് കുറെ സിനിമകളും കാണിക്കും. അങ്ങനെ കാട്ടുമരങ്ങൾക്കിടയിൽ ഒരു നാരകം പോലെ ഖിന്നനായി മത്തച്ചൻ കഴിഞ്ഞു വരവെ ജീവിത നൗക ഒന്ന് വട്ടം ചുറ്റി എന്ന് വേണമെങ്കിൽ പറയാം. ക്ലാസ്സിലെ ലൈബ്രറിയുടെ ചാർജ് അവന്റെ തലയിൽ വന്നു വീണു. കൂട്ടത്തിൽ കുസൃതിക്കാരൻ എന്ന് നിനച്ചിട്ടാവാം മിൽട്ടൺ മാസ്റ്റർ വന്നു പറഞ്ഞു "മിസ്റ്റർ മാത്യു ജോസഫ് വിൽ ടേക്ക് ചാർജ് ഓഫ് യുവർ ക്ലാസ് ലൈബ്രറി ". വേണ്ടെന്നു പറയാൻ നാവു പൊന്തുമോ ? കയ്പു മധുരമായി മാറാൻ അധികം വൈകിയില്ല. ഈസോപ്പ് കഥകളിലും പഞ്ചതന്ത്രം കഥകളിലും തുടങ്ങിയ പ്രയാണം ചുവന്ന കൈപ്പത്തിയിലൂടെയും കഥാ സരിത് സാഗരത്തിലൂടെയും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലെത്തി ഒന്ന് നിന്നു. മിസ്റ്റർ ഗയിൽസിന്റെ പരിശോധനാ വേളയിൽ "കെറ്റിൽ"എന്ന വാക്കു നോക്കിയെഴുതാൻ പ്രേരിപ്പിക്കുന്ന അദ്ധ്യാപകൻ. അത് കൂട്ടാക്കാത്ത പയ്യൻസ് , ഗാന്ധി. "കോപ്പിയടി എന്ന കല എനിക്കൊരിക്കലും അഭ്യസിക്കാൻ കഴിഞ്ഞില്ല "ഗാന്ധി പറയുന്നു.” അങ്ങനൊന്നു സംഭവിക്കുമോ ? മത്തച്ചന്റെ മസ്തിഷ്കത്തിൽ ഒരു സ്ഫോടനം. ഒരു ദിവസം വൈകുന്നേരം രാമൻ ചേട്ടനോട് ചോദിച്ചു. രാമൻ ചേട്ടന് എം. കെ ഗാന്ധിയെ അറിയാമോ "? "പിന്നേ... നമ്മുടെ അറയ്ക്കല് ഗാന്ധി വല്ല്യപ്പൻ . ഞങ്ങൾ ഭയങ്കര കൂട്ടല്ല്യോ " ? മത്തച്ചൻ ഓടിക്കളഞ്ഞു. അങ്ങനെ വരുമ്പോഴാണ് തിട്ടമേലമ്മയെ കണ്ടത്. പതിവ് ശൈലി തന്നെ. അമ്മയ്ക്കൊരു കസവു നേര്യതു വാങ്ങി കൊടുത്താലോ ? "അമ്മയ്ക്ക് ഗാന്ധിയെ അറിയാമോ"? "എടാടാ.....ദാ കിടക്കുന്നു കാര്യം .സ്കൂളിപ്പോയി നാലക്ഷരം പഠിച്ചെന്നു കരുതി മാർപ്പാപ്പയെ കുർബാന പഠിപ്പിക്കാൻ വരല്ലെടാ മോനെ....അന്നാമ്മേടെ മോനായതു കൊണ്ട് വെറുതെ വിടുന്നു “. അന്നാമ്മേടെ മോനായതിൽ എന്തോ കാര്യമുണ്ടെന്നു മത്തച്ചന് തോന്നിയത് അന്നാണ്. ഒരു പക്ഷെ തന്നെ ."....... മോനെ..." എന്ന് വിളിക്കാത്തതും അതുകൊണ്ടായിരിക്കും. അവിടുന്നും അവൻ ഓടി. തോട്ടിനക്കരെ തെങ്ങുപാലത്തിനരികെ ഇരുന്നാലോചിച്ചു. പതിമൂന്നാം വയസ്സിൽ ഗാന്ധിക്ക് കസ്തൂർബയെ എങ്ങനെ കല്യാണം കഴിക്കാനൊത്തു. ? ഒരെത്തും പിടിയും കിട്ടുന്നില്ല. അപ്പോൾ ശോശക്കുട്ടിയെ ഒന്ന് കാണണമെന്ന് മോഹമുദിച്ചു. സ്കൂൾ മാറിയതിനാൽ കാണാൻ തീരെ പറ്റുന്നില്ല. എൻഗദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെ അവൾ വിടർന്നു കാണുമോ ? ജടമാംസി സുഗന്ധം പുറപ്പെടുവിക്കാറായോ ? കുഞ്ഞപ്പി ഉപദേശിയുടെ പ്രസംഗത്തിൽ നിന്നു പിടിച്ചെടുത്ത പദങ്ങളാണത്. തകർപ്പൻ പ്രസംഗമാണ് പള്ളിയിൽ അദ്ദേഹം നടത്തിയത്. "എന്റെ സഹോദരീ, എന്റെ കാന്ത കെട്ടിയടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ, മൂടിയിട്ടിരിക്കുന്ന ഒരു കിണറ്......വടതി കാറ്റേ ഉണരുക .....തെന്നി കാറ്റേ വരിക ..... എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിന്റെ വിശിഷ്ട ഫലം ഭുജിക്കട്ടെ. അദ്ദേഹം പറഞ്ഞത് എല്ലാമൊന്നും മനസ്സിലായില്ല. അലങ്കാര ശാസ്ത്രമൊക്കെ വളരുമ്പോൾ പഠിച്ചെടുത്തോളാം. ശോശക്കുട്ടിയുടെ വീട്ടിലേക്കൊന്നു പോയാലോ എന്നാലോചിക്കുമ്പോൾ റോഡിൽ ഒരു ബഹളം കേട്ടു. "ബാലൻ പിള്ളേ നേതാവേ... ധീരതയോടു നയിച്ചോളു.... ഞങ്ങടെ ഓമന നേതാവേ ... ലക്ഷം ലക്ഷം പിന്നാലെ.. തെക്കു നിന്നൊരു പടക്കുതിര ചീറിപ്പാഞ്ഞു വരുന്നുണ്ടേ ... കെട്ടാമെങ്കിൽ കെട്ടിക്കോ ആരുണ്ടിവിടെ കാണട്ടെ ..." ഗ്രാമത്തിലെ സകല പിള്ളേരും റോഡിലേക്കോടി. കൂട്ടത്തിൽ മത്തച്ചനും. ശോശക്കുട്ടിയെ മറന്നു പോയി. പ്രചാരണ വണ്ടിയുടെ പിറകെ കൂടി പിള്ളേരെല്ലാം. കാറിൽ നിന്നെറിഞ്ഞു കൊടുക്കുന്ന നോട്ടീസിന് വേണ്ടി കശപിശയായി. ജനാധിപത്യത്തിന്റെ കാവൽപ്പടയാളികൾ പോർക്കളത്തിൽ അടരാടുമ്പോൾ ജീപ്പിന്റെ പുറകെ ഓടി ഇളം തലമുറ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഇരുട്ടുന്നതു വരെ തെരഞ്ഞെടുപ്പ് ചർച്ചകളായിരുന്നു പിന്നെ. ജനാധിപത്യം ഇങ്ങനെ ചെറുപ്പത്തിലേ രക്തത്തിൽ കലരുന്നതുകൊണ്ടു ഇവിടെ പട്ടാള ഭരണം വരാനൊക്കില്ല. ജനത്തിന് വോട്ടു ചെയ്തുകൊണ്ടേയിരിക്കണം. അത്താഴം കഴിഞ്ഞു മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ മത്തച്ചൻ സത്യാന്വേഷണ പരീക്ഷണ കഥ ആർത്തിയോടെ വായിച്ചു. പുക വലിക്കാൻ കഴിയാത്തതിന്റെ നിരാശ മൂലം ഗാന്ധിജിയും കൂട്ടുകാരും കൂടി ആത്മഹത്യ ചെയ്യാൻ പോയ സംഭവം വായിച്ചു തരിച്ചിരുന്നു പോയി. അന്നെങ്ങാനും മഹാത്മജി ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ..? പുകവലിയിൽ ചില്ലറ പരീക്ഷണങ്ങളൊക്കെ താനും നടത്തിയിട്ടുണ്ടായിരുന്നു. കടലാസ്സു ചുരുട്ടി കത്തിച്ചായിരുന്നു തുടക്കം. പിന്നെ മുറി ബീഡിയും മുറി സിഗരറ്റും. മൂക്കിൽ കൂടി പുക വിടാൻ ശ്രമിച്ചു കുശ്മാണ്ഡത്തിൽ വരെ പുക കയറി ബോധക്കേടായി. ഓർത്തപ്പോൾ ലജ്ജ തോന്നി. ക്രമേണ ഗാന്ധിജി മനസ്സിന്റെ ഉള്ളറയിൽ ഒരു ആരാധന മൂർത്തിയായി കുടിയിരുപ്പാരംഭിച്ചു. പട്ടണത്തിലെ ഗണപതിയമ്പലത്തിൽ ആറാട്ടിന് ആനയെ കാണാൻ പോയ വേളയിലാണ് കടയിൽ ഗാന്ധിജിയുടെ മൊട്ടത്തലയുള്ള വർണ്ണ ചിത്രം കണ്ടത്. പറങ്കേണ്ടി വിറ്റു പട്ടം വാങ്ങാൻ വച്ചിരുന്ന പണം കൊടുത്തു ഗാന്ധിജിയെ കൈക്കലാക്കി .ശോശക്കുട്ടിക്കുള്ള സ്ലൈഡ് കഴിഞ്ഞാൽ പിന്നെ താൻ സ്വന്തം പണം കൊടുത്തു വാങ്ങുന്ന സാധനം. മത്തച്ചന് സ്വന്തമായി പഠനമുറിയില്ലായിരുന്നെങ്കിലും ഒരു മൂല സ്വന്തമായിരുന്നു. ഒരു ചെറിയ ഡെസ്ക്കും , ഇളകിയാടുന്ന ഒരു കസേരയും, ഒരു ട്രങ്കും ഒത്തു കിട്ടി. സമ്പാദ്യങ്ങളെല്ലാം തകരപെട്ടിയിൽ പൂട്ടി വയ്ക്കും. പലതരം പെൻസിലുകൾ, ചോക്കു കഷണങ്ങൾ , മഷിയിൽ മുക്കി എഴുതുന്ന പേന, ഗോലികൾ എല്ലാം. മേശക്കു മുകളിലായി ഭിത്തിയിൽ യേശുക്രിസ്തു ഗത്സമന തോട്ടത്തിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന വലിയൊരു ചിത്രം വച്ചിട്ടുണ്ടായിരുന്നു.ഏകാന്ത യാമങ്ങളിൽ ഏറെ നേരം ആ ചിത്രം നോക്കിയങ്ങനെ ഇരിക്കും. വളരുമ്പോൾ ഗത്സമന കാണാൻ ഇസ്രായേലിൽ പോകണം എന്ന് തോന്നുന്നത് അപ്പോഴാണ്. ഗിലയാദ് മലഞ്ചെരുവിലെ കോലാട്ടിൻ കൂട്ടത്തെയും പരിമള പർവ്വതത്തിലെ ശോശന്ന പുഷ്പ്പങ്ങളെയും കാണണം. യരൂശലേം കുന്നുകളും വിലാപ ഭിത്തിയും കാണണം. പറ്റുമെങ്കിൽ ഗലീല തടാക കരയിലും പിന്നെ ചാവ് കടലിലും നീന്തിത്തുടിക്കണം. അച്ചന്മാരും ഉപദേശിമാരുമൊക്കെ തട്ടി വിടുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. വെറും പുളുവാണെങ്കിൽ പിന്നെ പള്ളീലോട്ടില്ല. ഒരു ദിവസം സ്കൂളിൽ വന്ന ഒരു സായിപ്പിനെ മിൽട്ടൺ മാസ്റ്റർ പരിചയപ്പെടുത്തി. അദ്ദേഹം നൂറു തവണ ലോകം ചുറ്റിയിട്ടുണ്ടത്രെ. വെടി. ആർക്കു പറ്റും ലോകം നൂറു തവണ ചുറ്റാൻ ? താനിതുവരെ ഉഗ്രൻകുന്നുപോലും മുഴുവനും കണ്ടിട്ടില്ല. ഒരിക്കൽ പള്ളിയിൽ ഒരു സൈറസ് സാർ വന്നു. കാഷായ വേഷമിട്ട ഒരു കൊച്ചു മനുഷ്യൻ. അദ്ദേഹം പ്രസംഗിച്ചപ്പോഴാണ് മനസ്സിലായത് യേശുക്രിസ്തു ലോകത്തിലേക്കും വലിയ വിപ്ലവകാരിയാണെന്ന്. ഒറ്റയ്ക്ക് സ്വർഗത്തിൽ പോകാൻ ശ്രമിക്കുന്നത് പാപമാണെന്ന്. യേശു അപ്പച്ചന്റെ മടിയിൽ ഒറ്റയ്ക്കു കയറി ഇരിക്കണമെന്ന് കൊതിച്ച മത്തച്ചൻ ചൂളിപ്പോയി. സാമൂഹ്യ രക്ഷയാണത്രെ പ്രധാനം. അന്ന് വൈകിട്ട് രാമൻ ചേട്ടനോട് ചോദിച്ചു. "ഈ സാമൂഹ്യ രക്ഷ എന്നാലെന്താ"? "അതോ.... രക്ഷ നമ്മുടെ കയ്യിൽ പേടി വരാതിരിക്കാൻ കെട്ടുന്ന ചരടല്ല്യോ"? സമൂഹം ചേട്ടന്റെ കടയിൽ നിന്നു കിട്ടുന്ന ചരടാ സാമൂഹ്യ രക്ഷ ...." അന്ന് മത്തച്ചൻ ഓടി. പക്ഷെ ഒരു തീരുമാനമെടുത്തു. ഇനി ഒരു വകയും രാമൻ ചേട്ടനോട് ചോദിക്കുന്ന പ്രശ്നം ഇല്ല. സിനിമ കഥകളിൽ കേമൻ. അല്ലാതെ ഒരു കുന്തവുമറിയില്ല . തേയിക്കാണെങ്കിൽ യക്ഷിക്കഥകളെങ്കിലുമറിയാം. പേടിപ്പിക്കും എന്ന് മാത്രം. ഗണപതി കോവിലിനടുത്തുള്ള കടയിൽ നിന്നു വാങ്ങിച്ച ഗാന്ധിജിയുടെ ചെറിയ പടവും യേശുക്രിസ്തുവിന്റെ ഇടതു വശത്തു പ്രതിഷ്ഠിച്ചു. കുമ്മായഭിത്തിയായിരുന്നതിനാൽ ആണി തറയ്ക്കാൻ എളുപ്പമായിരുന്നു. ആദ്യമേ അമ്മ പിടികൂടി. "യേശു അപ്പച്ചന്റെ അടുത്തണോടാ ഗാന്ധി വല്ല്യപ്പന്റെ പടം വയ്ക്കുന്നത്. ? അഹങ്കാരി " പുറകെ പുറകെ കണ്ടു വന്നവരെല്ലാം ശാസിച്ചു. മൈൻഡ് ചെയ്തില്ല. മനസ്സിന് ചെറുപ്പത്തിലേ നല്ല കട്ടിയായിരുന്നു.

No comments:

Post a Comment