ഉഗ്രൻകുന്നിന്റെ പുരാവൃത്തo
By ഡോക്ടർ . ഏബ്രഹാം കരിക്കം
അദ്ധ്യായം നാല്.
കഥകൾക്ക് പഞ്ഞമില്ലാത്ത കാലം .
നാല് മണിക്ക് സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ സ്ലേറ്റും പുസ്തകവും വലിച്ചെറിയും. കൊല്ലുന്ന വിശപ്പാണപ്പോൾ. ഒന്നുകിൽ വാട്ടിയിട്ട ചീനി ഊറ്റിയെടുത്തു പച്ചമുളക് ഞെരടി വെളിച്ചെണ്ണയും ഒഴിച്ച് പാകത്തിലാക്കും. ഉണക്ക മീൻ ചുട്ടതു കൂടിയുണ്ടെങ്കിൽ കുശാൽ .അല്ലെങ്കിൽ അടച്ചിലച്ചമ്മന്തി. അത് അമ്മതന്നെ ഉണ്ടാക്കണം. വാളൻ പുളിയും ഉള്ളിയും മുളകും വെളിച്ചെണ്ണയുമാണ് ചേരുവകൾ. ലേശം ഉപ്പും. ചൂണ്ടു വിരൽ തൊട്ടു വായിൽ വച്ചാൽ പിന്നെ വായിൽ നിന്ന് ചൂണ്ടു വിരൽ ഊരി പോകില്ല.
ചീനിയില്ലെങ്കിൽ ഗോതമ്പു ദോശ. അരി വിശേഷാവസരങ്ങളിൽ മാത്രം. അല്ലെങ്കിൽ കവലയിലെ ഉപ്പാന്റെ കടയിൽ ചെല്ലണം, ഉപ്പാപ്പൻ ലോപിച്ചതാണ് ഉപ്പാൻ. അവിടെ ഒരണ ദോശയും പിള്ളേർ സെറ്റിന് അരയണ ദോശയും കിട്ടും. കടലക്കറിയും അതിനു മുകളിൽ തേങ്ങാച്ചമ്മന്തിയും .
കയ്യിൽ ഒരണ ഒന്നിച്ചു വരണമെങ്കിൽ എന്നെങ്കിലും പറങ്കി മാവിൽ അണ്ടി പിടിക്കണം. അല്ലെങ്കിൽ കുരുമുളക് വള്ളികൾ കുരുകുരാ പ്രസവിക്കണം.
ചീനിയും ഗോതമ്പു ദോശയും കിട്ടിയില്ലെങ്കിൽ പത്തായതിന്റെ ഏതെങ്കിലും അറയിൽ ഏത്തക്കുലയോ പൂവൻകുലയോ പഴുത്തത് കാണും. നാലഞ്ചെണ്ണം ഉരിയുമ്പോഴേക്കും അമ്മ എത്തും.
"വീട്ടിൽ വേറേം ആളുകളുണ്ട്"
അത് അമ്മയുടെ സ്ഥിരം പല്ലവിയാണ്. കാര്യമാക്കില്ല. തട്ടി പറിക്കും മുമ്പ് നാലെണ്ണം കുടി പോക്കറ്റിലാക്കിയിട്ടുണ്ടാവും.
പത്തായത്തിലും ശൂന്യതയാണെങ്കിൽ ഏതെങ്കിലും മുറിയുടെ മൂലയിൽ ഒരു മുറി ചക്ക പഴുത്തത് പാകത്തിലിരിക്കുന്നുണ്ടാകും. കൂഴയായാലും വരിക്കയായാലും പ്രശ്നമില്ല. ഒറ്റ ഇരിപ്പിൽ അതങ്ങകത്താക്കും.
ഇതൊന്നും കിട്ടിയില്ലെങ്കിൽ പിന്നെ കലാപക്കൊടി ഉയർത്തുകയായി . അമ്മയുടെ മുമ്പിൽ കുറെ തുള്ളിച്ചാടും. കമ്പെടുക്കും വരെ. പിന്നെ മണിച്ചിയുടെ അടുത്തേക്കൊരോട്ടമാണ് . മുലയിൽ നിന്ന് പാൽ നേരെ വായിലേക്ക് .ആദ്യം ചാണകത്തിന്റെ ചുവയോക്കെ ലേശം കാണും. എന്നാലും ചൂട് പാലല്ലേ. വയറ്റിലെ കത്തൽ മാറുമല്ലോ.
സന്ധ്യക്ക് മുമ്പ് ഒരു വല്ലം പുല്ലു സമ്പാദിക്കണം എന്നത് അലംഘനീയ നിയമം ആണ്. മഴയും വെയിലും പ്രശ്നമല്ല. മിക്കവാറും എല്ലാ വീട്ടിലും നിയമം ഒന്ന് തന്നെ ആയതിനാൽ ആണും പെണ്ണും എല്ലാം വല്ലങ്ങളുമായി പുറത്തു ചാടും.
ആദ്യമാദ്യം വല്ലങ്ങൾ നിറയ്ക്കുന്നവർ സംഗമ സ്ഥലത്ത് സമ്മേളിക്കും. നുണയുടെ മലവെള്ളപ്പാച്ചിലാണ് പിന്നെ. ഓരോരുത്തരുടെയും വീരഘോരകൃത്യങ്ങൾ. ഇല്ലാക്കഥകളുടെയും അൽപസത്യങ്ങളുടെയും മാറാപ്പഴിക്കുകയായി ഓരോരുത്തർ. റേഡിയോയും ടി വി യും കണ്ടിട്ടില്ലെങ്കിലും നാട്ടു വിശേഷങ്ങൾ എല്ലാടവും എത്തിക്കുന്നതിന് ഇതുപോലെയുള്ള പ്രക്ഷേപണ കേന്ദ്രങ്ങൾ തുണയായി. ചന്തയിലെ കൊഞ്ചിന്റെ വിലമുതൽ ഇന്ത്യ - ചൈന യുദ്ധം വരെ വാശിയേറിയ ചർച്ചയുടെ വിഷയങ്ങളാണ്.
ശനിയാഴ്ച ദിവസം അടിപൊളിയാണ്. കാളൻ ബേബിയുടെ ദിവസം. ഒരു കരുമാടിക്കുട്ടനാണ് ബേബി. കരേറ്റു നിന്നും കള്ളവണ്ടി കയറി വന്നതാണ്. നാലരയടി പൊക്കം കാണും. പ്രായമറിയില്ല. ഒരു ദിവസം അങ്ങേവീട്ടിലെ കൊച്ചപ്പൻ കൂട്ടി കൊണ്ട് വന്നു.
"ഇതേതാ ഈ കരിഭൂതം"? കൊച്ചമ്മ ചോദിക്കുന്നത് കേട്ടു.
"വിശന്നു പൊരിഞ്ഞു ആ റോഡിൽ കിടക്കുന്നതു കണ്ടു. നീ എന്തെങ്കിലും ഒന്ന് നുള്ളിക്കോട്" കൊച്ചപ്പൻ അരുളി.
പിന്നങ്ങോട്ട് ബേബിയുടെ ദിനങ്ങളായിരുന്നു. നാട്ടുകാർ അവനെ കാളൻ ബേബി എന്ന് വിളിച്ചു. ശാപ്പാടടിച്ചു വീർത്തപ്പോൾ അവൻ വീരവാദം മുഴക്കി തുടങ്ങി.
"കരേറ്റിൽ വച്ച് ഞാൻ ഏഴുപേരെ ഒറ്റക്കാലിൽ നിന്ന് മലർത്തിയടിച്ചിട്ടുണ്ട്".
പിള്ളേർക്കെലാം അവൻ ഹീറോ ആയി. വീട്ടു ജോലികൾ എന്തും ചെയ്യുന്നത് കൊണ്ട് എല്ലാവർക്കും അവനെ കാര്യമാണ്. നൂറടി പൊക്കമുള്ള പ്ലാവിൽ നിന്ന് ചക്കയിടും. ഇരുപതടി താഴ്ചയുള്ള കിണറ്റിൽ തൊട്ടി പൊട്ടി വീണുപോയാൽ അവൻ ചാടിയിറങ്ങും. മുങ്ങിത്തപ്പി തൊട്ടിയെടുക്കും. കയറും പൊട്ടിച്ചൊരു കാളക്കൂറ്റൻ കുതറിയോടിയാൽ പുറകെ ബേബിയുണ്ടാകും. കശാപ്പിനുള്ള പോത്തിനെ കയറുകെട്ടി മലർത്തിയടിക്കാൻ അവൻ റെഡി. കശാപ്പുകാരൻ പോത്തിന്റെ കഴുത്തറത്തു ചൂട് രക്തം ചരുവത്തിലേക്കു പകരുമ്പോൾ - അതിൽ ചവുട്ടിയിരുന്നാൽ വാതം പോകും--കാലിട്ടടിക്കുന്ന പോത്തിന്റെ കാലിൽ ബേബിയുടെ ശക്തമായ പിടുത്തമുണ്ടാകും. വയലിൽ കാള പൂട്ടാനും മരമടിക്കുമ്പോൾ മരത്തിൽ കമിഴ്ന്നു കിടക്കാനും , മരമടി മഹോത്സവം അരങ്ങു തകർക്കുമ്പോൾ കാളയുടെ പുറകെ ഓടാനും ബേബിയെ കാണാം.
ഉടക്കി കഴിഞ്ഞാൽ വീരമാർത്താണ്ടൻ.
ശനിയാഴ്ച ശവക്കോട്ടയുടെ താഴെയുള്ള കിളിത്തട്ടു പുരയിടത്തിൽ അടിതട പരിശീലനമുണ്ട്. ആശാൻ ബേബി തന്നെ. ഒറ്റക്കാലിൽ പറക്കുന്ന മർമ്മ ശിരോമണി.
നാല് മണിക്ക് തുടങ്ങുന്ന കിളിത്തട്ടു കളി ബേബി എത്തും വരെ മാത്രം. ഏതെങ്കിലും പറമ്പിലെ പണി കഴിഞ്ഞ് കൃത്യം അഞ്ചുമണിക്ക് അവൻ എത്തും. അതുവരെ കിളിത്തട്ട്. അല്ലെങ്കിൽ മറ്റു കളികളുണ്ട്. വരി വരിയായി നിന്ന് തുപ്പിയാൽ ആരുടെ തുപ്പലാണ് അകലത്തു വീഴുക. ചൊറിച്ചുമ ല്ലും പ്രധാന പരിപാടിയാണ്. എല്ലാരും എന്തെങ്കിലും തീറ്റി സാധനങ്ങൾ കൊണ്ട് വന്നിരിക്കണം എന്നത് നിയമമാണ് .കാരണം വിശന്നു കൊണ്ട് അടിതട അഭ്യസിക്കാനാവില്ല. ചക്ക, തേങ്ങാ, മാങ്ങ, വാഴപ്പഴം, കരുപ്പട്ടി, മൾബറിക്കായ് , ഉണ്ടശർക്കര, വെള്ളരിക്കായ് തുടങ്ങിയവ ഓരോരുത്തരായി പുറത്തെടുക്കും.
മുന്തിയ പങ്കും ബേബി തന്നെ വിഴുങ്ങും. ആനയുടെ വയറാണവന് .
പിന്നീട് എല്ലാവരും കുടി ബേബിയുടെ മേൽ ചാടി വീഴുകയായി. അവൻ കുട്ടിക്കരണം മറിഞ്ഞ് ഓരോരുത്തരെയായി അടിച്ചും തൊഴിച്ചും താഴെയിടും. അടിച്ചാൽ കൊള്ളുന്നിടം വച്ച് തടഞ്ഞോളണം എന്നതാണ് ഉത്തരവ്. പല അടികളും തല കൊണ്ടാണ് ബേബി തടയുന്നത്. അവന്റെ തല ഉരുക്കാണ്. തന്റെ ശക്തി തലയാണ് പോലും . ഒരു മണിക്കൂർ പ്രകടനം കഴിയുമ്പോഴേക്കും എല്ലാരും തളർന്നു വീഴും. ബേബി മാത്രം അപ്പോഴും ഒറ്റക്കാലിൽ നിന്നട്ടഹസിക്കും.
"ആരുണ്ടെടാ ....വരിനെടാ...ഹായ് തരികിട തിത്തൈ. ഹായ് തരികിട തിത്തൈ".
ശ്വാസം നേരെ വീഴുമ്പോൾ ഓരോരുത്തരായി ചെന്ന് തോട്ടിലെ പളുങ്കു പോലുള്ള വെള്ളം ആവോളം കുടിച്ചു ദാഹം തീർക്കും. ബ്രാലും ആരാനും തുടങ്ങിയ മീനുകളൊക്കെ കാലിലും കയ്യിലും വന്നു തട്ടി മറ്റൊരു യുദ്ധത്തിന് വെല്ലു വിളിക്കുന്നുണ്ടാവും അപ്പോൾ. "നീയൊക്കെ ഇപ്പോൾ ചാടി കളിക്ക് ....നാളെ കാണിച്ചു തരാം" മത്സ്യങ്ങളോട് കിന്നാരം പറയും.
തോട്ടിൽ മീനുകൾ ധാരാളം ഉണ്ടായിരുന്നു. മീൻ പിടുത്തം മാത്തച്ചന്റെ പ്രധാന ഹോബികളിലൊന്നാണ്. ഈർക്കിൽകൊണ്ടു മെനഞ്ഞ കൂടുണ്ട് .പിന്നെ പൊത്തിൽ കയ്യിട്ടു പിടിക്കും. ഒരിക്കൽ പൊത്തിൽ നിന്ന് വലിച്ചു പുറത്തിട്ടത് ഒരു നീർക്കോലിയെ. നീർക്കോലി കടിച്ചാൽ ഒരത്താഴം മുടങ്ങും. അത്രേയുള്ളു. അതുകൊണ്ടൊന്നും പൊത്തിൽ കയ്യിടുന്ന ഏർപ്പാട് നിർത്തിയിട്ടില്ല.
ശനിയാഴ്ചകളിൽ വീട്ടിൽ ചെന്ന് കയറുന്നതു രാത്രിയിലായാലും കുഴപ്പമില്ല. അതുകൊണ്ടു കാളൻ ബേബിയുടെ ചുറ്റും കൂടിയിരുന്ന് നാട്ടു വിശേഷങ്ങൾ വിളമ്പുകയായി പിന്നെ :
കിഴക്കേ പള്ളിക്കൂടത്തിലെ അപ്പൻ സാറിന്റെ പോത്തിനെ തീറ്റാൻ പോയ കഥയായിരിക്കും അവിടെ പഠിക്കുന്ന ഒരാൾക്ക് പറയാനുള്ളത്. ഗുരുകുല സമ്പ്രദായത്തിൽ അങ്ങനെയായിരുന്നെന്ന്. വിളയിലപ്പന്റെ പറമ്പിൽ മൂർഖൻ പത്തി വിടർത്തി ആടി നിന്നപ്പോൾ നാട്ടുകാരെല്ലാം ഓടിക്കൂടി അടിച്ചിട്ടത് വേറൊരു സംഭവം. സ്കൂൾ ആനി വേഴ്സറിക്കു മേക്കപ്പ് റൂമിൽ ഒളിഞ്ഞു നോക്കിയതിന്റെ വീരസ്യം ഒരാൾ പങ്കു വയ്ക്കുമ്പോൾ ചീട്ടുകളി സംഘത്തെ പോലീസുകാർ ആട്ടിപ്പായിച്ച കഥ മറ്റൊരാൾ പാടിപറയും.
പിന്നെ കിഴക്കേ നടയിലെ അമ്പലത്തിലെ ഉത്സവത്തിന് വില്ലടിച്ചാംപാട്ട് നടത്തിയത്, കിഴക്കേത്തോട്ടിൽ നീന്താൻ പോയപ്പോൾ കയത്തിൽ മുങ്ങിച്ചാവാൻ പോയത്, മീൻപിടിപ്പാറയിലെ പാറക്കെട്ടിന്റെ ഗർത്തത്തിൽ അടിതെറ്റി വീണിട്ടും ചാടി കയറി രക്ഷപെട്ടത്. അങ്ങനെ പലതും. ഇതൊന്നുമല്ലെങ്കിൽ എല്ലാവരെയും " .......മോനെ"എന്ന് മാത്രം വിളിക്കുന്ന തിട്ടമേലമ്മയുടെ വീരഗാഥകൾ. കഥകൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു.
തിട്ടമേലമ്മ ഒരു സംഭവമാണ്. മാറ് മറയ്ക്കുന്നതിൽ വിശ്വാസമില്ല. മാത്രമല്ല ഉഗ്രൻക്കുന്നിൽ അതിനു തനിക്കു മാത്രമേ അവകാശമുള്ളൂ എന്ന മട്ടിലായിരുന്നു നടപ്പ്. കുതിരയുടെ എടുപ്പും.
സ്ലേറ്റും പുസ്തകവുമായി സ്കൂളിലേക്കോടുമ്പോഴാണെന്നു തോനുന്നു മത്തച്ചൻ ആദ്യമായി തിട്ടമേലമ്മയെ സന്ധിക്കുന്നത്.
"നീ അന്നാമ്മേടെ മോനല്ല്യോടാ കൊച്ചേ? ......ഛായ അത് തന്നെ...... "
മുഖം കണ്ടപ്പോൾ താൻ അന്നാമ്മേടെ മോൻ ആണെന്ന് എങ്ങനെ മനസ്സിലായി?
തന്നെ " ....മോനേ" എന്ന് വിളിക്കാതെ "കൊച്ചേ "എന്ന് വിളിച്ചത് എന്തിനു ? തിട്ടമേലമ്മയെ ഇഷ്ട്ടപെട്ടുപോയി. അവർ വെറ്റിലമുറക്കാൻ വാങ്ങാൻ റോഡിലേക്കിറങ്ങിയാൽ സകലർക്കും പേടിയാണെന്ന് ക്രമേണ മാത്തച്ചൻ മനസ്സിലാക്കി. നാട്ടിൽ ആരെന്തു തെറ്റ് ചെയ്താലും ഉടൻ അവരറിയും. "എടാ പാപ്പൻ .........മോനെ , നീ ഇന്നലെ ഷാപ്പിൽ കള്ളുകുടിച്ചു ലഹളയുണ്ടാക്കിയെന്നു കേട്ടല്ലോടാ പോക്കിരി....."
"എടാ നാണപ്പാ..... എന്തിനാടാ നീ ഇന്നലെ നിന്റെ പെണ്ണിന്റെ ആറാംമാലിക്ക് അടിച്ചത്...."?
"എടാ താന്നി കഴുവേറീ .. നീ വരമ്പ് വെട്ടാൻ ചെന്നപ്പോൾ ആ കറിയയുമായി ഗോൽത്തയുണ്ടാക്കിയത് എന്തിനാടാ ..... ....മോനെ.... "? .
നല്ല ചങ്കുറപ്പുള്ള ആരെങ്കിലും "പോ തള്ളേ"എന്ന് പറഞ്ഞാലായി. അതിനു തന്റേടമുള്ളവർ ചുരുക്കമായിരുന്നു. 'അമ്മ നാട്ടിലെ കോടതിയായിരുന്നു.
ഒരിക്കൽ കടേലെ കുട്ടിച്ചാൻ ചോദിച്ചു "നീ ആരാ ഞങ്ങളെ വിസ്തരിക്കാൻ?
മുൻസിപ്പോ ? അതോ പേഷ്ക്കാരോ ? "
"ബ്ഭ) ...പോക്കിരി "അതും പറഞ്ഞു 'അമ്മ കുട്ടിച്ചായന്റെ നേർക്ക് പാഞ്ഞടുത്തു. അങ്ങേർ പ്രാണനും കൊണ്ടോടിക്കളഞ്ഞു.
ഒരു സത്യം മാത്തച്ചന് വഴിയേ ബോധ്യപെട്ടു. നാട്ടിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞിരുന്നത് തിട്ടമേലമ്മയുടെ മഹനീയ സാനിദ്ധ്യം കൊണ്ടായിരുന്നു.
No comments:
Post a Comment