Thursday, 20 January 2022

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ ) 
By ഡോ. ഏബ്രഹാം കരിക്കം
 ആദ്ധ്യായം . 1 
കളിച്ചെറുക്കനും കാക്കകുടും 
 സ്വർണ്ണക്കതിർക്കുലകൾ ഇളംകാറ്റിൽ കുഞ്ഞലകൾപോലെ. നോക്കെത്താതെ നെൽപ്പാടങ്ങൾ. പരൽമീനുകൾ തുള്ളിച്ചാടികളിക്കുന്ന കുഞ്ഞരുവികൾ ഇരുവശത്തും. കാക്കപ്പൊന്നും കാട്ടുകൈതയും കാക്കണയും നിറഞ്ഞുതുളുമ്പിയ പാടത്തിൻകരയിൽ ആകാശം മുട്ടെ ഒരാഞ്ഞിലി മരം. അരികിലുള്ള പ്ലാവ്, പുളിമരം തുടങ്ങിയ വമ്പന്മാരെ നിഷ്പ്രപരാക്കുന്ന പ്രൗഡി. ആ ആഞ്ഞിലിയുടെ നെറുകച്ചില്ലയിൽ ഒരു കാക്കക്കൂട്. അതിൽ തലനീട്ടുന്ന കുരുന്നു കാക്കകളും കൂകു പാടുന്നൊരു കുയിലിന്റെ കുഞ്ഞും. വള്ളിനിക്കറിട്ട മാത്യു ജോസഫ് എന്ന മത്തച്ചൻ ചോട്ടിൽ നിന്ന് നെറ്റിയിൽ കൈവച്ച് ആ കൂറ്റൻ മരത്തിന്റെ ആകാശതിർത്തി നോക്കി അളവു പഠിച്ചു. അവന്റെ കണ്ണിൽ അന്നേരം നീലാംബരവും കാക്കകുടും മാത്രം. വെല്ലുവിളി സ്വീകരിക്കുന്നു എന്നമട്ടിൽ അവൻ തലയാട്ടി. നിക്കറിന്റെ രണ്ടു പോക്കറ്റിലും കിടന്ന സ്ഥാവര ജംഗമങ്ങൾ വലിച്ചു പുറത്തിട്ടു. ഭാരം കുറയ്ക്കാനുള്ള വിദ്യ. പുറം താളില്ലാത്ത എഞ്ചുവടി, തിളക്കമാർന്ന ഗോലികൾ, നാലഞ്ച് പറങ്കേണ്ടികൾ, ഒരു കറ്റാപുൾട്ട്, രണ്ടുരുളൻ കല്ലുകൾ പിന്നെ ചിത്രശലഭം മാതിരിയുള്ള ഒരു ചുവന്ന സ്ലൈഡും. ഉഗ്രൻ കുന്നിലെ മലയാളം മീഡിയം പ്രൈമറി സ്കൂളിൽ നാലാം ക്ലാസ്സിൽ ഒന്ന് തോറ്റു നിൽക്കുകയാണ് മലഞ്ചെരുവിലെ നല്ല കൃഷിക്കാരനായ ജോസഫിന്റെ മകൻ മത്തച്ചൻ. ത്രിഭുവിൽ അവനു പേടിയുള്ളതു ഒരൊറ്റയാളെ മാത്രം. കണക്കിന്റെ ടീച്ചറും ഹെഡ്മിസ്ട്രസുമായ പൊന്നമ്മ ടീച്ചർ. നാലിന്റെ പട്ടിക ചൊല്ലിക്കേടാ എന്ന് പറയുന്നതും അകത്തെത്തുടകീഴിൽ കയ്യിട്ടു ഒരൊറ്റ ഞെരടു ഞെരടുന്നതും ഒന്നിച്ചാണ്. നീണ്ട കൈകൾക്കു അമ്പിന്റെ വേഗവും. നിക്കറു നനഞ്ഞു പോകും. രാത്രിയിൽ ഉറക്കമിളച്ചു പഠിച്ച പട്ടിക മറന്നു പോകും. ഞെരടിന്റെ സ്പീഡ് അന്നേരം കൂടി വരികയും ചെയ്യും. പല രാത്രികൾ പൊന്നമ്മ ടീച്ചറെ സ്വപ്നം കണ്ട് ഞെട്ടിയുണർന്നവൻ നിലവിളിച്ചിട്ടുണ്ട്. അമ്മ വന്നു ആശ്വസിപ്പിക്കും എന്നിട്ടു എല്ലാവരും കേൾക്കെ പറയും നേരം പുലർന്നാലുടൻ ശവക്കോട്ട പുരയിടത്തിലേക്കു ഓട്ടമല്യോ? എങ്ങനെ പേടിക്കാതിരിക്കും ? മൂന്നാം ക്ലാസ്സുവരെ മത്തച്ചൻ പഠിച്ചത് സായിപ്പിന്റെ സ്കൂളിലായിരുന്നു. അമേരിക്കൻ മിഷനറിമാർ സ്ഥാപിച്ച പള്ളിക്കൂടം . അവിടെ ഏലിക്കുട്ടി ടീച്ചർ നിക്കർ പൊക്കി പെടയ്ക്കുമായിരുന്നെങ്കിലും അത് സാരമില്ലായിരുന്നു. തെറിച്ചു വളരുന്ന ഒരാൺകുട്ടിക്കു സഹിക്കാവുന്നതേയുള്ളു ഏതു പെൺവാദ്ധ്യാരുടെയും അഞ്ചാറടികൾ. പക്ഷെ തുടക്കീഴിലെ പിടുത്തം. അത് ഭയാനകം. എന്തിനാണാവോ സായിപ്പ് പ്രൈമറി സ്കൂൾ വിട്ടു കളഞ്ഞത് ?മലയാളം മീഡിയം അദ്ദേഹത്തിനത്ര പിടിച്ചിട്ടുണ്ടാവില്ല. എന്തായാലും ഭയങ്കര ചതിയായിപ്പോയി. സായിപ്പിന്റെ കുന്നിൽ പറങ്കിമാവിന്റെയും കാറ്റടിയുടെയും കമ്പൊടിച്ചു കറങ്ങി നടക്കാൻ രസമായിരുന്നു. ഒഴിവു സമയങ്ങളിൽ കുന്നിന്റെ താഴെ സായിപ്പ് കെട്ടിയുണ്ടാക്കിയ വലിയ ചിറ കാണാൻ പോകാമായിരുന്നു. കുന്നിന്റെ നെറുകയിൽ പണിതു വച്ച കാറ്റാടി യന്ത്രം കണ്ടു അത്ഭുതം കൂറി നിൽക്കാമായിരുന്നു. നൂറു വർഷങ്ങൾക്കപ്പുറം ഉഗ്രനക്കുന്നിലെത്തിയ സായിപ്പന്മാരുടെ വീരഗാഥകൾ പലതും കേട്ടിട്ടുണ്ട്. രാജാക്കന്മാർ ഒന്നൊന്നായി അവർക്കു മുന്നിൽ അടിയറവു പറയും കാലം. അയ്യായിരം വർഷത്തെ പാരമ്പര്യം ആരെയും തുണച്ചില്ല. വെടിമരുന്നിന്റെ ഗന്ധം ഇന്ത്യമഹാരാജ്യത്തെ മയക്കികിടത്തുകയായിരുന്നു. എന്തിനാണാവോ സായിപ്പ് പ്രൈമറി സ്കൂൾ വിട്ടു കളഞ്ഞത് ?മലയാളം മീഡിയം അദ്ദേഹത്തിനത്ര പിടിച്ചിട്ടുണ്ടാവില്ല. എന്തായാലും ഭയങ്കര ചതിയായിപ്പോയി. സായിപ്പിന്റെ കുന്നിൽ പറങ്കിമാവിന്റെയും കാറ്റടിയുടെയും കമ്പൊടിച്ചു കറങ്ങി നടക്കാൻ രസമായിരുന്നു. ഒഴിവു സമയങ്ങളിൽ കുന്നിന്റെ താഴെ സായിപ്പ് കെട്ടിയുണ്ടാക്കിയ വലിയ ചിറ കാണാൻ പോകാമായിരുന്നു. കുന്നിന്റെ നെറുകയിൽ പണിതു വച്ച കാറ്റാടി യന്ത്രം കണ്ടു അത്ഭുതം കൂറി നിൽക്കാമായിരുന്നു. നൂറു വർഷങ്ങൾക്കപ്പുറം ഉഗ്രനക്കുന്നിലെത്തിയ സായിപ്പന്മാരുടെ വീരഗാഥകൾ പലതും കേട്ടിട്ടുണ്ട്. രാജാക്കന്മാർ ഒന്നൊന്നായി അവർക്കു മുന്നിൽ അടിയറവു പറയും കാലം. അയ്യായിരം വർഷത്തെ പാരമ്പര്യം ആരെയും തുണച്ചില്ല. വെടിമരുന്നിന്റെ ഗന്ധം ഇന്ത്യമഹാരാജ്യത്തെ മയക്കികിടത്തുകയായിരുന്നു. യക്ഷിയും ഈനാംപേച്ചിയും മേഞ്ഞുനടന്ന ഘോരവനത്തിൽ അരഞ്ഞാണം പോലെ റോഡുണ്ടാക്കി കറങ്ങി കറങ്ങി മണ്ടയിലെത്തി. കാട് തെളിച്ചു പള്ളിയും പള്ളിക്കുടവും പണിതു. സായിപ്പിന് പേടിയില്ലായിരുന്നു. കാരണം കയ്യിൽ തോക്കുണ്ടായിരുന്നു. പറയന്മാരും പുലയന്മാരും സായിപ്പിന്റെ കൂടെ കൂടിയതോടെ 'തമ്പ്രാൻ' വിളി നിർത്തി മനുഷ്യന്മാരെ പേരുചൊല്ലി വിളിക്കാൻ തുടങ്ങി. "അവന്റെ ഹുങ്ക് കണ്ടില്ലേ...."? ചില മേലാളർ പിറുപിറുത്തു. എന്ത് ചെയ്യാം? സായിപ്പിന്റെ കയ്യിൽ തോക്കുണ്ടല്ലോ പണ്ടാണെങ്കിൽ കണ്ടത്തിൽ ചവിട്ടി താഴ്ത്തിയാൽ പിന്നെ മേലോട്ടില്ലായിരുന്നു. അവന്മാരുടെ ഭരണമല്ലേ? കാഞ്ചി വലിച്ചാൽ ഏതാനയും വീഴും. പക്ഷെ തോക്കു കണ്ട് യക്ഷി നാട് വിട്ടത് എന്തിനു? പ്രൈമറി സ്കൂളിൽ പൊന്നമ്മ ടീച്ചർ ഉള്ളേടത്തോളം കാലം മത്തച്ചന്റെ പോക്കറ്റിൽ എഞ്ചുവടിയുണ്ടാകും പിന്നെ ഗോലികൾ. വട്ടെന്ന് വിളിക്കും. സോഡാക്കുപ്പിയുടെ കഴുത്തിൽ കിടക്കുന്ന സൈസ്. അത് വച്ച് കൂട്ടുകാരുടെ വിരലിന്റെ കിണ്ണനോക്കി അടിക്കണം. അവന്മാർ പുളയുന്നത് കാണാൻ എന്ത് ശേലാണെന്നോ?ക്ലാസിൽ വച്ച് നന്നായി പട്ടിക ചൊല്ലി ഗമയ്ക്കുന്നവന്മാരെ പുറത്തു കിട്ടുമ്പോൾ അങ്ങനെ കൈകാര്യം ചെയ്യാം. പറങ്കേണ്ടികൾ അണ്ടി കളിക്കാനുള്ള വച്ചുമുതലാണ്. അതായതു മൂലധനം. എതിരാളിയുടെ മുതലും തന്റെ ഓഹരിയും കുടി ഒരു കുഴിയിലേക്കെറിയും. കുഴിയിൽ വീഴുന്നത് എറിയുന്നവന് സ്വന്തം. പിന്നെ ചുറ്റും ചിതറിക്കിടക്കുന്നത്ഏതെങ്കിലും ഒന്ന് ഉന്നം നോക്കി എറിഞ്ഞു തെറിപ്പിച്ചാൽ എല്ലാം സ്വന്തമാക്കാം. കളിയിൽ ജയിക്കുന്തോറും നിക്കറിന്റെ പോക്കറ്റുകളും നിറയും. കറ്റാപുൾട്ട്. രണ്ടു ശിഖരമുള്ള പാലമരകമ്പ് പാകത്തിലാക്കി രണ്ടറ്റത്തായി നീളൻ റബ്ബർ കെട്ടിയുണ്ടാക്കുന്ന യന്ത്രം. നടുക്ക് ഒരു ഉണ്ട കല്ല് വച്ച് അമ്പുപോലെ വലിച്ചു വിട്ടാൽ കാക്കയും കൊക്കും താഴെത്തന്നെ. "മത്തീ" എന്ന ഇരട്ട പേരുവിളിക്കുന്നവന്റെ തലയ്ക്കും ചിലപ്പോൾ ഉന്നം പരീക്ഷിച്ചെന്നു വരാം. തല പൊട്ടുന്നവനും അവന്റെ അമ്മയും കുടി വീട്ടിലേക്കിരച്ചു ചെല്ലും. " എന്റെ കൊച്ചാടത്തി ..............ഈ കൊലച്ചതി നീ കണ്ടോ"? തലയിൽ നിന്ന് ചോരയൊലിപ്പിച്ചു തന്റെ ശത്രു നിൽക്കുന്നുണ്ടാകും. അതുകണ്ട് അമ്മയുടെ ഹൃദയം കാളും. "അവനിങ്ങു വരട്ടെ . അവന്റെ എല്ലുഞാനോടിക്കുന്നുണ്ട് ങ്ഹാ... അത്രക്കായോ" ? മൂക്കു പിഴിഞ്ഞ് ശപിച്ചുകൊണ്ട് ശത്രുവിന്റെ അമ്മ പോകും. ചിറിയിലേക്കൊഴുകുന്ന ചോരയും ഒപ്പം മൂക്കിൽ നിന്ന് വായിലേക്കിറങ്ങുന്ന മൂക്കളയും തുപ്പി തെറുപ്പിച്ചുകൊണ്ടു ശത്രുവും. സന്ധ്യയ്ക്കു പാത്തും പതുങ്ങിയും വീട്ടിലെത്തിയാൽ അടിയുടെ പൂരം. എത്ര കൊണ്ടിരിക്കുന്നു. ഒരു കൈ കൊണ്ട് തടയും മറ്റേ കൈ കൊണ്ട് തൂക്കും. ഇതുപോലെ ഒരുപാടു അടികൊണ്ടപ്പോൾ പൂക്കോട്ടെ തങ്കച്ചൻ ഒരിക്കൽ നാട് വിട്ടു പോയിരുന്നു. ഏതോ ഹോട്ടലിൽ പാത്രം കഴുകിയൊക്കെ കുറെ നാൾ നിന്നിട്ടു മുടിയനായ പുത്രനായി മടങ്ങി പോന്നു. പക്ഷെ ലഡാക്കിൽ നിന്ന് വരുന്ന പട്ടാളക്കാരന്റെ സ്റ്റൈലിലായിരുന്നു അവന്റെ വീരവാദങ്ങൾ . ചിത്രശലഭം പോലെയുള്ള ചുവന്ന സ്ലൈഡ് ചന്തയിൽ പോയപ്പോൾ വളക്കാരന്റെ തട്ടത്തിൽ നിന്ന് കാലണ കൊടുത്തു് സംഘടിപ്പിച്ചതാണ് കുറേനാളായി പോക്കറ്റിലിട്ടു നടക്കുന്നു. മൂന്നാം ക്ലാസ്സിലെ ശോശക്കുട്ടിക്ക് കൊടുക്കാൻ. പക്ഷെ അവളെ ഒറ്റയ്ക്ക് കിട്ടണ്ടേ ? പെൺപിള്ളേരുടെ ഒരു പട ഇപ്പോഴും അവളോടൊപ്പം ഉണ്ടാകും. ശോശക്കുട്ടിയെ ഒന്ന് നോക്കിയാൽ അവളുമാരുടെ ശകാരം. "ദേ.......ആ മത്തങ്ങയുടെ നോട്ടം കണ്ടോ? ഉണ്ടക്കണ്ണൻ ....? കൈ അറിയാതെ കറ്റാപുൾട്ടിലേക്കു നീളും . എന്നാലും ക്ഷമിക്കും. കാരണം ശോശക്കുട്ടി ചിരിക്കും.അവൾ മാലാഖയാണ് കൂട്ടുകാരികൾ ചെകുത്താട്ടികളാണെന്ന് മാത്രം. പളുങ്കിന്റെ ചിത്രശലഭം മാത്രം അവൻ തിരികെ വലത്തെ പോക്കറ്റിൽ നിക്ഷേപിച്ചു. ഏറ്റവും പ്രിയമുള്ള നിധികൾക്കു വലത്തെ പോക്കറ്റാണിടം. ഓർമ്മവച്ച നാൾ മുതലുള്ള പതിവാണത്. ആഞ്ഞിലിയുടെ താഴെ മത്തച്ചനെ കണ്ടത് മുതൽ കാക്കകൾ കലപില തുടങ്ങി. കൂടെടുക്കാൻ ചെന്നാൽ 'അമ്മകാക്ക കുത്തി കണ്ണുപൊട്ടിക്കും എന്ന് രാമൻ ചേട്ടൻ ഒരിക്കൽ പറഞ്ഞതവൻ ഓർത്തു. അതൊക്കെ വെറുതെ പറയുന്നതാവും. പിള്ളേരെ കളിപ്പിക്കാൻ. എത്രയോ കാക്കക്കൂടുകൾ തകർന്നിരിക്കുന്നു. എന്നിട്ടാരേലും കണ്ണ് പൊട്ടന്മാരായിട്ടുണ്ടോ? ഉഗ്രൻകുന്നിൽ ആകെ ഒരു കുരുടനല്ലേയുള്ളു. കുരുടൻ കുട്ടപ്പൻ ചേട്ടൻ. ജനിച്ചപ്പോഴേ അങ്ങനെയാകാനാണ് വഴി. കാക്ക കൊത്തിയ കാര്യമൊന്നും തേയിക്കുപോലുമറിയില്ല നാലടി പൊക്കവും ഒരു കണ്ണുമുള്ള തേയിയെ നാട്ടിൽ എല്ലായിടവും കാണാം. കാറ്റുപോലെയാണവർ. എല്ലാവരെയും കൊച്ചമ്പ്രാൻ, വല്യമ്പ്രാൻ എന്നൊക്കെ വിളിക്കാൻ ഇന്ന് തേയി മാത്രം. ഏതോ ഭൂതകാലത്തിന്റെ ജ്വലിക്കുന്ന ഒരോർമ്മയായി അവർ പറന്നു നടക്കുന്നു. " തേയിക്കെത്ര വയസ്സായി തേയിയെ "? എന്നാരെങ്കിലും ചോദിച്ചാൽ കൃത്യമായി ഉത്തരം വരും. "വരുന്ന മേടത്തിൽ നൂറ്റിയിരുപത് കൊച്ചമ്പ്രാ" തേയിക്കറിയാത്ത കാര്യം പിന്നെ ആർക്കറിയാം ? അപ്പൻ കാക്കയും അമ്മ കാക്കയും പോയി തുലയട്ടെ. അതല്ല പ്രശ്നം. സ്കൂൾ വിട്ടു വന്ന പാടെ ഓടിയെത്തിയതാണ്. വലിഞ്ഞിഴഞ്ഞു മണ്ട വരെ കയറിയാൽ ഇരുട്ടു വീഴും മുമ്പ് താഴെ ഇറങ്ങാൻ പറ്റുമോ ? കാക്കകുഞ്ഞുങ്ങളെ മാറാപ്പിൽ കെട്ടി ഭദ്രമായി കൊണ്ടിറക്കാനാകുമോ?താഴെ വരുമ്പോഴേക്കും ചങ്ങാത്തം കൂടി ഒന്നിനെ തട്ടിയെടുക്കാൻ പോക്കിരിക്കൂട്ടം ഓടിവരില്ലേ ?ഒരു സമാധാനവും ഇല്ല. എന്നാലും വിജയശ്രീലാളിതനായി കൂട്ടാളികളുടെ മദ്ധ്യേ കുരുന്നു കിളികളുമായി നിൽക്കുന്ന രംഗം ഓർത്തപ്പോൾ മത്ത് പിടിച്ചു. കുരങ്ങു ചാടും പോലെ ഒറ്റ ചാട്ടം. ഒന്നാം കവട്ടയിലെത്തി. പിന്നെ ഏന്തി വലിഞ്ഞു മുകളിലേക്ക്.നെഞ്ചു മരത്തിലുരഞ്ഞു ചോര പൊടിച്ചു. അത് തൂത്തു നിക്കറിൽ പുരട്ടി. കാക്കകളുടെ ബഹളം കൂടി. ആയിരം കാക്കകൾ പെട്ടെന്ന് പിറന്നപോലെ. അവയുടെ നിലവിളി കഠോരമായിരുന്നു

No comments:

Post a Comment