Monday, 24 January 2022

Champions of KIPS SPELL BEE Contest 2022 with staff and parents. (Mathew T Aby - Cat - 1, Britny Biju Cat - 2, Hanna Liz Jaison - Cat - 3)

Thursday, 20 January 2022

ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ ) By ഡോ. ഏബ്രഹാം കരിക്കം


 അദ്ധ്യായം എട്ട്
 വേദം പഠിച്ച കുഞ്ചുവിനൊപ്പം
 കിഴക്കേ നടയിലെ ഉത്സവത്തിന് സാംബശിവൻ ഒഥല്ലോയുടെ കഥാപ്രസംഗം അവതരിപ്പിച്ചു. പേപ്പട്ടിയുടെ പിറകെ കൂടിയ രണ്ടുപേരെ അത് കടിച്ചുപറിച്ചു. അവരുടെ പൊക്കിളിന്റെ ഭാഗത്തു പതിനൊന്നു കുത്തിവയ്പ്പുകൾ നടത്തേണ്ടി വന്നു. തെരഞ്ഞെടുപ്പുകൾ രണ്ടു നടന്നു. ഒന്നിൽ പുതിയൊരു നേതാവ് ഉദയം ചെയ്തു. കോലാഹലം ചില്ലറയായിരുന്നില്ല. സൈക്കിൾ യജ്ഞം പലതു നടന്നു. മൂന്നുദിവസം മുതൽ ഒരാഴ്ച്ച വരെ ഊണും ഉറക്കവും സൈക്കിളിൽ തന്നെ നടത്തുന്ന അത്ഭുത യോദ്ധാക്കളുടെ പ്രകടനം ആൾക്കാരെ പ്രകമ്പനം കൊള്ളിച്ചു. നാട്ടിലെ കുട്ടികൾക്കപ്പോൾ ഊണും ഉറക്കവുമില്ലാതായി. പ്രൈമറി പള്ളിക്കൂടത്തിന്റെ ഗ്രൗണ്ടിൽ ഉഗ്രൻകുന്നു കലാസമിതി സി.എൽ ജോസിന്റെ രണ്ടു നാടകങ്ങൾ അവതരിപ്പിച്ചു. റിഹേഴ്സൽ നാളുകൾ മുതൽ നാടകം തീരും വരെ പിള്ളേരെല്ലാം രാത്രികളിൽ സ്കൂളിനെ ചുറ്റിപ്പറ്റിത്തന്നെ നിന്നു. വീണു കിട്ടിയ ചില ഡയലോഗുകൾ ഏറ്റുപാടി നടന്നു. നാടകത്തിനു പെൺവേഷം കെട്ടിയ ആണുങ്ങൾ ചിരട്ട വച്ച് നെഞ്ചു പൊക്കിക്കെട്ടുന്നതും സാരിയും ബ്ലൗസുമൊക്കെ അണിയുന്നതും മേക്കപ്പ് റൂമിൽ ഒളിച്ചുകടന്ന അവർ കണ്ടു ചിരിയടക്കി. സായിപ്പിന്റെ സ്കൂളിൽ പുതിയൊരു പ്രിൻസിപ്പൽ ചുമതലയേറ്റു. പുത്തൻ ഫിയറ്റുമായിട്ടാണ് സായിപ്പ് രംഗപ്രവേശം ചെയ്തത്. പൊടി തെറിപ്പിച്ചുകൊണ്ട് അത് ചീറിപാഞ്ഞപ്പോൾ കുട്ടികളെല്ലാം പിറകെ ഓടി. മണിച്ചിപ്പശു പിന്നെയും പ്രസവിച്ചു. വയലിൽ മരമടി മഹോത്സവത്തിൽ രണ്ടു കാളകൾ മലർന്നടിച്ചു വീണു. കൊടും വേനലിൽ മാമ്പൂവ് എല്ലാം കൊഴിഞ്ഞുപോയി. പട്ടണത്തിൽ ഒരു പ്ലിമത്ത് കാർ ടാക്സി ഓടാൻ തുടങ്ങി. കൊയ്ത്തും മെതിയും പലതു നടന്നു. ജന്മിയായ ഈച്ചരൻ നമ്പൂതിരിയുടെ അറകൾ എല്ലാം നിറഞ്ഞു. വീട്ടിൽ ഒരു കളീൽ വച്ചപ്പോൾ അതിന്റെ ഓരത്ത് ആയി മത്തച്ചനു സ്വന്തമായി ഒരു മുറിയും കിട്ടി. ഒരു രാത്രി മത്തച്ചന്റെ കട്ടിലിൽ ഒപ്പം കിടന്ന പൂച്ച മൂന്ന് കുട്ടികളെ പ്രസവിച്ചിട്ടു. ആശാരി ഉപദേശിയുടെ രാത്രി യോഗങ്ങളിൽ ജനം ഇളകിത്തുടങ്ങി. വളകൾ കിലുക്കിപോയ പെണ്ണുങ്ങൾ വെറും കൈയ്യോടെ മടങ്ങി വന്നു ഭർത്താക്കന്മാരുടെ അടിയും ശകാരവും ആവോളം വാങ്ങിക്കൂട്ടി. ഗണപതിയമ്പലത്തിൽ ഗാനഗന്ധർവൻ ഗാനമേളക്കെത്തി. വളരെ നാളുകൾക്കു ശേഷം രാത്രിയിൽ എവിടേയോ ആരോ ഒരു പൂവൻ കോഴിയെ മോഷ്ടിച്ചതായും കേട്ടു. പട്ടണത്തിലെ മിനർവാ തീയറ്ററിൽ ചെമ്മീൻ വളരെ നാളുകൾ ഓടി. നാട്ടിലെ അവശ കാമുകന്മാർ "മാനസ മൈനേ" പാടിപ്പാടി വശം കെട്ടു. അങ്ങനെ മലഞ്ചെരുവിലെ മത്തച്ചൻ പത്തിലും പനംകുന്നിലെ ശോശക്കുട്ടി ഒമ്പതിലുമായി. മത്തച്ചന് പൊടി മീശ മുളച്ചു. തോൾ വിരിഞ്ഞു ഒരു ആണാകാൻ തുടങ്ങിയ അവൻ സ്കൂളിലെ ഹീറോ ആയി കഴിഞ്ഞിരുന്നു. ഫുട്ബോൾ കോർട്ടിൽ നിറഞ്ഞു നിന്നപ്പോൾത്തന്നെ പഠിപ്പിലും കേമനായി. ഖദർ മുണ്ടും ഷർട്ടും ധരിക്കാനും തുടങ്ങിയിരുന്നു. ശോശക്കുട്ടി കാണെക്കാണെ വളർന്നു. അവളെ കാണുന്നത് മത്തച്ചന്റെ കണ്ണുകൾക്കു ഉത്സവമായി. മനസ്സിൽ അവളൊരു ചിത്രശലഭമായി പറന്നു നടന്നു. പൂത്തിരിയായി കത്തി നിന്നു. മത്തച്ചൻ ഇ. എം ശങ്കരൻ നബൂതിരിപ്പാടിന്റെ ആത്മകഥ വായിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഗാന്ധിജിക്കു ശേഷം ആത്മകഥകളോട് ദാഹമായിരുന്നു. ഏറ്റവും ആസ്വദിച്ചത് ആൽബർട്ട് ഷൈറ്റ്സറുടെതായിരുന്നു. പിന്നെയാണ് ഇ.എം എസ്സിൽ എത്തിയത്. കേരളം രണ്ടു ശങ്കരന്മാരെ പ്രസവിച്ചു. ഒന്ന് ആദി ശങ്കരൻ. മറ്റേതു ഇ.എം ശങ്കരൻ. അങ്ങനെ എവിടെയോ വായിച്ചത് പുസ്തകം കയ്യിൽ വന്നപ്പോൾ ഓർത്തു. വള്ളുവനാട്ടിലെ ഏലംകുളം മന. പൂജാദി കർമ്മങ്ങളുടെയും പേടിപ്പെടുത്തുന്ന പിതൃക്കളുടെയും പ്രേതങ്ങളുടെയും അന്തരീക്ഷം. അമ്പതിനായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്ന പ്രതാപൈശ്വര്യങ്ങളുടെ തറവാട്. അവിടെ ഓത്താനാവാൻ വേദം പഠിച്ചു വളർന്ന കുഞ്ചു. കുഞ്ചുവിനൊപ്പമായി മത്തച്ചന്റെ പിന്നീടുള്ള യാത്രകൾ. ഒരു ദിവസം സായന്തന ദർബാറിനു ശവക്കോട്ടപ്പുരയിടത്തിലെത്തിയ മത്തച്ചൻ പതിയെ ഇ. എം .എസ് പൂണൂൽ പൊട്ടിച്ച കഥ ഒന്നവതരിപ്പിക്കാമെന്നു വച്ചു. പണ്ടത്തെപ്പോലെ വിളയിലപ്പന്റെ പുരയിടത്തിൽ മൂർഖൻ വന്നതും കോയിക്കലച്ചായൻ നാട്ടിലെ തടിയൻ പട്ടികളുടെ വരി കീറുന്നതുമായ കഥകളൊന്നുമല്ല കൂട്ടുകാർ ഈയിടയായി സംസാരിക്കുന്നതെന്ന് അവൻ ശ്രദ്ധിച്ചിരുന്നു. ക്ളാസ്സിലെ പെൺപിള്ളേരും, ടീച്ചർമാരും, കെ.എസ്.യു, കെ.എസ്.സി ഒക്കെയാണിപ്പോൾ മുന്തിയ വിഷയങ്ങൾ. ഇ.എം.എസ്. എന്നുകേട്ടപ്പോൾ ചിലർ കലിതുള്ളി. "ടെയ്... നീയെന്താ... കമ്യൂണിസ്റ്റായോ? തട്ടിക്കളയും ഞങ്ങൾ ... " അവർ നിലപാടറിയിച്ചു. "ഇ.എം.എസ്. പൂണൂൽ മുറിച്ച കഥ നിങ്ങൾ കേട്ടിട്ടുണ്ടോ എന്നാ ചോദിച്ചത്...." "ഓരോരുത്തർ എന്തെല്ലാം മുറിക്കുന്നു. പിന്നല്ലേ ഒരുളുത്ത പൂണൂൽ .... പോടാ ...പോയി പണി നോക്ക്...ഇവിടെ ചിലവാകില്ല മോനെ." സ്കൂളിൽ ഒരു എസ്.എഫ്.ഐ കാരൻ കെ.എസ്.സി. നേതാവിന്റെ ഉച്ചി നോക്കി എറിഞ്ഞു പറ്റിച്ച പ്രധാനപ്പെട്ട വിഷയത്തിലേക്കു അവർ കടന്നു. കൂട്ടുകാർ കേട്ടില്ലെങ്കിലും മത്തച്ചന്റെ മനസ്സിൽ ഇ.എം.എസ്. പ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. അത് വീട്ടിലൊരു ഭൂകമ്പവുമുണ്ടാക്കി. കളീലിന്റെ ഓരത്തുള്ള ചെറിയ മുറിയിൽ അതുവരെ ഫ്രയിമിട്ട രണ്ടു ചിത്രങ്ങളെ ഉണ്ടായിരുന്നുള്ളു. ഗത്സമനയിലെ യേശുവിന്റെ വലിയ പടവും അതിന്റെ പകുതിയോളം വരുന്ന ഗാന്ധിജിയുടെ ഫോട്ടോയും . മുറിയടിച്ചു വൃത്തിയാക്കാൻ വന്ന മാറിയമാണ് ആദ്യം ഞെട്ടിയത്. ക്രിസ്തുവിന്റെ വലതുവശത്തു ഗാന്ധിജിയുടെ അത്രെയും വലിപ്പമുള്ള മറ്റൊരു ചിത്രം. നരച്ച മുടിയുള്ള, വിശാലമായ നെറ്റിയുള്ള, കറുത്ത കണ്ണട വച്ച ഇ.എം.എസ്. താടിക്കു കയ്യും കൊടുത്തു് വിദൂരതയിലേക്ക് കണ്ണും നട്ട്.... "എടുക്കെടാ.. അത്..." പെങ്ങൾ അലറി. "എടുക്കുന്നില്ല". അതേ സ്വരത്തിൽ തന്നെയായിരുന്നു മത്തച്ചന്റെ മറുപടി. മറിയം ചാടി ഫോട്ടോയിൽ പിടിച്ചു. മത്തച്ചനവളെ വലിച്ചു താഴെയിട്ടു. രണ്ടുപേരും പിന്നെ വലിയും അടിയും ആയപ്പോൾ 'അമ്മ ഓടി വന്നു. " 'അമ്മ കണ്ടോ..?" അവൾ ഭിത്തിയിലേക്കു ചൂണ്ടി. " ഹെന്റെ കർത്താവെ... ഈ ചെറുക്കനിതു എന്തോ ഭാവിച്ചാ... ദാ ഇതു കണ്ടോ....? 'അമ്മ അപ്പനെ വിളിച്ചു വരുത്തി. അപ്പൻ മൂന്ന് ചിത്രങ്ങളും മാറിമാറി നോക്കി. ഒരു ചെറുചിരി ആ ചുണ്ടിലെങ്ങാനും ഒളി മിന്നിയോ? "അവൻ എന്തെങ്കിലും കാണിക്കട്ടെ. നിങ്ങൾ നിങ്ങളുടെ പാട് നോക്ക്..." അമ്മയും പെങ്ങളും നിന്നു വിറക്കുകയായിരുന്നു. തെമ്മാടിയും പോക്രിയും സർവ്വോപരി കമ്യൂണിസ്റ്റും എന്നു പറയുന്ന കാലമായിരുന്നല്ലൊ. ഒരമ്മ എങ്ങിനെയതു സഹിക്കും?. പെങ്ങൾ ചേട്ടന്മാരെയും ചേട്ടത്തിമാരെയും വശത്താക്കി ഫോട്ടോ എടുപ്പിക്കാൻ പരിശ്രമിച്ചു നോക്കി. ഒരു ഏറ്റുമുട്ടലിനു അവരും തയ്യാറായില്ല . പക്ഷെ 'അമ്മ ഒരു വഴി കണ്ടിരുന്നു. ശക്തമായ ഒരു വഴി. അന്നൊരു ശനിയാഴ്ച. പൂവൻകോഴി മാത്രം കൂട്ടിൽ കിടന്നു ചാടുന്നത് കണ്ടപ്പോൾ മത്തച്ചന് മനസ്സിലായി ആരോ വിശിഷ്ട അതിഥികൾ എത്താറായി എന്ന്. അടുക്കളയിൽ കയറി നോക്കിയപ്പോൾ സംഗതി ഉറപ്പായി. അടുപ്പുകൾ എല്ലാം കത്തുന്നു. വലിയ തീക്കൊള്ളികൾ എല്ലാം റെഡിയായിരിക്കുന്നു. അമ്മയും പെങ്ങളും വലിയ ഉത്സാഹത്തിൽ. കൂട്ടിനു ദേവകിയും വന്നിട്ടുണ്ട്. കുറെക്കഴിഞ്ഞപ്പോൾ അമ്മയ്ക്ക് വിവശത. കാളൻ ബേബിയെ കാണുന്നില്ല.... " ടാ... നിനക്കാ കോഴിയെ ഒന്നു കൊല്ലാമോ...? 'അമ്മ ചോദിച്ചു. "എന്താ വിശേഷം...?” "പള്ളിലച്ചന് ഇന്നിവിടാ ഊണ്..." "കൊലപാതകത്തിന് ഞാനില്ല ..." അതുകേട്ട വാശിക്കു കറിയിരുമ്പുമായി മറിയം കോഴിക്കൂടിനരികിലെത്തി. " ഒരു സന്യാസിയെ കണ്ടില്ലേ... പൂച്ച സന്യാസി ..." അവൾ മത്തച്ചനെ നോക്കി പിറുപിറുത്തു. ഏതാണ്ട് അഞ്ചാറുകിലോ വരുന്ന കരുത്തനായ പൂവൻ കോഴിയുടെ പുറത്തവൾ ഇരുമ്പുമായി നിലയുറപ്പിച്ചു. മത്തച്ചൻ മുൻസീറ്റിലിരുന്നു നാടകം കാണുന്നതുപോലെ വാ പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു വാശി കൂടി. ഉറക്കെ കൂവുന്ന കോഴിയുടെ കഴുത്തു തിരിച്ചു അവൾ ഒരു വെട്ടു വെട്ടി . രക്തം ചീറ്റി വായിൽ വീണപ്പോൾ അവൾ കുതറിച്ചാടി. പിന്നെ മുറിഞ്ഞ തലയുമായി കോഴി പറന്നു പൊങ്ങി. കുടുകുടെ ചിരിച്ചുകൊണ്ട് മത്തച്ചനും ഉറക്കെ കരഞ്ഞുകൊണ്ട് മറിയവും കോഴിയുടെ പിറകെ ഓടി. ഒരു പറമ്പിൽ നിന്നും അടുത്ത പറമ്പിലേക്ക്. ജീവൻ നിലനിർത്താനുള്ള ഒരു മിണ്ടാപ്രാണിയുടെ നിലവിളിയും പരാക്രമവും മത്തച്ചനെ അമ്പരപ്പിച്ചു. ഏതോ പറമ്പിൽ കപ്പക്ക് കിളച്ചുകൊണ്ടു നിന്ന കാളൻ ബേബി ദൈവദൂതനായി അവതരിച്ചു. താമസിയാതെ നിരവധി കഷ്ണങ്ങളായി കോഴി അടുപ്പത്തു കയറി. ഏതാണ്ട് പന്ത്രണ്ടു മണിയായപ്പോൾ ആജാനുബാഹുവായ ഇലവുംമൂട്ടിലച്ചൻ എത്തി. കൂടെ കപ്യാരച്ചനും. വളരെ നാൾ പലനാടുകളിലായിരുന്ന അച്ചൻ സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിക്കയാണ്. ശേഷിക്കുന്ന കാലം സ്വന്തം ഇടവകയിൽത്തന്നെ. മലേഷ്യയിൽ നിന്നാണ് ഇപ്പോഴത്തെ മടക്കം. മിനുമിനുത്ത കുപ്പായത്തിനുള്ളിൽ അച്ചന്റെ വയറു തള്ളിനിന്നു. ബഹുകേമനാണെന്നു പലരും പറയുന്നു. കഴുത്തിൽ നല്ലൊരു സ്വർണ്ണ മാലയും കുരിശും. പത്തു പവനെങ്കിലും കാണും. സ്വർണ്ണ ചെയിനുള്ള വാച്ച്. പോക്കറ്റിൽ തിളങ്ങുന്ന ഒരു പേനയും. മലേഷ്യയിൽ സ്വർണ്ണത്തിനു വിലകുറവായിരിക്കും എന്നു മത്തച്ചൻ മനസ്സിൽ ഉറപ്പിച്ചു. അമ്മയും പെങ്ങളും ചേർന്ന് ഭവ്യതയോടെ അച്ചനെ സ്വീകരിച്ചു. ഒരു കൂസലുമില്ലാതെ നിൽക്കുന്ന മത്തച്ചനെ അച്ചൻ തുറിച്ചൊന്നു നോക്കി. "പെണ്ണങ്ങു കൊഴുത്തു തടിച്ചല്ലോ... ഇവളുടെ കല്ല്യാണമൊന്നും ശരിയായില്ലേ...? മറിയത്തെ നോക്കികൊണ്ട് അമ്മയോടായി അച്ചൻ ചോദിച്ചു. "ആലോചനയൊക്കെ നടക്കുന്നുണ്ടച്ചോ...." 'അമ്മ നാരങ്ങാവെള്ളം മോന്തിക്കുടിച്ചുകൊണ്ടച്ചൻ : "നീയെത്രയിലാടാ പഠിക്കുന്നെ ...?" "പത്തിൽ..." "കൊള്ളാമല്ലോ ... ഏതു സ്കൂളി ലാ...?" "സായിപ്പിന്റെ സ്കൂളിൽ..." "ഭേഷ്..." ഗ്ലാസ് കപ്യാരുടെ കയ്യിൽ കൊടുത്തിട്ട് അച്ചൻ തുടർന്നു. "നീ അച്ചനാകുന്നോ?" മത്തച്ചൻ ഒന്നു ഞെട്ടി. "അഞ്ചുമുഴം തുണി ദേഹത്തു വീണാൽ അഞ്ചുലക്ഷമാ സ്ത്രീധനം. പിന്നെ ഒന്നു പയറ്റിയാൽ അമേരിക്കയിലോ ഗൾഫിലോ കറങ്ങി ലക്ഷങ്ങൾ വാരാം. അവിടൊക്കെ ഇടവകകൾ തഴച്ചു വളരുവാ..." മത്തച്ചൻ നിന്നു വിറച്ചു. "അല്ലെങ്കിൽ ഡോക്ടറോ എഞ്ചിനീയറോ ആകാൻ നോക്കണം. പത്തു പുത്തനാടാ ഇക്കാലത്തു വലുത്. അല്ലാത്ത എരപ്പാളിയെ ആർക്കു വേണം?”. അച്ചൻ ഉപദേശം തുടരുന്ന മട്ടാണ്. "ധനവാൻ സ്വർഗത്തിൽ പോകുമോ.... അച്ചാ?" മത്തച്ചൻ മന്ദമായി ചോദിച്ചു. ഇപ്പോൾ ഞെട്ടിയത് അച്ചനാണ്. "കപ്യാരച്ചോ.... ഇവൻ ആളു ശരിയല്ലല്ലോടാ.... " അച്ചൻ ഈണത്തിൽ മൂളി. ഊണും കഴിച്ചു പ്രാർത്ഥനയും കഴിഞ്ഞിറങ്ങാറായപ്പോഴാണ് അമ്മ അമിട്ടു പൊട്ടിച്ചത്. "അച്ചൻ അവന്റെ മുറീലോട്ടൊന്നു നോക്കണേ..." മത്തച്ചൻ ഒന്നു തരിച്ചു. അച്ചൻ കളീലിന്റെ ഓരത്തുള്ള കൊച്ചു മുറിയിലോട്ട് അറപ്പോടെയെങ്കിലും കാലെടുത്തു വച്ചതും ദ്ർഷ്ടി ഭിത്തിമേലുള്ള പടങ്ങളിൽ പതിച്ചു. കുരിശുകണ്ട ഡ്രാക്കുള മാതിരി അച്ചനൊന്നു കുലുങ്ങി. "കപ്യാരച്ചോ... ഇത് കളിയല്ല...." എന്ന് അച്ചൻ പിന്നെയും നീട്ടി മൂളി. ഒന്നോ രണ്ടോ ഉപദേശം കൊണ്ട് ശരിയാവുന്നവനല്ല ഈ താന്തോന്നിയെന്നും ഇവനു കൗൺസലിംഗ് തന്നെ വേണ്ടി വരുമെന്നും പരിചയ സമ്പന്നനായ അച്ചനു പെട്ടന്ന് പിടികിട്ടി. അതിലുപരി ഇവൻ ഇങ്ങനെ വളർന്നു വന്നാൽ ആകമാന ക്രൈസ്തവ സഭയ്ക്കു തന്നെ ഭീഷണിയാകുമെന്നും അച്ചന്റെ അന്തരംഗം മന്ത്രിച്ചു. ഇവനെ കത്രിക്ക പോലെ കഷണിക്കണം. അച്ചൻ തീർപ്പാക്കി. "നിങ്ങൾ എല്ലാവരും പോയാട്ടെ.... ഞാൻ മോനോടൊന്നു സംസാരിക്കാം." കപ്യാരുൾപ്പെടെ എല്ലാരേം അച്ചൻ ആട്ടിപ്പായിച്ചു. തട്ടൂടിയിലെ മെത്തപ്പായയിൽ ഇരുന്ന് സൗമ്യമായി സംസാരിക്കാനാരംഭിച്ചു . "മോൻ ധാരാളം വായിക്കും.... അല്ലിയോ?" അവന്റെ ചെറിയ അലമാരിയിൽ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളിൽ അച്ചന്റെ കൂർമ്മ നയനങ്ങൾ പതിഞ്ഞിരുന്നു. "വായിക്കും...." "മോൻ എന്നെങ്കിലും ആ സൈറസ് സാറിന്റെ പ്രസംഗം കേട്ടിട്ടുണ്ടോ?" "ഉണ്ട്... രണ്ടു പ്രാവശ്യം .." ഹിപ്നോട്ടിസം വഴി ഒരാളുടെ അന്തരാളത്തിൽ നിന്ന് ഏതോ നിഗൂഢ രഹസ്യം ചോർത്തിയെടുക്കുന്ന വിദഗ്ധന്റെ ഭാവത്തിൽ അച്ചൻ ഒന്നു പൊങ്ങി. "എന്തൊക്കെയാണദ്ദേഹം പറഞ്ഞത്.. ?" "ആദ്യം സാമൂഹ്യ രക്ഷയെപ്പറ്റിയാണ് പറഞ്ഞത്. നമ്മുടെ പള്ളിയിൽ. രണ്ടാമതു യുവജന കൺവൻഷനിലായിരുന്നു. ഫോറിൻ കാറിനോടുള്ള തിരുമേനിയുടെ ഭ്രമത്തെകുറിച്ച്..." അച്ചൻ ഇരുത്തി മൂളി. " മോൻ ഡോ. എം.എം തോമസിന്റെ പുസ്തകങ്ങൾ വായിക്കാറുണ്ടോ?" " ഇല്ല.. കിട്ടിയാൽ വായിക്കാം... അച്ചൻ വായിച്ചിട്ടുണ്ടോ.?." "ച്ചെയ്... വേറെ നല്ലതെന്തെല്ലാമുണ്ട്. ഇതൊക്കെ പാഷാണമ. പാഷാണം. സ്വന്തം കള്ളത്തരവും കാപട്യവും മറച്ചു വയ്ക്കാൻ കമ്യൂണിസ്റ്റുകാരെ കൂട്ടുപിടിച്ചു നടക്കുവല്ലിയോ? മത്തച്ചൻ അനങ്ങിയില്ല . " മോന് ഇ.എം.എസിനെ ഇഷ്ടമാണല്ലേ?" "അതെ...ശരിക്കും...” "എന്താ കാര്യം..?" "അച്ചൻ ജയിലിൽ പോയിട്ടുണ്ടോ?" മറിച്ചൊരു ചോദ്യമായിരുന്നു അവന്റെ ഉത്തരം. "അതിനു ഞാൻ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലല്ലൊ." അച്ചൻ കുലുങ്ങിചിരിച്ചു. "അച്ചൻ കുടുംബ സ്വത്തെല്ലാം വിറ്റു സഭയ്ക്കോ പാവങ്ങൾക്കോ കൊടുക്കാൻ തയ്യാറാണോ?" "കപ്യാരച്ചോ..." എന്നു വിളിച്ചു അച്ചൻ പുറത്തുചാടി ഇടവഴിയിലിറങ്ങി റോഡിലേക്കോടി. പുത്തൻ കാർ അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ആ ദിവസം അച്ചനുറങ്ങിയില്ല. സിംഹം ആനയുടെ മസ്തകത്തിനടിക്കുന്നപോലെയല്ലേ ചെറുക്കൻ അടി പറ്റിച്ചത്? അവൻ പൊട്ടാറായ ബോംബാണ്. അതുടനെ നിർവീര്യമാക്കിയില്ലെങ്കിൽ ഇവിടെ ഒരു മരുഭൂമി ഉയിർക്കൊള്ളും. എന്താണൊരു വഴി?. ആലോചിച്ചിട്ട് അച്ചനൊന്നുറച്ചിരിക്കാൻ പോലും കഴിഞ്ഞില്ല. മത്തച്ചൻ ഇ.എം.എസിനൊപ്പം സഞ്ചാരം തുടർന്നു. കടവല്ലൂരിലുടെ. തൃശൂർ സെന്റ് തോമസ് കോളേജിലുടെ. ഉണ്ണി നബൂതിരിയിലൂടെ. എടക്കുനിയിൽ ഇ.എം.എസ്സും കൂട്ടുകാരും ചേർന്ന് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകം അവതരിപ്പിച്ച രംഗം വായിച്ചപ്പോൾ അവൻ കോൾമയിർക്കൊണ്ടു. ഉടനെ ആ നാടകം തേടിപ്പിടിക്കാൻ ആലോചനയായി. ഉഗ്രൻ കുന്നിലും അതൊന്നവതരിപ്പിക്കണം. ശോശക്കുട്ടിക്കും അതിഷ്ടമാവും. അല്ലെങ്കിലും അവൾ പഴയ തൊട്ടാവാടിയല്ലിപ്പോൾ. ശരീരത്തോടൊപ്പം മനസ്സും വളർന്നിരിക്കുന്നു. ബൗദ്ധിക ചക്രവാളം വികസിക്കുന്നുണ്ട്.
ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ ) 
By ഡോ. ഏബ്രഹാം കരിക്കം
 അദ്ധ്യായം ഏഴ് 
തുറന്നുവിട്ട നീരുറവ പോലെ 
 കൂട്ടുകാർ പറഞ്ഞതിലും കാര്യമുണ്ടെന്ന് അന്ന് മത്തച്ചന് തോന്നി. കുറെ നാളായിട്ടു കുട്ടിയും കോലും കളിക്കാനോ അടിതട പഠിക്കാനോ അവൻ കൂടാറില്ല. വായന തന്നെ ശരണം. മറ്റൊരു കാരണം കൂടിയുണ്ട്. മലയിലെ ജോണി. ഓരോ ക്ലാസ്സിലും പലവർഷം പഠിക്കുന്നത് കൊണ്ട് തടി മിടുക്കിൽ അവൻ അല്പം മുന്നിലാണ്. അടിതട പരിശീലിക്കുമ്പോൾ ആളുകളെ നോവിച്ചു് അടിക്കരുത് എന്നാണ് കളരിയാശാൻ കാളൻ ബേബി കൽപ്പിച്ചിരിക്കുന്ന നിയമം. ഒരു ദിവസം ജോണി ആശാനായി. കറങ്ങിത്തിരിഞ്ഞ് ചാടി വന്ന് മാത്തച്ചന്റെ വയറ്റിലൊരു തൊഴി കൊടുത്തു. കണ്ണിൽ തീ പാറി. " നീ വലിയ സായിപ്പല്ലേ ........ ഞങ്ങൾ വെറും സാദാ. ...വാടാ.....വാ....ഹായ് തരികിട തിത്തൈ " ഇതും പറഞ്ഞു ജോണി മത്തച്ചന്റെ മുതുകത്തു് ഒരിടി വച്ച് കൊടുത്തു. ദഹിച്ചു പോയി. അവൻ നിലത്ത് വീണു പോയി. ഒരു നിമിഷം സ്വയം മറന്നു. ചാടിയെഴുന്നേറ്റ് കാലുമടക്കി ഒറ്റ അടി. ജോണി ഉരുണ്ടു ചെന്ന് താഴെ തോട്ടിൽ വീണു. കൂട്ടുകാർ എല്ലാം കൂകി വിളിച്ചു. അവൻ ചുരുണ്ടു പോയി. " നിന്നെ ഞാൻ എടുത്തോളാമെടാ...." തോട്ടിൽ നിന്ന് നനഞ്ഞു കയറുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു. ഗാന്ധിയോടൊപ്പം തെക്കൻ ആഫ്രിക്കയിലേക്ക് പോകുമ്പോൾ, സാൻസിബാറിലെ നീഗ്രോ സ്ത്രീയുടെ ഭവനത്തിലേക്ക് ക്യാപ്റ്റൻ അദ്ദേഹത്തെ വലിച്ചിഴയ്ക്കുന്നതു കാണുമ്പൊൾ, ഈശ്വര കാരുണ്യത്താൽ അദ്ദേഹം രക്ഷപെട്ടു വരുന്നത് വായിക്കുമ്പോൾ എങ്ങനെ കിളിത്തട്ടു കളിച്ചും വയലിലെ പൊത്തയെ പിടിച്ചും നടക്കാൻ പറ്റും? താനൊരു പുരുഷനായി മാറുന്നതായി മാത്തച്ചന് മനസ്സിലായി. അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ മത്തച്ചനുണ്ടാകുവാനുള്ള മഹാ സന്തോഷം മാലാഖമാർ വിളിച്ചറിയിച്ചു. ശോശക്കുട്ടിയും സായിപ്പിന്റെ സ്കൂളിൽ തന്നെ വരുന്നു. സന്തോഷം രണ്ടു വിധത്തിലായിരുന്നു. ഒന്നാമത് ശോശക്കുട്ടിയെ എന്നും കാണാം. നൊടിയിടയിൽ പെണ്ണങ്ങു വളരുകയല്ലേ ? തുറന്നുവിട്ട നീരുറവപോലെ. രണ്ടാമത് അവൾക്കു വേണ്ട പുസ്തകങ്ങൾ അവൾ തന്നെ തേടി പിടിച്ചോളും. അതിന്റെ പേരിൽ രണ്ടാളും വഴക്കിന്റെ വക്കോളമെത്തിയതായിരുന്നു. " പാടാത്ത പൈങ്കിളി " തിരികെ നൽകുമ്പോൾ അവൾ പറഞ്ഞു. " പട്ടു തൂവാല " വേണമെന്ന്. ആദ്യമൊന്നു ശങ്കിച്ചു. തൂവാലയാണോ ? പുസ്തകമാണോ ? വലിയ ലൈബ്രറിയിൽ പരാതിയപ്പോൾ അതും കിട്ടി. മു ട്ടത്ത് വർക്കി തന്നെ " പിന്നെ പറഞ്ഞു " ജീവിത സഖി " കിട്ടിയേ പറ്റുള്ളുവെന്ന്. അവളെ മു ട്ടത്ത് വർക്കിയുടെ ആത്മാവ് ആവേശിച്ചിരിക്കുന്നതായി മത്തച്ചന് തോന്നി. ഒരിക്കൽ തറപ്പിച്ചങ്ങു പറഞ്ഞു. " ഇനി നിനക്ക് പുസ്തകം തരുന്ന പ്രശ്നമില്ല " അവളുടെ മുഖം കറുത്തു. കണ്ണുകൾ ഇരുണ്ടു. തൊട്ടാവാടി ചായും പോലെ അവൾ മങ്ങിപ്പോയി. അന്ന് പാതിരാക്കോഴി കൂകും വരെ ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീടാണറിഞ്ഞത് അവളെ ഇളക്കി വിട്ടത് മറിയമാണെന്ന്. പുസ്തകങ്ങൾ രണ്ടു പേർക്കും കൂടിയാണെന്ന്. മറിയം ആഴ്ചപ്പതിപ്പ് നെഞ്ചത്ത് വച്ച് കണ്ണീർ പൊഴിക്കുന്നത് താനെത്ര കണ്ടിരിക്കുന്നു. ശോശക്കുട്ടിയെ കൂടി വഷളാക്കും. പട്ടണത്തിൽ എം. എൽ . എ പുതിയ ബസ്റ്റാന്റ് കൊണ്ട് വന്നു. ക്രിസ്ത്യാനികൾ തുരു തുരാ സഭകളെ പ്രസവിച്ചു. സഖറിയാ സാർ റേഡിയോയിലൂടെ വോയിസ് ഓഫ് പ്രൊഫസി പ്രഭാഷണം തുടങ്ങി. ആൾക്കാർ തമ്മിൽ വിശ്വാസത്തിന്റെ പേരിൽ പൊരുതിയപ്പോൾ മാർത്തോമ്മാ പള്ളിക്കാർ രണ്ടു ഗ്രൂപ്പായി പിരിഞ്ഞു. ശവക്കോട്ടയും രണ്ടായി. അതിരു തർക്കം മൂലം ചേട്ടാനിയന്മാർ വെട്ടും കുത്തുമായി. ചിലരെല്ലാം ആശുപത്രിയിലുമായി. ആ വാർത്ത കേട്ടപ്പോൾ മത്തച്ചൻ ഒന്ന് നടുങ്ങി. തന്റെ അപ്പനും കൊച്ചപ്പനും കൂടി ഒരിക്കൽ ഒന്നേറ്റുമുട്ടിയതാണ്. മണ്ണിനോടുള്ള അവരുടെ ആർത്തി അന്ന് നേരിട്ടറിഞ്ഞു " കണക്കു പറഞ്ഞാൽ പതിമൂന്നര സെന്റുകൂടി നീ എനിക്ക് തരണം" അപ്പൻ മൊഴിഞ്ഞു. " നിന്റെ ഒരു വാഴക്കായും ഞാനെടുത്തിട്ടില്ല " കൊച്ചപ്പൻ. " തെമ്മാടിത്തരം പറയുന്നോടാ .............മോനെ " എന്ന് പറഞ്ഞു അപ്പൻ തൂമ്പയുമായി അടുത്ത പുരയിടത്തിൽ കയറി രണ്ട് അടയ്ക്കാമരവും ഒരു വാഴയും അറിഞ്ഞു താഴെയിട്ടു. ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് ഊഹിച്ചപ്പോൾ മത്തച്ചന് തുള്ളൽ പനി പിടിച്ചു. ഇല്ല. ഒന്നും സംഭവിച്ചില്ല.. കൊച്ചപ്പൻ അനങ്ങിയില്ല. കാരണം കൊച്ചമ്മ അടുത്തിരുന്നു കണ്ണുരുട്ടുന്നുണ്ടായിരുന്നു. രണ്ട് ദിവസം വീട്ടുകാർ തമ്മിൽ പൊരിഞ്ഞ ശത്രുതയിലായിരുന്നു. പരസ്പരം നോക്കുന്നത് പോലുമില്ല. മൂന്നാം ദിവസം അമ്മ ഒരു പൂവൻ കോഴിയെ പാപ ബലിയാടാക്കി അടുപ്പത്തു വച്ചു. കറി പാകമായപ്പോൾ പകുതി കോരി ഒരു വലിയ ചോറ്റു പാത്രത്തിൽ വച്ചു. " ടാ.....ഇത് വീട്ടിൽ കൊണ്ട് പോയി കൊട് ....." ഉച്ചനേരം കൊച്ചപ്പൻ ഉണ്ണാനിരിക്കുന്ന സമയം. കണ്ടു പോയാൽ തന്നെപ്പിടിച്ചു നിലത്തടിക്കില്ലേ ? പകച്ചു പോയി. തന്നെ കൊലയ്ക്കു കൊടുക്കാൻ അമ്മയ്ക്കിത്ര ഉത്സാഹമോ ? " മിഴിച്ചു നിൽക്കാതെ കൊണ്ട് കൊടുക്കെടാ " കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്നവനും കരുതി.. അമ്മയ്ക്ക് വേണ്ടെങ്കിൽ തനിക്കെന്തിനാ ? നേരെ ചെന്ന് അടുക്കളയിൽ കയറി കൊച്ചമ്മയുടെ മുന്നിൽ പാത്രം വച്ചു. കൊച്ചപ്പന്റെ തീഷ്ണമായ നോട്ടം കണ്ടപ്പോൾ നിക്കറിൽ ചെറിയ നനവ്. കൊച്ചമ്മ ഒരു വെള്ള പിഞ്ഞാണത്തിൽ ചൂടൻ കോഴിക്കറി പകർന്നു ഉണ്ണാനിരുന്ന കൊച്ചപ്പന്റെ മുന്നിൽ വച്ചു " അങ്ങേപ്പുരയിൽ നിന്ന് ചെറുക്കൻ കൊണ്ട് വന്നതാ ....." കൊച്ചമ്മ ഓർമ്മിപ്പിക്കാൻ മറന്നില്ല. " എന്തിനാ അവന്റെ കുന്തം. തോട്ടിലോട്ടു ഒരെറി കൊട് ..." കുറെ കഴിഞ്ഞപ്പോൾ കൊച്ചപ്പൻ കോഴി കാലിൽ ശക്തിയായി കടിക്കുന്നത് കണ്ടു. കൊച്ചമ്മ ഒരു പഴുത്ത കപ്പ കുലയുടെ പാതി മുറിച്ചു ഒരു തുണ്ടം മത്തച്ചന്റെ തലയിലും വച്ചു കൊടുത്തു. അതും ചുമന്നു വീട്ടിലേക്കു പോകുമ്പോൾ മാത്തച്ചൻ മനസ്സിലാക്കി. " ഇവരുടെ പിണക്കം വെറും ജാഡയാ...." തിട്ടമേലമ്മ മരിച്ചു. " സമയമാം രഥത്തിൽ " പാടിക്കൊണ്ട് ആൾക്കാർ പെട്ടിയും വഹിച്ചു പള്ളിയിലേക്ക് പോയപ്പോൾ കൂടെ പോയി. നാൽപ്പതു ദിവസം അമ്മയുടെ ആത്മാവ് ഉഗ്രൻകുന്നിൽ ചുറ്റി നടന്നിട്ടു സ്വർഗ്ഗത്തിലേക്ക് പോയി. അമ്മ സ്വർഗ്ഗത്തിലെത്തിയപ്പോൾ പത്രോസിനെ ഏതു പേരിലായിരിക്കും വിളിക്കുക എന്നതിനെ ചൊല്ലിൽ ഉപ്പാന്റെ കാപ്പിക്കടയിൽ രസികന്മാർ തമ്മിൽ ഒരു തർക്കമുണ്ടായി. കടയിൽ തർക്കം പാടില്ല എന്ന ഉപ്പാന്റെ ശാസനം പെട്ടെന്ന് വന്നില്ലായിരുന്നെങ്കിൽ ചെറിയൊരു അടിപിടി കൂടി കാണേണ്ടി വന്നേനെ. ഒരുപാടു തെങ്ങിന്റെ മണ്ടയിൽ ചെല്ലപ്പനാശാൻ മൺകുടങ്ങൾ കൊണ്ട് വച്ചു കൊട്ടി കൊട്ടി കള്ളെടുത്തു. അത് കുടിച്ചവർ ഷാപ്പിൽ കൂത്താട്ടം നടത്തി. ആരാണ്ടൊരുത്തൻ വ്യാജ ചാരായം വാങ്ങി കുടിച്ചു വഴിയിൽ ചത്തു കിടന്നു. അണ്ടിയാപ്പീസിൽ മുറയ്ക്ക് സമരം നടന്നു. പെണ്ണുങ്ങൾ മുതലാളീടെ കാർ തടഞ്ഞു വച്ചു അദ്ദേഹത്തെ ബൂർഷ്വാസി എന്ന് വിളിച്ചു. ഭയങ്കര ചീത്തയാണെന്നു കരുതി വിളിച്ച പെണ്ണുങ്ങൾ വിളറിപ്പോയി. ഒരുപാടു മരങ്ങളിലെ കാക്കക്കൂടുകൾ കുട്ടി വാനരന്മാർ എറിഞ്ഞു തകർത്തു. ശോശക്കുട്ടിയുടെ അപ്പൻ അവധിക്കു വന്നതിനാൽ ഒത്തിരി കൊക്കുകൾ വെടി കൊണ്ട് വീണു. അവൾ കരഞ്ഞു തളർന്നു കാണും. അമ്മക്കിളിയുടെ ശാപം കിട്ടില്ലേ? പറങ്കിപ്പഴം ഏറെ തിന്നു പിള്ളേരുടെ വായിൽ നാറ്റം വച്ചു. ചക്കപ്പഴം തിന്നു വയറു വീർത്തവന്മാർക്കു അമ്മമാർ ചിന്നാമുക്കി കൊടുത്തു വയറിളക്കി. ചിന്നാമുക്കി കാഞ്ഞിരം പോലെ കയ്ക്കുമെങ്കിലും കുട്ടികൾ ഉഷാറായി മോന്തും. വെളുപ്പാൻ കാലത്ത് നാലു മണി ആകുമ്പോഴേക്കും മൂട് പൊട്ടിയ കുടത്തിലെ മാതിരി ഒഴുക്ക് തുടങ്ങും. ദിവസം മുഴുവൻ പറമ്പിലേക്കോടി നടന്നാലും പിള്ളേർക്ക് പരാതിയില്ല. കാരണം ഒരിക്കൽ ക്ലാസിലിരുന്ന് നിർദോഷമായിട്ടൊരു പർ വിട്ടു പോയ കുഞ്ഞാണ്ടിയെ പർ എന്നാണെല്ലാവരും വിളിക്കുന്നത്. ഇത്രയൊക്കെ കഴിഞ്ഞപ്പോൾ വേനലവധി തീർന്നു. ആറാം ക്ലാസ്സിലേക്ക് കടന്ന മത്തച്ച നൊപ്പമാണ് ശോശക്കുട്ടി ആദ്യമായി സായിപ്പിന്റെ സ്കൂളിലേക്ക് പോയത്. അവളെ കൊണ്ട് പോകാൻ മത്തച്ചനുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവളുടെ അമ്മയ്ക്ക്. റോഡ് കുറുകെ നടക്കുമ്പോൾ സൂക്ഷിക്കണേ എന്നൊന്നും അമ്മ പറഞ്ഞില്ല. കാരണം പേരിനു ഒന്നോ രണ്ടോ വണ്ടികളെ അന്നുണ്ടായിരുന്നുള്ളു. നിരനിരയായി പോകുന്നത് കാളവണ്ടികളായിരുന്നു. അന്നൊന്നും ലോറികളില്ലായിരുന്നു. ശോശക്കുട്ടി ഒരു മിന്നൽ പിണറായി. കാരണം മത്തച്ചന്റെ മനസ്സിൽ അവൾ അങ്ങനെയായിരുന്നു. പുത്തൻ പാവാടയും ഉടുപ്പും കുടയുമൊക്കെയായി തന്റെ പിറകിൽ നടക്കുന്ന അവളെ കാണാൻ പലവട്ടം അവൻ തിരിഞ്ഞു നോക്കി. അവളുടെ ദേഹത്തിനു കൂടുതൽ മിനുപ്പും മുഖത്തിന് ഏറെ കാന്തിയും വന്നിരുന്നു. അടുത്ത് നിൽക്കുമ്പോൾ മുല്ലപ്പൂവിനെ വെല്ലുന്ന ആ ഗന്ധവും. രാവിലെ അകന്നു നടന്നവൻ ഉച്ചയ്ക്ക് ഇടവപ്പാതി തകർത്തു പെയ്തപ്പോൾ കുടയുമായി മാത്തച്ചനോട് ചേർന്ന് നടന്നു. രണ്ട് പേരും കലങ്ങും കുഴിയിൽ മുങ്ങിക്കയറിയ പോലെയായി. " പെണ്ണിനിനി മുട്ടത്തു വർക്കിയെ ധാരാളം വായിക്കാമല്ലോ...." അവൻ കളിയാക്കി. " എനിക്ക് വേണ്ട...." അവൾ പെട്ടെന്ന് കയറിപ്പറഞ്ഞു. "എന്താ പൈങ്കിളി മതിയായോ "? " അതൊക്കെ വായിക്കുമ്പോൾ ഞാൻ കരഞ്ഞു പോകും. അപ്പോൾ അമ്മച്ചി അടിക്കും. മറിയത്തിനു അതൊക്കെ ഭയങ്കര ഇഷ്ട്ടമാ ...." മറിയം കെട്ടിക്കാറായ പെണ്ണാ...." " കെട്ടിക്കാറാവുമ്പോൾ ഞാനും വായിക്കും...." മത്തച്ചൻ നിശബ്ദനായി. " ഗാന്ധിജിയുടെ കഥ പറഞ്ഞു തരാമോ എനിക്ക്..." അല്പം ജാള്യതയോടെയാണ് അവൾ അത് ചോദിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ കാലത്തും ഉച്ചയ്ക്കും ഒന്നിച്ചു നടക്കുമ്പോൾ സത്യാന്വേഷണ കഥകൾ മത്തച്ചൻ അവൾക്കു വിവരിച്ചു കൊടുത്തു. പതിമൂന്നാം വയസ്സിൽ കസ്തുർബയെ കല്ല്യാണം കഴിച്ച സംഭവമാണ് പക്ഷെ ആദ്യം വിവരിച്ചത് എന്ന് മാത്രം. ആഫ്രിക്കയിലെ മാരിറ്റസ്ബർഗ് റെയിൽവേ സ്റ്റേഷനിൽ വച്ചു വെള്ളക്കാരൻ പോലീസ് ഒന്നാം ക്ലാസ്സ് കംപാർട്മെന്റിൽ നിന്ന് ഗാന്ധിജിയെ പിടിച്ചെറിഞ്ഞ കഥയും ജോഹന്നാസ്ബർഗിലേക്കു പോകുമ്പോൾ കുതിരവണ്ടിക്കാരൻ ചെകിട്ടത്തടിച്ച കാര്യവുമെല്ലാം കേട്ടപ്പോൾ അവൾക്കു കരച്ചിലടക്കാനായില്ല. " ഗാന്ധിജിയുടെ ആ പുസ്തകം എനിക്കെടുത്തു തരാമോ.............. "? അവൾ കെഞ്ചി. " ഇല്ല.... നിനക്കൊരിക്കൽ തന്നപ്പോൾ വേണ്ടെന്നു പറഞ്ഞു എന്നെ കളിയാക്കിയതല്ലേ....നീ വായിക്കേണ്ട...." ആ കണ്ണുകളിൽ വേദനയുടെ നിഴലാട്ടം അവൻ ശ്രദ്ധിച്ചു . പരിഭവത്തോടെ ശോശക്കുട്ടി ഓടിപോകുമ്പോൾ മത്തച്ചൻ നിരൂപിച്ചു: " ഇവൾ വെറും തൊട്ടാവാടി ...."
(കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ ഉഗ്രൻകുന്നിന്റെ പുരാവൃത്തം.
 By ഡോക്ടർ . ഏബ്രഹാം കരിക്കം
 അദ്ധ്യായം ആറ്
 വിപാസനയിലെ അഭ്യാസം. 
 തുലാവർഷമായി. ശക്തമായ കാറ്റും മഴയും. മണ്ണെണ്ണ വിളക്കിന് പകരം ഒരു റാന്തൽ വേണമെന്ന് പറഞ്ഞു മത്തച്ചൻ വീട്ടിൽ ഒരുപാട് വഴക്കുണ്ടാക്കി. ഫലമുണ്ടായില്ല . വായിക്കാനുള്ള വാശിയേറിയതേയുള്ളു. അമ്മയുമായി വഴക്കടിച്ച ദിവസം നേരം വെളുക്കുന്നതു വരെ ഇരുന്നു വായിച്ചു കളഞ്ഞു. പല പ്രാവശ്യം വിളക്കിലേക്കു മണ്ണെണ്ണ പകരുകയും ചെയ്തു. ഗാന്ധിജി ഇളംപ്രായക്കാരിയായ കസ്തൂർബയെ കഷ്ട്ടപെടുത്തിയത് വായിച്ചപ്പോൾ ഒരു ശോശന്ന പുഷ്പ്പം ഏതോ മരുഭൂമിയിൽ വാടി വീഴുന്നതായി തോന്നി. മനസ്സ് അസ്വസ്ഥമായി . ശോശക്കുട്ടിയെ കാണണം എന്ന മോഹം കലശലായതു അപ്പോഴാണ്. ഞായറാഴ്ച സണ്ടേ സ്കൂളിൽ എത്തുന്നത് വരെ കാത്തിരിക്കാൻ ബുദ്ധിമുട്ടായി. പുറത്തു കോരിച്ചൊരിയുന്ന മഴ. ശരീരം തണുത്തുറഞ്ഞു. എങ്കിലും മനസ്സിൽ ചൂടായിരുന്നു. ഒരാശയം മനസ്സിൽ തെളിഞ്ഞത് അപ്പോഴാണ്. എന്റെ "സത്യാന്വേഷണ പരീക്ഷണ കഥ "അവൾക്കു വായിക്കാൻ കൊടുക്കാം. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. കോഴികൾ കൂവുന്നത് കേട്ടപ്പോൾ ഉണ്ണി സാർ നീട്ടി ചൊല്ലുന്ന കവിത ഓർത്തു. "പൂങ്കോഴിതൻ പുഷ്ക്കല കൺഠ നാദം കേട്ടങ്ങുണരും കൃഷീവലരെല്ലാം........ " അത് പഠിപ്പിച്ചത് മുതലാണ് ഉണ്ണി സാറിന്റെ പേര് “ പുഷ്ക്കലൻ” എന്നായത്. ആദ്യം കുട്ടികൾ വിളിച്ചു. പിന്നെ നാട്ടുകാരും അങ്ങനെ തന്നെ ഉറപ്പിച്ചു. കുട്ടികൾ അങ്ങനെ നാട്ടുകാരുടെ അപ്പന്മാരായി. എന്നാലും സാറിനെ ജീവനായിരുന്നു. പൊന്നമ്മ ടീച്ചറുടെ മാതിരി അടിയില്ല. ഒരുപാടു കഥകളും പറയുമായിരുന്നു. മണ്ണാങ്കട്ടയും കരീലയും കാശിക്കു പോയ കഥ പറഞ്ഞു സാർ ഒരിക്കൽ കരയിച്ചു കളഞ്ഞു. സായിപ്പിന്റെ സ്കൂളിലെ മലയാളം സാറാണെങ്കിൽ ജഗജില്ലിയാണ്. ഒന്ന് മിണ്ടി പോയാൽ കഴുത്തിന് പിടിച്ചു പുറത്തു കളയും. സായിപ്പിന്റെ അമ്മാവനാണെന്ന ഭാവവും. പക്ഷെ ശകുന്തളയെ പറ്റിയൊക്കെ പറയുന്നത് കേട്ടാൽ അന്തം വിട്ടിരുന്നു പോകും. വായുവിൽ നിന്ന് പല കഥാപാത്രങ്ങളെയും അദ്ദേഹം നൊടിയിടയിൽ വലിച്ചു പുറത്തിടും. ഗാന്ധാരിയുടെ കണ്ണ് കെട്ടാനും, പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്താനും അദ്ദേഹത്തിന് നന്നായറിയാം. ശ്രീകൃഷ്ണൻ കുചേലനെ കെട്ടി പിടിക്കുന്ന കാര്യം പറയുമ്പോൾ അദ്ദേഹം മേശയെ വാരി പുണരും. കോഴികൾ പലവട്ടം കൂവി. പക്ഷെ നേരം വെളുത്തില്ല. പിന്നെയും ഒന്ന് മയങ്ങിയതാണ്. അപ്പോൾ കേട്ടു. പരപരമേശ വരമരുളീശാ..... നീയത്രേ എൻ രക്ഷാസ്ഥാനം ...." അപ്പൻ ഈണത്തിൽ പാട്ടു തുടങ്ങി. അത് കെട്ടാണെല്ലാവരും ഉണരുന്നത്. ഓരോരുത്തരായി പ്രാർത്ഥനയ്ക്ക് ചെന്നിരിക്കണം. അല്ലെങ്കിൽ അടി ഉടൻ വരും. പ്രാർത്ഥന കഴിഞ്ഞാൽ വേണമെങ്കിൽ കുറെ നേരം കുടി കിടക്കാം. അല്ലെങ്കിൽ പുറത്തു ചാടാം. കപ്പു മാവിന്റെ ചുവട്ടിൽ ഒരുപാടു മാങ്ങ വീണിട്ടുണ്ടാവും. ആദ്യം ചെല്ലുന്നവർക്കു മാറാപ്പു നിറയെ കിട്ടും. പുറത്തു വന്നാൽ പല വീടുകളിൽ മണ്ണെണ്ണ വിളക്കു തെളിയുന്നത് കാണാനാവും . പലതരം പാട്ടുകളും കേൾക്കാം . എട്ടും പത്തും പിള്ളേർ ഒരുമിച്ചു പാടുമ്പോൾ കൺവൻഷൻ പാട്ടുപോലെ ഉണ്ടാവും. ഇടയ്ക്കു ചില കാള രാഗങ്ങളും ഉണ്ടാവുമെന്ന് മാത്രം. മത്തച്ചൻ കിഴക്കോട്ടു നോക്കിയിരുന്നു. മാങ്ങയൊക്കെ കൊതിയുള്ളവർ പെറുക്കട്ടെ. എല്ലാവരും ചെയ്യുന്നതു താനെന്തിനു ചെയ്യണം. ? മത്തച്ചൻ മത്തച്ചനായിരിക്കണം. അതാണ് മാത്തൻ തനിമ. സൂര്യ ബിംബം കാണുന്നില്ല. ഭൂമി തണുത്തുറഞ്ഞു കിടക്കുകയാണ്. നനഞ്ഞ മണ്ണും നനഞ്ഞ പെണ്ണും ഒരുപോലെയാണോ ? ആർക്കറിയാം . പലരും കാളകളും കലപ്പയുമായി ഇരുട്ടിലൂടെ പോകുന്നുണ്ട്. പോത്തിന്റെ മണവുമുണ്ട്. മൃഗങ്ങൾക്കു ഇരുട്ടിലും കാണാം. ഈ പുറകെ പോകുന്ന മനുഷ്യർക്കോ ? വെളുക്കും മുമ്പ് നിലം ഉഴുതു മറിക്കാൻ അവർക്കു വെപ്രാളം. ആർത്തിപണ്ടാരങ്ങൾ. ഉണ്ണിസാർ പഠിപ്പിച്ച വിപാസന ധ്യാനത്തിന്റെ കാര്യം അപ്പോഴാണ് ഓർത്തത്. സാർ ബീഹാറിൽ ബുദ്ധഗയയിൽ പോയിട്ടുണ്ട്. ബുദ്ധമതം പഠിച്ചിട്ടുണ്ട്. ശ്രീബുദ്ധന് ബോധോദയം ഉണ്ടായതു അനേക വർഷത്തെ വിപാസന ധ്യാനം കൊണ്ടായിരുന്നെന്ന്.ബോധം ഉള്ളിലാണെത്ര. തട്ടിയുണർത്തിയാൽ മതി. അത് മരതക മാണിക്യം പോലെ പ്രകാശിക്കും. എല്ലാവരും ബുദ്ധന്മാരാണെന്ന്. ബുദ്ധന്റെ അഷ്ട)oഗമാർഗമൊക്കെ” സാറിനറിയാം. ശിഷ്യനാകുന്നെങ്കിൽ ഉണ്ണി സാറിന്റെ ശിഷ്യനാകണം. പക്ഷെ എന്നും പ്രൈമറിയിൽ തന്നെ കിടക്കാനാകുമോ ? മാത്തച്ചൻ തിണ്ണയിൽ ചടഞ്ഞിരുന്നു. കണ്ണടച്ചു. ഹൃദയമിടിപ്പ് എണ്ണിത്തുടങ്ങി. ഉച്ച്വാസ നിശ്വാസങ്ങൾ ഓരോന്നായി എണ്ണാനാരംഭിച്ചു അങ്ങനെ കുറെ നേരം. കാലക്രമത്തിൽ ശാസ്വോച്ഛാസം ചെയ്യാതെ എത്ര വേണമെങ്കിലും ഇരിക്കാം. ആയുർ ദൈർഘ്യമുണ്ടാകും. മണ്ണിനടിയിലിറങ്ങിയിരിക്കുന്ന ഇന്ദ്രജാലക്കാരനും വിപാസനക്കാരനായിരിക്കും. തന്റെ ഹൃദയം ശക്തമായി മിടിക്കുന്നത് മത്തച്ചൻ മനസിലാക്കി. പിന്നെ ഏറ്റവും അടുത്തുള്ള ശബ്ദം ശ്രദ്ധിച്ചു. കോഴിക്കൂട്ടിൽ കോഴികൾ കലപില കൂട്ടുന്നു. പെങ്ങൾ മറിയം ചെന്ന് തുറന്നു വിടുന്നത് വരെ അവകൾ അലപ്പറയാണ്. എരുത്തിലിൽ മണിച്ചി അമറുന്നു. മണിക്കുട്ടി മുരളുന്നു. അവൾ മണിച്ചിയുടെ വലിയ അകിടിൽ ഇടിക്കുന്ന ഇടി കാണണം . കൊതിച്ചിപ്പാറു. വഴി പോകുന്ന പലരെയും കണ്ടു പട്ടി കുരച്ചു കൊണ്ടിരുന്നു. പൂച്ചക്കുട്ടി മത്തച്ചനോട് ചേർന്നിരുന്നു ധ്യാനം തുടങ്ങി. ഇതൊക്കെ താനെത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ. അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ ഏറ്റവും അകലെയുള്ള ശബ്ദം ശ്രദ്ധിക്കാനാരംഭിച്ചു. വിപാസനയിലെ അടുത്ത ഘട്ടം. ട്രെയിനിന്റെ ചൂളം വിളി നാഴികകൾ അകലെ. ചെങ്കോട്ട തുരങ്കവും കണ്ണറ പാലവും കടന്നെത്തുന്ന തീവണ്ടികൾ. ഒരിക്കൽ അതിലൊന്ന് കയറണം. ചെങ്കോട്ട വരെയെങ്കിലും പോകണം. കൊമ്പനാഞ്ഞിലിയുടെ ശിഖരങ്ങളിൽ കരയുന്ന കാക്കകൾ. പല പക്ഷികളും ഉണർന്നു പാടാൻ തുടങ്ങിയിരിക്കുന്നു. പ്രഭാതത്തിലെ പ്രാർത്ഥന ഗാനങ്ങളിലൊന്ന് ഇങ്ങനെയാണ്. "മനമെ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ......” മൂക്കിൽ തുളച്ചു കയറുന്ന ഗന്ധം. മൂറിൻ മലയിൽ നിന്നല്ല. കുന്തിരിക്കക്കുന്നിൽ നിന്നല്ല . മുറ്റത്തെ മുല്ല മുഴുവൻ പൂത്തുലഞ്ഞു നിൽക്കുന്നു. ഇരുട്ടിൽ വെള്ളി നക്ഷത്രങ്ങൾ മാതിരി. മത്തച്ചൻ കുറെ പൂവുകൾ ഇറുത്തെടുത്തു. മറിയം കണ്ടാൽ തല്ലിക്കൊല്ലും. അവൾ വളർത്തുന്നതാണ്. പെണ്ണുങ്ങൾക്കെല്ലാം മുല്ലയോടിത്ര പ്രേമമെന്താ. ? പ്രേമിക്കാൻ ചെറുപ്പത്തിലേ ചെറുക്കൻമാരെ കിട്ടാത്തതുകൊണ്ടാവും ? കേരളത്തിൽ കസ്തൂർബമാരില്ലല്ലോ. ശോശക്കുട്ടിക്ക് കൊടുക്കാനായി മുല്ലപ്പൂക്കൾ അവൻ വലത്തേ പോക്കറ്റിലിട്ടു. കിഴക്കിന്റെ അടിവയറ്റിൽ നിന്നൊരു സ്വർണ്ണത്തല പുറത്തേക്കു നീളുന്നതവാൻ കണ്ടു. ഗാന്ധിയെയുമെടുത്ത് ഒരൊറ്റയോട്ടമായിരുന്നു. പാടങ്ങൾക്ക് നടുവിലൂടെ , കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ , ശവക്കോട്ടയുടെ അരികിലൂടെ. പൂക്കളെ നനയ്ക്കാൻ ശകുന്തള ഉണർന്നു കാണുമോ ? "താനേ തൊണ്ട നനയ്ക്കയില്ലവൾ നനച്ചിടാതെയീ നിങ്ങളെ താവും കൗതുകമെങ്കിലും കരുണയാൽ പൊട്ടിച്ചിടാ പല്ലവം " മലയാളം സാറിന്റെ ഈണം ഹൃദയഭിത്തികളിൽ പ്രതിധ്വനിച്ചു .പട്ടി ഒന്ന് ചാടി. മത്തച്ചൻ ഒന്ന് കുതിച്ചു. പാത്രവുമായി എരുത്തിലിൽ നിന്ന് വന്ന കുഞ്ഞന്നാമ്മ മുന്നിൽ. " ആര് ? മാത്തച്ചനോ? എന്താ മോനേ ഇത്ര രാവിലെ ......."? "ശോശക്കുട്ടിക്ക് ഒരു പുസ്തകം കൊടുക്കാനാ "? "അവളാ മുല്ലേടെ മൂട്ടിൽ കാണും". കെട്ടിയിട്ടിരുന്ന പട്ടി പിന്നെയും കുതിച്ചു ചാടി. അതിന്റെ കഴുത്തിലെ ചങ്ങല കണ്ടപ്പോൾ ആശ്വാസമായി. എങ്കിലും അവൻ മനസ്സിൽ പറഞ്ഞു. കോയിക്കൽ അച്ചായനെക്കൊണ്ട് ഇവന്റെ വരികീറിക്കണം. അപ്പോൾ ചാട്ടമെല്ലാം തീരും. കൂത്തിപ്പട്ടിയെപോലെ പിന്നെ കുരച്ചു കൊണ്ട് കിടന്നോളും. മുല്ലയുടെ മൂട്ടിലിരുന്ന ശോശക്കുട്ടി അടുത്ത് കാൽപ്പെരുമാറ്റം കേട്ട് അന്ധാളിച്ചു. മത്തച്ചനെ കണ്ടപ്പോൾ നാണം കൊണ്ട് അവൾ ചക്കപോലെ തുടുത്തു. കാലുകൾ ഭൂമിയിൽ താണു പോയി. ഒരു വെള്ള പെറ്റിക്കോട്ടു മാത്രമേ അവൾ ധരിച്ചിരുന്നുള്ളു. ശരീരത്തിന് കിഴക്കുദിച്ച കുട്ടി സൂര്യന്റെ നിറം. മുടി മുന്തിരിക്കുല പോലെ. ഒരു വിധത്തിൽ അവൾ എഴുനേറ്റു നിന്നു.തുടയിലെ നനവ് തുടയ്ക്കാൻ പറ്റുന്ന തരത്തിൽ പെറ്റിക്കോട്ടിനു ഇറക്കമില്ലാത്തതിനാൽ അവൾ സ്വയം ശപിച്ചു. എങ്കിലും മന്ദമായി അവൾ ചോദിച്ചു. "എന്താ '? "മുല്ലപ്പൂ വേണോ "? അവളുടെ മുല്ല പൂത്തിട്ടില്ലായിരുന്നു. ആ കൺപീലികൾ വിടർന്നു. തങ്ക രശ്മികൾ തട്ടി ജ്വലിക്കുന്ന കണ്ണുകളിൽ മറ്റൊരു സൂര്യോദയം. വലത്തേ പോക്കറ്റിൽ നിന്നു കോരിയ വെള്ളി നക്ഷത്രങ്ങൾ അവളുടെ നീട്ടിയ കരങ്ങളിൽ ആവൻ വച്ച് കൊടുത്തു. അവളുടെ കൈകൾക്കു പട്ടിന്റെ നേർമ്മയും ഒച്ചിന്റെ തണുപ്പുമുണ്ടായിരുന്നു. അവളുടെ ദേഹത്തിനു മുല്ലപ്പൂവിനെ വെല്ലുന്നൊരു സൗരഭ്യമുണ്ടായിരുന്നു. മത്തച്ചന് മുമ്പില്ലാത്ത ഒരു വിഭ്രാന്തി. കക്ഷത്തിലിരുന്ന ഗാന്ധിയെ അവൻ മെല്ലെ പുറത്തെടുത്തു. സൂര്യ കിരണങ്ങളേറ്റ് ഗാന്ധിയുടെ മൊട്ടത്തല തിളങ്ങി. പാതി കറുത്ത കണ്ണടയും തടിച്ച മീശയുമുള്ള ഗാന്ധിജി കൊച്ചു കുട്ടിയെ പോലെ പുസ്തകത്തിന്റെ പുറം താളിലിരുന്നു മോണ കാട്ടി ചിരിക്കുന്നു. "ഇതെന്താ "? "ഗാന്ധിജിയുടെ കഥയ) . നിനക്ക് തരാനാ" "ഗാന്ധിജി കീ ....ജയ് " ,”ചാച്ചാജി കീ .....ജയ്” എന്നെല്ലാം റിപ്പബ്ലിക് റാലിക്കു വിളിച്ചിട്ടുണ്ട്. അതല്ലാതെ ഒന്നും അറിയാത്തതിനാൽ അവൾക്കു രസം തോന്നിയില്ല. “എനിക്കിതൊന്നും വേണ്ട . പാടാത്ത പൈങ്കിളി കൊണ്ട് തരാമോ........ ..."? പലതരം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ടെങ്കിലും പാടുന്ന പൈങ്കിളിയും പാടാത്ത പൈങ്കിളിയുമൊന്നും മത്തച്ചൻ കണ്ടിട്ടില്ല. അവൻ ഇളിഭ്യനായി ആകാശം നോക്കി നിന്നു. ഗാന്ധിജിയെ തിരിച്ചു കക്ഷത്തിൽ വച്ച് മടങ്ങാൻ നേരാത്തതാണ് അമ്മയുടെ വിളി " വാടാ മോനേ .... ചായ കുടിച്ചിട്ട് പോ ". അത് കേൾക്കാൻ മത്തച്ചൻ നിന്നില്ല. കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ അവൻ തിരിച്ചോടി. കിഴക്കിന്റെ ഗർഭത്തിൽ നിന്നു സൂര്യ ഗോളം അപ്പോൾ പൂർണ്ണമായി പുറത്ത് വന്നിരുന്നില്ല . കാംഗരു കുട്ടിയെ പോലെ പാതി തല കാട്ടി ചിരിച്ചു. അവൾക്കു വേണ്ടെങ്കിൽ വേണ്ട. ബുദ്ധുസ് , മാത്തച്ചന് വേണം ഗാന്ധിയെ . അവൻ സത്യാന്വേഷണ പരീക്ഷണ കഥകൾ വീണ്ടും വീണ്ടും വായിക്കാൻ തുടങ്ങി. അതുമൊരു വാശിയായിരുന്നു. ഏട്ടന്റെ കൈവളയിൽ നിന്ന് ഒരു കഷ്ണം മോഷ്ടിച്ച ഗാന്ധി പശ്ചാത്താപ വിവശനായി അപരാധങ്ങൾ കടലാസ്സിൽ എഴുതി അച്ഛനു സമർപ്പിക്കുന്ന കഥ വായിച്ചപ്പോൾ മത്തച്ചൻ തരിച്ചിരുന്നു. മേലിൽ മോഷ്ട്ടിക്കയില്ലെന്ന് ഗാന്ധി എടുക്കുന്ന പ്രതിജ്ഞ തന്റെ കൂടി പ്രതിജ്ഞയായതു അവനു ബോധ്യപ്പെട്ടു. അപ്പോൾ അവനു ശോശക്കുട്ടിയോടു പുച്ഛം തോന്നി. "നിനക്കിതൊന്നും വിധിച്ചിട്ടില്ലെടി........നീ പൈങ്കിളി വായിച്ചാൽ മതി......." മനസ്സിൽ പറഞ്ഞു. എങ്കിലും അന്ന് വൈകുന്നേരം അലമാരയിലുള്ള എല്ലാ പുസ്തകങ്ങളും അവൻ ഒന്ന് കൂടി പരിശോധിച്ചു. പാടാത്ത പൈങ്കിളി മാത്രം കണ്ടില്ല.അങ്ങനെയൊരു കഥയുണ്ടോ എന്ന് മലയാളം സാറിനോട് ചോദിക്കാൻ ധൈര്യം വന്നതുമില്ല. അദ്ദേഹം ചാടിക്കടിച്ചാലോ ? ആഴ്ചപ്പതിപ്പിൽ വരുന്ന കഥ വല്ലതുമായിരിക്കും. മറിയം എപ്പോഴും ആഴ്ചപ്പതിപ്പുമായിട്ടാണ് ഉറക്കം പോലും. തനിക്കതിൽ ബോബനും മോളിയും പിന്നെ ഫലിത ബിന്ദുക്കളും മാത്രമേ കാര്യമായി വായിക്കാനുള്ളു. ആദ്യമായി അവൾ ഒരു കാര്യം ചോദിച്ചതല്ലേ? കൊടുക്കാതിരുന്നാൽ എന്ത് തോന്നും. ഫറവോന്റെ പെൺകുതിരയല്ലേ അവൾ. കേറി പിണങ്ങിയാലോ ? സ്കൂൾ ജനറൽ ലൈബ്രറിയിൽ നിന്ന് പുസ്തകം തപ്പിയെടുത്തു. മുട്ടത്തു വർക്കിയുടെ “പാടാത്ത പൈങ്കിളി.” നാലു മണിക്ക് ശോശക്കുട്ടി സ്കൂൾ വിട്ടു വരുന്നതും നോക്കി അവൻ വയൽ വരമ്പത്തിരുന്നു. അന്ന മൂപ്പത്തിയും സംഘവും നിരനിരയായി നിന്ന് ഞാറു നടുന്നു. ജപ്പാൻ മാതൃകയിൽ വരിവരിയായി ഞാറു നടുമ്പോൾ നിർത്താതെ വായ്പ്പാട്ടുകൾ പാടുന്നുണ്ടായിരുന്നു അവർ. നാടിൻറെ സംഗീതം . മണ്ണിന്റെ നനവുള്ള ഗീതികൾ. നുണച്ചി കൂട്ടുകാരികൾ വേർപിരിഞ്ഞപ്പോൾ വയൽ വരമ്പത്തു കൂടി ഒറ്റയ്ക്ക് ശോശക്കുട്ടി നടന്നു വന്നു. പുസ്തകം അവളുടെ ഉളം കൈയ്യിൽ വച്ച് കൊടുത്തു. "പാടാത്ത പൈങ്കിളി ". പേര് വായിച്ചപ്പോൾ അവളുടെ ഉള്ളം തുള്ളി. അവന്റെ കണ്ണിൽ നോക്കി. "പകരം എന്താ ഞാൻ തരണ്ടേ "അവൾ ചോദിച്ചു. നാണം അവളെ വിവശയാക്കി. മറുപടി ഒന്നും പറയാതെ മത്തച്ചൻ ഓടി പോയി. തനിക്കവൾ എന്ത് തരാനാ...? മഞ്ചാടിക്കുരുവോ ? അതോ കുന്നിക്കുരുവോ ...? മാത്തച്ചൻ പിന്നെ ഗാന്ധിജിയോടൊപ്പം ഇംഗ്ലണ്ടിലേക്കു കപ്പൽ കയറി. മദ്യമോ മാംസമോ പരസ്ത്രീയെയോ തൊടില്ലെന്ന പ്രതിജ്ഞ എന്തെല്ലാം ഏടാകൂടങ്ങളുണ്ടാക്കി? എന്നാലും അദ്ദേഹത്തിന്റെ മനക്കട്ടി സമ്മതിച്ചേ പറ്റൂ. ആ പ്രതിജ്ഞയും തന്റെ ആത്മാവിലേക്ക് സംക്രമിച്ചോ ? ഇംഗ്ലീഷ് മാന്യന്റെ വേഷത്തിൽ ഗാന്ധിജി സഞ്ചരിച്ചപ്പോൾ മത്തച്ചനും മനസ്സാ അങ്ങനെ തന്നെ നടന്നു. ഗാന്ധിജിയുടെ മാതിരി എല്ലാ ചെറിയ ചെലവുകളും എഴുതി വയ്ക്കാനായി ഒരു ചെറിയ ഡയറിയും സംഘടിപ്പിച്ചു. പക്ഷെ എഴുതുവാൻ അവന് ചെലവുകൾ ഒന്നുമില്ലായിരുന്നു. കയ്യിൽ കാശില്ലായിരുന്നു. ഗാന്ധിജി ഗീതയിൽ നിന്ന് പഠിച്ച ഒരു ശ്ലോകം കാണാതെ പഠിക്കാൻ മത്തച്ചനും തീരുമാനിച്ചു. കടിച്ചാൽ പൊട്ടാത്ത വാക്കുകളായിരുന്നെങ്കിലും വിട്ടില്ല. ധ്യായതോ വിഷയാൽ പുംസാ: സംഗസ്തെഷുപജായതേ സംഗാൽ സംജായതേ കാമ കാമാൽ ക്രോധോദിജായതേ ക്രോധാൽ വതി സമ്മോഹ സമ്മോഹാൽ സ്മൃതി വിഭ്രമ ബുദ്ധി നാശാൽ പ്രണശ്യതി . പദ്യത്തിന്റെ അർത്ഥവും ഹൃദ്യസ്ഥമാക്കി. - വിഷയങ്ങളെപ്പറ്റി വിചാരിക്കുന്നവന് അവയിൽ ആസക്തി ജനിക്കുന്നു. ആസക്തി നിമിത്തം കാമവും കാമത്തിൽ നിന്ന് ക്രോധവുമുണ്ടാകുന്നു. ക്രോധത്തിൽ നിന്ന് അവിവേകവും അവിവേകത്തിൽ നിന്ന് ഓർമ്മക്കേടും ഓർമ്മക്കേടിൽ നിന്ന് ബുദ്ധി നാശവും ഉണ്ടാകുന്നു. ബുദ്ധി നാശം നിമിത്തം എല്ലാം നശിക്കും. സംസ്കൃതം പഠിക്കണമെന്ന ഒരു മോഹവും ഇതോടെ മത്തച്ചന്റെ മനസ്സിൽ മൊട്ടിട്ടു തുടങ്ങി. അന്നത്തെ സായന്തന ദർബാറിൽ - കാളൻ ബേബിയുടെ അടിതട-- ക്ലാസ് തുടങ്ങുന്നതിനു മുമ്പുള്ള സെഷന് മത്തച്ചൻ കൊടുത്ത പേരാണത്. കൂട്ടുകാരെ ആ ശ്ലോകമൊന്നു ചൊല്ലി കേൾപ്പിക്കാൻ അവൻ ശ്രമിച്ചു. ധ്യായതോ വിഷയാൽ പുംസാ: "നിർത്ത് .. നിർത്ത്.... "അവർ ആക്രോശിച്ചു. "നിന്റെ ഉളുത്ത സംസൃതമൊന്നും ഞങ്ങൾക്ക് കേൾക്കണ്ട . "ആരെടാ നീ... പാണിനിയോ .... "? "ആരപ്പാ മോഹൻജദാരോ.. ?" പിന്നെ ഓരോ കമന്റുകൾ. "ഇവൻ പോക്കാണെന്നാടെ തോന്നുന്നേ . സായിപ്പിന്റെ സ്കൂളിലെ പുസ്തകം പഠിച്ചു വഷളാകും. ...." “നീ ഇംഗ്ലീഷും സംസൃതവും പഠിച്ചു സായിപ്പിന്റെ ഗുമസ്തനാവും. ഞങ്ങൾ പത്തേമാരിയിൽ അറേബ്യയിൽ പോയി സുൽത്താന്മാരാകും . നോക്കിക്കോ ..."
(കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ
 ഉഗ്രൻകുന്നിന്റെ പുരാവൃത്തം)
By ഡോക്ടർ . ഏബ്രഹാം കരിക്കം.
 ആദ്ധ്യായം അഞ്ചു്. 
 കാട്ടുമരങ്ങൾക്കിടയിൽ നാരകം പോലെ 
 മത്തച്ചന് തന്നോട് തന്നെ വെറുപ്പ് തോന്നി തുടങ്ങി. ചിത്രശലഭത്തിന്റെ സ്ലൈഡ് പോക്കറ്റിലിട്ടു നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതായി. ശോശക്കുട്ടിക്കതു കൊടുക്കാനായില്ല. അവളെ ഒറ്റയ്ക്ക് കിട്ടുന്നില്ല. വീട്ടിലോട്ടു ചെന്നങ്ങു കൊടുക്കാമെന്നു വച്ചാൽ അതിനോട്ടു ധൈര്യവും വരുന്നില്ല . അവളുടെ അപ്പൻ പട്ടാളക്കാരനാണ്. പനംക്കുന്നിലെ ചാക്കോച്ചൻ. അവധിക്കു വരുമ്പോഴൊക്കെ തോക്കുമായി കൊക്കിനെയും കുളക്കോഴിയെയും വേട്ടയാടാൻ വയലിലും മലയിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കാണാം. ആൾ ഭയങ്കരനായിരിക്കും. തോക്കു തന്റെ നേരെയെങ്ങാനും നീട്ടിയാലോ? ഒരിക്കൽ കഴുകാനായി പെങ്ങൾ നിക്കർ എടുത്തപ്പോൾ പോക്കറ്റിൽ കിടന്ന സ്ലൈഡ് പിടികൂടിയതാണ്. "എവിടുന്നു കിട്ടിയെടാ ..... ഇത് "? ഒന്നും പറയാതെ തട്ടിപ്പറിച്ചോടികളഞ്ഞു. ഒരു ദിവസം ക്ലാസ്സിൽ വച്ച് പോക്കറ്റിൽ നിന്നും മായ്പ്പു റബ്ബർ എടുക്കുന്ന കൂട്ടത്തിൽ സാധനം തറയിൽ വീണൊന്നു കിലുങ്ങി. പൊന്നമ്മ ടീച്ചർ കണ്ടിരുന്നെങ്കിൽ പൊതിരെ തല്ലിയേനെ. "പെൺപിള്ളേരുടെ സ്ലൈഡും കൊണ്ട് നടക്കുന്നോടാ...ഫൂൾ....." ഇതും പറഞ്ഞായിരുന്നേനെ അടി. അടുത്തിരുന്ന എ. കെ തങ്കമ്മ കിലുക്കം കേട്ട് തിരിഞ്ഞു നോക്കി. സൂത്രത്തിൽ തറയിൽ നിന്ന് താനതെടുക്കുമ്പോൾ അവൾ കണ്ടു. കുറെ കഴിഞ്ഞപ്പോൾ ഒരു കടലാസ്സ് കഷ്ണം അവൾ തനിക്കു നേരെ നീട്ടി. "മത്തച്ചാ.....ആ സ്ലൈഡ് എനിക്ക് തരാമോ....? പകരം ഞാൻ ഒരു കാര്യം തരാം...." കണ്ണടച്ച് കാണിച്ചു. അന്ന് മുതൽ താനവൾക്കു ശത്രുവായി . ഇനി അത് കൊണ്ട് നടക്കാൻ പറ്റില്ല. ഒന്നുകിൽ ശോശക്കുട്ടിക്ക് കൊടുക്കണം. അല്ലെങ്കിൽ വയലിലേക്ക് വലിച്ചെറിയണം. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഐഡിയ തോന്നിയത്. കൂട്ടുകാരെ തേടിപ്പിടിച്ചു. "ഇന്ന് ശനിയാഴ്ചയല്ലേ? വൈകിട്ട് നമുക്കൊരു കരീല പ്രാന്തൻ കളിച്ചാലോ....."? "ഓണത്തിനല്ലേ കരീല പ്രാന്തൻ? പുലികളിയാ നല്ലത് ...." ഒരുത്തൻ മൊഴിഞ്ഞു. "അതൊന്നും വേണ്ട. കള്ളനും പോലീസും മതി " . വേറൊരുത്തൻ. ഒടുവിൽ നിർബന്ധിച്ചപ്പോൾ എല്ലാരും സമ്മതിച്ചു. ഉണങ്ങിയ വാഴയിലകൾ കൊണ്ട് മത്തച്ചനെ അവർ മൂടിക്കെട്ടി. പാളയിൽ കിഴുത്തയിട്ടു കണ്ണുണ്ടാക്കി ഒരു മുഖം മൂടിയും വച്ചു. എല്ലാവരും കൂടി മൂന്നുനാല് വീടുകൾ കയറി കലാപരിപാടി അവതരിപ്പിച്ചു. പാട്ടും ഡാൻസും. പാട്ടിനൊപ്പിച്ചു കരീലപ്രാന്തൻ തുള്ളി. ഒരു തരം കോലം തുള്ളൽ. അപ്പൻ കുടവും അമ്മൻ കുടവും പറ്റിയില്ലെങ്കിൽ ഇതെങ്കിലും വേണ്ടേ? വിശ്വപ്രസിദ്ധമായ കഥകളി കണ്ടുപിടിച്ച നാടല്ലേ.............. ? രക്തത്തിൽ അല്പം തുള്ളൽ എല്ലാവരിലും ഉണ്ടാകും. കുറേക്കഴിഞ്ഞപ്പോൾ മത്തച്ചൻ പറഞ്ഞു. "ഇനി മതിയാക്കാം. ക്ഷീണിച്ചു. നിങ്ങൾ പൊയ്ക്കോ. ഞാൻ കലങ്ങും കുഴീൽ പോയി ഒന്ന് മുങ്ങി വരം". ആറടി താഴ്ചയിൽ എപ്പോഴും വെള്ളമുള്ള കുഴിയാണ് കലങ്ങും കുഴി. എന്നെങ്കിലുമൊരു കാലത്തു ഏതെങ്കിലും ദൂതൻ അവിടെയും വെള്ളം കലക്കാൻ എത്തിയിട്ടുണ്ടാവും. ബെതേസ്ഥാ . അതേ വേഷത്തിൽ മത്തച്ചൻ താഴേക്കൊടുന്നത് കണ്ടു കൂട്ടുകാർ അന്ധാളിച്ചു. പാടങ്ങൾക്കു നടുവിലൂടെ , കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ, ശവക്കോട്ടയുടെ അരികിലൂടെ അവൻ ഓടി. ദൂരെ വച്ച് തന്നെ അവൻ കണ്ടു ചക്രവാളത്തിൽ ചായകുട്ടിന്റെ ഭംഗി നോക്കി അവൾ നിൽക്കുന്നു. ശോശക്കുട്ടി. മുറ്റത്തേക്ക് കയറിയപ്പോൾ അവളുടെ അമ്മയെ കണ്ടു. കുഞ്ഞന്നാമ്മ . കരീലപ്രാന്തൻ പെട്ടെന്ന് രണ്ടു മലക്കം മറിഞ്ഞു. ഒരു കളിയാട്ടം അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. കുരച്ചു കൊണ്ട് ചാടി വന്ന പട്ടി അവന്റെ തുടയിൽ ഒറ്റ പിടുത്തം. പല്ലുകൾ നാലും ആഴ്ന്നിറങ്ങി. അമ്മയും ശോശക്കുട്ടിയും ബഹളം വച്ചപ്പോൾ പിടിവിട്ട് പട്ടി ഓടി. കയ്യിൽ കരുതിയിരുന്ന ചിത്രശലഭത്തിന്റെ സ്ലൈഡ് തെറിച്ചു പോയത് അവനറിഞ്ഞില്ല. വേദന കൊണ്ട് പുളഞ്ഞു മാത്തച്ചൻ നിലത്ത് വീണു. അമ്മയും മകളും കൂടി കരീല പ്രാന്തന്റെ വച്ച് കെട്ടുകൾ അഴിച്ചു മാറ്റി. "ഇതാരാടാ.....? മത്തച്ചനോ ........."? നീ എന്തിനാടാ മോനെ ഈ പൊല്ലാപ്പും വച്ച് കെട്ടി വന്നത്....."?'അമ്മ ചോദിച്ചു. രക്തം വാർന്നൊഴുകുന്ന അവന്റെ കാലുകൾ കണ്ടപ്പോൾ ശോശക്കുട്ടി കരയാൻ തുടങ്ങി. സാരമില്ലെടാ മോനേ .....ഇപ്പം ഞാൻ ശരിയാക്കി തരാം. രണ്ടു മുളവിലപറിച്ചു കൊണ്ട് വാടീ....."'അമ്മ പറഞ്ഞു. ശോശക്കുട്ടി കൊണ്ട് വന്ന മുളകുവടിയുടെ ഇലകളുമായി അമ്മ അകത്തേക്കോടി. നീറിപ്പുകയുന്ന കാലുമായി തറയിലിരുന്നു വിങ്ങുന്ന മത്തച്ചനെ കണ്ടപ്പോൾ പെണ്ണിന്റെ ഹൃദയം പൊട്ടി. മുളവിലയിൽ ദാനിയന്ത്രം എണ്ണയൊഴിച്ചു അടുപ്പിൽ വച്ച് പൊള്ളിച്ചിട്ടു അമ്മ വന്നു അത് മത്തച്ചന്റെ തുടയിൽ പട്ടി കടിച്ച സ്ഥാനത്തു അമർത്തിപ്പിടിച്ചു. പൊള്ളിയ കാലുമായി അവൻ കിടന്നു പിടഞ്ഞു. എന്നിട്ടും കരഞ്ഞില്ല. താനൊരു ലോലഹൃദയനാണെന്നു വന്നുകൂടല്ലോ ..... " സാരമില്ല......... ഒന്ന് കുടി പൊള്ളിച്ചാൽ മുറിവുണങ്ങിക്കോളും ...." അടുത്ത ഇലയുമായി അമ്മ വീണ്ടും അടുപ്പത്തേക്കൊടി. മത്തച്ചന്റെ പൊള്ളിയ കാലിൽ ശോശക്കുട്ടി മൃദുവായി തലോടി. എല്ലാ വേദനയും ആ നിമിഷം അവൻ മറന്നു . പട്ടികടിച്ച കാലുമായി തിങ്കളാഴ്ച സ്കൂളിലേക്ക് ഒന്തിയൊന്തി നടക്കുമ്പോൾ മത്തച്ചൻ കണ്ടു മുമ്പേ നടക്കുന്ന ശോശക്കുട്ടിയുടെ തലയിൽ തന്റെ ചിത്രശലഭം! മാസങ്ങളോളം അവൻ അതിന്റെ സുഖമറിഞ്ഞു. നാലാം ക്ലാസ്സിൽ ഒരു വർഷം തോറ്റാലും കുഴപ്പമില്ല എന്ന് മത്തച്ചന് തോന്നിയ കാലമാണത്. കാരണം ശോശക്കുട്ടി മൂന്നിൽ നിന്ന് ജയിച്ചു വരും. ശാരോനിലെ പനിനീർപ്പൂവാണ്. താഴ്വരയിലെ താമരപ്പൂവാണ്. സ്കൂളിൽ റിസൾട്ട് പതിച്ച ദിവസം അവൻ ഒരു ക്രോസ് കൺട്രി ഓടി. മത്തങ്ങപോലെ തന്റെ പേര് ലിസ്റ്റിൽ കിടക്കുന്നതു കണ്ടു സങ്കടപ്പെട്ടു. അവസാനമായി പ്രൈമറി സ്കൂളിന്റെ തിണ്ണയിൽ ! ഓർത്തപ്പോൾ അവനു കരച്ചിൽ വന്നു. ചോളപ്പൊടിയും പാൽ പൊടി കലക്കി തിളപ്പിച്ച പാലും കഴിക്കാൻ എന്നും ഉച്ചയ്ക്ക് ചമ്രം പടഞ്ഞിരുന്നത് ആ തിണ്ണയിലായിരുന്നു. അമേരിക്കക്കാരന്റെ ദാക്ഷിണ്യം. കെ .എ. ആർ .ഇ . കൊ ഓപ്പറേറ്റീവ് ഫോർ അമേരിക്കൻ റിലീഫ് എവെരിവേർ. ലോകക്കാരെ മുഴുവൻ പാലും തേനും കൊടുത്തു വളർത്താൻ ഈ സായിപ്പാര്? തനിക്കു നഷ്ടപ്പെടുന്നത് പാലും പൊടിയും മാത്രമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. ശോശക്കുട്ടിയില്ലാത്ത സ്കൂളിലിരുന്നു എന്തോന്ന് പഠിക്കാൻ ? മത്തച്ചനെ ഏതു സ്കൂളിൽ ചേർക്കണം എന്നതിനെ ചൊല്ലി വീട്ടിൽ വലിയ ചർച്ച നടന്നു. കൂടെ ജയിച്ചവരെല്ലാം സർക്കാർ സ്കൂളിലേക്കാണ്. പക്ഷെ അവിടെ പോന്നവർ കൂടുതൽ സമയവും സ്വാമിയുടെ മലയിൽ നെല്ലിക്ക പറിക്കാൻ പോകും എന്നാണ് പരക്കെയുള്ള പേടി. നെല്ലി മലയങ്ങനെ പൂത്തുലഞ്ഞു വിശാലമായി കിടപ്പാണ്. മധുരമല. നൂറേക്കറെങ്കിലും കാണും. അനേക വർഷങ്ങൾക്കു മുമ്പാണ് സ്വാമി നെല്ലിമല വാങ്ങി ആശ്രമവും വൈദ്യശാലയും പ്രസ്സും എല്ലാം തുടങ്ങിയത്. മഹാ പണ്ഡിതനാണ്. കഥകളൊരുപാട് പറയാനുണ്ട് സ്വാമിക്ക്. ആർഷജ്ഞാനം തുളുമ്പുന്ന കഥകൾ. ചിലരൊക്കെ പോയി കേൾക്കും. അവിടെ ചെന്നാൽ അവലും പഴവും പിന്നെ ശർക്കര ഉണ്ടയും കിട്ടും. മത്തച്ചൻ സായിപ്പിൻ കുന്നിൽ തന്നെ പഠിക്കട്ടെ. എല്ലാരും കൂടെ തീർപ്പാക്കി. സായിപ്പിന്റെ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പ്രതിമാസം മൂന്നു രൂപ ഫീസ് കൊടുക്കണം. രണ്ടു പറ നെല്ലിന്റെ തുകയാണ്. എന്നാലും സാരമില്ല. കണ്ണ് തെളിയുന്നെങ്കിൽ ആയിക്കോട്ടെ. സർക്കാർ ജോലി നേടി പദ്മനാഭന്റെ നാല് ചക്രം വാങ്ങിക്കുന്ന ചേട്ടൻ തീരുമാനിച്ചു. ഈ സായിപ്പെന്തിനാണ് നൂറുകൊല്ലങ്ങൾക്കപ്പുറം ഇവിടെ വന്നു സ്കൂൾ തുടങ്ങിയത്? മലയാളം ലിപിയുണ്ടാക്കിയത് ഗുണ്ടർട്ട് സായിപ്പാണ് പോലും . തലശ്ശേരിയിൽ അച്ചടി ലിപിയുണ്ടാക്കിയതും അയാളാണത്രെ. ആദ്യത്തെ വ്യാകരണം എഴുതി തന്നത് അർണ്ണോസ് പാതിരി. ആദ്യത്തെ നോവലെഴുതിയതു ഏതോ കോളിൻസ് മദാമ്മ. ആരും മോശക്കാരല്ല. വീരവാദം മുഴക്കുന്ന മലയാളിക്കിതൊന്നും വായ്യായിരുന്നോ ?നാണക്കേട്. സായിപ്പിന്റെ നേരെ നിന്ന് എങ്ങനെ നാല് വർത്തമാനം പറയും ? ഇവിടുത്തെ വല്യപ്പന്മാർക്കെല്ലാം എന്തായിരുന്നു പണി. ? അവരെ നിലയ്ക്ക് നിർത്താൻ തിട്ടമേലമ്മമാരില്ലായിരുന്നോ ? കുന്തിരിക്കമില്ലാത്ത കുന്തിരിക്കക്കുന്നു പോലെയായിരുന്നു മത്തച്ചന് സായിപ്പിൻ കുന്ന് .രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലാസ്. അത് കഴിഞ്ഞാൽ എല്ലാവരും വയലിലോ മലയിലോ പണികൾ ചെയ്യണം. മണിക്കൂറിനു പത്ത് പൈസ കൂലി. സായിപ്പിന്റെ ഒരേർപ്പാട്.തൊഴിലിന്റെ മാന്യത പഠിപ്പിക്കാനാണ് പോലും. തീപ്പെട്ടിപോലെ ഒരു കാറിൽ ചീറിപ്പാഞ്ഞു നടക്കുന്ന അമേരിക്കക്കാരൻ സായിപ്പാണ് പ്രിൻസിപ്പൽ . പാസ്റ്റർ കുള്ളിനൻ ബ്രൂബറി. കൂടെ മദാമ്മയും കുറെ സായിപ്പിൻ കുഞ്ഞുങ്ങളും. അവറ്റകൾ മിക്ക സമയവും സ്വിമ്മിങ് പൂളിലാണ്. എന്തോരു പൂൾ ? കലങ്ങും കുഴിയുടെ ഏഴയലത്തു വരില്ല. ഇരമ്പി പായുന്ന മലവെള്ളമുള്ള ആ കുഴിയിൽ ഇവന്മാർക്കൊന്നു ചാടാമോ ? കൂടെ നിഴൽ പോലെ ഒരു അൾസേഷ്യൻ നായുണ്ട്. അല്ലെങ്കിൽ പോയി ഒന്ന് വെല്ലു വിളിക്കാമായിരുന്നു. സായിപ്പിന്റെ പട്ടിയുടെ കുരകേട്ട നാൾ മുതൽ നാടൻ പട്ടികൾ ചുരുണ്ടു പോയി. പിന്നീടവയുടെ വാലുകൾ പൊന്തിയിട്ടില്ല. കൾച്ചറൽ ഷോക്ക്. ഹെഡ്മാസ്റ്റർ മിൽട്ടൺ മാസ്റ്റർ. പേര് കേട്ടാൽ ഞെട്ടും. കാലത്തെഴുന്നേറ്റാൽ തലയും കുത്തി വീടിനു ചുറ്റും നടക്കുന്നയാളാണ്. പാറപോലത്തെ ശരീരവും കടുകിട അയവില്ലാത്ത സ്വഭാവവും. ആകപ്പാടെ മാത്തച്ചന് ശ്വാസം മുട്ടലായി. വൈകുന്നേരങ്ങളിൽ മറ്റേ സ്കൂളിലെ വിശേഷങ്ങൾ കൂട്ടുകാർ വർണ്ണിക്കുമ്പോൾ കരയാൻ തോന്നും. എന്തോരു സ്വാതന്ത്ര്യമാണവർക്ക്! വീട്ടിൽ നിന്നിറങ്ങിയാൽ നേരെ സ്കൂളിലേക്കല്ല അവർ പോകുന്നത് എം. സി റോഡിൽ വലിയ കയറ്റം തുടങ്ങുന്നിടത്തു പാട്ടും പാടി നിൽക്കും. അലൈഡ് അണ്ടിയാപ്പീസിലേക്കുള്ള കാള വണ്ടികൾ എപ്പോൾ വരുന്നോ അപ്പോൾ അവയുടെ പിന്നാലെ കൂടും. ഭാരം വലിക്കുന്ന കാളകൾക്ക് ആശ്വാസത്തിനായി തള്ളികൊടുക്കുന്നത് പതിവാക്കി. വണ്ടിക്കാർക്ക്ഏറെ ആശ്വാസം. കാളകൾക്കും. പക്ഷെ കുട്ടന്മാർ ചാക്ക് കീറി കശുവണ്ടി പരിപ്പ് വാരിയെടുക്കുന്ന കാര്യം വണ്ടിക്കാരറിയില്ല. "കാള വണ്ടി" വണ്ടിക്കാരൻ വിളിക്കും. "ഐലസ ".പിള്ളേർ ചൊല്ലും. ""തള്ളിക്കൊട്” "ഐലസ " "കേറിപ്പോട്ടെ " "ഐലസ " അഞ്ചാറ് “ഐലസ " കഴിയുമ്പോഴേക്കും രണ്ടു പോക്കറ്റുകളും നിറഞ്ഞിരിക്കും. അപ്പോഴേക്കും കയറ്റവും അവസാനിക്കും. ഒരു ദിവസം കാള വണ്ടി വന്നില്ലെങ്കിൽ അന്ന് സ്കൂളിൽ പോക്കില്ല. കലങ്ങും കുഴി അന്ന് ഏറെ കലങ്ങും. പാറയിൽ നിന്ന് വെള്ളത്തിലേക്ക് തലകുത്തിച്ചാടുന്ന രഹസ്യ വിദ്യകളൊക്കെ അഭ്യസിക്കുന്നത് അന്നാണ്. പ്രകൃതിയല്ലേ യഥാർത്ഥ യൂണിവേഴ്സിറ്റി ? സ്വയം പഠിക്കാത്തവൻ മണ്ടൻ. പ്രപഞ്ച താളം നമ്മുടെ താളവുമായി സമ്മേളിക്കുമ്പോഴേ യഥാർത്ഥ പഠനം സാധ്യമാകൂ..... കൂട്ടുകാർ മുഴുത്തു വെളുത്ത അണ്ടിപ്പരിപ്പിന്റെ കഥ പറയുമ്പോൾ നാവിൽ വെള്ളമൂറും. അമ്മ വറുത്ത് തല്ലിയ പരിപ്പ് ഒരുപാടു തിന്നിട്ടുണ്ട്. പക്ഷെ ആപ്പീസിലെ കശുവണ്ടിയുടെ രുചി ഒന്ന് വേറെ. അതുപോലെ ഹരം പിടിപ്പിക്കുന്നതാണ് കെ. എസ്. യു, കെ. എസ് . സി , എസ്. ഫ്. ഐ വാർത്തകൾ. സമരം ബഹു കേമം. സായിപ്പിന്റവിടെ അത്തരം ഏർപ്പാടുകളൊന്നുമില്ല. കുട്ടികൾ ലോകത്തിൽ ലോകം കണ്ടു വളരണം. വിശാലമായ ലോകം അങ്ങനെ തുറന്നു കിടക്കുകയല്ലേ ? പക്ഷെ പറഞ്ഞിട്ടെന്തു കാര്യം? ചായ കുടിക്കരുത്. മദ്യം കഴിക്കരുത് എന്നെല്ലാം പഠിപ്പിക്കും. അതിനെ കുറിച്ച് കുറെ സിനിമകളും കാണിക്കും. അങ്ങനെ കാട്ടുമരങ്ങൾക്കിടയിൽ ഒരു നാരകം പോലെ ഖിന്നനായി മത്തച്ചൻ കഴിഞ്ഞു വരവെ ജീവിത നൗക ഒന്ന് വട്ടം ചുറ്റി എന്ന് വേണമെങ്കിൽ പറയാം. ക്ലാസ്സിലെ ലൈബ്രറിയുടെ ചാർജ് അവന്റെ തലയിൽ വന്നു വീണു. കൂട്ടത്തിൽ കുസൃതിക്കാരൻ എന്ന് നിനച്ചിട്ടാവാം മിൽട്ടൺ മാസ്റ്റർ വന്നു പറഞ്ഞു "മിസ്റ്റർ മാത്യു ജോസഫ് വിൽ ടേക്ക് ചാർജ് ഓഫ് യുവർ ക്ലാസ് ലൈബ്രറി ". വേണ്ടെന്നു പറയാൻ നാവു പൊന്തുമോ ? കയ്പു മധുരമായി മാറാൻ അധികം വൈകിയില്ല. ഈസോപ്പ് കഥകളിലും പഞ്ചതന്ത്രം കഥകളിലും തുടങ്ങിയ പ്രയാണം ചുവന്ന കൈപ്പത്തിയിലൂടെയും കഥാ സരിത് സാഗരത്തിലൂടെയും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലെത്തി ഒന്ന് നിന്നു. മിസ്റ്റർ ഗയിൽസിന്റെ പരിശോധനാ വേളയിൽ "കെറ്റിൽ"എന്ന വാക്കു നോക്കിയെഴുതാൻ പ്രേരിപ്പിക്കുന്ന അദ്ധ്യാപകൻ. അത് കൂട്ടാക്കാത്ത പയ്യൻസ് , ഗാന്ധി. "കോപ്പിയടി എന്ന കല എനിക്കൊരിക്കലും അഭ്യസിക്കാൻ കഴിഞ്ഞില്ല "ഗാന്ധി പറയുന്നു.” അങ്ങനൊന്നു സംഭവിക്കുമോ ? മത്തച്ചന്റെ മസ്തിഷ്കത്തിൽ ഒരു സ്ഫോടനം. ഒരു ദിവസം വൈകുന്നേരം രാമൻ ചേട്ടനോട് ചോദിച്ചു. രാമൻ ചേട്ടന് എം. കെ ഗാന്ധിയെ അറിയാമോ "? "പിന്നേ... നമ്മുടെ അറയ്ക്കല് ഗാന്ധി വല്ല്യപ്പൻ . ഞങ്ങൾ ഭയങ്കര കൂട്ടല്ല്യോ " ? മത്തച്ചൻ ഓടിക്കളഞ്ഞു. അങ്ങനെ വരുമ്പോഴാണ് തിട്ടമേലമ്മയെ കണ്ടത്. പതിവ് ശൈലി തന്നെ. അമ്മയ്ക്കൊരു കസവു നേര്യതു വാങ്ങി കൊടുത്താലോ ? "അമ്മയ്ക്ക് ഗാന്ധിയെ അറിയാമോ"? "എടാടാ.....ദാ കിടക്കുന്നു കാര്യം .സ്കൂളിപ്പോയി നാലക്ഷരം പഠിച്ചെന്നു കരുതി മാർപ്പാപ്പയെ കുർബാന പഠിപ്പിക്കാൻ വരല്ലെടാ മോനെ....അന്നാമ്മേടെ മോനായതു കൊണ്ട് വെറുതെ വിടുന്നു “. അന്നാമ്മേടെ മോനായതിൽ എന്തോ കാര്യമുണ്ടെന്നു മത്തച്ചന് തോന്നിയത് അന്നാണ്. ഒരു പക്ഷെ തന്നെ ."....... മോനെ..." എന്ന് വിളിക്കാത്തതും അതുകൊണ്ടായിരിക്കും. അവിടുന്നും അവൻ ഓടി. തോട്ടിനക്കരെ തെങ്ങുപാലത്തിനരികെ ഇരുന്നാലോചിച്ചു. പതിമൂന്നാം വയസ്സിൽ ഗാന്ധിക്ക് കസ്തൂർബയെ എങ്ങനെ കല്യാണം കഴിക്കാനൊത്തു. ? ഒരെത്തും പിടിയും കിട്ടുന്നില്ല. അപ്പോൾ ശോശക്കുട്ടിയെ ഒന്ന് കാണണമെന്ന് മോഹമുദിച്ചു. സ്കൂൾ മാറിയതിനാൽ കാണാൻ തീരെ പറ്റുന്നില്ല. എൻഗദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുല പോലെ അവൾ വിടർന്നു കാണുമോ ? ജടമാംസി സുഗന്ധം പുറപ്പെടുവിക്കാറായോ ? കുഞ്ഞപ്പി ഉപദേശിയുടെ പ്രസംഗത്തിൽ നിന്നു പിടിച്ചെടുത്ത പദങ്ങളാണത്. തകർപ്പൻ പ്രസംഗമാണ് പള്ളിയിൽ അദ്ദേഹം നടത്തിയത്. "എന്റെ സഹോദരീ, എന്റെ കാന്ത കെട്ടിയടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ, മൂടിയിട്ടിരിക്കുന്ന ഒരു കിണറ്......വടതി കാറ്റേ ഉണരുക .....തെന്നി കാറ്റേ വരിക ..... എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിന്റെ വിശിഷ്ട ഫലം ഭുജിക്കട്ടെ. അദ്ദേഹം പറഞ്ഞത് എല്ലാമൊന്നും മനസ്സിലായില്ല. അലങ്കാര ശാസ്ത്രമൊക്കെ വളരുമ്പോൾ പഠിച്ചെടുത്തോളാം. ശോശക്കുട്ടിയുടെ വീട്ടിലേക്കൊന്നു പോയാലോ എന്നാലോചിക്കുമ്പോൾ റോഡിൽ ഒരു ബഹളം കേട്ടു. "ബാലൻ പിള്ളേ നേതാവേ... ധീരതയോടു നയിച്ചോളു.... ഞങ്ങടെ ഓമന നേതാവേ ... ലക്ഷം ലക്ഷം പിന്നാലെ.. തെക്കു നിന്നൊരു പടക്കുതിര ചീറിപ്പാഞ്ഞു വരുന്നുണ്ടേ ... കെട്ടാമെങ്കിൽ കെട്ടിക്കോ ആരുണ്ടിവിടെ കാണട്ടെ ..." ഗ്രാമത്തിലെ സകല പിള്ളേരും റോഡിലേക്കോടി. കൂട്ടത്തിൽ മത്തച്ചനും. ശോശക്കുട്ടിയെ മറന്നു പോയി. പ്രചാരണ വണ്ടിയുടെ പിറകെ കൂടി പിള്ളേരെല്ലാം. കാറിൽ നിന്നെറിഞ്ഞു കൊടുക്കുന്ന നോട്ടീസിന് വേണ്ടി കശപിശയായി. ജനാധിപത്യത്തിന്റെ കാവൽപ്പടയാളികൾ പോർക്കളത്തിൽ അടരാടുമ്പോൾ ജീപ്പിന്റെ പുറകെ ഓടി ഇളം തലമുറ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഇരുട്ടുന്നതു വരെ തെരഞ്ഞെടുപ്പ് ചർച്ചകളായിരുന്നു പിന്നെ. ജനാധിപത്യം ഇങ്ങനെ ചെറുപ്പത്തിലേ രക്തത്തിൽ കലരുന്നതുകൊണ്ടു ഇവിടെ പട്ടാള ഭരണം വരാനൊക്കില്ല. ജനത്തിന് വോട്ടു ചെയ്തുകൊണ്ടേയിരിക്കണം. അത്താഴം കഴിഞ്ഞു മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ മത്തച്ചൻ സത്യാന്വേഷണ പരീക്ഷണ കഥ ആർത്തിയോടെ വായിച്ചു. പുക വലിക്കാൻ കഴിയാത്തതിന്റെ നിരാശ മൂലം ഗാന്ധിജിയും കൂട്ടുകാരും കൂടി ആത്മഹത്യ ചെയ്യാൻ പോയ സംഭവം വായിച്ചു തരിച്ചിരുന്നു പോയി. അന്നെങ്ങാനും മഹാത്മജി ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ..? പുകവലിയിൽ ചില്ലറ പരീക്ഷണങ്ങളൊക്കെ താനും നടത്തിയിട്ടുണ്ടായിരുന്നു. കടലാസ്സു ചുരുട്ടി കത്തിച്ചായിരുന്നു തുടക്കം. പിന്നെ മുറി ബീഡിയും മുറി സിഗരറ്റും. മൂക്കിൽ കൂടി പുക വിടാൻ ശ്രമിച്ചു കുശ്മാണ്ഡത്തിൽ വരെ പുക കയറി ബോധക്കേടായി. ഓർത്തപ്പോൾ ലജ്ജ തോന്നി. ക്രമേണ ഗാന്ധിജി മനസ്സിന്റെ ഉള്ളറയിൽ ഒരു ആരാധന മൂർത്തിയായി കുടിയിരുപ്പാരംഭിച്ചു. പട്ടണത്തിലെ ഗണപതിയമ്പലത്തിൽ ആറാട്ടിന് ആനയെ കാണാൻ പോയ വേളയിലാണ് കടയിൽ ഗാന്ധിജിയുടെ മൊട്ടത്തലയുള്ള വർണ്ണ ചിത്രം കണ്ടത്. പറങ്കേണ്ടി വിറ്റു പട്ടം വാങ്ങാൻ വച്ചിരുന്ന പണം കൊടുത്തു ഗാന്ധിജിയെ കൈക്കലാക്കി .ശോശക്കുട്ടിക്കുള്ള സ്ലൈഡ് കഴിഞ്ഞാൽ പിന്നെ താൻ സ്വന്തം പണം കൊടുത്തു വാങ്ങുന്ന സാധനം. മത്തച്ചന് സ്വന്തമായി പഠനമുറിയില്ലായിരുന്നെങ്കിലും ഒരു മൂല സ്വന്തമായിരുന്നു. ഒരു ചെറിയ ഡെസ്ക്കും , ഇളകിയാടുന്ന ഒരു കസേരയും, ഒരു ട്രങ്കും ഒത്തു കിട്ടി. സമ്പാദ്യങ്ങളെല്ലാം തകരപെട്ടിയിൽ പൂട്ടി വയ്ക്കും. പലതരം പെൻസിലുകൾ, ചോക്കു കഷണങ്ങൾ , മഷിയിൽ മുക്കി എഴുതുന്ന പേന, ഗോലികൾ എല്ലാം. മേശക്കു മുകളിലായി ഭിത്തിയിൽ യേശുക്രിസ്തു ഗത്സമന തോട്ടത്തിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന വലിയൊരു ചിത്രം വച്ചിട്ടുണ്ടായിരുന്നു.ഏകാന്ത യാമങ്ങളിൽ ഏറെ നേരം ആ ചിത്രം നോക്കിയങ്ങനെ ഇരിക്കും. വളരുമ്പോൾ ഗത്സമന കാണാൻ ഇസ്രായേലിൽ പോകണം എന്ന് തോന്നുന്നത് അപ്പോഴാണ്. ഗിലയാദ് മലഞ്ചെരുവിലെ കോലാട്ടിൻ കൂട്ടത്തെയും പരിമള പർവ്വതത്തിലെ ശോശന്ന പുഷ്പ്പങ്ങളെയും കാണണം. യരൂശലേം കുന്നുകളും വിലാപ ഭിത്തിയും കാണണം. പറ്റുമെങ്കിൽ ഗലീല തടാക കരയിലും പിന്നെ ചാവ് കടലിലും നീന്തിത്തുടിക്കണം. അച്ചന്മാരും ഉപദേശിമാരുമൊക്കെ തട്ടി വിടുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. വെറും പുളുവാണെങ്കിൽ പിന്നെ പള്ളീലോട്ടില്ല. ഒരു ദിവസം സ്കൂളിൽ വന്ന ഒരു സായിപ്പിനെ മിൽട്ടൺ മാസ്റ്റർ പരിചയപ്പെടുത്തി. അദ്ദേഹം നൂറു തവണ ലോകം ചുറ്റിയിട്ടുണ്ടത്രെ. വെടി. ആർക്കു പറ്റും ലോകം നൂറു തവണ ചുറ്റാൻ ? താനിതുവരെ ഉഗ്രൻകുന്നുപോലും മുഴുവനും കണ്ടിട്ടില്ല. ഒരിക്കൽ പള്ളിയിൽ ഒരു സൈറസ് സാർ വന്നു. കാഷായ വേഷമിട്ട ഒരു കൊച്ചു മനുഷ്യൻ. അദ്ദേഹം പ്രസംഗിച്ചപ്പോഴാണ് മനസ്സിലായത് യേശുക്രിസ്തു ലോകത്തിലേക്കും വലിയ വിപ്ലവകാരിയാണെന്ന്. ഒറ്റയ്ക്ക് സ്വർഗത്തിൽ പോകാൻ ശ്രമിക്കുന്നത് പാപമാണെന്ന്. യേശു അപ്പച്ചന്റെ മടിയിൽ ഒറ്റയ്ക്കു കയറി ഇരിക്കണമെന്ന് കൊതിച്ച മത്തച്ചൻ ചൂളിപ്പോയി. സാമൂഹ്യ രക്ഷയാണത്രെ പ്രധാനം. അന്ന് വൈകിട്ട് രാമൻ ചേട്ടനോട് ചോദിച്ചു. "ഈ സാമൂഹ്യ രക്ഷ എന്നാലെന്താ"? "അതോ.... രക്ഷ നമ്മുടെ കയ്യിൽ പേടി വരാതിരിക്കാൻ കെട്ടുന്ന ചരടല്ല്യോ"? സമൂഹം ചേട്ടന്റെ കടയിൽ നിന്നു കിട്ടുന്ന ചരടാ സാമൂഹ്യ രക്ഷ ...." അന്ന് മത്തച്ചൻ ഓടി. പക്ഷെ ഒരു തീരുമാനമെടുത്തു. ഇനി ഒരു വകയും രാമൻ ചേട്ടനോട് ചോദിക്കുന്ന പ്രശ്നം ഇല്ല. സിനിമ കഥകളിൽ കേമൻ. അല്ലാതെ ഒരു കുന്തവുമറിയില്ല . തേയിക്കാണെങ്കിൽ യക്ഷിക്കഥകളെങ്കിലുമറിയാം. പേടിപ്പിക്കും എന്ന് മാത്രം. ഗണപതി കോവിലിനടുത്തുള്ള കടയിൽ നിന്നു വാങ്ങിച്ച ഗാന്ധിജിയുടെ ചെറിയ പടവും യേശുക്രിസ്തുവിന്റെ ഇടതു വശത്തു പ്രതിഷ്ഠിച്ചു. കുമ്മായഭിത്തിയായിരുന്നതിനാൽ ആണി തറയ്ക്കാൻ എളുപ്പമായിരുന്നു. ആദ്യമേ അമ്മ പിടികൂടി. "യേശു അപ്പച്ചന്റെ അടുത്തണോടാ ഗാന്ധി വല്ല്യപ്പന്റെ പടം വയ്ക്കുന്നത്. ? അഹങ്കാരി " പുറകെ പുറകെ കണ്ടു വന്നവരെല്ലാം ശാസിച്ചു. മൈൻഡ് ചെയ്തില്ല. മനസ്സിന് ചെറുപ്പത്തിലേ നല്ല കട്ടിയായിരുന്നു.
കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ 
 ഉഗ്രൻകുന്നിന്റെ പുരാവൃത്തo
By ഡോക്ടർ . ഏബ്രഹാം കരിക്കം
 അദ്ധ്യായം നാല്.
കഥകൾക്ക് പഞ്ഞമില്ലാത്ത കാലം . 
 നാല് മണിക്ക് സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ സ്ലേറ്റും പുസ്തകവും വലിച്ചെറിയും. കൊല്ലുന്ന വിശപ്പാണപ്പോൾ. ഒന്നുകിൽ വാട്ടിയിട്ട ചീനി ഊറ്റിയെടുത്തു പച്ചമുളക് ഞെരടി വെളിച്ചെണ്ണയും ഒഴിച്ച് പാകത്തിലാക്കും. ഉണക്ക മീൻ ചുട്ടതു കൂടിയുണ്ടെങ്കിൽ കുശാൽ .അല്ലെങ്കിൽ അടച്ചിലച്ചമ്മന്തി. അത് അമ്മതന്നെ ഉണ്ടാക്കണം. വാളൻ പുളിയും ഉള്ളിയും മുളകും വെളിച്ചെണ്ണയുമാണ് ചേരുവകൾ. ലേശം ഉപ്പും. ചൂണ്ടു വിരൽ തൊട്ടു വായിൽ വച്ചാൽ പിന്നെ വായിൽ നിന്ന് ചൂണ്ടു വിരൽ ഊരി പോകില്ല. ചീനിയില്ലെങ്കിൽ ഗോതമ്പു ദോശ. അരി വിശേഷാവസരങ്ങളിൽ മാത്രം. അല്ലെങ്കിൽ കവലയിലെ ഉപ്പാന്റെ കടയിൽ ചെല്ലണം, ഉപ്പാപ്പൻ ലോപിച്ചതാണ് ഉപ്പാൻ. അവിടെ ഒരണ ദോശയും പിള്ളേർ സെറ്റിന് അരയണ ദോശയും കിട്ടും. കടലക്കറിയും അതിനു മുകളിൽ തേങ്ങാച്ചമ്മന്തിയും . കയ്യിൽ ഒരണ ഒന്നിച്ചു വരണമെങ്കിൽ എന്നെങ്കിലും പറങ്കി മാവിൽ അണ്ടി പിടിക്കണം. അല്ലെങ്കിൽ കുരുമുളക് വള്ളികൾ കുരുകുരാ പ്രസവിക്കണം. ചീനിയും ഗോതമ്പു ദോശയും കിട്ടിയില്ലെങ്കിൽ പത്തായതിന്റെ ഏതെങ്കിലും അറയിൽ ഏത്തക്കുലയോ പൂവൻകുലയോ പഴുത്തത് കാണും. നാലഞ്ചെണ്ണം ഉരിയുമ്പോഴേക്കും അമ്മ എത്തും. "വീട്ടിൽ വേറേം ആളുകളുണ്ട്" അത് അമ്മയുടെ സ്ഥിരം പല്ലവിയാണ്. കാര്യമാക്കില്ല. തട്ടി പറിക്കും മുമ്പ് നാലെണ്ണം കുടി പോക്കറ്റിലാക്കിയിട്ടുണ്ടാവും. പത്തായത്തിലും ശൂന്യതയാണെങ്കിൽ ഏതെങ്കിലും മുറിയുടെ മൂലയിൽ ഒരു മുറി ചക്ക പഴുത്തത് പാകത്തിലിരിക്കുന്നുണ്ടാകും. കൂഴയായാലും വരിക്കയായാലും പ്രശ്നമില്ല. ഒറ്റ ഇരിപ്പിൽ അതങ്ങകത്താക്കും. ഇതൊന്നും കിട്ടിയില്ലെങ്കിൽ പിന്നെ കലാപക്കൊടി ഉയർത്തുകയായി . അമ്മയുടെ മുമ്പിൽ കുറെ തുള്ളിച്ചാടും. കമ്പെടുക്കും വരെ. പിന്നെ മണിച്ചിയുടെ അടുത്തേക്കൊരോട്ടമാണ് . മുലയിൽ നിന്ന് പാൽ നേരെ വായിലേക്ക് .ആദ്യം ചാണകത്തിന്റെ ചുവയോക്കെ ലേശം കാണും. എന്നാലും ചൂട് പാലല്ലേ. വയറ്റിലെ കത്തൽ മാറുമല്ലോ. സന്ധ്യക്ക് മുമ്പ് ഒരു വല്ലം പുല്ലു സമ്പാദിക്കണം എന്നത് അലംഘനീയ നിയമം ആണ്. മഴയും വെയിലും പ്രശ്നമല്ല. മിക്കവാറും എല്ലാ വീട്ടിലും നിയമം ഒന്ന് തന്നെ ആയതിനാൽ ആണും പെണ്ണും എല്ലാം വല്ലങ്ങളുമായി പുറത്തു ചാടും. ആദ്യമാദ്യം വല്ലങ്ങൾ നിറയ്ക്കുന്നവർ സംഗമ സ്ഥലത്ത് സമ്മേളിക്കും. നുണയുടെ മലവെള്ളപ്പാച്ചിലാണ് പിന്നെ. ഓരോരുത്തരുടെയും വീരഘോരകൃത്യങ്ങൾ. ഇല്ലാക്കഥകളുടെയും അൽപസത്യങ്ങളുടെയും മാറാപ്പഴിക്കുകയായി ഓരോരുത്തർ. റേഡിയോയും ടി വി യും കണ്ടിട്ടില്ലെങ്കിലും നാട്ടു വിശേഷങ്ങൾ എല്ലാടവും എത്തിക്കുന്നതിന് ഇതുപോലെയുള്ള പ്രക്ഷേപണ കേന്ദ്രങ്ങൾ തുണയായി. ചന്തയിലെ കൊഞ്ചിന്റെ വിലമുതൽ ഇന്ത്യ - ചൈന യുദ്ധം വരെ വാശിയേറിയ ചർച്ചയുടെ വിഷയങ്ങളാണ്. ശനിയാഴ്ച ദിവസം അടിപൊളിയാണ്. കാളൻ ബേബിയുടെ ദിവസം. ഒരു കരുമാടിക്കുട്ടനാണ് ബേബി. കരേറ്റു നിന്നും കള്ളവണ്ടി കയറി വന്നതാണ്. നാലരയടി പൊക്കം കാണും. പ്രായമറിയില്ല. ഒരു ദിവസം അങ്ങേവീട്ടിലെ കൊച്ചപ്പൻ കൂട്ടി കൊണ്ട് വന്നു. "ഇതേതാ ഈ കരിഭൂതം"? കൊച്ചമ്മ ചോദിക്കുന്നത് കേട്ടു. "വിശന്നു പൊരിഞ്ഞു ആ റോഡിൽ കിടക്കുന്നതു കണ്ടു. നീ എന്തെങ്കിലും ഒന്ന് നുള്ളിക്കോട്" കൊച്ചപ്പൻ അരുളി. പിന്നങ്ങോട്ട് ബേബിയുടെ ദിനങ്ങളായിരുന്നു. നാട്ടുകാർ അവനെ കാളൻ ബേബി എന്ന് വിളിച്ചു. ശാപ്പാടടിച്ചു വീർത്തപ്പോൾ അവൻ വീരവാദം മുഴക്കി തുടങ്ങി. "കരേറ്റിൽ വച്ച് ഞാൻ ഏഴുപേരെ ഒറ്റക്കാലിൽ നിന്ന് മലർത്തിയടിച്ചിട്ടുണ്ട്". പിള്ളേർക്കെലാം അവൻ ഹീറോ ആയി. വീട്ടു ജോലികൾ എന്തും ചെയ്യുന്നത് കൊണ്ട് എല്ലാവർക്കും അവനെ കാര്യമാണ്. നൂറടി പൊക്കമുള്ള പ്ലാവിൽ നിന്ന് ചക്കയിടും. ഇരുപതടി താഴ്ചയുള്ള കിണറ്റിൽ തൊട്ടി പൊട്ടി വീണുപോയാൽ അവൻ ചാടിയിറങ്ങും. മുങ്ങിത്തപ്പി തൊട്ടിയെടുക്കും. കയറും പൊട്ടിച്ചൊരു കാളക്കൂറ്റൻ കുതറിയോടിയാൽ പുറകെ ബേബിയുണ്ടാകും. കശാപ്പിനുള്ള പോത്തിനെ കയറുകെട്ടി മലർത്തിയടിക്കാൻ അവൻ റെഡി. കശാപ്പുകാരൻ പോത്തിന്റെ കഴുത്തറത്തു ചൂട് രക്തം ചരുവത്തിലേക്കു പകരുമ്പോൾ - അതിൽ ചവുട്ടിയിരുന്നാൽ വാതം പോകും--കാലിട്ടടിക്കുന്ന പോത്തിന്റെ കാലിൽ ബേബിയുടെ ശക്തമായ പിടുത്തമുണ്ടാകും. വയലിൽ കാള പൂട്ടാനും മരമടിക്കുമ്പോൾ മരത്തിൽ കമിഴ്ന്നു കിടക്കാനും , മരമടി മഹോത്സവം അരങ്ങു തകർക്കുമ്പോൾ കാളയുടെ പുറകെ ഓടാനും ബേബിയെ കാണാം. ഉടക്കി കഴിഞ്ഞാൽ വീരമാർത്താണ്ടൻ. ശനിയാഴ്ച ശവക്കോട്ടയുടെ താഴെയുള്ള കിളിത്തട്ടു പുരയിടത്തിൽ അടിതട പരിശീലനമുണ്ട്. ആശാൻ ബേബി തന്നെ. ഒറ്റക്കാലിൽ പറക്കുന്ന മർമ്മ ശിരോമണി. നാല് മണിക്ക് തുടങ്ങുന്ന കിളിത്തട്ടു കളി ബേബി എത്തും വരെ മാത്രം. ഏതെങ്കിലും പറമ്പിലെ പണി കഴിഞ്ഞ് കൃത്യം അഞ്ചുമണിക്ക് അവൻ എത്തും. അതുവരെ കിളിത്തട്ട്. അല്ലെങ്കിൽ മറ്റു കളികളുണ്ട്. വരി വരിയായി നിന്ന് തുപ്പിയാൽ ആരുടെ തുപ്പലാണ് അകലത്തു വീഴുക. ചൊറിച്ചുമ ല്ലും പ്രധാന പരിപാടിയാണ്. എല്ലാരും എന്തെങ്കിലും തീറ്റി സാധനങ്ങൾ കൊണ്ട് വന്നിരിക്കണം എന്നത് നിയമമാണ് .കാരണം വിശന്നു കൊണ്ട് അടിതട അഭ്യസിക്കാനാവില്ല. ചക്ക, തേങ്ങാ, മാങ്ങ, വാഴപ്പഴം, കരുപ്പട്ടി, മൾബറിക്കായ് , ഉണ്ടശർക്കര, വെള്ളരിക്കായ് തുടങ്ങിയവ ഓരോരുത്തരായി പുറത്തെടുക്കും. മുന്തിയ പങ്കും ബേബി തന്നെ വിഴുങ്ങും. ആനയുടെ വയറാണവന് . പിന്നീട് എല്ലാവരും കുടി ബേബിയുടെ മേൽ ചാടി വീഴുകയായി. അവൻ കുട്ടിക്കരണം മറിഞ്ഞ് ഓരോരുത്തരെയായി അടിച്ചും തൊഴിച്ചും താഴെയിടും. അടിച്ചാൽ കൊള്ളുന്നിടം വച്ച് തടഞ്ഞോളണം എന്നതാണ് ഉത്തരവ്. പല അടികളും തല കൊണ്ടാണ് ബേബി തടയുന്നത്. അവന്റെ തല ഉരുക്കാണ്. തന്റെ ശക്തി തലയാണ് പോലും . ഒരു മണിക്കൂർ പ്രകടനം കഴിയുമ്പോഴേക്കും എല്ലാരും തളർന്നു വീഴും. ബേബി മാത്രം അപ്പോഴും ഒറ്റക്കാലിൽ നിന്നട്ടഹസിക്കും. "ആരുണ്ടെടാ ....വരിനെടാ...ഹായ് തരികിട തിത്തൈ. ഹായ് തരികിട തിത്തൈ". ശ്വാസം നേരെ വീഴുമ്പോൾ ഓരോരുത്തരായി ചെന്ന് തോട്ടിലെ പളുങ്കു പോലുള്ള വെള്ളം ആവോളം കുടിച്ചു ദാഹം തീർക്കും. ബ്രാലും ആരാനും തുടങ്ങിയ മീനുകളൊക്കെ കാലിലും കയ്യിലും വന്നു തട്ടി മറ്റൊരു യുദ്ധത്തിന് വെല്ലു വിളിക്കുന്നുണ്ടാവും അപ്പോൾ. "നീയൊക്കെ ഇപ്പോൾ ചാടി കളിക്ക് ....നാളെ കാണിച്ചു തരാം" മത്സ്യങ്ങളോട് കിന്നാരം പറയും. തോട്ടിൽ മീനുകൾ ധാരാളം ഉണ്ടായിരുന്നു. മീൻ പിടുത്തം മാത്തച്ചന്റെ പ്രധാന ഹോബികളിലൊന്നാണ്. ഈർക്കിൽകൊണ്ടു മെനഞ്ഞ കൂടുണ്ട് .പിന്നെ പൊത്തിൽ കയ്യിട്ടു പിടിക്കും. ഒരിക്കൽ പൊത്തിൽ നിന്ന് വലിച്ചു പുറത്തിട്ടത് ഒരു നീർക്കോലിയെ. നീർക്കോലി കടിച്ചാൽ ഒരത്താഴം മുടങ്ങും. അത്രേയുള്ളു. അതുകൊണ്ടൊന്നും പൊത്തിൽ കയ്യിടുന്ന ഏർപ്പാട് നിർത്തിയിട്ടില്ല. ശനിയാഴ്ചകളിൽ വീട്ടിൽ ചെന്ന് കയറുന്നതു രാത്രിയിലായാലും കുഴപ്പമില്ല. അതുകൊണ്ടു കാളൻ ബേബിയുടെ ചുറ്റും കൂടിയിരുന്ന് നാട്ടു വിശേഷങ്ങൾ വിളമ്പുകയായി പിന്നെ : കിഴക്കേ പള്ളിക്കൂടത്തിലെ അപ്പൻ സാറിന്റെ പോത്തിനെ തീറ്റാൻ പോയ കഥയായിരിക്കും അവിടെ പഠിക്കുന്ന ഒരാൾക്ക് പറയാനുള്ളത്. ഗുരുകുല സമ്പ്രദായത്തിൽ അങ്ങനെയായിരുന്നെന്ന്. വിളയിലപ്പന്റെ പറമ്പിൽ മൂർഖൻ പത്തി വിടർത്തി ആടി നിന്നപ്പോൾ നാട്ടുകാരെല്ലാം ഓടിക്കൂടി അടിച്ചിട്ടത് വേറൊരു സംഭവം. സ്കൂൾ ആനി വേഴ്സറിക്കു മേക്കപ്പ് റൂമിൽ ഒളിഞ്ഞു നോക്കിയതിന്റെ വീരസ്യം ഒരാൾ പങ്കു വയ്ക്കുമ്പോൾ ചീട്ടുകളി സംഘത്തെ പോലീസുകാർ ആട്ടിപ്പായിച്ച കഥ മറ്റൊരാൾ പാടിപറയും. പിന്നെ കിഴക്കേ നടയിലെ അമ്പലത്തിലെ ഉത്സവത്തിന് വില്ലടിച്ചാംപാട്ട് നടത്തിയത്, കിഴക്കേത്തോട്ടിൽ നീന്താൻ പോയപ്പോൾ കയത്തിൽ മുങ്ങിച്ചാവാൻ പോയത്, മീൻപിടിപ്പാറയിലെ പാറക്കെട്ടിന്റെ ഗർത്തത്തിൽ അടിതെറ്റി വീണിട്ടും ചാടി കയറി രക്ഷപെട്ടത്. അങ്ങനെ പലതും. ഇതൊന്നുമല്ലെങ്കിൽ എല്ലാവരെയും " .......മോനെ"എന്ന് മാത്രം വിളിക്കുന്ന തിട്ടമേലമ്മയുടെ വീരഗാഥകൾ. കഥകൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. തിട്ടമേലമ്മ ഒരു സംഭവമാണ്. മാറ് മറയ്ക്കുന്നതിൽ വിശ്വാസമില്ല. മാത്രമല്ല ഉഗ്രൻക്കുന്നിൽ അതിനു തനിക്കു മാത്രമേ അവകാശമുള്ളൂ എന്ന മട്ടിലായിരുന്നു നടപ്പ്. കുതിരയുടെ എടുപ്പും. സ്ലേറ്റും പുസ്തകവുമായി സ്കൂളിലേക്കോടുമ്പോഴാണെന്നു തോനുന്നു മത്തച്ചൻ ആദ്യമായി തിട്ടമേലമ്മയെ സന്ധിക്കുന്നത്. "നീ അന്നാമ്മേടെ മോനല്ല്യോടാ കൊച്ചേ? ......ഛായ അത് തന്നെ...... " മുഖം കണ്ടപ്പോൾ താൻ അന്നാമ്മേടെ മോൻ ആണെന്ന് എങ്ങനെ മനസ്സിലായി? തന്നെ " ....മോനേ" എന്ന് വിളിക്കാതെ "കൊച്ചേ "എന്ന് വിളിച്ചത് എന്തിനു ? തിട്ടമേലമ്മയെ ഇഷ്ട്ടപെട്ടുപോയി. അവർ വെറ്റിലമുറക്കാൻ വാങ്ങാൻ റോഡിലേക്കിറങ്ങിയാൽ സകലർക്കും പേടിയാണെന്ന് ക്രമേണ മാത്തച്ചൻ മനസ്സിലാക്കി. നാട്ടിൽ ആരെന്തു തെറ്റ് ചെയ്താലും ഉടൻ അവരറിയും. "എടാ പാപ്പൻ .........മോനെ , നീ ഇന്നലെ ഷാപ്പിൽ കള്ളുകുടിച്ചു ലഹളയുണ്ടാക്കിയെന്നു കേട്ടല്ലോടാ പോക്കിരി....." "എടാ നാണപ്പാ..... എന്തിനാടാ നീ ഇന്നലെ നിന്റെ പെണ്ണിന്റെ ആറാംമാലിക്ക് അടിച്ചത്...."? "എടാ താന്നി കഴുവേറീ .. നീ വരമ്പ് വെട്ടാൻ ചെന്നപ്പോൾ ആ കറിയയുമായി ഗോൽത്തയുണ്ടാക്കിയത് എന്തിനാടാ ..... ....മോനെ.... "? . നല്ല ചങ്കുറപ്പുള്ള ആരെങ്കിലും "പോ തള്ളേ"എന്ന് പറഞ്ഞാലായി. അതിനു തന്റേടമുള്ളവർ ചുരുക്കമായിരുന്നു. 'അമ്മ നാട്ടിലെ കോടതിയായിരുന്നു. ഒരിക്കൽ കടേലെ കുട്ടിച്ചാൻ ചോദിച്ചു "നീ ആരാ ഞങ്ങളെ വിസ്തരിക്കാൻ? മുൻസിപ്പോ ? അതോ പേഷ്ക്കാരോ ? " "ബ്ഭ) ...പോക്കിരി "അതും പറഞ്ഞു 'അമ്മ കുട്ടിച്ചായന്റെ നേർക്ക് പാഞ്ഞടുത്തു. അങ്ങേർ പ്രാണനും കൊണ്ടോടിക്കളഞ്ഞു. ഒരു സത്യം മാത്തച്ചന് വഴിയേ ബോധ്യപെട്ടു. നാട്ടിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞിരുന്നത് തിട്ടമേലമ്മയുടെ മഹനീയ സാനിദ്ധ്യം കൊണ്ടായിരുന്നു.
(കൊട്ടാരക്കരയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ 
 ഉഗ്രൻകുന്നിന്റെ പുരാവൃത്തം. 
 ഡോ . ഏബ്രഹാം കരിക്കം
 അദ്ധ്യായം മൂന്ന്
 വള്ളിക്കുടിലിൽ ഒരു രാത്രി.
 അന്നൊരു ഞായറാഴ്ചയായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടടുത്തു കാണും . “സായിപ്പിൻകുന്നിൽ തുണി വിതരണം "ആരോ വിളിച്ചു കൂവി. കേൾക്കാത്ത താമസം. അമ്മമാരെല്ലാം തൊണ്ട പൊട്ടിച്ചു. "എടാ.... വാസുവേ......" എടാ തങ്കുവേ ....." "എടാ ജോണിയെ..... " "സായിപ്പിൻക്കുന്നിൽ തുണി വിതരണം നടത്തുന്നെന്ന്. ഓടിച്ചെല്ലിനെടാ.... " മത്തച്ചൻ അപ്പോൾ ശവക്കോട്ട പുരയിടത്തിൽ ഒരു കല്ലറയിൽ മലർന്നു കിടക്കുകയായിരുന്നു. നക്ഷത്രങ്ങളില്ലാത്ത ആകാശം നോക്കി. പാല പൂവിന്റെ മണം പേറി വരുന്ന കാറ്റു തലോടുമ്പോൾ അങ്ങനെ കിടക്കാൻ പരമ സുഖമാണ്. വിശാലമായ സെമിത്തേരിയിൽ ഒന്നോ രണ്ടോ കൊച്ചു കല്ലറകളേ ഉണ്ടായിരുന്നുള്ളു . കുറേ മൺകൂനകളും. സിമന്റു പൂശിയ ആ കല്ലിന്മേൽ കിടക്കുമ്പോൾ നല്ല തണുപ്പായിരുന്നു. മണിച്ചി പശുവും കിടാവും അരികെ പുല്ലു മേഞ്ഞു നിൽക്കുന്നുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങൾ പകൽ എവിടെ പോയി ഒളിക്കുന്നു. അതെ പറ്റി ശാന്തമായി ആലോചിക്കുന്ന നേരത്താണ് വിളിയും കൂട്ട ഓട്ടവും. എല്ലാ റോഡുകളും സായിപ്പിൻ കുന്നിലേക്ക്. ഓട്ട മത്സരം. മുമ്പേ മുമ്പേ എത്തി നല്ല കാൽസറായികളും കമ്പിളി പുതപ്പുകളും കരസ്ഥമാക്കാൻ. നിമിഷങ്ങൾക്കുള്ളിൽ മത്തച്ചൻ താഴെ വയൽ വരമ്പത്തെത്തി. പിന്നെ ഒറ്റപാച്ചിലായിരുന്നു. കുന്നുകൾ താണ്ടി സായിപ്പിന്റെ ബംഗ്ലാവിനു മുന്നിലെത്തി . താമസിച്ചു പോയോ ? ഒരു മുന്നൂറു പേരെങ്കിലും അപ്പോഴേക്കും അവിടെ എത്തിയിരുന്നു. നാട്ടിലെ ആരോഗ്യമുള്ള ആണുങ്ങൾ മുഴുവനും അവിടെയുണ്ട്. കൂട്ടത്തിൽ ചില സ്ത്രീ തൊഴിലാളികളും. ആൾക്കാർ വരിവരിയായിരിക്കാൻ ആരൊക്കെയോ വിളിച്ചു കൂവുന്നുണ്ട്. പക്ഷെ നരകത്തിൽ ക്യൂ സംവിധാനം നടക്കുമോ? ഉന്തും തള്ളുമായപ്പോൾ ആരോ തുണികൾ വാരിയെറിഞ്ഞു. മുട്ടായി പെറുക്കിനു മത്സരിക്കുന്ന കുട്ടികളുടെ മട്ടായിരുന്നു പിന്നെ എല്ലാവർക്കും. സായിപ്പന്മാർ വന്ന നാൾ മുതൽ തുടങ്ങിയ ഏർപ്പാടായിരുന്നു. അമേരിക്കയിൽ പോയി പറയും ഇന്ത്യയിലാർക്കും അരിയും തുണിയുമില്ലെന്ന്.കുറേ പഴഞ്ചൻ തുണികളും വാരിക്കെട്ടി തിരികെ പോരും. ഇപ്പോൾ ഇത് സായിപ്പിന്റെ ക്രൂര വിനോദമായിരുന്നു. ഖാദി മതി എന്ന് ഗാന്ധിജി പറഞ്ഞതിന് മധുരമായ പകപോക്കൽ. ആൾക്കാർ കടിപിടി കൂടിയപ്പോൾ സായിപ്പും മദാമ്മയും നോക്കി ചിരിച്ചു. കഴിഞ്ഞ തലമുറ ഫോറിൻ തുണി വാരി കൂട്ടി തീയിട്ടെങ്കിൽ അടുത്ത തലമുറ അതിലൊന്ന് കിട്ടാൻ പരസ്പ്പരം യുദ്ധം ചെയ്യുന്നു. പഴയ കോണകമായിരുന്നു ഇതിലും ഭേദമെന്ന് മത്തച്ചനപ്പോൾ തോന്നാതിരുന്നില്ല. എങ്കിലും പലരോടു പടവെട്ടി കയ്യിൽ കിട്ടിയ ഒരു കമ്പിളി പുതപ്പുമായി വീട്ടിലേക്കോടി . അത് അമ്മയുടെ മുന്നിൽ പ്രദർശിപ്പിച്ചു. "പശുവും കുട്ടിയും എന്തിയെടാ"? അമ്മയുടെ നിലവിളി. "കർത്തവേ ...ചതിച്ചോ? "മത്തച്ചൻ വിലപിച്ചു. സായിപ്പിന്റെ കുന്നിലേക്ക് പാഞ്ഞപ്പോൾ പശുവിനെ കെട്ടാൻ മറന്നു. അവൾ ഓടി പൊയ്ക്കാണുമോ ? എങ്കിൽ അപ്പൻ പിശാചാവും. പിന്നെ തന്റെ അന്ത്യമാവും. ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. മത്തച്ചൻ അപ്പോൾ ശവക്കോട്ടയിലേക്കോടിയ ഓട്ടം കണ്ടിരുന്നെങ്കിൽ മിൽഖാസിംഗ് ഞെട്ടിപ്പോയേനെ . "മണിച്ചീ...." "മണിക്കുട്ടീ....." കരഞ്ഞു വിളിച്ചു കൊണ്ട് അവൻ നാലുപാടും ഓടി. മണിച്ചിയെയും മണിക്കുട്ടിയെയും എങ്ങും കണ്ടില്ല. ഇനി വീട്ടിലോട്ടു പോയിട്ട് കാര്യമില്ലെന്ന് അവൻ തീരുമാനിച്ചു. അപ്പൻ കാലിൽ പിടിച്ചു എറിഞ്ഞു കളയും. തടുക്കാൻ ചെന്നാൽ അമ്മയ്ക്കും കിട്ടും. "പുറപ്പെട്ടു പോയാലോ" കല്ലറമേലിരുന്നിട്ടു അവൻ തല പുകച്ചു. നെൽപ്പാടം കടന്നാൽ എം സി റോഡാണ്. കുത്തനെ ഒരു കയറ്റമുണ്ടു്. ചരക്കെടുക്കാൻ രാത്രിയിൽ കൊല്ലത്തേക്ക് പോകുന്ന കാളവണ്ടികൾ ഇറക്കമിറങ്ങി വരുമ്പോൾ വണ്ടിക്കാർ ഉറങ്ങുകയാവും. കാളകൾക്കറിയാം എവിടെപ്പോയി നിൽക്കണമെന്ന്. ചരക്കുവണ്ടികളുമായി പണ്ട് കൊല്ലത്തു പോയ കഥകൾ വല്ല്യപ്പൻ പറഞ്ഞിട്ടുണ്ട്. വണ്ടിയുടെ അടിയിൽ കെട്ടിയ റാന്തലിന്റെ വെളിച്ചത്തിൽ കാളകൾ നടന്നോളും. പരപരാ വെളുക്കുമ്പോൾ ചിന്നക്കടയിൽ പാപ്പാനാച്ചാരുടെയും ചോനാച്ചാരുടെയും കടയിലെത്തണം. നിറയെ സമാനങ്ങളുമായി തിരികെ പോരും. അങ്ങനെ ഒരു രാത്രിയിലാണ് വല്ല്യപ്പന്റെ അപ്പന് ചതി പിണഞ്ഞത്. നാട്ടിലെ അറിയപ്പെടുന്ന വ്യാപാരിയായിരുന്നു. ജൗളിയും പലചരക്കും. ബിസ്സിനസ് കൊഴുത്തു നിൽക്കുന്ന കാലം. അപ്പൻ വണ്ടിയിൽ കിടന്നുറങ്ങി. രണ്ടായിരം പണം വലമടിശീലക്കകത്താക്കിഇരിപ്പിടത്തിൽ കീഴെയുള്ള പെട്ടിയിൽ സൂക്ഷിച്ചിരുന്നു. സഹായിയും ഒപ്പമുണ്ടല്ലോഎന്ന ധൈര്യത്തിൽ സുഖമായുറങ്ങി. കിളികൊല്ലൂരാണ് പ്രഭാത കർമ്മങ്ങൾ. കാളകൾ അവിടെ ചെല്ലുമ്പോൾ താനെ നിൽക്കും.വണ്ടിയുടെ ഇളക്കം നിലച്ചപ്പോൾ വല്യപ്പൻ ഉണർന്നു. ഇരിപ്പിടം പൊക്കി പണക്കിഴി തപ്പി. ഉള്ളിൽ അഗ്നിപർവ്വതം പുകഞ്ഞു കത്തി. ബോധം കേട്ടില്ല എന്നേയുള്ളു. അന്നത്തെക്കാലത്തു വമ്പിച്ചൊരു മുതലാണ്. സഹായിയും കൈ മലർത്തി. ബിസിനസ്സ് പൊളിഞ്ഞു. കുടുംബം കുത്തുപാളയെടുത്തു. എല്ലാം നശിച്ചപ്പോൾ എല്ലാരേയും കൂട്ടി ഉഗ്രൻകുന്നിലെത്തി .പതിനാലേക്കർ വാങ്ങി അദ്ധ്വാനം തുടങ്ങിയതാണ്. കുറെ കഴിഞ്ഞപ്പോൾ അപ്പന്റെ സഹോദരൻ മലബാറിലേക്ക് പോയി. കാട്ടികുളത്ത് കാട്ടാനകളോട് പൊരുതി വിജയിച്ച കഥകൾ വേറെ. മാത്തച്ചൻ പുറപ്പെട്ടു പോകാൻ തന്നെ തീരുമാനിച്ചു. രാത്രിയാവും വരെ കല്ലറക്കാട്ടിലെ വള്ളികൾക്കിടയിൽ ഒളിച്ചിരിക്കാം. പാതിരാ കഴിഞ്ഞാൽ പ്രേതങ്ങൾ ഇറങ്ങും. അതിനു മുമ്പേ സ്ഥലം വിടണം. ശവക്കോട്ട ഒരു കൊച്ചു വനത്തിലാണ്. അതിനുള്ളിലെ ഓരോ ഇഞ്ചും മത്തച്ചനറിയാം. ഓണക്കാലത്ത് ഊഞ്ഞാലിടാനായി ചുണ്ണാമ്പുവള്ളികൾ തേടി അലയാറുണ്ടിവിടെ . കനത്ത വള്ളികൾക്കായി കൂട്ടുകാർ തമ്മിൽ പൊരിഞ്ഞ പോരാണ്.ആരുടെ ഊഞ്ഞാലാ ഇത്തവണ കേമം എന്നൊരു ചർച്ചയുണ്ട്. പിന്നെ പ്ലാവിന്റെ കൊമ്പിൽ മിന്നുന്ന ഊഞ്ഞാലിൽ ചില്ലിയാട്ടം പറക്കുന്നതിന്റെ ത്രിൽ പറയുക പ്രയാസം. രാമൻ ചേട്ടൻ ഒരിക്കൽ കനത്ത ഒരു ചുണ്ണാമ്പ് വള്ളിയിൽ കയറി പിടിച്ചു. മൂടറുക്കും മുമ്പ് വലിച്ചു വലിച്ചു പുറത്തിട്ടു. പക്ഷെ ഒരു തടിയൻ മലമ്പാമ്പായിരുന്നു. നിലത്തു വീണതും അത് രാമൻ ചേട്ടനെ ചുറ്റി വരിഞ്ഞു. രണ്ടു പേരും തമ്മിൽ യുദ്ധമായി. എല്ലുകൾ ഓടിയും എന്ന ഘട്ടം വന്നപ്പോൾ അരിവാൾ എടുത്തു ഒറ്റ വെട്ട്. പാമ്പു രണ്ടു തുണ്ടം. അന്ന് മുതൽ മത്തച്ചൻ ഏതു വള്ളിയിൽ പിടിച്ചാലും മലമ്പാമ്പാണോയെന്നു ആദ്യം പരിശോധിക്കും. മലമ്പാമ്പ് അന്നൊക്കെ ധാരാളമുണ്ടായിരുന്നു . രാത്രിയിൽ കോഴിയെ പിടിച്ചു പാതി വിഴുങ്ങിയപ്പോഴാണ് ഒന്നിനെ വീട്ടിൽ എല്ലാവരും കുടി എറിഞ്ഞു വീഴ്ത്തിയത്. നെയ്യ് ഒരുക്കിയെടുക്കാം എന്ന് പറഞ്ഞു അതിനെ നീലാണ്ടൻ കൊണ്ടുപോയി. വള്ളിക്കുടിലുപോലുള്ള ഒരു പൊത്തിൽ മത്തച്ചൻ ഒളിച്ചിരുന്നു. രാത്രിയാവാൻ ഇനിയും ഒരുപാടുണ്ട്. ബട്ടൺ പൊട്ടിയ ഒരു വള്ളി നിക്കർ മാത്രമേ ധരിച്ചിട്ടുള്ളു. നെൽപ്പാടത്തു നിന്ന് കാറ്റടിക്കുമ്പോൾ കുളിരുകോരുന്നു. പാടത്തെ കാറ്റിനു മാത്രം എന്തിത്ര നനവ് ? വിശന്നിട്ടണ്ഡം കീറുന്നുണ്ട്. ചൂരക്കായോ തെറ്റിപ്പഴമോ അടുത്തെങ്ങും കാണുന്നുമില്ല. താഴെ തോടരുകിൽ കാക്കപ്പൂക്കൾ ഇരുട്ടിലും വെട്ടിത്തിളങ്ങുന്നു. കുറെ പറിച്ചു തിന്ന് തോട്ടിലെ തെളിനീരും കുടിക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. കാളവണ്ടിയിൽ കൊല്ലത്തു ചെന്നിറങ്ങിയാൽ ? ഓർത്തപ്പോൾ ഒരു മരവിപ്പ്.... അവിടെ ഹോട്ടലുകൾ ധാരാളമുണ്ട്. സപ്ലയർ ആകാം. രാവിലെ ഇഷ്ടംപോലെ ദോശയും സാമ്പാറും കിട്ടും. ഉച്ചയ്ക്കും രാത്രിയിലും കുശാലായ ശാപ്പാട്. ശരീരം കൊഴുത്തു ഗുസ്തിക്കാരനെ പോലെയാകും. കുറെ നാൾ കഴിഞ്ഞാൽ മദ്രാസിലേക്ക് ട്രെയിൻ കയറാം. ചെങ്കോട്ട തുരങ്കം കാണാം. കക്കൂസിലിരുന്നാൽ ടിക്കറ്റ് വേണ്ട. കോടമ്പാക്കത്തു ചെന്നാൽ ശിവാജി ഗണേശൻ, എം. ജി. ആർ, ജയലളിത, എം. എൻ, നാഗേഷ് എന്നിവരെയെല്ലാം കാണാനാകും. ഒരുപാടു സിനിമകളും കാണാം. രാമൻ ചേട്ടൻ പോയിട്ടുണ്ട്. വള്ളിക്കുടിലിലിരുന്നു അറിയാതെ ഉറങ്ങിപ്പോയി. അടുത്തെവിടെയോ ഒരു കുറുക്കൻ ഊരിയിട്ടപ്പോൾ ഞെട്ടിയുണർന്നു. മൈലുകൾക്കകലെ മദ്രാസ് മെയിലിന്റെ ചൂളം വിളി. രാത്രി പന്ത്രണ്ടു മണിക്കാണ് ട്രെയിൻ വരുന്നത്. മത്തച്ചൻ ചാടിയെഴുന്നേറ്റു. പന്ത്രണ്ടു കഴിഞ്ഞാൽ കല്ലറകൾ ചലിക്കും. പ്രേതങ്ങൾ ഇറങ്ങും. കൂർത്ത പല്ലുകളുമായി ഇറങ്ങി വരുന്ന ഡ്രാക്കുളയുടെ കഥ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. കടമറ്റത്തു കത്തനാർ യക്ഷിയെ തലയിൽ ആണി തറച്ചു ചേർത്തടിച്ചിട്ടുള്ളതിനാൽ ആ ശല്യമില്ല .പക്ഷെ കുറ്റാക്കൂരിരുട്ടിൽ....? വയൽ വരമ്പത്തു കൂടി കത്തിച്ച ചൂട്ടുകറ്റകളുമായി മൂന്നാലാൾരൂപങ്ങൾ നടന്നു വരുന്നു. വയറ്റിൽ തീ....... ശവക്കോട്ടയിലേക്കു തന്നെയാണവർ നടക്കുന്നത്. പക്ഷെ പ്രേതങ്ങൾ ചൂട്ടുകറ്റയുമായി വരുമോ ? സാദ്ധ്യതയില്ല. സംസാരം കേട്ടപ്പോൾ മനസ്സിലായി. കാളൻ ബേബിയും ചേട്ടന്മാരും. തന്നെ തിരയുകയാണവർ. "മണിച്ചി വന്നതറിയാതെ അവനിനി എങ്ങോട്ടെങ്കിലും ഓടിപ്പോയ്ക്കാണുമോ"? "ങേ .....മണിച്ചി വന്നോ ......"? ചാടിക്കിതച്ചു അവരുടെ മുന്നിലെത്തി. കാട്ടു പന്നിയാണെന്നാണ് അവർ ആദ്യം കരുതിയത്. അടിച്ചിടാൻ ഓങ്ങിയതുമാണ്. "നീ എവിടരുന്നെടാ ....."? ചേട്ടന്റെ കർക്കശ സ്വരം. "ഞങ്ങളെ വിഷമിപ്പിച്ചു കളഞ്ഞല്ലോടാ മത്തീ....." കാളൻ ബേബിയുടെ ശകാരം. "നിന്നെ കാണാനില്ലെന്ന് പറഞ്ഞു അമ്മ നിലവിളിക്കുന്നു" അവർ തുടർന്നു. "മണിച്ചി വന്നോ "? "അവളും മണികുട്ടിം സന്ധ്യക്കേ വീട്ടിൽ വന്നല്ലോ...." ========================================