By ഡോക്ടർ . ഏബ്രഹാം കരിക്കം
അദ്ധ്യായം ആറ്
വിപാസനയിലെ അഭ്യാസം.
തുലാവർഷമായി. ശക്തമായ കാറ്റും മഴയും. മണ്ണെണ്ണ വിളക്കിന് പകരം ഒരു റാന്തൽ വേണമെന്ന് പറഞ്ഞു മത്തച്ചൻ വീട്ടിൽ ഒരുപാട് വഴക്കുണ്ടാക്കി. ഫലമുണ്ടായില്ല . വായിക്കാനുള്ള വാശിയേറിയതേയുള്ളു. അമ്മയുമായി വഴക്കടിച്ച ദിവസം നേരം വെളുക്കുന്നതു വരെ ഇരുന്നു വായിച്ചു കളഞ്ഞു. പല പ്രാവശ്യം വിളക്കിലേക്കു മണ്ണെണ്ണ പകരുകയും ചെയ്തു.
ഗാന്ധിജി ഇളംപ്രായക്കാരിയായ കസ്തൂർബയെ കഷ്ട്ടപെടുത്തിയത് വായിച്ചപ്പോൾ ഒരു ശോശന്ന പുഷ്പ്പം ഏതോ മരുഭൂമിയിൽ വാടി വീഴുന്നതായി തോന്നി. മനസ്സ് അസ്വസ്ഥമായി . ശോശക്കുട്ടിയെ കാണണം എന്ന മോഹം കലശലായതു അപ്പോഴാണ്. ഞായറാഴ്ച സണ്ടേ സ്കൂളിൽ എത്തുന്നത് വരെ കാത്തിരിക്കാൻ ബുദ്ധിമുട്ടായി.
പുറത്തു കോരിച്ചൊരിയുന്ന മഴ. ശരീരം തണുത്തുറഞ്ഞു. എങ്കിലും മനസ്സിൽ ചൂടായിരുന്നു. ഒരാശയം മനസ്സിൽ തെളിഞ്ഞത് അപ്പോഴാണ്. എന്റെ "സത്യാന്വേഷണ പരീക്ഷണ കഥ "അവൾക്കു വായിക്കാൻ കൊടുക്കാം.
പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. കോഴികൾ കൂവുന്നത് കേട്ടപ്പോൾ ഉണ്ണി സാർ നീട്ടി ചൊല്ലുന്ന കവിത ഓർത്തു.
"പൂങ്കോഴിതൻ പുഷ്ക്കല കൺഠ നാദം
കേട്ടങ്ങുണരും കൃഷീവലരെല്ലാം........ "
അത് പഠിപ്പിച്ചത് മുതലാണ് ഉണ്ണി സാറിന്റെ പേര് “ പുഷ്ക്കലൻ” എന്നായത്. ആദ്യം കുട്ടികൾ വിളിച്ചു. പിന്നെ നാട്ടുകാരും അങ്ങനെ തന്നെ ഉറപ്പിച്ചു. കുട്ടികൾ അങ്ങനെ നാട്ടുകാരുടെ അപ്പന്മാരായി.
എന്നാലും സാറിനെ ജീവനായിരുന്നു. പൊന്നമ്മ ടീച്ചറുടെ മാതിരി അടിയില്ല. ഒരുപാടു കഥകളും പറയുമായിരുന്നു. മണ്ണാങ്കട്ടയും കരീലയും കാശിക്കു പോയ കഥ പറഞ്ഞു സാർ ഒരിക്കൽ കരയിച്ചു കളഞ്ഞു.
സായിപ്പിന്റെ സ്കൂളിലെ മലയാളം സാറാണെങ്കിൽ ജഗജില്ലിയാണ്. ഒന്ന് മിണ്ടി പോയാൽ കഴുത്തിന് പിടിച്ചു പുറത്തു കളയും. സായിപ്പിന്റെ അമ്മാവനാണെന്ന ഭാവവും. പക്ഷെ ശകുന്തളയെ പറ്റിയൊക്കെ പറയുന്നത് കേട്ടാൽ അന്തം വിട്ടിരുന്നു പോകും. വായുവിൽ നിന്ന് പല കഥാപാത്രങ്ങളെയും അദ്ദേഹം നൊടിയിടയിൽ വലിച്ചു പുറത്തിടും. ഗാന്ധാരിയുടെ കണ്ണ് കെട്ടാനും, പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്താനും അദ്ദേഹത്തിന് നന്നായറിയാം. ശ്രീകൃഷ്ണൻ കുചേലനെ കെട്ടി പിടിക്കുന്ന കാര്യം പറയുമ്പോൾ അദ്ദേഹം മേശയെ വാരി പുണരും.
കോഴികൾ പലവട്ടം കൂവി. പക്ഷെ നേരം വെളുത്തില്ല. പിന്നെയും ഒന്ന് മയങ്ങിയതാണ്. അപ്പോൾ കേട്ടു.
പരപരമേശ വരമരുളീശാ.....
നീയത്രേ എൻ രക്ഷാസ്ഥാനം ...."
അപ്പൻ ഈണത്തിൽ പാട്ടു തുടങ്ങി. അത് കെട്ടാണെല്ലാവരും ഉണരുന്നത്. ഓരോരുത്തരായി പ്രാർത്ഥനയ്ക്ക് ചെന്നിരിക്കണം. അല്ലെങ്കിൽ അടി ഉടൻ വരും. പ്രാർത്ഥന കഴിഞ്ഞാൽ വേണമെങ്കിൽ കുറെ നേരം കുടി കിടക്കാം. അല്ലെങ്കിൽ പുറത്തു ചാടാം. കപ്പു മാവിന്റെ ചുവട്ടിൽ ഒരുപാടു മാങ്ങ വീണിട്ടുണ്ടാവും. ആദ്യം ചെല്ലുന്നവർക്കു മാറാപ്പു നിറയെ കിട്ടും.
പുറത്തു വന്നാൽ പല വീടുകളിൽ മണ്ണെണ്ണ വിളക്കു തെളിയുന്നത് കാണാനാവും . പലതരം പാട്ടുകളും കേൾക്കാം . എട്ടും പത്തും പിള്ളേർ ഒരുമിച്ചു പാടുമ്പോൾ കൺവൻഷൻ പാട്ടുപോലെ ഉണ്ടാവും. ഇടയ്ക്കു ചില കാള രാഗങ്ങളും ഉണ്ടാവുമെന്ന് മാത്രം.
മത്തച്ചൻ കിഴക്കോട്ടു നോക്കിയിരുന്നു. മാങ്ങയൊക്കെ കൊതിയുള്ളവർ പെറുക്കട്ടെ. എല്ലാവരും ചെയ്യുന്നതു താനെന്തിനു ചെയ്യണം. ? മത്തച്ചൻ മത്തച്ചനായിരിക്കണം. അതാണ് മാത്തൻ തനിമ.
സൂര്യ ബിംബം കാണുന്നില്ല. ഭൂമി തണുത്തുറഞ്ഞു കിടക്കുകയാണ്. നനഞ്ഞ മണ്ണും നനഞ്ഞ പെണ്ണും ഒരുപോലെയാണോ ? ആർക്കറിയാം .
പലരും കാളകളും കലപ്പയുമായി ഇരുട്ടിലൂടെ പോകുന്നുണ്ട്. പോത്തിന്റെ മണവുമുണ്ട്. മൃഗങ്ങൾക്കു ഇരുട്ടിലും കാണാം. ഈ പുറകെ പോകുന്ന മനുഷ്യർക്കോ ? വെളുക്കും മുമ്പ് നിലം ഉഴുതു മറിക്കാൻ അവർക്കു വെപ്രാളം. ആർത്തിപണ്ടാരങ്ങൾ.
ഉണ്ണിസാർ പഠിപ്പിച്ച വിപാസന ധ്യാനത്തിന്റെ കാര്യം അപ്പോഴാണ് ഓർത്തത്. സാർ ബീഹാറിൽ ബുദ്ധഗയയിൽ പോയിട്ടുണ്ട്. ബുദ്ധമതം പഠിച്ചിട്ടുണ്ട്. ശ്രീബുദ്ധന് ബോധോദയം ഉണ്ടായതു അനേക വർഷത്തെ വിപാസന ധ്യാനം കൊണ്ടായിരുന്നെന്ന്.ബോധം ഉള്ളിലാണെത്ര. തട്ടിയുണർത്തിയാൽ മതി. അത് മരതക മാണിക്യം പോലെ പ്രകാശിക്കും. എല്ലാവരും ബുദ്ധന്മാരാണെന്ന്. ബുദ്ധന്റെ അഷ്ട)oഗമാർഗമൊക്കെ” സാറിനറിയാം. ശിഷ്യനാകുന്നെങ്കിൽ ഉണ്ണി സാറിന്റെ ശിഷ്യനാകണം. പക്ഷെ എന്നും പ്രൈമറിയിൽ തന്നെ കിടക്കാനാകുമോ ?
മാത്തച്ചൻ തിണ്ണയിൽ ചടഞ്ഞിരുന്നു. കണ്ണടച്ചു. ഹൃദയമിടിപ്പ് എണ്ണിത്തുടങ്ങി. ഉച്ച്വാസ നിശ്വാസങ്ങൾ ഓരോന്നായി എണ്ണാനാരംഭിച്ചു അങ്ങനെ കുറെ നേരം. കാലക്രമത്തിൽ ശാസ്വോച്ഛാസം ചെയ്യാതെ എത്ര വേണമെങ്കിലും ഇരിക്കാം. ആയുർ ദൈർഘ്യമുണ്ടാകും. മണ്ണിനടിയിലിറങ്ങിയിരിക്കുന്ന ഇന്ദ്രജാലക്കാരനും വിപാസനക്കാരനായിരിക്കും. തന്റെ ഹൃദയം ശക്തമായി മിടിക്കുന്നത് മത്തച്ചൻ മനസിലാക്കി. പിന്നെ ഏറ്റവും അടുത്തുള്ള ശബ്ദം ശ്രദ്ധിച്ചു.
കോഴിക്കൂട്ടിൽ കോഴികൾ കലപില കൂട്ടുന്നു. പെങ്ങൾ മറിയം ചെന്ന് തുറന്നു വിടുന്നത് വരെ അവകൾ അലപ്പറയാണ്. എരുത്തിലിൽ മണിച്ചി അമറുന്നു. മണിക്കുട്ടി മുരളുന്നു. അവൾ മണിച്ചിയുടെ വലിയ അകിടിൽ ഇടിക്കുന്ന ഇടി കാണണം . കൊതിച്ചിപ്പാറു.
വഴി പോകുന്ന പലരെയും കണ്ടു പട്ടി കുരച്ചു കൊണ്ടിരുന്നു. പൂച്ചക്കുട്ടി മത്തച്ചനോട് ചേർന്നിരുന്നു ധ്യാനം തുടങ്ങി. ഇതൊക്കെ താനെത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ.
അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ ഏറ്റവും അകലെയുള്ള ശബ്ദം ശ്രദ്ധിക്കാനാരംഭിച്ചു. വിപാസനയിലെ അടുത്ത ഘട്ടം. ട്രെയിനിന്റെ ചൂളം വിളി നാഴികകൾ അകലെ. ചെങ്കോട്ട തുരങ്കവും കണ്ണറ പാലവും കടന്നെത്തുന്ന തീവണ്ടികൾ. ഒരിക്കൽ അതിലൊന്ന് കയറണം. ചെങ്കോട്ട വരെയെങ്കിലും പോകണം.
കൊമ്പനാഞ്ഞിലിയുടെ ശിഖരങ്ങളിൽ കരയുന്ന കാക്കകൾ. പല പക്ഷികളും ഉണർന്നു പാടാൻ തുടങ്ങിയിരിക്കുന്നു. പ്രഭാതത്തിലെ പ്രാർത്ഥന ഗാനങ്ങളിലൊന്ന് ഇങ്ങനെയാണ്.
"മനമെ പക്ഷി ഗണങ്ങൾ ഉണർന്നിതാ
പാടുന്നു ഗീതങ്ങൾ......”
മൂക്കിൽ തുളച്ചു കയറുന്ന ഗന്ധം. മൂറിൻ മലയിൽ നിന്നല്ല.
കുന്തിരിക്കക്കുന്നിൽ നിന്നല്ല . മുറ്റത്തെ മുല്ല മുഴുവൻ പൂത്തുലഞ്ഞു നിൽക്കുന്നു. ഇരുട്ടിൽ വെള്ളി നക്ഷത്രങ്ങൾ മാതിരി. മത്തച്ചൻ കുറെ പൂവുകൾ ഇറുത്തെടുത്തു. മറിയം കണ്ടാൽ തല്ലിക്കൊല്ലും. അവൾ വളർത്തുന്നതാണ്.
പെണ്ണുങ്ങൾക്കെല്ലാം മുല്ലയോടിത്ര പ്രേമമെന്താ. ? പ്രേമിക്കാൻ ചെറുപ്പത്തിലേ ചെറുക്കൻമാരെ കിട്ടാത്തതുകൊണ്ടാവും ? കേരളത്തിൽ കസ്തൂർബമാരില്ലല്ലോ.
ശോശക്കുട്ടിക്ക് കൊടുക്കാനായി മുല്ലപ്പൂക്കൾ അവൻ വലത്തേ പോക്കറ്റിലിട്ടു. കിഴക്കിന്റെ അടിവയറ്റിൽ നിന്നൊരു സ്വർണ്ണത്തല പുറത്തേക്കു നീളുന്നതവാൻ കണ്ടു. ഗാന്ധിയെയുമെടുത്ത് ഒരൊറ്റയോട്ടമായിരുന്നു. പാടങ്ങൾക്ക് നടുവിലൂടെ , കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ , ശവക്കോട്ടയുടെ അരികിലൂടെ.
പൂക്കളെ നനയ്ക്കാൻ ശകുന്തള ഉണർന്നു കാണുമോ ?
"താനേ തൊണ്ട നനയ്ക്കയില്ലവൾ നനച്ചിടാതെയീ നിങ്ങളെ
താവും കൗതുകമെങ്കിലും കരുണയാൽ പൊട്ടിച്ചിടാ പല്ലവം "
മലയാളം സാറിന്റെ ഈണം ഹൃദയഭിത്തികളിൽ പ്രതിധ്വനിച്ചു .പട്ടി ഒന്ന് ചാടി. മത്തച്ചൻ ഒന്ന് കുതിച്ചു. പാത്രവുമായി എരുത്തിലിൽ നിന്ന് വന്ന കുഞ്ഞന്നാമ്മ മുന്നിൽ.
" ആര് ? മാത്തച്ചനോ? എന്താ മോനേ ഇത്ര രാവിലെ ......."?
"ശോശക്കുട്ടിക്ക് ഒരു പുസ്തകം കൊടുക്കാനാ "?
"അവളാ മുല്ലേടെ മൂട്ടിൽ കാണും".
കെട്ടിയിട്ടിരുന്ന പട്ടി പിന്നെയും കുതിച്ചു ചാടി.
അതിന്റെ കഴുത്തിലെ ചങ്ങല കണ്ടപ്പോൾ ആശ്വാസമായി. എങ്കിലും അവൻ മനസ്സിൽ പറഞ്ഞു. കോയിക്കൽ അച്ചായനെക്കൊണ്ട് ഇവന്റെ വരികീറിക്കണം. അപ്പോൾ ചാട്ടമെല്ലാം തീരും. കൂത്തിപ്പട്ടിയെപോലെ പിന്നെ കുരച്ചു കൊണ്ട് കിടന്നോളും.
മുല്ലയുടെ മൂട്ടിലിരുന്ന ശോശക്കുട്ടി അടുത്ത് കാൽപ്പെരുമാറ്റം കേട്ട് അന്ധാളിച്ചു. മത്തച്ചനെ കണ്ടപ്പോൾ നാണം കൊണ്ട് അവൾ ചക്കപോലെ തുടുത്തു. കാലുകൾ ഭൂമിയിൽ താണു പോയി.
ഒരു വെള്ള പെറ്റിക്കോട്ടു മാത്രമേ അവൾ ധരിച്ചിരുന്നുള്ളു. ശരീരത്തിന് കിഴക്കുദിച്ച കുട്ടി സൂര്യന്റെ നിറം. മുടി മുന്തിരിക്കുല പോലെ.
ഒരു വിധത്തിൽ അവൾ എഴുനേറ്റു നിന്നു.തുടയിലെ നനവ് തുടയ്ക്കാൻ പറ്റുന്ന തരത്തിൽ പെറ്റിക്കോട്ടിനു ഇറക്കമില്ലാത്തതിനാൽ അവൾ സ്വയം ശപിച്ചു. എങ്കിലും മന്ദമായി അവൾ ചോദിച്ചു.
"എന്താ '?
"മുല്ലപ്പൂ വേണോ "?
അവളുടെ മുല്ല പൂത്തിട്ടില്ലായിരുന്നു.
ആ കൺപീലികൾ വിടർന്നു. തങ്ക രശ്മികൾ തട്ടി ജ്വലിക്കുന്ന കണ്ണുകളിൽ മറ്റൊരു സൂര്യോദയം.
വലത്തേ പോക്കറ്റിൽ നിന്നു കോരിയ വെള്ളി നക്ഷത്രങ്ങൾ അവളുടെ നീട്ടിയ കരങ്ങളിൽ ആവൻ വച്ച് കൊടുത്തു. അവളുടെ കൈകൾക്കു പട്ടിന്റെ നേർമ്മയും ഒച്ചിന്റെ തണുപ്പുമുണ്ടായിരുന്നു. അവളുടെ ദേഹത്തിനു മുല്ലപ്പൂവിനെ വെല്ലുന്നൊരു സൗരഭ്യമുണ്ടായിരുന്നു.
മത്തച്ചന് മുമ്പില്ലാത്ത ഒരു വിഭ്രാന്തി. കക്ഷത്തിലിരുന്ന ഗാന്ധിയെ അവൻ മെല്ലെ പുറത്തെടുത്തു.
സൂര്യ കിരണങ്ങളേറ്റ് ഗാന്ധിയുടെ മൊട്ടത്തല തിളങ്ങി. പാതി കറുത്ത കണ്ണടയും തടിച്ച മീശയുമുള്ള ഗാന്ധിജി കൊച്ചു കുട്ടിയെ പോലെ പുസ്തകത്തിന്റെ പുറം താളിലിരുന്നു മോണ കാട്ടി ചിരിക്കുന്നു.
"ഇതെന്താ "?
"ഗാന്ധിജിയുടെ കഥയ) . നിനക്ക് തരാനാ"
"ഗാന്ധിജി കീ ....ജയ് " ,”ചാച്ചാജി കീ .....ജയ്” എന്നെല്ലാം റിപ്പബ്ലിക് റാലിക്കു വിളിച്ചിട്ടുണ്ട്. അതല്ലാതെ ഒന്നും അറിയാത്തതിനാൽ അവൾക്കു രസം തോന്നിയില്ല.
“എനിക്കിതൊന്നും വേണ്ട . പാടാത്ത പൈങ്കിളി കൊണ്ട് തരാമോ........ ..."?
പലതരം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ടെങ്കിലും പാടുന്ന പൈങ്കിളിയും പാടാത്ത പൈങ്കിളിയുമൊന്നും മത്തച്ചൻ കണ്ടിട്ടില്ല. അവൻ ഇളിഭ്യനായി ആകാശം നോക്കി നിന്നു. ഗാന്ധിജിയെ തിരിച്ചു കക്ഷത്തിൽ വച്ച് മടങ്ങാൻ നേരാത്തതാണ് അമ്മയുടെ വിളി
" വാടാ മോനേ .... ചായ കുടിച്ചിട്ട് പോ ".
അത് കേൾക്കാൻ മത്തച്ചൻ നിന്നില്ല. കല്ലും കട്ടാരമുള്ളും നിറഞ്ഞ വഴിയിലൂടെ അവൻ തിരിച്ചോടി. കിഴക്കിന്റെ ഗർഭത്തിൽ നിന്നു സൂര്യ ഗോളം അപ്പോൾ പൂർണ്ണമായി പുറത്ത് വന്നിരുന്നില്ല . കാംഗരു കുട്ടിയെ പോലെ പാതി തല കാട്ടി ചിരിച്ചു.
അവൾക്കു വേണ്ടെങ്കിൽ വേണ്ട. ബുദ്ധുസ് , മാത്തച്ചന് വേണം ഗാന്ധിയെ . അവൻ സത്യാന്വേഷണ പരീക്ഷണ കഥകൾ വീണ്ടും വീണ്ടും വായിക്കാൻ തുടങ്ങി. അതുമൊരു വാശിയായിരുന്നു.
ഏട്ടന്റെ കൈവളയിൽ നിന്ന് ഒരു കഷ്ണം മോഷ്ടിച്ച ഗാന്ധി പശ്ചാത്താപ വിവശനായി അപരാധങ്ങൾ കടലാസ്സിൽ എഴുതി അച്ഛനു സമർപ്പിക്കുന്ന കഥ വായിച്ചപ്പോൾ മത്തച്ചൻ തരിച്ചിരുന്നു. മേലിൽ മോഷ്ട്ടിക്കയില്ലെന്ന് ഗാന്ധി എടുക്കുന്ന പ്രതിജ്ഞ തന്റെ കൂടി പ്രതിജ്ഞയായതു അവനു ബോധ്യപ്പെട്ടു. അപ്പോൾ അവനു ശോശക്കുട്ടിയോടു പുച്ഛം തോന്നി.
"നിനക്കിതൊന്നും വിധിച്ചിട്ടില്ലെടി........നീ പൈങ്കിളി വായിച്ചാൽ മതി......." മനസ്സിൽ പറഞ്ഞു.
എങ്കിലും അന്ന് വൈകുന്നേരം അലമാരയിലുള്ള എല്ലാ പുസ്തകങ്ങളും അവൻ ഒന്ന് കൂടി പരിശോധിച്ചു. പാടാത്ത പൈങ്കിളി മാത്രം കണ്ടില്ല.അങ്ങനെയൊരു കഥയുണ്ടോ എന്ന് മലയാളം സാറിനോട് ചോദിക്കാൻ ധൈര്യം വന്നതുമില്ല. അദ്ദേഹം ചാടിക്കടിച്ചാലോ ?
ആഴ്ചപ്പതിപ്പിൽ വരുന്ന കഥ വല്ലതുമായിരിക്കും. മറിയം എപ്പോഴും ആഴ്ചപ്പതിപ്പുമായിട്ടാണ് ഉറക്കം പോലും. തനിക്കതിൽ ബോബനും മോളിയും പിന്നെ ഫലിത ബിന്ദുക്കളും മാത്രമേ കാര്യമായി വായിക്കാനുള്ളു.
ആദ്യമായി അവൾ ഒരു കാര്യം ചോദിച്ചതല്ലേ? കൊടുക്കാതിരുന്നാൽ എന്ത് തോന്നും. ഫറവോന്റെ പെൺകുതിരയല്ലേ അവൾ. കേറി പിണങ്ങിയാലോ ?
സ്കൂൾ ജനറൽ ലൈബ്രറിയിൽ നിന്ന് പുസ്തകം തപ്പിയെടുത്തു. മുട്ടത്തു വർക്കിയുടെ “പാടാത്ത പൈങ്കിളി.”
നാലു മണിക്ക് ശോശക്കുട്ടി സ്കൂൾ വിട്ടു വരുന്നതും നോക്കി അവൻ വയൽ വരമ്പത്തിരുന്നു. അന്ന മൂപ്പത്തിയും സംഘവും നിരനിരയായി നിന്ന് ഞാറു നടുന്നു. ജപ്പാൻ മാതൃകയിൽ വരിവരിയായി ഞാറു നടുമ്പോൾ നിർത്താതെ വായ്പ്പാട്ടുകൾ പാടുന്നുണ്ടായിരുന്നു അവർ. നാടിൻറെ സംഗീതം . മണ്ണിന്റെ നനവുള്ള ഗീതികൾ.
നുണച്ചി കൂട്ടുകാരികൾ വേർപിരിഞ്ഞപ്പോൾ വയൽ വരമ്പത്തു കൂടി ഒറ്റയ്ക്ക് ശോശക്കുട്ടി നടന്നു വന്നു. പുസ്തകം അവളുടെ ഉളം കൈയ്യിൽ വച്ച് കൊടുത്തു.
"പാടാത്ത പൈങ്കിളി ". പേര് വായിച്ചപ്പോൾ അവളുടെ ഉള്ളം തുള്ളി. അവന്റെ കണ്ണിൽ നോക്കി.
"പകരം എന്താ ഞാൻ തരണ്ടേ "അവൾ ചോദിച്ചു. നാണം അവളെ വിവശയാക്കി. മറുപടി ഒന്നും പറയാതെ മത്തച്ചൻ ഓടി പോയി. തനിക്കവൾ എന്ത് തരാനാ...? മഞ്ചാടിക്കുരുവോ ? അതോ കുന്നിക്കുരുവോ ...?
മാത്തച്ചൻ പിന്നെ ഗാന്ധിജിയോടൊപ്പം ഇംഗ്ലണ്ടിലേക്കു കപ്പൽ കയറി. മദ്യമോ മാംസമോ പരസ്ത്രീയെയോ തൊടില്ലെന്ന പ്രതിജ്ഞ എന്തെല്ലാം ഏടാകൂടങ്ങളുണ്ടാക്കി? എന്നാലും അദ്ദേഹത്തിന്റെ മനക്കട്ടി സമ്മതിച്ചേ പറ്റൂ.
ആ പ്രതിജ്ഞയും തന്റെ ആത്മാവിലേക്ക് സംക്രമിച്ചോ ?
ഇംഗ്ലീഷ് മാന്യന്റെ വേഷത്തിൽ ഗാന്ധിജി സഞ്ചരിച്ചപ്പോൾ മത്തച്ചനും മനസ്സാ അങ്ങനെ തന്നെ നടന്നു. ഗാന്ധിജിയുടെ മാതിരി എല്ലാ ചെറിയ ചെലവുകളും എഴുതി വയ്ക്കാനായി ഒരു ചെറിയ ഡയറിയും സംഘടിപ്പിച്ചു. പക്ഷെ എഴുതുവാൻ അവന് ചെലവുകൾ ഒന്നുമില്ലായിരുന്നു. കയ്യിൽ കാശില്ലായിരുന്നു.
ഗാന്ധിജി ഗീതയിൽ നിന്ന് പഠിച്ച ഒരു ശ്ലോകം കാണാതെ പഠിക്കാൻ മത്തച്ചനും തീരുമാനിച്ചു. കടിച്ചാൽ പൊട്ടാത്ത വാക്കുകളായിരുന്നെങ്കിലും വിട്ടില്ല.
ധ്യായതോ വിഷയാൽ പുംസാ:
സംഗസ്തെഷുപജായതേ
സംഗാൽ സംജായതേ കാമ
കാമാൽ ക്രോധോദിജായതേ
ക്രോധാൽ വതി സമ്മോഹ
സമ്മോഹാൽ സ്മൃതി വിഭ്രമ
ബുദ്ധി നാശാൽ പ്രണശ്യതി .
പദ്യത്തിന്റെ അർത്ഥവും ഹൃദ്യസ്ഥമാക്കി. -
വിഷയങ്ങളെപ്പറ്റി വിചാരിക്കുന്നവന് അവയിൽ ആസക്തി ജനിക്കുന്നു. ആസക്തി നിമിത്തം കാമവും കാമത്തിൽ നിന്ന് ക്രോധവുമുണ്ടാകുന്നു. ക്രോധത്തിൽ നിന്ന് അവിവേകവും അവിവേകത്തിൽ നിന്ന് ഓർമ്മക്കേടും ഓർമ്മക്കേടിൽ നിന്ന് ബുദ്ധി നാശവും ഉണ്ടാകുന്നു. ബുദ്ധി നാശം നിമിത്തം എല്ലാം നശിക്കും.
സംസ്കൃതം പഠിക്കണമെന്ന ഒരു മോഹവും ഇതോടെ മത്തച്ചന്റെ മനസ്സിൽ മൊട്ടിട്ടു തുടങ്ങി. അന്നത്തെ സായന്തന ദർബാറിൽ - കാളൻ ബേബിയുടെ അടിതട-- ക്ലാസ് തുടങ്ങുന്നതിനു മുമ്പുള്ള സെഷന് മത്തച്ചൻ കൊടുത്ത പേരാണത്. കൂട്ടുകാരെ ആ ശ്ലോകമൊന്നു ചൊല്ലി കേൾപ്പിക്കാൻ അവൻ ശ്രമിച്ചു.
ധ്യായതോ വിഷയാൽ പുംസാ:
"നിർത്ത് .. നിർത്ത്.... "അവർ ആക്രോശിച്ചു.
"നിന്റെ ഉളുത്ത സംസൃതമൊന്നും ഞങ്ങൾക്ക് കേൾക്കണ്ട . "ആരെടാ നീ... പാണിനിയോ .... "?
"ആരപ്പാ മോഹൻജദാരോ.. ?"
പിന്നെ ഓരോ കമന്റുകൾ.
"ഇവൻ പോക്കാണെന്നാടെ തോന്നുന്നേ . സായിപ്പിന്റെ സ്കൂളിലെ പുസ്തകം പഠിച്ചു വഷളാകും. ...."
“നീ ഇംഗ്ലീഷും സംസൃതവും പഠിച്ചു സായിപ്പിന്റെ ഗുമസ്തനാവും. ഞങ്ങൾ പത്തേമാരിയിൽ അറേബ്യയിൽ പോയി സുൽത്താന്മാരാകും . നോക്കിക്കോ ..."
No comments:
Post a Comment