Wednesday, 9 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - ഏഴ് കുഞ്ഞുമോൻ ജോർജ് "ആചാര്യാൽ പാദമാദത്തെ പാദം ശിഷ്യ സ്വമേധയാ പാദം സ്വ ബ്രഹ്മചാരീഭ്യ: പാദം കാലക്രമേണതു " ഒരുപാടു പാടിക്കേട്ട ശ്ലോകമാണിതെന്നറിയാം. എന്നാലും അതിവിടെ ഒന്നുകൂടി ഓർമിപ്പിക്കുന്നത് അതിന്റെ സാംഗത്യം കൊണ്ടാണ്. ആചാര്യന്മാർ പഠിപ്പിക്കുന്ന അത്രയും കാര്യങ്ങൾ കൂട്ടുകാർ നമ്മളെ പഠിപ്പിക്കും എന്നിവിടെ പറയുന്നുണ്ട്. അത് എന്റെ ജീവിതത്തിൽ സാർത്ഥകമാക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. അതാണ് പറഞ്ഞു വരുന്നത്. എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് അരകിലോമീറ്റർ അകലെയുള്ള പാലക്കോട്ടു വീട്ടിൽ കുഞ്ഞുമോൻ. ഒന്നാം ക്ലാസ്സു മുതൽ എം. എ വരെ ഞങ്ങൾ ഏതാണ്ട് ഒന്നിച്ചു പഠിച്ചു എന്ന് പറയാം. പത്തു വരെ എസ്. ഡി എ സ്കൂളിൽ. പിന്നെ കൊട്ടാരക്കര കോളജിൽ. അതിനു ശേഷം കൊല്ലം ഫാത്തിമ കോളജിലേക്ക് ഞാൻ പോയപ്പോൾ ഒരു റോഡിനു അപ്പുറമുള്ള എസ്. എൻ കോളജിൽ അവനുണ്ടായിരുന്നു. സാമ്പത്തിക ശാസ്ത്രമായിരുന്നു അവനിഷ്ടം. എസ്. ഡി. എ സ്കൂളിൽ പഠിക്കുമ്പോൾ കുഞ്ഞുമോനെ കൊട്ടാരക്കര ബോയ്സ് സ്കൂളിലേക്ക് മാറ്റി ജോർജ് അച്ചായൻ ഒരു പരീക്ഷണം നടത്തി നോക്കി. രണ്ടാം ദിവസം അന്വേഷിച്ചെത്തിയപ്പോൾ ക്ലാസ്സിൽ അവനെ കണ്ടില്ല. ആകെ വെപ്രാളപ്പെട്ട അച്ചായൻ ഒടുവിൽ പുത്രനെ കണ്ടു പിടിച്ചു. ഗണപതി അമ്പലത്തിനു മുന്നിലുള്ള കുളക്കരയിൽ പടവുകളിലിരുന്നു മീനുകളുടെ എണ്ണമെടുക്കുകയായിരുന്നു ആ വിജ്ഞാന ദാഹിയായ ചെറുപ്പക്കാരൻ. പിറ്റേന്ന് തന്നെ അച്ചായൻ അവനെ തിരികെ ഞങ്ങളുടെ ക്ലാസ്സിൽ തന്നെ കൊണ്ട് വിട്ടു. എന്റെ കളിയാക്കൽ ഒഴിച്ചാൽ എല്ലാം ശുഭമായിരുന്നു എന്ന് അവൻ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. പുസ്തകങ്ങളുടെയും വായനയുടെയും ലോകത്ത് ഒന്നിച്ചു സഞ്ചരിച്ചവരാണ് ഞങ്ങൾ. കൊട്ടാരക്കരയിൽ സി.പി.കെ.പി ലൈബ്രറി എന്നൊരു സ്ഥാപനമുണ്ടെന്നു കുഞ്ഞുമോൻ പറഞ്ഞാണ് ഞാൻ അറിയുന്നത്. അവന്റെ ഉപ്പാപ്പൻ സാമച്ചായൻ എടുത്തു കൊണ്ട് വന്ന പുസ്തകങ്ങളിൽ ചിലതു് എനിക്കും കിട്ടി. ഡിക്ടറ്റീവ് കഥകളും മുട്ടത്ത് വർക്കി നോവലുകളും ഞങ്ങൾ വായിച്ചു തള്ളി. ഒരു ദിവസം ഞങ്ങൾ തീരുമാനിച്ചു. ഇനി സാമച്ചായന്റെ മധ്യസ്ഥത വേണ്ട. ഞങ്ങൾ നേരിട്ട് ലൈബ്രറിയിൽ എത്തി. എല്ലാ വെള്ളിയാഴ്ചയും അങ്ങോട്ടും ഇങ്ങോട്ടും പന്ത്രണ്ടു കിലോമീറ്റർ നടന്ന് ഞങ്ങൾ ഗണപതി അമ്പലത്തിനു മുന്നിലുള്ള ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു. അടുത്ത വെള്ളിയാഴ്ച പുസ്തകം മടക്കി കൊടുത്തില്ലെങ്കിൽ സെക്രട്ടറി ചെല്ലപ്പൻ പിള്ള സാർ നേരെ വീട്ടിലോട്ടു വരുമായിരുന്നു. അതായിരുന്നു ലൈബ്രറിയെ ആഴത്തിൽ സ്നേഹിച്ച അദ്ദേഹത്തിന്റെ ചിട്ട. ഞങ്ങൾ വായിച്ചതും പഠിച്ചതും ഒരുമിച്ചായതിനാൽ ബുദ്ധിയുടെ തരംഗങ്ങളും ഏതാണ്ട് ഒരുപോലെയായിരുന്നു. എം. എ യ്ക്ക് പഠിക്കുമ്പോൾ കുഞ്ഞുമോൻ കേരളാ യൂണിവേഴ്സിറ്റിയുടെ ജോലിക്കു വേണ്ടി പരീക്ഷ എഴുതി. ഞാൻ അതിനിടയിൽ യൂറോപ്പിലേക്ക് ഒരു സവാരി പോയതിനാൽ എനിക്ക് അപേക്ഷിക്കാനായില്ല. എഴുത്തു പരീക്ഷയും വാചാ പരീക്ഷയും കഴിഞ്ഞപ്പോൾ കുഞ്ഞുമോന്റെ റാങ്ക് അൻപത്തി രണ്ട്. അവൻ ജോലിയിൽ പ്രവേശിച്ചു. അടുത്ത വർഷം ഞാനും പരീക്ഷ എഴുതി. എന്റെയും റാങ്ക് അൻപത്തി രണ്ട്. ഞാനും കേരളാ യൂണിവേഴ്സിറ്റിയിൽ തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. . അതിനിടയിൽ അമേരിക്കയിൽ നിന്നെത്തിയ ആനിയെ കുഞ്ഞുമോൻ കല്യാണം കഴിച്ചു. എഴുപതുകളുടെ അവസാനം തന്നെ അവൻ പടിഞ്ഞാറൻ ചക്രവാളം നോക്കി യാത്രയായി. നാൽപ്പതു വർഷത്തോളം അവൻ വാഷിംഗ്ടൺ നഗരിയിൽ ജീവിച്ചു. ഏതാണ്ട് ഏറിയ കാലവും വെൽസ് ഫാർഗോ ബാങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി കുഞ്ഞുമോൻ ജോലി ചെയ്തു. ഏതു പാതിരാത്രിയിലും വാഷിംഗ്ടണിലെ ഏതെങ്കിലുമൊരു എയർപോർട്ടിൽ ചെന്നിറങ്ങാൻ എനിക്ക് മടിയില്ലായിരുന്നു. കാരണം കുഞ്ഞുമോൻ എന്നെ കാത്ത് ഗെയ്റ്റിലുണ്ടാകും . ഈസ്റ്റേൺ മെനൊനൈറ്റ് യൂണിവേഴ്സിറ്റിയിൽ പിൽക്കാലത്തു പല സമ്മർ കോഴ്സുകളും പഠിക്കാൻ എനിക്കിടയായി. ഒരിക്കൽ ഭാര്യ സൂസനുമുണ്ടായിരുന്നു. അപ്പോഴെല്ലാം കാറിൽ മൂന്നു മണിക്കൂർ സഞ്ചരിച്ചു ഹാരിസൺ ബർഗിൽ കൊണ്ടുവിടാൻ കുഞ്ഞുമോനുമുണ്ടായിരുന്നു. മാണിക്യ വീണയും ഏഴിലം പാലയും പാടി പാടി ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും മുന്നൂറു മൈലുകൾ സഞ്ചരിച്ചത് അറിഞ്ഞിട്ടുണ്ടാവില്ല. ജീവിതത്തിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു എന്റെ ആത്മസുഹൃത്തിന്റെ കാൻസർ രോഗവും മരണവും. ചില പ്രയാസങ്ങൾ കാരണം അവധി എടുത്തു എന്ന് മാത്രമേ ഞാൻ അറിഞ്ഞിരുന്നുള്ളു. "I am fine" എന്നാണ് ഞാൻ വിളിക്കുമ്പോൾ അവസാനമായി അവൻ പറഞ്ഞിരുന്നത്. മൂന്നു ദിവസത്തേക്ക് മാത്രമായി അമേരിക്കയിലേക്ക് ഞാനൊരു യാത്ര പോയത് കുഞ്ഞുമോന്റെ വിയോഗ ശുശ്രൂഷയിൽ പങ്കെടുക്കാനായിരുന്നു. ഇംഗ്ലണ്ടിൽ ചില പരിപാടികൾക്കായി ശുശ്രൂഷ കഴിഞ്ഞയുടൻ ഞാൻ മടങ്ങുകയും ചെയ്തു. കാരണം കുഞ്ഞുമോൻ ഇല്ലാത്ത മെരിലാൻഡിൽ ഞാൻ മുമ്പ് താമസിച്ചിട്ടില്ല. അത് വളരെ വേദനാജനകമായിരുന്നു. അച്ചായനെയും അമ്മച്ചിയേയും സഹോദരങ്ങളെ എല്ലാവരെയും കുഞ്ഞുമോൻ അമേരിക്കയിലെത്തിച്ചിരുന്നു. ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റി അവൻ യാത്രയായി. ബാല്യകാലത്തു തന്നെ ഇങ്ങനെയൊരു സുഹൃത്തിനെ ലഭിച്ചതിൽ ഞാൻ ഈശ്വരന് നന്ദി പറയുന്നു. Dr. Abraham karickam
യാത്രാപഥത്തിലെ താരകങ്ങൾ: ആറ് പൊലോണപ്പൻ എന്ന മത്തായി അല്പം കാശൊക്കെ ഉണ്ടാവുമ്പോൾ നമ്മൾ നല്ല ഒരു വീടു വയ്ക്കും. ചിലരൊക്കെ ആകാശകുസുമം എന്നൊക്കെ പേരും നൽകും. നമ്മുടെ കുടുംബവും തറവാടും ഏതെന്നു ഒരിക്കലും ആർക്കും പിടികിട്ടുകയില്ല. ഇത് ഞാൻ പറഞ്ഞത് കുടുംബചരിത്രവും കുടുംബമാഹാത്മ്യവും എന്നെ പഠിപ്പിച്ച മത്തായി അപ്പച്ചനെപ്പറ്റി പറയാനാണ്. എന്റെ വല്യപ്പച്ചൻ മുണ്ടയ്ക്കൽ ഉമ്മൻ ഇടിക്കുളയ്ക്കു അഞ്ചു മക്കൾ. നാലാണും ഒരു പെണ്ണും. മകളെ കുറ്റിയിൽ കുടുംബത്തിൽ കെട്ടിച്ചു വിട്ടു. നാലാണ്മക്കളിൽ മൂത്തയാളാണ് മത്തായി. പുലമൺ മുകളിൽ വീട്ടിൽ നിന്ന് വിവാഹം കഴിച്ചു അവിടെ താമസമായതിനാൽ പുലമൺ അപ്പൻ എന്ന പെരുകിട്ടുകയും അത് ലോപിച്ചു പൊലോണപ്പൻ എന്നാവുകയും ചെയ്തു.. ബാക്കി മൂന്നുപേരും കരിക്കത്തു താമസമാക്കി. മൂന്നാമത്തെയാളാണ് ഇഞ്ചയ്ക്കൽ യോഹന്നാൻ എന്ന എന്റെ പിതാവ്. ഞങ്ങളുടെ കുടുംബപ്പേര് ഇഞ്ചയ്ക്കൽ എന്നാണെങ്കിലും ഒരു ശാഖ മുണ്ടയ്ക്കൽ എന്നും അറിയപ്പെട്ടു. പുലമൺ അപ്പന്റെ രണ്ടാമത്തെ മകനെ " ഭീമൻ കുഞ്ഞുകുഞ്ഞു" എന്നാണ് കൊട്ടാരക്കരയിൽ എല്ലാവരും വിളിച്ചിരുന്നത്. അദ്ദേഹം സാക്ഷാൽ ഭീമൻ തന്നെയായിരുന്നു. നാട്ടിൽ ഇറങ്ങിയാൽ ഒരു പട്ടാളം വരുന്ന പ്രതീതിയായിരുന്നു. മകൻ ഭീമനാണെങ്കിൽ അപ്പൻ എങ്ങിനെയായിരിക്കും എന്നൂഹിക്കാമെല്ലോ. വീരശൂര പരാക്രമ കഥകൾ പലതുണ്ട്. പക്ഷെ പറയാൻ പറ്റത്തില്ല.അപ്പന് എന്നോട് ഒരു പ്രത്യേക വാത്സല്യമൊക്കെ ഉണ്ടായിരുന്നു. കാരണം എല്ലാ കഥകളും ഞാൻ താൽപ്പര്യത്തോടെ കേട്ടിരിക്കുമായിരുന്നു എന്നതുതന്നെ. എന്റെ ഉപ്പാപ്പന്റെ മകൻ അവറാച്ചായൻ അപ്പനെ ഒരിക്കൽ ഒന്നു പറ്റിച്ചു. ഞാൻ ഇഞ്ചയ്ക്കൽ കുടുംബചരിത്രം എഴുതിയിട്ടുണ്ടെന്നും അതിൽ "മത്തായിയുടെ ക്രൂരകൃത്യങ്ങൾ" എന്നപേരിൽ അപ്പനെപ്പറ്റി ഒരദ്ധ്യായമുണ്ടെന്നും തട്ടിവിട്ടു. അപ്പൻ ഉടനെ എന്റെ അടുത്തെത്തി അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു. വളരെ പാടുപെട്ടാണ് അന്ന് അപ്പനെ സമാധാനിപ്പിച്ചത്. ഏതായാലും അപ്പൻ പറഞ്ഞുതന്ന കുടുംബചരിത്രമാണ് ഞാൻ പിൽക്കാലത്ത് രേഖപ്പെടുത്തിയത്. സുപ്രധാനമായ ഒരു കാര്യം അന്ന് പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ വയനാട്ടിലുള്ള കുടുംബാംഗങ്ങളെ എന്നേക്കുമായി ഞങ്ങൾക്കു നഷ്ടപെടുമായിരുന്നു. എന്റെ വല്ല്യവല്ല്യപ്പൻ ഇടിക്കുള മാപ്പിളയുടെ സഹോദരൻ കുഞ്ചാണ്ടി മാപ്പിളയുടെ മക്കളെല്ലാം മലബാറിൽ എവിടെയോ ഉണ്ടെന്നും അതിലൊരാൾ വർഷത്തിലൊരിക്കലെങ്കിലും ഇവിടെ വരുമായിരുന്നു എന്നും അപ്പൻ പറഞ്ഞിരുന്നു.പക്ഷെ പിന്നീട് ആ ബന്ധം മുറിഞ്ഞുപോയി.അങ്ങിനെയെങ്കിൽ കുറഞ്ഞത് നൂറു വീട്ടുകാർ എങ്കിലും അവിടെ കാണുമെന്നും ഞങ്ങൾ ചിന്തിച്ചു. അന്നുമുതൽ അന്വേഷണവും തുടങ്ങി. ഞാൻ കോഴിക്കോട് മനോരമയിൽ ജോലി ചെയ്യുന്ന കാലത്തു പത്രങ്ങൾ എല്ലാം അരിച്ചുപെറുക്കി നോക്കുമായിരുന്നു. ഇഞ്ചയ്ക്കൽ എന്ന കുടുംബപ്പേര് എവിടെയെങ്കിലും കണ്ടിരുന്നെങ്കിൽ എന്നാശിച്ചുപോയി. ഒരു പത്തുവർഷം മുൻപ് അതു സംഭവിച്ചു. വളരെ ആകസ്മികമായി വൈ.എം.സി.എ പ്രാർത്ഥനയ്ക്ക് വീട്ടിൽ വന്ന ഞങ്ങളുടെ കൊക്കാട്ട് വിളയിൽ പൊന്നമ്മാമ്മ ഭിത്തിയിൽ വലുതായി വരച്ചു വച്ചിരുന്ന എന്റെ അപ്പന്റെ പടം നോക്കി പറഞ്ഞു: " ഇതു കാട്ടിക്കുളത്തെ ഫിലിപ്പ് അച്ചായനെപ്പോലെ തന്നെ ഇരിക്കുന്നല്ലൊ". ഞങ്ങൾക്ക് അത്രയും മതിയായിരുന്നു. ആ തുമ്പിൽ പിടിച്ചു കയറി. വയനാട്ടിൽ കാട്ടികുളത്തും മറ്റു പലയിടങ്ങളിലുമായി താമസമുള്ള കുടുംബാംഗങ്ങളെ എല്ലാം ഞങ്ങൾ കണ്ടെത്തി. കുറെ വർഷം മുൻപ് കരിക്കം ഇന്റർനാഷണൽ സ്കൂളിൽ വച്ച് സമ്പൂർണ്ണ കുടുംബയോഗം ഞങ്ങൾ നടത്തി. ബസ്സിലും കാറിലുമൊക്കെയായി അവർ എത്തി. അതുപോലെ ഞങ്ങൾ അങ്ങോട്ടും പോവുക പതിവാണിപ്പോൾ. മത്തായി അപ്പച്ചൻ കൃത്യമായി ആ വിവരം ഞങ്ങൾക്കു പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ ഒരു തീരാദുഃഖമായി അത് അവശേഷിച്ചേനെ. കുടുംബാംഗങ്ങളെ ഒരു ചങ്ങലയിലെ കണ്ണികളിലായി കോർത്തു നിറുത്താൻ കഷ്ടപ്പെടുന്ന ഇതുപോലെയുള്ള അപ്പച്ചന്മാരെയാണ് ഇന്നു നമ്മുക്ക് ആവശ്യം. 1982 - ൽ ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ പള്ളിയിലേക്കു പുറപ്പെടുംമുമ്പ് രണ്ടുകയ്യും തലയിൽ വച്ച് എന്നെ അനുഗ്രഹിച്ച പൊലോണപ്പനെ ഒരു നാളും മറക്കാനാവില്ല. ആ ഫോട്ടോ എന്റെ ആൽബത്തിലെ ഒരു പ്രധാന ഏടാണിന്നും. എന്റെ വല്ല്യപ്പച്ചൻ ഉമ്മൻ ഇടിക്കുള മാതൃ ഇടവകയായ പട്ടമല പള്ളിയിലെയും പിന്നീട് കരിക്കം പള്ളിയിലെയും ആത്മായ ശുശ്രൂഷകനായിരുന്നു. പൊലോണപ്പൻ പട്ടമല പള്ളിയിലെ ട്രസ്റ്റി ആയിരുന്നപ്പോൾ പതിമൂന്നു കല്ല്യാണങ്ങൾ ഒരുമിച്ചു അവിടെ നടന്ന സംഭവമെല്ലാം പറയുമായിരുന്നു. ആ കൂട്ടത്തിൽ എന്റെ അപ്പനും ജ്യേഷ്ഠനുമുണ്ടായിരുന്നു. ആറുമാസത്തിലൊരിക്കലോ മറ്റോ അച്ചൻ വരുമ്പോൾ സമൂഹ വിവാഹം പോലെയായിരുന്നു അന്നത്തെ ചടങ്ങുകൾ. അപ്പന്മാർ മിക്കപ്പോഴും ഞങ്ങളുടെ ഏതെങ്കിലും വീട്ടിൽ ഒത്തുകൂടുമായിരുന്നു. അന്നത്തെ സദസ്സുകൾ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിരുന്നു എന്നതു വലിയ ഭാഗ്യമായി. സഹോദര സ്നേഹം പഠിക്കാൻ ഞങ്ങൾക്കാർക്കും കൗൺസലിംഗ് ക്ലാസ്സുകളിൽ പോകേണ്ടിവന്നിട്ടില്ല. അപ്പച്ചന്മാരും അമ്മച്ചിമാരും ജീവിതം കൊണ്ട് ഞങ്ങളെ ഒരുപാട് പഠിപ്പിച്ചു. ഒരായിരം നന്ദി. Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ - അഞ്ച് പ്രൊഫ. ബലറാം മൂസദ് പ്രീഡിഗ്രി കോമേഴ്സ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായെങ്കിലും വഴി മാറി സഞ്ചരിക്കാൻ ഞാൻ തീരുമാനിച്ചു. ഇംഗ്ലീഷ് സാഹിത്യം പഠിക്കണം. സാഹിത്യ സഞ്ചാരം കുറേശ്ശെ തുടങ്ങിയിരുന്നു അക്കാലത്തു്. ബി. എ ഫൈനൽ ആയപ്പോഴേക്കും എന്റെ "അസ്തമിക്കാത്ത വെളിച്ചം " സ്വപ്ന ഭൂമി " എന്നീ രണ്ടു ചെറു നോവലുകൾ പുറത്തു വന്നിരുന്നു. കൊല്ലം ഫാത്തിമാ കോളജിൽ ബി. എ ഇംഗ്ലീഷ് ഫൈനൽ വിദ്യാർത്ഥികളാ യി എനിക്ക് വേണ്ടപ്പെട്ടവർ രണ്ടുപേർ അന്ന് ഉണ്ടായിരുന്നു. മന്നിക്ക വിളയിൽ സാറാമ്മയും കളീക്കൽ മറിയാമ്മയും. ഇണക്കുരുവികൾ. രണ്ടുപേരും പിന്നീട് അദ്ധ്യാപകരായി. ഇംഗ്ലീഷ് സാഹിത്യം പഠിക്കണമെന്ന് പറഞ്ഞു ഞാൻ ഇവരുടെ പിറകെ കുടി. അവർ വകുപ്പ് മേധാവി ബലറാം മൂസദ് സാറിനെ ചെന്ന് കണ്ടു കാല് പിടിച്ചു കാണും. ഏതായാലും എനിക്ക് ഇന്റർവ്യൂ കാർഡ് വന്നു. പ്രതാപിയായ റൊസാരിയോ അച്ചനാണ് പ്രിൻസിപ്പൽ. അച്ചൻ എം. കോം കാരനാണ്. അച്ചനും ബലറാം മൂസദ് സാറും കൂടി ഒന്നിച്ചിരുന്നാണ് എന്നെ ഇന്റർവ്യൂ ചെയ്തത്. ഞാൻ കോമേഴ്സ് ഫസ്റ്റ് ക്ലാസ്സുകാരനാണെന്നു കണ്ടപ്പോൾ ബി. കോമിന് ചേരാൻ അച്ചൻ ഒന്ന് നിർബന്ധിച്ചു. വീണ്ടും ഒരു ഗതി മാറൽ ഏതാണ്ട് ഉറപ്പായതാണ്. പക്ഷെ മൂസദ് സാർ പിടിവിട്ടില്ല. രണ്ടു പേരുടെ പ്രത്യേക റെക്കമെൻഡേഷൻ വഴിയാണ് ഞാൻ വന്നതെന്നും ഇംഗ്ലീഷ് തന്നെ പഠിക്കണമെന്നും സാർ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ മൂസദ് സാർ ഒരു മാലാഖയായി എന്റെ മുന്നിൽ അവതരിക്കുകയായിരുന്നു. പിന്നീട് അഞ്ച് വർഷം സാഹിത്യത്തിൻറെ ഉ oത്തുoഗ ശൃംഗങ്ങളിലേക്കു അദ്ദേഹം ഞങ്ങളെ നയിച്ചപ്പോൾ അതിശയത്തോടെ, ആവേശത്തോടെ ഞാനിരുന്നു. ഷേക്സ്പിയർ കൃതികളെല്ലാം അദ്ദേഹത്തിന് കാണാപ്പാഠമായിരുന്നു. സുന്ദരനായ അദ്ദേഹത്തിന്റെ അതിസുന്ദരമായ വാക്കുകൾ ഏറെ വശ്യമായിരുന്നു. ഹാംലറ്റും മാക്ബത്തും ഡെസ്ഡിമോണയും മിറാന്ഡയും ഞങ്ങളുടെ മുന്നിൽ നൃത്തം വച്ചു. മൂസദ് സാർ കാലത്തിന്റെ വിസ്മൃതിയിൽ ആണ്ടു പോയെങ്കിലും ഇന്നും ഞങ്ങളുടെ മനസ്സുകളിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഒരൊറ്റ ഉദാഹരണം മതിയായിരുന്നു. എസ് . എൻ. കോളജിൽ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യാപകനായിരുന്നു അന്ന് ഷേക്സ്പിയർ വേലായുധൻ. അഗ്രഗണ്യനായ മറ്റൊരു പ്രൊഫസ്സർ. അവിടെ അദ്ദേഹം പ്രകമ്പനം സൃഷ്ട്ടിക്കുന്ന കാലമാണ്. ഞാൻ ഇംഗ്ലീഷ് അസോസിയേഷൻ പ്രസിഡണ്ട് ആയപ്പോൾ മൂസദ് സാറിനോട് ഒരു കാര്യം ചോദിച്ചു. ഷേക്സ്പിയർ വേലായുധൻ സാറിനെ നമുക്ക് ഒന്ന് വിളിക്കണം. ഒരു ദിവസത്തെ ക്ലാസ്സിന്. ഒരു മടിയും കൂടാതെ അദ്ദേഹം സമ്മതിച്ചു. ഷേക്സ്പിയർ കൃതികളുടെ മറ്റൊരു ഭാഷ്യം ശ്രവിക്കാൻ അങ്ങനെ ഞങ്ങൾക്കു ഭാഗ്യമുണ്ടായി. ഈ സമ്മതം മഹത്തരമാണെന്ന് പറയാൻ കാരണമുണ്ട്. എസ്. എൻ കോളജും ഫാത്തിമയും തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. റോഡിന്റെ ഇരു വശത്തു നിന്നും ഞങ്ങൾ പരസ്പരം കല്ലെറിഞ്ഞിട്ടുണ്ട്. എന്തിനാണെന്ന് ഒന്നും ചോദിക്കരുത്. അന്ന് അങ്ങനെ ആയിരുന്നു. പക്ഷെ അതൊന്നും ഞങ്ങളുടെ അക്കാദമിക് സാഹോദര്യത്തെ തളർത്തിയില്ല. കാരണം അത്രയ്ക്ക് രണ്ടു മഹാന്മാരായിരുന്നു രണ്ടു പ്രസ്ഥാനങ്ങളെയും നയിച്ചത്. റൊസാരിയോ അച്ചൻ ഇവിടെയും ശ്രീനിവാസൻ സാർ അവിടെയും. ഉന്നതരായ അദ്ധ്യാപകർ ഞങ്ങൾക്കുണ്ടായിരുന്നു. സീസർ ആന്റണി, സുമം മിസ്, ഐ. ജേക്കബ്, എ. ആന്റണി, എൽസിമാഡം, സബിത മിസ്, ഇസബെല്ലാ ചാണ്ടി, റൂഫി മിസ് അങ്ങനെ പോകുന്നു അവരുടെ നീണ്ട നിര. ഇതിൽ സബിത മിസും ( ഐ. ജി. കൃഷ്ണൻ നായരുടെ ഭാര്യ ), രാധാ മിസും ഷേക്സ്പിയർ വേലായുധൻ സാറിന്റെ മക്കളാണ്. രാധാ മിസിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. സംസ്കൃതത്തിന്റെ ലോകത്തേക്ക് എനിക്ക് വഴി കാണിച്ചു തന്നത് രാധാ മിസ് ആയിരുന്നു. സംസ്കൃതം സബ്സിഡിയറി ആയി എടുക്കാൻ ഞങ്ങളിൽ ചിലരെ ടീച്ചർ പ്രോത്സാഹിപ്പിച്ചു. കാളിദാസന്റെയും ഭാസന്റെയും മറ്റും നാടകങ്ങൾ ഞങ്ങൾ അങ്ങനെ സംസ്കൃതത്തിൽ പഠിച്ചു. പിന്നീട് അലങ്കാര ശാസ്ത്രത്തിൽ പി .എച് .ഡി നേടാൻ ഈ പഠനം എന്നെ ചില്ലറയൊന്നുമല്ല സഹായിച്ചത്. ഭരത മുനിയുടെ നാട്യ ശാസ്ത്രവും ഭാമഹൻ, വാഗ്ഭടൻ, ദണ്ഡി, പണ്ഡിത രാജൻ തുടങ്ങിയവരുടെ അലങ്കാര ശാസ്ത്രങ്ങളും എനിക്ക് കുലംകഷമായി പഠിക്കണമായിരുന്നു. മാത്രമല്ല അതിനു ശേഷം നൂറ്റി പതിനെട്ടു ഉപനിഷത്തുക്കൾ ആഴത്തിൽ പഠിക്കുന്നതിനും ഈ ജ്ഞാനം എനിക്ക് വലിയ തുണയായി. " രക്ഷാ സങ്കല്പം ഉപനിഷത്തുകളി ലും, ബൈബിളിലും ഖുർ ആനിലും" എന്ന കൃതിക്ക് മറ്റൊരു പി .എച് .ഡി ലഭിക്കുന്നതിനും ഇത് മുഖാന്തിരമായി. സീസ്സർ ആന്റണി സാറിനെ പറ്റി പ്രേത്യേകം പറയേണ്ടതുണ്ട്. ഭാഷാശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് പോകാൻ ഞങ്ങൾക്ക് പ്രചോദനമായത് സാറിന്റെ ഗംഭീര ക്ലാസ്സുകളാണ്. പോരാത്തതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും അയ്യപ്പ പണിക്കരെ വിളിച്ചു വരുത്തി ഞങ്ങൾക്ക് ക്ലാസ്സ് എടുപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് ഭാഷ ശാസ്ത്രത്തിൽ പി. എച്. ഡി നേടുവാൻ അടിസ്ഥാന ശിലാ ആയതു ഫാത്തിമയിലെ പഠനങ്ങളാണ്. എന്റെ പ്രബന്ധത്തിന്റെ തല വാചകം കേൾക്കുമ്പോൾ അതിന്റെ സാംഗത്യം മനസ്സിലാകും.”The Analysis of Rhetoric Figures in the Indian and western Traditions: a Linguistic, Stylistic Study”(“അലങ്കാര ശാസ്ത്രം ഭാരതീയ - പാശ്ചാത്യ ശാഖകളിൽ : ഒരു ഭാഷ ശാസ്താ, ശൈലി ശാസ്ത്ര പഠനം”.) ഈ അദ്ധ്യാപകരോടെല്ലാം എങ്ങനെ നന്ദി പറഞ്ഞു തീർക്കും? ഒരു നന്ദിയും പ്രതീക്ഷിക്കാത്ത ഒരു വർഗമാണ് അദ്ധ്യാപകർ. അതെനിക്ക് നന്നായറിയാം. Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ: നാല്- നാട്ടിലെ ചേട്ടന്മാർ നാം വളരുന്ന പരിസ്ഥിതിയും പരിസരവും നമ്മുടെ ആളത്വ വികസനത്തിൽ വലിയ പങ്കു വഹിക്കുമല്ലൊ. എന്റെ ജന്മദേശമായ ലോവർ കരിക്കം എനിക്ക് എന്നും പ്രിയപ്പെട്ടതാവാൻ ഒരുപാടുകാരണങ്ങളുണ്ട്. ഒന്ന് രണ്ടു ഓർമ്മകൾ മാത്രം പങ്കു വയ്ക്കാം എന്നു കരുതി. 1969. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം. എം.സി റോഡ് സൈഡിലെ ഒരു ചെറിയ കടയിൽ അന്നൊരു വായനശാല ഉണ്ടായിരുന്നു. ഒന്നു രണ്ടു പത്രങ്ങളും പിന്നെ രാഷ്ട്രീയ - ലോക കാര്യ ചർച്ചകൾക്കായി കുറെ അച്ചായന്മാരും. വീട്ടിൽ മനോരമ ഉണ്ടെങ്കിലും വർത്തമാനം ശ്രവിക്കാനായി ഞാനും അവിടെ കറങ്ങി നിൽക്കുമായിരുന്നു. മലയാളരാജ്യം എന്ന പത്രത്തിൽ ഒരു ദിവസം ഞാനൊരു കാര്യം കണ്ടു. യൂണിറ്റ് ടെസ്റ്റ് എന്ന പേരിൽ പത്താം ക്ലാസ്സിലെ നിറയെ ചോദ്യോത്തരങ്ങൾ. എനിക്കതു കിട്ടണം. ആരോടും ചോദിക്കാതെ ഞാനതു കീറിയെടുത്തു. രണ്ടു ചേട്ടന്മാർ എന്നെ നോക്കി പകച്ചിരിക്കുന്നുന്നതു കണ്ടു. കാര്യം അത്ര നിസ്സാരമായിരുന്നില്ല. പൊതുമുതൽ മോഷണം എന്നു വിളിക്കാം. വിഷയം ചേട്ടന്മാർക്കിടയിൽ വലിയ ചർച്ചയായി. കുഞ്ഞപ്പൻ കാണിച്ചത് തെറ്റല്ലേ എന്നൊരുകൂട്ടർ. അവൻ പഠിക്കാനല്ലേ എടുത്തത്, പ്രശ്നമാക്കേണ്ടന്നു മറ്റു ചിലർ. ഇതൊന്നും ഞാനറിഞ്ഞില്ല. പിറ്റേ ദിവസം സെക്രട്ടറി പൊലോൺ തങ്കച്ചയാൻ എന്നെ വിളിച്ചു ഇങ്ങനെ പറഞ്ഞു: "നാളെമുതൽ എന്നും സന്ധ്യയിൽ മലയാളരാജ്യം പത്രം നീ എടുത്തോളണം. വീട്ടിൽ കൊണ്ടുപോകാം". അത്ഭുത പരതന്ത്രനായി ഞാൻ നോക്കി നിന്നുപോയി. കാരണം പിന്നീടാണു ഞാൻ അറിഞ്ഞത്. മോഷണ വിവരം എക്സൈസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന എന്റെ ജ്യേഷ്ഠൻ വൈ. ജോർജിനോട് അവർ പറഞ്ഞു. പത്രത്തിന്റെ വരിസംഖ്യ എല്ലാമാസവും അടയ്ക്കാമെന്നും ആവശ്യം കഴിയുമ്പോൾ അത് എനിക്കു കൈമാറിയാൽ മതിയെന്നും അച്ചായൻ പറഞ്ഞിരുന്നതായി പിന്നീട് ഞാൻ അറിഞ്ഞു. ഇപ്പോൾ ആലോചിക്കുമ്പോൾ നാട്ടിലെ ചേട്ടന്മാരുടെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു. എന്നെ വേണമെങ്കിൽ ഒരു കുറ്റവാളിയാക്കി അവർക്കു നശിപ്പിക്കാമായിരുന്നു. അത് ചെയ്യാതെ എന്നെ അവർ ചേർത്തു നിറുത്തി. എങ്ങിനെ മറക്കും?. പ്രീഡിഗ്രി പഠന കാലത്താണ് വിക്ടറി ബാലജനസഖ്യം തുടങ്ങിക്കൊണ്ടു ഞാൻ സാമൂഹ്യ സേവനരംഗത്തേക്കു കടന്നു വരുന്നത്. എല്ലാവർഷവും വാർഷികത്തിന് സ്റ്റേജ് കെട്ടി സാംസ്ക്കാരിക സമ്മേളനവും കലാപരിപാടികളും നടത്തുക പതിവായി. അത് നാട്ടിലെ ഉത്സവമായി മാറി. ഏബ്രഹാം കരിക്കം എന്ന് ഞാൻ നോട്ടീസിൽ പേരുവച്ച് അച്ചടി തുടങ്ങിയത് അങ്ങിനെയാണ്. ഒരു വർഷം ഞാൻ രചിച്ചു സംവിധാനം ചെയ്യുന്ന 'വിഷപ്പാമ്പ്' എന്ന നാടകം അരങ്ങേറി. നായകനും ഞാൻ തന്നെ. നായിക പെൺവേഷം കെട്ടിയ ഒരു സുന്ദരൻ. കുഞ്ഞുകുട്ടി ആബാലവൃദ്ധം തടിച്ചുകൂടിയിട്ടുണ്ട്. നാടകം പകുതിയായപ്പോൾ ഒരാൾ ഊരിപ്പിടിച്ച പിച്ചാത്തിയുമായി സ്റ്റേജിൽ കയറി. "എന്നോടു ചോദിക്കാതെ - ആരാടാ നാടകം കളിയ്ക്കാൻ? ഇടെടാ കർട്ടൻ" എന്നായി ആക്രോശം . ആരും കാർട്ടനിട്ടില്ല.അദ്ദേഹം കുറച്ചു നേരം അവിടെ നിന്നു. ചില ചേട്ടന്മാർ വന്ന് അദ്ദേഹത്തെ വിളിച്ചിറക്കിക്കൊണ്ടുപോയി. നാടകം തുടർന്നു. എല്ലാം ശുഭം. പിച്ചാത്തിയുമായി സ്റ്റേജിൽ കയറിയ അച്ചായനെ ഞാൻ പിറ്റേന്ന് കണ്ടപ്പോൾ എന്തിനായിരുന്നു ആ പരിപാടി എന്നു ചോദിച്ചു. "എല്ലാം ഒരു നാടകം അല്ലെ? ഒരു തമാശ". അദ്ദേഹം പ്രതിവചിച്ചു. ഒരു നല്ല കലാകാരൻ അദ്ദേഹത്തിന്റെ ഉള്ളിലും ഉണ്ടായിരുന്നു. ഊരിപ്പിടിച്ച പിച്ചാത്തിക്കിടയിലൂടെ നാടകം കളിച്ചു വളർന്നുവന്നവനാണ് ഞാൻ എന്ന് നിസ്സംശയം അവകാശപ്പെടാം. അവിടെയും എത്ര സുന്ദരമായും കരുതലോടെയുമാണ് എന്റെ നാട്ടിലെ ചേട്ടന്മാർ ഇടപെട്ടത്?. വേണമെങ്കിൽ എല്ലാം അലങ്കോലമാക്കി കളിയാക്കി അവർക്കു നടക്കാമായിരുന്നു. അവിടെയും നാട്ടിലെ കുഞ്ഞുങ്ങളെ അവർ ചേർത്തു നിറുത്തി. നന്ദിയുണ്ട്. ഒരു കാര്യം ഞാൻ അന്നു തീരുമാനിച്ചു. ജീവിക്കുന്നെങ്കിൽ അതു കരിക്കത്ത് തന്നെയായിരിക്കണം. അമേരിക്കയിലുള്ള എന്റെ ജ്യേഷ്ഠൻ ജോൺ വർഗീസും ലില്ലിക്കുട്ടി അമ്മാമ്മയും പലവട്ടം ശ്രമിച്ചതാണ് എന്നെ അങ്ങോട്ട് പറിച്ചുനടാൻ. ഞാൻ വഴിപ്പെട്ടില്ല. (ഇതേ സ്റ്റേജിൽ മുൻപ് പെൺവേഷംകെട്ടി നാടകം കളിച്ചിട്ടുള്ള ആളാണ് എന്റെ ഈ സഹോദരൻ എന്നതും ഓർമ്മിക്കുന്നു). അവരുടെ മുതിർന്ന സംഘമാണ് ഇപ്പോൾ ഞങ്ങളെ കരുതലോടെ കാത്തത്. മറുതായത്ത് സ്കൂളിൽ നാടകം കളിക്കുമ്പോൾ, താഴെ വയലിൽ മരമടി മത്സരം നടക്കുമ്പോൾ, മില്ലിന്റെ പുരയിടത്തിൽ കിളിത്തട്ടുകളിക്കുമ്പോൾ, സായിപ്പിന്റെ കണ്ടത്തിൽ കുട്ടിയും കോലും കളിക്കുന്ന വേളയിൽ, ഇണ്ടിളയപ്പൻ നടയിൽ ഉത്സവം നടക്കുമ്പോൾ, ഓർത്തഡോക്സ് പള്ളികളിൽ കമ്പത്തിന്റെ പൂത്തിരി കത്തിക്കുമ്പോൾ എല്ലാം ഒരു മുതിർന്ന തലമുറ ഞങ്ങൾ കുട്ടികൾക്കു രക്ഷാകവചം തീർത്തിരുന്നു. അതാണ് ഞങ്ങളുടെ തനതായ സംസ്ക്കാരം. ലോകത്തെവിടെ പോയാലും തിരികെ കരിക്കം നാട്ടിലെത്തുമ്പോൾ അവാച്യമായ ഒരനുഭൂതി ഞാൻ അനുഭവിക്കുന്നു. അത് വർണ്ണനാതീതമാണ്. നാടില്ലെങ്കിൽ നമ്മളില്ല. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - 3 എം. വൈ . തോമസ് കൃഷിക്കാരായ എന്റെ മാതാപിതാക്കൾക്ക് ഞങ്ങൾ എട്ട് മക്കൾ ആയിരുന്നു. എട്ടാമത്തെയാൾ ഞാൻ. അഞ്ചു ആണും മൂന്നു പെണ്ണും. ഒരു പെങ്ങൾ ഞാൻ ജനിക്കും മുമ്പേ മരിച്ചുപോയി. കുടുംബത്തിൽ ആദ്യം സർക്കാർ ജോലി ലഭിക്കുന്നത് എന്റെ സഹോദരൻ എം. വൈ. തോമസിനായിരുന്നു. അദ്ദേഹമാണ് ഞങ്ങൾ ഇളയ സഹോദരങ്ങളെ വളർത്തി വലുതാക്കിയത് എന്നതാണ് സത്യം. എക്സൈസ് ഡിപ്പാർട്മെന്റിലായിരുന്നു ജോലിയെങ്കിലും എനിക്ക് അദ്ദേഹം നല്ല അദ്ധ്യാപകൻ കൂടി ആയിരുന്നു. കണക്കും ഇംഗ്ലീഷുമെല്ലാം ക്ലാസ്സിൽ പഠിപ്പിക്കും മുമ്പേ എന്നെ പഠിപ്പിച്ചിരുന്നതിനാൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുവാൻ എനിക്ക് സാധിച്ചു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് ഒരു വാഗ്ദാനം തന്നിരുന്നു. ക്ലാസ്സിൽ ഒന്നാമനാകാമെങ്കിൽ തിരുവനന്തപുരം കാണിക്കാം എന്നതായിരുന്നു പ്രതിജ്ഞ. ആ വർഷം ഞാൻ ഒന്നാമനാവുകയും ഹട്ടൻ മാസ്റ്ററിൽ നിന്ന് ഒരു പ്രത്യേക സമ്മാനം നേടുകയും ചെയ്തു. അന്ന് മാസം മൂന്ന് രൂപ ഫീസ് നൽകണമായിരുന്നു. അത് വലിയ ഒരു തുക ആയിരുന്നതിനാൽ പലരും ബുദ്ധിമുട്ടി. ഹട്ടൻ മാസ്റ്റർ എനിക്ക് ഒരു കത്ത് തന്നു. ക്ലാസ്സിൽ ഒന്നാമനായതിനാൽ ഒരു മാസത്തെ ഫീസ് സൗജന്യമായി നൽകുന്നു എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ആ കത്ത് ഇന്നും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു അങ്ങനെ ആദ്യമായി ഒരു ദൂര യാത്രയ്ക്കുള്ള വഴി ഒരുങ്ങി. 1965 കാലഘട്ടത്തിൽ ബസ്സിൽ തിരുവനന്തപുരത്തേക്കുള്ള ആ യാത്ര ഒരു നാളും മറക്കാനാവില്ല. കാഴ്ച ബംഗ്ലാവും ശംഖു മുഖം ബീച്ചും എയർപോർട്ടും സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രവും അതിനു മുന്നിലുള്ള മേത്തൻ മണിയും എല്ലാം ഏതോ മായകാഴ്ചകൾ പോലെ ഞാൻ കണ്ടു. കടൽ കാണുന്നതും ആദ്യം. അവിടെ നിന്നും ട്രെയിനിൽ ഞങ്ങൾ കൊല്ലത്തെത്തി. ജീവിതത്തിൽ ആദ്യമായി സ്കൂൾ മാസ്റ്റർ എന്ന ഒരു സിനിമ കാണുന്നതും അവിടെ വച്ചാണ്. കൊല്ലം ബീച്ചും വിളക്ക് മരവും നീണ്ടകരയും എല്ലാം എന്റെ പഠന യാത്രയിലെ ഓരോ അനുഭവങ്ങളായിരുന്നു. എന്റെ സഹോദരനോടൊപ്പമുള്ള ആ കന്നി യാത്ര പിന്നീടുള്ള ഒരുപാടു യാത്രകളുടെ ആരംഭം ആയിരുന്നു എന്ന് അന്ന് ഞാൻ അറിഞ്ഞില്ല. തുടർന്ന് കൊട്ടാരക്കര കോളജിലും കൊല്ലം ഫാത്തിമ കോളജിലും എന്റെ തുടർ പഠനത്തിന് വേദി ഒരുക്കിയതും എന്റെ ജ്യേഷ്ഠന്മാരായ എം.വൈ ഉമ്മൻ , എം. വൈ. തോമസ്, വൈ. ജോർജ്, ജോൺ വർഗീസ്സ് എന്നിവരും കുടുംബാംഗങ്ങളും ആയിരുന്നു. ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും സഹോദരങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന കരുതലും സ്നേഹവും നമ്മുടെ ജീവിതത്തെ നമുക്ക് സ്വപ്നം കാണാൻ പറ്റാത്ത മേഖലയിലേക്ക് നയിക്കും എന്നത് തീർച്ചയാണ്. മലയാള മനോരമ വിശേഷാൽ പ്രതി വർഷം തോറും വാങ്ങിച്ചു തന്ന്എന്നെ വായനയുടെ ലോകത്തേക്ക് വഴിതിരിച്ചു വിട്ടതും സഹോദരൻ എം . വൈ തോമസ് തന്നെ ആയിരുന്നു. ജീവിതത്തിന്റെ പടവുകൾ ഒന്നൊന്നായി നാം കയറി പോകുമ്പോൾ അതിന്റെ പിന്നിൽ ധാരാളം പേരുടെ ആശീർവാദവും കരുതലും ഉണ്ടെന്ന് എപ്പോഴെങ്കിലും നാം തിരിച്ചറിയണം. ഒന്നും തിരികെ പ്രതീഷിക്കാതെയുള്ള സുമനസ്സുകളുടെ പിന്തുണയില്ലെങ്കിൽ വഴിത്താരകളിൽ നാം വെറുതെ അലഞ്ഞു തിരിയേണ്ടി വരും എന്നത് ഒരു യാഥാർത്ഥ്യമാണ്. Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ: രണ്ട് - പ്രൊഫ. ടി. ജി. രാജൻ 1970 - കളിലെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് ഒരു മഹാ സംഭവമായിരുന്നു. പ്രീഡിഗ്രി മാത്രമുള്ള ജൂനിയർ കോളേജ് ആയിരുന്നെങ്കിലും വിവിധ ബാച്ചുകളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ. കോളേജ് എന്നുപറയാൻ ഇന്നത്തെ ഓഫീസ് നിൽക്കുന്ന പ്രധാന കെട്ടിടവും ലൈബ്രറിയും ഒരു ഷെഡും മാത്രം. സയൻസ് പഠിക്കണമെന്ന് ആഗ്രഹിച്ചു അഡ്മിഷനു ചെന്ന എന്നോട് പ്രിൻസിപ്പൽ ജോർജ് അച്ഛൻ പറഞ്ഞു, "നീ കോമേഴ്സ് പഠിച്ചാൽ മതി". സയൻസ് ഗ്രൂപ്പ് കൂടുതലും നഴ്സിംഗിനു പോകാനുള്ള പെൺകുട്ടികൾക്ക് വേണ്ടിയായിരുന്നു. അങ്ങനെ 72 സർവ്വകലാവല്ലഭന്മാരുടെ കോമേഴ്സ് ക്ലാസ്സിൽ ഞാൻ അംഗമായി. 16 പെൺകുട്ടികളും 50 ലേറെ ഗ്രാമവാസികളായ ചെറുപ്പക്കാരും. പഠനവും സമരവും ഒരുപോലെ കൊണ്ടുപോകുക എന്നതായിരുന്നു അന്നത്തെ രീതി. ഏതായിരുന്നു കൂടുതൽ എന്നുപറയാനാവില്ല. ദിവസവും സമരത്തിനു വേണ്ടി കാരണങ്ങൾ കണ്ടുപിടിച്ച നേതാക്കളുടെ ബുദ്ധിവൈഭവം അസാധാരണമായിരുന്നു. സമരമുറകൾ വളർന്നു വളർന്ന് നിയന്ത്രണംവിട്ട പല അവസരങ്ങളുമുണ്ടായി. പൊതുതെരഞ്ഞെടുപ്പിന്റെ ദിവസം ഓലഷെഡിനു ആരോ തീ വച്ചു. എന്റെ ക്ലാസ്സ്മുറി ഉൾപ്പെടെ കത്തിയമരുന്നതും തീനാളങ്ങൾ വാനോളം ഉയരുന്നതും നിറകണ്ണുകളോടെ ഞങ്ങൾ നോക്കിനിന്നു. ഇത്രയും വിവരിച്ചത് ഞാൻ വളർന്ന കോളേജ് പരിസരത്തെപ്പറ്റി ഒരു ഏകദേശ ധാരണ നൽകാനാണ്. പ്രഗത്ഭരായ ഒരുകൂട്ടം അദ്ധ്യാപകരുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. എല്ലാവരുടെയും പേരുകൾ പറയാനാവില്ലല്ലോ. ഞങ്ങളുടെ പ്രധാന അദ്ധ്യാപകർ പ്രൊഫ. ടി.ജി രാജൻ, ജോൺ തോമസ് എന്നിവരായിരുന്നു. ഇംഗ്ലീഷ് പഠിപ്പിച്ചത് ജനീവ അച്ചൻ, പ്രൊഫ. പി.എ. മാത്യു, പ്രൊഫ. ജെസ്സി ചെറിയാൻ തുടങ്ങിയവരും. മലയാളം അദ്ധ്യാപകരായി സുബ്രഹ്മണ്യൻ സാറും, നമ്പൂതിരി സാറും ഉണ്ടായിരുന്നു. ജനറൽ സയൻസ് പഠിപ്പിച്ചത് വർക്കി സാറും ലീലാമ്മ സാറും. തല്ലിപ്പൊളികളുടെ ബാച്ചായിട്ടും ഇവരെല്ലാം ഞങ്ങളെ ഏറെ സ്നേഹിച്ചു. ശരിയായ പഠനം നടക്കാനാവാത്തതിൽ അവർക്കും ദുഃഖം ഉണ്ടായിരുന്നു. എന്നാൽ എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവം ഇതിനിടയിൽ നടന്നു. എപ്പോഴോ ഒരിക്കൽ പ്രൊഫ. ടി.ജി. രാജൻ സാർ എന്നെ ഡിപ്പാർട്ട്മെന്റിലേക്കു വിളിപ്പിച്ചു. അദ്ദേഹം അന്നും ഇന്നും ചെറുപ്പമാണ്. കൊട്ടാരക്കരയിൽ ഇപ്പോഴും നിറഞ്ഞുനിന്നു പ്രവർത്തിക്കുന്ന ഒരു വ്യക്തിത്വം. ബാലജന സഖ്യം, Y’s Mens Club, Y.M.C.A തുടങ്ങിയ നിരവധി സംഘടനകളിൽ പിന്നീടും സാറിനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അത് ഏറ്റവും ധന്യമായ അനുഭവമായിരുന്നു. ഡിപ്പാർട്ട്മെന്റിൽ ചെന്ന എന്നോട് അദ്ദേഹം പറഞ്ഞു, "ഏബ്രഹാം നന്നായി പഠിക്കണം. ശ്രമിച്ചാൽ തീർച്ചയായും ഫസ്റ്റ് ക്ലാസ് ലഭിക്കും". എനിക്ക് അതൊരു പുത്തൻ അനുഭവമായിമാറി. അതോടെ ഞാൻ പുതിയ ഒരാളായി. എന്റെ അദ്ധ്യാപകന് എന്നോടുള്ള ആഴമായ വിശ്വാസത്തിന്റെ പ്രതിസ്ഫുരണമായിരുന്നു അത് എന്നു ഞാൻ മനസിലാക്കി. ഒരു ഗ്രാമീണ യുവാവായിരുന്ന എന്നെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേക്കു ആനയിക്കാൻ അത്രയും മതിയായിരുന്നു. തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളേജിനോട് ചേർന്ന് ഒരു സ്റ്റോർ ഉണ്ടെന്നും അവിടെ പഴയകാല ചോദ്യ പേപ്പറുകൾ ലഭിക്കുമെന്നും പറഞ്ഞുതന്നത് ജോൺ തോമസ് സാറായിരുന്നു. ഞാൻ അവിടെ പോയി അഞ്ചു വർഷത്തെ ചോദ്യപേപ്പറുകൾ വാങ്ങിവന്നു ഉത്തരങ്ങൾ എഴുതി പഠിച്ചു. അന്ന് ഫസ്റ്റ് ക്ലാസ് എന്നുപറഞ്ഞാൽ ഒരു വിദൂര സ്വപ്നമായിരുന്നു. ആയിരംപേർ പരീക്ഷ എഴുതുമ്പോൾ മൂന്നോ നാലോ പേർക്കുമാത്രം ഫസ്റ്റ് ക്ലാസ് കിട്ടുന്ന കാലം. അത്ഭുതം എന്നുപറയട്ടെ, പരിസരം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും റിസൾട്ട് വന്നപ്പോൾ 72 പേരുള്ള ക്ലാസ്സിലെ ഏക ഫസ്റ്റ് ക്ലാസ്സുകാരൻ ഞാനായി. രാജൻ സാറിന്റെ പ്രവചനവും അനുഗ്രഹവും ഫലിച്ചു. അന്ന് ബസ്സിൽ യാത്ര ചെയ്യണമെങ്കിൽ 10 പൈസ നൽകണമായിരുന്നു. എന്നാൽ തന്നെ മിക്കപ്പോഴും ഫുട്ട്ബോർഡിലോ, ഏണിപ്പടിയിലോ ഞാണുകിടക്കണം. നിക്കറിൽനിന്ന് മുണ്ടിലേക്കു മാറിയ അക്കാലത്തു അത്തരമൊരു സാഹസങ്ങൾക്കൊന്നും ഞാൻ മുതിർന്നില്ല. മീൻപിടിപ്പാറ വഴിയുള്ള നാലുകിലോമീറ്റർ നടത്തം ഒരു പ്രശ്നമേ അല്ലായിരുന്നു. ദിവസവും എട്ടു കിലോമീറ്റർ. വെള്ളച്ചാട്ടത്തിന്റെ സ്വരമാധുര്യമൊക്കെ ആസ്വദിച്ച് അങ്ങനെ രണ്ടുവർഷം നടന്നതിന്റെ ഫലമുണ്ടായി. ആ വർഷവും ആകെ അഞ്ചു ഫസ്റ്റ് ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ ഉള്ളിലെ സിദ്ധികൾ ഒരു നല്ല അദ്ധ്യാപകന് എളുപ്പത്തിൽ മനസ്സിലാവും. അത് ആത്മാർത്ഥമായി അവരിലേക്ക് പകരുമ്പോൾ ഒരു തലമുറയുടെ രക്ഷണ്യ പ്രവർത്തനമാണ് അവർ അറിയാതെ നടത്തുന്നത്. രാജൻ സാർ പകർന്നു തന്ന ആത്മവിശ്വാസം മുന്നോട്ടുള്ള പ്രയാണത്തിലും എന്റെ കൈമുതലായിരുന്നു. കോമേഴ്സ് അല്ല ജീവിതമാണ് അദ്ദേഹവും മറ്റു പ്രീയപ്പെട്ട അദ്ധ്യാപകരും ഞങ്ങളെ പഠിപ്പിച്ചത്. ആരും ഞങ്ങളെ ശപിച്ചില്ല. എന്റെ ക്ലാസ്സിലെ കൂട്ടുകാരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാൻ പിന്നീടു കണ്ടുമുട്ടി. സ്നേഹത്തിന്റെ വില മനസ്സിലാക്കിത്തരുന്ന അദ്ധ്യാപകരോളം വലുതായി മറ്റാരുമില്ല. എല്ലാവരോടും നന്ദി . Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ ഒന്ന് - ഹട്ടൻ മാസ്റ്റർ ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ചില വ്യക്തിത്വങ്ങളെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ജീവിതയാത്രയിൽ വഴി ദീപങ്ങളായി എന്നും നമുക്ക് മുൻപേ നടക്കുന്ന പലരുമുണ്ടാകും. അവരില്ലെങ്കിൽ നമ്മളില്ല. നമ്മുടെ യാത്ര ദുർഘടം നിറഞ്ഞതാകും. ആഴക്കടലിൽ നിന്ന് വരുന്ന കപ്പലുകൾക്ക് വിളക്കുമരം പോലെയാണ് നമ്മുടെ മുമ്പിൽ ഇവർ. ഗുരുനാഥന്മാരെ അനുസ്മരിച്ചുകൊണ്ട് തുടങ്ങാം. കരിക്കം സെവൻത് ഡേ അഡ്വന്റിസ്റ് സ്കൂളിലായിരുന്നു 10 - )൦ ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം. പ്രിൻസിപ്പൽ അമേരിക്കക്കാരനായ പാസ്റ്റർ ഈസ്റ്റർ ബ്രൂക്ക് ആയിരുന്നെങ്കിലും കുട്ടികളായ ഞങ്ങൾക്ക് ഏറ്റവും അടുത്ത സുഹൃത്തും ആരാധനാമൂർത്തിയും ഹെഡ്മാസ്റ്റർ ഹട്ടൻ മാസ്റ്റർ ആയിരുന്നു. സർവ്വകലാവല്ലഭൻ എന്ന് വിളിക്കപ്പെടുവാൻ യോഗ്യതയുള്ള ഒരാൾ. ആജാനുബാഹുവായിരുന്ന അദ്ദേഹം വലിയ യോഗാഭ്യാസിയായിരുന്നു. രാവിലെ തലയും കുത്തി വീടിനു ചുറ്റും നടക്കുന്നതുപോലെയുള്ള അഭ്യാസ മുറകൾ പലതും വശമായിരുന്നു. ക്ലാസ്സിൽ വന്നാലുടൻ ഞങ്ങളെ ബ്രീത്തിങ് എക്സർസൈസ് അഭ്യസിപ്പിക്കും. പ്രാണവായുവിന്റെ പ്രാധാന്യം മനസ്സിലാക്കി തരും. ലോകത്തിലെ ഏതു വിഷയത്തെ പറ്റിയും സംസാരിക്കും. പക്ഷെ അദ്ദേഹത്തിന്റെ ആത്മാവ് സംഗീതത്തിലായിരുന്നു. ഹട്ടൻ മാസ്റ്റർ ഉപയോഗിക്കാത്ത വാദ്യോപകരണങ്ങൾ ഇല്ല. പിയാനോയും ബുൾബുളും അദ്ദേഹം വായിക്കുമ്പോൾ ഞങ്ങളുടെ വീട്ടിൽ കേൾക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഏറ്റവും പ്രിയം അക്കോഡിയൻ എന്ന സുന്ദരമായ ഉപകരണമായിരുന്നു. എന്നും ചാപ്പലിൽ നടക്കുന്ന അസ്സംബ്ലിയിൽ അത് വായിച്ച് ഞങ്ങളെ വിസ്മയ ലോകത്തേക്ക് ആനയിക്കുന്നത് പതിവായിരുന്നു. ചില ദിവസങ്ങളിൽ വയലിൻ കയ്യിലെടുക്കും. അതിന്റെ കമ്പികളിൽ അദ്ദേഹത്തിന്റെ വിരലുകൾ അതിശീഘ്രം ചലിക്കുന്നത് കാണാൻ ഏറെ ഭംഗിയായിരുന്നു. ചാപ്പലിനോട് ചേർന്നുള്ള ഒരു കൊച്ചു മുറിയിലായിരുന്നു എന്റെ അഞ്ചാം ക്ലാസ് അഭ്യസനം. ആ മുറി നിറയെ സംഗീതോപകരണങ്ങൾ അടുക്കി വച്ചിരുന്നു. ഹാർമോണിയവും തബലയും ഗഞ്ചിറയും ഫ്ലൂട്ടും ആദ്യമായി സ്പർശിക്കുന്നത് ഇവിടെ വച്ചായിരുന്നു. ഒരു വർഷം ഹട്ടൻ മാസ്റ്റർ അവധിക്കു പോയി. ഉപരിപഠനത്തിനു ഫിലിപ്പയിൻസിലേക്കായിരുന്നു യാത്ര. ഞങ്ങൾ വല്ലാതെ ദുഃഖിച്ചു. ഒരു വർഷം കഴിഞ്ഞു ഒരു ദിവസം കാമ്പസ്സിൽ പുതിയ ഒരു വാദ്യോപകരണത്തിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി. എന്താണെന്നു അറിയാൻ ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി. ചെന്നപ്പോൾ ഓഫീസിന്റെ മുന്നിലുള്ള കോണിഫറസ് മരത്തിന്റെ മുന്നിൽ നിന്ന് ക്ലാർനെറ്റ് വായിക്കുന്ന ഹട്ടൻ മാസ്റ്ററിനെയാണ് കണ്ടത്. ഭയങ്കര ഉന്മാദത്തോടെ അദ്ദേഹത്തെ ഞങ്ങൾ വരവേറ്റു. പി. ഐ .തോമസ്, മോസസ് .ഇ .ജോസഫ്, പി . ടി . ഗ്രിഗറി, എം. എം .തോമസ്, കെ. എ. പൗലോസ് തുടങ്ങി പ്രഗത്ഭരായ അദ്ധ്യാപകരുടെ ഒരു നിര തന്നെ ഞങ്ങൾക്കുണ്ടായിരുന്നു. എങ്കിലും ആനയുടെ തലയെടുപ്പോടെ മുന്നിൽ നിന്ന് നയിച്ചത് ഹട്ടൻ മാസ്റ്റർ തന്നെ. ഹട്ടൻ മാസ്റ്ററുടെ ഭാര്യ മിസ്സിസ് ജയിൻ ഹട്ടൻ ആറാം ക്ലാസ്സിൽ എന്റെ ക്ലാസ് ടീച്ചറായിരുന്നു. ജീവിതത്തിലാദ്യമായി ഒരു നല്ല സമ്മാനം എനിക്ക് ലഭിച്ചത് അന്നാണ്. ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിക്കുന്ന കുട്ടിക്ക് ടീച്ചർ സമ്മാനം നൽകുക പതിവായിരുന്നു. റെക്സോണ സോപ്പും ഒരു കുപ്പി മഷിയും കയ്യിൽ കിട്ടുമ്പോൾ ലോകം ജയിച്ച പ്രതീതിയായിരുന്നു. കുളിക്ക് അന്ന് സോപ്പ് ഒട്ടും ആവശ്യമില്ലായിരുന്നു. കാരണം നീരാട്ട് ഒന്നുകിൽ കലങ്ങും കുഴിയിൽ, അല്ലെങ്കിൽ വയലിനരികിലുള്ള തോട്ടിൽ എന്നതായിരുന്നു ചിട്ട. അതും ഒത്തില്ലെങ്കിൽ നാലു തോട്ടി വെള്ളം കിണറ്റിൽ നിന്നും കോരി തലയിലൊഴിക്കും. ഇവിടെയൊന്നും സോപ്പിനു സ്ഥാനമില്ല. എന്നാലും സമ്മാനം കിട്ടിയ റെക്സോണ തേച്ചുള്ള ആ കുളിയുടെ സുഖം പിന്നീട് അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. ജോപ്പച്ചായന്റെ രണ്ടാമത്തെ മകൾ അനീറ്റയും ഞാനും തമ്മിലായിരുന്നു മിക്കപ്പോഴും മത്സരം. ടീച്ചർ പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ആരാണ് ടോപ്പർ എന്ന് മനസ്സിലാവുക. ആർക്ക് ഒന്നാം സ്ഥാനം കിട്ടിയാലും എല്ലാവർക്കും സന്തോഷമായിരുന്നു. ഇന്നത്തെപോലെയുള്ള കിടമത്സരങ്ങളൊന്നും അന്ന് പതിവില്ല. സഹോദരങ്ങളായ റീറ്റയും അനീറ്റയും ജൂലീറ്റയും ഞങ്ങളുടെ അടുത്തുതന്നെ ഉള്ളവരായതിനാൽ പലപ്പോഴും ഒന്നിച്ചായിരുന്നു സ്കൂളിലേക്കുള്ള നടത്തം. സത്യത്തിന്റെ വില ഒരിക്കൽ ഹട്ടൻ മാസ്റ്റർ എന്നെ പഠിപ്പിച്ചു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എല്ലാവരും ഓട്ടോഗ്രാഫ് എഴുതുന്ന പരിപാടി തുടങ്ങി. പലരും മനോഹരമായ പുറംചട്ടകൾ ഉള്ള ഓട്ടോഗ്രാഫുമായി വന്നപ്പോൾ കടലാസുകൾ കുത്തിക്കെട്ടി ഒരെണ്ണം ഞാനും നിർമ്മിച്ചു. മനോഹരമായ കവിതകളും മറ്റും എല്ലാവരും താളുകളിൽ പകർത്തി വച്ചു. അപ്പോൾ പെട്ടെന്ന് നോട്ടീസ് വന്നു. എല്ലാവരും ഓട്ടോഗ്രാഫുകൾ സറണ്ടർ ചെയ്യണം. ഫിലിപ്പ് സാർ നോട്ടീസ് വായിച്ചപ്പോൾ പലരും അതേൽപ്പിച്ചു. പേപ്പർ കുത്തിക്കെട്ടിയുണ്ടാക്കിയ ഒരു ചെറുപുസ്തകമായതിനാൽ അത് നല്കാൻ എനിക്ക് മടിയായിരുന്നു. ഞാൻ കൊടുക്കാതിരുന്നപ്പോൾ എന്റെ ഒരു കൂട്ടുകാരൻ അത് ഫിലിപ്പ് സാറിനോട് പറഞ്ഞു. അന്ന് കൂട്ടുകാരെ ഒറ്റികൊടുക്കുന്നവരെ കരിങ്കാലി എന്നാണ് വിളിച്ചിരുന്നത്. ഇവൻ കരിങ്കാലി പണി കാണിക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ഏതായാലും ഫിലിപ്പ് സാർ ഓട്ടോഗ്രാഫ് പിടിച്ചെടുത്തു. ഒരു കുറിപ്പുമായി എന്നെ ഹട്ടൻ മാസ്റ്ററുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. ഹട്ടൻ മാസ്റ്റർ കുറിപ്പ് ഉറക്കെ വായിച്ചു. “ When I read the notice, Abraham kept quiet” . അത് വായിച്ചു തീർന്നതും ചൂരൽ എടുത്ത് എന്റെ തുടയ്ക്ക് മൂന്ന് അടി പാസ്സാക്കി. മേലിൽ കള്ളം പറയരുത് എന്ന ഒരു താക്കീതും. ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ തിരികെ ക്ലാസ്സിലേക്കോടി. പക്ഷെ അതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. എത്ര ശിക്ഷിച്ചാലും അദ്ദേഹം ഞങ്ങളെ സ്നേഹിച്ചു. ക്ലാസ്സിലും ഗ്രൗണ്ടിലും എപ്പോഴും ഞങ്ങൾക്കൊപ്പം നിന്നു. വിശാലമായ ലോകത്തേക്ക് പറന്നുയരാൻ ഞങ്ങളെ പ്രാപ്തരാക്കി. പിന്നീട് അദ്ദേഹം പൂനാ സ്പൈസർ കോളജിലേക്ക് സ്ഥലം മാറി പോയി. ഹട്ടൻ മാസ്റ്റർ ഇന്ന് നമ്മളോടൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കാതിൽ മുഴങ്ങും. അദ്ധ്യാപന വൃത്തിയുടെ മഹത്വം ഞാൻ ശരിക്കും മനസ്സിലാക്കിയതും അദ്ദേഹത്തിൽ നിന്നാണ്. ആ ഓർമ്മകൾ എന്നും മായാതെ നിലനിൽക്കും. ഡോ. ഏബ്രഹാം കരിക്കം