Wednesday, 9 June 2021
യാത്രാപഥത്തിലെ താരകങ്ങൾ - അഞ്ച്
പ്രൊഫ. ബലറാം മൂസദ്
പ്രീഡിഗ്രി കോമേഴ്സ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായെങ്കിലും വഴി മാറി സഞ്ചരിക്കാൻ ഞാൻ തീരുമാനിച്ചു. ഇംഗ്ലീഷ് സാഹിത്യം പഠിക്കണം. സാഹിത്യ സഞ്ചാരം കുറേശ്ശെ തുടങ്ങിയിരുന്നു അക്കാലത്തു്. ബി. എ ഫൈനൽ ആയപ്പോഴേക്കും എന്റെ "അസ്തമിക്കാത്ത വെളിച്ചം " സ്വപ്ന ഭൂമി " എന്നീ രണ്ടു ചെറു നോവലുകൾ പുറത്തു വന്നിരുന്നു.
കൊല്ലം ഫാത്തിമാ കോളജിൽ ബി. എ ഇംഗ്ലീഷ് ഫൈനൽ വിദ്യാർത്ഥികളാ യി എനിക്ക് വേണ്ടപ്പെട്ടവർ രണ്ടുപേർ അന്ന് ഉണ്ടായിരുന്നു. മന്നിക്ക വിളയിൽ സാറാമ്മയും കളീക്കൽ മറിയാമ്മയും. ഇണക്കുരുവികൾ. രണ്ടുപേരും പിന്നീട് അദ്ധ്യാപകരായി.
ഇംഗ്ലീഷ് സാഹിത്യം പഠിക്കണമെന്ന് പറഞ്ഞു ഞാൻ ഇവരുടെ പിറകെ കുടി. അവർ വകുപ്പ് മേധാവി ബലറാം മൂസദ് സാറിനെ ചെന്ന് കണ്ടു കാല് പിടിച്ചു കാണും. ഏതായാലും എനിക്ക് ഇന്റർവ്യൂ കാർഡ് വന്നു. പ്രതാപിയായ റൊസാരിയോ അച്ചനാണ് പ്രിൻസിപ്പൽ. അച്ചൻ എം. കോം കാരനാണ്.
അച്ചനും ബലറാം മൂസദ് സാറും കൂടി ഒന്നിച്ചിരുന്നാണ് എന്നെ ഇന്റർവ്യൂ ചെയ്തത്. ഞാൻ കോമേഴ്സ് ഫസ്റ്റ് ക്ലാസ്സുകാരനാണെന്നു കണ്ടപ്പോൾ
ബി. കോമിന് ചേരാൻ അച്ചൻ ഒന്ന് നിർബന്ധിച്ചു. വീണ്ടും ഒരു ഗതി മാറൽ ഏതാണ്ട് ഉറപ്പായതാണ്. പക്ഷെ മൂസദ് സാർ പിടിവിട്ടില്ല. രണ്ടു പേരുടെ പ്രത്യേക റെക്കമെൻഡേഷൻ വഴിയാണ് ഞാൻ വന്നതെന്നും ഇംഗ്ലീഷ് തന്നെ പഠിക്കണമെന്നും സാർ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ മൂസദ് സാർ ഒരു മാലാഖയായി എന്റെ മുന്നിൽ അവതരിക്കുകയായിരുന്നു.
പിന്നീട് അഞ്ച് വർഷം സാഹിത്യത്തിൻറെ ഉ oത്തുoഗ ശൃംഗങ്ങളിലേക്കു അദ്ദേഹം ഞങ്ങളെ നയിച്ചപ്പോൾ അതിശയത്തോടെ, ആവേശത്തോടെ ഞാനിരുന്നു. ഷേക്സ്പിയർ കൃതികളെല്ലാം അദ്ദേഹത്തിന് കാണാപ്പാഠമായിരുന്നു. സുന്ദരനായ അദ്ദേഹത്തിന്റെ അതിസുന്ദരമായ വാക്കുകൾ ഏറെ വശ്യമായിരുന്നു. ഹാംലറ്റും മാക്ബത്തും ഡെസ്ഡിമോണയും മിറാന്ഡയും ഞങ്ങളുടെ മുന്നിൽ നൃത്തം വച്ചു. മൂസദ് സാർ കാലത്തിന്റെ വിസ്മൃതിയിൽ ആണ്ടു പോയെങ്കിലും ഇന്നും ഞങ്ങളുടെ മനസ്സുകളിൽ ജീവിക്കുന്നു.
അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഒരൊറ്റ ഉദാഹരണം മതിയായിരുന്നു. എസ് . എൻ. കോളജിൽ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യാപകനായിരുന്നു അന്ന് ഷേക്സ്പിയർ വേലായുധൻ. അഗ്രഗണ്യനായ മറ്റൊരു പ്രൊഫസ്സർ. അവിടെ അദ്ദേഹം പ്രകമ്പനം സൃഷ്ട്ടിക്കുന്ന കാലമാണ്.
ഞാൻ ഇംഗ്ലീഷ് അസോസിയേഷൻ പ്രസിഡണ്ട് ആയപ്പോൾ മൂസദ് സാറിനോട് ഒരു കാര്യം ചോദിച്ചു. ഷേക്സ്പിയർ വേലായുധൻ സാറിനെ നമുക്ക് ഒന്ന് വിളിക്കണം. ഒരു ദിവസത്തെ ക്ലാസ്സിന്. ഒരു മടിയും കൂടാതെ അദ്ദേഹം സമ്മതിച്ചു. ഷേക്സ്പിയർ കൃതികളുടെ മറ്റൊരു ഭാഷ്യം ശ്രവിക്കാൻ അങ്ങനെ ഞങ്ങൾക്കു ഭാഗ്യമുണ്ടായി.
ഈ സമ്മതം മഹത്തരമാണെന്ന് പറയാൻ കാരണമുണ്ട്. എസ്. എൻ കോളജും ഫാത്തിമയും തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. റോഡിന്റെ ഇരു വശത്തു നിന്നും ഞങ്ങൾ പരസ്പരം കല്ലെറിഞ്ഞിട്ടുണ്ട്. എന്തിനാണെന്ന് ഒന്നും ചോദിക്കരുത്. അന്ന് അങ്ങനെ ആയിരുന്നു. പക്ഷെ അതൊന്നും ഞങ്ങളുടെ അക്കാദമിക് സാഹോദര്യത്തെ തളർത്തിയില്ല. കാരണം അത്രയ്ക്ക് രണ്ടു മഹാന്മാരായിരുന്നു രണ്ടു പ്രസ്ഥാനങ്ങളെയും നയിച്ചത്. റൊസാരിയോ അച്ചൻ ഇവിടെയും ശ്രീനിവാസൻ സാർ അവിടെയും.
ഉന്നതരായ അദ്ധ്യാപകർ ഞങ്ങൾക്കുണ്ടായിരുന്നു. സീസർ ആന്റണി, സുമം മിസ്, ഐ. ജേക്കബ്, എ. ആന്റണി, എൽസിമാഡം, സബിത മിസ്, ഇസബെല്ലാ ചാണ്ടി, റൂഫി മിസ് അങ്ങനെ പോകുന്നു അവരുടെ നീണ്ട നിര.
ഇതിൽ സബിത മിസും ( ഐ. ജി. കൃഷ്ണൻ നായരുടെ ഭാര്യ ), രാധാ മിസും ഷേക്സ്പിയർ വേലായുധൻ സാറിന്റെ മക്കളാണ്. രാധാ മിസിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. സംസ്കൃതത്തിന്റെ ലോകത്തേക്ക് എനിക്ക് വഴി കാണിച്ചു തന്നത് രാധാ മിസ് ആയിരുന്നു. സംസ്കൃതം സബ്സിഡിയറി ആയി എടുക്കാൻ ഞങ്ങളിൽ ചിലരെ ടീച്ചർ പ്രോത്സാഹിപ്പിച്ചു. കാളിദാസന്റെയും ഭാസന്റെയും മറ്റും നാടകങ്ങൾ ഞങ്ങൾ അങ്ങനെ സംസ്കൃതത്തിൽ പഠിച്ചു.
പിന്നീട് അലങ്കാര ശാസ്ത്രത്തിൽ പി .എച് .ഡി നേടാൻ ഈ പഠനം എന്നെ ചില്ലറയൊന്നുമല്ല സഹായിച്ചത്. ഭരത മുനിയുടെ നാട്യ ശാസ്ത്രവും ഭാമഹൻ, വാഗ്ഭടൻ, ദണ്ഡി, പണ്ഡിത രാജൻ തുടങ്ങിയവരുടെ അലങ്കാര ശാസ്ത്രങ്ങളും എനിക്ക് കുലംകഷമായി പഠിക്കണമായിരുന്നു. മാത്രമല്ല അതിനു ശേഷം നൂറ്റി പതിനെട്ടു ഉപനിഷത്തുക്കൾ ആഴത്തിൽ പഠിക്കുന്നതിനും ഈ ജ്ഞാനം എനിക്ക് വലിയ തുണയായി. " രക്ഷാ സങ്കല്പം ഉപനിഷത്തുകളി ലും, ബൈബിളിലും ഖുർ ആനിലും" എന്ന കൃതിക്ക് മറ്റൊരു പി .എച് .ഡി ലഭിക്കുന്നതിനും ഇത് മുഖാന്തിരമായി.
സീസ്സർ ആന്റണി സാറിനെ പറ്റി പ്രേത്യേകം പറയേണ്ടതുണ്ട്. ഭാഷാശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് പോകാൻ ഞങ്ങൾക്ക് പ്രചോദനമായത് സാറിന്റെ ഗംഭീര ക്ലാസ്സുകളാണ്. പോരാത്തതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും അയ്യപ്പ പണിക്കരെ വിളിച്ചു വരുത്തി ഞങ്ങൾക്ക് ക്ലാസ്സ് എടുപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് ഭാഷ ശാസ്ത്രത്തിൽ പി. എച്. ഡി നേടുവാൻ അടിസ്ഥാന ശിലാ ആയതു ഫാത്തിമയിലെ പഠനങ്ങളാണ്. എന്റെ പ്രബന്ധത്തിന്റെ തല വാചകം കേൾക്കുമ്പോൾ അതിന്റെ സാംഗത്യം മനസ്സിലാകും.”The Analysis of Rhetoric Figures in the Indian and western Traditions: a Linguistic, Stylistic Study”(“അലങ്കാര ശാസ്ത്രം ഭാരതീയ - പാശ്ചാത്യ ശാഖകളിൽ : ഒരു ഭാഷ ശാസ്താ, ശൈലി ശാസ്ത്ര പഠനം”.)
ഈ അദ്ധ്യാപകരോടെല്ലാം എങ്ങനെ നന്ദി പറഞ്ഞു തീർക്കും? ഒരു നന്ദിയും പ്രതീക്ഷിക്കാത്ത ഒരു വർഗമാണ് അദ്ധ്യാപകർ. അതെനിക്ക് നന്നായറിയാം.
Dr. Abraham Karickam
Subscribe to:
Post Comments (Atom)
No comments:
Post a Comment