Wednesday, 9 June 2021
യാത്രാപഥത്തിലെ താരകങ്ങൾ: ആറ്
പൊലോണപ്പൻ എന്ന മത്തായി
അല്പം കാശൊക്കെ ഉണ്ടാവുമ്പോൾ നമ്മൾ നല്ല ഒരു വീടു വയ്ക്കും. ചിലരൊക്കെ ആകാശകുസുമം എന്നൊക്കെ പേരും നൽകും. നമ്മുടെ കുടുംബവും തറവാടും ഏതെന്നു ഒരിക്കലും ആർക്കും പിടികിട്ടുകയില്ല. ഇത് ഞാൻ പറഞ്ഞത് കുടുംബചരിത്രവും കുടുംബമാഹാത്മ്യവും എന്നെ പഠിപ്പിച്ച മത്തായി അപ്പച്ചനെപ്പറ്റി പറയാനാണ്. എന്റെ വല്യപ്പച്ചൻ മുണ്ടയ്ക്കൽ ഉമ്മൻ ഇടിക്കുളയ്ക്കു അഞ്ചു മക്കൾ. നാലാണും ഒരു പെണ്ണും. മകളെ കുറ്റിയിൽ കുടുംബത്തിൽ കെട്ടിച്ചു വിട്ടു.
നാലാണ്മക്കളിൽ മൂത്തയാളാണ് മത്തായി. പുലമൺ മുകളിൽ വീട്ടിൽ നിന്ന് വിവാഹം കഴിച്ചു അവിടെ താമസമായതിനാൽ പുലമൺ അപ്പൻ എന്ന പെരുകിട്ടുകയും അത് ലോപിച്ചു പൊലോണപ്പൻ എന്നാവുകയും ചെയ്തു.. ബാക്കി മൂന്നുപേരും കരിക്കത്തു താമസമാക്കി. മൂന്നാമത്തെയാളാണ് ഇഞ്ചയ്ക്കൽ യോഹന്നാൻ എന്ന എന്റെ പിതാവ്. ഞങ്ങളുടെ കുടുംബപ്പേര് ഇഞ്ചയ്ക്കൽ എന്നാണെങ്കിലും ഒരു ശാഖ മുണ്ടയ്ക്കൽ എന്നും അറിയപ്പെട്ടു.
പുലമൺ അപ്പന്റെ രണ്ടാമത്തെ മകനെ " ഭീമൻ കുഞ്ഞുകുഞ്ഞു" എന്നാണ് കൊട്ടാരക്കരയിൽ എല്ലാവരും വിളിച്ചിരുന്നത്. അദ്ദേഹം സാക്ഷാൽ ഭീമൻ തന്നെയായിരുന്നു. നാട്ടിൽ ഇറങ്ങിയാൽ ഒരു പട്ടാളം വരുന്ന പ്രതീതിയായിരുന്നു.
മകൻ ഭീമനാണെങ്കിൽ അപ്പൻ എങ്ങിനെയായിരിക്കും എന്നൂഹിക്കാമെല്ലോ. വീരശൂര പരാക്രമ കഥകൾ പലതുണ്ട്. പക്ഷെ പറയാൻ പറ്റത്തില്ല.അപ്പന് എന്നോട് ഒരു പ്രത്യേക വാത്സല്യമൊക്കെ ഉണ്ടായിരുന്നു. കാരണം എല്ലാ കഥകളും ഞാൻ താൽപ്പര്യത്തോടെ കേട്ടിരിക്കുമായിരുന്നു എന്നതുതന്നെ.
എന്റെ ഉപ്പാപ്പന്റെ മകൻ അവറാച്ചായൻ അപ്പനെ ഒരിക്കൽ ഒന്നു പറ്റിച്ചു. ഞാൻ ഇഞ്ചയ്ക്കൽ കുടുംബചരിത്രം എഴുതിയിട്ടുണ്ടെന്നും അതിൽ "മത്തായിയുടെ ക്രൂരകൃത്യങ്ങൾ" എന്നപേരിൽ അപ്പനെപ്പറ്റി ഒരദ്ധ്യായമുണ്ടെന്നും തട്ടിവിട്ടു. അപ്പൻ ഉടനെ എന്റെ അടുത്തെത്തി അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു. വളരെ പാടുപെട്ടാണ് അന്ന് അപ്പനെ സമാധാനിപ്പിച്ചത്.
ഏതായാലും അപ്പൻ പറഞ്ഞുതന്ന കുടുംബചരിത്രമാണ് ഞാൻ പിൽക്കാലത്ത് രേഖപ്പെടുത്തിയത്. സുപ്രധാനമായ ഒരു കാര്യം അന്ന് പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ വയനാട്ടിലുള്ള കുടുംബാംഗങ്ങളെ എന്നേക്കുമായി ഞങ്ങൾക്കു നഷ്ടപെടുമായിരുന്നു.
എന്റെ വല്ല്യവല്ല്യപ്പൻ ഇടിക്കുള മാപ്പിളയുടെ സഹോദരൻ കുഞ്ചാണ്ടി മാപ്പിളയുടെ മക്കളെല്ലാം മലബാറിൽ എവിടെയോ ഉണ്ടെന്നും അതിലൊരാൾ വർഷത്തിലൊരിക്കലെങ്കിലും ഇവിടെ വരുമായിരുന്നു എന്നും അപ്പൻ പറഞ്ഞിരുന്നു.പക്ഷെ പിന്നീട് ആ ബന്ധം മുറിഞ്ഞുപോയി.അങ്ങിനെയെങ്കിൽ കുറഞ്ഞത് നൂറു വീട്ടുകാർ എങ്കിലും അവിടെ കാണുമെന്നും ഞങ്ങൾ ചിന്തിച്ചു. അന്നുമുതൽ അന്വേഷണവും തുടങ്ങി. ഞാൻ കോഴിക്കോട് മനോരമയിൽ ജോലി ചെയ്യുന്ന കാലത്തു പത്രങ്ങൾ എല്ലാം അരിച്ചുപെറുക്കി നോക്കുമായിരുന്നു. ഇഞ്ചയ്ക്കൽ എന്ന കുടുംബപ്പേര് എവിടെയെങ്കിലും കണ്ടിരുന്നെങ്കിൽ എന്നാശിച്ചുപോയി.
ഒരു പത്തുവർഷം മുൻപ് അതു സംഭവിച്ചു. വളരെ ആകസ്മികമായി വൈ.എം.സി.എ പ്രാർത്ഥനയ്ക്ക് വീട്ടിൽ വന്ന ഞങ്ങളുടെ കൊക്കാട്ട് വിളയിൽ പൊന്നമ്മാമ്മ ഭിത്തിയിൽ വലുതായി വരച്ചു വച്ചിരുന്ന എന്റെ അപ്പന്റെ പടം നോക്കി പറഞ്ഞു: " ഇതു കാട്ടിക്കുളത്തെ ഫിലിപ്പ് അച്ചായനെപ്പോലെ തന്നെ ഇരിക്കുന്നല്ലൊ". ഞങ്ങൾക്ക് അത്രയും മതിയായിരുന്നു. ആ തുമ്പിൽ പിടിച്ചു കയറി. വയനാട്ടിൽ കാട്ടികുളത്തും മറ്റു പലയിടങ്ങളിലുമായി താമസമുള്ള കുടുംബാംഗങ്ങളെ എല്ലാം ഞങ്ങൾ കണ്ടെത്തി.
കുറെ വർഷം മുൻപ് കരിക്കം ഇന്റർനാഷണൽ സ്കൂളിൽ വച്ച് സമ്പൂർണ്ണ കുടുംബയോഗം ഞങ്ങൾ നടത്തി. ബസ്സിലും കാറിലുമൊക്കെയായി അവർ എത്തി. അതുപോലെ ഞങ്ങൾ അങ്ങോട്ടും പോവുക പതിവാണിപ്പോൾ. മത്തായി അപ്പച്ചൻ കൃത്യമായി ആ വിവരം ഞങ്ങൾക്കു പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ ഒരു തീരാദുഃഖമായി അത് അവശേഷിച്ചേനെ. കുടുംബാംഗങ്ങളെ ഒരു ചങ്ങലയിലെ കണ്ണികളിലായി കോർത്തു നിറുത്താൻ കഷ്ടപ്പെടുന്ന ഇതുപോലെയുള്ള അപ്പച്ചന്മാരെയാണ് ഇന്നു നമ്മുക്ക് ആവശ്യം.
1982 - ൽ ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ പള്ളിയിലേക്കു പുറപ്പെടുംമുമ്പ് രണ്ടുകയ്യും തലയിൽ വച്ച് എന്നെ അനുഗ്രഹിച്ച പൊലോണപ്പനെ ഒരു നാളും മറക്കാനാവില്ല. ആ ഫോട്ടോ എന്റെ ആൽബത്തിലെ ഒരു പ്രധാന ഏടാണിന്നും.
എന്റെ വല്ല്യപ്പച്ചൻ ഉമ്മൻ ഇടിക്കുള മാതൃ ഇടവകയായ പട്ടമല പള്ളിയിലെയും പിന്നീട് കരിക്കം പള്ളിയിലെയും ആത്മായ ശുശ്രൂഷകനായിരുന്നു. പൊലോണപ്പൻ പട്ടമല പള്ളിയിലെ ട്രസ്റ്റി ആയിരുന്നപ്പോൾ പതിമൂന്നു കല്ല്യാണങ്ങൾ ഒരുമിച്ചു അവിടെ നടന്ന സംഭവമെല്ലാം പറയുമായിരുന്നു. ആ കൂട്ടത്തിൽ എന്റെ അപ്പനും ജ്യേഷ്ഠനുമുണ്ടായിരുന്നു. ആറുമാസത്തിലൊരിക്കലോ മറ്റോ അച്ചൻ വരുമ്പോൾ സമൂഹ വിവാഹം പോലെയായിരുന്നു അന്നത്തെ ചടങ്ങുകൾ.
അപ്പന്മാർ മിക്കപ്പോഴും ഞങ്ങളുടെ ഏതെങ്കിലും വീട്ടിൽ ഒത്തുകൂടുമായിരുന്നു. അന്നത്തെ സദസ്സുകൾ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിരുന്നു എന്നതു വലിയ ഭാഗ്യമായി. സഹോദര സ്നേഹം പഠിക്കാൻ ഞങ്ങൾക്കാർക്കും കൗൺസലിംഗ് ക്ലാസ്സുകളിൽ പോകേണ്ടിവന്നിട്ടില്ല. അപ്പച്ചന്മാരും അമ്മച്ചിമാരും ജീവിതം കൊണ്ട് ഞങ്ങളെ ഒരുപാട് പഠിപ്പിച്ചു.
ഒരായിരം നന്ദി.
Dr. Abraham Karickam
Subscribe to:
Post Comments (Atom)
No comments:
Post a Comment