Thursday, 10 June 2021
യാത്രാപഥത്തിലെ താരകങ്ങൾ - പതിനാല്
ഡോ. എം. എം തോമസ്
ലോകത്തിന്റെ ബൗദ്ധിക മണ്ഡലത്തിൽ ജ്വലിച്ചു നിന്ന ഒരു അസാധാരണ നക്ഷത്രമാണ് മഠത്തിപ്പറമ്പിൽ മാമ്മൻ തോമസ് എന്ന ഡോ. എം.എം തോമസ്. മുൻ നാഗാലാൻഡ് ഗവർണർ. അഖില ലോക സഭാ കൗൺസിലിൻറെ പ്രസിഡന്റ് പദവിയിലെത്തിയ മാർത്തോമ്മാക്കാരൻ എന്ന നിലയിലാണ് നമുക്ക് അദ്ദേഹം പ്രിയങ്കരനായത്.
വിദ്യാർത്ഥിയായിരുന്ന കാലത്തു കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജിൽ നടന്ന എസ്.സി.എം ന്റെ ഒരു സംസ്ഥാന ക്യാമ്പിൽ വച്ചാണ് അദ്ദേഹത്തെ ഞാൻ ആദ്യം കാണുന്നത്. അന്നദ്ദേഹം WCC പ്രസിഡന്റായി ജ്വലിച്ചു നിൽക്കുന്ന സമയമാണ്. വളരെ ആകർഷകമായ അദ്ദേഹത്തിന്റെ സംസാര രീതി അന്നേ എനിക്കിഷ്ടമായി.
മാർത്തോമ്മാ സഭയിൽ ഒരു പട്ടക്കാരനാകാൻ ആഗ്രഹിച്ച യുവാവായിരുന്നു. പക്ഷെ അദ്ദേഹം കമ്യൂണിസ്ററ് ചിന്താഗതിക്കാരനാണെന്ന് കമ്മറ്റിക്കാർ കണ്ടെത്തി. മനോരമയിൽ ഞങ്ങളുടെ ട്രെയിനിംഗിന്റെ ചുമതലമുണ്ടായിരുന്ന ടി.കെ.ജി നായർ പണ്ടു പറഞ്ഞ ഒരു കാര്യം ഞാനെന്നും ഓർക്കാറുണ്ട്. "അവൻ തെമ്മാടിയും, ആഭാസനും, സർവോപരി കമ്യൂണിസ്റ്റുമാണെന്നു പറയുന്ന കാലത്താണ് ഞങ്ങളൊക്കെ കമ്യൂണിസ്ററ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്". അന്നത്തെ നമ്മുടെ കമ്മറ്റിക്കാരുടെ മുമ്പിൽ ചെന്നുപെട്ട എം.എം. തോമസ് എന്ന ചെറുപ്പക്കാരനെ അവർ പൊരിച്ചു കാണും.
എന്നാൽ കമ്യൂണിസ്ററ് പാർട്ടിയിലും അദ്ദേഹത്തിനു അംഗത്വം ലഭിച്ചില്ല. കാരണം ക്രിസ്തുവിലുള്ള അഗാധമായ വിശ്വാസവും സമർപ്പണവും. അതു ഒരുനാളും കൈവിടാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ വളർന്നാണ് ലോക എക്യുമെനിസത്തിന്റെ കൊടുമുടിയിലേക്കു അദ്ദേഹം നടന്നുകയറിയത്.
അകലെ നിന്നു മാത്രം അറിഞ്ഞ ആ വ്യക്തിത്വത്തെ ഞാൻ അടുത്തറിയുന്നത് തിരുവല്ല കോളേജിൽ എത്തിയശേഷമാണ്. അദ്ദേഹത്തിന്റെ തറവാടായ പെണ്ണമ്മ ഭവനത്തിൽ ചില സായാഹ്ന സമ്മേളനങ്ങൾ നടക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാനും പങ്കാളിയായി. പൊതുവെ ഇടതുപക്ഷ ചിന്താഗതിക്കാരും പിന്നെ വിമോചന ദൈവ ശാസ്ത്രത്തിന്റെ വക്താക്കളും, പരിസ്ഥിതി സ്നേഹികളും എല്ലാമായി ഒട്ടേറെപ്പേർ എപ്പോഴും തോമാച്ചൻ എന്ന ബിന്ദുവിനു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. ലോക കാര്യങ്ങളെപ്പറ്റിയൊക്കെ അദ്ദേഹം മനസ്സ് തുറക്കുമ്പോൾ കേട്ടിരിക്കുന്നത് അത്യന്തം ഹൃദ്യമായ ഒരനുഭവമായിരുന്നു. തെസെ കമ്മ്യൂണിറ്റിയുടെ ആളാണു ഞാനെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിനു വലിയ സന്തോഷമായിരുന്നു.
അഖിലലോക സഭാ കൗൺസിലിൻറെ ജനീവ ഓഫീസുമായി ബന്ധപ്പെട്ടതിനുശേഷമാണ് ശരിക്കുള്ള എം.എം. തോമസിനെ ഞാനറിയുന്നത്. WCC ലൈബ്രറിയിൽ ചെന്നാൽ അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളുടെ ഒരു കൂമ്പാരം കാണാം . ഏഷ്യൻ വേദശാസ്ത്രരംഗത്തെ കുലപതിയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് ലോകം എന്തുമാത്രം പ്രാധാന്യം കൊടുത്തിരുന്നു എന്നത് നമ്മെ അതിശയിപ്പിക്കുന്ന കാര്യമാണ്. അദ്ദേഹം രചിച്ച “Risking Christ for Christ Sake” എന്ന പുസ്തകം ഞാൻ ആഴത്തിൽ പഠിച്ച പുസ്തകങ്ങളിൽ ഒന്നുമാത്രം.
ജനീവയിലെ ബോസെ എക്യുമെനിക്കൽ ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുന്നകാലത്തു അദ്ദേഹത്തെ ഒരു ക്ലാസ്സിനായി ഞങ്ങൾ ക്ഷണിച്ചുകൊണ്ടുവന്നു. അന്ന് അമേരിക്കയിലെ പ്രിൻസ്റ്റൻ സെമിനാരിയിൽ പഠിപ്പിച്ചതിനുശേഷം മടങ്ങുന്ന വരവിലാണ് അദ്ദേഹത്തെ ഞങ്ങൾക്ക് കിട്ടിയത്. തുടർന്ന് WCC ആസ്ഥാനത്തു നടന്ന മീററിംഗുകളിലും എന്നെയും ഒപ്പം കൂട്ടി. "ക്രൈസ്തവ ധർമ്മാന്വേഷണ പര്യടനം" എന്ന അദ്ദേഹത്തിന്റെ ആത്മകഥ നമുക്ക്
ആവേശം പകരുന്ന ഒരു പുസ്തകമാണ്. അതോടൊപ്പം "My Ecumenical Journey" എന്ന ബൃഹത്തായ ഇംഗ്ലീഷ് പുസ്തകവും. ജീവിതാന്ത്യം വരെയും ഒരു വിദ്യാർത്ഥിയായിരിക്കുന്നതെങ്ങനെ എന്ന് അദ്ദേഹം നമുക്ക് വെളിവാക്കിത്തരും. ഹോമറെ കണ്ടെത്തിയപ്പോൾ ചാപ്മാൻ എന്ന എഴുത്തുകാരനുണ്ടായ സന്തോഷത്തെപ്പറ്റി ജോൺ കീറ്റ്സ് പാടിയിട്ടുണ്ട്. അതുപോലെയാണ് ജീവിത സമസ്യകൾക്കുത്തരം തേടി ലോക ലൈബ്രറികളിലൂടെ വിജ്ഞാന കുതുകിയായ എം.എം. തോമസ് ഒഴുകിനടന്നത്.
സഭയിലെ ഒരു പട്ടക്കാരനാകാൻ കഴിയാതിരുന്ന അദ്ദേഹം ലോക സഭകളുടെ പ്രസിഡന്റായപ്പോൾ അത് ഒരു കാവ്യ നീതിയുടെ സാക്ഷാത്കാരമായിരുന്നു. ഒന്നോർത്താൽ അദൃശ്യമായ ഒരു പ്രാപഞ്ചിക ശക്തിയുടെ ഓളങ്ങളിലൂടെയല്ലേ നമ്മുടെ യാത്ര?. നമുക്ക് അർഹതപ്പെട്ടത് ആർക്കും നിഷേധിക്കാനാവില്ല. കാലത്തിന്റെ തിരകളിലൊഴുകി നാം അവിടെയെത്തും.
പഠനം ഒരു തപസ്യയാക്കി മാറ്റിയ ഡോ. എം.എം. തോമസ് യുവജനതയുടെ ആവേശമായിരുന്നു. തനിക്കുള്ളതെല്ലാം ആ സമ്പന്നതക്കുവേണ്ടി സംഭാവന നൽകിയിട്ടാണ് അദ്ദേഹം മണ്മറഞ്ഞത്. പെണ്ണമ്മ ഭവനം ഇന്നും പ്രഭാപൂരിതമായി നിലനിൽക്കുന്നതും അതുകൊണ്ടാണ്.
ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പതിമൂന്ന്
ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത
യൂറോപ്യൻ - അമേരിക്കൻ പര്യടനം കഴിഞ്ഞെത്തിയപ്പോഴേക്കും ഞാൻ തൊഴിൽ രഹിതനായി. മൂന്നു ജോലികൾ ഇതിനകം നഷ്ടമായി. എന്നാൽ മൂന്നു വഴികൾ വേറെ തുറന്നുകിട്ടി. എം.എ യ്ക്കു എന്റെ സഹപാഠിയായിരുന്ന സിറിയക് കുര്യൻ കളരിക്കൽ ദീപികയുടെ എറണാകുളം ബ്യുറോ ചീഫായിരുന്നു. അവന്റെ പിതാവ് കൊല്ലം ജില്ലാ ജഡ്ജിയായിരുന്ന കുരിയൻ സാറാണ് എനിക്ക് ആദ്യ പാസ്പോർട്ട് അപേക്ഷ ഒപ്പിട്ടു തന്നത്. സിറിയക് അമേരിക്കയിലും നാട്ടിലുമായി ഇപ്പോൾ സസുഖം വാഴുന്നു.
അവൻ പറഞ്ഞതനുസരിച്ച് ഞാൻ കോട്ടയത്ത് ദീപികയിലെത്തി ചീഫ് എഡിറ്റർ നടയ്ക്കൽ അച്ചനെ കണ്ടു. ചെന്നു, കണ്ടു, കീഴടക്കി. പിറ്റേദിവസം മുതൽ ഞാൻ ദീപികയിൽ എഡിറ്റോറിയൽ ബോർഡ് അംഗം. ആറുമാസം കഴിഞ്ഞപ്പോൾ ബാംഗ്ലൂർ ECC - യിൽ നിന്ന് ഒരു വിളിവന്നു. എം.എ തോമസ് അച്ചൻ പറഞ്ഞിട്ടാണ്. ഉടൻ തന്നെ തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്ന് ഇന്റർവ്യൂ കത്തും വന്നു.
അങ്ങനെ ഡോ. അലക്സാണ്ടർ മാർത്തോമ്മായുടെ സവിധത്തിലെത്തി. അന്ന് ഞാൻ സഭാ മണ്ഡലത്തിൽ അംഗമായിക്കഴിഞ്ഞിരുന്നു. എനിക്ക് ഒന്നാം റാങ്കു ലഭിച്ചതിനാൽ പിറ്റേദിവസം തന്നെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ചേരണമായിരുന്നു. ഷിഫ്ട് സമ്പ്രദായം നിലവിലുള്ള കാലമായിരുന്നു അത്.
പിന്നീട് ദീർഘ വർഷങ്ങൾ ഞങ്ങളുടെ മാനേജരായിരുന്ന വലിയ തിരുമേനിയോടൊപ്പം പ്രവർത്തിക്കേണ്ടി വന്നു. തുടർന്ന് ഞാൻ സഭാ കൗൺസിൽ അംഗമായതോടെ എന്റെ പ്രവർത്തന മേഖല മിക്കവാറും സഭയും കോളേജുമായിത്തീർന്നു. പിന്നെ എക്യുമെനിക്കൽ രംഗങ്ങളും.
ഇത്രയും സാത്വികനും തത്വയികനുമായ ഒരു തിരുമേനിയെ ഞാൻ മറ്റെങ്ങും കണ്ടിട്ടില്ല. അഖില ലോക സഭാ കൗൺസിലിൻറെ വേദികളിൽപ്പോലും. സ്വന്തമായി നാലോ അഞ്ചോ കുപ്പായമുണ്ട്. അതു തനിയെ കഴുകും. പൂലത്തീനിൽ പശുവുണ്ട്. അതിന്റെ പാൽ മതി. മരിക്കും വരെ പഴയ അംബാസഡർ കാറിൽ യാത്ര.
ഒരുപാടു കാര്യങ്ങൾ തിരുമേനിയുടെ ജീവിതത്തിൽ നിന്നും പഠിക്കാനുണ്ടായിരുന്നു. ഏതു മീററിംഗിലായാലും പത്തുമിനിട്ടിലധികം പ്രസംഗിച്ചു കണ്ടിട്ടില്ല. അത്യാവശ്യ വാക്കുകൾ മാത്രം അളന്നു കുറിച്ചു പറയും. സഭാ കൗൺസിലിലും മണ്ഡലത്തിലും ശാന്തനായി എല്ലാം കേട്ടിരിക്കും. ഒടുവിൽ ഒരു തീരുമാനം പറയും.
മാർത്തോമ്മാ കോളേജിന്റെ ആദ്യ പ്രിൻസിപ്പലായതു മുതൽ അത് തിരുമേനിയുടെ ജീവിതത്തിന്റെ ഭാഗമായി. 1948 - ൽ അമേരിക്കയിൽ പഠിക്കാൻ പോയപ്പോൾ ന്യൂയോർക്കിൽ രണ്ടു മാർത്തോമ്മാക്കാരേ ഉണ്ടായിരുന്നുള്ളു എന്നു തിരുമേനി പറഞ്ഞിട്ടുണ്ട്. ഞായറാഴ്ച്ചകളിൽ ആംഗ്ലിക്കൻ പള്ളികളിൽ പോയി പ്രസംഗിച്ചപ്പോൾ ലഭിച്ച പത്തു ഡോളർ വീതം ചേർത്തുവച്ചാണ് കോളേജിലെ സ്റ്റേഡിയത്തിനുള്ള പണമുണ്ടാക്കിയതെന്ന് ഒരിക്കൽ ഓർമ്മിപ്പിച്ചു. ബ്രെഡും പീനട്ട് ബട്ടറും കഴിച്ചു പണം സമ്പാദിച്ച വിധവും പറഞ്ഞുതന്നു.
എന്നെ ഏറെ സ്വാധീനിച്ചത് തിരുമേനിയുടെ ഭഗവത്ഗീതാ പഠനമായിരുന്നു. വിശ്വരൂപ ദർശനത്തെ ആധാരമാക്കി പ്രബന്ധമെഴുതി ഡോക്ടറേറ്റ് സമ്പാദിച്ചു. ശാസ്താംകോട്ട ലോക മത സമ്മേളനത്തിൽ പോയതിന്റെ പേരിൽ ഒരുപാടാക്രമണം അന്ന് നേരിട്ടു. പിന്നീട് സഭയും സമൂഹവും എത്രയോ മുന്നേറി! മുമ്പേ പറക്കുന്ന പക്ഷികൾക്കു മിക്കപ്പോഴും നിന്ദയും പരിഹാസവും മാത്രം.
കൊട്ടാരക്കര കൺവൻഷന്റെ ആരംഭം മുതൽ എല്ലാവർഷവും പങ്കെടുത്ത ഒരേ ഒരു തിരുമേനിയായിരുന്നു. അതുപോലെ മാർത്തോമ്മാ സ്റ്റുഡന്റസ് കോൺഫറൻസുകളിൽ നിറസാന്നിദ്ധ്യം.
സ്റ്റുഡന്റസ് കോൺഫറൻസിന്റെ പദ്ധതിയായി ഇരുപത്തിയേഴു വർഷം മുമ്പ് ഞങ്ങൾ കൊട്ടാരക്കരയിൽ ഒരു ഡയലോഗ് സെന്റർ തുടങ്ങിയപ്പോൾ തിരുമേനിയുടെ പേരു നൽകി. അനേകം അന്താരാഷ്ട്ര പഠന പരിപാടികൾക്കു അതു വേദിയായി.
ഇന്ത്യയിൽ ആദ്യമായി കോളേജുകൾക്ക് ഇന്ത്യാ ഗവണ്മെന്റ് അക്രഡിറ്റേഷൻ ആരംഭിച്ചപ്പോൾ ഞങ്ങൾ ചാടിവീണു. പക്ഷെ പലകോണിൽ നിന്നും എതിർപ്പുണ്ടായി. സഭാ മണ്ഡലത്തിൽ വിഷയം കത്തികയറിയപ്പോൾ തിരുമേനി പ്രഖ്യാപിച്ചു: "ഞാൻ പറഞ്ഞിട്ടാണ് അവർ മുന്നോട്ടുപോകുന്നത്". ഞങ്ങൾക്ക് അത്രയും മതിയായിരുന്നു. അങ്ങനെ ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തേയും അക്രഡിറ്റഡ് കോളേജായി തിരുവല്ല കോളേജ് ഉയർന്നു ശോഭിക്കുന്നു.
വലിയ ഒരു കുടുംബത്തിൽ ജനിച്ചു ഒരുപാടു കഷ്ടപ്പാടുകൾ കണ്ടു വളർന്ന തിരുമേനിയുടെ ജീവിതം നമുക്ക് ഒരു വലിയ പാഠപുസ്തകമായിരുന്നു. ഇത്ര നല്ല ഒരു ടീം ലീഡറെ കണ്ടുകിട്ടുക പ്രയാസം. "ദൈവ കൃപയുടെ തണലിൽ" ആ ജീവിതം തഴച്ചു വളർന്നു.( അതാണു തിരുമേനിയുടെ ആത്മകഥയുടെ പേര്).
സഭയിൽ അദ്ധ്യാപകനാകാൻ കൊതിച്ചിട്ട് നടക്കാതെ പോയ കഥ തിരുമേനി പറഞ്ഞിട്ടുണ്ട്. ഒടുവിൽ സി.എസ്.ഐ സ്കൂളിൽ ജോലി ചെയ്തു. പിന്നീടു പട്ടക്കാരനാകാൻ യൂഹാനോൻ തിരുമേനി ക്ഷണിച്ചപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത് എന്നു പറഞ്ഞു. അതിനുശേഷം പ്രാർത്ഥിച്ചു ദൈവ വിളിക്കു കീഴ്പ്പെട്ടു. ഒരിക്കൽ ഞാൻ തിരുമേനിയെപ്പറ്റി എഴുതിയ ലേഖനത്തിന് "Amazing Grace"എന്നാണ് പേരിട്ടത്. സത്യമാണ്. തിരുമേനി ഇന്നും എനിക്കൊരു വിസ്മയമായി ശോഭിക്കുന്നു.
ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പന്ത്രണ്ട്
റവ. എം. എ തോമസ്
ഒരു മഹാപ്രസ്ഥാനം ഒരു വ്യക്തിയുടെ നിഴലാണെന്ന് അമേരിക്കൻ തത്വ ചിന്തകനായ റാൽഫ് വാൾഡോ എമേഴ്സൺ പറഞ്ഞിട്ടുണ്ട്. ബാംഗ്ലൂർ വൈറ്റ് ഫീൽഡിലുള്ള എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ (ECC) റവ. എം. എ തോമസ് എന്ന ഒരു മഹാനായ പട്ടക്കാരന്റെ വിയർപ്പിന്റെ ഫലമാണ്. 1963 - ൽ ആരംഭിച്ച ഈ പ്രസ്ഥാനം ഏഷ്യയുടെ ബൗദ്ധിക മണ്ഡലത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള ഒരു പഠന കേന്ദ്രമാണ്.1963 - ൽ 29 ഏക്കർ സ്ഥലം സ്വന്തമാക്കി ഒരു വലിയ സ്ഥാപനം അച്ചൻ കെട്ടിപ്പടുത്തു. അതി മനോഹരമായ കാമ്പസ്സിൽ ലളിതസുന്ദര നിർമ്മാണം.
എം.എ കഴിഞ്ഞു നിൽക്കുന്ന കാലത്താണ് അവിടം ഞാൻ ആദ്യം സന്ദർശിക്കുന്നത്. പിന്നീട് കോഴിക്കോട് മനോരമയിൽ ജോലി ചെയ്യുമ്പോഴും ഒരിക്കൽ അവിടേക്കു പോയി. ആർക്കും പോയി താമസിച്ചു പഠിക്കാൻ അവസരമൊരുക്കുന്ന സെന്ററാന്നെന്നു എന്റെ വികാരിയായിരുന്ന സി.ഇ തോമസ് അച്ചനാണ് ആദ്യം എന്നോട് പറഞ്ഞത്. പിൽക്കാലത്തു നിരന്തരം അവിടേക്കു യാത്ര ചെയ്യേണ്ടി വന്നു എന്നതാണ് സത്യം.
ആദ്യ യാത്രയിൽത്തന്നെ എം.എ തോമസ് അച്ചൻ എന്റെ മനം കവർന്നു. ഒരു ഗർവ്വുമില്ല. മഹൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണെന്ന ഭാവമേയില്ല. വെറും ഒരു വിദ്യാർത്ഥി മാത്രമായിരുന്ന എന്നെ ഓഫീസിൽ വിളിച്ചിരുത്തി ദീർഘനേരം പലവിഷയങ്ങൾ സംസാരിച്ചു. മാർക്സിയൻ താത്വയികാവലോകനത്തിന്റെയും എക്യുമെനിസത്തിന്റെയും സരണികളിൽ കൂടിയാണ് അച്ചന്റെ മനസ്സ് സഞ്ചരിക്കുന്നത്. ഏതു സമയത്തും ECC യിലേക്ക് വരാമെന്നും പഠനങ്ങൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു.
വിശാലമായ ലൈബ്രറിയും ഹോസ്റ്റലുകളും ആഡിറ്റോറിയവും ക്വർട്ടേഴ്സുകളും എല്ലാമായി പരന്നുകിടക്കുന്ന സെന്റർ ഏഷ്യയിലെ എത്രയോ പഠന സമ്മേളനങ്ങൾക്കു വേദിയായിരിക്കുന്നു. വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ നിന്ന് ഉൾപ്രേരണയാൽ നമ്മൾ എപ്പോഴോ ആത്മസാഷാത്കാരത്തിന്റെ വഴി തേടിപ്പോകാനിടയാവുന്നു. അത് നാമറിയാതെ തന്നെ നമ്മെ ഉന്നതികളിലെത്തിക്കുന്നു. അതാണ് തന്റെ ജീവിതത്തിലും സംഭവിച്ചതെന്ന് എം.എ തോമസ് അച്ചൻ എന്നെ പഠിപ്പിച്ചു. മാർത്തോമ്മാ സഭയിലെ പട്ടത്വത്തിന്റെ സാധാരണ സരണിയിൽ നിന്നാണ് അദ്ദേഹം മാറി ഒഴുകിയത്.
1946 - ൽ സ്വിറ്റ്സർലണ്ടിൽ ആരംഭിച്ച ബൊസെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എക്യുമെനിക്കൽ പഠനരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു സ്ഥാപനമാണ്. ഏതാണ്ട് അതേ മോഡലിലാണ് എം.എ തോമസ് അച്ചൻ ഇ.സി.സി യും പടുത്തുയർത്തിയത്.
1987 ൽ ആറുമാസത്തെ അവധിയെടുത്ത് ബൊസെയിലെ ഗ്രാഡുവേറ്റ് സ്കൂളിൽ പോകാൻ എന്നെ പ്രേരിപ്പിച്ചത് ECC ആണെന്നതാണ് സത്യം. എന്റെ ജീവിതത്തെ പലരീതിയിലും മാറ്റിമറിച്ച ഒരു യാത്രയായിരുന്നു അത്. WCC യുടെ ഡയലോഗ് യൂണിറ്റിന്റെ സഹയാത്രികനായി ഞാൻ മാറിയത് അവിടെ വച്ചാണ്.അതിനു കാരണഭൂതനായത് അന്നത്തെ ഡയറക്ടറായിരുന്ന ശ്രീലങ്കക്കാരൻ ഡോ. വെസ്ലി അരിയരാജയും. ഏതാണ്ട് നാല്പതു രാജ്യങ്ങളിൽ നിന്നുള്ള അറുപത്തിനാല് വിദ്യാർത്ഥികളോടൊപ്പമുള്ള പഠനാനുഭവങ്ങൾ പുസ്തകത്താളുകളിൽ നിന്ന് നേടുന്ന വിജ്ഞാനത്തെപ്പോലെയാവില്ലല്ലൊ.
ഡിഗ്രി എടുത്തു കഴിയുമ്പോൾ അവസാനിക്കുന്ന ഒരു പ്രക്രിയയല്ല വിദ്യാഭ്യാസം എന്ന് ഞാൻ പഠിച്ചത് ഇതുപോലെയുള്ള പഠന കേന്ദ്രങ്ങളിലൂടെയാണ്. അറിവിന്റെ അനന്തമായ സാദ്ധ്യതകൾ നമുക്ക് മുമ്പിൽ തുറന്നുകിട്ടുന്നു. താരതമ്യ സാഹിത്യത്തിൻറെ ചക്രവാളത്തിൽ ഒതുങ്ങിക്കിടന്ന എന്റെ ലോകം ക്രമേണ താരതമ്യ മത പഠനത്തിന്റെയും വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരസ്പരിക അവലോകനത്തിന്റെയും സീമകളിലേക്കു വ്യാപരിച്ചതു ഇത്തരം കേന്ദ്രങ്ങളിൽ വച്ചാണ്.
കാലാകാലങ്ങളിൽ ECC ഡയറക്ടർമാരായി വന്നവരെല്ലാം എം.എ തോമസ് അച്ചൻ തെളിച്ച വഴിയേ തലമുറകളെ നയിച്ചുകൊണ്ടിരിക്കുന്നു. എം.ജെ ജോസഫ് അച്ചൻ ഡയറക്ടർ ആയിരുന്നപ്പോൾ ഞാൻ നിത്യസന്ദർശകനായിരുന്നു (അതു പിന്നീട് പറയാം.). ഏഷ്യൻ സ്റ്റഡി സെന്ററുകളുടെ നായകത്വവും ECC ക്കുണ്ട് എന്നുപറഞ്ഞാൽ തെറ്റില്ല. ഇപ്പോഴത്തെ ഡയറക്ടർ ചന്ദ്രക്കുന്നേൽ അച്ചനാണ് ഏഷ്യൻ കൂട്ടായ്മയായ അസിസ്കയുടെയും ജനറൽ സെക്രട്ടറി.
ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പതിനൊന്ന്
ശ്രീ. കെ. എം മാത്യു
കേരളാ യൂണിവേഴ്സിറ്റിയിലെ എന്റെ ആദ്യ നിയമനം യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിൽതന്നെ പ്രവർത്തിക്കുന്ന ലൈബ്രറി സയൻസ് ഡിപ്പാർട്മെന്റിലായിരുന്നു. അങ്ങനെ ഞാൻ വീണ്ടും പുസ്തകങ്ങളുടെ ലോകത്തു് സമർപ്പിക്കപ്പെട്ടു. വളരെ കണിശ്ശക്കാരനും സ്ഥിരോത്സാഹിയുമായ
കെ. എ ഐസക് സാറായിരുന്നു ലൈബ്രേറിയൻ. കുറെ കഴിഞ്ഞപ്പോൾ എനിക്ക് സെക്രട്ടറിയേറ്റിൽ റവന്യു വകുപ്പിൽ ജോലി ലഭിച്ചു. ഏറെ താമസിയാതെ മലയാള മനോരമയുടെ എഡിറ്റോറിയൽ ട്രെയിനി ആകാൻ വേണ്ടി അതും രാജി വച്ചു.
കോട്ടയത്തെ മൂന്നു മാസത്തെ പരിശീലനവും തിരുവനന്തപുരത്തു് ചുമ്മാർ സാറിന്റെ കീഴിൽ ബ്യുറോ ട്രെയിനിങ്ങും കഴിഞ്ഞു് കോഴിക്കോട് യുണിറ്റിലേക്കാണ് എന്നെ നിയോഗിച്ചത്. അന്നത്തെ വലിയ പത്രാധിപന്മാരായിരുന്ന ടി. കെ. ജി. നായർ, വി.കെ ബി. നായർ കുര്യൻ പാമ്പാടി , ജോയി തിരുമൂലപുരം , ടി. വി . ആർ ഷേണോയി തുടങ്ങിയവരെല്ലാം ഞങ്ങൾക്ക് ക്ലാസ് എടുക്കുമായിരുന്നു.
എന്നാൽ എന്നെ ഏറെ ആകർഷിച്ചത് മുഖ്യ പത്രാധിപരായിരുന്ന കെ എം മാത്യു എന്ന മാത്തുകുട്ടിച്ചായൻ തന്നെയായിരുന്നു. കൊട്ടാരക്കര യൂണിയൻ ബാലജനസഖ്യം രക്ഷാധികാരിയായിരുന്നതിനാൽ നേരത്തെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. 93 വർഷങ്ങൾക്കു മുമ്പാരംഭിച്ചു കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറിയ അഖില കേരളം ബാലജനസഖ്യത്തിന്റെ ഒന്നാമത്തെ അംഗം എന്ന നിലയിൽ അദ്ദേഹം ഞങ്ങൾക്ക് ആരാധ്യനായിരുന്നു.
മനോരമയിൽ നിന്ന് ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു. കെ. എം മാത്യുവിനെ ആരും മാത്യു സാർ എന്നുവിളിച്ചില്ല. എല്ലാവർക്കും മാത്തുകുട്ടിച്ചായനായ അദ്ദേഹം ഒരൊറ്റ കുടുംബമായി സകലരെയും ചേർത്ത് നിർത്തി. ആരെയും ആകർഷിക്കുന്ന വശ്യമായ പുഞ്ചിരിയോടെ അദ്ദേഹം എല്ലാവരെയും കീഴ്പെടുത്തുകയായിരുന്നു.
മനോരമ സ്ഥാപകനായ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സാഹസികതയും ദീർഘവീക്ഷണവും നമ്മെ അമ്പരപ്പിക്കും. നൂറു പേരിൽ നിന്ന് നൂറു രൂപ വീതം ഷെയറായി വാങ്ങി അതിന്റെ ആദ്യ ഗഡു കൊണ്ട് ലണ്ടനിൽ നിന്നും ഹോപ്കിൻസൻ ആൻഡ് കോപ്പ് എന്ന ചെറിയ പ്രസ്സ് വാങ്ങാൻ അദ്ദേഹം കാണിച്ച ഉത്സാഹം ആ പ്രസ്ഥാനത്തിന്റെ വളർച്ചയിലെ നാഴികക്കല്ലായിരുന്നു.
ഹെഡ് ക്വാർട്ടേഴ്സിൽ മനോരമ കുടുംബത്തിന്റെ ഒരു ചിത്രം വരച്ചു വച്ചിട്ടുണ്ട്. കണ്ടത്തിൽ എന്ന ഒരു തായ്മരവും ശാഖോപശാഖകളായി പടർന്നു പന്തലിച്ചു കിടക്കുന്ന കുടുംബ ശേഖരങ്ങളും. കുടുംബത്തിലെ കണ്ണികൾ ചോർന്നു പോകാതെ അവർ ശ്രദ്ധിക്കുന്നു.
മാത്തുകുട്ടിച്ചായന്റെ ആത്മകഥയുടെ പേര് "എട്ടാമത്തെ മോതിരം " എന്നാണ്. ഭാര്യ മരിച്ചപ്പോൾ അവരുടെ മാല കൊണ്ട് എട്ടു മോതിരങ്ങളുണ്ടാക്കി എട്ടുമക്കൾക്കു നൽകിയ കെ . സി മാമ്മൻ മാപ്പിള എന്ന പിതാവിനെ നമുക്കിവിടെ കാണാം.
മാമ്മൻ മാപ്പിള പഠിപ്പിച്ച വലിയ ഒരു പാഠത്തെപ്പറ്റി മാത്തുകുട്ടിച്ചായൻ പറയുന്നുണ്ട്. നമ്മൾ തുടങ്ങുന്ന എല്ലാ പ്രസ്ഥാനങ്ങളും വിജയിക്കണമെന്നില്ല. പലതും പരാജയപ്പെടുമ്പോൾ ഏതെങ്കിലും ഒന്ന് വിജയിക്കും. മറ്റു നഷ്ടങ്ങളെല്ലാം ഇത് നികത്തി തരും. പരിശീലനത്തിനിടെ ചിലപ്പോഴൊക്കെ ഞങ്ങളെ കാണുമ്പോൾ അദ്ദേഹം പറഞ്ഞു തന്ന ഇത്തരം പാഠങ്ങളാണ് ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നത്.
മനോരമയിൽ നിന്ന് ഞാൻ പഠിച്ച മറ്റൊരു വലിയ പാഠമുണ്ട്. സർ സി. പി യുടെ കാലത്തു പത്രം അടച്ചു പൂട്ടി മുദ്ര വച്ചു. ഒൻപതു വർഷം അങ്ങനെകിടന്നു. സ്വതന്ത്ര ഇന്ത്യയിലാണ് പിന്നെ അതിനു പുനർജനി സംഭവിച്ചത്.
വ്യക്തികൾക്കുള്ളതുപോലെ പ്രസ്ഥാനത്തിനും ആയുസ്സു നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉള്ളിൽ ജീവനുള്ള പ്രസ്ഥാനങ്ങളെ ഏതു ശക്തി വിചാരിച്ചാലും തകർക്കാനാവില്ല. അതിന്റെ നാമ്പുകൾ തഴച്ചു കൊണ്ടേയിരിക്കും.
ഒരു വർഷത്തെ യൂറോപ്പ് അമേരിക്കൻ പര്യടനത്തിന് തെസെ കമ്മ്യൂണിറ്റി വിളിച്ചപ്പോഴാണ് ഞാൻ മനോരമയിലെ ജോലി ഉപേക്ഷിച്ചു പോയത്. ലോകം കാണാനുള്ള മോഹമായിരുന്നു. എങ്കിലും നമ്മൾ ബന്ധപ്പെടുന്ന ഓരോ പ്രസ്ഥാനവും അവയെ നയിക്കുന്ന വലിയ വ്യക്തിത്വങ്ങളും നമ്മളിൽ വലിയ സ്വാധീനമായി വളരും. നമ്മുടെ യാത്രാപഥങ്ങളെ ജാജ്വല്യമാനമാക്കുന്നതു ഇത്തരം ദീപസ്തംഭങ്ങളാണ്. എന്നും.
ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - പത്ത്
ബ്രദർ റോജർ
അറുപതുകളിലും എഴുപതുകളിലുമായി രണ്ടു ദശകങ്ങൾ നീണ്ട വിദ്യാഭ്യാസ കാലഘട്ടത്തിൽ എന്നെ സ്വാധീനിച്ച മഹൽ വ്യക്തിത്വങ്ങളെ പറ്റിയാണ് ഞാൻ ഇത് വരെ പറഞ്ഞത്.1978 – ൽ കേരളാ യൂണിവേഴ്സിറ്റി ഓഫീസിൽ ചേർന്നതോടെ എന്റെ ഔദ്യോഗിക കാലഘട്ടം ആരംഭിക്കുകയായി. 1975 - ൽ കണ്ടുമുട്ടിയ ഒരു ആസാധാരണ വ്യക്തിയെ കൂടി പറയുമ്പോൾ ഒന്നാം ഘട്ടം പൂർത്തിയാകും.
1975 - ൽ കൊല്ലം ഫാത്തിമാ കോളജിൽ എം. എ ഇംഗ്ലീഷ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഫ്രാൻസിലെ തെസെ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയിലേക്കു അവർ എന്നെ ക്ഷണിച്ചത്. കരിക്കം എസ്. ഡി .എ സ്കൂളിൽ പഠിക്കുന്ന കാലത്തു് അവിടെ ഒരു ദിവസം ഇന്റർ നാഷണൽ പ്രസിഡന്റ് അതിഥിയായെത്തി. ഹട്ടൻ മാസ്റ്റർ അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞു അദ്ദേഹം നൂറു രാജ്യങ്ങൾ ചുറ്റി വരുന്ന ആളാണെന്ന്. ലോകം ഒരു തവണ എങ്കിലും ചുറ്റി കറങ്ങണമെന്ന മോഹം അന്നേ തുടങ്ങിയതാണ്. അതിന്റെ ആദ്യ സന്ദർഭം ഇവിടെ സമാഗതമായി. പഠനം നഷ്ടപെടുന്നതൊന്നും ഞാൻ കാര്യമാക്കിയില്ല. നേരെ ഫ്രാൻസിന് വിമാനം പിടിച്ചു.
ആ യാത്രയുടെ അവിസ്മരണീയ മുഹൂർത്തങ്ങളെ പറ്റിയെല്ലാം " എന്റെ ഭൂഖണ്ഡാന്തര യാത്രകൾ - പഠനാനുഭവങ്ങൾ " എന്ന കൃതിയിൽ ഞാൻ വിവരിച്ചിട്ടുണ്ട്. എന്റെ ജീവിത വീക്ഷണത്തെ സാരമായി സ്വാധീനിച്ച ബ്രദർ റോജർ എന്ന മഹാനെ പറ്റി മാത്രമാണ് ഇവിടെ പറയാനുദ്ദേശിക്കുന്നതു്.
ഇത്രയും തേജസ്സുള്ള ഒരു മുഖം ഞാൻ വേറെ കണ്ടിട്ടില്ല. സൂര്യൻ ഉദിച്ചപോലെ തോന്നും അദ്ദേഹത്തിന്റെ മുന്നിലെത്തുമ്പോൾ. സ്വിറ്റ്സർലണ്ടിൽ ജനിച്ച അദ്ദേഹം ഒരു പ്രൊട്ടസ്റ്റന്റ് പട്ടക്കാരനായി. പക്ഷെ പള്ളിയുടെ അകത്തുള്ള ജീവിതത്തേക്കാൾ യാതനകളുടെ പുറം ലോകമാണ് അദ്ദേഹത്തെ പ്രോചോദിപ്പിച്ചത്. രണ്ടാം ലോക മഹാ യുദ്ധത്തിൽ മുറിവേറ്റു വീണ പടയാളികളെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹം സമൂഹത്തിലേക്കിറങ്ങി. വേറെ ആറു പേരും കൂടി കൂട്ടത്തിൽ കൂടിയതോടെ അവർ തെസെ കമ്മ്യൂണിറ്റി എന്ന എക്യൂമെനിക്കൽ പ്രസ്ഥാനം ആരംഭിച്ചു. ഫ്രാൻസിലെ ഈ ഗ്രാമം ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ ആശാ സങ്കേതമാണ്. " തെസെ ..............ആ ചെറിയ വസന്തം” എന്നാണ് പോപ്പ് ഇരുപത്തി മൂന്നാമൻ അവരെ പറ്റി പറഞ്ഞത്. ലോകം മുഴുവൻ തണൽ വിരിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷമാണിന്നു തെസെ.
"തെസെ കമ്മ്യൂണിറ്റി : ഈശ്വര ചൈതന്യത്തിന്റെ നിത്യ വസന്തം" എന്ന ഒരു ഗ്രൻഥം ഞാൻ അവരെ പറ്റി എഴുതിയിട്ടുണ്ട്. സമ്പന്നതയുടെ മടിത്തട്ടിൽ ലാളിത്യം എന്തെന്ന് ലോകത്തിനു കാട്ടികൊടുക്കുന്ന മഹനീയ മാതൃകയാണ് തെസെ. ഇന്നവിടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള " ബ്രദേഴ്സ് "താമസിക്കുന്നുണ്ട്. കുടുംബ സ്വത്തുപോലും അവർ കമ്മ്യൂണിറ്റിയിലേക്കു കൊണ്ട് വരുന്നില്ല. ആരിൽ നിന്നും ഒരു സംഭാവനയും സ്വീകരിക്കുന്നുമില്ല. സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നു. ഏറ്റവും എളിമയാർന്ന ജീവിതം.
ഈ ലാളിത്യമാണ് ആയിരക്കണക്കിനാളുകളെ അങ്ങോട്ടാകർഷിക്കുന്നത്. പലതവണ അവിടെ താമസിച്ചു പ്രവർത്തിക്കുന്നതിന് എനിക്ക് ഭാഗ്യമുണ്ടായി. മാത്രമല്ല ഏകദേശം നാല്പതോളം ചെറുപ്പക്കാരെ പല കാലഘട്ടങ്ങളിലായി അവിടേക്കു നിയോഗിച്ചയക്കുന്നതിനും ദൈവം അവസരം തന്നു. എല്ലാവരും ഇന്ന് ലോകമെമ്പാടും നല്ല നിലയിൽ പ്രശോഭിക്കുന്നു .
എപ്പോൾ ചെന്നാലും ബ്രദർ റോജർ എന്നെ സ്നേഹ വാത്സല്യങ്ങളോടെ സ്വീകരിച്ചു. വൈകുന്നേരങ്ങളിൽ അദ്ദേഹം നടത്തിയ ചെറു സദസ്സുകൾ വളരെ ഊഷ്മളമായിരുന്നു. ലോകം മുഴുവൻ കഷ്ട്ടപെടുന്ന ജനതയെ പറ്റിയാണ് അദ്ദേഹം എപ്പോഴും സംസാരിച്ചത്. എങ്ങനെ ശാശ്വത സമാധാനം വിളങ്ങുന്ന ഒരു ലോക നിർമ്മിതിക്കായി നമുക്ക് പ്രവർത്തിക്കാനാകും? അതായിരുന്നു പലപ്പോഴും ആ മനസ്സിൽ നിറഞ്ഞു നിന്ന ചിന്ത.
കമ്മ്യൂണിറ്റിയോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാനും സഞ്ചരിച്ചു. അമേരിക്കയിലും കാനഡയിലും റോമിലും കൽക്കട്ട, മദ്രാസ് തുടങ്ങിയ ഇന്ത്യൻ പട്ടണങ്ങളിലും ഞങ്ങൾ നിരവധി മീറ്റിംഗുകൾ നടത്തുകയുണ്ടായി. പതിനായിരക്കണക്കിനാളുകളാണ് ഓരോ മീറ്റിംഗിലും സംബന്ധിക്കുന്നത്. കൽക്കട്ടയിൽ മദർ തെരേസയോടൊപ്പം താമസിച്ചു ജോലി ചെയ്തതും വാഷിംഗ്ടൺ ഡി. സി യിൽ പെന്റഗൺ സന്ദർശിക്കുന്നതും ന്യൂയോർക്കിലെ പാവപെട്ട ജനം താമസിക്കുന്ന പ്രദേശങ്ങൾ തേടിപോയതും എല്ലാം എനിക്കു മറക്കാനാവാത്ത ഓർമകളാണ്.
നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതമെന്ന മഹാ സമസ്യയുടെ ധന്യത വെളിപ്പെടുന്നതെന്നും ബ്രദർ റോജറും തെസെ കമ്മ്യൂണിറ്റിയും ലോകത്തെ പഠിപ്പിക്കുന്നു. അവിടെയുള്ള ചെറിയ പള്ളിയുടെ മുന്നിൽ ചെറിയ മൺകൂനയിൽ അദ്ദേഹം വിശ്രമിക്കുന്നു. ഒരു കല്ലറ പോലുമില്ലാതെ . എന്നും ആരെങ്കിലും കൊണ്ടു് വയ്ക്കുന്ന പൂക്കൾ മാത്രം മതി അദ്ദേഹത്തിന്റെ ഓർമകളെ ദീപ്തമാക്കാൻ.
Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ - ഒന്പത്
കെ സി മാത്യു വാളകം
എന്റെ ജീവിതം വഴിതിരിച്ചു വിട്ട വ്യക്തികളിൽ പ്രധാനിയായിരുന്നു പനവേലി വിളയിൽ ശ്രീമാൻ കെ സി മാത്യു. ആർ. വി. ഹൈസ്കൂളിൽ അദ്ധ്യാപകനായതോടെ വാളകത്ത് താമസമാക്കി. അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു. എനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു.
ഇപ്പോൾ ഫിലാദൽഫിയയിലുള്ള പട്ടമല വി. എൽ. മാത്യു വാണ്സാറിനെ എനിക്ക് പരിചയപ്പെടുത്തിയത്.പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ. അഖില കേരളം ബാലജന സഖ്യം കൊട്ടാരക്കര യൂണിയൻ രക്ഷാധികാരിയായിരുന്ന അദ്ദേഹത്തിന്റെ പ്രേരണയിൽ ഞാൻ ഐപ്പള്ളൂർ വിക്ടറി ബാലജന സഖ്യം ആരംഭിച്ചു. ഇന്ന് യൂണിയൻ രക്ഷാധികാരിയായിരിക്കുന്ന കെ. ഓ രാജുക്കുട്ടി വിക്ടറിയിൽ പിച്ച വച്ച് നടന്ന ആളാണ്.
പിന്നീട് എന്നെ യൂണിയന്റെ സഹ രക്ഷാധികാരിയാക്കി. അന്ന് 90 ബാലജന സഖ്യം യൂണിറ്റുകൾ കൊട്ടാരക്കര വാളകം പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. വർഷത്തിലൊരിക്കലെങ്കിലും എല്ലായിടവും ഞങ്ങളെത്തി. കാൽ വണ്ടിയിലായിരുന്നു യാത്ര എന്ന് പ്രേത്യേകം പറയേണ്ടല്ലോ. തിരുവല്ല കോളജിൽ ജോലി ലഭിച്ച ശേഷമാണു ഞാനൊരു സ്കൂട്ടർ വാങ്ങുന്നത് പോലും. പാണ്ടിത്തിട്ട, തലവൂർ, പട്ടാഴി തുടങ്ങിയ സ്ഥലങ്ങളിൽ വാർഷിക സമ്മേളനങ്ങൾ കഴിഞ്ഞു രാത്രി 12 മണിക്കൊക്കെ ഞങ്ങൾ സംഘമായി നടന്നു വരുമായിരുന്നു. സി. മോഹനൻ പിള്ള, അഡ്വ. മാത്യു ജോർജ്, അഡ്വ. സി. എൻ. ശിവൻകുട്ടി എന്നിവരൊക്കെ സംസ്ഥാന ഭാരവാഹികളായിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിൽ സംസ്ഥാന നേതാക്കളായി വിരാജിക്കുന്നു. ശോഭനാ ജോർജും ജോസഫ് എം പുതുശ്ശേരിയും സംസ്ഥാന നേതാക്കളായിരിക്കുമ്പോൾ കൊട്ടാരക്കര കോളജിൽ വച്ച് നടത്തിയ സംസ്ഥാന ക്യാമ്പ് എന്നുംസ്മരണയിൽ നിലനിൽക്കുന്ന ഒന്നാണ്.
നിസ്വാർത്ഥ സാമൂഹ്യ സേവനം എന്നൊന്നുണ്ടെങ്കിൽ അതിന്റെ മൂർത്തിമദ്ഭാവമായിരുന്നു കെ. സി മാത്യു . ഭാരത് സേവാ സമാജ്, ഭാരതീയ ആഭീo ജാതി സേവക് സംഘ് , വൈ. എം . സി . എ തുടങ്ങിയ സമസ്ത മേഖലകളിലും തിളങ്ങി നിന്ന സ്റ്റാറായിരുന്നു. അരുമ ശിഷ്യരായി നൂറു കണക്കിനാളുകൾ കൂടെ.
അഖില ലോക സഭാ കൗൺസിലിന്റെ ഒരു വർക്ക് ക്യാമ്പിൽ പങ്കെടുക്കാനായി ഒരു വർഷത്തോളം അദ്ദേഹം ബ്രസീലിൽ താമസിച്ചിരുന്നു. അതോടെ വിശാല ലോക വീക്ഷണം രൂപപ്പെട്ടു. അതിരുകളില്ലാത്ത ലോകം എന്നതായി പിന്നെ സ്വപ്നം. രാജ്യ സഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന എം. ജോസഫ് സാർ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ബി. എസ് .എസ് ബന്ധമാണ്.
1982 - ൽ ഞങ്ങൾ വാളകം കേന്ദ്രമാക്കി അന്താരാഷ്ട്രാ പഠന കേന്ദ്രം ആരംഭിക്കുമ്പോൾ അന്ന് ഡെപ്യൂട്ടി ചെയർമാനായിരുന്ന ജേക്കബ് സാറാണ് ഉദ്ഘാടകനായി എത്തിയത്.
എല്ലാ മദ്ധ്യ വേനലവധിക്കാലത്തും കുട്ടികൾക്കായി പത്തു ദിവസത്തെ ഒരു നേതൃ പരിശീലനക്കളരി ഞങ്ങൾ നടത്തുമായിരുന്നു SDA സ്കൂളും വാളകം Deaf and Dumb സ്കൂളും ജൂബിലി മന്ദിരവും എല്ലാം വേദികളായി. ഇന്നത്തെ പല നേതാക്കളുടെയും ജീവിതം കരു പിടിപ്പിച്ചത് ആ റസിഡൻഷ്യൽ ക്യാമ്പുകളായിരുന്നു എന്ന് നിസ്സംശയം പറയാം.
സംഘടനാ പ്രവർത്തനങ്ങൾ അദ്ദേഹത്തെ യൂറോപ്പിലും അമേരിക്കയിലുമെത്തിച്ചു. യു .എൻ പലതവണ സന്ദർശിച്ച അദ്ദേഹം വാളകം സ്റ്റഡി സെന്ററിന് ECOSOC അംഗത്വവും സമ്പാദിച്ചു. യൂറോപ്പിൽ തെസൈ കമ്മ്യൂണിറ്റി എന്ന എക്യൂമെനിക്കൽ പ്രസ്ഥാനമുണ്ടെന്ന് ആദ്യമായി എന്നോട് പറഞ്ഞത് സാറാണ് 1975 മുതലുള്ള 15 വർഷങ്ങൾ പിന്നീട് ഞാൻ സഞ്ചരിച്ചത് തെസൈ കമ്മ്യൂണിറ്റിയോടൊപ്പം ആയിരുന്നു.
കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി ഞങ്ങൾ നടത്തിയ മണക്കാല യജ്ഞം മറക്കാനാവാത്ത സംഭവമായിരുന്നു. കനാൽ നിർമ്മിതിക്കു വേണ്ടി മാസങ്ങളോളം യുവജനങ്ങളെ അണിനിരത്തുകയുണ്ടായി. എഴുപതുകളിൽ ആദ്യമായി അടിമാലി ഉരുൾപൊട്ടലുണ്ടായപ്പോൾ ഞങ്ങൾ 10 ചെറുപ്പക്കാർ അവിടെ പോയി 10 ദിവസം സേവനം ചെയ്തത് ഇന്നലേപ്പോലെ ഓർക്കുന്നു. സാറും ഞാനും കൂടിയായിരുന്നു അവിടെ ചെന്ന് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഒരുക്കിയത്.
ഇങ്ങനെ നോവുന്ന മനസ്സുകൾ എവിടെയുണ്ടെങ്കിലും അവിടേക്ക് ഓടിയെത്താനുള്ള ഒരു മനസ്സ് യുവതലമുറയിൽ വളർത്തിയെടുക്കാൻ മാത്യു സാർ അധ്വാനിച്ചു. ഒരു ഓഫീസോ പൈസയോ ഒന്നുമില്ലാതെ എങ്ങനെ സാമൂഹ്യ സേവനം ചെയ്യാം എന്നദ്ദേഹം പഠിപ്പിച്ചു. കൊട്ടാരക്കര കിംഗ്സ് കോളജിന്റെ ഓഫീസ് ശരിക്കും ഞങ്ങൾ കയ്യേറി സ്വന്തമാക്കുകയായിരുന്നു. അവിടുത്തെ ഫോണായിരുന്നു ഞങ്ങളുടെയും ഫോൺ. വൈ. രാജൻ സാറും വത്സമ്മ ടീച്ചറും എപ്പോഴും ഞങ്ങൾക്ക് പിന്തുണ നൽകി പോന്നു എന്നതും നന്ദിയോടെ ഓർക്കുന്നു.
എന്റെ ആദ്യ നോവലുകൾ പ്രസിദ്ധീകരിച്ചു കാണാൻ ഏറ്റവും ആഗ്രഹിച്ചത് സാറായിരുന്നു. അതിനായി എന്നെയും കൂട്ടി മനോരമ , മനോരാജ്യം തുടങ്ങിയ കോട്ടയം ഓഫീസുകളിൽ പോയി. ആ യാത്രയിലാണ് മാങ്ങാനം ആശ്രമത്തിൽ വച്ച് അതിന്റെ കയ്യെഴുത്തു പ്രതി സി. എസ്. എസിന്റെ ചുമതലയുണ്ടായിരുന്ന പി.ടി തോമസ് അച്ചൻവാങ്ങി പിന്നീട് പ്രസിദ്ധീകരിച്ചത്.
വാളകത്ത് ഒരുപാടു നാളായി അടഞ്ഞു കിടന്നിരുന്ന മാർത്തോമാ സഭയുടെ ആശുപത്രി ഏറ്റെടുത്ത് ഡി. അഡിക്ഷൻ സെന്റർ നടത്താൻ അദ്ദേഹം ഏറെ താല്പര്യം കാണിച്ചു. മദ്യാസക്തിയുള്ള നൂറുകണക്കിനാളുകളാണ് അവിടെയെത്തി സുഖം പ്രാപിച്ചു പോയത്. ഇപ്പോൾ കലയപുരം ആശ്രയ എന്ന മഹത്തായ പ്രസ്ഥാനം നടത്തുന്ന കലയപുരം ജോസ് ഇവിടെയാണ് തന്റെ പ്രവർത്തനം ആരംഭിച്ചത്. സാറിന്റെ കാലടികളെ പിന്തുടർന്ന് ആരംഭിച്ച ആശ്രയ - സങ്കേതം പ്രസ്ഥാനങ്ങൾ ഇപ്പോൾ രജത ജൂബിലി ആഘോഷിക്കുകയാണ്.
പതിനഞ്ചു വർഷം മുമ്പ് മാത്യു സാർ ഈ ലോക സേവനം അവസാനിപ്പിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷവും അദ്ദേഹത്തിന്റെ പേരിൽ അനുസ്മരണ പ്രഭാഷണങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കാനായി എന്നതും ധന്യമായ അനുഭവമാണ്.
സാറുമായി ബന്ധപ്പെട്ട ഞങ്ങളെയെല്ലാം വേദനിപ്പിച്ചത് പക്ഷെ ന്യൂയോർക്കിൽ വച്ച് അന്തരിച്ച മിനി മോളുടെ അകാല വിയോഗമായിരുന്നു. സാറിന്റെ മൂന്നു മക്കളിൽ രണ്ടാമത്തെയാൾ. എഞ്ചിനിയർ ആയി ഉന്നത നിലയിൽ വർത്തിക്കുകയായിരുന്നു.
കെ സി മാത്യു സാറിനെ പോലെയുള്ള വ്യക്തിത്വങ്ങൾ ഇല്ലെങ്കിൽ നമ്മുടെ നാട് എത്ര ദരിദ്രമായി പോയേനെ 2005 -ൽ അദ്ദേഹത്തിന്റെ അനുസ്മരണ വാല്യം പ്രസിദ്ധീകരിച്ചപ്പോൾ ഞങ്ങൾ നൽകിയ പേര് " ഒരു കർമ്മയോഗിയുടെ കാൽപ്പാടുകൾ " എന്നായിരുന്നു. ശരിക്കും കർമ്മത്തെ ഈശ്വരനെപ്പോലെ കരുതിയ ആചാര്യനായിരുന്നു മാത്യു സാർ. മരിക്കാത്ത ആ ഓർമകൾക്ക് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു.
Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ - എട്ട്
കോശി മാത്യു എന്ന സണ്ണി കരിഞ്ഞപ്പള്ളിൽ
ഫാത്തിമ കോളജിലെ ബി. എ ഇംഗ്ലീഷ് ക്ലാസ്സിലെത്തിയപ്പോൾ അകെ ഒരമ്പരപ്പായിരുന്നു. അതിൽ മുണ്ടുടുത്ത ആറ് ആണുങ്ങളും പാന്റ്സിട്ട കൃഷ്ണകുമാറും സണ്ണിയും. രണ്ട് പേരും കൊല്ലം പട്ടണത്തിൽ ജീവിക്കുന്നവർ. ഞങ്ങൾ മുണ്ടന്മാർ വെറും ഗ്രാമീണർ. പിന്നെ മുപ്പത്താറു പെൺകൊടികൾ. കൂടുതലും ആഷ് ബുഷ് കക്ഷികൾ. പറയുന്ന ഒരക്ഷരം മനസ്സിലാവില്ലായിരുന്നു. സായിപ്പിൻ കുന്നിൽ പഠിച്ച ഞാൻ പോലും അന്ധാളിച്ചുപോയി. എവിടെ പഠിച്ചു എന്നു ചോദിച്ചാൽ മോ...കാ എന്നാണുത്തരം. അത് മൗണ്ട് കാർമ്മൽ ആണെന്നു മനസ്സിലാക്കാൻ കുറെ നാൾ വേണ്ടി വന്നു.
അവിടെ ഞങ്ങൾ ഗ്രാമീണ സഹപാഠികളെ കൂടെ ചേർത്തു നിറുത്തിയതിൽ വലിയ പങ്കു സണ്ണിക്കുണ്ടായിരുന്നു. ആശാൻ അന്നേ ക്രൂസേഡർ ബൈക്ക് പായിച്ചാണ് വരുന്നത്. ബുള്ളറ്റിന്റെ അനിയൻ. അധികം താമസിയാതെ ബുള്ളറ്റും സ്വന്തമാക്കി. ക്രമേണ ഞാനും കരിഞ്ഞപ്പള്ളി കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി. തേവള്ളിയിലെ വീട്ടിൽ അഡ്വ. മാത്യു കരിഞ്ഞപ്പള്ളി പ്രതാപ ഐശ്വര്യങ്ങളോടെ വലിയ പുസ്തകശേഖരമുള്ള ഓഫീസ് മുറിയിൽ ഇരിക്കുന്ന രംഗം മറക്കാനാവില്ല. പ്രഗത്ഭനായ വക്കീലായിരുന്നു അദ്ദേഹം.
സണ്ണിയെയും നിയമപഠനത്തിനു ചേർത്തതാണ്. ഡിഗ്രിയൊക്കെ എടുത്തെങ്കിലും വഴി മാറി സഞ്ചരിച്ചു. കുഞ്ഞുമോൻ ജോർജിനെപ്പോലെ എന്നെ സ്വാധീനിച്ച അപൂർവം സുഹൃത്തുക്കളിൽ ഒരാളായി കോശി മാത്യു മാറി.കോളേജിൽ ജോൺ ജോഷ്വാ, ബ്രൂണോ ഡിക്രൂസ്, ബാലഗോപാൽ തുടങ്ങിയ പ്രതിഭകൾ ഞങ്ങൾക്ക് കൂട്ടിനുണ്ടായിരുന്നു. മൂന്നുപേരും സിവിൽ സർവീസ് പാസ്സായി. ജോൺ ജോഷ്വാ ഇണക്കുരുവികൾ മറിയാമ്മയുടെയും, സാറാമ്മയുടെയും ക്ലാസ്സിലായിരുന്നു.
ഞങ്ങളെ കൂടുതൽ അടുപ്പിച്ചത് SCM എന്ന സ്റ്റുഡന്റസ് ക്രിസ്ത്യൻ മൂവ്മെന്റ് ആയിരുന്നു. കെ.സി മാത്യു സാറിന്റെ പ്രേരണയിൽ കൊട്ടാരക്കരയിൽ ഒരു യൂണിറ്റ് തുടങ്ങിയപ്പോൾ ഞാൻ ആദ്യ പ്രസിഡന്റായി. പിന്നെ ജസ്റ്റിൻ യേശുദാസൻ ഐ.എ.എസ് ചെയർമാനായുള്ള സ്റ്റേറ്റ് എക്സിക്യൂട്ടീവിലെത്തി.
ഞങ്ങളുടെ ഇത്തരം സഹപാഠികളെല്ലാം ജീവിതത്തെപ്പറ്റി ഉന്നതമായ കാഴ്ചപ്പാടുള്ളവരായിരുന്നു. ഞാനും സണ്ണിയും സംസാരിക്കാത്ത വിഷയങ്ങളില്ലായിരുന്നു. അതുപോലെ ആശ്രാമം മൈതാനിയിൽ കൊണ്ടുപോയി എന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചു. അതിനുപകരമായി ഞാൻ അവനെ സംസ്കൃതം പഠിപ്പിച്ചു. മലയാളംപോലും വായിക്കാനറിയാത്ത ആൾ എങ്ങിനെ സംസ്കൃതം പഠിക്കും?. അതിനാണ് എന്റെ സഹായം തേടിയത്. കോളേജിന്റെ ചീഫ് എഡിറ്ററായി സുന്ദരമായ ഒരു മാഗസിൻ സണ്ണി പുറത്തിറക്കിയത് നന്നായി ഓർക്കുന്നു.
നിയമത്തിന്റെ വഴി ഉപേക്ഷിച്ചു സണ്ണിപോയത് വേൾഡ് സ്റ്റുഡന്റസ് ക്രിസ്ത്യൻ ഫെഡറേഷന്റെ ഹോംകോങ് ഓഫീസിലേക്കായിരുന്നു. അങ്ങനെ ലോക എക്യുമെനിക്കൽ വേദികളിൽ ശോഭിച്ചു.പിന്നീട് ബാംഗ്ളൂരിൽ വന്നു പല എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഒരുപാടു ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചു. ഇപ്പോഴും അക്ഷരങ്ങളുടെ ലോകത്തെ ഒരു മുടിചൂടാ മന്നനായി വിരാജിക്കുന്നു. വൈസ്മെൻ ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്ററാണിപ്പോഴും.
തെസെ എക്യുമെനിക്കൽ കമ്മ്യൂണിറ്റിയിലൂടെയും അഖില ലോക സഭാ കൗൺസിലിന്റെ ഡയലോഗ് സമ്മേളനങ്ങളിലൂടെയും പിൽക്കാലത്തു ഞാൻ പ്രയാണം തുടരുമ്പോൾ എപ്പോഴും ഒരു ഉപദേശകനായി സണ്ണി ഉണ്ടായിരുന്നു. ഊഷ്മളമായ ആ ബന്ധം അങ്ങനെ തുടരുന്നു.
ലോകം നമ്മളെ കീഴ്പെടുത്തുകയല്ല , ലോകത്തെ നമ്മൾ ജയിക്കണം എന്നു വാശിയുള്ളവരായിരുന്നു ഫാത്തിമയിലെ എന്റെ സുഹൃത്തുക്കൾ. ആംഗ്ലോ ഇന്ത്യനായ ബ്രൂണോ ഡിക്രൂസ് വഴിയാണ് ഞാൻ തെസെ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടത്. ഐ.പി.എസ് ലഭിച്ച ബ്രൂണോ ഉത്തർപ്രദേശ് കേഡറിൽ ഡി.ജി.പി ആയിരിക്കുമ്പോഴാണ് മരിക്കുന്നത്. ഐ.എ..എസ് ലഭിച്ച ജോൺ ജോഷ്വാ നാഗാലാന്റിൽ വച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതൊക്കെ ഞങ്ങൾക്കു തീരാനഷ്ടമാണ്.
അപ്രതീക്ഷിത സരണികളിലൂടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുമ്പോഴും കലാലയവേദികളിൽ കണ്ടുമുട്ടിയ എത്രയോ നക്ഷത്രങ്ങൾ നമ്മുടെ വഴികളെയും വെളിച്ചമുള്ളതാക്കുന്നു എന്ന സത്യം നന്ദിയോടെ സ്മരിക്കുകയാണിപ്പോൾ.
Dr. Abraham Karickam
Subscribe to:
Posts (Atom)