Thursday, 10 June 2021
യാത്രാപഥത്തിലെ താരകങ്ങൾ - പതിമൂന്ന്
ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത
യൂറോപ്യൻ - അമേരിക്കൻ പര്യടനം കഴിഞ്ഞെത്തിയപ്പോഴേക്കും ഞാൻ തൊഴിൽ രഹിതനായി. മൂന്നു ജോലികൾ ഇതിനകം നഷ്ടമായി. എന്നാൽ മൂന്നു വഴികൾ വേറെ തുറന്നുകിട്ടി. എം.എ യ്ക്കു എന്റെ സഹപാഠിയായിരുന്ന സിറിയക് കുര്യൻ കളരിക്കൽ ദീപികയുടെ എറണാകുളം ബ്യുറോ ചീഫായിരുന്നു. അവന്റെ പിതാവ് കൊല്ലം ജില്ലാ ജഡ്ജിയായിരുന്ന കുരിയൻ സാറാണ് എനിക്ക് ആദ്യ പാസ്പോർട്ട് അപേക്ഷ ഒപ്പിട്ടു തന്നത്. സിറിയക് അമേരിക്കയിലും നാട്ടിലുമായി ഇപ്പോൾ സസുഖം വാഴുന്നു.
അവൻ പറഞ്ഞതനുസരിച്ച് ഞാൻ കോട്ടയത്ത് ദീപികയിലെത്തി ചീഫ് എഡിറ്റർ നടയ്ക്കൽ അച്ചനെ കണ്ടു. ചെന്നു, കണ്ടു, കീഴടക്കി. പിറ്റേദിവസം മുതൽ ഞാൻ ദീപികയിൽ എഡിറ്റോറിയൽ ബോർഡ് അംഗം. ആറുമാസം കഴിഞ്ഞപ്പോൾ ബാംഗ്ലൂർ ECC - യിൽ നിന്ന് ഒരു വിളിവന്നു. എം.എ തോമസ് അച്ചൻ പറഞ്ഞിട്ടാണ്. ഉടൻ തന്നെ തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്ന് ഇന്റർവ്യൂ കത്തും വന്നു.
അങ്ങനെ ഡോ. അലക്സാണ്ടർ മാർത്തോമ്മായുടെ സവിധത്തിലെത്തി. അന്ന് ഞാൻ സഭാ മണ്ഡലത്തിൽ അംഗമായിക്കഴിഞ്ഞിരുന്നു. എനിക്ക് ഒന്നാം റാങ്കു ലഭിച്ചതിനാൽ പിറ്റേദിവസം തന്നെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ചേരണമായിരുന്നു. ഷിഫ്ട് സമ്പ്രദായം നിലവിലുള്ള കാലമായിരുന്നു അത്.
പിന്നീട് ദീർഘ വർഷങ്ങൾ ഞങ്ങളുടെ മാനേജരായിരുന്ന വലിയ തിരുമേനിയോടൊപ്പം പ്രവർത്തിക്കേണ്ടി വന്നു. തുടർന്ന് ഞാൻ സഭാ കൗൺസിൽ അംഗമായതോടെ എന്റെ പ്രവർത്തന മേഖല മിക്കവാറും സഭയും കോളേജുമായിത്തീർന്നു. പിന്നെ എക്യുമെനിക്കൽ രംഗങ്ങളും.
ഇത്രയും സാത്വികനും തത്വയികനുമായ ഒരു തിരുമേനിയെ ഞാൻ മറ്റെങ്ങും കണ്ടിട്ടില്ല. അഖില ലോക സഭാ കൗൺസിലിൻറെ വേദികളിൽപ്പോലും. സ്വന്തമായി നാലോ അഞ്ചോ കുപ്പായമുണ്ട്. അതു തനിയെ കഴുകും. പൂലത്തീനിൽ പശുവുണ്ട്. അതിന്റെ പാൽ മതി. മരിക്കും വരെ പഴയ അംബാസഡർ കാറിൽ യാത്ര.
ഒരുപാടു കാര്യങ്ങൾ തിരുമേനിയുടെ ജീവിതത്തിൽ നിന്നും പഠിക്കാനുണ്ടായിരുന്നു. ഏതു മീററിംഗിലായാലും പത്തുമിനിട്ടിലധികം പ്രസംഗിച്ചു കണ്ടിട്ടില്ല. അത്യാവശ്യ വാക്കുകൾ മാത്രം അളന്നു കുറിച്ചു പറയും. സഭാ കൗൺസിലിലും മണ്ഡലത്തിലും ശാന്തനായി എല്ലാം കേട്ടിരിക്കും. ഒടുവിൽ ഒരു തീരുമാനം പറയും.
മാർത്തോമ്മാ കോളേജിന്റെ ആദ്യ പ്രിൻസിപ്പലായതു മുതൽ അത് തിരുമേനിയുടെ ജീവിതത്തിന്റെ ഭാഗമായി. 1948 - ൽ അമേരിക്കയിൽ പഠിക്കാൻ പോയപ്പോൾ ന്യൂയോർക്കിൽ രണ്ടു മാർത്തോമ്മാക്കാരേ ഉണ്ടായിരുന്നുള്ളു എന്നു തിരുമേനി പറഞ്ഞിട്ടുണ്ട്. ഞായറാഴ്ച്ചകളിൽ ആംഗ്ലിക്കൻ പള്ളികളിൽ പോയി പ്രസംഗിച്ചപ്പോൾ ലഭിച്ച പത്തു ഡോളർ വീതം ചേർത്തുവച്ചാണ് കോളേജിലെ സ്റ്റേഡിയത്തിനുള്ള പണമുണ്ടാക്കിയതെന്ന് ഒരിക്കൽ ഓർമ്മിപ്പിച്ചു. ബ്രെഡും പീനട്ട് ബട്ടറും കഴിച്ചു പണം സമ്പാദിച്ച വിധവും പറഞ്ഞുതന്നു.
എന്നെ ഏറെ സ്വാധീനിച്ചത് തിരുമേനിയുടെ ഭഗവത്ഗീതാ പഠനമായിരുന്നു. വിശ്വരൂപ ദർശനത്തെ ആധാരമാക്കി പ്രബന്ധമെഴുതി ഡോക്ടറേറ്റ് സമ്പാദിച്ചു. ശാസ്താംകോട്ട ലോക മത സമ്മേളനത്തിൽ പോയതിന്റെ പേരിൽ ഒരുപാടാക്രമണം അന്ന് നേരിട്ടു. പിന്നീട് സഭയും സമൂഹവും എത്രയോ മുന്നേറി! മുമ്പേ പറക്കുന്ന പക്ഷികൾക്കു മിക്കപ്പോഴും നിന്ദയും പരിഹാസവും മാത്രം.
കൊട്ടാരക്കര കൺവൻഷന്റെ ആരംഭം മുതൽ എല്ലാവർഷവും പങ്കെടുത്ത ഒരേ ഒരു തിരുമേനിയായിരുന്നു. അതുപോലെ മാർത്തോമ്മാ സ്റ്റുഡന്റസ് കോൺഫറൻസുകളിൽ നിറസാന്നിദ്ധ്യം.
സ്റ്റുഡന്റസ് കോൺഫറൻസിന്റെ പദ്ധതിയായി ഇരുപത്തിയേഴു വർഷം മുമ്പ് ഞങ്ങൾ കൊട്ടാരക്കരയിൽ ഒരു ഡയലോഗ് സെന്റർ തുടങ്ങിയപ്പോൾ തിരുമേനിയുടെ പേരു നൽകി. അനേകം അന്താരാഷ്ട്ര പഠന പരിപാടികൾക്കു അതു വേദിയായി.
ഇന്ത്യയിൽ ആദ്യമായി കോളേജുകൾക്ക് ഇന്ത്യാ ഗവണ്മെന്റ് അക്രഡിറ്റേഷൻ ആരംഭിച്ചപ്പോൾ ഞങ്ങൾ ചാടിവീണു. പക്ഷെ പലകോണിൽ നിന്നും എതിർപ്പുണ്ടായി. സഭാ മണ്ഡലത്തിൽ വിഷയം കത്തികയറിയപ്പോൾ തിരുമേനി പ്രഖ്യാപിച്ചു: "ഞാൻ പറഞ്ഞിട്ടാണ് അവർ മുന്നോട്ടുപോകുന്നത്". ഞങ്ങൾക്ക് അത്രയും മതിയായിരുന്നു. അങ്ങനെ ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തേയും അക്രഡിറ്റഡ് കോളേജായി തിരുവല്ല കോളേജ് ഉയർന്നു ശോഭിക്കുന്നു.
വലിയ ഒരു കുടുംബത്തിൽ ജനിച്ചു ഒരുപാടു കഷ്ടപ്പാടുകൾ കണ്ടു വളർന്ന തിരുമേനിയുടെ ജീവിതം നമുക്ക് ഒരു വലിയ പാഠപുസ്തകമായിരുന്നു. ഇത്ര നല്ല ഒരു ടീം ലീഡറെ കണ്ടുകിട്ടുക പ്രയാസം. "ദൈവ കൃപയുടെ തണലിൽ" ആ ജീവിതം തഴച്ചു വളർന്നു.( അതാണു തിരുമേനിയുടെ ആത്മകഥയുടെ പേര്).
സഭയിൽ അദ്ധ്യാപകനാകാൻ കൊതിച്ചിട്ട് നടക്കാതെ പോയ കഥ തിരുമേനി പറഞ്ഞിട്ടുണ്ട്. ഒടുവിൽ സി.എസ്.ഐ സ്കൂളിൽ ജോലി ചെയ്തു. പിന്നീടു പട്ടക്കാരനാകാൻ യൂഹാനോൻ തിരുമേനി ക്ഷണിച്ചപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത് എന്നു പറഞ്ഞു. അതിനുശേഷം പ്രാർത്ഥിച്ചു ദൈവ വിളിക്കു കീഴ്പ്പെട്ടു. ഒരിക്കൽ ഞാൻ തിരുമേനിയെപ്പറ്റി എഴുതിയ ലേഖനത്തിന് "Amazing Grace"എന്നാണ് പേരിട്ടത്. സത്യമാണ്. തിരുമേനി ഇന്നും എനിക്കൊരു വിസ്മയമായി ശോഭിക്കുന്നു.
ഡോ. ഏബ്രഹാം കരിക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment