നോവൽ
മസൂറിയിൽ ഒരു മഞ്ഞു കാലം.
ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം - 3
മന്വന്തരങ്ങളിലെ ഗന്ധർവ്വൻ.
കാഹള നാദം പോലെ മുഴങ്ങിയ ആ ശബ്ദം കേട്ട് എല്ലാവരും നോക്കി.
. " ങ്ഹാ കൊറിയയ്ക്കു പോയ ശ്രീമാൻ ഇങ്ങെത്തിയോ "? എന്നാണിനി അടുത്ത പറക്കൽ"?
ലീലാമണി ടീച്ചർ ചോദിച്ചു. പിന്നെ സുമിയോടായി അവർ ഇങ്ങനെ പറഞ്ഞു:
" ഇത് മിസ്റ്റർ സാം ജോസഫ് മുണ്ടാണിക്കൽ. നമ്മുടെ ഡിപ്പാർട്മെന്റിലാണെങ്കിലും വിസിറ്റിംഗ് പ്രൊഫസ്സറാ. ഇന്ന് കൊറിയ. നാളെ ജപ്പാൻ".
സുമി മുഖം ഉയർത്തി ഒരു നോക്ക് കണ്ടു. ആ നോട്ടത്തിൽ ഒരു സൂര്യോദയം അവൾക്കു കാണാമായിരുന്നു.
" വന്നാല്ലോ യു. എൻ. ഓ. " വത്സല വസുമതിയെ നോക്കി കണ്ണിറുക്കി.
സാം സാറിനെ എല്ലാവരും യു . എൻ . ഓ എന്നാണ് വിളിക്കുന്നത്. ഐക്യ രാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട പല സമാധാന സമ്മേളനങ്ങൾക്കും പോയി തുടങ്ങിയതോടെയാണ് ആ പേര് വീണത്. ഇരട്ടപേരില്ലാത്ത അദ്ധ്യാപകർ കാമ്പസ്സിൽ ചുരുക്കമായിരുന്നു.
പക്ഷെ വത്സലയ്ക്കും വസുമതിക്കും യു എൻ ഓ ഒരു കോഡായിരുന്നു. അവർക്കു മാത്രം അറിയാവുന്ന " യൂസബിൾ നൈസ് ഓർഗൻ".
സണ്ണിക്കുട്ടി ജോസഫ് മുണ്ടാണിക്കൽ എന്ന സാറിനെ മനസ്സിൽ വച്ച് താലോലിക്കാത്തവരായി ആ കോളജിൽ പെൺകുട്ടികൾ ആരുമില്ലായിരുന്നു. നല്ല തങ്കത്തിന്റെ നിറവും ആനകുട്ടിയുടെ തലയെടുപ്പും ഭാവവും.
വത്സല ടീച്ചർ തന്റെ ഹൃദയത്തിൽ വച്ച് വളരെ നാൾ പൂജിച്ചിരുന്നു ആ വിഗ്രഹത്തെ. പ്രതിഷ്ഠ കനിയില്ലെന്നു തികച്ചും ബോധ്യപ്പെട്ടപ്പോൾ മറ്റൊരദ്ധ്യാപകനെ കെട്ടിപിടിച്ചു വശത്താക്കി കല്യാണം കഴിച്ചു. ഇപ്പോൾ സാം എന്ന പേര് കേട്ടാൽ അവൾ ശർദിക്കും. കാണുമ്പൊൾ ഒരു തരം പകയും പുകഞ്ഞുയരും മനസ്സിൽ.
സാം ജോസഫ് സുമിയുടെ കലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ചു. ആ ഹൃദയത്തിൽ ഇഴയുന്ന തന്ത്രികളുടെ താളവും കേട്ടു.
" ഹായ് -- ഐ ഹേർഡ് എബൗട്ട് യുവർ അഡ്വഞ്ചർ. നന്നായി. ഒട്ടും വിഷമിക്കേണ്ട. ബീ സ്മാർട്ട്. "
അവളുടെ മനസ്സിലെ കൊടുങ്കാറ്റ് പെട്ടെന്ന് ശമിച്ചു. ഏതോ മാന്ത്രികൻ തിരമാലകളെ ശാസിച്ചൊതുക്കിയതുപോലെ.
മല മുകളിലെ കൈവഴികളിലൂടെ ജലം ഒഴുകിയെത്തിയപ്പോൾ വരിക്കപുഴയാറും കുണുങ്ങിപ്പായാൻ തുടങ്ങി. പുതൊയൊരു താളം അവളും കണ്ടെത്തിയപ്പോൾ ഇരുകരയിലും നിന്ന കാക്കപ്പൂക്കൾ പറിച്ചെടുത്തു മാലകോർത്തു അവൾ മാറിലണിഞ്ഞു.
സ്റ്റാഫ് കൗൺസിൽ വൈകിട്ട് വീണ്ടും സമ്മേളിച്ചു. സാം ജോസഫ് കൂടി എത്തിയപ്പോൾ ചർച്ച വഴിത്തിരിവായി.
സുമി പരസ്യമായി മാപ്പു പറയണമെന്ന വിദ്യാർത്ഥികളുടെ അപേക്ഷയിൽ കഴമ്പുണ്ടെന്നു ചില നേതാക്കൾ ശക്തിയായി വാദിച്ചു. പക്ഷെ പ്രിൻസിപ്പൽ ആ വാദം തള്ളി. അപ്പോൾ ചിലർ ഇറങ്ങിപ്പോക്ക് നടത്തുമെന്ന് ഭീഷണി മുഴക്കി. അപ്പോഴാണ് മുണ്ടാണിക്കൽ ഇടപെട്ടത്.
"ഇന്നലെ വരെ ഒരു വിമൻസ് കോളജിൽ വിദ്യാർത്ഥിനി മാത്രമായിരുന്ന ഒരാളാണ് പുതുതായി വന്ന ടീച്ചർ. അതും തമിഴ്‌നാട്ടിൽ. ഫസ്റ്റ് റാങ്കുകാരി. കാമ്പസിലെ കെണികളും കയങ്ങളും ഒന്നും അവർക്കറിയില്ല. ചോരക്കറ കണ്ടപ്പോൾ ആ കുട്ടിയുടെ സ്ത്രീത്വവും അവളിലെ മാതൃത്വവുമാണ് അങ്ങനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. മകൻ നഷ്ട്ടപ്പെടുന്ന അമ്മയുടെ പ്രാണ വേദന. എ സ്‌പൊൺടെനിയസ് ഔട്ട് ബെസ്ററ്ഓഫ് എ പാഷനേറ്റ് മൊമെന്റ്റ്.
അവൾക്കു ദോഷം വരുന്ന യാതൊന്നും നാം ചെയ്യാൻ പാടില്ല. വിദ്യാർത്ഥികളോട് നമുക്ക് സംസാരിക്കാം. കൺസൾട്ടേറ്റീവ് കമ്മറ്റി വിളിക്കാം. പിന്നെ നടപടി വേണമെങ്കിൽ ആയുധങ്ങളുമായി കാമ്പസ്സിലെത്തിയ വിദ്യാർത്ഥികൾക്കെതിരെയല്ലേ ആദ്യം നടപടിയെടുക്കേണ്ടത്. ?"
അത്രയും പറഞ്ഞു നിർത്തിയപ്പോൾ വക്കീലന്മാരെല്ലാം പത്തി മടക്കി. യുക്തമായ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. വിവരങ്ങൾ മാനേജരെ ധരിപ്പിക്കാനും ധാരണയായി.
മൈലാടും പാറയിലേക്കുള്ള ബസ് ആളൊഴിഞ്ഞ കുടുസ്സുറോഡിലൂടെ നിരങ്ങി നീങ്ങുമ്പോൾ കാലാവ ർഷത്തിനു വീണ്ടും കലിയിളകി. ഇരുൾ കനം വച്ച് നിൽക്കുന്ന റബ്ബർ തോട്ടങ്ങളുടെ തണുപ്പ് സുമി അറിഞ്ഞു. മനസ്സിലും ഒരു മരവിപ്പായിരുന്നു.
ലീലാമണി ടീച്ചറാണ് കാറിൽ ബസ്‌സ്റ്റാന്റുവരെ കൊണ്ട് വിട്ടത്. തന്നെ സുരക്ഷിതയായി ബസ്സിൽ ഇരുത്തിയ ശേഷമാണ് അവർ പോയത്.
എത്രയോ നാളായി താലോലിക്കുന്ന സ്വപ്നമായിരുന്നു അദ്ധ്യാപികയാവണമെന്നത്. പി ജി യും റിസേർച്ചുമൊക്കെയുള്ള നല്ല അന്തസ്സുള്ള കലാലയം വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. ദൈവം ആ പ്രാർത്ഥന കേട്ടെന്നു കരുതിയതാണ്.
വേറെ പല ജോലികളും ഡാഡിയും മമ്മിയും നിർദ്ദേശിച്ചെങ്കിലും ഇത് മാത്രo മതിയെന്ന വാശിയായിരുന്നു. കേവലം ഒരു ജോലി ആർക്കു വേണം ? ജീവിതം സമർപ്പിക്കാൻ ഒരു മേഖല. അതായിരുന്നു തന്റെ ലക്‌ഷ്യം. മനസ്സിനിണങ്ങാത്ത ജോലി ചക്കു വലിക്കുന്ന പോത്തിന്റേതുപോലെയാവും.
ഒറ്റയടിക്ക് എല്ലാംതകരുക എന്ന് വന്നാൽ? ഇനി തനിക്കിവിടെ പിടിച്ചു നിൽക്കാനാവുമോ ? വത്സല പറയുംപോലെ അവന്മാർ മുഖത്ത് ആസിഡ് ബൾബ് എറിഞ്ഞാലോ?
എന്തൊരു ഗുഹയാണാ ഡിപ്പാർട്ടമെന്റ് ? ചെന്നായ്ക്കൾ പതിയിരിക്കുന്ന താവളമോ ? തന്നെ പഠിപ്പിച്ചവരും ഇങ്ങനെയൊക്കെയാവുമോ? അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ. എന്നാൽ ലീലാമണി ടീച്ചറെപ്പോലെ നല്ലവരുമുണ്ടല്ലോ.
ബസ്സിന്റെ ടാർപ്പ കാറ്റിൽ ഉയർന്നു ചാടി. മഴ വെള്ളം ഇരച്ചു കയറി. സുമി നനഞ്ഞു.
ആ ഒരാളെ പറ്റിയോർത്തപ്പോൾ ചുണ്ടൊന്നു ചലിച്ചു. മനസ്സൊന്നു പിടച്ചു. ഉള്ളിലെവിടെയോ ഒരു സങ്കീർത്തന സാന്ത്വനം .
എന്തൊരു ഗാംഭീര്യം ! എന്തൊരൈശ്വര്യം ? അന്ധകാരത്തിൽ പൂത്തിരി കത്തുംപോലെ ശൂന്യതയിൽ നിന്ന് കടന്നുവന്നോനിവനാര് ? മന്വന്തരങ്ങളിൽ തന്നെത്തേടിയലഞ്ഞ ഗന്ധർവ്വനോ ? അതോ കൽപ്പാന്തരങ്ങളിലൂടെ ഞാൻ തെരഞ്ഞു നടന്ന എന്റെ ആത്മാവിന്റെ പ്രിയതോഴനോ ?
ശ്ശെ......എന്തൊക്കെയാണ് വെറുതെ ആലോചിക്കുന്നത് ? മനസ്സിനെ അവൾ ശാസിച്ചു. മോഹങ്ങൾ കുതിരകളാണ്. കടിഞ്ഞാൺ പൊട്ടിച്ചു കുതിക്കുന്നവർ. അടക്കിയില്ലെങ്കിൽ നിലയില്ലാക്കയങ്ങളിൽ അകപെട്ടുപോകും.
എങ്കിലും ബസ്സിലിരുന്നു അവളൊന്നു പുളഞ്ഞു. ജനം തിങ്ങിനിറഞ്ഞ പ്രൈവറ്റ് ബസ്സിന്റെ ഇരമ്പം അവൾ ശ്രദ്ധിച്ചില്ല. തള്ളുകാരണം സീറ്റിലിരുന്ന താൻ പോലും പഴുത്ത ചക്കപോലെ ചളുങ്ങുന്നതും സുമിയറിഞ്ഞില്ല.
ഒരാളെപ്പറ്റിയോർത്തപ്പോൾ മനസ്സിലെ ഐസുകട്ട ഉരുകുന്നതുപോലെ. ഉത്തമ ഗീതത്തിന്റെ മന്ത്രധ്വനികൾ ഉയർന്നപോലെ. പിച്ചാത്തിപ്പിടിയും രക്തക്കറയും മറയുന്നപോലെ.
" സ്ഫുടതാരകൾ കൂരിരുട്ടിലു -
ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ
ഇടതീർപ്പതിന്നേക ഹേതു വന്നി
ടാമേത് മഹാ വിപത്തിലും ".
ആശാന്റെ ചിന്താ വിഷ്ടയായ സീതയിലെ വരികൾ പലവട്ടം അവൾ ഉരുവിട്ടു. കൊച്ചുനാളിലെ അപ്പച്ചന്റെ മടിയിലിരുന്ന് പഠിച്ചതാണ്. അങ്ങനെ എത്രയോ കവിതാ ശകലങ്ങൾ !.
അക്കാര്യത്തിൽ അപ്പച്ചൻ ഒരു അക്ഷയ ഖനിയാണ്. ഋഗ്വേദം മുതൽ നീതിസാരം വരെ ഏതും നാവിൻ തുമ്പിൽ. റബ്ബർ മുതലാളി പീലിപ്പോച്ചന് സാഹിത്യത്തിലും കമ്പമായിരുന്നു. റബ്ബർ പാലിന്റെ ഗന്ധമേൽക്കുന്ന നസ്രാണിയ്ക്ക് അതു പറഞ്ഞിട്ടുള്ളതല്ല. എന്തോ.....അപ്പച്ചൻ ഒരു അപവാദം തന്നെ. ആ ജീനാണല്ലോ തനിക്കും. ഷേക്‌സ്‌പിയറെയും കാളിദാസനെയും താനും പ്രണയിച്ചു പോയതിൽ അത്ഭുതമില്ല .
പക്ഷെ ഗുണ്ട് ഗോപി! അവൾ നടുങ്ങി. " അവൻ ബസ്സ്റാൻഡിലിട്ടു അവളെ ബലാത്‌സംഗം ചെയ്യും.... നോക്കിക്കോ....." താൻ കേൾക്കാൻ വേണ്ടിയായിരുന്നു വത്സല ടീച്ചർ അങ്ങനെ പറഞ്ഞത്.
ഒരു കാര്യം സുമി തീർച്ചപ്പെടുത്തി. താൻ ഇത് വരെ സ്വപ്നങ്ങളുടെ കളിത്തോഴി മാത്രമായിരുന്നു. ജീവിതത്തിന്റെ വഴിത്താരകൾ കല്ലും മുള്ളും നിറഞ്ഞതാണെന്ന് വായിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. ഇതുവരെ താൻ പട്ടുമെത്തയിലെ ഉറങ്ങിയിട്ടുള്ളു. ബസ്സ്റ്റാൻഡിൽ ഉറങ്ങാനാണ് വിധിയെങ്കിൽ അതും സംഭവിച്ചേ മതിയാകൂ.
താൻ അനന്ത നീലിമയിൽ പറക്കുന്ന ഒരു പട്ടമല്ലേ? കളിപ്പട്ടം? നൂലും പിടിച്ചൊരാൾ നിഗൂഢ രാശികളിലെങ്ങോ ഇരിപ്പുണ്ടല്ലോ. കാറ്റിൽ ഒഴുകാം. പറക്കാം. പക്ഷെ ഒന്നുണ്ട്. വീണാലും ഈ സുമി എഴുന്നേൽക്കും. പിന്നെയും പറക്കാൻ. ചിറകൊടിയും വരെ പറക്കാൻ. ചിറകൊടിഞ്ഞാലും തത്തിത്തത്തി പറക്കാൻ.
No comments:
Post a Comment