Friday, 25 June 2021

യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിമൂന്ന് ശ്രീലങ്കൻ ഗാന്ധി ഇരുപതു വർഷത്തെ യു.ആർ.ഐ എന്ന പ്രസ്ഥാനത്തോടൊപ്പമുള്ള യാത്രയിൽ ഒട്ടേറെ ലോക നേതാക്കളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുവാൻ ദൈവം അവസരം തന്നിട്ടുണ്ട്. ആദ്യ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ചാൾസ് ഗിബ്‌സ്, ആദ്യ സ്റ്റാഫ് അംഗങ്ങളായിരുന്ന സാലി മാഹി, ബാർബറ ഹാർട്‌ഫോർഡ്, മരിയാ ക്രിസ്‌പോ തുടങ്ങി ഒട്ടേറെപ്പേർ ആ നിരയിലുണ്ട്. 2001 - ലെ ആദ്യ ഏഷ്യാ പസിഫിക് സമ്മേളനം നിയന്ത്രിച്ചവരായിരുന്നു സാലി മാഹിയും (അമേരിക്ക), മരിയാ ക്രിസ്‌പോയും (അർജന്റീന). ഇന്ത്യയിൽ മത സൗഹാർദ്ദ രംഗത്തു പ്രശോഭിച്ചിരുന്ന മോഹിനി ഗിരി (പ്രസിഡന്റ് വി.വി ഗിരിയുടെ മകൾ), നിർമല ദേശ് പാണ്ഡെ, സ്വാമി അഗ്നിവേശ്, ഫാ. ആൽബർട്ട് നമ്പ്യാർപറമ്പിൽ, ജസ്റ്റിസ് പി.കെ ഷംസുദിൻ, മാഡം മെഹർ മാസ്റ്റർ മൂസ്, വത്സൻ തമ്പു അച്ചൻ, ഡോ. മൊഹീന്ദർ സിംഗ്, ഡോ. ജിൻ വോൾ ലീ തുടങ്ങി ഒട്ടേറെപ്പേർ അന്നുമുതൽ സഹയാത്രികരായിരുന്നു. എന്നാൽ അന്ന് ശ്രീലങ്കയിൽ നിന്നു വന്ന രവി കന്ദഗയാണ് ശ്രീലങ്കൻ ഗാന്ധി ഡോ. എ. ടി അരിയ രത്നയെപ്പറ്റി എന്നോട് പറഞ്ഞത്. നമ്മുടെ വിനോബഭാവെയിൽ നിന്നും മറ്റു സർവോദയ നേതാക്കളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്രീലങ്കൻ സർവോദയ പ്രസ്ഥാനം കെട്ടിപ്പടുത്തയാൾ. ആ നാളുകളിലെന്നോ ഒരിക്കൽ കൊളംബോ പട്ടണത്തിനടുത്തുള്ള മൊറാട്ടുവാ എന്ന ഗ്രാമത്തിൽ ശ്രീലങ്കൻ ഗാന്ധിയെ ഞാൻ സന്ദർശിച്ചു. അതൊരു വഴിത്തിരിവായി മാറി. ശ്രീലങ്കയിലെ ആയിരത്തി അഞ്ഞുറു ഗ്രാമങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന സർവോദയ പ്രസ്ഥാനത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. എങ്ങിനെ ലോക പ്രശസ്തമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാമെന്നും അത് സാധാരണക്കാരുടെ സ്വപ്നങ്ങൾക്കു ചിറകേകാൻ എങ്ങിനെ സഹായിക്കുമെന്നും ഞാൻ അനേക തവണത്തെ യാത്രകളിലൂടെ പഠിച്ചു. മഹാത്മാ ഗാന്ധിയെ നേരിൽ കാണാനുള്ള ഭാഗ്യം എന്റെ തലമുറയിൽപ്പെട്ടവർക്കുണ്ടായിട്ടില്ല. എന്നാൽ ശ്രീലങ്കൻ ഗാന്ധിയെ പരിചയപ്പെട്ട നാൾമുതൽ ആ വിഷമം കുറച്ചൊക്കെ മാറി. ബന്ദാരഗമയിലുള്ള സർവോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേർണിംഗ് അതി മനോഹരമായ കാമ്പസാണ്. ഞങ്ങളുടെ എത്രയോ പഠന പരിപാടികൾക്കും തീർത്ഥാടനങ്ങൾക്കും അത് വേദിയായിരിക്കുന്നു!. അവിടെവച്ചു ഞങ്ങൾ യു.ആർ ഐ ട്രാവലിംഗ് പീസ് അക്കാഡമിയുടെ ഒരാഴ്ചത്തെ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കയുണ്ടായി. സർവോദയ പ്രസ്ഥാനത്തിലെ അൻപതോളം യുവജനങ്ങളായിരുന്നു പങ്കെടുത്തത്. ചെറുപ്പക്കാരെ പരിശീലിപ്പിക്കാൻ ഏറ്റം അനുയോജ്യമായ പദ്ധതിയാണ് അതെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അവരെല്ലാം ഇന്ന് സമൂഹത്തിൽ ഉന്നത ശ്രേണികളിൽ പരിശോഭിക്കുന്നു. പിന്നീട് ലോകത്ത്‌ ഏതു ഭാഗത്തു ഞങ്ങൾ ഒരു പരിപാടി നടത്തിയാലും അതിൽ സർവോദയ നേതാക്കളുടെ സാന്നിദ്ധ്യം അദ്ദേഹം ഉറപ്പാക്കി. പുത്രനിർവിശേഷമായ വാത്സല്യത്തോടെ അദ്ദേഹം എന്നെ കരുതി. തൊണ്ണൂറാം വസ്സിലേക്കു കടക്കുന്ന അദ്ദേഹം ഞങ്ങളുടെയെല്ലാം ആരാധനാ പാത്രമാണ്. 1958 ൽ സ്ഥാപിതമായ പ്രസ്ഥാനത്തിൽ ഇന്ന് നാന്നൂറിലധികം സ്റ്റാഫ് അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമങ്ങളുടെ സമഗ്രമായ വികസനമാണ് ലക്‌ഷ്യം. എഴുപത്തഞ്ചു ശതമാനം സ്വയം പര്യാപ്തത നേടിയിരിക്കുന്ന ഈ മഹൽ പ്രസ്ഥാനം ലോകത്തിനു ഒരു വലിയ മാതൃകയാണ്. ബന്ദാരഗമയിൽ നടത്തിയ മൂന്നാം ഏഷ്യാ അസംബ്ലിയിൽ വച്ച് യു.ആർ ഐ യുടെ രണ്ടാമത് ഏഷ്യാ സമാധാന അവാർഡ് (ഒരുലക്ഷം ശ്രീലങ്കൻ രൂപ) അദ്ദേഹത്തിന് സമ്മാനിക്കാനായത് മഹാ ഭാഗ്യമായി ഞങ്ങൾ കരുതുന്നു. യു.ആർ.ഐ പോലുള്ള ഒരു സമാധാന പ്രസ്ഥാനത്തിന് ഏഷ്യാ ഭൂഖണ്ഡത്തിൽ വമ്പിച്ച വേരോട്ടമുളവാക്കുവാൻ ഡോ. അരിയ രത്നയെപോലുള്ള മഹാന്മാരുടെ സംഭാവനകൾ ചെറുതല്ല. മാഗ്‌സെസെ അവാർഡ് തുടങ്ങി എത്രയോ അന്താരാഷ്ട്ര ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു. ഇതുപോലെയുള്ള വ്യക്തിത്വങ്ങളാണ് ലോകത്തെ ഇന്നും പ്രകാശപൂരിതമാക്കുന്നത്. 30 വർഷം നീണ്ട ശ്രീലങ്കൻ യുദ്ധം അവസാനിപ്പിക്കുന്നതിനും അതിനുശേഷമുള്ള ഗ്രാമ പുനരുദ്ധാരണ പദ്ധതികൾക്കും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. നമുക്കു എന്നും ജീവസ്സുറ്റ മാതൃകയാണ്. ഡോ. ഏബ്രഹാം കരിക്കം

Tuesday, 22 June 2021

യാത്രാപഥത്തിലെ താരകങ്ങൾ : ഇരുപത്തി രണ്ട് ബിഷപ്പ് വില്യം സ്വിoഗ് തൊണ്ണൂറുകളിൽ രണ്ട് വ്യത്യസ്ത സരണികളിൽ കൂടി എന്റെ ജീവിത നൗക യഥേഷ്ടം ഒഴുകിക്കൊണ്ടിരുന്നു. ഒന്ന് WCC ഡയലോഗ് യൂണിറ്റുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള മത സംവാദ തീർത്ഥാടനം. അതിന്റെ ചരിത്രമെല്ലാം ഇതേ പേരിലുള്ള ഒരു പുസ്തകത്തിൽ ഞാൻ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. രണ്ടാമത്തേത് താരതമ്യ സാഹിത്യ പഠനങ്ങളും ആ നിലയ്ക്കുള്ള ഗവേഷണവും. ഇതിനായി മാർത്തോമ്മാ കോളജിൽ CLRSC (Comparative Literature Research and Study Centre )എന്ന പ്രസ്ഥാനവും ആരംഭിച്ചു.CLRSC Series എന്ന പേരിൽ നിരവധി പ്രൊഫസർമാരുടെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. എന്നാൽ അഖില ലോക സഭാ കൗൺസിൽ മാനവ രാശിയുടെ ബാഹുല്യം പരിഗണിച്ചാൽ ഒരു ചെറിയ കൂട്ടായ്മയാണെന്ന സത്യം എനിക്ക് ബോധ്യപ്പെട്ടു. ക്രിസ്ത്യാനികളിൽ തന്നെ പകുതി പോലും ആ ഗണത്തിൽ വരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് "വേണം മതങ്ങളുടെ ഒരു ലോക കൗൺസിൽ " എന്ന പേരിൽ 1994 നവംബർ ലക്കം സഭാ താരകയിൽ ഞാനൊരു ലേഖനമെഴുതിയത്. അങ്ങനെ കാത്തിരിക്കുമ്പോൾ ഒരു ദൈവ ദൂതനായി കാലിഫോർണിയ ബിഷപ്പ് ബിൽ സ്വിoഗ് 1996 - ലെ മാരാമൺ കൺവൻഷനിൽ അവതരിച്ചു. 1995 - ൽ ഐക്യരാഷ്ട്ര സഭയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു തുടക്കമിട്ട യുണൈറ്റഡ് റിലീജിയൻസ് എന്ന ആഗോള പ്രസ്ഥാനത്തെ പറ്റി അദ്ദേഹം വിവരിച്ചു. - മതങ്ങളുടെ ഐക്യരാഷ്ട്ര സംഘടന എന്ന് യു. ആർ. ഐ അറിയപ്പെടാൻ തുടങ്ങി. വളരെ ആകസ്മികമായിട്ടാണ് അദ്ദേഹവും ഈ രംഗത്തേക്ക് കടന്നു ചെന്നത്. 1993 - ൽ അദ്ദേഹത്തിന് യു. എൻ ആസ്ഥാനത്തു നിന്ന് ഒരു ഫോൺ വന്നു. 1995 - ൽ സാൻഫ്രാൻസിസ്കോയിൽ വച്ച് ലോക മതങ്ങളുടെ ഒരു പ്രാർത്ഥനാ സമ്മേളനം നടത്തണം. യു. എൻ. ജൂബിലിയുടെ വിവിധ പരിപാടികളിലൊന്ന് മാത്രം. എന്നാൽ അത് ക്രമേണ യു. ആർ. ഐ യുടെ രൂപീകരണത്തിലേക്കു വഴി വച്ചു. അഞ്ചു വർഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് രണ്ടായിരാമാണ്ടിൽ കാലിഫോർണിയയിൽ വച്ച് അതിന്റെ ഉദ്ഘാടനം നടന്നത്. അന്ന് മുതൽ ഇന്ന് വരെ ബിഷപ് സ്വിങ് പ്രസിഡന്റായി തുടരുന്നു. 112 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു മഹാ പ്രസ്ഥാനം. കണ്ടു മുട്ടിയ നാൾ മുതൽ ഞങ്ങൾ സഹയാത്രികരായി. അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കാലിഫോർണിയ. അവിടുത്തെ ഏറ്റവും സമ്പന്നമായ എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പായി അദ്ദേഹത്തിന് എല്ലാ സുഖലോലുപതയുടെയും ധാരാളിത്തത്തിൽ മതി മറന്ന് ജീവിക്കാൻ സാദ്ധ്യതകൾ ഏറെയായിരുന്നു. എന്നാൽ ആർക്കും വേണ്ടാത്ത എയ്ഡ്സ് രോഗികളുടെ രക്ഷകനായിട്ടാണ് അദ്ദേഹം ആദ്യ കാലങ്ങളിൽ അറിയപ്പെട്ടത്. ഒരു പക്ഷെ ആ പ്രവർത്തനങ്ങളായിരിക്കാം യു. എൻ. അധികാരികളെ അദ്ദേഹത്തിലേക്കാകർഷിച്ചതും. പരസ്പ്പരം പോരാടുന്ന ലോകമതങ്ങളെ സമന്വയത്തിന്റെ പാതയിലേക്ക് നയിക്കുക എന്നത് എത്ര വലിയ ഒരു പ്രഹേളികയാണെന്നു ഏവർക്കുമറിയാം. എന്നാൽ ബിഷപ് സ്വിങിന് അതൊരു ജീവിത വ്രതമാണ്. അനേകം തത്വ ശാസ്ത്ര ശാഖകളെ സംയോജിപ്പിച്ച് മാനവ കുലത്തിന്റെ രക്ഷയ്ക്കായി പ്രവർത്തിക്കുവാൻ ഈ പ്രസ്ഥാനം യത്നിക്കുന്നു. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ എല്ലാ വർഷവും നടക്കുന്ന ഗ്ലോബൽ കൗൺസിൽ മീറ്റിങ്ങുകളും അതുപോലെയുള്ള മറ്റനവധി അന്താരാഷ്ട്ര സമ്മേളനങ്ങളും ബിഷപ് സ്വിങ്ങും മറ്റു യു. ആർ . ഐ നേതാക്കളും നയിക്കുന്നു. ഇവയിൽ മിക്ക പരിപാടികളിലും പങ്കെടുക്കുവാൻ ദൈവം എനിക്കും അവസരം തന്നിട്ടുണ്ട്.അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു വന്നു. ഇത്രയും സിദ്ധികളുള്ള ഒരു ലോക നേതാവിനൊപ്പം രണ്ടു ദശകങ്ങൾ പ്രവർത്തിക്കാനായി എന്നത് ഒരു വലിയ ഭാഗ്യമാണ്. എന്റെ ലോക വീക്ഷണത്തിലും തത്വ ശാസ്ത്രത്തിലും ബിഷപ്പ് സ്വിങ് ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ഒട്ടനവധി പ്രതിബന്ധങ്ങളുടെ തിരമാലകളെ വകഞ്ഞു മാറ്റി, മഹത്തായ ഒരു ലോക സംഘടനയെ മുന്നോട്ടു നയിക്കുന്ന ക്യാപ്റ്റന്റെ കഴിവുകൾ കണ്ടറിയേണ്ടത് തന്നെയാണ്. ലോക നിരായുധീകരണത്തിന്റെ മുന്നണി പോരാളിയാണിന്ന് ബിഷപ് സ്വിങ്. 2019 - ൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് യുണിവേഴ്സിറ്റിയിലാണ് ഞങ്ങൾ കൊറോണക്കാലത്തിനു മുമ്പ് കണ്ടു മുട്ടിയത്. ആ സമ്മേളനത്തിന് ചുക്കാൻ പിടിച്ചത് 99 കാരനായ മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോർജ് ഷുൾട്ട്സ് ആയിരുന്നു. മുൻ റഷ്യൻ പ്രസിഡന്റ് ഗോർബച്ചേവിനെയും സെക്രട്ടറി ഷുൾട്ട്സിനേയും അണിനിരത്തി നിരായുധീകരണ യജ്ഞങ്ങൾക്കു ആക്കം കൂട്ടാൻ ബിഷപ് സ്വിങ് ഏറെ യത്നിച്ചു. അങ്ങനെ ആ മേഖലയിൽ ഒരു പുത്തൻ ഉണർവിനും വേദിയൊരുങ്ങി. സെക്രട്ടറി ഷുൾട്സ് നൂറാം വയസ്സിൽ അന്തരിച്ചെങ്കിലുംപ്രസിഡന്റ് ഗോർബച്ചേവും അനേകം സമാധാന കാംക്ഷികളും ഇന്നും ആണവ വിപത്തിൽ നിന്ന് ലോകത്തെ കരകയറ്റാനുള്ള ശ്രമങ്ങൾ തുടർന്ന് വരുന്നു. ബിഷപ്പ് തന്നെ അദ്ധ്യക്ഷനായുള്ള “Voices for a World Free of Nuclear Weapons” എന്ന പ്രാസ്ഥാനത്തിലും ആരംഭം മുതൽ പ്രവർത്തിക്കാൻ എനിക്കും സാധിച്ചു. ആദിവാസി ഗോത്ര വർഗങ്ങളുടെ വലിയൊരു സമൂഹം വ്യവസ്ഥാപിത മതങ്ങൾക്കപ്പുറമുണ്ടെന്ന് യു . ആർ. ഐ വേദികളിൽ നമുക്ക് മനസ്സിലാകും. ദൈവ രാജ്യത്തിന് ആരും അന്യരല്ല. ദൈവ രാജ്യ സംസ്ഥാപനമാണ് നമ്മുടെ ആത്യന്തിക ലക്ഷ്യമെങ്കിൽ ആ യാത്രയിൽ പങ്കാളികളായി മാനവകുലം മുഴുവൻ നമ്മോടൊപ്പമുണ്ടാവണം. ഒട്ടനവധി മഹൽ വ്യക്തികളോടൊപ്പം ചേർന്ന് ഏഷ്യയിലെ യു. ആർ. ഐ പ്രസ്ഥാനത്തെ നയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. പല ലോക മതങ്ങൾക്കും ജന്മം നൽകിയ മണ്ണിൽ നിന്നുകൊണ്ട് മഹത്തായ ഒരു ദൗത്യത്തിൽ പങ്കാളിയാകുമ്പോൾ അതിൽ ഒരു ധന്യതയുണ്ട്. ബിഷപ് സ്വിങ്ങിനെപ്പോലെയുള്ള ആത്മാർത്ഥ നേതാക്കൾ ശക്തമായ പിന്തുണയുമായി കൂട്ടിനുള്ളപ്പോൾ നമ്മുടെ ശ്രമങ്ങൾ പാഴാവില്ല. ഈശ്വരൻ സൃഷ്ട്ടിച്ചു തന്ന ലോകം എത്ര സുന്ദരമാണെന്നു നമ്മൾ തിരിച്ചറിയുന്നു. അതിലെ അനന്തമായ സാദ്ധ്യതകൾ വരും തലമുറയ്ക്കായി കാത്തു വയ്ക്കാൻ വലിയ ഉത്തരവാദിത്തം നമുക്കുണ്ട് എന്നത് മറന്നുകൂടാ. Dr. Abraham Karickam
യാത്രാപഥത്തിലെ താരകങ്ങൾ - ഇരുപത്തി ഒന്ന് ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അകാലത്തിൽ പൊലിഞ്ഞ രണ്ടു നക്ഷത്രങ്ങളാണ് ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയും ഗീവർഗീസ് മാർ അത്തനേഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തയും. രണ്ടു പേരും വ്യത്യസ്ത മേഖലകളിൽ ശോഭിച്ചവർ. അത്തനേഷ്യസ് തിരുമേനി മാർത്തോമ്മാ കോളജിൽ ഞാൻ പ്രിൻസിപ്പലായിരുന്നപ്പോൾ ഞങ്ങളുടെ മാനേജരായിരുന്നു. സഭയുടെ വിവിധ കമ്മറ്റികളിലും ഒപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. എന്നാൽ സഖറിയാസ് തിരുമേനിയുമായി ദീർഘനാൾ എക്യൂമെനിക്കൽ വേദികളിൽ പ്രവർത്തിക്കാനായത് മഹാഭാഗ്യമായിരുന്നു. അഖില ലോക സഭ കൗൺസിലിന്റെ മൂന്നു ജനറൽ അസംബ്ലികളിൽ തിരുമേനിയുടെ നേതൃപാടവം ഞാൻ കണ്ടറിഞ്ഞു. ഡോ. എം. എം തോമസിന് ശേഷം സഭയുടെ നാവായി തിരുമേനി മാറി. പതിനാലു വർഷങ്ങൾ എക്സിക്യൂട്ടീവിൽ അംഗമായിരുന്നു ലോക സഭയ്ക്ക് നേതൃത്വം നൽകി. തെസെ കമ്യൂണിറ്റിയുമായി എനിക്കുള്ള ആത്മബന്ധം അറിയാവുന്ന തിരുമേനി മിക്കപ്പോഴും അവരെപ്പറ്റി ചോദിക്കുമായിരുന്നു. അവസരം വന്നപ്പോൾ തിരുമേനി തെസെ സന്ദർശിച്ചു. ഫ്രാൻസിലെ ഒരു കുന്നിന്മുകളിലുള്ള തെസെ ഗ്രാമത്തിലിരുന്നാണ് എടത്തല ശാന്തിഗിരി ആശ്രമത്തിന്റെ പ്ലാൻ വിശദമായി വരച്ചുണ്ടാക്കിയതെന്ന് തിരുമേനി പറഞ്ഞിട്ടുണ്ട്. ആരുടെയും സർഗാത്മകത പരിപോഷിപ്പിക്കുന്ന ഇടമാണ് തെസെ. മതങ്ങളുടെ കൂട്ടായ്മയായ യു.ആർ.ഐ യുടെ രണ്ടാം ദേശീയ അസംബ്ലിയും രണ്ടാമത് ഹോളി ബുക്ക്സ് കോൺഫറൻസും ഒന്നിച്ചു നടത്തുന്ന കാര്യം പറഞ്ഞപ്പോൾ അത് ശാന്തിഗിരിയിൽ നടത്തിയാൽ മതിയെന്നു തിരുമേനി പറഞ്ഞു. സ്വാമി അഗ്നിവേശ്, വിജയ് ഭട്കർ, ഡോ. മൊഹീന്ദർസിംഗ്, സ്വാമി ചതുർവേദി, ഫാ. നമ്പ്യാർ പറമ്പിൽ, ജസ്റ്റിസ് പി. കെ ഷംസുദിൻ, ഡോ. ജിൻ വോൾ ലീ, ഡോ. മെഹർ മാസ്റ്റർ മൂസ് , ഡോ. ഹീരാ പോൾ തുടങ്ങി ലോക പ്രശസ്ത നേതാക്കൾ സമ്മേളിച്ച കോൺഫറൻസ് സഖറിയാസ് തിരുമേനിയാണ് ഉദ്ഘാടനം ചെയ്തത്. വിശാല എക്യുമെനിസത്തിന്റെ ഉദാത്ത തലങ്ങൾ വരച്ചു കാട്ടുന്ന എത്രയോ പ്രസംഗങ്ങൾ തിരുമേനിയിൽ നിന്നും എനിക്കും കേൾക്കാനിടവന്നിട്ടുണ്ട്. ഹരാരേ ജനറൽ അസംബ്ലിയുടെ ഇടവേളയിൽ ഞങ്ങളെല്ലാം തിരുമേനിയോടൊപ്പമാണ് വിക്ടോറിയ വെള്ളച്ചാട്ടം കാണാൻ പോയത്. ഹരാരേയിൽ നിന്ന് രണ്ടു മണിക്കൂർ വിമാനത്തിൽ പോകണമായിരുന്നു. നയാഗ്ര കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മഹത്തരമായ ആ ജലപ്രവാഹം കൺകുളിർക്കെ കണ്ടു. ഡേവിഡ് ലിവിംങ്ഷ്ടന്റെ പാദമുദ്രകൾ പതിച്ച മണ്ണിലൂടെ നടന്നു. വിക്ടോറിയ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്ര അവിസ്മരണീയമായിരുന്നു. ഒരു മാർത്തോമ്മാ തിയോളജി വളർത്തിയെടുക്കേണ്ട ആവശ്യകത തിരുമേനി എപ്പോഴും ഊന്നിപ്പറഞ്ഞു. വേദ ശാസ്ത്ര അടിത്തറയിലുള്ള ഒരു സാമൂഹ്യ ശാസ്ത്രമായിരുന്നു ആ മനസ്സു നിറയെ. ശാന്തിഗിരി ഒരു സ്ഥിരം ചർച്ചാവേദിയായി മാറുന്നതും സമൂഹത്തെ ഏറ്റം സ്വാധീനിക്കുന്ന തത്വശാസ്ത്രം അവിടെ രൂപപ്പെട്ടു വരുന്നതും ഏറെ സ്വപ്നം കണ്ട മനസ്സായിരുന്നു തിരുമേനിയുടേത്. “An Ecumenical Odyssey” എന്ന സഖറിയാസ് തിരുമേനിയുടെ ആത്മകഥാ സ്പർശിയായ ഗ്രന്ഥം സഭാ കൗൺസിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ ചീഫ് എഡിറ്ററാകാനുള്ള അവസരം എനിക്കു ലഭിച്ചു. പെരുമ്പാവൂർ ആശ്രമം സ്കൂളിൽ നിന്ന് എക്യുമെനിസത്തിന്റെ ലോക കൊടുമുടികളിലേക്കു പറന്നുയർന്ന ഒരു മഹാ മനസ്സ് നമ്മുക്ക് ആ പേജുകളിൽ വായിച്ചെടുക്കാം. കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെ കല്ലിടീൽ നടത്തിയത് ക്രിസോസ്റ്റം തിരുമേനിയായിരുന്നു. ഒരു വർഷം കൊണ്ട് പൂർത്തീകരിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു തന്നത് സഖറിയാസ് തിരുമേനിയായിരുന്നു. ഒരു പ്രസ്ഥാനം എങ്ങിനെ വളർത്തിയെടുക്കാനാവും എന്ന് നാട്ടുകാർക്കായി തിരുമേനി അന്നു നൽകിയ ഉപദേശം ഒരിക്കലും മറക്കാനാവില്ല. മാർത്തോമ്മാസഭാ കൗൺസിൽ മുതൽ ലോകസഭാ കൗൺസിൽ അസംബ്ലികളിൽ വരെ ഞാൻ ഇടപ്പെട്ടു സംസാരിച്ചപ്പോഴൊക്കെ തിരുമേനിയിൽ നിന്നും ലഭിച്ച പിന്തുണ ഒരിക്കലും മറക്കാനാവില്ല. ഒരു തികഞ്ഞ അക്കാഡമിഷ്യനും വേദശാസ്ത്ര വിശാരദനുമായിരുന്ന തിരുമേനിക്ക് പുത്തൻ ആശയങ്ങളുടെ ധ്വനിവിചാരം എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു. ഈയിടെ തിരുമേനിയുടെ അനന്തരവൻ തോമസ് കുരുവിള ചേന്നങ്കരി "ഓർമ്മകൾ ഉൾക്കാഴ്ചകൾ" എന്ന ഗ്രന്ഥം എനിക്കു സമ്മാനിച്ചു. അടങ്ങാത്ത വിജ്ഞാനദാഹവും മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ തത്വ ചിന്തകളും ആ പേജുകളിൽ നമുക്ക് വായിച്ചെടുക്കാം. നമ്മുടെ മനസ്സുകളിൽ അരിസ്റ്റോട്ടിൽ വിഭാവനം ചെയ്യും പോലെയുള്ള ഒരു വികാര വിരേചനം (കഥാർസിസ്) രൂപപ്പെടുത്താൻ ഇതുപോലുള്ള കൃതികൾ ഏറെ സഹായിക്കും. ഡോ. ഏബ്രഹാം കരിക്കം
യാത്രാപഥത്തിലെ താരകങ്ങൾ - ഇരുപത് റവ. ഡോ. ഹാൻസ് ഊക്കോ എന്റെ വഴിത്താരകളെ പ്രശോഭനമാക്കിയ രണ്ടു സംഭവങ്ങൾക്കു ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റി വേദിയായിട്ടുണ്ട്. അഖിലലോകസഭാ കൗൺസിലിന്റെ 1991 - ലെ കാൻബറ അസ്സംബ്ലിയ്ക്കു മുന്നോടിയായി അവിടെ ഒരു പ്രീ അസംബ്ളി സമ്മേളനം നടന്നു. ബൊസ്സൈ എക്യൂമെനിക്കൽ ഇന്സ്ടിട്യൂട്ടിൽ (ജനീവ) എന്റെ അദ്ധ്യാപികയായിരുന്ന ക്യൂബക്കാരി ഓഫീലിയ ഓർട്ടേഗയെ കാണാനാണ് മൊണാഷ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഞാൻ അങ്ങോട്ട് പോയത്. പതിവുപോലെ അവിടെയും മതസംവാദത്തെ പ്പറ്റി ചൂടേറിയ ചർച്ചകൾ നടന്നു. അതിനു ശേഷം WCC ഡയലോഗ് യൂണിറ്റിൽ പുതുതായി നിയമിതനായ സ്വീഡൻകാരൻ ഹാൻസ് ഊക്കോ വന്നു പരിചയപെട്ടു. പിന്നീടുള്ള പതിനഞ്ചു വർഷങ്ങൾ പല ലോക വേദികളിൽ ഞങ്ങൾ വീണ്ടും സന്ധിച്ചു. അപ്രതീക്ഷിത മുഹൂർത്തങ്ങളിൽ ഇതുപോലെ കണ്ടുമുട്ടുന്നവരായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിത സരണിയുടെ ഗതിവിഗതികൾ ഏറെക്കുറെ നിയന്ത്രിക്കുന്നത്. WCC - യുടെ ഇരുപതു വർഷത്തെ മതസംവാദ പരിപാടികളുടെ അവലോകനത്തിനായി 1992 – ൽ കൊളംബോയിൽ നടത്തിയ മീറ്റിങ് പലതുകൊണ്ടും സുപ്രധാനമായി. ഡയലോഗ് യൂണിറ്റ്ഡയറക്ടർ അന്ന് ശ്രീലങ്കക്കാരനായ ഡോ. വെസ്ളി അരിയരാജയായിരുന്നു. ബൊസ്സൈയിൽ പഠിക്കുമ്പോൾ എന്നെ മതസംവാദ മേഖലയിലേക്ക് ആകർഷിച്ചത് അദ്ദേഹമാണ്. തുടർന്ന് WCC ഏഷ്യയിൽ ആദ്യമായി നടത്തിയ യഹൂദ - ക്രിസ്ത്യൻ സംവാദം കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി നടത്താൻ അവർ എന്നെ ചുമതലപ്പെടുത്തി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള 15 യഹൂദന്മാരും 15 ക്രിസ്ത്യാനികളുമായിരുന്നു സംബന്ധിച്ചത്. മറക്കാനാവാത്ത ഒരുപാടോർമ്മകൾ സമ്മാനിച്ച ഒരു മീറ്റിങ്ങായി അത് മാറി. അത് ഇസ്രായേലിലേക്കുള്ള എന്റെ ആദ്യ യാത്രയ്ക്ക് വഴിയൊരുക്കി. ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയും തണ്ടൂർ സ്റ്റഡി സെന്ററും ചേർന്ന് നടത്തിയ കോൺഫറൻസിൽ ഇരുനൂറോളം പണ്ഡിതരാണ് പങ്കെടുത്തത്. ഇസ്രായേലിലെ ആദ്യ വനിതാ റബിമാരായ നാമാ കെൽമനും മായാ ലിബോപിച്ചും കൊച്ചി മീറ്റിംഗിൽ സംബന്ധിച്ചിരുന്നു. അവരുടെ വീടുകളിൽ ചില ദിവസങ്ങൾ താമസിക്കുന്നതിനും യഹൂദ ജീവിത രീതികൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനും സാധിച്ചു. നാനാ മതസ്ഥർ പങ്കെടുക്കുന്ന ഒരു മീറ്റിങ് എങ്ങനെ നിയന്ത്രിക്കണമെന്ന് ഞാൻ പഠിച്ചത് ഹാൻസ് ഊക്കോയിൽ നിന്നാണ്. അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യവും സരസ സംഭാഷണവും ഏതു ചൂടേറിയ ചർച്ചകളെയും വരുതിയിലാക്കും. ഭാര്യ ആഗ്നറ്റ യുക്കോ WCC ആസ്ഥാനത്തു തന്നെയുള്ള വേൾഡ് ലൂഥറൻ ഫെഡറേഷനിലായിരുന്നു ജോലി ചെയ്തത്. അവരും മൂന്നു മക്കളും പിന്നീട് പലവട്ടം ഹാൻസിനൊപ്പം കേരളത്തിൽ വന്നിട്ടുണ്ട്. മകൻ ഡാനിയേൽ ഒരു മാസം ഇവിടെ താമസിച്ചു പഠനം നടത്തി. ഹാൻസ് തന്നെ പി. എച്. ഡി. പഠനത്തിന് ചേർന്നത് ബാംഗ്ളൂരിലെ ധർമ്മാരാം കോളജിലായിരുന്നു. WCC - യുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് എട്ടാമത് ജനറൽ അസംബ്ളി ആഫ്രിക്കയിലെ ഹരാരെയിൽ നടത്തിയത്. പ്രേത്യേക ക്ഷണിതാവായി എന്നെ അവിടേക്കു വിളിച്ചത് ഡയലോഗ് യൂണിറ്റായിരുന്നു. അതുപോലെ ബ്രസീലിൽ നടന്ന ഒമ്പതാം അസ്സംബ്ലിയിൽ യു. ആർ. ഐ യുടെ വക്താവായി പങ്കെടുക്കാൻ അവസരമൊരുക്കിയതും അവർ തന്നെ. അങ്ങനെ ലോകത്തിലെ എണ്ണപ്പെട്ട മത പണ്ഡിതരെയും യൂണിവേഴ്സിറ്റി പ്രൊഫഫസ്സർമാരെയും പരിചയപ്പെടാൻ അവസരങ്ങൾ തുറന്നു കിട്ടി. വേദ ഗ്രൻഥങ്ങളെ കുറിച്ചുള്ള എന്റെ പഠനങ്ങളും ഈ കാലയളവിലാണ് പുരോഗമിച്ചത്. അങ്ങനെ മെൽബൺ യൂണിവേഴ്സിറ്റിയുടെ ഒരു ലോക മത സമ്മേളനത്തിൽ കണ്ടുമുട്ടിയ ഒരു കൂട്ടം പണ്ഡിതരുമായി ചേർന്ന് ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ ഹോളി ബുക്സ് കോൺഫറൻസ് സീരീസ് ആരംഭിച്ചു. നിരവധി പ്രതിഭകളെ ആ മീറ്റിങ്ങുകളിലേക്കു ഹാൻസ് നിയോഗിച്ചയച്ചിട്ടുണ്ട് എട്ടു അന്താരാഷ്ട്രാ സമ്മേളനവും ഇതുവരെ ഞങ്ങൾ നടത്തി. ബ്രസീൽ അസ്സംബ്ലിയ്ക്കു ശേഷമാണു ഹാൻസ് WCC യോട് വിട പറയുന്നത്. ഇപ്പോഴും ലോക വേദികളിൽ ഹാൻസും ആഗ്നറ്റയും സജീവമാണ്. കരിക്കം ഇന്റർനാഷണൽ സ്കൂളിലെ ഒരു വാർഷികത്തിന് ഈയിടെ അവർ മകളെയും കൊച്ചുമക്കളെയും കൂട്ടി വന്നിരുന്നു. നമ്മളെ വിശ്വസിക്കുകയും കരുതുകയും ചെയ്യുന്ന ആത്മ മിത്രങ്ങൾ നമ്മുടെ വഴികളെ എത്ര മാത്രം പ്രഭാപൂരിതമാക്കും എന്ന് ഹാൻസിനെപോലെയുള്ള സുഹൃത്തുക്കൾ എന്നെ പഠിപ്പിക്കുന്നു. ഡോ. ഏബ്രഹാം കരിക്കം

Tuesday, 15 June 2021

യാത്രാപഥത്തിലെ താരകങ്ങൾ - പത്തൊമ്പത് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൊച്ചു കൊച്ചു പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും ഇടനാഴിയിലൂടെ ഞങ്ങൾ അല്പകാലം സഞ്ചരിച്ചെങ്കിലും സ്നേഹ ബന്ധത്തിന്റെ ഊഷ്മളത ഒരിക്കലും കുറഞ്ഞിരുന്നില്ല. തിരുമേനിയുടെ ക്രാന്ത ദർശിത്വവും കാര്യങ്ങൾ നേടിയെടുക്കാനുള്ള പ്രാപ്തിയും പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒന്ന് രണ്ടു തീരുമാനങ്ങൾക്കു പിന്നിലും തിരുമേനിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നത് കൃതജ്ഞതയോടെ സ്മരിക്കുകയാണിപ്പോൾ. കോളജ് പോലുള്ള ഒരു ബൃഹത്തായ സംരംഭം ആരംഭിക്കണമെങ്കിൽ എത്ര വലിയ സമർപ്പണവും ഈശ്വരാനുഗ്രഹവും വേണം എന്നത് നേരിട്ടനുഭവിക്കാൻ എനിക്കും ഇടയായി. മാർത്തോമ്മാ സഭപോലെ ഒരു കൊച്ചു സഭയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നും വെല്ലുവിളിയായിരുന്നു. അപാരമായ ആത്മവിശ്വാസവും ജനപിന്തുണയുമുള്ള വ്യക്തിത്വങ്ങൾ അശ്രാന്ത പരിശ്രമം ചെയ്താലേ അതൊക്കെ സാദ്ധ്യമാകൂ. 1952- ൽ തിരുവല്ല മാർത്തോമ്മാ കോളജ് ആരംഭിക്കാൻ കെ. കെ. കുരുവിള സാറും (മാർത്തോമ്മാ സെമിനാരിയുടെ ആദ്യ ആത്മായ പ്രിൻസിപ്പലായിരുന്നു). കെ. ഇ. നൈനാൻ സാറും (മധുര അമേരിക്കൻ കോളജിലെ വിഖ്യാത പ്രൊഫസർ) നൽകിയ നേതൃത്വം വളരെ വിലപ്പെട്ടതായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കാൻ ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉണ്ടായിരുന്നു. ആദ്യ പ്രിൻസിപ്പലായിരുന്ന റവ. എം. ജി ചാണ്ടി എന്ന അലക്സാണ്ടർ മാർത്തോമ്മാ തിരുമേനിയും കൂടി ആയപ്പോൾ കാര്യം ഭംഗിയായി. എന്നാൽ കിഴക്കിന്റെ വളർച്ചയ്ക്ക് വേണ്ടി കോഴഞ്ചേരിയിൽ ഒരു കോളജ് സ്ഥാപിക്കണം എന്ന് കുറുന്തോട്ടിക്കലച്ചൻ മണ്ഡലത്തിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ സഭയ്ക്ക് അത് കൂടി താങ്ങാനുള്ള കരുത്തില്ല എന്നാണ് യൂഹാനോൻ തിരുമേനി പ്രസ്താവിച്ചത്. പക്ഷെ കുറുന്തോട്ടിക്കലച്ചനും കിഴക്കൻ പ്രദേശത്തുള്ളവരും പിന്മാറിയില്ല. കോഴഞ്ചേരി ഇടവകയുടെ ശക്തമായ പിന്തുണയോടെ കോളജ് ആരംഭിച്ചു. ചുങ്കത്തറ ഇടവകയുടെ പാരലൽ കോളജാണ് പിന്നീട് അഫിലിയേറ്റഡ് കോളജിലേക്ക് വഴിതെളിച്ചത്. ഈശോ തിരുമേനി ആദ്യ മാനേജരായിരുന്നപ്പോൾ EZE എന്ന ജർമ്മൻ പ്രസ്ഥാനം 75 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനായി നൽകി എന്ന് കേട്ടിട്ടുണ്ട്. ജെ. ജോസഫ് അച്ചന്റെ നേതൃത്വത്തിലുള്ള കുടിയേറ്റക്കാരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ മാത്യൂസ് മാർ അത്തനേഷ്യസ് തിരുമേനിയുടെ ശക്തമായ നേതൃത്വമുണ്ടായിരുന്നു. പെരുമ്പാവൂർ കോളജിനു ജന്മം നല്കാൻ സുവിശേഷ സംഘവും അതിന്റെ നേതാക്കളുമുണ്ടായിരുന്നു. ചുങ്കത്തറ കോളജിലും, പെരുമ്പാവൂർ കോളജിലും, ചെങ്ങന്നൂർ കോളജിലും കുരുടാമണ്ണിൽ തോമസ് മാർ അത്തനേഷ്യസ് തിരുമേനിയുടെ കയ്യൊപ്പുണ്ടായിരുന്നു എന്നതു പരാമർത്ഥമാണ്. ഇങ്ങനെയുള്ള ബിഷപ്പുമാരുണ്ടായിരുന്നില്ലെങ്കിൽ നാം ഇന്ന് എവിടെ ആയിരുന്നേനെ എന്ന് പുതു തലമുറയെങ്കിലും ആലോചിക്കണം. ചെങ്ങന്നൂർ കോളജിന്റെ ഉത്ഭവം രസകരമാണ്. ആലായിൽ ഒരു കോളജ് അനുവദിക്കാൻ പോകുന്നു എന്ന് കേട്ട മാത്രയിൽ കുരുടാമണ്ണിൽ തിരുമേനി പുത്തൻകാവിൽ തലക്കോട്ടു് ചിന്നക്കുട്ടിച്ചായന്റെ പെട്ടിയിലെ ആധാരം നിർബന്ധിച്ചു വാങ്ങി തിരുവനന്തപുരത്തേക്കോടി എന്നാണ് കേട്ടിട്ടുള്ളത്. അന്ന് കേരളാ സിൻഡിക്കേറ്റ് അടക്കി വാണിരുന്നത് കെങ്കേമന്മാരായ പി.സ് ജോർജ് സാറും ടി.സി തോമസ് അച്ചനും (തിരുവല്ല കോളജ് മുൻ പ്രിൻസിപ്പൽ) ഒക്കെയായിരുന്നു. അവർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിനു അനുമതിയും നൽകി. യു. സി. കോളജ് അദ്ധ്യാപകനായിരുന്ന എ. എ പൈലി അച്ചനെ തന്റെ ഫോറിൻ കാറയച്ചു വരുത്തി. ഇവിടെ പ്രിൻസിപ്പലായി നിയമനവും നൽകി .(കാറുകൾ ഫോറിനായാലും ഇത്തരം സത്കർമ്മങ്ങൾക്കും ഉപയോഗിക്കാം). ഇടയ കുഞ്ഞുങ്ങളുടെ മനസ്സുകൾ വെന്തപ്പോൾ മനസ്സ് നൊന്തവരായിരുന്നു നമ്മുടെ പൂർവപിതാക്കൾ. കൊട്ടാരക്കരയിലെ പാവപെട്ട കൃഷിക്കാരുടെ മക്കളെ പഠിപ്പിക്കാനാണ് തൻ കോളജ് തുടങ്ങിയതെന്ന് മാത്യൂസ് ദ്വിതീയൻ ബാവ തിരുമേനി പലവട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതിന്റെയെല്ലാമിടയിൽ ഏനാത്ത് പാലത്തിനിപ്പുറമുള്ളവരുടെ കാര്യം പറയാൻ ആരുമുണ്ടായില്ല. റാന്നി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മാർത്തോമ്മാക്കാരുള്ളത് തെക്കൻ പ്രദേശത്താണ്. പറഞ്ഞിട്ടെന്തു കാര്യം? തദ്ദേശ വാസികളുടെ അതിശക്തമായ ഇടപെടലുണ്ടെങ്കിലേ ഏതുകാര്യവും സാധ്യമാവുകയുള്ളു എന്നത് അനുഭവം പഠിപ്പിക്കുന്ന പാഠമാണ്. തിരുവനന്തപുരം - കൊല്ലം ഭദ്രാസനമുണ്ടായ നാൾ മുതൽ (1980) ഞങ്ങൾ കരുനീക്കങ്ങൾ തുടങ്ങി. ക്രിസോസ്റ്റം തിരുമേനിയോട് പലവട്ടം പറഞ്ഞു. പക്ഷെ 15 ഏക്കർ സ്ഥലവും കെട്ടിടങ്ങളും എല്ലാം നമുക്ക് അപ്രാപ്യമാണെന്ന് തിരുമേനി വിശ്വസിച്ചു. വില്ലൂരിൽ സൺഡേ സ്കൂൾ സമാജം വക 15 ഏക്കറോളം സ്ഥലമുണ്ടായിരുന്നു . അത് കിട്ടുമോ എന്ന് നോക്കി. നടന്നില്ല. കൊട്ടാരക്കര കൺവൻഷൻ പന്തലിൽ വച്ച് ഒരു ദിവസം ഞങ്ങൾ ഈ വിഷയം സംസാരിക്കുമ്പോൾ എവിടെ പണം എന്ന് തിരുമേനി ചോദിച്ചു. എന്റെ അടുത്ത് നിന്ന കെ. കെ .കുഞ്ഞുകോശിച്ചായൻ (ഇഞ്ചക്കാട് ) ഉടൻ പറഞ്ഞു. " തിരുമേനീ പതിനായിരം രൂപ ഞാൻ തരാം". ഞങ്ങൾക്ക് അതൊരു പിടി വള്ളിയായി. സഹായിക്കാൻ മറ്റുള്ളവർ പിന്നാലെയുണ്ട് എന്ന ഒരു തോന്നൽ. 1993 - ൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടുണ്ടാക്കാൻ വി. ജെ. കുര്യൻ സാർ കരഞ്ഞു നടന്ന കഥകൾ ഈയിടെ വായിച്ചു. ജോസ് മാളിയേക്കൽ എന്ന ജർമ്മൻ പ്രവാസി കയ്യിൽ വച്ചുകൊടുത്ത ഇരുപതിനായിരം രൂപ നനഞ്ഞകണ്ണുകളോടെയാണ് അദ്ദേഹം വാങ്ങിയത്. ഇതിനും 10 വർഷം മുമ്പാണ് ഞങ്ങൾ ഈ സാഹസത്തെപ്പറ്റി ചിന്തിക്കുന്നത് എന്നോർക്കണം. ഐറേനിയസ് തിരുമേനി എന്ന ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത രംഗ പ്രവേശം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ്. അത് നടക്കും എന്ന് തിരുമേനി പറഞ്ഞു. ഭദ്രാസന അസംബ്ലിയിൽ പ്രമേയം പാസ്സാക്കി കേന്ദ്രത്തിലേക്കയച്ചു. സഭയെ കുറ്റം പറയാനാകില്ല. ഉള്ള കോളജുകൾ കുത്തുപാളയെടുത്തു നിൽക്കുന്ന കാലമാണ്. കൗൺസിലിൽ വെരി . റവ, . കെ. വി. ജേക്കബ്, എ. സി . കുരിയനച്ചൻ, ഡോ. പി. ജെ. അലക്സാണ്ടർ . ഡോ. കെ. സി. ജോൺ, കെ. വർഗീസ് എന്നിവരും ഞാനുമുണ്ടായിരുന്നു. ഡയസിൽ പിന്തുണയ്ക്കാൻ ഐറേനിയസ് തിരുമേനിയും. ഞങ്ങളുടെ ശല്യം സഹിക്കാതെ വന്നപ്പോൾ തെക്കൻ ഭദ്രാസനത്തിൽ ഒരു കോളജ് തുടങ്ങാൻ അനുമതി തന്നു. പക്ഷെ ഒരു നിബന്ധനയും വച്ചു. ഒരു നയാ പൈസപോലും കേന്ദ്രം തരികയില്ല. ആ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചു. ബാക്കിയുള്ളത് ചരിത്രമാണ്. 15 ലക്ഷത്തിന് ഇത്തിക്കരയറിന്റെ തീരത്ത് 18 ഏക്കർ ഭൂമി ലഭിച്ചു. അയ്യായിരം രൂപ തന്ന 320 അംഗങ്ങളെ ചേർത്ത് സൊസൈറ്റി രൂപീകരിച്ചു. അങ്ങനെ പതിനഞ്ചു ലക്ഷം കിട്ടി. (ചരിത്രമെല്ലാം ഈയിടെ പ്രസിദ്ധീകരിച്ച സൊസൈറ്റി ഡയറക്റ്ററിയിൽ ഞാൻ തന്നെ വ്യക്തമായി എഴുതിയിട്ടുള്ളതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല). എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ രണ്ടാമത്തെ സെൽ ഫൈനാൻസിംഗ് കോളജ് നമുക്ക് ലഭിച്ചു. കെ. സി. ജോൺ സാറും ഞാനും കൂടി കേരളാ യൂണിവേഴ്സിറ്റി ഓഫീസിൽ പോയി അഫിലിയേഷൻ ലെറ്റർ വാങ്ങി. നിബന്ധന കണ്ടപ്പോൾ ഞെട്ടിപ്പോയി. ഒരു മാസത്തിനുള്ളിൽ കോളജ് ആരംഭിച്ചിരിക്കണം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, പോളിമർ കെമിസ്ട്രി എന്നീ മൂന്നു ഡിഗ്രി കോഴ്സുകൾ. വിറയലോടെയാണ് ഞങ്ങൾ ഐറേനിയസ് തിരുമേനിയോട് കാര്യം പറഞ്ഞത്. പൊളിയാറായ ഒരു പഴയ വീടല്ലാതെ കാമ്പസ്സിൽ ഒന്നുമില്ലായിരുന്നു. പക്ഷെ പരിഹാരം തിരുമേനിയുടെ മനസ്സിലുണ്ടായിരുന്നു. എനിക്ക് അമ്പരപ്പുണ്ടാക്കിയ ഇഛാശക്തി എന്ന് ഞാൻ പറഞ്ഞത് അതാണ്. ബിജു എന്ന കോൺട്രാക്ടറോട് ഒരു മാസത്തിനുള്ളിൽ സെമി പെർമനന്റ് കെട്ടിടമുണ്ടാക്കി തരാൻ തിരുമേനി പറഞ്ഞു. സംഗതി ക്ലീൻ. ടി. എം . ജോസഫ് സാറിന്റെ അപാരമായ അനുഭവ സമ്പത്തും പിടിപാടും മുതലാക്കാൻ അദ്ദേഹത്തെ പ്രിൻസിപ്പലായും നിയമിച്ചു. ഇന്ന് ആയൂരിൽ ഏതു സ്ഥാപനത്തോടും കിടപിടിക്കാൻ കെല്പുള്ള രണ്ടു കോളജുകളും ഒരു സ്കൂളുമുണ്ട്. അക്രഡിറ്റേഷനിലേക്കും സ്വയം ഭരണത്തിലേക്കും ക്രമേണ വളരുകയാണ്. ഗവേർണിംഗ് കൗൺസിൽ അംഗമായും സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ദീർഘനാൾ പ്രവർത്തിക്കാൻ ദൈവം എനിക്കും അവസരം തന്നു. ജീവിത പാഠങ്ങൾ ഏറെ പഠിച്ചു. പക്ഷെ ഒരു കാര്യം നാമറിയണം. അയ്യായിരം രൂപാ അന്ന് ആറ് സെന്റ് വസ്തുവിന്റെ വിലയായിരുന്നു. (സെന്റിന് 750 രൂപ). ആ ആറു സെന്റിന് ഇന്ന് കുറഞ്ഞത് 60 ലക്ഷം കിട്ടും. ആവശ്യത്തിൽ തുണയായ ആ സഭാ സ്നേഹികൾക്ക് നമ്മൾ തിരിച്ചു നല്കിയതോ? രജത ജൂബിലിയ്ക്കു സമ്മാനമായി നൽകിയ ഒരു പൊന്നാട. പിന്നെ ക്രിസോസ്റ്റം തിരുമേനി, ഐറേനിയസ് തിരുമേനി, തോമസ് തിരുമേനി എന്നിവർക്കൊപ്പമുള്ള ഒരു ഫോട്ടോയും. ഇന്ന് നമ്മുടെ കോളജുകളിൽ പഠിച്ചിറങ്ങുന്ന പതിനായിരങ്ങളും നല്ല ശമ്പളം വാങ്ങുന്ന ജീവനക്കാരും ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ട്. ഇതെല്ലം നിസ്വാർത്ഥമതികളായ അനേകരുടെ വിയർപ്പിന്റെ വിലയാണെന്ന്. 1991- ൽ അഖില ലോക സഭാ കൗൺസിൽ ജനറൽ അസംബ്ലി കാൻബറയിൽ നടന്നു. സഖറിയാസ് തിരുമേനിയെ സെൻട്രൽ കമ്മറ്റിയിൽ എടുപ്പിക്കുന്നതിന് ഐറേനിയസ് തിരുമേനി അവിടെ വച്ചു നൽകിയ ഉദാത്തമായ പിന്തുണ റേച്ചൽ കൊച്ചമ്മയ്ക്കും, ഐപ്പ് ജോസഫ് അച്ചനും,അന്ന് പട്ടക്കാരനായിരുന്ന പൗലോസ് തിരുമേനിക്കും, എനിക്കും അറിയാം. എവിടെയായാലും സ്വന്തം സഭയ്ക്ക് വേണ്ടി പോരാടുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. അത് കഴിഞ്ഞു വന്ന ഉടനെയാണ് 1993 - ലെ മാർത്തോമ്മാ സ്റ്റുഡന്റസ് കോൺഫറൻസ് കൊട്ടാരക്കര വച്ചു നടത്തണമെന്നും അതിന്റെ സെക്രട്ടറിയാകണമെന്നും തിരുമേനി എന്നോടാവശ്യപ്പെട്ടത്. ഈശോ മാത്യു അച്ചൻ പ്രസിഡന്റാകും എന്നറിഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. അതും സാഹസമായിരുന്നു. 200 യുവതീ യുവാക്കളെ മൂന്നു ദിവസം താമസിപ്പിക്കാൻ കൊട്ടാരക്കരയിൽ എവിടെ ഇടം? പോരാത്തതിന് സൈറസ് സാറും, എസ്. കെ. ഏബ്രഹാം സാറും,ഇട്ടി സാറും എല്ലാം കത്തി ജ്വലിച്ചു നിൽക്കുന്ന കാലം. പക്ഷെ എല്ലാം ഭംഗിയായി നടന്നു. വാളകം സി. എസ് .ഐ സ്കൂളിന്റെ മുറ്റത്ത് പന്തലിട്ട് ഗംഭീരമായി നടത്തി. ഒട്ടേറെ അച്ചന്മാരും സുഹൃത്തുക്കളും സഹായിക്കാനുണ്ടായിരുന്നു. അതിന്റെ മിച്ചം വന്ന തുക കൊണ്ട് ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ ജൂബിലി മന്ദിരം കേന്ദ്രമാക്കി ആരംഭിക്കാനായതാണ് രണ്ടാമത്തെ വഴിത്തിരിവ്. കൺവൻഷൻ ബംഗ്ലാവിൽ അതിനു ഒരു ഓഫീസ് മുറിയും തിരുമേനി ഉദ്ഘാടനം ചെയ്തു തന്നിരുന്നതാണ്. അത് ഇടിച്ചു പൊളിച്ചു കളഞ്ഞപ്പോൾ പുതിയ കെട്ടിടത്തിൽ ഒരു മുറി ഞങ്ങൾക്ക് തരേണ്ടതല്ലേ? ജോസഫ് മാർത്തോമ്മായുടെ ആ മനസ്സും മഹത്വവും ഞാൻ തിരിച്ചറിയുന്നു. നമ്രശിരസ്കനാകുന്നു. Dr. Abraham Karickam

Monday, 14 June 2021

യാത്രാപഥത്തിലെ താരകങ്ങൾ: പതിനെട്ട് റവ. ഡോ.. എം ജെ. ജോസഫ് മാർത്തോമ്മാ സഭയിൽ എനിക്ക് അടുത്ത സൗഹൃദങ്ങളുള്ള ധാരാളം പട്ടക്കാരുണ്ട്.അതിൽ വെരി. റവ. എ.സി .കുര്യൻ, സി. ഐ . ഗീവർഗീസ് മണക്കാല, റവ. പി . ടി ഏബ്രഹാം (ചാച്ചിപുന്ന) , റവ. എം. ജി. തോമസ് എന്നിവർ എനിക്ക് വഴികാട്ടികളായിരുന്നു. കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ടായിരുന്നപ്പോൾ എ. സി കുര്യൻ അച്ചൻ ഞങ്ങൾ ചെറുപ്പക്കാരെയെല്ലാം ധാരാളം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി. കൺവൻഷൻ കാലത്ത് കാന്റീൻ നടത്തുന്നത് സെന്റർ യുവജന സഖ്യമായിരുന്നു. പഴക്കുലകളും മറ്റും സൂക്ഷിക്കാൻ ആ മണ്ണിൽ തന്നെ ഞങ്ങൾ കിടന്നുറങ്ങി. എന്റെ പേരു് സഭയുടെ ഒരു കമ്മറ്റിയിലേക്ക് ആദ്യമായി നിർദ്ദേശിക്കുന്നത് സി. ഐ ഗീവർഗീസ് അച്ചനായിരുന്നു. പബ്ലിക് റിലേഷൻ സ് കമ്മറ്റി. 1982 - ൽ . പത്രത്തിൽ കണ്ടാണ് ഞാൻ വിവരം അറിഞ്ഞത്. സഭാ കൗൺസിൽ കഴിഞ്ഞാലുടൻ വാർത്തകളൊക്കെ പ്രസ് റിലീസ് ആയി നൽകുമായിരുന്നു അന്ന്. കരിക്കം പള്ളിയിൽ നിന്നുള്ള ആദ്യ പട്ടക്കാരനായിരുന്നു റവ. എം. ജി. തോമസ്. ഏതു പള്ളിയിൽ ചാർജ് എടുത്താലും ഉടൻ എന്നെ പ്രസംഗിക്കാൻ ക്ഷണിക്കും. പല സെന്റർ മീറ്റിങ്ങുകളിലും അങ്ങനെ ഞാൻ പോയി പ്രസംഗിച്ചു പഠിച്ചു. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്തു സെന്റർ യുവജന സഖ്യം സെ ക്രട്ടറിയാകാൻ എന്നെ നിർബന്ധിച്ചത് പി. ടി. ഏബ്രഹാം അച്ചനായിരുന്നു. വിശാലമായ കൊട്ടാരക്കര സെന്റർ പ്രസിഡന്റായിരുന്നു എന്റെ വികാരി കൂടിയായിരുന്ന അച്ചൻ. പള്ളിമുറ്റത്ത് കോർട്ടുണ്ടാക്കി കിളിത്തട്ടുകളിയിൽ നിന്ന് ഞങ്ങൾക്ക് വോളിബോളിലേക്കു പ്രൊമോഷൻ തന്നതും അച്ചനായിരുന്നു. ഇങ്ങനെ പറഞ്ഞു പോയാൽ ഒരുപാടുപേരുടെ കാര്യം പറയേണ്ടി വരും. എന്നാൽ പലതുകൊണ്ടും എന്നെ ഏറെ സ്വാധീനിച്ച വ്യക്തി എം. ജെ. ജോസഫ് അച്ചനായിരുന്നു. എൺപതുകളുടെ ആദ്യം സഭാ കൗൺസി ലിൽ ഒന്നിച്ചു വരുമ്പോഴാണ് അച്ചനെ അടുത്തറിയുന്നത്. അന്ന് കോട്ടയം സെമിനാരി പ്രൊഫസറായിരുന്നു. പിന്നീട് പ്രിൻസിപ്പലായി. ഏതു വിഷയവും ആഴത്തിൽ പഠിക്കാനും സുന്ദരമായ ശൈലിയിൽ പ്രസംഗിക്കാനും ഒരു പ്രത്യേക സിദ്ധിയുണ്ട്. കവിതാ രചന പണ്ടേയുള്ള സ്വഭാവമാണ് . കാവ്യദേവത വിളിക്കുമ്പോൾ ഫിയറ്റ് കാറെടുത്തു മാങ്ങാനം ആശ്രമത്തിലേക്കോടുമെന്നും രചന പൂർത്തിയാക്കി മടങ്ങുമെന്നും പണ്ട് സെമിനാരി കുട്ടികൾ പറഞ്ഞു കേട്ടിട്ടുണ്ട്. ബാംഗ്ലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിൽ കവിത്വം വളരെ പുഷ്ടിപ്പെട്ടു. പ്രകൃതിയെപ്പറ്റി ഇത്രമാത്രം കവിതകൾ എഴുതിയ മറ്റാരെങ്കിലും ഈ തലമുറയിലുണ്ടാവുമോ എന്നെനിക്കു സംശയമുണ്ട്. കാൽപ്പനിക കവികളുടെ കൂട്ടത്തിൽ ഏതായാലും അച്ചൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. എക്യൂമെനിക്കൽ തിയോളജിയുടെ പ്രിൻസിപ്പലായും പിന്നെ ഡയറക്ടറായും പതിനൊന്നു വർഷത്തോളം അച്ചൻ അവിടെയായിരുന്നു. മിക്ക പരിപാടികൾക്കും ക്ഷണിക്കും. ചിലതിലൊക്കെ സംബന്ധിക്കും. വിശാല എക്യൂമെനിസത്തിന്റെ വക്താവായി അച്ചൻ വളരുന്നതും ഇവിടെയാണ്. ഒരിക്കൽ ഒരു പുസ്തക പ്രകാശനത്തിന് ക്ഷണം കിട്ടി.”On the Wings of Wider ecumenism”( വിശാല എക്യൂമെനിസത്തിന്റെ ചിറകുകളിൽ) എന്ന ഒരു ബൃഹത് ഗ്രന്ഥം. സുന്ദരമായ ഒരു കൃതിയാണത്. പ്രകാശനം അതിലും സുന്ദരമായിരുന്നു. ബാംഗ്ളൂർ നിന്ന് സണ്ണിയോടൊപ്പമാണ് (കോശി മാത്യു ) ഞാൻ പോയത്. ഞങ്ങൾ എല്ലാം പ്രകാശന ചടങ്ങിനായി ഒരു മരത്തണലിൽ ഒത്തു കൂടി" ലോകാ സമസ്താ സുഖിനോ ഭവന്തു "പാടിയിരിക്കുമ്പോൾ ആകാശത്തു നിന്ന് പുസ്തകം ഇറങ്ങി വന്നു. മരച്ചില്ലയിൽ നിന്ന് കെട്ടിയിറക്കിയതായിരുന്നു. അവിടെ 29 ഏക്കർ കാമ്പസ്സിലുള്ള എല്ലാ മരങ്ങളെയും അച്ചൻ പേർ ചൊല്ലി വിളിക്കുമായിരുന്നു. രാവിലെയും വൈകിട്ടും നടക്കാൻ കൂടെപോയാൽ പ്രുകൃതിയെപ്പറ്റി വശ്യമായ ഒരു ക്ലാസ്സ് കേൾക്കാം. സെമിനാറിൽ നിന്ന് പഠിക്കുന്നതിനേക്കാൾ അങ്ങനെ കേൾക്കാം. പ്രകൃതി അച്ചന് ഒരു സിദ്ധി നൽകിയിട്ടുണ്ട്. ഭൂമിക്കടിയിൽ നീരൊഴുക്ക് എവിടെയാണെന്ന് പെട്ടെന്ന് തിരിച്ചറിയാം. ഒരു കമ്പ് കയ്യിലുണ്ടെങ്കിൽ വെള്ളമൊഴുക്കുള്ള സ്ഥലത്തു ചെല്ലുമ്പോൾ അച്ചന്റെ കൈ വിറയ്ക്കാൻ തുടങ്ങും. കരിക്കം ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥലം മുമ്പ് ഒരു മൊട്ട കുന്നായിരുന്നു. അച്ചൻ കാണിച്ചു തന്ന സ്ഥലത്താണ് ഞങ്ങൾ കിണർ കുഴിച്ചത്. രണ്ടു തൊടി വെട്ടിയപ്പോൾ സമൃദ്ധമായ ജല പ്രവാഹം. സുന്ദരികളുടെ പാദ സ്പർശമേറ്റാൽ അശോകം പുഷ്പിക്കുമെന്നു കേട്ടിട്ടുണ്ട്. അച്ചന്റെ പാദ സ്പർശമേറ്റാൽ ഭൂമിക്കടിയിലെ വെള്ളം തുള്ളും. അത് ഞാൻ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്. ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ പല വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. അവാർഡ് ജേതാക്കൾ തന്നെ വാർഷിക പ്രഭാഷണവും നടത്തും. ഡോ. സുകുമാർ അഴീക്കോട്, ഡോ. കെ. എം ജോർജ്, ഡോ. ബാബുപോൾ , ഡോ. എ. കെ. തര്യൻ, സത്യവാൻ കൊട്ടാരക്കര, ഫാ. ആൽബർട്ട് നമ്പ്യാർ പറമ്പിൽ, വാളകം അന്താരാഷ്ട്ര പഠന കേന്ദ്രം, സ്വാമി സച്ചിദാനന്ദ ഭാരതി , ജസ്റ്റിസ് പി. കെ. ഷംസുദീൻ എന്നിവരെയെല്ലാം അങ്ങനെ ആദരിച്ചിട്ടുണ്ട്. ECC യ്ക്ക് ഒരു വട്ടം അവാർഡ് സമ്മാനിച്ചപ്പോൾ ഡയറക്ടറായിരുന്ന അച്ചനാണ് ഏറ്റു വാങ്ങിയത്. പ്രഭാഷണം അച്ചടിച്ച കോപ്പികളുമായി വന്നത് അച്ചൻ മാത്രം. ഞങ്ങളുടെ അസ്സംബ്ലികളിലും ഹോളിബുക്സ് കോൺഫറന്സുകളിലും അച്ചൻ സ്ഥിര സാന്നിദ്ധ്യമാണ് എന്നത് നന്ദിയോടെ ഓർക്കുന്നു. "Holy Books and Eco - Spirituality" എന്ന വിഷയം ശ്രീ ലങ്കൻ സമ്മേളനത്തിൽ ഞങ്ങൾ ചർച്ച ചെയ്യുമ്പോൾ ജോസഫ് അച്ചൻ മുഖ്യ പ്രസംഗകരിൽ ഒരാളായിരുന്നു. തമാശകളുടെ ഒരു ഉസ്താദുകൂടിയാണ് അച്ചൻ. ECC ഡയറക്ടറുടെ വസതിയിലേക്ക് ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ ഒരു തമാശ വായിച്ചു ഉറക്കെ ചിരിക്കുന്ന തു കണ്ടു. ഉടൻ അതെന്നെ വായിച്ചു കേൾപ്പിച്ചു __ കോടീശ്വരിയായ ഒരു മദാമ്മയെ പേപ്പട്ടി കടിച്ചു. ഡോക്ടർ വന്നപ്പോൾ ഇനി രക്ഷയില്ല എന്ന് പറഞ്ഞു. സ്വത്തെല്ലാം ആർക്കെങ്കിലും ദാനം ചെയ്യാനും ഉപദേശിച്ചു. പിറ്റേ ദിവസം ഡോക്ടർ ചെല്ലുമ്പോൾ നീണ്ട ഒരു ലിസ്റ്റുമായി ഇരിക്കുകയാണ് അമ്മച്ചി. എന്തിനാണീ പേരുകൾ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു : “എല്ലാം എന്റെ അടുത്തുള്ള സ്ത്രീകളുടെ പേരാണ്. എനിക്ക് പേയിളകി മരിക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞില്ലേ ? പേയിളകുമ്പോൾ ഞാൻ ഓടി നടന്ന് ഇവളുമാരെയെല്ലാം കടിക്കും. അവർ കുരച്ചു കുരച്ചു ചാകുന്നത് എനിക്ക് കാണണം”. മരിക്കാൻ കിടക്കുമ്പോഴും മറ്റുള്ളവരുടെ വേദനയിൽ പുളകം കൊള്ളുന്ന ഒരു സമൂഹം ഉണ്ട്. അവരുടെ പ്രതിനിധിയാണ് ആ സ്ത്രീ. ഇത്തരം എത്ര കഥകൾ വേണേലും അച്ചൻ പറഞ്ഞു തരും. പ്രകൃതി നശിക്കുകയാണെന്നും മരം നടലാണ് യഥാർത്ഥ ക്രിസ്തീയ ദൗത്യമെന്നും പള്ളികളിലെല്ലാം പ്രസംഗിച്ചു നടക്കുന്ന ജോസഫച്ചൻ ആ വഴിയിൽ വേറിട്ടു സഞ്ചരിക്കാൻ ഇഷ്ട്ടപെടുന്നു. സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാനായതുകൊണ്ടല്ല. അത് സ്വന്തം ധർമ്മമായി അച്ചൻ കണക്കാക്കുന്നു. അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അച്ചന്റെ ആശയങ്ങൾ വരും തലമുറയിലേക്കു സംക്രമിക്കും എന്ന് നമുക്കാശിക്കാം. അതിനായി പ്രാർത്ഥിക്കാം. ഡോ. ഏബ്രഹാം കരിക്കം N.B. Please read previous numbers in my face book page and blog.
യാത്രാപഥത്തിലെ താരകങ്ങൾ - പതിനേഴ് ഡോ. എ. പി ജോൺ ഘടാഘടിയൻമാരായ ഒരുകൂട്ടം പ്രെഫസർമാർക്കിടയിലേക്കാണ് മാർത്തോമ്മാ കോളേജിൽ ഞാൻ ചെന്നുപെട്ടത്. ജെം ഓഫ് എ ജന്റിൽമാൻ എന്നു വിളിക്കാവുന്ന പ്രൊഫ. സി.ടി ടൈറ്റസായിരുന്നു ഇംഗ്ലീഷ് വകുപ്പു മേധാവി. കമന്റേറ്ററും ക്വിസ് മാസ്റ്ററുമൊക്കെയായ ബാബു സഖറിയാ സാർ തൊട്ടുതാഴെ. പക്കാ കോൺഗ്രസ്സായ എ.ടി സാമുവൽ സാറും (സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു), കറതീർന്ന കമ്യൂണിസ്റ്റായ വി.എ ചാക്കോ സാറും പിന്നാലെ. പ്രാർത്ഥനാ മനുഷ്യനും ഉപദേശകനുമായ പി.പി തോമസ് സാറും താത്വയികാചാര്യനായ ധാർമിഷ്ഠൻ ചാക്കോ സാറും വേറെ. പെരുമ്പാവൂർ പ്രിൻസിപ്പലായിപ്പോയ കെ.ഐ ജേക്കബ് സാറും ഭാഷാ നിപുണനായ തോമസ് പി. വർഗീസ് സാറും ഇതിനിടയിൽ മറ്റൊരു വശത്ത്. പൊതു പ്രവർത്തകരായ ഒ. എ നൈനാൻ സാറും ഏബ്രഹാം മാത്യു സാറും, മാരാമൺ ക്വയർ മാസ്റ്റർ തോമസ് ജോർജ് സാറും, ബാബു ജി വർഗീസ് സാറും പിന്നീടു പ്രിൻസിപ്പലായ എൻ.എം മാത്യു സാറും മറ്റൊരുവശത്ത്. അന്ത്യകാല പ്രവാചകന്മാർ ആകർഷിച്ചുകൊണ്ടുപോയ സി.ഒ ഡാനിയേൽ സാർ പോയത് ഒരു നഷ്ടമായിരുന്നു. മറ്റൊരു ഭാഷാ പണ്ഡിതനായ വി.ജെ തോമസ് സാർ ഉണ്ടായിരുന്നെങ്കിലും പണ്ടേ സ്വിറ്റ്സർലണ്ടിൽ കുടിയേറി. ഇതിനെല്ലാമിടയിൽ ഒരു കുളിർ കാറ്റുപോലെ ലീലാമ്മകൊച്ചമ്മയും, ജസ്സി തോമസ്, ഷീലാ എലിസബത്ത് ഏബ്രഹാം, ഏലിയാമ്മ ഫിലിപ്പ് എന്നിവരും വേറെ ചില ആധുനിക പെൺകൊടികളും. പുറകാലെ ചില ജൂനിയർ സെറ്റ് ആൺതരികളും വന്നുചേർന്നു. ഇതിനെല്ലാമിടയിൽ വേറിട്ട രണ്ടു വ്യക്തിത്വങ്ങളുണ്ടായിരുന്നു. ഡോ. എ. പി ജോൺ, ഡോ. സി.എസ് ഫിലിപ്പോസ് എന്നിവർ. ജോൺ സാർ ആസ്ട്രേലിയയിൽ നിന്നും, ഫിലിപ്പോസ് സാർ ജർമ്മനിയിൽ നിന്നും പി.എച്ച്.ഡി സമ്പാദിച്ചു വന്നവരാണ്. ഭാഷാ ശാസ്ത്രത്തിൽ ആഗ്രഗണ്യർ. മൊത്തത്തിൽ ഡിപ്പാർട്മെന്റ് പണ്ഡിത ശിരോമണികളുടെ ഒരു കൂട്ടം എന്നു വിശേഷിപ്പിച്ചാൽ അതു സത്യമായിരുന്നു. സ്വതവെ വിജ്ഞാന കുതുകിയായ എനിക്ക് ഇതിനേക്കാൾ നല്ല ഒരന്തരീക്ഷം കിട്ടാനില്ലായിരുന്നു. അധികം താമസിയാതെ ഞാൻ എം.എ ഹിസ്റ്ററി ക്ലാസ്സോടെ പാസ്സായി. അതിനു കാരണമുണ്ടായിരുന്നു. ഫാത്തിമയിലെ എന്റെ സീനിയർ ഇണക്കുരുവികളിലൊരാളായ സാറാമ്മയും ഭർത്താവ് കെ.എൻ വർഗീസും കുറ്റപ്പുഴ എസ്.ഡി.എ സ്കൂളിലുണ്ടായിരുന്നു.വർഗീസ് സാർ പ്രിൻസിപ്പലും സാറാമ്മ അദ്ധ്യാപികയും. സാറാമ്മയ്ക്കു രണ്ടുവർഷത്തെ അവധിയിൽ എം.എ ഇംഗ്ലീഷ് പഠിക്കാൻ മോഹം. എന്റെ ക്ലാസ്സിലിരിക്കേണ്ടി വരുമെന്നതൊഴിച്ചാൽ മറ്റു കുഴപ്പമൊന്നുമില്ലെന്നു ഞാൻ. അതിൽ അഭിമാനമേയുള്ളു എന്നു സാറാമ്മ. അതങ്ങനെ തന്നെ സംഭവിച്ചു. വർഗീസ് എന്ന ബേബിച്ചായൻ പുഷ്പം പോലെ എം.എ ഹിസ്റ്ററി എഴുതി എടുത്ത കാര്യം വർണ്ണിച്ചപ്പോൾ പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല. ബി.എ ക്കു മറിയാമ്മ, സാറാമ്മ ഇണക്കുരുവികളുടെ പുസ്തകം അടിച്ചുമാറ്റി പഠിച്ച ഞാൻ ഇപ്പോൾ ബേബിച്ചായന്റെ പുസ്തകശേഖരം കടമെടുത്തു. കൊട്ടാരക്കര കോളേജ് പ്രിൻസിപ്പൽ ജോർജ് അച്ചന്റെ മൂന്ന് എം.എ ബിരുദങ്ങൾ മനസ്സിലിരുന്നു വിങ്ങുന്ന കാലം. ഞാൻ പതിയെ എം.എ മലയാളം പഠിക്കാനാരംഭിച്ചു. ആ നേരത്താണ് ഡോ. എ.പി ജോൺ ഇടപെടുന്നത്. എത്ര എം.എ എടുത്താലും വെറും പ്രൊഫസറെ ആവുകയുള്ളു എന്നും, ഡോക്ടർ എന്നു വിളിക്കണമെങ്കിൽ പി.എച്ചു.ഡി തന്നെ എടുക്കണമെന്നും അദ്ദേഹം വാദിച്ചു. കാര്യം ശരിയാണ്. പക്ഷെ എവിടെ പഠിക്കും?. യു.ജി.സി ഫെലോഷിപ്പ് നൽകി തുടങ്ങിയ കാലമാണ്. എന്നാൽ യൂണിവേഴ്സിറ്റികളായ തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമേ ഗവേഷണ വകുപ്പുകൾ ഉണ്ടായിരുന്നുള്ളു. പഴയ പരിചയമൊക്കെ വച്ച് ഞാനും എൻ. എം മാത്യു സാറും കൂടി തിരുവനന്തപുരം യൂണിവേഴ്സിറ്റിയിലെത്തി അയ്യപ്പ പണിക്കർ സാറിനെ കണ്ടു. ഹൈദരാബാദിൽ നിന്ന് ഒരു ഡിപ്ലോമ പോലും എടുക്കാതെ ഗവേഷണത്തിനു ചെന്ന ഞങ്ങളെ സാർ ഓടിച്ചു വിട്ടു. ഇവിടെയാണ് എ.പി ജോൺ സാറും ഫിലിപ്പോസ് സാറും രക്ഷകരായത്. പ്രിൻസിപ്പൽ സി.ടി മാത്യു സാർ, സുവോളജിയിലെ എം.ഐ ആൻഡ്രു സാർ എന്നിവരെകൂട്ടി ഒരു രഹസ്യ ഓപ്പറേഷന് പദ്ധതിയിട്ടു. ടി.എം ജേക്കബിന്റെ ആഞ്ജാശക്തിയാൽ ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പിച്ച വച്ചു നടക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതിന്റെ വൈസ് ചാൻസലർ എ.ടി ദേവസ്യ സാറിനെ കണ്ടു ഒരു വമ്പൻ നീക്കം നടത്തി. എന്തിനു രഹസ്യ ഓപ്പറേഷൻ എന്നു ചോദിക്കുന്നവരുണ്ടാകാം. അതിനു അലക്സാണ്ടർ മാർത്തോമ്മാ തിരുമേനി പറഞ്ഞ കേരളാ ഞണ്ടുകളുടെ കഥയറിയണം. ഒരു സായിപ്പ് കേരളം സന്ദർശിച്ചപ്പോൾ ഒരിടത്തു ഒരു ബക്കറ്റിൽ നിറയെ ജീവനുള്ള ഞണ്ടുകളെ കണ്ടു. ബക്കറ്റിനു അടപ്പില്ല. സായിപ്പിന് അത്ഭുതം. ഇവറ്റകൾ ചാടിപ്പോവില്ലേ എന്നായി അദ്ദേഹം. കൂടെയുള്ളയാൾ പറഞ്ഞു, കുഴപ്പമില്ല. കേരളാ ഞണ്ടുകളാണ്. ഒരുത്തൻ മേലോട്ട് കയറിയാൽ ഉടൻ മറ്റുള്ള എല്ലാവരുംകൂടി കാലിൽ പിടിച്ചു താഴെയിട്ടോളും. അതു തന്നെ. രണ്ടു ഡോക്ടറേറ്റ് ഡിഗ്രിക്കാരുള്ള പ്രശസ്ത വകുപ്പുകളെ യൂണിവേഴ്സിറ്റിയുടെ റിസേർച്ചു ഡിപ്പാർട്മെന്റുകളായി അംഗീകരിക്കുക. അതായിരുന്നു പ്ലാൻ. സിൻഡിക്കേറ്റ് അംഗങ്ങളെയും കാര്യം ബോദ്ധ്യപ്പെടുത്തി. അങ്ങനെ കേരളത്തിൽ ആദ്യമായി മാർത്തോമ്മാ കോളേജും, എസ്.ബി കോളേജും ഗവേഷക കോളേജുകളായി മാറി. അതൊരു നിശബ്ദ വിപ്ലവമായിരുന്നു. ഇന്നു നൂറുകണക്കിന് പി.എച്ച്.ഡി ക്കാർ പുറത്തിറങ്ങുന്നത് അഫിലിയേറ്റഡ് കോളേജുകളിലെ നല്ല ഡിപ്പാർട്മെന്റുകളിൽനിന്നാണ്. ഈ മികവിലാണ് പല കോളേജുകളും അക്രഡിറ്റേഷനും സ്വയംഭരണാവകാശവും നേടിയത് എന്നതുംകൂടി ഓർക്കുമ്പോൾ ആ തീരുമാനം എത്ര ഉദാത്തമായിരുന്നു എന്നത് ഊഹിക്കാമെല്ലൊ. പല കലാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളായി ഇന്നു അംഗീകാരം നേടുന്നതും ഈ നേട്ടത്തിലാണ്. അവർ ഡീംഡ് യൂണിവേഴ്സിറ്റികളായി മെല്ലെ മാറ്റും. എ.പി ജോൺ സാറും, സി. എസ് ഫിലിപ്പോസ് സാറും ഗൈഡുകളായി. ഞാൻ എ.പി ജോൺ സാറിന്റെ വിദ്യാർത്ഥിയായി അലങ്കാര ശാസ്ത്രഗവേഷണം ആരംഭിച്ചു. ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ നിന്നും ആദ്യം പി.എച്ച്.ഡി നേടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. എം.ഐ ആൻഡ്രു സാറിന്റെ ഫുൾടൈം സുവോളജി കുട്ടികൾ നേരത്തേ പി.എച്ച്.ഡി നേടി എ.പി ജോൺ സാർ പഠിച്ച ആസ്ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റിയിൽ ഒരു മാസക്കാലം താമസിച്ചു പഠിക്കുന്നതിനുള്ള അവസരവും പിന്നീടെനിക്കുണ്ടായി. അത് എന്നെ ഏറെ തുണച്ചു എന്നതാണ് സത്യം. കോളേജിലെ അന്തരീക്ഷം പെടുന്നനെ മാറി. ഒരു ഗവേഷണ സംസ്ക്കാരം വളർന്നു ഞാൻ ചീഫ് എഡിറ്ററായി ഒരു ഗവേഷണ ജേർണലും ആരംഭിച്ചു. എ.പി ജോൺ സാർ പ്രിൻസിപ്പലായതോടെ NAAC അക്രഡിറ്റേഷൻ കരസ്ഥമാക്കാനുള്ള ശ്രമങ്ങളും തകൃതിയായി തുടങ്ങി. ഗവേർണിംഗ് കൗൺസിലിൽ അംഗമായിരുന്ന ഡോ. എം.എം. തോമസിന്റെ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് ഫിലിപ്പ് എൻ.തോമസ് സാർ കൺവീനറായുള്ള ഞങ്ങളുടെ അക്കാഡമിക് കമ്മറ്റി ഗവേഷണ ജേർണലിന്റെ പേര് പിന്നീടു 'റാഷനൽ ഡിസ്കോഴ്സ്' എന്നാക്കി. ഡോ. അലക്സാണ്ടർ മാർത്തോമ്മാ തിരുമേനിയുടെ ധന്യമായ നേതൃത്വത്തിൽ മാർത്തോമ്മാ കോളേജ് കേരളത്തിലെ ആദ്യത്തെ അക്രഡിറ്റഡ് കോളേജായി മാറി . ഇതിന് എ.പി ജോൺ സാറും മറ്റെല്ലാ അഭ്യുദയകാംക്ഷികളും വഹിച്ച പങ്ക് നിസ്തുലമായിരുന്നു. ഇന്നും കലാലയം ആ തിളക്കത്തിലാണ്. പക്ഷെ എസ്.ബി കോളേജും മറ്റു പല കോളേജുകളും എന്നേ സ്വയംഭരണാവകാശം നേടി. മുമ്പേ പറന്ന നമ്മൾ അവിടെയെത്താൻ വൈകുന്നു. സഭയുടെ മുൻഗണനാക്രമങ്ങൾ മാറിയാലേ ഇതെല്ലം നടക്കൂ എന്നത് നാം മറക്കരുത്. ഒരു മാർത്തോമ്മാ യൂണിവേഴ്സിറ്റിയിലേക്ക് ഇനി എത്ര നാൾ?. ഡോ. ഏബ്രഹാം കരിക്കം