Friday, 25 June 2021
യാത്രാപഥത്തിലെ താരകങ്ങൾ: ഇരുപത്തിമൂന്ന്
ശ്രീലങ്കൻ ഗാന്ധി
ഇരുപതു വർഷത്തെ യു.ആർ.ഐ എന്ന പ്രസ്ഥാനത്തോടൊപ്പമുള്ള യാത്രയിൽ ഒട്ടേറെ ലോക നേതാക്കളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുവാൻ ദൈവം അവസരം തന്നിട്ടുണ്ട്. ആദ്യ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ചാൾസ് ഗിബ്‌സ്, ആദ്യ സ്റ്റാഫ് അംഗങ്ങളായിരുന്ന സാലി മാഹി, ബാർബറ ഹാർട്‌ഫോർഡ്, മരിയാ ക്രിസ്‌പോ തുടങ്ങി ഒട്ടേറെപ്പേർ ആ നിരയിലുണ്ട്. 2001 - ലെ ആദ്യ ഏഷ്യാ പസിഫിക് സമ്മേളനം നിയന്ത്രിച്ചവരായിരുന്നു സാലി മാഹിയും (അമേരിക്ക), മരിയാ ക്രിസ്‌പോയും (അർജന്റീന). ഇന്ത്യയിൽ മത സൗഹാർദ്ദ രംഗത്തു പ്രശോഭിച്ചിരുന്ന മോഹിനി ഗിരി (പ്രസിഡന്റ് വി.വി ഗിരിയുടെ മകൾ), നിർമല ദേശ് പാണ്ഡെ, സ്വാമി അഗ്നിവേശ്, ഫാ. ആൽബർട്ട് നമ്പ്യാർപറമ്പിൽ, ജസ്റ്റിസ് പി.കെ ഷംസുദിൻ, മാഡം മെഹർ മാസ്റ്റർ മൂസ്, വത്സൻ തമ്പു അച്ചൻ, ഡോ. മൊഹീന്ദർ സിംഗ്, ഡോ. ജിൻ വോൾ ലീ തുടങ്ങി ഒട്ടേറെപ്പേർ അന്നുമുതൽ സഹയാത്രികരായിരുന്നു.
എന്നാൽ അന്ന് ശ്രീലങ്കയിൽ നിന്നു വന്ന രവി കന്ദഗയാണ് ശ്രീലങ്കൻ ഗാന്ധി ഡോ. എ. ടി അരിയ രത്നയെപ്പറ്റി എന്നോട് പറഞ്ഞത്. നമ്മുടെ വിനോബഭാവെയിൽ നിന്നും മറ്റു സർവോദയ നേതാക്കളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ശ്രീലങ്കൻ സർവോദയ പ്രസ്ഥാനം കെട്ടിപ്പടുത്തയാൾ.
ആ നാളുകളിലെന്നോ ഒരിക്കൽ കൊളംബോ പട്ടണത്തിനടുത്തുള്ള മൊറാട്ടുവാ എന്ന ഗ്രാമത്തിൽ ശ്രീലങ്കൻ ഗാന്ധിയെ ഞാൻ സന്ദർശിച്ചു. അതൊരു വഴിത്തിരിവായി മാറി. ശ്രീലങ്കയിലെ ആയിരത്തി അഞ്ഞുറു ഗ്രാമങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന സർവോദയ പ്രസ്ഥാനത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. എങ്ങിനെ ലോക പ്രശസ്തമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാമെന്നും അത് സാധാരണക്കാരുടെ സ്വപ്നങ്ങൾക്കു ചിറകേകാൻ എങ്ങിനെ സഹായിക്കുമെന്നും ഞാൻ അനേക തവണത്തെ യാത്രകളിലൂടെ പഠിച്ചു.
മഹാത്മാ ഗാന്ധിയെ നേരിൽ കാണാനുള്ള ഭാഗ്യം എന്റെ തലമുറയിൽപ്പെട്ടവർക്കുണ്ടായിട്ടില്ല. എന്നാൽ ശ്രീലങ്കൻ ഗാന്ധിയെ പരിചയപ്പെട്ട നാൾമുതൽ ആ വിഷമം കുറച്ചൊക്കെ മാറി. ബന്ദാരഗമയിലുള്ള സർവോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ലേർണിംഗ് അതി മനോഹരമായ കാമ്പസാണ്. ഞങ്ങളുടെ എത്രയോ പഠന പരിപാടികൾക്കും തീർത്ഥാടനങ്ങൾക്കും അത് വേദിയായിരിക്കുന്നു!.
അവിടെവച്ചു ഞങ്ങൾ യു.ആർ ഐ ട്രാവലിംഗ് പീസ് അക്കാഡമിയുടെ ഒരാഴ്ചത്തെ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കയുണ്ടായി. സർവോദയ പ്രസ്ഥാനത്തിലെ അൻപതോളം യുവജനങ്ങളായിരുന്നു പങ്കെടുത്തത്. ചെറുപ്പക്കാരെ പരിശീലിപ്പിക്കാൻ ഏറ്റം അനുയോജ്യമായ പദ്ധതിയാണ് അതെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അവരെല്ലാം ഇന്ന് സമൂഹത്തിൽ ഉന്നത ശ്രേണികളിൽ പരിശോഭിക്കുന്നു.
പിന്നീട് ലോകത്ത് ഏതു ഭാഗത്തു ഞങ്ങൾ ഒരു പരിപാടി നടത്തിയാലും അതിൽ സർവോദയ നേതാക്കളുടെ സാന്നിദ്ധ്യം അദ്ദേഹം ഉറപ്പാക്കി. പുത്രനിർവിശേഷമായ വാത്സല്യത്തോടെ അദ്ദേഹം എന്നെ കരുതി. തൊണ്ണൂറാം വസ്സിലേക്കു കടക്കുന്ന അദ്ദേഹം ഞങ്ങളുടെയെല്ലാം ആരാധനാ പാത്രമാണ്.
1958 ൽ സ്ഥാപിതമായ പ്രസ്ഥാനത്തിൽ ഇന്ന് നാന്നൂറിലധികം സ്റ്റാഫ് അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമങ്ങളുടെ സമഗ്രമായ വികസനമാണ് ലക്‌ഷ്യം. എഴുപത്തഞ്ചു ശതമാനം സ്വയം പര്യാപ്തത നേടിയിരിക്കുന്ന ഈ മഹൽ പ്രസ്ഥാനം ലോകത്തിനു ഒരു വലിയ മാതൃകയാണ്.
ബന്ദാരഗമയിൽ നടത്തിയ മൂന്നാം ഏഷ്യാ അസംബ്ലിയിൽ വച്ച് യു.ആർ ഐ യുടെ രണ്ടാമത് ഏഷ്യാ സമാധാന അവാർഡ് (ഒരുലക്ഷം ശ്രീലങ്കൻ രൂപ) അദ്ദേഹത്തിന് സമ്മാനിക്കാനായത് മഹാ ഭാഗ്യമായി ഞങ്ങൾ കരുതുന്നു.
യു.ആർ.ഐ പോലുള്ള ഒരു സമാധാന പ്രസ്ഥാനത്തിന് ഏഷ്യാ ഭൂഖണ്ഡത്തിൽ വമ്പിച്ച വേരോട്ടമുളവാക്കുവാൻ ഡോ. അരിയ രത്നയെപോലുള്ള മഹാന്മാരുടെ സംഭാവനകൾ ചെറുതല്ല. മാഗ്‌സെസെ അവാർഡ് തുടങ്ങി എത്രയോ അന്താരാഷ്ട്ര ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു.
ഇതുപോലെയുള്ള വ്യക്തിത്വങ്ങളാണ് ലോകത്തെ ഇന്നും പ്രകാശപൂരിതമാക്കുന്നത്. 30 വർഷം നീണ്ട ശ്രീലങ്കൻ യുദ്ധം അവസാനിപ്പിക്കുന്നതിനും അതിനുശേഷമുള്ള ഗ്രാമ പുനരുദ്ധാരണ പദ്ധതികൾക്കും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. നമുക്കു എന്നും ജീവസ്സുറ്റ മാതൃകയാണ്.
ഡോ. ഏബ്രഹാം കരിക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment