Monday, 14 June 2021
യാത്രാപഥത്തിലെ താരകങ്ങൾ - പതിനേഴ്
ഡോ. എ. പി ജോൺ
ഘടാഘടിയൻമാരായ ഒരുകൂട്ടം പ്രെഫസർമാർക്കിടയിലേക്കാണ് മാർത്തോമ്മാ കോളേജിൽ ഞാൻ ചെന്നുപെട്ടത്. ജെം ഓഫ് എ ജന്റിൽമാൻ എന്നു വിളിക്കാവുന്ന പ്രൊഫ. സി.ടി ടൈറ്റസായിരുന്നു ഇംഗ്ലീഷ് വകുപ്പു മേധാവി. കമന്റേറ്ററും ക്വിസ് മാസ്റ്ററുമൊക്കെയായ ബാബു സഖറിയാ സാർ തൊട്ടുതാഴെ. പക്കാ കോൺഗ്രസ്സായ എ.ടി സാമുവൽ സാറും (സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു), കറതീർന്ന കമ്യൂണിസ്റ്റായ വി.എ ചാക്കോ സാറും പിന്നാലെ. പ്രാർത്ഥനാ മനുഷ്യനും ഉപദേശകനുമായ പി.പി തോമസ് സാറും താത്വയികാചാര്യനായ ധാർമിഷ്ഠൻ ചാക്കോ സാറും വേറെ. പെരുമ്പാവൂർ പ്രിൻസിപ്പലായിപ്പോയ കെ.ഐ ജേക്കബ് സാറും ഭാഷാ നിപുണനായ തോമസ് പി. വർഗീസ് സാറും ഇതിനിടയിൽ മറ്റൊരു വശത്ത്. പൊതു പ്രവർത്തകരായ ഒ. എ നൈനാൻ സാറും ഏബ്രഹാം മാത്യു സാറും, മാരാമൺ ക്വയർ മാസ്റ്റർ തോമസ് ജോർജ് സാറും, ബാബു ജി വർഗീസ് സാറും പിന്നീടു പ്രിൻസിപ്പലായ എൻ.എം മാത്യു സാറും മറ്റൊരുവശത്ത്. അന്ത്യകാല പ്രവാചകന്മാർ ആകർഷിച്ചുകൊണ്ടുപോയ സി.ഒ ഡാനിയേൽ സാർ പോയത് ഒരു നഷ്ടമായിരുന്നു. മറ്റൊരു ഭാഷാ പണ്ഡിതനായ വി.ജെ തോമസ് സാർ ഉണ്ടായിരുന്നെങ്കിലും പണ്ടേ സ്വിറ്റ്സർലണ്ടിൽ കുടിയേറി. ഇതിനെല്ലാമിടയിൽ ഒരു കുളിർ കാറ്റുപോലെ ലീലാമ്മകൊച്ചമ്മയും, ജസ്സി തോമസ്, ഷീലാ എലിസബത്ത് ഏബ്രഹാം, ഏലിയാമ്മ ഫിലിപ്പ് എന്നിവരും വേറെ ചില ആധുനിക പെൺകൊടികളും. പുറകാലെ ചില ജൂനിയർ സെറ്റ് ആൺതരികളും വന്നുചേർന്നു.
ഇതിനെല്ലാമിടയിൽ വേറിട്ട രണ്ടു വ്യക്തിത്വങ്ങളുണ്ടായിരുന്നു. ഡോ. എ. പി ജോൺ, ഡോ. സി.എസ് ഫിലിപ്പോസ് എന്നിവർ. ജോൺ സാർ ആസ്ട്രേലിയയിൽ നിന്നും, ഫിലിപ്പോസ് സാർ ജർമ്മനിയിൽ നിന്നും പി.എച്ച്.ഡി സമ്പാദിച്ചു വന്നവരാണ്. ഭാഷാ ശാസ്ത്രത്തിൽ ആഗ്രഗണ്യർ. മൊത്തത്തിൽ ഡിപ്പാർട്മെന്റ് പണ്ഡിത ശിരോമണികളുടെ ഒരു കൂട്ടം എന്നു വിശേഷിപ്പിച്ചാൽ അതു സത്യമായിരുന്നു.
സ്വതവെ വിജ്ഞാന കുതുകിയായ എനിക്ക് ഇതിനേക്കാൾ നല്ല ഒരന്തരീക്ഷം കിട്ടാനില്ലായിരുന്നു. അധികം താമസിയാതെ ഞാൻ എം.എ ഹിസ്റ്ററി ക്ലാസ്സോടെ പാസ്സായി. അതിനു കാരണമുണ്ടായിരുന്നു. ഫാത്തിമയിലെ എന്റെ സീനിയർ ഇണക്കുരുവികളിലൊരാളായ സാറാമ്മയും ഭർത്താവ് കെ.എൻ വർഗീസും കുറ്റപ്പുഴ എസ്.ഡി.എ സ്കൂളിലുണ്ടായിരുന്നു.വർഗീസ് സാർ പ്രിൻസിപ്പലും സാറാമ്മ അദ്ധ്യാപികയും. സാറാമ്മയ്ക്കു രണ്ടുവർഷത്തെ അവധിയിൽ എം.എ ഇംഗ്ലീഷ് പഠിക്കാൻ മോഹം. എന്റെ ക്ലാസ്സിലിരിക്കേണ്ടി വരുമെന്നതൊഴിച്ചാൽ മറ്റു കുഴപ്പമൊന്നുമില്ലെന്നു ഞാൻ. അതിൽ അഭിമാനമേയുള്ളു എന്നു സാറാമ്മ. അതങ്ങനെ തന്നെ സംഭവിച്ചു.
വർഗീസ് എന്ന ബേബിച്ചായൻ പുഷ്പം പോലെ എം.എ ഹിസ്റ്ററി എഴുതി എടുത്ത കാര്യം വർണ്ണിച്ചപ്പോൾ പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല. ബി.എ ക്കു മറിയാമ്മ, സാറാമ്മ ഇണക്കുരുവികളുടെ പുസ്തകം അടിച്ചുമാറ്റി പഠിച്ച ഞാൻ ഇപ്പോൾ ബേബിച്ചായന്റെ പുസ്തകശേഖരം കടമെടുത്തു.
കൊട്ടാരക്കര കോളേജ് പ്രിൻസിപ്പൽ ജോർജ് അച്ചന്റെ മൂന്ന് എം.എ ബിരുദങ്ങൾ മനസ്സിലിരുന്നു വിങ്ങുന്ന കാലം. ഞാൻ പതിയെ എം.എ മലയാളം പഠിക്കാനാരംഭിച്ചു. ആ നേരത്താണ് ഡോ. എ.പി ജോൺ ഇടപെടുന്നത്. എത്ര എം.എ എടുത്താലും വെറും പ്രൊഫസറെ ആവുകയുള്ളു എന്നും, ഡോക്ടർ എന്നു വിളിക്കണമെങ്കിൽ പി.എച്ചു.ഡി തന്നെ എടുക്കണമെന്നും അദ്ദേഹം വാദിച്ചു. കാര്യം ശരിയാണ്. പക്ഷെ എവിടെ പഠിക്കും?. യു.ജി.സി ഫെലോഷിപ്പ് നൽകി തുടങ്ങിയ കാലമാണ്. എന്നാൽ യൂണിവേഴ്സിറ്റികളായ തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമേ ഗവേഷണ വകുപ്പുകൾ ഉണ്ടായിരുന്നുള്ളു.
പഴയ പരിചയമൊക്കെ വച്ച് ഞാനും എൻ. എം മാത്യു സാറും കൂടി തിരുവനന്തപുരം യൂണിവേഴ്സിറ്റിയിലെത്തി അയ്യപ്പ പണിക്കർ സാറിനെ കണ്ടു. ഹൈദരാബാദിൽ നിന്ന് ഒരു ഡിപ്ലോമ പോലും എടുക്കാതെ ഗവേഷണത്തിനു ചെന്ന ഞങ്ങളെ സാർ ഓടിച്ചു വിട്ടു.
ഇവിടെയാണ് എ.പി ജോൺ സാറും ഫിലിപ്പോസ് സാറും രക്ഷകരായത്. പ്രിൻസിപ്പൽ സി.ടി മാത്യു സാർ, സുവോളജിയിലെ എം.ഐ ആൻഡ്രു സാർ എന്നിവരെകൂട്ടി ഒരു രഹസ്യ ഓപ്പറേഷന് പദ്ധതിയിട്ടു. ടി.എം ജേക്കബിന്റെ ആഞ്ജാശക്തിയാൽ ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പിച്ച വച്ചു നടക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതിന്റെ വൈസ് ചാൻസലർ എ.ടി ദേവസ്യ സാറിനെ കണ്ടു ഒരു വമ്പൻ നീക്കം നടത്തി.
എന്തിനു രഹസ്യ ഓപ്പറേഷൻ എന്നു ചോദിക്കുന്നവരുണ്ടാകാം. അതിനു അലക്സാണ്ടർ മാർത്തോമ്മാ തിരുമേനി പറഞ്ഞ കേരളാ ഞണ്ടുകളുടെ കഥയറിയണം. ഒരു സായിപ്പ് കേരളം സന്ദർശിച്ചപ്പോൾ ഒരിടത്തു ഒരു ബക്കറ്റിൽ നിറയെ ജീവനുള്ള ഞണ്ടുകളെ കണ്ടു. ബക്കറ്റിനു അടപ്പില്ല. സായിപ്പിന് അത്ഭുതം. ഇവറ്റകൾ ചാടിപ്പോവില്ലേ എന്നായി അദ്ദേഹം. കൂടെയുള്ളയാൾ പറഞ്ഞു, കുഴപ്പമില്ല. കേരളാ ഞണ്ടുകളാണ്. ഒരുത്തൻ മേലോട്ട് കയറിയാൽ ഉടൻ മറ്റുള്ള എല്ലാവരുംകൂടി കാലിൽ പിടിച്ചു താഴെയിട്ടോളും. അതു തന്നെ.
രണ്ടു ഡോക്ടറേറ്റ് ഡിഗ്രിക്കാരുള്ള പ്രശസ്ത വകുപ്പുകളെ യൂണിവേഴ്സിറ്റിയുടെ റിസേർച്ചു ഡിപ്പാർട്മെന്റുകളായി അംഗീകരിക്കുക. അതായിരുന്നു പ്ലാൻ. സിൻഡിക്കേറ്റ് അംഗങ്ങളെയും കാര്യം ബോദ്ധ്യപ്പെടുത്തി. അങ്ങനെ കേരളത്തിൽ ആദ്യമായി മാർത്തോമ്മാ കോളേജും, എസ്.ബി കോളേജും ഗവേഷക കോളേജുകളായി മാറി. അതൊരു നിശബ്ദ വിപ്ലവമായിരുന്നു. ഇന്നു നൂറുകണക്കിന് പി.എച്ച്.ഡി ക്കാർ പുറത്തിറങ്ങുന്നത് അഫിലിയേറ്റഡ് കോളേജുകളിലെ നല്ല ഡിപ്പാർട്മെന്റുകളിൽനിന്നാണ്. ഈ മികവിലാണ് പല കോളേജുകളും അക്രഡിറ്റേഷനും സ്വയംഭരണാവകാശവും നേടിയത് എന്നതുംകൂടി ഓർക്കുമ്പോൾ ആ തീരുമാനം എത്ര ഉദാത്തമായിരുന്നു എന്നത് ഊഹിക്കാമെല്ലൊ. പല കലാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളായി ഇന്നു അംഗീകാരം നേടുന്നതും ഈ നേട്ടത്തിലാണ്. അവർ ഡീംഡ് യൂണിവേഴ്സിറ്റികളായി മെല്ലെ മാറ്റും.
എ.പി ജോൺ സാറും, സി. എസ് ഫിലിപ്പോസ് സാറും ഗൈഡുകളായി. ഞാൻ എ.പി ജോൺ സാറിന്റെ വിദ്യാർത്ഥിയായി അലങ്കാര ശാസ്ത്രഗവേഷണം ആരംഭിച്ചു. ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ നിന്നും ആദ്യം പി.എച്ച്.ഡി നേടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. എം.ഐ ആൻഡ്രു സാറിന്റെ ഫുൾടൈം സുവോളജി കുട്ടികൾ നേരത്തേ പി.എച്ച്.ഡി നേടി
എ.പി ജോൺ സാർ പഠിച്ച ആസ്ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റിയിൽ ഒരു മാസക്കാലം താമസിച്ചു പഠിക്കുന്നതിനുള്ള അവസരവും പിന്നീടെനിക്കുണ്ടായി. അത് എന്നെ ഏറെ തുണച്ചു എന്നതാണ് സത്യം.
കോളേജിലെ അന്തരീക്ഷം പെടുന്നനെ മാറി. ഒരു ഗവേഷണ സംസ്ക്കാരം വളർന്നു ഞാൻ ചീഫ് എഡിറ്ററായി ഒരു ഗവേഷണ ജേർണലും ആരംഭിച്ചു. എ.പി ജോൺ സാർ പ്രിൻസിപ്പലായതോടെ NAAC അക്രഡിറ്റേഷൻ കരസ്ഥമാക്കാനുള്ള ശ്രമങ്ങളും തകൃതിയായി തുടങ്ങി. ഗവേർണിംഗ് കൗൺസിലിൽ അംഗമായിരുന്ന ഡോ. എം.എം. തോമസിന്റെ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് ഫിലിപ്പ് എൻ.തോമസ് സാർ കൺവീനറായുള്ള ഞങ്ങളുടെ അക്കാഡമിക് കമ്മറ്റി ഗവേഷണ ജേർണലിന്റെ പേര് പിന്നീടു 'റാഷനൽ ഡിസ്കോഴ്സ്' എന്നാക്കി.
ഡോ. അലക്സാണ്ടർ മാർത്തോമ്മാ തിരുമേനിയുടെ ധന്യമായ നേതൃത്വത്തിൽ മാർത്തോമ്മാ കോളേജ് കേരളത്തിലെ ആദ്യത്തെ അക്രഡിറ്റഡ് കോളേജായി മാറി . ഇതിന് എ.പി ജോൺ സാറും മറ്റെല്ലാ അഭ്യുദയകാംക്ഷികളും വഹിച്ച പങ്ക് നിസ്തുലമായിരുന്നു. ഇന്നും കലാലയം ആ തിളക്കത്തിലാണ്. പക്ഷെ എസ്.ബി കോളേജും മറ്റു പല കോളേജുകളും എന്നേ സ്വയംഭരണാവകാശം നേടി. മുമ്പേ പറന്ന നമ്മൾ അവിടെയെത്താൻ വൈകുന്നു. സഭയുടെ മുൻഗണനാക്രമങ്ങൾ മാറിയാലേ ഇതെല്ലം നടക്കൂ എന്നത് നാം മറക്കരുത്. ഒരു മാർത്തോമ്മാ യൂണിവേഴ്സിറ്റിയിലേക്ക് ഇനി എത്ര നാൾ?.
ഡോ. ഏബ്രഹാം കരിക്കം
Subscribe to:
Post Comments (Atom)
No comments:
Post a Comment