Monday, 14 June 2021
യാത്രാപഥത്തിലെ താരകങ്ങൾ: പതിനെട്ട്
റവ. ഡോ.. എം ജെ. ജോസഫ്
മാർത്തോമ്മാ സഭയിൽ എനിക്ക് അടുത്ത സൗഹൃദങ്ങളുള്ള ധാരാളം പട്ടക്കാരുണ്ട്.അതിൽ വെരി. റവ. എ.സി .കുര്യൻ, സി. ഐ . ഗീവർഗീസ് മണക്കാല, റവ. പി . ടി ഏബ്രഹാം (ചാച്ചിപുന്ന) , റവ. എം. ജി. തോമസ് എന്നിവർ എനിക്ക് വഴികാട്ടികളായിരുന്നു.
കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ടായിരുന്നപ്പോൾ എ. സി കുര്യൻ അച്ചൻ ഞങ്ങൾ ചെറുപ്പക്കാരെയെല്ലാം ധാരാളം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി. കൺവൻഷൻ കാലത്ത് കാന്റീൻ നടത്തുന്നത് സെന്റർ യുവജന സഖ്യമായിരുന്നു. പഴക്കുലകളും മറ്റും സൂക്ഷിക്കാൻ ആ മണ്ണിൽ തന്നെ ഞങ്ങൾ കിടന്നുറങ്ങി.
എന്റെ പേരു് സഭയുടെ ഒരു കമ്മറ്റിയിലേക്ക് ആദ്യമായി നിർദ്ദേശിക്കുന്നത് സി. ഐ ഗീവർഗീസ് അച്ചനായിരുന്നു. പബ്ലിക് റിലേഷൻ സ് കമ്മറ്റി. 1982 - ൽ . പത്രത്തിൽ കണ്ടാണ് ഞാൻ വിവരം അറിഞ്ഞത്. സഭാ കൗൺസിൽ കഴിഞ്ഞാലുടൻ വാർത്തകളൊക്കെ പ്രസ് റിലീസ് ആയി നൽകുമായിരുന്നു അന്ന്.
കരിക്കം പള്ളിയിൽ നിന്നുള്ള ആദ്യ പട്ടക്കാരനായിരുന്നു റവ. എം. ജി. തോമസ്. ഏതു പള്ളിയിൽ ചാർജ് എടുത്താലും ഉടൻ എന്നെ പ്രസംഗിക്കാൻ ക്ഷണിക്കും. പല സെന്റർ മീറ്റിങ്ങുകളിലും അങ്ങനെ ഞാൻ പോയി പ്രസംഗിച്ചു പഠിച്ചു.
പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്തു സെന്റർ യുവജന സഖ്യം സെ ക്രട്ടറിയാകാൻ എന്നെ നിർബന്ധിച്ചത് പി. ടി. ഏബ്രഹാം അച്ചനായിരുന്നു. വിശാലമായ കൊട്ടാരക്കര സെന്റർ പ്രസിഡന്റായിരുന്നു എന്റെ വികാരി കൂടിയായിരുന്ന അച്ചൻ. പള്ളിമുറ്റത്ത് കോർട്ടുണ്ടാക്കി കിളിത്തട്ടുകളിയിൽ നിന്ന് ഞങ്ങൾക്ക് വോളിബോളിലേക്കു പ്രൊമോഷൻ തന്നതും അച്ചനായിരുന്നു.
ഇങ്ങനെ പറഞ്ഞു പോയാൽ ഒരുപാടുപേരുടെ കാര്യം പറയേണ്ടി വരും. എന്നാൽ പലതുകൊണ്ടും എന്നെ ഏറെ സ്വാധീനിച്ച വ്യക്തി എം. ജെ. ജോസഫ് അച്ചനായിരുന്നു.
എൺപതുകളുടെ ആദ്യം സഭാ കൗൺസി ലിൽ ഒന്നിച്ചു വരുമ്പോഴാണ് അച്ചനെ അടുത്തറിയുന്നത്. അന്ന് കോട്ടയം സെമിനാരി പ്രൊഫസറായിരുന്നു. പിന്നീട് പ്രിൻസിപ്പലായി. ഏതു വിഷയവും ആഴത്തിൽ പഠിക്കാനും സുന്ദരമായ ശൈലിയിൽ പ്രസംഗിക്കാനും ഒരു പ്രത്യേക സിദ്ധിയുണ്ട്.
കവിതാ രചന പണ്ടേയുള്ള സ്വഭാവമാണ് . കാവ്യദേവത വിളിക്കുമ്പോൾ ഫിയറ്റ് കാറെടുത്തു മാങ്ങാനം ആശ്രമത്തിലേക്കോടുമെന്നും രചന പൂർത്തിയാക്കി മടങ്ങുമെന്നും പണ്ട് സെമിനാരി കുട്ടികൾ പറഞ്ഞു കേട്ടിട്ടുണ്ട്. ബാംഗ്ലൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിൽ കവിത്വം വളരെ പുഷ്ടിപ്പെട്ടു. പ്രകൃതിയെപ്പറ്റി ഇത്രമാത്രം കവിതകൾ എഴുതിയ മറ്റാരെങ്കിലും ഈ തലമുറയിലുണ്ടാവുമോ എന്നെനിക്കു സംശയമുണ്ട്. കാൽപ്പനിക കവികളുടെ കൂട്ടത്തിൽ ഏതായാലും അച്ചൻ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
എക്യൂമെനിക്കൽ തിയോളജിയുടെ പ്രിൻസിപ്പലായും പിന്നെ ഡയറക്ടറായും പതിനൊന്നു വർഷത്തോളം അച്ചൻ അവിടെയായിരുന്നു. മിക്ക പരിപാടികൾക്കും ക്ഷണിക്കും. ചിലതിലൊക്കെ സംബന്ധിക്കും. വിശാല എക്യൂമെനിസത്തിന്റെ വക്താവായി അച്ചൻ വളരുന്നതും ഇവിടെയാണ്.
ഒരിക്കൽ ഒരു പുസ്തക പ്രകാശനത്തിന് ക്ഷണം കിട്ടി.”On the Wings of Wider ecumenism”( വിശാല എക്യൂമെനിസത്തിന്റെ ചിറകുകളിൽ) എന്ന ഒരു ബൃഹത് ഗ്രന്ഥം. സുന്ദരമായ ഒരു കൃതിയാണത്. പ്രകാശനം അതിലും സുന്ദരമായിരുന്നു. ബാംഗ്ളൂർ നിന്ന് സണ്ണിയോടൊപ്പമാണ് (കോശി മാത്യു ) ഞാൻ പോയത്. ഞങ്ങൾ എല്ലാം പ്രകാശന ചടങ്ങിനായി ഒരു മരത്തണലിൽ ഒത്തു കൂടി" ലോകാ സമസ്താ സുഖിനോ ഭവന്തു "പാടിയിരിക്കുമ്പോൾ ആകാശത്തു നിന്ന് പുസ്തകം ഇറങ്ങി വന്നു. മരച്ചില്ലയിൽ നിന്ന് കെട്ടിയിറക്കിയതായിരുന്നു.
അവിടെ 29 ഏക്കർ കാമ്പസ്സിലുള്ള എല്ലാ മരങ്ങളെയും അച്ചൻ പേർ ചൊല്ലി വിളിക്കുമായിരുന്നു. രാവിലെയും വൈകിട്ടും നടക്കാൻ കൂടെപോയാൽ പ്രുകൃതിയെപ്പറ്റി വശ്യമായ ഒരു ക്ലാസ്സ് കേൾക്കാം. സെമിനാറിൽ നിന്ന് പഠിക്കുന്നതിനേക്കാൾ അങ്ങനെ കേൾക്കാം.
പ്രകൃതി അച്ചന് ഒരു സിദ്ധി നൽകിയിട്ടുണ്ട്. ഭൂമിക്കടിയിൽ നീരൊഴുക്ക് എവിടെയാണെന്ന് പെട്ടെന്ന് തിരിച്ചറിയാം. ഒരു കമ്പ് കയ്യിലുണ്ടെങ്കിൽ വെള്ളമൊഴുക്കുള്ള സ്ഥലത്തു ചെല്ലുമ്പോൾ അച്ചന്റെ കൈ വിറയ്ക്കാൻ തുടങ്ങും. കരിക്കം ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥലം മുമ്പ് ഒരു മൊട്ട കുന്നായിരുന്നു. അച്ചൻ കാണിച്ചു തന്ന സ്ഥലത്താണ് ഞങ്ങൾ കിണർ കുഴിച്ചത്. രണ്ടു തൊടി വെട്ടിയപ്പോൾ സമൃദ്ധമായ ജല പ്രവാഹം. സുന്ദരികളുടെ പാദ സ്പർശമേറ്റാൽ അശോകം പുഷ്പിക്കുമെന്നു കേട്ടിട്ടുണ്ട്. അച്ചന്റെ പാദ സ്പർശമേറ്റാൽ ഭൂമിക്കടിയിലെ വെള്ളം തുള്ളും. അത് ഞാൻ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ളതാണ്.
ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഡയലോഗ് സെന്റർ പല വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. അവാർഡ് ജേതാക്കൾ തന്നെ വാർഷിക പ്രഭാഷണവും നടത്തും. ഡോ. സുകുമാർ അഴീക്കോട്, ഡോ. കെ. എം ജോർജ്, ഡോ. ബാബുപോൾ , ഡോ. എ. കെ. തര്യൻ, സത്യവാൻ കൊട്ടാരക്കര, ഫാ. ആൽബർട്ട് നമ്പ്യാർ പറമ്പിൽ, വാളകം അന്താരാഷ്ട്ര പഠന കേന്ദ്രം, സ്വാമി സച്ചിദാനന്ദ ഭാരതി , ജസ്റ്റിസ് പി. കെ. ഷംസുദീൻ എന്നിവരെയെല്ലാം അങ്ങനെ ആദരിച്ചിട്ടുണ്ട്. ECC യ്ക്ക് ഒരു വട്ടം അവാർഡ് സമ്മാനിച്ചപ്പോൾ ഡയറക്ടറായിരുന്ന അച്ചനാണ് ഏറ്റു വാങ്ങിയത്. പ്രഭാഷണം അച്ചടിച്ച കോപ്പികളുമായി വന്നത് അച്ചൻ മാത്രം.
ഞങ്ങളുടെ അസ്സംബ്ലികളിലും ഹോളിബുക്സ് കോൺഫറന്സുകളിലും അച്ചൻ സ്ഥിര സാന്നിദ്ധ്യമാണ് എന്നത് നന്ദിയോടെ ഓർക്കുന്നു. "Holy Books and Eco - Spirituality" എന്ന വിഷയം ശ്രീ ലങ്കൻ സമ്മേളനത്തിൽ ഞങ്ങൾ ചർച്ച ചെയ്യുമ്പോൾ ജോസഫ് അച്ചൻ മുഖ്യ പ്രസംഗകരിൽ ഒരാളായിരുന്നു.
തമാശകളുടെ ഒരു ഉസ്താദുകൂടിയാണ് അച്ചൻ. ECC ഡയറക്ടറുടെ വസതിയിലേക്ക് ഒരിക്കൽ ഞാൻ ചെല്ലുമ്പോൾ ഒരു തമാശ വായിച്ചു ഉറക്കെ ചിരിക്കുന്ന തു കണ്ടു. ഉടൻ അതെന്നെ വായിച്ചു കേൾപ്പിച്ചു __
കോടീശ്വരിയായ ഒരു മദാമ്മയെ പേപ്പട്ടി കടിച്ചു. ഡോക്ടർ വന്നപ്പോൾ ഇനി രക്ഷയില്ല എന്ന് പറഞ്ഞു. സ്വത്തെല്ലാം ആർക്കെങ്കിലും ദാനം ചെയ്യാനും ഉപദേശിച്ചു. പിറ്റേ ദിവസം ഡോക്ടർ ചെല്ലുമ്പോൾ നീണ്ട ഒരു ലിസ്റ്റുമായി ഇരിക്കുകയാണ് അമ്മച്ചി. എന്തിനാണീ പേരുകൾ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു : “എല്ലാം എന്റെ അടുത്തുള്ള സ്ത്രീകളുടെ പേരാണ്. എനിക്ക് പേയിളകി മരിക്കേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞില്ലേ ? പേയിളകുമ്പോൾ ഞാൻ ഓടി നടന്ന് ഇവളുമാരെയെല്ലാം കടിക്കും. അവർ കുരച്ചു കുരച്ചു ചാകുന്നത് എനിക്ക് കാണണം”.
മരിക്കാൻ കിടക്കുമ്പോഴും മറ്റുള്ളവരുടെ വേദനയിൽ പുളകം കൊള്ളുന്ന ഒരു സമൂഹം ഉണ്ട്. അവരുടെ പ്രതിനിധിയാണ് ആ സ്ത്രീ. ഇത്തരം എത്ര കഥകൾ വേണേലും അച്ചൻ പറഞ്ഞു തരും.
പ്രകൃതി നശിക്കുകയാണെന്നും മരം നടലാണ് യഥാർത്ഥ ക്രിസ്തീയ ദൗത്യമെന്നും പള്ളികളിലെല്ലാം പ്രസംഗിച്ചു നടക്കുന്ന ജോസഫച്ചൻ ആ വഴിയിൽ വേറിട്ടു സഞ്ചരിക്കാൻ ഇഷ്ട്ടപെടുന്നു. സഭയുടെ ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാനായതുകൊണ്ടല്ല. അത് സ്വന്തം ധർമ്മമായി അച്ചൻ കണക്കാക്കുന്നു.
അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അച്ചന്റെ ആശയങ്ങൾ വരും തലമുറയിലേക്കു സംക്രമിക്കും എന്ന് നമുക്കാശിക്കാം. അതിനായി പ്രാർത്ഥിക്കാം.
ഡോ. ഏബ്രഹാം കരിക്കം
N.B. Please read previous numbers in my face book page and blog.
Subscribe to:
Post Comments (Atom)
No comments:
Post a Comment