ഉഗ്രൻ കുന്നിന്റെ പുരാവൃത്തം (നോവൽ )
By ഡോ. ഏബ്രഹാം കരിക്കം
അദ്ധ്യായം
പതിന്നൊന്ന്
വിപ്ലവത്തിന്റെ
ചുടലക്കാട്ടിലൂടെ
അടുത്ത
പ്രഭാതത്തിൽ കേരളത്തിനുണ്ടായ നടുക്കം ഇന്നും മാറിയിട്ടില്ല. പുൽപ്പള്ളി, ത്രിശില്ലേരി, തിരുനെല്ലി എന്നിവിടങ്ങളിലായി
നക്സൽ പ്രസ്ഥാനം നടത്തിയ പടപ്പുറപ്പാടിന്റെ ഞെട്ടിപ്പിക്കുന്ന വാർത്തകളുമായി പത്രങ്ങൾ വന്നു. പാളിപ്പോയ ഒരു പരാക്രമത്തിന്റെ ചൂടറിവുകൾ.
ആയുധശേഖരം പിടിക്കാൻ പോയ പോലീസുകാർക്കൊപ്പം കൂടിയ മനോരമയുടെ വി.കെ. ബി നായരുടെ റിപ്പോർട്ടും ടി. നാരായണന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും. കബനി നദിയുടെ തീരത്തു തുടങ്ങി പാപനാശിനിയുടെ തടങ്ങളിൽ ചിതറി വീണൊടുങ്ങിയ മിന്നല്പിണറിന്റെ ഓർമ്മകൾ.
" ആ വിപ്ലവത്തിന്റെ ചുടലക്കാട്ടിലൂടെ" എന്ന ലേഖനപരമ്പര വായിച്ചു മത്തച്ചൻ വിറകൊണ്ടു. അജിത, ഫിലിപ്പ് എം പ്രസാദ്, ചെല്ലപ്പൻ, രാമൻ നായർ എന്നീ പുലിക്കുട്ടികൾ പോലീസിന്റെ പിടിയിലായ കഥകൾ എത്രയാവർത്തി വായിച്ചു എന്നറിയുക പ്രയാസം.
പിന്നീട് തിരുനെല്ലിക്കാട്ടിൽ പോലീസിന്റെ വെടിയേറ്റു പിടഞ്ഞു വീണ വർഗീസ് എന്ന അഗ്നിതുണ്ടിന്റെ ഓർമ്മകൾ മനസ്സിൽ നീറിപ്പിടയുന്നു.
"നീയാണോടി കുന്നിരിക്കൽ നാരായണന്റെ പുന്നാരമോൾ അജിത" എന്ന് ഒരുയർന്ന പോലീസുദ്യോഗസ്ഥൻ ചോദിച്ചപ്പോൾ
"ഛീ നീയാരാടാ…. എന്നെ നീയെന്നു വിളിക്കാൻ" എന്നു ഗർജിച്ച
പെൺപുലിയുടെ വാക്കുകൾ ഒരു ഉരുൾപൊട്ടലിന്റെ ഇരമ്പമായി കാതുകളിൽ വന്നലച്ചു.
സായുധ വിപ്ലവത്തിലൂടെ സമത്വം സാധിതമാക്കാൻ സ്വയം ഹോമിച്ച മനുഷ്യസ്നേഹികൾ. അതിനു കിട്ടാവുന്നിടത്തോളം തോക്കുകളും വെടിക്കോപ്പുകളും മറ്റായുധങ്ങളും പിടിച്ചെടുക്കാൻ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം.
ഒരു പോലീസ് സ്റ്റേഷനിലെ ആയുധങ്ങൾ കൊണ്ട് കേരളം കീഴടക്കാമെന്നു മോഹിച്ചവരുടെ കണക്കുകൂട്ടലിന് എന്തോ തകരാറുണ്ടായിരുന്നതായി മത്തച്ചന് അപ്പോഴേ തോന്നി.
ഗോപിസാറിനും പറ്റിയത് അതുതന്നെയല്ലേ?. ഇത്രയും കരുത്തരായ മനുഷ്യർക്ക് എന്തേ ഇങ്ങനെ അബദ്ധം പിണയാൻ?.
പക്ഷെ സാർ അവസാനമായി പറഞ്ഞ വാക്കുകൾ അവനോർത്തു.
"നിങ്ങളുടെ വഴിയിൽ ഇത്തിരി വെട്ടം തെളിയിക്കാൻ മുമ്പേ പറന്ന മിന്നാമിനുങ്ങുകളാണ് ഞങ്ങളെന്നു കൂട്ടിയാൽ മതി."
വി.കെ.ബി യുടെ റിപ്പോർട്ടിലെ ചില വാചകങ്ങൾ മത്തച്ചൻ ഒരുപാടവർത്തി വായിച്ചു. " നിങ്ങൾ എവിടെ വച്ചാണ് വിപ്ലവം പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു രക്ഷപെടുവാൻ തീരുമാനിച്ചത്....?. വി.കെ.ബി യുടെ ചോദ്യം. ശങ്കരൻ നായരും ചെല്ലപ്പനും നൽകിയ മറുപടി:
"പുൽപ്പള്ളി ആക്രമണം കഴിഞ്ഞു കാട്ടിലെത്തിയ ഞങ്ങൾ തലശ്ശേരിയിൽ ആക്രമണം നടത്തിയ സംഘം ഉടനെ വരും വരും എന്നുകരുതി കാത്തിരുന്നു. ആരും വന്നില്ല. ഇതിനിടെ ബോംബുകൾ പൊട്ടിത്തെറിച്ച് കിസാൻ തൊമ്മന്റെ നെഞ്ചുമുഴുവൻ കരിഞ്ഞു. തൊമ്മന്റെ അപേക്ഷപ്രകാരം അയാളെ വെടിവച്ചുകൊന്നു. അപ്പോഴേക്കും തലശ്ശേരിയിലെ ആക്രമണം പാളിപ്പോയി എന്ന വിവരം കിട്ടി. ഞങ്ങൾ ശരിക്കും തളർന്നു. വരുമെന്ന് കരുതിയവർ വന്നില്ല. പലർക്കും രോഗം. നീലകണ്ഠൻ നായരെയും നാരായണകുറുപ്പിനെയും മരുന്ന് വാങ്ങാൻ അയച്ചു. അവർ ആ വഴിയേ മുങ്ങി. "ന്യൂസ്" അറിയാൻ പോയ കൃഷ്ണൻകുട്ടിയും വന്നില്ല.
അന്നൊരു
ദിവസം വർഗീസ് പറഞ്ഞു:
ആർക്കെങ്കിലും രക്ഷപ്പെടണമെന്നുണ്ടെങ്കിൽ പിരിഞ്ഞുപോകാം. എട്ടൊൻപതുപേർ അതിനു തയ്യാറായി. 150 രൂപാ വീതം കൊടുത്തു പറഞ്ഞയച്ചു. ബാക്കിയുള്ള പതിനാറു പേർ എന്തുവന്നാലും ഒന്നിച്ചുനില്ക്കാൻ തീരുമാനിച്ചു. തോക്കുകൾ ഒളിപ്പിച്ച് കാട്ടരുവിയുടെ തീരത്തു താവളമടിച്ചു. അവിടെ വച്ചാണ് ദീർഘനേരത്തെ ചർച്ചകൾക്കു ശേഷം വിപ്ലവം പരാജയപ്പെട്ടതായി പ്രഖ്യാപിച്ച്
കാട്ടിൽനിന്നും പുറത്തുകടക്കാനുള്ള യാത്ര ആരംഭിച്ചത്. അടു ത്ത്‌കണ്ട മരപ്പൊത്തുകളിൽ തോക്കുകൾ ഒളിപ്പിച്ചു. മറ്റു സാധനങ്ങൾ ഓരോ സ്ഥല ത്ത് ഉപേക്ഷിച്ചു. തൊഴിലന്വേഷിച്ചു വന്ന തിരുവിതാംകൂറുകാരാണെന്ന മട്ടിൽ അടയ്ക്കാത്തോട്ടിലെത്തി. അവിടെ നാട്ടുകാർ തിരിച്ചറിഞ്ഞു പിടിയിലായി.
ഈ റിപ്പോർട്ട് കീറിയെടുത്ത് മത്തച്ചൻ ഇതിനകം സ്വന്തമായി വാങ്ങി വച്ചിരുന്ന സത്യാന്വേഷണ പരീക്ഷണ കഥയിൽ സൂക്ഷിച്ചു വച്ചു.
മനോരമയിലെ ഒരു വാചകം കൂടി പ്രത്യേകം വെട്ടിയെടുത്ത് വയ്ക്കാൻ
മറന്നില്ല.
ചെല്ലപ്പൻ വി..കെ.ബി.യോട്:
"എന്തുവന്നാലും ഒന്നിച്ചുനിൽക്കുമെന്നു പറഞ്ഞവർ ഒന്നിച്ചുനിന്നില്ല. നേതാവ് വർഗീസ് അനുയായികളെ ഉപേക്ഷിച്ചു തടിതപ്പി. മറ്റുചിലർ രക്ഷപ്പെട്ടു. അജിതയും ഫിലിപ്പും രാമൻ നായരും ഞാനും മാത്രമാണ് വേർപിരിയാതെ
നിന്നത്".
സായിപ്പിന്റെ വെടിയുണ്ടയേറ്റ് ഓടിപ്പോയ ഗോപിസാർ എവിടെ?. ട്രെയിനിൽ ചികിത്സ കിട്ടാതെ....
ഒരുപാടു
രക്തം വർന്നിട്ടുണ്ടായിരുന്നു. ഉഗ്രൻകുന്നുമുതൽ പട്ടണത്തിലെ റെയിൽവേ സ്റ്റേഷൻ വരെ.
ആരോ ചങ്കിൽ ചൂണ്ടയിട്ടു പിടിക്കുംപോലെയാണ് മത്തച്ചന് തോന്നിയത്.
സായന്തന
ദർബാറിലും മറ്റും ഏറെനാൾ പിനീട് സജീവമായി നിന്നത് നക്സലിസമായിരുന്നു. എതിർത്തും അനുകൂലിച്ചും തർക്കിക്കാൻ നിരവധിപേർ. കുട്ടികൾ അത്രക്കും വളർന്നിരുന്നു.
"ഐഡിയയൊക്കെ കൊള്ളാം....
എന്നാലും പോലീസുകാർ ജനനേന്ദ്രിയത്തിൽ ലാത്തിയിട്ടു കുത്തുന്നതും നഖത്തിലൂടെ സൂചി കുത്തിക്കയറ്റുന്നതും ഓർക്കുമ്പോ...... എന്റമ്മോ.... മേലു പെരുക്കുന്നു"
" അതാടാ ത്യാഗം. ചെറുമനും ചെറുമിക്കും ഒരുസേർ നെല്ലുമാത്രം കൂലി നൽകുന്ന കാര്യമാലോചിക്ക്. ജന്മിത്വം തുലയണമെങ്കിൽ പത്തുപേരെ തട്ടിയേ പറ്റൂ..... വിറച്ചില്ലേ .... കേരളം?"
"എന്നാ നീ പോയൊന്ന് തട്ടിയേച്ചു വാ...... തോക്കൊരണ്ണം ശോശക്കുട്ടിയുടെ വീട്ടിൽക്കാണും. മത്തച്ചൻ വിചാരിച്ചാ എടുക്കാം....."
"അത് കുളക്കോഴിയെ വെടിവയ്ക്കുന്ന തോക്കല്ല്യോ....."
"അതെ ..... പണ്ട് ചൈനക്കാരു എറിഞ്ഞു കളഞ്ഞതാ...... അങ്ങേരത്
തൂത്തു
തുടച്ചുകൊണ്ടു നടക്കുവല്ലിയോ മനുഷ്യരെ പേടിപ്പിക്കാൻ.....?."
"ഈച്ചരൻ നമ്പൂതിരി രണ്ടു തോക്കു വാങ്ങിച്ചെന്നാ കേട്ടത്. ആനപോലത്തെ രണ്ടു പട്ടികളെയും.... ജർമൻ ഇനമാണത്രെ".
"ഇനി സ്വസ്ഥമായിട്ടങ്ങേരുടെ പെൺപിള്ളാരെ രണ്ടു കമന്റടിക്കാൻ പറ്റുമോ?.
"നമ്മുടെ സായിപ്പിന്റെ കയ്യിൽ ഉഗ്രൻ ഒരു തോക്കുണ്ട്. അമേരിക്കനാ.... പത്തെണ്ണത്തെ ഒന്നിച്ചുതട്ടാം...."
അതുകേട്ടപ്പോൾ മത്തച്ചൻ ഇരുന്നിടത്തുനിന്ന് മേലോട്ടൊന്നു തെറിച്ചു. കാളൻ ബേബി എത്തിയിരുന്നെങ്കിൽ അടിതടയുടെ പുത്തൻ പാഠങ്ങൾ തുടങ്ങാമായിരുന്നെന്നവൻ അന്നേരമാശിച്ചുപോയി.
കൂറിലോസ് മെത്രാച്ചന് കോളേജ് അനുവദിച്ചു. മീൻപിടിപ്പാറമലയിൽ പതിനഞ്ചേക്കർ സ്ഥലം വാങ്ങി. ഓല ഷെഡിൽ ക്ളാസും തുടങ്ങി.
പട്ടണത്തിലെ തീട്ടക്കുഴികൾ വാങ്ങിച്ചിട്ടിരുന്നവർ ലക്ഷാധിപതികളായി. പല റൂട്ടുകളിലും സ്ഥിരം ബസ്സോടാൻ തുടങ്ങി. ടാക്സികൾ പലതായി. പട്ടണത്തിൽ വലിയൊരു പ്രൈവറ്റ് ആശുപത്രിയും വന്നു. ലേഡി ഡോക്ടർ ഏലിയാമ്മ കാറോടിച്ചു മക്കളെ എന്നും സായിപ്പിൻകുന്നിൽ കൊണ്ടുവിട്ടു. അമ്മമാർ മൂക്കത്തു വിരൽവച്ചു. പെണ്ണുംപിള്ള കാറോടിക്കുന്നു! ഉഗ്രൻകുന്നിലെ വീടുകളിലും ഫോണും വൈദ്യുതിയുമെത്തി. മത്തച്ചന്റെ മുറിയും പ്രകാശപൂരിതമായി.
നിരന്തര
സമരം കാരണം ഉഗ്രൻകുന്നിലെ അണ്ടിയാപ്പീസ് അടച്ചുപൂട്ടി. കശുവണ്ടിക്കു വിലയില്ലാതായപ്പോൾ പെണ്ണുങ്ങൾ പെരുവഴിയിലുമായി.
എസ്.എസ്.എൽ.സി. റിസൾട്ട് പത്രത്തിൽ അച്ചടിച്ചു വന്നു. ജില്ലയിലെ ഒന്നാം റാങ്ക് മത്തച്ചന്. സ്റ്റേറ്റിൽ പതിനഞ്ചാമനും. പക്ഷെ സ്കൂളിൽ എല്ലാവർക്കും വിഷമമായി. അവർ സ്റ്റേറ്റ് റാങ്ക് തീർച്ചയാക്കി വച്ചിരിക്കുകയായിരുന്നു.
എങ്കിലും നാട്ടുകാർ അതൊരുത്സവമാക്കി. മത്തച്ചന്റെ വിജയം അവരുടെ വിജയമായിരുന്നു.
സ്കൂളിലെ പൊതുയോഗത്തിൽ സായിപ്പു സമ്മാനിച്ച സ്വർണ്ണ മെഡൽ അവൻ അന്നു രാത്രി ആരും കാണാതെ ശോശക്കുട്ടിയുടെ കഴുത്തിൽ അണിയിച്ചുകൊടുത്തു. അവളുടെ ശരീരത്തിന് ആ സ്വർണ്ണത്തേക്കാൾ കാന്തിയുണ്ടായിരുന്നു. അവൾ അഭിമാനം കൊണ്ട് വിങ്ങിപ്പൊട്ടി. പക്ഷെ റിസൾട്ട് അറിഞ്ഞ ദിവസം മുഴുവൻ അവൾ കരയുകയായിരുന്നു. കാരണം മത്തച്ചന് ഒന്നാം റാങ്ക് തീർച്ചയാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അവൾ അത് പൂർണ്ണമായും വിശ്വസിച്ചുപോയി.
മെഡൽ മാല കഴുത്തിലിടുമ്പോൾ മത്തച്ചൻ ചോദിച്ചു.
"ഇതുപോലൊരു സ്വർണ്ണമാല കഴുത്തിലിട്ടു തരട്ടെ പെണ്ണെ.....?"
പെണ്ണങ്ങുരുകിപോയി. ഒന്നും പറയാൻ നാവു പൊന്തിയില്ല. ചെറുക്കാനൊരു മുത്തം കൊടുക്കാൻ മോഹിച്ചുപോയത് അന്നാണ്. ഓർക്കുമ്പോൾ ഭയം.
നാടുനീളെ അനുമോദന യോഗങ്ങൾ നടന്നിട്ടും പള്ളീലച്ചൻ അനങ്ങിയില്ല. പലരും തിരക്കി.
"നമ്മുടെ മത്തച്ചനെ അനുമോദിക്കേണ്ടേ..... അച്ചോ......?"
"നക്സലുകൾക്ക് ജയിലാ നല്ലതു....വായിക്കുന്നുണ്ടല്ലോ റിപ്പോർട്ടുകൾ....?"
തലശ്ശേരി, പുൽപ്പള്ളി നക്സൽ ആക്രമണങ്ങൾക്കു ശേഷം നഗരൂർ, കുമ്മിൾ കൊലപാതകങ്ങൾ കൂടി നടന്നതോടെ ഇലവുംമൂടച്ചൻ പിശാചായി മാറിയിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും മുറിഞ്ഞ തലയും കഴുത്തുമാണ് അച്ചന്റെ മുന്നിൽ. രാത്രികളിൽ ഞെട്ടി ഉണരും. കൊച്ചമ്മയെ തൊഴിക്കും. പണപ്പെട്ടിയെ കെട്ടിപ്പിടിക്കും.
അച്ചനും ഒരു തോക്കിനു അപേക്ഷ നൽകി. മലേഷ്യൻ പണം കുറെ മെത്തയിൽ തയ്ച്ചു വച്ചിരിക്കുമ്പോൾ മെത്തക്കടിയിൽ തോക്കില്ലാതെ എങ്ങനെ ഉറങ്ങും?.
ചുവന്ന
കൊടി എവിടെങ്കിലും കണ്ടുപോയാൽ കാളപ്പോരിലെ കൂറ്റന്മാതിരി അച്ചൻ കുതിക്കും. കൊമ്പുകോർക്കും. പലനാളായി അച്ചന് പ്രസംഗിക്കാൻ വിഷയം ഒന്നേയുള്ളൂ. വിപ്ലവകാരികൾക്കു നിത്യനരകം തീർച്ച.
അന്തിക്രിസ്തു ചങ്ങലപൊട്ടിച്ചു പറത്തുചാടിക്കഴിഞ്ഞു. കിരാതമായ കൊലപാതങ്ങൾ കണ്ടില്ലേ? അവൻ പല രൂപത്തിലും ഭാവത്തിലും ഉഗ്രൻകുന്നിലുമുണ്ടാവും.ദൈവമക്കൾ ജാഗ്രതൈ.
പുൾപ്പിറ്റിൽ നിന്ന് അച്ചൻ വിളിച്ചുകൂവി.
അച്ചൻ അനുമോദനയോഗം വിളിച്ചില്ലെങ്കിൽ തങ്ങൾ പള്ളിയിൽ യോഗം നടത്തുമെന്നായി യുവതിയുവാക്കൾ. എങ്കിൽ താൻ കുപ്പായമൂരുമെന്നച്ചൻ.
അച്ചന്റെ അനുമോദനം സ്വീകരിക്കുന്നതിനേക്കാൾ അപമാനകരമായി മറ്റൊന്നില്ലെന്ന് മത്തച്ചൻ പ്രഖ്യാപിച്ചതോടെ ആ അദ്ധ്യായമവസാനിച്ചു. എങ്കിലും അതു തന്റെ ചങ്കിൽ കുത്തിയ കുത്തായി അച്ചൻ വ്യാഖ്യാനിച്ചു. അവനെ തളയ്ക്കുവാനുള്ള വഴി തന്റെ മസ്തിഷ്കത്തിൽ തെളിഞ്ഞുവരുന്നതിൽ സന്തോഷിച്ചു. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ടി വരരുതല്ലോ.
അന്നൊരു
ഞയറാഴ്ച്ചയായിരുന്നു. മധ്യവേനലവധി തീരാൻ രണ്ടുദിവസം ബാക്കി. രേവതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ബാലജനസഖ്യം മീറ്റിംഗ് നടക്കുകയായിരുന്നു. റേഡിയോയിൽ പരിപാടി അവതരിപ്പിക്കാൻ അമ്മാവന്റെ ക്ഷണമുണ്ട്. അതിനു പരിപാടികൾ തെരഞ്ഞെടുക്കണം. അതിനുവേണ്ടി മത്തച്ചൻ ഒരുപാട് നിർബന്ധിച്ചപ്പോഴാണ് ടീച്ചർ വരാൻ തയ്യാറായത്.
കരിഞ്ഞ
കുരുമുളകു തണ്ടുപോലെ തകർന്നുപോയ ടീച്ചറെ കാണുമ്പോൾ മത്തച്ചന്റെ ബലം നശിക്കും. അടിവയറ്റിലെ തടിപ്പും തുടിപ്പും മറയ്ക്കാൻ ടീച്ചർ പെടുന്ന പാടും അവൻ ശ്രദ്ധിച്ചു. നിർബന്ധിച്ചു വിളിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി.
ഗോപിസാർ
എന്ന മനുഷ്യനെ പ്രണയിക്കുമ്പോൾ എരിയുന്ന ഒരു തീപ്പന്തത്തെയാണ് താൻ നെഞ്ചോടടുപ്പിച്ചതെന്ന് ടീച്ചർക്കറിയില്ലായിരുന്നു. അറിയാവുന്ന പാണ്ഡിത്യമൊക്കെവച്ച് ആ മനസ്സ് വായിച്ചെടുത്തപ്പോഴേക്കും ശരീരവും മനസ്സും തടവറയിലായിക്കഴിഞ്ഞിരുന്നു.
മൂക്കള
ഒലിപ്പിച്ചു ഒരു പയ്യൻ ഓടി വന്നു. പ്രൈമറി സ്കൂളിലെന്റെ വരാന്തയിൽ ഓടിക്കയറിയപ്പോൾ അവന്റെ പാതി കീറിയ കാക്കി നിക്കർ അഴിഞ്ഞുവീണുപോയി. കുട്ടികൾ പൊട്ടിച്ചിരിച്ചു. നിക്കർ പൊക്കിപിടിച്ചുകൊണ്ടവൻ പറഞ്ഞു:
"അവധി കഴിഞ്ഞു ഗോപിസാർ വന്നു. വീട്ടിലിരിക്കുന്നത് ഞാൻ കണ്ടു".
"ഹേയ് ഗോപി സാർ വന്നേ" എന്നു വിളിച്ചുകൂവിക്കൊണ്ട് കുട്ടികളെല്ലാം ഇറങ്ങിയോടി.
സ്തബ്ധരായി ഇരുന്നുപോയി രേവതി ടീച്ചറും മത്തച്ചനും. അവരുടെ ഞരമ്പുകൾക്കു തീ പിടിച്ചു.
തളർന്നു
വീഴാൻപോയ ടീച്ചറെ മത്തച്ചൻ താങ്ങി.
ഓടിപ്പോയ കുട്ടികൾ നിലവിളിച്ചുകൊണ്ട് അതേ വേഗത്തിൽ പാഞ്ഞുവരുന്നു. അപ്പോൾ തീപിടിച്ചത് അവരുടെ ചിറകുകൾക്കായിരുന്നു.
ഓടിക്കിതച്ചെത്തിയ ശോശക്കുട്ടി വിക്കിവിക്കി പറഞ്ഞൊപ്പിച്ചു:
"നമ്മുടെ സാറിന്റെ കാലുപോയി..... ഗോപിസാറിന്റെ കാലുപോയി......".
തളർന്നിരുന്ന രേവതി ടീച്ചർ കംഗാരു ചാടുന്നപോലെ ചാടി. മത്തച്ചൻ പിറകെയും. ഒരു വിധത്തിൽ അവർ സാറിന്റെ വീട്ടിലെത്തി.
നീട്ടിവളർത്തിയ താടിയും കുഴിഞ്ഞ കണ്ണുകളുമായി ഗോപിസാർ. ഗോപിസാറിന്റെ വലത്തെക്കാൽ തുടയുടെ ഭാഗം വച്ച് മുറിച്ചിരിക്കുന്നു.
രേവതി ടീച്ചറുടെ കണ്ണീർപ്പുഴയിൽ ഗോപിസാറിന്റെ മുറിഞ്ഞ കാൽ മുങ്ങി.ടീച്ചറെയും മത്തച്ചനെയും കെട്ടിപിടിച്ചു ഗോപിസാർ വിങ്ങി വിതുമ്പി. വിതുമ്പലുകൾക്കിടയിൽ ഒരുപാട് വികാരങ്ങൾ കൈമാറിയ അവർ ചുറ്റും നിന്നു വിതുമ്പുന്ന കുരുന്നുകളെ മറന്നുപോയി.
----------------------------------------------------------------------------------------------
No comments:
Post a Comment